പത്ത്
സമൃദ്ധമായ ഒരു അത്താഴത്തിനുശേഷം കൺട്രി ക്ലബിന്റെ ഭക്ഷണശാലയിൽ ചില്ലു ജാലകങ്ങൾക്കരികിലുള്ള ഒരു തീൻമേശക്കിരുപുറമിരുന്ന് ചില ഡിസേട്ടുകൾ പരീക്ഷിക്കുകയായിരുന്നു ഞങ്ങൾ. വരാനിരിക്കുന്ന ചില യാത്രാ പരിപാടികളെക്കുറിച്ച് പറയുന്നുണ്ട് ഇബ്രു. പല രാജ്യങ്ങളിൽ നിന്നുള്ള അതിഥികൾ ഭക്ഷണശാലയിലെത്തിയിട്ടുണ്ട്. ചൈനീസ് പ്രസിഡന്റായിരുന്ന ജിയാങ്ങ് സെമിൻ 1996ൽ കെനിയ സന്ദർശിച്ചപ്പോൾ താമസിച്ചിരുന്നത് ഇവിടത്തെ പ്രസിഡൻഷ്യൽ സ്യൂട്ടിലായിരുന്നു. അതിനുശേഷം ചൈനയിൽ നിന്നുള്ള സന്ദർശകരും ധാരാളമായി ഇവിടെ എത്തുന്നുണ്ട്. ഭക്ഷണശാലയിലും മംഗോളിയൻ മുഖമുളളവരെ കാണുന്നുണ്ട്. സൺ ആഫ്രിക്ക ഹോട്ടൽസ് എന്ന പ്രമുഖ ഹോട്ടൽ ശൃംഖലയുടെ ഉടമസ്ഥതയിലാണ് ഇപ്പോൾ ഈ നക്ഷത്ര റിസോർട്ട്. സംസാരിച്ചിരിക്കുന്നതിനിടയ്ക്ക് പെട്ടെന്ന് വിളക്കണഞ്ഞു. ഹോട്ടൽ മുഴുവൻ ഇരുട്ടിലായി. വൈദ്യുതി തകരാറാണ്. നിമിഷങ്ങൾക്കകം മൊബൈൽ ഫോൺ ടോർച്ചുകൾ പ്രകാശം പരത്തിത്തുടങ്ങി. മിനുട്ടുകൾക്കകം വൈദ്യുതിബന്ധം പുനഃസ്ഥാപിക്കപ്പെട്ടു. റെസ്റ്റോറന്റിനോടുചേർന്ന വിശ്രമമുറിയിൽ വലിയൊരു നെരിപ്പോടും ബില്യാർഡ്സും സ്നൂക്കറുമൊക്കെ കളിക്കുന്നതിനായുള്ള സഞ്ജീകരണങ്ങളുമുണ്ട്. അതിനപ്പുറമാണ് ബാർ. അവിടെല്ലാം അതിഥികളുണ്ട്.
നൈറോബി രാത്രിജീവിതം, മസായിമാരയിലെ ദിനരാത്രങ്ങൾ, റിഫ്റ്റ് വാലി തടാകമായ നൈവാഷയുടെ അനുഭവം ഇതൊക്കെ അറിഞ്ഞാണ് മടക്കയാത്ര.
കൺട്രി ക്ലബിന്റെ പുൽമൈതാനത്ത് ക്യാമ്പ് ഫയർ എരിഞ്ഞുതുടങ്ങിയിരുന്നു. ഞങ്ങൾ ഭക്ഷണശാലയിൽ നിന്നിറങ്ങി അങ്ങോട്ടുനടന്നു. ഗായകസംഘം ഗാനങ്ങൾ ആലപിക്കുന്നുണ്ട്. ചുറ്റുമുള്ള ഗാർഡൻ ചെയറുകളിലിരുന്നും നിന്നുമൊക്കെ ആളുകൾ സംഗീതമാസ്വദിക്കുന്നുണ്ട്. പുറകിൽ ക്ലബ് കെട്ടിടത്തിന്റെ മേൽക്കൂരക്കുപുറകിലായി മുകളിൽ പ്രകാശിച്ചു നിൽക്കുന്നുണ്ട് ചന്ദ്രൻ. പെട്ടെന്ന് ഗായകസംഘം കാഴ്ചക്കാർക്കിടയിലേക്ക് കടന്നുവന്നു. കാഴ്ചക്കാർക്കിടയിലെ ഒരിന്ത്യൻ പെൺകുട്ടിക്ക് ജന്മദിനാശംസകൾ നേരുന്നു. അദ്ഭുതവും സന്തോഷവുംകൊണ്ട് അവളുടെ കണ്ണുകൾ വിടരുന്നു. വർണ്ണക്കടലാസുകളും പൂത്തിരികളും അന്തരീക്ഷത്തിലുയരുന്നു. അപ്പോഴേക്കും ഭക്ഷണശാലയിൽ നിന്ന് ബർത്ത്‌ഡേ കേക്കും കൊണ്ട് ഒരു ജോലിക്കാരനെത്തുന്നു. എത്ര മനോഹരമായ ഒരു സർപ്രൈസ് ബർത്ത്‌ഡേയാണ് ഞങ്ങളുടെ സംഘത്തിലെ ഒരു കുട്ടിക്ക് അവരുടെ അച്ഛനമ്മമ്മാർ ഒരുക്കിയിരിക്കുന്നത്. ഞങ്ങളെല്ലാവരും അവൾക്ക് ജന്മദിനാശംസകൾ നേർന്നു. മധുരം കഴിച്ച് സന്തോഷത്തിൽ പങ്കുചേർന്നു.
ചന്ദ്രനുണ്ടെങ്കിലും പുൽമൈതാനത്തിനപ്പുറം തടാകം വ്യക്തമല്ല. മഞ്ഞുള്ളതുകൊണ്ടാകാം നിലാവ് തെളിച്ചമുള്ളതല്ല. വളപ്പിലേക്ക് തടാകത്തിൽ നിന്ന് ഹിപ്പോകൾ കയറിത്തുടങ്ങിയിട്ടുണ്ട്. തോട്ടി പോലുള്ള വലിയ വടികളേന്തിയ സുരക്ഷാജീവനക്കാർ ഹിപ്പോകളുടെ ചലനം നിരീക്ഷിച്ച് അവിടെയൊക്കെയുണ്ട്. കോട്ടേജുകൾക്കടുത്തേക്കെത്തുന്ന ഹിപ്പോകളെ ചെറിയ പടക്കങ്ങൾ പൊട്ടിച്ചും പുത്തിരി കത്തിച്ചും വലിയ വടികൊണ്ട് തടഞ്ഞുമൊക്കെ വഴിമാറ്റിവിടുന്നുണ്ട് അവർ. രാത്രി ഹിപ്പോകളിറങ്ങുമെന്നും അത്യവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്നും ചെക്കിൻ സമയത്ത് പറഞ്ഞപ്പോൾ വല്ലപ്പോഴും തടാകത്തിൽ നിന്ന് കയറിവരുന്ന ഹിപ്പോകളാകുമെന്നാണ് കരുതിയത്. പക്ഷെ ഇരുട്ടു പരന്നതോടെ ഹിപ്പോകളുടെ ഒരു മേച്ചിൽ സ്ഥലമായി മാറി, ഈ വളപ്പ്.
തീക്കുണ്ഡത്തിൽ വലിയ വിറകുകൊള്ളികൾ എരിയുന്നുണ്ട്. തണുപ്പ് കുറച്ചൊക്കെ ശമിപ്പിക്കുന്നുണ്ട് ആ തീക്കുണ്ഡം. കീബോർഡും സാക്‌സഫോണും അക്കോർഡിയൻ പിയാനോയുമൊക്കെയായി വാദകസംഘം സജീവമാണ്. ‘ജാംബോ ബ്വാന ഹകൂന മറ്റാറ്റ' എന്ന സ്വാഹിലി ഗാനം അതീവഹൃദ്യമായി ആലപിക്കുന്നു ഗായകൻ. ഓരോ ഗാനവും കഴിയുന്നതിനനുസരിച്ച് പുതിയ ഗാനങ്ങൾ ആവശ്യപ്പെടുന്നുണ്ട് കാഴ്ചക്കാർ. ആളുകളുടെ ആവേശത്തിനനുസരിച്ച് ശബ്ദം ക്രമീകരിച്ച് താളത്തോടെ പാടിത്തിമിർക്കുന്നു ആ കെനിയൻ ഗായകൻ. എത്രയോ ദശകങ്ങളായി ഇവിടെ ഇത്തരം സംഗീതരാവുകൾ നടക്കുന്നുണ്ടാകണം. കൊളേണിയൽ കാലങ്ങളിൽ ഹാപ്പിവാലി സെറ്റിന്റേതടക്കം എത്രയോ ഉദ്യാനവിരുന്നുകൾക്ക് സാക്ഷിയായിട്ടുണ്ടാകണം ഈ കൺട്രിക്ലബും ഇവിടത്തെ പുൽമൈതാനവും. തങ്ങളുടെ വലിയ ശരീരവും കുലുക്കി നടക്കുന്ന ഹിപ്പോകൾ ഇടക്കൊക്കെ തലയുയർത്തി അകലെനിന്ന് ഞങ്ങളെ നോക്കുന്നുണ്ട്. ഒരു പക്ഷെ അവക്കും ഈ ഗാനങ്ങൾ ആസ്വദിക്കാൻ കഴിയുന്നുണ്ടാകണം.
ഇസ്ലാമിക ഭീകരവാദ സംഘടനകൾ നടത്തുന്ന ആക്രമണങ്ങളാണ് കെനിയൻ ടൂറിസത്തെ പുറകോട്ടടിക്കുന്ന മറ്റൊരു ഘടകം. 2013ലെ വെസ്റ്റ് ഗേറ്റ് മാൾ ആക്രമണത്തിൽ 67 പേരെ കൊലപ്പെട്ടിരുന്നു. ഇതിൽ ഏഴു പേർ ഇന്ത്യൻ വംശജരായിരുന്നു.
ഒരു ബർത്ത്‌ഡേ ആഘോഷം കൂടി നടന്നു, കൗമാരം വിടുന്ന സിഖുകാരിയായ ഒരു സുന്ദരിയുടെ. അവൾക്കൊപ്പം കുറച്ച് ബന്ധുക്കളുമുണ്ട്. ഒരു പക്ഷെ അവർ കെനിയയിൽ തന്നെ താമസിക്കുന്ന സമ്പന്നരായ ഇന്ത്യൻ വംശജരായിരിക്കാം. അവൾക്കുവേണ്ടി സഹോദരനാണെന്ന് തോന്നിക്കുന്ന കൂട്ടത്തിലെ ഒരു യുവാവ് ഒരു ഗാനമാവശ്യപ്പെട്ടു. കെനിയയിലെ അവസാനരാത്രിയാണിത്. തീ കായലും നിലാവും സംഗീതവും ഹിപ്പോകളുമൊക്കെയായി അവിസ്മരണീയമായി റിഫ്റ്റ് വാലി തടാകക്കരയിലെ ഈ രാത്രി. രാവ് കനത്തുകൊണ്ടിരുന്നു. ഞങ്ങൾ എഴുന്നേറ്റു. കോട്ടേജുകൾക്കു മുന്നിലൊക്കെ സുരക്ഷാജീവനക്കാരുണ്ട്. ക്യാമ്പ് ഫയറിനടുത്തുനിന്ന് മാറിയതോടെ തണുപ്പറിഞ്ഞു തുടങ്ങി. കൈകൾ കെട്ടി കൂനിക്കൂടി ഞങ്ങൾ മുറിയിലേക്ക് നടന്നു. അടുത്ത കോട്ടേജിൽ ദുബായിൽ നിന്നു തന്നെയുള്ള നോർത്തിന്ത്യക്കാരായ രണ്ടു വനിതായാത്രീകരാണ്. കോട്ടേജിന്റെ വരാന്തയിലിരുന്ന് സിഗരറ്റ് വലിച്ചുകൊണ്ട് മായികമായ ആ രാത്രിയും തണുപ്പും ആസ്വദിക്കുകയാണ് അവർ. അവർക്ക് ശുഭരാത്രി നേർന്നുകൊണ്ട് ഞങ്ങൾ കോട്ടേജിലേക്ക് കയറി.
കോവിഡിനുശേഷം കെനിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആദ്യ ടൂറിസ്റ്റ് സീസണാണിത്. ഹോട്ടൽ ജീവനക്കാരിലും സഫാരി ഡ്രൈവർമാരിലും ടൂറിസ്റ്റ് ഗൈഡുകളിലും കരകൗശല വിൽപ്പനക്കാരിലുമൊക്കെ അതിന്റെ ആവേശവും പ്രതീക്ഷയും ഉത്സാഹവും നമുക്ക് കാണാം. 2019ൽ 20 ലക്ഷം വിനോദസഞ്ചാരികൾ കെനിയ സന്ദർശിച്ചിരുന്നു. 2020ൽ കോവിഡ് ഭീതിയിൽ ഇത് 5,67,000 ആയി കുറഞ്ഞു. 2021ൽ ഇത് 8,70,000 ആയി. ഈ വർഷം വിനോദസഞ്ചാരികളുടെ എണ്ണം 10 ലക്ഷം കടക്കുമെന്നാണ് കെനിയൻ വിനോദസഞ്ചാരവകുപ്പ് കണക്കുകൂട്ടിയിരുന്നത്. പക്ഷെ, നവംബർ ആദ്യം പുറത്തുവന്ന കണക്കുകളനുസരിച്ച് ഇത് 14 ലക്ഷം കടന്നിട്ടുണ്ട്. കോവിഡുമായി ബന്ധപ്പെട്ട എല്ലാ നിയന്ത്രണങ്ങളും എടുത്തുകളഞ്ഞ കെനിയ നിലവിൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് മാത്രമാണ് സഞ്ചാരികളിൽനിന്ന് ആവശ്യപ്പെടുന്നത്. കെനിയൻ ജി.ഡി.പിയുടെ 4.4% ടൂറിസം മേഖലയിൽ നിന്നാണ്. അതുകൊണ്ടുതന്നെ സഞ്ചാരികളുടെ എണ്ണത്തിലുണ്ടാകുന്ന മാറ്റം കെനിയൻ സമ്പദ്വ്യവസ്ഥയെ വലിയ രീതിയിൽ ബാധിക്കുന്നുണ്ട്.
ഇസ്ലാമിക ഭീകരവാദ സംഘടനകൾ നടത്തുന്ന ആക്രമണങ്ങളാണ് കെനിയൻ ടൂറിസത്തെ പുറകോട്ടടിക്കുന്ന മറ്റൊരു ഘടകം. 2013ലെ വെസ്റ്റ് ഗേറ്റ് മാൾ ആക്രമണത്തിൽ 67 പേരെ കൊലപ്പെട്ടിരുന്നു. ഇതിൽ ഏഴു പേർ ഇന്ത്യൻ വംശജരായിരുന്നു. 2014ൽ അൽ ഷബാബ് ഭീകരർ കെനിയയുടെ തീരപ്രദേശമായ ലാമു കൗണ്ടിയിലെ എംപെകെറ്റോണിയിൽ നടന്ന ആക്രമണത്തിൽ 60-ലധികം പേരാണ് കൊല്ലപ്പെട്ടത്. 2019 ജനുവരിയിൽ നൈറോബിയിലെ ഹോട്ടലിലുണ്ടായ ആക്രമണത്തിൽ 21 പേർ കൊല്ലപ്പെട്ടു. ടൂറിസ്റ്റ് സാന്നിധ്യമുണ്ടായിരുന്ന ഈ മേഖലകളിലൊക്കെ നടക്കുന്ന ആക്രമണങ്ങളെ തുടർന്ന് പല വിദേശരാജ്യങ്ങളും കെനിയയിലേക്കുള്ള സഞ്ചാരികൾക്ക് മുന്നറിയിപ്പുകൾ നൽകിയിരുന്നു. സോമാലിയൻ അതിർത്തിപ്രദേശമാണ് തീവ്രവാദികളുടെ മറ്റൊരു സ്വാധീനമേഖല. ഭീകരാക്രമണങ്ങളും തട്ടിക്കൊണ്ടുപോകലുകളും തലവെട്ടലും ഇവിടെ തുടർക്കഥയാണ്.
ടൂർ കമ്പനി ഒരുക്കിയ പൂർവ്വനിശ്ചിതമായ വഴികളിലൂടെയും അനുഭവങ്ങളിലൂടെയുമുള്ള ഒരു യാത്ര മാത്രമായിരുന്നു ഇത്. ഇറ്റാലിയൻ സുഹൃത്തായ ക്രിസ്സിനൊപ്പം നൈറോബി നഗരത്തിലൂടെ അലയാൻ കഴിഞ്ഞ ഒരു രാത്രി മാത്രമാണ് അതിൽനിന്ന് വേറിട്ടു നിന്നത്.
രാവിലെ എഴുന്നേൽക്കുമ്പോൾ ഏഴുമണി കഴിഞ്ഞിരുന്നു. പുലർച്ചയിലെ നൈവാഷ തടാകചിത്രങ്ങൾ പകർത്തണമെന്ന് കരുതിയിരുന്നത് നടന്നില്ല. പ്രാതൽ കഴിഞ്ഞ് എട്ടരയോടെ നൈവാഷ കൺട്രി ക്ലബിൽ നിന്ന് ചെക്കൗട്ട് ചെയ്തു. ഡങ്കനും ഡൈവർമാരുടെ സംഘവും തയ്യാറാണ്. എല്ലാവരും കയറി. ഇനി നേരെ എയർ പോർട്ടിലേക്കാണ്. വണ്ടിക്കകം നിശ്ശബ്ദമാണ്. ഡങ്കന്റെ വയർലെസ്സ് റേഡിയോയും കാര്യമായി ശബ്ദിക്കുന്നില്ല. ഓരോ യാത്രയുടെ ആരംഭത്തിലുമുണ്ടാകുന്ന ആകാംക്ഷയും അവേശവും യാത്ര തീരുന്നതോടെ അവസാനിക്കുന്നു. മസായി മാര എന്ന സ്വപ്നത്തിന്റെ ആവേശവും ആ യാത്ര യാഥാർത്ഥ്യമായതോടെ ഇല്ലാതായിരിക്കുന്നു. മനസ്സ് ചെയ്തുതീർക്കേണ്ട ജോലികളിലേക്കും കാത്തിരിക്കുന്ന ഉത്തരവാദിത്വങ്ങളിലേക്കും മടങ്ങിയിരിക്കുന്നു. പക്ഷെ ഓരോ യാത്രയേയും പോലെ ഈ യാത്രയും തന്ന ഉൻമേഷവും ഊർജ്ജവും ബാക്കിയുണ്ട്.
പതിനൊന്നരയോടെ ഞങ്ങൾ വിമാനത്താവളത്തിലെത്തി. സാരഥിയായിരുന്ന സുഹൃത്തായി മാറിയ ഡങ്കന് ചെറിയൊരു തുക സമ്മാനമായി നൽകി സംഘത്തിലെ എല്ലാ ഡൈവ്രർമാരോടും യാത്രപറഞ്ഞ് ഞങ്ങൾ വിമാനത്താവളത്തിനകത്തേക്ക് കയറി. 1.55നാണ് നൈറോബിയിൽനിന്ന് ഷാർജയിലേക്കുള്ള വിമാനം. അവിടെ നിന്ന് പിറ്റേന്ന് നാട്ടിലേക്ക് തിരിക്കേണ്ടതുണ്ട്, പക്ഷെ അതിനുള്ള വിമാനടിക്കറ്റ് ഇനിയും എടുത്തിട്ടില്ല. ആറു മാസം കൂടുമ്പോൾ ജോലി സംബന്ധമായി യു.എ.ഇ യിലെത്തേണ്ടതുണ്ട്. ആ വരവുകളിലാണ് അവിടെ നിന്നുള്ള യാത്രകൾ സാധ്യമാക്കുന്നത്. കൊച്ചിയിലേക്കുള്ള വിമാനത്തിന് കനത്ത നിരക്കാണ്. എയർപോർട്ടിലിരുന്ന് നാട്ടിലെ ഒരു ട്രാവൽസുമായി ബന്ധപ്പെട്ട് ബോബെയിലേക്കുള്ള ടിക്കറ്റെടുത്തു. സൃഹൃത്തായ മണികണ്ഠൻ നോങ്ങല്ലൂരിന് ബോംബെയിൽ നാട്ടിലേക്കുള്ള ട്രെയിൻ ടിക്കറ്റെടുക്കാൻ സന്ദേശമയച്ചു. താമസിക്കാതെ ലോകമാന്യതിലകിൽ നിന്ന് ഷൊർണ്ണൂരിലേക്കുള്ള ട്രയിൻ ടിക്കറ്റ് അയച്ചുതന്നു മണി.
കോവിഡിനുശേഷം കെനിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആദ്യ ടൂറിസ്റ്റ് സീസണാണിത്. ഹോട്ടൽ ജീവനക്കാരിലും സഫാരി ഡ്രൈവർമാരിലും ടൂറിസ്റ്റ് ഗൈഡുകളിലും കരകൗശല വിൽപ്പനക്കാരിലുമൊക്കെ അതിന്റെ ആവേശവും പ്രതീക്ഷയും ഉത്സാഹവും നമുക്ക് കാണാം
ചെക്കിൻ ചെയ്യാനുള്ള അറിയിപ്പെത്തി. കെനിയൻ യാത്രക്ക് ഇവിടെ സമാപനമാകുകയാണ്. നൈറോബി രാത്രിജീവിതം, മസായിമാരയിലെ ദിനരാത്രങ്ങൾ, റിഫ്റ്റ് വാലി തടാകമായ നൈവാഷയുടെ അനുഭവം ഇതൊക്കെ അറിഞ്ഞാണ് മടക്കയാത്ര. സത്യത്തിൽ ഈ ബൃഹത്തായ രാജ്യത്തെ വിപുലമായ സഞ്ചാരപാതകളിൽ വളരെ കുറച്ചുമാത്രമാണ് അറിയാനും അനുഭവിക്കാനും കഴിഞ്ഞത്. സാധാരണക്കാരുമായി അധികം സംസാരിക്കാനോ ഇടപഴകുവാനോ കഴിഞ്ഞിട്ടില്ല. ടൂർ കമ്പനി ഒരുക്കിയ പൂർവ്വനിശ്ചിതമായ വഴികളിലൂടെയും അനുഭവങ്ങളിലൂടെയുമുള്ള ഒരു യാത്ര മാത്രമായിരുന്നു ഇത്. ഇറ്റാലിയൻ സുഹൃത്തായ ക്രിസ്സിനൊപ്പം നൈറോബി നഗരത്തിലൂടെ അലയാൻ കഴിഞ്ഞ ഒരു രാത്രി മാത്രമാണ് അതിൽനിന്ന് വേറിട്ടു നിന്നത്.
വിമാനത്തിനകത്ത് എല്ലാ സീറ്റിലും ആളുണ്ട്. 20 മിനിറ്റോളം വൈകിയാണ് വിമാനം പറന്നുയർന്നത്. ഇബ്രു ക്യാമറയിൽ ഫോട്ടോകൾ ഓരോന്നായി പരിശോധിച്ചുകൊണ്ടിരിക്കുന്നു. കുറച്ചുനേരം ജാലകത്തിലൂടെ കെനിയയുടെ ആകാശക്കാഴ്ചകൾ കണ്ടശേഷം ഉറങ്ങാനായി കണ്ണുകളടച്ചു. ▮
(അവസാനിച്ചു)