റിഫ്റ്റ് വാലി വ്യൂപോയൻറ് / ഫോ​ട്ടോകൾ: പ്രമോദ്​ കെ.എസ്​.

റിഫ്റ്റ് വാലിയുമായി
​വീണ്ടുമൊരു മുഖാമുഖം

മൂന്നുവർഷത്തിനുശേഷം ഒരിക്കൽ കൂടി മറ്റൊരു രാജ്യത്ത് വെച്ച് ഗ്രേറ്റ് റിഫ്റ്റ് വാലിയെ മുഖാമുഖം കാണുകയാണ്.

മൂന്ന്​

ബ്രുവിന്റെ വിളികേട്ടാണ് ഉണർന്നത്.
വണ്ടിയിലുള്ളവരെല്ലാം ഇടതുവശത്തേക്ക് നോക്കിയിരിക്കുകയാണ്.
‘റിഫ്​റ്റ്​വാലി’, ഡങ്കൻ പറഞ്ഞു. വിശാലമായൊരു താഴ്​വാരം വണ്ടിയുടെ ജാലകത്തിലൂടെ ദൃശ്യമാകുന്നുണ്ട്. ഗ്രേറ്റ് റിഫ്റ്റ് വാലിയുടെ ഭാഗമായ ഈസ്റ്റ് ആഫ്രിക്കൻ റിഫ്റ്റ് വാലിയുടെ കെനിയൻ ഭാഗമാണ് കാണുന്നത്. നെയ്​റോബിയിൽ നിന്ന് യാത്ര പുറപ്പെട്ടിട്ട് ഒരു മണിക്കൂറോളമാകുന്നു. താമസിക്കാതെ ഒരു വ്യൂപോയിൻറിൽ വണ്ടി നിർത്തി. നിരവധി സഫാരി- ടൂറിസ്റ്റ് വാഹനങ്ങൾ അവിടെ പാർക്ക് ചെയ്തിട്ടുണ്ട്. നെയ്​റോബി മസായിമാര റൂട്ടിലെ പ്രധാന ഇടത്താവളം കൂടിയാണ് ഈ വ്യൂപോയൻറ്​. ഞങ്ങളെല്ലാവരും പുറത്തിറങ്ങി. മുൻപിൽ വിശാലമായൊരു താഴ്​വാരം നീണ്ടുപരന്നങ്ങിനെ കിടക്കുന്നു. റിഫ്റ്റ് വാലിയുടെ അതിബൃഹത്തായ ഒരു പ്രദേശം ഇവിടെനിന്ന് കാണാനാകുന്നുണ്ട്.

ഭൂമിയുടെ ബാഹ്യപാളിയായ മാന്റിൽ പിളർന്നുണ്ടാകുന്ന വിള്ളലുകളാണ് അഥവാ വിള്ളൽ താഴ്വരകളാണ് റിഫ്റ്റ് വാലി എന്നറിയപ്പെടുന്നത്. ലോകത്തിന്റെ പല ഭാഗത്തും ഇത്തരം റിഫ്റ്റ് വാലികളുണ്ട്. ഇത്തരത്തിലുള്ള വിള്ളൽ താഴ്വരകളിൽ ഏറ്റവും വലുതാണ് ഗ്രേറ്റ് റിഫ്റ്റ് വാലി. തെക്കുപടിഞ്ഞാറൻ എഷ്യയിലെ വടക്കൻ സിറിയ മുതൽ കിഴക്കൻ ആഫ്രിക്കയിലെ മധ്യ മൊസാംബിക് വരെ 6000 കിലോമീറ്ററോളം (3700 മൈൽ) നീണ്ടുകിടക്കുന്നു ഇത്.

ഭൂമിയുടെ ബാഹ്യപാളിയായ മാന്റിൽ പിളർന്നുണ്ടാകുന്ന വിള്ളലുകളാണ് അഥവാ വിള്ളൽ താഴ്വരകളാണ് റിഫ്റ്റ് വാലി എന്നറിയപ്പെടുന്നത്. ലോകത്തിന്റെ പല ഭാഗത്തും ഇത്തരം റിഫ്റ്റ് വാലികളുണ്ട്. ഇത്തരത്തിലുള്ള വിള്ളൽ താഴ്വരകളിൽ ഏറ്റവും വലുതാണ് ഗ്രേറ്റ് റിഫ്റ്റ് വാലി. തെക്കുപടിഞ്ഞാറൻ എഷ്യയിലെ വടക്കൻ സിറിയ മുതൽ കിഴക്കൻ ആഫ്രിക്കയിലെ മധ്യ മൊസാംബിക് വരെ 6000 കിലോമീറ്ററോളം (3700 മൈൽ) നീണ്ടുകിടക്കുന്നു ഇത്. 30 കിലോമീറ്റർമുതൽ 200 കിലോമീറ്റർ വരെയാണ് ഈ പിളർപ്പിന്റെ വീതി. 900 മീറ്റർ മുതൽ 3 കിലോമീറ്റർ വരെ ആഴം. സത്യത്തിൽ തുടർച്ചയായ ഒരൊറ്റ വിള്ളലല്ല ഇത്. ചിലയിടത്തൊക്കെ തുടർച്ച നഷ്ടപ്പെടുന്ന ഈ വിള്ളൽ താഴ്വരക്ക് പലയിടത്തും ശാഖകളും ഉപശാഖകളുമുണ്ട്. ഗ്രേറ്റ് റിഫ്റ്റ് വാലിയുടെ പല ഭാഗങ്ങളും പല കാലഘട്ടത്തിലാണ് രൂപം കൊണ്ടത്. കിഴക്കനാഫ്രിക്കൻ റിഫ്റ്റ് വാലിയുടെ പഴക്കം 30 ദശലക്ഷം വർഷങ്ങളാണെന്നാണ് കണക്കാക്കിയിരിക്കുന്നത്. വ്യൂപോയന്റിലെ പ്രദർശനപലകയിൽ കാണിച്ചിരുന്ന റിഫ്​റ്റ്​വാലിയുടെ ചിത്രത്തിൽ ഇത് തുടർച്ചയായ ഒരു വിള്ളലായാണ് വരച്ചുകാണിച്ചിരിക്കുന്നത്. റെഡ്​ സീ മുതൽ മൊസാംബിക് വരെ രേഖപ്പെടുത്തിയിരിക്കുന്ന അതിന്റെ ദൈർഘ്യമാകട്ടെ 9,600 കിലോമീറ്ററെന്നും അടയാളപ്പെടുത്തിയിരിക്കുന്നു.

ജോൺ വാൾട്ടർ ഗ്രിഗറി

ബ്രിട്ടീഷ് പര്യവേക്ഷകനായ ജോൺ വാൾട്ടർ ഗ്രിഗറിയാണ് 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഇത്തരം വിള്ളലുകളുടെ നൈരന്തര്യം മനസ്സിലാക്കുന്നതും അതിന് ഗ്രേറ്റ് റിഫ്റ്റ് വാലി എന്ന പേര് നൽകുന്നതും. ജോൺ വാൾട്ടർ ഗ്രിഗറിയോടുള്ള ബഹുമാനാർത്ഥം ഈസ്റ്റ് ആഫ്രിക്കൻ റിഫ്റ്റ് വാലിയുടെ വലിയൊരു പ്രദേശത്തിന് ഗ്രിഗറി റിഫ്റ്റ് വാലി എന്ന് പേരിട്ടിട്ടുണ്ട്​. 1893ലും 1919ലും ഗ്രിഗറി കെനിയ സന്ദർശിക്കുന്നുണ്ട്. ‘സമാന്തരവും ഏതാണ്ട് ലംബവുമായ വശങ്ങളുള്ള ഒരു രേഖീയ താഴ്​വര' എന്നാണ് അദ്ദേഹം റിഫ്റ്റ് വാലിയെ വിശേഷിപ്പിച്ചത്. നിബിഡവനങ്ങളും ശുദ്ധജലതടാകങ്ങളും പുൽപ്പരപ്പുകളും തുടങ്ങി വ്യത്യസ്​ത ആവാസവ്യവസ്ഥകളോടു കൂടിയ ഈ മഹാതാഴ്വാരം വളരെ വിപുലമായൊരു ജൈവസമ്പത്ത്​ ഉൾക്കൊള്ളുന്നു. മൃഗങ്ങളുടേയും പക്ഷികളുടേയും കുടിയേറ്റത്തിനുള്ള ഒരു ഇടനാഴിയായിയായും ഈ താഴ്വര പ്രവർത്തിക്കുന്നു.

മുൻപൊരു എത്യോപ്യൻ യാത്രയിൽ അർബാമിഞ്ചിൽ റിഫ്റ്റ് വാലിക്കഭിമുഖമായി സ്ഥിതി ചെയ്യുന്ന ഹെയ്​ലി റിസോട്ടിലായിരുന്നു ഒരു രാത്രി തങ്ങിയത്. എത്യോപ്യൻ ദീർഘദൂര ഓട്ടക്കാരനും ഒളിമ്പിക്ക് മെഡൽ ജേതാവുമായ ഹെയ്​ലിയുടെ ഉടമസ്ഥതയിലുള്ള ആ ആഡംബര ഹോട്ടലിൽ നിന്ന് റിഫ്റ്റ് വാലിയുടെ അതി മനോഹരമായ കാഴ്ചയാണ് ലഭിക്കുക. എത്യോപ്യൻ മലയാളിയായ ഡോ. അജിനും സുഹൃത്തുക്കളുമായി അത്താഴചർച്ചകളുമായി അവിടെ ചെലവഴിച്ച രാത്രിയെക്കുറിച്ചും പിറ്റേന്നത്തെ അവിസ്മരണീയമായ പുലരിയെക്കുറിച്ചം ട്രൂകോപ്പിയിൽ തന്നെ മുൻപൊരിക്കൽ എഴുതിയിരുന്നു. റിഫ്റ്റിലെ നെച്ചിസാർ നാഷണൽ പാർക്കിന് മുകളിൽ സൂര്യൻ ഉദിച്ചുയരുന്നതും ചാമോ അബായ തടാകങ്ങളിൽ അത് നിറക്കൂട്ടുകൾ സൃഷ്ടിക്കുന്നതിനും സാക്ഷിയായി അന്ന്. അവാസ, അബായ തുടങ്ങിയ റിഫ്റ്റ് വാലി തടാകങ്ങൾ സന്ദർശിക്കുകയും റിഫ്റ്റ് വാലി തടങ്ങളിലൂടെ വിപുലമായി സഞ്ചരിക്കുകയും ചെയ്തിരുന്നു ആ യാത്രയിൽ. മൂന്നുവർഷത്തിനുശേഷം ഒരിക്കൽ കൂടി മറ്റൊരു രാജ്യത്ത് വെച്ച് ഗ്രേറ്റ് റിഫ്റ്റ് വാലിയെ മുഖാമുഖം കാണുകയാണ്.

റിഫ്റ്റ് വാലിയിലെ സൂര്യോദയം - എത്യോപ്യയിലെ അർബാമിഞ്ച് ഹെയ് ലി റിസോട്ടിൽ നിന്നുള്ള കാഴ്ച്ച

വ്യൂപോയൻറിൽ നിന്ന് വിവിധ രാജ്യക്കാരായ സഞ്ചാരികൾ കൗതുകപൂർവ്വം റിഫ്റ്റ് വാലിയെ നോക്കിക്കാണുകയും ഫോട്ടോ എടുക്കുകയും ചെയ്യുന്നുണ്ട്. സമീപത്തു തന്നെ ചില കരകൗശല വിൽപ്പന കേന്ദ്രങ്ങളും ലഘുഭക്ഷണശാലകളുമുണ്ട്. മൃഗങ്ങളുടെ നഖവും ദന്തവും തോലുമൊക്കെ നടന്നു വിൽക്കുന്നു ചിലർ. ചുട്ട ധാന്യങ്ങളും കിഴങ്ങുകളും, പഴങ്ങളുമൊക്കെ വിൽക്കുന്നുണ്ട് മറ്റു ചിലർ. ഞങ്ങളുടെ യാത്രാസംഘത്തിലുള്ളവരും ആവേശപൂർവ്വം ഫോട്ടോ എടുപ്പും പർച്ചേസിങ്ങും തുടങ്ങിക്കഴിഞ്ഞു. ഇബ്രു പരമാവധി ദൃശ്യങ്ങൾ പകർത്തി എടുക്കാനുള്ള ശ്രമത്തിലാണ്. ഞാനും കുറച്ച് ചിത്രങ്ങളെടുത്തു. നല്ല തണുപ്പുണ്ട്, ചെറുതായി കാറ്റടിക്കുന്ന അവിടെ. പല്ലുകൾ കൂട്ടിയിടിച്ചു തുടങ്ങി. എന്റെ ആരോഗ്യത്തെ സംബന്ധിച്ച് സംശയമുന്നയിക്കുന്നുണ്ട് ഇബ്രു. കൊറോണ വന്നുപോയിട്ട് ആറു മാസമാകാറയെങ്കിലും പൂർണ സൗഖ്യത്തിലേക്ക് മടങ്ങിയെത്തിയിട്ടില്ലെന്ന് എനിക്കും തോന്നാറുണ്ട്. തണുപ്പ് സഹിക്കാനുള്ള കഴിവ് മുൻപേ തന്നെ കുറവുമാണ്. താഴെ കാണുന്ന താഴ് വാരം പച്ചപുതച്ചാണ് കിടക്കുന്നതെങ്കിലും അതൊരു സംരക്ഷിത വനപ്രദേശമായി തോന്നിയില്ല. അതിനിയിൽ പലയിടത്തും നേർരേഖകൾ പോലെ കാണുന്നത് റോഡുകളാണ്.

ക്യൂരിയോ ഷോപ്പ്

തണുപ്പിൽനിന്ന് രക്ഷപ്പെടാനും കെനിയൻ കരകൗശലവസ്തുക്കളുമായി പരിചയപ്പെടാനും അടുത്തുള്ള കരകൗശലവിൽപ്പനശാലക്കുള്ളിലേക്ക് കയറി. മൊമ്പാസ ക്യൂരിയോ ഷോപ്പ്. കരകൗശല വസ്തുക്കളിൽ പലതും ദുബായ് ഗ്ലോബൽ വില്ലേജിലെ ആഫ്രിക്കൻ പവലിയനിൽ മുൻപ് കണ്ടിട്ടുള്ള ഇനങ്ങൾ തന്നെയാണ്. പക്ഷെ അതിന്റെ വൈപുല്യവും വൈവിധ്യവും അത്ഭുതാവഹമാണ്. എല്ലാം കണ്ടു വരുമ്പോഴേക്കും ഞങ്ങളുടെ സംഘം വന്നിട്ടുള്ള വണ്ടികൾ പുറപ്പെടാൻ തയ്യാറായി. മസായി മാര എത്തും മുൻപേ ഒരു ഇടത്താവളത്തിൽ കൂടി വണ്ടി നിറുത്തും ഷോപ്പിങ്ങ് അവിടെ നിന്നാകാം ഡങ്കൻ പറഞ്ഞു. ഞങ്ങൾ വീണ്ടും യാത്ര ആരംഭിച്ചു. നല്ല തെളിഞ്ഞ അന്തരീക്ഷം. രാവിലെ കണ്ട മൂടി കെട്ടലിന്റെ ഒരു ലക്ഷണവും ബാക്കിയില്ല.

നെയ്​റോബി -മായ് മഹിയു - നാരോക് - സെകെനാനി ഗേറ്റ് ഇതാണ് ഞങ്ങളുടെ യാത്രാപഥം. താമസിക്കാതെ മായ് മഹിയുവിലെത്തി. ഇവിടെ മുതൽ നകുരു കൗണ്ടിയിലേക്ക് പ്രവേശിക്കുകയാണ്. കികുയു ഭാഷയിൽ ‘ചൂടുവെള്ളം' എന്നാണ് മായ് മഹിയു എന്ന വാക്കിനർത്ഥം.

നെയ്​റോബിയിൽ നിന്ന് 230 കിലോമീറ്ററോളം ദൂരമാണ് മസായിമാരനാഷണൽ പാർക്കിന്റെ സെകെനാനി ഗെയ്റ്റിലേക്കുള്ളത്. നെയ്​റോബി -
മായ് മഹിയു - നാരോക് - സെകെനാനി ഗേറ്റ് ഇതാണ് ഞങ്ങളുടെ യാത്രാപഥം. താമസിക്കാതെ മായ് മഹിയുവിലെത്തി. ഇവിടെ മുതൽ നകുരു കൗണ്ടിയിലേക്ക് പ്രവേശിക്കുകയാണ്. കികുയു ഭാഷയിൽ ‘ചൂടുവെള്ളം' എന്നാണ് മായ് മഹിയു എന്ന വാക്കിനർത്ഥം. നെയ്റോബി കൗണ്ടിയിൽ നിന്ന് തുടങ്ങി കിയാമ്പു കൗണ്ടി പിന്നിട്ടാണ് ഇവിടെ എത്തിയിരിക്കുന്നത് ഇത് കൂടി പിന്നിട്ടാൽ ഇനി മസായിമാര സ്ഥിതി ചെയ്യുന്ന നാരോക്ക് കൗണ്ടിയാണ്.

ഭരണസൗകര്യത്തിനുവേണ്ടി ഭൂമിശാസ്ത്രപരമായി കെനിയയെ 47 കൗണ്ടികളായി തരംതിരിച്ചിരിക്കുന്നു. ഗവർണറാണ് കൗണ്ടി ഭരണത്തലവൻ. 2010 ൽ പുതിയ ഭരണഘടന നിലവിൽ വരുന്നതിന് മുൻപ് ഇത് ജില്ലകളെന്നായിരുന്നു അറിയപ്പെട്ടിരുന്നത്. 1963 ൽ സ്വാതന്ത്രാനന്തരം നടപ്പിൽവന്ന ഭരണഘടന 1969ൽ വ്യാപകമായി ഭേദഗതി ചെയ്യപ്പെട്ടു. പാർലിമെൻറിനുപരിയായി പ്രസിഡന്റിന് ഏറെ അധികാരങ്ങൾ നൽകുന്ന അർദ്ധ പ്രസിഡൻഷ്യൽ സമ്പ്രദായം ഉൾപ്പടെയുള്ള മാറ്റങ്ങളായിരുന്നു അത്. 1982ൽ കെനിയ ഏക പാർട്ടി സമ്പ്രദായത്തിന് വഴിമാറി. 90കളിൽ ശീതയുദ്ധം സമാപിച്ചതും ആഫ്രിക്കൻ വൻകരയിലെ മറ്റു രാജ്യങ്ങൾ കൂടുതൽ ജനാധിപത്യത്തോടടുത്തതും കെനിയയേയും സ്വാധീനിച്ചു. കൂടുതൽ ജനാധിപത്യപരമായ പുതിയ ഭരണഘടനക്കുവേണ്ടിയുള്ള ആവശ്യം കെനിയയിൽ ഉയർന്നു തുടങ്ങി. 1991-ൽ ഒറ്റകക്ഷി സമ്പ്രദായത്തിന് അവസാനമായി. നിരവധിയായ പ്രക്രിയകളിലൂടെ കടന്ന് പോയി 2010 ഓഗസ്റ്റ് 27-ന് കെനിയയുടെ പുതിയ ഭരണഘടന നിലവിൽ വന്നു. 2010 ഓഗസ്റ്റ് നാലിന് നടന്ന റഫറണ്ടത്തിൽ 67% കെനിയൻ വോട്ടർമാർ പുതിയ ഭരണഘടന അംഗീകരിച്ചു വോട്ട് ചെയ്തിരുന്നു.

വഴിയോരം

പുതിയ ഭരണഘടന പ്രകാരം ദേശീയ ഗവൺമെന്റും കൗണ്ടി ഗവൺമെന്റുകളും ചേർന്ന് കെനിയയുടെ ഭരണം നടത്തുന്നു. ദേശീയ ഗവൺമെന്റിനെ പ്രസിഡന്റും ഡെപ്യൂട്ടി പ്രസിഡന്റും കാബിനറ്റും ചേർന്ന് നയിക്കും. കൗണ്ടികളിൽ നിന്നുള്ള സെനറ്റർമാർ ഉൾപ്പെടുന്ന ഉപരിസഭ (ഒരു കൗണ്ടിക്ക് ഒരു സെനറ്റർ), 290 അംഗങ്ങൾ ഉൾപ്പെടുന്ന ഒരു അസംബ്ലി എന്നിവ ചേർന്നതാണ് ദേശീയ പാർലമെൻറ്​. കൗണ്ടികളുടെ ഭരണാധാകാരി ജനങ്ങൾ നേരിട്ട് തിരഞ്ഞെടുക്കുന്ന ഗവർണറാണ്. അദ്ദേഹത്തിനുകീഴിൽ കൗണ്ടി എക്സിക്യൂട്ടീവ് ഭരണം നടത്തും. കൗണ്ടികളെ വാർഡുകളാക്കി വിഭജിച്ചിട്ടുണ്ട്. ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കുന്ന അംഗങ്ങൾ ഉൾപ്പെടുന്ന അസംബ്ലിയാണ് കൗണ്ടികളിലെ നിയമനിർമ്മാണ സഭ. നമ്മുടെ സംസ്ഥാന ഗവൺമെന്റുകൾക്ക് സമാനമായ വിപുലമായ അധികാരങ്ങളാണ് കെനിയയിൽ കൗണ്ടി ഗവൺമെന്റുകൾക്കുള്ളത്.

റൂട്ടോയുടെ പ്രചാരണ ബോർഡ്

ഓഗസ്​റ്റ്​ 15ന്​ നടന്ന ദേശീയ തിരഞ്ഞെടുപ്പിനു വേണ്ടി, വഴിയിലുടനീളം മത്സര രംഗത്തുള്ള സ്ഥാനാർത്ഥികളുടെ കൂറ്റൻ ഫ്ലക്​സുകൾ കണ്ടു. യുണൈറ്റഡ് ഡെമോക്രാറ്റിക്ക് അലയൻസിന്റെ വില്യം റൂട്ടോയും അസിമിയോ ലാ ഉമോജ പാർട്ടിക്കുവേണ്ടി റെയ്‌ല ഒഡിംഗയും ആയിരുന്നു പ്രസിഡൻറ്​ സ്ഥാനാർത്ഥികൾ. പ്രസിഡന്റായി വില്യം റൂട്ടോ അധികാരത്തിലെത്തി. ഡങ്കൻ പൊതു തിരഞ്ഞെടുപ്പിനെ ക്കുറിച്ചും സ്ഥാനാർത്ഥി കളെക്കുറിച്ചും സംസാരിച്ചു. രാഷ്ടീയക്കാർ പണിയെടുക്കാതെ ജീവിക്കുന്നവരാണെന്ന ശരാശരി ഇന്ത്യൻ മധ്യവർഗ്ഗത്തിന്റെ അഭിപ്രായം തന്നെയാണ് ഡങ്കനുമുള്ളത്. എങ്കിലും വില്യം റൂട്ടോയോടുള്ള ആഭിമുഖ്യം അയാൾ വെളിവാക്കി. അതിവേഗത്തിൽ മോട്ടോർ സൈക്കിളുകളിൽ കുതിച്ചുപോകുന്ന ചെറുപ്പക്കാർ പലയിടത്തുവെച്ചും ഞങ്ങളുടെ വാഹനങ്ങളെ മറികടക്കുന്നുണ്ട്. ‘പോടാ പോടാ’ എന്ന പേരിലറിയപ്പെടുന്ന ബൈക്ക് ടാക്സിക്കാരാണത്രെ അവർ.

മാറ്റാറ്റു അല്ലെങ്കിൽ മാറ്റാറ്റാസ് എന്നറിയപ്പെടുന്ന വാഹനങ്ങൾ കഴിഞ്ഞാൽ പ്രാദേശികമായി യാത്രകൾക്ക് ആളുകൾ ഏറ്റവുമധികം ഉപയോഗിക്കുന്നത് ഈ ബൈക്ക് ടാക്സികളെയാണ്. മിനി ബസുകളോ ചെറിയ വാനുകളോ ആണ് മാറ്റാറ്റസ്. മാറ്റാറ്റുകൾ കെനിയൻ നിരത്തുകളിലെ ഒരു പ്രധാന കാഴ്ചയാണ്. മനോഹരവും വിചിത്രവുമൊക്കെയായ ഗ്രാഫിറ്റികളാൽ അലങ്കരിച്ച ഈ സ്വകാര്യ ഉടമസ്ഥതയിലുള്ള വാഹനങ്ങളാണ് കെനിയയിലെ പ്രധാന ഗതാഗത സംവിധാനം. ചെറുതും വലുതുമായ മാാറ്റാറ്റുകൾ കെനിയൻ നിരത്തുകളിലൂടെ ഉച്ചത്തിലുള്ള സംഗീതം പുറത്ത് കേൾപ്പിച്ച്​ വേഗത്തിൽ കടന്നുപോകുന്നത് കാണാം. ഈ വാഹനങ്ങൾ കെനിയൻ റോഡുകളുടെ മുഖമുദ്രതന്നെയാണ്. ഒരു കാലത്ത് കെനിയയിലെ പൊതുഗതാഗത സംവിധാനമെന്നാൽ മാറ്റാറ്റുകളായിരുന്നു. ഇന്നവിടേക്ക് അന്താരാഷ്ട്ര ഓൺലൈൻ ടാക്സി സർവ്വീസുകളും ‘S' എന്ന പരിലുള്ള ഷെയറിങ്ങ് ടാക്സി ആപ്പുമൊക്കെ കടന്നുവന്നിരിക്കുന്നു. എങ്കിലും ഇന്നും സാധാരണക്കാരുടെ ആശ്രയം മാറ്റാറ്റുകൾ തന്നെ. നമ്പറുകൾ വഴി ഓരോ മാറ്റാറ്റസും സഞ്ചരിക്കുന്ന റൂട്ട് മനസ്സിലാക്കാം.

‘പോടാ പോടാ’ എന്ന പേരിലറിയപ്പെടുന്ന ബൈക്ക് ടാക്സി

നമ്മുടെ നാട്ടിലേതുപോലെ റോഡിൽ പലയിടത്തും പൊലീസ് പരിശോധന നടക്കുന്നുണ്ട്. പക്ഷെ ടൂറിസ്റ്റുകളുമായി പോകുന്ന വാഹനങ്ങൾ പൊലീസ് തടയാറില്ലെന്ന് ഡങ്കൻ പറഞ്ഞു. പരിശോധന ഭയന്ന് അകലെ വണ്ടി നിറുത്തി കാത്തുനിൽക്കുന്ന ഇരുചക്രവാഹനക്കാരേയും വഴി മാറി കടന്നുപോകുന്നവരെയും നമ്മുടെ നാട്ടിലേതുപോലെ അവിടെയും കണ്ടു. ചോളം കനലിൽ ചുട്ട് വിൽപ്പന നടത്തുന്ന കുട്ടികളെ വഴിയോരത്ത് ധാരാളമായി കാണാം. പൊടി പരത്തി കടന്നു പോകുന്ന കന്നുകാലി കൂട്ടങ്ങളും ഭാരം വഹിച്ച് കടന്നുപോകുന്ന കഴുതകളും കഴുതവണ്ടികളും നിരന്തരം ആവർത്തിക്കുന്ന കാഴ്ചകളാണ്. വഴിയോരത്ത് പലയിടത്തും പെന്തക്കോസ്ത് ക്രിസ്ത്യൻ പള്ളികൾ കണ്ടു. ഞായറാഴ്ച ആയതിനാലാകണം ഉച്ചയോടടുത്തിട്ടും ബൈബിളുമായി പള്ളിയിലേക്ക് പോകുന്നവരും വരുന്നവരുമായ കാൽനട യാത്രികരുണ്ട്, വഴിയോരങ്ങളിൽ.

പുൽപരപ്പുകൾക്ക് കൂട്ടായി നിൽക്കുന്ന ഒറ്റമരങ്ങൾ, അതിനിടയിൽ മേഞ്ഞുനടക്കുന്ന കന്നുകാലിക്കൂട്ടം, അകലെയെങ്ങോ ആ കാഴ്ചക്ക് വിരാമമിട്ട്​ നിലകൊള്ളുന്ന ഒരു മേരു. ചിലയിടങ്ങളിൽ വാഹനം മേടിറങ്ങുന്നത് ഇത്തരം വലിയ സമതലങ്ങളിലേക്കായിരിക്കും. സമുദ്രം പോലെ കിടക്കുന്ന പുൽപ്പരപ്പിനെ നെടുകെ പിളർന്ന്​ നേർരേഖ പോലെ നമുക്ക് കടന്നുപോകാനുള്ള റോഡ് അറ്റം കാണാനാകാതെ നീണ്ടു കിടക്കുന്നുണ്ടാകും.

ആഫ്രിക്കൻ സമതലങ്ങളുടെ കാഴ്ച ഒരിക്കലും മടുപ്പിക്കാത്ത ഒന്നാണ്. കിലോമീറ്ററുകളോളം തടസ്സങ്ങളില്ലാതെ കാണാം. പുൽപരപ്പുകൾക്ക് കൂട്ടായി നിൽക്കുന്ന ഒറ്റമരങ്ങൾ, അതിനിടയിൽ മേഞ്ഞുനടക്കുന്ന കന്നുകാലിക്കൂട്ടം, അകലെയെങ്ങോ ആ കാഴ്ചക്ക് വിരാമമിട്ട്​ നിലകൊള്ളുന്ന ഒരു മേരു. ചിലയിടങ്ങളിൽ വാഹനം മേടിറങ്ങുന്നത് ഇത്തരം വലിയ സമതലങ്ങളിലേക്കായിരിക്കും. സമുദ്രം പോലെ കിടക്കുന്ന പുൽപ്പരപ്പിനെ നെടുകെ പിളർന്ന്​ നേർരേഖ പോലെ നമുക്ക് കടന്നുപോകാനുള്ള റോഡ് അറ്റം കാണാനാകാതെ നീണ്ടു കിടക്കുന്നുണ്ടാകും. വഴിയരികിൽ മസായികളെ കണ്ടു തുടങ്ങി. ചുവപ്പിൽ കറുത്ത കള്ളികളോടുകൂടിയ പുതപ്പുകൊണ്ട് ശരീരം മൂടിയ നിലയിലാണ് മസായികളെ കാണുക. സാധാരണയിൽ കവിഞ്ഞ ഉയരമുള്ള അവരുടെ കൈയ്യിൽ നീണ്ട വടികളൊ കുന്തങ്ങളൊ കാണാം.

വഴിയോര കാഴ്ച

ഡങ്കൻ പറഞ്ഞ അടുത്ത ഇടത്താവളത്തിൽ ഞങ്ങളെത്തി. പ്രധാന നിരത്തിനഭിമുഖമായി വലിയൊരു കരകൗശലവിൽപ്പനശാലയും ഹോട്ടലും ആർട്ട് ഗ്യാലറിയുമൊക്കെ ചേർന്ന കെട്ടിട സമുച്ചയമാണത്. മുൻപിൽ പാർക്കിങ്ങിന് വേണ്ട വിശാലമായ സ്ഥലമുണ്ട്. ഞങ്ങളുടെ ഗ്രൂപ്പ് പോലെ മസായിമാരയിലേക്ക് വരുന്നവരെയും തിരിച്ചുപോകുന്നവരെയും കൊണ്ട് നിരവധി വാഹനങ്ങൾ അവിടെ എത്തിയിട്ടുണ്ട്. അതിവിശാലമാണ് കരകൗശല വിൽപ്പന ശാല. ബാത്ത് റും- ടോയ്​ലറ്റ്​ സൗകര്യങ്ങൾ സൗജന്യമാണ്​. അര മണിക്കൂർ ഇവിടെ നിറുത്തിയിടും. അതിനുള്ളിൽ വാഷ്റും സൗകര്യമുപയോഗിച്ച് ലഘുഭക്ഷണവും പർച്ചേസിങ്ങുമൊക്കെ നടത്തി മടങ്ങിയെത്തണം. യാത്രാസംഘത്തിന്റെ ഉച്ചഭക്ഷണം അന്നും പിറ്റേന്നും ഞങ്ങൾ തങ്ങുന്ന മസായിമാര നാഷണൽ പാർക്കിനുള്ളിലെ മാരാസാംബാ ലോഡ്ജിൽ എത്തിയശേഷമാണെന്ന് ഡങ്കൻ പറഞ്ഞു. 2.30 നുമുമ്പ്​ അവിടെ എത്താനാകും എന്നാണ് പ്രതീക്ഷ എന്നും ഡങ്കൻ കൂട്ടിചേർത്തു. ▮

(തുടരും)


പ്രമോദ് കെ.എസ്.

Epta International ന്റെ മിഡിൽ ഈസ്റ്റ് ഓഫീസിൽ (ദുബായ്) ഡിസൈനർ. കേരളീയം മാസികയുടെ ആദ്യകാല പ്രവർത്തകനും പ്രസാധകനുമായിരുന്നു.

Comments