പ്രമോദ് കെ.എസ്. യാത്രയുടെ ടീം ക്യാപ്​റ്റനായ ഡങ്കനൊപ്പം

ഡങ്കൻ എന്ന രസികൻ സാരഥി

പൊതുനിരത്തിലെ വാഹനങ്ങളുടെ അച്ചടക്കരാഹിത്യം ഇന്ത്യക്കാരിൽ നിന്നാണ് ആഫ്രിക്കൻ നഗരങ്ങളിലേക്ക് പടർന്നതെന്ന സക്കറിയുടെ വരികളെ ഓർമിപ്പിച്ചു, ഗതാഗതസ്തംഭനത്തിന്റെ ചില കെനിയൻ നഗരദൃശ്യങ്ങൾ.

രണ്ട്​

വർത്തിച്ചുള്ള അലാറം കേട്ടാണ് ആഴത്തിലുള്ള ഉറക്കത്തിൽ നിന്നുണരുന്നത്. പരിചിതമല്ലാത്ത ചുറ്റുപാടിൽ മതികെട്ടുറക്കം സാധാരണ സാധ്യമാകാറില്ല. ഉയർന്ന ശയനസുഖം പ്രദാനംചെയ്യുന്ന അവിടെനിന്ന് പാതിയായ ഉറക്കം വിട്ടെഴുന്നേൽക്കാൻ മടി തോന്നി. ഇബ്രു മുൻപേ തന്നെ എഴുന്നേറ്റ് ലാപ്ടോപ്പിനു മുൻപിലാണ്. ചൂടുവെള്ളത്തിൽ കുളിച്ച് ഏഴിനുമുൻപായി പ്രഭാതഭക്ഷണത്തിന്​ താഴത്തെ നിലയിലെ റെസ്റ്റോറന്റിലെത്തി. അവിടെ സമൃദ്ധമായ പ്രാതൽ തയ്യാറാണ്. തൽക്ഷണം തയ്യാറാക്കി നൽകുന്ന ചില ഭക്ഷ്യവിഭവങ്ങൾക്കുമുൻപിൽ ചിലർ കാത്തുനിൽപ്പുണ്ട്. പ്രാതലിനുമുൻപേ അവിടത്തെ ചെറിയ ബാർകൗണ്ടറിനു മുൻപിലെ ഉയർന്ന ഇരിപ്പിടങ്ങളിലിരുന്ന് മദ്യം ആസ്വദിക്കുന്നു ചിലർ.

ഞങ്ങൾക്കൊപ്പം യാത്രാസംഘത്തിലെ പലരും വന്നുകൊണ്ടിരിക്കുന്നതേയുള്ളൂ. ചില്ലുഭിത്തിക്കപ്പുറം ഹോട്ടലിന്റെ നനഞ്ഞ മുറ്റം കാണം. ഇരുണ്ട പ്രഭാതമാണ്. റെസ്റ്റോറന്റിലും വലിയ വെളിച്ചമില്ല. മഴമേഘങ്ങൾ നെയ്​റോബിക്കുമുകളിൽ ഉരുണ്ടുകൂടി കാത്തുനിൽപ്പുണ്ട്. ഞങ്ങളുടെ സംഘത്തിന് പോകാനുള്ള ലാൻഡ്ക്രൂയിസറുകൾ പുറത്ത് കാത്തുകിടക്കുന്നു. ഭക്ഷണശേഷം മുറി ചെക്കൗട്ട് ചെയ്ത് താഴെയെത്തി. ഇബ്രു കാലേക്കൂട്ടി ഞങ്ങൾക്ക് കയറേണ്ട വണ്ടി തെരഞ്ഞെടുത്തിട്ടുണ്ട്. ഡങ്കൻ എന്നാണ് ഡ്രൈവറുടെ പേര്. ഗ്രൂപ്പിലെ മുഴുവൻ ഡ്രൈവർമാരെയും നിയന്ത്രിക്കുന്ന സംഘത്തലവൻ കൂടിയാണ് ഡങ്കൻ.

കെനിയ-ഉഗാണ്ട റെയിൽ, നെെറോബി - 1899-ലെ ചിത്രം / Photo: Wikimedia Commons

നല്ല തണുപ്പുള്ള പുലർക്കാലമാണ്. നെയ്​റോബിയിൽ ഏറ്റവും കൂടുതൽ തണുപ്പുള്ള മാസങ്ങളിലൊന്നാണ് ജൂലായ്. വർഷം മുഴുവൻ സുഖകരമായ കാലാവസ്ഥ നിലനിൽക്കുന്ന ആഫ്രിക്കൻ നഗരമാണ് നെയ്​റോബി. ‘ഇവാസോ നൈബെറി' (Ewaos Nai ́beri) എന്നാണ് നെയ്​റോബിയുടെ പഴയ പേര്. മസായി ഭാഷയിൽ തണുത്ത ശുദ്ധമായ ജലത്തിന്റെ പ്രദേശം എന്നാണ് ഇതിന്റെ അർഥം. ബ്രിട്ടീഷുകാരാണ് ഉച്ചാരണസൗകര്യത്തിന്​ നെയ്​റോബിയാക്കി മാറ്റിയത്. മസായികൾ തങ്ങളുടെ കന്നുകാലികൾക്ക് ശുദ്ധജലം കണ്ടെത്തിയിരുന്ന പുരാതനമായ ഒരിടമായിരുന്ന്രേത ഇവിടം. ആഫ്രിക്കൻ വൻകരയിലെ ആദ്യ റെയിൽവേലൈൻ നെയ്​റോബിയിലെത്തിയതോടുകൂടിയാണ് തദ്ദേശീയരല്ലാത്തവർ ഇവിടെ എത്തുന്നതും നെയ്​റോബി ഒരു നഗരമായി വികസിക്കുന്നതും. മൈൽ 327 എന്ന പേരിൽ റെയിൽവേ നിർമാണത്തിന്റെ ഒരു ബേസ് ക്യാമ്പായി അവർ ഈ നഗരത്തെ മാറ്റി. പ്രധാന ഡിപ്പോയും ഇവിടെ തന്നെയായിരുന്നു.

റെയിൽവേ പണിക്കാരായി കെനിയയിലെത്തിയ ഇന്ത്യക്കാരും അവരെ പിൻതുടർന്നെത്തിയ നിർമാണതൊഴിലാളികളുമാണ് നെയ്​റോബി നഗരം പടുത്തുയർത്തിയത്. അതുകൊണ്ടുതന്നെ പഴയ നെയ്​റോബിക്ക് ഇന്ത്യൻ മുഖച്ഛായയാണുള്ളത്.

രണ്ട്​ മുഖങ്ങളുള്ള നഗരം

സമുദ്രനിരപ്പിൽ നിന്ന് 1,795 മീറ്റർ ഉയരത്തിലാണ് നെയ്​റോബി. തണുപ്പുകാലത്ത് ശരാശരി താപനില ഒമ്പതു ഡിഗ്രി സെൽഷ്യസാണ്. നെയ്​റോബിയിലെ ഏറ്റവും ചൂടേറിയ മാസങ്ങൾ നവംബർ മുതൽ മാർച്ച് ആദ്യം വരെയാണ്. ഇക്കാലത്ത് ഉയർന്ന താപനില 24 ഡിഗ്രി സെൽഷ്യസ് വരെയെത്തും. സുഖകരമായ കാലാവസ്ഥയും ശുദ്ധജലത്തിന്റെ ലഭ്യതയുമാണ് ബ്രിട്ടീഷുകാർക്ക് പ്രിയപ്പെട്ട സ്ഥലമായി നെയ്​റോബിയെ മാറ്റിയത്. 1899ലാണ് നെയ്​റോബി നഗരപദവി കൈവരിക്കുന്നത്. റെയിൽവേ പണിക്കാരായി കെനിയയിലെത്തിയ ഇന്ത്യക്കാരും അവരെ പിൻതുടർന്നെത്തിയ നിർമാണതൊഴിലാളികളുമാണ് ഈ നഗരം പടുത്തുയർത്തിയത്. അതുകൊണ്ടുതന്നെ പഴയ നെയ്​റോബിക്ക് ഇന്ത്യൻ മുഖച്ഛായയാണുള്ളത്.

സമ്പന്നരുടെ വാസഗേഹങ്ങൾക്കിടയിലൂടെ ജിറാഫ് സെന്ററിലേക്കുള്ള വഴി

യൂറോപ്യൻ ആവാസസ്ഥലങ്ങളിലെത്തുന്നതോടെ ഇത് ഇന്തോ- യൂറോപ്യൻ സമ്മിശ്രശൈലിക്ക് വഴിമാറും. തലേന്ന് ജിറാഫ് സെന്റർ സന്ദർശിക്കാൻ ഞങ്ങൾ പോയത് കൊളോണിയൽ കാലത്തെ ഇത്തരം വാസഗൃഹങ്ങൾക്കിടയിലൂടെയായിരുന്നു. മനോഹരമായി പരിപാലിക്കപ്പെട്ട ഉദ്യാനസമാനമായ നടപ്പാതകൾക്കപ്പുറത്ത് ഉയർത്തി നിർമിച്ച കനത്ത മതിൽക്കെട്ടിനകത്ത് വിശാലമായ തൊടിയിൽ ഗാംഭീര്യത്തോടെ നിലകൊള്ളുന്ന ആ വാസ്തുനിർമിതികളും കിബേര പോലുള്ള ചേരിപ്രദേശങ്ങളും നെയ്​റോബി നഗരത്തിന്റെ അത്രമേൽ വ്യത്യസ്​തമായ രണ്ടു മുഖങ്ങളാകുന്നു. ബഹുനിലമന്ദിരങ്ങളും ആഗോള ബ്രാൻഡുകളും ബഹുരാഷ്ട്രകമ്പനികളും അന്താരാഷ്ട്ര സംഘടനകളുമൊക്കെ ചേർന്ന് സൃഷ്ടിക്കുന്ന മറ്റൊരു ആധുനികമുഖം കൂടിയുണ്ട് നെയ്​റോബിക്ക്.

ലോകത്തിലെ ഏക വന്യജീവി തലസ്ഥാനം എന്ന വിശേഷണം കൂടിയുണ്ട് നെയ്​റോബിക്ക്. നഗരപരിധിയോടുചേർന്ന് സ്ഥിതി ചെയ്യുന്ന ‘നെയ്​റോബി വന്യജീവി സങ്കേതമാണ് (118.സ്‌ക്വ. കി.മി.) ഈ വിശേഷണം നഗരത്തിന് നേടിക്കൊടുത്തത്.

1905-ൽ ബ്രിട്ടീഷ് ഈസ്റ്റ് ആഫ്രിക്കയുടെ തലസ്ഥാനം മെബാസയിൽ നിന്ന് നെയ്​റോബിയിലേക്ക് മാറ്റിയതോടെതാണ് ഈ നഗരത്തിന്റെ സുവർണകാലം തുടങ്ങുന്നത്. കെനിയയിലെ ഏറ്റവും വലിയ നഗരവും ആഫ്രിക്കയിലെ നാലാമത്തെ വലിയ നഗരവുമാണ് ഇന്ന് നെയ്​റോബി. സ്വാതന്ത്രത്തിനുശേഷം 1963-ൽ നെയ്​റോബി റിപ്പബ്ലിക് ഓഫ് കെനിയയുടെ തലസ്ഥാനമായി. ഇന്ന് നാലു ദശലക്ഷത്തിലധികമാണ് ഇവിടത്തെ ജനസംഖ്യ. കിഴക്കനാഫ്രിക്കയുടെ സാമ്പത്തിക തലസ്ഥാനം കൂടിയാണ് ഈ നഗരം. ജനസംഖ്യയിലെ വലിയൊരു ശതമാനത്തെ ഉൾക്കൊള്ളുന്നത് കിബേര, മത്താരെ എന്നീ പേരുകളിലറിയപ്പെടുന്ന ചേരികളാണ്. സിറ്റി കൗൺസിലിനാണ് നെയ്​റോബി മുനിസിപ്പാലിറ്റിയുടെ ഭരണചുമതല. രാജ്യത്തെ ജി.ഡി.പി യുടെ 62% കെനിയയുടെ സാമ്പത്തിക തലസ്ഥാനം കൂടിയായ ഈ നഗരത്തിന്റെ സംഭാവനയാണ്.

ലോകത്തിലെ ഏക വന്യജീവി തലസ്ഥാനം

ലോകത്തിലെ ഏക വന്യജീവി തലസ്ഥാനം എന്ന വിശേഷണം കൂടിയുണ്ട് നെയ്​റോബിക്ക്. നഗരപരിധിയോടുചേർന്ന് സ്ഥിതി ചെയ്യുന്ന ‘നെയ്​റോബി വന്യജീവി സങ്കേതമാണ് (118.സ്‌ക്വ. കി.മീ.) ഈ വിശേഷണം നഗരത്തിന് നേടിക്കൊടുത്തത്. വംശനാശഭീഷണി നേരിടുന്ന കറുത്ത കണ്ടാമൃഗങ്ങൾ, സിംഹങ്ങൾ, പുള്ളിപ്പുലികൾ, ചീറ്റകൾ, ഹൈനകൾ, കാട്ടുപോത്തുകൾ, ജിറാഫുകൾ എന്നിങ്ങനെ വൈവിധ്യമാർന്ന 520-ലധികം ഇനം പക്ഷിമൃഗാദികൾ ഈ ദേശീയോദ്യാനത്തിലുള്ളതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. മസായിമാര നാഷണൽ പാർക്കിലുള്ളതിനേക്കാൾ (10 താഴെ) കൂടുതൽ കണ്ടാമൃഗങ്ങൾ ഇവിടെയുണ്ട്. 1946-ലാണ് ഈ വന്യജീവിസങ്കേതം സ്ഥാപിക്കപ്പെടുന്നത്. നഗരഹൃദയത്തിൽ നിന്ന് വെറും ഏഴു കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന ഈ ഉദ്യാനത്തിന്റെ മൂന്നു വശവും വൈദ്യുതവേലി കെട്ടി സംരക്ഷിച്ച് ജനവാസകേന്ദ്രങ്ങളിൽ നിന്ന്​വേർത്തിരിച്ചിരിക്കുകയാണ്. തുറന്നുകിടക്കുന്ന തെക്കൻ അതിരിലൂടെ വന്യമൃഗങ്ങൾക്ക് കിറ്റംഗേല സമതലങ്ങൾ വരെ ദേശാന്തരഗമനം നടത്താം.

മുള്ളുവേലിക്കപ്പുറം നെെറോബി നാഷണൽ പാർക്കാണ്

ക്രിസ്തുവിന് 2000 വർഷം മുമ്പുതന്നെ വടക്കേ ആഫ്രിക്കയിൽ നിന്നുള്ള കുടിയേറ്റക്കാർ ഇന്നത്തെ കെനിയ ഉൾപ്പെടുന്ന പ്രദേശത്തെത്തിയിരുന്നു. എ.ഡി. ഒന്നാം നൂറ്റാണ്ടിൽ തന്നെ അറബി വ്യാപാരികൾ ഈ തീരത്തെ സ്ഥിരം സന്ദർശകരായിരുന്നു. ക്രമേണ അവരിവിടെ അറേബ്യൻ- പേർഷ്യൻ കോളനികൾ സ്ഥാപിച്ചു. അറേബ്യൻ ഉപദ്വീപിനോട് ചേർന്ന കെനിയയുടെ സ്ഥാനം അവരുടെ വ്യാപനത്തിന് കാരണമായി. നൈൽ തടങ്ങളിൽ നിന്നുളള നിലോട്ടിക് വംശജരും മധ്യ ആഫ്രിക്കയിൽ നിന്നുള്ള ബാന്തു വംശജരും എ.ഡി. ഒന്നും സഹസ്രാബ്ദത്തിൽ ഇവിടെയെത്തി. അറബി- ബാന്തു സങ്കലനത്തിൽ നിന്നാണ് സ്വാഹിലി ഭാഷ രൂപംകൊള്ളുന്നത്. ഈ സാംസ്‌ക്കാരിക പരിസരത്തിലേക്കാണ് 1498-ൽ പോർച്ചുഗീസുകാർ വന്നെത്തുന്നത്. ക്രമേണ അറബ് സ്വാധീനത്തിന് മങ്ങലേറ്റു. വിദൂര കിഴക്കൻ പ്രദേശങ്ങളിൽ മാത്രമായി അവർ ഒതുങ്ങി. പിന്നീട് ഒമാൻ സുൽത്താൻമാരുടെ കാലത്താണ് പറങ്കികളെ പിന്തള്ളി അറബ് സ്വാധീനം ഈ മേഖലയിൽ ശക്തമാകുന്നുത്. അത് ബ്രിട്ടീഷുകാരുടെ കടന്നുവരവ് വരെ തുടർന്നു.

ബ്രിട്ടീഷുകാർ എത്തുന്ന കാലത്ത് മസായികളുടെ വലിയൊരു കേന്ദ്രമായിരുന്നു നെയ്​റോബി. മസായികളും അവരുടെ കന്നുകാലികളും വന്യമൃഗങ്ങളും ഇവിടെ ഇടകലർന്ന് ജീവിച്ചുപോന്നു. കികിയു ഗോത്രവർഗക്കാർ നെയ്​റോബിക്കു മുകളിലായുള്ള വനപ്രദേശങ്ങളിൽ കൃഷിചെയ്ത്​ ഉപജീവനം നടത്തി.

19-ാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിലാണ് ആഫ്രിക്കൻ വൻകരയിലെ ബ്രിട്ടീഷ് അധിനിവേശത്തിന് തുടക്കമാകുന്നത്. 1880 മുതൽ 1900 വരെയുള്ള കാലത്തിനിടക്ക് ഈജിപ്ത്, സുഡാൻ, കെനിയ, ഉഗാണ്ട, ദക്ഷിണാഫ്രിക്ക, ഗാംബിയ, സിയറ ലിയോൺ, വടക്കുപടിഞ്ഞാറൻ സൊമാലിയ, സിംബാബ്വെ, സാംബിയ, ബോട്‌സ്വാന, നൈജീരിയ, ഘാന, മലാവി എന്നിങ്ങനെ ഇന്നറിയപ്പെടുന്ന രാജ്യങ്ങളൊക്കെ നേരിട്ടോ അല്ലാതെയോ ബ്രിട്ടീഷ് നിയന്ത്രണത്തിൻ കീഴിലായി. ഇതിൽ ബ്രിട്ടീഷ് ഈസ്റ്റ് ആഫ്രിക്ക എന്നറിയപ്പെട്ടിരുന്നത് കെനിയ, ഉഗാണ്ട, സാൻസിബാർ, ടാൻസാനിയ (ടാൻഗനിക്ക) എന്നീ രാജ്യങ്ങളായിരുന്നു. ബ്രിട്ടീഷ് ഈസ്റ്റ് ആഫ്രിക്കൻ കമ്പനിയായിരുന്നു ഈ പ്രദേശത്തിന്റെ ഭരണം നിർവ്വഹിച്ചിരുന്നത്. 1895 ഈസ്റ്റ് ആഫ്രിക്കയുടെ ഭരണം കമ്പനിയിൽ നിന്ന് നേരിട്ട് ബ്രിട്ടൻ ഏറ്റെടുത്തു. 1920ൽ മറ്റു പ്രദേശങ്ങളിൽ നിന്ന്​ വേർപ്പെടുത്തി ബ്രിട്ടനുകീഴിലുള്ള ഒരു കോളനിയായി കെനിയയെ മാറ്റി. കെനിയക്കുമാത്രമായി ഒരു ഭരണകൂടം നിലവിൽവന്നു.

എക്സ്പ്രസ്സ് വേയും ഹെെവേയും

ബ്രിട്ടീഷുകാർ എത്തുന്ന കാലത്ത് മസായികളുടെ വലിയൊരു കേന്ദ്രമായിരുന്നു നെയ്​റോബി. മസായികളും അവരുടെ കന്നുകാലികളും വന്യമൃഗങ്ങളും ഇവിടെ ഇടകലർന്ന് ജീവിച്ചുപോന്നു. കികിയു ഗോത്രവർഗക്കാർ നെയ്​റോബിക്കു മുകളിലായുള്ള വനപ്രദേശങ്ങളിൽ കൃഷിചെയ്ത്​ ഉപജീവനം നടത്തി. നഗരം വളർന്നു വന്നതോടെ വന്യജീവികളും മനുഷ്യരും തമ്മിലുള്ള സംഘർത്തിന് തുടക്കമായി. കെനിയൻ ഉഗാണ്ടൻ റെയിൽവേ നിർമ്മാണത്തിനിടെ പ്രതികൂലകാലാവസ്ഥയും അപകടങ്ങളും മൂലം മരണപ്പെടുന്ന കൂലിത്തൊഴിലാളികളുടെ മൃതശരീരങ്ങൾ വേണ്ടും വിധം സംസ്‌കരിക്കാതെ കാട്ടിലേക്ക് വലിച്ചെറിയുകയായിരുന്നു പതിവ്. ആ ശരീരങ്ങൾ രുചിച്ചുനോക്കിയാണത്രെ കുപ്രസിദ്ധമായ നരഭോജി സിംഹങ്ങൾ കെനിയയിൽ ഉദയം കൊള്ളുന്നത്. അവരുടെ ആക്രമണങ്ങൾ രാത്രികാലങ്ങളിൽ നൈറോബി നഗരാതിർത്തിക്കുള്ളിലും അക്കാലത്ത് പതിവായിരുന്നു. അവയെ നേരിടാൻ യൂറോപ്യൻമാർ തോക്കുകളുമായി ഇറങ്ങിയതോടെ ഏറെ പ്രസിദ്ധമായ കെനിയൻ വേട്ടകഥകൾക്ക് തുടക്കമായി.

വഴിയോരം

റെയിൽവേ പണിക്കാരായി ആഫ്രിക്കയിലെത്തിയ ഇന്ത്യക്കാരെ പിൻതുടർന്ന് കെട്ടിടനിർമ്മാണ തൊഴിലാളികളായും പലിശക്ക് പണം കടംകൊടുക്കുന്നവരായും കച്ചവടക്കാരായും കൈവേലക്കാരായും ഗുമസ്തൻമാരായും ഇന്ത്യക്കാർ ഈ പ്രദേശങ്ങളിലേക്ക് വലിയതോതിൽ കുടിയേറാൻ തുടങ്ങി. വൻകിട തോട്ടമുടമകളും കർഷകരുമായിരുന്നു ബ്രിട്ടനിൽനിന്നുള്ള കുടിയേറ്റക്കാർ. ഇന്ത്യയും ബ്രിട്ടന്റെ ഒരു കോളനി ആയിരുന്നതിനാലും ബ്രിട്ടീഷുകാർക്ക് വിവിധ ആവശ്യങ്ങൾക്കായി ഇന്ത്യക്കാരെ ആവശ്യമുണ്ടായിരുന്നതിനാലും ഈ കുടിയേറ്റം താരതമ്യേന എളുപ്പമായിരുന്നു. എന്നിരുന്നാലും വംശീയ വിവേചനങ്ങൾക്കിരകളായിരുന്നു ഇന്ത്യൻ കുടിയേറ്റക്കാർ. 1920ന്റെ തുടക്കമായപ്പോഴേക്കും കെനിയയിൽ ആകെയുള്ള ബ്രിട്ടീഷുകാരുടെ ഇരട്ടിയായി അവിടത്തെ ഇന്ത്യൻ ജനസംഖ്യ.

മസായി മാരയിലേക്ക്

ഗവൺമെൻറ്​ കൃഷിക്കും തോട്ടങ്ങൾക്കും ബ്രിട്ടനിൽ നിന്നുള്ള കുടിയേറ്റക്കാർക്ക് വ്യാപകമായി ഭൂമി അനുവദിക്കാൻ തുടങ്ങി. ഇത് മസായികളുടെ മേച്ചിൽസ്ഥലങ്ങൾ ചുരുങ്ങുന്നതിനും അവരും ബ്രിട്ടീഷുകാരും തമ്മിൽ രൂക്ഷമായ സംഘർഷങ്ങൾക്കും കാരണമായി. ഇതോടെ ഭൂമി അളവില്ലാതെ അനുവദിക്കുന്നതിൽ നിയന്ത്രണം വരുത്താൻ ഗവൺമെൻറ്​ നിർബന്ധിതമായി.

എക്​സ്​പ്രസ്​ വേകൾ, ഗതാഗത സ്​തംഭനങ്ങൾ

ഡ്രൈവറടക്കം ഏഴുപേരുമായി ഞങ്ങളുടെ വാഹനം മസായിമാര ലക്ഷ്യമായി അതിവേഗത്തിൽ പോയിക്കൊണ്ടിരിക്കുകയാണ്. ഒരു പാക്കേജ് ടൂർ സംഘത്തിനൊപ്പമുള്ള സഞ്ചാരം എത്രമേൽ വിരസവും മടുപ്പിക്കുന്നതുമാണെന്ന് ആദ്യദിനം തന്നെ ഞങ്ങൾ തിരിച്ചറിഞ്ഞു. സംഘത്തിൽ ഒട്ടും സമയക്രമം പാലിക്കാത്ത ചില കുടുംബങ്ങളുമുണ്ടായിരുന്നു. എട്ടിന്​ 15 മിനിറ്റ് മുൻപേയെത്തിയ ഞങ്ങൾക്ക് ഒന്നര മണിക്കൂറോളമാണ് യാത്രക്കുമുൻപായി അവിടെ കാത്തുനിൽക്കേണ്ടിവന്നത്. ടൂർ കമ്പനി അവരുടെ ബാനറിനുപുറകിൽ ഞങ്ങളെ അണിനിരത്തി ഗ്രൂപ്പ് ഫോട്ടോ എടുത്തു. പൊതുവായ നിർദ്ദേശങ്ങൾ തന്നു. പിന്നെ പതുക്കെ ഓരോ വാഹനങ്ങളായി ഹോട്ടൽ സമുച്ചയത്തിൽനിന്ന് പുറത്തുകടന്നു. മഴമേഘങ്ങളെ വകഞ്ഞുമാറ്റി അപ്പോഴേക്കും സുഖകരമായ ഒരിളം വെയിൽ പരന്നുതുടങ്ങിയിരുന്നു. വഴിയരികിലെ വെള്ളക്കെട്ടുകൾക്കുമുകളിലൂടെ ചാടിക്കടന്നുപോകുന്ന കാൽനടയാത്രികർ കേരളത്തിന്റെ മഴക്കാലത്തെ ഓർമിപ്പിച്ചു. പൊതുനിരത്തിലെ വാഹനങ്ങളുടെ അച്ചടക്കരാഹിത്യം ഇന്ത്യക്കാരിൽ നിന്നാണ് ആഫ്രിക്കൻ നഗരങ്ങളിലേക്ക് പടർന്നതെന്ന സക്കറിയുടെ വരികളെ ഓർമിപ്പിച്ചു, ഗതാഗതസ്തംഭനത്തിന്റെ ചില കെനിയൻ നഗരദൃശ്യങ്ങൾ. നഗര പരിധിക്കുള്ളിൽ തന്നെ പലയിടത്തും എക്​സ്​പ്രസ്​ വേകളുണ്ട്. തിരക്കും സൗകര്യങ്ങളുമുള്ളവർ അത് തിരഞ്ഞെടുക്കുന്നു.

നെെറോബി നാഷണൽ പാർക്കിലെ ജിറാഫ് - പശ്ചാത്തലത്തിൽ നെെറോബി നഗരം / Photo: Wikipedia

ഞങ്ങളുടെ സാരഥി ഡങ്കൻ രസികനാണ്. ടീം ക്യാപ്റ്റനായ അദ്ദേഹം നിരന്തരം വന്നുകൊണ്ടിരിക്കുന്ന വയർലെസ് സന്ദേശങ്ങളോട് പ്രതികരിച്ചും സംഘത്തിലെ മറ്റുവാഹനങ്ങളിലെ ഡ്രൈവർമാർക്ക് നിർദ്ദേശങ്ങൾ നൽകിയും എതിരെയും മറികടന്നും പോയിക്കൊണ്ടിരുന്ന മറ്റു സഫാരി വാഹനങ്ങളുടെ ഡ്രൈവർമാരോട് കൈവീശിക്കാണിച്ചും തിരക്കുകളിലാണ്. അതിനിടയിൽ തന്നെ നഗരത്തെകുറിച്ച് വിവരിക്കുന്നുമുണ്ട്. ഓരോ സഫാരി വാഹനങ്ങളിലും കുറഞ്ഞതും കൂടിയതുമായ തരംഗദൈർഘ്യത്തോടുകൂടിയ ശക്തമായ വയർലസുകളുണ്ട്. ഈ പ്രവർത്തികൾക്കിടയിൽ തന്നെ മറ്റു വാഹനങ്ങളെ സമർത്ഥമായി മറികടക്കുന്നുമുണ്ട് ഡങ്കൻ. വഴിയുടെ ഇടതുവശത്ത് ഒരു വൈദ്യുതവേലിക്കപ്പുറം നെയ്​റോബി നാഷണൽ പാർക്ക് കണ്ടുതുടങ്ങി. നരച്ച പുൽമേടുകളിൽ ഏതൊക്കയോ മൃഗങ്ങളെ ഒരു പൊട്ടുപോലെ കാണം. മാനുകളും, സീബ്രകളും, വിൽഡെബീസ്റ്റുകളുമാകണം. അധികം ഉയരമില്ലാത്ത ഒറ്റമരങ്ങൾക്ക് കൂട്ടായി നില കൊള്ളുന്ന ജിറാഫുകളെ മാത്രമാണ് സ്പഷ്ടമായി കാണുന്നത്. നെയ്​റോബി നഗരത്തിലെ ബഹുനിലമന്ദിരങ്ങളുടെ വിദൂരപശ്ചാത്തലത്തിൽ വന്യമൃഗങ്ങൾ മേയുന്ന ഫോട്ടോകൾ ലഭ്യമാകുമെന്നത് ഈ അഭയാരണ്യത്തെ വന്യജീവി ഫോട്ടോഗ്രാഫർമാരുടെ ഇഷ്ടകേന്ദ്രമാക്കി മാറ്റുന്നുണ്ടത്രെ.

ഇവിടെനിന്ന് കെനിയയിലെ പലയിടത്തേക്കും പോകാൻ എയർ ടാക്സി ലഭിക്കും. ഒരുപാടു വിനോദസഞ്ചാരികൾ മസായിമാരയിലേക്ക് ചെറുവിമാനങ്ങളിലാണ് പോയി വരാറുള്ളത്.

മുൻസീറ്റിൽ ഇബ്രു ഗോപ്രോയിലും ക്യാമറയിലുമായി ചിത്രങ്ങളും വീഡിയോകളും പകർത്തുന്ന തിരക്കിലാണ്. പുറകിലെ സീറ്റിൽ രണ്ട് ജോഡി ദമ്പതികളാണ്. നാലു പേരും മുംബൈയിൽ നിന്നെത്തി ദുബായിൽ ജോലി ചെയ്യുന്നവർ. അതിൽ വിവേക് പൊതുവാൾ. എന്ന ചെറുപ്പക്കാരന് മലയാളി വേരുണ്ട്. തൃശ്ശൂർ ജില്ലയിൽ കൊടകരക്കടുത്ത് കോടാലിയിലാണ് വിവേകിന്റെ മുംബൈ മലയാളിയായ അച്ഛന്റെ തറവാട്. വിവേക് ജനിച്ചതും വളർന്നതും മുംബൈയിലാണ്. അവിടെ നിന്നുതന്നെ ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചു. രണ്ടുപേരും ഇപ്പോൾ യു.എ.ഇ യിൽ ജോലി ചെയ്യുന്നു.

പ്രഭാത ഭക്ഷണം

വഴിയിലൊരിടത്ത് ചെറിയൊരു എയർസ്ട്രിപ്പ് കണ്ടു. ഇവിടെനിന്ന് കെനിയയിലെ പലയിടത്തേക്കും പോകാനായി എയർ ടാക്സി ലഭിക്കും. ഒരുപാടു വിനോദസഞ്ചാരികൾ മസായിമാരയിലേക്ക് ഇവിടെനിന്ന് അത്തരം ചെറുവിമാനങ്ങളിലാണ് പോയി വരാറുള്ളത് എന്ന് ഡങ്കൻ പറഞ്ഞു. വീണ്ടും നെയ്​റോബി വന്യജീവി സങ്കേതത്തിന്റെ വിശാലത. ഉറക്കം കൺപോളകളെ ആക്രമിച്ചു തുടങ്ങി. നെയ്​റോബിയിലെ രാത്രിജീവിതം കണ്ടുകൊണ്ട് അലഞ്ഞ ഒരു നീണ്ട രാത്രിയുടെ കനം കണ്ണുകൾക്കും തലക്കുമുണ്ട്. ഓരോ വരിയിലും ഈരണ്ടു സീറ്റുകളുണ്ട്. ഓരോ സീറ്റും ജാലകങ്ങളോടുചേർന്ന്. അങ്ങനെ ആറു സീറ്റുകൾ. മുൻപിൽ ഡൈവർക്കൊപ്പം ഒരാൾക്കിരിക്കാം. എന്റെ വരിയിലുള്ള മറ്റേ സീറ്റിൽ ആരുമില്ല. പുറകിലെ ദമ്പതിമാർ മുൻപേ പരസ്പരം അറിയുന്നവരാണ് അവർ ഇംഗ്ലീഷും ഹിന്ദിയും ഇടകലർത്തി തുടർച്ചയായി വിശേഷങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്നു. വഴിയോരക്കാഴ്ചകൾ നോക്കിയിരിക്കുന്നതിനിടയിൽ എപ്പോഴോ അറിയാതെ ഉറക്കത്തിലേക്കാഴ്​ന്നു. ▮

(തുടരും)


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


പ്രമോദ് കെ.എസ്.

Epta International ന്റെ മിഡിൽ ഈസ്റ്റ് ഓഫീസിൽ (ദുബായ്) ഡിസൈനർ. കേരളീയം മാസികയുടെ ആദ്യകാല പ്രവർത്തകനും പ്രസാധകനുമായിരുന്നു.

Comments