തുർക്കിയിലേക്കൊരു യാത്ര

ഒന്ന്

തുർക്കിക്ക് (റ്റ്വർക്കി എന്നാണ് തുർക്കിക്കാരിയായ ഗൈഡ് ചിനാർ ഉച്ചരിച്ചത് ) ഒരു യാത്രപോകണമെന്ന് വളരെ മുമ്പുള്ള എന്റെ ആഗ്രഹമായിരുന്നു. എന്നാൽ ആഗ്രഹം കൂടുതൽ ശക്തമായത് ജിപ്‌സികളെക്കുറിച്ചുള്ള അന്വേഷണത്തിന്റ ഭാഗമായിട്ടാണ്. കുറേക്കാലമായി ഞാനത് ചെയ്തുപോരുന്നു. പുസ്തകങ്ങളും ഡോക്യുമെന്ററികളും സിനിമകളും മറ്റുമാണ് എന്റെ സഹായത്തിനുള്ളത്. ഇന്ത്യയിൽ നിന്ന് 11-ാം നൂറ്റാണ്ടിൽ പുറപ്പെട്ടു എന്നു കരുതപ്പെടുന്ന ജിപ്‌സികൾ ഏഷ്യാമൈനറിൽ എത്തിയിരുന്നു. ഇന്ത്യയിൽ നിന്നാണവർ പുറപ്പെട്ടതെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. മുഹമ്മദ് ഗസ്‌നിയുടെ ആക്രമണമാണവർ ഇന്ത്യവിടുന്നതിന് കാരണം എന്നാണ് ഒരു നിഗമനം, അഞ്ചാം നൂറ്റാണ്ടിലാണവർ പുറപ്പെട്ടതെന്നും അല്ല, എട്ടാം നൂറ്റാണ്ടിലാണെന്നും നിഗമനമുണ്ട്​.

ഈജിപ്റ്റുകാരാണെന്ന് അവർ കിഴക്കൻ യൂറോപ്പിൽ തെറ്റിദ്ധരിക്കപ്പെട്ടു. ഈജിപ്റ്റിൽനിന്ന് വിശുദ്ധ നഗരമായ ജെറുസലേം സന്ദർശിക്കാൻ പോയ പോക്കിൽ വഴി തെറ്റിപ്പോയവരാണവർ എന്ന് യൂറോപ്പുകാർ കരുതി. ഈജിപ്ഷ്യൻ എന്ന വാക്കാണ് ജിപ്‌സി എന്നായി മാറിയത്. സിംഗാനി, സിഗാൻ, ജിറ്റാനോ, ബൊഹീമിയൻ, സരാസിൻ, സിന്റെ എന്നിങ്ങനെ പല പേരുകൾ അവർക്കുണ്ട്. ഇപ്പോൾ അവർ മനുഷ്യർ എന്നർത്ഥമുള്ള റോമ ജനത, റൊമാനി ജനത എന്നാണ് അറിയപ്പെടുന്നത്. റോം എന്നത് ഏകവചനം, റോമ എന്നത് ബഹുവചനം. റോമുമായി ഇതിന് യാതൊരു ബന്ധവുമില്ല. റൊമേനിയയുമായും ബന്ധമില്ല. അവരുടെ ഭാഷ ഇന്തോ - യൂറോപ്യൻ ഭാഷയായ റൊമാനിയാണ്. അതിലവരുടെ ചരിത്രമുദ്രകളുണ്ട്. അവർ കടന്നുപോയ രാജ്യങ്ങളിലെ ഭാഷയിലെ വാക്കുകളുണ്ട്. സംസ്‌കൃതത്തോടും ഹിന്ദിയോടും അവരുടെ ഭാഷയ്ക്ക് ബന്ധമുണ്ട്. ഏക് എന്ന ഹിന്ദിയിലെ അക്കം അവരുടെ ഭാഷയിലും ഏക് എന്നാണ്. ജനിതക പരിശോധനയിൽ അവർ ഇന്ത്യക്കാരായിരുന്നു എന്നും അറിയാൻ കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ താണ ജാതിക്കാരാണവർ എന്നും അതല്ല ക്ഷത്രിയരായിരുന്നു എന്നും വിഭിന്നാഭിപ്രായങ്ങളുണ്ട്.

ലോകം മുഴുവനും ഇത്രമാത്രം യാത്ര ചെയ്​ത മറ്റൊരു സമൂഹവുമില്ല. അവർ യൂറോപ്പിൽ എല്ലായിടത്തുണ്ട്. അമേരിക്കയിലും ആഫ്രിക്കയിലുമുണ്ട്. ഇന്ത്യയിലുമുണ്ട്, ബെഞ്ചാരെ എന്ന പേരിൽ. സ്‌പെയിനിലെ ജിപ്‌സികളുടെ (ജിറ്റാനോ) ഫ്ലെമെങ്കോ നൃത്തവും ഇന്ത്യൻ കഥക് നൃത്തവും തമ്മിൽ സാദൃശ്യമുണ്ട്. അവർ ലോകത്തെവിടെയും സംഗീതജ്ഞരാണ്. തുർക്കിയിലും സംഗീതജ്ഞരാണ്. ഇന്ത്യൻ പ്രവാസികളായി അംഗീകരിക്കപ്പെടാൻ അവർ ഇപ്പോഴാഗ്രഹിക്കുന്നു. എവിടെയായാലും അവർക്ക് പൊതുവായ ഐക്യമുണ്ട്. ഇന്ത്യയുടെ മക്കളാണവർ. ഇന്ത്യയിൽനിന്ന് അവർ പേർഷ്യ (ഇറാൻ) അർമേനിയ കടന്ന് ഏഷ്യാമൈനറിൽ എത്തി. ഏഷ്യാമൈനർ എന്നത് അനറ്റോളിയ ആണ്. അനറ്റോളിയ തുർക്കിയിലാണ്. അവർ അവിടന്ന് ബൈസാന്റിയത്തിലെത്തുകയും (ഇന്നത്തെ ഇസ്താംബുൾ) അവിടെനിന്ന്​ ബാൾക്കൻ പ്രദേശങ്ങളിൽ (ഹംഗറി, ബൾഗേറിയ, ചെക്കോസ്ലോവാക്യ, യുഗോസ്ലോവ്യ എന്നീ രാജ്യങ്ങളിൽ) അലയുകയും പാർക്കുകയും ചെയ്തു. പിന്നീട് ജർമനി, ഫ്രാൻസ്, ഇംഗ്ലണ്ട് എന്നിവിടങ്ങളിലെല്ലാം വ്യാപിച്ചു. തുർക്കിയിൽ ഇപ്പോൾ അഞ്ചു ലക്ഷത്തോളം ജിപ്‌സികളുണ്ടെന്നാണ് കണക്ക്. ഇപ്പോൾ അവർ മുസ്​ലിംകളാണ്. സൂഫി വിഭാഗത്തിൽ പെട്ടവരാണ് എന്നറിയുന്നു. ലോകത്തിലുള്ള ജിപ്‌സികൾ ഒന്നുകിൽ മുസ്​ലിംകളോ അല്ലെങ്കിൽ ക്രിസ്ത്യാനികളോ ആണെന്നാണ് അറിവ്. ഇന്ത്യയിൽനിന്ന് പോകുമ്പോൾ അവർ കാളിയെ ആരാധിച്ചിരുന്നു. പിന്നീട് മതംമാറ്റത്തിന് വിധേയരായി. പക്ഷേ ആ മതങ്ങളിൽ അവർ പാർശ്വവൽക്കപ്പെടുന്നുണ്ട് . ഒട്ടോമൻ കാലത്ത് മതം മാറിയ എല്ലാ ജിപ്‌സി പുരുഷമാരുടേയും പേര് അബ്ദുള്ള എന്നായിരുന്നു. മതങ്ങളോട് അവർക്ക് വലിയ അഭിനിവേശമില്ല. അവർ ഒരു വംശീയ സമൂഹമാണ്. പാരമ്പര്യം കാത്തുപോരുന്നവരാണ്. അവർക്ക് സ്വന്തമായ ആഘോഷങ്ങളുണ്ട്. ഇന്ത്യയാണ് തങ്ങളുടെ സ്വദേശം എന്നവർക്കറിയാം.

പല ഇറാനിയൻ (പഴയ പേർഷ്യ) രേഖകളിലും ജിപ്‌സികളെക്കുറിച്ച് പരാമർശമുണ്ട്. അറബ് ചരിത്രകാരനായ ഹംസ ഇബ്ൻ - ഹസൻ അൽ- ഇസ്​ഫഹാനി പത്താം നൂറ്റാണ്ടിൽ എഴുതിയിട്ടുണ്ട്. അതുപോലെ, ബുക്ക് ഓഫ് കിംഗ്‌സിൽ (ഷാനാമേഹ്) പേർഷ്യൻ കവി ഫിർദൗസിയും. ഈ എഴുത്തുകാരെ വച്ച് പറഞ്ഞാൽ, സസാനിഡിലെ രാജാവ് ബഹ്‌റാം അഞ്ചാമൻ പേർഷ്യ ഭരിച്ചപ്പോൾ സാധാരണ ജനങ്ങൾക്ക് ഉത്സവമാഘോഷിക്കാൻ അവിടത്തെ സംഗീതജ്ഞന്മാരുടെ ഫീസ് കൂടുതായതിനാൽ സാധിക്കുന്നില്ലല്ലോ എന്നൊരു സഹതാപമുണ്ടായി. അദ്ദേഹം തന്റെ ഭാര്യാസഹോദരനായ വടക്കേയിന്ത്യൻ പ്രദേശമായ കാനൗജിലെ രാജാവിന് കത്തയയ്ക്കുന്നു.

കാനൗജിലെ രാജാവ് ഇതുപ്രകാരം സ്വന്തം രാജ്യത്തെ 12,000 സംഗീതജ്ഞരെ അയച്ചു. ഹംസ പറയുന്നത് അവരെ ‘സോട്ട്​’ ( Zott) എന്ന് വിളിച്ചു എന്നാണ്. ഫിർദൗസിയുടെ കവിത പ്രകാരം അത് 10,000 പേരാണ്. അവരെ ലൂറി എന്നു വിളിച്ചു. അവർ വന്നപ്പോൾ ബഹ്റാം രാജാവ് അവർക്ക് കഴുതകളെയും കന്നുകാലികളേയും നല്കി. വിത്തുകളും. പാവങ്ങൾക്കുവേണ്ടി സംഗീതം അവതരിപ്പിക്കുക എന്ന ആവശ്യം മാത്രമേ രാജാവിനുണ്ടായിരുന്നുള്ളു. അവർ സംഗീതപരിപാടികളിൽ മാത്രം മുഴുകി. വിത്തെടുത്തുണ്ടു. കന്നുകാലികളെ തിന്നു. അവർ നിലമുഴാനോ വിതയ്ക്കാനോ മെനക്കെട്ടില്ല. രാജാവ് അവരോട് പറഞ്ഞു; നിങ്ങൾ വിപഞ്ചിക സിൽക്ക് തന്ത്രികളിൽ മീട്ടുക. കഴുതകളെ കൂട്ടുക. ദൂരെപ്പോകുക. ലോകം മുഴുവൻ സഞ്ചരിച്ച് സംഗീതം കൊണ്ടുജീവിക്കുക.

മൈക്കിൾ സ്​റ്റെവാർഡ്​ എഴുതിയ ‘ദ ടൈം ഓഫ്​ ദ ജിപ്​സീസ്​’ എന്ന പുസ്​തകത്തിൽ ഒരു കഥയുണ്ട്: ‘ദൈവം ജിപ്‌സികളല്ലാത്തവർക്ക് ഗോതമ്പ് കൊടുത്തപ്പോൾ ജിപ്‌സികളേയും വിളിച്ചു. പാവങ്ങളായതിനാൽ അവർക്ക് ചാക്കുണ്ടായിരുന്നില്ല. അപ്പോൾ റോം ദൈവത്തോട് പറഞ്ഞു; പ്രിയ ദൈവമേ, ഞങ്ങൾക്ക് ജിപ്‌സികളല്ലാത്തവരുടെ ചാക്കിൽ തരിക. ദൈവം അങ്ങനെ ചെയ്തു. പക്ഷേ ജിപ്‌സികളല്ലാത്തവർ ജിപ്‌സികൾക്ക് അത് നല്കിയില്ല, ജിപ്‌സികൾ ചോദിച്ചുവെങ്കിലും. അതുകൊണ്ടാണ് റോം അത് ജിപ്‌സികൾ അല്ലാത്തവരിൽ നിന്ന് മോഷ്ടിക്കുന്നത്.’

ഞങ്ങളുടെ യാത്രയിൽ അനറ്റോളിയയിൽവച്ച് ജിപ്‌സികൾ ടെന്റുകളിൽ താമസിക്കുന്ന ഒരു പ്രദേശം കണ്ടു. ബസിലായതിനാൽ ഇറങ്ങാൻ കഴിഞ്ഞില്ല. കൂടെയുള്ളവർക്ക് ജിപ്‌സികളെക്കുറിച്ച് അറിയില്ല. ഒട്ടു മറിയാത്തതിനാൽ കൂടുതൽ അറിയാൻ താല്പര്യവുമില്ല.

ജിപ്‌സികൾക്ക് പൊതുവേ ശോചനീയമായ അവസ്ഥയാണുള്ളത് തുർക്കിയിലും എന്ന് ഗൈഡ് ചിനാർ പറഞ്ഞു. അതുപ്രകാരം യുട്യൂബിൽ പരിശോധിച്ചപ്പോഴാണ് അവർ പറഞ്ഞത് ശരിയാണെന്ന് മനസിലായത്. തുർക്കിയിലെ ജിപ്‌സികൾക്ക് അവരുടേതായ വംശീയ സ്വത്വമുണ്ട്. ലോകത്തെല്ലായിടത്തും യഹൂദരേക്കാളും പീഡിപ്പിക്കപ്പെട്ടവരാണ് ജിപ്‌സികൾ. യഹൂദർക്ക് സ്വന്തം ചരിത്രമുണ്ട്, സ്വന്തം രാജ്യവുമായി. കുർദുകൾക്ക് സ്വന്തം രാജ്യമില്ല. ജിപ്‌സികൾക്കും സ്വന്തം രാജ്യമില്ല. ഇവരെ കൂടാതെ ലോകത്തിൽ അലയുന്ന സമൂഹങ്ങൾ (സഞ്ചാരികൾ ) വേറേയും ഉണ്ട്.

നാസികൾ ലക്ഷക്കണക്കിന് ജിപ്‌സികളെ കൊല്ലുകയും നാടുകടത്തുകയും ചെയ്തു. തുർക്കിയിലെ ജിപ്‌സികൾ കൃഷിക്കാരാണെന്നും കഠിനാധ്വാനികളാണെന്നും ചിനാർ പറഞ്ഞു. കുട്ടനെയ്യുന്ന ജിപ്‌സികളെ യുട്യൂബിൽ കാണാം. അവൾക്ക് അവരെക്കുറിച്ച് സ്‌നേഹവും ബഹുമാനവുമുണ്ടെന്നും പറയുകയുണ്ടായി. ഈയൊരു യാത്രയിൽ ജിപ്‌സികളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിലും എന്റെ ജിപ്‌സി അന്വേഷണങ്ങൾക്ക് ഭൗതികമായ ഒരു അടിത്തറ ലഭിച്ചു എന്നത് പ്രധാനമാണ്. പുസ്തകങ്ങളിലൂടെയും ഡോക്യുമെന്ററികളിലൂടെയും എമിർ കുസ്തുറിക്കയുടെ സിനിമകളിലൂടെയും ചരിത്ര പഠനങ്ങളിലൂടെയുമാണ് ജിപ്‌സികളെ മനസിലാക്കിയത്. ജിപ്‌സികളുടെ എഴുതപ്പെട്ട ചരിത്രം ആരംഭിക്കുന്ന ബൈസാന്റിയത്തിൽ എത്തിയപ്പോഴാണ് എനിക്ക് യാഥാർത്ഥ്യത്തെ സ്പർശിച്ച അനുഭവമുണ്ടായത്. ▮

(തുടരും)


എസ്. ജോസഫ്

കവി. എറണാകുളം മഹാരാജാസ്​ കോളേജിൽ മലയാളം അധ്യാപകനായിരുന്നു. കറുത്ത കല്ല്, മീൻകാരൻ, ഐഡന്റിറ്റി കാർഡ്, ഉപ്പന്റെ കൂവൽ വരയ്ക്കുന്നു, ചന്ദ്രനോടൊപ്പം, വെള്ളം എത്ര ലളിതമാണ് തുടങ്ങിയവ പ്രധാന കൃതികൾ.

Comments