കേരളത്തീ പഠിക്കാതെ, എനിക്ക് സെൻട്രൽ യൂണിവേഴ്സിറ്റീൽ തന്നെ പി.ജി ചെയ്യണമെന്നും പറഞ്ഞ് ഉത്തരാഖണ്ഡ് വരെ വണ്ടി കേറീത് കരിയർ സേഫാക്കാൻ വേണ്ടീട്ടൊന്നുമല്ല, മറിച്ച് സ്വന്തം അസ്ഥിത്വത്തെ ഊട്ടിയുറപ്പിക്കുക എന്ന് മനസ്സിൽ നിയ്യത്ത് ചെയ്തിട്ടാണ്.
സർക്കീട്ട്, അതായിരുന്നു നോർത്ത് ഇന്ത്യയിലെ സെൻട്രൽ യൂണിവേഴ്സിറ്റി തിരഞ്ഞെടുക്കാൻ പ്രേരണയായ മൂലകാരണം. അഡ്മിഷൻ കിട്ടിയ രാജസ്ഥാനും, ബീഹാറും, ത്രിപുരേം, മണിപ്പൂരും ഒക്കെ കളഞ്ഞ്, ഇങ്ങ് ഉത്തരാഖണ്ഡിലേക്ക് തന്നെ വന്നതിന്റെ പ്രധാന പങ്ക് ഇവിടത്തെ ഋഷികേശ്, ഹരിദ്വാർ, കേദാർനാഥ്, ബദരിനാഥ്, യമുനോത്രി, ഗംഗോത്രി തുടങ്ങിയ ഭക്തികേന്ദ്രങ്ങൾക്കുണ്ട്.
ഒലക്കമ്മലെ റൂൾസ്... ഞങ്ങളാണേലെന്നും എങ്ങോട്ടേലും പോണമെന്നു പ്ലാൻ ചെയ്യും, ആ പ്ലാൻ ഫ്ലോപ്പാകും, പിന്നേം പ്ലാൻ ചെയ്യും പിന്നേം ഫ്ലോപ്പാകും, ഇത് മാത്രായിരുന്നു മുടങ്ങാതെ നടന്നോണ്ടിരുന്നത്.
സർക്കീട്ടാണ് ഉദ്ദേശ്യമെങ്കിലും വന്ന് ഒരു മാസം കഴിഞ്ഞിട്ടും ഒരടിപോലും അതിനായെനിക്ക് ചലിപ്പിക്കാൻ കഴിഞ്ഞിട്ടില്ലാർന്നു. അങ്ങനെയിരിക്കെ ശൈത്യത്തിന്റെ അതികാഠിന്യം മൂലം യൂണിവേഴ്സിറ്റി ജനുവരി ഒന്നു മുതൽ വിന്റർ വെക്കേഷൻ അലോട്ട് ചെയ്തു. മിക്കയെണ്ണങ്ങളും തണുപ്പ് സഹിക്കാനാവാതെ നാട്ടിക്ക് വണ്ടി കേറി. തണുത്തു ചത്താലും രണ്ടു കൊല്ലം കഴിയാതെ നാട്ടിൽ പോവില്ലെന്ന് പരസ്യമായി ശപഥം ചെയ്തോണ്ട്, ഞാൻ അനങ്ങീലാ. ഇവിടുത്തെ കാമ്പസിൽ ഞാനും സുക്രൂം (ന്റെ ദോസ്ത്) ഒഴിച്ച് ഫസ്റ്റ് ഇയേർസെല്ലാം നാട്ടീ പോയി, പിന്നെ ഉണ്ടായത് മൂന്നു സീനിയേർസാണ്. സുക്രു ഹോസ്റ്റലിലായോണ്ട് തന്നെ ഓൾക്കവിടെ ഒട്ക്കത്തെ സ്ട്രിക്റ്റാണ്. രാത്രി ഏഴിനു മുന്നേ ഹോസ്റ്റലീ കയറണം, പുറത്ത് പോണേൽ പെർമിഷൻ വാങ്ങണം... അങ്ങനെ ഒലക്കമ്മലെ റൂൾസ്. ഞങ്ങളാണേലെന്നും എങ്ങോട്ടേലും പോണമെന്നു പ്ലാൻ ചെയ്യും, ആ പ്ലാൻ ഫ്ലോപ്പാകും, പിന്നേം പ്ലാൻ ചെയ്യും പിന്നേം ഫ്ലോപ്പാകും, ഇത് മാത്രായിരുന്നു മുടങ്ങാതെ നടന്നോണ്ടിരുന്നത്.
പെട്ടന്നൊരീസം, കൃത്യം പറഞ്ഞാ ജനുവരി ഏഴാം തീയ്യതി ഉച്ചക്ക് സുക്രു വിളിച്ച്, ഓൾക്ക് പിറ്റേന്ന് മുതൽ ആറീസത്തേക്ക് ലീവ് കിട്ടീന്ന് പറഞ്ഞ്. സത്യം പറഞ്ഞാ കുരങ്ങന്റെ കയ്യീ പൂമാല കിട്ടീന്ന് പറഞ്ഞ അവസ്ഥയായിരുന്നു ഞങ്ങൾടേത്. എങ്ങോട്ട് പോണംന്നോ എങ്ങനെ പോണംന്നോ ഒരു ഐഡ്യേം ഇല്ലാർന്നു. ഏറ്റോം കോമഡി എന്താന്ന് വച്ചാ, കയ്യിൽ അഞ്ചിന്റെ പൈസയില്ല. ഒരു ബസ് ടിക്കറ്റ് എടുക്കാൻ പോലും തികഞ്ഞ കാശില്ല, രണ്ടാൾടെ അടുത്തും കൂടെ നുള്ളി പെറുക്കിയപ്പോ ആകെ ഉള്ളത് 110 രൂപ. ട്രിപ്പ് പോവാനാന്ന് വീട്ടീ പറഞ്ഞാ ആട്ടല്ലാതെ മറ്റൊന്നും കിട്ടാൻ ചാൻസില്ലാന്ന് അറിയാവുന്നോണ്ടന്നെ ആ സാഹസത്തിന് മുതിർന്നില്ല. അങ്ങനെ എന്താക്കുംന്ന് കുത്തിരുന്ന് ആലോയ്ക്കുമ്പോ ആണ് ദീപൂന്റെ വിളി. ഓൻ യുക്കെയിലേക്ക് ഉപരിപഠനത്തിനായ് ഈ മാസം പോവും, അത് പറയാൻ വിളിച്ചെയാണ്. ന്റെ വിശേഷം ചോയ്ച്ചപ്പോ, ഞാൻ കാര്യങ്ങളൊക്കെ പറഞ്ഞ്. യാത്ര പോവാൻ എനിക്കുള്ള ആവേശത്തേക്കാളേറെ, എന്നെ പറഞ്ഞേക്കാൻ ഓനായിരുന്നു തിടുക്കം.
എനിക്കാണേൽ ക്ഷമക്കുറവിന്റെ അസുഖമുള്ളോണ്ടുതന്നെ പിറ്റേന്ന് രാവിലെ വരെ കാത്ത് നിൽക്കാൻ പറ്റില്ലാർന്നു. ഞാൻ നേരെ സുക്രൂനെ വിളിച്ചു കാര്യം പറഞ്ഞു, ഇന്ന് രാത്രി വിട്ടാലോ എന്ന് ചോയിച്ചു.
‘ഷാദിയേ, ഇയ്യ് ന്തായാലും പോണം, അവസരം നഷ്ടാക്കരുത്, രണ്ടു വർഷം ഉള്ളോണ്ട് പിന്നെ പോവാംന്നും പറഞ്ഞ് നീട്ടി വച്ചാ ഒരിക്കലും പോക്ക് നടക്കില്ല, അതോണ്ട് ഇയ്യ് വിട്ടോ, പൈസക്കാര്യം ബേജാറാവണ്ട, അത് ഞമ്മക്ക് നോക്കാ... ആ ബുക്കൂടെ ഇയ്യ് വായ്ച്ചിരുന്നേൽ ട്രിപ്പ് സെറ്റായേനേ (എനിക്ക് ഇവിടെ അഡ്മിഷൻ കിട്ടിയപ്പോ തന്നെ ഓൻ എനിക്ക് പോസ്റ്റൽ വഴി ഒരു ബുക്ക് അയച്ചിരുന്നു, ശ്രീ എം എഴുതിയ, ‘ഗുരുസമക്ഷം, ഒരു ഹിമാലയൻ യോഗിയുടെ ആത്മകഥ' എന്ന ബുക്കായിരുന്നു അത്, പക്ഷെ അഡ്രെസ്സിലെ മിസ്റ്റേക് കാരണം ബുക്ക് മടങ്ങിപ്പോയിരുന്നു.).
അങ്ങനെ പൈസേടെ പ്രശ്നം സോൾവായി. പിന്നത്തെ ചിന്ത എങ്ങോട്ട് പോണം എന്നതായിരുന്നു. ഞാൻ സുക്രൂനെ വിളിച്ച്, ഏടെ പോവുംന്ന് ചോയ്ച്ചു, ‘യ്യി തീര്മാനിക്ക്, ഏടെ പോവാനും ഞാൻ സെറ്റ്' എന്നും പറഞ്ഞു ഓള് ഫോണ് കട്ടാക്കി. അങ്ങനെ കൂലങ്കഷമായ ആലോചനയ്ക്കൊടുവിൽ ഹൽദ്വാനിയിൽ പോവാം എന്ന് മനസ്സിലുറപ്പിച്ചു. ഹൽദ്വാനി, ഉത്തരാഖണ്ഡിലെ നൈനിറ്റാൾ ജില്ലയിലെ ഒരു സ്ഥലമാണ്. അവിടെ കാണാനുണ്ടോ, ടൂറിസ്റ്റ് സ്പോട് ആണോ എന്നൊന്നും എനിക്കറീല്ലാർന്നു, എന്നിട്ടും അവിടെ പൂവാം എന്ന് തീരുമാനിച്ചതിനു കാരണം അവിടെ നടക്കുന്ന ഇഷ്യൂ കാരണമായിരുന്നു, (ഇന്ത്യൻ റെയിൽവേ അവകാശവാദമുന്നയിക്കുന്ന ഹൽദ്വാനിയിലെ ഭൂമിയിൽനിന്ന് നാലായിരത്തിലധികം കുടുംബങ്ങളെ, ആ ഭൂമിയിലെ ഭൂരിഭാഗം മുസ്ലിം കുടുംബങ്ങൾ എന്ന് പറയുന്നതാവും ശരി, കുടിയൊഴിപ്പിക്കാൻ ഉത്തരാഖണ്ഡ് ഹൈക്കോടതി ഡിസംബർ 20ന് ഉത്തരവിറക്കിയിരുന്നു.).
ഹൽദ്വാനിക്ക് ശ്രീനഗറിൽ നിന്ന് ബസുണ്ടോ എന്നറിയാൻ ബസ്റ്റോപ്പിൽ പോയി അന്വേഷിച്ചു. രാവിലെ ആറിന് രുദ്രപ്രയാഗ് വഴി പോകുന്ന ഒരു ബസുണ്ടെന്ന് അറിയാൻ കഴിഞ്ഞു, പക്ഷെ രാവിലെ ആറിന് കയറിയാൽ വൈകീട്ട് അഞ്ചോടെയേ അവിടെ എത്തുള്ളൂ, ഒരു ദിവസം അങ്ങനേ പോവും. താഴെ ഋഷികേശിലേക്ക് പോയാൽ അവിടെ നിന്നെപ്പോഴും ബസും ട്രെയിനും ഉണ്ടെന്നറിയാൻ കഴിഞ്ഞു. എനിക്കാണേൽ ക്ഷമക്കുറവിന്റെ അസുഖമുള്ളോണ്ടുതന്നെ പിറ്റേന്ന് രാവിലെ വരെ കാത്ത് നിൽക്കാൻ പറ്റില്ലാർന്നു. ഞാൻ നേരെ സുക്രൂനെ വിളിച്ചു കാര്യം പറഞ്ഞു, ഇന്ന് രാത്രി വിട്ടാലോ എന്ന് ചോയിച്ചു.
വരുന്ന ലോറികൾക്കൊക്കെ ഞങ്ങൾ കൈ കാണിച്ച്. പക്ഷേ ഒന്നും തന്നെ നിർത്തിയില്ല. സമയം പത്തു കഴിഞ്ഞു, ഒരു മണിക്കൂർ കൂടെ ഇവിടെ നിക്കാം, കിട്ടിയില്ലേൽ നാളെ പോവാം എന്ന സ്കീമിൽ ഞങ്ങൾ നിക്കുമ്പോഴാണ്, ഒരു പെട്രോൾ ലോറി വരുന്നത്. കൈ കാണിച്ചേലും നിർത്തീല, പക്ഷേ കുറച്ചു മുന്നോട്ടായി അവർ ബ്രേക്ക് ഇട്ട്. ഞങ്ങൾ ലോറീടെ അടുത്തേക്ക് ഓടി.
‘അനക്കെന്താ പിരാന്താണോ, ഇപ്പൊ തന്നെ സമയം ആറ് കഴിഞ്ഞു, ലഗേജ് ഒക്കെ സെറ്റ് ആക്കി ഇന്നെനി പോവാന്ന് പറഞ്ഞാ നടക്കൂല, മാത്രല്ല എനിക്ക് നാളെ മുതലാണ് ലീവ് കിട്ടിയേ, അതോണ്ട് ഇന്നെന്തായാലും പോക്ക് നടക്കൂലാ’, ഞാനും വിചാരിച്ചു ന്നാൽ നാളെ പോവാംന്ന്. പക്ഷെ നാളെ പുലരുന്നതുവരെ കാത്തിരിക്കാൻ സമാധാനം കിട്ടുന്നില്ല. പിന്നേം ഓളെ വിളിച്ചു ഒരു വിധം സമ്മയിപ്പിച്ചു, ന്നിട്ട് ഓൾടെ വാർഡനെ വിളിച്ച് തായ്മഴായി കള്ളത്തരം പറഞ്ഞു, ഇന്നുതന്നെ ഇറങ്ങാനുള്ള സെറ്റപ്പാക്കി.
അങ്ങനെ ഏഴരക്കുള്ളിൽ ഞങ്ങൾ ശ്രീനഗറിലെത്തി. അപ്പൊ ആണ് സുക്രു പറയുന്നേ, ഓള് ഓൾടെ ഒരു ഐഡന്റിറ്റി കാർഡും എടുത്തീലാന്ന്. ഹോസ്റ്റലിൽ തിരിച്ചുപോയി എടുക്കൽ ടാസ്കാണ്, ഇവിടെ നിന്ന് കുറച്ചധികം ദൂരമുണ്ട് ഹോസ്റ്റലിലേക്ക്. ഞാൻ പറഞ്ഞല്ലോ, ഞങ്ങളെ കൂടാതെ മൂന്ന് സീനിയേർസ് കൂടെ ഇവിടെയുണ്ടെന്ന്. അവര്ടെ അടുത്ത് ബൈക്ക് ഉണ്ടാർന്നു, അങ്ങനെയാണേൽ പെട്ടന്ന് ഹോസ്റ്റലിൽ പോയി ഐഡന്റിറ്റി കാർഡ് എടുക്കാമല്ലോ എന്നുകരുതി കാര്യം പറയാൻ ഓരുടെ മുറിയിൽച്ചെന്നു. അപ്പൊ സമയം ഏതാണ്ട് എട്ടായിരുന്നു. ഓര് ഞങ്ങളെ പോവാൻ സമ്മയ്ച്ചില്ല. രാവിലെ പോയാൽ മതി, രാത്രി പോവുന്നത് ഒട്ടും സേഫ് അല്ല, ഋഷികേശിലേക്ക് രാത്രി ബസുണ്ടാവില്ല, ചുരം ക്ലോസ്ഡ് ആയിരിക്കും എന്നൊക്കെ പറഞ്ഞു.
എന്തായാലും പോവും എന്ന ഭാവത്തിൽ തന്നെ നിന്നു. ഓര് ഞങ്ങക്ക് കട്ടനൊക്കെ ഇട്ട് തന്ന്, നാളെ പോവാടോ എന്ന് പറഞ്ഞു. അവിടെ നിന്നാ ഇവര് വിടില്ല എന്ന് ഉറപ്പായോണ്ട് തന്നെ, ഐഡന്റിറ്റി കാർഡ് തല്ക്കാലം എടുക്കണ്ടാന്ന് വച്ച്, ന്നാൽ ഞങ്ങൾ പോണില്ല, റൂമിൽക്ക് തിരിച്ചു പോട്ടെന്നും നുണ പറഞ്ഞ് അവിടുന്നിറങ്ങി. സമയം വൈകിയോണ്ട് തന്നെ ബസ് കിട്ടില്ലാ എന്നുറപ്പാർന്നു. ലിഫ്റ്റ് അടിക്കുകയേ മാർഗമുള്ളൂ, അതും എളുപ്പമായിരുന്നില്ല. ചുരമായത് കൊണ്ടു രാത്രി അവിടേക്ക് ആരും പോവാൻ ചാൻസില്ല, പിന്നെ എപ്പോഴേലും ചരക്കുവണ്ടികൾ വന്നാലേ രക്ഷയുള്ളൂ. അങ്ങനെ വരുന്ന ലോറികൾക്കൊക്കെ ഞങ്ങൾ കൈ കാണിച്ച്. പക്ഷേ ഒന്നും തന്നെ നിർത്തിയില്ല. സമയം പത്തു കഴിഞ്ഞു, ഒരു മണിക്കൂർ കൂടെ ഇവിടെ നിക്കാം, കിട്ടിയില്ലേൽ നാളെ പോവാം എന്ന സ്കീമിൽ ഞങ്ങൾ നിക്കുമ്പോഴാണ്, ഒരു പെട്രോൾ ലോറി വരുന്നത്. ഞങ്ങൾ കൈ കാണിച്ചേലും നിർത്തീല, പക്ഷേ കുറച്ചു മുന്നോട്ടായി അവർ ബ്രേക്ക് ഇട്ട്. ഹാവൂ എന്നോർത്തു ഞങ്ങൾ ലോറീടെ അടുത്തേക്ക് ഓടി. പക്ഷേ അത് ഞങ്ങൾക്ക് വേണ്ടി നിർത്തിയതല്ലാർന്നു, ഡ്രൈവർക്ക് മൂത്രം ഒഴിക്കാൻ വേണ്ടി നിർത്തിയതാണ്. ന്നാലും എങ്ങാനും ബിരിയാണി കിട്ടിയാലോ എന്നോർത്തു ഞങ്ങൾ, ‘ഭയ്യാ, ഹമാരാ കേലിയേ ഋഷികേശ് മേം എക്ക് ലിഫ്റ്റ് ദേദോ', എന്ന് അറിയാവുന്ന മുറി ഹിന്ദിയിൽ പറഞ്ഞൊപ്പിച്ചു. പക്ഷെ അവര് ഇല്ല എന്ന അർത്ഥത്തിൽ തലയാട്ടി. ഉളുപ്പ് എന്നൊരു സാധനമെനിക്ക് പണ്ടേ ഇല്ലാത്തോണ്ടന്നെ ഞാൻ പിന്നേം പിന്നേം പ്ലീസ് ഭയ്യാ എന്നൊക്കെ പറഞ്ഞു ഒടുവിൽ സമ്മയ്പ്പിച്ചു.
രാത്രിയുടെ വശ്യതയ്ക്കുമുന്നിൽ ഞാൻ കീഴ്പ്പെട്ടു കഴിഞ്ഞിരുന്നു. ചുരത്തിനു താഴെ നീലനിറത്തിലൊഴുകുന്നു അളകനന്ദ, കോടമഞ്ഞാൽ ചുറ്റപ്പെട്ട മുന്നിലെ വഴികളിൽ വണ്ടിയുടെ ഹെഡ് ലാംബിൽ നിന്നുവരുന്ന മഞ്ഞ വെളിച്ചം, ലോറിയിൽ പഴയ ഒരു ഹിന്ദി മെലഡിയുടെ നേർത്ത ശബ്ദം
അങ്ങനെ ജീവിതത്തിലാദ്യായിട്ട് ഞാൻ രാജകീയമായി ലോറീൽ കയറിയിരുന്നു. പോകാനുള്ള വെപ്രാളത്തിനിടയിൽ ഞങ്ങൾ ഫുഡൊന്നും കഴിച്ചീല്ലായ്‌നും, ഭാഗ്യത്തിന് രണ്ട് ബിസ്കറ്റിന്റെ പാക്കറ്റ് സുക്രു ബാഗിൽ എടുത്തിട്ടീണ്ട്. അതെടുത്തു ഞങ്ങൾ കഴിക്കാൻ തുടങ്ങി. അവരുടെ നേരെ ബിസ്കറ്റിന്റെ പാക്കറ്റ് നീട്ടിയെങ്കിലും ഇപ്പൊ ഫുഡ് കഴിച്ചേ ഉള്ളൂ അതോണ്ട് വേണ്ടാ എന്നും പറഞ്ഞു നിരസിച്ചു. ഇടക്കെന്തോ ലോഡ് എടുക്കാൻ വേണ്ടി അതിലൊരു ഭയ്യ ഇറങ്ങി. അപ്പൊ മറ്റേ ഭയ്യ ഞങ്ങളോട് സംസാരിച്ചു തുടങ്ങി, കേരളത്തിലാന്ന് പറഞ്ഞപ്പോ മൂപ്പർ അവിടെ ലോറി കൊണ്ടു വന്നെന്നൊക്കെ പറഞ്ഞു. അപ്പൊ ഞാൻ ഭയ്യാനോട്, ഇങ്ങൾ എവ്ടെ വരെ ആണ് പോവുന്നേന്ന് ചോയ്ച്ചു, അവർ ഹരിദ്വാർ വരെ ഉണ്ടാകും. ഞങ്ങൾക്ക് അവിടെ വരെ ലിഫ്റ്റ് തരുമോ എന്ന് കെഞ്ചിയപ്പോ, അത് മറ്റേ ആളോട് ചോദിക്കണം എന്ന് പറഞ്ഞു. ഈ ഭയ്യ പാവായി തോന്നി. മറ്റേ ആള് ഭയങ്കര റഫ് ആണെന്നാണ് ഞാൻ കരുതിയത്. എന്നാൽ മൂപ്പര് തിരിച്ച് വണ്ടീൽ കയറിയപ്പോ ഞങ്ങളോട് ഭക്ഷണം കഴിച്ചീനോ എന്നന്വേഷിച്ചു. ഞങ്ങൾ ഇല്ല, ബിസ്കറ്റ് മതിയെന്ന് പറഞ്ഞെങ്കിലും, മൂപ്പർ സമ്മതിച്ചില്ല, ഒരു ഹോട്ടലിന്റെ മുന്നിൽ നിർത്തീട്ട് പോയി കഴിച്ചു വരാൻ പറഞ്ഞു. പക്ഷേ ഞങ്ങക്ക് വിശപ്പില്ല, ബിസ്കറ്റ് മതിയെന്നൊക്കെ പറഞ്ഞു നോക്കി. അവസാനം മൂപ്പർ പോയി ചായ വാങ്ങി ലോറിയിലേക്ക് തന്നു, അവരും പുറത്തിരുന്നു കുടിച്ചു. ഞങ്ങൾക്ക് ലിഫ്റ്റ് കിട്ടീ എന്ന് പറയാൻ വേണ്ടി അപ്പൊ ന്റെ സീനിയറിനെ ഞാൻ വിഡീയോ കാൾ ചെയ്ത്. ഓൻ; ശ്രദ്ധിക്ക്, മാക്സിമം ഉറങ്ങാതിരിക്കാൻ ശ്രമിക്ക്, സാധനം ഒക്കെ നല്ലോണം നോക്ക് എന്നൊക്ക പറഞ്ഞു. ന്നാൽ ഞാൻ എത്തീട്ട് വിളിക്കാമെന്നും പറഞ്ഞു ഫോണ് കട്ട് ചെയ്യാൻ പോയപ്പോ, വേറെ ഒരുത്തൻ ണ്ടായിരുന്നു, സീനിയർ തന്നെ, ഓൻ ഫോണ് വാങ്ങി ഞങ്ങളോട് ഫ്രീ ആയി ഒരുപദേശം തരാമെന്ന് പറഞ്ഞു, "ആരേലും എവിടേലും കേറി പിടിച്ചാൽ പ്രതികരിക്കാൻ നിക്കണ്ട, അതും കഴിഞ്ഞ് അവരങ്ങ് പോയ്‌ക്കോളും, അതാവും ഇങ്ങൾക്ക് നല്ലത്'.
ഞാനാകെ എന്തോ പോലായി. വേഗം ഫോണ് കട്ട് ചെയ്തു. കാരണം ഓന്റെ അടുത്തുന്ന് ഞാൻ അങ്ങനെ ഒരു കാര്യം പ്രതീക്ഷിച്ചില്ല. ഓൻ തമാശയായാണ് പറഞ്ഞത്, പക്ഷേ അത് തമാശയേയല്ല, വെർബൽ അബ്യൂസാണെന്ന് തിരിച്ചറിയാനുള്ള ബുദ്ധി ഇല്ലാഞ്ഞിട്ടാണോ, അതോ അറിഞ്ഞോണ്ടാണോ എന്നാലോചിച്ചു ആകെയെനിക്ക് പ്രഷർ കേറി. ഞാൻ വിളിച്ച സീനിയറിനു മെസ്സേജ് അയച്ചു ഞങ്ങക്ക് ഉപദേശം തന്ന ചങ്ങായിന്റെ അടുത്ത്, ഞങ്ങൾ ഓന്റെ പെങ്ങന്മാർ അല്ലാത്തോണ്ട് ബേജാറാവണ്ടാന്ന് പറയാൻ പറഞ്ഞു. പിന്നേം എനിക്ക് നല്ലോണം പറയണമെന്നുണ്ടായിരുന്നേലും സുക്രു സമ്മയ്ച്ചില്ല, ഓള് ന്റെ ഫോണ് വാങ്ങി വച്ചു.
കുറേ നേരം ഇതെന്നെ അസ്വസ്ഥമാക്കിയെങ്കിലും, രാത്രിയുടെ വശ്യതയ്ക്കുമുന്നിൽ ഞാൻ കീഴ്പ്പെട്ടു കഴിഞ്ഞിരുന്നു. ചുരത്തിനു താഴെ നീലനിറത്തിലൊഴുകുന്നു അളകനന്ദ, കോടമഞ്ഞാൽ ചുറ്റപ്പെട്ട മുന്നിലെ വഴികളിൽ വണ്ടിയുടെ ഹെഡ് ലാംബിൽ നിന്നുവരുന്ന മഞ്ഞ വെളിച്ചം, ലോറിയിൽ പഴയ ഒരു ഹിന്ദി മെലഡിയുടെ നേർത്ത ശബ്ദം, ഭയ്യ കത്തിച്ചു വച്ച അഗർബത്തി ചന്ദനത്തിരിയുടെ മണം. ലക്ഷ്യമില്ലാത്ത, ആശങ്കകളില്ലാത്ത, നിയന്ത്രണങ്ങളില്ലാത്ത, ഭയപ്പാടുകളില്ലാത്ത, വിഷമമില്ലാത്തയെന്നെ ആദ്യമായാവും ഞാൻ അനുഭവിക്കുന്നത്.
സുക്രുവിനു തൊണ്ട വേദന ആയതുകൊണ്ടു തന്നെ മരുന്നെടുത്തു ഉറങ്ങിക്കോളാൻ പറഞ്ഞു.
തീർത്തും അപരിചിതരായ ആ രണ്ട് ആണുങ്ങൾക്കൊപ്പമുള്ള രാത്രിയാത്രയിലുടനീളം ശ്രദ്ധലുക്കളാവേണ്ടിയിരുന്നതാണ്, എന്നാൽ എന്റെ നാട്ടുകാരനായ, അല്പമെങ്കിലും പരിചയമുള്ള, സോ കാൾഡ് വിദ്യാഭ്യാസമുള്ള ആ സീനിയറിനെക്കാളും എന്തുകൊണ്ടും വിശ്വാസവും സുരക്ഷിതത്വവും അവരിലെനിക്കുണ്ടായിരുന്നു. ആശയവിനിമയം ഭാഷകൾക്കതീതമാണെന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും ആ യാത്രയിലുടനീളം ഞാനതനുഭവിച്ചു. ഹിന്ദി വല്യ തിരിപാടില്ലാത്ത ഞാനും, മലയാളവും ഇംഗ്ലീഷും അറിയാത്ത അവരും പല പല കാര്യങ്ങളെ പറ്റീം സംസാരിച്ചു, ചർച്ച ചെയ്തു, അവർ ഹിന്ദി പാട്ടും, ഞാൻ മലയാള പാട്ടും പാടി, അവർ ലോറി യാത്രകളെ പറ്റി സംസാരിച്ചു, ലക്ഷ്മൺ ജൂലയിലെ പ്രകാശപൂരിതമായ തൂക്കു പാലം ചൂണ്ടി കാട്ടി തന്നു, എനിക്കും ഈ ഇഹത്തിനും ഇത്രത്തോളം സൗന്ദര്യമുണ്ടെന്നറിഞ്ഞ നിമിഷങ്ങൾ...
ഹൽദ്വാനിക്ക് ബസ് കേറാനായിരുന്നു പ്ലാൻ. എന്നാൽ അവിടേക്കുള്ള ബസ് മൂന്നു മണിക്കൂർ കഴിഞ്ഞേ പുറപ്പെടുമായിരുന്നുള്ളൂ. അത്രേം നേരം തണുപ്പും സഹിച്ചു അവിടെ ഇരിക്കാൻ പറ്റില്ലാന്ന് മനസ്സിലായപ്പോ, ആദ്യം എടുക്കുന്ന ബസ് ഏതാണോ അതിൽ കയറാമെന്ന് വിചാരിച്ചു.
ഏകദേശം രാത്രി ഒന്നര മണിയോടെ ഞങ്ങൾ ഹരിദ്വാറിലെത്തി. ഹൈവേ റോഡിൽ ലോറിയൊതുക്കി, എതിർവശത്ത് ബസ് സ്റ്റാൻഡിലേക്ക് ഓട്ടോ കിട്ടുമെന്നവർ പറഞ്ഞു. ഭയ്യമാരോടൊപ്പം ഒരു സെൽഫിയെടുത്ത്, നന്ദി പറഞ്ഞ് ഞങ്ങൾ റോഡ് ക്രോസ് ചെയ്തു. അവിടെ ആകെപ്പാടെ ഒരു ഓട്ടോയേ ഉണ്ടായിരുന്നുള്ളൂ. ഓട്ടോക്കാരൻ ഞങ്ങളെ കണ്ടതും തീ കായുന്നിടത്തു നിന്ന് ചാടിയെണീറ്റ് ഓട്ടോയിൽ കയറാൻ പറഞ്ഞു. ഞങ്ങൾ ഗൂഗിൾ മാപ്പിൽ നോക്കിയപ്പോ ബസ് സ്റ്റാൻഡിലേക്ക് കഷ്ടിച്ച് ഒരു കിലോമീറ്ററേ ഉണ്ടായിരുന്നുള്ളൂ. ‘ബസ് സ്റ്റാൻഡ് കാ കിതനാ പൈസാ ഹേ' എന്ന് ചോയിച്ചപ്പോൾ അയാൾ ‘ദോ സൗ' ന്നു പറഞ്ഞു. ലാവിശെന്നല്ല, അത്യാവശ്യത്തിനു പോലും പൈസ ഇല്ലായിരുന്ന ഞങ്ങൾ 200 രൂപ കൊടുത്തു പോവാൻ ഉദ്ദേശിച്ചില്ല. ഗൂഗിൾ മാപ്പിൽ നോക്കി നടക്കാൻ തുടങ്ങിയപ്പോഴേക്കും, അയാൾ തടഞ്ഞു നിർത്തി ഭയങ്കര അഗ്രസ്സീവായി എന്തൊക്കയോ പറയാൻ തുടങ്ങി. അയാളുടെ ആഗ്യത്തിൽ നിന്ന്, വഴി നിറച്ചും കള്ളന്മാരാണ്, അവര് നിങ്ങളുടെ ബാഗ് തട്ടി പറിച്ചോടും എന്നൊക്കെ മനസിലായി. തട്ടിപ്പറിക്കാൻ പോലും കാശില്ലാത്ത ഞങ്ങളോടൊ ബാലാ എന്ന ഭാവത്തിൽ ഞാനും സുക്രൂം പരസ്പരം നോക്കി അടക്കിച്ചിരിച്ചു. "കോയീ ബാത്ത് നഹീ ഹേ’ ന്നും പറഞ്ഞു നടക്കാൻ തുടങ്ങിയപ്പോയെക്കും അയാൾ പിന്നേം തടഞ്ഞു. അയാളിൽ നിന്ന് കഴിച്ചിലാവാൻ, ഞങ്ങളുടെ സുഹൃത്തിനെ വിളിച്ചിട്ടുണ്ട് അവൻ വണ്ടിയുമായി വരും എന്നൊക്കെ പറഞ്ഞു, തിരിഞ്ഞു നോക്കാതെ സ്പീഡിൽ മുന്നോട്ട് നടന്നു. അയാളെന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു, തെറിയാവനാണ് സാധ്യത, അയാൾക്ക് രാത്രി കിട്ടേണ്ടിയിരുന്ന 200 രൂപ ഞങ്ങൾ കാരണം നഷ്ടമായതിന്റെ ദേഷ്യം മൂപ്പർക്ക് കാണാതിരിക്കില്ലല്ലോ.
സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ തണുത്തു വിറച്ച് ഞങ്ങൾ ബസ് സ്റ്റോപ്പ് ലക്ഷ്യമാക്കി നടന്നു. ഈ കൊടും തണുപ്പത്ത് പുതപ്പിനുള്ളിൽ കിടക്കാതെ ഞങ്ങളുടെ പൈസ മാത്രം തട്ടിപ്പറിക്കാൻ കാത്തുനിൽക്കുന്ന കള്ളന്മാരെ എത്ര തിരഞ്ഞിട്ടും കണ്ടുകിട്ടീലാന്ന് മാത്രമല്ല, ഒരു മനുഷ്യൻ പോലും അവിടെവിടേം ഉണ്ടായിരുന്നില്ല. അൻപത് മീറ്റർ അവസാനിക്കാനുള്ളപ്പോ കുറച്ചു ദൂരെ ആളുകളേം ഒച്ചപ്പാടും ഒക്കെ കണ്ടു. അവിടെയാണ് സ്റ്റാൻഡെന്ന് മനസ്സിലാക്കി.
ഹൽദ്വാനിക്ക് ബസ് കേറാനായിരുന്നു പ്ലാൻ. എന്നാൽ അവിടേക്കുള്ള ബസ് മൂന്നു മണിക്കൂർ കഴിഞ്ഞേ പുറപ്പെടുമായിരുന്നുള്ളൂ. അത്രേം നേരം തണുപ്പും സഹിച്ചു അവിടെ ഇരിക്കാൻ പറ്റില്ലാന്ന് മനസ്സിലായപ്പോ, ആദ്യം എടുക്കുന്ന ബസ് ഏതാണോ അതിൽ കയറാമെന്ന് വിചാരിച്ചു, അത് ഡെറാഡൂണിലേക്കായിരുന്നു. അവിടെ എന്തായാലും കുറേ സ്ഥലങ്ങൾ കാണാനുണ്ടാവും എന്ന നിഗമനത്തിൽ ആ ബസിൽ കയറി, 120 രൂപയുടെ രണ്ട് ടിക്കറ്റും എടുത്ത് സീറ്റിലിരുന്നു. പുലർച്ചെ മൂന്നരയോടുകൂടി ഡെറാഡൂണിലെത്തി. തണുപ്പ് അസഹ്യമായതോടെ ബസിൽ നിന്നിറങ്ങിയ ഉടൻ തന്നെ ഒരു ചായക്കടയിൽ കയറി. ഡെറാഡൂൺ എന്ന് കേട്ടിട്ടേ ഉള്ളൂ, അവിടെയുള്ള സ്ഥലങ്ങളെ പറ്റി ഒന്നും തന്നെ അറിയില്ലാർന്നു. ചൂടുള്ള ചായ കുടിച്ചോണ്ട് ഗൂഗിളിൽ ബെസ്റ്റ് പ്ലേസസ് ഇൻ ഡെറാഡൂൺ എന്ന് സെർച്ച് ചെയ്തു. ആകെ ബുദ്ധ ടെംപിൾ ഒഴിച്ച് മറ്റൊന്നും അത്ര താല്പര്യം തോന്നിയില്ല. ആ കടയ്ക്കുള്ളിൽ ഇരിക്കുമ്പോൾ ചൂട് കിട്ടുന്നോണ്ട്, ചായ കുടിച്ച് കഴിഞ്ഞും ഞങ്ങളവിടെ ഇരുന്നു. ഇനിയെന്തേലും വേണോ എന്ന് കടക്കാരൻ ചോദിച്ചു, കുടിച്ചു കഴിഞ്ഞേൽ ഇറങ്ങിപ്പോകൂ എന്നായിരുന്നു ചോദ്യത്തിന്റെ അർത്ഥം. നഹീ ഭയ്യാന്നും പറഞ്ഞ്, പൈസേം കൊടുത്ത് ഞങ്ങളവിടുന്നിറങ്ങി.
മേലെ തുറസ്സായ ബാൽക്കണിയിൽ നിലത്ത് ബെഡ്ഷീറ്റ് വിരിച്ചിട്ടുണ്ട്, യാത്രക്കാരെ പരിഗണിച്ചാവണം. ബാഗൊക്കെ സൈഡിലേക്ക് നീക്കി ഏഴിന് അലാറോം വച്ചു ബോധമില്ലാതെ ഞങ്ങളുറങ്ങി.
ഈ മൂന്നര മണി എങ്ങനെ തള്ളി നീക്കുമെന്നറീലായ്‌നും. റൂം എടുക്കാനുള്ളത്ര പൈസ ഞങ്ങൾടെ അടുത്തൊട്ട് ഇല്ലതാനും. അപ്പോഴാണ് മൂന്നു പൊലീസുകാരെ കണ്ടത്. അവർക്ക് ഇവിടുള്ള സ്ഥലങ്ങളെ പറ്റി ധാരണകാണുമെന്നു കരുതി അവരോട് ചോദിച്ചു, അവർക്കും വല്യ പിടിപാടില്ലായിരുന്നു, ഇവിടെ മസൂറിയല്ലാതെ കാര്യമായൊന്നുമില്ലാന്നവർ പറഞ്ഞു. ഞങ്ങൾ ഒറ്റക്കേ ഉള്ളൂ? എവിടുന്നാണ് വരുന്നത്? എന്താണ് ചെയ്യുന്നത്? എന്നൊക്കെ അവർ ചോദിച്ചറിഞ്ഞു. മസൂറിയിൽ റൂമിന് നല്ല കാശാവുമെന്നും, ഇവിടെ ഒരു ആയിരത്തിനുള്ളിൽ റൂം കിട്ടും, അതെടുത്ത് രാവിലെ പോവൂ എന്നൊക്കെ പറഞ്ഞെങ്കിലും, ഞങ്ങളെക്കൊണ്ട് ആയിരം രൂപയൊന്നും താങ്ങാനാവില്ലെന്ന കാര്യം അവർക്ക് ഞങ്ങൾ പറയാതെ തന്നെ പിടികിട്ടി. ഇവിടത്തെ ഗുരുദ്വാറിൽ ഒരുപക്ഷെ കുറഞ്ഞ നിരക്കിൽ റൂം കിട്ടുമായിരിക്കുമെന്ന് അവരിലൊരു പൊലീസ് പറഞ്ഞു. റൂമിന് കൊടുത്തു കളയാൻ പൈസ ഇല്ലാത്തതുകാരണം നേരെ മസൂറിയിലേക്ക് ബസ് കേറാമെന്ന് കരുതി അവരോട് താങ്ക്സും പറഞ്ഞ് ഓട്ടോ സ്റ്റാൻഡിക്ക് നടന്നു. ഓട്ടോയിൽ കയറാൻ നോക്കുമ്പോ ഒരു പൊലീസ് ഓടി വന്ന്, വേണേൽ ബസ് സ്റ്റാൻഡിൽ കൊണ്ടാക്കിത്തരാമെന്നും പറഞ്ഞ് മൂപ്പരുടെ കാർ എടുക്കാൻ പോയി. അങ്ങനെ ഞങ്ങൾ ഓട്ടോ കാശ് ലഭിച്ചല്ലോ എന്ന സന്തോഷത്തിൽ കാറിൽ കയറി. കയറി കുടുങ്ങി എന്ന് പറഞ്ഞാൽ മതിയല്ലോ, മൂപ്പർക്ക് ഞങ്ങള് കള്ളു കുടിക്കുവോ, ബോയ്ഫ്രണ്ട്സ് ഉണ്ടോ എന്നൊക്കെ അറിയണം. ഞാനും വരാം മസൂറിക്ക്, ആറ് മണിക്ക് ഡ്യൂട്ടി കഴിയും, അത് കഴിഞ്ഞ് ഫ്രഷ് ആയി ഏഴുമണിക്ക് നമുക്ക് കാറിൽ പോവാം എന്നൊക്കെ പറഞ്ഞ് ആകെ പൊല്ലാപ്പായി. താങ്ക് യു സോ മച്ച് സർ ഫോർ യുവർ ഹെൽപ് എന്നൊക്കെ പറഞ്ഞു ഒരു വിധത്തിലാണ് അയാളെ ഒഴിവാക്കിയെടുത്തത്.
അയാളോട് സംസാരിച്ചതിനുശേഷം മസൂറിക്ക് പോവാനുള്ള മൂഡ് പോയി, മാത്രമല്ല അവിടെ പോയാൽ കുറച്ചധികം കാശും പൊട്ടും. തല്ക്കാലം തണുപ്പത്തു നേരം വെളുപ്പിക്കാൻ ഏതേലും ഗുരുദ്വാറിൽ റൂമെടുക്കാൻ തന്നെ തീരുമാനിച്ചു.
അന്വേഷിച്ച് നടന്നപ്പോ ശ്രീ ഗുരു സിംഗ് സാഭയുടെ പേരിലുള്ള ഒരു ഗുരുദ്വാർ ശ്രദ്ധയിൽപ്പെട്ടു. കയറി ചെന്നപ്പോൾ തന്നെ ഒരു സ്ത്രീയെയാണ് കണ്ടത്, അവര് നിലം തുടയ്ക്കുകയായിരുന്നു. കമരാ മിലേഗാ ദീദീ എന്ന് ചോയ്ച്ചപ്പോൾ, ഉള്ളിലെ മുറിയിൽ നിന്ന് ഒരു വയസ്സായ ആളു വന്നു. റൂം ഫുൾ ആണെന്നും, ഇനി കിട്ടണേൽ തന്നെ ഏഴു മണി കഴിയുമെന്നും പറഞ്ഞു. ഒരടിപോലും മുന്നോട്ട് നടക്കാൻ ശേഷിയില്ലാതിരുന്ന ഞങ്ങൾ, അവിടത്തെ ഒരു ബെഞ്ചിൽ ഇരുന്നോട്ടേയെന്ന് ചോദിച്ച്, അവിടെയിരുന്ന്. ഞങ്ങളുടെ അവസ്ഥ കണ്ടിട്ടാവണം, മേലെ പൊയ്ക്കോളൂ എന്ന് മൂപ്പര് പറഞ്ഞു. മേലെ തുറസ്സായ ബാൽക്കണിയിൽ നിലത്ത് ബെഡ്ഷീറ്റ് വിരിച്ചിട്ടുണ്ട്, യാത്രക്കാരെ പരിഗണിച്ചാവണം. ബാഗൊക്കെ സൈഡിലേക്ക് നീക്കി ഏഴിന് അലാറോം വച്ചു ബോധമില്ലാതെ ഞങ്ങളുറങ്ങി. ആരോ ചുമയ്ക്കുന്നത് കേട്ട് ഞെട്ടി എണീറ്റപ്പോ സമയം ആറര കഴിഞ്ഞിരുന്നു. ബാൽക്കണിയിൽ തന്നെ കുറച്ചപ്പുറത്തായി വയറ്റിൽ കത്തിയുടെ ഉറ തൂക്കി ആജാനുബാഹുവായ ഒരു സിക്കുകാരൻ ഉറങ്ങുന്നുണ്ട്, അദ്ദേഹത്തിന്റെ ചുമയാണ് ഞങ്ങൾ കേട്ടത്.
മൂന്നാളുകൾ ഗുരു സിംഗ് സാഭയുടെ ചിത്രത്തിനടുത്തിരുന്ന് പാടുന്നുണ്ട്. ഞങ്ങൾ കണ്ണടച്ചവിടെയിരുന്നു. ഏത് ഭാഷയാണെന്നു പോലുമറിയാത്ത ആ ഗാനത്തിന്, ആത്മാവിന്റെ അലച്ചിൽ ശാന്തമാക്കാൻ പാകത്തോളമുള്ള ആഴമുണ്ട്.
ഉറക്കമുണർന്നേലും ക്ഷീണം കാരണം എണീക്കാതെ ഏഴ് വരെ അവിടെത്തന്നെ കിടന്നു. എണീറ്റ് ബാഗെടുത്ത് ബാൽക്കണിയിൽ നിന്നിറങ്ങുമ്പോ ആ നിലയിലെ തന്നെ പ്രകാശപൂരിതമായ വല്യൊരു ഹാളിൽ ഗുരു സിംഗ് സാഭയുടേതാവണം, ഒരു ഫോട്ടോ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. താഴെ ചെന്ന് അവിടെയുണ്ടായിരുന്ന ബാത്‌റൂമീന്ന് ഫ്രഷായിയിറങ്ങാൻ തുടങ്ങുമ്പോൾ നേരത്തെ കണ്ട ആ മനുഷ്യൻ, അവിടെ ചായ കൊടുക്കുന്നുണ്ടെന്നും കുടിച്ചിട്ട് പോയാൽ മതിയെന്നും പറഞ്ഞു. ചായ കൊടുക്കുന്നത് വെള്ള താടി നീട്ടി, തലയിൽ സിക്കുകാരുടെ തൊപ്പിവെച്ച, തൂവെള്ള ജുബ്ബ ധരിച്ച ഏറെ പ്രായം ചെന്ന ഒരു മനുഷ്യനായിരുന്നു. അദ്ദേഹം "ഘാഓ ബേട്ടാ’ ന്നു പറഞ്ഞു, പുഞ്ചിരിച്ചോണ്ട് കോപ്പയിലേക്ക് ചായ പകർന്ന് റസ്ക് നീട്ടി. നിലത്തു വിരിച്ച മാറ്റിലിരുന്ന് ഒരുപാടുപേർ ചായ കുടിക്കുന്നുണ്ട്, ഞങ്ങളും അവിടെ ഇരുന്നു. ഓരോ കവിൾ ഇറക്കുമ്പോഴും എന്തെന്നില്ലാത്ത ആശ്വാസം തോന്നി, വിശപ്പും ദാഹോം ഒക്കെ ശമിപ്പിക്കുന്നതാണ് അവിടുത്തെ ചുറ്റുപാട്.
മേലെത്തെ, ഗുരു സിംഗ് സാഭയുടെ ചിത്രം വച്ച ഹാളിൽ പോവാൻ നല്ല പൂതി ഉണ്ടായിരുന്നു, കയറിചെന്നാൽ എന്തേലും പ്രശ്നമാവുമെന്ന് കരുതി അദ്ദേഹത്തോട് അനുവാദം ചോദിച്ചു. ഷൂവും സോക്‌സും താഴെ അഴിച്ചു വച്ചു പടികൾ കേറുമ്പോൾ നിലത്തെ തണുപ്പ് തലച്ചോറിലേക്ക് മിന്നൽപിണർപ്പുകളെറിയുന്നുണ്ടായിരുന്നു. മൂന്നാളുകൾ ഗുരു സിംഗ് സാഭയുടെ ചിത്രത്തിനടുത്തിരുന്ന് പാടുന്നുണ്ട്. ഞങ്ങൾ കണ്ണടച്ചവിടെയിരുന്നു. ഏത് ഭാഷയാണെന്നു പോലുമറിയാത്ത ആ ഗാനത്തിന്, ആത്മാവിന്റെ അലച്ചിൽ ശാന്തമാക്കാൻ പാകത്തോളമുള്ള ആഴമുണ്ട്. വരുന്നവരും പോകുന്നവരും ചിത്രത്തെ വലം ചെയ്ത് പ്രാർത്ഥിക്കുന്നു. സമയം എട്ടു കഴിഞ്ഞപ്പോൾ, അവിടുന്ന് എണീറ്റ് എല്ലാരും ചെയ്ത പോലെ, ആദ്യം കണ്ണടച്ചു ചിത്രത്തിനു മുന്നിൽ കൈകൂപ്പി നിന്നു, എന്നിട്ട് സുജൂദിൽ പോകും പോലെ തല തറയിൽ തട്ടിച്ചെണീറ്റു. അവിടുന്നിറങ്ങുമ്പോൾ എന്താന്നറീല, യേശുവചനമാണ് ഓർമ വന്നത്, "ബലപ്പെട്ടു, ധൈര്യംപൂണ്ടു പ്രവർത്തിച്ചുകൊൾക. ഭയപ്പെടരുത്, പരിഭ്രമിക്കുകയുമരുത്, നാം നിന്നോട് കൂടെയുണ്ട്.’
അവിടുന്നിറങ്ങുമ്പോഴാണ് ഡെറാഡൂണിലുള്ള സുഹൃത്ത്, കൊമ്രേഡ് ഹിമാൻശുവിനെ ഓർമ വന്നത്. അദ്ദേഹം എസ്.എഫ്.ഐയുടെ ഉത്തരാഖണ്ഡ് സംസ്ഥാന സെക്രട്ടറിയാണ്. നേരെ മൂപ്പർക്ക് മെസ്സേജയച്ചു, ഞങ്ങളിവിടെയുണ്ട്, ഇവിടുത്തെ സ്ഥലങ്ങളെ പറ്റി പറഞ്ഞു തരണമെന്നും ആവശ്യപ്പെട്ട്. അദ്ദേഹം ഞങ്ങളോട് പാർട്ടി ഓഫീസിലേക്ക് വരാൻ പറഞ്ഞ് ലൊക്കേഷൻ അയച്ചു. അവിടെ എത്തുന്നതിനു മുന്നെ തന്നെ ഞങ്ങൾക്ക് വേണ്ടി മൂപ്പര് പോഹ ഉണ്ടാക്കി വച്ചിട്ടുണ്ട്. അദ്ദേഹത്തെ കൂടാതെ അവിടെ ഞങ്ങളുടെ അതേ യൂണിവേഴ്സിറ്റിയിൽ ഡോക്ടറേറ്റ് ചെയ്യുന്ന മധുബാലയുമുണ്ട്. കഴിച്ചശേഷം മൂപ്പര് പാർട്ടി ഓഫീസ് മൊത്തം കാണിച്ചു തന്നു. ചുമരിൽ ഇ.എം.എസിന്റെ ഫോട്ടോ കണ്ടപ്പോ ചെറിയോരു സമാധാനം. മൂപ്പരുടെ അടുത്തൂന്ന് സ്ഥലങ്ങളെ പറ്റി അറിയുക എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ അദ്ദേഹം തന്നെ കൊമ്രേഡ് നിതിനെ വിളിച്ച്വരാൻ പറയുകയും, അവർ രണ്ടാളും കൂടെ ബൈക്കിൽ ഞങ്ങളോടൊപ്പം ബുദ്ധ ടെംപിളിലേക്ക് വരുകയും ചെയ്തു.
എന്തോ ഞാൻ പ്രതീക്ഷിച്ച ഒന്നായിരുന്നില്ല ബുദ്ധ ടെംപിളിൽ നിന്നെനിക്ക് ലഭിച്ചത്. നിറഞ്ഞ ആൾക്കൂട്ടത്തിൽ ഒരു മനംമടുപ്പു തോന്നി. കണ്ടതിൽ വച്ച് ആകെ ഇഷ്ടപ്പെട്ടത്, ചില്ലിൻ കൂട്ടിൽ ഇട്ടു വച്ച ദലൈലാമയുടെ മെർസിഡീസ് കാറാണ്. ഏകദേശം ഉച്ച ഒന്നരമണിക്ക് ഞങ്ങൾ തിരിച്ച് പാർട്ടി ഓഫീസിൽ എത്തി. ഉച്ചഭക്ഷണവും അവിടുന്ന് തന്നെ. എനി എന്താണ് പ്ലാനെന്ന് കൊമ്രേഡ് ചോദിച്ചപ്പോൾ ഞങ്ങൾ സലീംകുമാറിന്റെ ആക്ഷനിട്ട് കൈമലർത്തി. ഡെറാഡൂണിൽ ഇതല്ലാതെ മറ്റു സ്ഥലങ്ങളെല്ലാം തണുപ്പുകാരണം ക്ലോസ്ഡ് ആണ്. ആകെ കൺഫ്യൂഷൻ അടിച്ചിരിക്കുമ്പോ, അതൊക്കെ പിന്നെ ചിന്തിക്കാം ആദ്യം പോയി റസ്റ്റ് എടുക്ക്, ഇത്രേം യാത്ര ചെയ്തതല്ലേന്നും പറഞ്ഞു മൂപ്പര് തന്നെ കിടക്കാനുള്ള ഏർപ്പാട് ചെയ്തു. നീണ്ട നാലു മണിക്കൂറുള്ള സ്വസ്ഥമായ ഉറക്കം ഉമ്മാന്റെ ഫോൺ കോളോടു കൂടിയാണ് അവസാനിക്കുന്നത്. വീട്ടിൽ പറയാതെ വന്നതോണ്ട് തന്നെ പറഞ്ഞൊപ്പിക്കാൻ പാടുപ്പെട്ടു. കിടക്കപായീൽ കിടന്ന്, നട്ടം തിരിയാതെ, അടുത്തതെന്തെന്ന് ആലോയിക്കുമ്പോ സുക്രു, ന്നാൽ ഞമ്മക്ക് വാരണസി വിട്ടാലോയെന്ന് ചോയിച്ചു. മുന്നും പിന്നും ആലോയ്ക്കാതെ കൊമ്രേഡിന്റെ കയ്യിൽ നിന്ന് കട്ടനും വാങ്ങി വിവരം പറഞ്ഞു. വാരണസിക്ക് ഡെറാഡൂണിൽ നിന്ന് നേരിട്ട് പോവൽ റിസ്ക് ആവുമെന്നും അതുകൊണ്ട് തന്നെ ഡൽഹി വഴി ആയിരിക്കും എളുപ്പമെന്നും മൂപ്പര് സജസ്റ്റ് ചെയ്തു. കട്ടനും കുടിച്ചു, ബാഗും എടുത്തു കൊമ്രേഡിനോടുള്ള നന്ദിയും സ്നേഹവും അറിയിച്ചു, ലാൽസലാം പറഞ്ഞ്, നേരെ ബസ്റ്റാന്റലേക്ക് പോയി.
അപ്പുറത്തൊരു പ്രൈവറ്റ് മൂത്രപ്പൊരയുണ്ട്, അവിടെ അന്വേഷിച്ചപ്പോൾ ഒരാൾക്ക് ദസ് രൂപയെന്ന് പറഞ്ഞു. പത്തെങ്കിൽ പത്തു, ന്തായാലും റിസ്ക് എടുക്കേണ്ട എന്നും കരുതി പൈസേം കൊടുത്ത് അകത്തു കയറി. അവിടം കണ്ടപ്പോൾ പണ്ടത്തെ ഒരു പ്രയോഗം ഓർമ വന്നു, കക്കൂസിൽ ചോറിട്ട് തിന്നാൻ മാത്രം വൃത്തിയുണ്ട്.
രാത്രി 9.30 ക്കാണ് ഡൽഹിയിലേക്കുള്ള ബസ്. 375 രൂപേടെ ടിക്കററ്റുമെടുത്തു ബസിൽ സീറ്റുറപ്പിച്ചു. ബസ് എടുക്കാൻ ഇനിയും പതിനഞ്ചു മിനിറ്റ് സമയമുള്ളോണ്ട് തന്നെ, നീണ്ട യാത്രയിലെ മൂത്രശങ്ക ഒഴിവാക്കാൻ, മൂത്രമൊഴിച്ചേക്കാമെന്നു കരുതി. ബസ് സ്റ്റാൻഡിലെ ടോയ്ലറ്റിലെ വൃത്തിയുടെ അവസ്ഥ പറയേണ്ടതില്ലല്ലോ, പോരാത്തതിന് കുറ്റിയുമില്ല. അപ്പുറത്തൊരു പ്രൈവറ്റ് മൂത്രപ്പൊരയുണ്ട്, അവിടെ അന്വേഷിച്ചപ്പോൾ ഒരാൾക്ക് ദസ് രൂപയെന്ന് പറഞ്ഞു. പത്തെങ്കിൽ പത്തു, ന്തായാലും റിസ്ക് എടുക്കേണ്ട എന്നും കരുതി പൈസേം കൊടുത്ത് അകത്തു കയറി. അവിടം കണ്ടപ്പോൾ പണ്ടത്തെ ഒരു പ്രയോഗം ഓർമ വന്നു, കക്കൂസിൽ ചോറിട്ട് തിന്നാൻ മാത്രം വൃത്തിയുണ്ട്.
രാത്രി ഒരുമണിക്ക് ബസ് ഉത്തർപ്രദേശിലെ എൻ.എച്ച് 334 ലുള്ള ഒരു ഹോട്ടലിന് മുന്നിൽ നിർത്തി. തണുപ്പ് മാറാനൊരു ചായ കുടിച്ചേക്കാമെന്ന് കരുതി ബസീന്നിറങ്ങിയ ഞങ്ങൾ ഓരോരോ ഡബിൾ ബ്രെഡ് ഓംപ്ലേറ്റ് കൂടെ കഴിച്ചു. ബില്ല് മേശപ്പുറത്തു കൊണ്ടു വച്ചപ്പോ ഇടിവെട്ടിയവനെ പാമ്പു കടിച്ചൂന്ന് ആരാണ്ടോ പറഞ്ഞ പോലായി, രണ്ട് ചായക്കും ബ്രെഡ് ഓംപ്ലേറ്റിനും കൂടെ 220 രൂപ!.
‘നിങ്ങളിവരെ മക്കളെ പോലെ കാണുന്നുണ്ടെങ്കിൽ സൗജന്യമായി ഇവർക്ക് പോകേണ്ടിടത്ത് ഇവരെ എത്തിക്കൂ, അല്ലേൽ നല്ല പിള്ള ചമയാതെ തന്റെ പണി ചെയ്യൂ...’ എന്ന ഓൾടെ ഒറ്റ വരിയിൽ മൂപ്പർ പത്തിമടക്കി.
പുലർച്ചെ മൂന്നരയോടെ ഡൽഹി കശ്മീരി ഗേറ്റിൽ ഞങ്ങൾ ബസിറങ്ങി. ചുറ്റും ഓട്ടോക്കാരെ കൊണ്ട് തല്ലാണ്. അറിയാതെ ഒരോട്ടോ ചേട്ടനോട് വാരണസിക്ക് എവിടുന്നാ വണ്ടി കിട്ടുവാന്ന് ചോദിച്ചു പോയി. മൂപ്പർ 100 രൂപ കൊടുത്താൽ റെയിൽവേ സ്റ്റേഷനിൽ ഇറക്കി തരാമെന്നേറ്റു. മൂപ്പര് നേരെ കൊണ്ടോയി നിർത്തിയത് ഒരു ട്രാവൽ ഏജൻസിയുടെ മുന്നിലാണ്, അവിടം വരെ ഒരു പത്തമ്പതു മീറ്ററേ കാണൂ. ഞങ്ങൾ ആവുന്നതും പറഞ്ഞു നോക്കി, ഞങ്ങളെ സ്റ്റേഷനിൽ വിട്ടാൽ മതിയെന്ന്, ഒടുവിലവിടെ കയറേണ്ടി വന്നു. ഒരു മുഖവുരക്കു മാത്രം ഞാൻ റേറ്റ് അന്വേഷിച്ചു, ഒരാൾക്ക് തന്നെ ബസിനാണേൽ 2500ഉം, ട്രെയിനിനാണെൽ 1900ഉം. ആകെ നുള്ളിപെറുക്കിയാൽ പോലും അത്ര ഇണ്ടാവില്ല ഞങ്ങളുടെ കയ്യിൽ. ഒരു വിധത്തിൽ അവിടുന്നിറങ്ങി ഓട്ടോക്കാരനോട് ഞങ്ങളെ സ്റ്റേഷനിലിറക്കാൻ പറഞ്ഞു. മൂപ്പർ ദേഷ്യം പിടിച്ചു, ഏത് സ്റ്റേഷനാണ് ഇവിടെ ഒരുപാട് സ്റ്റേഷനുണ്ടെന്നൊക്കെ അലറി, മാത്രമല്ല പിന്നേം പൈസ കൂട്ടി പറഞ്ഞു. ഞങ്ങൾ അയാളോട് കൊണ്ടടുത്തു തന്നെ ആക്കാൻ പറഞ്ഞിട്ടും മൂപ്പര്ടെ നൊടിച്ചിൽ അവസാനിച്ചില്ല. ഞങ്ങൾക്കാണേൽ ഹിന്ദി തോടാ തോടാ ആയതോണ്ട് വാദിക്കാനെട്ട് പറ്റുന്നുമില്ല. ഇത് കേട്ടുകൊണ്ട് കുറച്ചപ്പുറത്തു ഏതാണ്ട് ഞങ്ങളുടെ അതേ പ്രായമുള്ള ഒരു പെൺകൊച്ച് വന്ന് എന്താണ് കാര്യമെന്ന് ഇംഗ്ലീഷിൽ ചോദിച്ചു, ഞങ്ങൾ നടന്ന സംഭവമെല്ലാം വിവരിച്ചു. അവസാനം ഓട്ടോക്കാരനും ഈ കുട്ടിയും പൊരിഞ്ഞ വാക്ക് തർക്കമായി. നിങ്ങള് ഇതുവരെ ഉള്ള പൈസ വാങ്ങി പോവൂയെന്ന് അവൾ മൂപ്പരോട് പറഞ്ഞപ്പോ, ഈ പെൺകുട്ടികളെ രാത്രി തനിച്ചാക്കി പോവാൻ കഴിയില്ല, എന്റെ മക്കള്ടെ പ്രായമേ ഇവർക്കുള്ളൂ എന്ന് വൻ ഡയലോഗ്.
‘നിങ്ങളിവരെ മക്കളെ പോലെ കാണുന്നുണ്ടെങ്കിൽ സൗജന്യമായി ഇവർക്ക് പോകേണ്ടിടത്ത് ഇവരെ എത്തിക്കൂ, അല്ലേൽ നല്ല പിള്ള ചമയാതെ തന്റെ പണി ചെയ്യൂ...’ എന്ന ഓൾടെ ഒറ്റ വരിയിൽ മൂപ്പർ പത്തിമടക്കി. ആൾറെഡി ഒട്ക്കത്തെ തണുപ്പത്ത്, ഈ മാതിരി ഡയലോഗ് കേട്ടാൽ രോമങ്ങൾക്ക് എങ്ങനെ എണീക്കാൻ പറ്റാതിരിക്കും. ആ കുട്ടി ഓള് വന്ന ഓട്ടോയിൽ ഞങ്ങളെ ന്യൂഡൽഹി സ്റ്റേഷനിൽ വിട്ടുതന്നു.
കവർ ഒച്ചപ്പെടുത്തുന്നത് കേട്ട് അങ്ങോട്ട് നോക്കിയപ്പോ, അയാൾ പരസ്യമായി മാസ്റ്റർബേറ്റ് ചെയ്യുന്നു. ഞങ്ങൾ നോക്കിയത് അയാൾ കണ്ടെങ്കിലും ഞങ്ങളെ നോക്കി തന്നെ അത് തുടർന്നോണ്ടിരുന്നു. ഒടുവിൽ സഹികെട്ടു ഞാൻ പോയി അവിടുത്തെ പൊലീസിന്റെ അടുത്ത് കാര്യം പറഞ്ഞു.
വാരണസിക്കുള്ള ആദ്യ ട്രെയിൻ ഉച്ചക്കാണ്, അതും ജനറൽ ഇല്ലാത്ത രാജധാനി. അടുത്ത ട്രെയിൻ രാത്രിയും. ഒടുവിൽ വാരണാസി ക്യാൻസൽ ആക്കി ഡൽഹി കറങ്ങാൻ തീരുമാനിച്ചു. സമയം അഞ്ചര ആയേ ഉള്ളൂ. ഫോണിലാണേൽ ഒരു തുള്ളി ചാർജില്ല. അതോണ്ട് തന്നെ വെളിച്ചം വരും വരെ വെയ്റ്റിങ് റൂമിൽ കഴിച്ചുകൂട്ടാം, ഫോണും അവിടെ കുത്താം എന്നുള്ള പ്ലാനിൽ പോയപ്പോ, അവിടെ സ്ലീപ്പർ ടിക്കറ്റിനു മേലെയുള്ളവരേ കയറ്റൂ എന്നുപറഞ്ഞു. അവസാനം അതും മൂഞ്ചി, ടിക്കറ്റ് കൗണ്ടറിനടുത്തുള്ള കോമൺ വെയ്റ്റിംഗ് സ്ഥലത്ത് ഇരുന്നു. നിലത്തും ബെഞ്ചിലുമൊക്കെ ആൾക്കാർ കിടക്കുന്നുണ്ട്. ഞങ്ങൾ പ്ലഗ് പോയിന്റിന്റെ അടിയിൽ ഒഴിവുള്ള സീറ്റിൽ സ്ഥലം പിടിച്ചു. മുന്നിലൊരാൾ മൂടിപ്പുതച്ചു കിടക്കുന്നുണ്ട്. സമയം പോക്കാൻ ഓരോ പുളു കഥകളുമടിച്ച് ഇരിക്കാണ് ഞങ്ങൾ. കുറച്ചു സമയം കഴിഞ്ഞപ്പോ മുന്നിൽ കിടന്നിരുന്നയാൾ എണീറ്റിരുന്നത് കണ്ണിൽ പെട്ടെങ്കിലും ഞങ്ങൾ കഥ തുടർന്നു. കവർ ഒച്ചപ്പെടുത്തുന്നത് കേട്ട് അങ്ങോട്ട് നോക്കിയപ്പോ, അയാൾ പരസ്യമായി മാസ്റ്റർബേറ്റ് ചെയ്യുന്നു. ഞങ്ങൾ നോക്കിയത് അയാൾ കണ്ടെങ്കിലും ഞങ്ങളെ നോക്കി തന്നെ അത് തുടർന്നോണ്ടിരുന്നു. ഒടുവിൽ സഹികെട്ടു ഞാൻ പോയി അവിടുത്തെ പൊലീസിന്റെ അടുത്ത് കാര്യം പറഞ്ഞു. അവര് ഹാ വരാം എന്ന് പറഞ്ഞെങ്കിലും ഒരുമാതിരി പുച്ഛഭാവത്തിൽ ഇരിക്കാണ്. ഞാൻ വനിതാ സെല്ലിൽ നേരിട്ട് വിളിച്ചോളാം എന്നും പറഞ്ഞു തിരിഞ്ഞു നടന്നപ്പോൾ, അയാൾ കൂടെ വരാമെന്ന് സമ്മതിച്ചു. അവിടുന്ന് എണീറ്റ് പോവാൻ പൊലീസുകാരൻ പറഞ്ഞെങ്കിലും അയാൾ അനങ്ങിയില്ല. പൊലീസുകാരൻ ചെറുതായി ചവിട്ടിയപ്പൊ അയാൾ പുതപ്പ് മുഴുവനായി മാറ്റി, അയാൾക്ക് ഒരു കാലില്ലായിരുന്നു. ഞങ്ങൾക്ക് ആകെ ഒരുമാതിരി തോന്നി. കുറച്ചുസമയം കഴിഞ്ഞ് അതേ ആള് തന്നെ ആൾക്കാരുടെ അടുത്തുന്നു കാലും കാട്ടി ഭിക്ഷ എടുക്കുന്നു!.
ഏഴായപ്പോ സ്റ്റേഷനിന്നിറങ്ങി, ചോലാ ഭട്ടൂരേം ചായേം കഴിച്ചു. ഗൂഗിൾ മാപ്പ് നോക്കിയപ്പോൾ കുറച്ചേലും അടുത്തുള്ളത് റെഡ് ഫോർട്ടായതുകൊണ്ടു തന്നെ ഒരു റിക്ഷയിൽ കയറി റെഡ് ഫോർട്ടെന്ന് പറഞ്ഞു. സെൽഫി കാമറയിൽ നോക്കിയപ്പോ രണ്ടീസത്തെ അലച്ചിലിന്റെ ക്ഷീണം നല്ലോണമുണ്ട്. ഞാൻ ന്റെ കണ്മഷി എടുത്ത് വെറുതെ ഒരു വര വരച്ചു, സുക്രു അത് വീഡിയോ എടുക്കുന്നുണ്ട്, അവൾ ക്യാപ്ഷൻ എഴുതി കഷ്ടപ്പെടണ്ടാന്ന് കരുതി ഞാൻ തന്നെ വീഡിയോയിൽ പറഞ്ഞു, "ഗയ്സ്, രണ്ടീസായിട്ട് പല്ലുതേച്ചിട്ടില്ല, എന്നാലും കണ്മഷിക്ക് ഒരു കുറവൂ ല്ല...’.
ചീപ്പ് പൈസക്ക് ഇവിടെ സാധനങ്ങൾ കിട്ടുവേലും, അതിനേക്കാൾ ചീപ്പവസ്ഥയിലായോണ്ട് ഞങ്ങൾ ഒന്നും വാങ്ങാതെ വിലപേശലുകളുടെ നടുവിലൂടെ ചുമ്മാ നെടുനീളത്തിലങ്ങു നടന്നു.
തിങ്കൾ റെഡ് ഫോർട്ട് തുറക്കില്ലാന്ന് അതിന്റെ ഗേറ്റിനു മുന്നിൽ എത്തിയപ്പൊ ആണറിയുന്നത്, പിന്നേം ചടച്ചു. പൈസ, അടി കാണാൻ തുടങ്ങി, അതോണ്ട് കാര്യമായൊന്നും നടക്കില്ല. തല്ക്കാലം ചുമ്മാ ചാന്ദിനി ചൗക്കിലൂടെയും, സരോജിനി മാർക്കറ്റിലും കറങ്ങാമെന്ന് കരുതി. ചീപ്പ് പൈസക്ക് ഇവിടെ സാധനങ്ങൾ കിട്ടുവേലും, അതിനേക്കാൾ ചീപ്പവസ്ഥയിലായോണ്ട് ഞങ്ങൾ ഒന്നും വാങ്ങാതെ വിലപേശലുകളുടെ നടുവിലൂടെ ചുമ്മാ നെടുനീളത്തിലങ്ങു നടന്നു. വൈകീട്ട് തിരിച്ച് കശ്മീരി ഗേറ്റിനടുത്തേക്കുള്ള ബസിൽ കയറിയിരുന്നപ്പോ കണ്ണറിയാതെ മാളി പോയി. സുക്രു തട്ടി വിളിച്ചപ്പോ ആണ് എണീക്കുന്നത്.
"യ്യി എന്തൊരു കൂർക്കം വലിയായിരുന്നു...’
"ന്നാൽ അനക്കൊന്ന് ന്നെ വിളിച്ചൂടായ്നോ?’
"ഇയ്യ് ബോധല്ലാണ്ട് ഉറങ്ങണത് കണ്ടപ്പോ വിളിക്കാൻ തോന്നീലാ... പിന്നെ അറിയാത്ത ആൾക്കാരായോണ്ട് കൂർക്കം വലിയും പ്രശ്നല്ലാ.’
രണ്ടാളും ഇതോർത്തു കുലുങ്ങി കുലുങ്ങി ചിരിച്ചു.
കാശ്മീരി ഗേറ്റിൽ തിരിച്ച് ശ്രീനഗറിലേക്കു ടിക്കറ്റും എടുത്തിരിക്കുമ്പോ, കരച്ചിൽ വന്നിട്ടും കരയാതെ ഇരുന്നാൽ തൊണ്ട കുഴിയിലുണ്ടാവുന്ന ഒരു വിമ്മിഷ്ടം.
ഈ എഴുത്തൊരു യാത്രാവിവരണമാണോ എന്ന് ചോദിച്ചാൽ എനിക്ക് ഉത്തരമുണ്ടാവില്ല. എവിടേക്കായിരുന്നു യാത്ര, എന്തൊക്കെ കണ്ടു എന്ന് ചോദിച്ചാലും ഞാൻ മിണ്ടില്ല, കാരണം ഇതൊരു യാത്രയായി പോലും മറ്റുള്ളവർ കൂട്ടുമോന്നറീല, ഒരു കറക്കം അത്രമാത്രമായിരിക്കും കേൾക്കുന്നോർക്ക്. പക്ഷേ എനിക്കീ സർക്കീട്ട് എന്നിൽ നിന്നെനിലേക്കുള്ള അറ്റമില്ലാത്ത ഒറ്റവരി നിരത്താണ്, അനുഭവങ്ങളുടെ കുത്തൊഴുക്കാണ്.
എഴുത്ത് അവസാനിപ്പിക്കുന്നതിന് മുന്നെ, ഞാൻ പണ്ടു കുറിച്ചുവച്ച വരികൾ കൂടെ ഇവിടെ ചേർക്കുന്നു...
"പോകാൻ സ്ഥലങ്ങളില്ല, ചെയ്യാൻ കർമങ്ങളില്ല, ശൂന്യത കെട്ടിപ്പടുത്തിയ ഒറ്റമുറി വീടുഞാൻ...’ ▮