ഡൗകിയിലൂടെ ഒഴുകുന്ന ഉമ്‌ഗോട്ട് നദി / Photo: Mashhood N.K.

അവനവനിലേക്കുള്ള ഈ കാഴ്ച
ഇനി എത്ര കാലത്തോളം

കണ്ണീരു പോലെ പരിശുദ്ധമായ ഒരു നദിയേ ഇന്ത്യയിലുള്ളൂ. ഉമ്ഗോട്ട് നദി.

കാശം കണ്ണാടി നോക്കുന്ന, കണ്ണീരു പോലെ പരിശുദ്ധമായ പുഴ എന്നൊക്കെ എഴുപതുകളിലെ സിനിമാപ്പാട്ടിലേ കേൾക്കാൻ കഴിയുമായിരുന്നുള്ളൂ.
മലയാളിക്കു സ്വന്തമായി നാൽപ്പത്തിനാലു നദികളുണ്ടായിട്ടും അതിലൊന്നു പോലും അത്തരമൊരു പേരുദോഷം കേൾപ്പിച്ചിരുന്നില്ല. മേഘങ്ങൾ മുടിയഴിച്ചിട്ടാലെന്ന പോലെ മഴക്കാലത്തു ഇരുണ്ടു ചെളിപറ്റിയ തറ്റുടുത്തു കാഴ്ചയെ നനയിപ്പിച്ചുകളയും മലയാളിയുടെ പുഴയേറെയും. വെയിലൊന്നു മൂത്തു തുടങ്ങുമ്പോഴേക്കും മെലിഞ്ഞുണങ്ങി മലമുടിയിൽ നിന്നുള്ള മൂക്കിളച്ചാലു പോലെ ഒറ്റവരയിൽ പതിഞ്ഞ താളത്തിലൊഴുകും.

ഉമ്ഗോട്ട് നദി
ഉമ്ഗോട്ട് നദി

മഹാനദികളായ ബ്രഹ്മപുത്രയും ഗംഗയും അതൊഴുകിവരുന്ന പ്രദേശങ്ങളുടെ നിലവിളികളാകെ കരകവിയിച്ച് ഒഴുക്കിക്കൊണ്ടുവരികയായിരിക്കും. കണ്ണീരു പോലെ പരിശുദ്ധമായ ഒരു നദിയേ ഇന്ത്യയിലുള്ളൂ. ഉമ്ഗോട്ട് നദി. അത് മേഘാലയത്തിലൂടെയുള്ള ഇന്ത്യ- ബംഗ്ലാദേശ് അതിർത്തിയിൽ. കൃത്യമായി പറഞ്ഞാൽ, ഡൗകി- തമാബിൽ അതിർത്തി നടപ്പാതയ്ക്ക് അടുത്ത്. ഇതിൽ ഡൗകി ഇന്ത്യൻ ഭാഗത്തും തമാബിൽ ബംഗ്ലാദേശ് ഭാഗത്തും. മേഘങ്ങളുടെ വീടായ മേഘാലയത്തിലെ ജയ്ന്തിയ ഹിൽ ജില്ലയിൽ.

മുഖ്യധാരാ ഇന്ത്യ അറിയാത്ത ചില ചെറിയ കൊടുങ്കാറ്റുകൾ ഉമ്ഗോട്ട് നദിക്കരയിലെ അടുപ്പുകല്ലുകളിൽ വേവുന്നുണ്ട്. പുഴയെ ചുറ്റിപ്പറ്റി കെട്ടിപ്പൊക്കിയെടുത്ത കുറെ പാവം ജീവിതങ്ങൾക്കു മേൽ വികസനമെന്ന വാൾ തൂങ്ങിയാടിത്തുടങ്ങി.

പോകാം, ഡൗകിയിലേക്ക്

പോകാത്തവർക്കായി കാലം അധികം കാത്തുനിൽക്കുമെന്നു തോന്നുന്നില്ല, കണ്ണാടിപ്പുഴയായ ഉമ്ഗോട്ടും. മുഖ്യധാരാ ഇന്ത്യ അറിയാത്ത ചില ചെറിയ കൊടുങ്കാറ്റുകൾ ഉമ്ഗോട്ട് നദിക്കരയിലെ അടുപ്പുകല്ലുകളിൽ വേവുന്നുണ്ട്. പുഴയെ ചുറ്റിപ്പറ്റി കെട്ടിപ്പൊക്കിയെടുത്ത കുറെ പാവം ജീവിതങ്ങൾക്കു മേൽ വികസനമെന്ന വാൾ തൂങ്ങിയാടിത്തുടങ്ങി. അവരുടെ ചെറിയ പ്രതിഷേധങ്ങൾ പല കാരണങ്ങൾ പറഞ്ഞു നിശ്ശബ്ദമാക്കപ്പെട്ടേക്കാം. ഇന്ത്യയ്ക്കും ബംഗ്ലാദേശിനുമിടയിൽ അസം, ത്രിപുര, മീസറം, പശ്ചിമ ബംഗാൾ അതിർത്തികളിൽ നിന്ന് വ്യത്യസ്തമായി മേഘാലയത്തിൽ സ്വാഭാവിക ജലവേലിയായി കണക്കാക്കാവുന്ന ഉമ്ഗോട്ടിനു കുറുകെ, ഇരുപുറത്തുമുള്ള അനേകം ജീവിതങ്ങളിലേക്കു ദുരിതം കരകവിയിപ്പിച്ചുകൊണ്ട്, ഒരു ജലവൈദ്യുതി നിലയത്തിനു മുഹൂർത്തം കുറിച്ചിരിക്കുകയാണു മേഘാലയ സർക്കാർ.

ഉമ്‌ഗോട്ട് നദി / ഫോട്ടോ: എസ്.എൻ. രജീഷ്
ഉമ്‌ഗോട്ട് നദി / ഫോട്ടോ: എസ്.എൻ. രജീഷ്

ഇനിയെത്ര കാലം കൂടി ഉമ്ഗോട്ട് നദി അതിന്റെ പരിശുദ്ധിയിൽ ഒഴുകുമെന്നു പ്രവചിക്കുക വയ്യ. വളരെക്കുറച്ചു കിലോമീറ്ററുകൾ മാത്രം ഒഴുകുന്ന ഒരു നദിയായതു കൊണ്ട് അതിനെതിരെയുള്ള പ്രതിഷേധവും ചെറുതായിരിക്കും എന്ന് അധികൃതർക്കു നന്നായി അറിയാം.
ഇന്ത്യയിലെ ഏറ്റവും പരിശുദ്ധമായ ഈ നദിയെ അതിന്റെ എല്ലാ നിഷ്കളങ്കതകളോടും സ്വാഭാവികതകളോടും കൂടി കാണണമെന്നുണ്ടെങ്കിൽ യാത്ര അധികം വൈകിക്കേണ്ട. ഉമ്ഗോട്ടിന്റെ മരണമണി മുഴങ്ങിക്കഴിഞ്ഞു.

മേഘാലയത്തിലെ ഷിലാങിൽ (വെള്ളക്കാരന്റെ ഷില്ലോങ്) നിന്നു എഴുപതോളം കിലോമീറ്ററാണു ഡൗകി പോസ്റ്റിലേക്ക്. ബാരാബസാറിൽ നിന്നു പങ്കുയാത്രാക്കൂലി വാഹനങ്ങൾ കിട്ടും. അല്ലെങ്കിൽ രാവിലെ രാവിലെ ബസ്. ബംഗ്ലാദേശ് ഭാഗത്തു തമാബിൽ പോസ്റ്റിൽ അതിർത്തിക്കല്ലിൽ നിന്ന് ഒന്നരക്കിലോമീറ്ററോളം ദൂരത്തുള്ള ബസ് സ്റ്റോപ്പിൽ നിന്നു സിലേറ്റിലേക്കു ബസ് കിട്ടും. പത്തറുപതു കിലോമീറ്റർ. ഡൗകി കഴിഞ്ഞാൽ പിന്നെ ഇന്ത്യയില്ല.
ഗുവാഹത്തിയിൽ നിന്നു ഷിലാങ്, ഡൗകി വഴി ധാക്കാ ബസ് തന്നെയുണ്ട്, കഴിഞ്ഞ കുറെ വർഷങ്ങളായി. അത് ഇടയ്ക്കിടെ വിലക്കപ്പെട്ടും വീണ്ടും പുനഃസ്ഥാപിച്ചും യാത്ര തുടരും.
ഷിലാങിൽ നിന്ന് എഴുപതു കിലോമീറ്ററേയുള്ളൂ എങ്കിൽ പോലും മേഘാലയമാണ്, ആകാശത്തെ തൊട്ടുകൊണ്ടുള്ള യാത്രയാണ്, റോഡിന്റെ സ്ഥിതി അത്രയും പരിതാപകരമായതുകൊണ്ടു പ്രത്യേകിച്ചും, യാത്ര പുറപ്പെട്ടാൽ അതിന്റെയൊരു സമയത്തിനേ അവിടെ എത്തുകയുള്ളൂ എന്നു മാത്രം.

ഒരു ബംഗ്ലാദേശി കുടുംബം താൽപ്പര്യത്തോടെ ഇന്ത്യയിലേക്കു നോക്കി നിൽക്കുന്നുണ്ടായിരുന്നു. ഞാൻ കൈ നീട്ടി. ഹലോ, ഗുഡ് മോണിങ് ഫ്രം ഇന്ത്യ. എന്നാൽ, വിചാരിച്ച പ്രതികരണം ഉണ്ടായില്ല.

അതിർത്തി എന്ന അത്ഭുതമില്ലായ്മ

ബംഗ്ലാദേശ് അതിർത്തിയിൽ മാത്രമാണ് അപ്പുറത്തു വേറൊരു രാജ്യമാണ് എന്നൊരു ഭേദചിന്ത നമ്മളുടെ മനസിലേക്കു കടന്നുവരാത്തത്. അതും ഇന്ത്യയുടെ ഭാഗം തന്നെയായിരുന്നു എന്നതു കൊണ്ടുമാത്രമായിരുന്നില്ല അത്. അവിടെ രണ്ടു രാജ്യക്കാരെ വേർതിരിച്ചറിയാൻ വേണ്ടതായ വേർതിരിവുകളൊന്നും ഉണ്ടായില്ല എന്നതാണു സത്യം.

ബംഗ്ലാദേശിന്റെ മണ്ണു വരെയെത്താം. അങ്ങോട്ടു കടക്കാൻ രേഖകൾ വേണമെന്നു മാത്രം. അവിടെ ഒരു ബംഗ്ലാദേശി കുടുംബം താൽപ്പര്യത്തോടെ ഇന്ത്യയിലേക്കു നോക്കി നിൽക്കുന്നുണ്ടായിരുന്നു. ഞാൻ കൈ നീട്ടി. ഹലോ, ഗുഡ് മോണിങ് ഫ്രം ഇന്ത്യ. എന്നാൽ, വിചാരിച്ച പ്രതികരണം ഉണ്ടായില്ല. അവർക്ക് അങ്ങനെയുള്ള കാര്യങ്ങളിലെ പരിചയക്കുറവായിരിക്കാം. അല്ലെങ്കിൽ ഇന്ത്യ എന്ന വല്യേട്ടനെ പേടിയായിരിക്കാം. ഇന്ത്യക്കാരെ അവർ എങ്ങനെയാണു കാണുന്നതെന്ന് അവർക്കേ അറിയുകയുള്ളൂ.

ഡൗകി-തമാബിൽ അതിർത്തിയിൽ ലേഖകൻ /Photo: Dev Photos
ഡൗകി-തമാബിൽ അതിർത്തിയിൽ ലേഖകൻ /Photo: Dev Photos

ഇത് അതിർത്തികവാടം കാണാൻ വരുന്ന സന്ദർശകരുടെ കാര്യം. എന്നാൽ, ഇന്ത്യക്കാരും ബംഗ്ലാദേശികളും തമ്മിൽ നല്ല സൗഹൃദത്തിലാണുതാനും. ദിവസേന പത്തറുന്നൂറോളം ട്രക്കുകളാണ് തമാബിൽ വഴി ധാക്കയിലേക്കും ഷിലാങിലേക്കും വന്നുകയറിയിറങ്ങി പോകുന്നത്. അതിനു പുറമേ, സുരക്ഷാ ഭടന്മാരുടെ കണ്ണുവെട്ടിച്ചു അതിർത്തികൾ കവച്ചുകടക്കുന്നവരും ഇല്ലെന്നല്ല. അപ്പുറവുമിപ്പുറവുമുള്ള കച്ചവടങ്ങളും കടത്തുകളും കൊടുക്കൽ വാങ്ങലുകളും ഏട്ടിലെഴുതിയതിന് അനുസരിച്ചും അല്ലാതെയും.
ഇരു രാജ്യങ്ങൾക്കും അതിരിടുന്ന ഉമ്ഗോട്ട് നദിയുടെ ഓളപ്പുറത്തേറിയാൽ പിന്നെ ഏതു രാജ്യം ഏതു കര എന്ന വ്യത്യാസമൊന്നും ആദ്യക്കാഴ്ചയിൽ തോന്നില്ല. ഭേദങ്ങൾ കാണാൻ, അറിയാൻ കാലപ്പഴക്കം വേണം കാഴ്ചകൾക്ക്. എന്തിനെയും വേർതിരിച്ചു കാണാനുള്ള തിമിരം വേണം കാഴ്ചയ്ക്ക്.

മേഘാലയത്തിന്റെ ഏറ്റവും കിഴക്കൻ ജനതയ്ക്ക് ഉമ്ഗോട്ട് അവന്റെ, അവളുടെ ജീവിത നദി. അവന്റെ, അവളുടെ അന്നം. ജീവിതോപാധി. ഉമ്ഗോട്ട് ജീവജലമൊഴുക്കുന്ന വയലുകളിലെ പച്ചപ്പൊടിപ്പുകളാണ് അവന്റെ, അവളുടെ പ്രതീക്ഷ

കിഴക്കിന്റെ ജീവിത നദി

തെക്കും വടക്കും പടിഞ്ഞാറും നിന്നു വരുന്നവർക്കും ഉമ്ഗോട്ട് എന്ന ഡൗകി ഗ്രാമത്തിലെ നദി ഏറ്റവും പരിശുദ്ധമായ നദി. അടിത്തട്ടിന്റെ ആഴം മുഴുവൻ തുറന്നു വിരിയുന്ന വിസ്മയം. ഒന്നും ഒളിച്ചുവയ്ക്കാനില്ലാത്ത നിഷ്ക്കളങ്കത. തെളിഞ്ഞ വെള്ളത്തിൽ തോണിയുടെ ഫോട്ടോയെടുത്താൽ അത് ആകാശത്തു തുഴയുന്നതു പോലെ തോന്നും. ഉമ്ഗോട്ടിന്റെ അടിത്തട്ടു തന്നെ ഒരു കണ്ണാടി പോലെ കാഴ്ചകളെ പ്രതിഫലിപ്പിക്കും.

എന്നാൽ കാഴ്ചയ്ക്കപ്പുറമാണ് അത്. മേഘാലയത്തിന്റെ ഏറ്റവും കിഴക്കൻ ജനതയ്ക്ക് ഉമ്ഗോട്ട് അവന്റെ, അവളുടെ ജീവിത നദി. അവന്റെ, അവളുടെ അന്നം. ജീവിതോപാധി. വിസ്മയക്കാഴ്ചകളുമായി എത്തുന്നവരെ തോണി തുഴയിപ്പിച്ചും കയാക്കിങ് തുഴയെറിയിച്ചും കിട്ടുന്ന വരുമാനത്തിൽ നിന്നു ജീവിതത്തിന്റെ രണ്ടറ്റങ്ങളെ കൂട്ടിത്തുന്നുന്നവർ. പുഴയിലെ മീനും വെള്ളവും വെള്ളാരങ്കല്ലുകളും കൊണ്ടു ജീവിക്കുന്നവർ. ഡസൻ കണക്കിനു തോണികളും റാഫ്റ്റുകളുമാണു സന്ദർശകരെ കാത്തിരിക്കുന്നത്. അതിലും കൂടുതൽ വിശക്കുന്ന വയറുകളും.

ഉമ്‌ഗോട്ട് നദിയിൽ റോവിങ്ങിലേർപ്പെട്ട വിനോദ സഞ്ചാരി / Photo: Mashhood N K
ഉമ്‌ഗോട്ട് നദിയിൽ റോവിങ്ങിലേർപ്പെട്ട വിനോദ സഞ്ചാരി / Photo: Mashhood N K

ഉമ്ഗോട്ട് ജീവജലമൊഴുക്കുന്ന വയലുകളിലെ പച്ചപ്പൊടിപ്പുകളാണ് അവന്റെ, അവളുടെ പ്രതീക്ഷ. ഓരോ നാണയത്തുട്ടുകളായി എണ്ണിയെണ്ണിക്കൂട്ടിവയ്ക്കുന്ന ജീവിതങ്ങൾക്ക് ഉമ്ഗോട്ട് തന്നെ ജീവൻ. അതിന്റെ സ്വാഭാവികതയ്ക്ക് എന്തെങ്കിലും ഒരു ഇടർച്ച വരുന്നതു പോലും അവരുടെ ജീവിതത്തിലുണ്ടാക്കുന്ന ആഘാതം മാരകമായിരിക്കും.
യാത്രകളും എടുത്തുചാട്ടങ്ങളും മടക്കി വീട്ടിൽ വച്ചിരിക്കുന്ന ഈ കൊറോണക്കാലത്ത് അവരുടെ ജീവിതം എങ്ങനെയായിരിക്കും എന്ന് ഊഹിക്കാൻ കൂടി സാധിക്കില്ല. സന്ദർശകർ ഇല്ലെങ്കിൽ അവർക്കു ജീവിതമില്ല എന്നതാണു വാസ്തവം.

സഞ്ചാരികളുടെ മനസിന്റെ കണ്ണാടി

ഡൗകിയിലെ കുഞ്ഞ് അങ്ങാടിയിൽ നിന്ന് ഇറങ്ങിയാൽ ഉമ്ഗോട്ട് നദി. വർഷകാലത്തു കര തൊട്ടുകിടക്കും. കുറച്ചു ദൂരത്തോളം വെള്ളാരങ്കല്ലുകൾ താണ്ടിപ്പോകണം അല്ലാത്ത സമയത്തു വെള്ളത്തിൽ തൊടാൻ. അവിടെ തോണി സവാരിക്കാർ തിടുക്കം കൂട്ടും. ഒരു തോണിയെടുത്തു ഉമ്ഗോട്ടിന്റെ നനഞ്ഞ വയറിലൂടെ അലയണം. തീരത്തു നിന്നു കുറച്ച് അകലെ വരെ അടിത്തട്ടു കാണാവുന്ന വിസ്മയം. വെള്ളത്തിന്റെ അടരുകൾക്കുള്ളിലൂടെ വെയിൽ അരിച്ചിറങ്ങുമ്പോൾ നമ്മൾ കാണേണ്ടതു സ്വന്തം മനസുകളെ. തന്നിലേക്കു തന്നെയാണ് ആ കാഴ്ചയുടെ കവാടം തുറന്നടയുന്നത്.

ഫോട്ടോ : മുഹമ്മദ് ഫാസിൽ
ഫോട്ടോ : മുഹമ്മദ് ഫാസിൽ

അത്രയും ശുദ്ധമാണു ജലം. അതിലേക്കു തുറന്നുപിടിക്കുന്ന ചീർത്ത ഫാക്ടറി വയറുകളില്ല. വെള്ളത്തിലേക്ക് എന്തും വലിച്ചെറിയുന്ന നഗരപ്പരിഷകളില്ല. ജീവിതത്തിന്റെ ഭോഗങ്ങളെ ആറ്റിലേക്കു തുറന്നുവിടുന്ന പച്ചപ്പരിഷ്കാരങ്ങളില്ല. തോട്ടയെറിഞ്ഞും നഞ്ചുകലക്കിയും വലവീശിപ്പിടിക്കുന്ന ആർത്തിക്കൂട്ടങ്ങളില്ല. അതുകൊണ്ടുതന്നെ, പത്തു പന്ത്രണ്ടടി വരെ ആഴത്തിലുള്ള പുഴയുടെ അടിവയറു വരെ കാണാം, തെളിഞ്ഞ പകലുകളിൽ.

ഇരുകരകളേയും ബന്ധിപ്പിച്ച് ഒരു തൂക്കുപാലമുണ്ട്. വെള്ളക്കാർ പണ്ടേ നിർമിച്ചത്. അതിന്റെ മുകളിലൂടെ ഒന്നു നടന്നു നോക്കണം. ഒരു കൈയെത്തിച്ചാൽ ആകാശം തൊട്ടെന്നു തോന്നും. മേഘങ്ങളുടെ തൊട്ടിലിലാണെന്നു തോന്നിപ്പിക്കും. അവിടെ നിന്നുകൊണ്ടു പുഴയിലേക്കു ഭൂമിയുടെ മുഖത്തേക്കു നോക്കണം. അവിടെ ജലക്കണ്ണാടിയിൽ തെളിയുന്നത് അവനവൻ തന്നെയായിരിക്കും.

കൊറോണ ലോകത്തിന്റെ കണ്ണും കാതും അടച്ച്​ വീടിന്റെ നാലു ചുവരുകൾക്കിടയിൽ ഒതുക്കിയ കാലത്ത്, ഡൗകിയിൽ സാധാരണക്കാരുടെ ഒരു പ്രക്ഷോഭം നടന്നിരുന്നു. മൊത്തം ലോകത്തിന്റെ ജീവവായുവിനു വേണ്ടി.

ഈ ജലക്കണ്ണാടി കാണാനാണോ ഇക്കണ്ട വഴി മുഴുക്കെ വന്നത് എന്ന കുറ്റബോധം ഒരിക്കലും ഉണ്ടാവില്ല. ശ്ശോ വേണ്ടായിരുന്നു എന്നു തോന്നില്ല. ജീവിതത്തിൽ ഒരിക്കലെങ്കിലും, ഡൗകിയിലേക്കു വരാനെടുത്ത തീരുമാനം നൂറു ശതമാനം ശരിയായിരുന്നു എന്നു തിരിച്ചറിയും. ഇതു കൂടി കാണാൻ വേണ്ടിയായിരുന്നു, അല്ലെങ്കിൽ അത്രമേൽ നിഷ്ഫലമായിപ്പോവുമായിരുന്ന ഒരു പാഴ്ജന്മം എന്നു തിരിച്ചറിയും. എന്തിനും ഏതിനും ആർക്കുന്ന, ആർത്തി പിടിച്ച ആൾക്കൂട്ടത്തിൽ നിന്നുള്ള തിരിച്ചുനടപ്പാണ് ഉമ്ഗോട്ട്.

വെള്ളമൂറ്റുന്നു, വെളിച്ചമിറ്റിക്കാൻ

കൊറോണ ലോകത്തിന്റെ കണ്ണും കാതും അടച്ച്​ വീടിന്റെ നാലു ചുവരുകൾക്കിടയിൽ ഒതുക്കിയ കാലത്ത്, ഡൗകിയിൽ അതേസമയം, സാധാരണക്കാരുടെ ഒരു പ്രക്ഷോഭം നടന്നിരുന്നു. അടച്ചിരിപ്പിനെതിരെയുള്ള എതിർപ്പ് ആയിരുന്നില്ല അത്. മറിച്ചു, മൊത്തം ലോകത്തിന്റെ ജീവവായുവിനു വേണ്ടിയായിരുന്നു. സ്വന്തം ഭക്ഷണത്തിനും നിലനിൽപ്പിനും വേണ്ടിയായിരുന്നു. എന്നാൽ അതു പുറംലോകം കണ്ടില്ല. അറിയിച്ചില്ല ഒരു ക്യാമറക്കണ്ണും.

Photo: Dev Photo
Photo: Dev Photo

മുഖ്യധാരാ മാധ്യമങ്ങൾക്ക് അപ്പോൾ അതേക്കാളും നീറുന്ന വാർത്തയുണ്ടായിരുന്നതു കൊണ്ടുമാത്രമായിരുന്നു അതെന്നു വിചാരിക്കാനാവില്ല. പാവപ്പെട്ട മനുഷ്യന്റെ അതിജീവന പോരാട്ടങ്ങളോട് എന്നും പുറംതിരിഞ്ഞു നിന്നിട്ടേയുള്ളൂ മുഖ്യധാരകൾ. നിലവിളികൾ അമർത്തപ്പെട്ടവന്റെ എല്ലാ തരത്തിലുമുള്ള ശബ്ദവും അവഗണിക്കപ്പെട്ടിരുന്നു. ഉമ്ഗോട്ട് നദിക്കു കുറുകെ ഒരു അണ കെട്ടുക എന്നതു മുഖ്യധാരാ സമൂഹത്തിന് ഒരു ആകുലതയേ ആകുന്നില്ല. അതിരപ്പിള്ളിയിലും പൂയംകുട്ടിയിലും ആദ്യകാലത്ത് ഇതേ നിലപാടു മലയാളി കണ്ടുകഴിഞ്ഞതാണ്. സൈലന്റ് വാലിയിൽ അതു വിജയത്തിലെത്തി എന്നു മാത്രം. അതേ, ഉമ്ഗോട്ട് നദിക്കരയിൽ ഇന്ന് മറ്റൊരു സൈലന്റ് വാലി പുകയുകയാണെന്ന്, എത്ര പേർക്കറിയാം. (ഇത്രയും കാലം സൈലന്റായി നിന്നുകൊടുത്തതിന്റെ പ്രതിഷേധം). അതിന് അവർക്കു മറ്റ് ഒഴികഴിവുകൾ നിരത്താനുണ്ടായേക്കാം. അതേക്കാളും നീറുന്ന പ്രശ്നമുണ്ടായിരിക്കാം. ശരിയാണ്, താനില്ലാത്ത ബാക്കി ലോകത്തെ അവഗണിക്കാൻ ഓരോരുത്തർക്കും തീർച്ചയായും ഓരോ കാരണമുണ്ട്.

ഉമ്ഗോട്ടിനു മരണമണി

ഖാസി- ജയ്ന്തിയ കുന്നുനിരകളുടെ കിഴക്കൻ ഭാഗത്തെ നീരുറവയായ ഉമ്ഗോട്ടിനു കുറുകെ അണകെട്ടി 210 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ പറ്റുന്ന ഒരു വൈദ്യുതിനിലയം നിർമിക്കാനാണ് മേഘാലയ എനർജി കോർപറേഷൻ ലിമിറ്റഡ് കോപ്പു കൂട്ടുന്നത്. അതിന്റെ മുന്നൊരുക്കങ്ങളാണ് ഈ കൊറോണക്കാലത്ത്. ഏതു വൻനിർമിതിക്കും പരിസ്ഥിതി ആഘാതപഠനവും സൂക്ഷ്മ ആവാസവ്യവസ്ഥാ വ്യതിയാന പഠനവും അവശ്യമാണെന്നിരിക്കെ, ആളുകൾ ഒന്നിച്ചുകൂടാത്ത സമയത്താണു പൊതുജന ഹിതപരിശോധനാ പരിപാടികൾ വരെ നടത്തുന്നത്. ആളുകൾ കുറഞ്ഞിരുന്നാൽ അത്രയും എതിർപ്പ് കുറയുമല്ലോ എന്ന കണക്കുകൂട്ടലാവാം. മാത്രമല്ല, ഇപ്പോൾ ലോകത്തെ ചൂഴുന്ന മറ്റ് അതിജീവന പ്രശ്നങ്ങളുമുണ്ടല്ലോ. ധൃതിവച്ചു കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകേണ്ട അത്യാവശ്യം ഒട്ടുമില്ലാതിരിക്കെ ആണിത്.

ഡൗകിയിലെ ജനങ്ങൾ പ്രധാനമായും ആശ്രയിക്കുന്നത് നദിയുമായി ബന്ധപ്പെട്ടു കിടക്കുന്ന വിനോദ സഞ്ചാരത്തിൽ നിന്നും കൃഷിയിൽ നിന്നും ലഭിക്കുന്ന വരുമാനത്തേയാണ് / Photo: Dev Photo
ഡൗകിയിലെ ജനങ്ങൾ പ്രധാനമായും ആശ്രയിക്കുന്നത് നദിയുമായി ബന്ധപ്പെട്ടു കിടക്കുന്ന വിനോദ സഞ്ചാരത്തിൽ നിന്നും കൃഷിയിൽ നിന്നും ലഭിക്കുന്ന വരുമാനത്തേയാണ് / Photo: Dev Photo

പൊതുജന ഹിതപരിശോധനാ കൂടിയാലോചനാ യോഗങ്ങൾ, ഓർക്കുക, ഈ മുടിഞ്ഞ കൊറോണക്കാലത്തു തന്നെ, അലങ്കോലപ്പെടുത്തി മുടക്കിയാണു ഡൗകി ജനങ്ങൾ അവരുടേതായ പകരം കാരണങ്ങൾ നിരത്തിയത്. അവരുടെ എതിർപ്പുകൾ അടയാളപ്പെടുത്തിയത്. അന്നമുണ്ടാക്കുന്ന കർഷകരാണ് എതിർപ്പിന്റെ ചുഴലിക്കണ്ണുകളായി നിൽക്കുന്നത്.

എന്നാൽ തിടുക്കം കൂട്ടുന്നവരുണ്ട്. വൻകിട പദ്ധതിനിർമാണ ലോബിയും എന്തിലും ലാഭം മാത്രം നോക്കുന്ന ഉദ്യോഗസ്ഥവൃന്ദവും. അവർക്കെന്തു മനുഷ്യന്റെ ആകുലതകൾ, പേടിസ്വപ്നങ്ങൾ, അന്യം നിന്നുപോവുന്ന അതിജീവനത്തിന്റെ നിലവിളികൾ. വികസനത്തിന്റെ പേരിൽ എവിടെ നിന്നും എപ്പോഴും ഒഴിഞ്ഞുകൊടുക്കേണ്ടവരാകുന്നു പഠിപ്പും പണവും ഇല്ലാത്തവർ എന്ന മുൻവിധിയുണ്ടല്ലോ. ശരിയാണ്, ആരെയും മായ്ച്ചുകളയാൻ അവർക്കും ഒരു കാരണമുണ്ട്.

ഇനിയെത്ര നാൾ കൂടി

ഉമ്ഗോട്ട് നദിവെള്ളമൂറ്റി കറന്റ് ഉണ്ടാക്കുന്നതിനോടൊന്നും ആർക്കും എതിർപ്പില്ല. എന്നാൽ ഉമ്ഗോട്ട് പഴയതു പോലെ ഒഴുകണം. ഒരു ജനതയുടെ ആ ഒരു നിർബന്ധം ന്യായം. എന്നാൽ നദിക്കു കുറുകെ അണ വരുന്നതോടെ, ജലവൈദ്യുത പദ്ധതി വരുന്നതോടെ പുഴ പഴയതു പോലെ ഒഴുകില്ലെന്നു മനസിലാക്കാൻ സർവകലാശാലാ ബിരുദമൊന്നും വേണ്ടതില്ല. കോമൺസെൻസ് മാത്രം മതി. അത് അവർക്ക് വേണ്ടുവോളമുണ്ട്. അതു തന്നെയാണു പ്രതിഷേധത്തിന്റെ കാരണവും.

അണ വരുന്നതോടെ ഉമ്ഗോട്ട് മെലിയും. അണയുടെ താഴെച്ചാലുകൾ വറ്റിയെന്നുമിരിക്കും. ദാരാങ്, ഷോങ് ഡെങ്, ഡൗകി മേഖലയിൽ ജലലഭ്യത പരമാവധി കുറയും. ഡൗകി നീർച്ചാൽ മെലിഞ്ഞുണങ്ങിയാൽ പിന്നെ എന്തു കാണാനാണ് ആരെങ്കിലും വരേണ്ടത്.

ഇവിടെവച്ച് നമ്മൾ അതിരപ്പിള്ളിയെ ഓർക്കും. അതിന്റെ സ്വാഭാവിക ഒഴുക്കും സ്വഭാവവും മാറ്റിക്കളയുന്നതിനെതിരെ ഉയരുന്ന പ്രതിഷേധത്തിന്റെ അതേ സ്വരം തന്നെയാണ് ഉമ്ഗോട്ടിന്റെ കരയിലുമെന്നു തിരിച്ചറിയും. മനുഷ്യന്റെ കരച്ചിൽ ഏതു ഭാഷയിലും ഒന്നാണെന്നും. ഒരു മുറിവിനെ ഏറ്റവും എളുപ്പത്തിൽ തിരിച്ചറിയുന്നത് മറ്റു മുറിവുകൾ തന്നെ.
ഈ കിഴക്കൻ ജനതയുടെ അടുപ്പു പുകയിക്കുന്നത് ഉമ്ഗോട്ട് നദിയാണെന്നിരിക്കെ അതിനു വരുന്ന ചെറിയൊരു മാറ്റം പോലും സഹിക്കാൻ അവർക്കു കഴിയുന്നതെങ്ങനെ? അണ വരുന്നതോടെ ഉമ്ഗോട്ട് മെലിയും. അണയുടെ താഴെച്ചാലുകൾ വറ്റിയെന്നുമിരിക്കും. ദാരാങ്, ഷോങ് ഡെങ്, ഡൗകി മേഖലയിൽ ജലലഭ്യത പരമാവധി കുറയും. ചിലപ്പോൾ തീരെ വരളും. ഡൗകി നീർച്ചാൽ മെലിഞ്ഞുണങ്ങിയാൽ പിന്നെ എന്തു കാണാനാണ് ആരെങ്കിലും വരേണ്ടത്. വിനോദസഞ്ചാര സമ്പദ്‌വ്യവസ്ഥയിൽ അധിഷ്ഠിതമായ ഒരു കൊച്ചു പ്രദേശത്ത് ജീവിക്കാൻ വേറെന്ത് ഉപാധി തേടാനാണ് ഇനി.

മേഘാലയിലെ സൊഹ്റയിൽ നിന്നുള്ള ദൃശ്യം / ഫോട്ടോ: മുഹമ്മദ് ഫാസിൽ
മേഘാലയിലെ സൊഹ്റയിൽ നിന്നുള്ള ദൃശ്യം / ഫോട്ടോ: മുഹമ്മദ് ഫാസിൽ

ഉമ്ഗോട്ട് വറ്റുമ്പോൾ അവരുടെ മെലിഞ്ഞ കഞ്ഞിക്കിണ്ണവും വറ്റും. ഈ മേഖലയിലെ നാമമാത്രമായ കാർഷികവൃത്തിയും ഉമ്ഗോട്ടിനെ അശ്രയിച്ചുതന്നെയാണ്. അതിന്റെ കാര്യവും പിന്നെ നോക്കാനില്ല. കറന്റു കുടിച്ചു ജീവിക്കാൻ ഇതുവരെ പഠിച്ചു തുടങ്ങിയിട്ടില്ല അവർ. പ്രാദേശികമായ ഊർജാവശ്യം നികത്താൻ കൂടിയാണു അണയും നിലയവും എന്നൊക്കെയാണു സർക്കാരും കോർപ്പറേഷനും പറയുന്നതെങ്കിലും പ്രദേശത്തെ സാധാരണ മനുഷ്യർക്ക് എന്തു കിട്ടുമെന്നതും കണ്ടറിയേണ്ട കാര്യമാണ്. കൂടുതൽ പണക്കാർക്കും അറിവുള്ളവർക്കുമാണല്ലോ വൈദ്യുതി കൊണ്ടു കൂടുതൽ പ്രയോജനം. കറന്റിനാണെങ്കിൽ ഏതു കമ്പിയിലൂടെയും എങ്ങോട്ടും ഒഴുകാം.

ഏതു പ്രതിഷേധത്തെയും മായ്ച്ചുകളയാനുള്ള തന്ത്രങ്ങളുമായി മുഖ്യധാരാ സമൂഹം അരയും തലയും മുറുക്കി നിൽക്കുമ്പോൾ ഉമ്ഗോട്ടിന്റെ നാളുകൾ എണ്ണപ്പെട്ടുകഴിഞ്ഞു. ഈ കണ്ണാടിപ്പുഴ ഒരു ചൂണ്ടുപലകയാണ്, വരാനിരിക്കുന്ന ദുരന്തങ്ങളുടെ, ആർത്തിയുടെ ആവർത്തനങ്ങളിലേക്ക്. ▮


വി. ജയദേവ്​

മാധ്യമപ്രവർത്തകൻ, കവി, നോവലിസ്റ്റ്, കഥാകൃത്ത്. ഭൂമിയോളം ചെറുതായ കാര്യങ്ങൾ, ചോരപ്പേര്,മായാബന്ധർ (നോവൽ), ഒരു കാറ്റിനെ എങ്ങനെ വായിക്കും, ഒരു പൂമ്പൊടി കൊണ്ടും ഒരു പൂക്കാലം കൊണ്ടും, കപ്പലെന്ന നിലയിൽ ഒരു കടലാസ് തുണ്ടിന്റെ ജീവിതം (കവിതാ സമാഹാരങ്ങൾ), ഭയോളജി, മരണക്കിണർ എന്ന ഉപമ (കഥാസമാഹാരം) എന്നിവ പ്രധാന പുസ്തകങ്ങൾ.

Comments