ഏതുറക്കത്തിൽ നിന്ന് വിളിച്ചുണർത്തിച്ചോദിച്ചാലും സാബർമതി എന്നതിന് ഒരുത്തരമേയുള്ളൂ - ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ഇന്ത്യയുടെ ചുഴലിക്കണ്ണ്.
എന്നാൽ ഗുജറാത്തിലെ ഇന്നത്തെ തലമുറയ്ക്കു സാബർമതി എന്നാൽ ഒരുത്തരം മാത്രം. റിവർ ഫ്രണ്ട്. അടിച്ചുപൊളിയുടെ കൂത്തരങ്ങ്. സാബർമതി നദിയുടെ സ്വാഭാവികതീരങ്ങൾ മായ്ച്ചുകളഞ്ഞ് അതിനുമേൽ കെട്ടിപ്പൊക്കിയ കോൺക്രീറ്റ് നിർമിതിയുടെ വിശാലതയിൽ കൂടിയിരിക്കാനും ആർമാദിക്കാനും സമ്പന്നത സായാഹ്നസവാരിക്കിറങ്ങുന്ന പുതിയ മേച്ചിൽപ്പുറം. അവിടെയുണ്ടായിരുന്ന സമൂഹത്തിന് പുറമ്പോക്കിലെ തനതു താമസക്കാരെ കുടിയിറക്കിയ വിലാപങ്ങൾക്കു മീതെയാണു യൗവനത്തിന്റെ ആഘോഷത്തിളപ്പെന്ന കാര്യം അറിയാതെ.
ഈയിടെ സാബർമതി വാർത്തകളിൽ സ്ഥാനം പിടിച്ചിരുന്നത് മറ്റൊരു എഴുന്നെള്ളത്തിന്റെ പേരിലായിരുന്നു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സന്ദർശിച്ചപ്പോൾ ലോകം മുഴുവൻ സാബർമതിയെ കണ്ടു. ട്രംപിന്റെ വാക്കുകളിൽ, നോട്ടത്തിൽ, ആഘോഷക്കാഴ്ചകളിൽ.
അതിനും മുന്നേ, 2014ൽ, പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും ഉച്ചകോടിക്കായി നദീതീര ആശ്രമത്തിലെ നടപ്പാത തെരഞ്ഞെടുത്തപ്പോൾ ഒരിക്കൽ കൂടി ലോകം അവരെ കണ്ടു. 2017 ഡിസംബറിലെ നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പും സാബർമതി നദീജലമെത്ത മറ്റൊരു കൗതുകത്തിനും വേദിയായി. തിരഞ്ഞെടുപ്പു പ്രചാരണത്തിന് പ്രധാനമന്ത്രിയുടെ ജലവിമാനം പറന്നിറങ്ങിയപ്പോഴായിരുന്നു അത്.
അതെ, സാബർമതി എന്നത് വെറും കോൺക്രീറ്റ് നിർമിതിയും അഹിംസ എന്നത് കെട്ടുകാഴ്ചയുമായിരിക്കുന്നു. അതിലൂടെ ഒത്തിരി വെള്ളം ഒഴുകിപ്പോയിരിക്കുന്നു. കാണേണ്ടതു മാത്രം കണ്ണിൽ നിറയാതെ ആയിരിക്കുന്നു, ശരിക്കും എന്താണു സാബർമതി എന്ന ചോദ്യമായിരുന്നു പല യാത്രയ്ക്കും കാലനക്കം വച്ചത്.
ഗാന്ധി മങ്ങുന്ന സാബർമതി
എന്തായിരുന്നു സാബർമതി? സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ നെടുനാൾ വിറളി പിടിപ്പിച്ച പേര്. ഭൂമിയിലെ ഏതെങ്കിലും മണ്ണിലൂടെ ഒഴുകി കടലിൽ പോയി പതിക്കുമായിരുന്ന വെറും നദിയായിരുന്നില്ല അത്. സാബർമതിയെന്നാൽ, മാഞ്ചസ്റ്ററിലെ മിൽത്തുണിക്കുനേരെ നീട്ടിപ്പിടിച്ച ചർക്ക. ഉപ്പിനുപോലും നികുതി ചുമത്തിയ ബ്രിട്ടീഷ് ഭരണത്തിനുനേരേ ദാണ്ഡി കടൽത്തീരത്ത് രാജ്യം കുറുക്കിയെടുത്ത ഉപ്പ്. എന്റെ ജീവിതം തന്നെയാണ് എന്റെ സന്ദേശം എന്ന ഒരു രാജ്യത്തിന്റെ ആത്മവിശ്വാസം.
ഗാന്ധി ഉപയോഗിച്ച ചർക്കയും എഴുത്തുമേശയും ആശ്രമത്തിൽ കനത്ത ഇരുമ്പഴിക്കുള്ളിൽ സൂക്ഷിക്കപ്പെടുന്നതിൽ ചെറിയ വിരോധാഭാസം തോന്നാം. എങ്ങനെ തടവിലാക്കാനാവും അത്രയും പ്രചണ്ഡമായിരുന്ന ഒരു കാലത്തെ?
മഹാത്മാഗാന്ധിയുടെ നൂറ്റമ്പതാം പിറന്നാളും രാജ്യം ആഘോഷിച്ചുകഴിഞ്ഞിരിക്കെ, സാബർമതി ആശ്രമവും ഒരു നൂറ്റാണ്ട് പിന്നിടുകയാണ്. ഗാന്ധി എന്നല്ല, മറിച്ച് ഗാന്ധിജി എന്ന പേരിനു പര്യായമായി തീർന്ന പുണ്യഭൂമി. സ്വാതന്ത്ര്യസമരത്തിന് സഹനത്തീ ആളിക്കത്തിച്ച പല ഓർമകൾ. നെഞ്ചുകളിൽ നിന്ന് നെഞ്ചുകളിലേക്ക് ഒരു കാലം കാട്ടുതീ കൊളുത്തിയ നെരിപ്പോട്. 1930 ൽ ദാണ്ഡി കടൽത്തീരത്ത് ഉപ്പു കുറുക്കി നിയമം ലംഘിക്കാൻ ഗാന്ധിജിയും സമരഭടന്മാരും ഇറങ്ങിപ്പോയ കനൽവഴിത്തുടക്കം. മിൽത്തുണിയുടെ മഴവിൽനിറരാജിക്കു നേരെ വെയിലിൽ പിടിച്ച ചവുണ്ട നിറത്തിലുള്ള ഖദർ നൂലിഴ. അധികാരത്തിന്റെ വച്ചുകെട്ടലുകൾക്കു മുന്നിൽ നെഞ്ചൂക്കം കാണിച്ച അർധ നഗ്‌നത.
ഗാന്ധി ഉപയോഗിച്ച ചർക്കയും എഴുത്തുമേശയും ആശ്രമത്തിൽ കനത്ത ഇരുമ്പഴിക്കുള്ളിൽ സൂക്ഷിക്കപ്പെടുന്നതിൽ ചെറിയ വിരോധാഭാസം തോന്നാം. എങ്ങനെ തടവിലാക്കാനാവും അത്രയും പ്രചണ്ഡമായിരുന്ന ഒരു കാലത്തെ? ഒരു രാജ്യത്തിന്റെ തെക്കുവടക്ക് കിഴക്കുപടിഞ്ഞാറ് അച്ചുതണ്ടുകളെ ഒരു ഊന്നുവടിയിലേക്ക് ആവേശിപ്പിച്ച പ്രജ്ഞയെ. ദുർബലമെന്നു തോന്നുമെങ്കിലും ഉൾക്കരുത്തു മുറ്റിയ ഒരു നെഞ്ചൂക്കിനെ? ഏതു കരിനിയമത്തെയും വെല്ലുവിളിക്കാൻ ദരിദ്രനാരായണന്മാരെ നീറ്റിയ ഉപ്പിനെ?
ആശ്രമമെന്ന ഉൾക്കാഴ്ച
ആശ്രമമെന്നു കേൾക്കുമ്പോൾ പെട്ടെന്നു തോന്നുന്ന കാഷായമില്ല. കണ്ണഞ്ചിക്കുന്ന വർണപ്പകിട്ടില്ല. വെയിലിൽ നരച്ചുപോവുന്ന ദുർമേദസുകളില്ല. പുറത്തു മതിൽക്കെട്ടിനപ്പുറം തിടുക്കം കൂട്ടുന്ന നഗരത്തിരക്കുകളില്ല. ഭ്രാന്തൻവേഗങ്ങൾ തിക്കിത്തിരക്കുന്ന അഹമ്മദാബാദ് നഗരത്തിൽ തന്നെയാണോ നിൽക്കുന്നത് എന്നു സംശയിപ്പിക്കും. നദി കടന്നു നഗരത്തിലേക്കു നീളുന്ന രാജപാതകളിൽ നിന്നകന്നു സാബർമതി ആശ്രമം. അവിടെ ആരെയും തന്നിലേക്കു തന്നെ വലിച്ചടുപ്പിക്കുന്ന നിശ്ശബ്ദതയാണ് ഏറെയും.
ഗാന്ധിയെ ഓർമിപ്പിക്കാൻ തലയെടുപ്പുള്ള കൂറ്റൻ പ്രതിമയില്ല. ആ മേഘഗർജനത്തെ വാഴ്ത്തുന്ന ആഘോഷപ്പെരുക്കങ്ങളില്ല. ഒരു അർധവൃത്തമോ രണ്ട് ഓട്ടക്കണ്ണട വട്ടമോ ആരേയും ഒരു കാലത്തെ കൊടുങ്കാറ്റിനെ ഓർമിപ്പിക്കുമെങ്കിൽ എടുപ്പുകുതിരകളെന്തിന്. അതാണ് സാബർമതിയിൽ ഇന്നും സന്ദർശകനെ കാത്തിരിക്കുന്നത്. ആശ്രമവരാന്തയിൽ തിരിയുന്ന ഒരു ഒറ്റച്ചർക്കയിൽ നിന്ന് ഒരു രഘുപതിരാജാറാം ഈണം ഉയരുന്നുണ്ടാവാം. അതിനു നന്നെ ശ്രദ്ധിച്ചുനിൽക്കണം. മറ്റെല്ലാ പ്രാർത്ഥനകളും ഉപേക്ഷിക്കണം. അനാസക്തമാകണം മനസ്സ്. അവനവൻ മാത്രമാണെന്നു തിരിച്ചറിയണം. എന്നാൽ കേൾക്കാം. അല്ലാതെ പെട്ടിപ്പാട്ടോ കോളാമ്പികളോ ബോധത്തിൽ ഒരു അട്ടിമറിയും ഉണ്ടാക്കാനില്ല.
തൊടിയിൽ ക്രമത്തിന് നിരയൊപ്പിച്ചു വെട്ടിയൊരുക്കിനിർത്തിയ കൃത്രിമ ഉദ്യാനങ്ങളില്ല. കണ്ണഞ്ചിക്കുന്ന നിറങ്ങൾ വിയർക്കുന്ന പൂക്കാടുകളില്ല. ചെലവുകൂടിയ പച്ചപ്പുൽപ്പരവതാനികളില്ല. ധാരാളിത്തത്തെ ഓർമിപ്പിക്കുന്ന ജലധാരകളില്ല. നിയോൺവെളിച്ചത്തിരത്തള്ളലില്ല. മുറ്റത്തെ സ്വാഭാവിക മരപ്പച്ചയിൽ നിന്ന് നിറം വാർന്നുപോയിട്ടോ എന്ന് ഓർമിപ്പിക്കുമാറ്, നരച്ച തണലുകൾ ഒളിച്ചുകളിക്കുന്നുണ്ടാവും. സന്ദർശകരിലാരുടെയോ വിരലിൽ നിന്നൂർന്നുപോയ കടലത്തുണ്ടിനെ നിശ്ശബ്ദം വന്നു റാഞ്ചിയെടുത്ത് മരങ്ങളിലൊന്നിലേക്ക് ഒരു അണ്ണാറക്കണ്ണൻ ഓടിക്കയറുന്നു. ആശ്രമത്തിനുള്ളിലെ ഇടുങ്ങിയ മുറികളിലൊന്നിൽ നിന്ന് വേച്ചിറങ്ങിയ ഉറക്കം തൂങ്ങിയൊരു കാറ്റ് ഒരു കിളിച്ചിറകിലേക്കു ഞെട്ടിയുണരുന്നു.
ഇന്ന് സാബർമതി ശാന്തമാണ്. ഗാന്ധിജി എന്ന പേര് ഇപ്പോഴും മറക്കാത്ത മെലിഞ്ഞ സന്ദർശകക്കൂട്ടങ്ങൾ വന്നുപോകുന്നു. ആരവങ്ങളില്ല, തിടുക്കങ്ങളില്ല, എന്തിനെയും കീഴടക്കുന്ന നെഞ്ചൂക്കില്ല. ഏത് ഒച്ചപ്പെരുക്കങ്ങളും ആശ്രമത്തിന്റെ മണൽ വിരിച്ച മുറ്റങ്ങളിൽ നിശ്ശബ്ദമാവുന്നു. ഒരു കാലം ഒരു രാജ്യത്തിന്റെ തിളനില നിശ്ചയിച്ചിരുന്ന പകലുകൾ കത്തിനിന്ന മുറ്റത്ത്.
കോൺക്രീറ്റ് വികസനത്തിനായി നദീതീരത്തുനിന്ന് കുടിയൊഴിക്കപ്പെട്ടവർ നഗരത്തിലെ മറ്റ് അരികുകളിലേക്കു മാറ്റപ്പെട്ടിരിക്കുന്നു. അവർക്കു മതിയായ പുനരധിവാസ പാക്കേജ് പോലും പ്രഖ്യാപിക്കപ്പെട്ടുകൂടിയിരുന്നില്ല. റിവർഫ്രണ്ടെന്നെ കോടികളുടെ കച്ചവടത്തിനു മുന്നിൽ പിടിച്ചുനിൽക്കാൻ പറ്റാത്തവരായിരുന്നു അവർ.
പുതിയ നിർമിതികൾ
വിശാലമായ സംവിധാനങ്ങളോടെ വാസ്തുശിൽപ്പ വൈദഗ്ധ്യത്തിൽ മാറ്റിവരയ്ക്കപ്പെട്ട സാബർമതി തീരം - റിവർ ഫ്രണ്ട് - ആയിരങ്ങളുടെ സംഗമവേദിയാണിന്ന്. പട്ടം പറത്തൽ മേളകളും ആഘോഷക്കൊഴുപ്പുള്ള കൂട്ടായ്മകൾക്കും മറ്റും. അന്യന്റെ ശബ്ദം സംഗീതമായി കേൾക്കാനാവാൻ പറ്റാത്ത ആരവങ്ങൾക്കും. ഇന്ന് സാബർമതിയെന്നാൽ റിവർഫ്രണ്ടും കിലോമീറ്ററുകൾ നടന്നുമടുക്കുന്ന കോൺക്രീറ്റ് നടപ്പാതകളുമായി മാറിയിരിക്കുന്നു. സ്വാഭാവിക ഒഴുക്ക് എന്നോ നിലച്ചുപോയിരൂന്ന നദി ഇന്നു കെട്ടിനിർത്തിയിരിക്കുന്ന നർമദവെള്ളക്കെട്ടു മാത്രം. ആഡംബരങ്ങളുടെ പുറംമോടി. അഹങ്കാരവും മേനിപറച്ചിലുമായിരിക്കുന്നു.
കോൺക്രീറ്റ് വികസനത്തിനായി നദീതീരത്തുനിന്ന് കുടിയൊഴിക്കപ്പെട്ടവർ നഗരത്തിലെ മറ്റ് അരികുകളിലേക്കു മാറ്റപ്പെട്ടിരിക്കുന്നു. പറിച്ചെറിഞ്ഞ അതിജീവനങ്ങളായിരുന്നു അത്. പറക്കമുറ്റാത്ത ആഗ്രഹങ്ങളായിരുന്നു. പണിതിട്ടും പണിതിട്ടും തീരാത്ത ജീവിതങ്ങൾ. അവർക്കു മതിയായ പുനരധിവാസ പാക്കേജ് പോലും പ്രഖ്യാപിക്കപ്പെട്ടുകൂടിയിരുന്നില്ല. റിവർഫ്രണ്ടെന്നെ കോടികളുടെ കച്ചവടത്തിനു മുന്നിൽ പിടിച്ചുനിൽക്കാൻ പറ്റാത്തവരായിരുന്നു അവർ. നഗരത്തിന്റെ പുറമ്പോക്കുകൾ അവർക്കുസ്വന്തം. അർധ നഗ്‌നതയും പാതി നിറഞ്ഞ വയറുകളും അവർക്ക് ഒരു ബാധ്യതയായിരുന്നില്ല, തീരാത്ത അതിജീവന ബാധ്യതകൾ ഇനിയും പുനരധിവസിക്കപ്പെടാൻ ബാക്കി. എല്ലാം പതിവു കാഴ്ചകളായിരിക്കുന്നു.
സാബർമതി ഗാന്ധിജിയുടെയും ഒരു പുതിയ നിർമിതിയായിരുന്നു. വർഷകാലത്തു മാത്രം കര തൊടുമായിരുന്ന ഒരു നദിക്കരയിൽ ബുൾഡോസറുകളും പിന്നീടു ജെ.സി.ബികളും കയറിത്തിന്നുപോവുമായിരുന്ന ഒരു പിടി മണ്ണ്. ആ മണ്ണിനെയാണ് പിൽക്കാല തലമുറയ്ക്കത്രയും ശാന്തിമന്ത്രമാക്കിക്കൊണ്ടു ഗാന്ധിജി ഒരു ആശ്രമമായി വളർത്തിയെടുത്തത്. വേദമന്ത്രങ്ങൾക്കു പകരം അവിടെ ഉയർന്നതു സമരകാഹളങ്ങൾ. സത്യം തേടിയുള്ള ഉള്ളുരുക്കങ്ങൾ. അസ്തമിക്കാത്ത സൂര്യനെതിരെയുള്ള അഹിംസയുടെ കലാപങ്ങൾ. സബ്‌കോ സൻമതി ദേ ഭഗവാൻ എന്നു തുടങ്ങിയ മുട്ടിപ്പായ പ്രാർഥനകൾ.
ദക്ഷിണാഫ്രിക്കയിലെ പാഠങ്ങൾ
ദക്ഷിണാഫ്രിക്കയിലെ വർണവിവേചനത്തിന്റെ കയ്പിൽനിന്ന് ഗാന്ധിജി തീണ്ടിയത് സമൂഹജീവിതത്തിന്റെ പാഠങ്ങൾ. അവിടെനിന്ന് നാട്ടിൽ മടങ്ങിയെത്തിയശേഷം ആദ്യത്തെ ആശ്രമം സ്ഥാപിക്കുന്നത് എന്നാൽ സാബർമതിയിലായിരുന്നില്ല. അഹമ്മദാബാദിൽ തന്നെയുള്ള കൊച്ച്‌റാബ് ഗ്രാമത്തിലായിരുന്നു. ബാരിസ്റ്റർ ജീവൻലാൽ ദേശായിയാണ് സ്ഥലം സംഭാവന ചെയ്തത്. എന്നിട്ടും, അരിഷ്ടതകൾ തീരുമായിരുന്നില്ല. നാൽപ്പതോളം അന്തേവാസികൾക്ക് ജീവിതവും സമരവും മുന്നോട്ടു കൊണ്ടുപോകാൻ ആരുടെയെങ്കിലും സഹായം കൂടിയേ തീരൂ എന്നായിക്കഴിഞ്ഞിരുന്നു (സ്വാതന്ത്ര്യത്തിനു ശേഷം പിന്നീടെപ്പോഴോ ഗാന്ധി അന്നു നട്ട പ്രസ്ഥാനത്തിന് കോടികളുടെ പളപളപ്പും ഖാദിസിൽക്കിന്റെ മിനുമിനുപ്പും വന്നുചേർന്നിരുന്നുവെങ്കിലും. പച്ചനോട്ടിൽ തന്നെ ഗാന്ധിത്തല അച്ചടിക്കപ്പെട്ടുവെങ്കിലും).
മംഗൾദാസ് ഗിരിധർദാസ് സേട്ടിന് ഗാന്ധിജി ഒരു കത്തെഴുതി. സദയം പ്രതിവർഷം ആറായിരം രൂപയ്ക്കുള്ള വഴി കണ്ടെത്തണം. അന്തേവാസികളിൽ ഒരാൾക്ക് ഒരു മാസത്തെ ചെലവ് പത്തുരൂപ വച്ചു കൂട്ടിയായിരുന്നു അത്. 1915 മേയ് 25 നാണ് കൊച്ച്‌റാബ് ആശ്രമം ആരംഭിച്ചത്. ബ്രിട്ടീഷുകാർക്കെതിരെയുള്ള സഹനകലാപത്തിന്റെ ഈറ്റില്ലമായി അത്. സത്യാഗ്രഹം, സ്വദേശി, പശുസേവ, ശുചിത്വം, കൂട്ടായ പാർപ്പ്, പൊതുവായ ഊട്ട്.. എന്നിവയായിരുന്നു അടിസ്ഥാന പാഠങ്ങൾ.
വഴിത്തിരിവായി പ്ലേഗ്
രണ്ടുവർഷം തികച്ചില്ല, എന്നാൽ. കൊച്ച്‌റാബ് ഗ്രാമത്തെ വിഴുങ്ങി പ്ലേഗ് പടർന്നുപിടിച്ചു. തന്റെയല്ല, കുട്ടികളടക്കമുള്ള അന്തേവാസികളുടെ ആരോഗ്യമായിരുന്നു ഗാന്ധിജിക്കു പ്രധാനം. മറ്റൊരിടത്ത് ആശ്രമം തുടങ്ങാതെ പറ്റില്ലെന്നായി. എന്നാൽ അതു മാത്രമായിരുന്നില്ല കാരണം, പ്ലേഗ് ആശ്രമമാറ്റം വേഗത്തിലാക്കി എന്നുമാത്രം. മറ്റൊരു വലിയ സങ്കടം ഗാന്ധിജിയെ അലട്ടുന്നുണ്ടായിരുന്നു. പാടങ്ങളും തോട്ടങ്ങളും കന്നുകാലികളുമില്ലാതെ ഒരു ആശ്രമവും പൂർണമാവുന്നില്ല എന്നു ഗാന്ധിജി കണ്ടു. കൊച്ച്‌റാബിലെ ചെറിയ സ്ഥലത്ത് ഇതൊന്നുമുണ്ടായിരുന്നില്ല. സാധിക്കുമായിരുന്നില്ല.
മറ്റൊരു സ്ഥലം ഗാന്ധിജിയുടെ മനസിലുടക്കിയിരുന്നു, അപ്പോഴേക്കും, പക്ഷെ, ഒരു ചെറിയ പ്രശ്‌നം. ജയിലിനും ശ്മശാനത്തിനും ഇടയ്ക്കായിരുന്നു അത്. ജീവിതത്തിന്റെ നൈരന്തര്യത്തെപ്പറ്റി ബോധ്യമുണ്ടായിരുന്നതിനാൽ അത് അലട്ടിയില്ല. ജയിൽ എന്നത് സത്യഗ്രഹികൾക്ക് എന്നായാലും പോകാനുള്ള സ്ഥലം തന്നെയാണെന്നു ഗാന്ധിജി പറഞ്ഞു. ശ്മശാനവും ആർക്കും എന്നായാലും പോകേണ്ടതും. ആ സ്ഥലം പിന്നീട് ചരിത്രമായി. ഇന്ത്യയെന്നാൽ സാബർമതി എന്നുവരെ ലോകം കേൾക്കുന്ന ആശ്രമം. സാബർമതി നദിക്കരയിലെ ആ വിജനമായ സ്ഥലമാണു പിന്നീടു സത്യഗ്രഹികളെ പെറ്റുകൂട്ടിയത്. സത്യത്തെ പോറ്റിവളർത്തിയത്.
1917 ജൂൺ 17 ന് സാബർമതി ആശ്രമത്തിന് പിറപ്പുനാൾ. തിടുക്കത്തിലായിരുന്നു ആശ്രമമാറ്റം. ഗാന്ധിജിയും തിരക്കുകളിലായിരുന്നു ദൂരെ, ബിഹാറിലെ ചംബാരനിലെ കർഷകപ്രതിഷേധങ്ങളിൽ കൊടുങ്കാറ്റ് നിറയ്ക്കുക. തുച്ഛമായ വേതനം കൈപ്പറ്റി ജമീന്ദാർമാർക്ക് നീലം കൃഷി ചെയ്ത് സഹികെട്ട കർഷകരുടെ ദുരിതത്തിന്റെ അണ പൊട്ടുകയായിരുന്നു. ഇന്ത്യയിലെ ആദ്യത്തെ സത്യഗ്രഹ സമരമായോ ആദ്യത്തെ നിയമലംഘനമായോ വായിച്ചെടുക്കാവുന്ന സമരത്തിനു ഗാന്ധിജി മുന്നിൽ നിൽക്കവേയായിരുന്നു സാബർമതി ആശ്രമത്തിനു തുടക്കമായത്.
കൃഷിയും സമരവും
കൂട്ടിവച്ചതും പിരിച്ചെടുത്തതുമായ പണം കൊണ്ട് പതുക്കെയാണ് സാബർമതി വളർന്നത്. പതുക്കപ്പതുക്കെ പൂർണ ആശ്രമമെന്ന സ്വപ്നത്തിനും ഓരില ഈരില വളർന്നു. അദ്ദേഹത്തിന്റെ തന്നെ വാക്കുകളിൽ പറഞ്ഞാൽ; ""ഇപ്പോൾ ആശ്രമ വയലുകളിൽ പരുത്തി, ഗോതമ്പ്, തിന, പഴത്തോട്ടങ്ങളിൽ ഓറഞ്ച്, മാതള നാരകം എന്നിവ വിളവെടുക്കുന്നുണ്ട്.
മഴ കഷ്ടിയാണ്. ആശ്രമത്തിലെ കിണറ്റിൽ നിന്ന് കോരിനനക്കേണ്ടിവരുന്നുണ്ട്.'' (അടുത്ത ദക്ഷിണാഫ്രിക്കൻ സുഹൃത്തായ ഹെർമൻ കലൻബാക്കിന് 1921 ജൂലൈ 15 ന് എഴുതിയ കത്ത്), ധാന്യങ്ങളും പഴങ്ങളും പച്ചക്കറികളും കന്നുകാലികളുമായി 1928 ആയപ്പോഴേക്കും കൃഷിസ്ഥലം തന്നെ നൂറേക്കറോളമായിക്കഴിഞ്ഞിരുന്നു.
പിന്നെ മടങ്ങിവന്നില്ല ഗാന്ധി
സഹനസമരത്തിന്റെ എന്തെന്ത് ഗൂഢാലോചനകൾ നടന്നിട്ടില്ല അവിടെ. നിയമം ലംഘിക്കാൻ കൂടിയുള്ളതാണ്, അത് ഒരു രാഷ്ട്രീയ സമരമാണ് എന്നത്. നിയമലംഘനങ്ങൾ, സന്ധി സംഭാഷണങ്ങൾ, ദരിദ്രനാരായണന്മാരുടെ അടവുനയങ്ങൾ, മനു മാറ്റിപ്പറിച്ചുനട്ട വർണനീതികളുടെ കൂട്ടായ്മകൾ, വരേണ്യത പടിയിറക്കിവിട്ട വർണങ്ങളുടെ, ഭാഷകളുടെ, കൂടിയിരിപ്പിന്റെ തിരിച്ചുപിടിക്കലുകൾ.
ഇന്ത്യയൊന്ന് എന്ന് ലോകത്തോടു വിളിച്ചുപറഞ്ഞ സമരങ്ങൾ, സത്യഗ്രഹത്തിന്റെ ആഴമറ്റ സഹനങ്ങൾ, സാബർമതി പര്യായമായി മാറാത്തത് അക്കാലത്ത് എന്തിന്റെയാണ്. ഉപ്പിനുപോലും നികുതി അടിച്ചേൽപ്പിച്ച കരിനിയമത്തെ കടലിൽ ഉപ്പു കുറുക്കി ഇല്ലാതാക്കിയ ദാണ്ഡി യാത്രയും സമരവും കാറ്റുപിടിച്ചതും ഇവിടെത്തന്നെ. 1930 മാർച്ച് 12 നു ഗാന്ധിജിയുടെ നേതൃത്വത്തിൽ ദാണ്ഡി കടൽത്തീരത്തേക്ക് ഒരു കൊടുങ്കാറ്റിന്റെ കെട്ടഴിഞ്ഞു.
ഗാന്ധിജി സാബർമതിയുടെ പടികളിറങ്ങി. മാതൃരാജ്യത്തിന് സ്വാതന്ത്ര്യം കിട്ടാതെ ഇനിയൊരു മടങ്ങിവരവില്ലെന്ന് പ്രതിജ്ഞ.
പിന്നെയൊരിക്കലും ആ മടങ്ങിവരുവുണ്ടായില്ല. സ്വാതന്ത്ര്യം കിട്ടി ഏറെ കഴിയുന്നതിനു മുന്നേ ഹിന്ദുമതവാദി ഗോഡ്‌സെയുടെ തോക്കിന്റെ നിറവയറൊഴിഞ്ഞു. ആൾഭേദമില്ലാത്ത വെടിയുണ്ടയ്ക്കു മുന്നിൽ ഹേ റാം എന്നു വീണു പൊലിഞ്ഞു.
കല്ലും മരവും കോൺക്രീറ്റും മാത്രമാണ് നിർമിതി എന്നു വിചാരിക്കുന്ന വാസ്തുശിൽപ്പികളുടെ കൈയിൽ നിന്ന് എന്നാലും ഇനിയും സാബർമതിക്ക് അധികം ദൂരമില്ല എന്നതാണു വാസ്തവം.
ആശ്രമത്തിനു നേരേ പണ്ടേ വെള്ളക്കാരനു കണ്ണ്
1932 ആയപ്പോഴേക്കും ആശ്രമത്തിൽ അന്തേവാസികൾ കുറഞ്ഞു. ബ്രിട്ടീഷ് സർക്കാരിന് ആശ്രമത്തിലെ രാഷ്ട്രീയപ്രവർത്തനങ്ങൾ കണ്ണിലെ കരടായിരുന്നു. എന്നാൽ, ഗാന്ധിജിയുള്ളപ്പോൾ ഒന്നിനും സാധിച്ചിരുന്നില്ല. ആശ്രമഭൂമി ഏറ്റെടുക്കാനുള്ള നീക്കം സർക്കാർ തുടങ്ങി. എന്നാൽ ഗാന്ധിജി ആശ്രമം ഹരിജൻ സേവക് സംഘിനു വിട്ടുനൽകുകയായിരുന്നു. പതിനാറു വർഷത്തിനു ശേഷം സാബർമതിക്കു വിരാമം.
സ്വാതന്ത്ര്യം കിട്ടിയശേഷമായിരുന്നു പിന്നീട് ആശ്രമത്തെ സമ്പൂർണ അഹിംസാ മ്യൂസിയമായി മാറ്റിയത്. പ്രശസ്ത വാസ്തുശിൽപി ചാൾസ് കൊറയ ആയിരുന്നു ഒരു കോൺക്രീറ്റ് കെട്ടിടക്കാടാക്കാതെ മഹാത്മാ ഗാന്ധി മ്യൂസിയമായി അതിനെ മാറ്റിവരച്ചത്.
അതാണ് ഇന്നു കാണുന്ന സാബർമതി ആശ്രമം. കല്ലും മരവും കോൺക്രീറ്റും മാത്രമാണ് നിർമിതി എന്നു വിചാരിക്കുന്ന വാസ്തുശിൽപ്പികളുടെ കൈയിൽ നിന്ന് എന്നാലും ഇനിയും സാബർമതിക്ക് അധികം ദൂരമില്ല എന്നതാണു വാസ്തവം. എസ്‌കലേറ്ററും നീന്തൽക്കുളവും കെട്ടിടസമുച്ചയങ്ങളും ശീതീകരിച്ച ഉൾത്തളങ്ങളും കൊണ്ട് ഗാന്ധിജിയുടെ അർധ നഗ്‌നതയെ ഓർമിപ്പിച്ചുകളയാം എന്ന വിചാരത്തിലേക്കും അധികം അകലമില്ല എന്നതും. കാരണം, മാറാത്തതായി സാബർമതിയിൽ ഇപ്പോൾ ആ ആശ്രമം മാത്രമേയുള്ളൂ. ആ ഓർമ മാത്രമേയുള്ളൂ. ▮