കുത്തബേയുടെ കോട്ടയിലെ കിളിവാതിൽക്കൽ നിന്നുള്ള മെഡിറ്ററേനിയൻ സമുദ്രത്തിന്റെ കാഴ്ച

നൈൽ വിളിയ്ക്കുന്നു
ജലഹൃദയങ്ങളുടെ തൂവൽഭാരം

ഏകാധിപത്യമെന്നത് അരാജകതത്വത്തെക്കൾ ഭേദം എന്നാണ് ഈജിപ്റ്റിൽ നിന്ന്​ ഉൾക്കൊള്ളേണ്ട പാഠം. ഇപ്പോൾ അസീസിയുടെ പട്ടാളഭരണകൂടമെങ്കിലും ഉള്ളതുകൊണ്ട്​ എല്ലാ അനധികൃത പ്രവർത്തനങ്ങൾക്കും ഒരു തടയിട്ടിട്ടുണ്ട്.

മൂന്ന്​

റാണിയാ പരിമളം

ന്നാം ദിവസം കഷ്ടി നാലുമണിക്കൂർ ഉറങ്ങി.
ഉറക്കമുണർന്നത് വയർ കത്തിക്കാളുന്ന പെരുംവിശപ്പിലേക്കാണ്.
അന്നത്തെ ദിവസം അലക്‌സാൻഡ്രിയ മുഴുവൻ കണ്ടുതീർക്കണം.
ഇളം പിങ്ക് റോസാപ്പൂ, ദളം വിരിഞ്ഞ്​ വിനയപരിമളത്തോടെ റിസപ്ഷനിൽ ഞങ്ങളെ കാത്തിരിക്കുന്നു.
റാണിയാ... അവളായിരുന്നു അന്നത്തെ ടൂർ ഗൈഡ്.
ഞാൻ ആദ്യമായി നേരിട്ടിടപഴകുന്ന ഒരു ഈജിപ്ഷ്യൻ സ്ത്രീ അവരായിരുന്നു.
അവർ ഓരോനേരവവും ഞങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടോ, സംഭ്രമമോ ഇല്ലെന്ന് ഉറപ്പുവരുത്തുന്നുണ്ടായിരുന്നു. പട്ടാളത്തിൽ നിന്നെന്ന് പരിചയപ്പെടുത്തി ഒരു സെക്യൂരിറ്റി ഓഫീസർ ഞങ്ങളുടെ യാത്രയുടെ വിശദാംശങ്ങൾ ചോദിച്ചറിഞ്ഞു. അവിടെയെത്തുന്ന സഞ്ചാരികളുടെ സുരക്ഷക്കായിവർ കൂടെ വരണം എന്നുണ്ടെങ്കിലും കാറിലെ സ്ഥലപരിമിതിമൂലം അദ്ദേഹം കൂടെ വന്നില്ല.

നോമ്പുദിനമായതിനാൽ പല കടകളും തുറന്നിട്ടില്ല. ചായ കിട്ടാത്ത ദിവസങ്ങൾ എരിഞ്ഞടങ്ങാനായ കനലാവും ഞാൻ. അമ്മേടെ ചായ, അച്ഛന്റെ കൂടെ കടയിൽ പോയി കുടിക്കുന്ന ചായ, ചായ ഓർമയും വികാരവുമാണെനിക്ക്. അതില്ലാത്ത ഏതൊരുദിവസം മുഴുവനും ബന്ദ് പ്രഖ്യാപിക്കാൻ ഞാൻ തയ്യാറാണ്. എന്റെ ശാഠ്യത്തിനു വഴങ്ങി, അവർ ആദ്യം തന്നെ വണ്ടി തിരിച്ച് പെട്രോൾ സ്റ്റേഷനടുത്തുള്ള ഷോപ്പിൽ നിന്ന്​ ചായയും സാൻഡ്​വിച്ചും വാങ്ങിത്തന്നു. അതിനുശേഷം അലക്‌സാൻഡ്രിയയിലെ പുതിയ ലൈബ്രറിയിലേക്കാണ് ഞങ്ങൾ പോയത്. വിശപ്പടക്കാൻ പുസ്തകങ്ങൾ!

അമ്മു വള്ളിക്കാട് തന്റെ ടൂർ ഗെെഡ് റാണിയായ്ക്കൊപ്പം.

ബിബ്ലിയോതീക്ക അലക്‌സാൻഡ്രിന

ലൈബ്രറി അന്ന് തുറന്നിരുന്നില്ല. റാണിയാ, ആ ലൈബ്രറിയെ പറ്റി റോഡരികിൽ നിന്നുകൊണ്ട് പറഞ്ഞുതുടങ്ങി. പഴയ ബ്രഹത് പുസ്തകശാലയുടെ അതേ സ്ഥാനത്ത് കടലോരത്ത് റോഡിനരികെയാണ് പുതിയ ലൈബ്രറി സ്ഥിതി ചെയ്യുന്നത്. മോസേയോൺ (Museion) എന്നാണ് പഴയ ലൈബ്രറിയുടെ പേര്. ഗ്രീക്ക് കലയുടെ ദേവത മ്യുസെസിനെ (Muses) പ്രതിഷ്ഠിച്ചിടം എന്നത് അർത്ഥമാക്കുന്നു. ഏഴ് ലക്ഷത്തോളം പുസ്തകങ്ങൾ പഴയ ലൈബ്രറിയിൽ ഉണ്ടായിരുന്നത്രേ. ആർക്കിമിഡീസ് തന്റെ പ്രധാന കണ്ടുപിടുത്തമായ വാട്ടർ സ്‌ക്രൂ ഇവിടെയിരുന്നാണ് കണ്ടുപിടിച്ചത്. ഒരുപക്ഷേ സൈദ്ധാന്തികമായി വിശദീകരിച്ചത് എന്നായിരിക്കണം. കാരണം, അതിനും ഏറെ മുൻപ് ഈജിപ്തുകാർ ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് നൈലിൽ നിന്ന്​ വെള്ളം കോരിയെടുക്കാറുണ്ടായിരുന്നു. ഈജിപ്ഷ്യൻ സ്‌ക്രൂ എന്ന് മറ്റൊരു പേരുകൂടി ഈ ഉപകരണത്തിനുണ്ട്.

ബിബ്ലിയോതീക്ക അലക്‌സാൻഡ്രിന എന്നത് പഴയ ലൈബ്രറിയുടെ പുനഃപ്രതിഷ്ഠ തന്നെയായിരുന്നു. അഞ്ച് ലക്ഷത്തോളം പുസ്തകം ഫ്രാൻസ് ലൈബ്രറിയിൽ നിന്ന്​ ലഭിച്ചു. അങ്ങനെ, ലോകത്തിലെ തന്നെ ഏറ്റവും വലിയ വായനശാലകളിലൊന്നായി മാറി.

ജ്ഞാനോദയത്തിന്റെ കേന്ദ്രമായിരുന്നു ലൈബ്രറി. ഈജിപ്തിലെ സമ്പന്നത ലോകത്തോട് വിളിച്ചുപറയാൻ പണികഴിപ്പിക്കപ്പെട്ടത്. 48 ബി.സിയിലുണ്ടായ സിസേറിയൻ തീപിടിത്തത്തിലാണ് പാപ്പിറസ് താളുകളിൽ എഴുതിനിറച്ച ഈ അപൂർവ്വ വിജ്ഞാനശേഖരം ഈ ലോകത്തിന് നഷ്ടപ്പെട്ടത്. ബിബ്ലിയോതീക്ക അലക്‌സാൻഡ്രിന (Bibliotheca Alexandrina) എന്നത് പഴയ ലൈബ്രറിയുടെ പുനഃപ്രതിഷ്ഠ തന്നെയായിരുന്നു. അഞ്ച് ലക്ഷത്തോളം പുസ്തകം ഫ്രാൻസ് ലൈബ്രറിയിൽ നിന്ന്​ ലഭിച്ചു. അങ്ങനെ, ലോകത്തിലെ തന്നെ ഏറ്റവും വലിയ വായനശാലകളിലൊന്നായി മാറി. മൊത്തത്തിൽ എട്ട് ലക്ഷത്തോളം പുസ്തകങ്ങൾ ഈ ലൈബ്രറിയിലുണ്ട്. യുനെസ്‌കോയുടെ സഹായത്തോടെ അലക്‌സാൻഡ്രിയ യൂണിവേഴ്‌സിറ്റിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ്, 1974 ഇത് പുതുക്കിപ്പണിയാൻ പദ്ധതിയുമായി മുന്നോട്ടുവന്നത്. കൈയെഴുത്തു പ്രതികളുടെ വലിയ ശേഖരംതന്നെ ഇവിടെയുണ്ട്. നാല് മ്യൂസിയം, പ്ലാനിറ്റോറിയം, കുട്ടികൾക്കും വികലാംഗർക്കുമൊക്കെയുള്ള പ്രത്യേക സൗകര്യം, ആ ലൈബ്രറിയിൽ അങ്ങനെ വിസ്മയിപ്പിക്കുന്ന പലതുമുണ്ട്. പ്രത്യേകതയുള്ള രൂപകൽപനയാണ് ലൈബ്രറിയുടെത്. സൂര്യഘടികാരം പോലെ വട്ടത്തിൽ ചെരിഞ്ഞുനിൽക്കുന്ന വലിയ കെട്ടിടം പുറത്തുനിന്ന്​ അന്തിച്ചുനോക്കിയതല്ലാതെ ഉള്ളിൽ കയറാനായില്ല ഞങ്ങൾക്ക്.

ബിബ്ലിയോതീക്ക അലക്‌സാൻഡ്രിന / Photo: Wikimedia Commons

മകനെ എഴുത്തിനിരുത്താൻ അലക്‌സാൻഡ്രിയയിലേക്ക് കൊണ്ടുവന്ന ഒരു സുഹൃത്തിനെപ്പറ്റിയപ്പോൾ ഞങ്ങൾ വെറുതേയോർത്തു. പടിഞ്ഞാറ് ലിബിയയും കിഴക്ക് സൂയിസ് കനാലും ഇസ്രായേലും. മുന്നിൽ മെഡിറ്ററേനിയൻ സമുദ്രം. പിറകിൽ നൈൽ നദിയോടു കൂടിച്ചേർന്ന് സുഡാൻവരെ നീണ്ടുകിടക്കുന്ന ഈജിപ്ത്. ഈജിപ്തിന്റെ ശിരസ്സിലെ തൂവൽപോലെ ഞങ്ങൾ അവിടെനിന്നും കടലിനെ നോക്കി നിന്നു.

കോം അൽ ശുക്കാഫയിലെ ക്യാറ്റാ കൂം
(Catacombs of Kom Ash-Shukkafa)

2 എഡിയിൽ നിർമിച്ച ഈ അന്തർഭൗമശ്മശാനമാണ് അലക്‌സാണ്ട്രിയയിലെ സംസ്‌കാര സമ്മേളനങ്ങളെ തനതായി അടയാളപ്പെടുത്തുന്ന പ്രധാനപ്പെട്ടയിടം. മധ്യയുഗത്തിലെ ഏഴു മഹാത്ഭുതങ്ങളിൽ ഈജിപ്തിൽ തന്നെയുള്ള ഒന്ന്. മറ്റൊന്ന് ഫറോ ലൈറ്റ് ലൈറ്റ് ഹൗസ്.

1900 ലാണ് ഈ ശവക്കല്ലറ കണ്ടുപിടിച്ചത്. ഒരുപറ്റമാളുകൾ ഉത്ഖനനം ചെയ്യുന്നതിനിടെ കാണാതായ തങ്ങളുടെ കഴുതയെതേടി പോയപ്പോഴാണ് ഒരു കുഴിയിലത് വീണുകിടക്കുന്നത് കണ്ടത്. അങ്ങനെയാണ് മൂന്നുനിലയാഴത്തിൽ ഇങ്ങനെയൊരു മഹാത്ഭുതം അവിടെ ഒളിച്ചിരിക്കുന്നത് ആളുകൾ അറിഞ്ഞത്.
പുറത്തുനിന്ന് നോക്കിയാൽ കാര്യമായി ഒന്നും കാണുകയില്ല. വർത്തുളാകൃതിയിലുള്ള ഗോവണി ഇറങ്ങിവേണം അകത്തു കടക്കാൻ. കിണർ പോലയൊന്നുണ്ട്. മൃതദേഹങ്ങൾ കെട്ടിയിറക്കിയത് ഇതുവഴിയാണെന്ന് റാണിയ പറഞ്ഞു. കോണി ചെന്നിറങ്ങുന്നതിന്റെ വലതുവശത്ത് പ്രധാന സംസ്‌കാരമുറി കാണാം.

ക്യാറ്റാ കൂമിലേക്കുള്ള സ്‌പൈറൽ ഗോവണി

കിളിവാതിലിലൂടെ ശവങ്ങൾ കെട്ടിത്താഴ്​ത്തുന്ന കാഴ്ചകൾ ഞാൻ കണ്ടു. ഈജിപ്തിൽ കാണേണ്ടതെല്ലാം മനക്കണ്ണിലാണ്. എന്തായിരിക്കും വർഷങ്ങൾക്കുമുമ്പ് ഇവിടങ്ങളിലെ വ്യവഹാരം? ഞാൻ ആരുടെയൊക്കെ കാലടികളാണ് പിന്തുടരുന്നത്? 100 അടിയാണ് ഇതിന്റെ താഴ്ച. കല്ലിൽ ചെത്തിയിറക്കിയാണ് നിർമിതി. മൂന്നാംനില വെള്ളത്തിനടിയിലാണ്. സാധാരണക്കാരുടെ മൃതദേഹങ്ങൾ വെച്ചിരുന്ന അറകൾ നിരന്നുകിടക്കുന്നു. മൂന്നോ നാലോ മമ്മികൾ അട്ടിക്ക് അവിടെ കൊണ്ടു വച്ചിരിക്കുന്നത് പോലെ മനസ്സിൽ കണ്ടു.

ഹാൾ ഓഫ് കാരക്കാലയിലെ കുതിര അസ്ഥികൾ

റോമൻ കുപ്പായങ്ങളണിഞ്ഞ ഈജിപ്ഷ്യൻ പ്രതിമകൾ. ചുരുണ്ട മുടിയുള്ള റോമൻ പ്രതിമകൾക്കു പക്ഷേ ഈജിപ്ഷ്യൻ മുഖം. പ്രധാന കാവടത്തിനരികെ ഒരു പെട്ടിക്കുള്ളിൽ കുതിരയുടെ അസ്ഥികൾ കൂട്ടിയിട്ടിരിക്കുന്നു. ഹോൾ ഓഫ് കരക്കാല എന്നാണ് അതിനെ വിളിക്കുന്നത്. ഏതോ ധനിക കുടുംബത്തിന്റെ കല്ലറ ആയിരുന്നു. പിന്നീട് സാധാരണക്കാരുടെ ശവങ്ങളും അവിടെ സൂക്ഷിച്ചിരുന്നു.

അവിടെയെങ്ങും മമ്മിഫിക്കേഷന്റെ രീതികൾ കൊത്തിവച്ചിരിക്കുന്നത് കാണാം. ഒരു കട്ടിലിൽ മരിച്ചുകിടക്കുന്ന മനുഷ്യൻ. അതിന്റെ പുറത്ത് മമ്മിഫിക്കേഷൻ ചെയ്യാൻ കുമ്പിട്ടു നിൽക്കുന്ന ചെന്നായത്തലയുള്ള ദൈവം അനുബിസ്. താഴെ കനോപ്പി കുപ്പികൾ. ഹൃദയം ഒഴികെ ശരീരത്തിൽ നിന്ന്​ പുറത്തെടുക്കുന്ന ആന്തരികാവയവങ്ങൾ സൂക്ഷിക്കുന്ന കുപ്പിയാണത്. ഹൃദയം, പ്രാചീന ഈജിപ്റ്റ്കാർക്ക് ഹൃദയമായിരുന്നെല്ലാം, പ്രാകൃതമനുഷ്യർ ഹൃദയാലുക്കൾ ആയിരുന്നോ ശരിക്കും?

കോം അൽ ശുക്കാഫയിലെ ക്യാറ്റാ കൂം

പോംപെയ് പില്ലർ

പിന്നീട് പോയത് പോംപെയ് പില്ലർ കാണാനാണ്. കാറ്റകോംബിന്റെ വളരെ അടുത്തുതന്നെ. പ്രാചീന റോമൻ കാലത്തെ അവശിഷ്ടങ്ങളുടെ ഒരു കുന്നായിരുന്നു അത്. ഇന്നോളം കേടില്ലാതെ നിലനിന്ന ചരിത്രസ്മാരകങ്ങളാണത്. പോംപേയ് പില്ലർ എന്ന കൂറ്റൻ ഏകശിലാസ്തംഭം ആയിരം കിലോമീറ്റർ അകലെയുള്ള അസ്വാനിലെ ചുവന്ന ഗ്രാനൈറ്റ് കൊണ്ട് പണിതതാണ്. 27 മീറ്റർ നീളമുള്ള, 290 ടൺ ഭാരമുള്ള ഈ ഒറ്റക്കല്ല്, അതെങ്ങനെ അക്കാലത്ത്​ ഇവിടെ എത്തിച്ചിരിക്കും? എങ്ങനെയിത്ര ഉയരത്തിൽ നാട്ടിയിരിക്കും? എന്തത്ഭുത മനിതരാണിവർ? ഈജിപ്ഷ്യൻ ജനതയെ കൊടിയ പട്ടിണിയിൽ നിന്ന്​ രക്ഷിച്ച ഡയോക്ലിറ്റിയനോടുള്ള (Diocletian​) ആദരസൂചകമായിട്ടാണ് ഈ സ്തംഭം പണിതത്. മൂന്നാം നൂറ്റാണ്ടിൽ പണിത ഈ സ്മാരകവുമായി, ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചുമരിച്ച റോമാ ചക്രവർത്തി പോംപെയുമായി യാതൊരു ബന്ധവും തെളിയിക്കപ്പെട്ടിട്ടില്ല. സെറാപ്പിയം എന്നുപേരുള്ള ഒരു അമ്പലവും ഇവിടെയുണ്ട്. അവിടുത്തെ പ്രതിഷ്ഠയായ കാളയുടെ പ്രതിമ ഞങ്ങൾ നോക്കിനിന്നു. പ്രാചീന ഗ്രന്ഥശാലയിലെ അധികപുസ്തകങ്ങൾ സൂക്ഷിച്ചുവച്ചിരുന്ന അറകളും അമ്പലത്തിനുള്ളിലായി കാണാം. തലയെടുപ്പോടെ രണ്ടു ചുവന്ന സ്പിങ്‌സ് കാവൽക്കാരെ പോലെ സ്തംഭത്തിനു രണ്ടു വശവും ഇരിക്കുന്നു.

പോംപേയ് പില്ലർ

1890 കളിൽ ആരംഭിച്ച ട്രാം ഇന്നും ഓടുന്നുണ്ട്. 60 കിലോമീറ്ററോളം അതിന് സഞ്ചാരപാതയുണ്ട്. ചിലച്ചിരുമ്പൻ ശബ്ദവും ഗന്ധവും പേറി അത് മുന്നിലൂടെ മെല്ലെയോടുന്നു. നമുക്ക് വലിയ പരിചയമില്ലാത്ത കോസ പോലെയുള്ള ചില പച്ചക്കറികളും ഇലക്കറികളും താങ്ങിക്കൊണ്ട് ഒരു ഉന്തുവണ്ടി. ഞങ്ങൾ യാത്രചെയ്തിരുന്ന സാധാരണ കാറിനെ ലിമോസിനി എന്നാണ് അവർ വിളിക്കുന്നത്. ബാക്കിയെല്ലാം ഉദ്ദേശം പത്തിരുപത് വർഷം പഴക്കമുള്ള കുട്ടി പെട്ടി കാറുകളാണ്. നിറയെ ബജാജിന്റെ ഓട്ടോറിക്ഷയും ഓടുന്നുണ്ട്. അവരതിനെ ടുക്ക് ടുക്ക് എന്നാണ് വിളിക്കുന്നത്. ചുറ്റും കാണുന്ന പാതി പണിത കെട്ടിടങ്ങളിൽ നിന്ന്​ നീണ്ടുവന്ന കമ്പികൾ എന്റെയുള്ളിൽ തറച്ചുകയറിയിരിക്കുന്നു. നിറയെ മനുഷ്യരും കെട്ടിടങ്ങളും വണ്ടികളുമെന്നിലുരുവാക്കിയ നിരാശയ്ക്ക് പഴക്കത്തിന്റെ ഗന്ധമുണ്ടായിരുന്നു.

എങ്ങും പണിതീരാത്ത പുതുക്കിപ്പണിയാത്ത ഫ്ലാറ്റുകൾ, അതിനുപിന്നിൽ സാധാരണ മനുഷ്യരുടെ നിന്നനിൽപ്പിൽ നഷ്ടപ്പെടാവുന്ന ഭൂമിയെ കുറിച്ചുള്ള വേപഥുവായിരിക്കുമോ? ഭരണകൂടമേ ആവിയായിപ്പോയ വിപ്ലവത്തിന്റെ തിളയിക്കിടയിൽ പൊന്തിവന്ന അനധികൃത കെട്ടിടങ്ങളാണ് ചിലത്.

അടുത്തതായി ഞങ്ങൾ പോയത് കുത്തബേയുടെ കോട്ട കാണാനാണ്. ഫറോ ലൈറ്റ് ഹൗസിന്റെ അവശിഷ്ടങ്ങൾ കൊണ്ടാണ് ഈ കോട്ട പണിതെന്നതാണ് മറ്റൊരു പ്രത്യേകത. 1303 ലാണ് വലിയ ഭൂകമ്പത്തിൽ പഴയ ലൈറ്റ് ഹൗസ് പൂർണമായും ഇടിഞ്ഞുപൊളിഞ്ഞു പോയത്. 1450 സുൽത്താൻ കുത്തബേ പണിത ഈ കോട്ടയാണ് അധിനിവേശശക്തികളിൽ നിന്ന്​ ഈജിപ്റ്റിനെ അക്കാലങ്ങളിൽ സംരക്ഷിച്ചുപോന്നത്. ഈ കൽകോട്ട മെഡിറ്ററേനിയൻ സമുദ്രത്തെ നോക്കി നിൽക്കുന്നതായി തോന്നും. കോട്ട മനോഹരമായ ഒരു കാഴ്ചയാണ്. അതിന്റെ കിളിവാതിലിലൂടെ നോക്കിയാൽ സമുദ്രം നീല നിറത്തിൽ തിളങ്ങിനിൽക്കുന്നു.

സെറാപ്പിയം ക്ഷേത്രത്തിലെ sacred Apis bull പ്രതിമ.

പുരാതന അവശിഷ്ടങ്ങൾ കണ്ടെത്താനായി ഓരോ സ്ഥലവും മിനിസ്ട്രി ഓഫ് ടൂറിസം ആൻഡ് ആന്റിക്വിറ്റിസ് (Ministry of Tourism and Antiquities) ഏറ്റെടുക്കുന്നത് അവിടെ അധിവസിക്കുന്ന മനുഷ്യരുടെ ഹൃദയത്തിൽ നിന്ന് പൊന്തുന്ന ആന്തൽ കല്ല് ഇളക്കിയെടുത്താണ്. വർഷങ്ങൾക്കുമുമ്പ് മനുഷ്യൻ ജീവിച്ചുതീർത്തതിന് അടയാളങ്ങൾ ഭൂമിക്കടിയിൽ നിന്ന് പൊന്തിവരുമ്പോൾ കിടപ്പാടം നഷ്ടപ്പെടുന്ന ആളുകൾ എവിടെ പോകും? ഭരണകൂടം ഈ സ്ഥലം ഏറ്റെടുത്തുകഴിഞ്ഞാൽ പിന്നെ ലോകരാജ്യങ്ങളുടെ ഫണ്ടോടുകൂടി ഇവിടെ വർഷങ്ങൾ നീണ്ടുനിൽക്കുന്ന ഉത്ഖനനങ്ങൾ നടക്കുന്നു. എങ്ങും പണിതീരാത്ത പുതുക്കിപ്പണിയാത്ത ഫ്ലാറ്റുകൾ, അതിനുപിന്നിൽ സാധാരണ മനുഷ്യരുടെ നിന്നനിൽപ്പിൽ നഷ്ടപ്പെടാവുന്ന ഭൂമിയെ കുറിച്ചുള്ള വേപഥുവായിരിക്കുമോ? ഭരണകൂടമേ ആവിയായിപ്പോയ വിപ്ലവത്തിന്റെ തിളയിക്കിടയിൽ പൊന്തിവന്ന അനധികൃത കെട്ടിടങ്ങളാണ് ചിലത്. ഏകാധിപത്യമെന്നത് അരാജകതത്വത്തെക്കൾ ഭേദം എന്നാണ് ഈജിപ്റ്റിൽ നിന്ന്​ ഉൾക്കൊള്ളേണ്ട പാഠം. ഇപ്പോൾ അസീസിയുടെ പട്ടാളഭരണകൂടമെങ്കിലും ഉള്ളതുകൊണ്ട്​ എല്ലാ അനധികൃത പ്രവർത്തനങ്ങൾക്കും ഒരു തടയിട്ടിട്ടുണ്ട്.

സിറ്റാഡൽ ഓഫ് കുത്തബേ

കടലോരത്തെ ഒരു ഹോട്ടലിൽ നിന്നാണ് ഞങ്ങൾക്കുവേണ്ടിയുള്ള ഭക്ഷണം ഏർപ്പാട് ചെയ്തിരുന്നത്. കടൽമണമേറ്റ് ഞങ്ങൾ ഭക്ഷണം കഴിച്ചു. വിശ്വസിക്കാൻ കഴിയാത്തത്രയ്ക്ക് സ്വാദുള്ള ഭക്ഷണമാണ് അവരുടേത്. ഈജിപ്ഷ്യൻ രുചി ഭേദങ്ങളെ കുറിച്ച് യാത്രക്കുമുമ്പുതന്നെ ചിലർ പറഞ്ഞിരുന്നു. ഒട്ടിപ്പിടിക്കുന്ന ഈജിപ്തിലെ ചോറിന്റെ രുചി മനസ്സിലൊന്നൊട്ടി. കാണാനും രുചിക്കാനും ഒരുപാട് ബാക്കി വെച്ചിട്ടാണ് ഞങ്ങൾ റാണിയയോട് വിടപറഞ്ഞത്. നോമ്പ് നോറ്റ് പൊരിവെയിലത്ത് സംസാരിച്ചുകൊണ്ടേ നടക്കുമ്പോൾ തൊണ്ടവരണ്ട് അവരുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. നടക്കുമ്പോൾ അസ്വഭാവികമായി അവർ കിതയ്ക്കുന്നു. എനിക്ക് വല്ലാത്ത സങ്കടം വന്നു. അവർ വെയിലേറ്റ് വാടിത്തുടങ്ങിയിരുന്നു. കൊറോണക്കുശേഷം വരുന്ന ടൂറിസ്റ്റുകൾ അവർക്ക് സമ്പത്താണ്. അനിഷേധ്യമായ സേവനം കാഴ്ച വെക്കേണ്ടത് അവരുടെ നിലനിൽപ്പിന്റെ ആവശ്യം കൂടിയാണ്.

മൃഗങ്ങളെ ഭയപ്പെട്ടും സ്‌നേഹിച്ചും തന്നെയാണ് പുരാതന ഈജിപ്റ്റുകാർ ജീവിച്ചത് എന്നാണ് മനസ്സിലാക്കേണ്ടത്. മരണാനന്തര ജീവിതത്തിൽ നിറയെ വിളവ് സ്വപ്നം കണ്ട,ഫലഭൂയിഷ്ഠത സ്വപ്നം കണ്ട മനുഷ്യർ.

ജീവിതത്തെക്കാൾ മരണത്തെ പുൽകിയവർ

മരണാനന്തരജീവിതത്തിൽ ഇത്രയേറെ വിശ്വസിച്ചിരുന്ന മറ്റൊരു നാഗരികതയും ഈ ലോകത്തുണ്ടായിരുന്നിരിക്കില്ല. പരലോകത്തേക്കുള്ള നീക്കിയിരിപ്പായി നിധിയും കണക്കറ്റ സാമ്പത്തുകളും വളർത്തുമൃഗങ്ങളെയും പരിചാരകരെ കൂടിയും ചേർത്തുവച്ചിരുന്നു ഫറവോകളുടെ ശവകുടീരങ്ങളിൽ. മനുഷ്യരാശിക്കായി മൃതദേഹങ്ങൾ മമ്മികളായി സൂക്ഷിച്ചുവെച്ചത് ഈ വിശ്വാസത്തിന്റെ പുറത്താണ്. പിരമിഡുകൾ ഈ മമ്മികളുടെ ശവകുടീരങ്ങളാണ്.

കലർപ്പില്ലാത്ത കള്ളമില്ലാത്ത, ചിന്താഭാരമില്ലാത്ത ഹൃദയം തൂവലിനേക്കാൾ കനം കുറഞ്ഞതായിരിക്കും എന്നാണ് ഈജിപ്തുകാരുടെ വിശ്വാസം. പൊന്നു വിളയുന്ന വലിയ പാടശേഖരത്തിലേക്കുള്ള, സ്വപ്നഭൂമികയിലേക്കുള്ള കാവൽക്കാരനാണ്, അതിന്റെ കാത്തുസൂക്ഷിപ്പുകാരനാണ് അനുബിസ്. മൃതദേഹങ്ങൾക്ക് കൊടുക്കുന്ന ആദരവാണ് ഒരു സമൂഹത്തിന്റെ ഔന്നിത്യത്തിന്റെ സൂചിക. നശിപ്പിക്കപ്പെട്ട മൃതദേഹം എന്നാലേറ്റം കുറ്റകരം. നേഫ്രിത്തിയുടെയും ഒസൈറസ്‌ന്റെയും ജാരസന്തതിയാണ് മരണദേവനായ അനുബിസ്. നൈന്റെ ഫലഭൂയിഷ്ടമായ മണ്ണിനെ ഓർമിപ്പിക്കുന്ന, പുനർജന്മത്തെ സൂചിപ്പിക്കുന്ന മൃതകറുപ്പുനിറമാർന്നവൻ. അന്തിമവിധി പറയുന്ന ന്യായാധിപൻ. മരണാനന്തര ജീവിതത്തിലേക്ക് കടക്കുന്നതിനുമുമ്പ് സത്യത്തിന്റെ ആലയിൽ നീതി തേടേണ്ടതുണ്ടവർക്ക്.

സെറാപ്പിയം ക്ഷേത്രത്തിലേക്കുള്ള വഴി

ഒരു തുലാസ്സിൽ മരിച്ച മനുഷ്യന്റെ ഹൃദയം ഒരു തട്ടിൽ, മറ്റേ തട്ടിലൊരു തൂവൽ. തൂവലിനേക്കാൾ കനംകുറഞ്ഞ ഹൃദയമുള്ളവർ അനുബിസ്‌ന്റെ കൈപിടിച്ച് സ്വർഗകവാടത്തിലെത്തുന്നു. കുറ്റം ചെയ്തവർ അരികിലായി തുറന്നുപിടിച്ച മുതലയുടെ വായിലേക്ക്. ദുരയും നുണയും വെച്ചുകെട്ടിയ ഹൃദയങ്ങൾ എന്നെന്നേക്കുമായി നശിക്കുന്നു. അരാജകജന്തു എന്ന് സ്വയം കരുതുന്ന ഞാൻ അരാജകത്വം എന്നാൽ ഏറ്റവും വലിയ ദുരിതമെന്നു വിശ്വസിച്ചിരുന്നവരെ അകകണ്ണിൽ കണ്ടെത്താൻ ശ്രമിക്കുന്നു. അന്തിമവിധിയിൽ ആത്മാവിന് ഇടമില്ലാതാവുന്ന ദുരവസ്ഥ വരുമോ എന്നവർ ഭയപ്പെട്ടു.

എന്തിനും തീർപ്പുകൽപ്പിക്കാൻ വെമ്പുന്നവരായിരുന്നു പ്രാചീന ഈജിപ്റ്റുകാർ. ക്രമസമാധാനങ്ങളിൽ വിശ്വാസമുള്ളവർ. ശവങ്ങൾ മാന്തിത്തിന്നുന്ന നൈയിൽ നദിക്കരയിലെ ചെന്നായയുടെ തലയും മനുഷ്യന്റെ ഉടലുമാണ് അനുബിസിന്. മൃഗങ്ങളെ ഭയപ്പെട്ടും സ്‌നേഹിച്ചും തന്നെയാണ് പുരാതന ഈജിപ്റ്റുകാർ ജീവിച്ചത് എന്നാണ് മനസ്സിലാക്കേണ്ടത്. മരണാനന്തര ജീവിതത്തിൽ നിറയെ വിളവ് സ്വപ്നം കണ്ട,ഫലഭൂയിഷ്ഠത സ്വപ്നം കണ്ട മനുഷ്യർ. ഓരോന്നോർത്ത് പാതിമയക്കത്തിൽ മൂന്നുമണിക്കൂർ വിശാലമായ റോഡിലൂടെ യാത്ര ചെയ്ത് ഇപ്പോൾ ഞങ്ങൾ കെയ്‌റോ എയർപോർട്ടിൽ എത്തിയിരിക്കുന്നു.
ഇനി നൈലിന്റ ആത്മാവ് തേടിയുള്ള യാത്ര, ലുക്‌സൂറിലേക്ക്... ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.

Comments