ചുവർചിത്രങ്ങളുടെ സ്വപ്നവർണ്ണ രാജി

ഈജിപ്തിലെ 95 ശതമാനം മനുഷ്യർ അതിന്റെ പത്തു ശതമാനത്തോളം മാത്രം വരുന്ന ആർദ്രമായ നൈൽതടങ്ങളിൽ തിങ്ങിപ്പാർക്കുന്നു. ഇപ്പോൾ ഇത്തിയൊപ്പിയയിൽ പണിയുന്ന ഡാമിനെ ചൊല്ലി വലിയ സംഘർഷങ്ങളുണ്ട്. വരളുന്ന നൈൽ എന്നാൽ യുദ്ധമെന്നാണ്.

നാല്

രു രാവും പകലും നീണ്ട കഠിനതരമായ യാത്രക്കുശേഷം, ഞങ്ങൾ ആ രാത്രിയിൽ ഫ്ലൈറ്റ്​ ഇറങ്ങിയത് കൈറോയിൽ നിന്ന്​ 630 കിലോമീറ്റർ അകലെയുള്ള ലുക്ക്‌സൂറിലാണ്. അലക്സാൻഡ്രിയയിലെ ഇരുണ്ട തെരുവിലെ പഴഞ്ചൻ ഹോട്ടലിൽ നിന്ന്​ അത്യാഡംബരങ്ങളുടെ നൈൽ ക്രൂയിസ് കപ്പലിന്റെ വെള്ളിവെളിച്ചത്തിലേക്ക്.

മൂന്നു രാത്രിയും മൂന്നു പകലും നൈൽനദിയുടെ താരാട്ടീണം കേട്ട് മയങ്ങിയലിഞ്ഞില്ലാതാവണം.
നൈൽ ഊട്ടിവളർത്തിയ പുരാതന നഗരത്തിന്റെ ചെമ്മണ്ണുനിറത്തിൽ മനസ്സ് ചാലിക്കണം.
വീണ്ടും വീണ്ടും ഞാൻ പറയുന്നു, സ്വപ്നാടനങ്ങളില്ലാത്ത കേവല നേർക്കാഴ്ചകൾ, അവിടം മൂക്കും മുലയും ഇല്ലാത്ത പൊടിഞ്ഞുപൊട്ടിയ പ്രതിമകളുടെ, പഴഞ്ചൊണ്ടി കെട്ടിടങ്ങളുടെ വെറും കല്ലുകെട്ടുകളുടെ അവശിഷ്ടമായി തോന്നിയേക്കാം.
നിറം മങ്ങി ചടച്ച അവസ്ഥ, വെയിലേറ്റ് തളർന്ന മിഴികൾ, അക്കൺകുഴികളിലൂടെ അരിച്ചുകയറുന്ന ചെന്നിക്കുത്ത്.

ഓർത്തെടുക്കുന്ന മങ്ങിയ കാഴ്ചക്കപ്പുറം, കൂടുതൽ ആഴങ്ങളിലേക്കറിയാൻ ശ്രമിച്ചാൽ, അതും വേണ്ട... വെറുതെ ഒന്നോർത്തു നോക്കിയാൽ തന്നെ സിരകളിലൂടെ പടരുന്ന, രോമമെഴുന്നുനിൽക്കുന്ന തിരിച്ചറിവാണ് ഈജിപ്ത്. പൗരാണികതയുടെ ത്രസിപ്പിക്കുന്ന നിഗൂഢത... അവിടുത്തെ അമ്പലമച്ചിലെ ചിത്രപ്പണികളുടെ നിറംമങ്ങിയ ശേഷിപ്പുകൾ നിങ്ങളുടെ സ്വപ്നത്തിൽ മുഴുചുവരിൽ വർണാഭമായി നിറയും.

3000 വർഷങ്ങൾ കൊണ്ട് കാലമേറെ പരിശ്രമിച്ചിട്ടും ഒരൽപ്പം പോലും ഇനിയും മങ്ങാത്ത നിറങ്ങളുണ്ടവിടെ.
ചുവപ്പു നിറമാർന്ന തവിട്ട് ...
നീല...
മഞ്ഞ...
നൈൽപ്രളയങ്ങളുടെ കുതിർപ്പിലലിയാത്ത വർണങ്ങൾ ഏതു ചായം കൊണ്ടവ ചാലിച്ചെടുത്തു?
ആർക്കുമിന്നറിയില്ല.

ടൂർ ഗൈഡ്​ അഹമ്മദ് താനൊരു തനത് അപ്പർ ഈജിപ്ഷ്യനാണെന്ന്​ സ്വയം പരിചയപ്പെടുത്തി. അവർ കൈറോയെ ഈജിപ്റ്റ് എന്നാണ് പറയുന്നത്. അവിടുത്തെ അന്തസ്സില്ലാത്ത, തമ്മിലടിക്കുന്ന, പാരമ്പര്യമില്ലാത്ത, ദുരയുള്ള നാഗരികനെ അവരിൽനിന്ന്​ അയാൾ വേറിട്ടു കണ്ടിരുന്നതായി കൂടി കൂട്ടിച്ചേർത്തു.

ദിവസങ്ങൾകൊണ്ട് വെയിലേറ്റു മങ്ങുന്ന നിറങ്ങളേ ഞാൻ കണ്ടിട്ടുള്ളൂ, നശ്വരചരക്കുവ്യവഹാരങ്ങളിൽ അഭിരമിക്കുന്ന സാധാരണ മനുഷ്യനെന്ന തിരിച്ചറിവോടെ ആ ചുവർചിത്ര കാഴ്ചക്കുമുമ്പിൽ കുമ്പിട്ടുനിൽക്കാനേ എനിക്ക് സാധിക്കുകയുള്ളൂ.
പക്ഷേ അറിയണം, മനസ്സിൽ കാണണം.
വർണ്ണരാജിയിൽ ചുവർ നിറയെ ചിത്രങ്ങൾ, തിളങ്ങുന്ന സ്തൂപങ്ങൾ, പ്രതാപിയായ ഒരു ഫറവോ, രാജ്ഞിമാർ, പൂജാരികൾ, വിളക്കുകൾ, വിളവുകൾ..
കണ്ട കാഴ്ചക്കുമീതെ രഹസ്യങ്ങളുടെ ചുരുൾ നിവരുമ്പോൾ ഈജിപ്ത് നമുക്ക് എന്തെന്നില്ലാത്ത ആനന്ദം സമ്മാനിക്കുന്നു.
മനുഷ്യകുലത്തിന്റെ തുടർച്ചയിൽ ഒരു പരമാനന്ദം.

സന്ദർശിച്ച സ്ഥലത്തെക്കുറിച്ച് പടിപടിയായി വിവരിച്ചാൽ ഒരുപക്ഷേ എഴുതുന്ന ഞാനും വായിക്കുന്ന നിങ്ങളും തീരെ ചെറുതായി​പ്പോകും. ഒന്നിൽനിന്ന് ഒന്നിലേക്ക് കുതിച്ചുപായുന്ന തോന്നലുകൾ പിടിച്ചു കെട്ടിയിട്ട്​ ഇവിടെ എഴുതിവയ്ക്കാനേ സാധിക്കുന്നുള്ളൂ.

വാലി ഓഫ് കിംഗ്‌സ്​ ആന്റ് വാലി ഓഫ്​ ക്യൂൻസ്​

ലുക്ക്‌സൂറിൽ, നൈലിൽ നിറയെ നിർത്തിയിട്ട യാത്രാകപ്പലുകളാണ്.
ഒരു കപ്പലിനുള്ളിലൂടെ കടന്നുവേണം മറ്റേ കപ്പലിൽ കയറാൻ. ചെന്നുകയറിയതും ഞാനോടി മൂന്നാമത്തെ നിലയിൽ കയറി. കണ്ണുകൾ തുറിച്ചു. നൈൽ നൈൽ എന്ന് ഹൃദയമിടിച്ചു. ഒരുവശത്ത് നഗരത്തിലെ പാതിരാവെളിച്ചം. പലനിറങ്ങളിൽ വെളിച്ചമേറ്റുതിളങ്ങുന്ന അമ്പലത്തൂണുകൾ. മറുഭാഗത്ത് മരുഭൂമിയിലെ ഇരുളിൽ പാറക്കെട്ടുകൾ. മരുച്ചൂടിൽ അന്തിയുറങ്ങുന്ന ഫറവോകൾ, അവർക്കുവേണ്ടി പണികഴിപ്പിച്ച ശവകുടീരങ്ങളുടെ താഴ്​വര. രാജാക്കന്മാർ ഉറങ്ങുന്ന താഴ്​വര. രാജ്ഞികളുടെ താഴ്​വര (The Valley of Kings and Valley of Queens).

അവരുടെ വിശ്വാസത്തിൽ നദിയുടെ ഇരുവശവും ജനിയും മൃതിയും ജീവിതവും മരണാനന്തര ജീവിതവും നഗരവും ശ്മശാനവും ഉദയവും അസ്തമയവും...

ബ്രിട്ടീഷുകാർ പണികഴിപ്പിച്ച സോഫിറ്റൽ വിന്റർ പാലസ് ഹോട്ടലിന്റെ (Winter Palace Hotel) അടുത്തായാണ് ഞങ്ങളുടെ കപ്പൽ നിർത്തിയിട്ടിരിക്കുന്നത്. കപ്പലിൽ ബാക്കിയുള്ളവരെല്ലാം സ്പാനിഷുകാരായിരുന്നു. കൂട്ടമായി വന്നവർ. കുട്ടികൾ ഒഴികെ പല പ്രായത്തിലുള്ളവർ. രുചിഭേദങ്ങളുടെ കലവറയാണ് കപ്പലിലെ ഭക്ഷണശാല. കുടീരം കൊള്ളയടിക്കുന്നവരെപ്പോലെ മൂന്നുനേരവും ഞങ്ങൾ ഭക്ഷണനിധി തേടിയലഞ്ഞു. അവിടുത്തെ ജോലിക്കാരുമായി സൗഹൃദത്തിലുമായി. മുറിയിലെ തെളിഞ്ഞ കണ്ണാടിച്ചുമരിലൂടെ നദിയൊഴുക്കിൻ പച്ചത്തിരയിളക്കം കണ്ടു കൊണ്ടേയിരിക്കാം. വാതിൽ നീക്കിത്തുറന്ന് ഇളംകാറ്റ്‌ കൊള്ളാം.

ഹോട്ടൽ വിന്റർ പാലസ്‌

നീലയിൽ വെള്ളയിൽ, നൈൽ എന്ന ജീവനാഡി

നൈൽ നദിയില്ലെങ്കിൽ പിന്നെ ഒന്നുമില്ല.
നദി തന്നെ സർവ്വസ്വം.
കാലത്തിനൊത്ത് ദിശ മാറാത്ത ഏതു നദിയുണ്ട് ഈ ലോകത്ത്?
എന്നാൽ 30 ദശലക്ഷം വർഷങ്ങളായി 6000 കിലോമീറ്ററിനുമീതെ, പതിനൊന്നു രാജ്യങ്ങൾ താണ്ടി ദിശ മാറാതെ ഭൂവ് പിളർന്നൊഴുകുന്നു, നൈൽ നദി. ഭൂവൽക്കത്തിലെ ആന്തരികപാളികൾ നീങ്ങിനിരങ്ങുന്ന ഒരു കൺവെയെർ ബെൽറ്റുള്ളതുകൊണ്ടാണ് ഇത്രകാലം ഗതികെടാതെ നൈൽ ഒഴുകുന്നത് എന്ന് ശാസ്ത്രം.

ഞങ്ങളന്ന് നീളെനടന്നുകണ്ട അതേ അമ്പലത്തിൽ വച്ചാണ്, 1997 ൽ വിദേശ സഞ്ചാരികളായ 58 പേരെയും, നാല്​ ഈജിപ്റ്റുകാരേയും തീവ്ര ഇസ്​ലാമിക മതവാദികൾ വെടിവെച്ചുകൊന്നത്. ടൂറിസത്തിന്റെ നല്ല കാലം അതോടുകൂടി അവസാനിക്കുകയായിരുന്നു

ഇത്തിയോപ്പിയയിലെ വിക്ടോറിയ തടാകത്തിലാണ് നീല നൈലിന്റെ ഉറവിടം. അത് സുഡാനിലെ വെള്ളനൈലുമായി കൂടിച്ചേർന്നൊഴുകി ഈജിപ്തിലെത്തുന്നു. പ്രളയം കൊണ്ടുവന്നു നിക്ഷേപിച്ച മണ്ണും കല്ലും ഫലഭൂയിഷ്ടമായ എക്കലും കൊണ്ട് വലിയ നൈൽ ഡെൽറ്റ രൂപപ്പെട്ടു. നൈലല്ലാതൊരു ജലസ്രോതസ്സ് ഈജിപ്റ്റുകാർക്ക് വേറെയില്ല. നൈലിന് ഇരുവശവും പുൽനാമ്പുപോലും മുളക്കാത്ത മരുമൃതപ്രദേശമാണ്. ഈജിപ്തിലെ 95 ശതമാനം മനുഷ്യർ അതിന്റെ പത്തു ശതമാനത്തോളം മാത്രം വരുന്ന ആർദ്രമായ നൈയിൽതടങ്ങളിൽ തിങ്ങിപ്പാർക്കുന്നു. ഇപ്പോൾ ഇത്തിയൊപ്പിയയിൽ പണിയുന്ന ഡാമിനെ ചൊല്ലി വലിയ സംഘർഷങ്ങളുണ്ട്. വരളുന്ന നൈൽ എന്നാൽ യുദ്ധമെന്നാണ്.

മാപ്പിൽ നോക്കിയാൽ വിരിഞ്ഞുനിൽക്കുന്നൊരു ടൂലിപ്പ് പുഷ്പം പോലെ തോന്നും. നൈൽ ഡെൽറ്റ കാൺകിൽ ആഫ്രിക്ക എന്ന രാക്ഷസിയുടെ മെഡിറ്ററേനിയൻ സമുദ്രജലം തുപ്പുന്ന വലിയ വായ പോലെ തോന്നും. ഭൂമിയുടെ തെക്കുവടക്കു തിരിച്ചിട്ട് നദിയൊഴുകുന്ന ദിശയിൽ തെക്കും വടക്കും കണ്ടെത്തി, അവിടുത്തെ മനുഷ്യർ. അപ്രകാരം ഞാനപ്പോൾ മേലെ ഈജിപ്തിലാണ് (Upper Egypt). മാപ്പിൽ മുകളിലുള്ള കൈറോയും അലക്‌സാൻഡ്രിയയും താഴെ ഈജിപ്തിലുമാണ് (Lower Egypt)

യാഥാസ്ഥിതികരായ നുബിയൻ ഗോത്രവർഗക്കാരാണ് അവിടെ അധിവസിക്കുന്നത്. ഭൂരിഭാഗവും ഇസ്​ലാം മതസ്ഥർ. നീളൻ കുപ്പായമായ ഗലബിയും, വെള്ള തലക്കെട്ടുമാണ് തനി ഗ്രാമീണരുടെ വേഷം. ജോലിചെയ്യുന്ന സ്ത്രീകളെ എങ്ങും കാണാനേയില്ല. ചോദിച്ചപ്പോൾ അവർ വീട്ടിൽത്തന്നെ ഇരിക്കുന്നതാണ് ഉത്തമമെന്ന് പറഞ്ഞു, അന്നത്തെ ടൂർ ഗൈഡ്​ അഹമ്മദ്. അയാൾ തനത് അപ്പർ ഈജിപ്ഷ്യൻ ആണെന്നും സ്വയം പരിചയപ്പെടുത്തി. അവർ കൈറോയെ ഈജിപ്റ്റ് എന്നാണ് പറയുന്നത്. അവിടുത്തെ അന്തസ്സില്ലാത്ത, തമ്മിലടിക്കുന്ന, പാരമ്പര്യമില്ലാത്ത, ദുരയുള്ള നാഗരികനെ അവരിൽനിന്ന്​ അയാൾ വേറിട്ടു കണ്ടിരുന്നതായി കൂടി കൂട്ടിച്ചേർത്തു. പാരമ്പര്യവാദിയോ തീവ്രദേശീയതാവാദിയോ, ഞാൻ നല്ല തറവാടി നായരാണ് എന്ന് അല്പത്തരം പറയുന്ന ഒരുത്തനെ ഓർമ വന്നു. എന്തായാലും എനിക്ക് നന്നായി മുഷിഞ്ഞു.

ലുക്ക്‌സൂർ ഒരു തുറന്ന മ്യൂസിയം എന്നാണ് അറിയപ്പെടുന്നത്. ലുക്ക്‌സൂർ അമ്പലം, കർണാക്ക് അമ്പലം, അമെൻഹോറ്റെപ് മൂന്നാമൻ (Amenhotep) രണ്ട് വലിയ കല്ല് പ്രതിമകളായ കൊലോസ്സൈ ഓഫ് മെമ്മ്‌നൻ (Collosi Of Memnon), അമെൻഹോറ്റെപ് അമ്പലത്തിന്റെ അവശിഷ്ടങ്ങൾ, നദീതടങ്ങളിൽ അവിടെവിടെയായി കാണുന്ന സ്തൂപങ്ങൾ, പ്രതിമകൾ എല്ലാം തന്നെ അവിടുത്തെ പ്രധാന കാഴ്ചകളാണ്. ഭംഗിയുള്ള നഗരമാണ് ലുക്ക്‌സൂർ, നല്ല റോഡുകൾ, കനാലുകൾ, ചുറ്റും കൃഷിയിടങ്ങൾ. മനോഹര കാഴ്ചകൾ, നിറയെ വിദേശികൾ.

പണ്ടേക്കുപണ്ടേ മനുഷ്യനധിവസിക്കുന്ന നഗരമാണ്​ ലുക്ക്‌സൂർ. 16 ബി.സി മുതൽ 11 ബി.സി വരെയുള്ള നീണ്ട 500 വർഷങ്ങൾ 18, 19, 20 രാജവംശത്തിൽപ്പെട്ട ഫറവോകളുടെ ശവകുടീരങ്ങൾ നിറഞ്ഞ തീബ്‌സ് നെക്രോപൊലീസ്. (Thebes Necropolis) ജനിമൃതി തേടിയുള്ള യാത്രയിൽ നൈലിന്റെ ഒരു വശത്തുനിന്ന്​മറുവശത്തേക്ക് സൂര്യൻ ഉദയം കൊണ്ടസ്തമിക്കും പോലെ കിഴക്കുനിന്ന്​പടിഞ്ഞാട്ടേക്കുള്ള യാത്രയാണ് പുരാതന ഈജിപ്റ്റുകാരുടെ ജീവിതം.

ദൈവത്തിന്റെയും, ദൈവത്തിന്റെ പ്രതിരൂപമായ ഫറവോകളുടേയും വലിയ ചിത്രങ്ങൾ, കടുംരക്തചായം പൂശിയ അവരുടെ വടിവൊത്ത മേനികൾ. റാണിമാരുടെയും നൈൽ കരയിൽ ജീവിക്കുന്ന പക്ഷിമൃഗാദികളുടെയും പല വർണചിത്രങ്ങളാൽ നിറഞ്ഞുനിൽക്കുന്ന ചുവരുകൾ.

വാലി ഓഫ് കിംഗ്‌സ്

രാജാക്കന്മാരുടെ താഴ്​വരയിൽ ചെന്ന് അനേകം കുടീരങ്ങൾ ഞങ്ങൾ കണ്ടു. താഴ്​വാരം ചുറ്റിനിൽക്കുന്ന മലകളിൽ, നടുവിൽ കാണുന്ന വലിയ മലയ്ക്ക് പിരമിഡിന്റെ രൂപമായിരുന്നു. മരണാനന്തരം കുടിയിരിക്കാൻ ഈ സ്ഥലം തന്നെ തിരഞ്ഞെടുത്തത്​ ഈ സവിശേഷത കൊണ്ടത്രേ. നീണ്ട തുരങ്കവഴിയിൽ താഴേക്ക് ചെരിഞ്ഞിറങ്ങിയാൽ കല്ലുചെത്തിയൊരുക്കിയ കുടീരങ്ങളിൽ ചെന്നെത്തും. സഞ്ചാരികൾക്ക് നടന്നിറങ്ങാൻ മരപ്പലകകൾ കെട്ടി വെച്ചിട്ടുണ്ട്. ദൈവത്തിന്റെയും, ദൈവത്തിന്റെ പ്രതിരൂപമായ ഫറവോകളുടേയും വലിയ ചിത്രങ്ങൾ, കടുംരക്തചായം പൂശിയ അവരുടെ വടിവൊത്ത മേനികൾ. റാണിമാരുടെയും നൈൽ കരയിൽ ജീവിക്കുന്ന പക്ഷിമൃഗാദികളുടെയും പല വർണചിത്രങ്ങളാൽ നിറഞ്ഞുനിൽക്കുന്ന ചുവരുകൾ.

‘വാലി ഓഫ് കിംഗ്‌സി’ൽ അമ്മു വള്ളിക്കാട്ട്‌

ഹൈറോഗ്ലിഫിക്‌സിൽ രാജനാമം ഉള്ളടക്കം ചെയ്തിരിക്കുന്ന കാർറ്റൂഷുകൾ (Cartoushe). അനേകം കൊള്ളക്കാർ നിധി തേടിയലഞ്ഞ താഴ്​വാരമാണിത്. മൃതദേഹം അടക്കം ചെയ്ത പ്രധാന ഉള്ളറക്കുചുറ്റും അവശിഷ്ടങ്ങൾ കൊണ്ട് മൂടിയിരുന്നു. എന്നാലും പണ്ട് നിധി തേടിയെത്തിയ കള്ളന്മാർ മമ്മികളടക്കം പലതും കൊള്ളയടിച്ചു. മനുഷ്യഗന്ധമേറ്റു പുകയുന്ന ഉള്ളറകൾ. ശ്വാസോച്ഛ്വാസത്തിൽ നിറം അലിയുന്ന ചുമർചിത്രങ്ങൾ കാത്തുസംരക്ഷിക്കാൻ ആറാറുമാസം അടച്ചിടുകയും പിന്നെ സഞ്ചാരികൾക്കായി തുറന്നിടുകയും ചെയ്യുന്നു. 3000 വർഷത്തോളം പഴക്കമുള്ള സ്ത്രീയുടെ മമ്മി യാതൊരു കേടുപാടും കൂടാതെ 2019ൽ കിട്ടിയത് ലുക്ക്‌സൂറിൽ നിന്നാണ്. ലോക പ്രശസ്തമായ തുതാൻകാമുന്റെ (Tutankhamun) ശവകുടീരം ഈ താഴ്വരയിൽ നിന്നു തന്നെയാണ് കണ്ടെടുത്തത്. സ്വർണത്തിൽ തീർത്ത ശവപ്പെട്ടിയും, തൂത്തിന്റെ മനോഹരമായ മുഖംമൂടിയും നിധികളും കണ്ടെടുത്തത്തിന്​ ലോകം തന്നെ സാക്ഷിയായി.

കാർട്ടറുടെ ചരിത്ര നിയോഗം

ഹൊവാഡ് കാർട്ടറെപ്പറ്റി പറയാതെ ഒരു ടൂർ ഗൈഡിന്റെ ദിവസവും ഇവിടെ കടന്നു പോവില്ല. പതിനെട്ടാം രാജവംശത്തിൽ പിറന്ന അകനാതന്റെ മകനായിരുന്നു തുതാൻകാമുൻ. അവൻ എട്ടോ ഒമ്പതോ വയസ്സിൽ ഫറവോയി സ്ഥാനാരോഹണം ചെയ്തു. മുടന്തനായിരുന്നു ബാലൻ തൂത്. കുടീരത്തിൽ നിന്ന്​ കണ്ടെടുത്ത ഊന്നു വടികളിൽ നിന്ന്​ അനുമാനിച്ചതാണ് ഇതെല്ലാം.

ചിത്രകാരനായിരുന്നു ബ്രിട്ടീഷുകാരനായ കാർട്ടർ. കുട്ടിയിലെ തന്നെ ഈജിപ്തിലെ ചുവർചിത്രങ്ങളിൽ, പുരാവൃത്തങ്ങളിൽ ആകൃഷ്ടനായി നാടുകടന്നവിടെയെത്തി. രഹസ്യങ്ങളുടെ ശവക്കല്ലറ കണ്ടെത്താൻ നിയോഗിക്കപ്പെട്ടവൻ കുടീരങ്ങളിലെ ചിത്രങ്ങൾ പകർത്തി വരച്ചുവരച്ച്, ഒരുനാൾ നിഗൂഢരഹസ്യങ്ങൾ അയാൾക്കുമുന്നിൽ വെളിപ്പെട്ടു. ആ താഴ്​വരയിലെവിടെയോ തൂത് ഉറങ്ങുന്നുവെന്ന് കാർട്ടർ മനസിലാക്കിയിരുന്നു. തൂത്തിന്റെ ശവകുടീരം കണ്ടെത്താൻ 1907 മുതൽ 1922 വരെ നീണ്ട ഉത്ഖനനവൃത്തിയിൽ ഏർപ്പെട്ടു, കാർട്ടറും സംഘവും.

ഹൊവഡ് കാർട്ടറും സംഘവും തുതാൻകാമുന്റെ ശവകുടീരത്തിനരികെ / Photo: Wikimedia Commons

നീണ്ട പതിമൂന്ന് വർഷം മരുച്ചൂടിൽ വെന്തുരുകി, ചുട്ടുപൊള്ളുന്ന പാറക്കെട്ടുകളിൽ തീ പാറ്റിച്ചു, മല കുത്തിയിളക്കി, ഭൂമിയിൽ തൂതിന്റെ അടയാളങ്ങൾ തേടി കാർട്ടറുടെ സംഘം. അവിടെ കണ്ടെടുത്ത പുരാവസ്തുക്കൾ ശാസ്ത്രീയമായി അടയാളപ്പെടുത്തുന്നതിനും നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഉത്ഖനനം നടത്താനും അഗ്രഗണ്യനായിരുന്നത്രേ കാർട്ടർ. വർഷങ്ങൾ പത്തു തിരഞ്ഞിട്ടും തൂത്തിനെ കണ്ടുപിടിക്കാനായില്ല അയാൾക്ക്. വർഷങ്ങളുടെ അധ്വാനം വിഫലമെന്നു കരുതി ഈ ശ്രമം അവസാനിപ്പിക്കുന്നതിനുമുമ്പ് ഒരേയൊരു അവസരം കൂടി കൊടുത്തു ധനികനായ പ്രഭു കർണാവെൻ (Lord Carnavon). തുടർന്ന് 1922ൽ തൂത്തിന്റെ ശവകുടീരം (KV62) കണ്ടെടുത്തു. 5000ത്തോളം സാധനസാമഗ്രികൾ കണ്ടെടുത്ത ആ കലവറയിൽനിന്ന് ഓരോന്നും കൃത്യമായി അടയാളപ്പെടുത്തി സമയമെടുത്തുതന്നെ ഭദ്രമായി പുറത്തെടുത്തു. കണ്ടുകിട്ടുന്ന പുരാവസ്തുക്കളും, മമ്മികളും സൂക്ഷിച്ചുവയ്ക്കാനും, ഇതിന്മേൽ തുടർപഠനങ്ങൾ നടത്താനും കോടികൾ ചെലവുണ്ട്. 3000 വർഷങ്ങൾ കേടുകൂടാതെ ഇരുന്നിട്ട്, ഇന്നത് പുറത്തെടുത്തിട്ട് സൂക്ഷിച്ചുവയ്ക്കാൻ നന്നേ പാടുപെടുന്നുണ്ട്, അധികൃതർ.

കലർപ്പില്ലാത്ത കുലമെന്ന മോഹത്താൽ, സ്വന്തം രക്തത്തിൽ തന്നെ സന്തതി പരമ്പരകളെയുണ്ടാക്കിയതുകൊണ്ട്, ജനിതക വൈകല്യങ്ങൾ പിടിപെട്ട് മുച്ചൂടും മുടിഞ്ഞുപോയതായിരിക്കും ഫറവോകളെന്ന് എനിക്കുതോന്നി.

മോർച്ചറി ടെമ്പിൾ ഓഫ് ഹാച്‌ഷെപ്പ്‌സൂത്

പിന്നെ ഞങ്ങൾ കണ്ടത് താഴ്​വരയിലെ മറ്റൊരു ഭാഗത്തുള്ള ഹാച്‌ഷെപ്പ്‌സൂത്തിന്റെ (Mortuary Temple of Hatshepsut) അമ്പലമാണ്. ഭൂപ്രകൃതിയോട് ഇണങ്ങിത്തന്നെ പണിത ബൃഹത്തായ അതിശയമാണീ അമ്പലം. രണ്ടാമത്തെ പെൺ ഫറവോ എന്നറിയപ്പെട്ട ഹാച്‌ഷെപ്പ്‌സൂത് കഴിവുള്ള സ്ത്രീയായിരുന്നു. ഈജിപ്തിൽ അനേകം നിർമിതികൾ അവർ പണികഴിപ്പിച്ചു. പക്ഷെ ആണിനെ പോലെ വേഷം കെട്ടി, ഒരു കള്ളത്താടിയും ഫറവോകളുടെ രാജവെമ്പാല തലപ്പാവും ധരിച്ചു നടന്നവൾ.

‘‘പെൺമുഖമുള്ള കൃശഗാത്രിയായിരുന്നു. അവർ പുരുഷനെപോലെ ഭരിച്ചിരുന്നു. അവർ പുരുഷനോളം ഭരിച്ചിരുന്നു. അവർ പുരുഷനെക്കാൾ നന്നായി ഭരിച്ചിരുന്നു''
എന്നൊക്കെ ടൂർ ഗൈഡ് അഹമ്മദ് പറഞ്ഞുകൊണ്ടിരുന്നപ്പോൾ എന്റെ കൂടെ ഉണ്ടായിരുന്ന മാവോ എന്ന ഫിലിപ്പിൻസുകാരൻ ഹാച്‌ഷെപ്പ്‌സൂത് ഒരു സ്വവർഗാനുരാഗിയോ എന്ന് സന്ദേഹപ്പെട്ടു. അവനെയും കൂട്ടുകാരനായ ശ്രീലങ്കക്കാരൻ കാർത്തിക്കിനെയും അന്നാണ് ഞാങ്ങൾ കാണുന്നത്. അവർ മറ്റേതോ കപ്പലിലാണ് താമസിക്കുന്നത്. എന്നാൽ നാട് കാണാനുള്ള സഞ്ചാരം ഞങ്ങൾക്ക് ഒരുമിച്ചാണ് ടൂർ ഗൈഡ് ഏർപ്പാട് ചെയ്തിരുന്നത്. സ്വന്തം സഹോദരിമാരെ വിവാഹം ചെയ്യുക എന്നതായിരുന്നു ഫറവോകളുടെ രീതി. സ്വത്ത് പുറത്തുപോവാതിരിക്കാനുള്ള കുടിലതന്ത്രം. ഹാച്‌ഷെപ്പ്‌സൂത് അധികാരം കൈയ്യടക്കിയതിന്റെ കുടിലകഥ ഇങ്ങനെയാണ്.

'അലക്സാൻഡ്രിയയിലെ ഇരുണ്ട തെരുവിലെ പഴഞ്ചൻ ഹോട്ടലിൽ നിന്ന്​ അത്യാഡംബരങ്ങളുടെ നൈൽ ക്രൂയിസ് കപ്പലിന്റെ വെള്ളിവെളിച്ചത്തിലേക്കാണ് ഞങ്ങൾ ഫ്‌ളൈറ്റ് ഇറങ്ങിയത്‌'

തുതുമോസ് ഒന്നാമന്റെയും അഹമോസിന്റെയും മകളാണ് ഹാച്‌ഷെപ്പ്‌സൂത്. സ്വന്തം സഹോദരൻ തുതുമോസ് രണ്ടാമനെ വിവാഹം കഴിക്കുന്നതോടുകൂടി ഫറവോയുടെ റാണിയായി വാണു. എന്നാൽ തുതുമോസ് രണ്ടാമന്റെ കാലശേഷം അയാൾക്ക് മറ്റൊരു ഭാര്യയിൽ പിറന്ന യഥാർത്ഥ ഫറവോ തുതുമോസ് മൂന്നാമന്റെ പകരക്കാരിയായി ഭരിച്ചുപോന്നു ഹാച്‌ഷെപ്പ്‌സൂത്. എന്നാൽ അധികാരം ഏവരെയും പോലെ അവരെയും മോഹിപ്പിച്ചിരുന്നിരിക്കണം. അത് വിട്ടുകളയാൻ അവർ തയ്യാറായിരുന്നില്ല. വളർന്നുവന്ന തുതുമോസ് മൂന്നാമൻ അവരുടെ ശത്രുവായി. അവർ 22 കൊല്ലം ഭരിച്ചു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നീണ്ട കാലം ഈജിപ്റ്റ് ഭരിച്ച തുതുമോസ് മൂന്നാമൻ, തുതുമോസ് ദി ഗ്രേറ്റ് എന്ന് പിന്നീട് അറിയപ്പെട്ടു. തന്റെ രണ്ടാനമ്മ പണി കഴിപ്പിച്ച പല അടയാളങ്ങളും പിന്നീടാ ഫറവോ തേച്ചുമായ്ച്ചു കളഞ്ഞിരുന്നു എന്നാണ് കഥ. എത്ര തേച്ചാലും മായ്ച്ചാലും പ്രതാപികളായ സ്ത്രീകളുടെ കഥകൾ അനന്തകാലം ശേഷിക്കുകതന്നെ ചെയ്യും.
കലർപ്പില്ലാത്ത കുലമെന്ന മോഹത്താൽ, സ്വന്തം രക്തത്തിൽ തന്നെ സന്തതി പരമ്പരകളെയുണ്ടാക്കിയതുകൊണ്ട്, ജനിതക വൈകല്യങ്ങൾ പിടിപെട്ട് മുച്ചൂടും മുടിഞ്ഞുപോയതായിരിക്കും ഫറവോകളെന്ന് എനിക്കുതോന്നി.

ഞങ്ങളന്ന് നീളെനടന്നുകണ്ട അതേ അമ്പലത്തിൽ വച്ചാണ്, 1997 ൽ വിദേശ സഞ്ചാരികളായ 58 പേരെയും, നാല്​ ഈജിപ്റ്റുകാരേയും തീവ്ര ഇസ്ലാമിക മതവാദികൾ വെടിവെച്ചുകൊന്നത്. ടൂറിസത്തിന്റെ നല്ല കാലം അതോടുകൂടി അവസാനിക്കുകയായിരുന്നു. തുടർന്ന് 2011-ലെ വിപ്ലവം, പിന്നെ ലോകജീവിത ഘടികാരം നിലച്ചുപോയ കൊറോണ കാലം. ഒരു ടൂറിസ്റ്റും ഇവിടെ വരാതെയായി. തെരുവ് ശൂന്യമായി. പട്ടിണി കൊണ്ട് നാടുമുടിഞ്ഞു തുടങ്ങി. ഇപ്പോൾ എല്ലാമൊന്നാറിത്തുടങ്ങിയതും ഞങ്ങളെ പോലെയുള്ള നാടോടികൾ വന്നുതുടങ്ങിയിരിക്കുന്നു.

250 കിലോമീറ്ററോളം നൈലിലൂടെയുള്ള കപ്പൽ യാത്രയാണ് ആസ്വാനിലേക്ക്. നിശ്ശബ്ദമായ ആത്മാവിന്റെ അലയൊലികളെന്നിൽ പടരുന്നു. ഉയരങ്ങളിൽ നിന്ന്​നദി നോക്കിനിൽക്കവേ ഞാനീ ലോകത്തോടുള്ള സർവബന്ധവുമുപേക്ഷിച്ചതിൽ ലയിക്കാൻ വെമ്പൽകൊണ്ടു.

അനീഷ് ഉറങ്ങുന്നുണ്ടായിരിക്കും.
പുലർച്ചകളിൽ മുകൾതട്ടിലെ കപ്പൽതുറയിലേറി ഏകയായി, ഒഴുക്കിനുമുകളിൽ മെല്ലെ പടരുന്ന കാമുകനെ പോലെ സൂര്യപ്രകാശം പരക്കുന്നത് ഞാൻ നോക്കി നിന്നു.
വൈകുന്നേരങ്ങളിൽ സ്പാനിഷ് രസങ്ങൾക്കുനടുവിൽ ഏകാന്തമായി മണിക്കൂറുകൾ സൂര്യൻ അസ്തമിക്കുന്നതും നേർത്ത രശ്മികളാൽ നൈലിനെ തഴുകി കടന്നുപോകുന്നതും കൗതുകത്തോടെ കണ്ടുനിന്നു. നൈൽ തീരത്തു കളിക്കുന്ന കുഞ്ഞുങ്ങളെ അലിവോടെ നോക്കി. കുഞ്ഞു നൗകകളിൽ അന്തിയുറങ്ങുന്നവരെ കണ്ടു.

പ്രശാന്തതയുടെ അനേകായിരം വർഷങ്ങൾ ഞാനും നദിയോടൊപ്പമൊഴുകി. പ്രളയപ്പെട്ടും വറ്റിവരണ്ടും ജീവിച്ചുതീർക്കുന്ന ശേഷിച്ച പ്രക്ഷുബ്ധ ശുഷ്‌ക ജീവിതത്തിൽ നിന്ന്​ മുക്തി നേടി ശാന്തമായി ഒഴുകിയൊഴുകി, നിലക്കാതെ ഒഴുകിയൊഴുകി... ​▮

(തുടരും)


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.

Comments