ഏഴ്
അസ്വാനിലെ ആവിച്ചൂടിൽ, തൊലി വിണ്ടടർന്നുനീറും പോലൊരാധി ഞങ്ങളിലുണ്ടായി. ഞങ്ങൾ കൊഴകൊഴാന്നു സൺസ്‌ക്രീൻ വാരി മുഖത്ത് മെഴുക്കി. വെയിലേറ്റുനടന്നുതളർന്ന്, മൈമിലെന്ന പോലെ ഇടയ്ക്കിടെ അനങ്ങാതെ വഴിയിൽ നിന്നു. വെള്ളം വെള്ളമെന്ന് തൊണ്ട നാവിനോടും, നാവ് കൈയിനോടും കെഞ്ചി.
സഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള വഴിവക്കുകളിൽ നിറയെ കച്ചവടക്കാരാണ്. മെമെന്റോസ്, ഈജിപ്ഷ്യൻ ആഭരണങ്ങൾ, ഒരാഗ്‌നിക് പ്രിന്റുള്ള കോട്ടൻ തുണികൾ, ശില്പങ്ങൾ എന്നിങ്ങനെ എന്തെല്ലാം കാഴ്ചകളാണ് ഞങ്ങൾക്കുചുറ്റും. കണ്ണുകൾ അവയിൽ ഉടക്കിവലിച്ചു. തൊട്ടുതലോടി ഞാൻ നടന്നു.
ഷാരൂഖ് ഖാൻ, ജൂഹി, അമിതാഭ് ബച്ചൻ അങ്ങനെ ചില പേരുകൾ അവർക്കറിയാം. അതുവച്ച് വളവളാന്ന് ഓരോ കോപ്രായം കാണിച്ചു, ചില കച്ചവടക്കാർ. ഹിന്ദി പാട്ടുകൾ വേറെയും. ഈ പ്രകടനങ്ങളെല്ലാം നമ്മൾ നോക്കിനിൽക്കുകയാണെങ്കിൽ അഞ്ചു കെട്ട് സാധനം വാങ്ങിയതിന്റെ സന്തോഷമാണവർക്ക്. ഇന്ത്യക്കാർക്ക് അവിടെ പ്രത്യേക പരിഗണനയുള്ളതായി എനിക്ക് പലയിടങ്ങളിൽ അനുഭവപ്പെട്ടു.
ഈജിപ്റ്റുകാരും ഇന്ത്യക്കാരും നഫ്സ് (സമം) ആണെന്ന് മുറി അറബിയിൽ ഡ്രൈവർ ഒരുത്തൻ ഞങ്ങളോട് പറഞ്ഞിരുന്നു. അവന്റെ ബോധ്യങ്ങൾ ശരിയാണെന്ന് ഞങ്ങളും സമ്മതിച്ചു.
രണ്ട് മൂന്നാംലോക രാജ്യങ്ങൾ തമ്മിൽ ഐക്യപ്പെടാൻ എന്തെല്ലാം വേണം? മറുലോകത്തെ കണ്ണുകൾ കൊണ്ട് നോക്കിക്കാണുമ്പോൾ പട്ടിണി ദുരയായി, ജനപെരുപ്പം തമ്മിൽത്തല്ലായി, ജീവിക്കാനുള്ള മോഹം തട്ടിപ്പായി...
ഒമാനിൽ ഈജിപ്റ്റിനെ പ്രതി കേട്ടതെല്ലാം ഞാൻ തള്ളിക്കളഞ്ഞു. പിറവി ആരുടെയും തീരുമാനമല്ലല്ലോ. നിറവും, വർഗവുമതേ; എനിക്കവരോടെല്ലാം എന്തെന്നില്ലാത്ത സ്‌നേഹവും സഹാനുഭൂതിയും തോന്നി. അസ്ഥിരമായ, അരക്ഷിതമായ ലോകത്താണ് നമ്മൾ ജീവിക്കുന്നത്. ഇറാഖോ അഫ്ഗാനിസ്ഥാനോ യുക്രെയ്നോ ശ്രീലങ്കയോ ആവാൻ ഒരു രാജ്യത്തിനും സമയമേ വേണ്ട.
പണിക്കാരെന്നോ അടിമകളെന്നോ കരുതാവുന്ന പാവം മനുഷ്യരുടെ കഠിനാധ്വാനങ്ങളുടെ കഥ ഈ കല്ലുകൾ പറയുന്നുണ്ട്. അതിന്റ നെഞ്ചിലെ പിളർപ്പ്, ഉപേക്ഷിക്കപ്പെട്ട അതിന്റെ കിടപ്പ്... അത് പുകൾ പറയുന്നില്ല, മറിച്ച് അടിമജീവിതത്തിന് സാക്ഷിയായ കല്ലിന്റെ ഹൃദയമുറിവാണ്.
അവിടെ ധാരാളമായി കണ്ടിരുന്ന ഗ്രാനൈറ്റ് കല്ലുകളുപയോഗിച്ച് കൈകൊണ്ടുണ്ടാക്കിയ ശില്പങ്ങളും പാത്രങ്ങളും തീരെ കനം കുറഞ്ഞവരായിരുന്നു. അതെങ്ങനെയാണ് കല്ലുകൾ ഉരച്ചുരതിയവരുണ്ടാക്കുന്നതെന്ന് കാണിച്ചുതരുന്ന ഒരു കടയിൽ ഞങ്ങൾ ലുക്ക്സൂറിൽ വച്ച് കയറിയിരുന്നു. മെഷീനിൽ ഉണ്ടാക്കിയെടുത്ത ശില്പങ്ങളെക്കാൾ എത്രയോ കനം കുറവാണ് കൈകൊണ്ടുണ്ടാക്കിയ ആ ശില്പങ്ങൾക്ക്. അവിടെയുള്ള ചില വെള്ള മാർബിൾ പാത്രങ്ങൾക്കുള്ളിലൂടെ വെളിച്ചം സുതാര്യമായി പുറത്തുവരുന്നു. നിലത്തുവീണാൽ പോലും ഉടയാത്ത കല്ലുപാത്രങ്ങൾ, ലൈറ്റണച്ചാൽ പച്ചക്കല്ലു തിളക്കം. ഭാഗ്യത്തിന്റെ പ്രതീകമായിരുന്ന കർറ്റൂഷുകൾ ആലേഖനം ചെയ്തിരിക്കുന്ന ഞണ്ടുകൾ, പലനിറ കല്ലുകളിൽ പല വലുപ്പത്തിലുണ്ടാക്കിവെച്ചിട്ടുണ്ട്. ജനനാഭിവൃദ്ധിയുടെ ദേവത ഐസിസ്‌ന്റെയും, മരണദേവൻ അനൂബിസ്‌ന്റെയും രാജ്ഞിമാരായ ക്ലിയോപാട്രയുടെയും, നെഫ്രീത്തിയുടെയും, ഫറവോ റമിസെസിന്റെയും, തുതാൻകാമൂന്റെയും, മുതലയുടെയും പരുന്തിന്റെയും, പിരമിഡിന്റെയും ശില്പങ്ങൾ. കണ്ണാടിക്കുള്ളിൽ കാലാന്തരത്തിലെ ഈജിപ്റ്റ് അനാവരണം ചെയ്യപ്പെട്ടുകിടക്കുന്നു. ഓരോ ദേശത്തിന്റെയും ടീസറുകളാണ് അവ. ഓരോ ഫ്രെയിമുകളും ഓരോ ചില്ലുകൂടാരങ്ങളാണ്. ആയിരം കഥകൾ ശില്പങ്ങൾ തന്നെ പറയും.
2009-ൽ കെനിയയിൽ പോയപ്പോൾ ഇത്തരം ഷോപ്പുകളിൽ നിറയെ സിംഹങ്ങളും പുലികളും മാനുകളും ചീറ്റകളും കണ്ടാമൃഗങ്ങളും സീബ്രകളും, മസായി ഗോത്രവർഗ്ഗക്കാരുടെ ആഭരണങ്ങളും ആയുധങ്ങളും ഒക്കെ നിറഞ്ഞ വന്യലോകത്തിന്റെ മാതൃകയായിരുന്നു. താരതമ്യ പട്ടികകൾ മനസ്സിന്റെ പിന്നാമ്പുറങ്ങളിൽ, നമ്മളറിയാതെ തന്നെ നിറയുന്നു. ലോകമെന്ന വലിയ കണക്കിലെ രണ്ടുമൂന്ന് വരികളെ ഞാൻ തീർത്തിട്ടുള്ളൂ. അന്തമെത്താത്ത ചോദ്യങ്ങൾക്ക് യാത്രയിൽ പടിപടിയായ ഉത്തരങ്ങൾ എഴുതിച്ചേർക്കുകയായിരുന്നു ഞങ്ങൾ.
അമരനായിരിക്കാനുള്ള ഫറവോകളുടെ നേർച്ചയാണ് ഈ ശിലകൾ. ഒരർഥത്തിൽ നോക്കിയാൽ ഇന്നും അവർ യുഗാന്തരങ്ങളോളം മനുഷ്യമനസ്സിൽ അമരരായിരിക്കുന്നതിന് കാരണവും ഈ ബൃഹത് നിർമിതികളാണ്.
പണിതീരാത്ത സ്മാരകശിലാസ്തൂപങ്ങൾ
(The Unfinished Oblisques)
ഇന്നത്തെ ലോകത്ത് നിലനിൽക്കുന്ന ഒബ്ലിസ്‌ക്കുകളെപ്പറ്റിയുള്ള സബയുടെ വിവരണങ്ങളിൽ മുഴുകി ഞങ്ങൾ പണിതീരാത്ത ഒബ്ലിസ്‌കിനുമുമ്പിലെത്തി. എൻജിനീയറിങ്ങിന്റെയും രൂപകൽപനയുടെയും പല തിരിച്ചറിവുകളും അനുമാനങ്ങളും ഇവിടെനിന്ന് ഞങ്ങൾക്കും ലഭിക്കുകയുണ്ടായി. ഒരുതരത്തിൽ മനുഷ്യരോട് ഏറ്റവും വ്യക്തമായി സംസാരിച്ച ശിലയായിരുന്നു അത്, രാവന്തിയോളം പിടിക്കാൻ പ്രയാസമുള്ള വലിയ ഉരുളൻകല്ലുകൾ കൈയിലേന്തി, തൊലിയുതിർന്ന്, പൊള്ളുന്ന കൽച്ചൂടിൽ മാംസമടർന്ന്, മൂർച്ചയുള്ള നീളൻ കല്ലുകളാൽ ശരീരഭാഗങ്ങളിൽ മുറിവേറ്റ്, ഭീമൻ കല്ലുകൾ കുത്തിപ്പൊക്കാൻ തലച്ചുമടായി എടുത്തുകൊണ്ടുപോകവേ, നട്ടെല്ലിലെ കശേരുക്കൾ തമ്മിലുരസി അതികഠിനമായി വേദനിച്ച്, ഉയരങ്ങളിൽ നിന്നും കാൽവഴുതി മരണത്തിലേക്ക് പതിച്ച, പണിക്കാരെന്നോ അടിമകളെന്നോ കരുതാവുന്ന പാവം മനുഷ്യരുടെ കഠിനാധ്വാനങ്ങളുടെ കഥ ഈ കല്ലുകൾ പറയുന്നുണ്ട്. അതിന്റ നെഞ്ചിലെ പിളർപ്പ്, ഉപേക്ഷിക്കപ്പെട്ട അതിന്റെ കിടപ്പ്... അത് പുകൾ പറയുന്നില്ല, മറിച്ച് അടിമജീവിതത്തിന് സാക്ഷിയായ കല്ലിന്റെ ഹൃദയമുറിവാണ്. ഒബ്ലിസ്ക്‌സ് എന്നാൽ അലക്‌സാണ്ട്രിയയിലുണ്ടായിരുന്ന പൊമ്പസ് പില്ലറിനെപ്പറ്റി സൂചിപ്പിച്ചതുപോലെ തന്നെ, ടൺ കണക്കിന് ഭാരമുള്ള ഏകശിലകൾ കുത്തിയെടുക്കാനും, താങ്ങിയെടുക്കാനും ഉയർത്തിയെടുക്കാനും നാട്ടിയെടുക്കാനും അതികഠിനപ്രയത്‌നം ആവശ്യമാണ്. ഇന്നും അന്ന് ജീവിച്ചിരുന്ന മനുഷ്യരെപ്രതി ഉത്തരമില്ലാത്ത പല ചോദ്യങ്ങളും പിന്നെയും നമ്മുടെ മനസ്സിൽ അവശേഷിപ്പിക്കുന്നു.
സന്തുലനം എന്നത് സുപ്രധാനമായി കരുതിയിരുന്നവർക്ക് സമാധാനവും സന്തോഷവുമുള്ള, സന്ദേഹങ്ങളേതുമില്ലാത്ത സ്വസ്ഥജീവിതമെന്നതിന്റെ പ്രതീകമായിരുന്നു ഒബ്ലിസ്‌ക്കുകൾ. ദ്വന്ദം എന്നത് സന്തുലനം എന്നവർ വിശ്വസിച്ചിരുന്നു. നിർമിതിയിലെ സമതുലനം അവർക്ക് പരിപൂർണതയുടെ സൂചകങ്ങളായിരുന്നു. കുട്ടിയായിരുന്നപ്പോൾ ഞങ്ങൾ വണ്ടി വണ്ടൻ, ബസ് ബസി, പറ്റും പറ്റില്ല, മിണ്ടും മിണ്ടില്ല എന്നൊക്കെ ചേർച്ചയൊപ്പിച്ചത് സന്ദേഹമൊഴിപ്പിച്ച് ചുറ്റുപാടുമായി, ലിംഗഭേദങ്ങളുമായി സമരസപ്പെടാനുള്ള അബോധവായ്പുകളോ എന്ന് വെറുതെ തോന്നിപ്പോകുന്നു.
അമരനായിരിക്കാനുള്ള ഫറവോകളുടെ നേർച്ചയാണ് ഈ ശിലകൾ. ഒരർഥത്തിൽ നോക്കിയാൽ ഇന്നും അവർ യുഗാന്തരങ്ങളോളം മനുഷ്യമനസ്സിൽ അമരരായിരിക്കുന്നതിന് കാരണവും ഈ ബൃഹത് നിർമിതികളാണ്. സ്മാരകസ്തൂപങ്ങളിൽ അതിന്റെ നിർമാണത്തെപ്പറ്റി പറയുന്ന ലിഖിതങ്ങളുണ്ട്. ഈ സ്തൂപങ്ങൾ കല്ലുകൾ കൊണ്ട് അടിച്ചുപൊട്ടിച്ചതാണെന്നും, ചൂടാക്കി പൊട്ടിച്ചെടുത്തതാണെന്നുമുള്ള നിഗമനങ്ങളുണ്ട്. മൂർച്ചയുള്ള ഇരുമ്പായുധങ്ങൾ ഇല്ലാതിരുന്ന സമയത്ത്, കൽച്ചെത്തുകളുടെ മികവുകൾ, അളവഴകുകൾ എല്ലാം അവിശ്വസനീയമായ മനുഷ്യമാന്ത്രികതയെ കാണിച്ചുതരുന്നു.
ഇന്നോളം നാട്ടിയതിനേക്കാൾ നീളമുള്ളത് പാതിപണിതുപേക്ഷിച്ച അസ്വാനിലെ ഈ ശിലയാണ്. അത് പാറക്കെട്ടുകളിൽ നിന്ന് വേർപെടുത്തിയിട്ടുണ്ടായിരുന്നില്ല. ഉയരെനിന്നു നോക്കിയപ്പോൾ അതോരു വലിയ ശവപ്പെട്ടി പോലെ തോന്നിയെനിക്ക്. കർണാക്ക് അമ്പലത്തിൽ നാട്ടാനായി ഫറവോ റാണി ഹാച്ചെപ്പ്‌സൂത്താണ് ഇതിന്റെ പണി ആരംഭിച്ചത്. 42 മീറ്റർ നീളവും 1200 ടൺ കനവുമുള്ള ഭീമശില. പണിതീർത്തിരുന്നെങ്കിൽ ഇന്ന് ലോകത്തിലെ ഏറ്റവും വലിയത് ആയിരുന്നേനെ അത്. 200 വലിയ ആഫ്രിക്കൻ ആനകളുടെയത്ര കനമുണ്ടത്തിന്. അത്രയും ആനയെ ഉയർത്താനെത്ര മനുഷ്യർ? എന്ത് സാങ്കേതികത? എത്ര ചെലവ്? എത്ര അധ്വാനം? എത്ര ദിവസം? എന്ത് ഉപകരണങ്ങൾ? അങ്ങനെ ഊരിയെടുക്കാൻ സാധിക്കാത്ത ചോദ്യങ്ങൾ പലതിനാലും നമ്മൾ അവിടെ കുടുങ്ങിപ്പോകുന്നു. വർഷങ്ങൾക്കുമുമ്പ്, വലിയ ഉപകരണങ്ങളില്ലാതിരുന്ന സമയത്ത് നടന്ന കാര്യങ്ങൾ ഇനിയും ഗ്രഹിക്കാൻ സാധിക്കാത്ത ആധുനിക മനുഷ്യരാണ് ഒരുതരത്തിൽ പ്രാകൃതർ, പൗരാണികർ എന്നെനിക്ക് ലജ്ജ തോന്നി. ഉപേക്ഷിക്കപ്പെട്ട പണിയായുധങ്ങളായ കൊത്തുകല്ലുകളും ശിലയുടെ അരികത്തായി ചിതറിക്കിടപ്പുണ്ട്. ഏക ശിലാസ്ഥാപനത്തെക്കുറിച്ചുള്ള അവ്യക്തമായ സൂചനകൾ ഓരോ ശിലയുടെയും ലിഖിതങ്ങളിൽ ചേർത്തിട്ടുണ്ടെങ്കിൽ തന്നെയും അത് കേവലമനുഷ്യാധ്വാനത്തിൽ മനുഷ്യർക്ക് ഇന്നും ചെയ്തുകാണിക്കാൻ സാധിക്കുന്നില്ല.
20-ാം നൂറ്റാണ്ടുവരെ മണ്ണുമൂടിക്കിടന്നിരുന്ന ആ സ്ഥലം കണ്ടുപിടിച്ചതോടുകൂടിയാണ് ആന്റിക്വിറ്റിയിലെ നിർമിതികൾ എങ്ങനെയുണ്ടായി എന്നതിനെപ്പറ്റി വലിയ അറിവുകൾ പുരാവസ്തുഗവേഷകർക്ക് ലഭിച്ചത്. 1922-ൽ, ഇംഗ്ലീഷുകാരനായ റെഗിനാൽഡ് എൻഗെൽബാക്‌ന്റെ അന്വേഷണത്തിലാണ് മണ്ണുമൂടിക്കിടന്നിരുന്ന ഈ ക്വാറി കണ്ടെടുത്തത്.
ആദ്യമായി മുറിച്ചെടുക്കേണ്ട ഭാഗങ്ങളിൽ ചെറിയ അടയാളങ്ങൾ ഇടുന്നു. നീണ്ട മുത്തുമാല പോലെ ആ അടയാളങ്ങൾ നമുക്ക് പാറക്കെട്ടിന്മേൽ കാണാനാവും. കല്ലിൽ തീർത്ത പണിയായുധങ്ങളുപയോഗിച്ച് വലിയ പാറക്കെട്ടുകളിൽ തുളകളുണ്ടാക്കി അതിലേക്ക് മരത്തടി അടിച്ചുകയറ്റുന്നു. ശേഷം മരത്തടിയിലേക്ക് വെള്ളം ഇറ്റിക്കുന്നു. വീർത്തുവരുന്ന ഈ മരത്തടിയ്ക്ക് ഈ ഗ്രാനൈറ്റ് കല്ലുകളെ പിളർത്താൻ പോന്ന ശക്തിയുണ്ട്. ഡോലോറൈറ്റ് എന്ന കരിങ്കല്ലുകളുപയോഗിച്ച് അടിച്ചടിച്ചാണ് ശിലാപ്രതലം നിരയാക്കിയെടുത്തത് എന്നും കരുതുന്നു. നമ്മുടെ നാട്ടിൽ കാണുന്ന അമ്മിക്കല്ലുപോലെയാണ് ആ ഇടിക്കല്ലുകൾ. 14 അടി നീളത്തിൽ, കഷ്ടിയൊരാൾക്ക് ഇറങ്ങിനിൽക്കാനുള്ള വീതിയിൽ ചുറ്റും പാറ തുരന്നിട്ടുണ്ട്. ആ കുണ്ടനിടയിലേക്ക് മനുഷ്യൻ ഇറങ്ങിനിന്നുവേണം കല്ലുകൾ രാകി ചെത്തിയെടുക്കാൻ. അവർ ഇടിച്ചുണ്ടാക്കിയ കൈക്കുമ്പിൾക്കുഴികൾ ടൂർ ഗൈഡ് സബ ഏകാംഗനാടകത്തിലെന്ന പോലെ ഒരു കല്ലെടുത്തു ഇടിച്ചഭിനയിച്ചു കാണിച്ചുത്തന്നു, ഞങ്ങൾക്ക്. വാക്കുകളും, അക്ഷരങ്ങളും തെറിച്ചുപോകുന്ന മുറിയിഗ്ലീഷിൽ ഗ്രഹിച്ചെടുക്കുന്ന അവ്യക്തതക്കിടയിലും എന്തൊരു തെളിച്ചമാണീ മനുഷ്യാധ്വാനത്തിന്?
കൊത്തിയെടുത്ത ഗ്രനൈറ്റ് പാറക്കെട്ടുകളിൽ വിള്ളലുകൾ വന്നതിനാൽ ഉപേക്ഷിക്കപ്പെട്ടതാണ് പണിതീരാത്ത ഏകശില. പാതിപണിത കല്ലുകൾ ഉപേക്ഷിക്കപ്പെടേണ്ടിവരുമെന്നറിഞ്ഞപ്പോൾ പണിക്കാരുടെ ഹൃദയവും പിളർന്നിരിക്കണം. അരികും മൂലയും എത്ര കൃത്യമായാണ് അടിസ്ഥാന ഉപകരണങ്ങൾ ഉപയോഗിച്ച് അവർ കൊത്തിയെടുത്തത് എന്നത് അത്ഭുതാവഹമാണ്. ആദ്യം മണ്ണുകൊണ്ട് റാംബ് കെട്ടി പൊന്തിച്ചുകൊണ്ടുവന്നു, ശില നീക്കിവെച്ചതിനുശേഷം, അതേ മണ്ണ് താഴ്ത്തിത്താഴ്ത്തി ക്വാറികളിൽ നിന്നും അത് താഴേക്കിറക്കുന്നു.
മരത്തടികളും കല്ലുകളും മഹാശിലയ്ക്കടിയിൽ കുത്തിക്കയറ്റി ചെറുപ്രതലത്തിൽ നിർത്തി വലിച്ചുകൊണ്ടുപോകാൻ പാകമാക്കുന്നു. വലിയ കുഴികളിൽ പൊടിമണ്ണുനിറച്ച്, ഒബ്ലിസ്‌ക്കുകൾ ചെരിച്ച് അതിലേക്കിറക്കിവയ്ക്കും. പിന്നീട് ഉയർത്തിയെടുക്കുന്നനേരം വെള്ളമുപയോഗിച്ച് കുഴിയിലെ മണ്ണ് അടിച്ചു പുറത്തേയ്ക്കുകളയും. കല്ലുകൾ തനിയെ കുഴിയിലേക്കിറങ്ങിയിറങ്ങിപ്പോകും. ഇതെല്ലാം പലതരം അനുമാനങ്ങളാണ്. ഭൗതികശാസ്ത്രത്തിന്റെ അടിസ്ഥാനതത്വപ്രയോഗം വഴി എത്ര കനമുള്ള വസ്തുവിനെ പോലും അവർ ഉരുട്ടിയിടുന്നു.
‘വലിയ വടിയും നിൽക്കാൻ ഒരിടവും തരൂ, ഞാൻ ഭൂമിയെ മറിച്ചിടാം' എന്ന് ഗ്രീക്ക് ഗണിതശാസ്ത്രജ്ഞനായ ആർക്കമഡീസ് പറഞ്ഞത് ഈ നിർമാണങ്ങൾക്കും എത്രയോ കാലം കഴിഞ്ഞാണ്, പാപ്പസ് ഓഫ് അലക്‌സാണ്ടറിന്റെ പുസ്തകത്തിൽ നിന്നും മറ്റുള്ളവർ കണ്ടെടുത്തത് എന്നുകൂടി ഓർക്കണം. ▮
(തുടരും)
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.