ഒരു പ്രകൃതി ദൃശ്യത്തിന്റെ സൗന്ദര്യം അതിന്റെ വിഷാദത്തിലാണ് കുടികൊള്ളുന്നത് എന്ന അഹമ്മദ് റാസിമിന്റെ വാക്യം ഉദ്ധരിച്ചാണ് പാമുക്കിന്റെ ആത്മകഥ ആരംഭിക്കുന്നത്.

ഇസ്താംബുളിൽ,​പാമുക്കിനെ ഓർത്ത്

തുർക്കി എല്ലാ സംസ്‌കാരങ്ങളേയും വിലമതിക്കുന്നു. ഗ്രെക്കോ റോമൻ പേഗൻ സംസ്‌കാരത്തേയും ക്രിസ്റ്റ്യാനിറ്റിയേയും അത് ആദരിക്കുന്നു. ഹാഗിയ സോഫിയയിലെ മുഴുവൻ ചിത്രങ്ങളും തകർത്തിട്ടും ചിലതെങ്കിലും അവശേഷിപ്പിച്ചു. പ്രതിമകളെ അംഗീകരിക്കാത്ത ഇസ്​ലാമികതയല്ല തുർക്കിയിലുള്ളത്.

രണ്ട്​

And therefore, I have sailed the seas and comeTo the holy city of Byzantium. - W. B. Yeats , Sailing to Byzantium.

സ്താംബുളിൽ പോകാൻ മറ്റൊരു കാരണവുമുണ്ട്.
അത് ഓർഹാൻ പാമുക്കിന്റെ ഇസ്താംബുൾ: മെമറീസ് ആൻറ്​ ദി സിറ്റി എന്ന ആത്മകഥയും മഞ്ഞും മ്യൂസിയം ഓഫ് ഇന്നസെൻസും മൈ നെയിം ഈസ് റെഡും വൈറ്റ് കാസിലും ഒക്കെ വായിച്ചതിൽനിന്നുള്ള പ്രചോദനമാണ്. ഒരു പ്രകൃതി ദൃശ്യത്തിന്റെ സൗന്ദര്യം അതിന്റെ വിഷാദത്തിലാണ് കുടികൊള്ളുന്നത് എന്ന അഹമ്മദ് റാസിമിന്റെ വാക്യം ഉദ്ധരിച്ചാണ് പാമുക്കിന്റെ ആത്മകഥ ആരംഭിക്കുന്നത്.

കാർസിൽ പോകണമെന്ന് ഞാൻ ഏറെ കൊതിച്ചിരുന്നു. പക്ഷേ ടൂർ പ്രോഗ്രാമിൽ അതുണ്ടായിരുന്നില്ല. മഞ്ഞുമൂടിയ ഒരു വിദൂരദേശമാണ് കാർസ്. അർമേനിയക്കാരും സെൽജുക് തുർക്കികളും മംഗോളിയരും ഒട്ടോമൻ തുർക്കികളും റഷ്യക്കാരും ആ പ്രദേശം ഭരിച്ചിട്ടുണ്ട്. ഇന്നത് തുർക്കിയുടെ ഭാഗമാണ്. തുർക്കിയുടെ തലസ്ഥാനമായ അംഗാറയിൽനിന്ന് കാർസിലേക്ക് ആഴ്ചയിൽ രണ്ടു തവണ ട്രെയിൻ സർവീസുണ്ട്. അതിമനോഹരമായ ഒരു യാത്രയാണത്. വന്യവും വിജനവുമായ ഭൂപ്രദേശങ്ങളിലൂടെ തീവണ്ടി കടന്നുപോകുന്നു.

മഞ്ഞ് എന്ന നോവലിന്റെ പശ്ചാത്തലം കാർസ് ആണ്. ഗവൺമെൻറ്​ പർദ്ദ ധരിക്കാൻ അനുവദിക്കാത്തതിനാൽ പൊളിറ്റിക്കൽ ഇസ്​ലാമിന്റെ ഭാഗമായി കാർസിൽ പെൺകുട്ടികൾ ആത്മഹത്യ ചെയ്യുന്നു. ഇതന്വേഷിച്ചുപോകുന്ന കായുടെ കഥയാണിത്. ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ നിന്നാണയാൾ ജേണലിസ്റ്റ് എന്ന നിലയിൽ കാർസിൽ എത്തുന്നത്. അവിടെ പഴയ കാമുകിയായ ഐപെക്കിനെ കാണുന്നു. പ്രണയം പുനരാരംഭിക്കുന്നു. അയാൾ കവിതകൾ എഴുതുന്നു. ഗവൺമെന്റിനും ഇസ്​ലാം തീവ്രവാദികൾക്കുമിടയിൽ അയാൾ പെടുന്നു. ഐപെക്കുമായി ഫ്രാങ്ക്ഫർട്ടിൽ താമസിക്കാനാണയാൾ ആഗ്രഹിക്കുന്നത്. കാർസിൽ നിന്ന് രക്ഷപ്പെടുന്ന അയാളുടെ കൂടെ ഐപെക്ക് എത്തുന്നില്ല. കാ ഫ്രാങ്ക്ഫർട്ടിൽ അജ്ഞാതരാൽ വെടിയേറ്റ് മരിക്കുന്നു. ഇതാണ് നോവലിന്റെ ചുരുക്കം.

എന്നെ ബാധിച്ച മറ്റൊരു നോവൽ മ്യൂസിയം ഓഫ് ഇന്നസെൻസ് ആണ്. അതിലെ നായകൻ ധനികനായ കെമാൽ ബേയാണ്. അയാൾ സിബൽ എന്ന സ്ത്രീയെ വിവാഹം കഴിക്കാൻ തീരുമാനിച്ചിരിക്കുമ്പോളാണ് ഫ്യൂസനെ പ്രണയിക്കുന്നത്. സിബൽ ഒഴിഞ്ഞുപോകുന്നു. ഫ്യൂസൻ വേറേ വിവാഹം കഴിക്കുന്നു. കെമാൽ ഫ്യൂസന്റെ വീട്ടിൽ നിത്യസന്ദർശകനാകുന്നു. വിവാഹബന്ധം വേർപിരിഞ്ഞ ഫ്യൂസൻ കെമാലിന്റേതാകുന്നു. പക്ഷേ കാറപകടത്തിൽ മരിക്കുന്നു. കെമാൽ ഫ്യൂസന്റെ ഓർമകളുടെ മ്യൂസിയം സ്ഥാപിക്കുന്നു. ഈ നോവലുകൾ വായിച്ച ഒരാൾക്ക് തീർച്ചയായും ഇസ്താംബുൾ സന്ദർശിക്കാൻ ആഗ്രഹം തോന്നും.

ഓർഹാൻ പാമുക്ക്

കുവൈറ്റിലെ മരുപ്രദേശങ്ങൾ കടന്ന് ഇസ്താംബുൾ നഗരത്തിലേക്ക് വിമാനമെത്തുമ്പോൾ മർമറാ കടലും കപ്പലുകളും കാണാകുന്നു. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളിലൊന്നാണ് ഇസ്താംബുൾ. യൂറോപ്പിലും ഏഷ്യയിലുമായത് പരന്നുകിടക്കുന്നു. മർമറാ കടലും ബോസ്​ഫറസ്​ കടലിടുക്കും ഇസ്താംബുളിന്റെ മനോഹാരിത വർധിപ്പിക്കുന്നു. ആദ്യകാലത്ത് ഗ്രീക്കുകാരായിരുന്നു ഇപ്രദേശം ഭരിച്ചത്. അന്നുണ്ടായ പേരാണ് ബൈസാൻറിയം. പിന്നീട് കിഴക്കൻ റോമാ സാമ്രാജ്യമായത് വാഴ്ത്തപ്പെട്ടു. കോൺസ്റ്റാൻറിനോപ്പിൾ എന്ന പേരുമതിനുണ്ടായി. അതിന്റെ കാരണം കിഴക്കൻ റോമാ സാമ്രാജ്യം സ്ഥാപിച്ചത് കോൺസ്റ്റാൻറിൻ ചക്രവർത്തിയായിരുന്നു എന്നതാണ്.

പള്ളിയിലെ വിശ്വാസികൾക്കൊന്നും അന്ന് എഴുതാനും വായിക്കാനും അറിഞ്ഞുകൂടാ. അതിനാൽ ചിത്രശില്പങ്ങൾ അങ്ങനെയുള്ളവർക്ക് ബൈബിൾ മനസിലാക്കുന്നതിന് സഹായിക്കും എന്ന നിലപാടുണ്ടായി. അങ്ങനെയാണ് പള്ളിയിൽ ചിത്രശില്പങ്ങൾ അനുവദിച്ചത്.

അഞ്ചപ്പത്തിന്റെയും മത്സ്യങ്ങളുടേയും അത്ഭുതം

ബൈസാന്റൈൻ ആർട്ടിന്റെ കേന്ദ്രവുമായിരുന്നു അത്​. തനതായ ശൈലിയാണ് ബൈസാന്റൈൻ ചിത്രകലയുടേത്. ദ്വിമാന ചിത്രങ്ങളാണവ.
റോമൻ ചക്രവർത്തിയായ (ക്രിസ്ത്യൻ ചക്രവർത്തി ) കോൺസ്റ്റാൻറിൻ ദ ഗ്രേറ്റ് റോമിൽ നിന്ന് തലസ്ഥാനം എ.ഡി 328 - ൽ പഴയ ഗ്രീക്ക് നഗരമായ ബൈസാന്റിയത്തിലേക്കുമാറ്റി. അതിനെ കോൺസ്റ്റാൻറിനോപ്പിൾ എന്ന് പുനർ നാമകരണം ചെയ്തു. (ഇപ്പോൾ ഇസ്താംബുൾ ) ക്രിസ്തുമതത്തെ പ്രോത്സാഹിപ്പിച്ചു. രാഷ്ട്രത്തിന്റെ അധികാരകേന്ദ്രമെന്ന നിലയിൽ ക്രിസ്ത്യൻ ചർച്ച് സ്ഥാപിച്ചു. പഴയ ടെമ്പിളിൽ നിന്ന് വ്യത്യസ്തമായിരുന്നു അർത്താരയുള്ള ചർച്ച്. വലിയ റോയൽ ഹാളുകളുള്ളതിനെയാണ് ബസലിക്ക എന്ന് വിളിച്ചിരുന്നത്. ഇത് പിന്നീട് ചർച്ചായി. ഇത്തരം കെട്ടിടങ്ങളെ അലങ്കരിക്കുക എന്നത് ഗൗരവമുള്ള പ്രശ്‌നമായി.

എന്നാൽ ബൈബിൾ പ്രതിമാശില്പങ്ങൾക്കും ഇമേജുകൾക്കും എതിരായിരുന്നു. എങ്കിലും കുറേപ്പേർ മാറിച്ചിന്തിച്ചു. മഹാനായ പോപ്പ് ഗ്രിഗറി അത്തരത്തിലുള്ള ആളായിരുന്നു. പള്ളിയിലെ വിശ്വാസികൾക്കൊന്നും അന്ന് എഴുതാനും വായിക്കാനും അറിഞ്ഞുകൂടാ. അതിനാൽ ചിത്രശില്പങ്ങൾ അങ്ങനെയുള്ളവർക്ക് ബൈബിൾ മനസിലാക്കുന്നതിന് സഹായിക്കും എന്ന നിലപാടുണ്ടായി. അങ്ങനെയാണ് പള്ളിയിൽ ചിത്രശില്പങ്ങൾ അനുവദിച്ചത്. എന്നാൽ ലത്തീൻ പോപ്പിന്റെ ഈ ചിന്താഗതി റോമൻ ചക്രവർത്തി അംഗീകരിച്ചില്ല. മതപരമായ സ്വഭാവമുള്ള പ്രതിമകൾക്കെതിരായിരുന്നു ഒരു വിഭാഗം. ദൈവം തന്നെത്തന്നെ മർത്യനേത്രങ്ങൾക്ക് വെളിപ്പെടുത്തിയെങ്കിൽ പിന്നെ ഇമേജുകളിലൂടെ വെളിപ്പെടുന്നതിൽ എന്താണ് തെറ്റ് എന്നു മറുഭാഗം ചോദിച്ചു. എന്തായാലും റോമൻ - ഗ്രീക്ക് ഹെലനിസ്റ്റിക് പാരമ്പര്യവും ക്രിസ്ത്യൻ പാരമ്പര്യവും രീതികളും ആചാരങ്ങളും എല്ലാം ചേർന്ന് ബൈസാന്റിൻ കലയുടെ വളർച്ചയ്ക്ക് കാരണമായി. ഇതിന് ധാരാളം പൗരസ്ത്യസ്വാധീനങ്ങളുമുണ്ടായി.

ഒരു ബൈസാന്റൈൻ ചിത്രം

റോമൻ ചിത്രകല ഗ്രീക്കുകലകളാൽ സ്വാധീനിക്കപ്പെട്ടിരുന്നു. ഗ്രീസിന്റെ തുടർച്ചയായി വേണം റോമൻ ചിത്രശില്പ വസ്തുവിദ്യാകലകളേയും കാണാൻ. റോമൻ ചിത്രകലയ്ക്ക് ഒരു പാട് സവിശേഷതകളുണ്ട്. ഭിത്തിചിത്രങ്ങൾ പലതും ഇന്നുമുണ്ട്. പുസ്തകങ്ങളിലെ ചെറുചിത്രങ്ങളും (Miniature) ലഭ്യമാണ്.
മധ്യകാലഘട്ടത്തിൽ മതപരത കൂടിയിരുന്നു. അത്തരം കമീഷൻ ചെയ്ത വർക്കുകൾക്ക് പണം മുടക്കിയത് പള്ളിയായിരുന്നു. അവയിൽ റിയലിസം കുറവാണ്. പരിപ്രേക്ഷ്യത്തെ സംബന്ധിച്ചതും മനുഷ്യശരീരത്തെ സംബന്ധിച്ചതുമായ കാര്യങ്ങൾ റോമിന്റെ പതനത്തോടെ തീർന്നു. റിയലിസത്തിന് പ്രാഥമിക പരിഗണന പോലും മധ്യകാല കലാകാരന്മാർ നല്കിയില്ല. അവർ ലളിതമായി മതപരമായ സന്ദേശം നല്കാനേ ഉദ്ദേശിച്ചിരുന്നുള്ളു. മതത്തിന്റെ കാഠിന്യം കലാകാരന്മാരെ ഞെരുക്കി. കലയുടെ യഥാർത്ഥ ജീവിതം നഷ്ടപ്പെട്ടു. കലയ്ക്ക് രൂപം നഷ്ടപ്പെട്ടു. ഇതൊക്കെ വിമർശനങ്ങളാണ്. എന്നാൽ ബൈസാൻറിയൻ ചിത്രകലയ്ക്ക് അതിന്റേതായ ശൈലിയും നിറക്കൂട്ടും ഉണ്ട്. അതൊരു വിചിത്രലോകം തന്നെയാണ്. അതുകൊണ്ടാണ് ആ ആത്മീയനഗരത്തിലേക്ക് യേറ്റ്‌സ് മാനസ സഞ്ചാരം നടത്തുന്നത്.

റംസാൻ കാലത്തുപോലും ഹോട്ടലുകളും ബാറുകളും തുറക്കുന്ന സ്ഥലമാണ് തുർക്കി. തുർക്കിയിൽ പർദ്ദ ധരിച്ച സ്ത്രീകൾ വിരളമാണ്. അതിസുന്ദരികളായ സ്ത്രീകൾ പാൻസും ഷർട്ടുമിടുന്നു. മദ്യം കഴിക്കുന്നു, സിഗരറ്റ് വലിക്കുന്നു.

അഞ്ചപ്പത്തിന്റെയും മത്സ്യങ്ങളുടേയും അത്ഭുതം എന്ന ചിത്രം നോക്കാം: ക്രിസ്തു ഈ ചിത്രത്തിന്റെ നടുക്കാണ്. ഇതിൽ ആകെ അഞ്ചു പേരേയുള്ളു. ചിത്രത്തിൽ, വസ്ത്രത്തിന്റെ ചെയ്തിയിൽ ഒരു പ്രത്യേകതയുണ്ടെന്ന് കാണാം. ശാന്തനായ ക്രിസ്തു ചിത്രത്തിന്റെ നടുക്കാണ്. മുടി പിറകോട്ട് ഇട്ടിരിക്കുന്നു. ഇന്നത്തെ ക്രിസ്തു രൂപമല്ലിത്. ആദ്യകാലത്തെ രൂപമാണ്. ആൾക്കൂട്ടം ചിത്രത്തിന് പുറത്താണ്. കുട്ടികളുടെ ചിത്രം പോലെയാണിതെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
അത്തരം ചിത്രങ്ങൾ കപ്പഡോഷ്യയിലെ ഗുഹകളിലെ പള്ളികളിലും കാണാം. ഹാഗിയ സോഫിയയിലെ ചിത്രങ്ങൾ ചിലതൊഴികെ എല്ലാം മായ്ക്കപ്പെട്ടു. ഗ്രീക്ക് പേഗനിസവും ക്രിസ്ത്യാനിറ്റിയും ഇസ്​ലാമികതയും യൂറോപ്യൻ ആധുനികതയും ചേർന്ന സങ്കീർണമായ സംസ്‌കാരമുള്ള ഒരു നഗരമാണ് അത്. ബോസ്​ഫറസ്​ കടലിടുക്കിന്റെ ഇപ്പുറത്തുനിന്നാൽ തുർക്കിയുടെ ഏഷ്യാഭാഗം കാണാം. അവിടേക്ക് ഒരു പാലമുണ്ട്.

പാശ്ചാത്യവൽക്കരിക്കപ്പെട്ട തുർക്കി

ഞങ്ങൾ ഇസ്താംബുളിൽ നിന്ന് തുർക്കിയുടെ തലസ്ഥാനമായ അംഗാറയിലേക്കുള്ള വിമാനത്തിൽ കയറി. അവിടെ ഒരു ഹോട്ടലിൽ താമസിച്ചു. വളരെ പ്രാചീനമായ സ്മരണകളുണർത്തുന്ന മ്യൂസിയത്തിലാണ് ആദ്യം പോയത്. അതൊന്നും എന്നെ അത്ര ബാധിച്ചില്ല. അംഗാറ വലിയ ഒരു നഗരം തന്നെ. വൃത്തിയും വെടിപ്പുമുള്ള പരിസരങ്ങൾ. നല്ല വഴികൾ. അവിടെ അറ്റാ തുർക്കിന്റെ ജീവിതം ചിത്രീകരിച്ചിരിക്കുന്ന മ്യൂസിയമുണ്ട്. അദ്ദേഹത്തിന്റെ ഖബറിടവും അവിടെയുണ്ട്. അദ്ദേഹത്തിന്റെ ലൈബ്രറിയും മുമ്പു നടന്ന യുദ്ധചിത്രീകരണവുമുണ്ട്. മുസ്തഫ കമാൽ അറ്റാ തുർക്ക് ആധുനിക തുർക്കിയുടെ നേതാവായിരുന്നു. അറ്റാ തുർക്ക് എന്നാൽ രാഷ്ട്രപിതാവ് എന്നാണർത്ഥം. ഒരു സെക്യുലർ രാജ്യമായി തുർക്കിയെ രൂപപ്പെടുത്തിയത് അദ്ദേഹമാണ്.

അറ്റാ തുർക്ക് മുസ്തഫ കമാലിന്റെ പ്രതിമ

റംസാൻ കാലത്തുപോലും ഹോട്ടലുകളും ബാറുകളും തുറക്കുന്ന സ്ഥലമാണ് തുർക്കി. തുർക്കിയിൽ പർദ്ദ ധരിച്ച സ്ത്രീകൾ വിരളമാണ്. അതിസുന്ദരികളായ സ്ത്രീകൾ പാൻസും ഷർട്ടുമിടുന്നു. മദ്യം കഴിക്കുന്നു, സിഗരറ്റ് വലിക്കുന്നു. പാശ്ചാത്യവൽക്കരിക്കപ്പെട്ട രാജ്യമാണ് തുർക്കി. അറ്റാ തുർക്കിന്റെ കാലത്താണ് ഹാഗിയ സോഫിയ മ്യൂസിയമാക്കിയത്. അത് മുമ്പ് ഏറ്റവും വലിയ ക്രിസ്ത്യൻ പള്ളിയും പിന്നീട് മുസ്​ലിം പള്ളിയുമായിരുന്നു. ഇപ്പോൾ അത് വീണ്ടും മുസ്​ലിം പള്ളിയായി. സ്‌പെയിനിൽ ഇസ്​ലാം ഭരണം നിലനിന്ന കാലത്തുണ്ടായിരുന്ന (സി.ഇ 711 - 1492) ഒരു മുസ്​ലിം പള്ളി ഇപ്പോൾ ക്രിസ്ത്യൻ പള്ളിയാണ്.

ഹാഗിയ സോഫിയയിൽ അവശേഷിക്കുന്ന ചിത്രം

എങ്കിലും തുർക്കി എല്ലാ സംസ്‌കാരങ്ങളേയും വിലമതിക്കുന്നു. ഗ്രെക്കോ റോമൻ പേഗൻ സംസ്‌കാരത്തേയും ക്രിസ്റ്റ്യാനിറ്റിയേയും അത് ആദരിക്കുന്നു. ഹാഗിയ സോഫിയയിലെ മുഴുവൻ ചിത്രങ്ങളും തകർത്തിട്ടും ചിലതെങ്കിലും അവശേഷിപ്പിച്ചു. പ്രതിമകളെ അംഗീകരിക്കാത്ത ഇസ്​ലാമികതയല്ല തുർക്കിയിലുള്ളത്. പലയിടത്തും പ്രതിമകൾ കാണാം. ▮

(തുടരും)


എസ്. ജോസഫ്

കവി. എറണാകുളം മഹാരാജാസ്​ കോളേജിൽ മലയാളം അധ്യാപകനായിരുന്നു. കറുത്ത കല്ല്, മീൻകാരൻ, ഐഡന്റിറ്റി കാർഡ്, ഉപ്പന്റെ കൂവൽ വരയ്ക്കുന്നു, ചന്ദ്രനോടൊപ്പം, വെള്ളം എത്ര ലളിതമാണ് തുടങ്ങിയവ പ്രധാന കൃതികൾ.

Comments