കുതിരകൾക്കു പ്രസിദ്ധമായ സ്ഥലമാണ് കപ്പഡോഷ്യ. പ്രകൃതി നിർമിച്ച ഒരു ശില്പോദ്യാനം എന്നു പറയാം/ photo: wikipedia

മനുഷ്യരുടെപുരാതനമായ
​അടയാളങ്ങൾ

അനറ്റോളിയയിൽ പുരാതന ശിലായുഗത്തിലേ മനുഷ്യവാസം ആരംഭിച്ചു എന്നതിന്റെ തെളിവുകൾ മ്യൂസിയങ്ങളിൽ സൂക്ഷിച്ചിരിക്കുന്നു. അത് സവിശേഷമായി മനസിലാക്കുക അത്ര എളുപ്പമല്ല. അത് ഒരു യാത്രികന് അത്ര ആവശ്യമില്ലതാനും.

മൂന്ന്​

തുർക്കിയുടെ തലസ്ഥാനമായ അംഗാറയിൽ ചില മ്യൂസിയങ്ങൾ കണ്ടിട്ട് കപ്പഡോഷ്യയിലേക്കാണ് ഞങ്ങൾ പോയത്. അനറ്റോളിയയിൽ പുരാതന ശിലായുഗത്തിലേ മനുഷ്യവാസം ആരംഭിച്ചു എന്നതിന്റെ തെളിവുകൾ ഈ മ്യൂസിയങ്ങളിൽ സൂക്ഷിച്ചിരിക്കുന്നു. അത് പൊതുവായി മനസിലാക്കാമെന്നല്ലാതെ സവിശേഷമായി മനസിലാക്കുക അത്ര എളുപ്പമല്ല. അത് ഒരു യാത്രികന് അത്ര ആവശ്യമില്ലതാനും.

ഷൂസെ സരമാഗുവിന്റെ ജേണി ടു പോർച്ചുഗൽ എന്ന കൃതി കുറേക്കാലമായി ഞാൻ വായിച്ചുകൊണ്ടിരിക്കുകയാണ്​. ഒരു സഞ്ചാരി പോർച്ചുഗലിലൂടെ നടത്തുന്ന യാത്രയുടെ വിവരണമാണത്​. അതിസൂക്ഷ്മമായ വിശദാംശങ്ങളടങ്ങിയ കൃതിയാണത്. കാവ്യഭാഷയിലാണ് അന്യാദൃശമായ ആഖ്യാനം. അത്തരം വിശദമായ ഒരു യാത്രയല്ലിത്. ഇത് സ്ഥലരാശികളെയും കാലത്തെയും കാലാവസ്ഥയേയും ശരീരം കൊണ്ടും ബോധാബോധമനസുകൾ കൊണ്ടും അറിഞ്ഞുപോകുന്ന ഒരു കവിയുടെ യാത്രയാണ്.

എനിക്കും സുഹൃത്തിനും ലഭിച്ചത് എല്ലാ ആധുനിക യൂറോപ്യൻ സൗകര്യങ്ങളുമുള്ള ഒരു തനിഗുഹയാണ്. ബാത്ടബും മുറി ചൂടാക്കാനുള്ള സൗകര്യങ്ങളുമുണ്ട്. ഒരു സ്ത്രീ നടത്തുന്ന ഹോട്ടൽ. ഫാനില്ല തുർക്കിയിലെ ഹോട്ടലിലൊന്നും.

യാത്രയുടെ ആദ്യഘട്ടത്തിൽ മിക്കവാറും മഴയുണ്ടായിരുന്നു.
ചെറുചെറു മഴകൾ. ഞാൻ കുട കൊണ്ടുനടക്കുന്ന ആളല്ല. സുഹൃത്ത് പറഞ്ഞതിനാൽ ഒരു കുട കയ്യിൽ കരുതിയിരുന്നു. പലപ്പോഴും ബസിലോ ഹോട്ടലിലോ അഥവാ കെട്ടിടങ്ങളിലോ ആയതിനാൽ മഴ പക്ഷേ ബുദ്ധിമുട്ടിച്ചില്ല. ഒരു തവണ ഞാൻ ചെറുമഴയത്ത് മരച്ചോട്ടിലും നിന്നു. ധാരാളം മഴകളുള്ള ഒരു ദേശത്തുനിന്ന് ചെല്ലുന്ന നമുക്ക് തുർക്കിയിലെ ആ മഴകൾ അത്ര അത്ഭുതകരമല്ല. എന്നാൽ വെയിലിന്റെ ലഘുതീക്ഷ്ണതയാകട്ടെ അപൂർവ്വമായി മാത്രമേ അനുഭവിച്ചുള്ളു. ബസിൽ ചൂടും സമയവും നിരന്തരം കാണിക്കും. 13 ഡിഗ്രി ചൂടാണ് പൊതുവേ . ചിലപ്പോൾ അത് 17 ഡിഗ്രി വരെയാകും. നമ്മുടെ കേരളത്തിലെ സമയവുമായി രണ്ടിലധികം മണിക്കൂറുകളുടെ വ്യത്യാസം ഉണ്ട്. എന്റെ മൊബൈലിൽ കൽക്കത്തയിലെ സമയവും തുർക്കിയിലെ സമയവും കാണിച്ചിരുന്നു.

ഷൂസെ സരമാഗു
ഷൂസെ സരമാഗു

അംഗോറയിൽ നിന്ന് ഞങ്ങൾ കപ്പഡോഷ്യയിലേക്ക് സഞ്ചരിച്ചു. ഞങ്ങളുടെ ഡ്രൈവരുടെ പേര് ഹസാങ് എന്നായിരുന്നു. ചിരിക്കുന്ന ഒരു മനുഷ്യൻ. 90 കിലോമീറ്ററിലധികം വേഗത്തിലാണ് ബസ് പോകുന്നത്. ഇടയ്ക്കിടയ്ക്ക് മനോഹരമായ ഇംഗ്ലീഷിൽ ചിനാറിന്റെ വിവരണമുണ്ടാകും. നമ്മുടെ ചോദ്യങ്ങൾക്ക് ചിനാർ മറുപടി പറയും. നല്ല ധാരണയുള്ള സ്ത്രീയാണ്. ഇന്ത്യയിൽ അവർക്ക് സുഹൃത്തുക്കളുണ്ട്. അവരുടെ പേര് ചിനാർ മരത്തിന്റേതാണ്.
അത് കാശ്മീരിൽ ധാരാളമായി കാണപ്പെടുന്ന മരമാണ്. പേരുകൊണ്ട് എല്ലാവർക്കും അവരോട് ഒരടുപ്പം തോന്നി. ടാറിട്ട പാതയിലെങ്ങും ഒരു നിരപ്പുകേടും ഇല്ല. ബസിന് ഒരു കുലുക്കം പോലുമില്ല. നാലുവരി പാതയാണ്. ഇടയ്ക്കിടയ്ക്ക് കാറുകളും മറ്റു വണ്ടികളും ബസിനെ ഒരിരമ്പത്തോടെ മറികടക്കും. സീറ്റു ബൽറ്റിട്ടാണ് ഞങ്ങളുടെ ഇരിപ്പ്. ബൽറ്റിട്ടില്ലെങ്കിൽ പൊലീസ് പിടിക്കും എന്ന് ചിനാർ പാഞ്ഞു. ചിലർ ബൽറ്റ് കാണാതെ അന്വേഷിക്കുന്നുണ്ടായിരുന്നു. പക്ഷേ, യാത്രയിലെങ്ങും ട്രാഫിക് പൊലീസിനെ കണ്ടില്ല. കയറ്റിറക്കങ്ങളില്ലാത്ത പാതയെങ്കിലും ചുറ്റുപാടുകൾ മലഞ്ചെരിവുകളാണ്. വീടുകളൊന്നും കാണാനില്ല. ചിലപ്പോൾ ഒരു കൂട്ടം വീടുകൾ ദൂരെ പ്രത്യക്ഷപ്പെട്ടെന്നു വരാം. വഴിയാത്രക്കാരില്ല.

കിഴക്കൻ റോമാസാമ്രാജ്യം എന്നത് പലർക്കും മനസിലാക്കാൻ പറ്റാത്ത കാര്യമാണ്. അതുപോലെ ഒട്ടോമൻ ചരിത്രവും അതിനുമുമ്പുള്ള മംഗോളിയൻ അധിനിവേശവും.

എല്ലാവരും സ്വയം പരിചയപ്പെടുത്തുന്ന പരിപാടിയുണ്ടായിരുന്നു ബസിൽ.
സഹയാത്രികർ പലരും ഇംഗ്ലീഷിൽ സംസാരിക്കാൻ ഇഷ്ടപ്പെടുന്നു. അതെന്നെ അത്ഭുതപ്പെടുത്തി. ഞാനൊരു കവിയാണെന്ന് സുഹൃത്തു പറഞ്ഞു. എന്നെക്കൊണ്ട് ഒരു കവിതയും ചൊല്ലിച്ചു. ഇംഗ്ലീഷ് സാഹിത്യം പഠിപ്പിച്ചവരുണ്ട്. പട്ടാളത്തിൽ ഉന്നതോദ്യോഗങ്ങൾ വഹിച്ചവരുണ്ട്. എന്നാൽ സഞ്ചാരികൾ കാല്പനികരാണ് എന്നെനിക്കു മനസിലായി.

പോകുന്ന വഴിയിൽ ഒരു ഉപ്പുതടാകത്തിലേക്ക് വണ്ടി തിരിച്ചുവന്നു. ശ്രദ്ധയിൽ പെടാതെ പോയതാകും, തുസ് തടാകമായിരുന്നു അത്​. തടാകത്തിനുമീതേ നടക്കുന്നവരുണ്ടായിരുന്നു. ഉപ്പുതടാകം തുടങ്ങുന്നിടത്ത് ചെളിയുമുണ്ട്. തടാകത്തിലേക്കുള്ള നമ്മുടെ നോട്ടത്തിന് ഒരതിരില്ല. വെളുത്ത തടാകവും ആകാശവും കലർന്നുകിടക്കുന്നു. അത് ഒരു ടൂറിസ്റ്റ് സ്ഥലമാണ്. റെസ്റ്റോറന്റും മറ്റും അവിടെയുണ്ട്. അവിടെ പടിഞ്ഞാറുനിന്ന് അല്പം നല്ല വെയിലുണ്ട്. അതുകൊണ്ട് ഫോട്ടോയെടുക്കാൻ പ്രയാസമായിരുന്നു.

ഫെയറി ചിമ്മിനികൾ നിറഞ്ഞ  ഒരു മിസ്റ്റിക് പ്രകൃതി. തൊപ്പിത്തലയും  കഴുത്തും ശരീരവും ചേർന്ന പാറയുടെ രൂപപ്പെടലാണ് ഫെയറി ചിമ്മിനികൾ. കാറ്റും മഴയും വെയിലുമേറ്റ് ഈ രൂപത്തിലായതാണ്
ഫെയറി ചിമ്മിനികൾ നിറഞ്ഞ ഒരു മിസ്റ്റിക് പ്രകൃതി. തൊപ്പിത്തലയും കഴുത്തും ശരീരവും ചേർന്ന പാറയുടെ രൂപപ്പെടലാണ് ഫെയറി ചിമ്മിനികൾ. കാറ്റും മഴയും വെയിലുമേറ്റ് ഈ രൂപത്തിലായതാണ്

ബസ് യാത്ര തുടർന്നു. ഏറെനേരം കഴിഞ്ഞപ്പോൾ ജീവിതത്തിലൊരിക്കലും കണ്ടിട്ടില്ലാത്ത അത്ഭുതകരമായ ഒരു ഭൂപ്രദേശത്തെത്തുകയായി. അതാണ് കപ്പ ഡോഷ്യ. അത് പാശ്ചാത്യമായ ഉച്ചാരണമാണ്​. കപ്പഡോക്യ എന്നാണ് തുർക്കിഷ് ഉച്ചാരണം. 60 മില്ല്യൺ വർഷങ്ങൾക്കുമുൻപ് അഗ്‌നിപർവ്വത സ്‌ഫോടനത്താൽ രൂപപ്പെട്ട ശിലാമയമായ പ്രദേശങ്ങളാണ്. കുതിരകൾക്കു പ്രസിദ്ധമായ സ്ഥലമാണ് കപ്പഡോഷ്യ. പ്രകൃതി നിർമിച്ച ഒരു ശില്പോദ്യാനം എന്നു പറയാം. വർണനാതീതമായ മനോഹാരിതയാണതിന്. ഫെയറി ചിമ്മിനികൾ നിറഞ്ഞ ഒരു മിസ്റ്റിക് പ്രകൃതി. തൊപ്പിത്തലയും കഴുത്തും ശരീരവും ചേർന്ന പാറയുടെ രൂപപ്പെടലാണ് ഫെയറി ചിമ്മിനികൾ. കാറ്റും മഴയും വെയിലുമേറ്റ് ഈ രൂപത്തിലായതാണ്.

തുർക്കിയിലെ ഭക്ഷണത്തിൽ ധാരാളം വിഭവങ്ങളുണ്ട്. അത്ര മയമില്ലാത്ത, പ്രത്യേക രുചിയൊന്നും തോന്നാത്ത റൊട്ടിയും പരിപ്പുകറിയും എവിടേയുമുണ്ട്.
പരിപ്പ്​ പേടിച്ചാണ് തുർക്കിയിലേക്കുവന്നതെന്ന് ഞാൻ തമാശ പറഞ്ഞു.

അവിടെ ഗുഹാവീടുകൾ കണ്ടു. മനുഷ്യർ തണുത്തുറഞ്ഞ ലാവാപ്രദേശങ്ങളിൽ ഗുഹകളും പള്ളികളും ഭൂഗർഭനഗരങ്ങളും നിർമിച്ചു. എനിക്ക് അതിനെപ്പറ്റി നേരത്തേ അറിയാമായിരുന്നു. ജിപ്‌സികളെക്കുറിച്ചുള്ള അന്വേഷണത്തിൽ ഫ്രാൻസിൽ പർവ്വതഭാഗങ്ങളിലെ ഗുഹകളിൽ ജിറ്റാനോകളുടെ (Gitano എന്നത് ജിപ്‌സികളുടെ ഫ്രഞ്ച്​ പേരാണ്) വീടുകളുണ്ട്. കടും മഞ്ഞുകാലത്ത് കിഴക്കൻ യൂറോപ്പിൽ ഭൂമി കുഴിച്ച് അതിൽ ജിപ്‌സികൾ താമസിക്കുമായിരുന്നു. ഞങ്ങൾ താമസിച്ചത് ലാവണ്ടർ കേവ് ഹോട്ടലിലാണ്. ചുറ്റുവട്ടത്ത് ധാരാളം പച്ചപ്പുണ്ട്. എനിക്കും സുഹൃത്തിനും ലഭിച്ചത് എല്ലാ ആധുനിക യൂറോപ്യൻ സൗകര്യങ്ങളുമുള്ള ഒരു തനിഗുഹയാണ്. ബാത്ടബും മുറി ചൂടാക്കാനുള്ള സൗകര്യങ്ങളുമുണ്ട്. ഒരു സ്ത്രീ നടത്തുന്ന ഹോട്ടലാണിത്. ഫാനില്ല തുർക്കിയിലെ ഹോട്ടലിലൊന്നും. ഇവിടത്തെ കൊടുംതണുപ്പിലും ഫാനിട്ടുറങ്ങുന്ന എനിക്ക് അതിൽ പ്രയാസമുണ്ടായിരുന്നു.

ലാവണ്ടർ കേവ് ഹോട്ടൽ
ലാവണ്ടർ കേവ് ഹോട്ടൽ

ഫാനിന്റെ കാറ്റല്ല, ശബ്ദമാണ് എനിക്കുവേണ്ടത്. ഹോട്ടൽ പരിസരത്ത് ആപ്പിൾ, മുന്തിരി, ആപ്രിക്കോട്ട്, മെലൻ എന്നിവ ധാരാളമായുണ്ട്. സ്വയമേവ ഉണ്ടായതുപോലെയാണവ ക്രമരഹിതമായി കാണപ്പെടുന്നത്. പിറ്റേന്ന് സുഹൃത്തുക്കൾ പറിച്ചുകൊണ്ടുവന്ന ആപ്പിളും മുന്തിരിയും ഫ്രഷ്​ ആയിരുന്നു. മധുരോദാരമായിരുന്നു. അത്രയും നല്ല ആപ്പിളും മുന്തിരിയും മുമ്പ് കഴിച്ചിട്ടില്ല.
ചിലർക്ക് ഗുഹാ ഹോട്ടൽ അത്ര ഇഷ്ടപ്പെട്ടില്ല. അവരെ മറ്റു ചിലർ ആശ്വസിപ്പിച്ചു. ഞാനും സുഹൃത്തും അദ്ദേഹം തുർക്കി വിമാനത്താവളത്തിൽനിന്ന് വാങ്ങിച്ച സ്‌കോച്ചു വിസ്‌കി അല്പം കഴിച്ച് ഓരോന്നും സംസാരിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തിന് ഇന്ത്യയിൽനിന്ന് പോയവരാണ് ജിപ്‌സികൾ എന്നോ അവർ അനറ്റോളിയയിലും ബൈസാന്റിയത്തിലും എത്തിയിരുന്നു എന്നോ അറിഞ്ഞുകൂടായിരുന്നു. എയർപോർട്ടിലെ ഒരു ഉന്നത ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. ലോകത്തിലെ പല രാജ്യങ്ങളിലും സഞ്ചരിച്ചിട്ടുള്ള ഞങ്ങളുടെ സഹയാത്രികരെപ്പോലെ അദ്ദേഹവും ധാരാളം സഞ്ചരിച്ചിട്ടുണ്ട്. അദ്ദേഹവുമായി
ഗ്രീസിന്റെയും റോമിന്റെയും ജിപ്‌സികളുടെയും ചരിത്രം പങ്കുവച്ചു. കിഴക്കൻ റോമാസാമ്രാജ്യം എന്നത് പലർക്കും മനസിലാക്കാൻ പറ്റാത്ത കാര്യമാണ്. അതുപോലെ ഒട്ടോമൻ ചരിത്രവും അതിനുമുമ്പുള്ള മംഗോളിയൻ അധിനിവേശവും. ഞാനൊരു ചരിത്രവിദ്യാർത്ഥിയല്ല. പക്ഷേ യൂറോപ്യൻ ചിത്രകലയും ജിപ്‌സികളുടെ ചരിത്രവും ലോകസംഗീതത്തിന്റെ ചരിത്രവും കുറേ പിൻതുടർന്നതിലൂടെ എനിക്ക് അല്പം ചരിത്രബോധം ലഭിച്ചുപോയതാണ്.

പച്ചയിലകൾ പച്ചയ്ക്കുതന്നെ തിന്നാൻ കിട്ടും. കാബേജിന്റെ ഇതളുകളും പച്ചയ്ക്കു തിന്നാം. ഞാനും സുഹൃത്തും ഇലകൾ ധാരാളം കഴിച്ചു. മുട്ടയും ആപ്പിളും കാപ്പിച്ചിനോയും പലതരം കായ്കളും ഒലിവുകായ്കളും കഴിച്ചു. ഒലിവുകായക്ക്​ചവർക്കുന്ന കയ്പുള്ളതായി തോന്നി. കഴിച്ച് പരിചയിക്കാത്തതു കൊണ്ടാകും.

തുർക്കിയിലെ ഭക്ഷണത്തിൽ ധാരാളം വിഭവങ്ങളുണ്ട്. അത്ര മയമില്ലാത്ത, പ്രത്യേക രുചിയൊന്നും തോന്നാത്ത റൊട്ടിയും പരിപ്പുകറിയും എവിടേയുമുണ്ട്.
പരിപ്പ്​ പേടിച്ചാണ് തുർക്കിയിലേക്കുവന്നതെന്ന് ഞാൻ തമാശ പറഞ്ഞു.
പച്ചയിലകൾ പച്ചയ്ക്കുതന്നെ തിന്നാൻ കിട്ടും. കാബേജിന്റെ ഇതളുകളും പച്ചയ്ക്കു തിന്നാം. ഞാനും സുഹൃത്തും ഇലകൾ ധാരാളം കഴിച്ചു. മുട്ടയും ആപ്പിളും കാപ്പിച്ചിനോയും പലതരം കായ്കളും ഒലിവുകായ്കളും കഴിച്ചു. ഒലിവുകായക്ക്​ചവർക്കുന്ന കയ്പുള്ളതായി തോന്നി. കഴിച്ച് പരിചയിക്കാത്തതു കൊണ്ടാകും. ഷവർമയും അല്പം ചോറും ചിക്കൻ, മട്ടൻ, ബീഫ് കറികളുമൊക്കെയുണ്ട്. മീൻ ഒന്നുരണ്ട് സ്ഥലങ്ങളിൽ മാത്രമാണ് കിട്ടിയത്. രാത്രിഭക്ഷണത്തിന്റെ കൂടെ മദ്യം കഴിക്കുന്നവരുണ്ടായിരുന്നു. മദ്യവും ബിയറും വളരെ വില കൂടിയതാണ്. ഞങ്ങൾ അത് കഴിച്ചേയില്ല. ഹോട്ടലുടമ മധ്യവയസ്‌കയായ ഒരു സ്ത്രീയാണ്. ഫാത്തിമ എന്നാണവരുടെ പേര് എന്നാണെന്റെ ഓർമ.

ഭൂമിക്കടിയിലെ നഗരങ്ങൾ
ഭൂമിക്കടിയിലെ നഗരങ്ങൾ

രാത്രി പുറത്ത് തണുപ്പ് അധികമാണ്. സ്വെറ്ററിട്ടേ പുറത്തിറങ്ങാൻ പറ്റുകയുള്ളൂ​.
എന്നാലും രാത്രിയുടെ ഭംഗി ആസ്വദിച്ച് അധികനേരം നിൽക്കാനാകില്ല.
ഹോട്ടലിന്റെ വരാന്തയിൽ നിന്നുനോക്കിയാൽ ദൂരെ മലകൾ കാണാം. താഴ്​വാരം കറുത്ത പച്ചയിൽ ദൃശ്യമാണ്. ആകാശത്ത് ചന്ദ്രനും നക്ഷത്രങ്ങളും.
ആ ഹോട്ടലിൽ രണ്ടു മൂന്നു പൂച്ചകളുണ്ട്. നമ്മൾ അല്പം സ്‌നേഹം കാണിച്ചാൽ തുർക്കിയിലെ വലിയ പൂച്ചകൾ നമ്മുടെ കൂടെ കൂടും. കാലിൽ ചുറ്റി സ്‌നേഹിക്കും. മുറിയിലേക്ക് നമുക്ക് അകമ്പടി പോരും.

പൂച്ചകളെ ഞാൻ കോന്യയിലും കണ്ടു.
ഞാൻ ഒന്നു വിളിച്ചു. രണ്ടു പൂച്ചകൾ അടുത്തു വന്നു.
സ്‌നേഹിക്കാൻ എളുപ്പമാണ്, പിന്നെ അവയെ ഉപേക്ഷിച്ചുപോരിക അത്ര സന്തോഷകരമല്ല.

എന്നാൽ തുർക്കിയിലെ നായ്ക്കൾ വളരെ ഗൗരവക്കാരാണ്. വലിപ്പത്താൽ നമ്മെ ഭയപ്പെടുത്തും. ഒരു മാദാമ്മ ഒരു പട്ടിയെ കെട്ടിപ്പിടിച്ച് ലാളിക്കുന്നത് ഹാഗിയ സോഫിയയിൽ വച്ച് കണ്ടു. ഉപ്പു തടാകത്തിന്റവിടെയും അങ്ങനെ കണ്ടു. നായ്ക്കളും പൂച്ചകളും തുർക്കിയിൽ എവിടേയുമുണ്ട്. ▮

(തുടരും)


എസ്. ജോസഫ്

കവി. എറണാകുളം മഹാരാജാസ്​ കോളേജിൽ മലയാളം അധ്യാപകനായിരുന്നു. കറുത്ത കല്ല്, മീൻകാരൻ, ഐഡന്റിറ്റി കാർഡ്, ഉപ്പന്റെ കൂവൽ വരയ്ക്കുന്നു, ചന്ദ്രനോടൊപ്പം, വെള്ളം എത്ര ലളിതമാണ് തുടങ്ങിയവ പ്രധാന കൃതികൾ.

Comments