തുർക്കിയിലെ
​ദരിദ്രമായ ലോകങ്ങൾ

സത്യത്തിൽ ദരിദ്രമായ ഒരു ലോകവും തുർക്കിയിലുണ്ടെന്ന് എനിക്ക് മനസിലായി. ഓരോ രാജ്യവും ലോകത്തിനുമുമ്പിൽ ഒരു ചിത്രീകരണമാണ്, പ്രത്യേകിച്ച് ടൂറിസ്റ്റുകൾക്കുമുമ്പിൽ. ടൂറിസ്റ്റുകൾക്ക് രാജ്യത്തിന്റെ റിയാലിറ്റിയിലേക്ക് സഞ്ചരിക്കാൻ സാധിക്കില്ല.

അഞ്ച്​

പ്പഡോക്കിയയിലെ ബലൂൺ യാത്ര ലോകപ്രസിദ്ധമാണ്. അതിനായി അതിരാവിലെ ഞങ്ങൾ തയ്യാറായി. കാലാവസ്ഥയുടെ ആനുകൂല്യവും പ്രധാനമാണ്. കാറ്റുനിറച്ച് ഗ്യാസുപയോഗിച്ച് കത്തിച്ച് ഉയർത്തുന്ന ബലൂണിനു താഴെയുള്ള ചതുരക്കൊട്ടയ്ക്കുള്ളിലെ (കൊട്ട പോലെയാണ് എനിക്ക് തോന്നിയത്.) നാല് ഉൾചതുരത്തിലുമായി നന്നാല് 16 പേർക്ക് നില്ക്കാം. 800 മീറ്ററോളം ഉയരത്തിൽ ബലൂൺ എത്തും. അവിടെനിന്ന് താഴെ വിശാലമായ കപ്പഡോക്യൻ പ്രകൃതി കാണാം. ഫയറി ചിമ്മിനികൾ, നീലിച്ച ചുണ്ണാമ്പുനിറത്തിൽ ചില സ്ഥലങ്ങൾ. ഒരു ഏരിയൽ വീക്ഷണം. എല്ലാം ചെറുതായി കാണുന്നു. അനവധി ബലൂണുകൾ അന്തരീക്ഷത്തിലുണ്ടാകും. അതിലെല്ലാം കുഞ്ഞുമനുഷ്യർ. ഞങ്ങളുടെ ബലൂണിലും കൂടുതൽ ഉയരത്തിലെത്തിയ ഒരു ബലൂൺ ഉണ്ടായിരുന്നു. ആകാശത്ത് സൂര്യോദയം കാണാം, പടിഞ്ഞാറ് ചന്ദ്രനെയും. അതും ഒരു വിസ്മയം ആകുന്നു. ഗ്ലൈഡ് ചെയ്യുന്നവരും വിരളമായി ഉണ്ട്. ബലൂൺ അരമണിക്കൂറോളം ആകാശത്തുനിന്നു. ബലൂൺ താഴ്​ന്നുതാഴ്​ന്ന്​ മലഞ്ചെരിവിൽ പലയിടത്തും ഇടിപ്പിച്ചിടിപ്പിച്ചാണ് നിർത്തുന്നത്. പലരും ഭയന്നിരുന്നു. സംഭവം അപകടത്തിലേക്കാണോ പോകുന്നതെന്ന് ഞാനും സംശയിച്ചു. അപ്പോൾ കുന്നുകളിലൂടെ ക്യാരിയർ ഘടിപ്പിച്ച കാർ ഓടിച്ചുവന്ന ആളുകൾ ബലൂണിന്റെ ചരടുകൾ പിൻവശം തുറന്ന കാറിൽ ഘടിപ്പിച്ചിട്ട് പിടിച്ചുനിർത്തും. അത്ര എളുപ്പമല്ലത്. കുറേ നേരത്തെ ശ്രമത്തിനുശേഷമാണ് ബലൂണിന്റെ കാറ്റ് കളയുന്നത്. ആ ശ്രമത്തിൽ ഞങ്ങളും ചേർന്നു. അവർ പിന്നീട് കുറേ ഷാംപെയിൻ കുപ്പികൾ പൊട്ടിച്ച് എല്ലാവർക്കും ഇത്തിരി വീതം ഒഴിച്ചുതന്നു. സന്തോഷത്തിനായി അവർക്കൊരു തുക ടിപ്പായി കൊടുക്കാനുള്ള സൂത്രമാണ് ഷാംപെയിൻ. ഒലിവുമരങ്ങൾ കായ്ച്ചുനില്ക്കുന്ന ഒരു കുന്നിൻപ്രദേശമാണത്. ധാരാളം പുല്ലുമുണ്ട്. ഒരു ചെറിയ കാട്ടുപ്രദേശം. ഞങ്ങളെ വാനിൽ കൊണ്ടുവന്ന ഡ്രൈവർ ഒലിവുകായ്കൾ പറിച്ചുതിന്നുന്നതുകണ്ട് ഞാനും ഞങ്ങളിൽ ചിലരും ഒലിവുകായ്കൾ പറിച്ചുതിന്നു.

കപ്പഡോക്കിയയിലെ ബലൂൺ യാത്ര

അപകടകരമാണ് ബലൂൺ യാത്ര. എന്നാൽ സഞ്ചാരികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒന്നാണുതാനും. ബലൂൺ യാത്ര നടത്താൻ സാധിച്ചില്ലെങ്കിൽ ടൂർ ഒരു വലിയ നഷ്ടമായിരിക്കും എന്ന് പലരും പറഞ്ഞിരുന്നു. അതിനെ സംബന്ധിച്ച് ചില അനിശ്ചിതങ്ങളുണ്ടായിരുന്നു. പക്ഷേ എനിക്കതിൽ ഒരു മനസിലാക്കൽ എന്നതിലുപരി കൗതുകം തോന്നിയില്ല. ഒന്നാമത് ആകാശസഞ്ചാരികളായിട്ടാണല്ലോ ഞങ്ങളൊക്കെ തുർക്കിയിലെത്തിയത്. വിമാനത്തിന്റെ വിന്റോ സീറ്റിൽ ഇരുന്നതിനാൽ നമ്മുടെ അറബിക്കടലും കുവൈറ്റിലെ വരണ്ട ഭൂമിയും ഇസ്താംബുൾ നഗരവും മർമറാ കടലും കണ്ടുകണ്ടാണ് ഞാനിരുന്നത്. അതുകൊണ്ടാവാം അങ്ങനെ തോന്നിയത്.

റോമൻ ചക്രവർത്തി ക്രിസ്തുമതം സാമ്രാജ്യത്തിന്റെ മതമാക്കുന്നതിനുമുമ്പ് മതപീഡനങ്ങളുടെ കാലമായിരുന്നത്. പേഗൻ (വിഗ്രഹാരാധകർ) വിശ്വാസികളായ റോമക്കാർ തന്നെയായിരുന്നു അക്കാലത്തെ മതപീഡകരും. അവർ തന്നെയാണ് പിന്നീട് ക്രിസ്ത്യാനികളായി മാറുന്നതും

വളരെ മിടുക്കനായ ഒരു പൈലറ്റ് ആണ് ഞങ്ങളുടെ ബലൂൺ പറത്തിയത് എന്ന് അവരിൽ ഒരാൾ പറഞ്ഞു. പൈലറ്റിന് നല്ലതുപോലെ ഇംഗ്ലീഷ് അറിയാം. കുറേ നേരത്തിനുശേഷം താമസിച്ച ഹോട്ടലിൽ നിന്ന് ഞങ്ങൾ മടങ്ങുമ്പോൾ ബലൂണുമായി വണ്ടിയിൽ മടങ്ങുന്ന ഏതോ ഒരു ടീമിനെ കണ്ടു.

ഗോറെം

പിന്നീട് കപ്പഡോക്കിയയിലെ ഗോറെം എന്ന പ്രദേശത്ത് ഞങ്ങളെത്തി. അഗ്‌നിപർവതസ്‌ഫോടനത്താൽ രൂപപ്പെട്ട പ്രകൃതിയാണത്. പ്രവേശിക്കുന്നതിനുമുമ്പേ ഒരു ബോർഡു നോക്കി അവിടത്തെ ചിത്രകലയെക്കുറിച്ച് ചിനാർ വിവരിച്ചു. ബൈസാൻറിയൻ ശൈലിയിലുള്ള ചിത്രങ്ങളാണവ എന്ന് ഒറ്റനോട്ടത്തിൽ എനിക്ക് മനസിലായി. ചിത്രകലയുടെ ഒരു പ്രശ്‌നം, അതിൽ താത്പര്യമില്ലാത്തവർക്ക് ഒന്നും മനസ്സിലാകില്ല എന്നതാണ്. ഉള്ളടക്കത്തിനും രൂപത്തിനും ഒരുപോലെ പ്രാധാന്യം ചിത്രകലയിലുണ്ട്. പക്ഷേ ചിനാർ ഉള്ളടക്കം മാത്രമാണ് വിശദീകരിച്ചത്.

ക്രിസ്തുമതം ലോകവ്യാപകമാകുന്നതിൽ തുർക്കിക്ക് വലിയ ഒരു പങ്കുണ്ട്. അതിനെ സംബന്ധിച്ച് നമ്മൾ കൂടുതൽ പഠിക്കേണ്ടതുണ്ട്. ബൈബിളിലെ അന്തോക്യ (Antioch / Antakya) എന്ന സ്ഥലം തുർക്കിയിലാണ്. സിൽക്ക് റൂട്ടിലെ ഒരു കച്ചവട നഗരമായിരുന്നു അത്.

അവിടെ ഏതാണ്ട് ത്രികോണരൂപികളായ പർവതമുടികളുടെ ഉള്ളിൽ ഒരുകാലത്ത് ക്രിസ്ത്യൻ സന്യാസികൾ താമസിച്ചിരുന്നു. റോമൻ ചക്രവർത്തി ക്രിസ്തുമതം സാമ്രാജ്യത്തിന്റെ മതമാക്കുന്നതിനുമുമ്പ് മതപീഡനങ്ങളുടെ കാലമായിരുന്നത്. പേഗൻ (വിഗ്രഹാരാധകർ) വിശ്വാസികളായ റോമക്കാർ തന്നെയായിരുന്നു അക്കാലത്തെ മതപീഡകരും. അവർ തന്നെയാണ് പിന്നീട് ക്രിസ്ത്യാനികളായി മാറുന്നതും. ഇവിടെ റോമൻ പേഗനിസവും ക്രിസ്തുമതവും തമ്മിൽ സന്ധിചെയ്യുന്നുണ്ട്. അല്ലാതെ ക്രിസ്തുവിന്റെ ആശയങ്ങൾ മാത്രമല്ല റോമൻ ക്രിസ്തുമതം. ക്രിസ്തുമതത്തിലേക്ക് കൺവേർട്ട് ചെയ്യുന്നതിനുമുമ്പുള്ള റോമൻ സംസ്‌കാരം ക്രിസ്തുമതത്തിൽ ലയിക്കുന്നുണ്ട് എന്നർഥം.

ചില ശവകുടീരങ്ങൾ ഞങ്ങൾ കണ്ടു. ബൈസാന്റിയൻ ശൈലിയിലുള്ള പെയിന്റിങ്ങുകൾ കണ്ടു. ഒരു അസ്ഥികൂടവും കണ്ടു. ആദിമകാലത്ത് ഇതൊരു ഗ്രീക്ക് പ്രദേശമായിരുന്നു. പിന്നീട് റോമനായി മാറി. വിശുദ്ധയായ ബാർബറയുടെ ശവകൂടീരവും അവിടെയുണ്ട്. അവളുടെ ധനികനായ പിതാവ് പേഗൻ വിശ്വാസിയായിരുന്നു. ആയതിനാൽ അവളെ ബന്ധിക്കുകയും ദിവസവും മുറിവേല്പിക്കുകയും ചെയ്തു. രാത്രിയിൽ അത്ഭുതത്താൽ അവളുടെ മുറിവുകൾ ഉണങ്ങിവന്നു എന്നുപറയുന്നു. അവസാനം അവളുടെ പിതാവ് അവളുടെ തലവെട്ടിയെന്നും പറയുന്നു. അയാൾ പക്ഷേ മിന്നലേറ്റു മരിച്ചു. അവളുടെ ശവകുടീരമാകട്ടെ അത്ഭുതസ്ഥലമായി. പിന്നീടവൾ വിശുദ്ധയും രക്ഷകയുമായി.

ഗോറെം

ക്രിസ്തുമതം ലോകവ്യാപകമാകുന്നതിൽ തുർക്കിക്ക് വലിയ ഒരു പങ്കുണ്ട്. അതിനെ സംബന്ധിച്ച് നമ്മൾ കൂടുതൽ പഠിക്കേണ്ടതുണ്ട്. ബൈബിളിലെ അന്തോക്യ (Antioch / Antakya) എന്ന സ്ഥലം തുർക്കിയിലാണ്. സിൽക്ക് റൂട്ടിലെ ഒരു കച്ചവട നഗരമായിരുന്നു അത്. പോട്ടറി വർക്കുകളുള്ള ഒരു സ്ഥാപനത്തിലും ഞങ്ങൾ സന്ദർശകരായിരുന്നു. അത്ഭുതപ്പെടുത്തുന്ന നിർമിതികളാണവ. പക്ഷേ തൊട്ടാൽ പൊള്ളുന്ന വിലയാണ്. ഇടയിൽ സായാഹ്നത്തോടടുത്ത് അതിമനോഹരമായ ഒരു കുന്നിൻപരപ്പിൽ ഞങ്ങൾ ചെന്നു. താഴെ അഗാധഗർത്തമാണ്. ചില പുൽപ്രദേശങ്ങളും താഴെയുണ്ട് എന്നാണോർമ. അതിന്റെ വക്കത്തുനിന്ന്​ പ്രായമുള്ള സ്ത്രീകളോട് അല്പം മാറിനിന്നോളു എന്നു ഞാൻ പറഞ്ഞു. അപ്പോൾ അവിടത്തെ ഒരു കാപ്പിക്കടയിലേക്ക് ഒരു തുർക്കി ചെറുപ്പക്കാരി സ്ത്രീ എന്നെ വിളിച്ചു. സ്‌നേഹപൂർവം ഇരിക്കാൻ പറഞ്ഞു. ഞാൻ ഇരുന്നു. ഞങ്ങൾ അല്പനേരം സംസാരിച്ചു. ഇന്ത്യയിൽ നിന്നാണോ വരുന്നതെന്ന് അവർ ചോദിച്ചു. പിന്നെ കാപ്പി വേണോ എന്നു ചോദിച്ചു. ഞാൻ ലീറ കൈയിലില്ലാത്തതിനാൽ വേണ്ടെന്നു പറഞ്ഞു. ബിസിനസ് താത്പര്യം മാത്രമായിരുന്നു അവരുടേത് എന്ന് തോന്നിയില്ല. ഒരുപക്ഷേ ഒരു വിദേശിയോടുള്ള ഇന്റിമസിയായിരിക്കണം അത്. അപരിചിതമായ ഒന്നിനെ മനസിലാക്കാനുള്ള ശ്രമം. നമുക്കെല്ലാം തോന്നാറുള്ളതാണല്ലോ അത്. സത്യത്തിൽ എല്ലാ മനുഷ്യരും അപരിചിതരാണല്ലോ എന്നു ഞാനോർത്തു. അത് മനസിലാകയാൽ കുറച്ചുനേരം കൂടി ഇരുന്നിട്ടാണ് അവരോട് യാത്ര പറഞ്ഞിട്ട് ഞാനവിടെനിന്ന് ബസിന്റെ അടുത്തേക്ക് പോയത്.

ഞാൻ കുറച്ചുനേരം പുറത്തിറങ്ങി നടന്നു. ഒരു വൃദ്ധ ചില്ലിട്ട പെട്ടിക്കടയ്ക്കുതാഴെ റൊട്ടി പോലൊരു പലഹാരം വില്ക്കുന്നത് കണ്ടു. ഞാനൊരെണ്ണം വാങ്ങി വെറുതേ ബാഗിൽ വച്ചു. പിന്നീട് വണ്ടിയിലെ ചവറ്റുകുട്ടയിൽ കളഞ്ഞു.

എന്റെ കൂടെയുള്ളവർ കാപ്പി എപ്പോഴും കുടിക്കുന്നുണ്ട്. പലതും വാങ്ങി തിന്നുന്നുണ്ട്. ഞാൻ എപ്പോഴും ഏകാകിയായിരുന്നു. പച്ചവെള്ളം മാത്രമേ കുടിച്ചിരുന്നുള്ളൂ. പിറ്റേന്ന് ബുർസയിൽ (പഴയ പേര് പ്രുസ) എത്തുന്നുണ്ട് ഞങ്ങൾ. പതിനൊന്നാം നൂറ്റാണ്ടിന്റെ അവസാനമാണ് ഇവിടം സെൽജുക്ക് തുർക്കികൾ സ്വന്തമാക്കുന്നത്. പിന്നീട് ഒട്ടോമൻ തുർക്കികൾ, അവരെയും തകർത്ത് തിമൂറിന്റെ (റ്റാമർലെയ്ൻ) കൊടുങ്കാറ്റുപോലുള്ള ആക്രമണം. വീണ്ടും ഒട്ടോമൻ തലസ്ഥാനമായി. അവിടെ ഞങ്ങൾ കണ്ടത് പ്രധാനമായും ഒട്ടോമൻ സുൽത്താനായ മെഹമെദ് ഒന്നിന്റെ ശവകുടീരമാണ്. ഒരു ചെറിയ നട കയറിവേണം അവിടെയെത്താൻ. പിന്നീട് ഞങ്ങൾ ഉച്ചഭക്ഷണത്തിനായി ഒരു ഹോട്ടലിലെത്തി. പക്ഷേ വളരെ തിരക്കുപിടിച്ച ഒരു ഹോട്ടലായിരുന്നു അത്. റിസപ്ഷനിൽ ഒരു തുർക്കി സുന്ദരി നില്പുണ്ട്. എല്ലാവരും വിശപ്പുകൊണ്ട് അസ്വസ്ഥരാണ്. വെയിറ്റർമാർ പാഞ്ഞുനടക്കുന്നു. ഞാൻ കുറച്ചുനേരം പുറത്തിറങ്ങി നടന്നു. ഒരു വൃദ്ധ ചില്ലിട്ട പെട്ടിക്കടയ്ക്കുതാഴെ റൊട്ടി പോലൊരു പലഹാരം വില്ക്കുന്നത് കണ്ടു. ഞാനൊരെണ്ണം വാങ്ങി വെറുതേ ബാഗിൽ വച്ചു. പിന്നീട് വണ്ടിയിലെ ചവറ്റുകുട്ടയിൽ കളഞ്ഞു. ഒരു ഡോളർ കൊടുത്ത് എനിക്ക് ടോയ്‌ലെറ്റിൽ പോകേണ്ടിവന്നു. ബാക്കി എന്തോ ചില്ലറ ടോയ്‌ലറ്റുടമ തന്നു. സാധാരണക്കാരായ മനുഷ്യർ അവിടെയുമിവിടെയുമായി നില്ക്കുന്നു. ഗംഭീരമായ യൂണിഫോം ധരിച്ച ചെറുപ്പക്കാരായ പൊലീസുകാർ നില്ക്കുന്നു.

ടൂറിസ്റ്റുകൾക്ക് രാജ്യത്തിന്റെ റിയാലിറ്റിയിലേക്ക് സഞ്ചരിക്കാൻ സാധിക്കില്ല. അവർ ഡി.എച്ച്. ലോറൻസ് പറഞ്ഞപോലെ വില്ക്കാൻ വച്ചിരിക്കുന്ന സ്ഥലങ്ങൾകൊണ്ട് തൃപ്തിപ്പെടും.

ഒരു കുഞ്ഞുമായി യാചിക്കുന്ന ഒരു സ്ത്രീയെ ഞാൻ കണ്ടു. ഞാനൊരു തണൽമരത്തിനുതാഴെയിരുന്നു. ധാരാളം ചെറിയ ഇലകൾ അവിടെ വീണുകിടന്നിരുന്നു. വെയിലിന്റെ പുള്ളിപ്പുലികൾ തണലത്തു വിശ്രമിച്ചു. ഇളങ്കാറ്റിൽ പുലികൾ ശ്വസിച്ചു. അപ്പോൾ സ്‌നേഹിതർ ഭക്ഷണം കഴിക്കാൻ എന്നെ ഹോട്ടലിലേക്കു വിളിച്ചുകൊണ്ടുപോയി. ഞാൻ ആർത്തിയോടെ ഭക്ഷണം കഴിച്ചു.
സത്യത്തിൽ ദരിദ്രമായ ഒരു ലോകവും തുർക്കിയിലുണ്ടെന്ന് എനിക്ക് മനസിലായി. ഓരോ രാജ്യവും ലോകത്തിനുമുമ്പിൽ ഒരു ചിത്രീകരണമാണ്, പ്രത്യേകിച്ച് ടൂറിസ്റ്റുകൾക്കുമുമ്പിൽ. ടൂറിസ്റ്റുകൾക്ക് രാജ്യത്തിന്റെ റിയാലിറ്റിയിലേക്ക് സഞ്ചരിക്കാൻ സാധിക്കില്ല. അവർ ഡി.എച്ച്. ലോറൻസ് പറഞ്ഞപോലെ വില്ക്കാൻ വച്ചിരിക്കുന്ന സ്ഥലങ്ങൾകൊണ്ട് തൃപ്തിപ്പെടും. തിരക്കുപിടിച്ച ഹോട്ടൽ നിശിതമായ ഒരു ടർക്കിഷ് യാഥാർഥ്യത്തിലേക്ക് എന്നെ ഓടിച്ചുവിട്ടു എന്നു പറഞ്ഞാൽ മതിയല്ലോ. ▮


എസ്. ജോസഫ്

കവി. എറണാകുളം മഹാരാജാസ്​ കോളേജിൽ മലയാളം അധ്യാപകനായിരുന്നു. കറുത്ത കല്ല്, മീൻകാരൻ, ഐഡന്റിറ്റി കാർഡ്, ഉപ്പന്റെ കൂവൽ വരയ്ക്കുന്നു, ചന്ദ്രനോടൊപ്പം, വെള്ളം എത്ര ലളിതമാണ് തുടങ്ങിയവ പ്രധാന കൃതികൾ.

Comments