ഹിരാപോളിസ് എന്ന പേരിനെക്കുറിച്ച് പല അഭിപ്രായങ്ങളുമുണ്ട്. വിശുദ്ധ നഗരം എന്നും പറയുന്നുണ്ട്. പോളിസ് എന്നാൽ നഗരം എന്നാണർത്ഥം.

ചരിത്രം​കെട്ടുകഥ കൂടിയാണ്​

തുർക്കിയിലാണ് നമ്മൾ നിൽക്കുന്നതെന്ന് തോന്നുകയില്ല. പാശ്ചാത്യ സംസ്‌കാരത്തിന്റെ വികാരമാണ് നമ്മളിലുണരുക. റ്റ്വർക്കിഷ് ഇസ്​ലാമികത ഒട്ടും തന്നെ അതിലൊന്നും ഇടപെട്ടിട്ടില്ല. പുരാതന ഗ്രീസിലൂടെ നടക്കുന്ന പോലുള്ള അനുഭവമാണുണ്ടായത്.

ആറ്​

പാമുക്കാലെയിലെ ഹിരാപോളിസ്​ ആയിരുന്നു അടുത്ത സന്ദർശനസ്​ഥലം.

ഹിരാപോളിസ് എന്ന പേരിനെക്കുറിച്ച് പല അഭിപ്രായങ്ങളുമുണ്ട്. വിശുദ്ധ നഗരം എന്നും പറയുന്നുണ്ട്. പോളിസ് എന്നാൽ നഗരം എന്നാണർത്ഥം. പേഗൻ വിശ്വാ ശാസങ്ങളുടെ, ക്ഷേത്രദേവതമാരുടെ കാലത്ത് ഇത് രൂപപ്പെട്ടു. ആകാശത്ത് ബലൂണിൽ വച്ച് ഈ സ്ഥലം ഞങ്ങൾ കണ്ടിരുന്നു. പഴയ ഗ്രെക്കോ - റോമൻ നഗരമായിരുന്നു അത്. അതിനുമുമ്പും ചരിത്രമുണ്ട്. ഇന്ന് യുനെസ്‌കോ വേൾഡ് ഹെറിറ്റേജ് കേന്ദ്രം കൂടിയാണത്. ധാതുസമ്പുഷ്ടമായ ചൂടുവെള്ളം ഈ പ്രദേശത്തുണ്ട്. ജലത്തിന് ഒരു നീലനിറം തോന്നിപ്പിക്കുന്നത് ചുണ്ണാമ്പുകല്ല് നിറഞ്ഞ തട്ടുകളുള്ളതുകൊണ്ടാണ്. ബി. സി രണ്ടാം നൂറ്റാണ്ടു മുതലേ സ്പാ എന്ന നിലയിൽ പ്രസിദ്ധമായിരുന്നിവിടം. അത് രോഗമുക്തിക്ക് നല്ലതാണെന്ന് പറയപ്പെട്ടിരുന്നു. ഇവിടെ വെള്ളമുള്ള സ്ഥലത്തേക്കുപോകും വഴി ആദ്യം കാണുന്നത് കല്ലുകൊണ്ട് നിർമിച്ച കമാനമാണ്. പിന്നീട് ഗ്രീക്കു തിയേറ്ററിന്റേതായ അവശിഷ്ടങ്ങൾ. അത് അത്ര നശിച്ചിട്ടില്ല.

ഗ്രീസിന്റെ വീണ്ടെടുപ്പു കൂടി റോമൻ നവോത്ഥാനത്തിലുണ്ട്. അറബി നാട്ടിൽ ഇസ്​ലാം ഉണരുന്നതിന്റെ പ്രതികരണം കൂടിയായിരുന്നു ഇറ്റാലിയൻ നവോത്ഥാനം.

ഒരു പാട് പേർക്കിരിക്കാവുന്നതാണാ സ്ഥലം. വളരെ ദൂരെയായതിനാൽ ഞങ്ങൾ അങ്ങോട്ടു പോയില്ല. അവിടെ വച്ച് ഒരു മലയാളി സംഘത്തെ കണ്ടു. ഇളം കറുപ്പിന്റെ പിൻവിളി എനിക്കനുഭവപ്പെട്ടു. ലാവണ്ടർ കേവ് ഹോട്ടലിൽ വച്ചും മലപ്പുറത്തുകാരനായ ഒരു സഞ്ചാരിയെ കണ്ടിരുന്നു. വെള്ളത്തിൽ എല്ലാവരും കുട്ടികളെപ്പോലെ കുറേ നേരം ഇറങ്ങിനിന്നു. നല്ല സുഖമുള്ള തണുപ്പാണ് എനിക്ക് തോന്നിയത്. കൂടെയുള്ള പ്രായംചെന്നവരെ കൈപിടിച്ചിറക്കി. ചൂടുവെളളം അപ്പുറത്തുണ്ടെന്ന് പറയുന്നതു കേട്ടു. ഞങ്ങൾ അങ്ങോട്ടുപോയില്ല .

ഞാൻ വെറുതേ നടന്നു. ഗ്രെക്കോ റോമൻ ശൈലിയിലുള്ള ധാരാളം ശില്പകലാരൂപങ്ങൾ വച്ചിരിക്കുന്ന മ്യൂസിയം അവിടുണ്ട്. പലതും അവശിഷ്ടങ്ങളാണ്. ശിരസില്ലാത്ത കബന്ധരൂപികളാണ്. വലിയ ഒരു വാസ്തുവിദ്യ / ശില്പകലാ സംസ്‌കാരം ഉണ്ടായിരുന്നതിന്റെ തെളിവാണ് അതെല്ലാം. ചില റിലീഫ് വർക്കുകളും കണ്ടു.

  ‘വീനസ് ഓഫ് മിലോ’ എന്ന മാർബിൾ ശില്പവും ‘ഡിസ്‌കസ് എറിയുന്ന ആൾ’ എന്ന ശില്പവും
‘വീനസ് ഓഫ് മിലോ’ എന്ന മാർബിൾ ശില്പവും ‘ഡിസ്‌കസ് എറിയുന്ന ആൾ’ എന്ന ശില്പവും

ഗ്രീക്കു ശില്പകലയിൽ നിന്നും ചിത്രകലയിൽ നിന്നുമുള്ള തുടർച്ചയാണ് റോമിന്റേത്. ഗ്രീസിലേക്കെത്തുമ്പോൾ ഞാൻ ഓർക്കുന്നത് രണ്ട് ശില്പങ്ങളാണ്. മൈറൺ (Myron) എന്ന ഗ്രീക്കുശില്പിയുടെ ‘ഡിസ്‌കസ് എറിയുന്ന ആൾ’ എന്ന ശില്പം ഭൂതഭാവിവർത്തമാനങ്ങളെ സൂചിപ്പിക്കുന്ന ചലനാത്മകതയുടെ നിതാന്ത സ്മാരകമാണ്. നമ്മുടെ ശ്രദ്ധ ശില്പശരീരത്തിനപ്പുറത്തേക്ക് പാഞ്ഞു പോയെന്നിരിക്കും. അത് വെങ്കല ശില്പമാണ്. ‘വീനസ് ഓഫ് മിലോ’ എന്ന മറ്റൊരു ണ്ട്. മാർബിളിൽ ആർദ്രത ( tenderness) വരുത്തിയിട്ടുണ്ട്. ദേഹത്തു തൊട്ടാൽ വിരൽ താഴുമെന്നുതോന്നും. ഇതുപോലെ അലക്‌സാണ്ടറുടെ തലയും ലഭിച്ചിട്ടുണ്ട്. കണ്ണുകൾ അന്ധമാണെന്നു തോന്നും. ശ്രദ്ധിച്ചു നോക്കിയാൽ അല്ലെന്ന് മനസിലാകും. നോട്ടം വിദൂരതയിലേക്കാണ്.

മൈക്കിലാഞ്ചലോയുടെ ‘ദാവീദ്’ എന്ന ശില്പത്തിന് ‘ഡിസ്‌കസ് എറിയുന്ന ആൾ’ എന്ന ശില്പവുമായി ബന്ധമുണ്ട്. ഗ്രീസിന്റെ വീണ്ടെടുപ്പു കൂടി റോമൻ നവോത്ഥാനത്തിലുണ്ട്. അറബി നാട്ടിൽ ഇസ്​ലാം ഉണരുന്നതിന്റെ പ്രതികരണം കൂടിയായിരുന്നു ഇറ്റാലിയൻ നവോത്ഥാനം. ഖുർആൻ പേനയേയും എഴുത്തിനെയും സൂചിപ്പിച്ചു. അറിവിന്റെ ഒരു വിപ്ലവവും സമാധാനത്തിന്റെ വ്യാപനവും അറേബ്യൻ മേഖലയിൽ ശക്തമായി. ഇറ്റാലിയൻ നവോത്ഥാനം ഗ്രീക്കു സംസ്‌കാരത്തെയും കലയെയും സാഹിത്യത്തേയും പൗരാണികതയേയും സംരക്ഷിച്ചു. അത് പിന്നീട് യൂറോപ്പിലാകമാനം വ്യാപിച്ചു.

സത്യത്തിൽ ഇവിടെ കാലവും സ്ഥലവും ഇപ്പോഴുള്ളതാണ്. പക്ഷേ പുരാതനമായ ഒരു നഗരസ്ഥലവും കാലവും നാം ഭാവനയിൽ നിർമിക്കാൻ ശ്രമിക്കുന്നു. ആളുകളില്ലാത്ത, മൃഗ പക്ഷികളൊന്നുമില്ലാത്ത, അന്നത്തെ ഗന്ധങ്ങളോ തണുപ്പോ കാറ്റോ വെയിലോ ഒന്നുമില്ലാത്ത ഒരു ലോകമാണിത്. പഴമയെ നിലനിർത്തുക എന്നത് അസാധ്യമാണ്.

ഏതായാലും തുർക്കിയിലാണ് നമ്മൾ നിൽക്കുന്നതെന്ന് തോന്നുകയില്ല. പാശ്ചാത്യ സംസ്‌കാരത്തിന്റെ വികാരമാണ് നമ്മളിലുണരുക. റ്റ്വർക്കിഷ് ഇസ്​ലാമികത ഒട്ടും തന്നെ അതിലൊന്നും ഇടപെട്ടിട്ടില്ല. പുരാതന ഗ്രീസിലൂടെ നടക്കുന്ന പോലുള്ള അനുഭവമാണുണ്ടായത്. അപ്പോളോയുടെ ക്ഷേത്രവും ക്ലിയോപാട്ര കുളിച്ച കുളവും ഉണ്ടെന്നു കേട്ടു. അതൊന്നും കാണാൻ സമയം ലഭിച്ചില്ല. കൂട്ടരിലാരും തന്നെ മ്യൂസിയത്തിൽ വന്നില്ല. അവർ വെള്ളത്തിൽ നിന്ന് കേറി കാപ്പിക്കടയിലിരുന്നു. പിന്നീട് മടങ്ങിയിരിക്കണം. മ്യൂസിയം കണ്ടുകണ്ട് നടന്നപ്പോൾ എനിക്ക് വഴിതെറ്റി. പിന്നെ പലരോടും വഴി ചോദിച്ചാണ് ഒരു മരച്ചോട്ടിൽ തണൽ പറ്റി നില്ക്കുന്ന സുഹൃത്തുക്കളുടെ സമീപത്ത് എത്തിയത്.

പോന്ന വഴിയിൽ ഒരിക്കലും കണ്ടിട്ടില്ലാത്ത ചില പ്രത്യേക പനമരങ്ങൾ കാണുകയുണ്ടായി. ആ മരങ്ങൾക്കും ചുറ്റുപാടുമുള്ള അപരിചിതമായ പ്രകൃതി ദൃശ്യങ്ങൾക്കും ഒരു ഭാഷ കണ്ടെത്താൻ എനിക്ക് കഴിഞ്ഞില്ല. സത്യത്തിൽ ഇവിടെ കാലവും സ്ഥലവും ഇപ്പോഴുള്ളതാണ്. പക്ഷേ പുരാതനമായ ഒരു നഗരസ്ഥലവും കാലവും നാം ഭാവനയിൽ നിർമിക്കാൻ ശ്രമിക്കുന്നു. ആളുകളില്ലാത്ത, മൃഗ പക്ഷികളൊന്നുമില്ലാത്ത, അന്നത്തെ ഗന്ധങ്ങളോ തണുപ്പോ കാറ്റോ വെയിലോ ഒന്നുമില്ലാത്ത ഒരു ലോകമാണിത്. പഴമയെ നിലനിർത്തുക എന്നത് അസാധ്യമാണ്. പഴമ എന്നു തോന്നിപ്പിക്കുന്ന പുതുമ തന്നെയാണ് ചരിത്രസ്മാരകങ്ങൾ. നാം കാണുന്നതെല്ലാം മിഥ്യയായ ഒരു ഭൂതകാല ചിത്രമാണ്. കുഴിച്ചെടുത്ത ചരിത്രവും സംസ്‌കൃതിയുമാണ്. അത് കൂട്ടിവായിക്കുമ്പോൾ ഊഹാപോഹങ്ങളുണ്ടാകുന്നു. കാരണം, വിഗ്രഹങ്ങളും തൂണുകളും ശവക്കല്ലറകളും ക്ഷേത്രവും മറ്റും പുതുതായി ക്രമീകരിക്കുക അത്ര എളുപ്പമല്ല.

അങ്ങനെയാണ് ചരിത്രം കെട്ടുകഥ കൂടിയാവുന്നത്.

റോമാക്കാർ ഭരിച്ച കാലത്ത് എഫസസ് ഏഷ്യാ മൈനറിന്റെ തലസ്ഥാനമായിരുന്നു. പുരാതന ഗ്രീസിലും റോമിലും എത്തിയതുപോലെ ഒരു അന്തരീക്ഷമാണ് തകർന്നടിഞ്ഞ ഈ പട്ടണ പ്രദേശത്തുമുള്ളത്
റോമാക്കാർ ഭരിച്ച കാലത്ത് എഫസസ് ഏഷ്യാ മൈനറിന്റെ തലസ്ഥാനമായിരുന്നു. പുരാതന ഗ്രീസിലും റോമിലും എത്തിയതുപോലെ ഒരു അന്തരീക്ഷമാണ് തകർന്നടിഞ്ഞ ഈ പട്ടണ പ്രദേശത്തുമുള്ളത്

മറ്റൊരു പ്രധാനപ്പെട്ട സ്ഥലം എഫെസസ് ആണ്. ഇത് ഗ്രെക്കോ റോമൻ സംസ്‌കാരത്തിന്റെ അവശിഷ്ടങ്ങളുഉള്ള മറ്റൊരു സ്ഥലമാണ്. റോമാക്കാർ ഭരിച്ച കാലത്ത് എഫസസ് ഏഷ്യാ മൈനറിന്റെ തലസ്ഥാനമായിരുന്നു. പുരാതന ഗ്രീസിലും റോമിലും എത്തിയതുപോലെ ഒരു അന്തരീക്ഷമാണ് തകർന്നടിഞ്ഞ ഈ പട്ടണ പ്രദേശത്തുമുള്ളത്. തുർക്കി സംസ്‌കാരവുമായി ഒട്ടുമേ ബന്ധം തോന്നുകയില്ല. ക്രിസ്ത്യാനിറ്റിക്ക് പ്രാധാന്യമുള്ള സ്ഥലം കൂടിയാണ് എഫസസ്. വിശുദ്ധനായ പോൾ കൊറിന്ത്യർക്ക് ആദ്യ കത്തെഴുതിയത് ഇവിടെ വച്ചാണ്; സെൻറ്​ ജോൺ സുവിശേഷമെഴുതിയതും. 25,000 പേർക്കിരിക്കാവുന്ന പുരാതനമായ തിയേറ്ററും വലിയ ഒരു ലൈബ്രറിയും ഹാഡ്രിയൻ ക്ഷേത്രവും അവിടെയുണ്ട്. തിയേറ്റർ എന്നു പറഞ്ഞത് ചിലപ്പോൾ മല്ലയുദ്ധങ്ങളോ മൃഗവും മനുഷ്യനും തമ്മിലുള്ള ഏറ്റുമുട്ടലുകളോ നടന്ന സ്ഥലവുമാകാം എന്നു തോന്നുന്നു. ഞങ്ങൾ കുറേ നേരം അവിടെയിരുന്നു. കല്ലു കൊണ്ടുള്ളവ മാത്രമാണ് ചരിത്രത്തിൽ അവശേഷിക്കുന്നത്. ബാക്കിയെല്ലാം മാഞ്ഞുപോകും. ഭൂകമ്പങ്ങളും യുദ്ധങ്ങളുമാണ് ചരിത്രപുസ്തകം വലിച്ചു കീറുന്നത്. പിന്നെ ഭൂമിക്കടിയിലായ നഗരങ്ങൾ കുഴിച്ചെടുക്കണം. കിട്ടിയ കല്ലരുവങ്ങൾ കൂട്ടിയോജിപ്പിക്കണം. അവിടെയാണ് കണക്കു തെറ്റുക. അത്തരം കണക്കുതെറ്റലുകൾ ഇവിടെയുമുണ്ടായിട്ടുണ്ട്. അടിമകളുടെ കണ്ണീർ കല്ലുകളിൽ പുരണ്ടിട്ടുണ്ട്.
കല്ലിൽമേൽ കല്ലുവച്ച് മാച്ചു പിച്ചു നഗരം പണിതുയർത്തിയതിനെപ്പറ്റി പാബ്‌ളോ നെരൂദ തന്റെ മഹാകാവ്യമായ ‘കാന്റോ ജനറലി’ൽ പറയുന്നുണ്ട്.

തുർക്കികളും മറ്റു വിദേശിയരും ചിരിക്കുകയും ഇന്ത്യാക്കാരനാണോ എന്ന് എന്നോട് ചോദിക്കുകയുമുണ്ടായി. ഒരു ഹോട്ടലിൽ ഞങ്ങളെ സ്വീകരിച്ചത് സൈഗാളിന്റെ പാട്ട് സന്തൂറിൽ വായിച്ചുകൊണ്ടാണ്. അയാളുമായും ഞാൻ സംസാരിച്ചു.

നഗരഗണികയുടെ ഗൃഹത്തിലേക്കുള്ള വഴിയുടെ സൂചനയായ പെൺകാലടയാളവും കണ്ടു. ഒന്നിച്ചിരുന്ന്​ കർമം നിർവഹിക്കാവുന്ന പുരാതനമായ കക്കൂസുകൾ, കുളിമുറികൾ, അടിമകൾ പടുത്തുയർത്തിയ ഗോപുരങ്ങൾ, മലേറിയ വന്ന കാലം ജനങ്ങളെ ശുശ്രൂഷിച്ച ലേഡി ഡോക്ടറുടെ കബന്ധരൂപിയായ പ്രതിമ. അവരും മലേറിയ വന്നാണ് മരിച്ചത് എന്നു പറയുന്നു. റോയൽ ഫാമിലിക്കുള്ള വീടുകളുള്ള ഭാഗം, അവിടത്തെ ഡിസൈൻ ചെയ്ത പാതകൾ. മാർബിളും കല്ലും വിരിച്ച പാതകൾ, നടകൾ ഒക്കെ കാണാം. സൂക്ഷിച്ചുനടക്കണം, തെന്നിവീഴാൻ സാധ്യതയുണ്ട്. മനുഷ്യരെല്ലാം നടന്നുനടന്ന് മാർബിൾ കൽവഴികൾ തേഞ്ഞുപോയിരിക്കുന്നു. തീർച്ചയായും ലൈബ്രറി നമ്മെ അത്ഭുതപ്പെടുത്തും; പുനർനിർമ്മിച്ചതാണെങ്കിലും. മൂന്ന് സ്ത്രീപ്രതിമകൾ വിവേകത്തേയും മറ്റും സൂചിപ്പിക്കുന്നു. ലൈബ്രറിക്കടുത്താണ് ആഹ്ലാദിക്കാനുള്ള വീട്. (വേശ്യാലയം). ലൈബ്രറിയിലേക്കെന്നു പറഞ്ഞ് അങ്ങോട്ടു പോകാമായിരുന്നു.

ഗ്രീസ് അറിവിന്റെ ഒരു ലോകമായിരുന്നു. കവിതയും സാഹിത്യവും ചിത്രകലയും ശില്പകലയും തത്വചിന്തയും രാഷ്ട്രീയചിന്തയും ഗണിതവും അവിടെ സമൃദ്ധിയുടെ നെറുകയിൽ തൊട്ടു. അത് പിന്നീട് റോമിൽ നവോത്ഥാനത്തിന്റെ ഭാഗമായി നിലനിർത്തപ്പെട്ടു. ഞാനതൊക്കെ കണ്ടിട്ട് ചില ഫോട്ടോയും എടുത്തിട്ട് അവിടെയെത്തുന്നവരെ നോക്കി നിന്നു. ബ്ലാക്കും വൈറ്റുമായ കുടുംബങ്ങൾ, പല രാജ്യക്കാർ എന്നിവരെ നോക്കി നിന്നു. ഒട്ടും ചൂടോ അധികം തണുപ്പോ തോന്നാത്ത കാലാവസ്ഥ.

റോയൽ ഫാമിലിക്കുള്ള വീടുകളുള്ള ഭാഗം, അവിടത്തെ  ഡിസൈൻ ചെയ്ത പാതകൾ. മാർബിളും കല്ലും വിരിച്ച പാതകൾ, നടകൾ ഒക്കെ കാണാം. സൂക്ഷിച്ചുനടക്കണം, തെന്നിവീഴാൻ സാധ്യതയുണ്ട്
റോയൽ ഫാമിലിക്കുള്ള വീടുകളുള്ള ഭാഗം, അവിടത്തെ ഡിസൈൻ ചെയ്ത പാതകൾ. മാർബിളും കല്ലും വിരിച്ച പാതകൾ, നടകൾ ഒക്കെ കാണാം. സൂക്ഷിച്ചുനടക്കണം, തെന്നിവീഴാൻ സാധ്യതയുണ്ട്

അവിടെ വച്ചാണ് ചിനാർ എന്നോട് ഒറ്റയ്ക്ക് മുന്നോട്ടു പൊയ്‌ക്കൊള്ളാൻ പറഞ്ഞത്. ആൾക്കൂട്ടത്തിലും ഞാൻ ഏകാന്തസഞ്ചാരിയായിരുന്നു. അതവർ തിരിച്ചറിഞ്ഞതിൽ എനിക്ക് സന്തോഷം തോന്നി. ധാരാളം മരങ്ങളും തണലുകളുമുള്ള ഒരിടത്തു കൂടിയായിരുന്നു ഞാൻ നടന്നത്.
തകർന്നടിഞ്ഞ അവശിഷ്ടങ്ങളാണ് ഇവയെല്ലാം. അവർ ടൂറിസ്റ്റുലക്ഷ്യം വച്ചായിരിക്കില്ല ഇതെല്ലാം സംരക്ഷിക്കുന്നതെന്ന് ഞാനോർത്തു.
ചരിത്രാവശിഷ്ടങ്ങൾ ഭൂതകാലത്തെ വായിച്ചെടുക്കാനുള്ള ഭൂമിയുടെ പുസ്തകങ്ങളാണ്. അവയെ സെൽജൂക് - ഒട്ടോമൻ തുർക്കികൾ സംരക്ഷിച്ചു എന്നത് അഭിനന്ദനാർഹമാണ്.

ഇന്ത്യാക്കാരോട് തുർക്കിയിലുള്ളവർക്ക് ഒരു പ്രത്യേക ഇഷ്ടമുണ്ടെന്ന് തോന്നി. ടൂറിസം പ്രധാന വരുമാനമായ രാജ്യമാണ് തുർക്കിയും എന്നു തോന്നുന്നു. അങ്ങനെയുള്ള ഒരു രാജ്യം പുറത്തുനിന്നുവരുന്ന സഞ്ചാരികളോട് മമതാനിർഭരമായി പെരുമാറുക എന്നത് ആവശ്യമാണ്.

അവിടെയും തുർക്കികളും മറ്റു വിദേശിയരും ചിരിക്കുകയും ഇന്ത്യാക്കാരനാണോ എന്ന് എന്നോട് ചോദിക്കുകയുമുണ്ടായി. ഒരു ഹോട്ടലിൽ ഞങ്ങളെ സ്വീകരിച്ചത് സൈഗാളിന്റെ പാട്ട് സന്തൂറിൽ വായിച്ചുകൊണ്ടാണ്. അയാളുമായും ഞാൻ സംസാരിച്ചു.

ഇന്ത്യയിലെവിടെയാണെന്ന് ചിലർ ചോദിച്ചു. തെക്കുഭാഗത്തുള്ള കേരളത്തെ പക്ഷേ അവർക്കറിയില്ല. ഇന്ത്യാക്കാരോട് തുർക്കിയിലുള്ളവർക്ക് ഒരു പ്രത്യേക ഇഷ്ടമുണ്ടെന്ന് തോന്നി. ടൂറിസം പ്രധാന വരുമാനമായ രാജ്യമാണ് തുർക്കിയും എന്നു തോന്നുന്നു. അങ്ങനെയുള്ള ഒരു രാജ്യം പുറത്തുനിന്നുവരുന്ന സഞ്ചാരികളോട് മമതാനിർഭരമായി പെരുമാറുക എന്നത് ആവശ്യമാണ്. റോമൻ നവോത്ഥാനത്തിന്റെ സാമ്പത്തികാടിത്തറ ടൂറിസമായിരുന്നു എന്ന് ചില ചിത്രകലാ പുസ്തകങ്ങളിൽ വായിച്ചിട്ടുണ്ട്.

സന്തൂർ വാദകൻ
സന്തൂർ വാദകൻ

ഒരു മലേഷ്യക്കാരൻ എന്നോട് ഇന്ത്യയെക്കുറിച്ച് പലതും ചോദിച്ചു. ഞങ്ങൾ ഒരു മരത്തണലിലിരുന്നാണ് കുറേനേരം സംസാരിച്ചത്. ഇന്ത്യയിലേക്കും കേരളത്തിലേക്കും വരൂ എന്ന് ഞാനയാളോട് പറഞ്ഞു. ഇവിടെ ചെലവുകൾ കുറവാണല്ലോ.

തുർക്കിയിൽ ഒരു ഡോളർ കൊടുത്തപ്പോൾ 18 ലീറ ലഭിച്ചു. മൂന്ന് ലീറ വേണം WC യിൽ (ടോയ് ലെറ്റ്) പോകാൻ. ഒരിടത്ത് ഞാൻ 2 ലീറ കൊടുത്ത്​ ബാക്കി ഇല്ലെന്നു പറഞ്ഞു. അയാൾ ചിരിച്ചു. പൊതുവേ വിലക്കൂടുതലാണ് എല്ലാ സാധനത്തിനും. മൂന്നു ജോഡി സോക്‌സിന് 400 രൂപയോളം വരുന്ന ലീറ കൊടുക്കണം. എറണാകുളത്തുനിന്ന് വാങ്ങിയ സോക്‌സിന് 450 രൂപയായി. സോക്‌സിന്റെ കാര്യത്തിലേ ഈ വിലക്കുറവ് കണ്ടുള്ളു. ഞങ്ങൾ ഒരു ഗ്രാൻറ്​ ബസാറിൽ ഷോപ്പിങ്ങിനു പോയെങ്കിലും തുർക്കിഷ് കാപ്പിപ്പൊടിയും ബക്കലാവയും മറ്റൊരിടത്തു നിന്നാണ് വാങ്ങിയത്. വൃത്തിയും വെടിപ്പുമുള്ള പാതകളും നഗരങ്ങളും ഗ്രാമങ്ങളും തുർക്കിയിൽ കാണാം. വൃത്തിയാക്കിയെടുത്ത ഒരിന്ത്യയാണ് തുർക്കി എന്നെനിക്കു തോന്നി. കുതിരലായങ്ങളും കുതിരകളുടെ പ്രതിമകളും എവിടേയും കാണാം. വസ്ത്രങ്ങളുടേയും ആഭരണങ്ങളുടേയും അലങ്കൃത പാത്രങ്ങളുടേയും പരവതാനികളുടേയും ഇടയിലൂടെ ലുബ്ധനെപ്പോലെ ഞാൻ നടന്നു. പർവതപ്രദേശങ്ങളും ഗോതമ്പ്, ചോളം, മെലൻ, ആപ്പിൾ, മുന്തിരി കൃഷിനിലങ്ങളും ചെമ്മരിയാടിൻ പറ്റങ്ങളും കാണാം. വീടുകളില്ലാത്ത പ്രദേശങ്ങളും നിരപ്പായ വഴികളുമാണ്. ദൂരെ പർവ്വതങ്ങൾ കാണാം. നഗരങ്ങൾ കേന്ദ്രീകരിച്ചാണ് വീടുകൾ. സാധാരണ വസ്ത്രം ധരിച്ചാണ് ഞാൻ പലയിടത്തും നടന്നത്. പക്ഷേ കമ്പിളി ധരിക്കുന്നവരെയും കണ്ടിരുന്നു. മാസ്‌കു വച്ചവർ അപൂർവ്വമായിട്ടുണ്ട്. ▮

(തുടരും)


എസ്. ജോസഫ്

കവി. എറണാകുളം മഹാരാജാസ്​ കോളേജിൽ മലയാളം അധ്യാപകനായിരുന്നു. കറുത്ത കല്ല്, മീൻകാരൻ, ഐഡന്റിറ്റി കാർഡ്, ഉപ്പന്റെ കൂവൽ വരയ്ക്കുന്നു, ചന്ദ്രനോടൊപ്പം, വെള്ളം എത്ര ലളിതമാണ് തുടങ്ങിയവ പ്രധാന കൃതികൾ.

Comments