കോന്യ നഗരത്തിന് മറ്റു സ്ഥലങ്ങളിൽ നിന്ന്​ വ്യത്യസ്തമായ ഒരു മിസ്റ്റിക് പരിവേഷമുള്ളതുപോലെ തോന്നി

തുർക്കിയിലുണ്ട്​,
​ഗ്രീസും റോമും

എന്റെ ആഖ്യാനത്തിൽ സ്ഥലകാലങ്ങൾ അങ്ങോട്ടുമിങ്ങോട്ടും മാറിപ്പോയിട്ടുണ്ട്. മനഃപൂർവ്വമല്ല. പക്ഷേ, സ്ഥലങ്ങൾ, കാലങ്ങൾ എന്ന സങ്കീർണമായ ഒരു പ്രശ്‌നം ഇവിടെയുണ്ട്. തുർക്കിയിൽ ഗ്രീസും റോമും ഉണ്ട്. മറ്റു രാജ്യങ്ങളിൽ തുർക്കിയും ഉണ്ട്.

ഏഴ്​

റൂമിയുടെ ഖബറിടമുള്ള കോന്യ നഗരത്തിൽ ഞങ്ങളെത്തി.
അഫ്ഗാനിസ്ഥാനിൽ ജനിച്ച സൂഫി കവിയായിരുന്നു റൂമി. മംഗോളിയൻ ആക്രമണം ഭയന്നുള്ള പലായനമാണ് അദ്ദേഹത്തിന്റെ കുടുംബത്തെ കോന്യയിലെത്തിച്ചത്. മൗലാന ജലാലുദീൻ റൂമി എന്നാണ് മുഴുവൻ പേര്. 13-ാം നൂറ്റാണ്ടിലാണ് അദ്ദേഹം ജീവിച്ചത്. അദ്ദേഹത്തിന്റെയും പിതാവിന്റെയും ഖബറിടങ്ങൾ കണ്ടു. അവിടെ ചില പ്രതിമകളും കണ്ടു.

‘സ്‌നേഹം എന്നിലേക്കുവരുന്നു, എന്റെ രക്തത്തിലേക്കും ഞരമ്പുകളിലേക്കും ചർമ്മത്തിലേക്കും പ്രവേശിക്കുന്നു.'
-റൂമി.

റൂമി പേർഷ്യൻ ഭാഷയിൽ എഴുതിയ ബൃഹദ് ഗ്രന്ഥം മസ്‌നെവി എന്റെ കയ്യിലുണ്ട്. മഹത്തായ ഒരു കൃതിയാണത്. സൂഫിസത്തിന്റെ സ്വാധീനമാണ് മിസ്റ്റിസിസം ഉണ്ടാകാൻ കാരണമെന്ന് കേട്ടിട്ടുണ്ട്. പ്രപഞ്ചത്തിലെല്ലാമുളള ഈശ്വര ചൈതന്യത്തെ അന്വേഷിക്കുന്നു അത്, എല്ലാ മതങ്ങളോടും സഹവർത്തിത്വം പുലർത്തുന്നു. ഒമേർ ഖയ്യാമിലും ഖലീൽ ജിബ്രാനിലും നമ്മൾ അത് വായിച്ചിട്ടുണ്ട്. കബീറും മറ്റു ഭക്തികവികളും ബാബൂൽ ഗായകരും ടാഗോറും വില്യം ബ്ലേക്കും ഒക്കെ ഈ പരമ്പരയിൽ പെട്ടവരാണ്. There are many ways to God. I have chosen the ways of song, dance, and laughter എന്ന് റൂമി പറയുന്നു. സോഫയിലിരുന്ന് സംസാരിച്ചവരാണ് സൂഫികൾ എന്ന് ഓഷോ പറഞ്ഞിട്ടുണ്ട്. ശരിയാവാം. ബാവുൽ എന്ന ഓഷോയുടെ പുസ്തകം അനന്യമാണ്. പാടിക്കൊണ്ട്, നൃത്തം ചെയ്​ത്​, സംഗീതോപകരണങ്ങൾ വായിച്ച്​ അവർ ഈശ്വരനെ തേടുന്നു. ദർവീശ് നൃത്തവും അങ്ങനെയാവാം.

കോന്യ നഗരത്തിലുള്ള റൂമിയുടെയും പിതാവിന്റെയും ഖബറിടം
കോന്യ നഗരത്തിലുള്ള റൂമിയുടെയും പിതാവിന്റെയും ഖബറിടം

പിതാവിന്റെ ഖബറിടം കാരണം റൂമിയുടേത് നമ്മളിൽനിന്ന് അല്പം മറഞ്ഞാണ് സ്ഥിതിചെയ്യുന്നത്. അദ്ദേഹത്തിന്റെ പിതാവും അദ്ദേഹത്തെപ്പോലെ മഹാനായിരുന്നു. ഒരു ധ്യാനാത്മകമായ അനുഷ്ഠാനനൃത്തമാണ് ദർവിശ്. അത് ആരംഭിച്ചത് റൂമിയാണ്.

കോന്യ നഗരത്തിന് മറ്റു സ്ഥലങ്ങളിൽ നിന്ന്​ വ്യത്യസ്തമായ ഒരു മിസ്റ്റിക് പരിവേഷമുള്ളതുപോലെ തോന്നി. വെളുപ്പും കറുപ്പും ആധിപത്യം പുലർത്തുന്നതായി തോന്നി.

കോന്യയിലെ വീടുകളിലെല്ലാം മുന്തിരിവള്ളികൾ പടർത്തിയിരിക്കുന്നു. തെരുവിൽ പൂച്ചകളെ കാണാം. രണ്ടു പൂച്ചകൾ എന്റെ അടുത്തുവന്ന്​ കാലിലുരുമ്മി. ഞാൻ അധികം അടുപ്പം കാണിച്ചില്ല. പൂച്ചയുടെ സ്‌നേഹവും സ്‌നേഹമാണ്. അതിനെ പിരിയുന്നതും സങ്കടകരമാണ്. കാരണം അതും നമ്മെപ്പോലെ ഒരു ജീവിയാണ്, മിണ്ടാപ്രാണിയുമാണ്.

തുർക്കി ഇസ്​ലാമിക വേഷം ധരിച്ച ചില സ്ത്രീകളെ തെരുവിൽ കണ്ടു. യഹൂദരാണെന്നാണ് ഞാൻ കരുതിയത്.

കോന്യയിലെ വീടുകളിലെല്ലാം മുന്തിരിവള്ളികൾ പടർത്തിയിരിക്കുന്നു. തെരുവിൽ പൂച്ചകളെ കാണാം.
കോന്യയിലെ വീടുകളിലെല്ലാം മുന്തിരിവള്ളികൾ പടർത്തിയിരിക്കുന്നു. തെരുവിൽ പൂച്ചകളെ കാണാം.

കോന്യയിൽ നിന്നുള്ള യാത്ര അവസാനിച്ചത് ഈജിയൻ സമുദ്രതീരത്തുള്ള ഒരു വൻഹോട്ടലിലാണ്. രാത്രി ഞങ്ങൾ ഈജിയൻ കടൽക്കരയിൽ പോയി. വഴിയിലൊരിടത്ത് മദ്യപിച്ച് നൃത്തം ചെയ്യുന്ന വിദേശികളെ കണ്ടു. ആണും പെണ്ണുമുണ്ട്. അവിടത്തെ മദ്യത്തിന് പൊരിഞ്ഞ വിലയാണ്. അവിടെ കുളിക്കുന്നവരുണ്ട്. നൃത്തം ചെയ്യാനറിയാത്തതിനാൽ ഞങ്ങൾ അവരെ കടന്നുപോയി. കടൽത്തീരത്തുകൂടി ഞങ്ങളും നടന്നു.

ഈജിയൻ തൊഴുത്ത് എന്നൊരു പ്രയോഗം ഓർത്തു. ഹെർക്കുലീസ് ആണല്ലോ ഈജിയൻ തൊഴുത്ത് വൃത്തിയാക്കിയത്. ഗ്രീക്ക് പൗരാണിക ചരിത്രമുറങ്ങുന്നതാണ് ആ പ്രദേശം. മാത്യു അർനോൾഡിന്റെ ഡോബർ ബീച്ച് എന്ന കവിതയിൽ സോഫോക്ലീസ് ഈജിയൻ കടലിന്റെ ശബ്ദം കേട്ടതിനെപ്പറ്റി പറയുന്നുണ്ട്.

പിറ്റേന്ന് രാവിലെ ഞങ്ങൾ സെൽജുക്കിൽ എത്തി. പോന്ന വഴിയിൽ ഈജിയൻ കടൽ കാണാം. അവിടെ യേശുവിന്റെ അമ്മ മറിയവും ജോണും വന്നു താമസിച്ച ഒരു വീടുണ്ട്. അത് വിശ്വാസമാണ്. യേശുവിന്റെ മരണശേഷം അമ്മ മറിയം, ജോണിനോടൊപ്പം സെൽജുക്കിലാണ് താമസിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. ഈ വിശ്വാസം വത്തിക്കാൻ അംഗീകരിച്ചിട്ടുമില്ല, നിഷേധിച്ചിട്ടുമില്ല എന്നാണ് തോന്നുന്നത്. അതൊരു മിത്താണ്. ഇപ്പോൾ ആ വീട് ചാപ്പൽ ആക്കിയിട്ടുണ്ട്. ഉള്ളിൽ ഫോട്ടോ എടുക്കാൻ പറ്റില്ല. അവിടമെല്ലാം മരക്കൊമ്പു കൊണ്ട് ഇലകൾ അടിച്ചുവാരുന്നവരെ കണ്ടു. മരങ്ങൾ നിറഞ്ഞ ഒരു പ്രദേശമാണത്. ചിനാർ എന്ന ഞങ്ങളുടെ ഗൈഡ് മെഴുതിരികൾ കത്തിച്ചു. ഞാനും മെഴുതിരി കത്തിച്ചു. അവർ അവിവാഹിതയാണ്. ആൺ കൂട്ടുകാരനുണ്ട്. ഇടയ്ക്ക് അയാളെ കാണാൻ അവർ പോയിരുന്നു.

യേശുവിന്റെ മരണശേഷം  അമ്മ മറിയം താമസിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന സെൽജുക്കിലെ വീട്​. ഈ വീട് ഇപ്പോൾ ചാപ്പലാണ്​.
യേശുവിന്റെ മരണശേഷം അമ്മ മറിയം താമസിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന സെൽജുക്കിലെ വീട്​. ഈ വീട് ഇപ്പോൾ ചാപ്പലാണ്​.

ഒട്ടോമൻ കൊട്ടാരത്തിൽ മർമറയും ബോസ്ഫറസും നോക്കിനിൽക്കേ പതിവുപോലെ പാതിമറവിയിൽ ഞാൻ പെട്ടുപോയി. ഞാനൊരിക്കലും ഇസ്താംബുളിൽ എത്തുമെന്നു കരുതിയില്ല. സഞ്ചാരം എനിക്ക് ഇടക്കാലത്ത് ഇഷ്ടമല്ലായിരുന്നു. അപ്പുറം ഏഷ്യയാണെന്നും ഇങ്ങേപ്പുറം യൂറോപ്പാണെന്നും ഒരു വഴികാട്ടി കുഞ്ഞാടുകളോട് പറയുന്നതു കേട്ടു. ചരിത്രമെന്തെന്നറിയാത്ത സമ്പന്നരായ ആളുകൾ അതു കേട്ടുനില്ക്കുന്നു.

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്രാജ്യമായിരുന്നു ഒട്ടോമൻ തുർക്കികളുടേത്. ഒന്നാമത്തേത് സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം.13-ാം നൂറ്റാണ്ടിൽ ഒസ്​മാൻ ഒന്നാമൻ എന്ന മുസ്​ലിം പോരാളി ഒട്ടോമൻ സാമ്രാജ്യം സ്ഥാപിച്ചു. ഒസ്​മാൻ എന്ന പേരിൽനിന്നുണ്ടായ വാക്കാണ് ഒട്ടോമൻ. കിഴക്കൻ യൂറോപ്പിലും ഏഷ്യയിലും ആഫ്രിക്കയിലും അവരുടെ സാമ്രാജ്യം വ്യാപിച്ചു. യൂറോപ്പുകാർ അവരെ അങ്ങോട്ടേക്ക് വിളിച്ചുവരുത്തിയതാണെന്ന് വായിച്ചിട്ടുണ്ട്. ആ സാമ്രാജ്യം ഒന്നാം ലോകയുദ്ധത്തോടെ അവസാനിക്കുകയും ചെയ്തു. അവരുടെ കൊട്ടരത്തിലാണ് ഞങ്ങളിപ്പോൾ.

എല്ലാ സുൽത്താൻമാരും ഇരുണ്ട തുരങ്കങ്ങളിലൂടെ മരണത്തിലേക്ക് പോയിരിക്കുന്നു. അവരുടെ നിശ്ചലമായ ചിത്രങ്ങളോ പ്രതിമകളോ മാത്രമുണ്ട്. അവരുടെ കൊട്ടാരം ചിത്രശില്പ തുല്യമായിരിക്കുന്നു. ഒരു മരിച്ച ലോകം. സഞ്ചാരികളില്ലെങ്കിൽ അവിടം നിശ്ശബ്ദമായിരിക്കും. വിശാലമായ മുറ്റത്തെ മരങ്ങളിൽ നിന്ന് പഴുത്ത ഇലകൾ വീണുകൊണ്ടിരുന്നു. സാധാരണക്കാർക്ക് പ്രവേശനമില്ലാതിരുന്ന കൊട്ടാരത്തിൽ ഇന്ന് ആർക്കും പ്രവേശിക്കാം.

ഒട്ടോമൻ തുർക്കികളുടെ കൊട്ടാരം കണ്ട് ഏതോ നൂറ്റാണ്ടുകളിലൂടെ അർധ ബോധത്തിൽ നടന്ന എനിക്ക് വഴിതെറ്റി. ഞാൻ കൊട്ടാരത്തിനു മുമ്പിൽ സുഹൃത്തുക്കളെ കാത്തിരുന്നു. അവർ വന്നില്ല. മറ്റൊരു ഗെയിറ്റു തേടി ഞാൻ നടന്നു. ഇറക്കത്തിലേക്കുള്ള വഴി രണ്ടായി തിരിഞ്ഞതിനാൽ ആ യാത്ര ഞാൻ ഇടയ്ക്ക് അവസാനിപ്പിച്ചു. വീണ്ടും പഴയ സ്ഥലത്ത്​ വന്നുനിന്നു. എനിക്ക് 28 പേരെ നഷ്ടപ്പെട്ടു. ഞാനോർത്തു, ഇരുപത്തെട്ട് ആടുകളെ നഷ്ടപ്പെട്ടു. അവർക്കാകട്ടെ ഞാനെന്ന ഒരാടിനെമാത്രം നഷ്ടപ്പെട്ടു.

ഹാഗിയ സോഫിയ
ഹാഗിയ സോഫിയ

അടുത്ത ടൂർ ലക്ഷ്യം ഹാഗിയ സോഫിയ ആയതിനാൽ അങ്ങോട്ടേക്ക് നടക്കാം എന്നു കരുതി. അവിടെച്ചെന്ന് അരമണിക്കൂറിലധികം അവരെ കാത്തിരുന്നു. ആരും വന്നില്ല. ഈ സമയം അവരെല്ലാം എന്നെത്തേടി നടക്കുകയായിരുന്നു എന്ന് പിന്നീട് അവർ പറഞ്ഞു. ഞാനൊരു പൊലീസുകാരനെ സമീപിച്ചു. ഞാൻ കൊടുത്ത വാട്ട്‌സ്ആപ്പ് നമ്പരിൽ അയാൾ വിളിച്ചു. ആരും പ്രതികരിച്ചില്ല. അയാൾ എന്നെ ചിരിച്ചുകൊണ്ട് വഴക്കുപറഞ്ഞു.

മറ്റൊരു രാജ്യത്തുനിന്നുവരുന്ന നിങ്ങൾ എന്തുകൊണ്ട് 10 ഡോളറിന് ലഭിക്കുമായിരുന്ന സിം കാർഡ് വാങ്ങിയില്ല എന്നയാൾ എന്നോട് ചോദിച്ചു.
എന്റെ പോക്കറ്റിൽ ഒളിച്ചിരുന്ന 250 ഡോളറുകൾ വിറച്ചില്ല.

ഇതെന്റെ ഇസ്താംബുളിലെ ഒരേയൊരു പൊലീസ് (Polis എന്നാണ് തുർക്കിയിൽ എഴുതുന്നത്) അനുഭവമാണ്. വളരെ മനോഹരമാണ് തുർക്കി പൊലീസിന്റെ യൂണിഫോം. ഞാൻ വാട്ട്‌സ്ആപ്പ്​ കാളുകൾ വിളിക്കാമെന്നാണ് കരുതിയത് എന്നു പറഞ്ഞു. അയാൾ എന്നെ നോക്കി ചിരിച്ചു. ‘പ്രിയപ്പെട്ട തുർക്കിയിലെ പൊലീസുകാരാ’, എനിക്ക് പറയണമെന്നുണ്ടായിരുന്നു, ‘എന്റെ യാത്ര തുടങ്ങിയതല്ലേയുള്ളൂ.'

പൊലീസുകാരെ എനിക്ക് ചെറുപ്പത്തിലേ പേടിയാണ്. അതിനാൽ ഞാൻ ചിരിച്ചു കൊണ്ട്​ പതുക്കെ നടന്നു. ദൂരെനിന്ന് ആരോ എന്നെ നോക്കി കൈവീശി. എല്ലാവരും എന്നെയോർത്ത് വേദനിച്ചു. ഞാൻ അവരെയോർത്തും വേദനിച്ചു.
നിങ്ങൾ എവിടെപ്പോയിരുന്നു? എല്ലാവരും ചോദിച്ചു. മലയാള കവിതയിൽ എന്നെപ്പോലെ വിഡ്ഢിയും നിഷ്‌കളങ്കനും പാവവുമായ മറ്റൊരു കവിയില്ല എന്നു ഞാൻ പറഞ്ഞില്ല.

ഞാൻ പറഞ്ഞു: നിങ്ങൾക്ക് നഷ്ടപ്പെട്ടത് ഒരാളെയാണ്. എനിക്കാകട്ടെ 28 പേരെയാണ്.

കൂടെയുള്ള ചില സ്ത്രീകൾ, പേടിച്ചില്ലേ എന്നെന്നോട്​ ചോദിച്ചു.
ഞാൻ പറഞ്ഞു, ‘ഇല്ല. എനിക്ക് ഒന്നിലും പേടിയില്ല. ഭീരുത്വത്തെ ഞാൻ 2021 ൽ വെടിഞ്ഞു. പക്ഷേ നമ്മുടെ കൂടെയുള്ള ഒരു സ്ത്രീക്കാണ് ഇത് സംഭവിച്ചിരുന്നതെങ്കിൽ, അഥവാ ആർക്കെങ്കിലുമാണ് ഇത് സംഭവിച്ചിരുന്നതെങ്കിൽ നമ്മളെല്ലാം ഇതിലും സങ്കടപ്പെടുമായിരുന്നു.’
ഞാൻ പറഞ്ഞത് അവർ സമ്മതിച്ചു. അത്രമാത്രം മാന്ത്രികമായിരുന്നു എന്റെ വാക്കുകൾ.

ഹാഗിയ സോഫിയയുടെ പുറത്തെ ബൈസാൻറിയൻ പെയ്​ൻറിങ്​
ഹാഗിയ സോഫിയയുടെ പുറത്തെ ബൈസാൻറിയൻ പെയ്​ൻറിങ്​

എനിക്ക് ഒന്നും ഏൽക്കില്ല. ഞാൻ ലോകത്തെ നേടും. കാരണം എന്റെ അന്വേഷണം തുടങ്ങിയിട്ടേയുള്ളൂ, ഞാൻ മനസിൽ പറഞ്ഞു.

ഞാൻ അവരോട് പറഞ്ഞു; എന്നെയോർത്ത് ആരും വേദനിക്കരുത്. കാരണം ഞാൻ ഒരു ബൊഹീമിയൻ സഞ്ചാരിയാകുന്നു.

എന്നാൽ ചിനാർ എന്നെ വഴക്കുപറഞ്ഞു, ഇംഗ്ലീഷിൽ. ഞാൻ എന്റെ ഭാഗവും പറഞ്ഞു. എന്നാൽ പിന്നീട് എന്നോട് സ്വതന്ത്രമായി പൊയ്‌ക്കോളാൻ പറഞ്ഞ ചിനാറിനെ ഞാൻ ഓർക്കുന്നു.

നീണ്ട ഒരു ക്യൂവിൽ നിന്ന ശേഷമാണ് ഹാഗിയ സോഫിയയിൽ കേറിപ്പറ്റാൻ പറ്റിയത്. ക്യൂ നിന്നപ്പോൾ അവിടെ കിടന്ന ഒരു തെരുവുനായുമായി ചങ്ങാത്തം കൂടുന്ന ഒരു യൂറോപ്യൻ വനിതയെ കണ്ടു. വിശാലമായ ഒരു പരിസരമാണവിടം. ആളുകളുടെ തിരക്കു മൂലം ഒന്ന് ഓടിച്ചു കാണാനേ പറ്റിയുള്ളൂ.

ഡിസൈനുകളുടെ സവിശേഷതകൾ ശ്രദ്ധേയമാണ്. നാം ഉദ്ദേശിക്കുന്നതിലും ഉയരത്തിലാണ് മുകൾത്തട്ട്. ഉള്ളിലെ ഇടം വിപുലമാണ്. ഒരു വലിയ ശൂന്യതയെ അത് ഉൾക്കൊണ്ടിരിക്കുന്നു. ശൂന്യതയെ നിർമ്മിച്ചെടുക്കലാണല്ലോ വാസ്തുവിദ്യ.

ഹാഗിയ സോഫിയയുടെ ഡിസൈൻ സവിശേഷതയുള്ളതാണ്​. നാം ഉദ്ദേശിക്കുന്നതിലും ഉയരത്തിലാണ് മുകൾത്തട്ട്. ഉള്ളിലെ ഇടം വിപുലമാണ്.
ഹാഗിയ സോഫിയയുടെ ഡിസൈൻ സവിശേഷതയുള്ളതാണ്​. നാം ഉദ്ദേശിക്കുന്നതിലും ഉയരത്തിലാണ് മുകൾത്തട്ട്. ഉള്ളിലെ ഇടം വിപുലമാണ്.

റോമക്കാർ ഭരിച്ച ഇസ്താംബുൾ ഒട്ടോമൻ തുർക്കികൾ പിടിച്ചെടുത്തു. കോൺസ്റ്റാന്റിനോപ്പിളും ബൈസാന്റിയവും ഇസ്താംബുൾ ആയി. ഹാഗിയ സോഫിയ കൊളളയടിക്കപ്പെട്ടു. അത് മുസ്​ലിം പള്ളിയായി. മുസ്തഫാ കമാൽ അറ്റാത്തുർക്കിന്റെ കാലത്ത് അത് മ്യൂസിയമായി. ഇപ്പോൾ അത് വീണ്ടും മോസ്‌കായി. ബൈസാൻറിയൻ ക്രിസ്തീയ സംസ്‌കാരത്തിന്റെ ചില ചിത്രങ്ങൾ മാത്രം ഹാഗിയ സോഫിയയിൽ അവശേഷിച്ചു. അതിനെ വെല്ലാൻ നിർമിച്ച നീല മോസ്‌കിന്റെ (Blue Mosque )പുതുക്കലുകൾ നടന്നുകൊണ്ടിരിക്കുകയാണ്. ഹാഗിയ സോഫിയ വാസ്തുവിദ്യാവൈഭവത്തിന്റെ മികച്ച ഉദാഹരണമാണ്. ബൈസാൻറിയൻ ഒട്ടോമൻ ശൈലികൾ അവിടെ ഒത്തുചേർന്നിരിക്കുന്നു.

ഇവിടെ എന്റെ പ്രിയ വായനക്കാർ ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. എന്റെ ആഖ്യാനത്തിൽ സ്ഥലകാലങ്ങൾ അങ്ങോട്ടുമിങ്ങോട്ടും മാറിപ്പോയിട്ടുണ്ട്. മനഃപൂർവ്വമല്ല. പക്ഷേ, സ്ഥലങ്ങൾ, കാലങ്ങൾ എന്ന സങ്കീർണമായ ഒരു പ്രശ്‌നം ഇവിടെയുണ്ട്. തുർക്കിയിൽ ഗ്രീസും റോമും ഉണ്ട്. മറ്റു രാജ്യങ്ങളിൽ തുർക്കിയും ഉണ്ട്. ഒട്ടോമൻ എമ്പയർ ഓർക്കുക. അപ്പോൾ തുർക്കി എന്താണ്? ഗ്രീസ് എന്താണ്? റോം എന്താണ്? ഏതായാലും നാം കണ്ട ഗ്രീസും റോമും ഗ്രീസിലും റോമിലും ഉണ്ടാവുകയില്ല. സ്ഥലം തന്നെയാണ് കാലം. പാമുക്കിന്റെ മഞ്ഞ് എന്ന നോവലിൽ കാ, ഫ്രാങ്ക് ഫർട്ടിൽ വച്ച് വെടിയേറ്റു മരിക്കുന്ന ഭാഗവും മറ്റും കാലം തെറ്റിച്ചാണ് ആഖ്യാനം ചെയ്യുന്നത്. പോസ്റ്റുമോഡേൺ ആഖ്യാനരീതിയാണ്. ഇന്ന് സ്ഥലവും കാലവും തമ്മിൽ കൂടുതൽ കുഴഞ്ഞുമറിഞ്ഞിരിക്കുന്നു.

ഞങ്ങൾ ഒരു വലിയ മാർക്കറ്റിൽ സാധനങ്ങൾ വാങ്ങാൻ പോയി. ഒരുപാട് ഉൾ വഴികളുള്ള മാർക്കറ്റാണ്. കൗതുകകരമായ ധാരാളം വസ്തുക്കൾ അവിടെയുണ്ട്. പക്ഷേ വലിയ വില കൊടുക്കണം. ഞാൻ കുറേ ഡോളറുകൾ ലീറയാക്കി മാറ്റി. ഒരു ഡോളറിന് 18 ലീറ കിട്ടി. അതിൽ കുറച്ച് മധുര പലഹാരങ്ങൾക്കും കാപ്പിപ്പൊടിക്കുമായി ചെലവാക്കുകയും ചെയ്തു. തുർക്കി യാത്രയിൽ എന്റെ കയ്യിൽ നിന്നുള്ള സ്വന്തം ചെലവ് വെറും 6000 രൂപയാണ് എന്നറിഞ്ഞ് പിന്നീട് ഞാൻ തന്നെ ഞെട്ടി.

ഇസ്താംബുളിൽ അതീവ സുന്ദരിമാരെ കാണാം. കറുപ്പും വെളുപ്പും മുടിയുള്ളവർ, തുർക്കിയുടെ യൂറോപ്യൻ ഭാഗത്താണ് (Thrace) കൂടുതൽ സൗന്ദര്യമുള്ളവർ എന്നു പറഞ്ഞുകേൾക്കുന്നു. പുട്ടിയടിച്ചതുപോലെ മുഖമുള്ളവർ. ലോകത്തുള്ള മനുഷ്യരെല്ലാം ഇസ്താംബുളിലുണ്ട്, സഞ്ചാരികളായി. കറുത്തവരും ഉണ്ട്. പല ജനതകളുടെ കലർപ്പാണ് ഇസ്താംബുൾ. ആഫ്രിക്കൻ വംശജയായ ഒരു പെൺകുട്ടിയെ ഞാൻ കണ്ടു. അവൾ എന്നെയും ഞാനവളെയും ശ്രദ്ധിച്ചു. ഞാൻ അത് മറന്നു. പക്ഷേ പിന്നെയും ഞാനവളെ ഒരു റെസ്റ്റോറന്റിൽ വച്ചു കണ്ടു. ഞങ്ങൾ പരസ്പരം ഇടിമിന്നൽ പായിച്ചു. ഇസ്തംബൂളിൽ ഞാൻ കണ്ട ഏറ്റവും സുന്ദരി ആ പെൺകുട്ടിയായിരുന്നു. സ്ത്രീസൗന്ദര്യത്തിന്റെ മായാമോഹനമായ മൂർത്തീകരണം. മൂന്നാമതും ഞാനവളെ കണ്ടില്ല. ഭാഗ്യം. വെളുത്തവരുടെ ലോകത്ത് രണ്ട് കറുത്തമനുഷ്യർ തമ്മിൽ കണ്ടുമുട്ടുമ്പോൾ അതിൽ വാഗതീതമായ ഡയലോഗുണ്ട്.

ക്രൂയിസിലെ നർത്തകി
ക്രൂയിസിലെ നർത്തകി

ഞങ്ങളുടെ യാത്ര അവസാനിച്ചത് ബോസ്​ഫറസ്​ കടലിടുക്കിലെ ക്രൂയിസ് യാത്രയിലാണ്. അത്താഴത്തിന് മീൻ വിളമ്പിയത് അപ്പോഴാണ്. അത് ഉണക്കമീൻ പോലെയിരുന്നു. ചിറകും വാലും ഒക്കെ അതേപടി. കത്തിയും മുള്ളും ഉപയോഗിച്ച് കഴിക്കാം. രുചികരമായിരുന്നു. ക്രൂയിസ് യാത്ര നൃത്തം ഉൾപ്പെടെയായിരുന്നു. ധാരാളം മദ്യവും വിളമ്പിയിരുന്നു. അകമ്പടിയായി പാശ്ചാത്യസംഗീതവും. ഞാൻ മുകൾത്തട്ടിലെത്തി ഒരു കുവൈറ്റുകാരനുമായി സംസാരിച്ചു. പല രാജ്യക്കാർ. മുമ്പിൽ ദീപാലങ്കൃതമായ ബോസ്​ഫറസ്​ വളഞ്ഞുകിടക്കുന്നു. ഒരു മാസ്മരികലോകത്ത് എന്നതുപോലെ എനിക്ക് തോന്നി. ബോസ്​ഫറസാണ് മർമറയെയും കരിങ്കടലിനെയും ബന്ധിപ്പിക്കുന്നത്.

യൂറോപ്പിലേക്ക് പോയാൽ ബൾഗേറിയയും ഗ്രീസുമാണ് അടുത്തുകിടക്കുന്നത്. തുർക്കിക്കാരുടെ പ്രിയനൃത്തം ആരംഭിച്ചു. പുരുഷന്മാരും സ്ത്രീകളും നൃത്തത്തിൽ പങ്കെടുത്തു. പരമ്പരാഗതമായ ചില ശൈലികളും അവർ അവതരിപ്പിച്ചു. അർധനഗ്‌നയായ ഒരു സ്ത്രീയുടെ ചടുലചലനങ്ങളോടു കൂടിയ
ഉന്മാദനൃത്തം ഏറെ വ്യത്യസ്തമായിരുന്നു. അവർ എല്ലാവരുടേയും അരികിൽ എത്തി. എന്റെ സുഹൃത്ത് അവരുമൊത്ത് നൃത്തം ചെയ്തു. പിന്നെയും ഞാൻ മുകളിലെത്തിയപ്പോൾ ആ കുവൈറ്റുകാരൻ ഒരു സ്ത്രീയുമായി സംസാരിക്കുകയായിരുന്നു. അയാൾ എന്നെ ശ്രദ്ധിച്ചില്ല. ഒരാൾ ഫോട്ടോ എടുത്തു കൊടുക്കാൻ പറഞ്ഞു.

പിറ്റേന്ന് രാവിലെ തന്നെ ഞങ്ങൾ തുർക്കി എയർപോർട്ടിലേക്ക് പുറപ്പെട്ടു. ആ യാത്രയിലാണ് ഇസ്താംബുൾ നഗരത്തിന്റെ ജീർണിച്ച ചില സ്ഥലങ്ങൾ ശ്രദ്ധിച്ചത്. പൊട്ടിപൊളിഞ്ഞ കെട്ടിടങ്ങൾ, ജീർണ്ണിച്ച ഭിത്തികൾ. അത് എന്തുകൊണ്ടാണെന്ന് മനസിലായില്ല. തെരുവുകളിലേക്കും ചേരികളിലേക്കുമൊന്നും ഞങ്ങൾ പോയുമില്ല. ആ ദൃശ്യങ്ങളും പെട്ടെന്ന് മറഞ്ഞുപോയി. എന്നെ സംബന്ധിച്ച്​ തുർക്കിയിൽ മാത്രമല്ല റോമിലും ഗ്രീസിലും ഒക്കെ പോയതുപോലെയായിരുന്നു ഈ യാത്ര. ക എന്ന മഞ്ഞിലെ നായകൻ പാഞ്ഞുനടന്ന മഞ്ഞുമൂടിക്കിടക്കുന്ന കാർസിലിൽ പോകാൻ കഴിഞ്ഞില്ലല്ലോ എന്ന ദുഃഖം മാത്രം അവശേഷിക്കുന്നു. ▮

(അവസാനിച്ചു)


എസ്. ജോസഫ്

കവി. എറണാകുളം മഹാരാജാസ്​ കോളേജിൽ മലയാളം അധ്യാപകനായിരുന്നു. കറുത്ത കല്ല്, മീൻകാരൻ, ഐഡന്റിറ്റി കാർഡ്, ഉപ്പന്റെ കൂവൽ വരയ്ക്കുന്നു, ചന്ദ്രനോടൊപ്പം, വെള്ളം എത്ര ലളിതമാണ് തുടങ്ങിയവ പ്രധാന കൃതികൾ.

Comments