കപ്പഡോക്കിയയിൽ നമ്മളെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നത് ഭൂമിക്കടിയിലെ നഗരങ്ങളാണ്

പാതാള നഗരത്തിലൂടെ
​ഒരു മിസ്​റ്റിക്​ സഞ്ചാരം

കപ്പഡോക്കിയയിൽ നമ്മളെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നത് ഭൂമിക്കടിയിലെ നഗരങ്ങളാണ്. അത്തരം 200 നഗരങ്ങൾ ഭൂമിക്കടിയിൽ ഉണ്ടെന്നാണ്. 36 എണ്ണമേ കണ്ടെത്തിയിട്ടുള്ളു. ഭൂമിക്കടിയിലെ ഒരു നഗരത്തിൽ മാത്രമാണ് ഞങ്ങൾ പ്രവേശിച്ചത്.

നാല്​

ടുത്ത ദിവസം രാവിലെ ബസ് പുറപ്പെടുന്നതിനുമുമ്പ് ഗൈഡ് ചിനാറുമായി ഓർഹൻ പാമുക്കിനെപ്പറ്റി സംസാരിച്ചു. അവർ മഞ്ഞും മ്യൂസിയം ഓഫ് ഇന്നസെൻസും വായിച്ചിട്ടുണ്ട്. മഞ്ഞിലെ വിഷയം രാഷ്ട്രീയമാകുമെന്നായപ്പോൾ അവർ പിൻമാറി. പിന്നീടാണ് ഞാൻ സുഹൃത്തുക്കളോട് ‘റാകി’ എന്ന മദ്യത്തെപ്പറ്റി പറഞ്ഞത്. തുർക്കിയിൽ താരതമ്യേന വളരെ വിലക്കുറവുള്ള ഒരു മദ്യമാണെന്ന് തോന്നുന്നു ‘റാകി’. വാങ്ങാൻ പോയത് ചിനാറും ചിലരുമാണ്. മ്യൂസിയം ഓഫ് ഇന്നസെൻസ് എന്ന പാമുക്കിന്റെ നോവലിൽ, കെമാൽ ബേ ‘റാകി’ കുടിച്ച്​ നീണ്ട എട്ടുവർഷങ്ങൾ ഫ്യൂസന്റെ വീട്ടിൽ രാത്രി ഇരുന്നതിനെപ്പറ്റി പറയുന്നുണ്ട്.
ഞങ്ങളും അന്നുരാത്രി മടങ്ങിവന്നപ്പോൾ ‘റാകി’ കുടിച്ചു. ആ മദ്യത്തിൽ വെള്ളമൊഴിച്ചാൽ പാൽനിറമാകും. ഞാൻ പക്ഷേ ഒരു ദിവസം മാത്രമേ അത് കഴിച്ചുള്ളു.

തലേദിവസം ഇരുണ്ടുവരുന്ന സായാഹ്നശോഭയിലും കൂടുതൽ ഇരുട്ടിലും കണ്ട പ്രകൃതിദൃശ്യങ്ങൾ തണുത്ത പുലരിയിൽ തെളിഞ്ഞുവന്നു. മലകളും നിരയറ്റ കൃഷി പ്രദേശങ്ങളും ഇപ്പോൾ വ്യക്തമാകുന്നു. വളഞ്ഞും പുളഞ്ഞുമുള്ള വഴികൾ. ഒരു കുഴിയുമില്ലാത്ത കൃത്യത. പക്ഷേ, കൃഷിപ്പാടങ്ങളിൽ വളരെ അപൂർവ്വമായേ മനുഷ്യരെ കണ്ടുള്ളു. ചിലർ ടാക്ടർ മാതിരി വണ്ടിയുമായുണ്ട്. നിർജനതയാണ് തുർക്കിയിൽ നഗരങ്ങൾ അല്ലാത്ത സ്ഥലങ്ങളിലെല്ലാം അനുഭവപ്പെട്ടത്. ഒരു മലയാളിയെ സംബന്ധിച്ച്​ ഈ മനുഷ്യശൂന്യത താങ്ങാനാവാത്ത ഭാരമാണ്.

നാം കാണുന്ന സ്ഥലങ്ങളെ നമ്മുടെ സ്ഥലങ്ങളുമായി സാദൃശ്യപ്പെടുത്തി മനസിലാക്കുന്ന രീതിയുണ്ട്. ഞാൻ അത്തരം തുലനങ്ങളെ ഉപേക്ഷിച്ചാണ് എന്റെ തുർക്കിയാത്രയുടെ ഒരു സവിശേഷമായ കാഴ്ച നിർമിച്ചെടുത്തത്. ഇത് സാമ്പ്രദായിക കാഴ്ചാശീലങ്ങളെ മറികടക്കുന്ന ഒന്നാണ്.

കാണാൻ പോകുന്ന സ്ഥലത്തിന്റെ പ്രത്യേകത ചിനാർ വിശദീകരിക്കുന്നുണ്ട്. ഞാനതിലൊന്നും അധികം ശ്രദ്ധിച്ചില്ല. കാരണം എനിക്കിത് വെറും യാത്രമാണ്. പുറത്തേക്ക് നോക്കിയിരുന്ന് പേരില്ലാത്ത കാഴ്ചകൾ നോക്കിയിരിക്കുക, മൗനിയായി ലയിച്ചിരിക്കുക എന്നതാണ് എന്റെ രീതി. പലപ്പോഴും ഞാൻ ഒരു മിസ്റ്റിക് ലോകത്തായിരിക്കും. വസ്തുക്കൾക്ക് പേരു നല്കുന്നതിലൂടെ അത് ആ വസ്തുവിനുള്ള മിസ്റ്റിക് സ്വഭാവത്തെ ഇല്ലാതാക്കും എന്ന് ഫ്രഞ്ചു കവി സ്റ്റീഫൻ മല്ലാർമെ പറഞ്ഞിട്ടുണ്ട്. മറ്റൊരു കാര്യം കൂട്ടത്തിൽ പറയട്ടെ, നാം കാണുന്ന സ്ഥലങ്ങളെ നമ്മുടെ സ്ഥലങ്ങളുമായി സാദൃശ്യപ്പെടുത്തി മനസിലാക്കുന്ന രീതിയുണ്ട്. ഒന്നുകിൽ അത് നമ്മുടെ കേരളീയ പ്രകൃതിയോട് സാദൃശ്യമുള്ളതോ അല്ലെങ്കിൽ സാദൃശ്യം ഇല്ലാത്തതോ ആയിരിക്കാം എന്നതാണ്. ഞാൻ അത്തരം തുലനങ്ങളെ ഉപേക്ഷിച്ചാണ് എന്റെ തുർക്കിയാത്രയുടെ ഒരു സവിശേഷമായ കാഴ്ച നിർമിച്ചെടുത്തത്. ഇത് സാമ്പ്രദായിക കാഴ്ചാശീലങ്ങളെ മറികടക്കുന്ന ഒന്നാണ്.

സ്റ്റീഫൻ മല്ലാർമെ

പ്രകൃതിനിരീക്ഷണത്തിന്റേയും സഞ്ചാരത്തിന്റേയും വ്യത്യസ്തതയെ മനസിലാക്കാൻ നമുക്ക് അങ്ങനെയേ സാധ്യമാകൂ. അല്ലാതെ കപ്പഡോഷ്യയിലെ ചില ഭാഗങ്ങൾ കണ്ടിട്ട് ഇടുക്കി പോലെ, വയനാടു പോലെ ഇരിക്കുന്നു എന്നു പറയുന്നതിൽ വലിയ കാര്യമില്ല. സഞ്ചാരസാഹിത്യത്തിന്റെ പുതിയ ഒരു രീതിയുടെ അന്വേഷണം കൂടി നടത്തുകയാണ് ചുരുക്കത്തിൽ. കപ്പഡോഷ്യ സറിയലിസ്റ്റിക്കാണെന്ന് പറയാറുണ്ട്. ദാലിയുടെ ചിത്രങ്ങൾ പോലെ സാമാന്യയുക്തിക്ക് നിരക്കാത്ത അതിയാഥാർത്ഥ്യം. ഇതൊക്കെ സാദൃശ്യങ്ങൾ കണ്ടെത്തലാണ്. സത്യത്തിൽ കപ്പഡോഷ്യയ്ക്ക് സാദൃശ്യം ഇല്ല. അനുപമമാണത്.

അറബികളുടെ ആക്രമണം ഭയന്ന് ക്രിസ്ത്യാനികൾ താമസിച്ചതിന്റെ അടയാളങ്ങളാണ് ഞങ്ങൾ കണ്ടത്. അതിനും മുമ്പ് റോമൻ പീഡനത്തെ ഭയന്ന് ആദിമ ക്രിസ്ത്യാനികളും താമസിച്ചിരുന്നു. പക്ഷേ അവർക്കും മുമ്പേ ഉപയോഗത്തിലിരുന്നിരിക്കണം ഈ നഗരങ്ങൾ.

കപ്പഡോക്കിയയിൽ നമ്മളെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നത് ഭൂമിക്കടിയിലെ നഗരങ്ങളാണ്. അത്തരം 200 നഗരങ്ങൾ ഭൂമിക്കടിയിൽ ഉണ്ടെന്നാണ്. 36 എണ്ണമേ കണ്ടെത്തിയിട്ടുള്ളു. ഭൂമിക്കടിയിലെ ഒരു നഗരത്തിൽ മാത്രമാണ് ഞങ്ങൾ പ്രവേശിച്ചത്. ഇന്നത്തെ നഗരങ്ങളുമായി ബന്ധമൊന്നുമില്ല. മൺലോകമാണത്. അഥവാ ശക്തമായ ഉറപ്പുള്ള ശിലാരൂപങ്ങൾ. ഒറ്റയ്ക്ക് ഒരാൾക്ക് അതുവഴി സഞ്ചരിക്കാൻ ഭയം തോന്നും. ഇടുങ്ങിയതും വളവും തിരിവുമുള്ളതുമായ വഴികളാണ്. അടുക്കളയും ചാപ്പലും തൊഴുത്തും ഉറക്കറയും എല്ലാമുണ്ട്. ഒരു മുറിയിൽ നിന്ന് മറ്റൊരു മുറിയിലേക്ക് ആശയവിനിമയം നടത്താൻ ദ്വാരങ്ങളുണ്ട്. കാളവണ്ടിച്ചക്രം പോലെ വലിയ വട്ടത്തിലുള്ള കല്ലുകൊണ്ട് പുറംവാതിൽ അടയ്ക്കുമായിരുന്നു. യുദ്ധകാലങ്ങളിലാണ് പല ജനസമൂഹങ്ങളും ഇത് ഉപയോഗിച്ചിട്ടുള്ളത്; പീഡനകാലത്തും.

മൺലോകമാണത്. അഥവാ ശക്തമായ ഉറപ്പുള്ള ശിലാരൂപങ്ങൾ. ഒറ്റയ്ക്ക് ഒരാൾക്ക് അതുവഴി സഞ്ചരിക്കാൻ ഭയം തോന്നും

അറബികളുടെ ആക്രമണം ഭയന്ന് ക്രിസ്ത്യാനികൾ താമസിച്ചതിന്റെ അടയാളങ്ങളാണ് ഞങ്ങൾ കണ്ടത്. അതിനും മുമ്പ് റോമൻ പീഡനത്തെ ഭയന്ന് ആദിമ ക്രിസ്ത്യാനികളും താമസിച്ചിരുന്നു. പക്ഷേ അവർക്കും മുമ്പേ ഉപയോഗത്തിലിരുന്നിരിക്കണം ഈ നഗരങ്ങൾ. ശത്രുക്കളെ നിരീക്ഷിക്കാനുള്ള സംവിധാനവും ഭൂമിക്കടിയിലെ മറ്റു നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന ടണലുകളും ഉണ്ട്. 20,000 ആളുകൾക്കുവരെ താമസിക്കാമായിരുന്നു ഇത്തരം ഒരു പട്ടണത്തിൽ എന്നാണ് പറയുന്നത്. ഇന്നത്തെ ലോക ജനസംഖ്യയുമായി തട്ടിച്ചുനോക്കുമ്പോൾ അതൊരു വലിയ ജനക്കൂട്ടമാണ്.10 നിലകൾ താഴോട്ടുണ്ടെന്നും പറയുന്നു. നമുക്ക് അധികം താഴോട്ടു പോകാൻ അനുവാദമില്ല. അതിന്റ അകത്ത് ആഴത്തിൽ ഒരു കിണറുപോലെ ഒരു കുഴി ഞാൻ കണ്ടു. അതിന്റെ മുകൾഭാഗങ്ങളിൽ സമ്പന്നരാണ് താമസിച്ചിരുന്നതെന്ന് പറയുന്നു. ഇപ്പോൾ ഇവിടെ ആരും താമസിക്കുന്നില്ല. അതിന് അനുവാദമില്ല. ഇന്നത്തെ കാലത്ത് ഇതിനുള്ളിൽ താമസിക്കുക ശ്വാസം മുട്ടലുണ്ടാക്കും. ഭ്രാന്തായിപ്പോകും എന്നാണ് തോന്നുന്നത്.

ഞങ്ങളുടെ സംഘത്തിൽ പ്രായം കുറഞ്ഞ ഒരു പെൺകുട്ടിയുണ്ടായിരുന്നു. ബാക്കി ഞാനുൾപ്പെടെ ഒന്നുരണ്ടുപേർ ഒഴിച്ചാൽ എല്ലാവരും പ്രായാധിക്യമുള്ളവരാണ്. ഭൂമിക്കടിയിലൂടെയുള്ള ഇത്തരം ഭയപ്പെടുത്തുന്ന യാത്രയിൽ പ്രായമുള്ളവരെ ശ്രദ്ധിച്ചുവേണം നടക്കാൻ. വിമാനത്തിൽ വച്ച് ഒരാളുടെ ബാഗ് ഞാൻ ഇറക്കിക്കൊടുത്തു. മറ്റോരാളുടെ ബാഗ് ചുമന്നു. ബലൂൺ യാത്രയിൽ ചിലരെ സഹായിച്ചു. ഇതൊക്കെ എനിക്കിഷ്ടമുള്ള കാര്യങ്ങളാണ്.

അറബികളുടെ ആക്രമണം ഭയന്ന് ക്രിസ്ത്യാനികൾ താമസിച്ചതിന്റെ അടയാളങ്ങളാണ് ഞങ്ങൾ കണ്ടത്. അതിനും മുമ്പ് റോമൻ പീഡനത്തെ ഭയന്ന് ആദിമ ക്രിസ്ത്യാനികളും താമസിച്ചിരുന്നു/ photo: wikipedia

പാതാള നഗരങ്ങളിൽ നിന്ന് പുറത്തിറങ്ങുമ്പോൾ വിദേശികളെ ആകർഷിക്കാനുള്ള വിപണികൾ കാണാം.
ചില സാധനങ്ങളുടെ വില ഞങ്ങൾ ചോദിച്ചു.
വല്ലാത്ത വിലയാണ്. മറ്റൊന്ന്, നമുക്ക് ജീവിതത്തിൽ ആവശ്യമില്ലാത്ത കാര്യങ്ങൾ ആണവ. പലപ്പോഴും വിദ്ദേശത്തുനിന്ന് വാങ്ങിക്കൊണ്ടുവരുന്ന സാധനങ്ങൾ പലതും ആദ്യത്തെ കൗതുകം കഴിഞ്ഞാൽ പിന്നീട് അവിടെയുമിവിടെയും കിടക്കുന്നതാണ് കാണുക. എങ്കിലും, വാഷ്​റൂമിൽ പോകാതിരിക്കാനാവില്ലാത്തതിനാൽ 3 തുർക്കി ലീറ (1 ലീറ ഏതാണ്ട് നാലര രൂപ ) സഹയാത്രികനോട് കടം വാങ്ങി. പുരുഷന്മാരുടെ വാഷ് റൂം, ​ബേ, അതായത്​, മിസ്​റ്റർ എന്നും സ്ത്രീകളുടേത് ബയാൻ, അതായത്​, ലേഡി എന്നുമാണ്​ സൂചിപ്പിക്കുക. ലത്തീൻ ലിപിതന്നെയാണ് ഉപയോഗിക്കുന്നത്. ഉച്ചാരണ വ്യത്യാസമുണ്ട്. ചില അടയാളങ്ങളുമുണ്ട്​.

തുർക്കിയാത്രയിൽ ഏറ്റവും ഇഷ്ടം തോന്നിയത് താരതമ്യേന സൗകര്യങ്ങൾ കുറഞ്ഞ ലാവണ്ടർ കേവ് ഹോട്ടലായിരുന്നു എന്നു പറയാതെ വയ്യ. നിങ്ങൾ തുർക്കിയിൽ പോകുകയാണെങ്കിൽ തീർച്ചയായും പോയിരിക്കേണ്ട ഒരു സ്ഥലമാണത്.

ഉച്ചഭക്ഷണം പർവ്വതത്തിനടിയിലെ ഒരു ഹോട്ടലിലാണ്. പ്രത്യേക രീതിയിൽ തയാറാക്കിയ പരമ്പരാഗത തുർക്കിഷ് ഭക്ഷണമാണ് അവർ ഞങ്ങൾക്കു നല്കിയത്. അതവർ വിശദീകരിച്ച​ശേഷമാണ് നല്കിയത്. ഭക്ഷണം കഴിഞ്ഞ് ഞാൻ പുറത്തിറങ്ങി തിരിഞ്ഞുനോക്കി.ഉറപ്പുള്ള ഒരു മലയ്ക്കടിയിലാണ് ആ ഹോട്ടൽ. 13 ഡിഗ്രിയാണ്​ ചൂട്​. അത് തണുപ്പാണ്. കട്ടിയുള്ള ഒരു സ്വെറ്ററാണ് ഞാൻ ഇട്ടിരിക്കുന്നത്. അതുകൊണ്ട് തണുപ്പ്​ സുഖമാകുന്നു. സിഗരറ്റ് പുകയ്ക്കുന്ന സ്ത്രീപുരുഷന്മാരെ എവിടേയും കാണാം.
രണ്ടു ദിവസമാണ് ഞങ്ങൾ ലാവണ്ടർ കേവ് ഹോട്ടലിൽ താമസിച്ചത്. രാവിലെയും വൈകിട്ടും ധാരാളം വിഭവങ്ങളുള്ളതിനാൽ ഏതെടുത്തു കഴിക്കണം എന്നത് ഒരു പ്രശ്‌നമാണ്​. എന്തെങ്കിലുമൊക്കെ എടുത്തുതിന്നുക എന്ന രീതിയായിരുന്നു എന്റേത്. വൈകിട്ട് അല്പം ചോറും ലഭിച്ചു. രാവിലെ കാപ്പിച്ചിനോയും മുട്ടയും.

തുർക്കിയാത്രയിൽ ഏറ്റവും ഇഷ്ടം തോന്നിയത് താരതമ്യേന സൗകര്യങ്ങൾ കുറഞ്ഞ ലാവണ്ടർ കേവ് ഹോട്ടലായിരുന്നു എന്നു പറയാതെ വയ്യ. നിങ്ങൾ തുർക്കിയിൽ പോകുകയാണെങ്കിൽ തീർച്ചയായും പോയിരിക്കേണ്ട ഒരു സ്ഥലമാണത്

കുരുമുളകുപൊടി എല്ലാ ഹോട്ടലിലുമുണ്ട്. ഏറ്റവും പരിചിതമായിരുന്നത് കുരുമുളകു പൊടിയാണ്. മുട്ട ഏതുതരം കോഴിയുടേതാണെന്നറിയില്ല. തുർക്കിക്കോഴിയുടേതാവാം. മട്ടൻ എന്നു പറയുന്നതോ ബീഫ് എന്നു പറയുന്നതോ ഏത് എന്ന് അത്ര വ്യക്തമല്ലതാനും. പക്ഷേ അതൊക്കെ ഓർക്കുക എന്നത് ഒരു സഞ്ചാരിയുടെ സ്വഭാവമല്ല. കിട്ടുന്നത് തിന്നുക, കൂടിക്കുക എന്ന യുക്തിയേ സഞ്ചാരികൾക്ക് പറ്റുകയുള്ളൂ.

തുർക്കിയാത്രയിൽ ഏറ്റവും ഇഷ്ടം തോന്നിയത് താരതമ്യേന സൗകര്യങ്ങൾ കുറഞ്ഞ ലാവണ്ടർ കേവ് ഹോട്ടലായിരുന്നു എന്നു പറയാതെ വയ്യ. നിങ്ങൾ തുർക്കിയിൽ പോകുകയാണെങ്കിൽ തീർച്ചയായും പോയിരിക്കേണ്ട ഒരു സ്ഥലമാണത്. ▮

(തുടരും)


എസ്. ജോസഫ്

കവി. എറണാകുളം മഹാരാജാസ്​ കോളേജിൽ മലയാളം അധ്യാപകനായിരുന്നു. കറുത്ത കല്ല്, മീൻകാരൻ, ഐഡന്റിറ്റി കാർഡ്, ഉപ്പന്റെ കൂവൽ വരയ്ക്കുന്നു, ചന്ദ്രനോടൊപ്പം, വെള്ളം എത്ര ലളിതമാണ് തുടങ്ങിയവ പ്രധാന കൃതികൾ.

Comments