മഞ്ഞിൽ കുളിച്ചുനിൽക്കുന്ന ഗിരിശൃംഗങ്ങളെ നോക്കിക്കൊണ്ട്, ഹിമാലയത്തിലിരുന്നാണു ഞാനിതെഴുതുന്നത്. ദിവസം മുഴുവൻ ബാൽക്കണിയിലിരുന്ന്, ഗീതാപാഠം വിവർത്തനം നടത്തിക്കൊണ്ട്.
- മഹാത്മാഗാന്ധി, കൊസാനി, 1929.
കേട്ടിരിക്കില്ല നിങ്ങൾ, കേൾക്കുകയുമില്ല.
കൊസാനി എല്ലാ ബഹളങ്ങളിൽ നിന്നും അകലെയാണ്.
ഹിമാലയത്തിന്റെ നടുമുറ്റമായ ഉത്തരാഞ്ചലിലേക്കു കയറുമ്പോൾ തന്നെ നഗരങ്ങളുടെ ആരവങ്ങളൊഴിഞ്ഞു തുടങ്ങും. പിന്നെ പട്ടണങ്ങളുടെ തിക്കിത്തിരക്കലുകളും ആൾക്കൂട്ടപ്പെരുക്കങ്ങളും മാത്രമാണ്കാത്തിരിക്കാനുണ്ടാകുക.
കുറച്ചുകൂടി കയറിച്ചെല്ലുമ്പോൾ, ഒച്ചകളമരുകയായി. കൊസാനിയിലെത്തുമ്പോൾ, മൗനമാണ് ഏറ്റവും വലിയ ശബ്ദമുണ്ടാക്കുക.
കൊസാനിയിൽ, ഒരു പരമ്പരാഗത വിനോദ സഞ്ചാരിക്ക് കാണാൻ ഒന്നുമില്ല, ഗിരിശൃംഗങ്ങളിൽ ഐതിഹ്യങ്ങൾ എഴുതിവച്ച വിശ്വാസപ്രമാണങ്ങളില്ല, ഭക്തിയുടെ ചെങ്കുത്തായ ഉയരങ്ങളില്ല, ആരെയും മനുഷ്യാതീത ശക്തികളിലേക്ക് കൂട്ടിയിണക്കുന്ന വിസ്മയങ്ങളില്ല. കണ്ണീർച്ചാലു പോലെ താഴേക്കുതാഴെ ഒഴുകുന്ന വിശുദ്ധനദികളുടെ പ്രാർഥനകളോ സങ്കീർത്തനങ്ങളോ ഇല്ല.
എന്നാൽ, കൊസാനിയിലുള്ളത് അവനവനിലേക്കിറങ്ങിപ്പോകുന്ന കാട്ടുമലമ്പടികൾ, ആകാശചക്രവാളത്തിൽ ഒന്നിൽ നിന്നു നൂറുനൂറായി തൊടുക്കുന്ന വിസ്മയങ്ങൾ, പല നിറത്തിലെഴുതിയ ഹിമാലയത്തിന്റെ മലമടക്കുകൾ, ആരെയും തന്നിലേക്കു നോക്കിപ്പിക്കുന്ന മൗനത്തിന്റെ നാനാർത്ഥങ്ങൾ, വനവന്യതയിലേക്ക് അവനവനെ കൊണ്ടുപോയിക്കളയാവുന്ന തരത്തിൽ കയറിയിറങ്ങിപ്പോകുന്ന ഒറ്റയടപ്പാതകൾ, ആരെയും ചേർത്തുനിർത്തുന്ന കോടമഞ്ഞിന്റെ ഒരായിരം ആലിംഗനക്കൈകൾ.. ഇതാണ്കൊസാനി. ജീവിതത്തിൽ ഒരിക്കലെങ്കിലും വന്നുകയറിയിറങ്ങിപ്പോവേണ്ടുന്ന അനന്യ ഗാംഭീര്യം.
ആയിരമായിരം നക്ഷത്രങ്ങൾ വിളക്കുകൊളുത്താനിറങ്ങുന്ന ഈ ആകാശത്താണ്രാവിലും പകലിലും കൺനിറയെ കാണാൻ, എന്നാൽ കാഴ്ചകളുള്ളത്.
പക്ഷെ, അത് കണ്ടുപഴകിയ നിറക്കൂട്ടുകളല്ല. കേട്ടു മരച്ച കൃത്രിമകോലാഹങ്ങളല്ല.
തൊട്ടും തലോടിയും വാരിപ്പുണർന്നും അനുഭവിച്ച നഗരപ്പതിവുകളല്ല. നാളിതുവരെ ചെവിക്കുടയിൽ വന്നുവീഴാത്ത അഭൗമ ശബ്ദസരിത്തുകൾ. ഇവിടെ നമ്മളിലേക്കു വന്നു വീഴുന്ന ഒച്ചയല്ല, ശബ്ദം. മറിച്ച്, നമ്മൾ തേടുന്ന പ്രകൃതിയുടെ ഏറ്റവും പതിഞ്ഞ ഒച്ചകൾ. ഇവിടെ നമ്മൾ കേൾക്കുന്നത് മൗനത്തിന്റെ ഒച്ച തന്നെ.
രാത്രിയിലും വെയിലിന്റെ നേർത്ത വിരലുകളുണർന്നുവരുന്ന പുലർച്ചെയും നമ്മൾ കാണുന്നത്, നാളിതുവരെ ഒരു ചിത്രകാരനും ചാലിച്ചിട്ടില്ലാത്ത തരത്തിലുള്ള നിറക്കൂട്ടുകൾ. നാളിതുവരെ ഒരു ചിത്രകാരനും മനസിൽ സങ്കൽപ്പിച്ചിട്ടുകൂടിയില്ലാത്ത കാഴ്ചയുടെ മൂലാകൃതികൾ, എന്തിനെയും എന്തെങ്കിലും ഒന്നായി മാത്രം കാണാൻ പഠിച്ച മനുഷ്യന്റെ നിയതമായ സൗന്ദര്യ പരിമിതിയെ അതിശയിക്കുന്ന വർണവിസ്മയങ്ങൾ.
അതാണ് കൊസാനി. ജീവിതത്തിന്റെ കണക്കുപുസ്തകങ്ങളിൽ നിന്ന് ഒളിച്ചോടി എത്തേണ്ടുന്ന ഇടം. ഭൂമിയിലെ മറ്റൊന്നിനോടും ഒരു നൂൽബന്ധവുമില്ലാതെ ഒറ്റപ്പെടേണ്ടുന്ന മലമുടി.
ഒരു പൂവു വിരിയുന്നത് കണ്ടിട്ടുണ്ടോ, ജീവിതത്തിൽ എപ്പോഴെങ്കിലും.
അതിനു വേണ്ട ക്ഷമയോ അനുഭാവമോ വേണ്ടുവോളമുണ്ടോ? ഉണർന്നുണർന്നുവരുന്ന മലനിരകളെ നമ്മൾ ഇതിനുമുമ്പു കാത്തിരുന്നുകാത്തിരുന്നു കണികണ്ടിട്ടേയുണ്ടാവില്ല. പച്ചയാം വിരിപ്പിട്ട സഹ്യൻ തൊട്ടടുത്തുണ്ടായിട്ടും. എന്നാൽ, ഇവിടെ മുന്നിൽ സഹ്യനല്ല, സാക്ഷാൽ ഹിമാലയം. ഓരോ മലനിരകളും വെയിലിന്റെ വെളിച്ചപ്രകരണത്തിൽ ഓരോ നിറത്തിലലിഞ്ഞു വിരിയുന്നത് ജീവിതത്തിൽ മറ്റൊന്നും കണ്ടിട്ടില്ലെങ്കിലും ഒരിക്കൽ, ഒറ്റത്തവണ കാണണം. മുമ്പനുഭവിച്ച ഒന്നിനോടും ചേർത്തുവയ്ക്കാനാവില്ല, അതിനെ. മുമ്പ് പൂണ്ടടക്കം പിടിച്ചുചേർന്ന ഒന്നിനും പകരം വയ്ക്കാനുമാവില്ല. അതിനു കൊസാനിയിൽ ഒരു പുലർകാലമെങ്കിലും ഒന്ന് സ്വയം അഴിച്ചിടണം. വാക്കുകൾകൊണ്ടു വരയ്ക്കാൻ കഴിയില്ല അതിനെ.
അതാണ് കൊസാനി.
ജീവിതത്തിന്റെ കണക്കുപുസ്തകങ്ങളിൽ നിന്ന് ഒളിച്ചോടി എത്തേണ്ടുന്ന ഇടം. ഭൂമിയിലെ മറ്റൊന്നിനോടും ഒരു നൂൽബന്ധവുമില്ലാതെ ഒറ്റപ്പെടേണ്ടുന്ന മലമുടി. പ്രകൃതിയുടെ മടിത്തട്ടിൽ, അതിന്റെ അറിയാത്ത ആഴങ്ങളിൽ, അതിന്റെ അറിവിന്റെ ജ്ഞാനപ്രകാശത്തിൽ നിന്നു നമ്മൾ ഓരോരുത്തർക്കും അവരവർക്കു സാധിക്കുന്ന തരത്തിൽ കൺകുമ്പിളിൽ കോരിയെടുക്കാവുന്ന ബോധത്തിന്റെ നിറവ്. അതാണു കൊസാനി.
അതിനെ സാധാരണ, ടൂറിസം പാക്കേജുകളിൽ കണ്ടുകിട്ടണമെന്നില്ല. സാമ്പ്രദായിക വിനോദസ്ഥലപ്പട്ടികയിൽ ഇടംപിടിക്കണമെന്നില്ല. എല്ലാ കൂട്ടുത്തരവാദിത്തങ്ങളിൽ നിന്നും ഒഴിഞ്ഞുപോകണം, കൊസാനിയിലേക്ക്. നോക്കെത്താത്ത ദൂരത്തെ പച്ചപ്പിലേക്കു സ്വയം കയറഴിച്ചുവിടാൻ. ജീവിതത്തിന്റെ ഭാഗമായി നമ്മൾ നമ്മളെത്തന്നെ കുരുക്കിട്ടു കൊണ്ടുനടക്കുന്ന എല്ലാ കയറ്റങ്ങളും ഉപേക്ഷിച്ച്. ആകാശത്തേക്കു പടികയറുന്ന വന്യവിജനതയിൽ ഇനി നേടാനിരിക്കുന്നതിനെയും ഉപേക്ഷിച്ച് അലയാൻ. കണ്ണിനു മുന്നിൽ നൂറ്റിയെൺപതു ഡിഗ്രിയിൽ വൈഡ് ചെയ്തുനിൽക്കുന്ന ഹിമധാവള്യത്തിന്റെ തലക്കുനിപ്പുകൾ കാണാൻ.
രണ്ടു നാൾ തങ്ങാനുദ്ദേശിച്ചുവന്ന് രണ്ടാഴ്ച കുടിപ്പാർത്ത്, അനാസക്തിയോഗത്തിന്റെ പാഠവും ചര്യയും ശീലിച്ചു. ലോകത്ത് ഏറ്റവും പ്രിയപ്പെട്ട സ്ഥലമെന്നു പുണർന്നു. മനസിലെ അവസാനത്തെ മലിനതയെയും തള്ളി, മടങ്ങിപ്പോയി; മോഹൻദാസ് കരംചന്ദ് ഗാന്ധി.
ഒരു നൂറു കൊല്ലം മുമ്പ് ഇസ്തിരിയിട്ട ജനാധിപത്യത്തിൽ നിന്നൊരാൾ കൊസാനിയിൽ വന്നു. അതിനും പതിനഞ്ചാണ്ടു മുമ്പ് രബീന്ദ്രനാഥ ടഗോർ ആ മനുഷ്യനെ മഹാത്മാ എന്നു വിളിച്ചു. മോഹൻദാസ് കരംചന്ദ് ഗാന്ധി.
രണ്ടു നാൾ തങ്ങാനുദ്ദേശിച്ചുവന്ന് രണ്ടാഴ്ച കുടിപ്പാർത്ത്, അനാസക്തിയോഗത്തിന്റെ പാഠവും ചര്യയും ശീലിച്ചു. ലോകത്ത് ഏറ്റവും പ്രിയപ്പെട്ട സ്ഥലമെന്നു പുണർന്നു. പുതിയ ദർശനവും ഉൾക്കാഴ്ചയും കൊണ്ടു. മനസിലെ അവസാനത്തെ മലിനതയെയും തള്ളി. ഇന്ത്യയുടെ സ്വിറ്റ്‌സർലാൻഡ് എന്നു അറിഞ്ഞു പേരിട്ടു, മടങ്ങിപ്പോയി.
എന്നെങ്കിലും ഭൂമിയിലൊന്നും അല്ലാത്ത ഒരു സ്ഥലത്തേക്കു തീർത്ഥയാത്ര നടത്തുന്നുവെങ്കിൽ കൊസാനിയിലേക്കു നടത്തണം. അതു ആകാശത്തിനും ഭൂമിക്കും ഇടയിലുള്ള ഒരു സറിയലസ്റ്റിക്കെന്നോ മിസ്റ്റിക്കെന്നോ വിളിക്കാൻ എന്തുകൊണ്ടും അർഹമായ ഇടം തന്നെയാണ്.
പോകാം കൊസാനിയിലേക്ക്
ഭൂമിയിലെ വഴികളൊക്കെയും കൊസാനിയിലേക്കാണ് എന്നു തോന്നും. ആകാശത്തുനിന്ന് നേരെ കൊസാനിയിൽ ഇറങ്ങുകയാണ് എളുപ്പമെന്നും. എന്നാൽ, ഉത്തരാഖണ്ഡിലെ പല പ്രധാന റോഡുകളും കൊസാനിയിലേക്കു വഴികാട്ടും. കാരണം, കാഠ്‌ഗോദാം, നയ്‌നിതാൽ, അൽമോഡ, കോസി, റാണിഖേത്ത്, മൻസിയാരി തുടങ്ങി മനുഷ്യൻ കാഴ്ചകൾക്കു പിന്നാലെ നടന്നു മലകയറുന്ന സ്ഥലങ്ങളെല്ലാം ഒരേ ദിശയിലാണ്.
ഡൽഹി, ലഖ്‌നൗ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നു കാഠ്‌ഗോദാം വരെ ട്രെയിൻ കിട്ടും. അവിടെ നിന്നു ബസിലോ മറ്റു വാഹനങ്ങളിലോ നിങ്ങൾ യാത്ര തുടങ്ങുന്നതേ അറിയാനുണ്ടാവുകയുള്ളൂ. പിന്നെ പച്ചപ്പും മേഘങ്ങളും കാഴ്ചകളെ ഏറ്റെടുത്തുകഴിഞ്ഞിരിക്കും. ഡൽഹിയിൽ നിന്നു കൊസാനിക്ക് അഞ്ഞൂറിൽ താഴെ കിലോമീറ്ററുകളേ ഉള്ളൂവെങ്കിലും അതിലിരട്ടിയായി തോന്നും. അല്ലെങ്കിൽ ദൂരം അറിയുകയേ ഇല്ല.
ഭൂമിയിൽ നിന്ന് ആകാശത്തേക്ക്
നാടും മേടും കാടും കടന്നുചെല്ലുന്നത് ഭൂമിയുടെ തുറസിലേക്കാണ്. പെട്ടെന്ന് ആകാശം തുറന്നതുപോലെ മുന്നിൽ വന്നുനിൽക്കും. അല്ലെങ്കിൽ നേരേ ആകാശത്തേക്കു തന്നെയാണു കയറിച്ചെല്ലുന്നത്. കൊസാനിയിൽ രാവും പകലും വിസ്മയങ്ങളുടെ വർണരാജി ഒരുക്കി, ഹിമാലയത്തിൽ തലവച്ചു കൊസാനി. കുമാവും - ഹിമാലയൻ മലനിരകളുടെ മടിത്തട്ടിൽ. ഈ കുമാവൂമിനെ വെള്ളക്കാർ വിളിച്ചതു കുമാവോൺ.
ഒരു പക്ഷെ, കെട്ടുകാഴ്ചകളോ ഉടുത്തുകെട്ടുകളോ ആഘോഷപ്പൊലിമയോ ജയാരവങ്ങളോ ആയിരിക്കില്ല ഏറ്റവും അവസാനം ഓർത്തുവയ്ക്കാനുണ്ടായിരിക്കുക. അതു കൊസാനിയിലെ ഹിമോദയം തന്നെയായിരിക്കും, തീർച്ച.
തീരെ ചൂടു തോന്നിക്കാതെ, ഐസിട്ടെടുത്തതു പോലുള്ള വെയിലിൽ കൊസാനിയുടെ പച്ചപ്പരപ്പിൽ, പൈനുകളും ദേവദാരുക്കളും അതിരിട്ട മേച്ചിൽപ്പുറങ്ങളിൽ, മലഞ്ചെരിവുകളുടെ അടിവയറ്റിൽ വിരിച്ചിട്ട കൃഷിപ്പാടങ്ങളുടെ പിന്നാമ്പുറ സമൃദ്ധിയിൽ, വന്യവിജനതയിലേക്കു അഴിച്ചിടാം അവനവനെ. അവളവളെ. ട്രെക്കിങ്ങിനും അലച്ചിലിനും പറ്റിയ ഒറ്റയടിപ്പാതകൾ മാടിവിളിക്കാതിരിക്കില്ല ആരെയും. തൊട്ടുമുന്നിൽ കണ്ണിൽ നിറഞ്ഞുകവിയുന്ന ഹിമധാരാളിത്തത്തിന്റെ ദൂരക്കാഴ്ചകൾ. ശൃംഗമുടികളുടെ ശരീരത്തിലെ വളവുകളിൽ ഹിമാലയം കാത്തുവച്ചിരിക്കുന്നതു വർണരാജിയുടെ വിസ്മയങ്ങൾ. അതിനൊക്കെയും പിന്നിൽ വെയിലിന്റെ മാന്ത്രികവിരലനക്കങ്ങളാണ്. മലമുടികളുടെ നിമ്‌നോന്നതങ്ങളിൽ വെയിലിന്റെ വിരലുകൾ ഏതു ഭാഷയിലാണ് എഴുതുന്നത് എന്നു വിസ്മയിക്കും.
വർണഭംഗിയുടെ പുത്തനറിവുകൾ
എന്നും വൈകിയുറങ്ങുന്ന കൊസാനിയിൽ എന്നാൽ, പുലർച്ചെ എന്നു പറയുന്നത് ഉറങ്ങിത്തീർക്കാനുള്ള സമയമല്ല. അതിരാവിലെ എഴുന്നേറ്റ് ഇരുട്ടിനും വെളിച്ചത്തിനും ഇടയിലുള്ള പ്രാർത്ഥനാമുഹൂർത്തങ്ങൾക്ക് ഹാജർ വയ്ക്കണം. പിന്നെ, കാത്തിരിപ്പുകളാണ്; കിഴക്കു സൂര്യൻ വന്നുദിക്കുന്നതിന്റെ.
ജീവിതത്തിൽ എത്ര പ്രഭാതങ്ങൾക്ക് നേർസാക്ഷിയായിട്ടുണ്ട്- പത്ത്, നൂറ്, ആയിരം? ദിവി സുര്യ സഹസ്രസ്യ... ആയിരക്കണക്കിനു സൂര്യന്മാർ ദിഗ്മുഖത്ത് ഒന്നിച്ചുദിച്ചുയർന്നതുപോലെ! അത്രയും സൂര്യന്മാർ ഒന്നിച്ചുദിച്ചു കണ്ണുകെട്ടുന്നതു പോലെയല്ല പ്രഭാതത്തിലെ സൂര്യോദയം. അതു പതുക്കെ സാക്ഷിയുടെ കണ്ണിൽ വിരിഞ്ഞുവരികയാണു ശരിക്കും. അതു മഞ്ഞുപുതഞ്ഞ മലനിരകളിലാണെങ്കിൽ, അതു യഥാർത്ഥത്തിൽ സൂര്യോദയമല്ല, ഹിമോദയം തന്നെയാണ്. ഈ നിറക്കാഴ്ചയ്ക്കു വേണ്ടിയാണ് ജീവിതത്തിൽ ഒരിക്കലെങ്കിലും കൊസാനിയിൽ എത്തണമെന്നു പറയുന്നത്.
ഒരു പക്ഷെ, മനുഷ്യജീവിതത്തിലെ കെട്ടുകാഴ്ചകളോ ഉടുത്തുകെട്ടുകളോ ആഘോഷപ്പൊലിമയോ ജയാരവങ്ങളോ ആയിരിക്കില്ല അവസാനം, ഏറ്റവും അവസാനം ഓർത്തുവയ്ക്കാനുണ്ടായിരിക്കുക. അതു കൊസാനിയിലെ ഹിമോദയം തന്നെയായിരിക്കും, തീർച്ച.
ആദ്യസൂര്യന്റെ കുരുന്നുവിരലുകൾ മഹാമേരുവിന്റെ ഉടലിലെ ഓരോ അടരുകളിൽ തൊട്ടുവിളിച്ചുണർത്തുന്നതിന്റെ മനോഹാരിത ലോകത്ത് ഒരു ചിത്രകാരനും മനസിൽ പോലും നിറം കൊടുക്കാൻ സാധിക്കാത്തത്. വെളിച്ചത്തിന്റെ തൂവൽസ്പർശങ്ങൾ ഏൽക്കുന്ന മാത്രയിൽ, ഹിമശൈലത്തിൽ വിരിയുന്ന പുളകങ്ങൾ ലോകത്ത് ഒരു ശിൽപ്പിയുടെയും വിരലുകൾക്കു വഴങ്ങാത്തത്. അതിന്റെ നിറക്കൂട്ടുകൾ, അതിന്റെ മാസ്മരിക വടിവുകൾ, അതിന്റെ കണ്ണഞ്ചിപ്പിക്കാതെ നിർത്തുന്ന ആകാംക്ഷകൾ... ഇതൊന്നും വാക്കുകൾ കൊണ്ടു പകരം വയ്ക്കാൻ കഴിയാത്തത്. നേരിൽ കാണാതെ മനസിലാക്കാൻ പറ്റാത്ത മനസിന്റെ ആഴങ്ങൾ.
കോടിക്കണക്കിനു നക്ഷത്രങ്ങൾ ആകാശത്ത് വിളക്കുകൊളുത്താനിറങ്ങുന്ന രാത്രികളിൽ, ആകാശചന്ദ്രന്റെ നിറപ്പെയ്ത്തിന്റെ രാവുകളിൽ ഹിമകണങ്ങൾ വീണ്ടും പല നിറങ്ങൾ വാരിയണിഞ്ഞഴിച്ചുടുക്കും.
പത്തുമൂന്നൂറു കിലോമീറ്റർ വരെ പരന്നുകിടക്കുന്ന, ഹിമാലയസാനുക്കളുടെ നിര കാണാൻ കഴിയുമെന്നതാണു കൊസാനിയുടെ പ്രത്യേകത. ദൂരെയാണെങ്കിലും തൊട്ടടുത്ത്. ആകാശമാലിന്യങ്ങൾ തീരെയില്ല എന്നതു കൊണ്ടു കാഴ്ച മറച്ച് ഒന്നും കണ്ണുകെട്ടുന്നുമില്ല. വെയിൽ വളരുന്നതിനനുസരിച്ച് ഓരോ മലനിരയായി നമ്മുടെ കൺമുന്നിൽ വിരിഞ്ഞുതുടങ്ങും. വെയിൽ വീഴുന്നതിന്റെ ക്രമമനുസരിച്ച് ഏതൊക്കെ മലനിരകളാണ് അത് എന്നു തിരിച്ചറിയണം. അതിനു സഹായിക്കുന്ന സൂചകചിത്രങ്ങൾ ലഭ്യമാണ്.
വെയിൽ തൊടുമ്പോൾ ആദ്യം കണ്ണിൽ നിറയുന്നതു നന്ദഗുണ്ടി (20700 അടി). പിന്നെ മൂന്നു മുനകളുമായി ത്രിശൂലത്തെ ഓർമിപ്പിക്കുന്ന ത്രിശൂൽ മലനിര ( 23360), മൃഗ്തുനി (22490), മൈക്ത്‌ലി (22320). അടുത്തതാണ് ഏറ്റവും വ്യക്തമായി കാണാൻ സാധിക്കുന്ന, പേരു കേട്ടു സുപരിചിതമായ നന്ദാദേവി മലമുടി ( 25645) ഹിമമുടിക്കെട്ടഴിച്ച് കണ്ണുകൾക്കു മുന്നിൽ. സ്വർഗീയ വർണച്ചാർത്ത് എന്നൊക്കെ പറഞ്ഞാൽ ഇതാണെന്നു തിരിച്ചറിയും, അതു പറഞ്ഞു ഫലിപ്പിക്കാൻ പ്രയാസമാണെന്നും. മനുഷ്യഭാഷകൾ കൊണ്ടൊന്നും വിവരിക്കാൻ പറ്റില്ല ഈ ഹിമധവളിമയ്ക്കു മേൽ വെയിൽവിരലുകൾ എഴുതുന്ന കവിതയെ.
അടുത്തതായി നന്ദാഖാട്ട് (21690). നാലു തൂണുകൾക്കു മീതെ ഒരു പർവതനിര കൊത്തിവച്ചതാണോ എന്നു തോന്നിപ്പിക്കുന്ന ചാകംഭ മലനിരയും നീലകണ്ഠ മുടിയും ഇതിനിടയിൽ കാണാൻ കഴിഞ്ഞാൽ അതിൽപ്പരം ഒരു ദർശനസായൂജ്യമില്ല.
പഞ്ച്ചൂലി പർവതനിരകൾ (20850 അടി) കണ്ണിന്റെ കാഴ്ചവട്ടത്തെ ദൂരേയ്ക്കു ദൂരേയ്ക്കു കൊണ്ടുപോവും. വെളിച്ചം കനക്കുന്നതോടെ തീരുന്നില്ല ഈ നിറങ്ങളുടെ കുടമാറ്റം. വെയിൽ വന്നെത്തുന്ന ഓരോ കോണിലും ഓരോ നേരത്തും നിറങ്ങളുടെ കാഴ്ചപ്പൂരം തുടരും. സൂര്യനല്ല, ഈ ഹൈമവതഭൂവിലെ മായാജാലക്കാരൻ എന്നറിയാൻ രാത്രി കൂടി വെളുപ്പിക്കണം. കോടിക്കണക്കിനു നക്ഷത്രങ്ങൾ ആകാശത്ത് വിളക്കുകൊളുത്താനിറങ്ങുന്ന രാത്രികളിൽ, ആകാശചന്ദ്രന്റെ നിറപ്പെയ്ത്തിന്റെ രാവുകളിൽ ഹിമകണങ്ങൾ വീണ്ടും പല നിറങ്ങൾ വാരിയണിഞ്ഞഴിച്ചുടുക്കും. ഒരു ജന്മം മതിയാവില്ല, കൊസാനിയിൽ.
അനാസക്തിയുടെ ആരൂഢം
എല്ലാ ഭോഗങ്ങളിൽ നിന്നുമുള്ള വിച്ഛേദനം.
ലോകത്തിന്റെ ആർത്തിയിൽ നിന്നുള്ള മാറിനടപ്പ്.
എന്റെ എന്റെയെന്ന ദുരയുടെ, മണ്ണും പെണ്ണും വെട്ടിപ്പിടിച്ചു കാൽക്കീഴിലാക്കുന്ന ആണധികാരത്തിന്റെ അന്ത്യം. ഒന്നുമൊന്നും തന്റെയല്ല എന്നു തോന്നിക്കുന്ന ജ്ഞാനയോനിയിൽ നിൽക്കുമ്പോൾ എല്ലാത്തിൽ നിന്നും മാറിനിൽക്കുന്ന ഒരു വേറാക്കൂറ് തിരിച്ചറിയും. അത്തരമൊരു നിമിത്തസന്ധിയിലാണു മോഹൻദാസ് കരംചന്ദ് ഗാന്ധി അനാസക്തിയോഗത്തിന്റെ ഭാഷ്യം ഒരു നൂറ്റാണ്ടിൽ കുറഞ്ഞ സമയത്തിനു മുമ്പു കൊസാനിയിൽ വച്ച് മഷിയിട്ടു മിനുക്കുന്നത്. അതിന്റെ അതിന്ദ്രീയത മുഴുവൻ മേൽക്കാണിച്ച കത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്.
ഗാന്ധിജിക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലം. ആ സ്ഥലത്തു തന്നെ, ഇന്ന് ഗാന്ധിജിയുടെ പേരിൽ ആശ്രമമുണ്ട്. അനാസക്തി ആശ്രമം എന്നു പേര്. വർഷങ്ങൾക്കു മുമ്പ്ഗാന്ധിജി എത്തിയപ്പോൾ താമസിച്ചിരുന്ന കെട്ടിടവും സ്ഥലവും ഉൾപ്പെടെ ചേർത്താണ് ഇത്. അദ്ദേഹത്തിന്റെ എല്ലാ അടയാളങ്ങളും ബാക്കിവച്ചിരിക്കുന്നു. കൃത്രിമത്തുണിയുടെ മാഞ്ചസ്റ്ററിനു നേരെ ഉയർത്തിപ്പിടിച്ച ചർക്ക എന്ന സമരായുധം, ഒരു സാമ്രാജ്യത്തിന്റെ നെഞ്ചൂക്കിനെതിരെയുള്ള സമരമാർഗം, അഹിംസ. പിന്നെ, തന്റെ ജീവിതവും സന്ദേശവും ഒന്നു തന്നെയെന്ന ചങ്കുറപ്പിന്റെ രാഷ്ട്രീയം.
മറ്റൊരു അടയാളം കൂടി. അതേ ആ മൂന്നു ജ്ഞാനിവാനരന്മാർ.
ഗാന്ധിജിയുടെ ഏതു അടച്ചുറപ്പിലും സൂക്ഷിക്കപ്പെട്ടിരുന്ന ആ മൂന്നു കുരങ്ങുപ്രതിമകൾ- തിന്മ കാണരുത്, കേൾക്കരുത്, പറയരുത് എന്ന വലിയ പാഠം. തിന്മയിലേക്കു നോക്കാതെ കണ്ണടച്ചുപിടിച്ച മിസാരു, തിന്മ ചെവിക്കൊള്ളാത്ത കിക്കാസാരു, തിന്മ പറയരുതെന്നു വായടച്ചു പിടിച്ചു വിലക്കുന്ന ഇവാസാരു കുരങ്ങന്മാർ.
അനാസക്തി ആശ്രമത്തിന് ഏതാണ്ട് ഒരു കിലോമീറ്റർ അകലെ ലക്ഷ്മി ആശ്രമമുണ്ട്. ഗാന്ധിജി ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിലേക്കു ദത്തെടുത്ത വെള്ളക്കാരി കാഥറിൻ ഹിൽമൻ എന്ന സരളാ ബെൻ സ്ഥാപിച്ചത്. ഈ ആശ്രമം പിന്നീട് കുമാവു സ്ത്രീശാക്തീകരണത്തിന്റെ ചുഴലിക്കണ്ണായി മാറി എന്നു ചരിത്രം. രാഷ്ട്രീയ സ്വാതന്ത്ര്യത്തിനും അപ്പുറത്തുള്ള സ്ത്രീ സ്വാതന്ത്ര്യത്തിലേക്കും സ്വയം എഴുന്നേറ്റു നിൽപ്പിലേക്കും കുമാവു സ്ത്രീകളെ പ്രാപ്തരാക്കിയതിന്റെ അടയാളങ്ങൾ മായാതെ.
സ്വാതന്ത്ര്യസമരത്തീച്ചൂളയിൽ തന്റെ കവിതയെ നീറ്റിയെടുത്ത വിഖ്യാത ഹിന്ദി കവി സുമിത്രാനന്ദ് പന്തിന്റെ ജന്മനാടു കൂടിയായ കൊസാനിയിൽ കവിയുടെ പേരിൽ, ഒരു ഓർമാലയമുണ്ട്. പുസ്തകങ്ങളും കവിതയും എഴുത്തും ജീവിതവും എല്ലാം വരും കാലത്തേക്കുള്ള ഫോസിൽ എന്ന പോലെ.▮