ചിറാപ്പുഞ്ചിയിലെ സെമിത്തേരികൾ / ഫോട്ടോ: എൻ.എൻ. രജീഷ്‌

മറക്കപ്പെട്ട കാലങ്ങളുടെ ജീവിക്കുന്ന സെമിത്തേരി

മേഘങ്ങളുടെ വീടായ മേഘാലയത്തിലെ, വർഷകാലത്തും അല്ലാത്തപ്പോഴും നിന്ന നിൽപ്പിൽ പ്രകൃതി പൊടുന്നനെ പലനിറത്തിൽ മേലുടുപ്പു മാറ്റിയുടുക്കുന്ന ചെറാപ്പുഞ്ചിയിലേക്ക്​ വിനോദസഞ്ചാരികൾക്ക്​ വരാൻ കാരണങ്ങളേറെയാണ്.

സൂര്യനിലൂടെ വണ്ടിയോടിച്ചുകൊണ്ടിരിക്കുകയായിരുന്നു.
എത്ര നേരമായെന്നു കൃത്യമായി അറിയുന്നുണ്ടായിരുന്നില്ല, സൂര്യൻ അവർക്കു മുന്നിലായിരുന്നു. അല്ല, അവർ സൂര്യനിൽ തന്നെയായിരുന്നു.
‘ഇങ്ങനെ ഓടിച്ചുകൊണ്ടേയിരുന്നാൽ ചിലപ്പോൾ സൂര്യൻ തീർന്നുപോയെന്നിരിക്കും’, കൂട്ടത്തിലൊരാൾ പറഞ്ഞു. അവർക്ക് എന്നാൽ പോകാൻ സ്വന്തമായി ഒരു രാജ്യമുണ്ടായിരുന്നില്ല. അവർ ആരും ഒരു രാജ്യത്തെ കൂടെക്കൊണ്ടുവന്നിട്ടുണ്ടായിരുന്നില്ല.
അവർ നുഴഞ്ഞുകയറിയതു മരിച്ചവരുടെ രാജ്യത്തേക്കായിരുന്നു.
മരണത്തിന്റെ വിലക്കുകളില്ലായ്മയിലേക്ക്. തടുക്കാനോ തൊടുക്കാനോ ഭാഷയോ ആയുധമോ ഇല്ലാത്ത അവസ്ഥയിലേക്ക്. മരിച്ചവർ ഉണർന്നുതുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ എന്നു തോന്നിപ്പിക്കുന്ന തരത്തിലുള്ള ഒച്ചയനക്കങ്ങൾ അവർ കേട്ടു.
പ്രാക്തനജീവികളെപ്പോലെ കല്ലറകൾ അവർക്കു മുന്നിൽ പട്ടാളക്കാർ നിരന്നതു പോലെ നിരന്നുനിൽക്കുന്നുണ്ടായിരുന്നു. അപ്പോഴത്തെ നേർത്ത വെളിച്ചത്തിൽ ഒരാൾ വായിച്ചു; വാർ സിമട്രി ഓഫ് ദ് ഫൊർഗോട്ടൺ (ഫോർ വാഴ്സ് യെറ്റ് റ്റു ബി ഫോട്ട്).
മറ്റൊരാൾ അതു മൊഴിമാറ്റി: മറക്കപ്പെട്ടവരുടെ യുദ്ധ സെമിത്തേരി (ഇനിയും പോരാടാനുള്ള യുദ്ധങ്ങളിലെയും).
ഇനിമൊരാൾ അതിനെ ലളിതമായി വ്യാഖ്യാനിച്ചു: വരും കാലങ്ങളുടെ സെമിത്തേരി’
(ഒരുവാതിൽക്കോട്ട എന്ന കഥയിൽ നിന്ന് )

പോയാലും പോയാലും തീരാത്ത ദുരം എന്നൊക്കെ പറഞ്ഞുകേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ അതുവരെ. എന്നാൽ, എങ്ങോട്ടേക്കൊക്കെയോ നീണ്ടുവളഞ്ഞു പുളഞ്ഞുപോയ ആ യാത്ര എത്തിനിന്നതു ഒരു സെമിത്തേരിയിൽ.

ഇങ്ങനെ ഒരു യാത്രയായിരുന്നു ഞങ്ങളുടെയും. അവസാനം എത്തിച്ചേർന്നതും ഇതുപോലെ, വരുംകാലത്തേക്കുള്ള സെമിത്തേരിയിലും. ആ യാത്ര, അസമിലെ ഗുവാഹത്തിയിൽ നിന്ന്​ ഷിലാങ് വഴി സൊഹ്റയിലേക്കായിരുന്നു. കാലത്തിനും വളരെ മുമ്പു തന്നെ എത്തിയ വെള്ളക്കാർ ആദ്യം ചെറ എന്നു വിളിച്ചു. പിന്നെ ബ്രിട്ടിഷ് ഇന്ത്യ അതിനെ ചെറാപ്പുഞ്ചി എന്നും. ഏറ്റവും കൂടുതൽ മഴ കിട്ടുന്ന സ്ഥലമെന്ന ഉത്തരം ഓർമിച്ചെഴുതി കൊല്ലപ്പരീക്ഷയിലും ഉദ്യോഗപ്പരീക്ഷകളിലും സ്വതന്ത്ര ഇന്ത്യ ഒരു മാർക്ക് അധികം നേടി.

മേഘങ്ങളുടെ വീടായ മേഘാലയത്തിലെ, വർഷകാലത്തും അല്ലാത്തപ്പോഴും നിന്ന നിൽപ്പിൽ പ്രകൃതി പൊടുന്നനെ പലനിറത്തിൽ മേലുടുപ്പു മാറ്റിയുടുക്കുന്ന ചെറാപ്പുഞ്ചിയിലേക്ക്​ വിനോദസഞ്ചാരികൾക്ക്​ വരാൻ കാരണങ്ങളേറെയാണ്. നാളിത്രയും പെയ്തിറങ്ങിയ മഴമേഘങ്ങളുടെ പെരുമയുണ്ട്, സപ്തസഹോദരികൾ എന്ന പേരിൽ താഴേക്ക് എടുത്തുചാടുന്ന മലവെള്ളപ്പാച്ചിലുകളുടെ നോസിങ്തിയാങ് ( മൗസ്മയി ) വെള്ളച്ചാട്ടങ്ങളുണ്ട്, ലുംസോഫി ഗ്രാമത്തിനു താഴെയുള്ള ജീവനുള്ള ഇരട്ട മരവേരുപടലപ്പാലങ്ങളുണ്ട്, ഇരുട്ടിൽ നിന്ന് ഇരുട്ടിലേക്കു തുളച്ചിടുന്ന പ്രകൃതിദത്ത മൗസ്മയി ഗുഹകളുണ്ട്. അങ്ങനെ പലതും.

എന്നാൽ ഗുവാഹതിയിൽ നിന്ന്​ നൂറ്റമ്പതോളം കിലോമീറ്റർ അകലെയുള്ള ചെറാപ്പുഞ്ചിയിലേക്ക്​ പുറപ്പെടുമ്പോൾ എവിടെയാണ്​ ചെന്നെത്തുകയെന്നു കൃത്യമായി അറിയാൻ കഴിഞ്ഞിരുന്നില്ല. നിർത്തിനിർത്തിയും ഒരു തരത്തിലുമുള്ള മുന്നൊരുക്ക സന്നാഹങ്ങളോടും കൂടിയല്ലാതെയുമുള്ള യാത്രയായതു കൊണ്ടായിരുന്നു അത്. പോയാലും പോയാലും തീരാത്ത ദുരം എന്നൊക്കെ പറഞ്ഞുകേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ അതുവരെ. എന്നാൽ, എങ്ങോട്ടേക്കൊക്കെയോ നീണ്ടുവളഞ്ഞു പുളഞ്ഞുപോയ ആ യാത്ര എത്തിനിന്നതു ഒരു സെമിത്തേരിയിൽ. കാരണമുണ്ട്, മഴപ്പെയ്ത്തിനും കാടിനും ഇലപ്പച്ചയ്ക്കും ഇടയ്ക്കിടയ്ക്കു നനഞ്ഞ മേലുടുപ്പു പിഴിഞ്ഞുണക്കി വീണ്ടുമുടുക്കുന്ന പ്രകൃതിക്കും അപ്പുറം സന്ദർശകർ സാധാരണ നിലയിൽ കാണാനിഷ്ടപ്പെടാത്ത സെമിത്തേരികൾക്കും പേരു കേട്ടതാണു ചെറാപ്പുഞ്ചി.

ചുറ്റിലും ശവക്കോട്ടകളിൽ നിന്നുള്ള പഴയ കാലത്തിന്റെ മണം മാത്രം അന്തിവെയിലിനോടൊപ്പം പോകാൻ മടിച്ചുനിന്നു. പതുക്കെപ്പതുക്കെ ഇരുൾ വീണു.

സെമിത്തേരികളുടെ രാഷ്ട്രീയം

ബ്രഹ്മപുത്ര താഴ്​വര പിടിച്ചടക്കിയ വെള്ളക്കാർ പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തോടെ മേഘാലയത്തിന്റെ ചരിത്രസമ്പന്നതയെ തന്നെ മാറ്റിമറിച്ച യുദ്ധങ്ങളുടെയും പിടിച്ചടക്കലിന്റെയും സംസ്​കാരത്തെ വെള്ള പൂശിയ രാഷ്ട്രീയം പറയുന്നവയാണ് ഇവിടത്തെ ശ്മശാനങ്ങൾ. ചെറാപ്പുഞ്ചിയിൽ ലെയ്​തുംഖ്ര കാത്തലിക് സെമിത്തേരി, നോങ്സാലിയ പ്രിസ്ബിറ്റേറിയൻ സെമിത്തേരി, സോഹ്റ പ്രിസ്ബിറ്റേറിയൻ സെമിത്തേരി എന്നിവിടങ്ങളിൽ ഭൂതകാലത്തെ അടക്കം ചെയ്തിരിക്കുന്നു, അതും നൂറുകണക്കിനു ശവമാടങ്ങളിൽ.

നോങ്സാലിയ പ്രിസ്ബിറ്റേറിയൻ പുതിയ പള്ളി / Photo: Eglwys Bresbyteraidd Cymru, flickr

ഷിലാങിൽ (ഷില്ലോങ്) നിന്ന്​ സൊഹ്റയിലേക്കുള്ള ദേശീയപാതയ്ക്കരികിൽ തന്നെയാണ് ഇപ്പോഴത്തെ നോങ്സാലിയ പ്രിസ്ബിറ്റേറിയൻ പുതിയ പള്ളി. ഈ പുതിയ പള്ളിക്കുതന്നെ നൂറിലധികം വർഷത്തെ പഴക്കമുണ്ടെന്ന് ഇപ്പോഴത്തെ മുഖംമിനുപ്പിൽ പറയില്ല. അതിനു മുകളിലെ കുന്നിൻമുകളിലെ സെമിത്തേരിയോട് ചേർന്നാണ് ആദ്യത്തെ പള്ളി പണിതത്. 1843 ൽ. അതു പിന്നീടുണ്ടായ ഭൂമികുലുക്കത്തിൽ മണ്ണടിഞ്ഞതോടെയായിരുന്നു ഇപ്പോൾ കാണുന്ന പുതിയ പള്ളി. (1898)

എന്നാൽ കാലചലനമോ ഭൂചലനമോ മായ്ച്ചുകളയാത്ത ആ പഴയ സെമിത്തേരിയിലേക്കാണ്​ ഞങ്ങളുടെ വാഹനം ഞങ്ങളെ ഓടിച്ചുകയറ്റിയത്. അപ്പോഴേക്കും പകൽവിളക്കുകൾ ആകാശത്ത് അണച്ചുതുടങ്ങിയിരുന്നു. ആരും കയറിവരാനോ ഇറങ്ങിപ്പോവാനോ ഇല്ലാത്ത കുന്നിറങ്ങുന്ന വഴിയിൽ പകൽ കുറച്ചുനേരം കൂടി മടിച്ചുനിന്നു. പിന്നെ, ഇരുട്ടിന്റെ വരവായിത്തുടങ്ങി. ചുറ്റിലും ശവക്കോട്ടകളിൽ നിന്നുള്ള പഴയ കാലത്തിന്റെ മണം മാത്രം അന്തിവെയിലിനോടൊപ്പം പോകാൻ മടിച്ചുനിന്നു. പതുക്കെപ്പതുക്കെ ഇരുൾ വീണു.

സ്വന്തമായ സംസ്ക്കാരവും ഭാഷയും ജീവിതരീതികളും നെഞ്ചൂക്കും ഇരട്ടച്ചങ്കും ഉള്ളവരായിരുന്നു ഖാസികൾ. ബ്രഹ്മപുത്ര തീരം പിടിച്ച വെള്ളക്കാരുടെ ഏറ്റവും വലിയ ഭയം അതായിരുന്നു.

മറ്റൊരു സന്ദർശകനും അവിടേക്കു കാഴ്ചകളന്വേഷിച്ചു വരാനുണ്ടായിരുന്നില്ല.
ഒരു പകൽ മുഴുവൻ ഓടിയതിന്റെ ക്ഷീണമുണ്ടായിരുന്നു ഞങ്ങളുടെ ഞരമ്പുകൾക്കും. യുദ്ധത്തിൽ മരിച്ച ഏതോ കേണലിന്റെ കുഴിമേടയിൽ ഒരു ദിവസത്തെ ദാഹം മുഴുവൻ ഞങ്ങൾ ഇറക്കിവച്ചു. അപ്പോഴേക്കും ഇരുട്ടു പൂർണമായി വീണുകഴിഞ്ഞു. ഇടയ്ക്കൊക്കെ ഓരോ കരിയിലയനക്കങ്ങൾ ഇരുട്ടിനോടു സാറ്റ് കളിച്ചു. ആർക്കോ വേണ്ടി യുദ്ധം ചെയ്ത്, ശത്രുവെന്നു ചൂണ്ടിക്കാണിച്ചുകൊടുക്കപ്പെട്ടവനെ നിർദ്ദയം കാലപുരിക്ക് അയച്ച്, മരിച്ചതോ കൊന്നതോ എന്നു കൃത്യമായി തിരിച്ചറിയാനാവാതെ സ്വന്തം കാലത്തെ അവസാനിപ്പിച്ച പടയാളികൾക്കു പകരം കൊടുക്കാൻ ഒന്നുമുണ്ടായിരുന്നില്ല, കൈയിൽ.
അവർക്ക് അതിന്റെ ആവശ്യമുണ്ടായിരുന്നില്ല. എല്ലാ പ്രലോഭനങ്ങളും എണ്ണിയെണ്ണിക്കുറയ്ക്കുന്ന ഇടമായിരുന്നു അത്. തൊലിപ്പുറത്തെ വെളുപ്പെന്നും തവിട്ടെന്നും കറുപ്പെന്നും അതിരു തിരിച്ച കുടിപ്പകയുടെ അവസാനത്തെ അധ്യായം. ആ രാത്രി ഏതാണ്ട് യൗവനയുക്തയാവുന്നതു വരെ ഞങ്ങളും അവിടെയായിരുന്നു. ആരാണ് മരിച്ചവർ, ആരാണ് ജീവിച്ചിരിക്കുന്നവർ എന്ന ഭേദചിന്തയില്ലാതെ. ആരും വന്ന് ഓർമപ്രാർത്ഥന നടത്താത്ത, അറിയപ്പെടാത്ത ശവമേടകൾക്കു മുകളിൽ എല്ലാ ദാഹവും ഓട്ടപ്പിടച്ചിലുകളും ആർത്തികളും ഇറക്കിവച്ച്.

കാലമേ, തിലോദകമായി ഇരുട്ടിൽ തെറിച്ചുവീണ ഒന്നോ രണ്ടോ തുള്ളി നരകതീർത്ഥം സ്വീകരിച്ചാലും.

ആർത്തിയുടെ വെള്ളാരങ്കല്ലുകൾ

ഇന്നത്തെ അസമിന്റെ കിഴക്കൻ ഭാഗങ്ങളും മേഘാലയയും ചേർന്നുള്ള പ്രദേശത്തെ അധികാരം എക്കാലത്തും ഖാസി ഗോത്രവർഗ പ്രമാണിമാരുടേതായിരുന്നു. ഗോത്രത്തലവൻ എന്നർത്ഥത്തിൽ സയ്യെം എന്നാണ്​ വിളിക്കപ്പെട്ടിരുന്നത്. അന്ന്​രാജാവേ എന്ന വിളിയുണ്ടായിരുന്നില്ല. അതെല്ലാം ദേവനാഗരി അല്ലെങ്കിൽ ദേവഭാഷയിൽ മാത്രം. സ്വന്തമായ സംസ്ക്കാരവും ഭാഷയും ജീവിതരീതികളും നെഞ്ചൂക്കും ഇരട്ടച്ചങ്കും ഉള്ളവരായിരുന്നു ഖാസികൾ. ബ്രഹ്മപുത്ര തീരം പിടിച്ച വെള്ളക്കാരുടെ ഏറ്റവും വലിയ ഭയം അതായിരുന്നു. മറ്റൊന്ന്, കിഴക്കേ അതിരു വരെ പരന്നുകിടക്കുന്ന ഖാസി കുന്നുകളുടെ ഉയരത്തിനനുസരിച്ചു പെരുകുന്ന തുള്ളൽപ്പനിയും.

രണ്ടുകൊല്ലത്തിലേറെ ബർമക്കാരുമായി വെള്ളക്കാർ നടത്തിയ കൊടുംയുദ്ധത്തിനൊടുവിൽ യൻഡാബോ ഉടമ്പടി ( 1826). അതുപ്രകാരം അവർക്കു പിടിമുറുക്കാനായ ബ്രഹ്മപുത്ര തീരത്തെ ഗുവാഹത്തിയും നേരത്തേ ബംഗ്ലാദേശിൽ പിടിച്ചടക്കിയ സിൽഹെറ്റും തമ്മിൽ ഒരു റോഡുണ്ടായാൽ പോക്കുവരവും എളുപ്പമാവും, മലമ്പനി പിടിക്കാതിരിക്കാൻ ഉപായവുമാവും എന്ന കണക്കുകൂട്ടലിലാണു പതിനാറാം നൂറ്റാണ്ടു മുതൽ ഖാസി ഗോത്രത്തലവന്മാർ ഭരിച്ചിരുന്ന ചെറാപ്പുഞ്ചിയിൽ വെള്ളക്കാരന്റെ വെള്ളാരങ്കണ്ണുകൾ ആദ്യമായി പതിയുന്നത്. കൊന്നും ചത്തും എന്തും കീഴടക്കുക എന്ന ദുരയുടെ.
മേഘാലയയിൽ നിന്ന് അസമിലേക്കുള്ള ചുരങ്ങൾക്കു മേൽ ആധിപത്യം ആഗ്രഹിച്ചിരുന്ന അന്നത്തെ നോങ്ഖ്ലാ ഹിമ ( ഖാസി രാജ്യം) ദേശത്തിന്റെ ഉടയോൻ തിരോത്ത് സിങ് ആ ഉറപ്പിന്മേലാണ്​ സിൽഹെറ്റിലേക്കുള്ള റോഡ് പണിക്കു ബ്രിട്ടീഷുകാർക്കു അനുമതി നൽകിയിരുന്നത്. എന്നാൽ, ചുരങ്ങൾക്കു മേലുള്ള അധികാരം ഉറപ്പിക്കാൻ വെള്ളക്കാരന്റെ പിന്തുണയും പ്രതീക്ഷിച്ചു പടയുമായി ചെന്ന സിങ്ങിനെ എതിരേറ്റതു ബ്രിട്ടീഷ് പന്തം കൊളുത്തിപ്പട. മാത്രമല്ല, അസം ഭാഗത്ത് അവർ കണക്കിനു പടയൊരുക്കം നടത്തുകയും ചെയ്തുകഴിഞ്ഞിരുന്നു.

ചതി മനസിലാക്കിയ തിരോത്ത് സിങ് ആണ്, ആദ്യമായി വെള്ളക്കാരനോട്​ കടക്കു പുറത്ത് എന്നു പറഞ്ഞത്. ആ ഒരു പ്രകോപനത്തിനു കാത്തുനിൽക്കുകയായിരുന്ന വെള്ളപ്പട ഖാസിക്കുന്നുകളെ ചോരയിൽ മുക്കി. 1829 ൽ നോങ്ഖ്ലയിലെ വെള്ളപ്പടപ്പാളയത്തിലേക്കു തിരോത് സിങ് ഇരച്ചുകയറി ആക്രമണം അഴിച്ചുവിട്ടു.
ഖാസിയുടെ വാളിന്റെ മൂർച്ചത്തിളപ്പിന് എന്നാൽ എതിർപ്പടയുടെ തീതുപ്പുന്ന വെടിയുണ്ടകളോട്​ മത്സരിച്ചു ജയിക്കുന്നത് എളുപ്പമായിരുന്നില്ല. എന്നാലും ഗറില്ലാ യുദ്ധമുറകളിലൂടെ വെള്ളക്കാരെ കൂട്ടത്തോടെ വെള്ളപുതപ്പിക്കാൻ തിരോത്തിനു സാധിച്ചു. പിടിക്കപ്പെടുന്നതിനു മുന്നേ. വെടികൊണ്ടു പരിക്കേറ്റു ഒളിയിടത്തിലേക്കു പിന്മാറേണ്ടിവന്ന തിരോത്തിനെ 1833 ജനുവരിയിലാണ്​പിടികൂടുന്നതും ധാക്കയിലേക്കു നാടുകടത്തുന്നതും. പിന്നെ രണ്ടു വർഷം കൂടിയേ ജീവിച്ചിരുന്നുളളൂ. വെറും മുപ്പത്തിമൂന്നാമത്തെ വയസിൽ വീരസ്വർഗം.

ചെറാപ്പുഞ്ചിയിലെ ലെയ്തുംഖ്ര കാത്തലിക് സെമിത്തേരി/ Photo: SASCOM, facebook

അന്നു വീണതാണ്​ സൊഹ്റ എന്ന ചെറ.
പിന്നെ അതു ബ്രിട്ടീഷുകാരന്റെ ഓറഞ്ചു തോട്ടമായി. പേര്​ ചെറാപ്പുഞ്ചിയായി. മധുരനാരങ്ങയുടെ നാട് എന്ന അർത്ഥത്തിൽ തന്നെ. പറഞ്ഞുപറഞ്ഞു കിഴക്കിന്റെ സ്കോട്ട്ലൻഡ് ആയി. എന്നാൽ, നൂറുകണക്കിനു ഖാസി യോദ്ധാക്കളുടെ ചോരയ്ക്കു മീതെയായിരുന്നു ആ ഓറഞ്ചുതോട്ടം.
ചെറാപ്പുഞ്ചിയിൽ ഇന്നു കാണുന്നതു മറക്കപ്പെട്ടവരുടെ സെമിത്തേരികൾ കൂടിയാണ്. അത് അവിടത്തെ ഓരോ മൺതരിയിലുമുണ്ട്. ഒരു ചരിത്രത്തിലും അവർ എഴുതപ്പെട്ടിട്ടുണ്ടാവില്ല. ഖാസിക്ക് യുദ്ധം അവന്റെ ആത്മാഭിമാനത്തിന്റേയിരുന്നു. ഒരു എട്ടിലും എഴുതിവച്ചില്ല അവന്റെ ചോരസാക്ഷ്യം. ഏതോ രാജ്യത്ത്, എന്തിനോ വേണ്ടി ചോര വാർന്ന വെള്ളപ്പട്ടാളക്കാരനെയും ചരിത്രം മറന്നു. ഇതിനു രണ്ടിനുമിടയിൽ കൂളിപ്പട്ടാളത്തിന്റെ യൂണിഫോമിട്ട പല തൊലിപ്പുറനിറക്കാരും മറവിയുടെ പരിധിക്കപ്പുറത്ത്. ചെറാപ്പുഞ്ചിയിലെ ചിതറിക്കിടക്കുന്ന സെമിത്തേരികൾ മറക്കപ്പെട്ടവരുടെത്.

1841 ൽ തോമസ് ജോൺസ് എന്ന സുവിശേഷപ്രവർത്തകൻ എത്തുന്നതുവരെ ചെറാപ്പുഞ്ചിയിലെ തനതു ജനങ്ങൾ കൊന്തയും കുരിശും കണ്ടിരുന്നതേയില്ല. നാളിതുവരെ കാണാത്ത ഒരു ആയുധവും അവർ കണ്ടു - അറക്കവാൾ.

സെമിത്തേരികൾ പിന്നെയും

വടക്കുകിഴക്കൻ മേഖലയാകെ ഇങ്ങനെ വെള്ളക്കാരൻ നായാടിപ്പിടിച്ച നാട്ടുരാജ്യങ്ങളുടെ, ഗോത്രമേൽക്കോയ്മകളുടെ ശവപ്പറമ്പുകൾ തന്നെ. ബർമയിൽ, കൊഹിമയിൽ, അസമിൽ, ഷിലാങ്ങിൽ എവിടെയും മറക്കപ്പെട്ടവരുടെ ശ്മശാനങ്ങൾ. ആർക്കോ വേണ്ടി കൊന്നുകൂട്ടിയ കൂലിപ്പട്ടാളത്തിന്റെ, വെള്ളക്കാരന്റെ വംശമഹിമ കൊമ്പുകെട്ടിയ റോയൽ ആർമിയുടെ, സ്വന്തം മണ്ണും പെണ്ണും ഭാഷയും പിടികൊടുക്കാതിരിക്കാൻ എണ്ണിയാലൊടുങ്ങാത്ത ഗോത്രങ്ങളിൽ പെട്ട യോദ്ധാക്കളുടെ. അതിൽ കൂടുതൽ പേരെയും ഇന്നത്തെ കാലം ഓർമിച്ചുവയ്ക്കുന്നില്ല. വടക്കുകിഴക്കൻ മേഖലയിലൂടെ സഞ്ചരിക്കുമ്പോൾ ഏറ്റവും കൂടുതൽ കാണാൻ കഴിയുക ശ്മശാനങ്ങൾ ആണെങ്കിലും.

ഖാസിയുടെ ഭാഷയെ എഴുത്തിനിരുത്തുന്നു

പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യപകുതിക്കു മുമ്പു തന്നെ ഖാസി കുന്നുകൾ കീഴടക്കിക്കഴിഞ്ഞ ബ്രിട്ടീഷ് സാമ്രാജ്യത്വം മേഘാലയത്തിന്റെ പ്രകൃതിവിഭവങ്ങളിലും കണ്ണുവച്ചതു പോലെ അവിടെയുണ്ടായിരുന്ന ഖാസികളുടെ മേലും ശ്രദ്ധ പതിഞ്ഞു. ജാതിയോ മതമോ ഇല്ലാതെ ഗോത്രത്തനിമ മാത്രമുള്ള ആദിവാസിച്ചോരയിൽ തങ്ങളുടെ മതം കുത്തിവയ്ക്കാനുള്ള തിടുക്കങ്ങളായിരുന്നു പിന്നീട്. തോക്കും വെടിയുണ്ടകളും ശബ്ദം കുറച്ചപ്പോഴേക്കും മിഷണറിമാർ രംഗത്തെത്തിയിരുന്നു. കൽക്കട്ടയിൽ നിന്നു മേഘാലയത്തിലേക്കും അസമിലേക്കും ഒറീസയിലേക്കും ബംഗാളിലേക്കും.
എന്നാൽ, മേഘാലയത്തിൽ എത്തിയ മിഷണറിമാർ കൊന്തയിലും കുരിശിലും മാത്രം തളച്ചിട്ടില്ല തങ്ങളുടെ പ്രവർത്തനം. 1841 ൽ തോമസ് ജോൺസ് എന്ന സുവിശേഷപ്രവർത്തകൻ എത്തുന്നതുവരെ ചെറാപ്പുഞ്ചിയിലെ തനതു ജനങ്ങൾ കൊന്തയും കുരിശും കണ്ടിരുന്നതേയില്ല. നാളിതുവരെ കാണാത്ത ഒരു ആയുധവും അവർ കണ്ടു - അറക്കവാൾ.

തോമസ് ജോൺസ്

കാൽവിനിസ്റ്റ് മെതോഡിസ്റ്റ് ചർച്ച് ഓഫ് വെയിത്സ് സഭയിൽ നിന്നുള്ള സുവിശേഷകനായിരുന്നു. ജോൺസും പത്നി ആനും ചെറാപ്പുഞ്ചിയിൽ വന്നിറങ്ങുമ്പോൾ അവിടെ ‘വരത്തന്മാർ’ക്കു താമസിക്കാൻ പോലും സന്നാഹമുണ്ടായിരുന്നില്ല. അന്നത്തെ സോഹ്റ ഗോത്രത്തലവൻ, സുബ സയ്യെം നൽകിയ സ്ഥലത്താണ് അവർ ചെറാപ്പുഞ്ചിയെ മാറ്റിമറിച്ച സുവിശേഷപ്രവർത്തനങ്ങൾക്കു തുടക്കമിടുന്നത്. സ്കൂളുകൾ, പള്ളികൾ എന്നിവ ഉയർന്നു. ഗോത്രദൈവങ്ങളുടെ മുന്നിലുള്ള ആചാരങ്ങൾക്കു പകരം മറ്റു മുട്ടിപ്പായ പ്രാർത്ഥനകൾ വന്നു. ബലിച്ചോരയ്ക്കു പകരം ആത്മബലി വന്നു. അതിന്റെ ഫലം: ഇന്നു ഖാസി മേഖലയിലാകെ പ്രിസ്ബിറ്റേറിയൻ വിശ്വാസികൾ അഞ്ചെട്ടുലക്ഷത്തോളമാണ് !

ലിപിയില്ലാതെ, എഴുത്തുവഴിയില്ലാതെ ഒരു ഭാഷയ്ക്കും വരുംകാലത്ത്​പിടിച്ചുനിൽക്കാൻ സാധിക്കില്ലെന്ന തിരിച്ചറിവിൽ, ഖാസി വാക്കുകൾ ആദ്യമായി റോമൻ അക്ഷരങ്ങളിൽ എഴുതിനോക്കുകയായിരുന്നു, ജോൺസ്. അതൊരു തുടക്കം.

എന്നാൽ, റവ. ജോൺസ് അധികമാരും ചെയ്യാത്ത മറ്റൊരു വലിയ കാര്യം ചെയ്തു. ഖാസി ഭാഷയെ എഴുത്തിനിരുത്തിയത് അദ്ദേഹമായിരുന്നു. ഖാസി ഭാഷയ്ക്ക് ലിപിയുണ്ടായിരുന്നില്ല, നിഘണ്ടുവിന്റെ ആവശ്യമുണ്ടായിരുന്നില്ല. വാമൊഴി തന്നെ ധാരാളം. എന്നാൽ, കാലം മാറുന്നത്​ ജോൺസ് കണ്ടു. ലിപിയില്ലാതെ, എഴുത്തുവഴിയില്ലാതെ ഒരു ഭാഷയ്ക്കും വരുംകാലത്ത്​ പിടിച്ചുനിൽക്കാൻ സാധിക്കില്ലെന്ന തിരിച്ചറിവിൽ, ഖാസി വാക്കുകൾ ആദ്യമായി റോമൻ അക്ഷരങ്ങളിൽ എഴുതിനോക്കുകയായിരുന്നു, ജോൺസ്. അതൊരു തുടക്കം. ഖാസി സാഹിത്യം കടപ്പെട്ടിരിക്കുന്നത് മറ്റാരോട്.
ഖാസി ഭാഷയ്ക്ക്​ ലിപിയുണ്ടാവുന്നത് അങ്ങനെ, ഒരു നിഘണ്ടുവും. മലയാളത്തിന് ആദ്യമായി ഒരു ഇംഗ്ലിഷ് നിഘണ്ടുവുണ്ടാക്കിയ റവ. ഹെർമൻ ഗുണ്ടർട്ടിനെപ്പോലെ ഖാസിക്കും. എന്നാൽ, മലയാളത്തിന് അന്നേ ലിപിയും എഴുത്തുവഴക്കവും ഉണ്ടായിരുന്നതിനാൽ, റവ. ജോൺസിന്റെ സംഭാവന ഖാസി ഭാഷയിലുണ്ടാക്കിയ അത്ര വലിയ വിപ്ലവം ഉണ്ടാക്കാനായില്ല എന്നുമാത്രം.
ജോൺസിനെ ഇന്നത്തെ മേഘാലയത്തിൽ ഭാഷയുടെ വളർത്തച്ഛനായിത്തന്നെയാണു കാണുന്നത്. ഖാസി സംസ്ക്കാരത്തിന്റെ, സാഹിത്യത്തിന്റെ ആധുനിക ശിൽപ്പിയായും.
നാട്ടുകാരുടെ ജീവിതവും സംസ്ക്കാരവും ആർജവമാക്കുന്നതിന്റെ ഭാഗമായി ഭാഷയിലുള്ള പരീക്ഷണങ്ങൾ മാത്രമായിരുന്നില്ല. നാട്ടുകാരെ പല പണികൾ പരിശീലിപ്പിച്ചു. അതിലൊന്നു തനതു നിർമാണശൈലിയിൽ നിന്ന് അവരെ മുറിച്ചുമാറ്റിക്കൊണ്ട് ആധുനിക ആശാരിപ്പണി പഠിപ്പിക്കുകയായിരുന്നു. അറക്കവാളിന്റെയും മറ്റു മൂർച്ചകളുടെയും മൂർച്ഛ അവർ അറിഞ്ഞു.

ജോൺസിനെ കാത്തിരുന്നതു ദുരന്തം

എന്നാൽ, ജോൺസിന്​ ചെറാപ്പുഞ്ചിയിൽ നിന്ന്​ കാലം തിരിച്ചുകൊടുത്തതും ദുരന്തവും നിറം കെട്ട ഓർമകളും മാത്രം. കടുത്ത ജ്വരബാധയെത്തുടർന്ന്​ പത്നി ആൻ പ്രസവത്തിനിടെ മരിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രണ്ടാമതു വിവാഹം കഴിച്ചുവെന്ന കാരണത്താൽ 1847 ൽ സഭ വിടേണ്ടിവന്നു. ഖാസി മലനിരകളും വിട്ടൊഴിഞ്ഞു കൽക്കട്ടയിലേക്കു മടങ്ങേണ്ടിവന്നു. അവിടെ വച്ചായിരുന്നു മലമ്പനി പിടിച്ചു മരണം. 1849 ൽ മുപ്പത്തൊമ്പതാമത്തെ വയസിൽ.

കൽക്കട്ടയിലെ സ്‌കോട്ടിങ് പ്രിസ്ബിറ്റേറിയൻ സെമിത്തേരിയിലെ തോമസ് ജോൺസിന്റെ കല്ലറ / Photo: Wikimedia Commons

താൻ എഴുത്തിനിരുത്തിയ ഭാഷയിൽ തന്നെ മരിക്കണമെന്നും അടക്കപ്പെടണമെന്നുമുള്ള ആഗ്രഹം നടക്കാതെ പോവുകയായിരുന്നു. കൽക്കട്ടയിൽ ആളൊഴിഞ്ഞ സ്കോട്ടിഷ് പ്രിസ്ബിറ്റേറിയൻ സെമിത്തേരിയിലാണ്​കല്ലറ. ഈസ്റ്റ് ഇന്ത്യാ കമ്പനിക്കാരും കള്ളന്മാരും കയറിമേഞ്ഞ സെമിത്തേരിയിൽ ഏറെ ഭദ്രമായി പരിപാലിക്കപ്പെടുന്ന അധികം കല്ലറകളില്ല. അതിലൊന്നു ജോൺസിന്റെ. അതു മോടിയോടെ ചെയ്തതു ഖാസി പ്രിസ്ബിറ്റേറിയൻ വിശ്വാസികൾ തന്നെയായിരുന്നു.
കല്ലറയ്ക്കു മുകളിലെ ഫലകത്തിൽ കാലം ഇങ്ങനെ എഴുതിവച്ചിട്ടുണ്ട് : ഖാസി അക്ഷരങ്ങളുടെയും സാഹിത്യത്തിന്റെയും സ്ഥാപക പിതാവിന്.

മഴപ്പെരുമ ഇന്ന്​ ചെറാപ്പുഞ്ചിക്കു നഷ്ടമായിരിക്കുന്നു. അതിനു തൊട്ടടുത്ത തന്നെയുള്ള മൗസിൻറമിലാണ് ഇപ്പോൾ കൂടുതൽ മഴ ലഭിക്കുന്നത്.

ചെറാപ്പുഞ്ചിയും മേഘാലയവും ജോൺസിനെ മറക്കുന്നില്ല. എല്ലാ വർഷവും ജൂൺ 22 നു സംസ്ഥാനത്തിനു അവധി നൽകിക്കൊണ്ടു ഭാഷയുടെ പോറ്റച്ഛനെ ഓർക്കുന്നു. 1841 ജൂൺ 22 നു റവ. തോമസ് ജോൺസ് സോഹ്റയിൽ കാലുകുത്തിയതിന്റെ ഓർമയ്ക്ക്.

മഴപ്പെയ്ത്ത് ഇന്നു പഴങ്കഥ

ഓരോ വർഷവും 11,700ഓളം മില്ലിമീറ്റർ മഴ കിട്ടുന്നുവെന്ന കാരണത്താൽ ഉണ്ടായിരുന്ന മഴപ്പെരുമ ഇന്നു ചെറാപ്പുഞ്ചിക്കു നഷ്ടമായിരിക്കുന്നു. അതിനു തൊട്ടടുത്ത തന്നെയുള്ള മൗസിൻറമിലാണ് ഇപ്പോൾ കൂടുതൽ മഴ ലഭിക്കുന്നത്. 11,872 മില്ലിമീറ്ററെന്ന ചെറിയ വ്യത്യാസമേയുള്ളുവെങ്കിൽ പോലും അതൊരു വ്യത്യാസം തന്നെയാണ്.
​ചെറാപ്പുഞ്ചിയിൽ നിന്നു മൗസിൻറമിലേക്ക് പത്തെൺപതു കിലോമീറ്ററേയുള്ളൂ. കിഴക്കൻ ഖാസിക്കുന്നുകളുടെ ഭാഗം തന്നെ രണ്ടും. പക്ഷെ, രണ്ടു വ്യത്യസ്ത താഴ്വരകളിലാണെന്നു മാത്രം.▮


വി. ജയദേവ്​

മാധ്യമപ്രവർത്തകൻ, കവി, നോവലിസ്റ്റ്, കഥാകൃത്ത്. ഭൂമിയോളം ചെറുതായ കാര്യങ്ങൾ, ചോരപ്പേര്,മായാബന്ധർ (നോവൽ), ഒരു കാറ്റിനെ എങ്ങനെ വായിക്കും, ഒരു പൂമ്പൊടി കൊണ്ടും ഒരു പൂക്കാലം കൊണ്ടും, കപ്പലെന്ന നിലയിൽ ഒരു കടലാസ് തുണ്ടിന്റെ ജീവിതം (കവിതാ സമാഹാരങ്ങൾ), ഭയോളജി, മരണക്കിണർ എന്ന ഉപമ (കഥാസമാഹാരം) എന്നിവ പ്രധാന പുസ്തകങ്ങൾ.

Comments