മലമടക്കിലെ ഏകാന്ത ഭൂപടങ്ങൾ
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ജീവിച്ച്, അത്രയൊന്നും പ്രസിദ്ധി ലഭിക്കാതെ വിട പറഞ്ഞ, നോർവീജിയൻ കവി ഉലാവ് എച്ച്. ഹേഗിന്റെ കവിതയിലെ ലോകം ഓർമയിലേക്ക് വരും, കൊഹിമയിലെ ദിനരാത്രങ്ങളെക്കുറിച്ച് ചിന്തിച്ചാൽ. നോർവെയിലെ കർഷക ഗ്രാമമായ ഉൾവികിലാണ് കവി ജീവിച്ചത്. പുറംലോകം ആ കവിതകളുടെ ഗരിമയറിയുന്ന നാളെത്തുംമുമ്പേ ഉലാവ് ലോകത്തോട് മൊഴി ചൊല്ലി. കവിവിചാരങ്ങളിലെ സ്ഥല വർണനകളും ഏകാന്തകല്പനകളും വടക്കുകിഴക്കിന്റെ, പ്രത്യേകിച്ച് നാഗാ ഗ്രാമങ്ങളുടെ സാമ്യസൗന്ദര്യത്തെ ഓർമിപ്പിക്കും.
പത്രപ്രവർത്തകനായി കൊഹിമയിലെത്തിയ കാലത്തെ ഏകാന്തജീവിതത്തിനിടെ, ഈ ഇരിപ്പ് ഇരുന്നാൽ, വേരുപിടിച്ചു പോകുമെന്ന ചിന്തയുണ്ടാക്കി. വിരസമായിരുന്നു കൊഹിമ ന്യൂസ് ബ്യൂറോ ജീവിതം. മലയാളം പത്രത്തിന് ഒരു വാർത്തയുമില്ലാത്ത ദേശത്ത്, സമാന്തര ലോകമുണ്ടാക്കിയാലേ ജീവിച്ചിരിക്കുന്നതായി സ്വയം തോന്നൂ. അതിനുള്ള പണിപ്പെടലുകളിലായി പിന്നെ, ശ്രദ്ധ. രാവിലെ തണുപ്പൊന്നു മാറിയാൽ ടൗണിൽ നടന്നലഞ്ഞ് വരും. ഉച്ചയ്ക്ക് വിശ്രമം, ഉറക്കം, സായാഹ്നത്തിന് മുൻപെ പിന്നെയും നടപ്പ്, രാത്രി വീടെത്തും. രോമക്കുപ്പായങ്ങളും ഭംഗിയുള്ള കളർഫുൾ കുടകളും ഷൂസും വിൽക്കുന്ന കടകൾക്കരികിലൂടെ പുഴുവും പട്ടിയിറച്ചിയും തേനീച്ചയും നാനാതരം കാട്ടുകിഴങ്ങും പച്ചക്കറിയും പന്നിയിറച്ചിയും ചില തരം മത്സ്യങ്ങളും വിൽക്കാൻ വെച്ച മാർക്കറ്റ് വഴി നടത്തം. ടൗണിനരികിലെ ചന്തയാണ്. പട്ടിയെ കൊന്ന് കെട്ടിത്തൂക്കിയിടുക പതിവ് കാഴ്ചയായിരുന്നു. കയ്യും കാലും പ്രത്യേകം കട്ട് ചെയ്ത് വെക്കുന്നു, നഖത്തോടെ. ഇപ്പോഴത് നിരോധിച്ചിട്ടുണ്ട്. നാലോ അഞ്ചോ തരം പുഴുക്കളെയും കിട്ടും. തേനീച്ചയ്ക്കാണ് കൂടുതൽ വില. ബ്യൂറോയുടെ സമീപത്ത് തന്നെയാണ് ചന്ത. നല്ല എരിവുള്ള ചില മുളകും നാട്ടിൽ കിട്ടാത്ത ചില ഇലകളും അവിടെ കിട്ടും.
ബ്യൂറോയിൽ ചുമ്മാ, കുത്തിയിരുന്നാൽ ബിസിനസ് ആണെന്ന് അവിടത്തുകാർ കരുതുക. ഗ്യാങുകൾക്ക് ഊഴംവെച്ചുള്ള പിരിവു കൊടുക്കേണ്ടി വരും. വർഷത്തിൽ വേണോ ആറുമാസം കൂടുമ്പോ വേണോ മാസത്തിൽ വേണോ എന്നെല്ലാം അവർ മൂഡനുസരിച്ച് തീരുമാനിക്കും.
നാഗാ രാഷ്ട്രീയവും അധോലോകവും വലിയ പവർ നെക്സസാണ്. വാർത്തയിൽ അവർ ഇടം നേടുന്നത് കുറഞ്ഞെങ്കിലും കിടമത്സരം ശക്തമാണ്. അവരുണ്ടാക്കിയ തലവേദനകളുടെ ചരിത്രം വലുതാണല്ലോ. സിക്കിം സുന്ദരമായി കൈകാര്യം ചെയ്യുന്ന ടൂറിസം, നാഗാലാൻഡിന് പ്രാപ്യമല്ലാത്തതിന് കാരണം ഒന്നേയുള്ളൂ, സുരക്ഷാപ്രശ്നം. ഗ്യാങ്ടോക്കല്ല കൊഹിമ. ബ്യൂറോയിൽ ചുമ്മാ, കുത്തിയിരുന്നാൽ ബിസിനസ് ആണെന്ന് അവിടത്തുകാർ കരുതുക. ഗ്യാങുകൾക്ക് ഊഴംവെച്ചുള്ള പിരിവു കൊടുക്കേണ്ടി വരും. വർഷത്തിൽ വേണോ ആറുമാസം കൂടുമ്പോ വേണോ മാസത്തിൽ വേണോ എന്നെല്ലാം അവർ മൂഡനുസരിച്ച് തീരുമാനിക്കും. പൈസ മേടിക്കാൻ തോന്നിയാൽ അവരെത്തി ചോദിക്കും. ഓഫീസിൽ ഇരുന്നാൽ തോക്കുമായി പിരിവിന് ആളെത്താനുള്ള സാധ്യത ഏറെയാണെന്ന് അവിടെയെത്തിയ ദിനങ്ങളിൽ മലയാളി കച്ചവടക്കാർ ഓർമപ്പെടുത്തി. ബ്യൂറോ, ഒരു കുടുസ്സു മുറിയാണ്. ഹീറ്ററാണ് ആ തണുതണുപ്പൻ രാജ്യത്ത് അവശ്യം വേണ്ട വസ്തു. അതില്ല, പകരം ഫാനുണ്ട്.
അതുകൊണ്ടാവശ്യവുമില്ല. ഫോണില്ല, കംപ്യൂട്ടറില്ല, പത്രങ്ങളില്ല, നെറ്റില്ല, വാർത്തയോ, വാർത്താസമ്മേളങ്ങളോ, ഇല്ല. കൊഹിമയിൽ, മലയാളം ന്യൂസ് ബ്യൂറോ എന്നത് നാഗന്മാരെ കളിയാക്കുന്ന പോലെയാണ്. ബ്യൂറോയാണെന്ന് പറഞ്ഞാലൊന്നും നാഗന്മാരുടെ തലയിൽ കേറില്ല. കസേരയും ഫാനും മാത്രമായി കംപ്യൂട്ടർ പോലുമില്ലാതെ ഇരിക്കുന്ന മല്ലു എങ്ങനെ ലേഖകനാകാനാണ്. വല്ല ബിസിനസുകാരനോ ഏജന്റോ ആയിരിക്കുമെന്നവർ ഉറപ്പിക്കും. കച്ചവടം അല്ലെങ്കിൽ പിന്നെ റോ-യിലോ മറ്റോ ആവും പണി. മലയാളം ന്യൂസ് ബ്യൂറോ, എന്നത് അവിടെയൊരു വിശ്വസനീയ കഥയല്ല. കാരണം, ടൈംസ് ഓഫ് ഇന്ത്യയ്ക്ക് പോലും ദിമാപൂരിലാണ് ഓഫീസ്. ഗുവാഹട്ടിയിലാണ് പ്രധാന മാധ്യമ ബ്യൂറോകളെല്ലാം, ദ ഹിന്ദു ഉൾപ്പെടെ. അപ്പോഴാണ്, കൊഹിമ മാർക്കറ്റിനരികെ, ബോർഡിൽ മലയാളം പത്രത്തിന്റെ പേരെഴുതിയ കൊച്ചുമുറി. അതിനാൽ ഓഫീസിലിരിപ്പ് സുരക്ഷിതമല്ലാതായി. കെ.എസ്.ആർ.ടി.സി. സ്റ്റാന്റിലെ കംഫർട്ട് സ്റ്റേഷനിൽ പൈസ മേടിക്കാനിരിക്കുന്നയാളിന്റെ റോൾ ഓർമ വരും അവിടെ ഇരുന്നാൽ. ഓഫീസിലേക്ക് ഇക്കാര്യം അറിയിച്ച് കത്തയച്ചാലും വിശ്വസിക്കാനിടയില്ല. കോഴിക്കോട്ടെ എ.സി. മുറിയിലിരുന്ന് സുഖകരമായ താളത്തിൽ ജോലി ചെയ്യുന്ന എച്ച്.ആറുകാർക്ക് വേസ്റ്റ് ബിന്നിലേക്കുള്ള വാഗ്ദാനമാകും ആ കത്ത്. അലസത പുറത്തെടുക്കാനുള്ള കാരണം പറച്ചിലായേ അവർ കരുതൂ. ഓഫീസിൽ ഇരിക്കാത്തത്, അച്ചടക്ക ലംഘനവുമാകും, ഷോകോസ് നോട്ടീസിന് അതുമതി.
രാത്രി ജീവിതമില്ല അവിടെ. പാർക്കില്ല, സിനിമാ തിയറ്ററില്ല, ബാറോ ബിയർ പാർലറോ ബിവറേജസോ ഇല്ല. വൈകുന്നേരത്തിനുശേഷം പുറത്ത് ജീവിതമില്ല നാഗാലാൻഡിൽ. മലമുകളിലെ പട്ടണം ഏഴുമണിയോടെ ഉറങ്ങി അതിരാവിലെ എണീക്കും.
അസം അതിർത്തിയിലെ ദിമാപുർ, താഴ്ന്ന പ്രദേശമാണ്, ജങ്ഷനാണ്. ട്രെയിനും വിമാനത്താവളവുമുണ്ട്. കുന്നുകയറി എത്തുന്ന മലമുകളിലെ കൊച്ചുപട്ടണമായ കൊഹിമയിൽ മലയാളി സാന്നിധ്യം കുറവ്. ബേക്കറി നടത്തിപ്പും കേക്കുണ്ടാക്കലും പള്ളി വക ജോലി, അധ്യാപനം ചില സർക്കാർ പോസ്റ്റുകളോ പട്ടാളമോ, ഇതാണ് നാഗാദേശത്തെ മലയാളി പോപ്പുലേഷൻ. അതിൽ ചിലരെ സുഹൃത്തുക്കളായി കിട്ടി. ഏതായാലും ബ്യൂറോയിൽ ഇരുന്നാൽ തോക്കും പിരിവും വരും, ഇരുന്നില്ലെങ്കിൽ നോട്ടീസും ശാസനയും. തോക്കിനും നോട്ടീസിനുമിടെ പെട്ടുപോകുമോ എന്ന ചിന്തയിൽ അങ്ങനെ, കൊഹീമിയൻ ജീവിതം തുടർന്നു.
പക്ഷേ രാത്രി ജീവിതമില്ല അവിടെ. പാർക്കില്ല, സിനിമാ തിയറ്ററില്ല, ബാറോ ബിയർ പാർലറോ ബിവറേജസോ ഇല്ല. വൈകുന്നേരത്തിനുശേഷം പുറത്ത് ജീവിതമില്ല നാഗാലാൻഡിൽ. മലമുകളിലെ പട്ടണം ഏഴുമണിയോടെ ഉറങ്ങി അതിരാവിലെ എണീക്കും. നേരത്തെ സൂര്യനുദിക്കും. രാത്രി കൊഹിമ മിന്നാമിനുങ്ങുകളെ പോലെയാണ്. വെളിച്ചം നിറച്ച തീപ്പെട്ടിക്കൂടുകൾ പോലെ വീടുകൾ. എപ്പോഴും തണുപ്പ്, പാന്റിന്റെ പോക്കറ്റിൽ നിന്ന് കൈയ്യെടുക്കാൻ മടി തോന്നും. പൊടി പിടിച്ച മലമ്പട്ടണമായ കൊഹിമയാണ് അല്പം നഗര സ്വഭാവമുള്ള സ്ഥലം. ബാക്കിയെല്ലാം തനി ഗ്രാമങ്ങളാണ്. വിരസമായ ഇരിപ്പുകൊണ്ട് കാര്യമില്ലെന്ന തിരിച്ചറിവിൽ ഒരുദിവസം യാത്ര ഒത്തുവന്നു, ഫെക്കിലേക്ക് ഒരു പുലർച്ചെ കൊഹിമ നിന്ന് ഇംഫാലിൽ റോഡിലൂടെ ദീർഘദൂര യാത്ര. ഏതെല്ലാമോ വഴിയിലൂടെ പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ. മണിക്കൂറുകൾ നീണ്ട ആ യാത്രയ്ക്ക് ചില പ്രത്യേകളുണ്ടായി. പതിവ് അനിശ്ചിതത്വങ്ങളൊന്നും അലട്ടിയില്ല. തിക്കിത്തിരക്കോ ബഹളമോ, ബസ് സ്റ്റേഷനിലെ കാത്തിരിപ്പോ ഒഴിഞ്ഞ മരച്ചുവട്ടിലെ കിടപ്പോ ആലസ്യമോ ഇല്ലാത്ത, മദ്യപാനത്തിലേക്ക് വഴിതിരിയാത്ത, കൃത്യതയും അച്ചടക്കവുമുള്ള യാത്ര. എന്നാൽ രസകരവും. നാഗാ കേഡറിലെ ഒരു ഐ.പി.എസ് സുഹൃത്തിനൊപ്പം. സുഹൃത്തുക്കൾ വഴി കിട്ടിയതാണ് അവിടന്ന് പുള്ളിയെ. സാഹിത്യം എത്ര സംസാരിച്ചാലും മതിവരാത്ത, നീതിബോധമുള്ള, നല്ല വായനയുള്ള മനുഷ്യൻ. മദ്യപിക്കാത്ത മനുഷ്യനാണ് എന്നതായിരുന്നു പ്രധാന പ്രത്യേകത. പുള്ളിയുടെ ജീപ്പിൽ ഗണ്മമാനും ഡ്രൈവറുമൊക്കെയായി ഫെക്ക് എന്ന മലമുകളിലെ ഏകാന്തധ്രുവത്തിലേക്ക് വണ്ടിയോടി.
തട്ടുതട്ടായുള്ള ഭൂമിയുടെ കാഴ്ചസൗന്ദര്യംവും കാടും മലയും താണ്ടി ഫെക്കിലേക്ക് യാത്ര നീണ്ടു. ഉച്ചയ്ക്ക് ഫുട്സെറോ. ഭക്ഷണം ഒരു പൊലീസ് ക്വാർട്ടേഴ്സിലാണ്. കുന്നിന്മുകളിലൊരു കത്തീഡ്രൽ കണ്ടു. റോഡിന്റെ കയറ്റങ്ങളിൽ നിന്ന് താഴേക്കിറങ്ങിയാലാണ് ക്വാർട്ടേഴ്സ്. നിശബ്ദ താഴ്വരയിൽ കത്തീഡ്രൽ. ഭക്ഷണം കഴിച്ച് അല്ലം വിശ്രമിച്ച് അവിടെ, പിന്നെയും യാത്ര. തട്ട് കൃഷിയുടെ ചിത്രങ്ങൾക്ക് പ്രസിദ്ധിയാർജിച്ച സ്ഥലങ്ങളാണിതൊക്കെ. പല ടൂറിസം ചിത്രങ്ങളുടേയും പശ്ചാത്തലം. ഫോട്ടോഗ്രാഫർമാരുടെ ഇഷ്ടദേശങ്ങൾ. സപാമി വില്ലേജും ഫുട്സെറോയും ഖൊനോമ വില്ലേജുമൊക്കെയാണ് നാഗാ ടൂറിസം ചിത്രങ്ങൾക്ക് പശ്ചാത്തലം, കലണ്ടറുകളിലും വെബ്സൈറ്റിലുമെല്ലാം. പക്ഷേ അധികമാളുകൾ എത്തുന്നില്ല. പലർക്കും അത്ര സുപരിചിതമല്ല അവിടെ. സഞ്ചാരികളുടെ വരവ് കൂടിയെങ്കിലും ഒച്ചിന്റെ വേഗതയിലാണ് ടൂറിസം. ടൂറിസ്റ്റ് സാധ്യതയെ നാഗാ ഗ്രാമങ്ങളോ സർക്കാരോ വേണ്ടത്ര ഉപയോഗപ്പെടുത്തിയില്ല. റോഡുകളുടെ അവസ്ഥയും മോശമായിരുന്നു, ഒപ്പം സുരക്ഷാ പ്രശ്നങ്ങളും. ഫെക്ക് ഒരു ജില്ലയാണ്. വടക്കുകിഴക്കിന്റെ ഏകാന്ത ഭൂപടത്തിൽ പൊട്ടുപോലെ, നഗരമെന്ന പേരിൽ ഒരു ഗ്രാമം. സമുദ്രനിരപ്പിൽ നിന്ന് നല്ല ഉയരത്തിൽ പരന്നുകിടക്കുന്ന ജില്ല.
വേട്ടയാടൽ ജീവിതം പൂർണമായി വിട്ടുപോയിട്ടില്ലാത്തവരാണ് നാഗന്മാർ. കാട്ടുമൃഗങ്ങളെ അവരിപ്പോഴും വേട്ടയാടുന്നുണ്ട്.
വേട്ടയാടൽ ജീവിതം പൂർണമായി വിട്ടുപോയിട്ടില്ലാത്തവരാണ് നാഗന്മാർ. കാട്ടുമൃഗങ്ങളെ അവരിപ്പോഴും വേട്ടയാടും. അവരുടെ വന്യജീവി നിയമമൊക്കെ വ്യത്യസ്തം. ഉൾലോകത്തെ ഗോത്രജീവിതം വേറൊന്നാണ്. പുതുതലമുറ നല്ല വിദ്യാഭ്യാസം ആർജിച്ചു. ധാരാളം സ്ഥാപനങ്ങളുമുണ്ട്, ക്രിസ്ത്യൻ സഭകളുടേതായി. വലിയ കാലാവസ്ഥാ വ്യതിയാനുള്ള സംസ്ഥാനമല്ല നാഗാലാൻഡ്. തണുപ്പിൽ, വളരുന്നവയാണ് പ്രധാനമായും കൃഷി. മഞ്ഞും മഴയും മാറി വരും. ഫെക്ക് യാത്രയിലെ കയറ്റിറക്കങ്ങളും വശച്ചെരിവുകളിലെ തട്ടുതട്ടായുള്ള ഗ്രാമങ്ങളും ചെരിഞ്ഞ നിലത്തെ കൃഷി ദൃശ്യങ്ങളും അതിമനോഹരമാണ്. ഫുട്സെറോയിൽ ചെറിയൊരു ചന്ത കണ്ടു. വീട്ടുപീടികകളാണ്. വീട്ടുമുറ്റത്ത് സാധനങ്ങൾ വിൽക്കാൻ വെച്ചിരിക്കുന്നു. കടന്നുപോകുന്നവർക്ക് അവ മേടിക്കാം. അടുത്ത് കവലകളൊന്നുമില്ല. ഈ പീടികകൾ സഞ്ചാരികൾക്ക് ഉപകാരപ്പെടും. വെള്ളവും പഴങ്ങളും ബ്രഡും ബിസ്ക്കറ്റും സമീപത്തുനിന്ന് പറിച്ചെടുത്ത ഫ്രഷ് പച്ചക്കറികളും നിരത്തിവെച്ചിട്ടുണ്ട്.
കടന്നുപോകുന്നവർക്ക് സാധനങ്ങളെടുക്കാം. വിലവിവര പട്ടികയുള്ള ബോർഡ് തൂക്കിയിട്ടുണ്ട്, പൊട്ടിപ്പൊളിഞ്ഞ മരപ്പലകയിൽ ചോക്ക് കൊണ്ട് എഴുതിയ. പക്ഷേ സാധനങ്ങൾ വെച്ചിടത്ത് ആരുമില്ല. ആവശ്യമുള്ളതെടുത്ത് വിലവിവരപട്ടിക നോക്കി പൈസ വെച്ചിട്ടുപോകാം. ആരും ചോദിക്കാനില്ല. വിചിത്രവും സുന്ദരവുമായ ആ പരിപാടി മറ്റെങ്ങും കണ്ടിട്ടില്ല. ഫുട്സെറോയുടെ തൊട്ടുമുമ്പാണോ ശേഷമാണോ ആ പീടികകൾ എന്നോർമ്മയില്ല. ചെറിയ കുട്ടികൾ പരിസരത്തെല്ലാം കളിക്കുന്നുണ്ട്. നമ്മളെന്തെടുക്കുമെന്നോ അളവെത്രയെന്നോ കുട്ടികളാരും ശ്രദ്ധിക്കുന്നില്ല. റോഡിനോട് ചേർന്നാണ് വീടുകൾ. വീട്ടുതിണ്ണയിലാണ് എല്ലാം വെച്ചിരിക്കുന്നത്. ഗ്രാമത്തിന്റെ പേര് മറന്നു, ഇതെഴുന്ന സമയത്ത്. മറക്കാൻ പാടില്ലാത്ത, ഹൃദ്യമായൊരു സ്ഥലമാണ്. പക്ഷേ എത്ര ആലോചിച്ചിട്ടും പേര് മനസ്സിൽ വന്നില്ല. ഒടുവിൽ പണ്ട് പരിചയപ്പെട്ട ഒരു നാഗാ സുഹൃത്തിന് മെസേജ് അയച്ചു. ആറു വർഷം മുൻപ് ആദ്യ കൊഹിമ യാത്രയിൽ ദിമാപുരിൽ നിന്ന് ഷെയർ ടാക്സിയിൽ ഒപ്പമുണ്ടായിരുന്നവനാണ്. നാഗാ ഗോത്രക്കാരൻ. അന്നവൻ നാഗാലാൻഡിന് പുറത്തെവിടെയോ പഠിക്കുന്നു. ബാംഗ്ലൂരിലാണിപ്പോ ജോലി. ഏതോ യാത്ര കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ഞങ്ങൾ അന്ന് പരിചയപ്പെടുന്നത്.
ലൈംഗികാതിക്രമം നാഗാ ഗോത്രങ്ങളിൽ കാണാറില്ല പൊതുവേ. പ്രത്യേകിച്ച്, കൊച്ചുപെൺകുട്ടികളെ ലൈംഗികമായി അക്രമിക്കുക ഒരു തരത്തിലും പൊറുക്കാത്ത സമൂഹം. ക്രൈം നടന്നാൽ പൊലിസിന് പോലും കൊടുക്കില്ല പ്രതികളെ, അതിനുള്ള ക്ഷമ അവർ കാണിക്കില്ല
കൊൽക്കത്തയിൽ നിന്നുള്ള സ്ഥലംമാറ്റം, നാഗാലാൻഡിലേക്കുള്ള ആദ്യയാത്ര, അപരിചിത ദേശത്ത് വന്നുപെട്ടതിന്റെ പതർച്ചയിൽ ദിമാപുരിൽ നിന്ന് വണ്ടി കേറി. പക്ഷേ സ്ഥലമെല്ലാം പറഞ്ഞുതന്ന് അവൻ, കൊഹിമ വരെ കൂട്ടായി. അന്ന് കണ്ടതാണ്, മറന്നുകാണുമെന്ന് കരുതി. പക്ഷേ ഇൻസ്റ്റാഗ്രാം മെസേജിന്, മിനിറ്റുകൾക്കുള്ളിൽ മറുപടി വന്നു. സുഖാന്വേഷണം തിരക്കിക്കൊണ്ട്. ലെക്രോമി എന്നാണ് ഗ്രാമത്തിന്റെ പേരെന്ന് അവൻ പറഞ്ഞു. കുറച്ച് പടങ്ങളും അയച്ചുതന്നു. അവന്റെ വീട് അവിടെ അടുത്താണ്. ലെക്രോമിയുടെ രീതി കൗതുകരമായി. കടയിൽ ആരുമില്ലല്ലോ എന്ന് അന്വേഷിച്ചപ്പോൾ അവരുടെ പ്രതികരണം നിസ്സാര മട്ടിലായിരുന്നു. വിൽപ്പനയ്ക്ക് ഇരിക്കാനുള്ള നേരമൊന്നുമില്ല. കൃഷിയും മറ്റുമായി തിരക്കുണ്ട്. അതിരാവിലെ കൃഷിയ്ക്കിറങ്ങും. കിട്ടുന്നവ വിൽക്കാനായി മുറ്റത്ത് വെക്കും. ആവശ്യക്കാർ എടുത്ത് പൈസ വെക്കട്ടെ - ഇതായിരുന്നു പ്രതികരണം. നാഗാ ഗോത്രങ്ങളുടെ രീതികളിൽ ചില നിസ്സാരതകൾക്ക് സ്ഥാനമുണ്ട്. അച്ചടക്കം, സാമൂഹ്യ മര്യാദകൾ എന്നിവയ്ക്കെല്ലാം സ്വന്തം രീതിയും നീതിയുമുണ്ട് അവർക്ക്. ലൈംഗികാതിക്രമം നാഗാഗോത്രങ്ങളിൽ വളരെ കുറവാണ്. പ്രത്യേകിച്ച്, കൊച്ചു പെൺകുട്ടികളെ ലൈംഗികമായി അക്രമിക്കുകയൊന്നും പൊറുക്കാത്ത സമൂഹമാണത്രെ നാഗാ ഗോത്രങ്ങൾ. അത്തരം ക്രൈം നടന്നാൽ പക്ഷേ പൊലീസിന് കൊടുക്കില്ല പ്രതികളെ, അതിനുള്ള ക്ഷമ അവർക്കില്ലെന്ന് പൊലീസ് സുഹൃത്തുക്കൾ തന്നെ പറഞ്ഞു. അങ്ങനെയുള്ള നാഗന്മാരെ സംബന്ധിച്ച് യാത്രക്കാർ, ഫ്രൂട്സോ പച്ചക്കറിയോ പണം തരാതെ കൊണ്ടുപോകുമെന്ന ആശങ്ക അലട്ടാനിടയില്ല.
മല കയറി എത്തുംതോറും ഫെക്കിന്റെ ദുരൂഹസൗന്ദര്യത്തിന്റെ ചന്തം കൂടി. മണിപ്പൂരുമായും മ്യാന്മറുമായും അതിർത്തി പങ്കിടുന്ന ജില്ലയാണത്. 80 ശതമാനവും കാട്. നൂറിലധികം ഗ്രാമങ്ങളും രണ്ട് കൊച്ചു പട്ടണവും. പട്ടണമെന്ന് പറയാനാവില്ല, അത്ര ചെറുതാണ് ഫെക്കും ഫുട്സെറോയും. രണ്ട് രാത്രിയും മഴയുടെ മൂടിക്കെട്ടലും തണുപ്പും മഞ്ഞും അനുഭവിച്ച് രണ്ട് പകലുകളും അവിടെ നിന്നു.
കൊഹിമയിൽ നിന്ന് 150 കിലോമീറ്ററോ മറ്റോ ദൂരമുണ്ട്. അംഗാമിയാണ് സംസാരഭാഷ. ഇംഗ്ലീഷ് അറിയുന്നവരും ധാരാളമുണ്ട്. കൃഷി തന്നെ മുഖ്യ ഉപജീവനമാർഗം. അരിയും പച്ചക്കറിയും കൃഷി ചെയ്യും. മുളയും ഈറ്റയും കൊണ്ട് വസ്തുക്കൾ നെയ്തെടുക്കും. സൂത്തോ എന്ന ബിയർ നാഗന്മാരുടെ പ്രിയപ്പെതാണ്. ആഘോഷങ്ങളിൽ ഇത് കാണാം. പ്രത്യേകിച്ച് അംഗാമി ഗോത്രത്തിലെ. റൈസ് ബിയറെന്നാണ് പറയുക. അരി പാതി വെവിച്ച് ഈസ്റ്റും ചേർത്ത് പുളിപ്പിച്ചുണ്ടാക്കുന്നു. വീര്യം കൂടാനായി കുറച്ചു നെൽമണിയും ഇടും.
മഴയോ പ്രളയമോ മണ്ണിടിച്ചിലോ ഭൂചലനമോ കലാപമോ ബന്ദോ ഒക്കെ എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്ന നോർത്ത് ഈസ്റ്റിൽ രണ്ടോ മൂന്നോ ആഴ്ച കഴിഞ്ഞു കൂടാനുള്ളത് ഏത് നാഗാ അടുക്കളയിലും സ്റ്റോക്കുണ്ടാകും.
അസംകാരുടെ വൈനെടുപ്പും ഏതാണ്ട് ഇതുപോലെത്തന്നെ. ജുഡിമയെന്നോ മറ്റോ ആണ് പേര്. പല ജില്ലയിലും പല പേരുണ്ട്. അരിയാണ് പ്രധാന കൃഷി. അരി ഇടിക്കാനും മറ്റും നമ്മുടെ നാട്ടിലെ ഉരലുപോലെ പരമ്പരാഗത മെക്കാനിസമുണ്ട്. മരം കൊണ്ടുള്ള കുഴിയിലിട്ട് മഴുപോലത്തെ ഒലക്ക (അറ്റം കൂർത്തതല്ല, പരന്നത്) കൊണ്ട് അരി പൊടിച്ചെടുക്കും. ഉണക്കിയ ഇറച്ചി വിഭവങ്ങളും പ്രധാനമാണ് അവർക്ക്. ഇറച്ചി ഉണക്കിയെടുത്ത് സൂക്ഷിച്ചാണ്, നാഗാ അടുക്കള അവരുടെ ദേശത്തിന്റെ എല്ലാ നിശ്ചല പ്രതിസന്ധികളേയും മറികടക്കുന്നത്. മഴയോ പ്രളയമോ മണ്ണിടിച്ചിലോ ഭൂചലനമോ കലാപമോ ബന്ദോ ഒക്കെ എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്ന നോർത്ത് ഈസ്റ്റിൽ രണ്ടോ മൂന്നോ ആഴ്ച കഴിഞ്ഞു കൂടാനുള്ളത് ഏത് നാഗാ അടുക്കളയിലും സ്റ്റോക്കുണ്ടാകും. ഇറച്ചി അടുപ്പിന് മീതെ കെട്ടിത്തൂക്കി ഉണക്കും. പന്നിയോ ബീഫോ. അടുപ്പിന് മുകളിൽ തൂക്കിയിട്ടത് അടുക്കളയിലെ പതിവു കാഴ്ചയാണ്. നാഗാ അടുക്കളകൾക്ക് അതിന്റെ പ്രത്യേക ചൂര് കാണും. ചിലർക്ക് അത് ഇഷ്ടമാകില്ല.
പന്നിയിറച്ചിയോ ചിക്കനോ സ്ലൈസ് ചെയ്ത് മുളയുടെ തണ്ടിലിട്ട് കുരുമുളക്, പച്ചമുളക്, സെസ്വാൻ പെപ്പറോ ഏതേലും, വെളുത്തുള്ളിയും ഇഞ്ചിയും ചേർത്ത് കനലിൽ ചുട്ടെടുക്കും. നാഗാലാൻഡിലെ രുചികരമായ ഭക്ഷണമാണിത്. വേറെ മസാല ചേർക്കില്ല. ചില ഇലകൾ ചേർക്കും. സ്പ്രിങ് ഒനിയനും മറ്റും ചിലപ്പോൾ. രാജ്യത്തെ ഏറ്റവും ഹെൽത്തി മീറ്റ് പ്രിപ്പറേഷനുകളിലൊന്നായാണ്, ഇടിച്ചുലർത്തിയ, തീയിൽ ചുട്ട നാഗാ വിഭവം അറിയപ്പെടുന്നത്. പല വകഭേദങ്ങളുണ്ടതിന്. മുളയിൽ ഇറച്ചി കുത്തിനിറച്ച് തീയിൽ വെച്ച് ചുട്ടെടുക്കുന്നവ. മുളയുടെ കൂമ്പ് ചേർത്തോ വാഴക്കൂമ്പു ചേർത്ത് ഉള്ള ചിക്കനോ പന്നിയോ പുഴുങ്ങിയത്. അങ്ങനെ എത്രയോ തരം പ്രിപ്പറേഷനുകൾ.
ഓരോ ഗോത്രത്തിനും പല രീതി. അവരുടെ ആഘോഷങ്ങളിൽ പക്ഷികളെയും ജന്തുക്കളേയും വേട്ടയാടിപ്പിടിക്കുന്ന പതിവുമുണ്ട്. പല ഗോത്രങ്ങൾക്കും വേട്ടയാടുന്ന ആഘോഷങ്ങളുണ്ട്. വേട്ടയാടിയ പക്ഷിയെയും മുയലിനെയും സമ്മാനമായി നൽകും. അണ്ണാനെ പിടിച്ച് തീയിൽ ചുട്ടെടുക്കാനായി സമ്മാനം തന്നതിനെക്കുറിച്ച് കൊഹിമയിലെ മലയാളി സുഹൃത്ത് ഒരിക്കൽ എഴുതി, ഫേസ്ബുക്കിൽ. സിബാങ് എന്ന ടിബറ്റൻ മലമുകളിലെ ഗ്രാമത്തിൽ കണ്ട ചില ആചാരങ്ങളെക്കുറിച്ച് പീറ്റർ മാത്തിസൺ എന്ന സഞ്ചാരി, മഞ്ഞുപുലിയെ തേടിപ്പോയ യാത്രയിൽ പറയുന്നുണ്ട്. ഫെക്ക് ഗ്രാമങ്ങളും അവിടത്തെ മനുഷ്യരുടെ രീതി പെരുമാറ്റവും കണ്ടപ്പോ - സ്നോ ലെപ്പേഡ്- എന്ന മാത്തിസന്റെ പ്രസിദ്ധ പുസ്തകത്തെ ഓർമിപ്പിച്ചു.
പൊതുവേ വലിയ ആരോഗ്യപ്രശ്നങ്ങളൊന്നും അലട്ടാതെയാണ് നാഗാലോകത്തെ ജീവിതം എന്നത് ആശ്വാസകരമാണ്. വായു മലിനീകരണവും കീടനാശിനികളും വളരെ കുറവാണ്.
ഒപ്പമുള്ള പോലീസ് സുഹൃത്ത് കൊഹിമ എസ്.പിയായി സ്ഥലംമാറുകയാണ്, നേരത്തെ ഫെക്കിലായിരുന്നു. ഔദ്യോഗികമായി റിലീവ് ചെയ്യാനായാണ് യാത്ര. അങ്ങനെ കൂടെ പോയതാണ്. ഫെക്ക് വിട്ട് പോരുന്നതിനാൽ ചില ഗോത്രത്തലവന്മാരെ അദ്ദേഹത്തിന് കാണേണ്ടതുണ്ട്. വില്ലേജ് കൗൺസിലുകളുടെ തലവന്മാരായ പ്രായമായ മനുഷ്യർ. വിനയത്തോടെ പെരുമാറ്റം. ചായയും മറ്റും തന്നു. ഹൃദ്യമായ യാത്ര പറച്ചിൽ, ചിരി. ചിരിക്കുമ്പോ കണ്ണുകൾ നേർത്ത വരയാവുന്ന മനുഷ്യരാണ്. സ്നേഹവായ്പോടെ അവർ യാത്രയയച്ചു. നാഗാ ഷാൾ അണിയിച്ചു, സമ്മാനങ്ങൾ തന്നു. അത് നിരസിച്ചാൽ അവർക്ക് വിഷമമാകും, പിടിക്കില്ല. ഗോത്രരീതിയാണത്. സ്നേഹിച്ചാൽ അങ്ങേയറ്റം ഹൃദ്യമായി പെരുമാറുന്നവരാണ് നാഗന്മാർ. വഴക്കിന് പോയാൽ പൊടി പോലുമുണ്ടാകില്ല കണ്ടുപിടിക്കാൻ. ഫെക്കിലെ പുരോഗമന, രാഷ്ട്രീയമൊക്കെയുള്ള ചില യുവാക്കളെയും അന്നത്തെ സായാഹ്നത്തിൽ കണ്ടു. എല്ലാവരുമായും ചായ കുടിച്ചിരുന്നു കുറെ, സംസാരിച്ചു. ഒരു മലയാളി ഫാമിലിയെയും കണ്ടു. വയർലെസ് ഓപ്പറേറ്ററാണ് അദ്ദേഹം. ഭാര്യ ആരോഗ്യകേന്ദ്രത്തിലും. മക്കൾ ലണ്ടനിൽ പഠിക്കുന്നു. കോട്ടയത്ത് നല്ലൊരു വീടും കാര്യങ്ങളൊക്കെയായി. ഇനിയും സർവീസുണ്ട്, വല്ലപ്പോഴും മാത്രം നാട്ടിൽ പോകും. മുപ്പതുവർഷമോ മറ്റോ ആയി മലയിലെ തണുപ്പൻ ഏകാന്തരാജ്യത്താണ് താമസം. നാട്ടിലേക്ക് പോക്ക് മലയാളികൾക്ക് ഒരു ദീർഘസമയകലയാണ്. വല്യ ചടങ്ങാണത് നാഗാലാൻഡിൽ.
കാഴ്ചയുടെ മനോഹാരിതയും സ്വച്ഛന്ദമായ ഇടവും ഒക്കെയാണെങ്കിലും അത്യാവശ്യ മെഡിക്കൽ സാഹചര്യം വന്നാൽ ഫെക്കിൽ നിന്ന് ദിമാപൂരിലെത്തുക ദുഷ്കരമാണ്. ആശങ്കയുണ്ടാക്കുന്ന കാര്യം, ഒരാളെ ആശുപത്രിയിലെത്തിക്കുക എന്നതാണ്. മലമുകളിലെ ഗ്രാമങ്ങളുടെയെല്ലാം പ്രധാന പ്രതിബന്ധം അതുതന്നെ. കൊഹിമയിൽ ചെറിയൊരു മിലിറ്ററി ആശുപത്രിയുണ്ട്. കൊച്ചുപട്ടണങ്ങളിൽ ചെറിയ ആശുപത്രികളുണ്ട്. പക്ഷേ ചില ഘട്ടങ്ങളിൽ അത് പോരാതെ വന്നാൽ എട്ട് മണിക്കൂറെങ്കിലും വേണം ഫെക്കിൽ നിന്ന് നല്ല ആശുപത്രിയുള്ള ഇടത്തേക്ക്. വഴിയും മോശമായിരുന്നു അന്നുപോയപ്പോൾ, ദൂരം വളരെ കൂടുതലും. ഇപ്പോൾ സ്ഥിതി മാറിക്കാണുമെന്ന് പ്രതീക്ഷിക്കാം. ഫെക്കിൽ ഇത്തരം ഘട്ടത്തിൽ ഹെലികോപ്റ്ററിനെ ആശ്രയിക്കാം, പക്ഷേ, മുന്നൊരുക്കങ്ങളെല്ലാം എത്രമാത്രം വേണം, കാലാവസ്ഥയും അനുകൂലമാകണം. ആശുപത്രിയുടെ അപര്യാപ്തത നോർത്ത് ഈസ്റ്റ് ദേശത്തിന്റെ പൊതുവേയുള്ള ദുരിതമാണ്.
നാട്ടിലേക്കുള്ള യാത്രയും ബുദ്ധിമുട്ടാണ്. ദിമാപുരിൽ നിന്ന് ഒരു എയർ ഇന്ത്യ വിമാനം മാത്രമാണ് 2015 ൽ ഉണ്ടായിരുന്നത്. കൊൽക്കത്ത വഴി. പിന്നീട് ഇൻഡിഗോ ചെറിയ സർവ്വീസ് തുടങ്ങി. പൊതുവേ വലിയ ആരോഗ്യപ്രശ്നങ്ങളൊന്നും അലട്ടാതെയാണ് നാഗാലോകത്തെ ജീവിതം എന്നത് ആശ്വാസകരമാണ്. വായു മലിനീകരണവും കീടനാശിനികളും വളരെ കുറവാണ്.
ഫെക്കിനോട് വല്ലാത്ത ഇഷ്ടം തോന്നിയത് സ്വയം തിരിച്ചറിഞ്ഞു.
ഫെക്കിലെ രണ്ട് രാപകലുകൾ, കാലാവസ്ഥ, മനുഷ്യരുടെ ഹൃദ്യമായ പെരുമാറ്റം, മഞ്ഞുള്ള അന്തരീക്ഷം, ആ കാഴ്ചകൾക്ക് ഭംഗി കൂടുതലാണ്. എസ്.പി. സുഹൃത്തിന്റെ ഗൺമാൻ രസികനൊരു കക്ഷിയാണ്. അവരോടൊത്ത് തലേന്നുരാത്രി കുറെനേരം തീ കാഞ്ഞ് മഞ്ഞുകൊണ്ടിരുന്നു. വലിയ സ്നേഹവും സൗഹൃദവുമാണ്. കൊഹിമയിലെ താമസസ്ഥലത്തിന്റെ വാതിലിൽ അവൻ ആദ്യം വന്ന് തട്ടിയ ദിവസം ഇപ്പോഴോർത്താൽ ചിരി വരുമെങ്കിലും അന്ന് പാതി കിളി പറന്നുപോയിരുന്നു നെഞ്ചിൽ നിന്ന്. എസ്.പിയെ കാണാൻ ക്ഷണിക്കാൻ വന്നതാണ്. പക്ഷേ തോക്കുമായി രാത്രി ഒരു നാഗാ മനുഷ്യൻ റൂമിലേക്ക് വന്നപ്പോൾ, വല്ല മാവോയിസ്റ്റുമാണെന്നുകരുതി വെടിവെച്ചുകൊല്ലാൻ എത്തിയതാകും എന്നു കരുതി വിരണ്ടു. നോക്കിയപ്പോൾ, പുറത്ത് പൊലീസ് വണ്ടി. തീരുമാനമായെന്ന് കരുതി. അപ്പോഴാണ് എസ്.പിയുടെ ഗൺമാനാണ്, വണ്ടിയിൽ അദ്ദേഹം വെയ്റ്റ് ചെയ്യുന്നുവെന്ന് അവൻ പറഞ്ഞത്.
പിറ്റേന്നുമുതൽ പതിവുചടങ്ങുകൾ തന്നെ ആവർത്തിച്ചു തുടങ്ങണം. ഏകാന്തത, മാർക്കറ്റ് നടത്തം, പുഴുക്കളെയും പട്ടികളേയും വിൽക്കാൻ കൊട്ടയിലാക്കി വെച്ച പെണ്ണുങ്ങൾ, പട്ടാളത്തിന്റെ പതിവ് റോന്ത് ചുറ്റൽ...
ഏതായാലും ഫെക്ക് യാത്ര തീർന്നു. വീട്ടുസാധനങ്ങളുമായി പിറ്റേന്ന് അതിരാവിലെ കൊഹിമയിലേക്ക്. മലമ്പാതകളും കുലുക്കങ്ങളും മലഞ്ചെരിവിലെ വീടും കൃഷിയിടങ്ങളും കണ്ട്, ഫോട്ടോകൾ എടുത്ത് ലെക്രോമി വഴി കിലോമീറ്ററുകളുടെ മടക്കയാത്ര. ചാന്ദ്മാരിയിലെ വീട്ടിൽ രാത്രിയോടെ തിരിച്ചെത്തി. സുഖമായി കിടന്നുറങ്ങി. പിറ്റേന്ന് മുതൽ പതിവ് ചടങ്ങുകൾ തന്നെ ആവർത്തിച്ചു തുടങ്ങണം. ഏകാന്തത, മാർക്കറ്റ് നടത്തം, പുഴുക്കളെയും പട്ടികളേയും വിൽക്കാൻ കൊട്ടയിലാക്കി വെച്ച പെണ്ണുങ്ങൾ, പട്ടാളത്തിന്റെ പതിവ് റോന്ത് ചുറ്റൽ, ഐ.എൽ.പി. അഥവാ ഇന്നർലൈൻ പെർമിറ്റ് ചോദിച്ചുള്ള തോക്കുധാരികളുടെ വിരട്ടൽ, വലിയ ചന്തയ്ക്കരികിലെ ബ്യൂറോ ഓഫീസ്, ഇരിപ്പുറയ്ക്കായ്ക. ബ്യൂറോയിൽ ഇരുന്നാൽ തോക്ക്, പിരിവ് അല്ലെങ്കിൽ കോഴിക്കോട്ടുനിന്ന് വിളി, നോട്ടീസ്.▮