മല്ലിത്താലിൽ നിന്നുള്ള നയ്​നി താൽ ദൃശ്യം / Photos: Wikimedia Commons

നയ്‌നി വിളിക്കുന്നു; ജലജന്മങ്ങളെ

നയ്‌നി തടാകം ലോകത്തെ എല്ലാ കാത്തിരിപ്പുകളുടെയും കാത്തിരിപ്പാണ്. മറ്റൊരു സ്ഥലത്തും നമുക്കതു തോന്നില്ല. അത് ആരെയോ പ്രതീക്ഷിക്കുകയാണെന്ന്.

പ്രവാസം മറ്റൊരു ഇടത്തേക്കുള്ള പറിച്ചുനടലല്ല ശരിക്കും.
അവനവനിലേക്കു തന്നെയുള്ള പല യാത്രകളാണ്.
അവനവൻ തനിച്ചു നടത്തേണ്ടുന്ന പ്രാർത്ഥനകളാണ്.
അവനവനു വേണ്ടിയുള്ള അതിജീവനത്തിന്റേതായ കൊച്ചുകൊച്ചു യുദ്ധങ്ങൾ തന്നെയാവുന്നു അത്.
ഈ വസ്തുത മനസിലാവുന്നത് ഒരു ദിവസം അവിചാരിതമായി ജോലിയുടെ ഭാഗമായി ഡൽഹിയിലേക്ക് പറഞ്ഞയക്കപ്പെട്ടപ്പോഴായിരുന്നു. നീണ്ട പതിനഞ്ചു വർഷങ്ങൾക്കു ശേഷമുള്ള ഒരു തിരിച്ചുവരവിനുള്ള തുടക്കമായിരുന്നു അതെന്ന് അപ്പോൾ അറിയുമായിരുന്നില്ല.

മുമ്പു പോയപ്പോഴുണ്ടായിരുന്ന ഡൽഹി ആയിരുന്നില്ല അപ്പോഴത്തേത്.
കാഴ്ചകൾ പരിഷ്‌ക്കരിക്കപ്പെട്ടുകഴിഞ്ഞിരുന്നു.
കാഴ്ചപ്പാടുകൾ തിരുത്തപ്പെട്ടിരുന്നു.
ലാൻഡ്‌സ്‌കെയ്പ്പുകൾ പലതും മാറ്റിവരയ്ക്കപ്പെട്ടിരുന്നു.
എന്നാൽ ഡൽഹി അവിടെത്തന്നെയുണ്ടായിരുന്നു.
പലപ്പോഴായി പരിചയപ്പെട്ടുതുടങ്ങിയിരുന്ന അതിന്റെ തെരുവുകളിൽ ഞാനെന്നെത്തന്നെ വീണ്ടും കണ്ടു. ഞാനിവിടെത്തന്നെയുണ്ടായിരുന്നല്ലോ എന്നു ഞാനെന്നെത്തന്നെ പറഞ്ഞുകൊതിപ്പിക്കുകയായിരുന്നു.

അത് ഒറ്റയ്‌ക്കൊരാൾ കളിക്കുന്ന സാറ്റ്കളിയായിരുന്നു. ഞാൻ തന്നെ ഒരിടത്ത് നിന്നുകൊണ്ട് സാറ്റേ എന്ന് അലറി. ഞാൻ തന്നെ പലയിടങ്ങളിലായി ഒളിക്കുകയും ചെയ്തു. ഏതൊക്കെയോ ഒളിവിടങ്ങളിൽ നിന്ന് ഞാനെന്നെത്തന്നെ കണ്ടുപിടിക്കുകയും ചെയ്തു.

ഡൽഹി അപ്പോഴും ആൾക്കൂട്ടം തന്നെയായിരുന്നു.
വാർത്തകളും വാർത്തകളുടെ പിന്നാമ്പുറങ്ങളും എന്നും ആളൊച്ച കൊണ്ടുനിറഞ്ഞു. എന്നാൽ ഡൽഹിയുടെ ആൾക്കൂട്ടത്തിനിടയിലും വ്യക്തിപരമായ ഒറ്റപ്പെടലുകൾ ഇല്ലാതാവുന്നുണ്ടായിരുന്നില്ല.
രാജേന്ദ്രനഗറിലെ അഞ്ചാം നിലയ്ക്കു മീതെ ബർസാത്തിയിൽ ആയിരുന്നു ഞാനെന്നെ താമസിപ്പിച്ചിരുന്നത്. ഏറ്റവും മുകൾനിലയ്ക്കും മീതെയുള്ള ടെറസിൽ അങ്ങിങ്ങായി അനധികൃതമായി കെട്ടിപ്പൊക്കുന്നവയായിരുന്നു ബർസാത്തി എന്ന ഈ തുള്ളിത്തെറിച്ചതുപോലുള്ള താമസയിടങ്ങൾ. കിടപ്പുമുറിയും അടുക്കളയും ശുചിമുറിയും എല്ലാം വെവ്വേറെ. ഓരോ മുറിയിൽ നിന്നും മറ്റൊന്നിലേക്കു ഞാനെന്നെ ഓരോ ഇടവേളയിലും ഒളിപ്പിച്ചുകൊണ്ടിരുന്നു. ശരിക്കും പറഞ്ഞാൽ അത് ഒറ്റയ്‌ക്കൊരാൾ കളിക്കുന്ന സാറ്റ്കളിയായിരുന്നു. ഞാൻ തന്നെ ഒരിടത്ത് നിന്നുകൊണ്ട് സാറ്റേ എന്ന് അലറി. ഞാൻ തന്നെ പലയിടങ്ങളിലായി ഒളിക്കുകയും ചെയ്തു. ഏതൊക്കെയോ ഒളിവിടങ്ങളിൽ നിന്ന് ഞാനെന്നെത്തന്നെ കണ്ടുപിടിക്കുകയും ചെയ്തു.

ഞാനെന്നിലേക്കു തന്നെ നടത്തിയ യാത്രകളാണിവയൊക്കെയെന്നു പിന്നീടെപ്പോഴോ തിരിച്ചറിയുകയും ചെയ്തു.
ഡൽഹി ഉറങ്ങാറില്ലെങ്കിലും രാജേന്ദ്രനഗർ സാധാരണ നേരത്തേ ഉറങ്ങും.
രാത്രി വൈകി മുറിയിൽ തിരിച്ചെത്തുമ്പോഴേക്കും തെരുവുകൾ ഉറക്കം തൂങ്ങിത്തുടങ്ങിയിട്ടുണ്ടാവും. പിന്നെ, വിശാലമായ ടെറസും നക്ഷത്രങ്ങൾ തുളയിട്ട ആകാശവും മാത്രമാവും. ഇതെല്ലാം എനിക്കുവേണ്ടി തുന്നിത്തയാറാക്കി വച്ചിരിക്കുകയാണെന്നു തന്നെ ഞാൻ വിശ്വസിച്ചു.

ടെറസിൽ നിന്ന്​ കൈയെത്തിച്ചാൽ ആകാശം തൊടാൻ കഴിയുമെന്നു തോന്നുമായിരുന്നു. എത്രയോ വട്ടം ആകാശം തൊട്ടുവെന്നു നുണപറഞ്ഞെന്നെത്തന്നെ കൊതിപ്പിച്ചിരുന്നു. ആർപ്പും അലപ്പുമായി ചങ്ങാതിക്കൂട്ടങ്ങൾ നൂറിലതികം പടികളുള്ള ആകാശക്കോണി കയറിവരാത്ത ദിവസങ്ങളിൽ ഞാനും ആകാശവും മാത്രമായിരുന്നു. വല്ലപ്പോഴും മിന്നൽ പരിശോധനയ്ക്കു കയറിവരുമായിരുന്ന കുരങ്ങുപടയെ ഒഴിച്ചാൽ. രാത്രിക്കുമേൽ ആദ്യത്തെ ഐസ് ക്യൂബിടുമ്പോൾ നക്ഷത്രങ്ങളിലൊന്ന് ഇറങ്ങിവരുന്നതുപോലെ ആകാശത്ത് ഇളകിയിരിക്കുമായിരുന്നു.

മനസിൽ പൂത്തുനിന്ന പൂവാക

കനത്ത ചൂടിൽ ഡൽഹിയുടെ ഹ്രസ്വദൂരക്കാഴ്ചയിൽ നിന്നകന്ന് ഉത്തരാഖണ്ഡിലെവിടെയോ നയ്‌നി തടാകം (നയ്‌നി താൽ) കാത്തുനിൽക്കുന്നുണ്ടെന്ന തോന്നൽ. ഡൽഹിയിലേക്കു പറിച്ചുനടുന്നതിന് എത്രയോ മുമ്പു തന്നെ നയ്‌നിയെ ചെന്നുകണ്ടതിനുശേഷമായിരുന്നു ഈ കാത്തുനിൽപ്പ് തുടങ്ങിയിരുന്നത്. ഒറ്റ നോട്ടത്താൽത്തന്നെ അണുബാധയേൽപ്പിക്കുന്ന പോലെയായിരുന്നു അന്നേ നയ്‌നി. കണ്ണിൽ ഋതുക്കൾ ഒഴിച്ചുവച്ചു കാത്തിരിക്കുന്ന കാമുകി.

അത്തരമൊരു നയ്‌നിയെ മലയാളം തന്നെ പഠിപ്പിച്ചതായിരുന്നു അതിനും മുന്നേ. എം.ടിയുടെ വിമലയുടെ കാത്തിരിപ്പിന്റെ മഞ്ഞിലൂടെ. എന്നാൽ, നയ്‌നി എന്നെയും കാത്തിരിക്കുമെന്നു വിചാരിച്ചതേയുണ്ടായിരുന്നില്ല. എന്നാൽ അതും സംഭവിക്കുന്നുണ്ടായിരുന്നു. തീർത്താലും തീരാത്ത യാത്രക്കടങ്ങളായിരുന്നു അവയോരോന്നും. ഒരിക്കലും അടുത്തുപരിചയമില്ലാതിരുന്ന മഞ്ഞിന്റെയും തണുപ്പിന്റെയും മുടികളിലേക്കുള്ള ദുർന്നടപ്പുകളായിരുന്നു പിന്നീടങ്ങോട്ട് നയ്‌നിത്താലിലേക്കുള്ള തിടുക്കപ്പെടലുകൾ.

ആദ്യനോട്ടത്തിൽ തന്നെ ഞരമ്പിലേക്ക് അണുബാധയേൽപ്പിച്ച നയ്‌നി കാത്തിരിക്കുക തന്നെയായിരുന്നു. പ്രിയപ്പെട്ടവരാരോ വരാനുണ്ടെന്ന പിടിവാശിയോടെ.

പിന്നെ, അവസരം കിട്ടുമ്പോഴൊക്കെ നയ്‌നിയുടെ കരയിലേക്ക്.
ഡൽഹിയിൽ നിന്ന് പല കാരണങ്ങളും പറഞ്ഞു മുങ്ങി, രാവിലെയാകുമ്പോഴേക്കും നയ്‌നിയുടെ ജെ.സി.ബിക്കൈകളിലേക്ക് ഉയിർക്കുകയായിരുന്നു.
ദൂരം കൊണ്ട് തൊട്ടടുത്തൊന്നുമായിരുന്നില്ല അത്.
മുന്നൂറോളം കിലോമീറ്റർ വരും ബസിൽ.
വൈകുന്നേരം വൈകി ആളുകളെ കുത്തിനിറച്ച ബസിൽ ഒരു രാത്രിക്കു കൂട്ടിരുന്നുവേണം അവിടെയെത്താൻ. ഡൽഹിയെ രാത്രിബസ് പലതവണ വട്ടംവച്ചു. ബസെടുക്കാൻ വൈകുന്നു എന്ന യാത്രക്കാരുടെ പരാതികളുടെ വായ മൂടിക്കെട്ടാനായിരുന്നു അത്. എന്നാലും പോകാതിരിക്കാൻ ആവുന്നുണ്ടായിരുന്നില്ല.

ആദ്യനോട്ടത്തിൽ തന്നെ ഞരമ്പിലേക്ക് അണുബാധയേൽപ്പിച്ച നയ്‌നി കാത്തിരിക്കുക തന്നെയായിരുന്നു.
പ്രിയപ്പെട്ടവരാരോ വരാനുണ്ടെന്ന പിടിവാശിയോടെ.
മുഷിഞ്ഞാലും ഉടഞ്ഞുപൊടിഞ്ഞുപോവാത്ത സൗരഭ്യം കാത്തുവച്ച്. സന്ദർശകരോടു മനസു തുറക്കാത്ത ദേവദാരുക്കളുടെ വന്യഗന്ധമുള്ള ആർദ്രത ചേർത്തുപിടിച്ച്. പുറത്തേക്കു തുറക്കാവുന്ന വാതിൽ അകത്തുനിന്ന് ഓടാമ്പലിട്ടു കഴിഞ്ഞ ഡൽഹി വർഷങ്ങളിൽ പല തവണ നയ്‌നി താൽ എന്നെ പേരു ചൊല്ലിവിളിക്കുകയായിരുന്നു. അത്രമേൽ പ്രണയത്തോടെ. ഒഴിവാക്കാൻ പറ്റാത്ത ആ നിർബന്ധങ്ങളിൽ ഞാൻ നയ്‌നിയുടെ ആലിംഗനങ്ങളെ അറിഞ്ഞു.

കാത്തിരിപ്പുകളുടെ കാമുകി

നയ്‌നി തടാകം ലോകത്തെ എല്ലാ കാത്തിരിപ്പുകളുടെയും കാത്തിരിപ്പാണ്.
മറ്റൊരു സ്ഥലത്തും നമുക്കതു തോന്നില്ല.
അത് ആരെയോ പ്രതീക്ഷിക്കുകയാണെന്ന്.
ഡൽഹി നഗരത്തിൽ വില പേശാവുന്ന, കട്ടിമണം പൊഴിക്കുന്ന കാത്തിരിപ്പുകൾ കണ്ടിട്ടുണ്ട്.

നയ്‌നി തടാകം

എന്നാൽ നയ്‌നിയുടെ കാത്തിരിപ്പു പോലെ ഒന്നില്ല.
വരുമോ എന്ന് ഒരുറപ്പുമില്ലാത്ത ഒരു തരം പ്രതീക്ഷ.
വരാനിടയില്ല എന്നു തിരിച്ചറിഞ്ഞുകൊണ്ടുള്ള ഒരു പ്രത്യാശ.
വരില്ല എന്നറിഞ്ഞുകൊണ്ടുതന്നെയുള്ള ഒരു തിടുക്കം.
ഞാൻ പ്രവാസത്തിനിടെ കണ്ടെത്തിയ എന്റെ മലയാളത്തിൽ ആ കാത്തിരിപ്പ്, സാധാരണ മലയാളത്തിൽ നിന്നും വ്യത്യസ്തമായി, ആഴത്തിൽ മുറിവേൽപ്പിക്കുന്ന ഒരു വേദനയാണ്.
നയ്‌നിത്തടാകക്കരയിൽ ഞാൻ കാത്തിരിപ്പിന്റെ പല നോവുകൾ അറിഞ്ഞു. പ്രിയപ്പെട്ടവൻ വരുമെന്നു കാത്തിരുന്ന ‘വിമല' യുടെ പ്രതീക്ഷയുടെ ഓളത്തുടിപ്പ്. ശിവന്റെ പാദപതനങ്ങൾക്കു കാത്തിരിക്കുന്ന സതിയുടെ ജഡക്കണ്ണിലെ കാത്തിരിപ്പാണു നയ്‌നിയെന്നു പുരാണം. അത്രി, പുലസ്ത്യ, പുലാഹ ഋഷിമാരുടെ ജലത്തെക്കുറിച്ചുള്ള ആകാംക്ഷ.

രാത്രി വൈകി, ഓളപ്പരപ്പിൽ തുഴശബ്ദമുണ്ടാക്കിക്കൊണ്ടു പോകുന്ന വഞ്ചി ഒരു താരാട്ടു പോലെ ഉറക്കത്തിനു മീതെ നീങ്ങുന്നു. നമ്മൾ ഇരുട്ടിനെ ഉറക്കാൻ ശ്രമിക്കുകയാണ്. ആരോ വന്നു പിന്നിൽക്കൂടി ഇറുകെ പൂണ്ടടക്കം പിടിക്കുന്നുണ്ടോ എന്നു സംശയിക്കുന്നു.

പിന്നെ എന്താണ് നയ്‌നി?

എന്നാൽ, ഈ കാത്തിരിപ്പോ മടുപ്പോ ആകാംക്ഷയോ കാണാനല്ല എന്നെ നയ്‌നി വിളിക്കുന്നത്.
അണച്ചുപിടിക്കുന്ന പല ആലിംഗനങ്ങളാണ്​ നയ്‌നി.
ചേർത്തുപിടിക്കുന്ന നെഞ്ചുമിടിപ്പുകൾ.
ഭൂമിയിൽ നിന്ന് അടർത്തിക്കോരിയെടുക്കുന്ന ജെ.സി.ബിക്കൈകൾ.
സാധാരണ വിനോദസഞ്ചാരക്കണ്ണുകളിലൂടെ കണ്ട് തൃപ്തിയടയേണ്ടുന്ന ഒരു വെള്ളക്കെട്ടല്ല നയ്‌നി. ഹിമാലയത്തിന്റെ തെക്കേ അറ്റത്തെ ഏതോ ഓർമയുടെ കണ്ണീർച്ചാലല്ല അത്.

നയ്‌നി, അവനവന്റെ തന്നെ മനസിന്റെ കാമനകളിലേക്കു തുറക്കുന്ന ജലക്കണ്ണാടി. അതിൽ എല്ലാം തെളിഞ്ഞുവരും. പ്രതീക്ഷിക്കാനാവാത്തതും അറിയാത്തതും. ഓർക്കുന്നതും ഓർക്കാനിരിക്കുന്നതും. ദേവദാരുക്കളുടെ തണുപ്പും പ്രാർഥനയും നിറച്ചുവരുന്ന കാറ്റ് നയ്‌നിയുടെ ആലിംഗനങ്ങളാവുന്നു. നയ്‌നി വെറും വെള്ളക്കെട്ടോ തടാകമോ ആകാത്തതും അതുകൊണ്ടുതന്നെ.
രാത്രി വൈകി, ഓളപ്പരപ്പിൽ തുഴശബ്ദമുണ്ടാക്കിക്കൊണ്ടു പോകുന്ന വഞ്ചി ഒരു താരാട്ടു പോലെ ഉറക്കത്തിനു മീതെ നീങ്ങുന്നു.
നമ്മൾ ഇരുട്ടിനെ ഉറക്കാൻ ശ്രമിക്കുകയാണ്.
ആരോ വന്നു പിന്നിൽക്കൂടി ഇറുകെ പൂണ്ടടക്കം പിടിക്കുന്നുണ്ടോ എന്നു സംശയിക്കുന്നു.

സഞ്ചാരികളൊഴിഞ്ഞ നയ്‌നി തടാകം

സ്വപ്നമാണോ എന്ന് ജന്മങ്ങളെ നുള്ളിനോക്കുന്നു.
കുളിർകാറ്റിൽ ഒറ്റയ്ക്കാവുമ്പോഴും ഉണ്ട്, ആരോ.
തിരക്കിട്ട ഒരു ഓട്ടക്കാഴ്ചയ്ക്കും അപ്പുറത്താണ് അത്.
ബോട്ടിങ് എന്ന പതിവുവിനോദസഞ്ചാര ആചാരങ്ങൾക്കും അപ്പുറത്താണ്. നയ്‌നിയുടെ ആലിംഗനങ്ങൾ പറ്റി ഇരുട്ടിൽ ഓരോ ജന്മങ്ങൾക്കു കാവലിരിക്കണം. മറ്റൊന്നും ചെയ്യാനില്ലെന്ന തിരിച്ചറിവിൽ നയ്‌നിക്കരയിലെ നീളൻ കാഴ്ചക്കസേരയുടെ ഓരം പറ്റി ഉണ്ട് ആരോ.
ആ ആരോ ഒരാൾക്കു ഓരോരുത്തർക്കും മനസടുപ്പമുള്ള ആരുടെയും പേരിടാം. നിയോൺ വിളക്കിന്റെ നോട്ടമെത്താത്ത അങ്ങേക്കരയിൽ പെഡൽ ബോട്ടുകളുടെ ശബ്ദം സ്വന്തം ഹൃദയമിടിപ്പായി തോന്നും.
സഞ്ചാരികളൊഴിയുന്ന നയ്‌നിക്കരയിൽ രാത്രി ഒരിക്കലും ഉറങ്ങാറില്ല. പ്രവാസികളുടെ മനസിലാണു രാവും പകലും. നയ്‌നി ഉറങ്ങുന്നതേയില്ല. ഉറക്കം നടിച്ചു തിരിഞ്ഞുകിടന്നുറങ്ങുകയാണെന്നു തോന്നും. അതു നമ്മളിൽ ഉറക്കം നിറയ്ക്കാനാണ്.

നയ്‌നിയുടെ കാത്തിരിപ്പിനു ചുറ്റും കാലം ഘടികാരവട്ടത്തിന്റെ വേഗത്തിലല്ല.
മാൾ റോഡിലെ വില പേശലിന്റെയും കാഴ്ചപ്പൂരത്തിന്റെയും ആരവത്തിന്റെയും മനുഷ്യനിർമിത നിമിഷക്കണക്കിലല്ല.

നിലാവിൽ വെള്ളപ്പട്ടുടുത്ത് അവളങ്ങനെ കിടക്കും.
മധുവിധു നുകരുന്നവരും നയ്‌നിയുടെ പുറംമിനുപ്പിൽ സൗന്ദര്യം കാണാനെത്തുന്നവരും കൂടണഞ്ഞുകഴിയണം.
അപ്പോഴേ നയ്‌നി വിരഹികളോടു സംവദിച്ചുതുടങ്ങൂ.
നഷ്ടപ്രണയികളിൽ ചിരപുരാതനമായ വേദനയുടെ ഓളിളക്കം.
പതിവുകാഴ്ചകളിൽ ആർക്കുന്ന സന്ദർശകപ്പരിഷകൾക്ക് അതു മനസിലായെന്നു വരില്ല. തീനും കുടിയും വിലപേശലും കഴിഞ്ഞു ദേഹങ്ങളുടെ ഉത്സവപ്പെരുക്കങ്ങളിലേക്ക്, കൊട്ടിക്കയറ്റങ്ങളിലേക്ക് അവരുടെ രാത്രികൾ ശ്വാസംപൊട്ടിച്ചുതുടങ്ങിയിരിക്കും.
രാത്രി മുഴുവൻ ഞാനും നയ്‌നിയും കാത്തിരിപ്പുകൾ പങ്കിട്ടെടുത്തു. കൂട്ടിന്, ഉടലിന്റെ പെരുമാറ്റമര്യാദകൾ ചോർത്തിക്കളയുന്ന ചഷകത്തിന്റെ നിറഞ്ഞൊഴിയുന്ന യൗവനങ്ങളും.

നയ്‌നിയുടെ കാത്തിരിപ്പിനു ചുറ്റും കാലം ഘടികാരവട്ടത്തിന്റെ വേഗത്തിലല്ല.
മാൾ റോഡിലെ വില പേശലിന്റെയും കാഴ്ചപ്പൂരത്തിന്റെയും ആരവത്തിന്റെയും മനുഷ്യനിർമിത നിമിഷക്കണക്കിലല്ല.
പ്രലോഭനങ്ങൾ വാരിയണിഞ്ഞ ദേഹങ്ങളുടെ ആസക്തിയുടെ രഥവേഗത്തിലല്ല. വൈകുന്നേരങ്ങൾ നയ്‌നിയോടൊപ്പം രാത്രി കഴിഞ്ഞും നീളുന്നു.
പല പച്ചകളുടെ വർണരാജി മിഴി നീട്ടുന്ന മരങ്ങൾക്കിടയിലെ കാഴ്ചക്കസേരയിൽ അലസമായിരുന്നാൽ, സന്ധ്യത്തണുപ്പിലെ ഇളം കാറ്റിൽ മരങ്ങൾക്കിടയിൽ നയ്‌നിക്ക് അതൊരു കൂട്ടിരിപ്പാവും.
റോഡരുകിലെ നിയോൺ വിളക്കിൽ നിന്ന് പാളിയെത്തുന്ന അരണ്ട വെളിച്ചത്തിൽ നയ്‌നിയുടെ ഓളപ്പരപ്പിൽ തുഴവള്ളത്തിനു കാറ്റുപിടിക്കും. അപ്പോൾ മനസിലേക്ക് ഒരു ഉരുൾ പൊട്ടിയെത്തും.

സഞ്ചാരികളെ കാത്ത്​ നയ്​നിത്താൾ

അതിനിടയിലും കാത്തിരിപ്പിന്റെ നൊമ്പരവും വേർപാടിന്റെ വിലാപങ്ങളുമായി നയ്‌നിക്കു പറയാനുള്ളതും കേൾക്കാതിരിക്കാനാവില്ല. പ്രണയനിരാസത്തിന്റെ പൊടിമഞ്ഞു പൊതിഞ്ഞുനിൽക്കും.

മനസിനകത്തേക്കുള്ള ഒറ്റയടിപ്പാതകൾ

തെക്കൻ മലനിരയുടെ സ്‌നോ പോയിന്റിൽ നിന്ന് മഞ്ഞുപുതഞ്ഞ ഹിമാലയൻ മുടിയിഴകളിലേക്കു നോക്കുമ്പോൾ എവിടെയോ കണ്ടുപരിചയമുള്ള മൺനിർമിതികളാണെന്നു തോന്നും.
ഇതെന്റെ സ്വന്തം മലനിരകൾ തന്നെയാണെന്നു ഞാൻ മാറ്റിവരയ്ക്കുകയാണ്. തടാകക്കരയിൽ നിന്ന് കിലോമീറ്ററുകളോളം ഒറ്റയ്ക്കു നടക്കുക. കൂട്ടിനു സ്വന്തം ഏകാന്തത മാത്രമേയുണ്ടാവൂ. മലമുടിയുടെ ആകാശച്ചെരുവിലേക്ക് ഒരു ഒറ്റയടിപ്പാത മെല്ലെ നടന്നുതുടങ്ങുമപ്പോൾ. മരങ്ങളുടെ തണൽമറ പറ്റി ഏതോ ഒരു നിഴൽ.
ഈ വഴിയേ, ഇക്കാലമത്രയും നടന്നത് നിഴലുകൾ മാത്രമാണെന്നു തിരിച്ചറിയും. നടത്തത്തിനിടെ കാത്തുവച്ച മൗനം പതുക്കെ മിണ്ടിത്തുടങ്ങും.
കൊടും വിജനതയിൽ അതു കേൾക്കും.
അതിന്റെ ഭാഷ ഞാനുണ്ടാക്കിയ ഭാഷയല്ലാതെ വേറെന്ത്?
ഈ ഒറ്റയടിപ്പാത ഏതെങ്കിലും പേരിട്ടുവിളിക്കുന്ന കാട്ടുവഴിയല്ല.
മറിച്ച്, നമ്മളെന്നും മനസിൽ കൊണ്ടുനടന്ന ഉയരങ്ങളുടെ നേർക്കാഴ്ചയാണ്. മലയുടെ അടിവയറ്റിൽ നിന്ന് തണുപ്പിന്റെ നേർത്ത വിരലുകളുള്ള ഒരിളം കാറ്റു വന്നു പൂണ്ടടക്കം പിടിച്ച് ഉമ്മവയ്ക്കും. ഒരു പൂമ്പാറ്റ അതിന്റെ ഈറൻകണ്ണു വിടർത്തിനോക്കും. പ്രകൃതി തന്നെ നട്ടുവച്ച പേരറിയാത്ത ഏതോ വിത്ത് ആരോ ചവിട്ടിക്കളഞ്ഞ മണ്ണു തുവർത്തി ഞാനിവിടെയുണ്ട് എന്നു പറയുന്നുണ്ടാവും. മറ്റെന്തുണ്ട് ഒരാളെ അയാളിലേക്കു തന്നെ കൺതുറപ്പിക്കാൻ. വാടകച്ചീട്ടു പറ്റി കണ്ടുതീർത്ത കിനാവുകളും ഖണ്ഡഃശ മഷിയിട്ടുമിനുക്കിയ ജീവിതവും ധൂർത്തടിച്ചഴിച്ചുമാറ്റിയ വേഷങ്ങളും മനസിലിട്ടു നടന്നുതീർത്ത വഴികളും കൊറിച്ചുതീർന്ന എന്നെപ്പോലെ ഒരാളെ.

ആകാശത്തിന്റെ അടിവയറ്റിലൂടെ

ആകാശത്തേക്കു കൈപിടിച്ചുകയറുന്ന മലമുടികളുടെ കണക്കെടുക്കുമ്പോൾ എണ്ണിയെണ്ണിക്കണക്കു തെറ്റും, പ്രധാനപ്പെട്ടവ തന്നെ രണ്ടു കൈവിരലുകളിലും എണ്ണാൻ മാത്രമുണ്ട്. ദേവ്പട്ട ( 2273 മീറ്റർ), ഹന്ദി ബന്ദി ( 2139), ചീന - നയ്‌ന - (2611), ആയർപട്ട ( 2235), അൽമ ( 2270), ലാരിയാ കാന്ധാ ( 2481), ഷേർ കാ ദാന്താ ( 2217). നയ്‌നി താലിനെ ( നൈനിറ്റാൾ) ഉള്ളംകൈയിൽ വച്ചുപിടിക്കുന്ന ഈ കുമാവോൺ കുന്നുകൾ 1814 ൽ ആരംഭിച്ച രണ്ടു വർഷത്തെ യുദ്ധത്തിനൊടുവിലാണ്​ബ്രിട്ടീഷുകാർ പിടിച്ചെടുത്തത്.

കടന്നുകയറുന്ന കോളനികളിലെ ഇംഗ്ലണ്ട് സമാന കാലാവസ്ഥയുള്ള സ്ഥലങ്ങളോടുള്ള കാമുകന്റെ ആസക്തിയാണ് ബ്രിട്ടീഷുകാരന്. സമുദ്രനിരപ്പിൽ നിന്ന് 2084 മീറ്റർ ഉയരത്തിലുള്ള നയ്‌നിതാലിനെ നൈനിറ്റാളാക്കിയതും അവിടെ ഇംഗ്ലീഷ് അടയാളങ്ങൾ കോറിയിട്ടതും അതേ ആസക്തി. അതിന്റെ പരിണാമമാണ്, തടാകത്തിന്റെ കിഴക്കൻ കരയിൽ ഇന്ന്​ കൂൺ പോലെ മുളച്ചുയർന്ന കോൺക്രീറ്റ് കാട്. എന്നാൽ പടിഞ്ഞാറേ കരയിൽ അൽപ്പമെങ്കിലും പച്ചപ്പ് ബാക്കി. ഒരു കാലത്ത്​വെളിച്ചം കടക്കാത്ത കാടുകളുടെ സാന്നിധ്യമുണ്ടായിരുന്നതിന്റെ ഓർമയ്ക്ക്. ആകാശം മറച്ചുപിടിച്ച പച്ചിലക്കാടുകളിൽ തോട്ടം നിർമാണം പൊടിപിടിച്ചപ്പോൾ ബാക്കിയായത് ഒരു കാലം സ്വാഭാവിക വനമായി കാടുപിടിച്ചതിന്റെ ഓർമ.
തുള വീണ ആ ഓർമകൾക്കിടയിലൂടെ രണ്ടോ മൂന്നോ മണിക്കൂർ നീളുന്ന കുതിരസവാരിക്കിടെ, മനസിൽ ബാക്കിനിൽക്കുന്ന സ്വന്തം ഓർമകളെല്ലാം തികട്ടിയെത്തും. മെലിഞ്ഞ കാട് അതെല്ലാം ഓർമിപ്പിച്ചെടുക്കും.
വിരഹികളുടെ ഓർമയ്ക്കുമീതെ പച്ചമേലാപ്പ് ഒരു തുള്ളി നിശ്വാസമുതിർത്തെന്നിരിക്കും. തടാകത്തിനു വടക്കു ഭാഗത്തെ വിജനതയിലെ സെൻറ്​ ജോൺ പള്ളിമുറ്റത്തും നാം തനിച്ചാവും. ചുറ്റും നിന്ന് ഒരുപാട് കൊച്ചുകൊച്ചു ശബ്ദങ്ങൾ ഓർമയിൽ നിന്നെന്ന പോലെ വിയർക്കും. പേരറിയാത്ത കാടിന്റെ ഹൃദയമിടിപ്പുകൾ. ഏതോ കാട്ടുപൂമ്പൊടിയുടെ മദഗന്ധം.

മുഖത്തേയ്ക്കിറ്റുവീഴാവുന്ന വിരഹികളുടെ ഓർമയ്ക്കു മീതെ പച്ചമേലാപ്പ് ഒരു തുള്ളി നിശ്വാസമുതിർത്തെന്നിരിക്കും.
തടാകത്തിനു വടക്കു ഭാഗത്തെ വിജനതയിലെ സെന്റ് ജോൺ പള്ളിമുറ്റത്തും നാം തനിച്ചാവും.
ചുറ്റും നിന്ന് ഒരു പാട് കൊച്ചുകൊച്ചു ശബ്ദങ്ങൾ ഓർമയിൽ നിന്നെന്ന പോലെ വിയർക്കും.
പേരറിയാത്ത കാടിന്റെ ഹൃദയമിടിപ്പുകൾ.
ഏതോ കാട്ടുപൂമ്പൊടിയുടെ മദഗന്ധം.
മുഖത്തേയ്ക്കിറ്റുവീഴാവുന്ന ഒരു ജലത്തുള്ളിയുടെ ഉള്ളിലെ മഴത്തുടിപ്പുകൾ. മനസിനകത്ത് ഒരു മഴമേഘം കാറിക്കരഞ്ഞുനിൽക്കുകയാവും. നീറ്റലിന്റെ ഒരു അമ്ലസ്പർശം. ഒരു യാത്രയിൽ, ഏതോ പ്രാക്തനമായ ഓർമയുടെ പൊള്ളലിൽ പള്ളിമുറ്റത്തെ ഏകാന്തതയിൽ എഴുതിച്ചേർത്ത രണ്ടുവരി ഇങ്ങനെ:

ഈ കാനനവിജനതയിലെ കുരിശുപള്ളിയിൽ ആരാർക്കുവേണ്ടി പരസ്പരം കൊളുത്തുന്നു മെഴുകുതിരികൾ, നമ്മൾ.

സ്വന്തം ഭാഷയിൽ നിന്നും സ്വന്തം പരിസരങ്ങളിൽ നിന്നും വലിച്ചെറിയപ്പെടുന്നവർ അവരുടേതായ ഭാഷയും പുതിയ പരിസരങ്ങളും നിർമിക്കുകയാണ്. നഷ്ടപ്പെടലിനെ ആഘോഷമാക്കുകയാണ്. മലയാളത്തെ ഓർമയായി വിലപിക്കുകയല്ല, മലയാളത്തെ വർത്തമാനമായി കൊണ്ടുനടക്കുകയാണ്. എത്ര കുടഞ്ഞെറിഞ്ഞാലും പിരിഞ്ഞുപോകാത്ത രീതിയിൽ.

പച്ചപ്പിന്റെ ഈ അനശ്വര കണ്ണാടിയിലേക്കു നോക്കുമ്പോൾ കാണുന്നത് അവനവനെ / അവളവളെ തന്നെയാണ്. 2292 മീറ്റർ ഉയരത്തിലെ മലമടക്കിലെത്തുമ്പോഴേക്കും സ്വന്തം ജീവിതം തന്നെ ഒരാവർത്തി കൂടി വായിച്ചുതീർത്തിരിക്കും

ടിഫിൻ ടോപ്പും ഡൊറോത്തി സീറ്റും

തടാകക്കരയിൽ നിന്ന് ആറു കിലോമീറ്ററോളം വനഗർഭത്തിലേക്ക് ഏകാന്തതയുമായി കൈകോർത്തു നടക്കണം.
അല്ലെങ്കിൽ, ആളകമ്പടിയോടെ കുതിരപ്പുറത്ത്.
നൈനിറ്റാളിലെ ഏറ്റവും ഉയർന്ന ഇടമായ നയ്‌നി മലമുടിയുടെ ആകാശച്ചെരുവിലൂടെ ഒരു ഒറ്റയടിപ്പാത പതുക്കെ നടന്നുതുടങ്ങിക്കഴിഞ്ഞിട്ടുണ്ടാവും. കാലം നടന്ന വഴിയിൽ ആരുടെ നിഴലാവും മരങ്ങൾക്കിടയിൽ ഒളിച്ചുകളിക്കുന്നത് എന്നു സംശയിപ്പിച്ച്. മലകയറിച്ചെല്ലുന്ന പഥികനെ കാത്തിരിക്കുന്നത്​ കാഴ്ചകളുടെ നിറവസന്തം. നിഴലുകളുടെ വർണരാജി. ജീവന്റെ നൈര്യന്തരം അടയാളപ്പെടുത്തുന്ന പൊക്കിൾക്കൊടി. ദൂരെ മഞ്ഞിന്റെ അങ്കിയണിഞ്ഞ ഹിമാലയൻ നിരകൾ. താഴെ കണ്ണുവിടർത്തി നമ്മളെത്തന്നെ നോക്കിയിരിക്കുന്ന നയ്‌നി ജലപ്രതിഷ്ഠ. തടാകക്കരയിൽ തടിച്ചും മെലിഞ്ഞും ആക്കുന്ന ജനപദം.

ടിഫിൻ ടോപ്പിലേക്കുള്ള യാത്രയും നമ്മുടെ തന്നെ ഓർമകളിലേക്കുള്ള മടക്കയാത്ര. ദേവദാരുക്കളും പൈൻമരങ്ങളും ചുറ്റി ഈർപ്പവും പച്ചയും മണക്കുന്ന വഴിയിലൂടെയിലൂടെ തണൽ നൂണ്ടുകടക്കുന്നത് നമ്മുടെ മനസുകളിലേക്കല്ലാതെ മറ്റെവിടേക്കാണ്? അതിന് ഈ ദേവാരണ്യത്തിൽ വരേണ്ടതുണ്ടായിരുന്നോ എന്ന ചോദ്യം ന്യായം. അത് ഉത്തരമില്ലാത്ത ഒരു ചോദ്യമാണ് എന്നറിയുകയാണ് ഇവിടെ വന്നതുകൊണ്ടുള്ള ആദ്യ തിരിച്ചറിവ്.

ടിഫിൻ പീക്ക്

ലോകത്തിന്റെ പുറംമോടികളിൽ നിന്നും പുറംപൂച്ചുകളിൽ നിന്നും മാറിനിൽക്കണം. അവനവനിലെ അവനെ / അവളെ തനിക്കുമാത്രമായി തിരിച്ചുകിട്ടാൻ. നയ്‌നിക്കാടുകൾ വെറുമൊരു വിനോദസഞ്ചാരക്കാഴ്ചയ്ക്കും അപ്പുറത്തേക്ക് അലയുന്നവനെ കൂട്ടിക്കൊണ്ടുപോകുന്നത് അതുകൊണ്ടാണ്.
പച്ചപ്പിന്റെ ഈ അനശ്വര കണ്ണാടിയിലേക്കു നോക്കുമ്പോൾ കാണുന്നത് അവനവനെ / അവളവളെ തന്നെയാണ്. 2292 മീറ്റർ ഉയരത്തിലെ മലമടക്കിലെത്തുമ്പോഴേക്കും സ്വന്തം ജീവിതം തന്നെ ഒരാവർത്തി കൂടി വായിച്ചുതീർത്തിരിക്കും. ടിഫിൻ പീക്ക് മറ്റൊരു ഓർമയുടെ നിത്യസ്മാരകം കൂടിയാണ്. ബ്രിട്ടീഷ് ചിത്രകാരി ഡൊറോത്തി കെലെറ്റിനെപ്പറ്റിയുള്ള ഓർമയുടെ. ഈ സ്മാരകത്തിന് ഡൊറോത്തിയുടെ ഇരിപ്പിടം എന്നും പേർ. വിമാനാപകടത്തിലെ വേർപാടിന്റെ നീറ്റൽ കല്ലിലും ഭാവനയിലും ഉയിർക്കുന്നു.

നയ്‌നിയല്ലാതെയും തടാകങ്ങൾ

നയ്‌നി മലങ്കൂട്ടങ്ങൾക്കിടയിലെ അടയാത്ത കണ്ണാണെങ്കിൽ, അതേക്കാളും വലുതും ചെറുതുമായ ഒരു ഡസനോളം വേറെയുമുണ്ട്, തടാകങ്ങൾ. നയ്‌നിയേക്കാൾ വലുതും സമുദ്രനിരപ്പിൽ നിന്ന് 1370 മീറ്റർ ഉയരത്തിലുള്ളതുമായ ഭീം താൽ മുതൽ ഒമ്പതു മൂലകളുള്ള നൗ കുചിയാ താൽ വരെ. നയ്‌നിയിൽ നിന്ന് ഇരുപത്തിനാലു കിലോമീറ്റർ അകലെ സപ്ത തടാകം ( സാത് സാൽ). അന്യോന്യം കൈകോർത്തുകിടക്കുന്ന സ്വച്ഛതയുടെ ഏഴു കണ്ണീർത്തടാകങ്ങൾ. എന്നാൽ നയ്‌നിയോളം വരില്ല ഒന്നും. ആരെയും കാമുകപ്പെടുത്തുന്ന ആ മെയ്യഴകും മേനിയളവുകളും. നയ്‌നിയിലേക്കു നോക്കിയിരിക്കുമ്പോൾ ആരും അയാളെത്തന്നെയാണു കാണുന്നത്. പുറംകാഴ്ചയല്ല, മനസിനകത്തെ മറുലോകക്കാഴ്ചകൾ.

വറ്റിപ്പോകുമോ ഒരു നാൾ നയ്‌നി

നൈനിറ്റാൾ പട്ടണത്തിന്റെ കുടിവെള്ളക്കലമാണ് നയ്‌നി തടാകം.
പ്രകൃത്യാലുള്ള അടിപ്പാറ ജലസങ്കേതങ്ങളും കാലവർഷവുമാണ് ജലസമൃദ്ധി. അനധികൃത കെട്ടിട നിർമാണവും അസ്വാഭാവിക വികസനവും നയ്‌നിയുടെ ആഴങ്ങളെ ചതിച്ചു. ജൈവവൈവിധ്യത്തിനു പേരുകേട്ട തെക്കൻ ഹിമാലയശൃംഗങ്ങളിലെ മടക്കുകളിൽ പച്ചപ്പ് കരിഞ്ഞു. തിക്കിക്കയറിയ മനുഷ്യൻ വരുത്തിവച്ച വിഷമാലിന്യങ്ങളിൽ മലമടക്കുകളിൽ മരണം മണത്തു.
ഇങ്ങു താഴെ നയ്‌നിയുടെ ഗർഭപാത്രത്തിലും ദുരന്തങ്ങൾ കുരുത്തു. നദിത്തട്ടിലെ പല ഭാഗങ്ങളിലും ജലജീവികളുടെ ശവപ്പറമ്പായി. ലേയഖരങ്ങളുടെ അളവു കണ്ടമാനം കൂടിയെന്നു വിദൂരസംവേദന ഇൻസ്റ്റിറ്റ്യൂട്ട് കണ്ടെത്തിയിട്ടും അധികം കാലമായിട്ടില്ല.

അന്തരീക്ഷത്തിലെ ഖരകാർബണിന്റെയും ഓസോണിന്റെയും അളവ് ആരോഗ്യകരമായ അളവിന്റെ മൂന്നിരട്ടിയായി വർധിക്കുന്നുണ്ട് ഓരോ കാട്ടുതീയ്ക്കു ശേഷവും. നയ്‌നി പട്ടണത്തെ ശ്വാസംമുട്ടിച്ചു കൊല്ലാൻ മാത്രം അപകടകരമായ അളവാണിത്

കഴിഞ്ഞ നാൽപ്പതു വർഷത്തിനിടെ നയ്‌നിയുടെ ആഴത്തിൽ പത്തുമീറ്റർ കുറവുവന്നിരിക്കുന്നു. അനധികൃത നിർമാണം, നഗരമാലിന്യങ്ങൾ അടിഞ്ഞുകൂടുന്നതു തുടങ്ങിയ കാരണങ്ങളാൽ. വൃഷ്ടിപ്രദേശങ്ങളിലെ കൈയേറ്റങ്ങൾ, വർധിച്ചുവരുന്ന നഗരദാഹം തുടങ്ങിയവയും കാരണങ്ങളാണ്. പ്രതിദിനം രണ്ടുകോടി ലിറ്റർ ജലമാണ് പട്ടണത്തിന്റെ ദാഹമകറ്റാൻ തടാകത്തിൽ നിന്നെടുക്കുന്നത്. 2017 ൽ ജലവിതാനം പേടിപ്പെടുത്തുന്ന വിധത്തിൽ താഴുകയുണ്ടായി. ഭൂനിരപ്പിൽ നിന്ന് 18 അടിയോളം താഴത്തേക്ക്. തുടർന്നായിരുന്നു അതുവരെ കേൾക്കാത്ത വെള്ളം റേഷൻ ഏർപ്പെടുത്തിയത്. 2018 ൽ ജലവിതരണം പാതിയാക്കിയപ്പോൾ സഞ്ചാരികളുടെ സന്തോഷത്തിൽ ജീവിക്കുന്ന നഗരത്തിൽ കണ്ട വേവലാതി ചില്ലറയായിരുന്നില്ല. ഉത്തരാഖണ്ഡ് കാടുകളിൽ അടിക്കടിയുണ്ടാകുന്ന കാട്ടുതീയും വില്ലൻ.

സ്വച്ഛന്ദത കൂടുവച്ച ഉച്ചമുടികളുടെ ആരോഗ്യത്തിൽ വിള്ളലുണ്ടാക്കുന്നു. അന്തരീക്ഷത്തിലെ ഖരകാർബണിന്റെയും ഓസോണിന്റെയും അളവ് ആരോഗ്യകരമായ അളവിന്റെ മൂന്നിരട്ടിയായി വർധിക്കുന്നുണ്ട് ഓരോ കാട്ടുതീയ്ക്കു ശേഷവും. നയ്‌നി പട്ടണത്തെ ശ്വാസംമുട്ടിച്ചു കൊല്ലാൻ മാത്രം അപകടകരമായ അളവാണിത്. മലിനീകരണത്തിന്റെ കാര്യത്തിൽ നയ്‌നി ഡൽഹിയോടു കട്ടയ്ക്കു കട്ട നിൽക്കും.

ഡൽഹിയിലെ ഒരു തെരുവ്​

പട്ടണഹൃദയത്തിൽ നിന്ന് കിലോമീറ്ററുകൾ അകലെയുള്ള ആര്യഭട്ട റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്‌സർവേഷനൽ സയൻസസ് (ഏരീസ്) കാംപസിലാണു നയ്‌നിയുടെ അന്തരീക്ഷ ആരോഗ്യത്തെക്കുറിച്ചു പരീക്ഷണങ്ങൾ നടത്തിയത്. അങ്ങനെ വരുമ്പോൾ പട്ടണത്തിലും നയ്‌നിയുടെ മുടിക്കെട്ടുകളിലുമുള്ള മലിനീകരണം ആ കണക്കനുസരിച്ച് , കൂടുതൽ ശ്വാസം മുട്ടിക്കുന്നതായിരിക്കും എന്ന് ഉറപ്പ്.

നയ്‌നിക്ക് പ്രകൃതിദുരന്തം പുതിയ കാര്യമൊന്നുമല്ല. 1880 സെപ്റ്റംബറിലെ ഉരുൾപൊട്ടലിൽ നൂറ്റമ്പതോളം പേരുടെ ജീവനാണ് പൊലിഞ്ഞത്. 1866 ലും 1879 ലും ഉരുൾപൊട്ടിച്ച് ഹിമാലയം അതിന്റെ ദുർബലതയെ അറിയിച്ചിരുന്നു. കനത്ത മഴയും ഭൂമിയുടെ കുത്തനെയുള്ള ചെരിവുമാണു കാരണക്കാരായിരുന്നത്. തടാകത്തിന്റെ വടക്കു ഭാഗത്തുണ്ടായിരുന്ന നയ്‌നി ക്ഷേത്രം ഉരുൾപൊട്ടലിൽ തകർന്നിരുന്നു.

നാടൻ ഓക്കുമരക്കാടുകളെ കൊത്തിയടുക്കി വെള്ളക്കാർ നട്ടത് വളരെ വേഗത്തിൽ വളരുന്ന പൈൻ മരങ്ങൾ. ഇംഗ്ലീഷുകാർക്കെതിരെ 1920 കൾ തുടങ്ങി ഉയർന്ന ശബ്ദങ്ങൾ ശാശ്വത വിജയം കണ്ടില്ല. ഫലം; ധാരാളം വെള്ളം ഊറ്റിക്കുടിക്കുന്ന, പൈൻ തെക്കൻ നിരകളുടെ മേൽവസ്ത്രമായി.

അട്ടിമറിച്ചത് വെള്ളക്കാർ

പോകുന്നിടത്തെല്ലാം ഇംഗ്ലണ്ടിലെ കാലാവസ്ഥ വേണമെന്ന് വാശിപിടിച്ചു ഇന്ത്യയിലെ കുന്നുകളെയും മലകളെയും നോട്ടമിട്ടപ്പോൾ തുടങ്ങിയതാണ് തെക്കൻ ഹിമാലയത്തിന്റെയും കഷ്ടകാലം. സ്വതവേ ദുർബല മലനിരകളായ ഹിമാലയത്തിന്റെ സ്വാഭാവിക സസ്യവൈവിധ്യത്തെയാണ് ബ്രിട്ടീഷുകാർ അട്ടിമറിച്ചത്. ഹിമാലയത്തിന്റെ തെക്കൻ നിരകളിൽ സുലഭമായുണ്ടായിരുന്ന ദേവദാരു, സാലവൃക്ഷം, ഓക് മരം എന്നിവയ്ക്കു പകരം അവർ കൊണ്ടുവന്നതായിരുന്നു പൈനും ചവോക്ക് മരങ്ങളും.
നാടൻ ഓക്കുമരക്കാടുകളെ കൊത്തിയടുക്കി വെള്ളക്കാർ നട്ടത് വളരെ വേഗത്തിൽ വളരുന്ന പൈൻ മരങ്ങൾ. തെക്കൻ ഹിമാലയനിരകളിൽ ഇംഗ്ലീഷുകാർക്കെതിരെ 1920 കൾ തുടങ്ങി ഉയർന്ന ശബ്ദങ്ങൾ ഈ പൈൻമരങ്ങൾ വച്ചു പിടിപ്പിക്കുന്നതിനെതിരെയായിരുന്നു. അതിനെ അന്ന് സ്വാതന്ത്ര്യസമരം എന്നാരും വിളിച്ചില്ല. 1942 വരെ ഓരോ ഇടവേളകളിലും പ്രതിഷേധങ്ങൾ തുടർന്നിരുന്നു. എന്നാൽ അതൊന്നും ശാശ്വത വിജയം കണ്ടിരുന്നില്ല. ഫലം; ധാരാളം വെള്ളം ഊറ്റിക്കുടിക്കുന്ന, നോക്കിനിൽക്കെ വളർന്ന് ആകാശം തൊടുന്ന പൈൻ തെക്കൻ നിരകളുടെ മേൽവസ്ത്രമായി. ബാക്കിയുണ്ടായിരുന്ന ഓക്ക്, സാലവൃക്ഷക്കൂട്ടങ്ങളിലേക്കു തള്ളിക്കയറി ആധിപത്യം ഉറപ്പിക്കുന്ന അധിനിവേശക്കാരനുമായി പൈൻ.

ആര്യഭട്ട റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്‌സർവേഷനൽ സയൻസസ് (ഏരീസ്) കാംപസ്

അൻപതുകൾക്കു ശേഷവും എന്നാൽ ഈ പ്രതിഷേധത്തീ അണഞ്ഞിരുന്നില്ല. അറുപതുകളിൽ (സുസ്ഥിരമല്ലാത്ത) വികസനം എന്ന ആശയം അന്നത്തെ അവിഭക്ത ഉത്തർപ്രദേശിലും കാട്ടുതീ പോലെ പടർന്നുപിടിച്ചിരുന്നു. ഗ്രാമീണമേഖലയിലും ഇതുതന്നെയായി കാഴ്ചപ്പാട്. ഇതേത്തുടർന്ന് വനനശീകരണം വ്യാപകമായി. ഇന്ത്യയാകെ കത്തിപ്പടർന്ന ചിപ്‌കോ ആന്ദോളന് തീപ്പൊരിയിട്ടതും ഉത്തരാഖണ്ഡിൽ തന്നെ.

‘മരങ്ങളെ കെട്ടിപ്പിടിക്കൂ’ ( ചിപ്‌കോ ) എന്ന നാളതുവരെ കേൾക്കാത്ത ആഹ്വാനവുമായി 1973 ൽ മേലേ അളകനന്ദ താഴ്വരയിലെ മണ്ഡൽ ഗ്രാമത്തിൽ ചണ്ഡീപ്രസാദ് ഭട്ടിന്റെ നേതൃത്വത്തിൽ മരംവെട്ടലിനെതിരെ ആരംഭിച്ച ചെറുത്തുനിൽപ്പുസമരമായിരുന്നു അത്. പരിസ്ഥിതി പ്രവർത്തകനായിരുന്ന സുന്ദർലാൽ ബഹുഗുണയുടെ പേരിന്റെ പര്യായം തന്നെയായി മാറി പിന്നീടത്.
വെള്ളം ആർത്തിയോടെ വലിച്ചുകുടിക്കുന്ന, എന്നാൽ അടിക്കാടുകളിൽ വെള്ളം ഊട്ടിനിർത്താത്ത പൈൻ മരക്കാടുകളാണ് നയ്‌നിയുടെ നിലനിൽപ്പിനുനേരെ ഇന്നും ദംഷ്ട്രകൾ ഉയർത്തിനിൽക്കുന്നത്. സ്വതവേ വരണ്ട ഹിമാലയൻ മണ്ണിനെ അത് തീർത്തും ഊഷരമാക്കി. തനതു സസ്യ-പ്രാണി- ജന്തു വൈവിധ്യം ഇല്ലാതാക്കി. അടിക്കാടിനെ കൂടുതൽ വരണ്ടതാക്കി. കാട്ടുതീയെ തെക്കൻ ഹിമാലയൻ നിര പെറ്റിട്ടുകൂട്ടുന്നത് അങ്ങനെ. കഴിഞ്ഞ പത്തുവർഷത്തിനിടെ കാട്ടുതീയിൽ താറുമാറായ കാടിന്റെ വിസ്തൃതി കേട്ടാൽ പൊള്ളും - അരലക്ഷത്തോളം ഹെക്ടർ. നയ്‌നി ഊർധ്വൻ വലിക്കാൻ ഇനിയെത്ര താമസം.

മടക്കവഴികൾ

അത്രമേൽ പ്രിയതരമെങ്കിലും നയ്‌നിയോടു വിട പറയാതെ വയ്യ.
അലയേണ്ടവന് സ്ഥിരംവാസം എവിടെയും വിധിച്ചിട്ടില്ല. ദൂരങ്ങളിനിയും മാടിവിളിക്കുന്നുണ്ടെന്നിരിക്കെ, പ്രത്യേകിച്ചും. അലച്ചിലിനു തിരഞ്ഞെടുക്കപ്പെട്ടവൻ എവിടെയും അതിഥി മാത്രമാവുന്നു. മനസിന്റെ കരിമ്പടക്കെട്ടഴിച്ചു കനങ്ങൾ അഴിച്ചുകളഞ്ഞു വീണ്ടും യാത്ര. എന്നാലും, നയ്‌നിയോടു യാത്ര ചോദിക്കാതെ വയ്യ.

ഡൽഹിയിലെ തിരക്കേറിയ ഒരു തെരുവ്​

ഓരോ യാത്ര പറച്ചിലും ഇങ്ങനെയല്ലാതെ മറിച്ചാകാൻ സാധിക്കുമായിരുന്നില്ല.

ഈ വൈകുന്നേരത്തിനു ഞാൻ നിന്റെ പേരിടും. നിലവിളികൾ മുഴുവൻ പറിച്ചുനട്ടു നമ്മൾ പരസ്പരം ഉപേക്ഷിച്ചതിന്റെ ഓർമയ്ക്ക്. ജീവിതത്തെക്കുറിച്ചുള്ള പരാതികളഴിച്ചു പരസ്പരം മറന്നുനിന്ന കുമ്പസാരങ്ങൾക്ക്. പിൻകഴുത്തിന്റെ ഞരമ്പിലാഴ്ന്ന ചോരയിറ്റുന്ന ചുംബനങ്ങൾക്ക്.

എന്നിട്ട്, എവിടേക്കാണു നമ്മൾ മടങ്ങിയെത്തുന്നത് ? തുടക്കവും ഒടുക്കവും നമ്മൾ തന്നെ എന്ന തിരിച്ചറിവിലേക്ക്. ▮​


വി. ജയദേവ്​

മാധ്യമപ്രവർത്തകൻ, കവി, നോവലിസ്റ്റ്, കഥാകൃത്ത്. ഭൂമിയോളം ചെറുതായ കാര്യങ്ങൾ, ചോരപ്പേര്,മായാബന്ധർ (നോവൽ), ഒരു കാറ്റിനെ എങ്ങനെ വായിക്കും, ഒരു പൂമ്പൊടി കൊണ്ടും ഒരു പൂക്കാലം കൊണ്ടും, കപ്പലെന്ന നിലയിൽ ഒരു കടലാസ് തുണ്ടിന്റെ ജീവിതം (കവിതാ സമാഹാരങ്ങൾ), ഭയോളജി, മരണക്കിണർ എന്ന ഉപമ (കഥാസമാഹാരം) എന്നിവ പ്രധാന പുസ്തകങ്ങൾ.

Comments