One memorial of my former condition still remains-my dreams are not yet perfectly calm; the dread swell and agitation of the storm have not wholly subsided.(Confessions of an English Opium- Eater, Thomas De Quincey- 1821)
കണ്ടാൽ കേരളമാണെന്നുതന്നെ സംശയിക്കും.
നേരം വെള്ള കീറുന്നതേയുള്ളൂ.
പകലിന്റെ അരികുകളിൽ അപ്പോഴും ഇരുട്ടു കരിമ്പനടിച്ചു കിടക്കുന്നുണ്ടായിരുന്നു.
ഒറ്റപ്പെട്ട കടകൾക്കു മുന്നിൽ മെലിഞ്ഞ ആൾക്കൂട്ടം.
പയ്യെപ്പയ്യെ നേരം വെളുത്തുകഴിഞ്ഞിരുന്നു. മെലിഞ്ഞ ആൾക്കൂട്ടം പതുക്കെപ്പതുക്കെ തടിച്ചുവരുന്നുണ്ടായിരുന്നു. ഒൻപതു മണിയായതോടെ മഞ്ഞച്ചായമടിച്ച ബോർഡിനു താഴെ ഷട്ടറിട്ടുനിർത്തിയ ചില കടകൾക്കു മുന്നിൽ നേരിയ ക്യൂ വിരിഞ്ഞുകഴിഞ്ഞിരുന്നു. കേരളത്തിലെ ചില ബവറിജസ് കടകൾക്കു മുന്നിലെ രാവിലെയുണ്ടാവുമായിരുന്ന ക്യൂവിനെ ഓർമിപ്പിച്ചു.
അതേ, ഈ ക്യൂവും വലിയ പ്രതീക്ഷകളോടെ തന്നെയായിരുന്നു.
രാവിലെ പത്തിനു കടകളുടെ ഷട്ടർ തുറക്കുമ്പോഴേക്കും കാത്തുനിൽക്കുന്നവരുടെ കൈവിരലുകളിൽ പൂത്തിറങ്ങിയിട്ടുണ്ടാവും കറൻസി നോട്ടുകൾ. കടകൾ തുറക്കുന്നതോടെ തിരക്കായി. ഒരു കിലോ അടങ്ങുന്ന സഞ്ചിയാണു ധൃതിപ്പെട്ടുവാങ്ങുന്നത്. ഒരു കിലോ പായ്ക്കറ്റിന് അഞ്ഞൂറു രൂപ കൊടുക്കണം. ലൈസൻസോ ഡോക്ടറുടെ കുറിപ്പടിയോ ഇല്ലാത്തവർക്കു കൊടുക്കാൻ പാടില്ലെന്നാണു ചട്ടം. എന്നാൽ, അതൊക്കെ ആരു നോക്കുന്നു. ആർക്കും കിട്ടും. കുറച്ചധികം കൊടുക്കണമെന്നു മാത്രം. കിലോയ്ക്കു പത്തുമുന്നൂറു രൂപ കൂടുതൽ.
കറപ്പ് തിന്നിട്ട് ഉപ്പിൽ വീണ പല്ലിയെ പോലെ ഇഹലോകത്തെ വിസ്മൃതിയിലാഴ്ത്തിയുള്ള കിറുങ്ങിയുള്ള ഇരിപ്പ് ഈ ഉത്തരേന്ത്യൻ മേഖലയിൽ സർവസാധാരണം.
ഇതും ലഹരി തന്നെ.
എന്നാൽ നുരയുന്നതല്ല, മറിച്ച് വായിലൂടെ നുണച്ചിറങ്ങി ചോരയിലേക്കു കടക്കുന്നത്.
പേര് : കറപ്പ്. എന്നു വച്ചാൽ ഓപ്പിയം.
പണ്ടു കേരളത്തിൽ കറപ്പു ചേർന്ന ലേഹ്യങ്ങളും മറ്റും കിട്ടുമായിരുന്നു. പ്രായത്തിന്റെ ഏനക്കേടുകളെല്ലാം മറന്നു വ്യാധിക്കും വേദനയ്ക്കപ്പുറത്തുള്ള വിസ്മൃതിയിലേക്കു നയിക്കുന്ന കറപ്പ്. എന്നാൽ, ആരോഗ്യസംവിധാനങ്ങൾ മെച്ചപ്പെട്ടപ്പോൾ വൃദ്ധകേരളം ആ ശീലത്തിൽ നിന്ന് കരകയറി.
എന്നാൽ, ഈ തൊട്ടടുത്ത കാലം വരെ രാജസ്ഥാന്റെയും മറ്റും അതിർ ദേശങ്ങളിൽ കറപ്പ് വിതരണം ഉണ്ടായിരുന്നു. ലൈസൻസോ ഡോക്ടറുടെ കുറിപ്പടിയോ അനുസരിച്ചു സർക്കാർ ഏജൻസികൾ തന്നെയായിരുന്നു അത് ഉപയോക്താക്കൾക്കു നൽകിവന്നിരുന്നത്. എന്നാൽ, ആവശ്യക്കാർ വാർധക്യമുള്ളവർ മാത്രമായിരുന്നില്ല. ചെറുപ്പക്കാരും സ്ത്രീകളും വരെയുണ്ടായിരുന്നു. കടകളിൽ വരുന്ന സ്ത്രീകളുടെ ഒക്കത്ത് ഏറ്റവും പുതിയ തലമുറയുമുണ്ട്. ഡൊഡ്ഡ പോസ്റ്റ് ഠേക്ക എന്നറിയപ്പെടുന്ന ഈ കടകൾക്കു മുന്നിലാണ് നേരത്തേ ആ ക്യൂ കണ്ടത്.
അധികം മണിക്കൂറുകളൊന്നും കാത്തിരിക്കേണ്ട, ഡൊഡ്ഡ ( ഓപ്പിയം ചണ്ടി = പോപ്പി ചെടിയിൽ നിന്നു മയക്കുമരുന്നു രാസപദാർത്ഥങ്ങൾ എടുത്ത ശേഷം ബാക്കിയാവുന്ന ചണ്ടി. കരിമ്പിൻ ചണ്ടി പോലെ ) കുട്ടിച്ചാക്കുകളിൽ നിറച്ചു ലൈസൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും കൊടുക്കുകയായിരുന്നു. സംഭവം അന്വേഷിച്ചുചെന്ന ഈ ലേഖകനോടും കടക്കാരൻ പറഞ്ഞു: ‘ ലേ ലോ ഭയ്യ്..അച്ഛാ ഹൈ, സിർഫ് പാഞ്ച് സൗ’, എന്നുവച്ചാൽ, എടുത്തോളൂ എന്ന്, നല്ല ഉശാറായിരിക്കും എന്ന്.
അതേ, നല്ല ഉഷാറായിരിക്കും. അരികെ പുറത്തുനിന്ന വൃദ്ധൻ പറഞ്ഞു. അതു പ്രായമായവർക്കുള്ള വേദനാ സംഹാരിയല്ലേ എന്നു സംശയിക്കുമ്പോൾ, ഒരു ചെറുപ്പക്കാരൻ പറഞ്ഞു: ‘നല്ല അർമാദം തോന്നും.' മാർവാഡി കലർന്ന രാജസ്ഥാൻ ഹിന്ദിയിൽ പറഞ്ഞിട്ടു കണ്ണിറുക്കി. ഒന്നുരണ്ടു പല്ലില്ലാത്ത വായകൾ അതിനെ പിന്തുണയ്ക്കുന്നുണ്ടായിരുന്നു. ശരിയാണ്. ഓപ്പിയം ചെടിച്ചണ്ടിയിൽ ബാക്കിയാവുന്ന കറപ്പുസത്ത് , വീര്യം കുറഞ്ഞ മോർഫിൻ - ചവച്ചോ തിളപ്പിച്ചൂറ്റി കുടിച്ചോ - വേദനാസംഹാരിയാണ്. ലൈംഗിക ഉത്തേജകമാണ്. അർമാദത്തിനുള്ള എളുപ്പവഴിയാണ്. വാർധക്യവ്യാധിക്കെതിരെയുള്ള ഒരൊറ്റമൂലിയാണ് എന്നുവരെ പറയുന്നവരുണ്ട്. കറപ്പ് തിന്നിട്ട് ഉപ്പിൽ വീണ പല്ലിയെ പോലെ ഇഹലോകത്തെ വിസ്മൃതിയിലാഴ്ത്തിയുള്ള കിറുങ്ങിയുള്ള ഇരിപ്പ് ഈ ഉത്തരേന്ത്യൻ മേഖലയിൽ സർവസാധാരണം.
രാജസ്ഥാനിലെ കോട്ട, ബാരാൻ, ജാലാവാർ, പ്രതാപ്ഗഢ്, ചിത്തോഡ്ഗഢ്, ഉദയ്പുർ, ഭിൽവാഡാ ജില്ലകളിൽ ഇരുപത്തേഴായിരത്തോളം കർഷകരാണ് ഓപ്പിയം അഥവാ പോപ്പി കൃഷിയിൽ ഏർപ്പെട്ടിരിക്കുന്നത്.
ഈയടുത്ത കാലം വരെ ഇതായിരുന്നു സ്ഥിതി. 2016 ൽ സുപ്രീം കോടതി നേരിട്ട് ഇടപെട്ട് നിർത്തലാക്കുന്നതുവരെ. മാറിമാറിവരുന്ന സർക്കാരുകൾ, കക്ഷിഭേദമില്ലാതെ ചെയ്തുകൊണ്ടിരുന്ന ഒരു കാര്യമായിരുന്നു ഈ ലഹരി വിൽപ്പന. സർക്കാരുകളുടെ നിയന്ത്രണത്തിൽ നടത്തുന്ന മദ്യവിൽപ്പന പോലെയല്ല. കറപ്പ്, അതിന്റെ വീര്യം കുറഞ്ഞതാണെങ്കിലും ലഹരിപദാർത്ഥം തന്നെയാണ്.
കറപ്പിന്റെ രാഷ്ട്രീയം
കറപ്പിന്റെ രാഷ്ട്രീയബലം അറിയണമെങ്കിൽ, ഓപ്പിയം അഥവാ പോപ്പി എന്ന കറപ്പ് ചെടി കൃഷി ചികിത്സാ ആവശ്യത്തിനും ഗവേഷണങ്ങൾക്കുമായി നിശ്ചിത സ്ഥലത്ത് കനത്ത നിബന്ധനകളോട കേന്ദ്ര സർക്കാരിനാൽ അനുവദനീയമാണ് എന്ന് അറിയണം. രാജസ്ഥാൻ, മധ്യപ്രദേശ്, യുപി എന്നീ സംസ്ഥാനങ്ങളിലാണ് അധികൃതരുടെ കർശന നിരീക്ഷണത്തിനു കീഴിൽ കർഷകർ ഇതു വിളയിച്ചെടുക്കുന്നത്. എന്നാൽ, ഇതു ചെറിയ പത്തോ ഇരുപത്തഞ്ചോ കറപ്പ് പാടങ്ങളല്ല.
രാജസ്ഥാനിലെ കോട്ട, ബാരാൻ, ജാലാവാർ, പ്രതാപ്ഗഢ്, ചിത്തോഡ്ഗഢ്, ഉദയ്പുർ, ഭിൽവാഡാ ജില്ലകളിൽ ഇരുപത്തേഴായിരത്തോളം കർഷകരാണ് ഓപ്പിയം അഥവാ പോപ്പി കൃഷിയിൽ ഏർപ്പെട്ടിരിക്കുന്നത്. മധ്യപ്രദേശിലെ മന്ദ്‌സൗർ, നീമച്ച്, രത്ത്‌ലാം ജില്ലകളിൽ ഏതാണ്ട് അത്രത്തോളം തന്നെയും. യുപിയിലെ നിശ്ചിതസ്ഥലങ്ങളിലും. സർക്കാരിന്റെ അനുവാദമില്ലാതെ പോപ്പി കൃഷി രാജ്യത്ത് നിയമവിരുദ്ധമാണ്. (നാർകോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപ്പിക് സബ്സ്റ്റൻസ് ആക്ട് - 1985 NDPS ആക്ട് ). കാരണം മറ്റൊന്നല്ല. പോപ്പി ചെടികളിൽ ഒരിനമായ പപ്പാവെർ സൊമ്‌നിഫെറം ലഹരിയേറ്റുന്ന ആൽകലോയ്ഡുകളുടെ - ഓപ്പിയം, മോർഫിൻ, കോഡീൻ - കലവറയാണെന്നതു തന്നെ. ചരസ്, ഹെറോയ്ൻ തുടങ്ങിയ മാരകങ്ങളിലേക്കുള്ള ഇടക്കണ്ണികളുമാണ് ഇവ.
എന്നാൽ, രാജ്യത്തെ ഏറ്റവും വലിയ ലോക്‌സഭാ മണ്ഡലമായ ബാഡ്‌മേറിൽ (രാജസ്ഥാൻ) സർക്കാർ കണക്കനുസരിച്ചു തന്നെ അറുപതു ശതമാനത്തോളം വോട്ടർമാർ കറപ്പടിമകളായിരുന്നു. അതുകൊണ്ട് അടുത്ത കാലം വരെ ഇതു ശക്തമായ തിരഞ്ഞെടുപ്പു വിഷയവും ആയിരുന്നു. പോപ്പി കർഷകർ കൂടുതൽ താങ്ങുവിലയ്ക്കും മറ്റും സമ്മർദ്ദമുയർത്തുമ്പോൾ കറപ്പടിമകൾ ഉദാരമായ ലൈസൻസ് വ്യവസ്ഥകൾക്കും അളവുകൂടുതലിനും വേണ്ടി ശബ്ദമുയർത്തിയിരുന്നു.
ആവർത്തിച്ചുവരുന്ന തിരഞ്ഞെടുപ്പുകളിൽ ബാഡ്‌മേർ, മധ്യപ്രദേശ് അതിർത്തി പ്രദേശങ്ങളിൽ ഉയർന്നു കേട്ടിരുന്ന വാക്ക് ഡൊഡ്ഡ എന്നുതന്നെയായിരുന്നു.
രാജസ്ഥാനിൽ അംഗീകൃത ലൈസൻസുള്ള ഇരുപതിനായിരത്തോളം സ്ഥിരം പറ്റുപടിക്കാർ ഉണ്ടായിരുന്നു ഒരു കാലത്ത്. ഡൊഡ്ഡ ലൈസൻസ് വ്യവസ്ഥകൾ ഉദാരമാക്കണമെന്ന് പരസ്യമായി തന്നെ വേദികളിൽ വാദിച്ചിരുന്ന നേതാക്കളുണ്ടായിരുന്നു. ‘പ്രായമായ ആളുകൾക്ക് ലൈസൻസ് പ്രകാരമുള്ള അളവൊന്നും തികയുന്നില്ല. കൂടുതൽ നൽകണം, എളുപ്പത്തിൽ കിട്ടുമാറാക്കണം.' വോട്ട് കറപ്പിലൂടെയും വരുമെന്ന് ആർക്കാണ് അറിയാത്തത്.
കറപ്പ് വിരുന്ന് എന്നു കേൾക്കുന്നതിന് ഒരു സുഖമില്ല എന്നേയുള്ളൂ. പണ്ടേ നിരോധിക്കപ്പെട്ടിരുന്നതാണെങ്കിലും പാലിലും മറ്റും കറപ്പ് സത്തു ചേർത്തു വിളമ്പുന്ന കറപ്പ് വിരുന്നുകൾ രാജസ്ഥാനിലെ വടക്കുകിഴക്കൻ ഗ്രാമങ്ങളിൽ നാട്ടുനടപ്പായിരുന്നു. വിവാഹത്തിനും മറ്റും. മലബാറിലെ കോഴി ബിരിയാണി വിരുന്ന് പോലെ. ഇത്തരമൊരു വിരുന്നിന്റെ പേരിലായിരുന്നു രാജസ്ഥാൻ ബി.ജെ.പി രാഷ്ട്രീയത്തിലെ അതികായന്മാരായ വസുന്ധരാ രാജെയും ജസ്വന്ത് സിങ്ങും പരസ്പരം കൊമ്പുകോർത്തു തുടങ്ങുന്നത്. വസുന്ധരയുടെ തിരുവായ്ക്ക് എതിർവാക്കു പറയുന്ന കുറെ വിമതരെച്ചേർത്ത് ജസ്വന്ത് തന്റെ ഗ്രാമമായ ജാസോളിൽ കറപ്പ് വിരുന്നുനൽകിയെന്ന പേരിൽ ജസ്വന്തിനെതിരെ വസുന്ധര സിഐഡി അന്വേഷണത്തിന് ഉത്തരവിട്ടതിനെ തുടർന്ന്.
ഇങ്ങനെയായിരുന്നു ഒരു കാലം വരെ രാജസ്ഥാൻ, മധ്യപ്രദേശ് അതിർത്തി ഗ്രാമങ്ങളിലെ ജീവിതം മുന്നോട്ടുപോയിക്കൊണ്ടിരുന്നത്.
സുപ്രീം കോടതിയുടെ പൂട്ട്
രാജസ്ഥാനിലെയും മധ്യപ്രദേശിലെയും ഡൊഡ്ഡ പോസ്റ്റ് കടകൾക്കു പൂട്ടിട്ടത് സുപ്രീം കോടതി. ലഹരിക്കായി ഉപയോഗിക്കാമെന്നതു കൊണ്ടു സർക്കാരുകളുടെ മേൽനോട്ടത്തിൽ അതത് എക്‌സൈസ് വകുപ്പുകളുടെ നിയന്ത്രണത്തിലുള്ള ഓപ്പിയം ചണ്ടി വിൽപ്പന വിലക്കണമെന്നും ചണ്ടി തീയിട്ടുനശിപ്പിക്കണമെന്നും ആദ്യം നിലപാടെടുത്തത് സുപ്രീം കോടതിയായിരുന്നു. എന്നാൽ, കറപ്പ് ഒരു രാഷ്ട്രീയ ആയുധമായതിനാൽ ഒരു രാഷ്ട്രീയ പാർട്ടിക്കും സമ്പൂർണ വിലക്കിനോടു താൽപ്പര്യമുണ്ടായിരുന്നില്ല. 2015 ൽ രാജസ്ഥാൻ ഹൈക്കോടതിയാണു ഡൊഡ്ഡ പോസ്റ്റ് ഠേക്കകൾക്കു ( ഓപ്പിയം ചണ്ടി കടകൾ) നൽകിയ ലൈസൻസ് റദ്ദാക്കിയും എല്ലാ കടകളും അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടും ഉത്തരവിറക്കിയത്. എന്നാൽ, ഒരു വർഷത്തേക്കുള്ള ലൈസൻസ് ഫീ മുൻകൂർ നൽകിക്കഴിഞ്ഞെന്നു കാണിച്ച് ഉത്തരവിനെതിരെ ലൈസൻസികൾ സുപ്രീം കോടതിയിലെത്തിയതോടെ ഹൈക്കോടതിയുടെ തീരുമാനം ഒരു വർഷത്തേക്ക് നീട്ടിയെടുക്കുയായിരുന്നു.
ഓപ്പിയത്തിന്റെ തീവ്ര അഡിക്റ്റുകളെ ഉദ്ദേശിച്ച്, വിതരണം ഡോക്ടറുടെ നിർദേശപ്രകാരമാക്കി മാത്രം ആക്കണമെന്നും ഡീ- അഡിക്ഷൻ സെന്ററുകൾ പരിഗണിക്കണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. രാജ്യം ആർക്കും ഒരു തരത്തിലുമുള്ള ലഹരി പദാർത്ഥങ്ങൾ വിൽക്കില്ലെന്ന് ലോകാരോഗ്യ സംഘടനയുമായുള്ള കരാറിൽ 2015 ൽ തന്നെ കേന്ദ്ര സർക്കാർ കർശന നിലപാട് എടുത്തിരുന്നു.
കറപ്പ് ഒരു രാഷ്ട്രീയ ആയുധമായതിനാൽ ഒരു രാഷ്ട്രീയ പാർട്ടിക്കും സമ്പൂർണ വിലക്കിനോടു താൽപ്പര്യമുണ്ടായിരുന്നില്ല.
2016 മാർച്ച് 31ന് അങ്ങനെ ഡൊഡ്ഡ പോസ്റ്റ് ഠേക്കകൾക്ക് എന്നെന്നേക്കുമായി പൂട്ടുവീഴുകയായിരുന്നു. ഇരുന്നൂറ്റമ്പതോളം ഠേക്കകൾക്കായിരുന്നു രാജസ്ഥാനിൽ മാത്രം ലൈസൻസ് നൽകിയിരുന്നത്. ഇരുപതിനായിരത്തോളം കറുപ്പടിമകളെയായിരുന്നു ഈ ഠേക്കകൾ ലഹരി തീറ്റിച്ചിരുന്നത്. ഇതു കണക്കിൽ മാത്രം. അതു ശരിയായി ഉപയോഗിക്കുന്നവർ പിന്നെയും പതിനായിരക്കണക്കിനു വരും രാജസ്ഥാൻ, മധ്യപ്രദേശ് പടിഞ്ഞാറൻ ഗ്രാമങ്ങൾ അടക്കമുള്ള ഉത്തരേന്ത്യയിൽ. മറ്റേതു ലഹരിവസ്തുക്കളെയും പോലെ വേരുപിടിച്ചതായിരുന്നു ഓപ്പിയവും.
ലഹരിമുക്ത കേന്ദ്രങ്ങൾക്കു ശേഷം
കറപ്പടിമകളെ ലഹരിമുക്ത ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാൻ കേന്ദ്ര സർക്കാർ നയാ സവേര (പുതു പ്രഭാതം) പ്രചാരണപരിപാടികൾ ആസൂത്രണം ചെയ്തിരുന്നു. രാജസ്ഥാൻ സർക്കാർ, ഡീ അഡിക് ഷൻ സെന്ററുകളുടെ പ്രവർത്തനവുമായി രംഗത്തുവന്നു. എക്‌സൈസ് വകുപ്പുമായി ചേർന്ന് ഇരുന്നൂറോളം ലഹരി വിമുക്ത കേന്ദ്രങ്ങൾ സ്ഥാപിച്ചിരുന്നതായാണ് അവകാശപ്പെട്ടിരുന്നത്. എന്നാൽ, അതോടെ കറപ്പുതീനികളുടെ കുലം കുറ്റിയറ്റുപോയിട്ടുണ്ടാവും എന്നു വിശ്വസിക്കാൻ സാധിക്കുന്നതല്ല, ഈ നിരോധിത ഉൽപ്പന്നത്തിന്റെ ഇപ്പോഴത്തെയും വ്യാപനം അറിയുമ്പോൾ.
കർക്കശമായ നിബന്ധനയോടെ, പുറത്തു വിൽക്കാൻ പാടില്ലെന്ന വ്യവസ്ഥകളോടെ നിശ്ചിതമായ പ്രദേശത്ത്, കുറഞ്ഞ വിസ്തൃതിയുള്ള സ്ഥലത്ത്, തിരഞ്ഞെടുക്കപ്പെട്ട കർഷകർക്കു മാത്രം അനുമതിയുള്ളതാണ് പോപ്പി കൃഷി. എന്നാൽ, തീരെ പ്രതീക്ഷിക്കാത്ത ഇടങ്ങളിലെ അനധികൃതമായ കൃഷിയും കറപ്പ് ചണ്ടികളുടെ കൈമാറ്റവും വിപണനവും വ്യാപകമാണ് എന്നറിയാൻ പോലീസ് രേഖകൾ മാത്രം പരിശോധിച്ചാൽ മതിയാവും.
രാജസ്ഥാനിലെ ജയ്പുർ നഗരപ്രാന്തങ്ങളിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ ഒരു ഡസനോളം അനധികൃത പോപ്പിപ്പാടങ്ങളാണു ജയ്പുർ റൂറൽ പൊലീസ് കണ്ടെത്തിയത്. മൂന്നര ലക്ഷത്തോളം പോപ്പിച്ചെടികൾ കണ്ടെത്തി നശിപ്പിക്കുകയും നൂറു കിലോയിലധികം ഡൊഡ്ഡ ചണ്ടി പിടിച്ചെടുക്കുകയും ചെയ്തു. രാജ്യത്തെ മൊത്തം ഉത്പാദനത്തിന്റെ അറുപതു ശതമാനത്തോളം വിളവെടുക്കുന്ന ചിത്തോഡ്ഗഢ്, പ്രതാപ്ഗഢ് ജില്ലകളിൽ മാത്രം ‘ കൃഷി' ഒതുങ്ങിനിൽക്കുന്നില്ല എന്നർത്ഥം. ഇതെല്ലാം സാധാരണ ചെറുകിട കർഷകർ വയറ്റുപ്പിഴപ്പിനു വേണ്ടി നടത്തുന്നതല്ല. മറിച്ച് വൻ സ്രാവുകൾ ഇവർക്കു പിന്നിലുണ്ടെന്നു പോലീസ് തന്നെ പറയുന്നു.
അവിടെ തീരുന്നില്ല. ഇത്തരം വമ്പൻ കള്ളക്കടത്തുകാരും എക്‌സൈസ്- പോലീസ് ഉദ്യോഗസ്ഥവൃന്ദവും തമ്മിലുള്ള അവിഹിതബന്ധവും രാജസ്ഥാൻ അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) കണ്ടെത്തിയിരുന്നു. രണ്ടു വർഷം മുമ്പ്. ഇതിലെ കൊള്ളക്കൊടുക്കയുടെ, കൈക്കൂലിയുടെ ഒക്കെ വില കേൾക്കുമ്പോൾ അഴിമതി വിരുദ്ധ സേന തന്നെ ഞെട്ടിപ്പോവുന്നുണ്ട്. തന്റെ സ്റ്റേഷൻ അതിർത്തിയിൽ പ്രതിവർഷം നാലു കോടി രൂപയുടെ ഓപ്പിയം കൈക്കൂലി ഇടപാടു നടക്കുന്നുണ്ടെന്നു വ്യക്തമാക്കിയ ചിത്തോഡ്ഗഢ് ജില്ലയിലെ ബെഗു സ്റ്റേഷൻ ഓഫിസറെ എസിബി അറസ്റ്റ് ചെയ്തിട്ട് രണ്ടുവർഷം തികച്ചായില്ല. ഇതേക്കാളും ഉന്നത ഉദ്യോഗസ്ഥരെയും കറപ്പിൽ വീഴ്ത്താൻ സാമർത്ഥ്യമുള്ളവരാണു കറപ്പ് ലോബി.
റോസ് നിറത്തിലും ഇളം വയലറ്റിലും വെളുപ്പിലും നിറയെ പൂത്തിരിക്കുന്ന പാടം. ഇതൊരു അപകടകരമായ വിള അല്ലായിരുന്നെങ്കിൽ, നയനാനന്ദകരമാണ് എന്നു പ്രത്യേകം പറയേണ്ടതില്ല.
ചിത്തോഡ്ഗഢ് ജില്ലയിലെ മംഗൾവർ ടോൾ പ്ലാസയ്ക്കടുത്തു നിന്ന് നാലു ടണ്ണോളം കറപ്പ് ചണ്ടി കയറ്റിയ ട്രക്ക് ക്രൈം ബ്രാഞ്ച് പിടികൂടുന്നത് ഈ മാസം ആദ്യം. വില നാലു കോടിയോളം രൂപ. അപ്പോൾ അതിർത്തി കടന്നും കടത്തു ശൃംഗല വ്യാപകമെന്നു വ്യക്തം. ഇത്തരം അന്തർസംസ്ഥാന കടത്ത് അതിർത്തികളിൽ ഇടയ്ക്കിടെ പിടികൂടപ്പെടുന്നുമുണ്ട്. രാജസ്ഥാനിൽ മാത്രമല്ല, പഞ്ചാബിലും ജാർഖണ്ഡിലും എന്നു വേണ്ട മിക്ക ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കള്ളകൃഷിയും കടത്തും വിപണനവും സജീവം. ഭിൽവാഡാ ജില്ലയിൽ കോട്ഡി പോലീസ് സ്റ്റേഷനരികിൽ വച്ച് കള്ളക്കടത്തു സംഘത്തെ തടഞ്ഞ പൊലീസ് സംഘത്തിലെ രണ്ടു കോൺസ്റ്റബിൾമാർക്കു ജീവൻ ബലി കൊടുക്കേണ്ടിവന്നിട്ട് അധികം മാസങ്ങളായിട്ടില്ല.
പോപ്പിച്ചെടിക്കു ജീവന്റെ വില
കുന്നിൻമുകളിലെ ഒരു സാധാരണ കാപ്പിത്തോട്ടം കാണാൻ പോകുന്ന ലാഘവത്തോടെ പോകാൻ കഴിയില്ല, അതുകൊണ്ടു തന്നെ ഒരു പോപ്പിത്തോട്ടത്തിലേക്ക്. രാജസ്ഥാൻ, മധ്യപ്രദേശ്, യുപി സംസ്ഥാനങ്ങളിലായി ഒരു ലക്ഷത്തോളം അംഗീകൃത കർഷകരും അനുവദനീയ പോപ്പിപ്പാടങ്ങളുണ്ടായിരുന്നാലും. രാജസ്ഥാനിൽ മാത്രം ലൈസൻസ് ഉളള മുപ്പത്തേഴായിരത്തോളം അംഗീകൃത പോപ്പി പാടങ്ങളുണ്ട്. കാരണം, നിരോധിത ഉൽപ്പന്നമായ ഓപ്പിയം അത്ര കാർക്കശ്യത്തോടെ നിരീക്ഷിക്കപ്പെടുന്നുണ്ട് എന്നു തന്നെ.
പരിചയമുള്ള കർഷകരുണ്ടെങ്കിൽ മാത്രം, അതും നിങ്ങൾ അപകടകാരിയോ ഒറ്റുകാരനോ കള്ളക്കടത്തു ലോബിയിൽ പെട്ടയാളോ അല്ലെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമാണു പ്രവേശിപ്പിക്കപ്പെടുന്നത്. എന്നുവച്ച്, വലിയ കോട്ടകൾക്ക് അകത്തൊന്നുമല്ല, കൃഷി. വിശാലമായ മറ്റേതു പാടവും പോലെ. റോസ് നിറത്തിലും ഇളം വയലറ്റിലും വെളുപ്പിലും നിറയെ പൂത്തിരിക്കുന്ന പാടം. ഇതൊരു അപകടകരമായ വിള അല്ലായിരുന്നെങ്കിൽ, നയനാനന്ദകരമാണ് എന്നു പ്രത്യേകം പറയേണ്ടതില്ല.
അവിടെ സാധാരണ പാടത്തെ കൃഷിപ്പണികൾ പോലെ വളമിടുകയും കള നീക്കുകയും പരിപാലിക്കുകയും ചെയ്യുന്ന രാജസ്ഥാനി സ്ത്രീകളടക്കമുള്ള കൃഷിക്കാരും കൃഷിത്തൊഴിലാളികളും ഉണ്ടാവും. എന്നാൽ, ചെറിയൊരു സംശയം പോലും ജീവനു വരെ അപകടകരമായേക്കും.
എൻ.ഡി.പി.എസ് ആക്ട് അനുസരിച്ച് ഓപ്പിയം പോപ്പി കൃഷി ചെയ്യുന്നതു നിയമവിരുദ്ധവും ശിക്ഷാർഹമായ കുറ്റവുമാകുന്നു. എന്നാൽ, കേന്ദ്ര നാർകോട്ടിക്‌സ് ബ്യൂറോ നൽകുന്ന ലൈസൻസ് പ്രകാരം നിയമവിധേയമായി കൃഷി ചെയ്യാം. പക്ഷേ, അങ്ങനെ തോന്നുന്നിടത്തു സാധിക്കില്ല. അതു കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്യുന്ന നിശ്ചിത സ്ഥലങ്ങളിൽ മാത്രം.
തീർന്നില്ല നിബന്ധനകൾ. സർക്കാരിന്റെ ഏത് അനുമതിയും 1961 ലെ യുഎൻ ലഹരി മരുന്ന് ഉടമ്പടിയിലെ വ്യവസ്ഥകൾക്ക് അനുസൃതമായിരിക്കണം. അതിൽ ഒപ്പു വച്ച രാജ്യമെന്ന നിലയിൽ, കൃഷി ചെയ്യുന്ന പോപ്പി എങ്ങനെ സംസ്‌ക്കരിക്കണം, ഏതു വിധം കൈകാര്യം ചെയ്യണം എന്നെല്ലാം യു.എൻ ആണ്പറയേണ്ടത്. പോപ്പി കറ സംസ്‌ക്കരിച്ചെടുക്കാൻ ഇന്ത്യയ്ക്കു മാത്രമാണ് അനുവാദം. ചൈന, ഓസ്‌ട്രേലിയ തുടങ്ങി പതിനൊന്നു മറ്റു രാജ്യങ്ങളിൽ കൂടി പോപ്പികൃഷിക്ക് അനുമതിയുണ്ടെങ്കിലും അവിടെ കറ പാടില്ല. കറയൂറ്റാത്ത പോപ്പിക്കായകളും ചെടിയും സമൂലം സംസ്‌കരിക്കാനേ പാടുള്ളൂ.
ചെറിയ ബൾബ് പോലിരിക്കുന്ന പോപ്പിക്കായയിൽ പച്ചയ്ക്കു തന്നെ മൂർച്ച കൊണ്ടു വരഞ്ഞ് കറയെടുത്തുണക്കി ഓപ്പിയം ഉണ്ടാക്കുന്ന രീതിയാണ് പല സംസ്‌കരണങ്ങളിൽ ഒന്ന്. ഇതിലും ചെടിയിലും ബാക്കിയാവുന്ന സത്താണു കറപ്പ് ചണ്ടി ചവച്ചും തിളപ്പിച്ചെടുത്തൂറ്റിയും ഉത്തരേന്ത്യ ഈയടുത്ത കാലം വരെ കിറുങ്ങിയിരുന്നിരുന്നത്.
പോപ്പി കർഷകന്റെ കാര്യവും അത്ര പന്തിയിലല്ല. നിയമാനുസൃതമായി കർഷകർ ഉണ്ടാക്കുന്ന പോപ്പി എല്ലാവർഷവും ഏപ്രിലിലാണ് വിളവെടുത്ത് സൂക്ഷിച്ചു സർക്കാരിന്റെ നാർകോട്ടിക്‌സ് വകുപ്പിനു വിൽക്കേണ്ടത്. എന്നാൽ ഒരു ഹെക്ടറിൽ നിന്ന് ഇത്ര അളവു വിളവെടുത്തിരിക്കണം എന്നൊരു നിബന്ധന ലൈസൻസ് നേടുമ്പോൾ അംഗീകരിക്കേണ്ടതുണ്ട്. ഒരു വിളവെടുപ്പിൽ, പല കാരണങ്ങൾ കൊണ്ടും കുറഞ്ഞാൽ, ലൈസൻസ് തന്നെ റദ്ദാക്കപ്പെടാം. ഏപ്രിലിൽ വിൽക്കാൻ കഴിഞ്ഞില്ലെങ്കിൽ, കർഷകന്റെ മനസിൽ കറുപ്പു വീഴുമെന്നു തീർച്ച.
മറ്റൊരു ഭീഷണി, കറപ്പ് കള്ളക്കടത്തുകാരിൽ നിന്നുമുണ്ട്. സർക്കാർ അറിയാതെ അവർക്കു മറിക്കാൻ സമ്മർദ്ദങ്ങൾ ഉണ്ടാവാം. ആ പ്രലോഭനത്തിൽ വീണുപോവുന്നവരുമുണ്ടാവാം. കോടികളുടെ അധോലോക വ്യാപാരമേഖലയാണിത്.
ഒരിക്കലും കാണാൻ ക്ഷണിക്കപ്പെടാത്ത, അങ്ങനെ ആരും താൽപ്പര്യപ്പെടാത്ത, വിലക്കപ്പെട്ട ഒരു ഫാം ടൂറിസമുണ്ടെങ്കിൽ അതു പോപ്പിപ്പാടങ്ങളും അതിലെ ജീവിതങ്ങളും മാത്രമാണ്. അത്ര അപകടകരമായ മറ്റൊരു ടൂറിസം ഇല്ല. ജീവിതങ്ങളും ഇല്ല. ▮