ജയ്‌സൽമേർ കോട്ടയിൽ നിന്നുള്ള നഗരക്കാഴ്​ച

ആദ്യത്തെ ഇന്ത്യയുടെ
അവസാനത്തെ ഗ്രാമം

മന്ദിറിലെത്തുന്ന സന്ദർശകരുടെ താൽപര്യം താനോട്ട് മാത ദേവിയിൽ മാത്രമല്ല. ഇന്ത്യൻ മണ്ണിൽ പതിച്ചിട്ടും പൊട്ടാതെ ബാക്കിയായ പാക് ബോംബ് ഇപ്പോഴും സൂക്ഷിച്ചിരിക്കുന്നത് കാണൽ കൂടിയാണ്.

തേ, ഗ്രാമങ്ങളെ എന്നും സമൂഹത്തിന്റെ പുറമ്പോക്കുകളിലേക്കു മാറ്റിനിർത്താൻ വരേണ്യ ഇന്ത്യ കണ്ടെത്തിയ ഏറ്റവും ശക്തിയുള്ള സൂത്രവാക്യമായിരുന്നു അത്: ഗ്രാമങ്ങൾ നന്മകളാൽ സമൃദ്ധം.

നന്മ കരകവിഞ്ഞൊഴുകുന്ന മനസുകൾ, ഒരിക്കലും ഒരു വാക്കുപോലും അധികം ചോദിക്കാത്ത സ്വാശ്രയത്വം, ഒരു കവിളത്ത് അടിച്ചാൽ മറുകവിളും കാണിച്ചുകൊടുക്കുന്ന വിധേയത്വം. അങ്ങനെ സ്വതന്ത്ര ഇന്ത്യ ജിവിതോന്മാദ സൂചികകളിൽ നിന്നും കൂടുതൽ വിളമ്പൂ എന്ന ആർത്തിയുടെ അളവുപാത്രത്തിൽ നിന്നും മാറ്റിനിർത്തിയ ആയിരക്കണക്കിന് ഗ്രാമങ്ങളുണ്ട്; "ഇന്ത്യ ജീവിക്കുന്നത് ഗ്രാമങ്ങളിലാണ്, അങ്ങോട്ടു നോക്കൂ, അവരുടെ സങ്കടം' എന്നൊരു വൃദ്ധവിലാപത്തെ പ്രതിമകളായും രാജവീഥികളായും മാത്രം കാഴ്ചമാറ്റം നടത്തിയ ഇസ്തിരിയിട്ട ജനാധിപത്യത്തിന്റെ നോക്കുകുത്തികളായി.

ഏതെങ്കിലുമൊരു ഗ്രാമത്തിലേക്കു പോകാനാണെങ്കിൽ, വ്യാജവാഴ്ത്തുകളിൽ മോടി പിടിപ്പിച്ചവയും ധാരാളം. ഹൈ ടെക് ഗ്രാമങ്ങളും ദേവഭാഷ പറയുന്നവയും അടക്കം. എന്നാൽ, അവകാശങ്ങളുടെ അരികുകളിലേക്കു മാറ്റിനിർത്തിയ ഒരു ഗ്രാമത്തിലേക്കാണെങ്കിൽ, ഇന്ത്യയുടെ പടിഞ്ഞാറേ ഭാഗത്തെ ഏറ്റവും അവസാനത്തെ ഗ്രാമത്തിലേക്കു പോകണം. താനോട്ട് ഗ്രാമത്തിലേക്ക്. അതിനും പടിഞ്ഞാറ് പാക്കിസ്ഥാൻ.

അതിർത്തിക്കടുത്ത്​ ഒട്ടകത്തിന്​ പുല്ലുചെത്താൻ പോകുന്ന ബസ്രു രാം മേഘ്വാൾ

ഒരുപക്ഷെ, ഒരു പാർട്ടിക്കും വോട്ട് ബാങ്കല്ലാത്ത ഏക ഗ്രാമമായിരിക്കും താനോട്ട്. ആകെയുള്ള വോട്ടർമാർ അഞ്ഞൂറിൽത്താഴെ മാത്രം. അതുകൊണ്ടുതന്നെ, ഒരു ചിഹ്നത്തിലേക്കും അവരുടെ മനസുകളെ മാടിവിളിക്കാനും പ്രലോഭിപ്പിക്കാനും അധികം കോളാമ്പികളൊന്നും തൊള്ള തുറക്കില്ല. ഫ്‌ളക്‌സും ചുവരെഴുത്തും കണ്ടെങ്കിലായി. വോട്ടുമൃഗങ്ങളെ തടുത്തുകൂട്ടാനും മുതലക്കണ്ണീരൊഴുക്കാനും അധികമാരും തിക്കിത്തിരക്കുകയുമില്ല. ഈ അഞ്ഞൂറിൽ താഴെ വോട്ടർമാർക്ക് വോട്ടുപെട്ടി ( ഇപ്പോൾ വോട്ടുയന്ത്രം) അമ്പതോളം കിലോമീറ്റർ അകലെ. രാജ്യം മുഴുവനും തിരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടു കൊട്ടുമ്പോഴും ജീവിതത്തിന്റെ ആർപ്പുകളിൽ അഭിരമിക്കുമ്പോഴും താനോട്ട് ശാന്തം.

ജയ്‌സൽമേറിൽ നിന്ന് പിന്നേയും

പടിഞ്ഞാറേ ഇന്ത്യയിൽ പാക്കിസ്ഥാനോടു ചേർന്നാണു ജയ്‌സൽമേർ. രാജസ്ഥാൻ തലസ്ഥാനമായ ജയ്പുരിൽ നിന്ന് അറുന്നൂറോളം കിലോമീറ്റർ ദുരെ. പത്തിനപ്പുറം മണിക്കൂർ യാത്ര. ഇന്ത്യയുടെ പുറമ്പോക്കിലെ താനോട്ട് ഗ്രാമത്തിലേക്കു പിന്നെയും പോകണം നൂറ്റിരുപതിലധികം കിലോമീറ്റർ.

ഹരിതാഭമായ ജയ്പുർ വിട്ടാൽ പച്ചപ്പ് താനെ കുറഞ്ഞുവരും. ജോധ്പുരിൽ എത്തുമ്പോഴേക്കും മരുവിന്റെ വരണ്ട ചർമം കണ്ടുതുടങ്ങും. കുറച്ചുകൂടി മുന്നോട്ടു ചെല്ലുമ്പോൾ മരുഭുമിയുടെ ഒരു മൺഗന്ധത്തിലേക്കു മൂക്കു തുറന്നുതുടങ്ങും. ഒരു രാത്രി കൊണ്ട് ട്രെയിൻ ഓടിത്തീരുന്ന ദൂരത്തിലേക്ക് മണൽക്കാറ്റിൽ മരൂഭൂമി യാത്രക്കാരനെ തേടി ഇങ്ങോട്ടുവരും, പൊടിയുടെ ആയിരം ആലിംഗനങ്ങളുമായി. രണ്ടാം ക്ലാസ് കംപാർട്ട്‌മെന്റിൽ, ജയ്‌സൽമേറിലെത്തുമ്പോഴേക്കും ഉടലിൽ മണൽത്തരികളുടെ വസന്തം വിരിഞ്ഞുകഴിയും. ( മരുവിനെന്തു വസന്തം എന്നായിരുന്നു ആദ്യം ഈ ലേഖകന്റെയും സംശയം. എന്നാൽ, ഒരു തീവണ്ടിയാത്ര കൊണ്ട്, ഒരൊറ്റ മരുവെയിലിലെ ഉണക്കം കൊണ്ട് അതു മാറിക്കിട്ടി. അതിനുമുണ്ട് അതിന്റേതായ ചൂടും ചൂരും നിറഭേദങ്ങളും).

താനോട്ട് എല്ലാറ്റിന്റേയും അവസാനമാണ്. ഒരേയൊരു ബസ് രാവിലെ പോയാൽ വൈകീട്ട് തിരിച്ചെത്തുമെന്നാണു കണക്ക്. വന്നില്ലെങ്കിലും അധികമാരും കാത്തുനിൽക്കാനൊന്നുമില്ല താനോട്ടേക്ക്. എല്ലാ കാത്തിരിപ്പിന്റെയും അവസാനമാണ് അത്.

ജയ്‌സൽമേറിലേക്ക് അടുക്കുമ്പോൾ നേരത്തേയുണ്ടാക്കിയ ഒരു നഗരത്തിലേക്കു കടക്കുകയല്ല. മറിച്ച്, അടുക്കുന്തോറും അതു മണൽത്തരികളിൽ നിന്ന് മായാരൂപം ആർജിച്ച് ഉയർന്നുവരികയാണെന്നു തോന്നും. നമുക്കായി വേണ്ടി മാത്രം ഉണ്ടാക്കപ്പെട്ട ഒരു ജനപഥം. നമുക്കു പാർക്കാൻ ആകാശത്തിനു ചായ്പ് ഉണ്ടാക്കിയതുപോലുള്ള കെട്ടിടങ്ങൾ. മരുഭൂമിയുടെ മഞ്ഞ കലർന്ന വെളുപ്പിൽ നിന്ന് ഉയർന്നുവരുന്ന ജയ്‌സൽമേർ കോട്ട. ഈയൊരു സ്വപ്നനഗരം ജയ്‌സൽമേറിൽ മാത്രമേ കാണാൻ കഴിയുകയുള്ളൂ എന്നു തോന്നിപ്പിച്ചുകളയും.

എല്ലാറ്റിലും അവസാനത്തെ...

അതിർത്തിനഗരമായ ജയ്‌സൽമേറിൽനിന്ന് ഏതോ വിദൂരമായ ഓർമയിലേക്കു വിളിച്ചുകൊണ്ടുപോകുന്നതു പോലെയുള്ള റോഡ് താനോട്ടിലേക്കു വഴി കാണിക്കും. അവിടേക്ക് ബസിന് അധികം കാത്തുനിൽക്കേണ്ടിവരില്ല. കാരണം, താനോട്ടിലേക്ക് ഒരു ബസ് മാത്രമായിരുന്നു അന്ന്. ഇപ്പോഴും ഏറെയൊന്നും മാറിക്കാണാൻ സാഹചര്യമില്ല. കാരണം, താനോട്ട് എല്ലാറ്റിന്റേയും അവസാനമാണ്. ഏത് ആഗ്രഹങ്ങളുടെയും അവസാനത്തെയാണ്. ആ ഒരേയൊരു ബസ് രാവിലെ പോയാൽ വൈകീട്ട് തിരിച്ചെത്തുമെന്നാണു കണക്ക്.
വന്നില്ലെങ്കിലും അധികമാരും കാത്തുനിൽക്കാനൊന്നുമില്ല താനോട്ടേക്ക്. എല്ലാ കാത്തിരിപ്പിന്റെയും അവസാനമാണ് അത്. ഉത്തരേന്ത്യയുടെ നെഞ്ചു കരിയുമ്പോൾ ഇടിച്ചുതള്ളി വരാറുള്ള കാലവർഷക്കാറ്റ് പോലും താനോട്ടിനെ സൗകര്യപൂർവം മറന്നുകളയും. വർഷത്തിൽ വല്ലപ്പോഴും കിട്ടുന്ന മഴ മാത്രമേയുള്ളൂ. ശരിക്കും ഒരു മരുഭൂമിയുടെ സ്വഭാവമാണ്. എന്നാൽ, അതു മനസിൽ ഒളിപ്പിച്ചുവച്ചിരിക്കുന്നു എന്നേയുള്ളൂ. ഏറെ അടുത്തുകഴിഞ്ഞാൽ നീലക്കരിമ്പിന്റെ തുണ്ടൊന്നും ആവാനിടയില്ലെങ്കിലും താനോട്ട് മധുരിക്കുന്നതു തന്നെ. അല്ലെങ്കിൽ പട്ടാളം കവാത്തു നടത്തുന്ന ഒരു പുറമ്പോക്കു ഗ്രാമത്തിൽ എന്തിരിക്കുന്നു ജീവിതത്തെ ഇത്രയും കൊതിപ്പിച്ചുനിർത്താൻ?

ലോംഗെവാല അതിർത്തിയിലെ കാവൽ

മഴ മടിച്ചുനിൽക്കുന്നതിനാൽ, കൃഷികൊണ്ടു വലിയ മെച്ചമൊന്നുമില്ല. എന്നുവച്ചു ഗ്രാമീണർ അതിനെ ഇഷ്ടപ്പെടാതിരിക്കുന്നില്ല. കാലിവളർത്തലും കന്നുമേയ്ക്കലുമായി കഴിയുന്ന ജനങ്ങൾക്കു തുച്ഛവരുമാനം മാത്രമേയുള്ളൂ. അവർക്കു കൊയ്തുകൂട്ടാൻ നോക്കെത്താ ദൂരത്തേക്ക് വേരുപിടിച്ച പാടങ്ങളില്ല. കതിർക്കറ്റകളില്ല. നിറക്കാൻ വലിയ കളപ്പുരകളില്ല. ചെറിയ ആവശ്യങ്ങൾ. അതിനായി കിലോമീറ്ററുകൾക്കപ്പുറത്തുള്ള പട്ടണങ്ങളുണ്ടെങ്കിൽ പിന്നെയെന്ത്? നരച്ച കൂട്ടത്തിൽ കുറച്ചധികം വെയിലുകൊണ്ട വാർധക്യങ്ങൾക്കു പെൻഷനുണ്ട്. മാസം 500 രൂപ. അതുകൊണ്ട് എന്തു വാങ്ങാനിരുന്നിട്ടാണ്. ഏറ്റവും പുതിയ കാറോ ആഡംബരങ്ങളോ വേണ്ട. പിന്നെയെന്ത്. ഉണങ്ങിയ മേനിക്കു മീതെ മേനി നടിക്കാൻ കൊള്ളാം.

താനോട്ട് ഇന്ത്യൻ പട്ടാളത്തിന്റെ അധീനതയിലാണോ എന്ന ചോദ്യത്തിന്, തങ്ങൾ വെറും കാവൽക്കാരാണ് എന്നാണ് ഔദ്യോഗിക വിശദീകരണം. ഏറ്റവും അറ്റത്തെ അതിർത്തി ഗ്രാമമായതിനാൽ ഏതു നിമിഷവും എന്തും പ്രതീക്ഷിക്കുന്നുണ്ട് താനോട്ടിന്റെ നോട്ടക്കാരായ അതിർത്തി രക്ഷാസേന

പിന്നെയൊരു വലിയ ആഡംബരമുണ്ട്. ഏറ്റവും അടുത്ത ആശുപത്രി 50 കിലോമീറ്റർ അകലെയാണ്. ഓരോ കുഞ്ഞുരോഗത്തിനും ഓടിച്ചെല്ലേണ്ട ആവശ്യമേ വരുന്നില്ല. പഴയ ബുള്ളറ്റ് മോട്ടോർബൈക്കിൽ പെട്ടി ഓട്ടോയോ മറ്റോ ഒട്ടിച്ചവച്ചതു പോലെയുള്ള ഫട്ഫട് വണ്ടിയിലോ ഒട്ടകവണ്ടിയിലോ, അത്യാവശ്യത്തിന് സർക്കാർ ആശുപത്രിയിൽ എത്തുന്നതു തന്നെ വിരളം. എത്തിയാൽ തന്നെ ചുരുക്കം ചില മരുന്നുകൾ മാത്രമേ സൗജന്യമുള്ളൂ. അധികം മരുന്നുകുടിച്ചു ആരോഗ്യം കളയേണ്ടെന്ന സന്തോഷത്തിൽ തിരികെപ്പോരാം.
ഇതാണു താനോട്ട്. ഇതൊക്കെയാണു താനോട്ട്. എന്നു പറഞ്ഞാൽ, തിരഞ്ഞെടുപ്പു മുന്നിൽ കണ്ടു വാരിക്കോരിക്കൊടുക്കുന്ന സൗജന്യങ്ങൾ പലതും താനോട്ടിലേക്കുള്ള ആ ഒറ്റ ബസ് കാത്തു നിൽക്കുകയാണിപ്പോഴും.

പട്ടാളമെന്ന നോട്ടക്കാരൻ

താനോട്ട് ഇന്ത്യൻ പട്ടാളത്തിന്റെ അധീനതയിലാണോ എന്ന ചോദ്യത്തിന്, തങ്ങൾ വെറും കാവൽക്കാരാണ് എന്നാണ് ഔദ്യോഗിക വിശദീകരണം. ഏറ്റവും അറ്റത്തെ അതിർത്തി ഗ്രാമമായതിനാൽ ഏതു നിമിഷവും എന്തും പ്രതീക്ഷിക്കുന്നുണ്ട് താനോട്ടിന്റെ നോട്ടക്കാരായ അതിർത്തി രക്ഷാസേന. എന്നാൽ, നാട്ടുകാർക്ക് അങ്ങനെ ഒരു ഉത്കണ്ഠ ഉണ്ടോ എന്നു ചോദിച്ചാൽ ഗ്രാമീണരിൽ ഗ്രാമീണരായ ജനം ചിരിക്കും. എന്തിന് ഉത്കണ്ഠ എന്ന്. അതൊക്കെ നോക്കാൻ പട്ടാളമുണ്ടല്ലോ എന്നൊരു ലാഘവത്വം. ഒരു സുരക്ഷിതത്വം. എല്ലാ അതിർത്തി ഗ്രാമക്കാരെയും പോലെ. ഇപ്പോഴല്ലേ അതിർത്തി എന്നൊരു പഴമനസ്സ് പുരികം വളയ്ക്കുന്നു. ശരിയാണ് എന്തിലും രക്ഷാഭടന്മാരുടെ ഒരു കണ്ണുണ്ട്. ദൈവത്തിൽ വരെ.

മാതേശ്വരി താനോട്ട് റായ് മന്ദിർ

രക്ഷാസേനയുടെ നോട്ടച്ചുമതലയിലുള്ള മാതേശ്വരി താനോട്ട് റായ് മന്ദിറിൽ വരെ. ക്ഷേത്രം നടത്തിപ്പും എല്ലാം അവരുടെ മേൽനോട്ടത്തിൽ തന്നെ. മന്ദിറിനുചുറ്റും നിരയും കൂട്ടവും തെറ്റിപ്പടർന്ന കള്ളിമുൾച്ചെടികൾ പോലെ ഗ്രാമം വേരു പിടിച്ചിരിക്കുന്നു.. ഏതാണ്ടു മരുച്ചെടികളുടെ രീതി തന്നെയായിരുന്നു ജനങ്ങൾക്കും. ആവശ്യത്തിനുള്ളതു മാത്രമേ മണ്ണിൽ നിന്നെടുക്കൂ. ആവശ്യത്തിലധികം വളരുക കൂടിയില്ല. ആട്ടിടയന്മാർ തണൽമരങ്ങൾക്കു ചുറ്റിലും പരാതിയും പരിവട്ടവും കൊറിച്ചുകൊണ്ട് വെയിൽ കാഞ്ഞു. പതിനഞ്ചു കിലോമീറ്ററുകൾക്കപ്പുറത്തു നിന്നു കുഴൽ വഴി വരുന്ന വെള്ളം കുടിച്ചു ആടുകളും ദാഹം തീർത്തു. അവിടെയുള്ളതെല്ലാം എല്ലാവരുടേതുമായിരുന്നു.
എന്തും ഏറ്റവും കുറവിൽ സ്വീകരിക്കുക എന്നതു ഇരുകാലിയുടേയും നാൽക്കാലിയുടേയും ഇലപ്പച്ചയുടെയും പൊതു സ്വഭാവം ആയിരിക്കുന്നു. ഉറക്കെ കരയാത്തതുകൊണ്ട് ആനുകൂല്യങ്ങൾ പരിമിതം. അതുകൊണ്ട് ഒറ്റവാക്കിൽ ജീവിതം സന്തോഷം. ക്യാ ഹാലേ ( എന്തൊക്കെയുണ്ട് വിശേഷം ) എന്നു ചോദിച്ചാൽ മലയാളിയെപ്പോലെ, മൊത്തം ഒരു തട്ടുകേടാണ് എന്നു മറുപടിയല്ല. മറിച്ച്, ബഡിയാ ( കൊള്ളാം ) എന്നേ പറയൂ. അങ്ങനെയാണു വരേണ്യ ഇന്ത്യ ഗ്രാമങ്ങളെ പഠിപ്പിച്ചുവച്ചിരിക്കുന്നത്. മുണ്ടു മുറുക്കിയും ചിരിക്കണമെന്ന്. കാണം വിറ്റും ഉണ്ണണമെന്ന്. എന്നാൽ, താനോട്ടിൽ വിൽക്കാൻ കാണം സ്വന്തമായുള്ളവർ അധികമൊന്നുമില്ല.

മരുഭൂമിയിൽ കൂറ്റൻ ചിരട്ട കമിഴ്​ത്തിവച്ചിരിക്കുന്നതു പോലെ മേൽക്കൂരയുള്ള പരമ്പരാഗത രാജസ്ഥാനി കുടിലുകൾക്കു മുന്നിലെ വറുത്തെടുത്തുവച്ചിരിക്കുന്ന പൊരിമണലിൽ കുട്ടികൾ പരസ്പരം കളിപ്പാട്ടങ്ങളായി

ഒട്ടകത്തിനു പുല്ലു ചെത്താൻ പോകുന്ന വഴിയിൽ അതിർത്തിക്കടുത്തു നിന്ന് ബസ്രു രാം മേഘ്വാൾ രാഷ്ട്രീയം പറയും. കോൺഗ്രസിനെ കുറിച്ചും ഭാരതീയ ജനതാ പാർട്ടിയെക്കുറിച്ചുമെല്ലാം നല്ല നോട്ടങ്ങളുണ്ട് ബസ്രു രാമിന്. മന്ദിറിന്റെ പരിസരത്ത് വർഷങ്ങളായി സോപ്പ് ചീപ്പ് കണ്ണാടി വറുത്തുകൊറി കച്ചവടം ചെയ്യുന്ന അമരേദേവ് സിങ് പ്രതിഹസ്തും രാഷ്ട്രീയവിശകലനത്തിൽ ഒട്ടും പിന്നിലല്ല. ആരും ചാനൽ ചർച്ചയ്‌ക്കൊന്നും വിളിക്കുന്നില്ല എന്നേയുള്ളൂ. എന്നാലും ജീവിതച്ചാനലിലിരുന്നു പ്രതിഹസ്ത് തിരഞ്ഞെടുപ്പിൽ വോട്ട് പോകുന്നതാർക്കൊക്കെ എന്നു പറയും. ബിഹാറിൽ നിന്നോ മറ്റോ വർഷങ്ങൾക്കു മുമ്പ് ജയ്‌സൽമേറിൽ എത്തി അവിടെ തങ്ങി ഇവിടെ കച്ചവടം ചെയ്യുന്ന അയാൾ ഗ്രാമക്കാരനല്ലെങ്കിലും ഗ്രാമീണരുടെ മനസ് അറിയാം. അതു തന്നെ. വോട്ട് കൈയയച്ചുകൊടുക്കും, ആർക്കും. മറ്റെന്താണല്ലാതെ കൊടുക്കാനായിട്ടുള്ളത്.

മരുഭൂമിയിൽ കൂറ്റൻ ചിരട്ട കമിഴ്​ത്തിവച്ചിരിക്കുന്നതു പോലെ മേൽക്കൂരയുള്ള പരമ്പരാഗത രാജസ്ഥാനി കുടിലുകൾക്കു മുന്നിലെ വറുത്തെടുത്തുവച്ചിരിക്കുന്ന പൊരിമണലിൽ കുട്ടികൾ പരസ്പരം കളിപ്പാട്ടങ്ങളായി. വല്ലപ്പോഴും വഴിതെറ്റിയെത്തുന്ന സന്ദർശകരുടെ വാഹനങ്ങളിൽ നിന്നുള്ള സൗജന്യങ്ങളിലേക്ക് ഒളികണ്ണിട്ട്. അവർക്കും സൂര്യനുമിടയിൽ ശരീരപാകത്തെ കവച്ചുവയ്ക്കുന്ന മേലാടകൾ. അത് ഇടയ്ക്കിടെ ഊർന്നും തെറുത്തും. ദേഹത്തു ദുരിതകാലം കരുവാളിച്ചുകിടന്നു. അധ്യാപകർക്ക് മറ്റു ജോലിയെന്തെങ്കിലും വന്നാൽ, പിന്നെ കുറച്ചു നാളത്തേക്കു സ്‌കൂളിൽ പോകേണ്ടെന്ന വലിയ ആശ്വാസമുണ്ട്. വഴിയരികിലെ കുളിത്തൊട്ടിയിൽ തന്നെ നനയും കുളിയും കുടിയും. തണുപ്പിലേക്കു മുഖം പൂഴ്​ത്താൻ വരുന്ന പൈദാഹങ്ങളുടെ വാലിൽ പിടിച്ചുകറക്കി, അവയെ ഓടിക്കുകയും വേണം. കുളിത്തൊട്ടിയിൽ നിന്നു വെള്ളം കുടിച്ച പാത്രങ്ങൾ തലയിലേറ്റി സ്ത്രീകൾ വീടുകളിലേക്ക്. ദ് ഗ്രേറ്റ് ഇന്ത്യൻ സർക്കസ്.

യുദ്ധത്തിന്റെ ഓർമകൾ

പാക്കിസ്ഥാനുമായുള്ള 1965, 1971 യുദ്ധങ്ങൾക്കിടെ അതിർത്തിക്കപ്പുറത്തു നിന്ന് 3000ഓളം ബോംബുകളാണ് താനോട്ട്, ലോംഗെവാല പ്രദേശങ്ങളിൽ പതിച്ചവെന്ന് കണക്കാക്കപ്പെടുന്നത്. ബോംബുകളൊന്നും തന്നെ മാരകമായി പൊട്ടാതെ കാത്തത് താനോട്ട് മാതേശ്വരിയാണെന്നത് ഒരു വിശ്വാസം. പട്ടാളം ഇപ്പോഴും മന്ദിർ സംരക്ഷിക്കുന്നതിന്റെ മാനസികമായ ഒരു കാരണം അതാണ്. എന്നാൽ, മറ്റൊരു പാക് കടന്നുകയറ്റം തടയാനാണെന്നതു യുക്തി.

1971ലെ യുദ്ധത്തിൽ ഇന്ത്യ പിടിച്ചെടുത്ത പാക്കിസ്​ഥാ​ൻ ടാങ്ക്​. ലോംഗെവാലയിലാണ്​ ടാങ്ക്​ സൂക്ഷിച്ചിരിക്കുന്നത്​

1971 ലെ യുദ്ധത്തിൽ രണ്ടായിരത്തോളം പാക് ഭടന്മാരുടെ പടിഞ്ഞാറുനിന്നുള്ള തള്ളിക്കയറ്റം ഇന്ത്യൻ സേനയുടെ കവചിതവാഹന വ്യൂഹം വീരോചിതമായി ചെറുത്തതും തീർത്തുകളഞ്ഞതും ചരിത്രം. അതിന്റെ സ്മാരകമായി അന്നു പിടികൂടിയ പാക് ടാങ്ക് ഇപ്പോഴും ലോംഗെവാലയിൽ സ്മാരകപ്പെടുത്തിയിട്ടുണ്ട്.
1965 ൽ പാക്കിസ്ഥാനെ തറപറ്റിച്ച ശേഷമാണ് അതിർത്തി രക്ഷാസേന മന്ദിറിന്റെ പരിസരത്ത് ആദ്യമായി ഒരു കാവൽപ്പുര ഉണ്ടാക്കുന്നത്. പിന്നെ പൂജയും മറ്റു കാര്യങ്ങളും സ്വന്തം മേൽനോട്ടത്തിലാക്കുകയും ചെയ്തു. പിന്നീടാണ് അതേ സ്ഥലത്ത് ഇന്ന് കാണുന്ന വലിയ ക്ഷേത്രം അവരുടെ ചുമതലയിൽ തന്നെ പണിയുന്നതും. ഒപ്പം ഒരു മ്യൂസിയവും. മന്ദിറിലെത്തുന്ന സന്ദർശകരുടെ താൽപര്യം താനോട്ട് മാത ദേവിയിൽ മാത്രമല്ല. ഇന്ത്യൻ മണ്ണിൽ പതിച്ചിട്ടും പൊട്ടാതെ ബാക്കിയായ പാക് ബോംബ് ഇപ്പോഴും സൂക്ഷിച്ചിരിക്കുന്നത് കാണാൻ കൂടിയാണ്.▮


വി. ജയദേവ്​

മാധ്യമപ്രവർത്തകൻ, കവി, നോവലിസ്റ്റ്, കഥാകൃത്ത്. ഭൂമിയോളം ചെറുതായ കാര്യങ്ങൾ, ചോരപ്പേര്,മായാബന്ധർ (നോവൽ), ഒരു കാറ്റിനെ എങ്ങനെ വായിക്കും, ഒരു പൂമ്പൊടി കൊണ്ടും ഒരു പൂക്കാലം കൊണ്ടും, കപ്പലെന്ന നിലയിൽ ഒരു കടലാസ് തുണ്ടിന്റെ ജീവിതം (കവിതാ സമാഹാരങ്ങൾ), ഭയോളജി, മരണക്കിണർ എന്ന ഉപമ (കഥാസമാഹാരം) എന്നിവ പ്രധാന പുസ്തകങ്ങൾ.

Comments