ആൻഡമാനിലെ പ്രിസ്ബിറ്റേറിയൻ പള്ളി / Photos: S.N. Rajeesh

അസ്തമിക്കാത്ത സൂര്യന്റെ
ആളൊഴിഞ്ഞ സെമിത്തേരി

ആളും ആരവവുമില്ല. പാനസൽക്കാരങ്ങളില്ല. മദിരോത്സവങ്ങളില്ല. കടക്കൺനോട്ടങ്ങളില്ല. ഒരു കാലം തെക്കൻ കടലിലെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അധികാര സിരാകേന്ദ്രമായിരുന്നു എന്ന് ആരും ഓർക്കില്ല.

ബാക്കിയെന്തൊക്കെപ്പറഞ്ഞാലും ഇന്ത്യയുടെ മുറിവു തന്നെയാണ് ആൻഡമാൻ. അവിടെ പോർട്ട് ബ്ലെയറിലെ കൽത്തുറുങ്കുകളിലെ ഏറ്റവും ചെറിയ വിലാപത്തിന്റെ പേരുപോലും ഇന്ത്യ എന്നാണ്.
സൂര്യനസ്തമിക്കാത്ത ഒരു സാമ്രാജ്യമെന്ന അഹങ്കാരത്തെ ചോര കൊണ്ടും ജീവൻ കൊണ്ടും മായ്ച്ചുകളഞ്ഞ ഒരു രാജ്യത്തിന്റെ നെഞ്ചൂക്ക്. ഏതു കൊടിയ പീഡനത്തെയും സഹനം കൊണ്ടു ചെറുക്കാമെന്ന പ്രാർത്ഥനകളുടെ തഴമ്പുപിടിച്ച ഇരുട്ടറ തകർത്ത ചെന്തീച്ചോപ്പ്.

സൂര്യനസ്തമിക്കാത്ത സാമ്രാജ്യമെന്ന അഹന്തയുടെ കൊടിപ്പടത്തെ കാലത്തിന്റെ ചവറ്റുകുട്ടയിലേക്ക് എറിഞ്ഞ ഓർമ കൂടിയാവുന്നു ആൻഡമാൻ. വെള്ളക്കാരന്റെ പച്ചനീലക്കണ്ണുകളിലെ ആർത്തിയുടെ സെമിത്തേരി. കടന്നുകയറുന്ന നാടുകളിലെ മണ്ണും പെണ്ണും കാൽക്കീഴിലാക്കുന്ന ദുരയുടെ ശവപ്പറമ്പ്. ആൻഡമാനിൽ പെട്ട റോസ് ദ്വീപ്, ജീവിതത്തിലൊരിക്കലും കാണാതെ പോകരുത്. അവിടെയൊന്നും കാണാനില്ല. എന്നാൽ, കാലത്തിന്റെ ഈ സെമിത്തേരിയിലൂടെ ഇന്നു നടക്കുമ്പോൾ എല്ലാം കാണാൻ കഴിയുന്നുണ്ട്. എന്തും വെട്ടിപ്പിടിക്കാനുള്ള അധികാരമുണ്ടെന്ന വെളുപ്പിന്റെ അഹംഭാവത്തെ. ഒരു നേട്ടവും ശാശ്വതമല്ലെന്ന നീതിപാഠങ്ങളെ. കണ്ണീരിനും നിലവിളികൾക്കും മീതെ കെട്ടിപ്പൊക്കിയ എന്തും ഒരിക്കൽ നിലംപൊത്തുമെന്ന ആത്യന്തികസത്യത്തെ. അപരന്റെ സ്വാതന്ത്ര്യത്തിനു മേൽ ഇരുമ്പുകൂടു പണിയുന്ന ഏതു കൂടിയ നെഞ്ചളവും എന്നെങ്കിലുമൊരിക്കൽ നിലംപരിശാവുമെന്ന യാഥാർത്ഥ്യത്തെ.

ഐലൻഡ്. പോർട്ട് ബ്ലെയറിൽ നിന്നുള്ള ദൃശ്യം
ഐലൻഡ്. പോർട്ട് ബ്ലെയറിൽ നിന്നുള്ള ദൃശ്യം

ഇന്ന്, ചരിത്രത്തിന്റെ ശവപ്പറമ്പായിക്കഴിഞ്ഞ റോസ് ഐലൻഡിൽ സന്ദർശകരെ കാത്തിരിക്കുന്നത് വർണാഭമായ കാഴ്ചകളല്ല. പല നിറങ്ങളിൽ ചായം തേച്ച ജീവിതങ്ങളല്ല. പല അഹന്തകളുടെ പ്രത്യയശാസ്ത്രങ്ങളല്ല. നരച്ചതിനെ മായ്ച്ചുകളയുന്ന നിറക്കൂട്ടുകളല്ല. ഒറ്റയായ ഒന്നിനെ പലതായി പകുക്കുന്ന രാക്ഷസ മനുപ്രമാണമല്ല. വെള്ളക്കാരന്റെ ലോകനീതിയുടെ ഈ സെമിത്തേരി ഒരു വലിയ പാഠപുസ്തകമാണ്. മനുഷ്യൻ പൊങ്ങച്ചത്തിൽ കെട്ടിപ്പൊക്കിയുണ്ടാക്കുന്ന എന്തും മണ്ണിലേക്കു മടങ്ങുമെന്നതിന്റെ. കൃത്രിമമായ ഉടുത്തുകെട്ടുകളേതും അഴിഞ്ഞുപോകുമെന്നതിന്റെ. കാലത്തിന്റെ കെട്ടുകാഴ്ചകളൊന്നും ഏറെക്കാലം വ്യാജവാഴ്ത്തുകൾ കൊണ്ടു നിത്യതയാക്കാൻ പറ്റില്ല എന്ന തിരിച്ചറിവിന്റെ.
റോസ് ഐലൻഡ് അടങ്ങുന്ന ആൻഡമാൻ ദ്വീപ് സമൂഹങ്ങൾ ചരിത്രത്തിന്റെ എത്രയോ പടയോട്ടങ്ങൾ കണ്ടുകഴിഞ്ഞിരിക്കുന്നു.

മനുഷ്യവാസമില്ലാത്ത റോസ് ഐലൻഡിലെ ദൃശ്യങ്ങൾ
മനുഷ്യവാസമില്ലാത്ത റോസ് ഐലൻഡിലെ ദൃശ്യങ്ങൾ

ആധുനിക മനുഷ്യന്റെ നാളിതുവരെയുള്ള അറിവുകളൊന്നും തൊട്ടുതീണ്ടാത്ത, ഇന്നും അജ്ഞാതവും അജയവുമായ തനത് ആദിവാസിഗോത്രങ്ങൾ കാലത്തെ എത്ര ഉരുക്കഴിച്ചിരിക്കുന്നു. വെള്ളക്കാരന്റെ തീയുണ്ടയ്‌ക്കെതിരെ ഗോത്രസമൂഹങ്ങൾ നടത്തിയ എത്രയോ പോരാട്ടങ്ങൾ കലാപം എന്ന പേരിൽ പോലും അറിയപ്പെടാതെ ചരിത്രത്തിൽ തമസ്‌കരിക്കപ്പെട്ടിരിക്കുന്നു. ഒരു കാലം ജപ്പാൻപടയ്ക്കു മുന്നിൽ പിടിച്ചുനിൽക്കാനാവാതെ പോയ വെള്ളക്കാരന്റെ പിന്നോട്ടോട്ടത്തിന്റെ കഥകൾ പറയാതെ പോയിരിക്കുന്നു. ഇന്ത്യൻ ത്രിവർണ പതാക, രാജ്യത്തിനു സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പു തന്നെ ഉയർത്തപ്പെട്ട ഇന്ത്യയായിരുന്നു റോസ് ഐലൻഡെന്ന ചരിത്രം അറിയപ്പെടാതെ മാറിയിരിക്കുന്നു.
ഇന്ന്, റോസ് ഐലൻഡ് വെള്ളക്കാരന്റെ കൊളോണിയൽ കൊടിപ്പടങ്ങളുടെ സെമിത്തേരി ഭൂതകാലത്തിന്റെ തന്നെ സെമിത്തേരിയായി മാറിയിരിക്കുന്നു.

ഒരു നിലവിളിപ്പാടകലെ കടലിലെ സ്വർഗം

ആൻഡമാൻ തലസ്ഥാനമായ പോർട്ട് ബ്ലെയറിൽ നിന്ന് കിലോമീറ്ററുകൾ മാത്രം അകലെയാണു റോസ്. പ്രശസ്ത മറീൻ സർവേയറായിരുന്ന ക്യാപ്റ്റൻ ഡാനിയൽ റോസിന്റെ പേരിന്റെ ഓർമയ്ക്കാണ് ദ്വീപിന് ആ പേരു വന്നത്- റോസ് ഐലൻഡ്. വെള്ളക്കാരന്റെ കടലിലെ സ്വർഗം എന്ന് ഓമനപ്പേര്. പോർട്ട് ബ്ലെയറിൽ നിന്നു നോക്കിയാൽ കാണാം ഈ വീണുപോയ സ്വർഗത്തിന്റെ ഇന്നത്തെ, വെളിച്ചം ചോരുന്ന പച്ച മേലാപ്പ്. ബോട്ടിൽ - വെള്ളപ്പുറത്തു മാത്രമേ അങ്ങോട്ടേയ്ക്കു കടക്കാൻ കഴിയൂ- അരമണിക്കൂറിൽ താഴെ സമയം മതി. പൂച്ചക്കണ്ണുള്ള ബംഗാൾ ഉൾക്കടലിലെ ശ്മശാനത്തുരുത്ത്. ഇപ്പോൾ സുരക്ഷാ കാരണങ്ങളാൽ നിശ്ചിതസമയം മാത്രമേ സന്ദ4ശക4ക്ക് അനുവാദമുള്ളൂ.

റോസ് ഐലൻഡിൽ ഇപ്പോൾ ജീവിതങ്ങളുടെ തിടുക്കപ്പാച്ചിലുകളില്ല. ഒരു പ്രാർത്ഥനയോ പരാതിയോ നിലവിളിയോ മുഴങ്ങുന്നില്ല. പരിമിതമായ സ്വാതന്ത്ര്യങ്ങൾ മാത്രമുള്ള സന്ദർശകരും അവർക്കു സൗകര്യമൊരുക്കാൻ വേണ്ടിയുള്ള അടിസ്ഥാന മനുഷ്യശേഷിയും മാത്രം

നിലവിളികൾക്കു മേൽ പണിത സ്വർഗം

ബംഗാൾ ഉൾക്കടലിലേക്ക് പിടിമണ്ണു വാരിവലിച്ചെറിഞ്ഞതു വേരുപിടിച്ചതുപോലെ പത്തഞ്ഞൂറു ചെറുതും വലുതുമായ തുരുത്തുകൾ. അതാണ് ശരിക്കും ആൻഡമാൻ - നികോബർ ദ്വീപ് സമൂഹം. അതിൽ നാൽപ്പതിൽ താഴെയുള്ളവയിൽ മാത്രം മനുഷ്യന്റെ ചൂടും ചൂരും. അതിൽത്തന്നെ വിരലിലെണ്ണാവുന്നവയിൽ മാത്രം ആധുനിക സമൂഹത്തിന്റെ ദുശ്ശീലങ്ങളെല്ലാമുള്ള മനുഷ്യർ. ഇനിയും പുറംലോകത്തിന് അറിയാത്ത ദ്വീപുകളിൽ ഭൂമിയിലെ ഏറ്റവും ആദിമരായ സെന്റിനെലീസ് മനുഷ്യർ, അവരുടേതായ അറിവുകളും കാലവും വച്ചു ജീവിക്കുന്നു. ജാരവ ഗോത്രത്തെ നിലനിർത്താൻ വേണ്ടി പൊതുസമൂഹത്തിനു വിലക്കുള്ള ആൻഡമാൻ ദ്വീപിലെ ജാരവ സംരക്ഷിത വനം. അങ്ങനെ ആൻഡമാൻ ആരുടെയും കൗതുകങ്ങളിൽ നിറയുന്നു.
എന്നാൽ, റോസ് ഐലൻഡിൽ ഇപ്പോൾ ജീവിതങ്ങളുടെ തിടുക്കപ്പാച്ചിലുകളില്ല. ഒരു പ്രാർത്ഥനയോ പരാതിയോ നിലവിളിയോ മുഴങ്ങുന്നില്ല. പരിമിതമായ സ്വാതന്ത്ര്യങ്ങൾ മാത്രമുള്ള സന്ദർശകരും അവർക്കു സൗകര്യമൊരുക്കാൻ വേണ്ടിയുള്ള അടിസ്ഥാന മനുഷ്യശേഷിയും ഒഴിച്ചാൽ, ഇന്നു റോസിൽ ജീവിക്കുന്നതു പ്രകൃതി തന്നെയാണെന്നു പറയാം.

എല്ലാത്തരം തോന്ന്യവാസങ്ങളോടെയും വളർന്നുനീളുന്ന വേരുകളുള്ള പച്ചപ്പും മാനും കിളിയും മുയലും മറ്റുമടങ്ങുന്ന ജീവിതങ്ങളും മാത്രം. ഒഴിഞ്ഞ യാത്രാപഥങ്ങളിൽ യഥാസമയ ജീവിതത്തിന്റെ ഒരു ലക്ഷണവുമില്ല. എത്രയോ പ്രാർത്ഥനകൾ മുഴങ്ങിയിരുന്നിരിക്കാവുന്ന പ്രിസ്ബിറ്റേറിയൻ പള്ളിയിൽ ഇന്ന് കുർബാനയ്‌ക്കെത്തുന്നതു വഴിതെറ്റിയെത്തുന്ന കൊച്ചുകാറ്റുകൾ മാത്രം. ഏറെയകലെയല്ലാത്ത അമ്പലത്തിൽ പ്രാർഥന നടത്തുന്നതു നിശ്ശബ്ദത മാത്രം. ഒരു കാലം, കമിതാക്കൾ തിക്കിത്തിരക്കിയിരുന്നിരിക്കാവുന്ന റോസ് വീഥിയിൽ ഇന്ന് ആരുടേയോ നിഴലുകൾ മാത്രം. എനിക്ക്, എനിക്ക് എന്ന് ആവശ്യങ്ങൾ വന്നു തിടുക്കം കൂട്ടിയ ബസാറിലും ബേക്കറിയിലും പലവ്യഞ്ജനക്കടകളിലും ഇന്നു കിളിയായ കിളികളൊക്കെ വന്നു കൂടുകൂട്ടിയിരിക്കുന്നു. വെള്ളക്കാരന്റെ കുളിത്തൊട്ടി ഇന്നു വരണ്ടുനിൽക്കുന്നു. പോയ കാലത്തെ ഓർമിപ്പിക്കാനെന്ന വണ്ണം കാഴ്ചയിലുടനീളം വേരുകൾ നീണ്ടിരിക്കുന്നു.

ആളും ആരവവുമില്ല. പാനസൽക്കാരങ്ങളില്ല. മദിരോത്സവങ്ങളില്ല. കടക്കൺനോട്ടങ്ങളില്ല. ഒരു കാലം തെക്കൻ കടലിലെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അധികാര സിരാകേന്ദ്രമായിരുന്നു എന്ന് ആരും ഓർക്കില്ല. ഇന്ത്യയിൽ നിന്ന് കള്ളക്കേസിൽ കുടുക്കിയും മറ്റും കടൽകയറ്റിക്കൊണ്ടുവന്ന തടവുകാരുടെ വിയർപ്പിനും ചോരയ്ക്കും മുകളിലാണു വെള്ളക്കാരൻ ഈ സ്വർഗം പണിതെടുത്തത്. അതൊരു കാലത്തിന്റെ കാവ്യനീതി തന്നെയായിരുന്നു. കല്ലിനു മുകളിൽ കല്ലുറയ്ക്കാത്തവണ്ണം അസ്തമിച്ചുകഴിഞ്ഞു ആ പ്രതാപമൊക്കെയും. ആൽമരങ്ങളുടെ വേരുകളുടെ ആ ഗാഢാലിംഗനങ്ങൾ ഇല്ലായിരുന്നെങ്കിൽ ഈ സെമിത്തേരിയും കാലമെടുത്തേനെ.

റോസ് ദ്വീപിലെ ഓരോ മദ്യമദിരോത്സവവും ചഷകമൊഴിഞ്ഞത് ഇന്ത്യയുടെ നിലവിളിക്കുമീതെയായിരുന്നു. ഒഴുകുന്ന ദ്വീപ് എന്നു തോന്നിപ്പിക്കുന്ന ഈ സ്വർഗം ഒരിക്കലും അസ്തമിക്കില്ലെന്നായിരുന്നു ബ്രിട്ടീഷ് അഹന്ത. തൊട്ടടുത്ത വൈപ്പർ ഐലൻഡിലെ തടവുകാരുടെ ഓരോ കരച്ചിലിനും പിടച്ചിലിനും മീതെ അവർ ആഘോഷങ്ങളിൽ മതിമറന്നു. തൊട്ടടുത്തു പോർട്ട് ബ്ലെയറിലെ ഏഴു നീരാളിക്കൈകളുള്ള സെല്ലുലാർ ജയിലിലെ കൊലമുറിയിൽ ഓരോ ഇന്ത്യക്കാരനും കയറിൽ തൂങ്ങിയാടിയപ്പോൾ, റോസ് ഐലൻഡിൽ മരണത്തെ ആഘോഷിക്കുകയായിരുന്നു.

മരണം മുഖാമുഖം കണ്ട റോസ്

മരണം മുഖാമുഖം കണ്ടവർ തന്നെയായിരുന്നു ബ്രിട്ടീഷ് അധികാരിവർഗം റോസ് ഐലൻഡിൽ. ഉന്നത ഉദ്യോഗസ്ഥരുടെയും കുടുംബങ്ങളുടെയും ആഡംബര താമസസ്ഥലമായിരുന്ന ദ്വീപുകളിൽ അടിമപ്പണിക്കും ദാസ്യവേലയ്ക്കും വേണ്ടി മാത്രം ഇന്ത്യക്കാരുമുണ്ടായിരുന്നു. എന്നാൽ, ആഘോഷത്തിമിർപ്പുകൾക്കു മേൽ ആദ്യത്തെ തിരിച്ചടിയായത് മലമ്പനിയും അതിസാരം തുടങ്ങി വെള്ളംവഴി കയറിയെത്തിയ രോഗങ്ങളെത്തുടർന്നുള്ള മരണങ്ങളുമായിരുന്നു. പിഞ്ചുകുഞ്ഞുങ്ങൾ വരെ മരിച്ചുവീണപ്പോഴായിരുന്നു, കുടിവെള്ളം ശുദ്ധീകരിക്കാനുള്ള പ്ലാന്റ് തന്നെ സ്ഥാപിക്കപ്പെട്ടത്. ഡിസ്റ്റിലിങ് പ്ലാന്റിന്റെയും ശുദ്ധജലപ്ലാന്റുകളുടെയും മറ്റും പടുകൂറ്റൻ ഇരുമ്പുപൈപ്പുകളും മറ്റും തുരുമ്പെടുത്തും അല്ലാതെയും ഒരു കാലത്തിന്റെ നോക്കുകുത്തികളായി ബാക്കിനിൽക്കുന്നു.

ദ്വീപിലെ തൂണിനും തുരുമ്പിനും വരെ വെള്ളക്കാരന്റെ കെട്ടിപ്പൊക്കിയ ആഭിജാത്യത്തിന്റെ പുറംമിനുക്കുകളുണ്ടായിരുന്നു. സ്വിമ്മിങ് പൂൾ, ടെന്നിസ് കളിത്തട്ട്, വെട്ടിനിർത്തി മനോഹരമാക്കിയ ഉദ്യാനങ്ങൾ, ആഡംബര മേടകൾ അങ്ങനെയെന്തും.

കല്ലുകൊണ്ടു പണിത പ്രിസ്ബിറ്റേറിയൻ പ്രൊട്ടസ്റ്റന്റ് പള്ളിയിൽ സമൃദ്ധമായ മരപ്പണികളെല്ലാം ചെയ്തത് ബർമയിൽ നിന്ന് കപ്പലിലെത്തിച്ച തേക്കുതടി കൊണ്ട്. പള്ളി അൾത്താരയുടെ പിൻപാളികൾ ഇറ്റലിയിൽ നിന്നുള്ള കണ്ണാടിയിലും. ആഡംബരത്തിനും പൊങ്ങച്ചത്തിനും പ്രൗഢിക്കും കപട ആഭിജാത്യത്തിനും ഒട്ടും കുറവുണ്ടായിരുന്നില്ല ഒന്നിനും. പട്ടാളത്തിന്റെ വിവിധ ശ്രേണികളിലുള്ളവർക്കു വെവ്വേറെ തീനിനും കുടിക്കും അർമാദത്തിനുമുള്ള കെട്ടിടങ്ങൾ. പഴയ കാല പ്രതാപത്തിന്റെയും വീരസ്യത്തിന്റെയും സബോഡിനേറ്റ്‌സ് ക്ലബ്ബിന്റെ സ്ഥാനത്ത് ഇപ്പോൾ പൊട്ടിപ്പൊളിഞ്ഞ വിജനത മാത്രം. ഒരു കാലം, തേക്കുകൊണ്ടു തന്നെ തറ പാനലിങ് വരെ ചെയ്ത ഡാൻസ് ഫ്‌ളോറും ഇറ്റാലിയൻ ഗ്ലാസു കൊണ്ടു തീർത്ത മിനുക്കുഫലകങ്ങളും ഒന്നും ബാക്കിയായില്ല.

എന്നാൽ, എല്ലാം എപ്പോഴെങ്കിലും കാലം എടുക്കും എന്നൊരു തിരിച്ചറിവ് ഇല്ലാതെ പോയിരുന്നു. പൊതുവേ ശാന്തമായ അന്നത്തെ കടൽ ഇരുട്ടടി തിരിച്ചുതരും എന്ന് മുൻകൂട്ടിയറിഞ്ഞില്ല. അല്ലെങ്കിൽ അധികാരഗർവത്തിന്റെ മത്തതയിൽ സൂര്യനസ്തമിക്കില്ല എന്നു തന്നെ മദം കൊണ്ടു. ആർക്കു തകർക്കാൻ കഴിയും ഭൂമിക്കുമേൽ പണിത വംശീയതയുടെ കോളണികളെ, അജ്ഞാത ദ്വീപുകളിൽ ആമത്തിലിട്ട തടവുകാരാരും വന്നു മുട്ടിവിളിക്കില്ല തങ്ങളുടെ വംശീയ മഹിമയെ, സെല്ലുലാർ ജയിലിൽ ഓരോ നിമിഷവും അണഞ്ഞുകൊണ്ടിരിക്കുന്ന കരിന്തിരിജന്മങ്ങൾ വഴിമുടക്കില്ല ലോകറാണിയുടെ പ്രതാപത്തെ എന്ന മത്തു പിടിപ്പിക്കുന്ന അഹന്തയുടെ തടവിലായിരുന്നു അവർ.

ആദ്യം കടൽ, പിന്നെ കടലിലൂടെ

തെക്കൻ കടലിലെ ബ്രിട്ടീഷ് കൊടിക്കൂറയുടെ അടിപടലം തകർത്തത് ഒന്നിനെയും കൂസാത്ത കടലിന്റെ അടങ്ങാത്ത ധിക്കാരമായിരുന്നു. 1941 ൽ ആദ്യത്തെ ആഘാതം അതിശക്തമായ ഭൂകമ്പത്തിന്റെ രൂപത്തിൽ, അതിനൊപ്പം ആകാശത്തോളമുയർന്ന രാക്ഷസത്തിരകളുടെ എന്തും മുറിച്ചുകളയുന്ന ജലമൂർച്ചയിൽ.
റോസ് ഐലൻഡിന്റെ ഒരു ഭാഗത്തെ ഭൂമിയിൽ നിന്ന് പറിച്ചെറിഞ്ഞുകൊണ്ടാണ് താണ്ഡവത്തിന്റെ പിന്നാക്കം മടങ്ങൽ. ദ്വീപിലെ ആദ്യകാല നിർമിതികളെല്ലാമുള്ള ഒരു ഭാഗം അടർന്നുമാറി കടലിലമർന്നതായാണു സംശയിക്കപ്പെടുന്നത്. അതോടെ ദ്വീപിന്റെ ആവാസ വിസ്തൃതി തന്നെ പകുതിയായി കുറഞ്ഞു. എഴുപത് എക്കറായിരുന്നു ദ്വീപ്. സൂര്യവെളിച്ചം മണ്ണ് തൊടാത്തത്ര നിബിഡ ഇലപ്പച്ച. അത് മുഴുവൻ വെട്ടിത്തെളിച്ചായിരുന്നു സ്വർഗത്തിന്റെ നിർമാണം. കിഴക്ക് പടിഞ്ഞാറായി കൂറ്റൻ മതിൽ. തടവുകാരെയും അടിമകളെയും മതിലിനപ്പുറം മാറ്റി നട്ടുവച്ചു. ആ വേർതിരിവിനെയാണ് കടൽ എടുത്തു കുടഞ്ഞതും.

രണ്ടാമത്തെ അടിയും കടലിലൂടെ തന്നെയായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭാഗമായി ഐക്യസേനയ്‌ക്കെതിരെയുള്ള പടനീക്കത്തിൽ തെക്കൻ കടലിലൂടെ വന്ന ബ്രിട്ടീഷ് ഇന്ത്യയ്ക്ക് ആദ്യത്തെ തിരിച്ചടി ജപ്പാൻ കൊടുത്തത് ആൻഡമാൻ ദ്വീപ് സമൂഹങ്ങളിലെ ബ്രിട്ടീഷ് കൊടിപ്പടം മുറിച്ചുകൊണ്ടായിരുന്നു. 1942 ൽ. തുടർന്നു മൂന്നുകൊല്ലത്തോളം യൂണിയൻ ജാക്കിനു പകരം കടൽക്കാറ്റിൽ പാറിയതു ജപ്പാന്റെ കൊടി. 1945 ൽ ഐക്യസേന തിരിച്ചുപിടിക്കുന്നതു വരെ.

റോസിലെ ബ്രിട്ടീഷ് അധികാരച്ചിഹ്നമായ ചീഫ് കമീഷണറുടെ കാര്യാലയമായ ഗവൺമെൻറ്​ ഹൗസ് ജാപ്പനീസ് നാവിക അഡ്മിറലിന്റെ ആസ്ഥാനമായി. അവസാനത്തെ ചീഫ് കമീഷണറായ സർ ചാൾസ് ഫ്രാൻസിസ് വോട്ടർഫോളിനെ യുദ്ധത്തടവുകാരനായി പിടിച്ചു. പോർട്ട് ബ്ലെയറിലെ അബെഡീൻ ക്ലോക്ക് ടവറിൽ വച്ച് അദ്ദേഹത്തിന്റെ ഡപ്യൂട്ടി മേജർ ബേഡിന്റെ തലവെട്ടി. ഇപ്പോഴുമുണ്ട് ജപ്പാൻകാർ തീരത്തെമ്പാടും കല്ലിൽ സ്ഥാപിച്ച പത്തുമുന്നൂറു ബങ്കറുകളും നിരീക്ഷണപ്പുരകളും. റോസ് ദ്വീപിലേക്ക് ആരെയും കൈകോർത്തു സ്വീകരിക്കുന്നതുതന്നെ ഇപ്പോൾ ചുവന്ന ചായമടിച്ചു നിൽക്കുന്ന ഈ ബങ്കറുകൾ. കടലിലെ മേൽക്കോയ്മയ്ക്കുവേണ്ടി ചിന്തിയ ചോരയുടെ ഓർമയ്ക്ക്.
ഇപ്പോൾ അതേ അബെഡീൻ ബോട്ട് ജെട്ടിയിൽ നിന്നാണ് റോസ് ഐലൻഡിലേക്കുള്ള ബോട്ടുകൾ യാത്ര പുറപ്പെടുന്നത് എന്നത് കാലം കാത്തുവച്ച യാദൃച്ഛികതയാവാം.

ഇന്ത്യക്കകത്തെ സ്വതന്ത്ര ഇന്ത്യ

ജപ്പാൻകാർ ആൻഡമാൻ പിടിച്ചെടുത്തതോടെ ഇന്ത്യയുമായി ബന്ധപ്പെട്ട മറ്റൊരു സുപ്രധാന സംഭവത്തിനും റോസ് ഐലൻഡ് സാക്ഷിയായി. ഇന്ത്യയിലെ ബ്രിട്ടീഷുകാർക്കെതിരെ അഹിംസയുദ്ധമെന്ന സമവാക്യം ഉപേക്ഷിച്ച് ഇന്ത്യൻ ദേശീയ സേനയ്ക്കു രൂപം കൊടുക്കുകയും എന്തു വിലകൊടുത്തും ആരെക്കൂട്ടുപിടിച്ചും വെള്ളക്കാരെ ആയുധം കൊണ്ടു തുരത്തുമെന്നു നിലപാടെടുക്കുകയും ചെയ്ത നേതാജി സുഭാഷ് ചന്ദ്ര ബോസിനോട് അനുഭാവ രാഷ്ട്രീയ നിലപാടെടുത്തിരുന്നു ജപ്പാൻ. ആൻഡമാൻ വീണതോടെ അതിനെ, ഇന്ത്യയുടെ പരമാധികാര സ്വതന്ത്ര മേഖലയായി അവർ പ്രഖ്യാപിക്കുകയായിരുന്നു.
ഈ സമയത്തു തന്നെ നേതാജി ആൻഡമാനിൽ വരികയും റോസ് ദ്വീപ് സന്ദർശിക്കുകയും ചെയ്തിരുന്നു എന്നു മാത്രമല്ല, ഇന്ത്യയ്ക്കകത്ത് സ്വതന്ത്ര ഇന്ത്യയുടെ ത്രിവർണ പതാക ആദ്യമായി ഉയർത്തുകയും ചെയ്തു, 1943 ൽ. അത് ചരിത്രം. ▮


വി. ജയദേവ്​

മാധ്യമപ്രവർത്തകൻ, കവി, നോവലിസ്റ്റ്, കഥാകൃത്ത്. ഭൂമിയോളം ചെറുതായ കാര്യങ്ങൾ, ചോരപ്പേര്,മായാബന്ധർ (നോവൽ), ഒരു കാറ്റിനെ എങ്ങനെ വായിക്കും, ഒരു പൂമ്പൊടി കൊണ്ടും ഒരു പൂക്കാലം കൊണ്ടും, കപ്പലെന്ന നിലയിൽ ഒരു കടലാസ് തുണ്ടിന്റെ ജീവിതം (കവിതാ സമാഹാരങ്ങൾ), ഭയോളജി, മരണക്കിണർ എന്ന ഉപമ (കഥാസമാഹാരം) എന്നിവ പ്രധാന പുസ്തകങ്ങൾ.

Comments