ഭരത്​പുരിലെ കാഴ്​ച / ഫോ​ട്ടോകൾ: ഡോ. മോഹനൻ പിലാങ്കു

സ്വന്തം കുരുതിയിലേക്ക് നോക്കിപ്പറക്കുന്ന ചിറകടിയൊച്ചകൾ

ഭരത്പുർ കേവ്‌ലാദേവ് ഉദ്യാനം മനുഷ്യന്റെ ഒരു തിടുക്കത്തെയും കാത്തുവയ്ക്കുന്നില്ല. എന്നാൽ, മനുഷ്യനൊഴിച്ചുള്ള എല്ലാ ജീവജാലങ്ങളുടെയും ജൈവികമായ, പ്രകൃതിദത്തമായ എല്ലാ തിടുക്കങ്ങളും അവിടെയുണ്ട്.

രത്പുരിനെപ്പറ്റി അങ്ങനെയൊന്നും സാധാരണ പറഞ്ഞുകേൾക്കാറില്ല. അല്ലെങ്കിലും ഓരോ സീസണിലും എവിടെ നിന്നോ പറന്നലഞ്ഞു തെണ്ടിത്തിരിഞ്ഞു വരുന്ന കുറെ പക്ഷികളുടെ കാര്യം ആരാണ് ഓർക്കുന്നതു തന്നെ.
അലയുന്നത് ആരായാലും, അതു മനുഷ്യനാവട്ടെ പറവകളാവട്ടെ, അങ്ങനെ തന്നെയാണ്.
മുഖ്യധാരയ്ക്കും നടുധാരയ്ക്കും അപ്പുറത്ത്.
ചുട്ടുപൊള്ളി മൺസൂൺ കാറ്റുകൾക്കു വഴിയൊരുക്കുന്ന ഉത്തരേന്ത്യയുടെ മരധ്യാനങ്ങൾ മഴയിലേക്കു നീളുമ്പോഴേക്കും ഈർപ്പത്തിലേക്കും വെള്ളക്കെട്ടുകളിലേക്കും പറന്നെത്തുന്നത് ആയിരക്കണക്കിനു ചിറകടിയൊച്ചകൾ.
ഉത്തരേന്ത്യയിൽ അവയുടെ പ്രധാന താവളം ഭരത്പുരിലെ കേവ്‌ലാദേവ് ഉദ്യാനത്തിലെ മരപ്പച്ചപ്പുകൾ.

അവ രഹസ്യമായൊന്നുമല്ല എത്തുന്നത്, അവ നിറഞ്ഞ ബഹളങ്ങളല്ല ഉണ്ടാക്കുന്നത്. എന്നാലും കേവ്‌ലാദേവ് ദേശീയ പക്ഷിയുദ്യാനം കിളിക്കൊഞ്ചലുകൾ മാത്രം പുതച്ചുനിന്നു.
പുറത്ത്, രാജസ്ഥാന്റെ കൊടും ചൂടിലും തിളക്കാത്ത നാട്ടുകാരുടെ നിസ്സംഗത. പക്ഷെ, അറിഞ്ഞും കേട്ടുമെത്തുന്ന സഞ്ചാരികൾക്കും പക്ഷിനിരീക്ഷകർക്കും വേണ്ടി മഴ കഴിഞ്ഞുള്ള തണുപ്പു സീസണിൽ ഭരത്പുർ പട്ടണം ഒരുങ്ങിക്കഴിയും. പട്ടണത്തിൽ നിന്ന് അൽപ്പം വിട്ടുള്ള പക്ഷിസങ്കേതത്തിനു പുറത്തു സഞ്ചാരികൾക്കായി താമസകേന്ദ്രങ്ങളും തീൻകടകളും നിരന്നുകഴിയും.

കേവ്‌ലാദേവ് പക്ഷിസങ്കേതത്തിൽനിന്ന്​

ഇത്ര പക്ഷികൾ വന്നു, ഇവിടെ നിന്ന് വരുന്നു തുടങ്ങിയ കാര്യങ്ങളിലൊന്നും അങ്ങനെ രഹസ്യമൊന്നുമില്ല. ഉദ്യാനത്തിനകത്തെ മുപ്പതോളം ചതുരശ്ര കിലോമീറ്റർ വെള്ളക്കെട്ടിന്റെ ഇറമ്പിലും ചെടിത്തലപ്പത്തും നീർച്ചാലുകളുടെ വരമ്പത്തും തൂവൽ വിരിച്ച വിസ്മയങ്ങളെപ്പറ്റി വാതോരാതെ സംസാരിക്കാനും ആളുണ്ടാവും. എന്നാൽ, ഭരത്പുർ വിട്ടുകഴിഞ്ഞാൽ, കേവ്‌ലാദേവ് ദേശീയോദ്യാനം വെറും വെള്ളക്കെട്ടും ചതുപ്പും. കൂറെ പക്ഷികളെത്തുന്നു, ഇണ ചേരുന്നു, മുട്ട വിരിയിക്കുന്നു, വന്ന ഇടങ്ങളിലേക്കു തന്നെ തിരികെ പറന്നുപോകുന്നു. അല്ലാതെന്ത് ?

മഴയുടെ കനിവു കൊണ്ടുമാത്രം ജീവൻ നിലനിർത്തുന്ന ഒരു നിലവിളി; അതാണ്​ഭരത്പുർ കേവ്‌ലാദേവ് പക്ഷിത്താവളം. മുപ്പതോളം ചതുരശ്രകിലോമീറ്ററിൽ പകുതിയോളമുള്ള വെള്ളക്കെട്ടും ചതുപ്പും നിലനിൽക്കണമെങ്കിൽ വേണ്ടത്​പ്രതിവർഷം അറുപതോളം കോടി ഘന അടി വെള്ളം.

അതെ, രാജ്യത്ത് വേറെയും എത്രയോ പക്ഷിസങ്കേതങ്ങളുണ്ട്.
രാജ്യത്തെ തന്നെ ഏറ്റവും മുൻനിരയിലുള്ള അഞ്ചു സങ്കേതങ്ങൾ എടുത്താൽ അതിൽ കേരളവുമുണ്ട്; തട്ടേക്കാട്. അതും പക്ഷിനിരീക്ഷണത്തിലെ ഇതിഹാസമായ ഡോ. സാലിം അലിയുടെ പേരിൽ തന്നെ. പിന്നെ തൊട്ടടുത്തു കർണാടകത്തിലെ രങ്കണതിട്ടയിൽ, അതിനപ്പുറം ഗോവയിൽ വീണ്ടും സാലിം അലിയുടെ പേരിലുള്ളത്. ഒഡീഷയിലെ പ്രശസ്തമായ ചിലക തടാകത്തിന്റെ വടക്കേക്കരയിലെ മംഗളജോടിയിൽ, തമിഴ്‌നാട് ചെങ്കൽപ്പേട്ടിനടുത്തു മധുരാന്തകം താലൂക്കിലെ വേടൻതങ്ങൽ....പിന്നെയെന്താണു കേവ്‌ലാദേവ് പക്ഷിസങ്കേതത്തിന് അങ്ങനെ പ്രത്യേകിച്ചു പറയാനായി ഉള്ളതെന്ന് ചോദിക്കാം. ചോദിക്കണം.

ഇന്ത്യക്കാകമാനം മഴമേഘങ്ങളെ വിളിച്ചുവരുത്തുന്ന ഉത്തരേന്ത്യയുടെ എല്ലാ വെയിൽപൊള്ളൽപ്പാടുകളും ഏൽക്കുന്നതാണ്​ ഭരത്പുർ. കേരളത്തിലോ കർണാടകത്തിലോ ഗോവയിലോ പോലെ പശ്ചിമഘട്ടത്തിന്റേതായ ഒരു നന്മയും പ്രാർത്ഥനകളിൽ പോലും ഇല്ലാത്തത്. മഴയെ വിളിച്ചുവരുത്തുമെന്നാലും ഒരു കുറി മഴ പതിവു തെറ്റിച്ചാൽ വറ്റിവരണ്ടു പോകുന്ന ഒരിടം.
മഴയുടെ കനിവു കൊണ്ടുമാത്രം ജീവൻ നിലനിർത്തുന്ന ഒരു നിലവിളി; അതാണ്​ഭരത്പുർ കേവ്‌ലാദേവ് പക്ഷിത്താവളം. മുപ്പതോളം ചതുരശ്രകിലോമീറ്ററിൽ പകുതിയോളമുള്ള വെള്ളക്കെട്ടും ചതുപ്പും നിലനിൽക്കണമെങ്കിൽ വേണ്ടത്​പ്രതിവർഷം അറുപതോളം കോടി ഘന അടി വെള്ളം. എന്നുവച്ചാൽ ആയിരത്തിലധികം കോടി ലിറ്റർ വെള്ളം മഴക്കാലത്തു ശേഖരിക്കാനായില്ലെങ്കിൽ നീർത്തടങ്ങൾ വറ്റിവരളും. ദേശാടനപ്പക്ഷികൾ ഈ വഴിക്കു വരാതാവും. ഒരാണ്ടിൽ പക്ഷികൾ വന്നില്ലെങ്കിൽ, ആകാശം ഇടിഞ്ഞുവീഴുമോ?

കേവ്‌ലാദേവ് പക്ഷിസങ്കേതത്തിലെ ഒരു രാത്രി

അതെ, ആകാശം ഇടിഞ്ഞുവീഴുക തന്നെ ചെയ്യും.
ദേശാടനപ്പക്ഷികളുടെ ഈ പതിവു വരവും പോക്കും ഒരു നീർത്തടത്തിന്റെ ആയുസിനെയാണ്​ നിർണയിക്കുന്നത്. വെറും പക്ഷികൾ വന്നുപോകുന്ന സ്ഥലം മാത്രമല്ല, ഭരത്പുർ. പത്തു മുന്നൂറിലധികം തനത് പക്ഷിജാതികൾക്ക് ചേക്ക. അതിലധികമുണ്ട്​ താഴെ മണ്ണിൽ. അത്യന്തം ജന്തുനിബിഡമായ, വിസ്മയകരമായ ജീവവൈവിധ്യമുള്ള ഒരു ആവാസവ്യവസ്ഥയാണ് അത് എന്നതു തന്നെ. കിളികൾക്കു വെള്ളവും കൂട്ടിരിപ്പിന് ഇലപ്പച്ചയും ആരെയും പേടിക്കാതെ ചിറക് വിരിക്കാനുള്ള ആകാശവും ഒരുക്കിയിടുന്നത് ആരവല്ലി മേഖലയിലെ ഏറ്റവും ലോലമായ ഒരു ആവാസവ്യവസ്ഥയെ പരിപാലിക്കാൻ തന്നെ.

ഭരത്പുർ എന്നാൽ, വെള്ളത്തിനായി ഡ്രിപ്പിട്ട് പ്രകൃതിയുടെ ഐ.സി.യുവിൽ കിടത്തിയിരിക്കുന്ന ഭൂമിയുടെ ഒരു ചെറിയ തുറസ്. നടന്നാലും നടന്നാലും തീരാത്ത ഉൾവഴികളിലൂടെയുള്ള നിശ്ശബ്ദ ധ്യാനം. പശ്ചിമഘട്ടവനത്തിന്റെ യൗവനത്തുടുപ്പുകളും വനരാജിയുടെ കന്യകാത്വവുമില്ലെങ്കിലെന്ത്. എന്നാലും, കണ്ണിൽ നിറയുന്ന തൂവൽക്കാഴ്ചകൾ. മണ്ണിലും ചെളിയിലും ചതുപ്പിലും പുതയുന്ന ജീവന്റെ വിവിധ ഭാവത്തിലുള്ള ജൈവസാന്നിധ്യങ്ങൾ. അങ്ങനെയിരിക്കെ, മരത്തലപ്പിൽ നിന്ന് ഒരു വർണക്കൊക്ക് അതിന്റെ തൂവലാകാശത്തെ കുടഞ്ഞുടുക്കുന്നുണ്ടാവും. ആരുമറിയാതെ ഒരു മ്ലാവ് നിറഞ്ഞ കുറ്റിപ്പച്ചക്കാടുകൾക്കകത്തേക്ക് ഊളിയിടും. എത്ര തിടുക്കത്തിലായാലും ഒരു മാൻ അതിന്റെ വൃക്ഷശാഖിസദൃശമായ കൊമ്പിന്റെ മുൾമുനകളിൽ ആകാശത്തെ കോർത്തെടുത്തിട്ടുണ്ടാവും.

ഭരത്പുർ കേവ്‌ലാദേവ് ഉദ്യാനം മനുഷ്യന്റെ ഒരു തിടുക്കത്തെയും കാത്തുവയ്ക്കുന്നില്ല. എന്നാൽ, മനുഷ്യനൊഴിച്ചുള്ള എല്ലാ ജീവജാലങ്ങളുടെയും ജൈവികമായ, പ്രകൃതിദത്തമായ എല്ലാ തിടുക്കങ്ങളും അവിടെയുണ്ട്. നോക്കിനിൽക്കെ, ഒരു സാറസ് കൊറ്റിയുടെ ചുവന്ന കാപ്പണിഞ്ഞ വളഞ്ഞ കഴുത്തിലെ കൊക്ക് വെള്ളക്കെട്ടിലെ മീനിന്റെ പുളപ്പിനെ നൊടിയിടയിൽ പിടിച്ചുകെട്ടുന്നുണ്ട്. ദൂരെ മരത്തലപ്പിനു മീതെ കൂടുകളിൽ കുഞ്ഞുങ്ങൾക്കു കൊക്കിലേക്കു തീറ്റയെത്തിച്ചുകൊടുക്കുന്ന തിടുക്കങ്ങളുണ്ട്. ഓർക്കാപ്പുറത്ത്​മരത്തിന്റെ കൊമ്പുകളിൽ ചാഞ്ഞിറങ്ങി വന്നു ചടുലചാപല്യങ്ങൾ കൊണ്ടു ഞെട്ടിപ്പിച്ചുകളയുന്ന ഹനുമാൻ കുരങ്ങുകളുണ്ടാവും. ഇവിടെ പ്രകൃതി അതിന്റെ എല്ലാ താളത്തോടെയും അതിന്റെ ഏറ്റവും സ്വാഭാവികതയിൽ എന്തിലേക്കും തിടുക്കപ്പെടുന്നുണ്ട്. നിശ്ശബ്ദമായി പ്രാർത്ഥിക്കുന്നുണ്ട്. മരങ്ങളുടെ ഒറ്റക്കാൽ ധ്യാനങ്ങളുണ്ട്.

ഈ ജൈവികതയാണ്​ പുറത്തുനിന്നുള്ള പല എടുത്തുചാട്ടങ്ങളെയും നേരിട്ട്​അതിജീവനത്തിന്റെ ഗൃഹപാഠങ്ങൾ പഠിപ്പിക്കുന്നത്. ചമ്പൽ നദിയുടെയും പല കാരണങ്ങൾ കൊണ്ടും ‘വറ്റി'പ്പോയ ഗംഭിർ നദിയുടെയും കാരുണ്യം കൊണ്ടു ജീവനെ ഓരോ നിമിഷത്തിന് അപ്പുറത്തേക്കു നീട്ടിയെടുക്കുന്നത്. മഴമേഘങ്ങളുടെ ഉള്ളുരുക്കത്തിനായി പ്രാർത്ഥിച്ചുനിൽക്കുന്നത്.

എത്ര നടന്നാലും തീരാത്ത വഴികൾ. എത്ര കണ്ടാലും പിന്നെയും കാണണമെന്നു തോന്നിപ്പിക്കുന്ന പച്ചിലച്ചാർത്തുകൾ. അവയ്ക്കിടയിൽ പേരറിയുന്നതും അല്ലാത്തതുമായ തൂവൽവർണരാജികൾ. അതിസുന്ദരമായ കിളിപ്പേച്ചുകൾ.


സ്വയം അഴിച്ചിടാൻ ഒരു മനുഷ്യജീവിതം

എന്നെങ്കിലുമൊരിക്കൽ സ്വന്തം ജീവിതത്തെ വലിയൊരു തുറസിലേക്ക് അഴിച്ചിടണമെന്നു തോന്നുമ്പോൾ സംശയിക്കേണ്ടതില്ലാത്ത മറ്റൊരു സ്ഥലമില്ല. ഇടനടപ്പാതകളും വെള്ളക്കെട്ടുകളുടെ വരമ്പുകളുമായി ദിവസങ്ങളോളം നടന്നാലും തീരാത്ത ജീവിതം പോലെയാണ് ഉദ്യാനത്തിനകത്തെ ഒരു പകൽ. ഒന്നുകൊണ്ടൊന്നും ഒന്നുമായെന്നു വരില്ല. ദിവസങ്ങളോളം നടക്കണം. നടക്കണം എന്നതിനു പ്രത്യേക ഊന്നൽ . കാരണം, കേവലാദേവ് സങ്കേതത്തിനുള്ളിൽ എന്തും നടന്നുതന്നെ കാണേണ്ടിവരും. നടക്കാൻ ബുദ്ധിമുട്ടാണെങ്കിൽ, സൈക്കിൾ റിക്ഷയുണ്ട്. മറ്റൊരു വാഹനവും അകത്ത് അനുവദനീയമല്ല.

എന്നാലും നടക്കും. എത്ര നടന്നാലും തീരാത്ത വഴികൾ. എത്ര കണ്ടാലും പിന്നെയും കാണണമെന്നു തോന്നിപ്പിക്കുന്ന പച്ചിലച്ചാർത്തുകൾ. അവയ്ക്കിടയിൽ പേരറിയുന്നതും അല്ലാത്തതുമായ തൂവൽവർണരാജികൾ. അതിസുന്ദരമായ കിളിപ്പേച്ചുകൾ. ഓരോ വളവും തിരിയുമ്പോൾ, നമ്മൾ നമ്മളെത്തന്നെയാണ് അന്വേഷിക്കുന്നത് എന്നു തോന്നും. ഇതൊക്കെ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്നൊരു ദേജാ വു വന്നു പൊതിയും. ജലമുനമ്പിൽ ധ്യാനിച്ചിരിക്കുകയായിരുന്ന ആമക്കുഞ്ഞ് പെട്ടെന്നു നീരിലേക്കിറങ്ങും. ലോകത്തിന്റെ കാണാമറയത്തു നിന്ന് അതിന്റെ തല വെളിയിലേക്കു നീട്ടി. സഞ്ചാരിയുടെ കണ്ണിൽക്കണ്ണിൽ നോക്കും. പിന്നെ, ജലത്തിന്റെ കാണാക്കയങ്ങളിലേക്ക്. ഒന്നു രണ്ടു നീർപ്പോളകൾ മുകളിൽ വന്ന്, ഉമ്മവയ്ക്കുന്നതു പോലെ മുറിയും.

ദേശീയോദ്യാനമെന്നു കേൾക്കുമ്പോൾ, വെട്ടിയൊതുക്കിനിർത്തിയിരിക്കുന്ന തോട്ടങ്ങളാണെന്നു തെറ്റിദ്ധരിച്ചേക്കും. എന്നാൽ, ഇവിടെ ഒന്നും വെട്ടിയൊതുക്കിയിട്ടില്ല. നടവഴികളിൽ തറയോടുകൾ പാകിയിട്ടില്ല. കണ്ണഞ്ചിപ്പിക്കുന്ന പുഷ്പജാലങ്ങളില്ല. സഫാരി ജീപ്പുകളോ ടൂറിസം ലോബിയുടെ ആക്രാന്തമോ സൗകര്യമൊരുക്കലോ ഇല്ല. വന റിസോർട്ടുകളോ നക്ഷത്രതാമസങ്ങളോ ഇല്ല. ഇവിടെ എല്ലാം എങ്ങനെയായിരുന്നുവോ അതു പോലെ. എല്ലാ ഭാഗത്തും വെള്ളക്കെട്ട് സുസ്ഥിരമാക്കാനുള്ള അത്യാവസ്യം നിർമാണ പ്രവൃത്തികൾ മാത്രം.

നിത്യതയിലേക്കുള്ള വഴികൾ

ഭരത്പുരിലേക്കു ധാരാളം വഴികൾ. ആഗ്രയിൽ നിന്നോ രാജസ്ഥാനിലെ ജയ്​പുരിൽ നിന്നോ റോഡ് മാർഗമെത്താം. കേവ്‌ലാദേവിൽ നിന്ന് നാലോ അഞ്ചോ കിലോമീറ്റർ മാത്രം അകലെയുള്ള റയിൽവേസ്റ്റേഷനിലേക്ക്​ രാജ്യത്തിന്റെ ഏതു ഭാഗത്തുനിന്നും ട്രെയിനുകൾ. ജയ്​പുരിൽനിന്ന്​ റോഡുമാർഗം വരുമ്പോൾ വഴിക്കിരുവശവും കണ്ണെത്താദൂരത്തേക്കുള്ള ഹരിതവിജനതകൾ. ഇടയ്ക്കിടെ ചുവന്ന കല്ലുകൊണ്ട് എന്തും ഭീമാകാരമായി നിർമിച്ചുകളയുന്ന ശിൽപ്പചാതുര്യത്തിന്റെ തെളിവുകളായ പ്രതിമകൾ വഴിയരികിൽത്തന്നെ. ഭരത്പുർ പ്രദേശത്തെ ചുവന്ന ( പിങ്ക് ) സാൻഡ്‌സ്റ്റോണുകളാണ്​ അവയുടെ കൂട്ടത്തിൽ ഏറ്റവും മേൽത്തരം. ജയ്​പുരിലെ പഴയകാല കൊട്ടാരനിർമിതികളെല്ലാം അത് ഉപയോഗിച്ചായിരുന്നു. പിങ്ക് സിറ്റി എന്നറിയപ്പെടുന്നത് അതുകൊണ്ട്.

പടയോട്ടങ്ങളുടെ കുതിപ്പും കിതപ്പും

മൂന്നു നൂറ്റാണ്ടു മുമ്പേ ഭരത്പുർ കേന്ദ്രമാക്കി ഭരിച്ചിരുന്ന സിൻസിനവാർ രാജവംശത്തിന്റെ ഒരു കാലത്തെ പ്രതാപം ഇന്നത്തെ ഡൽഹിയുടെ ഭാഗങ്ങൾക്കുമപ്പുറം അലിഗഢ്, കാൺപുർ, ഇറ്റാ, മീററ്റ്, റോത്തക്ക് വരെ പരന്നുകിടന്നതിനാൽ, ഇന്നത്തെ ഭരത്പുരിൽ മറ്റു കാഴ്ചകൾക്ക് ഒട്ടുമില്ല പഞ്ഞം. അതുകൊണ്ടുതന്നെ ഭരത്പുരിൽ പക്ഷികളെ കാണാനായി മാത്രം പോവുന്ന സഞ്ചാരികൾ തുലോം ചുരുക്കമായിരിക്കും. ഒന്നുകിൽ പക്ഷിപ്രാന്തന്മാർ. അല്ലെങ്കിൽ പച്ചപ്പിന്റെ കാമുകർ.

ഭരത്പുർ ഒരു കാലത്ത് ഉത്തരേന്ത്യയിലെ വരേണ്യ ജാട്ട് വിഭാഗത്തിൽപ്പെട്ട മഹാരാജാക്കന്മാരുടെ അധീനതയിലായിരുന്നു. എന്നുവച്ചാൽ, സമ്പൽസമൃദ്ധി. ‘മഹാരാജ' സൂരജ് മാലിന്റെ ( 1755 - 1763 ) കാലത്ത് മുഗളന്മാരുടെ കോട്ടയായ ആഗ്രയിൽ തുടങ്ങിയ പടയോട്ടങ്ങൾ എത്തിനിന്നത് ഇന്നത്തെ യു.പിയുടെ പകുതിയോളം. കൊടുത്തും അതിലേറെ വാങ്ങിയും വെട്ടിപ്പിടിച്ച രാജ്യത്തിന്റെ റവന്യൂ വരുമാനെ മുന്നൂറോളം വർഷങ്ങൾക്കു മുമ്പ്, സൂരജ് മാലിന്റെ കാലത്ത് പ്രതിവർഷം രണ്ടുകോടിയോളം രൂപ. ആ ആസ്തിയുടെ ആഡംബരങ്ങളൊന്നും ഒഴിഞ്ഞുനിൽക്കുന്നില്ല, ഇന്നും ഭരത്പൂരിൽ.

കേവ്‌ലാദേവ് പക്ഷിസങ്കേതത്തിൽനിന്ന്​

ലൊഹാഗഢ് കോട്ട, ഭരത്പുർ കൊട്ടാരം, ബാംകെ ബിഹാരി ക്ഷേത്രം, ഗംഗാ ക്ഷേത്രം, ലക്ഷ്മൺ ക്ഷേത്രം, ധോൽപുർ കൊട്ടാരം, പിന്നെ രാജാക്കന്മാരുടെ വേനൽക്കാല അധികാരതലസ്ഥാനമായ ദീഗിലെ കൊട്ടാരങ്ങൾ തുടങ്ങി പോയകാല പ്രൗഢിയുടെ അടയാളങ്ങളെല്ലാമുണ്ട്. വെട്ടിപ്പിടിച്ചും പിടിച്ചടക്കിയും നേടിയ ആസ്തിയുടെ, നിർലോഭം വ്യയം ചെയ്ത ആസക്തികളുടെ കാലം മണക്കുന്ന കാഴ്ചബംഗ്ലാവുകൾ.

മുഗളന്മാരിൽ നിന്ന്​ പിടിച്ചെടുത്ത ആഗ്ര ചെങ്കോട്ട 13 വർഷമാണ്​ സിൻസിനവാർ രാജാക്കന്മാർ കൈവശം വച്ചത്; 1774 ൽ മുഗളന്മാർ തിരിച്ചുപിടിക്കും വരെ. പിടിച്ചെടുത്ത നാട്ടുരാജ്യങ്ങളും കൊടിക്കൂറകളും മുഗളന്മാർ തിരിച്ചുപിടിച്ചു. അതിനു ശേഷം പ്രതാപകാലം മങ്ങി. ഉരുക്കിന്റെ കോട്ടകളിൽ വിള്ളൽ. അധികാരത്തിന്റെ കാൽക്കീഴിൽ നിന്നു വെട്ടിപ്പിടിച്ച മണ്ണിൽ പലതും ഊർന്നുപോയി. ആദ്യം മുഗളരുടെ മുന്നിൽ വീണു. പിന്നെ, വെള്ളക്കാർക്കു മുന്നിൽ സാഷ്ടാംഗം. 1947 ൽ ഇന്ത്യൻ യൂണിയനിൽ.

പത്തുമുന്നൂറു വർഷത്തെ ചരിത്രമുണ്ടെങ്കിലും തമ്പുരാക്കന്മാരുടെയും പിന്നെ ബ്രിട്ടീഷ് ധ്വരമാരുടെയും പക്ഷിവേട്ടസങ്കേതമായിരുന്നെങ്കിലും അതുമായൊന്നും ഇപ്പോൾ കേവ്‌ലാദേവ് പക്ഷി സങ്കേതത്തിന്​ വലിയ ബന്ധമില്ല. ജനാധിപത്യത്തിൽ പല കളികളിൽ നേട്ടം കൊയ്‌തെങ്കിലും പിന്നീടു കൈപൊള്ളിയ ഇപ്പോഴത്തെ രാജാവ് പതിവു നടത്തസവാരിക്ക്​ വരാറുണ്ടെന്ന ചെറിയൊരു ബന്ധം നിലനിർത്തുന്നുണ്ട് എന്നു പറയാം.

തമ്പുരാക്കന്മാരുടെയും വെള്ളക്കാരുടെയും ബാബുമാരുടെയും മൃഗയാ വിനോദങ്ങൾ നൂറോളം വർഷം നിർബാധം തുടരുകയായിരുന്നു. 1964 വരെ വെടിയൊച്ചകളും വെടിയേറ്റു വീഴുന്ന ക്രൗഞ്ചങ്ങളുടെ നിലവിളിയൊച്ചകളും തുറസിൽ നിറഞ്ഞുനിന്നു.

ഇവിടത്തെ പല ഗ്രാമങ്ങളിലും പഴയ രാജാക്കന്മാരോടുള്ള കൂറ് ഇന്നും നാവിലും ഉടലിലും കത്തിനിൽക്കുന്നു. പുതിയ കാലത്തെ ‘പഴയ' രാജാക്കന്മാരെയും പൊന്നുതമ്പുരാക്കന്മാരായാണ് കാണുന്നതും. പുതിയ തലമുറയിൽ പെട്ട തമ്പുരാക്കന്മാരുടെ പേരു പോലും ഉച്ചരിക്കില്ല, എന്നു മാത്രമല്ല; അങ്ങനെ ചെയ്യുന്നവരെ ശാസിക്കുകയും ചെയ്തുകളയും. ഭരത്പുരിലെ ഒരു ഉൾനാട്ടുഗ്രാമത്തിൽ, അങ്ങനെ പേരു പറയേണ്ടിവന്നപ്പോൾ, നാട്ടുകാർ തിരുത്തി... നാമത് ബോൽന. മാരാജ ബോൽ. (പേരു പറയാതെ, മഹാരാജാവെന്നേ വിളിക്കാവൂ).

തമ്പുരാക്കന്മാരുടെ വേട്ടസങ്കേതം

പടയോട്ട കാലത്തും പ്രതാപകാലത്തും അതിനുശേഷവും ഇന്നും ഈ വെള്ളക്കെട്ടു പ്രദേശം ഉണ്ടായിരുന്നു ഇവിടെ. ഭരത്പുർ, ഫത്തേപ്പുർ മേഖലയെ എക്കാലത്തും വർഷകാല വെള്ളപ്പൊക്കത്തിൽ നിന്നു രക്ഷിച്ചിരുന്ന നീർമറി പ്രദേശം. അവിടെ കാടുപിടിച്ചുവന്ന പച്ചപ്പിൽ മുന്നൂറ്റമ്പതിലധികം തദ്ദേശീയ
പക്ഷിക്കൂട്ടങ്ങളാണ്​ സ്ഥിരമായി ചേക്കേറിയത്. അതിനു പുറമേ ആയിരക്കണക്കിനു ദേശാടനക്കിളികളും ജലക്രീഡയ്ക്കും അർമാദത്തിനും കൊടുംതണുപ്പിൽ നിന്നുള്ള ഇടവേളയ്ക്കുമായി എത്തിച്ചേരുകയായിരുന്നു. അതൊന്നും ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. കേവ്‌ലാദേവ് പക്ഷിസങ്കേതത്തിൽ ഇന്നു കാണുന്ന ഒന്നും അടുത്തീയിടെയൊന്നും തുടങ്ങിയതൊന്നുമല്ല. സൂരജ് മാൽ രാജാവിന്റെ കാലത്ത് ഗംഭിർ, വനഗംഗ നദികളുടെ സംഗമത്തിൽ അജൻ ബണ്ട് മതിൽ നിർമിച്ചതിനെത്തുടർന്നു വെള്ളം കയറിനിന്ന സ്ഥലമായിരുന്നു അത്.

നൂറുകണക്കിനു വർഷങ്ങളായി തുടരുന്ന പ്രകൃതിയുടെ ജീവൽത്തുടിപ്പിന്റെ നൈരന്തര്യമാണ്​ ഭരത്പുർ. പക്ഷികൾക്കൊപ്പം മാനും മ്ലാവും മയിലും ( ഒട്ടകങ്ങൾ പുറത്തുമാത്രം) സസ്തനികളും അല്ലാത്തവയും ഓരോ പച്ചപ്പഴുതിലായി അവരുടെ ജീവിതം കണ്ടു. വെറും വെള്ളക്കെട്ടും ചതുപ്പുമായിരുന്ന പ്രദേശത്ത്​രാജാക്കന്മാരുടെയും പിന്നീടു ധ്വരമാരുടെയുടേയും പക്ഷിവേട്ട സങ്കേതമായി പ്രഖ്യാപിക്കപ്പെടുകയായിരുന്നു. നാട്ടുകന്നുകാലികളും ഇളംപുല്ലും വെള്ളവും തേടിയെത്തി. അതിന്നുമുണ്ട്. സങ്കേതത്തിനു പുറത്തെ ജനങ്ങളുടെയും ജീവിതങ്ങൾ ഇവിടേക്കു താത്ക്കാലികമായി പറിച്ചുനട്ടു. ചില കടന്നുകയറ്റങ്ങളും.

തമ്പുരാക്കന്മാരുടെയും വെള്ളക്കാരുടെയും ബാബുമാരുടെയും മൃഗയാ വിനോദങ്ങൾ നൂറോളം വർഷം നിർബാധം തുടരുകയായിരുന്നു. 1964 വരെ വെടിയൊച്ചകളും വെടിയേറ്റു വീഴുന്ന ക്രൗഞ്ചങ്ങളുടെ നിലവിളിയൊച്ചകളും തുറസിൽ നിറഞ്ഞുനിന്നു.
അക്കാലത്തെ ഓരോ ദിവസത്തെയും പക്ഷിവേട്ടയുടെ എണ്ണക്കണക്കും ജാതിക്കണക്കും അവിടെ രേഖപ്പെടുത്തിവച്ചിട്ടുണ്ട്. പക്ഷികളെ കൊന്നൊടുക്കുന്ന ഭീകരസ്ഥലത്തു നിന്ന്​ പക്ഷിപാലനത്തിന്റെ പാഠങ്ങൾ ശരിക്കും പഠിച്ചുതുടങ്ങിയത്, 1971 നു ശേഷം. അന്നാണ് ഈ നീർക്കെട്ടു പ്രദേശത്തെ സംരക്ഷിത സങ്കേതമാക്കിയത്. പിന്നെയാണ് പറക്കുകയും ഇഴയുകയും നടക്കുകയും നീന്തുകയും ചെയ്യുന്നവയൊക്കെയും അതിനെ അവരുടെ വീടാക്കിയത്. വെടിശബ്ദങ്ങളൊഴിഞ്ഞ സുരക്ഷിതമായ കൂട്ടിൽ. 1976 ൽ പക്ഷിസങ്കേതം, 1981ൽ നീർത്തട ഉടമ്പടി പ്രകാരമുള്ള രാംസർ മേഖല, 1982 ൽ ദേശീയോദ്യാനം, 1985 ൽ ലോക പൈതൃക ഇടം. കേവ്‌ലാദേവന്റെ ( ശിവൻ ) ക്ഷേത്രം അകത്തുള്ളതിനാൽ അത് ആ പേരിൽ തന്നെ ഇന്നും അറിയപ്പെടുന്നു.

ഒരു കുറി മഴ പെയ്തില്ലെങ്കിൽ വരണ്ടുപോകുന്നത്ര ദുർബലയാണ് ഇപ്പോഴത്തെ കേവ്‌ലാദേവ് പക്ഷിക്കൂട്. മുപ്പതോളം ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള സങ്കേതത്തിൽ, ഓരോ ജീവനും ആശ്രയിക്കുന്നതും വെള്ളത്തെ.

വലിയ പൂച്ച വാഴാത്ത ഇടം

കാട്ടുപൂച്ച, പുള്ളിപ്പുലിപ്പൂച്ച, മീൻകൊതിയൻ പൂച്ച എന്നീ മൂന്നു പുച്ചജാതിയിനങ്ങളും വാഴുന്ന കേവ്‌ലാദേവ് ദേശീയോദ്യാനത്തിൽ എന്നാൽ, വലിയ പൂച്ചകൾ വാഴില്ല എന്നൊരു പേരുദോഷമുണ്ട്. അതു മാറിക്കൂടെന്നുമില്ല. മാംസാഹാരികളായ കുറുക്കന്മാരും ( ബംഗാൾ കുറുക്കൻ, സുവർണക്കുറുക്കൻ) വരയൻ കഴുതപ്പുലികളും ഒക്കെയുണ്ടെങ്കിലും പൂച്ചകളിലെ വല്യേട്ടന്മാരായ കടുവ, പുലി സാന്നിധ്യം താൽക്കാലികം മാത്രം. 1999ൽ ഒരു പെൺകടുവ എത്തിച്ചേർന്ന്​സ്ഥലവുമായി കൂട്ടായി ഒരു അഞ്ചാറു വർഷം താമസിച്ചെങ്കിലും പിന്നെ മരിച്ചു. 2010 ലും രന്തംബോർ കടുവാസങ്കേതത്തിൽ നിന്ന്​ ചാടിപ്പോയ ആൺകടുവ ആഗ്ര പട്ടണം വഴിയൊക്കെ കറങ്ങി ആളുകളെ ആക്രമിച്ചും വട്ടംകറക്കിയും ഒടുവിൽ കേവ്‌ലാദേവിൽ എത്തിയിരുന്നു.
വനപാലകരുടെ കണ്ണിൽപ്പെടാതെ മുങ്ങിനടന്ന അതിനെ പിന്നീടു കാട്ടിലെ ക്യാമറകളിൽ നിന്നാണ്​ സ്ഥിരീകരിച്ചത്. പിന്നെ അതിനെ കേവ്‌ലാദേവിൽ നിന്ന്​മാറ്റാൻ തീരുമാനിച്ചെങ്കിലും പിടികൊടുക്കാതെ കഴിഞ്ഞത്​ നാലു മാസത്തോളം. അവസാനം അതിനെ ‘തേൻകെണി' യിൽ പെടുത്തി വലയിലാക്കുകയായിരുന്നു. പെൺകടുവയുടെ ശബ്ദം മൈക്കിലൂടെ മുഴക്കിയായിരുന്നു അതിനെ പ്രലോഭിപ്പിച്ചത്.

കേവ്‌ലാദേവിനു ചുറ്റും മരണക്കെണി

ഒരു കുറി മഴ പെയ്തില്ലെങ്കിൽ വരണ്ടുപോകുന്നത്ര ദുർബലയാണ് ഇപ്പോഴത്തെ കേവ്‌ലാദേവ് പക്ഷിക്കൂട്. മുപ്പതോളം ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള സങ്കേതത്തിൽ, ഓരോ ജീവനും ആശ്രയിക്കുന്നതും വെള്ളത്തെ. കേവ്‌ലാദേവിന്റെ ഓരോ ജീവന്റെ താളവും വെള്ളത്തെ മാത്രം അടിസ്ഥാനമാക്കിയതു തന്നെ. വെള്ളക്കെട്ടും ചതുപ്പും എന്നും ഈർപ്പം നിറഞ്ഞുനിന്നില്ലെങ്കിൽ അറ്റുപോകുന്നതു പുഴു മുതൽ ആകാശം വരെ നീളുന്ന വലിയൊരു ഭക്ഷ്യശൃംഖലയുടെ കണ്ണികൾ. അതുവഴി, ഭൂമിയുടെയും മനുഷ്യന്റെയും നിലനിൽപ്പും.

പത്തുചതുരശ്ര കിലോമീറ്റർ പ്രദേശത്തെങ്കിലും വെള്ളം നിറഞ്ഞുനിൽക്കണമെങ്കിൽ പ്രതിവർഷം വേണ്ടത് അറുപതോളം കോടി ഘന അടി വെള്ളം. സീസണിൽ മഴ ചതിച്ചാൽ അതിന്റെ ചുറ്റുമുള്ള നീർച്ചാലുകളും മെലിഞ്ഞുപോകും. ചമ്പൽ നദിയിൽ നിന്നും ഗോവർധൻ ചാലിൽ നിന്ന്​ വെള്ളം പൈപ്പ് വഴി എത്തിക്കുകയാണ്​ ബദൽ മാർഗം. എന്നാൽ, മഴ ചതിച്ചാൽ അതും നടപ്പില്ല. പിന്നെയുള്ളതു ഗംഭിർ നദിയിൽ നിന്നുള്ള നീരൊഴുക്കാണ്. എന്നാൽ, തൊട്ടടുത്ത കരൗലി ജില്ലയിലെ പഞ്ചന അണയിൽ വെള്ളം കെട്ടിനിർത്താൻ തുടങ്ങിയതോടെ സങ്കേതത്തിലേക്കുള്ള താഴെ നീർച്ചാൽ വളരെ മെലിയും. തൊട്ടടുത്ത നാൽപ്പതോളം ഗ്രാമങ്ങളിലെ പതിനായിരത്തോളം ഹെക്ടർ കൃഷിഭൂമിയിലേക്കുള്ള വെള്ളമാണ് അണയിൽ. കുടിവെള്ളം മനുഷ്യർക്കോ കിളികൾക്കോ? രണ്ടിന്റെയും ഒരു സമതുലാവസ്ഥയിലാണു തീരുമാനങ്ങൾ.

ഐ.സി.യുവിലാണ്, പത്തുമുന്നൂറോളം വർഷം പഴക്കമുള്ള ഭരത്പുരിന്റെ ഈ കരുതൽ താവളം. അത് ഇനിയെത്ര കാലം കൂടി വേണമെന്നു തീരുമാനിക്കുന്നതു ഭൂമി പോലുമല്ല. അതു നമ്മൾ മാത്രം

വെള്ളത്തിനു വേണ്ടി ഡ്രിപ്പിട്ടു കിടക്കുകയാണു കേവ്‌ലാദേവ് സങ്കേതം. അതു നിലച്ചാൽ അത് ഊർധ്വൻ വലിക്കും. എന്നാൽ, വെള്ളം ഉറപ്പാക്കാൻ വിവിധ ദീർഘകാല പദ്ധതികൾ നടപ്പാക്കിവരുന്നുണ്ട് എന്നതാണ് ആശ്വാസം.
മറ്റൊരു മരണക്കെണി കേവ്‌ലാദേവിന്റെ പച്ചപ്പിലേക്കും തണ്ണീർത്തടങ്ങളിലേക്കും നടക്കുന്ന പുതിയ അധിനിവേശമാണ്. ആവാസവ്യവസ്ഥയെ താറുമാറാക്കുന്ന അന്തകകളകളുടെയും മാരണമരങ്ങളുടെയും കടന്നുകയറ്റം ഒരു വശത്ത്. തണ്ണീർത്തടങ്ങളിൽ തനതു ജലാവാസ വ്യവസ്ഥയെ മുച്ചൂടും നശിപ്പിക്കുന്ന കാർപ്, ആഫ്രിക്കൻ മുഷി അടക്കമുള്ള മീനിനങ്ങളുടെ കടന്നുകയറ്റം. ഓരോ നിമിഷവുമുണ്ടായിരിക്കേണ്ട ജാഗ്രതയാണു കേവ്‌ലാദേവ് വരുംതലമുറകളോട് ആവശ്യപ്പെടുന്നതും.

ഈ കരുതൽ എത്രയാണെന്ന് അറിയാൻ കൂടിയാണ്​ ഇവിടേക്ക് ജീവിതത്തിൽ ഒരിക്കലെങ്കിലും ചെന്നു ചേക്കേറേണ്ടത്. അതിന്റെ മിടിക്കുന്ന നാഡിവഴികളിൽ നമ്മൾ സ്വയം അഴിച്ചിടേണ്ടതും.

ഇനിയെത്ര കാലം

ഐ.സി.യുവിലാണ്, പത്തുമുന്നൂറോളം വർഷം പഴക്കമുള്ള ഭരത്പുരിന്റെ ഈ കരുതൽ താവളം. അത് ഇനിയെത്ര കാലം കൂടി വേണമെന്നു തീരുമാനിക്കുന്നതു ഭൂമി പോലുമല്ല. അതു നമ്മൾ മാത്രം. തനിക്കു നേട്ടമുള്ളതു മാത്രം മഹത്തരമെന്നും തനിക്കു വിധേയമായതു മാത്രം ജീവിച്ചാൽ മതിയെന്നും തീരുമാനിക്കുന്ന അതേ നമ്മൾ. ▮


വി. ജയദേവ്​

മാധ്യമപ്രവർത്തകൻ, കവി, നോവലിസ്റ്റ്, കഥാകൃത്ത്. ഭൂമിയോളം ചെറുതായ കാര്യങ്ങൾ, ചോരപ്പേര്,മായാബന്ധർ (നോവൽ), ഒരു കാറ്റിനെ എങ്ങനെ വായിക്കും, ഒരു പൂമ്പൊടി കൊണ്ടും ഒരു പൂക്കാലം കൊണ്ടും, കപ്പലെന്ന നിലയിൽ ഒരു കടലാസ് തുണ്ടിന്റെ ജീവിതം (കവിതാ സമാഹാരങ്ങൾ), ഭയോളജി, മരണക്കിണർ എന്ന ഉപമ (കഥാസമാഹാരം) എന്നിവ പ്രധാന പുസ്തകങ്ങൾ.

Comments