കാണാത്തതും കാഴ്​ചയാവുന്ന ധർമശാല

എന്തിനെയും തോക്കിന്റെ നിഴലിൽ ഭദ്രമാക്കാമെന്ന ചീനന്റെ അധികാരാസക്തിക്ക് ഒരു ജനത കൊടുത്ത, ഇപ്പോഴും കൊടുത്തുകൊണ്ടിരിക്കുന്ന മറുപടിയാണ്​ ധർമശാല.

ധാസ; പ്രാർത്ഥനയോടെയുള്ള ഒരു നീണ്ട കാത്തിരിപ്പ്.
അല്ലെങ്കിൽ വിശുദ്ധ ശാന്തിയിലേക്കു കാത്തുവച്ച മണിയൊച്ചകൾ.
അതുമല്ലെങ്കിൽ, ജീവന്റെ അഭൗമമായ നിത്യതയിലേക്കുള്ള മുന്നൊരുക്കം. ധാസയെന്നാൽ ധർമശാല. ധർമത്തിന്റെ പരമോന്നതമായ ഇരിപ്പിടം.
ആരുമേ ശത്രുവല്ലെന്ന ബോധത്തിന്റെ നിറുകയിലേക്ക്​ തോക്കിൻകുഴൽ നീണ്ടപ്പോൾ വിട്ടൊഴിയേണ്ടിവന്ന ലാസയെന്ന ദൈവഭൂമിയിൽ നിന്നുള്ള പിൻമടക്കത്തിനു ശേഷം രാഷ്ട്രീയാഭയത്തിലൂടെ ഊതിക്കാച്ചി നിർത്തിയ ഒരു പ്രവാസ സർക്കാരിന്റ തന്നെ കരുതൽ.
ലാസയും ധാസയും രണ്ടല്ല. ഒന്ന്.

ലാസ; ഹിമാലയത്തിലെ മടിയിൽ ഒരിക്കലും ഒന്നിനും വേണ്ടിയും ഒച്ചവച്ചിട്ടില്ലാത്ത തിബത്തിന്റെ തലസ്ഥാനം. തിബത്തൻ ഭാഷയിൽ ദൈവങ്ങളുടെ ഇരിപ്പിടം എന്നർത്ഥം. ഏതൊരു തിബത്തന്റെയും വിശുദ്ധ നഗരമായ ഇവിടെ നിന്നാണ്, ഒരു ആത്മീയാചാര്യന്റെ പ്രാർത്ഥനകളുടെ മീതേക്ക് ചുവന്ന വ്യാളിയുടെ നാവിൽ നിന്ന് തീനാളം പടർന്നുതുടങ്ങിയത്. തോക്കു വരയ്ക്കുന്ന നീതിക്കു മുന്നിൽ പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ, ഏറ്റവുമടുത്ത അനുയായികൾക്കൊപ്പം പാതി കൂമ്പിയ ചീനക്കണ്ണുകളെ കബളിപ്പിച്ച് രായ്ക്കുരാമാനം മറ്റൊരു അതിർത്തിക്കകത്തേക്ക് ആത്മീയതയും ഒരു രാജ്യത്തിന്റെ പരമാധികാരം തന്നെയും പറിച്ചു നടേണ്ടിവന്നത്.

കാഴ്ചപ്പടങ്ങളെടുക്കാനും സ്വയം കാഴ്ചകളാകാനും പറ്റിയ ഏകാന്തതകൾ. മുഴുത്തും ചീർത്തും തിടം വയ്ക്കുന്ന എല്ലാ തരത്തിലുമുള്ള ആസക്തികളുടെയും നെഞ്ചുരുക്കുന്ന ക്ഷണഭോഗങ്ങൾ. എല്ലാമുണ്ട്. ഏതു തരത്തിലുള്ള വിനോദസഞ്ചാരിയെയും ആകർഷിക്കാൻ പോന്നത്.

എന്നും എന്തും കൈനീട്ടി സ്വീകരിച്ചിട്ടേയുള്ളൂ എന്നതു ശീലമാക്കിയ ഇന്ത്യ അവരെ രാഷ്ട്രീയാഭയം നൽകി സ്വീകരിച്ചുകുടിയിരുത്തിയ സ്ഥലമാണ് ധാസ. ധർമശാല (ധരംശാല എന്നും ഉത്തരേന്ത്യൻ നാവുവഴക്കം) എന്നതിന്റെ ചുരുക്കം. എന്നാൽ, ഇന്ന് ധർമശാലയിലെ ആയിരക്കണക്കിനു തിബത്തരും അതിനെ ലാസ എന്നു തന്നെയാണു വിളിക്കുക. ലാസ അവരുടെ ഓരോ പ്രാർത്ഥനയുടെയും അവസാനത്തെ പൊരുൾപൊക്കം. അവരുടെ സ്വന്തം ഇരിപ്പിടം. അവരുടെ ശ്വാസത്തിന്റെ ചൂടും വേവും. ഓരോ തിബത്തനും ഉള്ളിൽ കൊണ്ടുനടക്കുന്ന ആൾപ്പൊക്കം. ധാസ അവരുടെ അറുപതാണ്ടു പിന്നിടുന്ന പ്രവാസ സർക്കാരിന്റെ അക്ഷാംശം. എൺപത്തിയഞ്ചാണ്ടപ്പുറത്തേക്ക് ആത്മീയതയാൽ വിശുദ്ധമാക്കപ്പെടുന്ന പരമാചാര്യന്റെ സുരക്ഷിതത്വം. അവരെ ജീവിതത്തിലേക്കു ചേർത്തുനിർത്തുന്ന കരുതൽ.

കാഴ്ചകളുടെ അപ്പുറത്തുള്ള ധർമശാല

ഹിമാലയത്തിന്റെ കൂട്ടത്തിൽ കുറിയ ഹിമശൈലങ്ങളുടെ നടുമുറ്റത്തുള്ള ധരംശാലയിൽ കാഴ്ചകൾക്കു പഞ്ഞമില്ല. വെള്ളയിട്ടുനിൽക്കുന്ന വിദൂര ഹിമാലയൻ മലനിരകൾ. കണ്ണെത്താ ദൂരത്തോളമെത്തുന്ന പച്ചിലച്ചാർത്ത്. മരങ്ങളും താഴ്വരകളും കടന്ന്​ ഹിമമുടിയോളമെത്തുന്ന ഒറ്റയാൻ യാത്രയ്ക്കുള്ള ഒറ്റയടിപ്പാതകൾ. ആരും വന്ന് ബുദ്ധിമുട്ടിക്കാനില്ലാത്ത ഹരിത വിജനത. പല നിറത്തിൽ ഉടുപ്പിട്ടും പല ഭാഷയിൽ ചിലച്ചും മനസിൽ നിന്നു മനസിലേക്കു പാറുന്ന കിളിത്തൂവൽക്കനങ്ങൾ. കാഴ്ചപ്പടങ്ങളെടുക്കാനും സ്വയം കാഴ്ചകളാകാനും പറ്റിയ ഏകാന്തതകൾ. വളർച്ച മുറ്റിയ പട്ടണങ്ങളുടെ ജീവിതക്കാഴ്ചകൾ. മുഴുത്തും ചീർത്തും തിടം വയ്ക്കുന്ന എല്ലാ തരത്തിലുമുള്ള ആസക്തികളുടെയും നെഞ്ചുരുക്കുന്ന ക്ഷണഭോഗങ്ങൾ. എല്ലാമുണ്ട്. ഏതു തരത്തിലുള്ള വിനോദസഞ്ചാരിയെയും ആകർഷിക്കാൻ പോന്നത്. ഹിമമുടിയണിഞ്ഞ ധൗലാധാർ മലനിരകൾ ഒരിക്കലും മറക്കാനുള്ളതല്ല.

ശിവാലിക് നിരകളിൽ നിന്ന് ഹിമാലയത്തിലേക്കു നീളുന്ന മലമുടികളിൽ, കാംഗ്ഡ താഴ്‌വരയിലെ ധർമശാല, മക്ലോഡ് ഗഞ്ച്, ഫോർസിത് ഗഞ്ച് ത്രിമാനതയിലേക്ക് ഏറ്റവുമടുത്ത വിമാനത്താവളം പതിനഞ്ചു കിലോമീറ്റർ അകലെ കാംഗ്ഡയിൽ. ഉത്തരേന്ത്യയിൽ നിന്ന് എവിടെ നിന്നും ധർമശാലയിൽ നിന്ന് എൺപത്തഞ്ചോളം കിലോമീറ്റർ അകലെയുള്ള പത്താൻകോട്ട് (പഞ്ചാബ് ) വരെ ബ്രോഡ്‌ഗേജിൽ ട്രെയിൻ ഓടിയെത്തിച്ചേരും. അവിടെ നിന്ന്​ കാംഗ്ഡയിലേക്കോ നഗ്രോട്ടയിലേക്കോ മീറ്റർ ഗേജ്. യാത്രയുടെ സൗന്ദര്യം നാളുകളോളം നിങ്ങളെ വേട്ടയാടണമെന്നുണ്ടെങ്കിൽ ഇതിൽപ്പരം മറ്റൊന്നില്ല.

റോഡ് യാത്രയിലും കാത്തിരിക്കുന്നുണ്ട്, മാസ്മരികതകൾ. ഡൽഹിയിൽനിന്ന് ഹരിയാനയിലെ പാനിപ്പത്ത്, കുരുക്ഷേത്ര വഴി പഞ്ചാബിലെ അംബാലയും ചണ്ഡിഗഢും കടന്ന് എത്താം. പഞ്ചാബിലെ പത്താൻകോട് വഴിയും. വിശ്രമിക്കാനും യാത്രയുടെ ക്ഷീണം കഴുകിക്കളയാനും കുളിത്തൊട്ടികൾ പണിയിച്ചു ബിയാസ് നദിയുടെ കൈവഴികൾ പലതും. പച്ചിലക്കാഴ്ചകൾക്കിടയിലൂടെയുള്ള നുഴഞ്ഞുകയറ്റങ്ങളുടെ ആവേശങ്ങളും ഉയർച്ച താഴ്ചകളും ജീവിതത്തിലെ മറ്റു പലതിനെയും ഓർമിപ്പിക്കുന്ന ഭൂമിയുടെ വളവുകളും.

അറുപതോളമാണ്ടുകൾക്കുമുമ്പ്​ ലാസയിൽ ഭൗതികമായ എല്ലാത്തിനെയും ഇട്ടെറിഞ്ഞെത്തിയ ആത്മീയാചാര്യൻ ദലൈലാമയ്ക്കും അനുയായികൾക്കും അന്നത്തെ നെഹ്‌റു സർക്കാർ കണ്ടെടുത്തു നൽകിയ സ്ഥലങ്ങളിൽ പ്രധാന ഇടമാണ് ഇത്

എന്നാൽ, പോകപ്പോകെ താനെ തിരിച്ചറിഞ്ഞുതുടങ്ങും ഭൂമിയുടെ മറ്റെവിടെയെങ്കിലും കാണാൻ സാധിക്കുമാറാകുന്ന ഈ കാഴ്ചകളൊന്നും കാണാനായിരുന്നില്ല, ധർമശാലയിലേക്ക് ഇറങ്ങിപ്പുറപ്പെട്ടത് എന്ന്. ഭൂമിയിലെ ഈ കാഴ്ചകളല്ലാതെ മറ്റെന്താണുള്ളത് അവിടെ. ജീവിതത്തിന്റെ മറ്റെന്തു രസക്കൂട്ടുകളാണ് അവിടെ. കലഹിച്ചും പിണങ്ങിയും പിന്നെ വീണ്ടും ഇണങ്ങിയും നിൽക്കുന്ന കാമനകളുടെ മറ്റെന്തു വ്യാഖ്യാനങ്ങളുണ്ട് അവിടെ. കുതികാൽ വെട്ടിയും ഒറ്റിയും പോരടിച്ചും പിടിച്ചുപറിച്ചും വെട്ടിപ്പിടിച്ചും മനുഷ്യന്റെ രജോഗുണത്തിനു പ്രതിവിധിയായി അവിടെ എന്താണുള്ളത്. തോൽപ്പിച്ചും കൊന്നും പിടിച്ചടക്കിയും ഭൂമിയിൽ എന്തോ നേടിയെന്ന അഹങ്കാരത്തിന് എന്തു പരിഹാരമാണുള്ളത്. മനുഷ്യന്റെ എല്ലാ ആർത്തിക്കുമുള്ള ഒറ്റമൂലിയാണ്​ ധർമശാല എന്നു കാണാനാണ്​ ഇവിടെ വന്നെത്താൻ നിയോഗമുണ്ടായതെന്ന്​ മടക്കയാത്രയിൽ നമ്മൾ നമ്മളോടു തന്നെ പറയും. അതാണ് ധർമശാല.

ഉത്തരേന്ത്യക്കാരന്റെ ധരംശാല

എഴുത്തിന്റെയും ലിപിയുടെയും ഉച്ചാരണത്തിന്റെയും ഏകരൂപമില്ലായ്മ കൊണ്ട് ധർമശാല എന്ന സംസ്‌കൃത സംജ്ഞയെ ധരംശാല എന്നു പറഞ്ഞാലേ മനസിലാകൂ ഉത്തരേന്ത്യക്ക്. ആദ്യമായി പഞ്ചാബിൽ കണ്ണുവച്ച്​ കാംഗ്ഡ മലമടക്കുകളിലേക്ക് ആയുധം ഉരുട്ടിക്കയറ്റിയ വെള്ളക്കാരനും ധരംശാല എന്നേ വഴങ്ങിയിട്ടുള്ളൂ. ഇതേ വെള്ളക്കാരനല്ല എന്നാൽ രാജ്യത്തെ പല ഹിൽ സ്റ്റേഷനുകളെയും പോലെ ധർമശാലയെ ഭൂപടത്തിൽ അടയാളപ്പെടുത്തിയത്. വെള്ളക്കാർ വരുന്നതിന്​ നൂറ്റാണ്ടുകളോളം കാംഗ്ഡ കേന്ദ്രീകരിച്ചു ഭരിച്ചിരുന്നത്​കഠോച്ച് വംശത്തിൽപ്പെട്ട രാജാക്കന്മാരായിരുന്നു.
സിഖ് സാമ്രാജ്യത്തിന്റെ ആദ്യ മഹാരാജാവ്, പഞ്ചാപ് സിംഹം എന്നറിയപ്പെട്ടിരുന്ന, രഞ്ജിത്ത് സിങ്ങുമായി ഉണ്ടാക്കേണ്ടിവന്ന ഉടമ്പടിപ്രകാരം വെറും ഭൂപ്രഭുക്കന്മാരുടെ നിലയിലേക്കു കഠോച്ച് രാജാക്കന്മാർക്കു മാറേണ്ടിവന്നിരുന്നു (1810 ). കാംഗ്ഡ പ്രദേശത്തെ തദ്ദേശീയരായ ഗഡ്ഡികൾക്ക് അങ്ങനെ ഒരു സ്ഥലത്തു തന്നെ കുടിപാർപ്പു വേണമെന്നൊന്നും നിർബന്ധമില്ലാത്ത തരത്തിലുള്ള നാടോടികളായിരുന്നു. അതുകൊണ്ടു തന്നെ അക്കാലത്ത്​ കാംഗ്ഡ കഴിഞ്ഞാൽ ജനമേഖലയായിരുന്നില്ല പ്രദേശം. ആളൊഴിഞ്ഞ സ്ഥലത്ത്​ മുമ്പേയുണ്ടായിരുന്നു വഴിയമ്പലമെന്നോ സത്രമെന്നോ മറ്റോ വിളിക്കാവുന്ന ഒരു ധർമശാലയെന്ന ആസ്ഥാനം. പത്തൊമ്പതാം നൂറ്റാണ്ടോടെ തിബത്തിൽ നിന്നും മറ്റും ബൗദ്ധന്മാർ ഒറ്റയ്ക്കും വന്നു കുടിയേറുകയും മറ്റുമുണ്ടായി.

ഒരു തിബത്തൻ സ്​ത്രീ

ഏറെ വൈകാതെ സിഖ് സേനകളെ പലവട്ടം പരാജയപ്പെടുത്താൻ ബ്രിട്ടീഷുകാർക്കു സാധിച്ചതോടെ കാംഗ്ഡ പ്രദേശം അവരുടെ അധീനതയിലേക്കു വന്നു. പിന്നെ കന്റോൺമെന്റ് ഭരണത്തിന്റെ കണ്ണായ സ്ഥലമായി ഈ ധർമശാലാ പ്രദേശം മാറുകയും പേരും അതുതന്നെയായി മാറുകയുമായിരുന്നു. കാംഗ്ഡ ബ്രിട്ടീഷ് ജില്ലയുടെ ഭരണസിരാകേന്ദ്രമായി. ഹിമാലത്തിന്റെ സാമീപ്യവും ഉയർന്ന അക്ഷാംശവും കാലാവസ്ഥയും വെള്ളക്കാർക്കും നന്നായി ബോധിച്ചു. ഹിൽ സ്റ്റേഷനായി അവർ അതിനെ ആഘോഷിച്ചുതുടങ്ങുകയും ചെയ്തു. ഡിവിഷനൽ കമീഷണറായിരുന്ന മക്ലോഡ് സായ്പിന്റെ പേരു വീണു തൊട്ടടുത്ത മലമുടിക്ക്. അടുത്തു തന്നെ ഫോർസിത്ത് ഗഞ്ചും.
ആയിടയ്ക്ക്​ ബ്രീട്ടീഷ് ഇന്ത്യൻ വൈസ്രോയ് ആയിരുന്ന എൽജിൻ പ്രഭുവിന് അവിടെക്കൊണ്ടും തീർന്നില്ല കൊതി. ഇന്ത്യയുടെ വേനൽക്കാല തലസ്ഥാനമാക്കാൻ വരെയെത്തി അത്. എന്നാൽ, അത് യാഥാർത്ഥ്യമായില്ല. സന്ദർശനത്തിനെത്തിയ എൽജിൻ പിന്നെ തിരിച്ചുപോയില്ല. അവിടെ വച്ചു മരിച്ച അദ്ദേഹത്തെ അടക്കിയത്​ ഫോർസിത് ഗഞ്ചിലെ പള്ളി സെമിത്തേരിയിൽ. കാനനവിജനതയിലെ സെൻറ്​ ജോൺ പള്ളി ഇപ്പോഴുമുണ്ട്.

ഇന്നത്തെ ധർമശാല

ഓരോ ശരീരത്തിൽ ഓരോ ജീവൻ കൊളുത്തിവച്ചതു പോലെ പ്രാർഥനയ്ക്ക് ഓരോ മൂലമന്ത്രം കൊത്തിവച്ച പ്രാർത്ഥനാചക്രം തൊട്ട് ഉള്ളിൽക്കൊണ്ട് ഉള്ളം പൊള്ളിക്കുന്ന തിബത്തന്റെ കൂടി ‘രാജ്യമായ' ധർശാലയിൽ കാത്തിരിക്കുന്നത്​ ഈ ശാന്തത തന്നെയാണ്. അറുപതോളമാണ്ടുകൾക്കുമുമ്പ്​ ലാസയിൽ ഭൗതികമായ എല്ലാത്തിനെയും ഇട്ടെറിഞ്ഞെത്തിയ ആത്മീയാചാര്യൻ ദലൈലാമയ്ക്കും അനുയായികൾക്കും അന്നത്തെ നെഹ്‌റു സർക്കാർ കണ്ടെടുത്തു നൽകിയ സ്ഥലങ്ങളിൽ പ്രധാന ഇടമാണ് ഇത്. അവിടെ അവർ കെട്ടിപ്പൊക്കിയത്​ ലാസയുടെ ഒരു കുഞ്ഞുപതിപ്പ്. തിബത്തരുടെ അഭിരുചി. അവരുടെ വാസ്തുവിദ്യ. അവന്റെ / അവളുടെ ജീവിതത്തോടുള്ള തദ്ദേശീയ സമവാക്യങ്ങൾ. അവർ തടുത്തുകൂട്ടിയത് അവരുടെ സംസ്‌കാരം. അതുകൊണ്ടു തന്നെ, മുന്നിൽ ഇഴ വിരിയുന്നതു തിബത്തിന്റെ വർണരാജികൾ. വിശ്വാസത്തിന്റെ വേറിട്ടതല്ലാത്ത ഇഴയടുപ്പങ്ങൾ. അവരുടെ ഭാഷയിലുള്ള അവരുടെ നിർമാണങ്ങൾ, കൊത്തുവേലകൾ.

തിബത്തുകാരനായ ഒരു വയോധികൻ

ധർമശാല അതുകൊണ്ടു തന്നെ ഇന്ത്യക്കാരന്റേതാണ്. തിബത്തരുടേതുമാണ്. ഈയൊരു സംസ്‌ക്കാരത്തനിമ കാരണം ധർമശാല കാണുനുള്ളതുമായി. കേൾക്കാനുള്ളതായി. അനുഭവിക്കാനും. അറിയാനും. അവരവരെ തിരിച്ചറിയാനും. ഇത്​ ശിവാലിക് കുന്നുകളുടെ, ധൗലാധാർ മലനിരകളുടെ മടിമടകളിലേക്കുള്ള കാഴ്ചക്കാരുടെ പ്രവാഹമായി. ധർമശാല, ഇന്ന് ഉത്തരേന്ത്യയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്തെ ഏറ്റവും വലിയ കാഴ്ചകേന്ദ്രമായി മാറി.
ഹിമാചലിന്റെ ശൈത്യകാല തലസ്ഥാനമായി.

സുഗ്ലാഖാങ് അടക്കമുള്ള ബുദ്ധവിഹാരങ്ങളിൽ അവാച്യമായ മൗനവും ശാന്തതയും നിങ്ങളെ ക്ഷണിച്ചിരുത്തുന്നു. ആരും ഒന്നിനും തിക്കിത്തിരക്കുന്നില്ല. ആർക്കും ഒന്നിനോടും നിർമമതയിൽ കവിഞ്ഞ ആസക്തിയില്ല.

കേരളത്തിലെ ഏതെങ്കിലും ചെറുപട്ടണത്തിന്റെ വലിപ്പമേയുള്ളൂ. എന്നാൽ, ആ കാണുന്നതിനുമപ്പുറത്താണ് ധർമശാല. കാണാത്ത കാഴ്ചകൾ കൂടിയാണ് അത്. മനസിൽ കാണുന്ന ഹിമധവളതയുടെയും മനസിൽ തോന്നുന്ന തൂവൽക്കനത്തിന്റെയും കൂടിയുള്ളത്. അതിനും പുറമേ, ഉൾക്കണ്ണാൽ അളക്കാൻ പറ്റാത്തത്രയുമുള്ളത്. ഇതാണ്​ ധർമശാല എന്നു പറയാൻ കഴിയില്ല. എന്തല്ല ധർമശാല എന്നാവും തിരിച്ചിറങ്ങുമ്പോൾ സ്വയം അളക്കുക.

മനസിലും ഉടലിലും കോട വന്നു പൂണ്ടടക്കം പിടിക്കുന്ന മക്ലോഡ് ഗഞ്ച്, ധരംകോട്ട്, ദാൽ തടാകം, സൂര്യാസ്തമയ നോട്ടപ്പടി, ബാഗ്‌സു നാഗ് ക്ഷേത്രം, സുഗ്ലാഖാങ് ബുദ്ധവിഹാരം, നമ്ഗ്യാൽ ബുദ്ധസന്യാസി വിഹാരം, നോർബുലിങ്ഗ ഇൻസ്റ്റിറ്റ്യൂട്ട്, താന്ത്രിക് ബുദ്ധിസത്തിന്റെ ഇരിപ്പിടമായ ഗ്യൂതോ ബുദ്ധവിഹാരം, ഗോംപ ദിപ് സെ ചോക് ലിങ് ചെറിയ വിഹാരം, നെചുങ് മൊണാസ്ട്രി, കുറച്ചു കിലോമീറ്ററുകൾ മാറി, ഒരു പക്ഷെ ഹിമാലത്തിലെ ഏറ്റവും വലുതെന്ന് അളക്കാവുന്ന കാംഗ്ഡ കോട്ട...എല്ലാം ചേർന്ന്​ ഒരു പത്തറുപതു കിലോമീറ്ററിനകത്ത് ഒതുങ്ങും. എന്നാൽ, ഒരു ഓട്ടപ്രദക്ഷിണത്തിൽ തീരാവുന്ന തീർത്ഥസങ്കേതങ്ങളല്ല ഇതൊന്നും.

സുഗ്ലാഘാങ് ബുദ്ധവിഹാരമെന്നാൽ, ആത്മീയാചാര്യൻ ദലൈ ലാമയുടെ ആസ്ഥാനം തന്നെ. അദ്ദേഹത്തിന്റെ ഏറ്റവും തന്ത്രപ്രധാനമായ ഇരിപ്പിടം. പിന്നെ, ഗാങ്‌ഷെൻ കിഷോങ് ... ചീനന്റെ ആയുധപ്പോരിമക്കെതിരെ സമാധാനത്തിന്റെ ആയുധം നീട്ടുന്ന തിബത്ത് പ്രവാസ സർക്കാരിന്റെ ആസ്ഥാനമാണിത്. പ്രവാസ പാർലമെന്റും ജുഡീഷ്യറിയും വരെയുണ്ട്. നമ്ഗ്യാൽ വിഹാരമാണെങ്കിൽ ദലൈ ലാമയുടെ ആരാധനാലയം.

മക്ലോഡ് ഗഞ്ചിലെ കോടമഞ്ഞ്​ / ഫോട്ടോ : കിരൺ ബാബു

സുഗ്ലാഖാങ് അടക്കമുള്ള ബുദ്ധവിഹാരങ്ങളിൽ അവാച്യമായ മൗനവും ശാന്തതയും നിങ്ങളെ ക്ഷണിച്ചിരുത്തുന്നു. ആരും ഒന്നിനും തിക്കിത്തിരക്കുന്നില്ല. ആർക്കും ഒന്നിനോടും നിർമമതയിൽ കവിഞ്ഞ ആസക്തിയില്ല. ബുദ്ധന്റെ മഹാവിഗ്രഹത്തിനു മുന്നിൽ മൗനത്തിന് എത്ര ആഴമുണ്ടെന്ന് അന്വേഷിച്ചിറങ്ങും. നമ്മൾ നമ്മളെത്തന്നെ അളന്നുതുടങ്ങും. ആരായിരുന്നു, എന്തായിരുന്നു എന്നൊക്കെ. ഒരു നിശ്വാസം പോലും വന്നു ശ്രദ്ധ തിരിക്കില്ല. മൗനത്തിന്റെ ഊടുവഴികളിലേക്ക് പോയ്‌ക്കൊണ്ടേയിരിക്കും.

ആരോടും ഒരു പരാതിയുമില്ല. ആരിൽ നിന്നും ഒന്നും പിടിച്ചെടുക്കാനുമില്ല. ധർമശാലയുടെ തെരുവുകളിൽ, ഗലികളിൽ കണ്ടു മുട്ടുന്ന ഓരോ തിബത്തനിലും അതിന്റെ തേജസുണ്ട്. വഴിയരികിൽ, മോമോ വിൽക്കുന്ന തിബത്തിയമ്മൂമ്മയിൽ വരെ.

ദലൈലാമയുടെ ആവാസസ്ഥാനമായ ഫോട്ടാങ്, തിബത്ത് മ്യൂസിയം, നമ്ഗ്യാൽ ഗോംപ എന്നിവ അടങ്ങിയതാണ്​ സുഗ്ലാഖാങ്. നൂറ്റാണ്ടുകളിലൂടെയുള്ള ആത്മീയ യാത്രകളുടെയും സമീപകാല ചരിത്രത്തിലെ ചോര വീണ ഏടുകളുടെയും തിബത്തരുടെ ജീവിതത്തിന്റെയും ചിത്രങ്ങൾ സൂക്ഷിച്ചിരിക്കുന്നു. സുഗ്ലാഖാങ്ങിൽ നിന്ന് ഒട്ടും ദൂരമില്ല, കാലചക്ര ക്ഷേത്രത്തിലേക്ക്. ശാക്യമുനി ബുദ്ധനടക്കമുള്ള എഴുന്നൂറോളം വിശുദ്ധതകളുടെ പ്രത്യക്ഷവത്ക്കരണമാണ് അവിടെ. മനസിൽ നിന്നു വിട്ടുള്ള പ്രാർത്ഥനയിലേക്കു കടക്കുന്നവർക്കുള്ള ഇടത്താവളം.

ഒരു ലക്ഷത്തോളം എഴുത്തോലകളും പുരാതന തുകൽ ഏടുകളും ഗ്രന്ഥങ്ങളുമടങ്ങുന്ന മഹാ അറിവാലയത്തിന്റെ മുന്നിൽ നിൽക്കുമ്പോൾ നൂറ്റാണ്ടുകളായുള്ള ചരിത്രം വന്ന് തിക്കിത്തിരക്കും. അഞ്ചാം ദലൈ ലാമയുടെ കാലം മുതൽ തിബത്തിനു മേൽ ബുദ്ധമതവിശ്വാസം എങ്ങനെയാണ് ആത്മീയമായും രാഷ്ട്രീയമായും അധീശത്വം നിലനിർത്തിയത്, നാളിതുവരെ നൂറ്റാണ്ടുകളായി തിബത്തിന് മേൽ മറ്റൊരു അധീശ ശക്തി ഇല്ലാതിരുന്നത്, കുമിന്താങ്ങുകളുടെ അധികാരത്തിനു കീഴിൽ ചീനപ്പട്ടാളം പ്രാർത്ഥനകൾക്കുമേൽ കോയ്മ നേടിയത്, തങ്ങളുടെ രാജ്യത്തിനകത്തെ ഒരു പ്രവിശ്യ മാത്രമാണ് എന്ന അവകാശം ഉന്നയിക്കുന്നത്, അതിനെതിരെ ബുദ്ധഭിക്ഷുക്കൾ ആദ്യം ശബ്ദവും പരമാധികാരം നിലനിർത്താൻ പിന്നീട്​ പരിമിതമായ ആയുധവും ഉയർത്തിയത്, പതിമൂന്നാം ദലൈ ലാമയുടെ പുനർജാത അവതാരമായി ക്വിൻഹായ് പ്രവിശ്യയിലെ ലാമൊ തൊന്ദൂപിനെ രണ്ടാം വയസിൽ കണ്ടെത്തുന്നത്, 1939 ൽ പുനർജാത ലാമയെ, തെൻസിൻ ഗാത്സോയെ, പതിനാലാം ദലൈ ലാമയായി വാഴിക്കുന്ന സമയത്തു തന്നെ ചൈന പുതിയ കരുനീക്കവുമായി രംഗത്തു വന്നത്, വർഷങ്ങൾക്കു ശേഷം മൗസെ ദൊങ്ങുമായി സഹകരിച്ചു പ്രവർത്തിച്ചത്, തിബത്തിന്റെ പരമാധികാരം ആവർത്തിച്ചു കൊമ്പുകൾ കോർത്തതും പിന്നീട്​ 1959 ൽ തിബത്തിലെ ആധ്യാത്മിക വിപ്ലവം പരാജയപ്പെടുത്തി ദലൈ ലാമയെ പിടികൂടാനുള്ള ചൈനയുടെ നീക്കത്തിൽ നിന്ന്​ നാടകീയമായി രക്ഷപ്പെട്ട് അതിർത്തി കടന്ന് അസമിലെ തെസ്​പുരിലെത്തിയതും. അന്ന്​ ലാസയുടെ തെരുവുകളിൽ വീണ ചോരക്കറകളും.

ബുദ്ധവിഹാരങ്ങളിലെ പ്രാർത്ഥനാചക്രങ്ങൾ

പൊതുവേ ഉറക്കം തൂങ്ങിനിൽക്കുന്ന ധർമശാലയിൽ പക്ഷെ, ഈ അറിവാലയത്തിനു മുന്നിൽ നിൽക്കുമ്പോൾ ചരിത്രം വന്ന് തിക്കിത്തിരക്കും. ഈ ചരിത്രവായന കൂടി ചേർന്നതാണ് ഇവിടത്തെ കാഴ്ചകൾ. കാണാത്തതും കാഴ്ചയാവുന്നു. മനസിന്റെ ഉൾക്കണ്ണുകളിൽ ഒരു തിരശ്ശീലയിലെന്ന പോലെ ഒരു കാലഘട്ടം മാറിമറിയും. ഇപ്പോഴും തിബത്ത് പരമാധികാര രാജ്യമാണ് എന്ന ധർമശാലയുടെ പ്രഖ്യാപനം തിരിച്ചറിയും.
അപ്പോഴും ബുദ്ധവിഹാരങ്ങളിലെ പ്രാർത്ഥനാചക്രങ്ങളിൽ വിരലും മനസും കൊണ്ടു തൊട്ട് ആയിരങ്ങൾ പ്രാർത്ഥിക്കുന്നുണ്ടാവും. ധർമശാല നിലയ്ക്കാത്ത ഒരു പ്രാർത്ഥന. എന്നാൽ, അത്​ ബുദ്ധബിക്ഷുക്കളെയും തിബത്തരെയും അലട്ടുന്നതേയില്ല. ദലൈലാമ രാജ്യത്തിന്റെ തലവനെന്ന നിലയിൽ രാഷ്ട്രീയ പോരാട്ടവും തുടരുമ്പോൾ, അവർ എല്ലാം പ്രാർത്ഥനാചക്രങ്ങളുടെ നിലയ്ക്കാത്ത കറക്കങ്ങളിൽ അടക്കിവെയ്ക്കുന്നു. ആരോടും ഒരു പരാതിയുമില്ല. ആരിൽ നിന്നും ഒന്നും പിടിച്ചെടുക്കാനുമില്ല. കൊടുക്കാനാണെങ്കിൽ ആകാശത്തോളം വലിയ മനസുകളുണ്ട്. ധർമശാലയുടെ തെരുവുകളിൽ, ഗലികളിൽ കണ്ടു മുട്ടുന്ന ഓരോ തിബത്തനിലും അതിന്റെ തേജസുണ്ട്. വഴിയരികിൽ, മോമോ വിൽക്കുന്ന തിബത്തിയമ്മൂമ്മയിൽ വരെ.

ഇവിടെ ഈ ബുദ്ധമനസുകൾ നിലനിൽക്കുന്ന കാലം വരെ എല്ലാം മറന്ന് ഉറങ്ങാൻ സാധിക്കില്ല, ബെയ്ജിങ്ങിന്. ചരിത്രത്തിലെ ആ ഹിമാലയൻ നീതികേട് എന്നും ഓർമിപ്പിച്ചുകൊണ്ടേയിരിക്കും.

എല്ലാ യുദ്ധവും അഴിച്ചുകളയുന്ന ഇടം

ധർമശാല മനസിന്റെ എല്ലാ യുദ്ധങ്ങളെയും ഇല്ലാതാക്കുന്നു. ഏതു കാപട്യത്തെയും അഴിച്ചുകളയുന്നു. ഒന്നിൽ നിന്നും ഒന്നും ഒന്നിൽക്കൂടുതൽ എടുക്കാനില്ലെന്ന ശാന്തിപാഠമാകുന്നു. ഒരു യുദ്ധവും ചോര വീഴ്ത്താനുള്ളതല്ലെന്ന പാഠം ഓർമിപ്പിക്കുന്നു.

ശരിക്കും എന്താണ്​ ധർമശാലയെന്ന് അപ്പോഴും പിടിതന്നുവെന്നു വരില്ല. ഒരു യാത്ര കൊണ്ടു തീരില്ല ആ ചോദ്യം. ഒരു വായന കൊണ്ടു മതിയാവില്ല. മൗനവുമായുള്ള ഒരു സംഭാഷണത്തിനുള്ള വേദിയൊരുക്കുകയാണ്​ ധർമശാല. മൗനവും മൗനവും കൊണ്ടുള്ള സംഭാഷണം. അവിടെ യുദ്ധങ്ങൾക്കു പ്രസക്തിയില്ല. എല്ലാ അധിനിവേശവും ചെറുക്കാനുള്ള പ്രാർത്ഥനയാണ് അത്.

മറ്റൊന്നു കൂടിയുണ്ട്. എന്തിനെയും തോക്കിന്റെ നിഴലിൽ ഭദ്രമാക്കാമെന്ന ചീനന്റെ അധികാരാസക്തിക്ക് ഒരു ജനത കൊടുത്ത, ഇപ്പോഴും കൊടുത്തുകൊണ്ടിരിക്കുന്ന മറുപടിയാണ്​ ധർമശാല. ഇവിടെ ഈ ബുദ്ധമനസുകൾ നിലനിൽക്കുന്ന കാലം വരെ എല്ലാം മറന്ന് ഉറങ്ങാൻ സാധിക്കില്ല, ബെയ്ജിങ്ങിന്. ചരിത്രത്തിലെ ആ ഹിമാലയൻ നീതികേട് എന്നും ഓർമിപ്പിച്ചുകൊണ്ടേയിരിക്കും.
ഒരു പൂവിതൾ കൊണ്ട് തീർക്കാവുന്നതിനെ ആയുധത്തിലേക്കു നീട്ടിയതിന്റെ നീറ്റൽ എന്നെന്നേക്കുമായി ബാക്കിവച്ചുകൊണ്ട്. ▮


വി. ജയദേവ്​

മാധ്യമപ്രവർത്തകൻ, കവി, നോവലിസ്റ്റ്, കഥാകൃത്ത്. ഭൂമിയോളം ചെറുതായ കാര്യങ്ങൾ, ചോരപ്പേര്,മായാബന്ധർ (നോവൽ), ഒരു കാറ്റിനെ എങ്ങനെ വായിക്കും, ഒരു പൂമ്പൊടി കൊണ്ടും ഒരു പൂക്കാലം കൊണ്ടും, കപ്പലെന്ന നിലയിൽ ഒരു കടലാസ് തുണ്ടിന്റെ ജീവിതം (കവിതാ സമാഹാരങ്ങൾ), ഭയോളജി, മരണക്കിണർ എന്ന ഉപമ (കഥാസമാഹാരം) എന്നിവ പ്രധാന പുസ്തകങ്ങൾ.

Comments