രാജസ്ഥാനിൽ കൊടുംമഞ്ഞുകാലത്ത് തീവണ്ടി യാത്ര അതികഠിനമാണ്, അതും, പുലർച്ചെ ലോക്കൽ ട്രെയിനുകളിൽ. എന്തായാലും പോവാം എന്ന് തീരുമാനിച്ചുറപ്പിച്ചു. യാത്രയ്ക്ക് കരുതിയതെല്ലാം ബാഗിൽ കുത്തിനിറച്ച് ബിക്കാനീറിലെ ഹോട്ടലിൽ നിന്നിറങ്ങി. പാതിരാത്രി ബിക്കാനീർ സ്റ്റേഷനിൽ നിന്നാണ് സഞ്ചാരം. ലോക്കൽ ട്രെയിനിൽ ഹാരപ്പൻ നാഗരികതയുടെ അവശേഷിപ്പായ കാലിബംഗനിലേക്ക്. തീവണ്ടിയുടെ ദേഹം മുഴുക്കെ തണുത്തു മരവിച്ചിരിക്കുന്നു. തൊടാനാകാത്തവിധം മഞ്ഞുകാലം തീവണ്ടിയെ ആവേശിച്ചിരിക്കുന്നു. ഒരു സീറ്റിൽ കേറിക്കിടന്നു. എത്ര കൂനിക്കൂടി കിടന്നിട്ടും ഷൂവും കോട്ടുമുണ്ടായിട്ടും തണുപ്പ് അരിച്ച് കേറുന്നു. നേരംവെളുക്കുന്നതിന് മുൻപ് സ്റ്റേഷനെത്തും. അത് ആലോചിച്ച് ഉറങ്ങാനുമായില്ല. സ്ഥലം മാറിപ്പോകരുതല്ലോ. ഒടുവിൽ സ്ഥലമെത്തി, സ്റ്റേഷനിലിറങ്ങി. ഒരു മനുഷ്യനെ പോലും കാണാനില്ല. വിജനം. അപ്പോഴാണത് മനസ്സിലായത്. പീലീബംഗ സ്റ്റേഷനെന്ന് കരുതി ഇറങ്ങിയത് തെറ്റിപ്പോയിരിക്കുന്നു. ഇൻഡസ് വാലി സിവിലൈസേഷന്റെ അവശേഷിപ്പ് തേടിയുള്ള യാത്ര തുടക്കത്തിലേ പാളി. പിലിബംഗനെന്ന സ്റ്റേഷന് മുൻപുള്ള ഏതോ സ്റ്റോപ്പാണ്. പെട്ടുപോയി. സംശയം ചോദിക്കാനായി ആരെയും കാണുന്നില്ല. മഞ്ഞുകാലം, പുലർകാലത്ത് രണ്ടരമണിയോ മറ്റോ ആണ്. ഇരുന്നു സമയം കഴിച്ചുകൂട്ടി. അതുകൊണ്ടായില്ല. എണീറ്റു, ഇരുന്നുറങ്ങുന്ന ഒരു ജീവനക്കാരനെ കണ്ടെത്തി. ഈ പ്ലാറ്റ്‌ഫോമിൽ മറ്റൊരു ട്രെയിൻ വരുമെന്ന് അയാൾ പാതിയുറക്കത്തിൽ പറഞ്ഞു. കട്ടിയുള്ള കോട്ടുണ്ട് പക്ഷേ ആസകലം തണുത്തുവിറക്കുന്നു. കൈ ആകെ മരവിച്ചു, തൂങ്ങി തൂങ്ങിയുള്ള ഇരുപ്പിനിടെ ഒരു ട്രെയിനെത്തി.
കാലിബംഗനിലെ ഹാരപ്പൻ കാഴ്ച കണ്ട് ഇന്നുതന്നെ മടങ്ങണം. ലോഡ്ജ് ഉണ്ടോയെന്ന് പോലും സംശയമാണവിടെ. പീലിബംഗനിലെ പരിസരം കണ്ടിട്ട് അങ്ങനെ തോന്നി.
പാതിരാത്രി, മിക്ക ട്രെയിനുകളിലും ഡോർ ഉള്ളിൽ നിന്ന് അടച്ചുകാണാം, പ്രത്യേകിച്ച് ഉത്തരേന്ത്യയിൽ. ഇതൊരു മുട്ടൻ പണിയാണ്. സീറ്റിലെ യാത്രികർക്ക് പുറമേ വാതിലിനരികിലും ടോയ്‌ലറ്റിനുപുറത്തും തൂങ്ങിയിരിക്കുന്നവർ ധാരാളം കാണും രാത്രി. ജീവനക്കാർ തന്നെ പണി പറ്റിക്കും. ആളുകൾ ചാടിക്കേറുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യം. പോരാത്തതിന് തണുത്ത കാറ്റും. ടിക്കറ്റ് ഇല്ലാതെയായിരിക്കും മിക്കവരുടേയും ലോക്കൽ സഞ്ചാരം. ഉള്ളിൽ നിന്ന് മിക്ക ഡോറും അടച്ചാൽ ആകെയുള്ള ഒന്നോ രണ്ടോ മിനിറ്റ് മാത്രം നിർത്തുന്ന തീവണ്ടിയിലേക്ക് സീറ്റ് ബുക്ക് ചെയ്തവർക്ക് പോലും കയറാനാവാതെ പെട്ടുപോകും, ഏതോ ഡോർ തള്ളിത്തുറന്നു ഉള്ളിൽകേറി. തണുപ്പിലും ഉറക്കത്തിലുമായി നിന്നു. സമയം ഇഴഞ്ഞാണ് നീങ്ങുന്നതെന്ന് തോന്നി. കുറെ പോയിക്കഴിഞ്ഞപ്പോൾ സ്ഥലം എത്തി. പീലിബംഗനെന്ന സ്റ്റേഷനിലിറങ്ങി. നേരം വെളുത്തിട്ടില്ല. കനത്ത മഞ്ഞ് ആർഭാടത്തിലാണ്. പുകപോലെ മൂടിയിരിക്കുന്നു അവിടെ സ്റ്റേഷനെ. ബോർഡെല്ലാം തൊട്ടരികെ പോയി നോക്കിയാലേ കാണൂ. കൈകൾ പോക്കറ്റിൽ നിന്നെടുക്കാൻ തോന്നുന്നില്ല. ഫ്രീസ് ആയ അവസ്ഥ. സ്റ്റേഷനുള്ളിൽ ഒരു ചായക്കാരനെ കണ്ടു. ചായ എടുത്തു തരുന്ന മാത്രയിൽ അത് തണുത്തുതുടങ്ങുന്നു. രണ്ടു ചായ കുടിച്ചു. വാച്ചിലെ സമയം വെച്ച് നേരം വെളുത്തു. പക്ഷേ പുറത്ത് നല്ല ഇരുട്ട്. എന്തായാലും പുറത്തേക്ക് നടക്കാനായി തീരുമാനിച്ചു. ബാഗ് പുറകിലിട്ട് നടന്നു.
കോടമഞ്ഞു പുതച്ച ഒരു മനുഷ്യവാസവുമില്ലാത്ത വിജനഗ്രാമം, പീലിബംഗനും തീവണ്ടി സ്റ്റേഷനും പരിസരവും അങ്ങനെയായിരുന്നു. ദൂരെയ്ക്ക് വിസിബിലിറ്റി കിട്ടുന്നില്ല. കാലിബംഗനിലേക്ക് വണ്ടികളൊന്നും ഇപ്പോ കിട്ടില്ല- അവിടെ കണ്ട ചിലർ പറഞ്ഞു. കുറെക്കൂടി സമയം കഴിയണം, വണ്ടി വരാനും കട തുറക്കാനും. ഷെയർ ഓട്ടോകൾ വരാനും കുറെ കഴിയണം. ആറര കിലോമീറ്ററോളം ദൂരമുണ്ട്. വണ്ടിക്കാരെല്ലാം ഉറക്കത്തിലാണ്. സമീപത്ത് ചിലർ കൂടിയിരുന്ന് തീ കായുന്നു. അവരോട് വഴി ചോദിച്ചു. ഒരു കാര്യം ചെയ്താലോ, ആറര കീ.മീറ്ററില് ഒരു പ്രഭാതനടത്തം എന്നാലോചിച്ചു. കാലിബംഗനിലെ ഹാരപ്പൻ കാഴ്ച കണ്ട് ഇന്നുതന്നെ മടങ്ങണം. ലോഡ്ജ് ഉണ്ടോയെന്ന് പോലും സംശയമാണവിടെ. പീലിബംഗനിലെ പരിസരം കണ്ടിട്ട് അങ്ങനെ തോന്നി. കാളവണ്ടികളുടെ പോക്ക് തൊട്ടടുത്ത് എത്തിയാൽ മാത്രമേ കാണുന്നുള്ളൂ. കഴുത്തിൽ കെട്ടിയ മണിയുടെ ശബ്ദം പക്ഷേ ദൂരെ നിന്നു കേൾക്കാം. ഞങ്ങൾ നടന്നു. അല്പം പോയി, വയസ്സന്മാരുടെ ഒരു കൂട്ടം തീയിന് ചുറ്റും ഇരിക്കുന്നു. എല്ലാവരും കൂനിക്കൂടി മുണ്ടും പുതുച്ച് തലയിൽ കെട്ടുമായാണ് ഇരിപ്പ്. ബീഡി പുകയ്ക്കുന്നുണ്ട്. അവിടെ അരികിൽ തിണ്ണയുള്ള ചെറിയ പുരയിൽ സമോവറിൽ ചായ തിളയ്ക്കുന്നു. ചായ പറഞ്ഞു.
അയ്യായിരം കൊല്ലത്തിനപ്പുറം എത്ര ആധുനികമായ ചിന്തയും ആസൂത്രണവും ഉണ്ടായിരുന്നു അവർക്കെന്ന് അത്ഭുതപ്പെടും. ആ നിർമിതികൾ കണ്ടാൽ.
ശീലമില്ലെങ്കിലും തണുപ്പിന്റെ ആധിക്യം കൊണ്ട്, ഒരു ബീഡി വലിക്കാൻ തോന്നി. കരുതലിനായി ഒരു കെട്ട് ബീഡി മേടിച്ചു തീപ്പെട്ടിയും. ഏതോ രാജസ്ഥാനി പേരുള്ള ആരുടേയോ തലപ്പാവ് വെച്ച പടമുള്ള കവറുള്ള ബീഡിക്കെട്ട്. മുന്നിലൂടെ ഒരു ആട്ടിൻപറ്റം മഞ്ഞിലൂടെ നടന്നുവന്നു. അവരുടെ പടം എടുത്തു. അതിലൊരാൾ പടം കാണിച്ചുതരാമോ എന്ന് ചോദിച്ചു. ക്യാമറയിലൂടെ കാണിച്ചുകൊടുത്തു, അത് കാണിച്ചുകൊടുക്കുന്ന പടം കൂടെയുള്ള ഫോട്ടോഗ്രാഫർ സുഹൃത്തെടുത്തു. പുകയിലക്കറയുള്ള പല്ലും കാട്ടി നല്ലൊരു ചിരി കിട്ടി, അതിരാവിലെ തന്നെ.
കാലിബംഗനിലേക്ക് നടക്കുകയാണെന്ന് അവരോട് പറഞ്ഞ് സന്തോഷത്തോടെ കൈവീശി. രണ്ട് സൈഡിലും കൃഷിയിടങ്ങളാണ്, കാലികളെ പാടത്തേക്ക് കൊണ്ടുപോയിത്തുടങ്ങി. ചിലർ ഒട്ടകങ്ങളുമായി നടന്നുവരുന്നത് കണ്ടു. ഘഖാർ നദിയുടെ തീരത്താണ് കാലിബംഗൻ. നദീ കുറച്ചപ്പുറമാണ്, സരസ്വതി നദിയൊഴുകിയത് ഇതിലൂടെയാണെന്നും വിശ്വസിക്കപ്പെടുന്നുണ്ട്. മോഹൻ ജെദാരോ സ്ഥിതിചെയ്യുന്ന സിന്ധ് പ്രവിശ്യയിലേക്ക് കാലിബംഗനിൽ നിന്ന് ഒരുപാട് ദൂരമില്ല. പാക് അതിർത്തിയോട് ചേരുന്ന രാജസ്ഥാന്റെ മേഖലയാണിത്. രാവിലെ ഏഴുമണിയോ മറ്റോ ആയിട്ടുണ്ട് വാച്ചിലെങ്കിലും ഏതാണ്ടൊരു നാലുമണിയുടെ രൂപത്തിലാണ് പീലിബംഗനാകപ്പാടെ. ദൂരെയുള്ള പാടത്തേക്ക് ചില ട്രാക്ടറുകൾ ഒച്ചവെച്ച് കടന്നുപോയി. നിറച്ച് ഇഷ്ടിക കളങ്ങളുണ്ട്.
അവിടവിടെ ചെറിയ മൺപുരകളും. പുരുഷന്മാരും സ്ത്രീകളും കുടിലിനോട് ചേർന്ന് തീ കാഞ്ഞിരിപ്പുണ്ട്. കുട്ടികൾ എണീറ്റു കാണാനിടയില്ല. രാവിലെ നേരത്തെ പണിക്കാരെല്ലാം പാടത്തേക്കിറങ്ങുന്നതാണ് ഇവരുടെയെല്ലാം ശീലം, പൊതുവേ ഉത്തരേന്ത്യയിൽ അങ്ങനെയാണ്. ടാറിട്ട റോഡിലുടെ കുറെ ദുരം നടന്നു. വണ്ടികൾ തൊട്ടടുത്ത് എത്തുന്നതുവരെ കാഴ്ചയിൽ ഒട്ടും ദൃശ്യമല്ല. ശബ്ദം മാത്രമേയുള്ളൂ. ചിലർ റേഡിയോ ഉച്ചത്തിൽ വെച്ചാണ് ഓടിച്ചുവരുന്നത്. റേഡിയോ ശബ്ദം കേട്ട് ആൾക്കാർ വണ്ടി വരുന്നതായി ഊഹിച്ചോട്ടെ എന്ന് കരുതിക്കാണും. ഏതോ പ്രാചീന ഗ്രാമത്തിലെത്തിയ പ്രതീതി. ചില പഴയ മുഖമുള്ള പെട്ടിക്കടകൾ. ചായ തിളപ്പിക്കാനൊരുങ്ങുന്ന പീടികകൾ, ഇത്രയും പുരാതനഭാവമുള്ള സ്ഥലമാണോ പീലീബംഗനെന്ന് ആലോചിച്ചു. പകുതിയോളം ദൂരം നടന്നുകാണും, ഒരു ബോർഡ് കണ്ടു. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടേതാണ്. അതിൽ വഴി കൃത്യമായി മാർക്ക് ചെയ്ത് വെച്ചിരിക്കുന്നു. സൈറ്റിനെക്കുറിച്ച് ലഘുവിവരങ്ങളും. കാലിബംഗനിലെ സംഗ്രഹാലയത്തെക്കുറിച്ചുള്ള സൂചനകൾ
പിന്നെയും രണ്ട് കിലോമീറ്ററോളം നടപ്പ് തുടർന്നു. രണ്ടുവശവും മരങ്ങളുള്ള നിറഞ്ഞ, നല്ല രീതിയിൽ ടാർ ചെയ്ത റോഡുള്ള വഴിയാണത്, ആർക്കിയോളജിക്കൽ സർവ്വേയുടെ ഹെറിറ്റേജ് സൈറ്റ് ആയതുകൊണ്ടാകണം, റോഡ് നല്ല രീതിയിൽ ചെയ്തിട്ടുണ്ട്. മഞ്ഞിനെ വകഞ്ഞു നടപ്പു തുടർന്നു. വന്യവിജനമായ കാലിബംഗനിലെ ഹാരപ്പൻ മേഖലയുടെ വിസ്തൃതമായ കാഴ്ചയിലേക്ക് ഒടുവിൽ ഞങ്ങൾ ചെന്നെത്തി. ഹാരപ്പൻ സൈറ്റിനടുത്ത് എ.എസ്.ഐയുടെ കാലിബംഗനിലെ മ്യൂസിയം. ഉത്ഖനനത്തിന്റെ വിശദമായ വിവരങ്ങളും ചിത്രങ്ങളും അവിടന്ന് ലഭിച്ച പ്രധാനപ്പെട്ട വസ്തുക്കളും തെളിവുകളും സൂക്ഷിച്ചിട്ടുണ്ട്. മ്യൂസിയത്തിന് മുന്നിൽ ഒരു നായ കിടപ്പുണ്ടായിരുന്നു. നാട്ടിലെ വെട്ടുകല്ലെടുക്കുന്ന മടകൾ പോലെ പല രീതിയിൽ എക്‌സ്‌കവേറ്റ് ചെയ്ത രൂപമുള്ള ഖനനം ചെയ്ത ഇടങ്ങളിലൂടെ, അവർ കണ്ടെത്തിയ ചരിത്രാത്ഭുതങ്ങളിലൂടെ കുറെയധികം കണ്ടു, നടന്നു.
കറുത്ത വളയെന്നാണ് കാലിബംഗന്റെ അർത്ഥം, പിലിബംഗനെന്നാൽ മഞ്ഞവളയും. മികച്ച നഗരാസൂത്രണത്തിന്റെയും ജലസേചന സംവിധാനങ്ങളുടേയും പഴയ ഉറവിടം അവിടെ കണ്ടു.
നിറയെ പോട്ടറികളാണ് എങ്ങും. ഹാരപ്പന്റെ അവശിഷ്ടങ്ങളങ്ങനെ പൊട്ടുപൊടികളായി ചിന്നിച്ചിതറി. മൺപാത്രങ്ങളുടെ വക്കുകളായും മറ്റും. എവിടെ കാലുകൊണ്ട് ഉരസ്സി നോക്കിയാലും കാണാം കുറെ മൺനിർമിതികൾ, പാത്രങ്ങളുടെ കഷ്ണങ്ങൾ. കറുത്ത വളയെന്നാണ് കാലിബംഗന്റെ അർത്ഥം, പിലിബംഗനെന്നാൽ മഞ്ഞവളയും. മികച്ച നഗരാസൂത്രണത്തിന്റെയും ജലസേചനസംവിധാനങ്ങളുടേയും പഴയ ഉറവിടം അവിടെ കണ്ടു. വെള്ള ചാലും വീടിനോട് ചേർന്നുള്ള ജലസംഭരണിയും ഓവുകളും എല്ലാമായി നിർമാണവൈഭവത്തിൽ അത്ഭുതപ്പെടുത്തുന്നുണ്ട് ഹാരപ്പനിലെ ലോകം. അയ്യായിരം കൊല്ലത്തിനപ്പുറം എത്ര ആധുനികമായ ചിന്തയും ആസൂത്രണവും ഉണ്ടായിരുന്നു അവർക്കെന്ന് അത്ഭുതപ്പെടും. ആ നിർമിതികൾ കണ്ടാൽ. ഉഴവുപാടങ്ങളുടെ ഘടനയും മരപ്പാത്തി കൊണ്ടുള്ള ഓടകളും കാലിബംഗനിലെ പുരാവസ്തു ഉത്ഖനനത്തിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഏതായാലും നല്ലപോലെ സമയമെടുത്ത് അവിടെയാകെ നടന്നു കണ്ടു, കണ്ടിട്ടും തീരാതെ ഒരുപാട് നേരം അവിടങ്ങനെ നിന്നു.
ഒരു ബൃഹത്തായ പുരാതന ജനസംസ്‌കൃതിയുടെ മുന്നിലാണ് എത്തിപ്പെട്ടത് എന്ന ചിന്ത. എല്ലാ ഇടവും കണ്ട് തീർക്കാനായി ഒരു സൈഡ് പിടിച്ചുപോകുന്ന രീതിയുണ്ട്. ഇല്ലെങ്കിൽ ചില ഇടങ്ങൾ വിട്ടുപോകും. പക്ഷേ ഹാരപ്പനിലേക്ക് എത്തിപ്പെട്ടതിന്റെ ആവേശത്തിൽ തോന്നുംപടി നടന്നാണ് എല്ലാം കണ്ടുതീർത്തത്. അതുകൊണ്ട് ചിലയിടത്ത് പിന്നെയും പോകേണ്ടിവന്നു. പക്ഷേ, മ്യൂസിയത്തിന് മുന്നിൽ കിടന്നിരുന്ന തടിയനായ നായ സൈറ്റിലേക്ക് ഇറങ്ങുന്ന സമയത്ത് കൃത്യമായി മുന്നിൽ വഴികാട്ടിയെ പോലെ ഇടം പിടിച്ചിരുന്നുവെന്നത് പിന്നീടാണ് മനസ്സിലായത്. കൃത്യമായി നായ വഴി കാട്ടി കൂടെ വന്നു. പക്ഷേ അത് മനസ്സിലാകാത്തതിനാൽ ഇതെന്തിന് കൂടെ വരുന്നുവെന്ന ചിന്തയിൽ വഴിമാറി നടക്കുകയാണുണ്ടായത്. ഹാരപ്പൻ ജനത നായകളെ ഇണക്കി വളർത്തിയിരുന്നു. കാളയെ ആരാധിച്ചിരുന്നു. ഇത് എവിടെയോ വായിച്ചിട്ടുണ്ട്. കൃഷിയ്ക്ക് കാളയില്ലാതെ പറ്റില്ലല്ലോ അവനാണ് പണിയെടുക്കുന്ന ദൈവം. കാളയുടെ രൂപത്തിലുള്ള ലോഹഭാഗം അവിടത്തെ ഉത്ഖനനത്തിൽ കണ്ടെത്തിയിട്ടുണ്ട്. പ്രകൃതിയെ ആരാധിച്ചിരുന്ന ജനതയാണ്. മ്യൂസിയത്തിൽ അതിന്റെ വിശദാംശങ്ങളുണ്ട്.
നടന്ന് തിരികെ കേറിവന്നപ്പോൾ നായ അതാ ഒരു റൗണ്ട് പൂർത്തിയാക്കി വിശ്രമിക്കുകയാണ് മുന്നിലെ വഴിയിൽ. മര്യാദയ്ക്ക് വഴി കാണിച്ചുതന്ന എന്നെ ഫോളോ ചെയ്താൽ പോരായിരുന്നോ എന്ന ഭാവം ആ മുഖത്തുണ്ടോ എന്ന് സംശയം തോന്നി. മ്യൂസിയത്തിൽ വിശദമായി എല്ലാം വായിച്ചും കണ്ടും നടന്നു. അല്പനേരം വിശ്രമിച്ചു, ടോയ്‌ലറ്റ് ഉപയോഗിച്ചു. ഫ്രഷ് ആയി, ഏതാണ്ട് ഉച്ചതിരിഞ്ഞു. ട്രെയിനിൽ നാല് മണിക്കൂർ യാത്ര ചെയ്തുവേണം ബിക്കാനീറിലെത്താൻ. മടങ്ങാനായി തീരുമാനിച്ചു. ഹാരപ്പൻ സംസ്‌കൃതിയോട് ബൈ പറഞ്ഞു, കാവൽക്കാരനായ നായയോടും. അവൻ പണ്ടേ കാലിബംഗയുടെ ഭാഗമാണല്ലോ.
ബാഗ് എടുത്ത് കയ്യിൽ വെക്കാൻ തോന്നിയില്ല. ഗ്രാമീണരല്ലേ, അവരെയെല്ലാം സംശയത്തോടെ മോഷ്ടാക്കളായി കാണരുതെന്ന് മനസ്സു പറഞ്ഞു. ഗാഢമായി ഉറങ്ങിപ്പോയി. കുറച്ചുകഴിഞ്ഞു ഉണർന്നു. കിടന്ന കിടപ്പില് ബാഗ് വെച്ചയിടത്ത് നോക്കി. ബാഗില്ല, കാലി.
തിരിച്ചുനടക്കുക ഏളുപ്പമല്ല. സുഖമുള്ള വെയിലുണ്ട്, പക്ഷേ രാവിലത്തെ ആവേശമില്ല. ഉറക്കം ശരിയാകാത്തതും നടപ്പും കാരണം ക്ഷീണമുണ്ട്. ഷെയർ ഓട്ടോ സജീവമായിരിക്കുന്നു. ഒന്നിൽ കേറി നേരെ പീലിബംഗയിലേക്ക്. തിരികെ പോരുന്നത് വേറൊരു വഴിയാണോ എന്ന് സംശയം തോന്നിത്തുടങ്ങി. സംഗ്രഹാലയ എന്നെഴുതിയ കല്ലിൽ കൊത്തിയ ബോർഡ് പക്ഷേ യാത്രയിൽ കണ്ടു. പരിസരം രാവിലെ കണ്ടതുപോലെയല്ല. പിലിബംഗ എത്തിയപ്പോൾ കിളി പോയി. നല്ല തിരക്കുള്ള ഒരു കൊച്ചുപട്ടണം. പുലർച്ചെയിലെ മഞ്ഞുകൊണ്ട് വിജനമായ പുരാതനദേശമെന്ന് തോന്നിപ്പിച്ചതാണ്. മഞ്ഞും തണുപ്പും എന്ത് കൺകെട്ടും നടത്തുമെന്ന് മനസ്സിലായി. സ്റ്റേഷനിൽ ചെന്നപ്പോൾ വന്നിറങ്ങിയ പോലെയല്ല, നല്ല തിരക്ക്. പാളത്തിലിറങ്ങി അപ്പുറം സൈഡിലായി പാളത്തിൽ കുറെപേർ നിൽക്കുന്നുണ്ട്. അപകടസാധ്യത കൂടുതലാണ്. പക്ഷേ ഇപ്പുറം നല്ല തിരക്കുണ്ട്. ക്ഷീണമുള്ളതിനാൽ സീറ്റ് കിട്ടിയാലോന്ന് കരുതി അവിടെക്ക് ചാടി. ഏതോ പാസഞ്ചർ തീവണ്ടി വന്നു. മുടിഞ്ഞ തിരക്ക്. ഒരുവിധേന കേറിപ്പറ്റി.
മുകളിൽ ബാഗ് വെക്കാനിടം കിട്ടി, അതവിടെ വെച്ച് താഴെ നിന്നു തൂങ്ങിനിന്നു. ഇടയ്ക്ക് ഉറങ്ങിപ്പോകുന്നു. രണ്ട് സ്റ്റോപ്പ് കഴിഞ്ഞപ്പോൾ മുകളിൽ ഒരു സ്ഥലം കാലിയായി. അതിൽ കേറി കിടന്നു. ബാഗ് വെച്ച തട്ടിന്റെ അപ്പുറത്താണത്. ചെരുപ്പ് താഴേയ്ക്ക് തള്ളിവെച്ച് ചാടിക്കേറി. മൊബൈലും പേഴ്‌സും കയ്യിലെ ക്യാമറയും ബാഗിൽ വെച്ചു. ഇപ്പുറത്ത് കിടന്ന് സുഖമായി കിടന്നു. കുലുക്കവും ബഹളവുമുണ്ട്, നല്ല ക്ഷീണമുള്ളതിനാൽ മയങ്ങിപോകുന്നു, ഇടയ്ക്ക് ഉണരും ബാഗ് നോക്കും. പിന്നെയും ഉറക്കം. ബാഗ് എടുത്ത് കയ്യിൽ വെക്കാൻ തോന്നിയില്ല. എണീക്കാനൊരു മടി. സാധാരണ ഗ്രാമീണരല്ലേ പല ആവശ്യങ്ങൾക്ക് യാത്ര ചെയ്യുന്ന പാവം മനുഷ്യർ. അവരെയെല്ലാം സംശയത്തോടെ മോഷ്ടാക്കളായി കാണരുതെന്ന് മനസ്സു പറഞ്ഞു. ഇടയ്ക്ക് നോട്ടം മുറിഞ്ഞു. ഗാഢമായി ഉറങ്ങിപ്പോയി. കുറച്ചുകഴിഞ്ഞു ഉണർന്നു. ഇനിയും ദുരമുണ്ട് ബിക്കാനീറിലേക്ക് കൂടെയുള്ള സുഹൃത്ത് പറഞ്ഞു. കിടന്ന കിടപ്പില് ബാഗ് വെച്ചയിടത്ത് നോക്കി. ബാഗില്ല, കാലി.
ചാടിയിറങ്ങി, അവിടെയാകെ നോക്കി, പലരോടും ചോദിച്ചുനോക്കി, ആർക്കും അറിയില്ല. എല്ലായിടവും തിരഞ്ഞു. ബാഗില്ല. ആളുകൾ വിഷമം കണ്ടിട്ടും ശ്രദ്ധിക്കുന്നതേയില്ല. ബിക്കാനീറിലേക്ക് പോകുന്ന ചില വിദ്യാർത്ഥികളുണ്ട്. കുറെ ആൾക്കാർ കഴിഞ്ഞ സ്റ്റേഷനില് ഇറങ്ങിയിരുന്നു. ചിലപ്പോ ആരെങ്കിലും അടിച്ചുമാറ്റിക്കാണും- ഒരു രാജസ്ഥാനി പയ്യൻ പറഞ്ഞു. സ്റ്റേഷനിൽ പോയി നോക്കുകയാവും നല്ലത്. ബാഗ് പോയിരിക്കുന്നു. കയ്യിലിനി ഒന്നുമില്ല, പണവും മൊബൈലോ ക്യാമറയോ ഡ്രസ്സോ ഒന്നും. കാലിബംഗന്റെ സ്മരണയുടെ സുഖത്തിൽ നിന്ന് മനസ്സ് വേറെ അവസ്ഥയിലായി. അടുത്ത സ്റ്റേഷനിൽ ഇറങ്ങി. തിരിച്ച് ബാഗ് പോയെന്ന് കരുതുന്ന സ്റ്റേഷനിലേക്ക് വീണ്ടും വണ്ടി പിടിച്ചു. റെയിൽ സ്റ്റേഷന്റെ പൊലീസ് കൺട്രോൾ റൂമിലെത്തി പരാതി പറഞ്ഞു. അതോടെ കാര്യങ്ങൾക്കൊരു തീരുമാനമുണ്ടായി. പരാതി നല്കിയത് തന്നെ തെറ്റ് എന്ന തരത്തിലായി പൊലീസ് സംസാരം. പരാതി കേൾക്കാൻ പോലും താല്പര്യം കാണിച്ചില്ല അവർ. കേരളത്തിൽ നിന്നെത്തി രാജസ്ഥാനികളെ മോഷ്ടാക്കളായി ചിത്രീകരിക്കുകയാണോ ഉദ്ദേശ്യമെന്ന് ഒരു പൊലീസുകാരൻ മുഖത്തുനോക്കി ചോദിച്ചു ബാഗ് വെക്കുന്നതിൽ നിങ്ങൾ അശ്രദ്ധ കാണിച്ചു, അതാണ് പ്രശ്‌നം. പരാതി വാങ്ങുന്നില്ല. ആര് പറഞ്ഞു നിങ്ങളോട് ബാഗിനുള്ളിൽ മൊബൈലും പേഴ്‌സും വെക്കാൻ, നൂറ് നൂറ് ചോദ്യങ്ങൾ ഇങ്ങോട്ട്. വാദി പ്രതിയായി. സ്വന്തം ബാഗ് കാണാതായതിന് സ്വയം അകത്താകുമോ എന്ന് സംശയമായപ്പോ അവിടന്ന് ഇറങ്ങി. മോഷണവസ്തു തിരികെ കിട്ടുക, പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷിക്കുക എന്നൊരു ആചാരം അവരുടെ മാനിഫെസ്റ്റോയിലില്ല എന്ന് ബോധ്യപ്പെട്ടു.
കാലിബംഗന്റെ ആദ്യ സ്റ്റുഡിയോക്കുള്ള സംഭാവനയായി ക്യാമറ നൽകാൻ പോയതിന്റെ ഓർമയാണിപ്പോഴും ഹാരപ്പന്റെ വഴിപ്പരപ്പുകളിലേക്ക് പുറപ്പെട്ട ആ സഞ്ചാരം.
3000 രൂപയോ മറ്റോ ഉണ്ട്. മൊബൈലും അന്നത്തെ നിലയിൽ സാമാന്യം ഭേദപ്പെട്ടെ വിലയുള്ള ഒരു ഫ്യൂജി ക്യാമറയുമായിരുന്നു ബാഗിൽ. ക്യാമറയിൽ, കുറെ ബിക്കാനീർ ചിത്രങ്ങളും. വില്യം ഡാൽറിംപിളിന്റെ ഒരു പുസ്തകം, നാഷണൽ ജിയോഗ്രാഫിക് മാഗസിന്റെ യാത്രാ ഗൈഡ്, കുറച്ചു ജോഡി വസ്ത്രങ്ങൾ ഇവയെല്ലാമായിരുന്നു ബാഗിലുണ്ടായിരുന്നത്. വിറ്റുകാണും അതെല്ലാം, ബാഗെടുത്തയാൾ. അല്ലെങ്കിൽ ബാഗ് കൈമാറി തട്ടുന്ന ഏതെങ്കിലും സംഘം ആയിരിക്കാം. ആ ക്യാമറ പക്ഷേ എന്തുചെയ്തുകാണുമെന്ന് ആലോചിക്കാനേ പറ്റുന്നില്ല. ഒരുപാട് കാലം അതോർമയിൽ വന്ന് അലട്ടി. ചുളുവിലയ്ക്ക് വിറ്റ് ഒടുവിലാ ക്യാമറ ആരേലും തല്ലിപൊളിച്ചു കളഞ്ഞിരിക്കുമോ. അത് ചിന്തിക്കാനനുവദിച്ചില്ല മനസ്സ്.
ഏറെ വർഷം മുമ്പാണ് ഈ യാത്ര സംഭവിച്ചത്. കാലിബംഗനിലൊരു സ്റ്റുഡിയോ ഉണ്ടാകാനിടയില്ല അക്കാലത്ത്. അത്രമേൽ പഴയ പുരാതന ഗ്രാമപരിസരമാണ്. വളരെ റിമോട്ട് ആയൊരു ലോകം. കട്ടെടുത്ത ക്യാമറ, അത്യാവശ്യം കൊള്ളാവുന്ന പടമൊക്കെ പോസിബിളാണന്ന്. ബാഗ് എടുത്തയാളോ അയാളിൽ നിന്ന് ക്യാമറ മേടിച്ചയാളോ അതുവെച്ച് പരിമിതമായ സൗകര്യങ്ങളിൽ ആ ഗ്രാമത്തിൽ ഒരു സ്റ്റുഡിയോ തുടങ്ങിക്കാണുമായിരിക്കും എന്നങ്ങ് ആലോചിച്ചുറപ്പിച്ചു. അസുഖകരമായ അനുഭവത്തോടെ കാലിബംഗനിലെ ആ അവിസ്മരണീയ യാത്ര അവസാനിപ്പിക്കാൻ ഏതായാലും മനസ്സുവന്നില്ല. കാലിബംഗന്റെ ആദ്യ സ്റ്റുഡിയോക്കുള്ള സംഭാവനയായി ക്യാമറ നൽകാൻ പോയതിന്റെ ഓർമയാണിപ്പോഴും ഹാരപ്പന്റെ വഴിപ്പരപ്പുകളിലേക്ക് പുറപ്പെട്ട ആ സഞ്ചാരം. ഒരു പതിറ്റാണ്ടിനിപ്പുറം ഇപ്പോഴും ആ യാത്രയെ അങ്ങനെ കാണാനാണ് സുഖം, ഇഷ്ടം. ▮