ചിലകലുരിപേട്ട് ടൗൺ

ചിളക്കളൂരിപ്പേട്ടിലെ രതിസാഹസികർ /
പെദ്ദാപുരത്തെ പെണ്ണുങ്ങൾ

ദേവദാസീ പിന്മുറക്കാരുടെ സാമൂഹ്യാവസ്ഥ ഒരുപാടൊന്നും മാറിയിട്ടില്ല. ഇപ്പോഴും ലൈംഗിക തൊഴിൽ ലോകം സജീവം തന്നെയാണ്. പലരും കാമാത്തിപുരയിലേക്കും മറ്റും അവിടങ്ങളിൽ നിന്ന് എത്തുന്നുമുണ്ട്.

‘‘ഇപ്പോൾ നിങ്ങളവിടെ പോകുന്നത് റിസ്‌കാണ്, നാളെ രാവിലെ സഖാക്കളെയാരെയങ്കിലും കൂടെ വിടാം, ഗല്ലിയിലെ എൻ.ജി.ഒകളുമായി ബന്ധമുള്ള ചിലരുണ്ട്. അവരെ വിളിക്കാം. അതുപോരേ''; ചിലക്കളൂരിപ്പേട്ടിലെ സി.പി.എം. പാർട്ടി ഓഫീസിലിരുന്ന് സഖാവ് ഉപേന്ദ്രനാഥ് റാവു ചോദിച്ചു.
വക്കീലാണ്, ആന്ധ്രയിലെ ഇടതുപക്ഷ അഭിഭാഷക അസോസിയേഷൻ നേതാവും. കേരളത്തിലെ സി.പി.എം നേതാക്കളിൽ ചിലരുമായി സൗഹൃദമുണ്ട്, കേരളത്തിൽ വന്നിട്ടുമുണ്ട് സഖാവ് റാവു.
‘‘ഇവിടെ വന്നിട്ട്, പെട്ടുപോകരുതല്ലോ എന്നുകരുതി പറയുകയാണ്, തിരിച്ചുപോയി, രാവിലെ വരൂ, കൂടെ ആളെ വിടാം. ഇപ്പോ പോകുന്നത് ഒട്ടും സുരക്ഷിതമല്ല, ഇവിടത്തെ ഗല്ലികൾ നിങ്ങള് കരുതും പോലെയല്ല. നേരം വൈകി, ഇരുട്ടാവാറായി. പത്രപ്രവർത്തകരായതുകൊണ്ട് കൂടുതൽ പ്രശ്‌നമാണ്. വാർത്ത ചെയ്യാൻ വരുന്നവരെ അവർക്കിഷ്ടമല്ല, നിങ്ങൾക്കവിടെ പരിചയമില്ല, ഭാഷയും പ്രശ്‌നമാകും''; റാവു സഖാവ് നിരുത്സാഹപ്പെടുത്തി.

ചിളക്കളൂരിപ്പേട്ടിലെ ഗല്ലികൾ കുപ്രസിദ്ധമാണ്. ആ ഗ്രൗണ്ട് റിയാലിറ്റി അറിയുന്ന മനുഷ്യന്റെ വാക്കാണ്. അത് മുഖവിലക്കെടുക്കാതിരിക്കാൻ മനസ്സ് അനുവദിച്ചില്ല.

ചിളക്കളൂരിപ്പേട്ടിലെ ലോറിത്തെരുവുകൾക്കരികിലെ പാർട്ടി ഓഫീസിൽ നരച്ച കൊടികൾക്കും പൊടി പിടിച്ച ചോപ്പ് കസേരകൾക്കുമിടെ ഒരു പിടിയുമില്ലാതെ ഇരുന്നു. ഒപ്പമുള്ള സുഹൃത്ത് റാവു സഖാവിന്റെ മറുപടിയിൽ പക്ഷേ തൃപ്തനായില്ല.
‘‘ഇതൊന്നും മൈൻഡ് ചെയ്യണ്ട, ഗല്ലിയിൽ പോകാം, ആദ്യം ഇവിടന്ന് ഇറങ്ങാം''; സുഹൃത്ത് ലൈൻ വ്യക്തമാക്കി.
‘‘എങ്ങനെയെങ്കിലും ഒന്നോ രണ്ടോ അഭിമുഖം എടുക്കണം, ഗല്ലിയിൽ റിസ്‌ക് ആയാലും നോക്കാം, സെക്‌സിനുള്ള ഇടപാടുകാർ എന്നുപറഞ്ഞ് അവിടെ താമസിച്ചാലും പ്രശ്‌നമില്ല, പൈസ കൊടുക്കാം, മുറിയിലെത്തുന്ന സ്ത്രീയോട് കാര്യം പറയാമല്ലോ. അവരുടെ ജീവിതാവസ്ഥ കേൾക്കാം, അത് സ്റ്റോറിയാക്കി എഴുതാം''; സുഹൃത്ത് ഞങ്ങളോട് റാവു കേൾക്കാതെ വാദിച്ചു.

പാർട്ടി ഓഫീസിലേക്ക് ചായയും ഉള്ളിവടയും ഏർപ്പാടാക്കി സഖാവ്. നല്ല രുചി. എന്തുചെയ്യണം എന്നറിയാതെ ഇരിക്കുകയാണ്. സഖാവ് പറയുന്നതിൽ യാഥാർത്ഥ്യബോധമുണ്ട്. ചിളക്കളൂരിപ്പേട്ടിലെ ഗല്ലികൾ കുപ്രസിദ്ധമാണ്. ആ ഗ്രൗണ്ട് റിയാലിറ്റി അറിയുന്ന മനുഷ്യന്റെ വാക്കാണ്. അത് മുഖവിലക്കെടുക്കാതിരിക്കാൻ മനസ്സ് അനുവദിച്ചില്ല.
‘‘ക്യാമറയും പേനയും പേപ്പറും മൊബൈലും ബാഗും പേഴ്‌സുമായി ആ തെരുവിലേക്കുചെന്നാൽ, ഒന്നുകിൽ ആരെങ്കിലും കൂട്ടിക്കൊണ്ടുപോയി ഏതെങ്കിലും ലൈംഗിക തൊഴിലാളിയുടെ മുറിയിലാക്കും, നല്ല പൈസ മേടിക്കും കമീഷനായി. വാർത്തയുടെ ആവശ്യത്തിനാണെന്ന് തോന്നിയാൽ അതുമാത്രം മതി തല്ലുകിട്ടാൻ. ഇതൊന്നുമല്ലെങ്കിൽ ക്യാമറയും പേഴ്‌സും ആരെങ്കിലും അടിച്ചോണ്ടുപോകാനും സാധ്യതയുണ്ട്''; റാവു സഖാവ് മുന്നറിയിപ്പ് തന്നു.

ആകെ കൺഫ്യൂഷനായി. തിരിച്ചുപോയാൽ വീണ്ടും വരിക എളുപ്പമല്ല, നല്ല ദൂരമുണ്ട് താമസസ്ഥലമായ രാജമുന്ദ്രിയിലേക്ക്. എത്തിയ ഇടത്ത് നിൽക്കാമെന്നുവെച്ചാൽ ലോഡ്ജുകളില്ല, ആകെ ട്രക്ക് ഡ്രൈവർമാർക്കായി പണിത കോമൺ ടോയ്‌ലറ്റുകളുള്ള ചെറിയ കുടുസ്സുമുറികളോ ടെറസ്സ് ഡോർമെറ്ററികളോ ആണുള്ളത്. ആശയക്കുഴപ്പം കൂടി. റാവു സഖാവിന് കാര്യം മനസ്സിലായി; ‘‘നിങ്ങൾ ഒരു കാര്യം ചെയ്യ്, പോകുന്നില്ലെങ്കിൽ, ഇവിടെ പാർട്ടി ഓഫീസിൽ രാത്രി കഴിയാം, രാവിലെ ഒരു സഖാവിനെ വിട്ടുതരാം, ഭക്ഷണത്തിന്റെ കാര്യത്തിൽ ടെൻഷൻ വേണ്ട, അറേഞ്ച് ചെയ്യാം, പക്ഷേ സൗകര്യങ്ങളൊക്കെ കുറവാണിവിടെ''; ആ കമ്യൂണിസ്റ്റുകാരൻ പറഞ്ഞു.

ആന്ധ്രയുടെ സാംസ്‌കാരിക ഭൂമികയായ രാജമുന്ദ്രി. കലയും ചരിത്രവും ഉറങ്ങുന്ന മണ്ണ്. ദേവദാസി സമ്പ്രദായത്തിന്റേതും കൂടിയാണ് കിഴക്കൻ ഗോദാവരിയുടെ തീരങ്ങൾ. പല തെരുവുകളും ലൈംഗിക തൊഴിലാളികളുടെ വലിയ ലോകമായിരുന്നു, അവിടെ പോയ കാലത്ത്.

നാട്ടിലേക്ക് ട്രെയിൻ ബുക്ക് ചെയ്തിട്ടുണ്ട് പിറ്റേന്ന് രാത്രി. തിരിച്ചുപോകണം. മടങ്ങുകയേ നിവൃത്തിയുള്ളൂ. തീരുമാനമെടുത്തു. സഖാവിന്റെ വാക്ക് മുഖവിലക്കെടുത്തു. കൃത്യം പ്ലാനുമായി വീണ്ടും വരാമെന്ന ചിന്തയിൽ, റാവുവിന്റെ നമ്പറും മേടിച്ച് ലാൽസലാം പറഞ്ഞ് പുറത്തിറങ്ങി. ഒപ്പമുള്ള സുഹൃത്തിന് തീരുമാനം ഒട്ടും ബോധിച്ചില്ല. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന്റെ അഭിപ്രായം പരിഗണിച്ച് സമ്മതിച്ചുവെന്ന് മാത്രം. അങ്ങനെ, പാർട്ടി ഓഫീസ് വിട്ട് പുറത്തിറങ്ങി, ബസ് സ്റ്റോപ്പിലേക്ക് തിരിച്ചുനടന്നു.

ചിളക്കളൂരിപ്പേട്ടിലും പെദ്ദാപുരത്തുമുള്ള ചില ഗല്ലികൾക്ക് സമീപം ചെന്നിറങ്ങേണ്ട താമസം, കാഴ്ച വേറൊന്നായി മാറും. ഓട്ടോക്കാരും മറ്റും കൊണ്ടുപോകാൻ റെഡിയായി വന്നുപൊതിയും, മിക്കവരും ഏജന്റുമാരാണ്. പിമ്പുകളുടെ വിഹാരരംഗം. പലരും വന്ന് ഓരോന്ന് ചോദിച്ചുകൊണ്ടിരിക്കും, എവിടെ പോകണം, എന്താണ് ആവശ്യം എന്നെല്ലാം. സെക്‌സിനുള്ള ക്ഷണം അന്തരീക്ഷത്തിൽ നിറയും. കമീഷൻ വ്യവസ്ഥയിലാണ് കാര്യങ്ങൾ. പൈസ കൊടുത്താൽ എന്തും നടക്കും. അക്കാലത്ത് അതൊരു പതിവു കാഴ്ചയായിരുന്നു. അങ്ങനെ ചെന്നു ചാടുന്നതിനുമുമ്പായി സാഹചര്യമൊന്ന് അന്വേഷിച്ചു കളയാമെന്ന തോന്നലുണ്ടായപ്പോഴാണ് ചിളക്കളൂരിപ്പേട്ടിലെ ഗല്ലിയ്ക്ക് സമീപം കണ്ട പാർട്ടി ഓഫീസിൽ കേറിച്ചെന്നത്. അന്വേഷണത്തിന് കിട്ടിയ മറുപടിയാണ് മുകളിൽ പറഞ്ഞത്. സ്വന്തം പത്രത്തിന് ഫീച്ചർ സ്റ്റോറി ചെയ്യേണ്ടത് സുഹൃത്തിനാണ്. ബസ്സിറങ്ങി നേരെ ഗല്ലിയിലേക്ക് പോകാനായിരുന്നു പ്ലാൻ. പാർട്ടി ഓഫീസിൽ കേറി വിവരം അന്വേഷിക്കാമെന്നത് പിന്നീട് തോന്നിയ ആലോചനയും. ഏതായാലും പ്ലാൻ തകിടം മറിഞ്ഞതിനാൽ കുറച്ച് നേരം ബസ് കാത്തു ചിലക്കളൂരിപേട്ടിൽ നിന്നു, ഏതോ വണ്ടിയിൽ കേറി തിരിച്ചുമടങ്ങി.

ചിലകലുരിപേട്ടിലെ വേണുഗോണ്ട നഗരം

കിഴക്കൻ ഗോദാവരിയുടെ തീരത്തെ രതിയനുഷ്ഠാന ലോകത്തിന്റെ വൈചിത്ര്യജീവിതം എഴുതാനായിരുന്നു യാത്ര. ആന്ധ്രയുടെ സാംസ്‌കാരിക ഭൂമികയായ രാജമുന്ദ്രിയിലേക്ക് ആദ്യമെത്തി. മുറിയെടുത്തു. രണ്ടുദിവസം അവിടെ കറങ്ങി. കലയും ചരിത്രവും ഉറങ്ങുന്ന മണ്ണ്. കലയുടെ ലോകത്ത് എത്രയോ പ്രതിഭകളെ സൃഷ്ടിച്ച നാട്. പക്ഷേ ദേവദാസി സമ്പ്രദായത്തിന്റേതും കൂടിയാണ് കിഴക്കൻ ഗോദാവരിയുടെ തീരങ്ങൾ. പെദ്ദാപുരം, ചിളക്കളൂരിപ്പേട്ട്, കാക്കിനാട തുടങ്ങിയ ഇടങ്ങളിലെ പല തെരുവുകളും ലൈംഗിക തൊഴിലാളികളുടെ വലിയ ലോകമായിരുന്നു, അവിടെ പോയ കാലത്ത്. അവ്യവസ്ഥമായ ലൈംഗികവൃത്തിയുടെ ഊരുകൾ. ലോറിത്തെരുവുകളാണ് പശ്ചാത്തലം. അസംഘടിത ലൈംഗിക തൊഴിലിന്റെ, രാജ്യത്തെ ഏറ്റവും വലിയ പ്രദേശങ്ങളിലൊന്ന്. മുംബൈയിലെ കാമാത്തിപുരയോ കൊൽക്കത്തയിലെ സോനാഗാച്ചിയോ പോലെ സംഘടിത സ്വഭാവമോ ട്രേഡ് യൂണിയൻ ഏകോപനമോ അന്ന് ആന്ധ്രയുടെ ഈ മേഖലകളിൽ ഇല്ലായിരുന്നു. ആരോഗ്യപ്രവർത്തകരുടെ ഇടപെടലും പൊതുവെ കുറവായിരുന്നു അക്കാലത്ത്. വിശ്വാസവും ആചാരവും ഇണചേർന്ന രൂപത്തിലായിരുന്നു ഡെക്കാൻ മണ്ണിലെ ലൈംഗിക തൊഴിലിന്റെ ലോകം.

പെദ്ദാപുരയിലെ പല വീടുകളും ലൈംഗികതൊഴിൽ കേന്ദ്രങ്ങളായിരുന്നു. ദേവദാസീ സമ്പ്രദായം നിരോധിച്ചെങ്കിലും ചര്യയായി പല വീടുകളും അത് തുടർന്നു. ചില ജാതി വിഭാഗങ്ങൾ അഭിമാനത്തോടെ പാരമ്പര്യ ഭോഗാനുഷ്ഠാനത്തെ നിലനിർത്തി.

അറിവില്ലായ്മയും ദുരാചാരങ്ങളും മൂലം ലൈംഗികരോഗത്തിന്റെ അതിവ്യാപനകേന്ദ്രമായി ഇവിടം മാറി. എയ്ഡ്‌സ് വ്യാപനത്തിൽ, ഇന്ത്യയിലെ കുപ്രസിദ്ധമായ ഇടമായി. കാമാത്തിപുര പോലെ തെരുവുകളുടെ തുടർച്ചയുള്ള ഒരൊറ്റ മേഖലക്കുപകരം പലയിടത്ത് പല ഗല്ലികളാണ്. അടുത്തടുത്ത വീടുകളിലോ, കൂട്ടമായി (ബ്രോത്തൽ) ജീവിക്കുന്നവരോ ഒറ്റപ്പെട്ട വീടുകളിൽ ലൈംഗിക തൊഴിലുമായി ഉപജീവനം നടത്തുന്നവരോ അങ്ങനെ, പലവിധത്തിലായിരുന്നു കിഴക്കൻ ഗോദാവരിയുടെ ലോകം. ദേവദാസി സമ്പ്രദായത്തിന്റെ പാരമ്പര്യം പേറുന്നവരുടെ പിന്മുറക്കാരാണ് മിക്കവരും. പെദ്ദാപുരയിലെ പല വീടുകളും ലൈംഗികതൊഴിൽ കേന്ദ്രങ്ങളായിരുന്നു. ദേവദാസീ സമ്പ്രദായം നിരോധിച്ചെങ്കിലും നിയമപരമായി മാത്രം അത് ഇല്ലാതായി. ചര്യയായി പല വീടുകളും അത് തുടർന്നു. ചില ജാതി വിഭാഗങ്ങൾ അഭിമാനത്തോടെ പാരമ്പര്യ ഭോഗാനുഷ്ഠാനത്തെ നിലനിർത്തി. ആചാരമായി അവർ നൃത്തവും സംഗീതവും കലർത്തി, കലയുടെ മേമ്പൊടിയോടെ വരുമാനത്തിനായി ലൈംഗികവൃത്തി തുടർന്നു. ലൈംഗികാനുഭവത്തെ ആചാരസംരക്ഷണമായി അവരെല്ലാം കണ്ടു. തൊട്ടുകൂടാത്തവരെന്ന് മേൽജാതിക്കാർ കരുതുന്ന ചില വിഭാഗം സ്ത്രീകളുടെ ശരീരത്തിൽ, യാദൃശ്ചികമായി തട്ടിയാൽ മറ്റ് സാഹചര്യത്തിൽ, കുളിക്കുന്നവർ, അതേയിടത്ത് അയിത്തമില്ലാത്ത വേഴ്ചയ്‌ക്കെത്തി.

പെദ്ദാപുരയിലെ പല വീടുകളും ലൈംഗികതൊഴിൽ കേന്ദ്രങ്ങളായിരുന്നു. ദേവദാസീ സമ്പ്രദായം നിരോധിച്ചെങ്കിലും നിയമപരമായി മാത്രം അത് ഇല്ലാതായി. | ഫോട്ടോ: പെദ്ദാപുരത്തെ ഒരു പഴയ വീട് / Wikimedia Commons

സെക്‌സിനായി വീടുകളിൽ എത്തുന്നവരെ, അതിഥിയായി സ്വീകരിക്കുന്ന സമ്പ്രദായവും (ഒറ്റ രാത്രിക്കല്യാണം) ലൈംഗിക തൊഴിലിന് പുറത്തുപോകുന്ന രീതിയും തുടർന്നു. വീട്ടുകാരുടേയും മക്കളുടേയുമെല്ലാം അറിവോടെ അതിഥിയാക്കി സ്വീകരിച്ച്, സൗകര്യങ്ങളൊരുക്കി, വരനെ സ്വീകരിക്കുന്ന കണക്കെ, ലൈംഗികാവശ്യത്തിനുള്ള സൗകര്യം ഇടപാടുകാരന് ചെയ്തുകൊടുത്ത് ആചാരമാക്കി കൊണ്ടുനടന്നു. ദേവദാസി ഭവനങ്ങളിലെ മുഖ്യവരുമാനം ലൈംഗിക തൊഴിലായി. വീട്ടിലെ കുട്ടികൾക്കും പലരും വീടുകളിലെത്തുന്നത് എന്തിനെന്നറിയാമെന്ന അവസ്ഥ. വിചിത്ര ചടങ്ങുകൾ പല ജാതിവിഭാഗങ്ങളും ഉപാസിച്ചു തലമുറകളോളം. ഇത് പിന്നീടുള്ള തലമുറയും തുടർന്നു, ചിലർ ആകർഷിക്കപ്പെട്ടു, നല്ലൊരു ശതമാനം സ്ത്രീകളും അകപ്പെട്ടു. ഗോദാവരിയുടെ തീരത്തെ ദേവദാസി ഗ്രാമങ്ങൾ തലമുറകളോളം നിലനിന്നത് ഇങ്ങനെയാണ്. വിശ്വാസം പ്രധാനമായിരുന്നതിനാൽ സാമൂഹ്യമായി അവഗണിക്കപ്പെട്ടില്ല ഒരുകാലത്ത്. പക്ഷേ പിന്നീട് രോഗാതുരമായ ദുരിതകാലം അവരെ വിഴുങ്ങി. ചൂഷണവും രോഗവും പടർന്നു.

നൂറ്റാണ്ടുകളുടെ പഴക്കമുള്ള അനുഷ്ഠാനമായതിനാൽ ജന്മിവീടുകളിലെ ചടങ്ങുകളിൽ ദേവദാസികൾക്ക് സ്ഥാനമുണ്ടായിരുന്നു. പല കുടുംബങ്ങളും തലമുറകളായി ഈ രീതി തുടർന്നു. ദൈവപ്രീതിക്ക് നൃത്തം ചെയ്യുന്നവരും ഗായികമാരുമാണ് ദേവദാസികളെന്നാണ് വിശ്വാസം. കലയുടെ അനുഗ്രഹമുള്ളവർ. യെല്ലമ്മയുടെ/മരിദമ്മയുടെ ദേവീസങ്കല്പത്തിലെ ദൈവമക്കൾ. വിശ്വാസ പരിവേഷവും പരിഗണനയും അക്കാലത്ത് ദേവദാസികൾക്ക് കിട്ടി. അതിനാൽ, കാത്തിരിക്കുന്ന ദുരന്തം മനസ്സിലായില്ല. കാലാന്തരത്തിൽ ആചാര സമ്പ്രദായം ഇല്ലാതായി. ദേവദാസികളെ വിശ്വാസഭാവത്തോടെ കണ്ട രതിയനുഷ്ഠാനകാലം കഴിഞ്ഞു. ലൈംഗിക തൊഴിലാളികൾ മാത്രമായി സമൂഹം കണ്ടു, അകറ്റി നിർത്താനും തുടങ്ങി. അടുത്ത തലമുറ പിന്നെയും സമാന സാഹചര്യങ്ങളിലേക്ക്തന്നെ എത്തിപ്പെട്ടു. അവർ ഇത്തരം രീതികളിലേക്ക് എത്തിപ്പെടാൻ വീട്ടുകാരുടെ വിശ്വാസവും കുട്ടിക്കാല അനുഭവങ്ങളും കാരണമായി. മക്കളുടെ തലമുറയും കലാവന്തുലുവായി തുടരണമെന്ന് ആഗ്രഹിച്ച മാതാപിതാക്കൾ ധാരാളമായിരുന്നു. പക്ഷേ, സാമൂഹ്യാവഗണനയുടെ കാലത്ത്, കലയുടെ പരിവേഷം നഷ്ടമായി. ദാരിദ്ര്യവും രോഗവും വന്ന് മരിച്ചവരുടെ പട്ടികയിലേക്ക് പതിയെ ദേവദാസിപ്പേരുകൾ ഒടുങ്ങി. ആചാരം വഴിമാറിയ കാലത്ത് പക്ഷേ ദാരിദ്ര്യം ലോറിത്തെരുവിലേക്ക് പെൺകുട്ടികളെയെത്തിച്ചു. ലോറിത്താവളങ്ങളിലെ ചായ്പ്പുകളിലും സമീപ ലോഡ്ജുകളിലും ലോറിയിലും അവർ പണത്തിനായി ശയിച്ചു.

ചെന്നൈ-വിജയവാഡ-കൊൽക്കത്ത ദേശീയപാതയുടെ ഓരത്തെ ലോറിത്തെരുകൾ എയ്ഡ്‌സ് ബാധിത ലോകമെന്ന് പേരെടുത്ത കാലമായിരുന്നു അത്. രോഗികളുടെ എണ്ണം കൂടിയത് വാർത്തകളായി, ഞെട്ടിപ്പിക്കുന്ന പഠനങ്ങൾ പുറത്തുവന്നു.

ലോറിത്തെരുവിലെ ടോയ്‌ലറ്റുകൾ പോലും കുപ്രസിദ്ധമാണ്. രാത്രിയിലെ ചിളക്കളൂരിപ്പേട്ട് വേറൊരു ലോകമായി. ചില പഠനങ്ങളിലും മാധ്യമ റിപ്പോർട്ടുകളിലും ലോറിത്തെരുവിലെ ടോയ്‌ലറ്റുകളെക്കുറിച്ചും രാത്രി ജീവിതത്തെക്കുറിച്ചും പറയുന്നുണ്ട്. അപരിചിതർക്ക് ഈ മേഖലയിൽ രാത്രി തങ്ങുക പ്രയാസമായിരുന്നു. വൈകുന്നേരം ഒരു ലോറിയിൽ കയറി, ശേഷം അടുത്തതിലേക്കെത്തി, അങ്ങനെ എട്ടും പത്തും ലോറികളിൽ കേറി, പുലർച്ചെ വീടെത്തി മിക്ക ലൈംഗിക തൊഴിലാളികളും. അതിജീവനത്തിനുള്ള ആ പാച്ചിലിൽ മഹാമാരിയും കൂടെക്കൂടി. സുരക്ഷിത വേഴ്ചയെന്നാൽ എന്തെന്നുപോലും അറിയില്ലായിരുന്നു മിക്കവർക്കും. ദാരിദ്ര്യവും രോഗവുമായി നശിച്ച് സ്വയം ഇല്ലാതായി. ചെന്നൈ-വിജയവാഡ-കൊൽക്കത്ത ദേശീയപാതയുടെ ഓരത്തെ ലോറിത്തെരുകൾ എയ്ഡ്‌സ് ബാധിത ലോകമെന്ന് പേരെടുത്ത കാലമായിരുന്നു അത്. രോഗികളുടെ എണ്ണം കൂടിയത് വാർത്തകളായി, ഞെട്ടിപ്പിക്കുന്ന പഠനങ്ങൾ പുറത്തുവന്നു. സർക്കാർ ഇടപെട്ടു, സന്നദ്ധ സംഘടനകളെത്തി, ആരോഗ്യപ്രവർത്തകരും. അവരുടെ കഠിനപ്രയത്‌നംമൂലം സ്ഥിതി വളരെ മെച്ചപ്പെട്ടു. പക്ഷേ ഈ തൊഴിലിന് ഇറങ്ങിയാൽ മറ്റൊരു ജോലിയിലേക്ക് രക്ഷപ്പെടുക എന്നത് അസാധ്യമെന്ന തോന്നലിൽ മിക്കവരും ഇതുതന്നെ തുടരാൻ പ്രേരിപ്പിക്കപ്പെട്ടു. പഴയ ദേവദാസി തെരുവുകൾ മിക്കതും ലൈംഗിക തൊഴിലിന്റെ കേന്ദ്രങ്ങൾ മാത്രമായി തുടർന്നു. പിന്നാക്കാവസ്ഥ കൂടിക്കൂടി വന്നു.

രാജമന്ദ്രി ടൗൺ വളരെ വലുതാണ്. വലിയ റെയിൽവേ സ്റ്റേഷനും മറ്റുമൊക്കെയാണ്. പെദ്ദാപുരം പഴയൊരു സ്ഥലമാണ്, ധാരാളം ഗല്ലികളുണ്ട്. ദേവദാസികൾ നൃത്തം ചെയ്തിരുന്ന കൽമണ്ഡപങ്ങൾ പലയിടത്തുമുണ്ട്. ക്ഷേത്ര നടപ്പുരകളാണ് മിക്കതും. കല്ലമ്പലങ്ങളാണവ. കരിങ്കല്ലിലും വെട്ടുകല്ലിലും തീർത്തവ. പെദ്ദാപുരയിൽ ശിവരാത്രിക്ക് ദേവദാസികൾ നൃത്തം അവതരിപ്പിച്ചിരുന്ന ക്ഷേത്രമുണ്ട്. മതിൽക്കെട്ടിനരികെ കല്ലിന്റെ കറുപ്പിൽ നൃത്തമണ്ഡപം. സ്ത്രീകളും ലൈംഗിക ന്യൂനപക്ഷങ്ങളുമെല്ലാം ധാരാളമായി എത്തുന്ന ഇടമാണത്. ശിവക്ഷേത്രം. പ്രാചീനഭാവവും രൂപവും. കറുത്ത കല്ലും അരളിയും ആര്യവേപ്പും കുങ്കുമവും മറ്റ് പലതരം വൃക്ഷങ്ങളും, കരിങ്കൽപാളികളുടെ മേൽ വലിയ തണുപ്പ് തോന്നി ഉള്ളിലേക്ക് നടന്നു കേറിയപ്പോൾ. കുന്നിൻമുകളിൽ, നൂറോളം പടിക്കെട്ടുകൾ പിന്നിട്ട് ഒരു പ്രാചീന ക്ഷേത്രവും കണ്ടു പെദ്ദാപുരത്ത്. പാണ്ഡവമല എന്നാണ് പേര്. പഞ്ചപാണ്ഡവർ അജ്ഞാതവാസക്കാലത്ത് താമസിച്ചിരുന്നതായി സങ്കൽപം. പാണ്ഡവർ പുഴയിലേക്ക് കുളിക്കാനിറങ്ങിയ വഴിയെന്ന് വിശ്വസിക്കപ്പെടുന്ന ഗുഹാപഥവും ഭീമന്റെ കാൽപ്പാട് പതിഞ്ഞതായി കരുതുന്ന കരിങ്കൽപാളിയുമുണ്ട്. കരിങ്കൽപാളിയിൽ പാദരൂപം പൂജിക്കുന്നു. ധാരാളം വിശ്വാസികൾ ക്ഷേത്രത്തിലേക്ക് എത്തുന്നു.

രാജമന്ദ്രി റെയിൽവേ സ്റ്റേഷൻ

കുന്നിൻ മുകളിലെ നടപ്പാതയിൽ കല്ല് പതിച്ചിരിക്കുന്നു, തെലുങ്കുലിപികൾ കണ്ടു. പെൺകുട്ടികളെ ദേവദാസികളാക്കുന്ന ചടങ്ങ് തലമുറകളായി നടന്നിരുന്ന ഇടമാണെന്നും കല്ലിൽ എഴുതിവെച്ചത് അവരുടെ പേരുകളാണെന്നും പൂജാരി പറഞ്ഞു. നിലത്ത് പാകിയ ഇഷ്ടികയിലും കല്ലിലും പേരുകൾ ചളിയിൽ പൂണ്ട് കിടക്കുന്നു. കുന്നിന്മുകളിലെ അമ്പലത്തിൽ കൊത്തിവെച്ച കൽപാളികൾക്കും കീഴടക്കലുകളുടെ ചരിത്രം മാത്രമാണ് പറയാനുള്ളത്. ദേവദാസികൾ സ്വയം ചാട്ടവാറിനടിച്ച് പാപമോചനത്തിനായി പ്രാർത്ഥിക്കുന്ന ചടങ്ങിനെക്കുറിച്ച് ബി.ബി.സിക്കുവേണ്ടി ഡോക്യുമെന്ററി ചെയ്യാനെത്തി, പിന്നീട് പുസ്തകമെഴുതിയ കാതറിൻ റുബിൻ കെർമഗങ് പറഞ്ഞിട്ടുണ്ട്. പെദ്ദാപുരയുടെ പരിസരങ്ങളിലെവിടെയോ ആണത്. ദൈവം, വിശ്വാസം, രോഗം, ലൈംഗികത-ഈ പശ്ചാത്തലത്തിൽ ദേവദാസികളെക്കുറിച്ച് ബി.ബി.സിയുടെ ഡോക്യുമെന്ററിയും പ്രസിദ്ധമാണ്.

ആഷാഢ മാസത്തിലെ അമാവാസിയ്ക്ക് വലിയ നൃത്തസംഗീതോത്സവം പെദ്ദാപുരത്തെ മരിദമ്മ കോവിലിൽ അരങ്ങേറിയിരുന്നു. ദേവദാസികളുടെ ഏറ്റവും വലിയ കൂടിച്ചേരലുകളിലൊന്ന് അതാണ്. മരിദമ്മയുടെ മക്കളെന്ന വിശ്വാസം, കർണാടകയിലെ യെല്ലമ്മ കൾട്ട് പോലെ തന്നെയാണ് ഇവിടേയും. യെല്ലമ്മയുടെ പുനർജന്മം എന്ന് സ്വയം വിശ്വസിക്കുന്ന ദേവദാസികളെ തൊഴിലിന്റെ അപകടത്തിൽ നിലനിർത്തിയത് വിശ്വാസവും ആചാരവുമാണ്, ദാരിദ്ര്യവും. പെദ്ദാപുരത്തെ ക്ഷേത്രങ്ങളും രാജമുന്ദ്രിയും കറങ്ങാനായി തെലുങ്ക് വശമുള്ള ഒരു മലയാളി സുഹൃത്തിനെ കൂടെക്കൂട്ടി. ഗ്ലാസ്‌നോസ്റ്റ് ആചാര്യൻ ഗോർബച്ചേവിന്റെ ചിത്രം പതിച്ച, ആ പേരിലുള്ള വോഡ്ക (വേറെ എവിടെയും പിന്നീട് ആ വോഡ്ക കണ്ടിട്ടില്ല) മിശ്രിതപ്പെടുത്തി കുടിവെള്ളം പോലെ കൂടെ കരുതി. ദേവദാസികൾ കൂടുതൽ വന്നിരുന്ന ക്ഷേത്രങ്ങളിലേക്ക് അദ്ദേഹം കൂട്ടിക്കൊണ്ടുപോയി, കഥകളും സംഭവങ്ങളും പറഞ്ഞുതന്നു. മധ്യവയസ്‌കനായ അദ്ദേഹത്തെ പക്ഷേ, രതിഗല്ലിയിലേക്ക് കൂടെ കൂട്ടാൻ ആകുമായിരുന്നില്ല.

പെദ്ദാപുരയിലേയും ചിലക്കളൂരിപ്പേട്ടിലേയും ദേവദാസി തെരുവിലിനരികിലേക്ക് സ്വയം തിരക്കി പോയി. പെദ്ദാപുരയിൽ ഇറങ്ങി അല്പനേരം അലക്ഷ്യമായി നിന്നാൽ പിമ്പുകളും ഏജന്റുമാരും അരികിൽ എത്തുമെന്നത് മിക്ക തെരുവുകളുടേയും സ്ഥിതിയായിരുന്നു. സർക്കാർ നിരോധനം വന്നപ്പോൾ ബ്രോത്തലുകൾ ചിലത് മാത്രം ഇല്ലാതായി. പൊലീസ് നടപടി കാരണം ചിലത് അടച്ചുപൂട്ടി. പക്ഷേ ലൈംഗിക തൊഴിൽ തുടർന്നു. അതിന് പ്രേരിപ്പിക്കുന്ന സാമൂഹ്യ സാഹചര്യത്തിന് കുറവില്ലല്ലോ. ഇല്ലായ്മയും അരക്ഷിതാവസ്ഥയുമായി മിക്ക സ്ത്രീകളും അത് തുടർന്നു, അവരെ പെടുത്തിക്കളയുന്ന റാക്കറ്റുകളും നിലനിന്നു. പുഴുക്കളെ പോലെ സൂക്കേട് വന്ന് മരിക്കുകയും ചെയ്തു, മിക്കവരും.

സംവിധായകൻ അരവിന്ദൻ കാഞ്ചനസീതയെ തേടിപ്പോയ ദേശമാണ് രാജമുന്ദ്രി. ഈ മേഖലയിലായിരുന്നു കാഞ്ചനസീതയുടെ ഷൂട്ടിങ്. പഴയ കാലഘട്ടം ഷൂട്ട് ചെയ്യാനാകും വിധമുള്ള രൂപം ദേശത്തിനുണ്ടെന്നത് വർഷങ്ങൾക്ക് ശേഷം അവിടെ ചെന്നപ്പോൾ പോലും തോന്നി.

രാജ്യത്തെ ലോറിത്തെരുവുകളുടെ ലോകം ലൈംഗിക തൊഴിലിന്റെ കാര്യത്തിൽ വലിയ മാറ്റമൊന്നുമില്ലാതെ തന്നെയാണിപ്പോഴും നിലനിൽക്കുന്നത്. ചിളക്കളൂരിപ്പേട്ടിലും മറ്റും ആരോഗ്യപ്രവർത്തകർ ഇപ്പോൾ ധാരാളം പ്രവർത്തിക്കുന്നുണ്ട്. സ്തീകളുടേയും കുട്ടികളുടേയും പുനരധിവാസവും സക്രിയമായി നടക്കുന്നു. പക്ഷേ ദേവദാസീ പിന്മുറക്കാരുടെ സാമൂഹ്യാവസ്ഥ ഒരുപാടൊന്നും മാറിയിട്ടില്ല. ഇപ്പോഴും ലൈംഗിക തൊഴിൽ ലോകം സജീവം തന്നെയാണ്. പലരും കാമാത്തിപുരയിലേക്കും മറ്റും അവിടങ്ങളിൽ നിന്ന് എത്തുന്നുമുണ്ട്. എങ്കിലും ബോധവത്ക്കരണവും അനുബന്ധ പ്രവർത്തനങ്ങളും സജീവമാണ്. സന്നദ്ധ പ്രവർത്തകരുടെ അധ്വാനം ഫലം കണ്ടു, എയ്ഡ്‌സ് വ്യാപനം കാര്യമായി കുറഞ്ഞിട്ടുണ്ട്, പെദ്ദാപുരത്ത് ഉൾപ്പെടെ. ദേവദാസികളെക്കുറിച്ച് ധാരാളം എഴുതപ്പെട്ടിട്ടുണ്ട്. പരമ്പരയും യാത്രാക്കുറിപ്പും പുസ്തകങ്ങളും ഒരുപാടുണ്ട്. യെല്ലമ്മമാരെക്കുറിച്ച് വില്യം ഡാൽറിംപിളടക്കം പുസ്തകം എഴുതി. ഏത് വായിച്ചാലും കിഴക്കൻ ഗോദാവരിയിലെ പെണ്ണുങ്ങളുടെ ദുരിതലോക ചിത്രമുണ്ടാകും.

സംവിധായകൻ അരവിന്ദൻ കാഞ്ചനസീതയെ തേടിപ്പോയ ദേശമാണ് രാജമുന്ദ്രി. ഈ മേഖലയിലായിരുന്നു കാഞ്ചനസീതയുടെ ഷൂട്ടിങ്. പഴയ കാലഘട്ടം ഷൂട്ട് ചെയ്യാനാകും വിധമുള്ള രൂപം ദേശത്തിനുണ്ടെന്നത് വർഷങ്ങൾക്ക് ശേഷം അവിടെ ചെന്നപ്പോൾ പോലും തോന്നി. പ്രത്യേകിച്ചൊരു കാലത്തേയും അടയാളപ്പെടുത്താത്ത ദേശങ്ങളെ പോലെ പല പ്രദേശങ്ങളേയും തോന്നി. വഴികൾക്കരികിൽ വരിനീണ്ട കരിമ്പനകൾക്കുതാഴെ താൽക്കാലിക കുടിലിനുമുന്നിൽ കള്ള് വിൽക്കാൻ വെച്ച സ്ത്രീകളേയും പുരുഷൻമാരേയും കണ്ടു. ഓരോരുത്തരും സ്വയം ചെത്തി അവിടെ തന്നെ വിറ്റു തീർക്കുന്നു. ഉൾപ്രദേശങ്ങൾ തനി ഗ്രാമ്യം. ഉള്ളിലേക്ക് പോകുംതോറും പാലക്കാടൻ ഗ്രാമങ്ങളെ ഓർമിപ്പിക്കുന്ന ജ്യോഗ്രഫി. കരിമ്പനകൾ, കനാലുകൾ, കൃഷിയിടങ്ങൾ, വീടുകൾ, തൊഴുത്ത്, മിക്കയിടത്തും കൃഷിയും പച്ചക്കറിയും പച്ചപ്പും, വൃത്തിയുള്ള പ്രദേശങ്ങളാണ്. കൃഷ്ണാനദിയിലെ വെള്ളം കനാൽ വഴിയാണ് കൃഷിയ്ക്ക് ഇവിടങ്ങളിൽ ലഭിക്കുന്നത്. ഗ്രാമപ്രദേശത്ത്, ഇപ്പോഴുണ്ടായ വലിയൊരു രൂപമാറ്റം ഒരുപക്ഷേ മൊബൈൽ ടവറുകളുടെ വരവായിരിക്കാം.

ചിലകലുരിപേട്ടിലെ രഥംറോഡ്

ഏതായാലും അന്ന്, സഖാവ് ഉപേന്ദ്രനാഥ് റാവുവിന്റെ വാക്കിന് വഴങ്ങി ചിളക്കളൂരിപ്പെട്ട് ആക്ഷൻ പ്ലാനിൽ പരാജയപ്പെട്ട് നീളൻ ബസ് യാത്രയും നടത്തി രാജമുന്ദ്രിയിലെ മുറിയിലേക്ക്, രാത്രിയേറെ വൈകിയാണെങ്കിലും എത്തി. പിറ്റേന്ന് മടങ്ങുംമുമ്പ് രാജമുന്ദ്രിയിലെ ജയിൽ പരിസരത്തും പോയി. ഗാന്ധിജി ജയിൽവാസം അനുഷ്ഠിച്ചയിടമാണ്. എത്രയോ ധീരരായ മനുഷ്യർ ദേശീയ പോരാട്ടത്തിന്റെ ഭാഗമായി തടവനുഭവിച്ച സ്ഥലം. ചരിത്രസ്മാരകമായി തലയുയർത്തി രാജമുന്ദ്രിയിലെ ജയിൽ. ജയിലിന് സമീപത്ത് ഒരു മരച്ചുവട്ടിൽ വണ്ടി നിർത്തി, പുറത്തുനിന്ന് കണ്ടു, ചില ഫോട്ടോകളെടുത്തു. അല്പനേരം അവിടെ കറങ്ങി. സമീപത്തെ ചില ഗല്ലികളിലേക്ക് നടന്നു. നല്ല വൃത്തിയുള്ള തെരുവ്. ചെറിയ വീടുകളാണ്. മെയിൻ റോഡിൽ നിന്ന് ഗല്ലിയിലേക്ക് ചെല്ലുന്നിടത്ത് മുന്നിൽ, സ്ട്രീറ്റിന്റെ പേരുവെച്ച ബോർഡ്. എ.കെ. ഗോപാൽ നഗർ. ആരാണീ ഗോപാൽ. സഖാവ് എ.കെ.ജി.ക്ക് രാജമുന്ദ്രിയുമായി ബന്ധമുണ്ടെന്ന് വായിച്ചിട്ടുണ്ട്. അദ്ദേഹം രാജമുന്ദ്രി ജയിലിൽ കിടന്നിട്ടുമുണ്ട്. പക്ഷേ എ.കെ.ഗോപാൽ ആന്ധ്രയിൽ വേറെയും കണ്ടേക്കാനിടയുണ്ട്.

അതാലോചിച്ച് നിൽക്കുമ്പോൾ പ്രായമായ ഒരാൾ സൈക്കിളിൽ വരുന്നു. മെലിഞ്ഞു ക്ഷീണിച്ച, ഷർട്ടിടാത്ത, പൂണൂലിട്ട ഒരു വൃദ്ധൻ. അദ്ദേഹത്തെ കൈകാണിച്ചു. ബോർഡിലെ എ.കെ. ഗോപാൽ ആരാണെന്ന് ചോദിച്ചു. അറിയില്ലെന്ന് മറുപടി, പഴയ ഏതോ നേതാവാണ്, അതുമാത്രം കക്ഷിയ്ക്ക് അറിയാം. സൈക്കിൾ ചവുട്ടി അദ്ദേഹം കടന്നുപോയി. എ.കെ.ജി. ആയിരിക്കുമോ എന്ന സംശയം കൂടി. കമ്യൂണിസ്റ്റും ആന്ധ്രക്കാരനുമായ ഒരു എ.കെ.ഗോപാലിനും അവിടെ സാധ്യത ഇല്ലാതില്ല. ഒരുകാലത്ത് വലിയ കമ്യൂണിസ്റ്റ് മുന്നേറ്റങ്ങളുണ്ടായ നാടാണ്. ഗോപാൽ നഗറിന്റെ ചരിത്രം തേടി ഒടുവിൽ സി.പി.എം. മുൻസിപ്പൽ കമ്മിറ്റി ഓഫീസിലേക്ക് കേറിച്ചെന്നു. രാജമുന്ദ്രിയിൽ സി.പി.എമ്മിനും സി.പി.ഐക്കും ചെറിയ ഓഫീസുകളാണ്. എം.എൽ വിഭാഗങ്ങൾക്ക് വലിയ ഓഫീസും. സി.പി.എമ്മിനേക്കാൾ സി.പിഐക്കായിരിക്കും വലിയ പാർട്ടി ഓഫീസുകൾ. കേരളം കഴിഞ്ഞാൽ ഡൽഹിയും ബംഗാളും ഒഴികെ മിക്കയിടത്തും അങ്ങനെ തന്നെയാണ്. യു.പിയിൽ സി.പി.എമ്മിന്റേത് ഇടിഞ്ഞുവീഴാറായ ഒരു ഓഫീസാണ്. കണ്ണായ സ്ഥലമാണെങ്കിലും വൈകാതെ ഒഴിപ്പിക്കപ്പെട്ടേക്കാം എന്ന് ഒരിക്കൽ അവിടത്തെ സഖാവ് പറഞ്ഞതോർമയുണ്ട്.

ഒളിവു ജീവിതത്തിനിടെ കേരളത്തിൽ വെച്ച് അറസ്റ്റിലായ എ.കെ.ജിയെ വെല്ലൂർ ജയിലിലേക്ക് കൊണ്ടുപോയെങ്കിലും അവിടന്ന് നേരത്തെ ജയിൽ ചാടിയിട്ടുള്ളതിനാൽ രാജമുന്ദ്രിയിലേക്ക് മാറ്റുകയാണുണ്ടായത്

രാജമുന്ദ്രിയിലെ പാർട്ടി ഓഫീസിൽ കെ.എസ്. മൂർത്തിയെ കണ്ടു. പഴയ സഖാവാണ്. ജയിലിനരികിലെ ഗോപാൽ നഗർ സ്ട്രീറ്റ് സാക്ഷാൽ എ.കെ.ഗോപാലന്റെ സ്മരണ തന്നെയാണ് - അദ്ദേഹം ആവേശത്തോടെ ശരിവെച്ചു. എ.കെ.ജി.യോടുള്ള സ്നേഹം കൊണ്ട് തെരുവിനിട്ട പേരാണ്. പഴയ കമ്യൂണിസ്റ്റുകാലവും ഇ.എം.എസ്. അടക്കമുള്ള നേതാക്കളെക്കുറിച്ചും സഖാവ് മൂർത്തി വാചാലനായി. ജയിൽവാസം മാത്രമല്ല, ഈ മേഖലയിൽ എ.കെ.ജി സജീവമായി പ്രവർത്തിച്ചിരുന്നു. പഴയ കമ്യൂണിസ്റ്റ് ആന്ധ്രയ്ക്ക് അദ്ദേഹം അത്രമേൽ പരിചിതനായിരുന്നു. ധാരാളം പൊതുയോഗങ്ങളിൽ അദ്ദേഹം പ്രസംഗിച്ചിട്ടുണ്ട് - മൂർത്തി പറഞ്ഞു. ഒളിവു ജീവിതത്തിനിടെ കേരളത്തിൽ വെച്ച് അറസ്റ്റിലായ എ.കെ.ജിയെ വെല്ലൂർ ജയിലിലേക്ക് കൊണ്ടുപോയെങ്കിലും അവിടന്ന് നേരത്തെ ജയിൽ ചാടിയിട്ടുള്ളതിനാൽ രാജമുന്ദ്രിയിലേക്ക് മാറ്റുകയാണുണ്ടായത്, രാജമുന്ദ്രിയിൽ എ.കെ.ജി. നിരാഹാരവും അനുഷ്ഠിച്ചു. മൂർത്തി സഖാവിന്റെ വക ചായയും കുടിച്ച്, ഇറങ്ങി.

രാജമുന്ദ്രി യാത്ര, കാലമേറെ മുമ്പ് നടത്തിയതാണ്. പഴയൊരു യാത്രാക്കഥ. സഖാവ് റാവുവും മൂർത്തിയും സ്‌നേഹവും സഹായവുമായി പാർട്ടി ഓഫീസിൽ കർമനിരതരാണോ, ഇപ്പോഴും എന്നറിയില്ല. മൂർത്തിയ്ക്ക് അന്ന് അത്യാവശ്യം പ്രായമുണ്ട്. റാവു കുറച്ചുകൂടെ ചെറുപ്പമായിരുന്നു. രാജമുന്ദ്രിയിലെ പാർട്ടി ഓഫീസ് പുതുക്കി പണിതുവോ, നേതൃത്വത്തിൽ തലമുറമാറ്റം വന്നുവോ എന്നൊന്നും അറിയില്ല. ഗോപാൽ നഗറിലെ താമസക്കാരുടെ പുതിയ തലമുറയ്ക്ക്, കമ്യൂണിസ്റ്റുകാരന്റെ പേരാണ് തങ്ങളുടെ സ്ട്രീറ്റിനെന്ന് ഏതായാലും അറിയാനിടയില്ല. അവരുടെ എ.കെ.ഗോപാൽ, ആരാണെന്നോ എന്തായിരുന്നു എന്നോ. ചിലക്കളൂരിപ്പേട്ടിലും പെദ്ദാപുരത്തും പിന്നീട് പോകണമെന്ന് തോന്നിയിട്ടില്ല, രതിഗല്ലികളിലെ കുട്ടികൾക്ക് ഇപ്പോൾ പഠിപ്പും ഭേദപ്പെട്ട സാഹചര്യവും വന്നിരിക്കാമെങ്കിലും അത് വേറൊരു ലോകമാണ്. അവിടത്തെ സാമൂഹ്യമാറ്റത്തിന് ഇനിയും സമയമെടുത്തേക്കാം. പക്ഷേ രാജമുന്ദ്രി ജയിലിനരികിലെ തെരുവ് ഇപ്പോഴും എ.കെ.ഗോപാൽ നഗറായി നിലനിൽക്കുന്നുണ്ടാകുമോ എന്നറിയാൻ കൗതുകമുണ്ട്. ചരിത്രം സൃഷ്ടിച്ച ഒരു മനുഷ്യന്റെ പേര് മായ്ച്ചുകളഞ്ഞിരിക്കുമോ കാലം? ▮


വി. എസ്. സനോജ്

മാധ്യമപ്രവർത്തകൻ, ചലച്ചിത്ര​ പ്രവർത്തകൻ. സനോജ്​ സംവിധാനം​ ചെയ്​ത ‘ബേണിങ്​’ എന്ന ഹിന്ദി ചിത്രം ഗോവ ഉൾപ്പെടെ നിരവധി രാജ്യാന്തര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്​.

Comments