ഖജിയാറിലെ കാഴ്ചകൾ / ഫോ​​ട്ടോകൾ: വി.എസ്​. സനോജ്​

ഖജിയാറിന്റെ പ്രേമത്താരയിൽ, മൂന്ന് അരസികർ

ഭീം ആർമി നേതാവ് പുറത്ത് വരുമ്പോഴേക്കും വിചാരണയോ പരോളോ ജാമ്യമോ ഇല്ലാത്ത ഒന്നരവർഷം കടന്നുപോയിരുന്നു. അറുപതുകളിൽ ദലൈ ലാമ രാഷ്ട്രീയാഭയം തേടിയ ധരംശാലയ്ക്ക് ഒട്ടും ദൂരത്തല്ലാതെ ഡൽഹൗസിയുടെ മലമ്പ്രദേശത്ത് ആസാദ് ഒളിവിൽ കഴിഞ്ഞു, പിന്നീട് പിടിക്കപ്പെട്ടു. രണ്ടുതരം രാഷ്ട്രീയാഭയങ്ങൾ, രണ്ടിടങ്ങളും തമ്മിൽ രണ്ടര മണിക്കൂറിന്റെ യാത്രാ അകലം മാത്രം.

രാത്രി സ്റ്റാന്റിൽ തിരക്കി നടന്ന് ഒടുവിൽ ബസ് കണ്ടുപിടിച്ചു, ഡൽഹിയിൽ നിന്ന് പത്തരയോടെ കേറിയിരിപ്പായി. വണ്ടി പതിയെ നീങ്ങി, ഹൈവേയിലൂടെ പാഞ്ഞുതുടങ്ങി. നഗരം വിടുകയാണ്. ഏറെ ദൂരം പോയപ്പോൾ ഇടയ്ക്കൊന്ന് നിർത്തി, വഴിയോരത്തെ ധാബ.സ്ഥിരമായി നിർത്തുന്ന സ്ഥലമാണ്. ഭക്ഷണത്തിന് ബസുകാർക്ക് പതിവിടങ്ങളുണ്ട്, അവർക്ക് ഡിസ്​കൗണ്ട് കാണും, ആൾക്കാരെ എത്തിച്ചു കൊടുക്കുകയാണല്ലോ. മാത്രമല്ല ദീർഘദൂരയാത്രയും.രാത്രി പതിനൊന്ന് കഴിഞ്ഞു. അരമണിക്കൂറിനകം ഭക്ഷണം കഴിച്ച് എല്ലാവരും കേറി. പിന്നെയങ്ങോട്ട് വേഗം കൂടി, നല്ല സ്പീഡ്. ഉറക്കത്തിനുള്ള ശ്രമമായി, ഇനിയുള്ള രണ്ടോ മൂന്നോ ദിനരാത്രങ്ങൾ ഞങ്ങൾ മൂന്ന് അരസികൻമാർക്ക് കാഴ്ച്ചകളുടേതാണ്. ടൂറിസ്റ്റ് സെമിസ്ലീപ്പറിലെ ഉറക്കം പക്ഷേ അത്ര ഗാഢമൊന്നുമായില്ല, കുലുങ്ങിയും ഉലഞ്ഞും അതിവേഗത്തിൽ ബസ് നീങ്ങി, ഇടയ്ക്ക് തിരക്കിട്ട് ബ്രേക്കിട്ടു. എപ്പോഴോ നല്ല ഉറക്കത്തിലായി, കണ്ണ് തുറന്നപ്പോൾ പുലർച്ചെ, അത് പതിവില്ല. ബസ്, വളവുകളും ഉയരങ്ങളും കേറിക്കൊണ്ടിരുന്നു, ഉലച്ചിലുകൾക്കിടെ പുറത്തേക്ക് നോക്കിയിരുന്നു. നേരം വെളുത്തുവരുന്നു, നല്ല മഞ്ഞുണ്ട്, ഹിമാചൽ കാഴ്ച്ചകളുടെ ലോകം തുടങ്ങുകയാണ്. മലമുകളിലേക്കുള്ള പോക്കാണ്. കുറച്ചുദൂരം കൂടിപ്പോയ ശേഷം ഒരിടത്ത് ബസ് നിർത്തി. പഠാൻകോട്ട് എന്ന് ബോർഡ്. സൈനിക ക്യാമ്പുകളുടെ മേഖലയാണ്. പഠാൻകോട്ട് ഭീകരാക്രമണം കഴിഞ്ഞ് അധിക നാളായിരുന്നില്ല.

നാലുമാസത്തോളം മഞ്ഞുമൂടി കിടക്കും, ആറുമാസത്തോളം കൊടുംതണുപ്പും. സീസണിൽ ബാക്കിസമയം മഞ്ഞുവീഴ്ചയില്ല, പക്ഷേ മഞ്ഞും മഴയുമാണ് ഭൂരിഭാഗം സമയവും. തണുപ്പിന്റെ ആശ്ലേഷം ഒട്ടും വിട്ടുപോകാത്ത ആരണ്യകങ്ങളുടേയും വഴികളുടേയും പേരാകുന്നു ഖജിയാർ

സൈനികതാവളത്തിന്റെ ഏരിയ നീണ്ടുകിടപ്പുണ്ട്.വിജനമായ വനപ്രദേശം പോലെ ബാക്കിഭാഗവും. മലയോരത്തെ ചെറിയ പാതകളിൽ നിന്ന് പുലർച്ചെത്തണുപ്പിൽ കൂനിക്കൂടി ചിലർ വരുന്നത് കണ്ടു, പണിക്ക് പോകുന്നവരാകും. കുറച്ചു ദൂരം കൂടി പോയി, ശേഷം ബസ് ഒരു സ്റ്റാന്റ് പോലൊരു സ്ഥലത്ത് നിർത്തി. ടോയ്‌ലറ്റുകളും ചായക്കടകളുമുണ്ട്. ആവശ്യക്കാർക്ക് അതെല്ലാം വേണേൽ സാധിക്കാനുള്ള സമയം കിട്ടി. അരമണിക്കൂറോളം അവിടെനിന്നു. സമീപമെല്ലാം പൊട്ടിപ്പൊളിഞ്ഞ പോലെ. കൂടെയുള്ള സുഹൃത്ത് ടോയ്‌ലറ്റിൽ പോയി. കടയുടെ അരികെ അല്പം മാറി, ഒരു ചായയ്ക്ക് പറഞ്ഞ് കാത്തുനിന്നു. സമീപത്തെ വെളിമ്പറമ്പിൽ പഴയൊരു ജീപ്പ് തുരുമ്പിച്ചു കിടപ്പുണ്ട്. ഏറെക്കാലമായി ശരശയ്യയാണതെന്ന് രൂപം കണ്ടിട്ട് തോന്നി. രണ്ട് പഴയ ബസ്സുകളും അതുപോലെ മൃതപ്രായമായി കിടപ്പുണ്ട്. ജീപ്പിന്റെ അകത്തുകൂടെ പച്ച പടർപ്പുകൾ വന്നു വണ്ടിയെ മൂടാനുള്ള ശ്രമമാണ്. തുരുമ്പുനിറത്തിനൊപ്പം പൊട്ടിമുളച്ച്, പച്ചയിഴ പോലെ ഇലകളും വേരും. അതെല്ലാം കണ്ട് ചായ കുടിച്ചു. ശേഷം ബസിൽ. മലമുകളിലൂടെ യാത്ര. അരികുകളുടെ കാഴ്ച്ചകൾ സങ്കോചമുണ്ടാക്കി. ഒരുവശം അഗാധമായ താഴ്ച്ചയും മറുവശം പാറയുടെ കൂർത്ത അരികുകളും. ഡ്രൈവർ നിസ്സാരമായാണ് വണ്ടി ഓടിക്കുന്നത്. കുറെ ദൂരം പോയി മറ്റൊരിടത്ത് നിന്നു. ബസ് ഓഫ് ചെയ്തു. ഇറങ്ങണം, ഇനി ലോക്കൽ ബസ്സിൽ പോകണം. ബാഗെടുത്തിറങ്ങി, ബസ്സിൽ കേറിപ്പറ്റി. അധികം ദൂരമില്ല, ഡൽഹൗസിയിലേക്ക്.

നേതാജി സുഭാഷ് ചന്ദ്രബോസ് വന്നുതാമസിച്ച ഹോട്ടലാണെന്ന് അവിടെ എഴുതിവെച്ചിട്ടുണ്ട്. അത് സാക്ഷ്യപ്പെടുത്താനുള്ള ഫോട്ടോകളുമുണ്ട് റിസപ്ഷനിൽ.

വേനലിന്റെ കാഠിന്യത്തിൽ ഉത്തരേന്ത്യ ഉരുകുമ്പോൾ ബ്രിട്ടീഷ് ഉദ്യോഗസ്ഥരും ഭരണാധിപന്മാരും ആളെക്കൂട്ടി പെട്ടിയും കുട്ടയുമെടുപ്പിച്ച് കാടും മലയും കേറിപ്പോയി തിന്നും കുടിച്ചും അർമാദിച്ചിരുന്ന ആരണ്യകങ്ങൾ നിറഞ്ഞ കുന്നിന്റെ പേരാണത്. ഉത്തരേന്ത്യ ചൂടുപിടിക്കുന്ന നേരം ഹിമാചൽ ഹിൽസ്റ്റേഷനുകൾക്ക് തണുപ്പും കുളിരും സൗന്ദര്യവും കൂടും. കാലാന്തരത്തിൽ ബ്രിട്ടീഷുകാർ പോയെങ്കിലും പകരം മറ്റ് സഞ്ചാരികൾ പല ദിക്കുകളിൽ നിന്നെത്തി. ഹിമാചലിന്റെ മലമ്പാതകളും പുൽമേടും ദേവദാരു വൃക്ഷങ്ങൾക്കിടയിലെ താൽക്കാലിക താവളങ്ങളും തേടി.ഷിംലയും കുളുവും മണാലിയും പാർവ്വതി വാലിയും കസോളിയും ചിത്കുലും സാംഗ്ലയുമെല്ലാം അങ്ങനെ ഒരുങ്ങിനിന്നു ടൂറിസ്റ്റുകൾക്കായി. ഹിമാചലിലെ മനുഷ്യരുടെ മുഖ്യവരുമാനം ടൂറിസമായി മാറി. കുളുവും മണാലിയും ബോറടിച്ച സഞ്ചാരികൾ കൂടുതൽ ഇടതൂർന്ന കാടുകൾ തേടി നടന്നു. അവരുടെ ഇഷ്ടദേശങ്ങളെ അവർ തന്നെ മാറ്റിപ്പണിതു. അങ്ങനെ ഡൽഹൗസി പിന്നെയും വലിയ ശ്രദ്ധാകേന്ദ്രമായി മാറി, ഒപ്പം ഖജിയാർ എന്ന, നിഗൂഢഭംഗി തുളുമ്പിത്തൂവിപ്പോയ ഭാവമുള്ള വനപ്രദേശവും. കൊളോണിയൽ കാലത്തെ അവധിക്കാല വസതികളുടെ ഇടമായിരുന്ന ഡൽഹൗസിയ്ക്ക് ഇപ്പോഴും യൂറോപ്യൻ സ്വഭാവമുണ്ട് രൂപത്തിൽ. പൈൻ മരങ്ങളും പുൽമേടുകളും കൊളോണിയൽ രൂപമുള്ള ബംഗ്ലാവുകളും തണുപ്പുമായി വിശ്രമാഢംബരങ്ങളുടെ അലസലോകമാണ് ഡൽഹൗസിയും ഖജിയാറും.

ഖജിയാറിലെ പ്രശസ്തമായ പുൽമേട് / Photo: Wikimedia Commons

ലോക്കൽ ബസ് പിടിച്ച് നേരെ ഡൽഹൗസിയെത്തി. വണ്ടിയിറങ്ങി നടന്നു. റൂമെടുക്കണം. ചില ഹോട്ടലുകൾക്ക് തൃപ്തി പോരെന്ന് തോന്നി. കുറച്ചുകൂടി നല്ല കാഴ്​ചരസം കിട്ടുന്ന മുറി വേണം, അതിനുള്ള ഹോട്ടലും തേടി നടന്നു. കയറ്റം കഠിനം, കേറിയുള്ള നടപ്പും ബാഗും. ഭാഗ്യത്തിന് ആ നടപ്പിലൊരു ഹോട്ടൽ കണ്ടെത്തി. വുഡൻ കോട്ടേജുകളുണ്ട്. അവിടെ നിന്ന് മാർക്കറ്റിലേക്കും കത്തീഡ്രലിലേക്കും അധികം ദൂരമില്ല. ഒരു വലിയ മുറിയെടുത്തു. നേതാജി സുഭാഷ് ചന്ദ്രബോസ് വന്നുതാമസിച്ച ഹോട്ടലാണെന്ന് അവിടെ എഴുതിവെച്ചിട്ടുണ്ട്. അത് സാക്ഷ്യപ്പെടുത്താനുള്ള ഫോട്ടോകളുമുണ്ട് റിസപ്ഷനിൽ. നേതാജി താമസിച്ച മുറി മ്യൂസിയം പോലെ സൂക്ഷിച്ചിരിക്കുന്നത് കാണിച്ചുതന്നു. ആ മുറി മാത്രം ആർക്കും നൽകാറില്ല- ഹോട്ടൽ മാനേജർ പറഞ്ഞു.ഒരു വുഡൻ കോട്ടേജ് കിട്ടി. കോടയും മഴച്ചാറലും തണുപ്പും. ചായയും ഭക്ഷണവും ഓർഡർ കൊടുത്താൽ അരമണിക്കൂറിനകം കിട്ടും. കുളിമുറിയിൽ ഹീറ്റർ വേണമെന്നത് മാത്രമായിരുന്നു പ്രധാന ആവശ്യം. ഓൾഡ് മോങ്ക് റം കരുതിയതിനാൽ നേരംപോക്കുണ്ട്. മുറിയിൽ നിന്ന് ഡൽഹൗസിയിലെ ടിബറ്റൻ മാർക്കറ്റിലേക്ക് നടക്കാനുള്ള ദൂരം. മാർക്കറ്റിന് തൊട്ടുമുമ്പ് മദ്യം കിട്ടുന്ന കടകളും ചില ഹോട്ടലുകളും കണ്ടു. റോഡരികിലെ വിൽപ്പനകളാണ് കൂടുതലും. കത്തീഡ്രലിലേക്ക് സഞ്ചാരികൾ ധാരാളമെത്തുന്നുണ്ട്. ഏറെ പഴക്കമുള്ള കരിങ്കൽപാളി കൊണ്ടുള്ള പള്ളി.

ചർച്ചുകൾ ഡൽഹൗസിയിലെ പ്രധാന കാഴ്ച്ചയാണ്. പുരാതന പള്ളികളും ബംഗ്ലാവുകളും കാടും തണുപ്പും ഡൽഹൗസിയെ സഞ്ചാരികൾക്ക് പ്രിയമുള്ളതാക്കുന്നു.

അവിടെ നിന്ന് ബസുകളുണ്ട് ധരംശാലയ്ക്കും മറ്റും. ഖജിയാർ, ചംബാ, ഖംഗ്രാ എന്നിങ്ങനെ ബോർഡ് വെച്ച ലോക്കൽ ബസ്സുകളും ഇടയ്ക്കുണ്ട്. ഡൽഹൗസിയിൽ നിന്ന് ഖജിയാറിലേക്ക് 22 കിലോമീറ്ററോ മറ്റോ ആണ് ദൂരം. അപ്പർ ബസാർ, സുഭാഷ് ചൗക്, സെൻറ്​ ഫ്രാൻസിസ് ചർച്ച്, സെൻറ്​ ജോൺസ് ചർച്ച്, ടിബറ്റൻ മാർക്കറ്റ്, ചില ട്രക്കിങ് പോയിന്റുകൾ തുടങ്ങിയവയാണ് വിനോദസഞ്ചാരികൾക്കുള്ള പ്രധാന കൗതുകങ്ങൾ. പക്ഷേ അതിലും രസമുണ്ട് വെളിമ്പ്രദേശങ്ങൾ കണ്ടുള്ള, പ്രത്യേകിച്ചൊരു പ്ലാനുമില്ലാത്ത, പൈൻമരക്കാടുകൾക്കിടയിലെ നടപ്പിന്. ടിബറ്റുകാർ തന്നെ നടത്തുന്ന കഫേകളും കടകളുമാണ് മാർക്കറ്റിലേത്. തനത് ശൈലിയിലുള്ള ഭക്ഷണം കിട്ടും. ഒറിജിനൽ ടിബറ്റൻ ഫുഡ് മേടിച്ചുകഴിക്കാം. ചൈനീസ് വസ്തുക്കളുടെ വലിയ ശേഖരമുണ്ട് ടിബറ്റൻ മാർക്കറ്റ് നിറയെ. കനം കുറഞ്ഞ ഇരുമ്പു തകിട് കൊണ്ടുള്ള ഒരു കുട്ടിസൈക്കിളും നീണ്ട കാലുള്ള കളർ കുടയും മറ്റ് ചില കൗതുകവസ്തുക്കളും മേടിച്ചു. മാർക്കറ്റിൽ നല്ല തിരക്കാണ്. ഇരുട്ടായി. ചർച്ചുകൾ ഡൽഹൗസിയിലെ പ്രധാന കാഴ്​ചയാണ്. പുരാതന പള്ളികളും ബംഗ്ലാവുകളും കാടും തണുപ്പും ഡൽഹൗസിയെ സഞ്ചാരികൾക്ക് പ്രിയമുള്ളതാക്കുന്നു. ഒരു ദിന കറക്കത്തിനുശേഷം രാവിലെ ഡൽഹൗസി വിടും. നേരെ ഖജിയാർ, അവിടന്ന് ഉച്ചതിരിഞ്ഞ് ധരംശാലയ്ക്ക്. ടാക്സി ഹോട്ടലുകാർ ശരിയാക്കിത്തന്നു. അങ്ങനെ ഖജിയാറെത്തി. ഇന്ത്യയുടെ മിനി സ്വിസ്.

കൊളോണിയൽ കാലത്തെ അവധിക്കാല വസതികളുടെ ഇടമായിരുന്ന ഡൽഹൗസിയ്ക്ക് ഇപ്പോഴും യൂറോപ്യൻ സ്വഭാവമുണ്ട് രൂപത്തിൽ. പൈൻ മരങ്ങളും പുൽമേടുകളും കൊളോണിയൽ രൂപമുള്ള ബംഗ്ലാവുകളും, തണുപ്പുമായി വിശ്രമാഢംബരങ്ങളുടെ അലസലോകമാണ് ഡൽഹൗസിയും ഖജിയാറും.

നാലുമാസത്തോളം മഞ്ഞുമൂടി കിടക്കും, ആറുമാസത്തോളം കൊടുംതണുപ്പും. സീസണിൽ ബാക്കിസമയം മഞ്ഞുവീഴ്ച്ചയില്ല, പക്ഷേ മഞ്ഞും മഴയുമാണ് ഭൂരിഭാഗം സമയവും. തണുപ്പിന്റെ ആശ്ലേഷം ഒട്ടും വിട്ടുപോകാത്ത ആരണ്യകങ്ങളുടേയും വഴികളുടേയും പേരാകുന്നു ഖജിയാർ. വിചിത്ര വസ്തുക്കൾ വിൽക്കുന്നവരുടെ, വാക്കും വചനവുമുള്ള, ചോളം ചുടുന്ന പെണ്ണുങ്ങളുള്ള, ചംബാ വാലിയെക്കുറിച്ചുള്ള പാട്ടു പാടുന്ന ഗായകരുള്ള, പുൽമേടുകളും ദേവദാരുവൃക്ഷവും നിറഞ്ഞ വനസ്ഥലി.വൻമരങ്ങളും മഞ്ഞും മഴയും താഴ് വരയും കൃഷിയിടങ്ങളും, മരം കൊണ്ടുള്ള കൊച്ചുവീടുകളും എല്ലാമുണ്ട്. സെൻറ്​ ജോൺസ് പള്ളിയുടെ ഭാഗത്തെ റോഡിലൂടെ, ബക്രോട്ട ഫോറസ്റ്റ് വഴിയാണ് സഞ്ചാരം. പലയിടത്തും വ്യൂ പോയിന്റുകളുണ്ട്. മിനി സ്വിസ് എന്ന് പേരുവീണതുതന്നെ സ്വിറ്റ്സർലന്റിനോട് സാമ്യപ്പെടുത്താവുന്ന പ്രകൃതിസൗന്ദര്യം ഒന്നുകൊണ്ടുമാത്രം. സമുദ്രനിരപ്പിൽ നിന്ന് 6500 അടി ഉയരത്തിലാണ് ഖജിയാർ. ഡൽഹൗസിയേക്കാൾ നൂറ്റമ്പത് അടിയോളം മുകളിൽ. ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ അവധിക്കാല കേന്ദ്രങ്ങൾ ചിലത് സ്മാരകമായി നിലനിൽക്കുന്നു. പുരാതന ബംഗ്ലാവുകൾ, നൂറ്റാണ്ടുകൾ പഴക്കമുള്ള പള്ളികൾ ഒക്കെയായി. ആൾതാമസം കുറവുള്ള മേഖലയാണ് പൊതുവേ. അതിന്റെ സൗന്ദര്യം ഖജിയാറിനുണ്ട്. ടൂറിസം കൊണ്ട് വനത്തിന് കാര്യമായി ഉടവുതട്ടാത്ത പോലെ തോന്നി. ടൂറിസം സർക്യൂട്ടിന്റെ ഭാഗമായ പലയിടവും ട്രക്കിങ് പോയിന്റുകളാണ്.

ഖജിയാറിലെ മലഞ്ചെരിവുകളും കാടും ദേവദാരുക്കൾ പൂത്ത വഴിത്താരകളും ബൈക്കുകളിലും കാറിലുമെത്തുന്ന പ്രണയിനികളുടെ ഇഷ്ടദേശമാണ്. കുളു- മണാലി മടുത്ത പ്രണയിതാക്കൾ കണ്ടെടുത്ത പുതിയ പ്രദേശം.

പന്ത്രണ്ടാം നൂറ്റാണ്ടിൽ പണിത കരുതുന്ന നാഗ പ്രതിഷ്ഠയുള്ള ഖജിനാഥ ക്ഷേത്രം ഇവിടെയുണ്ട്. കാലാടോപ് വന്യജീവി സങ്കേതത്തിന്റെ ഭാഗമാണ് പ്രദേശം. ദൈൻകുണ്ട് പീക്കും പൊലാനിദേവി ക്ഷേത്രവും മലയും ട്രക്കിങ് വഴികളുമുണ്ട്. യുവതീ- യുവാക്കൾ ട്രക്കിങിന് എത്തുന്ന ഇടമായിരിക്കുന്നു. ഖജിയാറിലെ മലഞ്ചെരിവുകളും കാടും ദേവദാരുക്കൾ പൂത്ത വഴിത്താരകളും ബൈക്കുകളിലും കാറിലുമെത്തുന്ന പ്രണയിനികളുടെ ഇഷ്ടദേശമാണ്. കുളു- മണാലി മടുത്ത പ്രണയിതാക്കൾ കണ്ടെടുത്ത പുതിയ പ്രദേശം. യുവതീ യുവാക്കൾ ബൈക്കിലും മറ്റും ആർത്തുല്ലസിച്ചു പോകുന്നത് കണ്ടു. സുഹൃത്തുക്കളും കമിതാക്കളുമായി പലയിടത്തും അവരുണ്ട്. കോടമഞ്ഞിനെ സ്വയം ചേർത്തുപിടിക്കുന്നു പലരും. മഞ്ഞിൽ ഒരു ശരീരം കണക്കെയായി ചിലർ രമിക്കുന്നു. പരസ്പരം ചുണ്ടുകളും ശരീരവും ഉരസി, സ്വയം തീ പിടിപ്പിച്ച് യാത്രയെ വന്യമായ ആഹ്ലാദവുമാക്കുന്നു ചിലർ. മൃഗങ്ങൾ ക്രോസ് ചെയ്യുമെന്ന് മുന്നറിയിപ്പുള്ള വഴിത്താരകൾ, ഉന്മാദത്തിന്റെ പ്രേമത്താരകളായി മാറിയിരിക്കുന്നു. ട്രക്കിങിനും പാരാഗ്ലൈഡിങിനും ധാരാളം പേർ വരും. ഖജിയാർ തടാകത്തിന് അരികിലെ പുൽമേടുകൾ കുട്ടികൾക്ക് ഇഷ്ടമാകും. അപകടമില്ലാതെ ഓടിക്കളിക്കാം. കുടുംബങ്ങളും ധാരാളം എത്തുന്നു. കുട്ടികൾ ആർത്തുലസിച്ചു നടക്കുന്നു. തണുപ്പും ചെറിയ മഴ ചാറ്റലിലും കൊണ്ട് ഇറങ്ങി നടന്നു.

മംഗോളിയൻ മുഖമുള്ള അപ്പൂപ്പന്റെ ചിത്രമൊട്ടിച്ച കുപ്പിയിലെ കറുത്ത നിറക്കാരൻ റാക്ക് ഉള്ളിലുള്ളതിനാൽ മഴനടപ്പിന്റെ രസത്തെ അത് കൂടുതൽ ധന്യമാക്കി. മല്ലികാർജ്ജുൻ മൻസൂറിനെ കേൾക്കേണ്ടയിടം. പക്ഷേ ടാക്സിക്കാരൻ വെച്ചതത്രയും തട്ടുപൊളിപ്പൻ ഹിന്ദി പാട്ടുകൾ. ധരംശാലയ്ക്കുള്ള പോക്കിൽ ഹിമാചലിലെ നാടൻപാട്ടു വല്ലതുമുണ്ടെങ്കിൽ വെക്കാൻ പറയണമെന്ന് കരുതി. പുൽമേട്ടിൽ വെറുതെ ഇറങ്ങി നടന്നു. കണ്ണെത്താദൂരം ദേവദാരു മരങ്ങളും പക്ഷികളുടെ ഒച്ചകളും വനത്തോട് ചേർന്ന വഴികളും. വെറുതെയല്ല മിനി സ്വിസെന്ന് പേര് വീണതെന്ന് കാഴ്ചകൾ ബോധ്യപ്പെടുത്തി. വാഹനങ്ങൾ കുറച്ചുമാറി പാർക്ക് ചെയ്യാം. ഒന്നുരണ്ട് ചായപ്പീടികകൾ കണ്ടു. ന്യൂഡിൽസും ബ്രഡ് ടോസ്റ്റും ഫ്രൈഡ് റൈസും ബിസ്കറ്റും കിട്ടും. നാല് ബുദ്ധസന്യാസിമാർ വഴിയിലൂടെ നടന്നുവരുന്നത് കണ്ടു. അടുത്ത് മൊണാസ്ട്രിയുണ്ടാകാം. അല്ലെങ്കിൽ അവരും ധരംശാലയിലേക്കുള്ള വഴിയേ ഇറങ്ങിയതാകാം. അഞ്ച് മലനിരകളാൽ ചുറ്റപ്പെട്ട പ്രദേശമാണിതെല്ലാം. ഹിമാലയത്തിന്റെ ഭാഗമായ ദൗലാധർ മലനിരയോട് ചേർന്ന പ്രദേശം. ഖജിയാറിലേയും ധരംശാലയിലേയും വ്യൂ പോയിന്റിൽ പോയാൽ ദൗലാധർ മലയുടെ തുമ്പ് കാണാമെന്ന് ഡ്രൈവർ പറഞ്ഞു. മഞ്ഞിന്റെ ഹിമഗിരിശൃംഗം ദർശിക്കാം.

ഖജിയാറിലെ ചോളം വിൽപ്പനക്കാരി

കൃഷിപ്പണികളും ടൂറിസവുമാണ് പ്രധാനം. മഞ്ഞുമൂടുന്ന സമയത്ത് പെണ്ണുങ്ങൾ വീട്ടിലിരുന്ന് തണുപ്പുവസ്ത്രം നെയ്യും, പീന്നീട്​ ചന്തകളിൽ പോയി വിൽക്കും. പലതരം പണികൾ ചെയ്യുന്ന സ്ത്രീകളെ ഡൽഹൗസിയിലും ഖജിയാറിലും കണ്ടു. ‌‌സീസണിൽ സഞ്ചാരികൾക്ക്, അവർ കരകൗശല വസ്തുക്കളുണ്ടാക്കി വിൽക്കും. അരിയും സാധനങ്ങളും റൊട്ടിയ്ക്കുള്ള ഗോതമ്പും കിട്ടിയാൽ ഇവിടങ്ങളിലെ മനുഷ്യർ ഹാപ്പിയായി. തണുപ്പുകാലത്തെ വീട്ടിലിരിപ്പിൽ മൃഗപരിപാലനവും കാട്ടിൽ പോയി വിറകൊടിക്കലും കൃഷിയും. കപ്പലണ്ടി വറുത്ത് വിൽക്കുന്ന ചിലരെ അവിടെ കണ്ടു, ചിലർ. മുയൽകുഞ്ഞുങ്ങളെ വിൽക്കാനായി കൂടകളിൽ കൊണ്ടുനടക്കുന്ന പയ്യൻമാർ അടുത്തെത്തി മുയലിനെ വേണോ എന്ന് ചോദിച്ചു. ചോളം ചുട്ടുതരുന്ന പെണ്ണുങ്ങളുടെ അരികിലെത്തി രണ്ടെണ്ണം ചൂടോടെ മേടിച്ചു, കടിച്ചുനോക്കി, തണുപ്പിന്റെ ആധിക്യമാണ് ചൂടിന് വേണ്ടിയുള്ള പ്രേരണ. ചോളം ചുട്ടെടുത്ത് വിറ്റും മുയൽ കുഞ്ഞുകളെ പക്ഷികളേയും വളർത്താൻ കൊടുത്തും ടൂർ ഗൈഡും എരുമയും ആടുകളും കൃഷിയുമെല്ലാമായി ജീവിതം മുന്നോട്ടു പോകുന്നു. തണുപ്പിൽ വിളയുന്ന എന്തും കൃഷി ചെയ്യാവുന്ന ഇടമാണിവിടെ. കാബേജ് പാടങ്ങളും ബ്രക്കോളിയും ചെറിപ്പഴവും ആപ്പിളും ഓറഞ്ചുമെല്ലാം വിളയുന്ന ദേശമാണ് ഈ മിനി സ്വിസ്റ്റ്സർലണ്ട്. കൃഷി വയറുനിറയ്ക്കും, ടൂറിസം മറ്റ് ചെലവുകളും നടത്തും. ചെറിയ ആഗ്രഹനിവർത്തികളിലൂടെ അവരുടെ സന്തോഷങ്ങളും ജീവിതവും.

ഖജിയാറിൽ വെച്ചാണ് ചംബാവാലിയെക്കുറിച്ചുള്ള പഹാഡിപ്പാട്ട് ആദ്യമായി കേട്ടതും. ഏക്താര പോലെ കൊച്ചുവീണയുമെടുത്ത് പാടി നടക്കുകയാണ്. 20 രൂപ കൊടുത്താൽ പാട്ട് റെഡി.

സീസൺ പാട്ടുകാരനായ ഒരു ഗായകനെ ഇന്ത്യൻ സ്വിസിൽ കണ്ടുമുട്ടി. ഖജിയാറിലെ ലോകം പാട്ടുകാരാൽ വശ്യമാണെന്ന് അപ്പോഴാണ് അറിഞ്ഞത്. പാട്ടുകേട്ട് അടുത്തേക്ക് ചെന്നതാണ്​. ചംബാവാലിയുടെ മകൻ തന്നെ. ഖജിയാറിൽ വെച്ചാണ് ചംബാവാലിയെക്കുറിച്ചുള്ള പഹാഡിപ്പാട്ട് ആദ്യമായി കേട്ടതും. ഏക്താര പോലെ കൊച്ചുവീണയുമെടുത്ത് പാടി നടക്കുകയാണ്. 20 രൂപ കൊടുത്താൽ പാട്ട് റെഡി. ചിലർ അത് വീഡിയോയിൽ പകർത്തുന്നു. രസം തോന്നി കേൾക്കാൻ. നല്ല ഈണത്തിലുള്ള ആലാപനം. ഹിമാചലിലെ പ്രശസ്തമായ പഹാഡി പാട്ടാണത്. ഹിമാചലിന്റെ മലമടക്കുകളിലെ മനുഷ്യരുടെ ഖൽബിലിരിക്കുന്ന നാടൻപാട്ട്. 20 രൂപ കൊടുത്ത് അത് ഒന്നുകൂടി പാടിച്ചു, ഫോട്ടോയും വീഡിയോയും എടുത്തു. മോഹിത് ചൗഹാൻ എന്ന പ്രശസ്ത ഹിമാചൽ ഗായകൻ ചിട്ടപ്പെടുത്തിയ വേർഷനാണ് കക്ഷി പാടുന്നത്. ചംബാ കിത് നീ കി ദൂര് ഹേ എന്നിങ്ങനെയാണ് പാട്ട്. കവർ വേർഷനുകൾ ഒരുപാടുണ്ട് ഈ പാട്ടിന്റെ. അത് പല ശൈലിയിൽ പാടിനടക്കുന്നവരെ ചംബയിൽ പലയിടത്തും കണ്ടേക്കാം. മഞ്ഞുമൂടുമെന്നതിനാൽ ആറുമാസം മാത്രമാണ് ഖജിയാറിൽ ടൂറിസം വരുമാനം കാര്യമായുള്ളൂ. മഞ്ഞുമൂടുന്ന സമയത്ത് ഗതാഗതം പലയിടത്തും തടസപ്പെടും. യാത്രികർക്ക് എത്തിച്ചേരുക ബുദ്ധിമുട്ടാകും. വിന്ററിൽ വളരെ കുറച്ചുപേർ മാത്രമേ വരൂ. അപ്പോൾ മറ്റു വല്ല പണികളും ചെയ്യണം ഇല്ലെങ്കിൽ പട്ടിണിയാവും. പക്ഷേ തണുപ്പുകാലത്തും എന്ത് പണി കിട്ടാനാണ് എന്നത് മറ്റൊരു കാര്യം. മഞ്ഞുമൂടുന്ന സമയം മരവിച്ച നിശ്ചലചിത്രം പോലെയുള്ള കാലമാണല്ലോ.

ചംബാവാലിയിലെ ഒരു പാട്ടുകാരൻ

മോഹിത് ചൗഹാൻ പാടുന്നത് അവിടത്തുകാരുടെ ഫേവറിറ്റാണെന്ന് അയാൾ പറഞ്ഞു. ഒരു മലയാളിയെ മുൻപ് ഇവിടെ പരിചയപ്പെട്ടുവെന്ന് പാട്ടുകാരൻ പറഞ്ഞു. പേരും നമ്പറുമൊക്കെ അവന്റെ ചെറിയ ഫോണിലുണ്ട്​. ചംബാ വാലിയുടെ പഹാഡി പാട്ടുകളിൽ മലമ്പ്രേദശത്തിന്റെ മുഴക്കമുണ്ട്. അസം മലനിരയുടെ പ്രതിധ്വനി ഭുപൻ ഹസാരികയുടെ ചിട്ടപ്പെടുത്തലിൽ ഒളിഞ്ഞിരിക്കുന്നതുപോലെ. അത്തരം ഈണമോ ശ്രുതിയോ ചേരുന്നു, ചെവി വട്ടം പിടിച്ചാൽ ചംബാ പാട്ടിലും. രാജസ്ഥാനിലെ ഗ്രാമത്തിൽ ചിത്രീകരിച്ച രുദാലിയിലെ പാട്ടിൽ പോലും ഭുപൻ ഹസാരിക നോർത്ത് ഈസ്റ്റിന്റെ മലമുഴക്കം ഒളിപ്പിച്ചുവെച്ചുവെന്ന് തോന്നിയിട്ടുണ്ട്​, രുദാലിയുടെ പാട്ടുകളിൽ. മലമുകളിലെ ജില്ലയാണ് ചംബാ. മനുഷ്യജീവിതത്തിന്റെ താളവും ഈണവും പല ദേശത്തുനിന്ന് എത്തുന്നവരിൽ പടർത്തി ടൂറിസ്റ്റുകളെ രസിപ്പിച്ച് അന്നത്തിനുള്ള വക കണ്ടെത്തുന്നു, ചംബയുടെ ഈണം ഉള്ളിലുള്ള പലരും.

മായേ നെ മെരിയേ ഷിംലേ ദി രാഹേ ചംബാ കിത് നീ ക് ദൂര് ഹേ, ചംബാ കിത് നീ ക് ദൂര് ഹേ ഓ ഷിംലേ നീ വസ്‌നാ, കസോളി നീ വസ്‌നാ ഷിംലേ നെ വസ്‌നാ, കസോളി നീ വസ്‌നാ ചംബേ ജാനാ സരൂര് ഹേയ്, ചംബേ ജാനാ സരൂര് മായേ നെ മെരിയേ ഷിംലേ ദി രാഹേ... ചംബാ കിത് നീ ക് ദൂര് ഹേ...

ഇതാണ് ആദ്യവരികൾ. ഖജിയാർ കണ്ട് സമയം പോയതറിഞ്ഞില്ല. ധരംശാലയിലേക്ക് ടാക്സിയിൽ കയറി. മഴച്ചാറ്റലിലൂടെ ടാക്സി ഖജിയാരിൽ നിന്ന് ദലൈ ലാമയുടെ അഭയസ്ഥാനത്തേക്ക് നീങ്ങി. ഇടയ്ക്ക് ചിലയിടങ്ങളിൽ നിർത്തി ഫോട്ടോകളെടുത്തു. റമ്മും തീരാറായി. മഴയും കോടമഞ്ഞും ആവേശിച്ചുകിടക്കുന്ന വഴികളിലൂടെ വണ്ടിയോടി. ടിബറ്റൻ മൊണാസ്ട്രി സ്ഥിതിചെയ്യുന്ന മക്ലോയ്ഡ് ഗഞ്ചിലെത്തിയപ്പോൾ സമയം രാത്രി. തപ്പി നടന്ന് ഒടുവിലൊരു കൊള്ളാവുന്ന മുറി കിട്ടി. രാത്രി നല്ല ഉറക്കം പാസ്സാക്കി. രാവിലെ നടപ്പിനായി ഇറങ്ങി. ഇന്റർലോക്ക് വിരിച്ച പാതകളിലൂടെ മുകളിലേക്ക് കേറി നടന്നു. ഒരു ജർമൻ കഫേ കണ്ടു, കുറച്ചുദൂരം നടന്നപ്പോൾ. പ്രഭാതഭക്ഷണം നോക്കാം, കേറി. വൃത്തിയിൽ ഇരിപ്പിടങ്ങളൊരുക്കിയ കഫേ. ഐറിഷ് ഫാർമേഴ്സ് ബ്രേക്ക്ഫാസ്റ്റ് എന്നൊരു ഐറ്റം മെനുവിൽ കണ്ടു, ഓർഡർ കൊടുത്തു. ഏറെ സമയത്തിനൊടുവിൽ ബ്രഡും ബണ്ണും പച്ചക്കറികളും മുട്ടയും ചേർത്തൊരു ഐറിഷ് പ്രാതലും കാപ്പിയും ടേബിളിലെത്തി. നല്ല വൃത്തിയ്ക്ക് ഒരുക്കിവെച്ചു തന്നു അവർ. ഓംലെറ്റും ബണ്ണും പച്ചക്കറികളും ചേർത്ത്​ അതിന്​കാഴ്ച്ചയിൽ തന്നെ നല്ല ഭംഗിയുണ്ട്. കഴിച്ചു; നല്ല രുചി. പ്രാതലും കാപ്പിയും കഴിച്ച് അവിടന്നിറങ്ങി. വൈകീട്ട് തിരിച്ചുള്ള ബസ് ഡൽഹിയിലേക്ക് ബുക്ക് ചെയ്തു. ചില മൊണാസ്ട്രികൾ കാണാനുണ്ട്, ​പ്രത്യേകിച്ച്​ ദലൈ ലാമയുടേത്​.

​ലോട്ടസ് മരത്തിന്റെ ചെറിയ ഉരുളൻ കായ കൊണ്ടുള്ള കൈയിൽ ചുറ്റുന്ന ബ്രേസ് ലെറ്റ് മേടിച്ചു. വെള്ളനിറമുള്ള മിനുസമുള്ള ഉരുണ്ട കായകൾക്ക് നല്ല മിനുസമുണ്ട്, ബുദ്ധിസ്റ്റ് ലുക്കും.

നടക്കാനുള്ള ദൂരമേയുള്ളൂ, ലാമയുടെ ബുദ്ധിസ്റ്റ് മതപാഠശാലയിലേക്ക്. മഴച്ചാറലുകൾക്കിടെ അവിടേക്ക് നടന്നു. ചുറ്റിത്തിരിഞ്ഞ്​ കേറിവന്നു. തിരക്കുള്ള പട്ടണത്തിലാണ് ലാമയുടെ ലോകം, അറുപതുകളിൽ ഈ തിരക്കൊന്നുമുണ്ടായിരിക്കില്ല. ആരാധനയും പ്രാർത്ഥനയുമായി ബുദ്ധഭിക്ഷുകൾ. ചുവന്ന മേൽമുണ്ടും വാരിപ്പുതച്ച് നടന്നുനീങ്ങുന്ന ചിലർ. വലിയൊരു പ്രാർത്ഥന നടക്കുന്നുണ്ട്​. ചിലർ മതഗ്രന്ഥങ്ങൾ വായിക്കുന്നു, തനിച്ചിരിക്കുന്നു. ചിലർക്ക് സഞ്ചാരികളെ കണ്ടാൽ കണ്ണ് നേർത്ത വരയാക്കിയുള്ള ചിരി. എല്ലാം കണ്ട് ഇറങ്ങാൻ നേരം തൊട്ടരികിലെ കടയിൽ കേറി വെറുതെ നോക്കി. ലോട്ടസ് മരത്തിന്റെ ചെറിയ ഉരുളൻ കായ കൊണ്ടുള്ള കൈയിൽ ചുറ്റുന്ന ബ്രേസ് ലെറ്റ് മേടിച്ചു. വെള്ളനിറമുള്ള ഉരുണ്ട കായകൾക്ക് നല്ല മിനുസമുണ്ട്, ബുദ്ധിസ്റ്റ് ലുക്കും. മറ്റുള്ളവയേക്കാൾ അതിന് വിലയും കൂടുതലാണ്. മക്ലോയ്ഡ്ഗഞ്ചിലെ വ്യൂ പോയിന്റിൽ നിന്ന് നോക്കിയാൽ ദൗലാധർ മലനിരയുടെ മഞ്ഞുതലപ്പ് തെളിഞ്ഞുകാണാം, കാർമേഘം വില്ലനായില്ലെങ്കിൽ. കംഗ്രയിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിയപ്പോൾ അതിനുള്ള ഭാഗ്യമുണ്ടായി. ലോകത്തിലെ തന്നെ ഹൈ ആൾറ്റിട്യൂഡ് സ്റ്റേഡിയങ്ങളിലൊന്നാണത്. സമുദ്രനിരപ്പിൽ നിന്ന് 4790 അടി ഉയരത്തിൽ. ചില അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾക്ക് വേദിയായിട്ടുള്ള സ്റ്റേഡിയം. കളി കാണാൻ പോയതല്ല, ഉയർന്ന് നിൽക്കുന്ന ദൗലാധർ പർവ്വതനിരകളെ, തെളിമയിൽ കൺകുളിർക്കെ കാണാൻ മാത്രം. മലനിര മഞ്ഞുപുതച്ച് തലയുയർത്തി നിൽക്കുന്നതും കണ്ട് സായൂജ്യമടഞ്ഞു.

ഖജിയാർ

യാത്ര കഴിഞ്ഞ്​ മടങ്ങാൻ തീരുമാനിച്ചു. ഇനി ഡൽഹിയിലേക്ക് രാത്രി മുഴുക്കെ ബസ് യാത്രയാണ്​. മടുപ്പുണ്ടാക്കും. വരാനുള്ള ആവേശം പോകുമ്പോൾ ഉണ്ടാകില്ലല്ലോ. പിറ്റേന്ന് രാവിലെ ദേശീയ തലസ്ഥാനത്തെത്തി. അതിനുശേഷമാണ് ആ വാർത്ത അറിയുന്നത്. ഉത്തർപ്രദേശിലെ സഹരാൻപുർ കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസിൽ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് എന്ന ആസാദ് രാവൺ അറസ്റ്റിലായ വിവരം. ദളിത്- ക്ഷത്രിയ സംഘർഷത്തെ തുടർന്ന് പ്രകോപനപരമായി പ്രതികരിക്കുകയും യുവാക്കളെ സംഘടിപ്പിക്കുകയും ചെയ്തുവെന്നാണ്​ കേസ്. പിടികൂടിയത് ഹിമാചലിലെ ഡൽഹൗസിയിൽ നിന്ന്​. ഡൽഹൗസിയിൽ കുറച്ചുനാളായി ആസാദ് രാവൺ ഒളിവിൽ കഴിയുകയായിരുന്നുവെന്ന് പൊലീസ്. ദളിത് നേതാവിനെ ഡൽഹൗസിയിൽ നിന്ന് യു.പിയിലേക്ക് പ്രത്യേക അന്വേഷണസംഘം എത്തിച്ചു. ജില്ലാ ജയിലിലേക്ക് മാറ്റി. ജയിൽവാസം അയാളുടെ ജീവനെ തന്നെ ബാധിച്ചു. അഞ്ചു കേസുകളാണ് ചുമത്തിയത്. വിചാരണയോ ജാമ്യമോ ഇല്ലാതെ തടങ്കലിൽ. ടൈഫോയ്ഡ് വന്നു. ഹൃദ്രോഗം മൂർച്ഛിച്ചു, പക്ഷേ ചികിത്സ ലഭ്യമായില്ല, സെല്ലിൽ കിടന്ന് നരകിച്ചു.

​ആസാദ് രാവണിന്റെ അറസ്റ്റിനെ തുടർന്ന് യു.പിയിലുണ്ടായ സംഭവ പരമ്പരകളുടെ രണ്ടാംഘട്ടത്തിന്റെ തുടക്കം ഡൽഹൗസിയിൽ നിന്നാണെന്നും പറയാം. പക്ഷേ യു.പിയിൽ ദളിത് നേതാവിനെ കാത്തിരുന്നത് കെടുതികളുടെ നാളുകളായിരുന്നുവെന്ന് മാത്രം

പ്രതിഷേധം മൂത്തു. ജയിൽ ഡോക്ടർ ആസാദിനെ പരിശോധിക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. പക്ഷെ, രോഗം വഷളായി, കോടതി ഇടപെട്ടു. ഒടുവിൽ മീററ്റ് ജില്ലാ ആസ്പത്രിയിലേക്ക് കൊണ്ടുപോയി. ഗുരുതരാവസ്ഥ വെച്ച് ലഖ്നൗ കിങ്സ് ജോർജ് മെഡിക്കൽ കോളേജിലേക്കും. മാസങ്ങൾക്ക് ശേഷം ദളിത് നേതാവ് പുറംലോകം കണ്ടത് ആസ്പത്രിയിൽ വെച്ച് മാത്രമാണ്​. ജാമ്യാപേക്ഷ പരിഗണിക്കുന്നത് അലഹബാദ് ഹൈക്കോടതി ഏറ്റെടുത്തു. അഞ്ചുകേസിലും ജാമ്യം. ജാമ്യമോ പരോളോ വിചാരണയോ ഇല്ലാത്ത മാസങ്ങളുടെ തടങ്കലിനു ശേഷം മോചനത്തിനുള്ള നടപടിക്രമം പൂർത്തിയായ ദിവസം മീററ്റ് ജയിലിലേക്ക് ദേശീയ അന്വേഷണ സംഘമെത്തി, മറ്റൊരു കേസിൽ ആസാദിനെ അറസ്റ്റ് ചെയ്തു, ദേശസുരക്ഷാനിയമപ്രകാരം തന്നെ അതും. പുറംലോകം കാണാനുള്ള നീക്കം അതോടെ അടഞ്ഞു. കടുത്ത ഹൃദ്രോഗമുണ്ടെന്നും വിദഗ്ധ ചികിത്സ വേണമെന്നും ഡോക്ടർ ട്വീറ്റ് ചെയ്തു. പ്രതിഷേധം കൂടി, അമ്മ കംലേശ് ദേവിയും ഭീം ആർമിക്കാരും നിരാഹാരം തുടങ്ങി മീററ്റിൽ. ജയിലിൽ ദളിത് നേതാവിന് വിചാരണയില്ലാത്ത മരണം വിധിച്ചിരിക്കുന്നുവെന്ന വിമർശനം കടുത്തു. മനുഷ്യാവകാശ കമീഷനും ആംനസ്റ്റി ഇന്റർനാഷണലും ഇടപെട്ടു. പക്ഷേ, ബി.എസ്.പിക്കാർ ഒരക്ഷരം മിണ്ടിയില്ല. പിന്നെയും കോടതി ഇടപെട്ടു. ഒടുവിൽ 15 മാസത്തിനുശേഷം മോചനം.

ഡൽഹൗസിയുടെ തണുപ്പും ഖജിയാറിന്റെ പ്രേമത്താരകളും പിന്നിട്ട് ദലൈ ലാമയുടെ ബുദ്ധവിഹാരകേന്ദ്രമായ ധരംശാലയിൽ നിന്ന് യാത്ര കഴിഞ്ഞ് മടങ്ങി, ഡൽഹി വഴി ലഖ്നൗവിലെത്തി ഭീം ആർമി നേതാവിന്റെ അറസ്റ്റിനേയും ജയിൽവാസത്തെക്കുറിച്ച്​ പലവട്ടം വാർത്തകൾ എഴുതി. ആസാദ് രാവണിന്റെ അറസ്റ്റിനെ തുടർന്ന് യു.പിയിലുണ്ടായ സംഭവ പരമ്പരകളുടെ രണ്ടാംഘട്ടത്തിന്റെ തുടക്കം ഡൽഹൗസിയിൽ നിന്നാണെന്നും പറയാം. പക്ഷേ യു.പിയിൽ ദളിത് നേതാവിനെ കാത്തിരുന്നത് കെടുതികളുടെ നാളുകളായിരുന്നുവെന്ന് മാത്രം. ഭീം ആർമി നേതാവ് പുറത്ത് വരുമ്പോഴേക്കും വിചാരണയോ പരോളോ ജാമ്യമോ ഇല്ലാത്ത ഒന്നരവർഷം കടന്നുപോയിരുന്നു. അറുപതുകളിൽ ദലൈ ലാമ രാഷ്ട്രീയാഭയം തേടിയ ധരംശാലയ്ക്ക് ഒട്ടും ദൂരത്തല്ലാതെ ഡൽഹൗസിയുടെ മലമ്പ്രദേശത്ത് ആസാദ് രാവൺ ഒളിവിൽ കഴിഞ്ഞു, പിന്നീട് പിടിക്കപ്പെട്ടു. രണ്ടുതരം രാഷ്ട്രീയാഭയങ്ങൾ, രണ്ടിടങ്ങളും തമ്മിൽ രണ്ടര മണിക്കൂറിന്റെ യാത്രാ അകലം മാത്രം. ▮


വി. എസ്. സനോജ്

മാധ്യമപ്രവർത്തകൻ, ചലച്ചിത്ര​ പ്രവർത്തകൻ. സനോജ്​ സംവിധാനം​ ചെയ്​ത ‘ബേണിങ്​’ എന്ന ഹിന്ദി ചിത്രം ഗോവ ഉൾപ്പെടെ നിരവധി രാജ്യാന്തര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്​.

Comments