ജംഗിപുരിലെ ബീഡി തെറുപ്പു തൊഴിലാളികൾ / Photo: PARI, Arunava Patra

സാരിത്തലപ്പുകൊണ്ട് മുഖംമറച്ച, ജംഗിപുരിലെ പെൺതെറുപ്പുകാർ

നരച്ച വീടുകൾ, ചിലത് തീപ്പെട്ടിക്കൂടുപോലെ. ജനലും വാതിലും പഴയ സാരി കൊണ്ട് മറച്ചവ, മേൽക്കൂര, ഷീറ്റുകൾ കൊണ്ട് മേഞ്ഞത്. ബീഡിയും ചായയും വിൽക്കുന്ന പുരകൾ, മുടിവെട്ടു കസേരകൾ, കടകളല്ല. മരക്കേസര, ചെറിയ കണ്ണാടി, വെള്ളം, ചീർപ്പ്, കത്രിക, തണലായി വൻ മരങ്ങളും. അതാകുന്നു മുടിവെട്ട് കട. മതാനുഷ്ഠാന ചിട്ടകളും സമൃദ്ധ ദാരിദ്ര്യവും. അതാണ് ഗ്രാമങ്ങളുടെ പൊതുഭാവം. ഒരുപക്ഷേ ഇനിയവരെയെല്ലാം കാത്തിരിക്കുന്നത് പൗരത്വ പ്രശ്‌നമാകാം.

ല കാരണങ്ങളാൽ, അവിടത്തെ വഴികൾ, അമിതാവ് ഘോഷിന്റെ നോവലിലെ ലോകം ഓർമയിലേക്ക് വന്നു. പുകയില ഗന്ധമുള്ള ദേശമായതുകൊണ്ടാകാം. ഉമർപുരിലേയും ലാൽഗോളയിലേയും ഇല്യാസ്​പുരിലേയും ഹബിപുരിലേയും മൺവഴികൾക്കും വീടുകൾക്കും ബീഡിയുടെ മണമാണ്. മുർഷിദാബാദിലേയും ബർഹാംപുരിലേയും ബീഡി തൊഴിലാളി ലോകം അങ്ങനെയാണ്​.
മൊനിഗ്രാം, നതുൻഗഞ്ച്, ബാലിയ, രഘുനാഥ്ഗഞ്ച്, മിട്ടിപുർ, നസിപുർ, ഗൊർശാല, ജയ്‌റാംപുർ, സെയ്താപുർ, ത്രിമോഹിനി എന്നിങ്ങനെ, പേരിൽ മധുരവും ചന്തമുവുള്ള, എന്നാൽ ജീവിതത്തിന് വല്യ ഭംഗിയൊന്നുമില്ലാത്ത, നരച്ച കാഴ്​ചകളുടെ മണ്ണ്.
ബംഗ്ലാദേശിലേക്ക് ഒഴുകുന്ന പത്മാനദിയുടെ കൈവഴികളിലെ ജനവാസ പഥങ്ങൾ. ഇടയ്ക്ക് കവിഞ്ഞൊഴുകിയും കൊടുംവേനലിൽ, വരണ്ടുണങ്ങി, നീരൊഴുക്കിന്റെ ഓർമയുള്ള മണൽപ്പാടമായും സഞ്ചരിക്കുന്ന നദിയോരത്തെ, അതിജീവന വ്യഗ്രതയാൽ പെടാപാടുപെടുന്ന അതിർത്തി ഗ്രാമങ്ങൾ.
ബംഗ്ലാദേശിലേക്കെത്തി മേഘ്‌നയായി, സമുദ്രത്തിൽ ചേരുന്നതിന് മുമ്പ് പത്മാനദി, ഈ ജീവിതങ്ങളിൽ, ജലസാന്നിധ്യമായി നിറഞ്ഞു നിൽക്കുന്നു. മറുവശത്തുകൂടെ ഹൂഗ്ലി, കൈവഴികളിലൂടെ വന്നുചേരുന്നു.
ബംഗ്ലാദേശിന്റെ രാജ്യാതിർത്തിയിലേക്ക് ഒരു കടത്തുദൂരം മാത്രം.
ബീഡിതെറുപ്പും മണൽവാരലും ഇടത്തരം കൃഷിയും വളർത്തുമൃഗങ്ങളും കറവും ചെറിയ കൂലിക്കടത്തുകളുമെല്ലാമുണ്ട്.

ബർഹാംപൂർ ഗ്രാമം / Photo: V.S. Sanoj
ബർഹാംപൂർ ഗ്രാമം / Photo: V.S. Sanoj

വസ്ത്രങ്ങളും അവശ്യ സാധനങ്ങളുമെത്തിക്കാനായുള്ള പങ്കപ്പാടുകളുമായി പലതരം ജീവിതങ്ങൾ. തുച്ഛമായ പൈസയ്ക്ക് ബീഡി തെറുത്ത് പുകഞ്ഞുതീരുന്നവരുടെ ലോകം, പണ്ടുമുതലേ. അതിൽ നല്ലൊരു ശതമാനം പിന്നീട്, അന്യസംസ്ഥാനത്തേക്ക് പണിയെടുക്കാൻ പായുന്ന അശാന്ത സഞ്ചാരികളായി മാറി. വരൾച്ചയും വെള്ളപ്പൊക്കവും തരംകിട്ടിയാൽ മാറിമാറിയെത്തുന്ന ദിനരാത്രശീലങ്ങളിലാണ് ഇവർക്ക് ജീവിതം. നദിയുമായുള്ള കരയുടെ കയറ്റിറക്ക സംഘർഷം, റോഡുകളെ ഇല്ലാതാക്കുന്നതിൽ പലപ്പോഴും വിജയിക്കുന്നുവെന്ന് തോന്നി, പലയിടത്തും ചെന്നിറങ്ങിയപ്പോൾ. വികസന മുരടിപ്പിനൊപ്പം എന്തും ഏതും വൈകിക്കിട്ടുന്ന നാടുമാണത്. സമയം ഇഴഞ്ഞുമാത്രമാണോ കടന്നുപോകുന്നതെന്ന സൈക്കഡലിക് തോന്നലുണ്ടാക്കും അവിടം ചിലപ്പോൾ. നതുൻഗഞ്ചിന്റെ അതിർത്തി അറ്റങ്ങളിലേക്ക് എത്തിപ്പെട്ടാൽ അപരിചിതദേശത്ത് വഴിതെറ്റിയെത്തിപ്പെട്ട പ്രതീതി. ഫരാഖ ബാർജിലൂടെ ഹബിപുർ വഴി ഒഴുകിയെത്തുന്ന പത്മാനദിയുടെ കൈവഴിയുടെ കടവിൽ അങ്ങോട്ടുമിങ്ങോട്ടും പണിക്ക് പോകുന്നവരെ കാണാം; ബംഗാളി നോവൽ പോലെ, അല്ലെങ്കിൽ സി.വി. ശ്രീരാമന്റെ കഥകളിലെ ദൃശ്യം കണക്കെ.

അക്കരെയെന്നാൽ ബംഗ്ലാദേശിന്റെ രാജ്യാന്തര അതിർത്തി. അവിടത്തെ മനുഷ്യരുടേയും മൃഗങ്ങളുടേയും കാലങ്ങളായുള്ള ശീലത്തിൽ അപ്പുറവും ഇപ്പുറവും രണ്ട് ദേശം മാത്രം, അവർക്ക് കടത്ത് കടന്ന്, ഇടയ്ക്ക് പോകാനാകുന്നയിടങ്ങൾ

ഒരുവശം ബംഗ്ലാദേശും മറ്റൊരു ഭാഗം ജാർഖണ്ടുമായാണ് അതിർത്തികൾ, മറ്റൊരതിർത്തി ബീഹാറുമായും ഈ മേഖലയിൽ ബംഗാൾ പങ്കിടുന്നു. ഉണങ്ങിയ ദേഹം വെച്ച് പണിയെടുത്ത്​ നടുവൊടിഞ്ഞ മനുഷ്യരെ അവിടെ കണ്ടു. ആരും തിരിഞ്ഞുനോക്കാത്ത അവികസിത ഗ്രാമങ്ങളുടെ അസ്ഥിരൂപം പോലെത്തെ ഊരുകൾ. ലാൽഗോളയും പരിസരഗ്രാമങ്ങളുമെല്ലാം ബീഡിത്തൊഴിലിന്റെ മേഖലകളാണ്. പുകയിലഗന്ധം ദേശാന്തരങ്ങളിലേക്ക് പടരുന്ന ദരിദ്ര ലോകം. മുർഷിദാബാദും ബെർഹാംപുരും ജങ്കിപുരുമെല്ലാം സർക്കാർ കണക്കിൽ എക്കാലത്തുമിങ്ങനെയാണ്. വ്യവസായശാലകൾ പലതും കാണാമെങ്കിലും തൊഴിലാളി ജീവിതം കെടുതിയിൽ. ഏത് സർക്കാർ കണക്കിലും മുർഷിദാബാദിന് ഇല്ലായ്മയുടെ പേരുദോഷം കൂടുതലാണ്. ബീഡിത്തെറുപ്പിന്റെ തിരക്കിൽ, കാണാനെത്തിയവരോട് പറയാനൊന്നുമില്ലാതെ, അവർ കുനിഞ്ഞിരുന്നു. ബീഡിയെണ്ണം തികയ്ക്കണം, സംസാരിക്കാനെവിടെ നേരം എന്ന് അവരുടെ മൗനം പറഞ്ഞു.
ജങ്കിപുരിൽ പണിയെടുക്കുന്ന സുഹൃത്തിന്റെ ബൈക്കിൽ കേറി ചിലയിടത്തെല്ലാം അലഞ്ഞു. പല വഴികളും പുഴ കേറിയിറങ്ങി തകർന്ന് കിടക്കുന്നു. മഹാനദിയുടെ അരികിൽ മണ്ണിടിഞ്ഞുപോകുന്നു. വേനലിൽ വരണ്ട മണൽപ്പരപ്പായി കിടപ്പുണ്ട്​നദി. പോത്തുകളുടെ കൂട്ടങ്ങൾ നദിയിലൂടെ മാർച്ച് ചെയ്ത് പോകുന്നു; അക്കരക്ക്​. അക്കരെയെന്നാൽ ബംഗ്ലാദേശിന്റെ അതിർത്തി. പക്ഷെ, അവിടത്തെ മനുഷ്യരുടേയും മൃഗങ്ങളുടേയും കാലങ്ങളായുള്ള ശീലത്തിൽ അപ്പുറവും ഇപ്പുറവും രണ്ട് ദേശങ്ങൾ മാത്രം, അവർക്ക് കടത്ത് കടന്ന്, ഇടയ്ക്ക് പോകാനാകുന്ന ഇടങ്ങൾ. പലായനങ്ങൾ പലതും കണ്ടവരാണ്. പുഴ കടക്കുക, ജനിച്ച കാലം മുതലേയുള്ള അനുഭവവും, അതിർത്തിയെന്നത് പ​ക്ഷേ, സർക്കാരിന് അച്ചടക്ക കാർക്കശ്യമുള്ള നയതന്ത്രരേഖയും.

ബംഗാളിലെ ഒരു ഗ്രാമക്കാഴ്ച / Photo: V.S. Sanoj
ബംഗാളിലെ ഒരു ഗ്രാമക്കാഴ്ച / Photo: V.S. Sanoj

അവിടെ കറങ്ങി നടക്കുന്നതും പടമെടുക്കുന്നതും കണ്ടപ്പോൾ സമീപത്തെ ക്യാമ്പിൽ നിന്ന് ബി.എസ്.എഫുകാർ ആളെ വിട്ടു വിളിപ്പിച്ചു. എന്താണ് ഇവിടെയെന്ന് കാര്യം തിരക്കി. റിപ്പോർട്ടിങ് യാത്രയുടെ ഭാഗമായി എത്തിയതാണെന്ന് പറഞ്ഞപ്പോൾ വിളിച്ചിരുത്തി ചായ തന്നു. നദിക്കരയിലെ താൽക്കാലിക ക്യാമ്പിലിരുന്നത് ചായ കുടിച്ചു. തമിഴ്‌നാട്ടുകാരനായ ഉദ്യോഗസ്ഥനെ അവിടെ പരിചയപ്പെട്ടു. ജങ്കിപുർ സബ് ഡിവിഷനിലാണ് ഉമർപുർ, ഹബീപുർ, കന്ദാഖാലി തുടങ്ങിയ സ്ഥലങ്ങൾ. ആകെ ജനസംഖ്യയിൽ നല്ലൊരു ശതമാനവും ബീഡി തൊഴിലാളികൾ, പ്രത്യേകിച്ച് സ്ത്രീകൾ. ഏറ്റവും കൂടുതൽ സ്ത്രീ ബീഡിതെറുപ്പുകാരുള്ള രാജ്യത്തെ മേഖല ഒരുപക്ഷേ മുർഷിദാബാദായിരിക്കാം. ജങ്കിപുരിലെ റെയിൽവേ ക്രോസ് കടന്ന് വളഞ്ഞു പോകുന്ന വഴി, പലയിടത്തും മഹാമോശമായിരുന്നു. നിറയെ ഇടവഴികൾ, ചെറിയ വീടുകൾ, വെളിമ്പ്രദേശങ്ങൾ, മാന്തോപ്പുകൾ, കൃഷിയിടങ്ങൾ അങ്ങനെ, കുറെയധികം മുന്നോട്ടുപോയി.

പത്മ നദിയിലൂടെ വേനലിൽ ഇന്ത്യ- ബംഗ്ലാദേശ്​  അതിർത്തി കടക്കുന്ന പോത്തിൻകൂട്ടം / Photo: V.S. Sanoj
പത്മ നദിയിലൂടെ വേനലിൽ ഇന്ത്യ- ബംഗ്ലാദേശ്​ അതിർത്തി കടക്കുന്ന പോത്തിൻകൂട്ടം / Photo: V.S. Sanoj

രാജ്യാന്തര നിയമങ്ങളെക്കുറിച്ച് ഓർമയില്ലാത്ത കന്നുകാലികൾ കൂട്ടത്തോടെ പുഴ കടന്നുവരുന്നു, പോകുന്നു. മണൽപ്പുറത്ത് അലഞ്ഞുനടക്കുന്നു. മുഷിഞ്ഞ അല്പവേഷത്തിൽ കുട്ടികൾ മൺതിട്ടുകളിൽ കളിയ്ക്കുന്നു. ടയർ ഓടിച്ചുകളിക്കുകയാണ് ചിലർ. മേലിൽ മുഴുവൻ മണ്ണ്. ചെമ്പിച്ച മുടി, നിലത്തുരഞ്ഞ് തേഞ്ഞുപോയ, ചന്തി കാണുന്ന ട്രൗസർ. ചെരുപ്പൊന്നുമില്ല, കളിക്കാനുള്ള സൈക്കിൾ ടയറാണ് ഏക പരിഷ്‌കാരവസ്തു അവരെ സംബന്ധിച്ച്. പാത്രങ്ങൾ സൈക്കിളിൽ വിൽക്കാനായി കൊണ്ടുപോകുന്നവരുണ്ട്, ഗ്രാമങ്ങളിൽ. വില കുറഞ്ഞ ആഭരണങ്ങൾ, വളയും ചാന്തും പൊട്ടും, കുട്ടികളുടെ ഡ്രസും, അടിവസ്ത്രങ്ങളും പാത്രങ്ങളും ചെരുപ്പും- സൈക്കിളിലോ പഴയ സ്‌കൂട്ടറിലോ വെച്ച് കെട്ടി കൊണ്ടുനടന്ന് വിൽക്കും. പലതും ബംഗ്ലാദേശിലുണ്ടാക്കുന്നവ. സാഗർദിഗെ വഴി അതിർത്തി ഗ്രാമങ്ങളിലെത്താം. പോത്തിൻ കൂട്ടങ്ങളുടെ പുറത്ത് മിക്കപ്പോഴും സാധനങ്ങളെത്തിക്കുന്ന സഞ്ചികളോ ചാക്കുകളോ തൂക്കിയിട്ടിരിക്കും. അതിർത്തി നിയമറിയാതെ പോത്തുകൂട്ടം പുഴ കടക്കും.

പ്രദേശത്തുള്ള വലിയ വീട് എന്ന് പറയാവുന്നത്, മുൻ രാഷ്ട്രപതിയും കോൺഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖർജിയുടേത് മാത്രം. ഈ ബംഗാളി ഭദ്രലോകിന്റെ ഭരണ കാലത്താണ്, അവിടെയൊരു പി.എഫ്. ഓഫീസ് വന്നത്

അതിർത്തിയിലുള്ളവർക്കുള്ള സാധനങ്ങൾ ഇതുപോലെ കൊണ്ടുവരാതെ മാർഗമില്ല. നഗരത്തിലേക്ക് ദൂരം ഏറെയാണ്, അവിടേക്ക് സാധനങ്ങൾ മേടിക്കാനായി പോകുക പലർക്കും ബുദ്ധിമുട്ടാണ്. അതിനാൽ അലുമിനിയം പാത്രങ്ങളും തുകൽ വസ്തുക്കളും വില കുറഞ്ഞ വസ്ത്രങ്ങളും ധാക്ക മെയ്ഡായി ഗ്രാമത്തിലേക്ക് കൊണ്ടുവരും. ബംഗാളിലെ പല ഉൾഗ്രാമത്തിലും വളയും പാത്രവും തലച്ചുമടായി ഏറ്റിക്കൊണ്ട് വിൽക്കാനെത്തുന്ന മനുഷ്യരെ കണ്ടിട്ടുണ്ട്​. ദാരിദ്ര്യം വേണ്ടുവോളമുള്ള പ്രദേശങ്ങളിൽ പോത്തും കാളയും ദൈവങ്ങളെപ്പോലെയാണ്. അവയുടെ പുറത്ത് വെച്ചുകെട്ടി വരുന്ന അവശ്യ വസ്തുക്കൾ ഇരുകരയിലെയും മനുഷ്യർക്ക് ആശ്വാസവും. പുല്ലും വെള്ളവും തേടി അതിർത്തി നോക്കാതെ മറുകര കടക്കുന്ന ശീലമൊക്കെ പഴയ പോലെയല്ലാതായി പിന്നീട്​. 80 കളോടെ കേരളത്തിൽ ഇല്ലാതായിപ്പോയ ശീലങ്ങളുടെ കാഴ്ച അവിടെയുണ്ടായിരുന്നു; അന്ന് ചെല്ലുമ്പോഴും.

ആ പ്രദേശത്തുള്ള വലിയ വീട് എന്ന് പറയാവുന്നത്, മുൻ രാഷ്ട്രപതിയും കോൺഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖർജിയുടേത് മാത്രം. ഈ ബംഗാളി ഭദ്രലോകിന്റെ ഭരണകാലത്താണ്, അവിടെയൊരു പി.എഫ്. ഓഫീസ് വന്നത്, തൊഴിലാളികൾക്ക്. ആദ്യം അത്​ ഗുണം തന്നെ, പക്ഷേ ഒരു ചൂഷണലോകവും അതിനെ ചുറ്റിപ്പറ്റിയുണ്ടായി.

ബർഹാംപൂർ ഗ്രാമത്തിലെ വീടുകൾ
ബർഹാംപൂർ ഗ്രാമത്തിലെ വീടുകൾ

തൊഴിലാളികളുടെ സംസാരത്തിൽ നിന്ന്​ അത്​ നല്ലപോലെ തെളിഞ്ഞുവന്നു. ബീഡി തെറുപ്പാണ്​ പ്രധാന വരുമാനം; ഗ്രാമങ്ങൾക്ക്​. പി.എഫിലൂടെ സ്വന്തം ​പൈസ പിൻവലിക്കാൻ പി.എഫ്. ഓഫീസിലെ ജീവനക്കാർക്ക് തൊഴിലാളി കൈക്കൂലി നൽകേണ്ട അവസ്ഥയാണെന്ന് ചിലർ പറഞ്ഞു. മിക്കവരും മുസ്​ലിംകളും ദലിതരുമാണ്. പി.എഫ് തുക എത്ര പിൻവലിക്കണമെന്നും കമീഷൻ എത്ര വേണമെന്നും ഉദ്യോഗസ്ഥർ പലപ്പോഴും തീരുമാനിക്കും. തുക കൂടുതൽ പിൻവലിക്കുന്നുവെങ്കിൽ കമ്മീഷനും കൂടും. ഇതാണ് അവസ്​ഥ. ഒന്നാമത്​, ഇതൊരു ദാരിദ്ര്യപ്പണിയാണ്​, പി.എഫ്. അക്കൗണ്ടിലേക്ക് അടയ്ക്കപ്പെടുന്നതുപോലും നാമാത്ര തുകയാണ്​. തിരിച്ച് ലോണായി എടുക്കാവുന്നത് അതിനേക്കാൾ ചെറിയ തുകയും. അതിൽ നിന്നൊരു വിഹിതം കമ്മീഷൻ പറ്റിയ ശേഷം ലോണുകൾ പാസ്സാക്കും എന്നൊരു ബീഡി തൊഴിലാളി പറഞ്ഞു. സ്വന്തമായി പണം പിൻവലിക്കാനുള്ള സാങ്കേതിക നൂലാമാലയോ അറിവോ ഇല്ലാത്തവരാണ്. അവരെ ഉദ്യോഗസ്ഥർ സഹായിക്കും, ചെറിയൊരു കമ്മീഷനും മേടിക്കും. അതായത്, ദാരിദ്ര്യ പാത്രത്തിൽ നിന്ന്​ പങ്കുപറ്റും പലരും എന്ന്​ സാരം.

തെറുപ്പുകാർ കൂടുതലും സ്ത്രീകളാണ്. മുറ്റത്തും മരച്ചുവട്ടിലും വീടിന് പുറകിലെ പറമ്പിലും പെണ്ണുങ്ങൾ കൂട്ടമായിരുന്നവർ തെറുത്തുകൂട്ടും. പ്രായമായവരും കുട്ടികളും പുരുഷന്മാരുമെല്ലാം ചേരും

കേരളത്തിലെ പ്രസിദ്ധമായ ബീഡി നിർമാണ കമ്പനിയ്ക്ക് ജങ്കിപുരിൽ ഫാക്ടറിയുണ്ട്. ചില വീടുകളിൽ കന്നുകാലികളും കൃഷിയുമുണ്ട്. ബീഡി തെറുപ്പും ഫാക്ടറി പണിയും മറ്റ് കൂലിപ്പണിയുമാണ് പൊതുവേ. പത്തിലധികം വമ്പൻ ബീഡി കമ്പനികളുണ്ട് ഈ മേഖലയിൽ മാത്രം. ബീഡിയുടെ പ്രചാരം കുറഞ്ഞുവരുന്നത് പ്രതിസന്ധിയിലാക്കുന്നുമുണ്ട്. ഗ്രാമീണർ തെറുക്കുന്ന ബീഡി ഇടനിലക്കാർ ദിവസവും ഗോഡൗണിലെത്തിക്കും, മിൽമയുടെ പാൽ സംഭരണം പോലെയാണത്​. അന്ന്​ ചെല്ലുന്ന സമയത്ത്​ ആയിരം ബീഡി തെറുത്താൽ നൂറുരൂപയാണ്​ കൂലി. മിക്ക വീട്ടിലും നല്ല ജനസംഖ്യയുള്ളതിനാൽ ഒരാൾ മാത്രം തെറുത്താൽ ജീവിതം മുന്നോട്ടുപോകില്ല. കുടുംബമായിരുന്ന് തെറുത്ത് മിനിമം കൂലി കഷ്ടിച്ച് എത്തിക്കുകയാണ് വഴി. ആയിരം ബീഡി തെറുത്താൽ നൂറ് രൂപയാണ് കൂലി എന്ന് പറയുമെങ്കിലും ആയിരം തെറുത്താലൊന്നും പോരാ, നൂറ് കിട്ടാനെന്നതാണ് യാഥാർത്ഥ്യം. പിടുത്തവും കമ്മീഷൻ പിടുങ്ങലും കഴിഞ്ഞ് കയ്യിൽ കിട്ടുന്നത് നൂറിൽ താഴെയാകും മിക്കപ്പോഴും. ഇടനിലക്കാർക്ക് കമ്മീഷൻ നിർബന്ധം. മേടിക്കും, ഒരു മടിയുമില്ലാതെ. ബീഡി തെറുപ്പ് ജീവൻമരണപോരാട്ടം പോലെ സ്പീഡിലാകുന്നത് അതുകൊണ്ടെല്ലാമാണ്. കുട്ടികളും വൃദ്ധരും സ്ത്രീകളും പുരുഷന്മാരും അതുകൊണ്ട്​ മത്സരിച്ച് തെറുക്കും.

പത്മ നദീതീരത്ത് കളിക്കുന്ന കുട്ടികൾ
പത്മ നദീതീരത്ത് കളിക്കുന്ന കുട്ടികൾ

തെരവ് ബീഡി (ഫിനിഷിങ് ക്വാളിറ്റി കുറവുള്ളതായി പറഞ്ഞ് കമ്പനി തള്ളുന്നവ) ഒഴികെയുള്ളതും ഇടനിലക്കാരുടെ കമ്മീഷനുമെല്ലാം വെച്ച് കൂടുതൽ തെറുത്താൽ മാത്രമേ മിനിമം വരുമാനം എത്തിക്കാനാകൂ. ആയിരം ബീഡിയിൽ നിന്ന് തെരവ് മൂലം പത്തോ ഇരുപതോ ബീഡി നഷ്ടമായി എന്നും വരാം. ചുരുക്കിപ്പറഞ്ഞാൽ, ആയിരം ബീഡിയുടെ പൈസ കിട്ടാൻ അതിനേക്കാൾ മുപ്പതോ അമ്പതോ എണ്ണം കൂടുതൽ തെറുത്തേ പറ്റൂ എന്ന് സാരം. ദിവസം 2000 -3000 ബീഡിയെങ്കിലും തെറുത്താലേ എന്തെങ്കിലും കാര്യമുള്ളൂ. 3000 ബീഡിയ്ക്ക് ആകെ കിട്ടുക 270 ഓ 280 രൂപയോ ആയിരിക്കും. വീടുകൾക്ക് അതിജീവിക്കാൻ അനിവാര്യമാണത്. ഗതികേടിനാൽ, അത്രയും ബീഡി കിട്ടാനായി വീട്ടുകാർ എല്ലാവരും ചേർന്ന് തെറുപ്പോട് തെറുപ്പാണ് രാപ്പകലുകൾ എന്ന്​ ചുരുക്കം. മിക്ക വീടുകളിലെയും അംഗസംഖ്യ വച്ച്​ കഴിഞ്ഞുകൂടാൻ അത്ര​യെങ്കിലും ചെയ്​തേ പറ്റൂ.

ആയിരം ബീഡി തെറുത്താൽ 350-400 രൂപയെങ്കിലുമായി കൂലി കൂടിക്കാണുമെന്ന് കരുതി സുഹൃത്തിനോട് ഫോണിൽ ചോദിച്ചു. പ്രതീക്ഷ തെറ്റിപ്പോയത് അവിടെയാണ് ആയിരം ബീഡിയ്ക്ക് നൂറ്റമ്പത് രൂപയാണ് ഇപ്പോൾ കൂലിയെന്ന് സുഹൃത്ത് പറഞ്ഞു.

തെറുപ്പുകാർ കൂടുതലും സ്ത്രീകളാണ്. മുറ്റത്തും മരച്ചുവട്ടിലും വീടിന് പുറകിലെ പറമ്പിലും പെണ്ണുങ്ങൾ കൂട്ടമായിരുന്നവർ തെറുക്കുന്നു. പ്രായമായവരും കുട്ടികളും പുരുഷന്മാരും ഒപ്പം ചേരും. ഒരിടത്ത് ചെന്നപ്പോൾ വീടുകളുടെ പുറകിലേക്കവർ കൂട്ടിക്കൊണ്ടുപോയി. ആടും പശുവുമുള്ള തൊഴുത്തുകളുടെ അരികിലൂടെ. ചതുപ്പുപാടത്തിന് മുന്നേ കശുമാവിൻ തോപ്പ്. അവിടെ മുഖം സാരിത്തലപ്പുകൊണ്ട് മറച്ച പെണ്ണുങ്ങൾ കൂട്ടമായിരുന്ന് ബീഡി തെറുക്കുന്നു. മിക്ക വീടുകളും തീപ്പെട്ടിക്കൂടുകൾ പോലെ. ചിലർക്കുമാത്രം കൃഷിയിടങ്ങളുണ്ട്. വളർത്തുമൃഗങ്ങൾ മിക്ക വീട്ടിലും കണ്ടു. വീടുകളിൽ വാതിലുകൾക്ക് പകരം സാരി കെട്ടിയിട്ടിരിക്കുന്നു. ചിലത് താൽക്കാലിക ഷീറ്റുകൾ കൊണ്ട്​ മറച്ചിട്ടുണ്ട്​. ചെറിയ ബീഡി വിൽപന കടകളും ചായക്കടക്കാരും മുടിവെട്ടുകസേരയും കണ്ടു. മരച്ചുവട്ടിൽ മരക്കേസരയും വലിയ കണ്ണാടിയും സോപ്പും ചീർപ്പും കത്രികയുമായാൽ പല ഗ്രാമത്തിലേയും ബ്യൂട്ടി പാർലറായി.

ബൈക്കിലോ ജീപ്പിലോ എത്തി, രാവിലെ കമ്പനി ഏജന്റുമാർ ഗ്രാമങ്ങളിൽനിന്ന്​ബീഡി കളക്ട് ചെയ്യും. ഇതെല്ലാം ഗോഡൗണുകളിൽ എത്തിക്കും. ദിനംപ്രതി ലക്ഷംകണക്കിന് ബീഡി ഗ്രാമങ്ങളിൽ നിന്ന് ശേഖരിക്കും. കമ്പനി സ്റ്റാഫുകളാണ് ബീഡി ഗോഡൗണുകളിലെത്തിക്കുന്നവർ. പാക്കിങിന് ശേഷം ലോറിയിൽ കേറ്റി, മറ്റ് സംസ്ഥാനങ്ങളിലേക്കും പോകും. ഇടനിലക്കാരിൽ കമ്പനികളുടെ സ്റ്റാഫ് അല്ലാത്തവരുമുണ്ട്. അവർ പല കമ്പനികൾക്കുമായി ബീഡി നൽകും. ഇതല്ലാതെ നേരിട്ട് കമ്പനികളിലെത്തി മിൽമയിലേക്ക് പാലെത്തിക്കുന്ന പോലെ രാവിലെ കാത്തുനിൽക്കുന്ന തൊഴിലാളികളുമുണ്ട്​. രാവിലെ മുതൽ അവരുടെ ക്യൂ ഗോഡൗണുകൾക്ക് മുന്നിൽ കാണാം. ഈ പതിവ് വർഷം മുഴുവൻ തെറ്റാതെ തുടരും.

ദിവസം 2000 -3000 ബീഡിയെങ്കിലും തെറുക്കണം. 3000 ബീഡിയ്ക്ക് ആകെ കിട്ടുക പരമാവധി 280 രൂപയാണ്​. / Photo: PARI, Arunava Patra
ദിവസം 2000 -3000 ബീഡിയെങ്കിലും തെറുക്കണം. 3000 ബീഡിയ്ക്ക് ആകെ കിട്ടുക പരമാവധി 280 രൂപയാണ്​. / Photo: PARI, Arunava Patra

ഇവർ നൽകുന്ന ബീഡിയിൽ നിന്ന് തെരവ് എന്ന പേരിൽ ഫിനിഷിങ് കുറവെന്ന് പറഞ്ഞ് ചെറിയൊരു ശതമാനം ബീഡി തള്ളും. ഇത് കമ്പനി മാറ്റിവെക്കും, ഈ കണക്ക് വെച്ച് തൊഴിലാളിയ്ക്ക് കൂലിയും കുറയ്ക്കും. ശേഷം ഇതേ ബീഡി വിൽപ്പനയ്ക്കായി മാർക്കറ്റിൽ എത്തുകയും ചെയ്യും. കമ്പനികൾ തൊഴിലാളികൾക്ക് നൽകാൻ ഏൽപ്പിക്കുന്ന ബീഡിയില വിതരണം ചെയ്യുന്നതിൽ പോലും അട്ടിമറി കാണാം, ചിലപ്പോൾ ഇടനിലക്കാർ പിശുക്കും. എടുത്തതിലും കുറച്ച് മാത്രം തൊഴിലാളികൾക്ക് നൽകും, ബാക്കി കൂടുതൽ പേർക്ക് നൽകാനായി മാറ്റും, കണക്ക് മാറ്റി, ലാഭിക്കും. അങ്ങനെ ദാരിദ്ര്യലോകത്തെ ചൂഷണങ്ങളുടെ രൂപവും ഭാവവും അനവധിയുണ്ട്, ഈ ഗ്രാമങ്ങളിൽ. ഇതെല്ലാമാണ് ജങ്കിപുരിലെ ബംഗ്ലാദേശ് - ബംഗാൾ അതിർത്തി മേഖലയിലെ ബീഡിത്തൊഴിൽ ജീവിതം.

കഷ്ടിച്ചും അരഷ്ടിച്ചുമുള്ള ദുരിതങ്ങൾക്ക് വലിയ മാറ്റമൊന്നുമില്ല. പുതിയ പ്രതിസന്ധി പല രീതിയിൽ അവർക്കുണ്ടായി. ബീഡിവലി ശീലം കാര്യമായി കുറഞ്ഞതാണ് പ്രധാനം

ജങ്കിപുരിൽ ഹൈവേയോട് ചേർന്നുള്ള മേഖലകളിൽ കുറെയൊക്കെ വികസനം വന്നുവെന്ന് പിന്നീട് ഒരിക്കൽ, അന്ന് കൂടെ വന്ന് സഹായിച്ച സുഹൃത്ത് പീന്നീട്​പറഞ്ഞു. അവിടെയാണ്​ കക്ഷിയുടെ ജീവിതം. ദേശീയപാതയുടെ പണി പൂർത്തിയായി. നല്ല റോഡ് വന്നു, നഗരത്തിൽ. ഉൾഗ്രാമമായ മൊനിഗ്രാമിൽ തെർമൽ വൈദ്യുതപ്ലാന്റ് വന്നു, സർക്കാരിന്റെ. പദ്ധതിയ്ക്കായി ഗ്രാമത്തിലെ കൃഷിഭൂമി വൻതോതിൽ ഏറ്റെടുത്തു. ഗ്രാമത്തിൽ പുതിയ അതിർത്തിവേലികൾ മുളച്ചുപൊന്തി, സർക്കാരിന്റെ മുന്നറിയിപ്പ് ബോർഡുകളും. പ്രദേശവാസികൾ പലർക്കും ദിവസക്കൂലിയ്ക്ക് പ്ലാന്റിൽ താൽക്കാലിക പണി കിട്ടി എന്നതാണ് ഏക ആശ്വാസം. ഫറാഖ മേഖലയിൽ പത്മയിലേക്ക് പോകുന്ന ഹൂഗ്ലിയുടെ കൈവഴിയ്ക്ക് മുകളിൽ പുതിയ പാലം വന്നു. അതിർത്തി ഗ്രാമങ്ങളിൽ പക്ഷേ ബാക്കിയെല്ലാം പഴയപടി. കഷ്ടിച്ചുള്ള ദുരിതങ്ങൾക്ക് വലിയ മാറ്റമൊന്നുമില്ല. പുതിയ പ്രതിസന്ധി പല രീതിയിൽ അവർക്കുണ്ടായി. ബീഡിവലി ശീലം കാര്യമായി കുറഞ്ഞതാണ് പ്രധാനം. ബീഡിയുത്പാദനത്തിന്റെ വാണിജ്യസാധ്യതയെ വലി ശീലത്തിന്റെ കുറവ് കാര്യമായി ബാധിച്ചു. വലി കുറഞ്ഞപ്പോൾ തൊഴിലാളികൾക്ക് പണിയും കുറഞ്ഞു.

നോട്ട് നിരോധനമാണ് തെറുപ്പു തൊഴിലാളികളുടെ ജീവിതത്തിന്റെ പ്രതീക്ഷകളുടെ മുൻപിൽ വഴിമുടക്കിയത്. പിന്നീട് ഒന്ന് പച്ചപിടിച്ച് വരാനുള്ള ശ്രമത്തിനിടെ കൊവിഡും വന്നു. മഹാമാരി വന്നതോടെ പ്രതീക്ഷകളെല്ലാം തകിടംമറിഞ്ഞു. / Photo: PARI, Arunava Patra
നോട്ട് നിരോധനമാണ് തെറുപ്പു തൊഴിലാളികളുടെ ജീവിതത്തിന്റെ പ്രതീക്ഷകളുടെ മുൻപിൽ വഴിമുടക്കിയത്. പിന്നീട് ഒന്ന് പച്ചപിടിച്ച് വരാനുള്ള ശ്രമത്തിനിടെ കൊവിഡും വന്നു. മഹാമാരി വന്നതോടെ പ്രതീക്ഷകളെല്ലാം തകിടംമറിഞ്ഞു. / Photo: PARI, Arunava Patra

നോട്ട് നിരോധനമാണ് ജീവിതത്തിന്റെ പ്രതീക്ഷകളുടെ വഴിമുടക്കിയത്, മുമ്പ്​ഏറെനാൾ. പിന്നീട് ഒന്ന് പച്ചപിടിച്ച് വരാനുള്ള ശ്രമത്തിനിടെ കൊവിഡും വന്നു. മഹാമാരി വന്നതോടെ പ്രതീക്ഷകളെല്ലാം തകിടംമറിഞ്ഞു. ആയിരം ബീഡി തെറുത്താൽ 350- 400 രൂപയെങ്കിലുമായി കൂലി കൂടിക്കാണുമെന്ന് കരുതി സുഹൃത്തിനോട് ഫോണിൽ ചോദിച്ചു. അവിടെയും പ്രതീക്ഷ തെറ്റിപ്പോയി. ആയിരം ബീഡിയ്ക്ക് നൂറ്റമ്പത് രൂപയാണ് ഇപ്പോൾ കൂലിയെന്ന് സുഹൃത്ത് പറഞ്ഞു. ബംഗ്ലാദേശും ബീഡിതൊഴിലിന് പേരുകേട്ടതായതിനാൽ അവിടേക്ക് കയറ്റിവിടാനും പറ്റില്ല. പലരും മറ്റ് പണികൾക്ക് പോകാനും തുടങ്ങി, സ്ത്രീകൾ ഇപ്പോഴും ബീഡിതെറുപ്പ് തുടരുന്നു. മുമ്പ് പോയ യാത്രയ്ക്ക് ശേഷം ജങ്കിപുരിൽ താമസിക്കുന്ന കക്ഷിയെ വിളിച്ച് ചില കാര്യങ്ങൾ കൂടി അന്വേഷിച്ചറിയാൻ ഏർപ്പാടാക്കി. അവിടത്തെ വിവാഹമോചനങ്ങളെക്കുറിച്ച്. ഒരു ഇംഗ്ലീഷ് ദിനപത്രത്തിലെ ലേഖകൻ വഴിയാണ്, വിവരം കിട്ടുന്നത്. ബീഡി തെറുപ്പിൽ പരാജയപ്പെട്ടു പോകുന്നത് കുടുംബ ബന്ധങ്ങളെ പോലും കാര്യമായി ബാധിക്കുന്നുവെന്നതായിരുന്നു ലേഖകൻ നൽകിയ വിവരം.

വിവാഹമോചനം ഈ മേഖലയിൽ കൂടുതലാണെന്ന് മനസ്സിലായി. അന്വേഷിച്ചു പോകാനുള്ള ശ്രമം നടത്തി. ബംഗ്ലാദേശ് അതിർത്തി ഗ്രാമങ്ങളിലെ വീടുകളിലെ വിവാഹമോചിതരുടെ പേരുവിവരങ്ങൾ പലതും കിട്ടി. ചിലരോട് അന്ന് സുഹൃത്ത് വഴി സംസാരിച്ചു. സത്യമാണെന്ന് അവിടത്തെ ചില എൻ.ജി.ഒകൾ ശരിവെച്ചു. തലയും മുഖവും മൂടിയിട്ട പോലെ കുനിഞ്ഞ് ബീഡി തെറുക്കുന്നവരിൽ ചിലരെ കണ്ടു. പക്ഷേ തെളിച്ചു പറയാൻ അവർക്ക് ഭയമുണ്ടായിരുന്നു. മതപരമായ വിലക്കും സാഹചര്യങ്ങളുടെ സമ്മർദ്ദവുമുണ്ടെന്ന് മനസ്സിലായി. മുഖം മറച്ച സാരിത്തലപ്പുകൾക്കിടയിൽ നിന്ന് ഉയർന്ന മറുപടികളിൽ അത് വ്യക്തം. പലരോടും വിവരം തിരക്കിയെങ്കിലും ബാക്കിയെല്ലാ ചോദ്യങ്ങൾക്കും ഉത്തരമുണ്ടായി ഇക്കാര്യം മാത്രം വ്യക്തമാക്കിയില്ല.

ഒരുപക്ഷേ ഇനിയവരെ കാത്തിരിക്കുന്നത് പൗരത്വപ്രശ്‌നമാകാം. മമത പൗരത്വ ബില്ലിനെതിരെ നിരന്തരം പറയുന്നത് ഇവരെയെല്ലാം കൂട്ടിചേർത്താണ്.

മതാനുഷ്ഠാനങ്ങളും ചിട്ടകളും സമൃദ്ധദാരിദ്ര്യവുമുള്ള ഗ്രാമങ്ങൾ. രാഷ്ട്രീയ-മത താൽപര്യത്തിന് വശംവദരായി കഴിയുന്നവർ. എളുപ്പത്തിൽ മതത്തിന് അവരെ കൂട്ടിലിടാൻ കഴിയുംവിധമാണ് ജീവിതം. വിസമ്മതത്തിന്റെ വലിയ പൂട്ടിടുന്ന കവചം അന്തരീക്ഷത്തിലുണ്ട്. പുരുഷന്മാരും മതവിലക്കുമാണത്. ഭയത്തിന്റെ ചിട്ടവട്ടങ്ങളിലാണ് കുടിലുകളിലെ ജീവിതം. സ്ത്രീകൾ അനാരോഗ്യം കൊണ്ടും വീട്ടുതിരക്കുകൾ കൊണ്ടും ബീഡി തെറുക്കുന്നതിൽ നിന്ന് പുറകോട്ട് പോകുന്നതിന്റെ പേരിൽ മാത്രം വിവാഹമോചനം തേടുന്നത് പതിവാണ്. കൂടുതൽ ബീഡി തെറുക്കുന്നവളെ കല്യാണം കഴിച്ചുകൊണ്ടുവരിക എന്നതൊരു അതീജിവന തൊഴിൽസാധ്യതയായി പല പുരുഷന്മാരും കാണുന്നു.

ഒരു ഇംഗ്ലീഷ് പത്രത്തിൽ ഇത് വാർത്തയായി കണ്ടു. പക്ഷെ, ഈ ചോദ്യങ്ങളോട് മാത്രം വ്യക്തമായി പ്രതികരിച്ചില്ല ഗ്രാമീണർ. കാര്യം സത്യം ആണെന്നറിഞ്ഞിട്ടും അത് വാർത്തയായി എഴുതാതെ വിട്ടു. ദാരിദ്ര്യം കൊണ്ടുള്ള തീരുമാനമോ സ്വാർത്ഥതയോടെ അധികാരസ്വഭാവമോ ആകാം അത്തരം നിർബന്ധങ്ങൾക്കും വേർപിരിയിലുകൾക്കും പിന്നിൽ. പക്ഷെ, അത് നടക്കുന്നുവെന്നത്, യാഥാർത്ഥ്യം. ദാരിദ്ര്യത്തിലും ജീവിത വളർച്ചയിലും വിഘാതമായി മതം കാര്യമായി ഇടപെടുന്നത് അവിടെയും കണ്ടു. ശീലങ്ങളുടേയും വിശ്വാസത്തിന്റേയും കീഴ് വഴക്കങ്ങളുടേയും പേരിലുള്ള ഇടപെടലുകൾ അവർക്ക് എളുപ്പമാകുന്നു.

ഒരുപക്ഷേ ഇനിയവരെ കാത്തിരിക്കുന്നത് പൗരത്വപ്രശ്‌നമാകാം.
മമത പൗരത്വ ബില്ലിനെതിരെ നിരന്തരം പറയുന്നത് ഇവരെയെല്ലാം കൂട്ടിച്ചേർത്താണ്. തലമുറകളായി ഇല്ലായ്മകളുമായി പാർക്കുന്ന ജനത. പക്ഷേ പൗരത്വ പ്രശ്‌നത്തിൽ ആരെങ്കിലും നാടുകടത്തപ്പെടുമോ എന്ന ചിന്ത, സർക്കാർ പരിപാടിയായിട്ടില്ല, അന്നവിടെ ചെല്ലുന്ന കാലത്ത്. മോദിയുഗത്തിന് തൊട്ടുമുമ്പായിരുന്നു അത്​. ഗ്രാമീണരുടെ പേടിസ്വപ്നത്തിൽ പോലും പൗരത്വത്തിലെ ഭീതിയോ ആധിയോ ഉണ്ടായിരുന്നില്ല.
ഏതായാലും ആ യാത്ര അവസാനിച്ചു. ബംഗ്ലാദേശ് അതിർത്തിയിൽ നിന്ന് കറക്കങ്ങളും ഫോ​ട്ടോയെടുപ്പുമെല്ലാം കഴിഞ്ഞ് യാത്രാമൊഴിയും ഉപചാരവും ചൊല്ലിപ്പിരിഞ്ഞു. ശേഷം ബർദ്വാൻ വഴി ബീർഭൂമിലേക്ക്, ബോൽപുരിലേക്കും. ▮


വി. എസ്. സനോജ്

മാധ്യമപ്രവർത്തകൻ, ചലച്ചിത്ര​ പ്രവർത്തകൻ. സനോജ്​ സംവിധാനം​ ചെയ്​ത ‘ബേണിങ്​’ എന്ന ഹിന്ദി ചിത്രം ഗോവ ഉൾപ്പെടെ നിരവധി രാജ്യാന്തര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്​.

Comments