ബീണ അധികാരി / ഫോട്ടോ : മണിലാൽ പടവൂർ

മഹാനിർവാൺ റോഡിലെ ഒറ്റമുറിയും
​അയൽഗല്ലിയിലെ ചോപ്പനമ്മൂമ്മയും

രാഷ്ട്രീയ ദേഹികൾ പലരും വന്നെത്തിപ്പാർത്ത വഴിയമ്പലമായിരുന്നു കാക്കിമായുടെ വീട്. ഒരുതരത്തിൽ, സമരസ്മരണകളുടെ രാഷ്ട്രീയ മ്യൂസിയം. അവരെ ആദ്യം കാണുന്ന കാലത്ത്, നല്ല പ്രായമുണ്ട്. വിറച്ചാണ് സംസാരം. കാഴ്ച്ച അല്പം കുറഞ്ഞു. അതിരാവിലെ പക്ഷേ, ഗണശക്തി കയ്യിൽ കിട്ടണം. വാർത്തകളോരോന്നും അരിച്ചുപെറുക്കി, തപ്പിപ്പിടിച്ചു. വംഗ രാഷ്ട്രീയത്തിന്റെ വിപ്ലവവാത്മകതയും കീഴ്‌മേൽ മറിച്ചിലുകളും ഏറെ കണ്ട സ്ത്രീയാണ്. പാർട്ടിയോടും കാളിമാതായോടും കടുത്ത ഇഷ്ടം പുലർത്തി ജീവിച്ചു, മറ്റ് പല ബംഗാളി കമ്യൂണിസ്റ്റുകളേയും പോലെ.

തൊരു കുടുസ്സുമുറിയായിരുന്നു.
നിറയെ പൊടിയും. പഴമ വിരിച്ചിട്ട ജനലും വാതിലും.
വിണ്ടു തുടങ്ങിയ മെറൂൺ കളറുള്ള നരച്ച ചുവര്. ഉള്ളു പക്ഷേ ഏത് നിറമെന്ന് പറയാനാകാത്ത വിധം മങ്ങിയത്.
സൗത്ത് കൽക്കത്തയിലെ ഗൊരിയാഹട്ടിനടുത്ത മഹാനിർവാൺ ഗല്ലിയിലെ കൊച്ചുമുറി. ഗോഡൗണിനോ മറ്റോ എടുത്തിട്ട മുറിയാണ്. കൊൽക്കത്തയിലെ തുടക്കകാലത്ത്, ആദ്യം പരിചയപ്പെട്ട ശേഷം പിന്നീട് വലിയ അടുപ്പമായി മാറിയ മലയാളി സുഹൃത്ത്, സ്‌നേഹബന്ധത്തിന്റെ പേരിൽ തൽക്കാലത്തേക്ക് തന്ന ഇടമാണ്. മറ്റൊരു മുറി കിട്ടും വരേയ്ക്ക്.
കസേരയും കട്ടിലും ചില വലിപ്പുകളും പുരാതന കലണ്ടറുകളും.
എല്ലാം പൊടിമയം. ഫാനിന് മുകളിൽ പ്രാചീനകാലം മുതൽക്കേയുള്ള പൊടിയുടെ ചരിത്രം പറ്റിപ്പിടിച്ച് കിടപ്പുണ്ടായിരുന്നു. സ്ഥലംമാറി കേരളത്തിൽ നിന്ന് ചെന്നപ്പോൾ തൽക്കാലം ഈ കുടുസ്സുമുറി തന്നെ ശരണമെന്ന് തീരുമാനിച്ചു. ഇതിനപ്പുറം ഇനിയെങ്ങനെ ഇടുങ്ങാനാണ് എന്ന്, പറയാതെ പറയുന്ന ഗല്ലികളുടെ പ്രപഞ്ചമാണല്ലോ കൊൽക്കത്ത. തുടക്കകാലത്ത്, നിരന്തരം ഈ വഴികൾ, ധാരണ തെറ്റിച്ച്, എടങ്ങേറാക്കിക്കൊണ്ടിരുന്നു. എല്ലാ വഴികളും ഏകദേശം ഒരുപോലെ തോന്നും. ഭക്ഷണം കഴിക്കാനോ നടക്കാനോ പോയാൽ, ഇടയ്ക്ക് മുറിയിലേക്ക് വരാൻ വൈകി, വഴിതെറ്റിപ്പോകും. അങ്ങനെ കറങ്ങിക്കിറുങ്ങി പലവട്ടം. മൊബൈൽ ആപ്പിലൂടെ താമസയിടം കണ്ടുപിടിക്കാനുള്ള സഹായം ഗൂഗിൾ നൽകിത്തുടങ്ങിയിരുന്നോ എന്നോർമയില്ല ഏതായാലും അതത്ര വ്യാപകമായിരുന്നില്ല എന്നുറപ്പാണ്.

രബീന്ദ്ര സരോവർ തടാകം / Photo : wikipedia commons.

ഗൊരിയാഹട്ട് - റാഷ്ബിഹാരി അവന്യു മെയിൻ റോഡാണരികിൽ. ഡംഡം വിമാനത്താവളത്തിൽ നിന്ന് കാളിഘാട്ട് - ടോളിഗഞ്ച് ഭാഗത്തേക്ക് നീളുന്ന വഴിയിലാണ് ഗൊരിയാഹട്ടും റാഷ്ബിഹാരിയും. മുന്നോട്ടുപോയാൽ പ്രിയ സിനിമയും ദേശപ്രിയ പാർക്കും അത് കഴിഞ്ഞ് ജങ്ഷൻ ക്രോസ് ചെയ്താൽ മീൻ മാർക്കറ്റായി. റാഷ്ബിഹാരി അവന്യൂവിൽ നിന്ന് വലത്തോട്ട് വളഞ്ഞുപുളയുന്ന ഗല്ലികളിലൂടെ നടന്നാൽ കാളിഘാട്ടും ഇടത്തോട്ട് നടന്നുചെന്നാൽ രബീന്ദ്ര സരോവർ തടാകവുമാണ്. നടക്കാൻ അല്പം ദൂരമുണ്ടെങ്കിലും ആകാശമാർഗം നോക്കിപ്പറഞ്ഞാൽ, തൊട്ടരികെയാണ് രബീന്ദ്ര സരോവർ എന്ന വൻമരങ്ങളുടെ പാർക്കും നഗരത്തിരക്കിന് നടുവിലെ വിശാല ജലാശയവും. കാക്കകൾ മര്യാദ മറന്ന് കാര്യം സാധിക്കുന്ന, വെള്ളയും ചാരനിറവുമുള്ള അവയുടെ സ്‌പ്രേമഴ തെറിപ്പിച്ചിട്ട മരത്തണലുകൾ, റോഡരികുകൾ. കൂറ്റൻ മരങ്ങളുടെ തണലാശ്വാസം നൽകുന്ന മനോഹരമായ ഇടമാണ് രബീന്ദ്ര സരോവർ തടാകക്കര. പട്ടണത്തിന് നടുവിലിങ്ങനെയൊരു വിശാലമായ മനുഷ്യനിർമിത തടാകം പ്രതീക്ഷിക്കില്ല. വെള്ളത്തിന്റെ കാര്യത്തിൽ സൗത്ത് കൊൽക്കത്തയുടെ ആശ്രയവും തണലും രബീന്ദ്ര സരോവറാണ്. മഹാനിർവാൺ റോഡിന് അപ്പുറത്തെ സമാന്തരപാത തടാകക്കരയിലേക്ക് നീളും. പ്രണയിക്കുന്നവരുടെ സായാഹ്നാഹ്ലാദലോകം. പകലിരുളുമ്പോൾ കമിതാക്കൾ ചുംബനതാരാവലികൾ സൃഷ്ടിക്കുന്ന മരച്ചുവടും തടാകം അഭിമുഖമായുള്ള സിമന്റ് ബഞ്ചുകളും. പതിവ് നടത്തക്കാരുടെ കല്ലുപതിച്ച നടപ്പാതകൾ, ഉല്ലസിച്ച് കൂടാനെത്തുന്ന കിളികളുടെ ലഹളകൾ, മധ്യവയസ്‌ക്കരുടെ വക രാഷ്ട്രീയാനന്തര അഡ്ഡകൾ, ഓടിക്കളിക്കാൻ വലിയ ഇടം കണ്ട സന്തോഷത്തിൽ ചീറിപ്പായുന്ന കുട്ടികളുടെ ദേശം. അങ്ങനെ അവിടേക്കുള്ള സായാഹ്നനടത്തമൊരു ശീലമായി. പാർക്കിന് തൊട്ടുമുമ്പ് ബിർള അക്കാദമി കൾച്ചറൽ ഹാളാണ്. കുറച്ചുകൂടി മുന്നോട്ടുപോയാൽ സതേൺ സമിതി ഫുട്‌ബോൾ ക്ലബ്. അവരുടെ ഓഫീസും ചെറിയൊരു സ്റ്റേഡിയവും. ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഫുട്‌ബോളർ ഐ.എം. വിജയൻ കുറച്ചുനാൾ പുതുതലമുറയെ കളി പഠിപ്പിക്കാനെത്തിയിരുന്നു. ഏറെ താമസിയാതെ, അദ്ദേഹം രാജിവെച്ചുപോയി. കളിയിൽ നിന്ന് റിട്ടയർ ചെയ്തതിന് ശേഷമായിരുന്നു കൊൽക്കത്തയിലേക്കുള്ള വിജയന്റെ വരവും പെട്ടെന്നുതന്നെയുള്ള മടങ്ങിപ്പോക്കും.

റാഷ്ബിഹാരി അവന്യു മെയിൻ റോഡരികിലെ സിതാർ കട / ​​ഫോ​ട്ടോ: വി.എസ്​. സനോജ്​

നക്‌സൽ- സാംസ്‌കാരിക പ്രവർത്തകനായ സുഹൃത്ത്, ഇടയ്ക്ക് പാർട്ടി സെൽ ചേരുന്ന ഇടം കൂടിയായിരുന്നു അന്നത്തെ കിടപ്പുമുറി. രാഷ്ട്രീയ ചർച്ചയ്ക്ക് ഇരിക്കുന്നതിൽ അവർക്കാർക്കും വിരോധം ലവലേശമില്ല. സ്‌നേഹത്തോടെ സൗമനസ്യങ്ങളോടെ പെരുമാറുന്ന മനുഷ്യരാണ്. ഏത് ചർച്ചയും അവർക്ക് ഓജസ്സും ഊർജ്ജവുമാണ്. പക്ഷേ അവിടെ അപ്രസക്തനാണെന്ന് തോന്നിയതുകൊണ്ട്, ജേർണലിസ്റ്റ് പണിയ്ക്കിത് ചേരില്ലെന്ന് ബോധ്യമുള്ളതുകൊണ്ടും ആ മീറ്റിങ് സമയം പുറത്തേക്കുള്ള ഇറങ്ങിനടപ്പ് സമയമായി മാറി. മാസത്തിൽ രണ്ടോ മൂന്നോ മീറ്റിങ് അവിടെ പതിവാണ്. ഇടയ്ക്ക്, പാതിരാത്രി തണുപ്പിൽ, ഉറങ്ങുമ്പോൾ, ഏതെങ്കിലും ഗ്രാമത്തിലെ ക്ഷീണഭാവമുള്ള സഖാവ് കേറിവന്ന്, കതകിൽ മുട്ടും. ദാരിദ്ര്യം ശരീരത്തിൽ എഴുതിവെച്ച പോലെ ചില മനുഷ്യർ. അവർക്ക് മീറ്റിങുകൾക്കായി നഗരത്തിൽ വന്നാൽ റൂമെടുക്കാനുള്ള സാഹിചര്യമൊന്നും കാണില്ല. ഇത്തരം ഇടത്താവളങ്ങളാകും ആശ്രയം. സുഹൃത്ത് വഴി കിട്ടിയ താല്ക്കാലിക ഇടത്താവളം അന്ന് അനിവാര്യമായിരുന്നു സത്യത്തിൽ. അദ്ദേഹത്തിന്റെ കാരുണ്യത്തിൽ ആശ്വാസം. പൊടി പിടിച്ച കട്ടിലും മരക്കസേരയും മേശയുമുള്ള ആ മുറി, സമാധാനം തന്ന വാസസ്ഥലമായി.

വി.എസ്​. സനോജ്​, മഹാനിർവാൺ റോഡിലെ ഒരു ഗല്ലിയിൽ

വല്ല പൊലീസും വന്ന് പൊക്കുമോ എന്ന പേടിയുണ്ടായിരുന്നു താമസക്കാലത്ത്. പക്ഷേ, ഭാഗ്യത്തിന് അവരുടേതൊരു നിരോധിത സംഘടനയല്ലായിരുന്നതിനാൽ രക്ഷപ്പെട്ടുവെന്ന് പറയാം. അത്തരം പ്രശ്‌നമൊന്നുമുണ്ടായില്ല. അല്ലെങ്കിൽ, പുതിയ താമസക്കാരന്റെ, താടിയും ക്ഷീണഭാവവും കണ്ട്, അവരുടെ ആളെന്ന് തെറ്റിദ്ധരിച്ചാലും കുറ്റം പറയാനുമാകില്ല. അങ്ങനെയിരിക്കെ, ഒരുദിനം സഖാവ് കെ.എൻ.രാമചന്ദ്രനും എത്തി, ഒരു പാതിരാത്രിയിൽ. ഇടയ്ക്ക് ചില സുഹൃത്തുക്കളും വന്നെത്തി. മുറിയുടെ മുകളിലെ നിലയിൽ ഉടമസ്ഥയുടെ താമസം, രണ്ട് അമ്മൂമ്മമാരാണത്. സഹോദരിമാർ. അവർ മുകളിൽ വാണു. അവരുടെ അടുക്കളയുടെ അരികിലൂടെ നടന്നാൽ ചെറിയൊരു ടോയ്‌ലറ്റ്. അതിനെ അങ്ങനെ വിളിക്കാമോ എന്ന് പോലും നിശ്ചയമില്ല.

ബീണ അധികാരി

താമസിക്കുന്നയിടം കഴിഞ്ഞ് മെയിൻ റോഡിന് തൊട്ടുള്ള ചെറുവഴി റോഡ് ക്രോസ് ചെയ്താൽ ഒരറ്റത്ത് സുഹൃത്തിന്റെ വീടായി. അല്പം നടന്നാൽ മതി. അത്ര അടുത്താണത്. തൊട്ടപ്പുറത്തുള്ള ഗല്ലിയുടെ അറ്റം. അദ്ദേഹം കുടുംബമായി അവിടെ കഴിഞ്ഞു. ഇടയ്ക്ക് ചോറും സാമ്പാറും കഴിയ്ക്കാൻ വിളിച്ചു. സുഭിക്ഷമായി കഴിച്ച്, ആശ്വാസത്തോടെ, തിരിച്ചുപോന്നു. ആ പോക്കിലാണ് അവരെ കണ്ടതും, പരിചയപ്പെട്ടതും. കാക്കിമാ എന്ന് എല്ലാവരും വിളിച്ചിരുന്ന ഒരു വൃദ്ധ, പേര് ബീണ അധികാരി.

കൊച്ചു വാതിലും, പഠിപ്പുര പോലെയൊരു ഭാഗവും. അത് കുനിഞ്ഞ് കടക്കണം, കേറിയാൽ, ചെറിയൊരു നടുത്തളം അരികിലെ മുറിയാണ്, കാക്കിമായുടെ. വീട് പകുത്ത് വാടകയ്ക്ക് കൊടുത്തിരിക്കുകയാണ് സുഹൃത്തിന്. കുഞ്ഞു മുറികളാണെല്ലാം. ഇടം നന്നേ കുറവ്. ചെറിയ അടുക്കള. അവിടത്തെ പരിമിതമായ സൗകര്യങ്ങളിൽ പിന്നീടും ഏറെക്കാലം അവിടെ സുഹൃത്ത് കഴിഞ്ഞു. എതിരെയുള്ള മുറിയിൽ കാക്കിമായും. ദാരിദ്യ സൂചനകളുള്ള വീട്. അതിരാവിലെ എണീറ്റ് സ്വന്തം കാര്യങ്ങളെല്ലാം ചെയ്യും, ഭക്ഷണമുണ്ടാക്കും ആ വൃദ്ധ. ഏഴ് മണിയ്ക്ക് ഗണശക്തിയെത്തും. വായന നിർബന്ധം. സ്‌കൂളിൽ പോയിട്ടില്ലാത്ത അവർക്ക് പക്ഷേ ബംഗാളി, ഹിന്ദി പത്രം വായിക്കാനറിയാം. ഇംഗ്ലീഷ് പിന്നീട് അവർ വായിക്കാനും മറ്റും പഠിച്ചു.

കൊൽക്കത്തയിലെ ഒരു പഴയ വീട്​

ബംഗാളികൾ പൊതുവേ, പാരമ്പര്യ ഭവനങ്ങളുടെ ശീലത്തിൽ കഴിഞ്ഞുകൂടി പോകുന്നവരാണ്. വലുപ്പം പ്രശ്‌നമല്ലാത്തവർ. വീട് പുതുക്കിപണിയുക എന്നതൊരു വലിയ സ്വപ്നമോ കലാപരിപാടിയോ അല്ല, അവർക്ക്. സമ്പന്ന കുടുംബങ്ങൾ പലതും പഴയ വീട്ടിൽ, നിറയെ വീട്ടുസാമാനങ്ങൾക്കും കൂറ്റൻ അലമാരകൾക്കും വലിയ ജനവാതിലുകൾക്കുമിടെ, ശീലത്തിന്റെ അടിമകളായി കഴിഞ്ഞുകൂടുന്നത് കാണാം. ഉള്ള തണൽമരമെല്ലാം വെട്ടി, കൂറ്റൻ മതിലും, വീടും പണിയുന്ന ശീലം, പൊതുവേ ബംഗാളി ഭദ്രലോകിന് പോലുമില്ല. വലിയ കുടുംബ സാഹചര്യങ്ങളിൽ വളർന്ന പലരും ചെറിയ വീടുകളിലായിരുന്നു താമസം. കമ്യൂണിസ്റ്റ് നേതാവ് ബുദ്ധദേവ് ഭട്ടാചാര്യയടക്കം. മൃണാൾസെന്നിന്റെ വീട് പഴയതായിരുന്നു. സാമ്പത്തിക വിദഗ്ധനും ജ്യോതിബസു സർക്കാരിൽ ധനമന്ത്രിയുമായിരുന്ന അശോക് മിത്രയെ കാണാൻ ഒരിക്കൽ ചെന്നപ്പോൾ അദ്ദേഹവും പഴയൊരു വീട്ടിലായിരുന്നു. കൂറ്റൻ അലമാരകൾക്കും പുസ്തകക്കൂട്ടത്തിനും നടുവിലെ ചെറിയ മുറിയിൽ വെച്ച് കണ്ടു. വായനയുടെ കൂട്ടുപിടിച്ച് ബുദ്ധദേവിനെ പോലെ അശോക് മിത്രയും കഴിഞ്ഞു, അക്കാലത്ത്.

ജീവിച്ചിരിക്കുന്ന ആദ്യകാല കമ്യൂണിസ്റ്റ് സജീവപ്രവർത്തകയെന്ന പേരിൽ അതാണ് അന്ന് സംസാരിച്ചത്. എതെന്നിൽ സന്തോഷമുണ്ടാക്കി. ചെങ്കടൽ ഇരമ്പിയ സമരകാലത്തെ മനസ്സിൽ ആവാഹിച്ചു അവർ. അവരുടെ കഥകൾ കൂടുതലായി സുഹൃത്ത് പറഞ്ഞുതന്നു. പ്രസ്ഥാനത്തോടുള്ള സ്‌നേഹം നിറഞ്ഞുകിടക്കുന്നുണ്ടായി ആ പ്രായത്തിലും. പലതും അവർ ഓർത്തെടുത്തു. വർഷമോ മാസമോ, വിട്ടുപോകാത്ത ശ്രദ്ധയോടെയായി സംസാരം. സിദ്ധാർത്ഥ ശങ്കർ റേയുടെ കാലം, മാർക്‌സിസ്റ്റ് ഭരണകാലം, കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ തകർച്ച, മമതയുഗത്തിന്റെ പിറവി, ഇതെല്ലാം കണ്ടു.

ബീണ അധികാരി

രാഷ്ട്രീയ ദേഹികൾ പലരും വന്നെത്തിപ്പാർത്ത വഴിയമ്പലമാണ് കാക്കിമായുടെ വീട്. ഒരുതരത്തിൽ, സമരസ്മരണകളുടെ രാഷ്ട്രീയ മ്യൂസിയം. അവരെ ആദ്യം കാണുന്ന കാലത്ത്, നല്ല പ്രായമുണ്ട്. വിറച്ചാണ് സംസാരം. കാഴ്ച്ച അല്പം കുറഞ്ഞു. അതിരാവിലെ പക്ഷേ, ഗണശക്തി കയ്യിൽ കിട്ടണം. വാർത്തകളോരോന്നും അരിച്ചുപെറുക്കി, തപ്പിപ്പിടിച്ചു. വംഗ രാഷ്ട്രീയത്തിന്റെ വിപ്ലവവാത്മകതയും കീഴ്‌മേൽ മറിച്ചിലുകളും ഏറെ കണ്ട സ്ത്രീയാണ്. പാർട്ടിയോടും കാളിമാതായോടും കടുത്ത ഇഷ്ടം പുലർത്തിയാണ് അവർ ജീവിച്ചത്, മറ്റ് പല ബംഗാളി കമ്യൂണിസ്റ്റുകളേയും പോലെ.

എട്ട് പതിറ്റാണ്ടിന്റെയെങ്കിലും രാഷ്ട്രീയ അനുഭവമുണ്ട്. പഴയ കഥകളിൽ എന്തിലും ഏതിലും രാഷ്ട്രീയം പുരണ്ടിയിരുന്നു. ഏത് പറച്ചിലിലും സംഘം ചേർന്ന് നടത്തിയ പ്രവർത്തനങ്ങൾ മാത്രം കടന്നുവന്നു. ഞാൻ, ഞാൻ മാത്രം ചെയ്ത കാര്യങ്ങളെന്ന ആത്മരതി, അവർക്ക് അന്യമായിരുന്നു. കുടുംബത്തെക്കുറിച്ച് ഒട്ടും വാചാലയായില്ല, ചോദിച്ചപ്പോൾ. വിവാഹം നടന്ന വർഷം ഓർമ്മയില്ലെന്ന് പറഞ്ഞു. സമര കാലഘട്ടം ഓർക്കുമ്പോൾ മറവിയില്ലല്ലോ എന്ന് ചോദിച്ചപ്പോഴും മറുപടി ചിരി. നൂറ്റാണ്ടിന്റെ ഏതാണ്ട് മുക്കാൽപങ്കോളം, കാലഘട്ടത്തിന്റെ രാഷ്ട്രീയാനുഭവമുണ്ടായിരുന്നു അവർക്ക്. സ്ത്രീ കമ്യൂണിസ്റ്റ് നേതാക്കൾ ചിലരെ ഒളിവിൽ പാർപ്പിക്കാനുള്ള സഹായമൊരുക്കി. വെല്ലുവിളി ഏറ്റെടുത്തു, പ്രതിസന്ധികൾ അതിജീവിച്ചു. 90 വയസ്സിനും മുകളിൽ പ്രായമുണ്ട്, അന്ന് കാണുമ്പോൾ. പഥേർ പാഞ്ചലിയിലെ ചുനിബാലാദേവിയെ ഓർമ വന്നു. റേയുടെ ഇന്ദിർ തക്രൂൺമായെ അവതരിപ്പിച്ച ചുനിബാലയോളം പ്രായാധിക്യം പക്ഷേ ചോപ്പനമ്മൂമ്മയ്ക്കില്ലായിരുന്നു അന്ന്.

കൊൽക്കത്തയിലെ തെരുവ്​ / ഫോ​ട്ടോ: വി.എസ്​. സനോജ്​

സരസ്വതീപൂജാ ദിനത്തിൽ ജനനം, ഹൗറയിലെ യാഥാസ്ഥിതിക കുടുംബത്തിൽ. ഹൗറയിൽ നിന്ന് വിവാഹാനന്തരം മഹാനിർവാർ സരണിയിലെ വീട്ടിലെത്തി. കോൺഗ്രസ് കുടുംബമായിരുന്നതിനാൽ കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനം വീട്ടുകാരെ അസ്വസ്ഥപ്പെടുത്തി. എന്നിട്ടും അരനൂറ്റാണ്ടിലധികം സക്രിയമായി പാർട്ടിക്കാരിയായി ജീവിച്ചു. നൂറുകണക്കിന് ജാഥകളുടെ ഭാഗമായി. പ്രാദേശിക തലത്തിൽ ഏറെ പ്രവർത്തനം നടത്തി. കാർഷിക പ്രക്ഷോഭകാലത്ത് പല വെല്ലുവിളികളേയും നേരിട്ടു. ഒളിവുവാസങ്ങളും യോഗങ്ങളും പ്രകടനങ്ങളും കണ്ടു. കർഷകസംഘം നേതാക്കൾ ഒളിവിൽ പാർത്ത ഇടമായി അവരുടെ വീട്. പഴയകാല കമ്യൂണിസ്റ്റുകാരിൽ പലരും അവിടെ യോഗങ്ങളിൽ പങ്കെടുത്തു. കമ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെട്ട കാലഘട്ടത്തിൽ പോലും തന്റേതായ രീതിയിൽ പ്രസ്ഥാനത്തിന്റെ ഭാഗമായി. ബംഗാൾ ക്ഷാമകാലത്തും തെഭാഗ പ്രക്ഷോഭ കാലത്തും സജീവമായി താഴെത്തട്ടിൽ പ്രവർത്തിച്ചു. മഹിളാ ആത്മരക്ഷാസമിതിയെന്ന കമ്യൂണിസ്റ്റ് വനിതാ സെല്ലിലേക്ക് വനിതകളെ കണ്ണിചേർക്കുന്ന പ്രവർത്തനങ്ങളിൽ പങ്കാളിയായി. ആത്മരക്ഷാ സമിതിയുടെ സജീവ പ്രവർത്തകയും പിന്നീട് ഏറെകഴിഞ്ഞ്, ജനാധിപത്യ മഹിളാ അസോസിയേഷനുണ്ടായപ്പോൾ ജില്ലാ കൗൺസിൽ അംഗമായും പ്രവർത്തിച്ചു.

50 കളോടെ കമ്യൂണിസ്റ്റ് പാർട്ടിയിൽ സജീവമായി പ്രവർത്തിച്ചു തുടങ്ങിയ അവർക്ക്​ 70 കളോടെ പാർട്ടി അംഗത്വം കിട്ടി. അക്കാലത്ത് പാർട്ടി അംഗത്വം എന്നത് ഒരുപാട് നാളത്തെ പ്രവർത്തനത്തിന് ശേഷം ലഭിക്കുന്നതായിരുന്നു. നേതൃപദവികൾ ഏറ്റെടുക്കാൻ പക്ഷേ അവർ മടിച്ചു. സജീവ പ്രവർത്തകരായ വനിതകൾ കുറവായിരുന്നതിനാൽ നേതൃത്വത്തിലേക്ക് ഉയരാനുള്ള സാധ്യതയുണ്ടായിട്ടും വേണ്ടെന്നുവെച്ചു. കുടുംബാവസ്ഥ പറഞ്ഞ്, പേരിൽ പാർട്ടി അംഗത്വം പലതവണ നിരസിച്ചു, പക്ഷേ പാർട്ടി ഘടകം അത് സമ്മതിച്ചില്ല. കടുത്ത പാർട്ടി അനുഭാവമാണ് ബീണ അധികാരിയെ ആ മേഖലയിലെ സജീവ പ്രവർത്തകയാക്കിയത്.

ജ്യോതിബസുവിന്റെ ഭരണകാലത്ത് വിധവാ പെൻഷൻ അനുവദിച്ചെങ്കിലും വാങ്ങാൻ സമ്മതിച്ചില്ല. വേണ്ടെന്ന് പറഞ്ഞു. കാലം കഴിഞ്ഞു, അവശത കൂടി. ജാഥകൾക്ക് പോകാൻ ശരീരം അനുവദിക്കാതായി

ഭർത്താവും സജീവ പാർട്ടി പ്രവർത്തകനായിരുന്നു. മൂന്ന് മക്കളുണ്ടായി. ഭർത്താവ് 80 കളുടെ തുടക്കത്തിൽ രോഗം വന്ന് മരിച്ചു, പീന്നീട് ഒരു മകളും. മരിച്ചുപോയ മകളുടെ രണ്ട് മക്കൾക്കൊപ്പം ബീണ പഴയ വീട്ടിൽ കഴിഞ്ഞു. വാടകയ്ക്ക് നൽകിയതിൽ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് വയസ്സുകാലം കഴിച്ചു. അതിനിടെ എത്രയോ, സംഭവങ്ങൾ കടന്നുപോയി. ബംഗാൾ വിഭജനം, രാജ്യത്തുണ്ടായ അസ്വസ്ഥതകൾ, കമ്യൂണിസ്റ്റ് പാർട്ടി നിരോധനം, അത് മറികടന്നുള്ള പ്രവർത്തനം, മുറിവുകൾ, പലായനങ്ങൾ, കമ്യൂണിസ്റ്റ് പാർട്ടി പിളർപ്പ്, അർധഫാസിസ്റ്റ് ഭീകരത എന്ന് വിളിപ്പേരിട്ട ഭരണകാലം, അടിയന്തരാവസ്ഥ, അങ്ങനെ പലതും.

ജ്യോതിബസുവിന്റെ ഭരണകാലത്ത് വിധവാ പെൻഷൻ അനുവദിച്ചെങ്കിലും വാങ്ങാൻ സമ്മതിച്ചില്ല. വേണ്ടെന്ന് പറഞ്ഞു. കാലം കഴിഞ്ഞു, അവശത കൂടി. ജാഥകൾക്ക് പോകാൻ ശരീരം അനുവദിക്കാതായി. ജാഥ തുടങ്ങുന്ന സ്ഥലത്തെങ്കിലും ഒന്നുപോയി മുഖംകാണിച്ച് വരണമെന്ന വാശിയായി. ബ്രാഞ്ച് കമ്മിറ്റി റാലികൾക്ക് അടുത്തു പോയിവരും. അന്ന് കാണുമ്പോൾ അത്തരം പതിവുകളിലേക്ക് വഴിമാറിയിരുന്നു. ജാഥയിൽ പങ്കെടുക്കാനാവുന്നില്ലെന്ന നിരാശ പങ്കുവെച്ചു. പലതിലും അഭിപ്രായമുണ്ട്. ചിലതിനോട് പ്രതികരിക്കും, ചിലതിൽ മൗനം. കേരളത്തേയും ഇ.എം.എസിനെ പോലുള്ള നേതാക്കളെയുമെല്ലാം ഇഷ്ടപ്പെട്ടു. ഇ.എം.എസിന്റെ വീട് സന്ദർശിച്ചു, ഒരിക്കൽ. ഇ.എം.എസ്. മരിച്ചപ്പോൾ കൊൽക്കത്തയിലെ വിലാപയാത്രയിൽ പങ്കെടുത്തു. അന്ത്യാഞ്ജലി അർപ്പിച്ചുള്ള ബാഡ്ജ് വീട്ടിൽ സൂക്ഷിച്ചു. ബംഗാളിലെ മലയാളി പത്രപ്രവർത്തകനായിരുന്ന വിക്രമൻനായരുമായി നല്ല സൗഹൃദം പുലർത്തി. നായർ ദാ, ഇടയ്ക്കിടെ ബീണയെ കാണാനെത്തി. എല്ലാ ദുർഗാപൂജയ്ക്കും മധുരപലഹാരവും ആനന്ദബസാർ പത്രികയുടെ പ്രത്യേക പൂജാപതിപ്പും എത്തിച്ചു. കവി കടമ്മനിട്ടയും എം.എൻ.വിജയൻ മാഷുമടക്കം എത്രയോ പേർ പരിചയക്കാരായി, അവിടത്തെ താമസക്കാരനായ സുഹൃത്ത് വഴി. പല മലയാളി എഴുത്തുകാരും പലരും കാക്കിമായെ സന്ദർശിച്ചു. മലബാറിലെ കമ്യൂണിസ്റ്റ് നേതാവ് കേളുവേട്ടനുമായും പി. ഗോവിന്ദപിള്ളയുമായും പരിചയമുണ്ടായിരുന്നു.

അധികാരം പോയിട്ട്, അംഗീകാരം പോലുമില്ലാത്ത കമ്യൂണിസ്റ്റ് കാലത്താണ് ബീണ പാർട്ടിയിൽ സജീവമാകുന്നത്. നിരോധിക്കപ്പെടലും മർദ്ദനകാലവും തെരഞ്ഞെടുപ്പും അധികാരാരോഹണങ്ങളും കണ്ടു. അധികാരത്തിലേറിയ പാർട്ടിയുടെ പല രൂപവും ഭാവവും കണ്ടു. ഏകാധിപത്യ പ്രവണതകളടക്കം. ചിലതിനോട് കലഹിച്ചു. ചിലപ്പോൾ നിശബ്ദ സാക്ഷിയായി. ഇടതുപക്ഷം 33 വർഷം ഭരിച്ചതും അതിന് അറുതിയായതും കണ്ടു. നേതാക്കളെ വിമർശിക്കാൻ മടിച്ചില്ല. അധികാരം നേടിയ ശേഷം ചില നേതാക്കൾക്കുണ്ടായ ധാർഷ്ട്യവും അധികാരമോഹവും അവർ അന്ന് തുറന്നു സമ്മതിച്ചു. മമത വന്നപ്പോൾ, മാറ്റം ജനം ആഗ്രഹിച്ചുവെന്ന് പറഞ്ഞു, തൃണമൂലിന് പ്രതീക്ഷ നിറവേറ്റാനുള്ള കഴിവില്ലെന്നും ഇടതുപക്ഷ രാഷ്ട്രീയം ബംഗാളിൽ തിരിച്ചുവരുമെന്നും സ്വപ്നം കണ്ടു. പതിറ്റാണ്ടുകൾ പ്രായാധിക്യങ്ങളോട് പടവെട്ടി അവർ ആ വീട്ടിൽ കഴിഞ്ഞു. ഇടയ്ക്ക്, ബന്ധുക്കൾ കാണാനെത്തും, ചിലപ്പോൾ പേരക്കുട്ടികളും.

ചെങ്കൊടിയുടെ പ്രതാപം അസ്തമിച്ച ബംഗാളിനെ കണ്ടായിരുന്നു പക്ഷേ ബീണ അധികാരിയുടെ വിയോഗം. മമതയും മോദിയും ഭരണത്തിൽ മുന്നേറിയ കാലത്ത്. രണ്ട് മാസത്തോളം മാത്രം മഹാനിർവാൺ സരണിയ്ക്കടുത്തുള്ള ഗല്ലിയിലെ പൊടിമുറിയിൽ താമസിച്ചു. അതിനിടെ അവരെ പലവട്ടം കണ്ടു. സംസാരിച്ചു. 2018 ൽ കാക്കിമാ, ലോകമെന്ന രാഷ്ട്രീയ ഭൂമികയോട് വിടപറഞ്ഞു. ചുവന്ന തുണി പുതപ്പിച്ച് ചിതയിലേക്ക് എടുക്കപ്പെട്ട ദിനം, അങ്ങനെ കടന്നുവന്നു. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


വി. എസ്. സനോജ്

മാധ്യമപ്രവർത്തകൻ, ചലച്ചിത്ര​ പ്രവർത്തകൻ. സനോജ്​ സംവിധാനം​ ചെയ്​ത ‘ബേണിങ്​’ എന്ന ഹിന്ദി ചിത്രം ഗോവ ഉൾപ്പെടെ നിരവധി രാജ്യാന്തര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്​.

Comments