ബറേലി യാത്രയ്ക്കിടെ / ചിത്രം : വി.എസ്.സനോജ്

രണ്ടറ്റങ്ങൾക്കു നടുവിലെ ദേശത്തെ, ടാർപോളിനാൽ മുഖംമറയ്ക്കപ്പെട്ട പള്ളികൾ

ഉത്തർപ്രദേശിലെ ടാക്‌സി യാത്രകളിൽ ഏറെ ആശങ്കപ്പെട്ടതും ഡ്രൈവർമാരോട് എപ്പോഴും അഭ്യർത്ഥിച്ചതും ഒരേയൊരു കാര്യം മാത്രം. റോഡിൽ, ആളെ തട്ടിയാൽ പോലും പശുവിനെ ഇടിക്കരുത്. വണ്ടികൾ തമ്മിലുരയുന്നതൊന്നും പ്രശ്‌നമേയല്ലവിടെ. അതിന്റെ പേരിൽ ലഹള കൂടില്ല ആരും. ഇരുവശവുമുരഞ്ഞ് ബിനാലെ ചിത്രപ്പണിയായി മാറിയ പുത്തൻ കാറുകളുടെയടക്കം സുന്ദരദേശമാണത്. പക്ഷേ പശുവിനെ വണ്ടി തട്ടാനിട വന്നാൽ, ഒരു മരണം ഏതാണ്ട് ഉറപ്പിക്കാം, ഇടിച്ചയാളിന്റെ.

പുലർച്ചെ വണ്ടി വന്നതിന്റെ സൂചന കിട്ടി, ലഖ്‌നൗവിലെ വിരാംഖണ്ട്- 5 സ്ട്രീറ്റിലെ വീടിന് മുന്നിൽ നിന്ന്. യാത്രകളിൽ തലേന്നുതന്നെ പോകാനുള്ള തയ്യാറെടുപ്പുകൾ നടത്തിവെക്കുമെങ്കിലും അതിരാവിലെ പതിവുപോലെ മനസ്സ് യൂടേൺ അടിച്ചു, എഴുന്നേൽക്കാനുള്ള മടി കൊണ്ട്. വേണ്ടായിരുന്നു എന്ന് തോന്നാത്ത ഒരു പുലർച്ചെ യാത്രയും ഇതുവരെ ഉണ്ടായിട്ടില്ല. പലപ്പോഴും യാത്ര ക്യാൻസൽ ചെയ്‌തോലോ എന്നുവരെ ആലോചിച്ചുകിടക്കും. അന്ന് പോരാത്തതിന് മഞ്ഞുകാലവും. രജായിക്കുള്ളിലെ സുഖം പിടിച്ചുള്ള കിടപ്പിനിടെ, യാത്ര പ്ലാൻ ചെയ്തതിൽ സ്വയം ഖേദിച്ചു. പോവണ്ട എന്ന തോന്നലുണ്ടായി. പക്ഷേ അലാമടിച്ചു പലവട്ടം, വീടിന്റെ ലൊക്കേഷൻ ചോദിച്ച് ചോദിച്ച് വണ്ടിക്കാരനുമെത്തി. മാർഗമില്ലിനി. വീട്ടുപടിക്കൽ നിന്ന് ആദ്യ ഹോണെത്തി. റെഡിയാകാൻ എണീറ്റു. അതിരാവിലെ പോയാൽ അല്പംനേരം പിന്നെയും സീറ്റിലിരുന്ന് ഉറങ്ങാം എന്നതൊരു സാധ്യതയാണ്. പക്ഷേ ഡ്രൈവറും ആ മാതൃക സ്വീകരിക്കുമോ എന്ന ആശങ്കയാൽ ഉറങ്ങാൻ പലപ്പോഴും പേടി തോന്നാറുണ്ട്. അന്നത്തെ ഡ്രൈവർ ആള് ഉഷാറായിരുന്നു. പേടിക്കേണ്ട, ഉറങ്ങിക്കോളൂ - അയാൾ പറഞ്ഞു. ഇടയ്ക്കിടെയുള്ള നോട്ടത്തിൽ നിന്ന് ഡ്രൈവർക്ക് കാര്യം മനസ്സിലായി. ആൾ പുതിയ കക്ഷിയാണ്. മര്യാദയോടെ പെരുമാറ്റം. വൃത്തിയുള്ള വേഷം.

ദേശീയപാത വികസനം നല്ല രീതിയിലുള്ള സംസ്ഥാനമാണ് യു.പി. പക്ഷേ ഹൈവേ നിർമാണം കാരണം മിക്കയിടത്തും പൊടി നിറഞ്ഞുപുതഞ്ഞിരിക്കും കാലങ്ങളോളം എന്നുമാത്രം.

ബുക്ക് ചെയ്ത ഏജൻസിയുടെ ഡ്രൈവറല്ല കക്ഷി. അവർക്ക് വണ്ടി ഒഴിവില്ലാത്തതിനാൽ പുതിയൊരു ടാക്‌സി ഏർപ്പാടാക്കി തന്നതാണ്. വണ്ടിയുടെ ഉടമസ്ഥൻ തന്നെയാണ് ഡ്രൈവർ. അതുകൊണ്ട് നല്ല ശ്രദ്ധയുണ്ട് വണ്ടിയോട്. സ്വന്തം വണ്ടിയായതിന്റെ വൃത്തി വാഹനത്തിനകത്തുമുണ്ട്. ഗൾഫിലായിരുന്നു ഏറെനാൾ. വലിയ സമ്പാദ്യമൊന്നുമില്ല. എങ്കിലും തരക്കേടില്ലാതെ കഴിഞ്ഞുപോകുന്നു, കുടുംബമായി. ബാരാബങ്കിയിലാണ് വീട്. ഒരു ഇന്നോവ മേടിച്ച് ടാക്‌സിയായി ഓടുകയാണിപ്പോൾ. മിക്കപ്പോഴും ടൂർ യാത്രകൾ കാണും. മസൂറി, വാരാണസി, നേപ്പാൾ, ഖജുരാഹോ എന്നിവിടങ്ങളിലേക്ക് യാത്രികരുമായി - അയാൾ ജീവിതം പറഞ്ഞു. പേര് ഫിറോസ് ഖുറേഷി. സൗമ്യമായി ചിരിച്ചുകൊണ്ടാണ് ഖുറേഷിയുടെ സംസാരങ്ങൾ. നേരംവെളുക്കാൻ പോകുന്നതേയുള്ളൂ. അതിനാൽ തിരക്കില്ലാത്ത ലഖ്‌നൗവിലെ വലിയ മേൽപ്പാലങ്ങളിലൂടെ വണ്ടി ലൈറ്റുമിട്ട് ചീറിപ്പാഞ്ഞു. ഏറെനേരം ആ പോക്ക് നീണ്ടു. സീതാപൂർ വഴിയിലേക്ക് എത്തിയതോടെ നഗരം ഗ്രാമത്തിന് വഴിമാറി. നാട് വെളിച്ചപ്പെട്ടു തുടങ്ങി. ദേശീയപാതയുടെ ഇരുവശവും ഗ്രാമപ്രദേശങ്ങളായി. നേരം വെളുക്കുകയാണ്.

രാംപുർ പോകാനുണ്ട്, ഷാജഹാൻപുരിന് ശേഷം. നല്ല സമയവും ദൂരവുമെടുക്കും യാത്ര. സ്പീഡിൽ പോയാലും തിരികെയെത്താൻ പാതിരാത്രിയാകും. ലഖ്‌നൗവിനും രാംപുരിനുമിടയിലാണ് ഷാജഹാൻപുർ. ലഖ്‌നൗവിനും ബറേലിയ്ക്കുമിടയിൽ എന്നും പറയാം. ജിയോഗ്രഫി നോക്കിയാൽ ഷാജഹാൻപുർ ഏതാണ്ടൊരു നടുപ്പകുതിയാണ്. രണ്ടറ്റങ്ങളുടെ നടുപ്പന്തിയിലെ കലുഷിതമായ ലോകങ്ങളിലൊന്ന്. വീതിയേറിയ ഹൈവേകളുണ്ട് യു.പിയിൽ. മിക്കയിടത്തും ഏറെ നാളുകളായി ഹൈവേ പണികൾ നടക്കുന്നുമുണ്ട്. ദേശീയപാത വികസനം നല്ല രീതിയിലുള്ള സംസ്ഥാനമാണ് യു.പി. പക്ഷേ ഹൈവേ നിർമാണം കാരണം മിക്കയിടത്തും പൊടി നിറഞ്ഞുപുതഞ്ഞിരിക്കും കാലങ്ങളോളം എന്നുമാത്രം. തണുപ്പാണ്. വണ്ടി മുന്നോട്ട് പായുന്നു. പുലർച്ചെ യാത്രകളിൽ കോടമഞ്ഞ് പൊതിയും ഹൈവേകളിൽ. ഉത്തരേന്ത്യയിലെ ശീതകാല യാത്രകളുടെ സൗന്ദര്യവും വലിയ അപകടസാധ്യതയും അതുതന്നെ. പോകുന്ന പോക്കിൽ പലയിടത്തും കൂട്ടിമുട്ടൽ ദുരന്തങ്ങളുടെ അവശേഷിപ്പുകളായി വാഹനങ്ങൾ തകർന്നുകിടപ്പുള്ളത് കാണാം.

ചില യാത്രകളിൽ ഡ്രൈവർമാരുടെ രീതികളും പ്രശ്‌നമുണ്ടാക്കും. വണ്ടിയിലിരുന്ന് പാൻ ചവച്ച് ഇടയ്ക്കിടെ പുറത്തേക്ക് തുപ്പും. യാത്രക്കാർ ഉടക്കിയാൽ പോകുന്ന പോക്കിനിടെ വണ്ടി നിർത്താതെ ഒരു കൈ കൊണ്ട് സ്റ്റിയറിങ് പിടിച്ച് മറുകൈ കൊണ്ട് സ്വന്തം ഡോർ തുറന്ന് പുറത്തേക്ക് തുപ്പിക്കൊണ്ടിരിക്കും എന്നിട് ഡോർ അടയ്ക്കും. ഹൈവേയാണോ ചെറിയ റോഡാണോ എന്നതൊരു പ്രശ്‌നമല്ല, അവർക്ക്. എതിരെ വണ്ടികൾ ചീറിപ്പാഞ്ഞുവരുമ്പോഴാകും ചിലപ്പോൾ ഈ സാഹസം. അസുഖകരമായ കാഴ്ച്ചയാണത്, അപകടസാധ്യത ഏറിയതും. എന്നാൽ അവരെ സംബന്ധിച്ച് സ്ഥിരം ശീലവും. എത്ര വിലക്കിയാലും ശീലം കൊണ്ട് ചെയ്തുകൊണ്ടേയിരിക്കും. ഓടിക്കലിനിടെയുള്ള ഡ്രൈവർമാരുടെ ഫോൺവിളികളാണ് മറ്റൊരു തലവേദന. ഒരു കൈയിൽ ഫോണുമായി ഹൈവേയിലൂടെ അതിവേഗത്തിൽ വണ്ടിയോടിക്കും. അന്ന് പക്ഷേ ഇതൊന്നുമുണ്ടായില്ല. മുറുക്കിത്തുപ്പും ബഹളത്തിൽ പാട്ടുവെക്കലും ഫോൺവിളി സാഹസവും. കഞ്ചാവ് ചെടികൾ കമ്യൂണിസ്റ്റ് പച്ചപോലെ പടർന്ന സീതാപൂരിലെ പാടങ്ങൾക്ക് നടുവിലെ നീണ്ടുകിടക്കുന്ന ഹൈവേയിലൂടെ കാർ ഓടിക്കൊണ്ടിരുന്നു. പൊടിയോട് പൊടി. ബറേലി-ഡൽഹി ദേശീയപാതയുടെ വിസ്തൃതമായ പാതയ്ക്കുള്ള പണിയാണ് നടക്കുന്നത്. വിശക്കുന്നു. ചായയെങ്കിലും കുടിക്കണം. ഡ്രൈവറോട് പറഞ്ഞു. അയാൾ പറ്റിയ സ്ഥലം നോക്കിത്തുടങ്ങി.

ബറേലിയും ഷാജഹാൻപൂരും. ഹിന്ദു- മുസ്​ലിം വേർതിരിവ് നല്ല പോലെയുണ്ടെന്ന് തോന്നിപ്പിക്കും ഈ മേഖലകൾ. ചരിത്രവും രാഷ്ട്രീയവുമതാണ്. ചെറുകിട വ്യവസായങ്ങളും കൃഷിയുമാണ് പ്രധാന ഉപജീവനമാർഗം. എല്ലാം ഒരു മരുപ്പറമ്പ് കണക്കെ വരണ്ട് കിടക്കുന്നു.

ഒരു പാലം കണ്ടു. അത് കടക്കുന്ന ഭാഗത്തിന് മുമ്പുള്ള കവല. ഹൈവേയുടെ അരികിൽ പഴയ വീടുകളും ചായക്കടകളും പീടികകളുമെല്ലാം റോഡിനായി തകർക്കപ്പെട്ടത് കാണാം. സർവ്വം വാരിയെടുക്കപ്പെട്ടിരിക്കുന്നു. എല്ലുനുറുങ്ങിപ്പോയ കടകളുടെ നിൽപ്പും കിടപ്പും കണ്ടു. ഇഷ്ടികയും മരക്കഷ്ണങ്ങളും ഓടും കമ്പിയുമെല്ലാമായി വീടിന്റെ അസ്ഥികളും കടകളുടെ അസ്ഥിവാരങ്ങളും. പണി പുരോഗമിക്കുന്നതേയുള്ളൂ. അടുത്ത ഘട്ടത്തിൽ അവിടം നിരപ്പാക്കപ്പെടും. പുതിയ ഹൈവേ പൂർത്തിയാകും. സമീപത്ത് അല്പം ദൂരെയ്ക്ക് ചില കടകൾ മാറ്റിസ്ഥാപിക്കപ്പെട്ടു കണ്ടു. പലതും കൊച്ചു പീടികകൾ ആണ്. ചിലത് താല്ക്കാലികമായി എടുത്തുമാറ്റാനാകുന്നവ. ചായയോ ബണ്ണോ ബിസ്‌കറ്റോ മാത്രമേ ഈ നേരത്ത് കിട്ടൂ. ഡ്രൈവർ സുഹൃത്ത് വണ്ടിയൊതുക്കി. കുടിൽ പോലൊരു ചായക്കട. തലക്കെട്ടും കമ്പിളിയും പുതച്ച് വൃദ്ധരായ ചിലർ ചായ കുടിക്കുന്നു. മുറുക്കിത്തുടങ്ങി മറ്റ് ചിലർ അതിരാവിലെ തന്നെ. ചായയും ബണ്ണും ബിസ്‌ക്കറ്റും ചില ബ്രഡ് പാക്കറ്റുകളും കണ്ടു. ചായയും ബണ്ണുമാണ് രാവിലെ സേഫ്. അല്പം കഴിഞ്ഞാൽ സമൂസ കിട്ടും. പുണ്യപുരാതന എണ്ണയിൽ കുതിർത്തി പൊരിച്ചെടുക്കുന്നവ. കാലത്ത് കഴിച്ചാൽ രാത്രി വരെ വയറ് കേടാകാൻ അത് ധാരാളം മതിയാകും.

രാംപുരിലെ ഒരു ചായപ്പീടികയ്ക്ക് മുന്നിൽ വി.എസ്​. സനോജ്​
രാംപുരിലെ ഒരു ചായപ്പീടികയ്ക്ക് മുന്നിൽ വി.എസ്​. സനോജ്​

ബറേലി ഡിവിഷനിലാണ് ഷാജഹാൻപുർ. ഷാജഹാൻപുർ പോലെ പേരുകേട്ടതാണ് അയൽജില്ലയായ പിലിഭിത്ത്. മനേകഗാന്ധിയും വരുൺഗാന്ധിയും ജയിച്ച ഇടം. കത്രയും ജലാലാബാദും തിൽഹറുമൊക്കെയായി നിരവധി സ്ഥലപ്പേരുകൾ. ബറേലി ഡിവിഷനിലെ പ്രധാന മേഖലകളാണവ. സീതാപൂർ റോഡിൽ നിന്ന് ഇടത്തോട്ട് മറ്റൊരു ഹൈവേയിലേക്ക് തിരിഞ്ഞ് ഹർദോയ്, ഷഹാബ്പുർ വഴി വണ്ടിയെടുത്തു. നേരെ പോയാൽ ബറേലിയും അതിന് മുമ്പേ ഷാജഹാൻപൂരും. ഹിന്ദു- മുസ്​ലിം വേർതിരിവ് നല്ല പോലെയുണ്ടെന്ന് തോന്നിപ്പിക്കും ഈ മേഖലകൾ. ചരിത്രവും രാഷ്ട്രീയവുമതാണ്. ചെറുകിട വ്യവസായങ്ങളും കൃഷിയുമാണ് പ്രധാന ഉപജീവനമാർഗം. എല്ലാം ഒരു മരുപ്പറമ്പ് കണക്കെ വരണ്ട് കിടക്കുന്നു. തണുപ്പുസമയമായതുകൊണ്ട് കൂടുതൽ അസ്വസ്ഥതയില്ല. ചൂടുകാലത്ത് അസഹനീയമാണ് ഈ മേഖലയുടെ പൊതുവേയുള്ള കാലാവസ്ഥ. ഹൈവേ പണി ഒന്ന് തീർന്നാൽ നാടിന്റെ മുഖച്ഛായ തന്നെ മാറും. പക്ഷേ ഇവിടത്തെ മനുഷ്യരുടെ അറിവില്ലായ്മകളും വർഗീയ താല്പര്യങ്ങളും അവരെ അതിലേക്ക് വംശവദരാക്കുന്ന പണികളും മാറാൻ ഇനിയും കാലമെടുക്കുമെന്ന് ഇതുവരെയുള്ള ഷാജഹാൻപുരിന്റെ സംഭവചരിത്രം പറഞ്ഞുതരും. സമീപപ്രദേശമായ ഫരീദ്പൂർ അടക്കമുള്ള മേഖലകൾ വർഗീയ സംഘർഷത്തിന്റെ വിളനിലമാണ് പലപ്പോഴും.

ഷാജഹാൻപുർ മേഖലയിൽ ഇരുവിഭാഗങ്ങളും രണ്ട് മേഖലകളായാണ് കൂടുതലും താമസിക്കുന്നത് എന്ന് മനസ്സിലായി. യു.പിയിൽ പലയിടത്തും അങ്ങനെയാണ്. വാരണസിയിൽ അങ്ങനെയല്ല. കാശി വിശ്വാനാഥന്റെ തൊട്ടരികെ ഗല്ലികളിൽ ഇരുമതസ്ഥരും ഇടകലർന്ന് ജീവിക്കുന്നു, വലിയ അലട്ടലുകളോ പ്രശ്‌നമോ ഇല്ലാതെ. ഷാജഹാൻപുരിൽ പക്ഷേ ചില ഗല്ലികൾ ഹിന്ദുക്കളുടേയും ചിലത് മുസ്ലീങ്ങളുടേതും മാത്രം. ജില്ല ഹിന്ദുക്കളുടെ ഭൂരിപക്ഷ പ്രദേശമാണ്. ഏതാണ്ട് 70-26 ശതമാനം എന്ന രീതിയിലാണ് ഇവിടെ യഥാക്രമം ഹിന്ദു-മുസ്ലീം ജനസംഖ്യ. എന്നാൽ രാംപുർ മേഖലയിലേക്ക് കേറിപ്പോകും തോറും നേരെ തിരിയും. അവിടെ മുസ്ലീം ജനസംഖ്യ കൂടുതലുണ്ട്. ഏതാണ്ട് 70-28 എന്ന രീതിയിലാണ് രാംപുർ ടൗണിലെ മുസ്ലീം-ഹിന്ദു പോപ്പുലേഷൻ. വർഗീയ മിന്നലാട്ടങ്ങളുടെ അശാന്തയിടമായി മാറിയെങ്കിലും പഴയ ഷാജഹാൻപുരിന് സാംസ്‌കാരികതയുടെ ഗരിമയുണ്ട്. സംഗീതത്തിന്റെ വലിയ പാരമ്പര്യവുമുള്ള ദേശം. സരോദ് വാദകരുടെ വിസ്മയിപ്പിക്കുന്ന ലോകം. ലോകപ്രശസ്തരായ കലാകാരൻമാർ ഷാജഹാൻപുർ ഖരാനയുടെ സന്തതികളാണ്. ഇനായത്ത് അലി ഖാൻ തൊട്ട് ജീവിച്ചിരിക്കുന്ന സംഗീത വിസ്മയം അംജദ് അലിഖാൻ വരെ. സംഗീത ഇതിഹാസങ്ങളുടെ തലമുറയിലൂടെ സരോദ് ശ്രുതികൾ സംഗീതവിസ്മയം പൂണ്ട മണ്ണ്. പക്ഷേ കലകളുടെ വാസനലോകത്തിന് പുറത്തേക്ക് ഇവിടത്തുകാരുടെ ജീവിതം മതഭിന്നിപ്പിലേക്കും വെറുപ്പുകളിലേക്കും വഴിതെറ്റിപോയി എന്ന് മാത്രം.

ഷാജഹാൻപുരിൽ പോകാൻ മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. ഷാജഹാൻപൂർ സമാചാർ എന്ന എഫ്.ബി. പേജ് പത്രവും നടത്തിപ്പുകാരനും പ്രാദേശിക പത്രപ്രവർത്തകനുമായ ജഗേന്ദ്രസിങും ആയിരുന്നു കാരണം. ഷാജഹാൻപുർ യാത്രയ്ക്കും മേഖലയുടെ അവസ്ഥ കാണാനും പ്രേരിപ്പിച്ചത് ആ സിറ്റിസൺ ജേർണലിസ്റ്റിന്റെ ജീവിതം വാർത്തയായപ്പോഴാണ്. ഖനി മാഫിയയെക്കുറിച്ച് നിരന്തരം എഴുതി സിങ്. ഷാജഹാൻപുരിലെ അനധികൃത ഖനനവും ഭൂമി കയ്യേറ്റങ്ങളും വാർത്തയാക്കിയ പ്രാദേശിക പത്രപ്രവർത്തകൻ. കണ്ടെത്തലുകൾ ചിത്രങ്ങളും വീഡിയോകളും സഹിതം നിരന്തരം ഫേസ്ബുക്കിൽ പോസ്റ്റായി ഇട്ടു, പലരുടേയും ഉറക്കം കെടുത്തി. ഒരു ദിനം കഥ മാറി. ജഗേന്ദ്രസിങിനെ തീ കൊളുത്തി മരിച്ച നിലയിൽ സ്വവസതിയിൽ കണ്ടെത്തി. പോലീസ് തെളിവെടുപ്പ് നടത്തി അർധശങ്കയ്ക്കിടയില്ലാതെ പറഞ്ഞു- ആത്മഹത്യ തന്നെ. ചില നാട്ടുകാരും ബന്ധുക്കളും പക്ഷേ മറ്റ് ചിലത് പറഞ്ഞു. തീ കൊളുത്തപ്പെട്ടതാണെന്ന്. ആരോപണം എത്തിയത് അക്കാലത്തെ, സമാജ് വാദി പാർട്ടി മന്ത്രിസഭയിലെ പ്രമുഖനായ ഒരു വ്യക്തിയിൽ. ആരോപണം നിഷേധിച്ച മന്ത്രി, സിങിന്റെ മരണം അദ്ദേഹത്തിന്റെ വിധിയാണ് എന്ന് കൂടി മാധ്യമങ്ങളോട് പറഞ്ഞു. വാർത്ത വിവാദമായപ്പോൾ മന്ത്രി പ്രസ്താവന തിരുത്തി മാപ്പും പറഞ്ഞു. കൂടുതൽ മാധ്യമങ്ങൾ ഷാജഹാൻപുർ സമാചാർ നടത്തിയ സിറ്റിസൺ ജേർണലിസ്റ്റിന്റെ വിധി എന്തായിരുന്നു എന്ന് തേടിയെത്തി.

പലതവണ മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫംഗങ്ങളും പോലീസും മന്ത്രിയ്‌ക്കെതിരെ വാർത്ത നൽകുന്നതിനെതിരെ ഭീഷണി മുഴക്കിയിരുന്നെന്ന് വീട്ടുകാർ പറഞ്ഞു. പലതവണ പോലീസ് നേരിട്ട് വാണിങ് നൽകി. ഒരു ദിവസം വീട്ടിൽ ഒറ്റയ്ക്കുള്ളപ്പോൾ കേസിന്റെ കാര്യങ്ങൾ സംസാരിക്കാനായി രണ്ട് പോലീസുകാരും മറ്റൊരാളുമെത്തി. ജഗേന്ദ്രസിങിനോട് സംസാരിക്കാനായി കൊച്ചുവീടിനുള്ളിൽ കയറി. അവർ കുറച്ച് പുറത്തേക്ക് പോയി അല്പസമയത്തിനകം സിങിനെ തീപൊള്ളലേറ്റ് കരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് വീട്ടുകാരുടെ മൊഴി. വീട് പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നുവെന്നും അവർ ആരോപിച്ചു. തീപ്പെട്ടിയും പെട്രോൾ പാത്രവും കണ്ടെത്തിയിരുന്നു വീടിനുള്ളിൽ. ആത്മഹത്യ ചെയ്യേണ്ട കാര്യമില്ല സിങിനെന്നും അവർ കൊന്നതാണെന്നും വീട്ടുകാർ മാധ്യമങ്ങളോട് കരഞ്ഞുപറഞ്ഞു. വീട് പുറത്ത് നിന്ന് പൂട്ടിയത് ആരെന്ന് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിലെ ഒരാൾ അന്ന് കാണാൻ വന്നവരിൽ ഉണ്ടായിരുന്നതായും ആരോപിച്ചു. ആരോപണവിധേയൻ പക്ഷേ മന്ത്രിസഭയിൽ ഉറച്ചിരുന്നു. മുഖം രക്ഷിക്കാനായി സർക്കാർ സിങിന്റെ കുടുംബത്തിന് ധനസഹായവും സർക്കാർ ജോലിയും വാഗ്ദാനം ചെയ്തു. കേസന്വേഷണം എങ്ങുമെത്തിയില്ല. ജഗേന്ദ്രസിങിന്റെ ഖനനവിരുദ്ധ മാധ്യമപ്രവർത്തനം അങ്ങനെ, എന്നെന്നേക്കുമായി നിലച്ചു. ഇപ്പോഴെന്തു സംഭവിച്ചു ആ കേസിന് എന്നറിയില്ല. ആ സംഭവം പിടിച്ചുകുലുക്കിയ കാലത്താണ് അവിടെ പോകുന്നത്.

ഒരു മന്ദിറിനോട് ചേർന്ന ഗല്ലിയിലൂടെയാണ് രാവിലെ പ്രചാരണം. ചുറ്റും ജയ് വിളികൾ. ശംഖ് വിളിയും പുഷ്പവൃഷ്ടിയും പൂമാലയിടലും. അന്തരീക്ഷത്തിലാകെ ജയ് ശ്രീറാം വിളികൾ. അങ്ങനെ കക്ഷിയ്‌ക്കൊപ്പം അൽപനേരം ഗല്ലികളിൽ നടന്നു

ഷാജഹാൻപൂരിൽ എത്തുമ്പോൾ മണ്ണ് ഖനനം പ്രധാന തൊഴിൽമേഖലയാണെന്ന് ബോധ്യപ്പെട്ടു. എങ്ങും ഖനനമാണ്. ബറേലിയ്ക്ക് പോകുന്ന വീഥിയ്ക്ക് ഇരുവശവും നിറയെ ഫാക്ടറികളുമുണ്ട്. ഇൻഡസ്ട്രിയൽ മേഖലയാണ്. ആറ് തവണ ജനപ്രതിനിധിയായ ആളെ കാണാനുള്ളതുകൊണ്ട് അതിനായി ഇടം തേടിക്കൊണ്ടിരുന്നു. പല വഴികളിലൂടെ വണ്ടിയോടി. പാർട്ടി ഓഫീസിലേക്ക് വണ്ടിവിടാൻ പറഞ്ഞപ്പോൾ ഡ്രൈവർ ഒരു സംശയമില്ലാതെ വണ്ടിയോടിച്ച് എത്തിച്ചുതന്നത് ആർ.ടി.ഓഫീസിലേക്ക്. ഒടുവിൽ തപ്പിപ്പിടിച്ച് എം.എൽ.എയുള്ള ഇടം കണ്ടുപിടിച്ചു. സംസാരിച്ചു, ഓഫീസിൽ നിന്ന് ചായയും മധുരവും കഴിക്കേണ്ടിവന്നു. അയാൾക്കൊപ്പം നടക്കാമോ എന്ന് ക്ഷണം. പ്രചാരണം കാണാമെന്നും. ഒരു മന്ദിറിനോട് ചേർന്ന ഗല്ലിയിലൂടെയാണ് രാവിലെ പ്രചാരണം. ചുറ്റും ജയ് വിളികൾ. ശംഖ് വിളിയും പുഷ്പവൃഷ്ടിയും പൂമാലയിടലും. അന്തരീക്ഷത്തിലാകെ ജയ് ശ്രീറാം വിളികൾ. അങ്ങനെ കക്ഷിയ്‌ക്കൊപ്പം അൽപനേരം ഗല്ലികളിൽ നടന്നു. ഖുറേഷിയോട് ഗല്ലിയുടെ മുന്നിലുള്ള വന്നിറങ്ങിയ വഴിയിൽ വണ്ടിയുമായി കാത്തുനിൽക്കാൻ പറഞ്ഞ് ജനപ്രതിനിധിയുടെ കൂടെ കൈനിബാദ് സരായ് എന്ന ഗല്ലിയിലേക്ക് നടന്നു. ഡ്രൈവർക്ക് കൂടെ വരണോ വേണ്ടയോ എന്ന ആശങ്കയും ധൈര്യക്കുറവും കണ്ടു. മേഖല കാവി അനുഭാവത്തിന്റെ വഴികളാണ്.

മന്ദിറിനോട് ചേർന്ന ഗല്ലിയിലാണ് നിൽക്കുന്നത്. വി.എച്ച്.പി, ബജ്‌റംഗ്ദൾ പ്രവർത്തകരാണ് നേതാവിന്റെ കൂടെ നിറച്ചും. ഏഴാമത്തെ മത്സരമാണിത് പുള്ളിയ്ക്ക്. സമീപത്തെ ക്ഷേത്രത്തിൽ അരമണിക്കൂറോളം പൂജ നടത്തിയാണ് ദിവസവും പ്രചാരണത്തുടക്കം. പുറത്ത് ഡ്രൈവർ കാത്തുനിന്നു. ഡ്രൈവറുടെ രൂപവും മതവും അപ്പോഴത്തെ സാഹചര്യത്തിന് ഇണങ്ങുമോ എന്നുറപ്പില്ല. ചെറിയ പ്രശ്‌നം ആളിക്കത്താൻ നിൽക്കുന്ന ലോകമായതിനാൽ റിസ്‌ക് എടുത്തില്ല. വർഗീയ കലാപങ്ങൾ എളുപ്പമുണ്ടാകുന്ന മേഖലയാണിത്. ജൂട്ടാ മാർ ഹോളി എന്ന ഒരു ഘോഷയാത്രയുണ്ട് ഇവിടെ. അത് നടക്കുമ്പോൾ മുസ്ലീം പള്ളികൾ ടാർപോളിൻ കൊണ്ട് മൂടിയിടുന്ന പ്രദേശമാണിത്. പോരാത്തതിന് കനത്ത സുരക്ഷയും ചിലയിടത്ത് 144 വരെയും പ്രഖ്യാപിക്കും. ഹോളിയുടെ നിറങ്ങളിൽ യു.പി. നിറഞ്ഞാടുമ്പോൾ ഷാജഹാൻപുർ ചൗക്ക് മേഖലയിലെ എട്ട് കിലോമീറ്ററോളം പരിധിയിലെ 48 ഓളം മുസ്ലീം പള്ളികൾ ടാർപോളിൻ കൊണ്ട് മുഖം മറയ്ക്കപ്പെടും എല്ലാ വർഷവും. ചെരുപ്പേറും ഷൂസ് എറിയലും അനിഷ്ടസംഭവങ്ങളുമെല്ലാം ഒഴിവാക്കാൻ.

ജൂട്ടാ മാർ ഹോളിയുടെ ഭാഗമായി ടാര്പോളിൻ കൊണ്ട്  മൂടിയ പള്ളികളുടെ മുൻഭാഗം
ജൂട്ടാ മാർ ഹോളിയുടെ ഭാഗമായി ടാര്പോളിൻ കൊണ്ട് മൂടിയ പള്ളികളുടെ മുൻഭാഗം

നൂറ് വർഷത്തോളമായി നടക്കുന്ന വിചിത്രമായ ഹോളി ആഘോഷമാണിത്. ലാട്ട് സാഹേബ് കാ ജുലൂസ് എന്നാണ് ജൂട്ടാ മാർ ഹോളിയുടെ പേര്. നേരത്തെ ലാട്ട് നവാബ് കാ ജുലൂസ് എന്നായിരുന്നു. പിന്നീടത് സാഹേബ് ആയി. കറുത്ത വെള്ളവും പൊടിയും തെളിച്ച് ഷൂസ് കൊണ്ട് എറിഞ്ഞും ചൂലുകൊണ്ട് തല്ലിയും ഒരാളെ പ്രതീകാത്മകമായി പോത്തിൻ പുറത്ത് കൊണ്ടുപോകുന്ന ചടങ്ങാണിത്. ഈ ഘോഷയാത്ര കഴിഞ്ഞ കുറെ വർഷങ്ങളായി സുരക്ഷാ ഉദ്യോഗസ്ഥർക്ക് തലവേദന നിറഞ്ഞ ദിനമാണ്. പലതവണ നിരോധിക്കപ്പെടാനായി ഹർജി പോകുകയും ആചാരത്തിൽ ഇടപെടാനാകില്ലെന്ന് കോടതി പറയുകയും ചെയ്ത ആഘോഷം. പല വർഷങ്ങളിലും ഇത് നടക്കുന്നതോടെ വർഗീയ ലഹളയിലേക്ക് വഴിമാറുക പതിവാണ്. ചെരുപ്പേറ് പോത്തിൻ പുറത്തുള്ള ആളിന് നേരെ ആണെങ്കിലും സമീപത്തെ പള്ളികളെ ചിലർ ലക്ഷ്യംവെക്കുമെന്നതാണ്?പൊലീസിന് തലവേദന. ഇത് നിരന്തരം വിവാദമായതോടെ ജൂട്ടാ ഹോളി മാർച്ച് നടക്കുമ്പോൾ ടാർപോളിൻ ഷീറ്റ് കൊണ്ട് മൂടിയിടാൻ പോലീസ് തന്നെ തുടങ്ങി. ജനം തിങ്ങിപ്പാർക്കുന്ന എട്ട് കിലോമീറ്റർ പരിധിയിലെ 45 ഓളം പള്ളികൾ ഈ ദിനത്തിൽ ടാർപോളിൻ കൊണ്ട് മൂടപ്പെടുന്നു. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പ്രതീകാത്മകമായി നടത്തുന്ന പ്രതിഷേധ പരിപാടിയാണിത് എന്നാണ് വെപ്പെങ്കിലും മിക്ക വർഷങ്ങളിലും ഈ ഘോഷയാത്ര അവസാനിച്ചിട്ടുള്ളത് ജാതിമത- വർഗീയ സംഘർഷത്തിലാണ്. മാത്രമല്ല പൊതുവേ ആ ആഘോഷത്തിൽ മുസ്​ലിം വിരുദ്ധത കയറിവരാറുമുണ്ട്, മുഗൾ വിരുദ്ധ ആചാരം എന്ന നിലയിൽ കൂടി.

രാംപുർ മുഗൾകാലത്തിന്റെ സാംസ്‌കാരിക കേന്ദ്രങ്ങളിലൊന്നായിരുന്നു. മുഗൾ കാലഘട്ടത്തിന്റെ സ്മാരക നിർമിതികളുടേയും വിസ്മയിപ്പിക്കുന്ന പുരാതന ഗ്രന്ഥശാലകളും പള്ളികളുമുള്ള ദേശം

ഗ്രാമപ്രദേശങ്ങൾ ധാരാളമുള്ള മേഖലയാണ് ബറേലിയിലേക്കുള്ള പാതയ്ക്കിരുവശവും. ഷാജഹാൻപുരിൽ നിന്ന് പലരോടും സംസാരിച്ച് വണ്ടിയെടുത്തു. അതോടെ സമാധാനമായി വണ്ടി രാംപുരിലേക്ക് വിട്ടു. ഇടയ്‌ക്കെവിടെയോ നിർത്തി ഭക്ഷണം കഴിച്ചു. നല്ല വൃത്തിയുള്ള ഇടത്താണ് ഖുറേഷി നിർത്തിത്തന്നത്. രാംപുർ മുഗൾകാലത്തിന്റെ സാംസ്‌കാരിക കേന്ദ്രങ്ങളിലൊന്നായിരുന്നു. മുഗൾ കാലഘട്ടത്തിന്റെ സ്മാരക നിർമിതികളുടേയും വിസ്മയിപ്പിക്കുന്ന പുരാതന ഗ്രന്ഥശാലകളും പള്ളികളുമുള്ള ദേശം. മുസ്​ലിം ഭൂരിപക്ഷ പ്രദേശമാണ് രാംപുർ നഗരം. രാംപുരിലൂടെ ഡൽഹി-മസൂറി-നൈനിത്താൾ ഹൈവേ നീണ്ടുപോകുന്നു. ഉച്ചയ്‌ക്കെത്തി ചില പള്ളികളും ഗ്രന്ഥശാലകളും കണ്ടശേഷം സായാഹ്നത്തോടെ മടങ്ങി. തിരിച്ചുപോരവേ ഡ്രൈവർ ഒരിടത്ത് വണ്ടി നിർത്താനുണ്ടെന്ന് പറഞ്ഞു. ഏറെ ദൂരമെടുത്തുള്ള യാത്ര, ഏറെ വൈകി. ലഖ്‌നൗ എത്താൻ രാത്രി പതിനൊന്നരയെങ്കിലും ആവുമെന്നുറപ്പായി. രാത്രിയിലെ അതിവേഗ യാത്ര പേടിപ്പെടുത്തുന്നതാണ്. രാത്രി, ദേശീയപാതയിൽ ട്രക്കുകൾ സഞ്ചാരം തുടങ്ങും. പല ഹൈവേകളിലും രാത്രിയിലാണ് കൂറ്റൻ ട്രക്കുകൾക്ക് സഞ്ചാര അനുമതി. പകൽ ട്രക്ക് റോഡരികിൽ വിശ്രമിക്കും. ശ്രദ്ധിച്ച് വണ്ടിയോടിച്ചോളാം പേടിക്കേണ്ടെന്ന് ഡ്രൈവറുടെ ചിരിച്ച മറുപടി. മഹോലി വഴി വണ്ടി തിരിച്ചു.

ബറേലിയിലെത്തിയപ്പോൾ ദേശീയപാതയുടെ ഓരത്ത് അയാൾ വണ്ടി നിർത്തി. നിറയെ തിരക്കുള്ള പട്ടണത്തിലെ ഒരു ഭാഗം. വലിയ മധുരപലഹാരക്കടയുടെ മുന്നിലാണ്. ഈ മേഖലയിലെ ഏറ്റവും പ്രശസ്തമായ രുചിക്കടയാണിത് എന്ന് അയാൾ പറഞ്ഞു. ചെറിയ കട. അത്ര വൃത്തിയൊന്നുമില്ലാത്ത ഏരിയ. നിറയെ ആൾക്കാർ. ഈച്ചകൾ, പശുക്കളുടെ അധിനിവേശമാണ് എങ്ങും. നേരം ഏതാണ്ട് ഒമ്പത് മണി. അപ്പോഴും അവിടെ നല്ല തിരക്കുണ്ട്. പുറത്ത് ചില യുവാക്കൾ പുറത്ത് ഡ്രം ഇട്ട് തണ്ടൂരി അടുപ്പ് കൂട്ടി റൊട്ടിയും കബാബും മറ്റും ഉണ്ടാക്കിക്കൊടുക്കുന്നു. അവിടെയും നല്ല തിരക്ക്. അയാൾ ഇറങ്ങിപ്പോയി. വെള്ളവും ചില സ്വീറ്റ്‌സ് പാക്കറ്റുകളുമായി തിരിച്ചുവന്നു. വണ്ടിയെടുത്തു. വീട്ടിൽ അയാൾക്ക് ചെറിയ മക്കളുണ്ട് എന്ന് നേരത്തെ പറഞ്ഞിരുന്നു. രണ്ട് പാക്കറ്റുകൾ പുറകിലെ സീറ്റിലേക്ക് തള്ളിവെച്ച് രെണ്ണം എടുത്ത് നീട്ടി. കഴിക്കൂ-ചിരിയോടെ ആവശ്യം. അത് സത്യത്തിൽ പ്രതീക്ഷിച്ചില്ല. ഇവിടെ വന്നിട്ട് ഇത് കഴിക്കാതെ പോകരുത് എന്റെ വകയാണ്-ഡ്രൈവർ പറഞ്ഞു. ഈ റൂട്ടിൽ എപ്പോഴും മസൂറിയ്ക്കും മറ്റും യാത്ര പോകുന്നതിനാൽ വീട്ടിലേക്ക് മേടിക്കാറുണ്ട്. പക്ഷേ നിങ്ങൾക്കുള്ളതാണ്. ഖുറേഷിയുടെ ആ പറച്ചിലിനോളം രുചി കഴിച്ച മധുരത്തിനില്ലായിരുന്നുവെന്ന് തോന്നി. ഞങ്ങൾ മടങ്ങി. ഇടയ്ക്ക് മയങ്ങിയും ഉലഞ്ഞും നെടുനീളൻ ഹൈവേ യാത്രയിലൂടെ അയാൾ വീടെത്തിച്ചു.

എല്ലാ ഉത്തർപ്രദേശ് യാത്രകളിലും, ഗ്രാമമായാലും നഗരമായാലും കണ്ടറിഞ്ഞതും ശ്രദ്ധിച്ചതും ഡ്രൈവർമാരോട് എപ്പോഴും അഭ്യർത്ഥിച്ചതും ഒരേയൊരു കാര്യം മാത്രം. പശുവിനെ വണ്ടി തട്ടരുത് ഒരുകാരണവശാലും. പശുവിനെ രക്ഷിക്കാൻ ശ്രമിച്ച് ആളെ ഇടിച്ചു കൊന്ന സംഭവങ്ങൾ അവിടെ പതിവാണ്. സാധാരണ സംഭവമാണത്. പക്ഷേ മനുഷ്യനെ ഇടിക്കുന്നത് ഒഴിവാക്കാൻ പശുവിനെ തെറിപ്പിച്ചാൽ അല്പം കൂടി റിസ്‌ക്കാണ്. വണ്ടികൾ തമ്മിലുരയുന്നതോ കൂട്ടിയിടിയോ യു.പിക്കാരനൊരു പ്രശ്‌നമേയല്ല. ലഹള കൂടില്ല അതിന്റെ പേരിൽ ആരും എന്നാണ് അനുഭവം. ഇരുവശവുമുരഞ്ഞ് ബിനാലെ ചിത്രപ്പണിയായി മാറിയ പുത്തൻ കാറുകളുടെ കൂടി സുന്ദരമായ ലോകമാണ് യു.പി. പക്ഷേ ആളെ തട്ടിയാലും പശുവിനെ തട്ടാനിടയാവരുത്. അങ്ങനെ സംഭവിച്ചാൽ, പശു ചത്താലും ഇല്ലെങ്കിലും ഒരു മരണം ഏതാണ്ട് ഉറപ്പിക്കാം, ഇടിച്ചയാളിന്റെ. ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


വി. എസ്. സനോജ്

മാധ്യമപ്രവർത്തകൻ, ചലച്ചിത്ര​ പ്രവർത്തകൻ. സനോജ്​ സംവിധാനം​ ചെയ്​ത ‘ബേണിങ്​’ എന്ന ഹിന്ദി ചിത്രം ഗോവ ഉൾപ്പെടെ നിരവധി രാജ്യാന്തര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്​.

Comments