സെർസയിലെ ആഴ്​ച്ചചന്ത

വടിത്തല്ല് ഗ്യാങിന്റെ പൊടിവഴികൾ,
സെർസയിലെ ജലമില്ലാ ഊരുകൾ

ബാണ്ഡ ഒരു പ്രത്യേക ജനുസ്സ് സ്ഥലമാണ്. മുളവടി ചെത്തിയുഴിഞ്ഞ ലാത്തികളുമായിറങ്ങിയ പിങ്ക് സാരിയുടുത്ത പെൺകൂട്ടത്തിന്റെ ഇടം. ആൺപരാക്രമങ്ങളെ പെൺകൂട്ടായ്മ തല്ലിത്തന്നെ തീർക്കാനിറങ്ങിയിട്ട് 15 വർഷമായി. അനധികൃത മദ്യവിൽപന, അമിത മദ്യപാനം, ലൈംഗികാതിക്രമം, സ്ത്രീധനപീഡനം എന്നിവയെ തല്ലുകൊണ്ട് നേരിട്ടവരാണ് ഗുലാബി ഗ്യാങ്. ബാണ്ഡയുടെ പരിസരങ്ങളിൽ നിന്ന് പിന്നീട് അവർ ബുന്ദേലിൽ പലയിടത്തും വ്യാപിച്ചു. നല്ല നാടൻ തല്ലിന് പുറമേ സ്വയംപര്യാപ്ത സംരംഭങ്ങളും സന്നദ്ധ പ്രവർത്തനവുമറിയാം അവർക്ക്.

തിരാവിലെ പതിവുപോലെ വൈകി.
സമയത്തെക്കുറിച്ചുള്ള പ്ലാൻ പാളി, ഏറെ കഴിഞ്ഞ് പോകാനിറങ്ങി.
വീണ്ടുമൊരു ബുന്ദേൽഖണ്ഡ് യാത്ര.
വണ്ടിയിൽ കേറാൻ നിൽക്കുമ്പോൾ അയൽവാസി വിളിച്ചുനിർത്തി, പതിവില്ലാതെ. അയാൾ കാത്തുനിൽക്കുകയായിരുന്നു. പൊതുവേ കാര്യമായൊന്നും സംസാരിക്കാറില്ല ആ മധ്യവയസ്‌ക്കൻ.
വലുപ്പമുള്ള ഗേറ്റും മതിലുമുള്ള രണ്ടുനില വീട്ടിലെ സിറ്റൗട്ടിലിരുന്ന് അതിലൂടെ കടന്നുപോകുന്നവരെ ഉറ്റുനോക്കുകയാണ് സ്ഥിരം കലാപരിപാടി.
ചിലപ്പോൾ മാത്രം ചിരിച്ചെന്ന് വരുത്തും.
രാത്രി ഏറെ വൈകുംവരെ അയാളവിടെ മുറ്റത്ത് തന്നെ കാണും.
ആ വീട്ടിൽ നിറയെ ആളും ബഹളവുമാണ്. റിട്ടയേർഡ് പട്ടാളക്കാരനാണ്.
തനി യു.പിക്കാരൻ. പതിവില്ലാതെ വിളിച്ചപ്പോൾ, എന്താണിയാൾക്ക് വേണ്ടതെന്ന ധാരണയിൽ സംസാരിക്കാനായി ചെന്നു. ‘‘നിങ്ങൾ സൗത്ത് ഇന്ത്യനാണല്ലോ, ഈയിടെ ഞങ്ങൾ കേരളത്തിലേക്ക് ടൂർ പോയിരുന്നു. തേക്കടി, മൂന്നാർ, ആലപ്പുഴ. കുറെ സ്ഥലങ്ങൾ കറങ്ങി. അതിഗംഭീര സ്ഥലങ്ങളാണ് കേട്ടോ’’ - അയാൾ പറഞ്ഞു തുടങ്ങി.
ശരി, അതിന് ഞാനെന്തുവേണം എന്ന ചിന്തയിൽ കക്ഷിയുടെ വിവരണം കേട്ടു.

അയൽവാസി ചേട്ടന്റെ യുക്തിയിൽ മീറ്റ് മസാല എന്നത് ഇറച്ചിയ്ക്ക് സമം തന്നെ. ഒരു കാരണവശാലും അത് വീട്ടിൽ ഉപയോഗിക്കാനോ കഴിക്കാനോ ആകില്ല.

അയാൾ തുടർന്നു: ‘‘ഞങ്ങൾ കുറെ സാധനങ്ങൾ മേടിച്ചിരുന്നു. കൂട്ടത്തിൽ മക്കൾ ഷോപ്പ് ചെയ്തപ്പോൾ കുറച്ച് കറിമസാല പാക്കറ്റുകളും കേരളത്തിൽ നിന്ന്​ മേടിച്ചു. അത് നിങ്ങൾക്ക് തരാനാണ് വിളിച്ചത്.’’
ഇത്രയ്ക്ക് സ്‌നേഹമുള്ള അയൽക്കാരനോ എന്നാദ്യം ആലോചിച്ചു. പിന്നെന്തോ പന്തികേട് തോന്നി. മസാല പാക്കറ്റൊന്നും വേണ്ട. അതെന്റെ കയ്യിലുമുണ്ട്, നാട്ടിൽ പോയി തിരിച്ചുവന്നിട്ട് അധികമായില്ലല്ലോ - മറുപടി കൊടുത്തു.
പക്ഷേ ഭയങ്കര നിർബന്ധം; ‘‘അത് നിങ്ങൾ വെച്ചോളൂ, ഉപയോഗിച്ചോളൂ. ഞങ്ങൾക്കതിന് കഴിയില്ല. നിങ്ങൾക്ക് താല്പര്യമാകുമെന്ന് തോന്നി, അത് തരാനായിരുന്നു വിളിച്ചത്.’’ അയാൾ പാക്കറ്റുകൾ നേരെ നീട്ടി.
എന്തിനാണ് കറിമസാല ഇയാൾ ഒഴിവാക്കുന്നതെന്ന് സത്യത്തിൽ മനസ്സിലായില്ല. സ്‌നേഹം കൊണ്ടല്ല തരുന്നത് എന്ന് ഉറപ്പായി. കണ്ടാൽ മിണ്ടാത്ത കക്ഷിയാണ് മസാല പാക്കറ്റുമായി നിൽക്കുന്നത്. എന്താ വേണ്ടാത്തതിന് കാരണമെന്ന് ചോദിച്ചപ്പോൾ, ഒടുവിലയാൾ കാരണം പറഞ്ഞു. ഞങ്ങൾ ബ്രാഹ്മണരാണ്, ഗരംമസാല കറിയിൽ ഇട്ടാൽ ശരിയാവില്ല. ഇതിൽ മീറ്റ് മസാല എന്ന്​എഴുതിയിട്ടുണ്ട്. മേടിക്കുമ്പോൾ അത് ശ്രദ്ധിച്ചിരുന്നില്ല. ഇറച്ചിയിൽ ഇടുന്ന മസാല ഞങ്ങൾക്ക് ഏതായാലും വേണ്ട - കാര്യങ്ങൾക്ക് ഒരു തീരുമാനമായി.

ബുന്ദേൽ മേഖലയിലെ ഒരു ഗ്രാമം, ഒരച്ഛനും മകളും ബസ് കാത്തിരിക്കുന്നു

മസാലയും ഇറച്ചിയും തമ്മിൽ കലരുന്നത് അത് ഉണ്ടാക്കുമ്പോൾ മാത്രമാണ്, ഇപ്പോഴിതിൽ ഇറച്ചിയുടെ അംശമില്ല. ഇത് ഇലയും കായും പൂവുമൊക്കെ ഉണക്കിയെടുത്തതാണ്. അതുകൊണ്ടാണ് ഇതിനെ സ്‌പൈസസ് എന്നെല്ലാം വിളിക്കുന്നത്, കേരളത്തിൽ വെജിറ്റേറിയൻസും ഇത് ഉപയോഗിക്കും, നിങ്ങൾ ധൈര്യമായി ഉപയോഗിച്ചോളൂ - പറഞ്ഞുനോക്കി. പക്ഷേ ഒരു രക്ഷയുമില്ല. ബോധവത്ക്കരണം ഫലിക്കുന്നില്ല. അയൽവാസി ചേട്ടന്റെ യുക്തിയിൽ മീറ്റ് മസാല എന്നത് ഇറച്ചിയ്ക്ക് സമം തന്നെ. ഒരു കാരണവശാലും അത് വീട്ടിൽ ഉപയോഗിക്കാനോ കഴിക്കാനോ ആകില്ല. സവോള ഇറച്ചിക്കറിയിൽ ഇടുന്നതിനാൽ അത് ഉപയോഗിക്കാത്ത ധാരാളം ബ്രാഹ്മണരുണ്ടെന്ന് കേട്ടിട്ടുണ്ട്. പക്ഷേ മസാലയ്ക്ക് ഇറച്ചിബന്ധം ആരോപിച്ച് കഴിയ്ക്കാത്ത ഒരു വീട്ടുകാരനെ അന്നാദ്യമായി നേരിൽ കണ്ടു ലഖ്‌നൗവിലെ ഹൗസിങ് കോളനിയിൽ. ആ പാക്കറ്റ് അവർക്ക് വേണ്ടെന്ന് അദ്ദേഹം തീർത്തു പറഞ്ഞു. അങ്ങനെ പുതിയ ഡേറ്റിലുള്ള നല്ല കുറച്ച് വലിയ മസാല പാക്കറ്റുകൾ മേടിച്ചു. അദ്ദേഹമത് ആശ്വാസത്തോടെ സമ്മാനിച്ചു. അത് മേടിച്ച് വീട്ടിൽ വെച്ച്, ബാഗുമെടുത്തു ഇറങ്ങി. കാറിൽ നേരെ ബുന്ദേൽഖണ്ഡിന്.

ജാലൂനിലെ ഗ്രാമത്തിൽ നിന്ന്

ലളിത്പുർ, ബാണ്ഡ എന്നിങ്ങനെ പതിനാലോളം ജില്ലകളിലായി രണ്ട് സംസ്ഥാനങ്ങളുടെ അരികുപറ്റി പരന്നുകിടക്കുന്നതാണ് ബുന്ദേലിന്റെ ലോകം. ചിത്രകൂട് പ്രവിശ്യയുടെ ഭാഗമായി മധ്യപ്രദേശിലേക്ക് വ്യാപിച്ചുകിടക്കുന്ന ദേശങ്ങളും യു.പിയുടെ അതിർത്തി ജില്ലകളും ചേർന്നതാണത്. വരണ്ട വഴികളുടെ ഉഷ്ണലോകം. കൊടുംവേനൽ ദുരിതം വിതയ്ക്കുന്നയിടം. വേനലിൽ സർക്കാർ വലിയ വാഗണുകളിൽ കുടിവെള്ളമെത്തിക്കേണ്ട, വരണ്ട ഗ്രാമങ്ങൾ. ജാലൂൻ, ഒറായ്- മേഖലകളിലൂടെ മുമ്പും പോയിട്ടുണ്ട്. ജമുനാനദിയും ചമ്പലും ചേരുന്നയിടങ്ങൾ തന്നെയാണത്. പക്ഷേ ബുന്ദേലിന്റെ എല്ലാ ഭാഗത്തേക്കും വെള്ളം എത്തില്ല. വേനലിൽ നദിയുടെ സ്ഥിതി മാറുമ്പോൾ ബുന്ദേലിന്റെ പല മേഖലകളും വെള്ളമില്ലാ പ്രദേശങ്ങളായി മാറുന്നു. വെള്ളം കിട്ടാക്കനിയായ മേഖലകൾ ധാരാളമുണ്ട് ഇവിടങ്ങളിൽ. ഒറായ്, ജാലുൻ മേഖലകളിലൂടെ, ഗ്രാമങ്ങളിലൂടെ വെറുതെ കറങ്ങാൻ തീരുമാനിച്ചു, വണ്ടി വിട്ടു, ചില നാട്ടുചന്തകളും കവലകളുമൊക്കെ കണ്ട്. ഇറങ്ങിയും കേറിയും പോയിക്കൊണ്ടിരുന്നു. ഇടയ്ക്ക് ചിലയിടങ്ങളിലെ പീടികകളിൽ നിന്ന ചായ കുടിച്ചു.

ബുന്ദേലി ഗ്രാമത്തിൽ നിന്ന്

ഒറായ് പൊടിപിടിച്ച ഒരു പ്രദേശമാണ്. റോഡ് പണിയുണ്ട്, ഒരിടത്ത് ജലസേചന കനാലിന്റെ പണി നടക്കുന്നു. മഞ്ഞുകാലം കഴിയുന്നതേയുള്ളൂ. എന്നിട്ടും ആകെ പൊടിമയം. ഏതെങ്കിലും പീടികയിൽ കേറി ഇരുന്ന് ചായ കുടിക്കാൻ നോക്കിയാൽ മുഴുവൻ പൊടിയും ഡ്രസ്സിലൂടെ കൂടെപ്പോരും. ഒറായ് പ്രദേശത്തെ ഒരു കവലയാണ് സെർസ. ആഴ്ച്ചയിൽ രണ്ടുദിവസം അവരുടെ നാട്ടുചന്തയുണ്ട്. സെർസയിലെ ചന്തയിൽ മിക്ക സാധനങ്ങളും കിട്ടും. അവിടത്തുകാർ കൃഷി ചെയ്യുന്ന പച്ചക്കറികളും കൊട്ടകളും വീട്ടിലേക്ക് വേണ്ട അത്യാവശ്യം വസ്തുക്കളും ഒപ്പം മീനും ഇറച്ചിയും പലചരക്ക് സാധനങ്ങളും എല്ലാം ചന്തയിലുണ്ട്. അതിരാവിലെ ചന്ത തുടങ്ങും വെയിൽ കനക്കുന്നതോടെ അവസാനിക്കും. അതാണ് പതിവ്. ആഴ്ച്ചയിലെ ചന്ത നാട്ടുകാർക്ക് അനുഗ്രഹമാണ്. നഗരപ്രദേശം ദൂരെയായതിനാൽ ഇതാണ് അവിടത്തുകാർക്ക് സൗകര്യം. വിലയും കുറയും, സാധനങ്ങൾക്ക്. വാങ്ങുന്നവർക്ക് അങ്ങനെ നോക്കിയാൽ ആശ്വാസകരമാണ്. പക്ഷേ വിൽപ്പനക്കാരെ സംബന്ധിച്ച് വലിയ നഷ്ടവും. മിക്കപ്പോഴും പച്ചക്കറിയുടെ കാര്യത്തിൽ വലിയ നഷ്ടം നേരിടുന്നു അവർക്ക്. ഉരുളക്കിഴങ്ങും തക്കാളിയും വൻതോതിൽ കൃഷി ചെയ്യുന്ന ഇടങ്ങളാണ്. ചുരുങ്ങിയ താങ്ങുവില പോലും പലപ്പോഴും കിട്ടില്ല. എന്നിട്ടും വേറെ മാർഗമില്ലാതെ കൃഷി അനുഷ്ഠാനം പോലെ തുടരും എന്നുമാത്രം. പലപ്പോഴും കാലാവസ്ഥയും ചതിക്കും.

മുളച്ചീന്തുകൾ നേർത്ത് പൊളിച്ചെടുത്ത്​ അതുകൊണ്ട് നെയ്‌തെടുത്ത വട്ടികളും കുട്ടകളും ചില കരകൗശല വസ്തുക്കളും വിൽക്കുന്ന പുരുഷന്മാരും സ്ത്രീകളും സെർസ ചന്തയിൽ ഇരിക്കുന്നത് കണ്ടു, ചില മരച്ചുവടുകളിൽ. ഛത്തീസ്ഗഢിലെ ബസ്തറിൽ വന്മരങ്ങൾക്ക് താഴെ മഹുവയുടെ പൂവിട്ട് വാറ്റിയ ചാരായം വിൽക്കാനിരിക്കുന്ന ആദിവാസി സ്ത്രീകളെ പോലെ. കുട്ടകളുമായി സ്ത്രീകളും പുരുഷന്മാരും. പോത്തുകളുടെ കൂട്ടങ്ങളെ കെട്ടിയിട്ടിട്ടുണ്ട് ചില വൻമരങ്ങളിൽ. ചില കാളവണ്ടികൾ, ഉന്തുവണ്ടികൾ, മൺപാത്രങ്ങൾ ഉണ്ടാക്കി നിരത്തിവെച്ചവർ, നേരിട്ട് കർഷകർ തന്നെ അവരുടെ കാർഷിക ഉത്പന്നങ്ങൾ വിൽക്കുകയാണ്. പ്ലാസിക് കുടവും ബക്കറ്റും തുണികളും വിൽക്കുന്നവരുടെ സ്റ്റാളുകൾ, കഛോരി എന്ന പേരിൽ പൂരിയും മസാലക്കറിയും ചായയും വിൽക്കുന്ന പീടികകൾ, ബിസ്‌കറ്റും ചായയുമായി സ്‌കൂട്ടറിൽ വന്ന് വിൽക്കുന്ന ചില മനുഷ്യർ, കുപ്പിവെള്ളക്കടകൾ തുടങ്ങി എല്ലാമുണ്ട് ചന്തയിൽ. കൃഷി ചെയ്ത പച്ചക്കറികൾ മിക്കവരും ഓരോ ടാർപോളിൻ ഷീറ്റുകളിൽ കൂട്ടിയിട്ടിരിക്കുന്നു. അത് മണ്ണിലിരുന്ന് വിൽക്കുന്നവരുടെ കാഴ്ച്ചലോകമാണ്, സെർസയിലെ ചന്ത.

സെർസ ചന്തയിൽ കൊട്ടയും വട്ടിയും വിൽക്കുന്ന ഗ്രാമീണൻ

ഒരു വലിയ പറമ്പാണത്. മരങ്ങളുടെ ചുവടെ ഇരിപ്പ്. പോത്തുകളെ, വിൽക്കാനായി കൊണ്ടുവന്നതാണ്. പെട്ടെന്ന് അവരവരുടെ വസ്തുക്കളെല്ലാം വിറ്റ് പോകാനുള്ള തിരക്കിലാണ് എല്ലാ ഗ്രാമീണരും. ഒരു രൂപയ്ക്ക് ഒരു കിലോ തക്കാളി വിൽക്കേണ്ടിവരുന്ന കർഷകരെയാണ് അവിടെ കണ്ടത്. അതുകേട്ട് വിഷമം തോന്നി. ഇത്രയും സമയമെടുത്ത് കൃഷി ചെയ്തിട്ടുണ്ട് ഒന്നുകിൽ വളമാക്കി വല്ല കൃഷിയിടത്തിലും ഇടേണ്ട സ്ഥിതിയായിരുന്നു തക്കാളിയ്ക്ക്. കാരണം ഒട്ടും വിലയില്ലായിരുന്നു അന്ന് പോയ സമയത്ത് അവിടെ. അതുകൊണ്ട് കുഴിച്ചുമൂടാൻ മനസ്സുവരാത്തത് കൊണ്ട് അവർ ഒരു രൂപയ്ക്ക് ഒരു കിലോ തക്കാളി വിൽക്കുകയാണ്. വേണ്ടത്ര സബ്‌സിഡിയോ മറ്റ് ആനുകൂല്യമോ ആവശ്യത്തിന് ജലസേചന സൗകര്യമോ ആ മേഖലയിൽ അന്ന് കണ്ടില്ല. യുവാക്കളിൽ മിക്കവരും പട്ടണങ്ങളിലേക്ക് വിവിധ പണികൾക്കായി പോകുകയായിരുന്നു. ലൊഹാഗഢ് എന്ന പ്രദേശം പഴയ ചമ്പൽ ഠാക്കൂറുകളുടെ ക്രൂരതകൾ ഏറെ കണ്ട മേഖലയാണ്. ഇപ്പോഴും ആ രക്തത്തിന്റെ തിളപ്പ് പലരിലുമുണ്ടെന്ന്- അവിടെ കണ്ട ഒരു റിട്ട. അധ്യാപകൻ പറഞ്ഞു.

ലോക്കൽ ഗുണ്ടായിസത്തിന് പേരുകേട്ട ഇടമാണ് ഒറായ് എന്ന് അവിടത്തെ നാട്ടുകാർ തന്നെ പറയും. ചമ്പലിന്റെ ശീലങ്ങൾ പാരമ്പര്യമായി കിട്ടിയ നിരവധി യുവാക്കളുണ്ട്. അവരുടെ രക്തത്തിൽ അത് അലിഞ്ഞിരിക്കുന്നു

വർഷാവർഷം ശരാശരി മുപ്പതിനായിരത്തിന് മുകളിൽ ബലാത്സംഗക്കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്ന, രാജ്യത്തിന് വലിയൊരു ‘സംഭാവന’ ഈ മേഖലയും നൽകുന്നുണ്ട്. ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്ക് പ്രകാരം 2018 ൽ 33,000 ത്തിന് മുകളിലും 2016 ൽ ഇത് 39,000 വുമാണ് സ്ത്രീകൾക്കെതിരെയായ ലൈംഗികാതിക്രമ കേസുകൾ. ഇതിൽ അസമും യു.പിയും ഡൽഹിയുമാണ് മുന്നിൽ. ബുന്ദേൽ മേഖലയിൽ ഇത്തരം അതിക്രമങ്ങൾ വളരെ കൂടുതലാണ്. രാജ്യത്തെ ക്രൈം സിൻഡിക്കേറ്റിന് യു.പിയുടെ സംഭാവന വളരെ വലുതാണ്. യു.പിയിലെ പല ഗ്രാമ- നഗര പ്രദേശങ്ങളും ഇത്തരം സംഭവങ്ങൾക്ക് കുപ്രസിദ്ധമാണ്. ലോക്കൽ ഗുണ്ടായിസത്തിന് പേരുകേട്ട ഇടമാണ് ഒറായ് എന്ന് അവിടത്തെ നാട്ടുകാർ തന്നെ പറയും. ചമ്പലിന്റെ ശീലങ്ങൾ പാരമ്പര്യമായി കിട്ടിയ നിരവധി യുവാക്കളുണ്ട്. അവരുടെ രക്തത്തിൽ അത് അലിഞ്ഞിരിക്കുന്നു. അവർ തനി സ്വഭാവം പുറത്തെടുക്കും. ഈ മേഖലയിലെ പ്രശ്‌നം ഇത്തരം ലോക്കൽ ഗുണ്ടായിസമാണെന്ന് അവിടത്തെ ഒരു പീടികക്കാരൻ തന്നെ പറഞ്ഞു. അക്കൂട്ടത്തിൽ ഏറെ ചീത്തപ്പേര് കേൾപ്പിച്ച ഇടങ്ങളിലൊന്നാണ് പഴയ ചമ്പൽ ബെൽറ്റുകൾ എന്നതാണ് വാസ്തവം.

ചംബൽ -ജമുനാ നദീ സംഗമ മേഖലയിൽ നിന്ന്

ജാട്ട്, ഠാക്കൂർ, യാദവ, കുർമി വിഭാഗങ്ങളാണ് ഇവിടെ കൂടുതലും. ദലിത് മേഖലകളും ധാരാളമുണ്ട്. മുസ്​ലിം ജനവിഭാഗം കുറവുള്ള മേഖലകളാണ് പൊതുവേ. സെർസയും ലൊഹാഗഢും വിട്ട് ജാലൂനപ്പുറം ഒറായിയുടെ മറ്റൊരു വഴിയിലൂടെ വണ്ടി വിട്ടു. മെയിൻ റോഡാണ്. പക്ഷേ എപ്പോഴോ ടാർ ഇട്ട വഴിയുടെ ഓർമ മാത്രമേയുള്ളൂ എന്നുതോന്നി. കല്ലും മണ്ണും പൊന്തി കിടക്കുന്ന വഴി. മഴക്കാലമായാൽ ഇവിടത്തെ യാത്രകൾ കൂടുതൽ ദുഷ്‌കരമാകും, വേനലിൽ നിറയെ പൊടിപാറുകയും ചെയ്യും. ആ ഗ്രാമത്തിലൂടെ കടന്നുപോയപ്പോൾ വെള്ളം കിട്ടാനായി ഒരിടത്തു വണ്ടി നിർത്തി. പ്രധാന പീടിക മുറികൾ എന്നുപറയാവുന്നത് ചായക്കടയോ വളക്കടയോ ഒക്കെ മാത്രമാണ് മിക്കയിടത്തും. മറ്റ് കടകൾ വളരെ കുറവ്. ചിലയിടത്ത് ബൈക്ക് നന്നാക്കുന്ന വർക് ഷോപ്പുകൾ കണ്ടു. വളവും വിത്തും വിൽക്കുന്ന ഒരു കടയും. അവിടെ കേറിനോക്കി, വെറുതെ. ചമ്പൽ മേഖലയോട് ചേർന്നുകിടക്കുന്നതിനാൽ പഴയ ശീലം മാറിയിട്ടില്ല, ക്ഷോഭവീര്യമടങ്ങിയിട്ടില്ല. അത് രക്തത്തിലുണ്ട്. അതിന്റെ അപകടം മേഖലയ്ക്കുമുണ്ട്. ജലൂൺ, ഒറായ് മേഖലകളുടെ പഴയ ചരിത്രം ഠാക്കൂർമാരുടെ ഗുണ്ടായിസത്തിന്റേതാണ്. ചമ്പൽ കൊള്ളക്കാരുടെ ശല്യം മാറിയെങ്കിലും പ്രാദേശികമായി ഗുണ്ടായിസത്തിന് ഒരു കുറവുമില്ല.

ഗുലാബി ഗ്യാങ്​. മുളവടി ചെത്തിയുഴിഞ്ഞ ലാത്തികളുമായിറങ്ങി തല്ലേണ്ടത് തല്ലി തീർക്കാൻ ശ്രമിച്ച പിങ്ക് സാരിയുടുത്ത പെൺകൂട്ടമാണവരുടേത്. ആണുങ്ങളുടെ പരാക്രമങ്ങളെ അടിച്ചൊതുക്കാൻ നാടൻ തല്ലുമായി 15 വർഷം അവർ പിടിച്ചുനിന്നു.

യുവാക്കളിൽ നല്ലൊരു ശതമാനവും അന്യസംസ്ഥാനത്ത് പണിയ്ക്ക് പോകുന്നുണ്ട്. നോയ്ഡയിലും ഗുജറാത്തിലെ ജാംനഗറിലുമാണ് ഭൂരിഭാഗം പേരും പണിയ്ക്ക് പോകുന്നത്. ബാക്കിയുള്ളവർ നാട്ടിലുണ്ട്. അതിക്രമങ്ങൾക്ക് കുറവില്ല. ഏത് നേരത്തും എന്തും സംഭവിക്കാം- ഒരു നാട്ടുകാരൻ പറഞ്ഞു. ബുന്ദേലിന്റെ കൈവഴികളിൽ സ്ത്രീ വിരുദ്ധ അതിക്രമങ്ങൾക്കും സ്ത്രീപീഢനങ്ങൾക്കും ക്ഷാമമില്ല. ഇതിന് മറുപടിയായി ചില പ്രതിരോധ സേനകളും രൂപപ്പെട്ടു. അതിലൊരു സംഘടന നിലവിൽ വന്നിട്ട് 15 വർഷമായി. കൈക്കരുത്തുമായി അവർ ഗ്രാമങ്ങളിൽ പുരുഷൻമാരെ നേരിട്ടു - ഗുലാബി ഗ്യാങ്. ബദോസ ഗ്രാമത്തിൽ നിന്നാണ് ഈ കൂട്ടായ്മയുണ്ടായത്. ഗുലാബി ഗ്യാങിന്റെ ലോകം ബാണ്ഡയുടെ പരിസരത്തുനിന്ന് പിന്നീട് വ്യാപിച്ചു. മുളവടി ചെത്തിയുഴിഞ്ഞ ലാത്തികളുമായിറങ്ങി തല്ലേണ്ടത് തല്ലി തീർക്കാൻ ശ്രമിച്ച പിങ്ക് സാരിയുടുത്ത പെൺകൂട്ടമാണവരുടേത്. ആണുങ്ങളുടെ പരാക്രമങ്ങളെ അടിച്ചൊതുക്കാൻ നാടൻ തല്ലുമായി 15 വർഷം അവർ പിടിച്ചുനിന്നു. അനധികൃത മദ്യവില്പന, അമിത മദ്യപാനം, ലൈംഗികാതിക്രമം, സ്ത്രീധനപീഡനം തുടങ്ങിയവയെ തല്ലിത്തന്നെ നേരിട്ടു കുറെയൊക്കെ ഗുലാബി ഗ്യാങ് എന്ന പെൺകൂട്ടായ്മ.

തല്ലിനുപുറമേ സന്നദ്ധ പ്രവർത്തനങ്ങളും സ്വയംപര്യാപ്ത സംരംഭങ്ങളും ധാരാളമായി അവർക്കുണ്ട്. ചില സന്നദ്ധ സംഘടനകളുടെ ഉപദേശത്തിലും സാങ്കേതിക സഹായങ്ങളിലുമാണ് അവരുടെ ഇപ്പോഴത്തെ പ്രവർത്തനം. ഇല കൊണ്ടുള്ള പ്ലേറ്റ് നിർമാണം, തുന്നൽപ്പണികൾ, ചന്ദനത്തിരി, പപ്പടം, കുട നിർമാണം തുടങ്ങി പലതരം സംരംഭക പ്രവർത്തനങ്ങൾ അവർ നടത്തുന്നു. യു.പിയിലെ ഗ്രാമങ്ങളിൽ ഇല കൊണ്ടുള്ള പ്ലേറ്റുകൾക്ക് വൻ ഡിമാന്റാണ്. ഇത് നിർമിക്കുന്നതിലൂടെ സ്ത്രീകൾക്ക് വരുമാനം ഉറപ്പാക്കാൻ അവർക്ക് കഴിഞ്ഞു. ബുന്ദേലിലെ ദലിത് സ്ത്രീകളാണ് അംഗങ്ങളിൽ കൂടുതലും. മദ്യപാനവും ലഹരിവസ്തുക്കളും ക്രിമിനൽ വാസന കൂട്ടിയ പുരുഷൻമാരുടെ, ഭർത്താക്കന്മാരുടെ കുപ്രസിദ്ധിയാണ് ഇവിടങ്ങളിലേത്. അങ്ങനെ ഗതികെട്ടാണ് അവരെ നിലയ്ക്ക് നിർത്താൻ വടിവെട്ടിയുഴിഞ്ഞ് ലാത്തിയുണ്ടാക്കി സംഘം രൂപീകരിച്ചത്. ഈ ഗ്രാമീണ കൂട്ടായ്മയിൽ ഇപ്പോൾ നാലര ലക്ഷത്തോളം അംഗങ്ങളുണ്ടെന്നാണ് അവരുടെ വെബ്‌സൈറ്റ് പറയുന്നത്.

യാത്രയ്ക്കിടെ വി.എസ്​. സനോജ്​

സമ്പത് പാൽ എന്ന ബദോസ ഗ്രാമത്തിലെ ഒരു സ്ത്രീ, ഗുലാബി ഗ്യാങ് സ്ഥാപിച്ചു. ഇവർ അതുവഴി പിന്നീട് പ്രശസ്തയായതോടെ മൂന്ന് വിധാൻസഭാ തെരഞ്ഞെടുപ്പുകളിലും മത്സരിച്ചു. ചിത്രകൂടിലെ മാണിക്പൂരിൽ നിന്ന് കോൺഗ്രസിന് വേണ്ടിയാണ് കഴിഞ്ഞവട്ടം മത്സരിച്ചത്. അതിനുമുമ്പ് സമാജ് വാദി പാർട്ടിക്ക് വേണ്ടിയും ആദ്യം സ്വതന്ത്രയായും. പക്ഷേ വിചാരിച്ച ഗുണമുണ്ടായില്ല. മൂന്നുവട്ടവും ദയനീയമായി പരാജയപ്പെട്ടു. പുരുഷ വോട്ടർമാർ ദേഷ്യം തീർത്തുവെന്ന് അവിടത്തുകാർ സമ്പത് പാലിന്റെ തോൽവിയെക്കുറിച്ച് തമാശ പറഞ്ഞു. അതിനിടെ ഗുലാബി ഗ്യാങിന്റെ അധ്യക്ഷ പദവിയിൽ നിന്ന് മാറ്റിനിർത്തപ്പെട്ടു. സാമ്പത്തിക ക്രമക്കേട് ആരോപണം ഉയർന്നപ്പോൾ. അതിന്റെ വക്താവായി തന്നെ ഇപ്പോഴും അവർ തുടരുന്നു. ബലാത്സംഗ ആരോപണത്തെ തുടർന്ന് ഒരു എം.എൽ.എയെ അടക്കം നേരിട്ട പെൺകൂട്ടമാണ് ഗുലാബി ഗ്യാങ്. നിരവധി സ്ത്രീ അതിക്രമങ്ങളെ അവർ ലാത്തികൊണ്ട് നേരിട്ടിട്ടുണ്ട്. ഗുലാബി ഗ്യാങ് പെണ്ണുങ്ങൾ നിയമം കയ്യിലെടുക്കുകയാണ് എന്ന വിമർശനമൊക്കെ വന്നെങ്കിലും യു.പിയിലെ ഗ്രാമങ്ങളിൽ, സ്ത്രീ സുരക്ഷയ്ക്ക് പലപ്പോഴും അത്തരം രീതികൾ അനിവാര്യമാണ് എന്നതാണ് വസ്തുത.

ഇന്ത്യയിലെ അറിയപ്പെടുന്ന കമ്യൂണിറ്റി റേഡിയോകളിലൊന്നാണ് റേഡിയോ ബുന്ദേൽ. ഹിന്ദിയുടെ അധിനിവേശത്തിൽ ഇല്ലാതായിക്കൊണ്ടിരുന്ന ബുന്ദേലി നാട്ടുഭാഷയെ നിലനിർത്താനുള്ള ശ്രമമായിരുന്നു ഇത്​

ബുന്ദേൽ മേഖലയിൽ ഗുലാബി ഗ്യാങിന് ശേഷം മറ്റൊരു കൂട്ടായ്മ കൂടി ഉയർന്നുവന്നു. ബെലൻ ഫൗജ്. പുഷ്പ ഗോസ്വാമി എന്നൊരു സ്ത്രീയാണ് അതിന് നേതൃത്വം നൽകിയത്. ഗുലാബി ഗ്യാങ് എന്ന വാക്കിൽ അക്രമണോത്സുകതയും ഫ്യൂഡലിസവുമുണ്ടെന്ന് പറഞ്ഞാണ് പുഷ്പ ഗോസ്വാമി, ബെലൻ ഫൗജ് ഉണ്ടാക്കിയത്. പിന്നീട് ചില രാഷ്ട്രീയ പാർട്ടികൾക്കൊപ്പം ഇവരും കൂടി, തെരഞ്ഞെടുപ്പു കാലമായതോടെ. പതിനാല് ജില്ലകൾ ചേർത്ത് പുതിയൊരു സംസ്ഥാനം വേണമെന്ന ആവശ്യം ഏറെ കാലം ഉന്നയിച്ചു ഈ മേഖല. ഉമാഭാരതിയും മായാവതിയും പലതവണ ബുന്ദേൽ സംസ്ഥാനവാദം പറഞ്ഞ് വോട്ട് പിടിക്കുകയും ചെയ്തു. പക്ഷേ സംസ്ഥാനം മാത്രം വന്നില്ല. സത്യത്തിൽ ഈ പ്രദേശം അവഗണനയുടെ മരുപ്പറമ്പാണ് എന്ന് പറയാം. വികസനം വരാൻ കൂടുതൽ ശ്രദ്ധയോ സംസ്ഥാനമായി വിഭജിക്കപ്പെടലോ അനിവാര്യമാണ് എന്നതാണ് സത്യം.

ബുന്ദേലി വാമൊഴിയുടെ പ്രചാരത്തിനും നാടൻ സംസ്‌കാരവും കലയും ആളുകളിലേക്ക് എത്തിക്കുന്നതിനുമായി കമ്യൂണിറ്റി റേഡിയോ സ്റ്റേഷനുണ്ടായി ഈ മേഖലയിൽ. പേര്- റേഡിയോ ബുന്ദേൽഖണ്ട്. നാടൻപാട്ടുകളും അവരുടേതായ ശീലുകളും മറ്റും റെക്കോർഡ് ചെയ്ത് അവർ സ്വന്തം ഭാഷയിൽ അവതരിപ്പിക്കുന്നു. ബുന്ദേലി ഭാഷയിലൂടെ പ്രാദേശിക കർഷക വിഷയങ്ങളും പച്ചക്കറി, വളം മറ്റ് കാർഷിക വസ്തുക്കളുടെ വിലകൾ പറയാനായി ചില ബുള്ളറ്റിനുകളുണ്ട്. ആകാശവാണിയിലെ വയലും വീടും പരിപാടി പോലുള്ള ചിലത് ബുന്ദേലി ഭാഷയിൽ ഇവർ അവതരിപ്പിക്കുന്നു. പ്രാദേശിക ഭാഷയിലുള്ള പാട്ടുകളും വർത്തമാനങ്ങളുമായി ഈ കമ്യൂണിറ്റി റേഡിയോ വലിയ ജനശ്രദ്ധ നേടിക്കഴിഞ്ഞു, ഏറെനാളുകൾ കൊണ്ട്. ഇപ്പോൾ ഇന്ത്യയിലെ അറിയപ്പെടുന്ന കമ്യൂണിറ്റി റേഡിയോകളിലൊന്നാണ് റേഡിയോ ബുന്ദേൽ. ഹിന്ദിയുടെ അധിനിവേശത്തിൽ ഇല്ലാതായിക്കൊണ്ടിരുന്ന ബുന്ദേലി നാട്ടുഭാഷയെ നിലനിർത്താനുള്ള അവരുടെ ശ്രമമായിരുന്നു പ്രയത്‌നത്തിന് പുറകിൽ, അതിൽ വിജയിക്കുന്നുണ്ട്.

ജാലൂനിൽ കണ്ടുമുട്ടിയ ഗ്രാമീണൻ

തിരികെ പോകുന്ന വഴി, ഒരു ഗ്രാമത്തിലെ, വയലോരത്തിനോട് ചേർന്ന പ്രദേശത്ത് കാർ നിർത്തി. ഒരു പഴയ ഭവനം പൊളിഞ്ഞുകിടക്കുന്നു. ഒരു കിണർ കണ്ടു. നാലുവശവും സ്തൂപം പോലെ കെട്ടിപ്പൊക്കിയ കിണർ. ഇപ്പോഴത് ആരും ഉപയോഗിക്കാതെ കിടക്കുകയാണ്. പാലക്കാട്ടെ തസറാക്കിനെ ഓർമിപ്പിക്കുന്ന ഒരിടം. പച്ചച്ച് അത്ര തന്നെയില്ലെങ്കിലും ഏതാണ്ട് അതുപോലൊരു സ്ഥലമാണ് കാഴ്ച്ചയിൽ. അള്ളാപ്പിച്ച മൊല്ലാക്ക ഇതുവഴിയാണോ പോയതെന്ന് എന്ന് തോന്നിപ്പോകുന്ന തരത്തിലുള്ള ഇടം. നൈജാമലിയുടെയും മൈമുനയുടേയും ലോകമായി ഏതെങ്കിലും സിനിമയിൽ ഷൂട്ട് ചെയ്യാവുന്ന വരണ്ട പ്രാചീനതയും വന്യസൗന്ദര്യവുമുള്ള ഒരിടം. സമീപത്ത്, ഏതോ ഠാക്കൂർ ഭവനം നാമാവശേഷമായി കിടക്കുന്നത് കണ്ടു. സമീപത്തെല്ലാം കൃഷിയുണ്ട്. വലിയൊരു ആൽവൃക്ഷവും മറ്റ് മരങ്ങളുമുണ്ട്. അതൊരു അത്താണിയാണ് എന്ന് തോന്നുന്നു. ഇരിക്കാൻ കരിങ്കല്ലിന്റെ ഒരു കൂറ്റൻ പാളി, ആൽമരച്ചുവട്ടിന് സമീപം കിടപ്പുണ്ട്. ചില സമയങ്ങളിൽ കുരങ്ങു കൂട്ടങ്ങളുണ്ടാകും മരത്തിന് മുകളിൽ. ആ സമയങ്ങളിൽ മരച്ചുവട്ടിലിരിക്കുക ചിലപ്പോൾ ബുദ്ധിമുട്ടുണ്ടാക്കും. വരുന്നവർ ഭക്ഷണം തരുമെന്ന് കരുതി അവ ഇറങ്ങിവരും, മേല് ചാടികേറും, ഒന്നിച്ചുള്ള ഒരു ഭീകരാക്രമണസാധ്യതയും തള്ളിക്കളയാനാകില്ല. പഴയൊരു വഴിയമ്പലമായിരുന്നിരിക്കണം പണ്ട്.

അല്പം മാറി ചില മൺവീടുകൾ കണ്ടു. നാട്ടുവഴിയിലെ കിണർ ചുറ്റിന്റെ രൂപകല്പന അത്ഭുതപ്പെടുത്തി. മിനാരം കണക്കെ നാല് ചുറ്റുകൾ. തലയെടുപ്പിനു നടുവിൽ അടിയിൽ സമൃദ്ധജലം. ഏതെങ്കിലും ജന്മിയുടെ കാലത്ത് പണിതതാകും. സമീപത്തെ കീഴാളർക്ക് അവിടെ നിന്ന് വെള്ളമെടുക്കാൻ കഴിഞ്ഞുവോ എന്നറിയില്ല. സാധ്യതയില്ല. കുറച്ച് ചിത്രങ്ങളെടുത്തു. ഉള്ളിൽ നിറച്ചും വെള്ളമുണ്ട്. മധ്യവയസ്സു പിന്നിട്ട കിണറാണിത്. മറ്റ് വസ്തുക്കൾ പോലെയല്ല കിണർ. അതിന് ജീവനുണ്ടെന്ന് തോന്നും. നിലയ്ക്കാത്ത കൊച്ചു ജലയനക്കങ്ങൾ, അരികിലെ മണ്ണടരുകളിൽ വെള്ളം വന്നുലഞ്ഞു തട്ടുമ്പോൾ ജീവൻ തുടിക്കുന്ന പോലെ ശബ്ദം വരും പതിയെ മുകളിലേക്ക് എല്ലായ്‌പ്പോഴും. ആരെങ്കിലും കിണറ്റിൽ ചാടി മരിച്ചതിനെ തുടർന്ന് വെള്ളം എടുക്കാതെ ആയതാണോ, ഒന്നുമറിയില്ല. അതിൽ നിന്ന് വെള്ളം എടുക്കുന്നതിന്റെ ലക്ഷണമൊന്നും കാണുന്നില്ല. മോട്ടോറോ കോരാനുള്ള സാമഗ്രികളോ ഇല്ല. നിറഞ്ഞിരുന്നിട്ടും കിണർ, അനാഥമായി കിടക്കുന്നു, വെള്ളത്തിന് ക്ഷാമമുണ്ടെന്ന് പറയുന്ന അതേ നാട്ടിൽ. ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


വി. എസ്. സനോജ്

മാധ്യമപ്രവർത്തകൻ, ചലച്ചിത്ര​ പ്രവർത്തകൻ. സനോജ്​ സംവിധാനം​ ചെയ്​ത ‘ബേണിങ്​’ എന്ന ഹിന്ദി ചിത്രം ഗോവ ഉൾപ്പെടെ നിരവധി രാജ്യാന്തര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്​.

Comments