പിന്നെ കുന്നുകൾ കാണുമ്പോൾ, ആകാശം മറന്നുവെച്ചതാണവയെന്ന് തോന്നിത്തുടങ്ങി മഴവില്ല് മേഘങ്ങൾ മറന്നുവച്ചതെന്നും..- സച്ചിദാനന്ദൻ.
ഇന്ത്യയിലെ അവസാനത്തെ ഗ്രാമമെന്ന് പേരുള്ള പ്രദേശം തേടിപ്പോയത് കുറച്ചുവർഷം മുമ്പാണ്. ചൈനയുടെ അരികുപറ്റിക്കിടക്കുന്ന മനാ ഗ്രാമത്തിലേക്ക്. ഏറെക്കഴിഞ്ഞാണ് ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം എന്ന ഒരിടത്തെക്കുറിച്ച് കേട്ടറിയുന്നത്. നോർത്ത് ഈസ്റ്റിലെ മേഘാലയയിൽ. ഷില്ലോങിൽ നിന്ന് ഏറെ ദൂരെ. മഴപ്പതിവുകളുടെ ഭൂമികയായ മൗസിൻട്രമിന് പോകുന്ന വഴി നീളേണ്ടതിൽ നിന്ന് ഇടത്തോട്ട് ദിശ പിടിച്ചാൽ അവിടെയെത്തിപ്പെടാമെന്ന് വായിച്ചറിഞ്ഞു. എങ്കിൽ പിന്നെ മലമുകളിലെ മഴഗ്രാമങ്ങളിലേക്ക് പോകുക തന്നെ. അതിനുള്ള അവസരം പക്ഷേ ഒത്തുവന്നത് ഏറെ കഴിഞ്ഞാണ്. ഒരിക്കലൊരു അസം യാത്രയിലാണത് സംഭവിച്ചത്. ഒരു ചലച്ചിത്രമേളയിൽ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചതിനെ തുടർന്ന് മൂന്നുദിവസത്തേക്ക് പോകാനുള്ള അവസരം കൈവന്നു. രണ്ടുദിനം കൂടി ചേർത്ത്, മേഘാലയൻ മഴവഴികളിലൂടെ മഞ്ഞിന്റെ ആശ്ലേഷമനുഭവിച്ച് നടക്കാനിറങ്ങി. ഗുവാഹട്ടി വിമാനത്താവളത്തിലിറങ്ങി ഷില്ലോങ് ടൗണിലേക്ക് ടാക്‌സിയെടുത്തു. രണ്ടര മണിക്കൂറോളമെടുത്തു യാത്ര. വൈകീട്ടോടെ ഷില്ലോങ് ടൗണിലെത്തി. പ്രതീക്ഷിച്ചപോലെ കനത്ത മഴ കാത്തുനിന്നു.
കൂറ്റൻ നിയോൺ ലൈറ്റുകളെയും പരസ്യബോർഡുകളേയും സാക്ഷിയാക്കി നഗരം വെളിച്ചത്തിൽ തണുത്തു കിടക്കുന്നു. മുറിയിലെ തണുപ്പിലേക്കും ഉറക്കം പതിയെ കടന്നെത്തി. സ്‌കൂളിൽ ജ്യോഗ്രഫി പുസ്തകത്തിൽ മാത്രം പഠിച്ച ഇടമാണ് മൗസിൻട്രം
കോടമഞ്ഞിൽ പുതയാതെ മേഘങ്ങളുടെ ആലയത്തിലെ കാഴ്ച പൂർണമാകില്ലെന്ന വിശേഷണം അന്വർത്ഥമാക്കി, അവിടെയെത്തിയപ്പോൾ അന്തരീക്ഷം. നഗരത്തിലൂടെ വണ്ടി പ്രധാന മാർക്കറ്റുള്ള പരിസരത്തേക്ക് എത്തി. അടുത്ത പെയ്ത്തിന് മുമ്പുള്ള ഇടവേള പോലെ, ഇടയ്‌ക്കൊന്ന് മഴ ഒഴിഞ്ഞുനിന്ന സമയത്ത് വണ്ടിയിറങ്ങി. വലിയ മാർക്കറ്റിനും ബസ് ടെർമിനലിനുമരികെ. റൂമൊന്നും ബുക്ക് ചെയ്തിട്ടില്ല. ചുമ്മാ ഒരെത്തും പിടിയുമില്ലാതെ അവിടെയാകെ നടന്നു, പലയിടത്തും മുറി നോക്കി, ഒടുക്കം, നല്ലൊരു മുറി കിട്ടി, ടൗണിൽ തന്നെ.
മുറിയെടുക്കാനെത്തിയപ്പോഴേക്കും മഴ ഒരു ഇടവേളയെടുത്തിരുന്നു. ഒന്ന് ഫ്രഷായി മുറിയ്ക്ക് പുറത്തിറങ്ങുമ്പോ നേരം ഇരുട്ടി. ഹോട്ടലിലെ മുറിയുടെ ബാൽക്കണിയിൽ നിന്ന് നോക്കിയാൽ നഗരം കാണാം. ഹോട്ടലിൽ നിന്ന് 100 മീറ്റർ നടന്നാൽ നഗരത്തിലെ പ്രധാന ചത്വരമായി. ഷില്ലോങിന്റെ ഹൃദയഭാഗത്താണ് ആ ചത്വരം. പൈനാപ്പിൾ മുറിച്ചതും ചോളം ചുട്ടതുമായി പല തരം പച്ചക്കറികളും പഴങ്ങളും പഴക്കൂടകളും വിൽപ്പനയ്ക്ക് വച്ച് സ്ത്രീകൾ ഇരിക്കുന്നുണ്ട്. കുട്ടകളും കൂടകളും അവർ നെയ്തത് വില്പനയ്ക്കായുണ്ട്. പരമ്പരാഗത വേഷത്തിലാണ് ഇരിപ്പ്. മഴയും തണുപ്പുമാണ്. കറുത്ത റോഡിലെ ജലപ്രതലത്തിൽ നഗരത്തിലെ സ്ട്രീറ്റ് ലൈറ്റുകളും പരസ്യബോർഡുകളിലെ പലനിറ വെളിച്ചങ്ങളും പ്രതിഫലിച്ചു കിടക്കുന്നു.
തൊട്ടപ്പുറത്ത് ചെറിയൊരു മാളുണ്ട്. അതിന് അപ്പുറവും ഇപ്പുറവും താഴേയ്ക്കുള്ള സ്ട്രീറ്റുകളാണ്. ഇരുവശത്തും ചെരുപ്പും തണുപ്പ് വസ്ത്രങ്ങളും വിൽക്കുന്ന കടകളുടെ നീണ്ട നിര. ബ്രാന്റഡ് വസ്ത്രങ്ങളുടേയും ഷൂസുകളുടേയും വൻ ശേഖരമുള്ള കടകളാണ് എങ്ങും. ഗ്രാമങ്ങൾ മാത്രമല്ല ടൗണും നല്ലപോലെ വൃത്തിയുള്ളതാണ് മേഘാലയായിൽ. സ്ട്രീറ്റുകളിൽ വെറുതെ നടന്നു. ചില മാർക്കറ്റുകളിലേക്ക് ഇറങ്ങിച്ചെന്നു. നഗരം ഒരു ചെരിവാണല്ലോ നോർത്ത് ഈസ്റ്റിൽ. പല മാർക്കറ്റിലേക്കും പടികളിറങ്ങി താഴേയ്ക്ക് പോകേണ്ടിവരും. അങ്ങനെയാണ് ഭൂമിയുടെ കിടപ്പ്. അല്ലറ ചില്ലറ ഷോപ്പിങ് നടത്തി. രാത്രി ശരിക്കും സജീവമാണ് നഗരം. നോർത്ത് ഈസ്റ്റിലെ മറ്റൊരു നഗരമായ കൊഹിമയിൽ ഒരിക്കലും കാണാത്ത കാഴ്ച്ചകളാണ് ഷില്ലോങിൽ. രാവേറെ പിന്നിട്ടാലും സജീവമായി ആളുകൾ ഉല്ലസിച്ചു നടക്കുന്ന നഗരം. ഷോപ്പിങും നടപ്പും പിന്നിട്ട് അടുത്ത് കണ്ട ഒരു കഫേയിൽ പോയി നല്ലൊരു കാപ്പി കഴിച്ചു. തിരിച്ച് വീണ്ടും ചത്വരത്തിന് മുന്നിലെത്തി. ബഹളവും കാഴ്ച്ചകളും കണ്ട് വെറുതെ നിന്നു.
മൗസിൻട്രം വഴിയിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞാൽ സ്‌കാൻഡിനേവിയൻ പുൽസമതലങ്ങൾ പോലെ തോന്നിപ്പിക്കുന്ന വഴികൾ. മേഘം പഞ്ഞിക്കെട്ടുപോലെ യാത്രികരുടെ വഴിയ്ക്ക് താഴെ നിൽക്കുന്ന അനുഭവം. പച്ചപുതച്ച ഉയർച്ച താഴ്ചകൾ. മഴ അപ്രതീക്ഷിതമായി മാറിമറയുന്നു.
അതിനിടെ ചില മലയാളികളെ കണ്ടുമുട്ടി. ഒരാൾ പട്ടാളക്കാരനാണ്, അദ്ദേഹം ഡ്യൂട്ടിയിലാണ്. മറ്റ് രണ്ടുപേർ ഷില്ലോങ് യൂണിവേഴ്‌സിറ്റിയിൽ ജേണലിസം പഠിക്കുന്നവരാണ്. പട്ടാളക്കാരൻ കൊല്ലംകാരനാണ്. പേര് മറന്നുപോയി. എല്ലാവരുമായി സംസാരിച്ചു നിന്നു കുറച്ചുനേരം. ചില പടമെടുപ്പുകൾ, വിശേഷം പറച്ചിൽ, യാത്ര പറഞ്ഞു. രാത്രിയായി. വന്നിട്ട് ഇതുവരെ ഒന്നും കഴിച്ചിട്ടില്ല. നല്ല വിശപ്പ്. ചത്വരത്തിൽ തന്നെ സ്ട്രീറ്റിനോട് ചേർന്ന് രണ്ട് നാല് വലിയ തട്ടുകടകൾ കണ്ടു. ചിക്കനും പോർക്കുമെല്ലാം ചുട്ടുതരുന്ന കട കണ്ടു. സ്ത്രീകളാണ് നടത്തിപ്പുകാരും ഉണ്ടാക്കുന്നവരും. വെജ് മൊമോ പറഞ്ഞു. ഒപ്പമുള്ള സുഹൃത്തിന് പോർക്ക് ഗ്രിൽ ചെയ്‌തെടുത്ത റോളും. നല്ല എരിവും ചൂടും രുചിയുമുള്ള ഭക്ഷണം. സുഹൃത്ത് പോർക്ക് കഴിക്കുന്നത് കണ്ടപ്പോൾത്തന്നെ രുചി പിടിച്ചത് മനസ്സിലായി. വെജ് മൊമോയും കൊള്ളാം. നോർത്ത് ഈസ്റ്റുകാരാണല്ലോ ഇന്ത്യയിൽ മൊമോയുടെ അവകാശികൾ. അതുകൊണ്ട് മോശമാകാൻ തരമില്ല. മീനും ഗ്രിൽഡ് ചെയ്ത് കിട്ടും അവിടെ. ചിക്കൻ പോലെ പൊരിച്ചുതരും. ഡാമുകളിലേയോ പുഴയിലേയോ മീനുകളായിരിക്കും എന്നുമാത്രം.
ഗ്രിൽഡ് പോർക്കും മൊമോയും മനസ്സ് നിറച്ചതിനാൽ മുറിയിലേക്ക് മടങ്ങി. രാവിലെ മൗസിൻട്രം പിടിക്കണം, ബസ് യാത്രയായാലോ എന്നാലോചിച്ചു. പക്ഷേ നമ്മുടെ സമയത്തിന് മടങ്ങിയെത്തുക സാധ്യമല്ല. അതാലോചിച്ച് വരുമ്പോൾ ഹോട്ടലിന്റെ മുന്നിൽ നിന്നൊരു ടാക്‌സിക്കാരൻ യാത്രയ്ക്ക് കാർ ബുക്ക് ചെയ്യുന്നോ എന്ന് ചോദിച്ച് പുറകെ കൂടി. അവന്റേത്, നല്ല കാറാണെന്ന് മനസ്സിലായി. റേറ്റ് ചോദിച്ചു, പറഞ്ഞു, തരക്കേടില്ല, വിലപേശി ഉറപ്പിച്ചു. രാവിലെ 7 മണിയ്ക്ക് വണ്ടിയെത്തുമെന്ന് വാക്കാൽ പറഞ്ഞ് ഗുഡ്‌നൈറ്റും പറഞ്ഞ് ഡ്രൈവർ പോയി. മുറിയിലെത്തി, നല്ല തണുപ്പുണ്ട്. കുറച്ചുനേരം നഗരം നോക്കിയിരുന്നു. രാത്രി നീളുകയാണ്, നഗരം പതിയെ ആളില്ലാത്ത ലോകമായി മാറുന്നത് കണ്ടു. രാവിലേയ്ക്കുള്ള അലാം മൊബൈലിൽ വെച്ച് കിടന്നു. കൂറ്റൻ നിയോൺ ലൈറ്റുകളെയും പരസ്യബോർഡുകളേയും സാക്ഷിയാക്കി നഗരം വെളിച്ചത്തിൽ തണുത്തു കിടക്കുന്നു. മുറിയിലെ തണുപ്പിലേക്കും ഉറക്കം പതിയെ കടന്നെത്തി. സ്‌കൂളിൽ ജ്യോഗ്രഫി പുസ്തകത്തിൽ മാത്രം പഠിച്ച ഇടമാണ് മൗസിൻട്രം. അതിന്റെ പരിസരങ്ങളിലേക്കാണ് രാവിലെ യാത്രയെന്ന് ഓർത്തു. ഇടയ്‌ക്കെപ്പോഴോ ഉറങ്ങിപ്പോയി. അലാം കേട്ട് ഉണർന്നു. കുറച്ചുസമയം കൂടി കിടന്നു. നല്ല മഴ. റെഡിയാവാൻ പിന്നെയും സമയമെടുത്തു.
താഴെ റോഡിലെത്തുമ്പോൾ ഡ്രൈവർ റെഡിയാണ്. ഏറെസമയം കാത്തുനിന്ന ശേഷം വണ്ടിയിൽ ഇരിക്കുന്നുണ്ട്. നേരെ മൗസിൻട്രമിന്റെ വളവുതിരിവുകളിലേക്ക് കാർ വിട്ടു. നഗരത്തെ നനച്ച മഴയിലൂടെ പാഞ്ഞു. നല്ല റോഡുകളാണ്. നഗരം കഴിഞ്ഞാൽ അപകടരമായ വളവുകളുള്ള മലമ്പാതകളും. ഒരു ഭാഗം മലയും മറുഭാഗം വലിയ ഗർത്തങ്ങളും. പക്ഷേ വേഗതയ്ക്ക് ഒരു കുറവുമില്ല. ടൂറിസം വൃത്തിയായി ചെയ്യാനറിയാവുന്നവരാണ് എന്ന് ബോധ്യപ്പെടുന്ന നഗരവും ഗ്രാമപ്രദേശങ്ങളും. അപ്പർ ഷില്ലോങിലെ എലഫെന്റ ഫാൾസിലേക്കായിരുന്നു ആദ്യം പോയത്. അവിടേക്ക് നഗരത്തിൽ നിന്ന് അധികം ദൂരമില്ല. എലഫന്റയിലെ പാർക്കിങ് ഏരിയയിൽ കാർ നിർത്തി. പോയി കണ്ടുവരാൻ ഡ്രൈവർ പറഞ്ഞു. പത്ത് മിനിറ്റ് നടക്കാനുള്ളൂ. പടികളിറങ്ങി താഴേയ്ക്ക് എത്തിയാൽ മുകളിൽ അല്പം ദൂരെ വെള്ളച്ചാട്ടം. ചെറിയ വെള്ളച്ചാട്ടമാണത്, സത്യത്തിൽ. പല അടുക്കുകളായി വീഴുന്നതിലെ ഭംഗി മാത്രം. കാട്ടിലൂടെ മലയിൽ നിന്ന് വെള്ളം സ്വാഭാവികമായി വന്നു വീഴുകയാണ്. മറ്റ് നിർമിതികളൊന്നുമില്ല. വെള്ളം കല്ലടക്കുകളിലൂടെ താഴേയ്ക്ക് കാട്ടിലൂടെ പതിക്കുകയാണ് പല പല അടരുകളായി. തരക്കേടില്ലാത്ത കാഴ്ച്ച. അത്രയേ തോന്നിയുള്ളൂ. അതുകൊണ്ട് അധികം നേരം മെനക്കെടാതെ തിരിച്ച് മടങ്ങി.
മുകളിൽ ടിക്കറ്റ് കൗണ്ടറിനരികിൽ പരമ്പരാഗത വേഷം ധരിച്ച് ഫോട്ടോയെടുക്കാനുള്ള സൗകര്യമുണ്ട്. ഒരു മുറിയിൽ നിറയെ വസ്ത്രങ്ങളാണ്. കൂടെയുള്ള സുഹൃത്തിന് ഫോട്ടോ വേണം. ഖാസി കുന്നുകളിലെ മനുഷ്യഗോത്രങ്ങളുടെ ലോകം. അവരുടെ പരമ്പരാഗതവേഷം അണിയിക്കാനാളുണ്ട്. അവരുടെ വേഷമിട്ടുള്ള സുഹൃത്തിന്റെ പടമെടുത്തുകൊടുത്തു. ഇനി പോകുന്നതാണ്, പല കാലങ്ങളിൽ പോകാനായി ആഗ്രഹിച്ച ഇടങ്ങളിലൊന്ന്. അവിടേക്കായി കാർ നീങ്ങി. ഇത്രവേഗം വെള്ളച്ചാട്ടം കണ്ട് തിരിച്ച് വന്നോ എന്ന മട്ടിലാണ് ഡ്രൈവർ. വണ്ടി ഡൗക്കിയിലേക്ക് വിടാൻ അവനോട് പറഞ്ഞു. കോടമഞ്ഞ് പുതഞ്ഞ വഴിയിലൂടെ ലക്കും ലഗാനുമില്ലാത്ത പോലെ കാർ പാഞ്ഞു. ഇടയ്ക്ക് കോടമഞ്ഞ് കാരണം മുന്നിലെ വാഹനങ്ങൾ കാണുന്നതേയില്ല. പക്ഷേ അവനതൊരു പ്രശ്‌നമായി തോന്നിയില്ല. പതിയെ പോകാൻ പറഞ്ഞു നോക്കിയെങ്കിലും ആ സ്പീഡാണ് അവന്റെ ശീലമെന്ന് മനസ്സിലായി. അല്പമൊന്ന് കുറച്ചാലും പതിയെ ആ വേഗം അവൻ തിരിച്ചുപിടിക്കുന്നു.
വഞ്ചിയിൽ നദിയിൽ ചുറ്റാനായി കേറി. നല്ല വെയിലിൽ മുകളിൽ നിന്ന് നോക്കിയാൽ ഒരു ഗ്ലാസിന് മുകളിലൂടെ വഞ്ചി പോകുകയാണെന്ന് തോന്നിയേക്കാം അത്രമേൽ സ്ഫടികസമാനമായ സുതാര്യതയാണ് നദിയ്ക്ക്.
ഇരുവശവും മനോഹരമായ കാഴ്ചകളുടേതാണ്. മൗസിൻട്രം വഴിയിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് സ്‌കാൻഡിനേവിയൻ പുൽസമതലങ്ങൾ പോലെ തോന്നിപ്പിക്കുന്ന വഴികളിലൂടെ കനത്ത മഞ്ഞിനെ വകവയ്ക്കാതെ ഡ്രൈവർ വണ്ടി വിട്ടു. മേഘം പഞ്ഞിക്കെട്ടുപോലെ യാത്രികരുടെ വഴിക്കുതാഴെ നിൽക്കുന്ന അനുഭവം. പച്ചപുതച്ച ഉയർച്ച താഴ്ചകൾ. മഴ അപ്രതീക്ഷിതമായി മാറിമറയുന്നു. ഇടിമിന്നലിന്റെ അകമ്പടിക്കും ഒട്ടും കുറവല്ലാത്തയിടം. മഞ്ഞ്, കാലഭേദം നോക്കാതെ പെയ്തുകൊണ്ടിരിക്കുന്നു. പാഞ്ഞുപോകുന്ന മേഘത്തലപ്പുകൾ. ചിലയിടത്ത് നിർത്തി ഫോട്ടോകളെടുത്തു മൊബൈലിൽ. എന്തെങ്കിലും കഴിക്കണം, നല്ല വിശപ്പ്. ചായയെങ്കിലും വേണം. വിശപ്പിനെക്കുറിച്ച് സംസാരത്തിലായപ്പോൾ ഭാഷ മനസ്സിലായില്ലെങ്കിലും ഡ്രൈവർക്ക് കാര്യം മനസ്സിലായി. വഴിയെ നല്ലൊരു സ്ഥലമുണ്ട്, അവിടെ നിർത്താമെന്ന് മറുപടി വന്നു. സ്ഥിരം ഇടമാണത് വണ്ടിക്കാർക്ക്, എന്നുതോന്നി. അപ്രതീക്ഷിതമായി എത്തിപ്പെട്ട് പൊതിഞ്ഞുകളയുന്ന കോടമഞ്ഞും മഴയും തണുപ്പുമാണ് മൗസിൻട്രം യാത്രികരെ കാത്തിരിക്കുക. മേഘം താഴെയിറങ്ങി നിൽക്കുന്ന വഴിയെ യാത്ര തുടർന്നു. മഴ ചാറിക്കൊണ്ടിരുന്നു. മലയെ തുരന്നുപോകുന്ന കാടിനെ വെട്ടിത്തീർത്ത ടാറിട്ട റോഡ്. കാറിന് മുന്നിലാകെ പുക പോലെ മഴയും മഞ്ഞും വന്നു നിറഞ്ഞു. ഡ്രൈവർ നേരിയ കാഴ്ച്ചയിലും സ്പീഡിലാണ് വണ്ടി ഓടിക്കുന്നത്. വഴി കാണാതെയുള്ള വണ്ടിയോടിക്കലായി പലയിടത്തും. ഭീതി തോന്നി പതിയെ പോകാൻ പറഞ്ഞു. പേടിക്കേണ്ടെന്ന് അവൻ ചിരിയോടെ.
ഏറെ ദൂരം പോയിക്കഴിഞ്ഞ് ബ്രേക്ക്ഫാസ്റ്റ് കഴിക്കാനായി ഒരിടത്ത് നിർത്തി. അവിടെയൊരു വ്യൂ പോയിന്റും വളവവുമാണ്, അരികെ രണ്ട് മൂന്ന് ചായക്കടകളും. ചായയും റൊട്ടിയും കറിയുമാണ് കിട്ടിയത്. മറ്റൊന്നുമില്ല. വണ്ടി നിർത്തി ഇറങ്ങി അല്പസമയത്തിനകം കോട നിറഞ്ഞു ആകെ. വ്യൂ പോയിന്റിൽ പോയി മലനിരകൾ കണ്ടു. ഖാസി ഗോത്രങ്ങളുടെ ലോകമാണിത്. വൈകീട്ട് ഇവിടെ തിരിച്ചുവരുമ്പോൾ ഒന്നുകൂടെ കേറാമെന്ന് ഡ്രൈവർ പറഞ്ഞു, ഇപ്പോ വേഗം പോകാം, കണ്ടുതീർത്ത് തിരിച്ചുവരുമ്പോൾ നല്ല വ്യൂ കിട്ടും- അവൻ പറഞ്ഞു. ഇനിയുള്ള യാത്ര ഉംൻഗോട്ട് എന്ന സ്ഫടികസുതാര്യമായ നദി കാണാനും പ്രകൃതി തന്നെ വേരുകൾ കൊണ്ട് പാലം പണിതിട്ട നോവെറ്റ് ഗ്രാമത്തിലേക്കുമാണ്. ആദ്യം പോകുന്നത് ഡൗക്കിയിലേക്കാണ്. ഉംൻഗോട്ട് എന്ന തെളിമയുടെ അസാധാരണ സൗന്ദര്യമുള്ള നദിയിലേക്ക്. അങ്ങനെ ഡൗക്കിയെത്തി. ഉംൻഗോട്ടിലേക്ക് താഴേയ്ക്കിറങ്ങി. കൃത്യമായ വഴിയില്ല. ഊർന്നിറങ്ങേണ്ട വഴികളിലൂടെ കടവിലേക്ക്.
ഒരു വഞ്ചിക്കാരൻ വന്നു, പൈസ പറഞ്ഞുറപ്പിച്ചു. വഞ്ചിയിൽ നദിയിൽ ചുറ്റാനായി കേറി. നല്ല വെയിലിൽ മുകളിൽ നിന്ന് നോക്കിയാൽ ഒരു ഗ്ലാസിന് മുകളിലൂടെ വഞ്ചി പോകുകയാണെന്ന് തോന്നിയേക്കാം അത്രമേൽ സ്ഫടികസമാനമായ സുതാര്യതയാണ് നദിയ്ക്ക്. വഞ്ചിയിൽ കുറച്ചു ദൂരെ പോയി, ഒരിടത്ത് ഇറക്കി. അവനവിടെ മറ്റ് വഞ്ചിക്കാരുടെ കൂടെ ഇരിപ്പായി. നല്ല പോലെ വെള്ളമുണ്ട്. പുഴയിലിറങ്ങാം. ഭംഗിയുള്ള ഉരുളൻ കല്ലുകളാണ് നിറയെ. നദിയിൽ കുളിക്കുകയോ നടക്കുകയോ ആവാം. തിരിച്ച് പാലത്തിന് താഴെയുള്ള കടവിലേക്ക് വഞ്ചിയിൽ തിരിച്ച് എത്തിക്കും. മൊത്തം ഒരു മണിക്കൂറോളം സമയം ചെലവിടാമെന്നതാണ് കരാർ. കൂറ്റൻ പാറക്കെട്ടുകൾക്കരികിലെ മൂർച്ചയുള്ള കരിങ്കലിന്റെ നിൽക്കാനാകുന്ന ഒതുക്കുകളിൽ മിക്കയിടത്തും മീൻ പിടുത്തക്കാരുണ്ട് ചൂണ്ടയുമായി. കാട്ടിൽ നിന്ന് ചിലയിടത്ത് വെള്ളം കല്ലിലൂടെ നദിയിലൂടെ ഊർന്നിറങ്ങുന്നു. ഉംൻഗോട് എന്നാണ് അവരുടെ ഉച്ചാരണം. ഉംഗോട് എന്നാണ് എഴുതുന്നത്.
അവിടെ വച്ചൊരു മലയാളി പയ്യനെ കണ്ടുമുട്ടി, കോഴിക്കോട്ടുകാരനാണ്. കൂടെയാരുമില്ല. നദിയിൽ വന്നപാടെ അവൻ തുണിയെല്ലാം മാറ്റി വെച്ച് നീന്താൻ തുടങ്ങി. അവനവിടെ പരിചയമുണ്ടെന്ന് മനസ്സിലായി. ആരോടും സംസാരിക്കാതെ അവൻ തന്റെ നദീബന്ധത്തിലലിഞ്ഞ് നീന്തിത്തുടങ്ങി.
ഡൗക്കി- തമാബിൽ മേഖലയിലാണ് ഇവിടെ ഇന്ത്യയും ബംഗ്ലാദേശും അതിർത്തി പങ്കിടുന്നത്. പൊതുവേ സൗഹൃദപരമായ അതിർത്തി പങ്കിടലെന്ന് തോന്നുന്ന പ്രദേശം. ധാരാളം മീൻ കിട്ടുന്ന നദിയാണ്. ചൂണ്ടയിടൽ പ്രധാന പരിപാടിയും. മേഖലയിലെ പ്രധാന മത്സ്യസ്രോതസ് ഈ നദിയാണെന്ന് തോന്നി. ആണുങ്ങളുടെ തലയിൽ കൂർത്ത തരം തൊപ്പികൾ. മംഗോളിയൻ മുഖഛായ. ചുരുക്കിപ്പറഞ്ഞാൽ ഉംൻഗോട്ടിലെ സ്ഫടിക ജലാശയത്തിന്റെ ആകാരഭംഗിയും കൂർത്ത കൽപ്പാളികളും കാടുമായി ചേർന്നുകിടക്കുന്ന അരികുകളും മനുഷ്യരുടെ മുഖവും വിയറ്റ്‌നാമോ കംബോഡിയൻ പുഴക്കരയോ ആണെന്ന് തോന്നിപ്പിച്ചു. നദിയിലിറങ്ങി, നടക്കാൻ ശ്രമിച്ചു. കുളിക്കാനുള്ള പരിപാടിയില്ല. നല്ല തണുപ്പുണ്ട് വെള്ളത്തിന്. ചുറ്റും കാടും മലയുമാണ്. കാട്ടിലെ നീരൊഴുക്ക് പുഴയിലേക്കും. ആഴമുള്ള ജലാശലയം, വെള്ളം കണ്ണാടി പോലെ തെളിഞ്ഞിരിക്കുന്നു. ഇറങ്ങുന്നവർക്ക് അത്രയും ആഴമുണ്ടെന്ന് തോന്നില്ല. വലിയ ആഴമുള്ള ഭാഗം പോലും തൊട്ടടുത്തെന്ന പോലെ തെളിഞ്ഞുകാണും. ആഴമില്ലെന്ന് കരുതി കാൽവെക്കാൻ ശ്രമിച്ചാൽ താഴേക്ക് വേച്ചുപോകുകയും ചെയ്യും. അപകടമാണിതെന്ന് തോണിക്കാർ പറഞ്ഞു. ചെന്നിറങ്ങിയപ്പോൾ തന്നെ അത് മനസ്സിലാവുകയും ചെയ്തു. പലവട്ടം വേച്ചു, വെള്ളത്തിലിറങ്ങിയപ്പോൾ. കാണാൻ നല്ല ഭംഗിയുണ്ടെങ്കിലും ആഴം നല്ല പോലെയുണ്ട്. പോരാത്തതിന് ഉരുളൻകല്ലുകൾ മിനുസപ്പെട്ട് കിടക്കുകയാണ്. കാൽ വഴുതാനും സാധ്യത കൂടുതലാണ്.
ഇടതൂർന്ന കാടാണ് തുടർന്നങ്ങോട്ട് ദൂരെയ്ക്ക് അഗാധമായ നദിയുടെ ഒഴുക്കും. അങ്ങോട്ട് പ്രവേശമില്ല. നദിയുഴിഞ്ഞ് മിനുസപ്പെടുത്തിയ ഉരുളൻ കല്ലുകളുടെ ഭംഗിയിലൂടെ നടന്നുകണ്ടു, ഒഴുക്കു കുറവുള്ളിടത്ത് ജലനടത്തം സാധ്യമായി. അവിടെ വെച്ചൊരു മലയാളി പയ്യനെ കണ്ടുമുട്ടി, കോഴിക്കോട്ടുകാരനാണ്. കൂടെയാരുമില്ല. അവനൊറ്റയ്ക്കാണെന്ന് തോന്നി. നദിയിൽ വന്നപാടെ അവൻ തുണിയെല്ലാം മാറ്റി വെച്ച് നീന്താൻ തുടങ്ങി. അവനവിടെ പരിചയമുണ്ടെന്ന് മനസ്സിലായി. ആരോടും സംസാരിക്കാതെ അവൻ തന്റെ നദീബന്ധത്തിലലിഞ്ഞ് നീന്തിത്തുടങ്ങി. കരയിൽ മീൻ വിൽക്കാൻ വെച്ചവരെ കണ്ടിരുന്നു. സ്ത്രീകളാണ് വിൽപന. മീൻ പിടിക്കാനും ചില സ്ത്രീകളുണ്ട്. കാടിനോടും കല്ലടുക്കുകളോടും ചേർന്ന് നദിയിലൂടെ വഞ്ചിയിൽ പോകുമ്പോൾ കൂറ്റൻ തൂക്കുപാലത്തിന്റെ ഭംഗി ഒന്നു വേറെയാണ്. ഡേവിഡ് ലീനിന്റെ ദ ബ്രിഡ്ജ് ഓൺ ദ റിവർ ക്വായ് എന്ന പ്രസിദ്ധ സിനിമയെ ഓർമിപ്പിച്ചു പാലം. തന്ത്രപ്രധാന റൂട്ടാണതെന്ന് തോന്നി. ബംഗ്ലാദേശിലേക്കും തിരിച്ചും ട്രക്കുകളുടെ സർവ്വീസ് ഇതുവഴിയാണ്. ബ്രിട്ടീഷ് കാലത്ത് 1932 ൽ പണിതതാണ് തൂക്കുപാലം. പാലത്തിന് മുകളിൽ ഫോട്ടോയെടുപ്പ് നിരോധനമുണ്ട്.
മൗലിനോങ് ഗ്രാമത്തിലേക്ക് ചെന്നെത്തി. കേറി ചെല്ലാൻ സഞ്ചാരികൾക്ക് ടിക്കറ്റ് എടുക്കണം. പാർക്കിങ് ഇടം പോലും നല്ല വൃത്തിയിലാണ്. ചെറിയ വീടുകൾ. നിറയെ വൃക്ഷങ്ങളുള്ള കാടുകളോട് ചേർന്ന ഗ്രാമമാണ്.
ഉംൻഗോട്ടിന്റെത് അസാധാരണ സൗന്ദര്യമാണ്. വെയിൽ വന്നാൽ നദിയാഴങ്ങൾ ചില്ലുപോലെ തെളിയുന്നു, സുതാര്യമാകുന്നു. പക്ഷേ അല്പം മാത്രം അകലെ ബംഗ്ലാദേശിന്റെ പുഴഭാഗം കലങ്ങിയിരിക്കുന്നു. അനിയന്ത്രിതമായ മണലെടുപ്പിന്റെ ലോകം കൂടിയാണത്. മണലെടുപ്പ് ലോറികൾ ബംഗ്ലാ അതിർത്തിയിലെ പുഴയിൽ കണ്ടു, ചിലത് റോഡിലൂടെ കടന്നുപോയി. ലോറി കേറി പോകുന്ന പുഴഭാഗങ്ങൾ. ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം കണ്ടുവേണം ഇനി മടങ്ങാൻ. അതിനാൽ ഡൗക്കിയിൽ നിന്ന് തിരിച്ചു പോന്നു. വലിയ പുൽമൈതാനങ്ങളും പുൽപ്പരപ്പുകളും പിന്നിട്ട് കാർ ഗ്രാമത്തിലേക്ക് പാഞ്ഞു. വെസ്റ്റ് ജൈന്തിയ ഹിൽസും ഖാസി ഹിൽസും ഈ മേഖലകളെ പങ്കിടുന്നു. ഗ്രാമത്തിലേക്കുള്ള പോക്കിൽ കേരളം പോലെയുള്ള സ്ഥലങ്ങൾ. കവുങും ഈറ്റയും മുളയും. മൗലിനോങ് ഗ്രാമത്തിലേക്ക് ചെന്നെത്തി. കേറി ചെല്ലാൻ സഞ്ചാരികൾക്ക് ടിക്കറ്റ് എടുക്കണം. പാർക്കിങ് ഇടം പോലും നല്ല വൃത്തിയിലാണ്. ചെറിയ വീടുകൾ. നിറയെ വൃക്ഷങ്ങളുള്ള കാടുകളോട് ചേർന്ന ഗ്രാമമാണ്. ഗ്രാമത്തിലെത്തുന്നതിന് തൊട്ടുമുമ്പായി കൂടക്കല്ല് വെച്ചൊരു ഇടം കണ്ടു. ബാലൻസിങ് റോക്ക് എന്നെഴുതിയ ബോർഡും. ചെറിയ കല്ലിൻമേൽ ധ്യാനിക്കുന്ന പോലെ വലിയൊരു പാറക്കല്ല്. അതിന്റെ ബാലൻസിങ് വിചിത്ര മനോഹാരിതയുണ്ട്. അവിടെ കേറി പടമെടുത്തു. കൊള്ളാം. ഗ്രാമത്തിലെത്തിയപ്പോൾ ഉച്ച കഴിഞ്ഞു. നല്ല വിശപ്പ് ആദ്യം ഭക്ഷണം ശേഷം കാഴ്ച്ചയെന്ന് തീരുമാനിച്ചു.
മുള കൊണ്ട് തട്ടിക മറച്ചുണ്ടാക്കിയ പൈതൃകരീതിയിലുള്ള കഫേ. ലഞ്ച് കിട്ടുമെന്ന് ബോർഡുമുണ്ട്. നല്ല ചിക്കൻ കറിയും ചോറും തോരനും അച്ചാറും കിട്ടിയപ്പോൾ സുഹൃത്ത് ഹാപ്പിയായി. ഗ്രാമത്തിലെ തനത് പ്രിപ്പറേഷനാണ് നാടൻ ചിക്കൻ കൊണ്ടുള്ള കറി. ഒരു ഫിഷ് കറി മീൻസും ഓംലൈറ്റും പറഞ്ഞു. പുഴ മീൻ കൂട്ടിയുള്ള ഊണ്, അതീവ രുചികരം. ലഞ്ചും കഴിഞ്ഞ് നടക്കാനിറങ്ങി, വൃത്തിഗ്രാമത്തിൽ. ചെറിയ കുടിലുകളാണ്. സന്ദർശകർക്ക് നടക്കാനുള്ള പാത, സ്ലാബിട്ട കൊച്ചു വഴികളാണ്. ഇരുവശവും പൂക്കളും മറ്റും പിടിപ്പിച്ചിരിക്കുന്നു. അലങ്കാരങ്ങളായി പല വീടിന് മുന്നിലും പാർക്ക് പോലെ. പഴയ സമ്പ്രദായത്തിലുള്ള കുടിലുകളിൽ പലതിലും താമസക്കാരുണ്ട്. കുടുംബങ്ങളായി, പരമ്പരകളായി അവരവിടെ താമസിക്കുന്നു. കുറച്ച് കുടുംബങ്ങളേയുള്ളൂ താമസം. ടൂറിസമാണ് പ്രധാന വരുമാനം, കൃഷിയും. ഗ്രാമത്തിലൂടെ നടന്നുചെന്നപ്പോൾ വലിയൊരു മരത്തിന്റെ തുമ്പത്തൊരു ഏറുമാടം കണ്ടു, അതൊരു സ്വകാര്യ ഉടമയുടേതാണ്. ചെറിയ ഫീസ് കൊടുത്താൽ ഏറുമാടം കേറാം. മരത്തിന് മുകളിലേക്ക് മുള കൊണ്ട് നടക്കാനായി വഴി കെട്ടി വെച്ച് ഉണ്ടാക്കിയത്. അതിലൂടെ നടന്ന് മരത്തിന്റെ മുകളിൽ ഏറുമാടത്തിലെത്തി. വലിയ ചില ഒച്ചുകളെത്തിയിട്ടുണ്ട് അവിടെ. അവരും സന്ദർശകരാകാം. എപ്പോ തുടങ്ങിയ ഇഴച്ചിലാകും എന്നറിയില്ല. ഏതായാലും മുകളിലെത്തിയിട്ടുണ്ട് കക്ഷി.
അവിടെ നിന്നാൽ ബംഗ്ലാദേശ് അതിർത്തി പ്രദേശങ്ങൾ കാണാം എന്നതാണ് പ്രത്യേകത. അധികനേരം നിന്നില്ല. ഉള്ള സമയത്തിനകം ലക്ഷ്യസ്ഥാനങ്ങളെല്ലാം കണ്ടുതീർക്കണം. ഖാസി, ജൈന്തിയ ഗോത്രങ്ങളുടേതാണ് ഗ്രാമങ്ങൾ. പഴയൊരു ഗ്രാമമാണ് മൗലിനോങ്. ഹെറിറ്റേജ് വില്ലേജ്. പൊതുവേ പെണ്ണുങ്ങളുടെ അധ്വാന ലോകമാണ്. എല്ലായിടത്തും കഷ്ടപ്പെടാനായി മുന്നിലുള്ളത് പെണ്ണുങ്ങളാണെന്ന് നോർത്ത് ഈസ്റ്റ് യാത്രകൾ ബോധ്യപ്പെടുത്തും. അവിടെ നിന്ന് കുറച്ചുദൂരം കൂടി വണ്ടിയിൽ പോകാനുണ്ട് വേരുപാലത്തിലേക്ക്. നടന്നു നടന്ന് ടൂറിസം മാഗസിനുകളിൽ മാത്രം കണ്ട മരവേരുകളുടെ പാലത്തിന് അരികിലെത്തി. നൊവെറ്റ് ഗ്രാമത്തിലാണത്. ഗ്രാമം പുരാതന ദേശം പോലെ. പക്ഷേ നല്ല വൃത്തിയുണ്ട്. കൂറ്റൻ മരവേരുകൾ കെട്ടുപിണച്ച് മനുഷ്യർ തന്നെ ഉണ്ടാക്കിയെടുത്ത താണ് ആ പ്രകൃതിദത്ത പാലം. വേരുകൾ വളർന്നുകൊണ്ടേയിരിക്കുന്നു. അതിനനുസരിച്ച് അവർ ക്രമപ്പെടുത്തും. രണ്ട് ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്നതാണ് നോവെറ്റ് ഗ്രാമത്തിലെ ലിവിങ് റൂട്ട് ബ്രിഡ്ജ്. ബ്രിഡ്ജ് കാണാനായി രസകരമായൊരു നടപ്പാണ് ആദ്യം. വഴികൾ കോൺക്രീറ്റ് സ്ലാബ് ഇട്ടിരിക്കുന്നു. കാട്ടിലേക്ക് എത്തുന്നതോടെ കല്ലും മണ്ണുമുള്ള വഴികൾ. ചിലയിടത്ത് കവുങും മുളയും കൊണ്ട് മണ്ണൊലിച്ചു പോകാതിരിക്കാനായി നടപ്പാതയിൽ തട്ട് തട്ടായി പടികൾ ചെയ്തിട്ടുണ്ട്.
തിലോങ് നദിയുടെ കുറുകെയുള്ള നോവെറ്റ് വില്ലേജ് എന്ന് സർക്കാർ ഫലകത്തിൽ എഴുതിവെച്ചിട്ടുള്ളത്. പാലം മനോഹരമായ അത്ഭുതപ്പെടുത്തുന്ന കാഴ്ച്ചയാണ്. ഇത്തരം ചെറിയ പാലങ്ങൾ മേഘാലയയിൽ പല ഗോത്രഗ്രാമങ്ങളിലുമുണ്ട്. ഇവിടെ പ്രശസ്തമായി എന്നുമാത്രം. കനമുള്ള വേരുകൾ ആഴ്ന്നുനിൽക്കുന്ന നദിയ്ക്ക് മുകളിലെ പാലത്തിന് കൈവരിയായി മുളയും കവുങ്ങും കൊണ്ട് പിടിക്കാനായി കെട്ടിയിരിക്കുന്നു. വേരുകൾക്ക് മുകളിൽ കവുങ്ങ് കയറുകെട്ടി ബലപ്പെടുത്തി നടപ്പാതയാക്കിയിട്ടുണ്ട്. അതിനാൽ പാലത്തിന് മുകളിൽ വേച്ചുപോകാതെ നടക്കാം. വൺവേ രീതിയിലാണ് നടപ്പിന് അനുവാദം. പാലത്തിന് മുകളിൽ നിൽക്കാൻ പാടില്ല. നടക്കണം. തിരിച്ച് കയറാനും പറ്റില്ല. മറ്റൊരു മുളപ്പാലം വഴി തിരിച്ച് വരണം. അതാണ് നിർദേശം. അത് നോക്കാൻ വടിയുമായി സെക്യുരിറ്റിയുണ്ട് പാലത്തിനറ്റത്ത്. സഞ്ചാരികളുടെ അതിസാഹസത്തിന് വിട്ടുകൊടുത്താൽ പാലത്തിന്റെ ഗതി മാറിയേക്കാം എന്നതുകൊണ്ടാണത്. ദിനംപ്രതി ആയിരത്തോളം സഞ്ചാരികൾ സീസണിൽ എത്തുന്ന ഇടമാണ്. അതിനാൽ കർശനമായി നിയന്ത്രിച്ചേ പറ്റൂ കാര്യങ്ങൾ.
താഴെ നദിയിൽ ജലം പാറയിൽ തല്ലിയാണ് കൊത്തിയൊലിച്ചു പോകുന്നത്. നല്ല ഒഴുക്കും വഴുക്കലുമുണ്ട്. ഇറങ്ങിച്ചെന്നു അവിടേക്ക്. പറ്റാവുന്ന പോലെ ചിലയിടത്ത് നിന്നു, പടമെടുത്തു. വഴുക്കലുള്ളതിനാൽ സൂക്ഷിക്കണം. വെള്ളം കുറവുള്ള സമയമായിരുന്നുവെങ്കിൽ പാലത്തിന്റെ കുറച്ചു കൂടി നല്ല പടം എടുക്കാമായിരുന്നുവെന്ന് തോന്നി. കുറച്ചുനേരം കൂടി അവിടെയാകെ കണ്ടുമടങ്ങാൻ തീരുമാനിച്ചു. ഗോത്രങ്ങളുടെ അതിജീവന രീതികളിൽ ഇത്തരം നൈസർഗികമായ വിരുതുകളുണ്ട്. പ്രകൃതിയ്ക്ക് കോട്ടം വരുത്താതെ അവർ ഇത്തരം വഴികൾ സൃഷ്ടിച്ചാണ് യാത്ര സാധ്യമാക്കുന്നത്. നാട്ടുവിഭവങ്ങൾ മുളപ്പന്തലുകളിൽ വിൽക്കാൻ വെച്ചിട്ടുണ്ട്. പഴങ്ങളും പച്ചക്കറികളും മാങ്ങയും മുറിച്ച് നൽകും. ഉപ്പും മുളകും തേച്ച് പൈനാപ്പിളും മറ്റും കഴിക്കാം. അത് വിൽക്കുന്നത് സ്ത്രീകളാണ്. ജൈങ്കർ ഷാക് എന്ന പരമ്പരാഗത വേഷം ധരിച്ച ഖാസി പെണുങ്ങളാണ് കൊച്ചു പീടികകളിലെ വിൽപ്പനക്കാർ.
മുറുക്കാനുള്ള ചുണ്ണാമ്പുതേച്ച പാട് നിറഞ്ഞ ചിത്രപ്പണി പോലത്തെ മുൻചുവരുകളാണ് ആ വീടിന്. ഒരു സ്ത്രീ നല്ല പോലെ ചിരിച്ചു. ഒരു കുഞ്ഞുണ്ട്. അവിടെ കളിക്കുകയാണ്. അവരുടെ ചിത്രമെടുക്കാനായി അനുവാദം ചോദിച്ചു. ചിരിയോടെ അനുമതി
മടക്കയാത്രയിൽ തണുപ്പും കോടമഞ്ഞും കൂടി വന്നു, മഴച്ചാറലും. ഇടയ്ക്ക് വെള്ളം മേടിക്കാനായി ഒരു പീടികയുടെ മുന്നിൽ നിർത്തി. അതൊരു വീടാണ്. മുന്നിലെ ജനാലയുടെ തട്ടിൽ വളരെ കുറച്ച് സാധനങ്ങൾ വിൽക്കാൻ വെച്ചൊരു വീട്. പല പീടികകളും അങ്ങനെ തന്നെയാണ് അവിടങ്ങളിൽ. മുറുക്കാനുള്ള ചുണ്ണാമ്പുതേച്ച പാട് നിറഞ്ഞ ചിത്രപ്പണി പോലത്തെ മുൻചുവരുകളാണ് ആ വീടിന്. ഒരു സ്ത്രീ നല്ല പോലെ ചിരിച്ചു. ഒരു കുഞ്ഞുണ്ട്. അവിടെ കളിക്കുകയാണ്. അവരുടെ ചിത്രമെടുക്കാനായി അനുവാദം ചോദിച്ചു. ചിരിയോടെ അനുമതി. ചിത്രപ്പണി ചുവരും ചിരിയും പീടികയും ചേർന്ന വീടിന്റെ ചിത്രം പകർത്തി. പോകുംവഴി പുൽമൈതാനത്തിന്റെ അറ്റത്ത് പഴയൊരു പള്ളി കണ്ടു. കാര്യമായി ആളെത്താത്ത പോലെ വിജനമായ ഇടം. സമീപം മുഴുവൻ പുൽമൈതാനമാണ്, ചെറിയ ചതുപ്പ് മേഖലകളും. നീണ്ടുകിടക്കുന്ന വിജനപ്രദേശം. ചിലയിടത്ത് കുതിരകൾ മേയുന്നു. ചെറിയ നീരൊഴുക്കുകൾ, ചെറിയ പാറക്കൂട്ടങ്ങൾ. ക്ലിന്റ് ഈസ്റ്റ് വുഡിന്റെ ദ ബ്രിഡ്ജസ് ഓഫ് മഡിസൺ കൗണ്ടി എന്ന സിനിമ ഓർത്തു.
രാവിലെ യാത്ര പോകുമ്പോൾ ആദ്യം കയറിയ വ്യൂ പോയിന്റിലെത്തി തിരിച്ചുവരവിൽ. വീണ്ടും ആ മലനിരകളെ നോക്കി നിന്നു കുറച്ചുനേരം നിന്നു വ്യൂ പോയിന്റിൽ. ചായ കുടിച്ചു. മടങ്ങി. കാർ ഓടിക്കൊണ്ടിരുന്നു. ഇരുട്ട് വരാനിനി അധികസമയമില്ല. കാർ ഷില്ലോങ് നഗരത്തിലേക്ക്. രാത്രിയോടെ ഹോട്ടലിലെത്തി. ഭക്ഷണം ഓർഡർ കൊടുത്തു, ഇനി പുറത്തുപോകാൻ വയ്യ. നല്ല ക്ഷീണം. രാവിലെ അസമിൽ പോകാനുള്ളതാണ്, അതേ ഡ്രൈവർ തന്നെ വരും. അപ്പർ അസമിലെ നഗൗവാണ് ഇനി ലക്ഷ്യം. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.