ഷില്ലോങ്-അസം യാത്രാ മധ്യേയുള്ള കാഴ്ച്ച / ചിത്രങ്ങൾ : വി. എസ്. സനോജ്

നഗാവിന്റെ വന്യഭൂതകാലങ്ങളിലേക്ക്, കാംരൂപിലൂടെ​

വീണ്ടും, ദേശീയപാതയിലെ മേഘാലയ- അസം ബോർഡറിലേക്ക്. ഇടതുഭാഗം മേഘാലയയും വലതുഭാഗം അസമുമായി മാറി. മേഘാലയയിലേക്കാൾ വില കൂടുതലാണ് മദ്യത്തിന്, അസമിൽ. ഹൈവേയുടെ ഇടതുഭാഗത്തെ ബ്രാണ്ടിക്കടകളാണ് ലാഭമെന്ന് ഡ്രൈവർ പറഞ്ഞു. നികുതി വളരെ കൂടുതലാണ് അസമിൽ. അതറിയാവുന്ന യാത്രികർ മേഘാലയൻ ഭാഗത്തുള്ള ബ്രാണ്ടി കടകളെ പ്രാപിക്കുന്നതാണ് അവിടെ ആചാരം. ഇത് കേട്ടപാതി മേഘാലയൻ ഇടതുപക്ഷ ബ്രാണ്ടിക്കടയോടുള്ള രാഷ്ട്രീയാഭിമുഖ്യം പ്രഖ്യാപിച്ച് ഡ്രൈവറോട് കാർ നിർത്താനാവശ്യപ്പെട്ടു. വണ്ടി ഇടതുവശത്തോട് ചേർന്ന്, നിന്നു.

ഷില്ലോങിൽ നിന്ന് അതിരാവിലെ അസം യാത്രയ്ക്കുള്ള വഴിയേ വണ്ടി പിടിച്ചു. മൗസിൻട്രം യാത്രയിൽ കൂടെ വന്ന ഡ്രൈവർ സെൻട്രൽ അസമിലെ നഗാവിലേക്ക് എത്തിക്കാനായി രാവിലെ വരാമെന്ന് പറഞ്ഞാണ് രാത്രി പിരിഞ്ഞത്. അവൻ നേരത്തെ തന്നെ ഹോട്ടലിന് താഴെ, റെഡിയായി നിൽപ്പുണ്ടായിരുന്നു. അങ്ങനെ, മഞ്ഞും മഴയും മാറിമാറി വീശിയടിക്കുന്ന പാതകളിലൂടെ ഷില്ലോങ് നഗരത്തിനോട് തൽക്കാലത്തേക്ക് വിടപറഞ്ഞു. നേരെ അസം ബോർഡറിലേക്ക്. കുറച്ചുദിവസം കൂടി താമസിച്ചാലും മടുക്കാത്ത ഇടമാണ് ഷില്ലോങ് എന്നത് നൂറുശതമാനം നേര്. അതെല്ലാമാലോചിച്ച് ഇരിക്കുന്നതിനിടെ വണ്ടിയുടെ പുറകിൽ നിന്നൊരു പതിവില്ലാശബ്ദം വരുന്നതുപോലെ തോന്നൽ. ടയറിൽ നിന്നാണെന്ന് തോന്നി. അതിരാവിലെയുള്ള പുറപ്പെട്ടുപോക്കാണ്. കടകൾ തുറക്കാനാകുന്നതേയുള്ളൂ. നല്ല മഞ്ഞും തണുപ്പുമുണ്ട്. ഗ്ലാസ് താഴ്​ത്തിയിട്ടാണ് യാത്ര, തണുപ്പും ആസ്വദിച്ച്​.

ശബ്ദം കൂടുതലായി തോന്നി. വല്ല തകരാറുമുണ്ടോ, അപകടം സംഭവിക്കുമോ- സംശയമായി. ശബ്ദം വരുന്നത് വെറും തോന്നലാണോ അല്ലയോ എന്നെല്ലാം ആലോചിച്ചു കുറച്ചുസമയം പിന്നിട്ടു. പാട്ടുവെച്ച് വണ്ടിയോടിക്കുന്നതിനാൽ ഇതൊന്നും ഡ്രൈവറെ ബാധിച്ചില്ല. ഡ്രൈവറോട് ഇത് പറഞ്ഞപ്പോൾ തോന്നലാവും എന്നവൻ പറഞ്ഞു. അവൻ സ്പീഡിൽ വണ്ടിയോടിച്ചു കൊണ്ടിരുന്നു പിന്നെയും. ഒടുവിൽ വീണ്ടും പറഞ്ഞപ്പോൾ അവൻ വണ്ടി സൈഡാക്കി ഇറങ്ങി നാലുഭാഗവും ഒന്ന് വീക്ഷിച്ചു. തിരിച്ചുകേറി. ടയറിന് കുഴപ്പമൊന്നുമില്ല. പുറത്തുനിന്നുള്ള കാറ്റടിക്കുന്നത് കൊണ്ട് ചിലപ്പോൾ മറ്റേതോ ശബ്ദം നിങ്ങൾക്ക് തോന്നുന്നതാവും - അവൻ പറഞ്ഞു. നിങ്ങൾ ഉറങ്ങിക്കോളൂ. നാസ്ത കഴിക്കാനുള്ള സ്ഥലമുണ്ട്, സമയമാകുമ്പോൾ ഞാൻ വിളിച്ചോളാം- അവൻ പറഞ്ഞു.

കാംരൂപ് ജില്ലയിലെ ഒരു ഗ്രാമദൃശ്യം

വണ്ടി ഷില്ലോങ് ടൗൺ വിട്ടിട്ട് കുറച്ചുസമയം കഴിഞ്ഞു. പരിസരമെല്ലാം ഇപ്പോഴും തണുപ്പിൽ തന്നെയാണ്. നഗരം വിട്ട്, പതിയെ മലയിറങ്ങുകയാണ്. സ്പീഡിനൊരു കുറവുമില്ല. കുറച്ചു സമയമെടുക്കും ചായ കുടിക്കാനും മറ്റുമായി. വണ്ടി പിന്നെയും ഓടി. പക്ഷേ ശബ്ദം വരുന്നത് കൂടിവന്നു. അത് പോകുന്നതേയില്ല. പുറകിലെ ടയറിന്റെ ഭാഗത്തുനിന്ന് എന്തോ ഉരയുന്ന പോലെയുള്ള തോന്നൽ വീണ്ടും ശക്തമായി. ഡ്രൈവറോട് പിന്നെയും ഇറങ്ങിനോക്കാനാവശ്യപ്പെട്ടു. മലയിറങ്ങുന്ന വഴിയുടെ അറ്റത്ത്, ഒരിടത്തായി അവനൊടുവിൽ നീരസത്തോടെ വണ്ടി നിർത്തി. കുനിഞ്ഞിരുന്ന് ഓരോ ടയറും നോക്കാൻ തുടങ്ങി, ഞങ്ങളും കൂടെ കൂടി. ഒടുവിൽ സംഗതി കണ്ടെത്തി. പുറകിലെ ഇടതുവശത്തെ ടയറിന്റെ നടുവിലൂടെ കേറിയ ഒരു വലിയ സ്‌ക്രൂവാണ് വില്ലൻ. തുളഞ്ഞുപോയിരിക്കുന്നു അവൻ. അത് റോഡിലുരയുകയാണ്. കുറച്ചുകൂടി നേരം കൂടി അങ്ങനെ പോയാൽ ടയറ് പൊളിയുകയോ നിയന്ത്രണം വിട്ട് അപകടം സംഭവിക്കാനും സാധ്യതയുണ്ട്. അവൻ സോറി പറഞ്ഞു, ശ്രദ്ധക്കുറവിന്റെ പേരിൽ.

വളരെ ഹൃദ്യമായാണ് ആ മൂന്നുദിവസം യാത്രയിലുടനീളം ഡ്രൈവർ പെരുമാറിയത്. വണ്ടി നിർത്തിയ സ്ഥലം അപ്പോഴാണ് ശ്രദ്ധിക്കുന്നത്. അപ്പുറത്ത് ലോറികൾ നിർത്തിയിട്ടിരിക്കുന്നു. ചുരമിറങ്ങുന്ന വണ്ടിക്കാർ ചായ കുടിക്കാനും മറ്റും നിർത്തുന്ന ഇടമാണ്. ചില വർക് ഷോപ്പുകളുടെ ലക്ഷണം പ്രദേശത്തുണ്ട്. പക്ഷേ കടകൾ തുറന്നിട്ടില്ല. ആരെയും കാണുന്നുമില്ല. അവിടെയെല്ലാം ആളെ തിരക്കി ഡ്രൈവർ നടന്നു. കുറച്ചപ്പുറം ടയർ മാറ്റിയിടുന്ന ചില സാമഗ്രികൾ വെച്ച് ഷീറ്റ് മറച്ചിട്ടത് കണ്ടു. ഷീറ്റ് കൊണ്ട് മൂടിയിട്ട താൽക്കാലിക കട. കെട്ടിടമായുള്ള ഷോപ്പ് ഒന്നുമല്ല. അവൻ ആളെ തേടിപ്പിടിച്ചു. അതിന്റെ കക്ഷി, പുറകിലെ വീട്ടിൽ നിന്ന് ഇറങ്ങിവന്നു. മെക്കാനിക്കാണ്, അയാൾ ഉറക്കത്തിലായിരുന്നു. വന്നു നോക്കിപ്പോയി, പത്തുമിനിറ്റ് കഴിഞ്ഞ് മുഖം കഴുകി, ടൂൾസുമായി തിരിച്ചുവന്നു. ടയറൂരാനുള്ള പണി തുടങ്ങി. ടയർ ഊരി സ്റ്റെപ്പിനി ഇട്ടു. തുളഞ്ഞുകയറിയ കമ്പിയ്ക്ക് വലിയ നീളമുണ്ട്. കേടായതിന്റെ പഞ്ചറടച്ചു. എല്ലാം കൂടെ ഏതാണ്ട് മുക്കാൽ മണിക്കൂറോളം സമയം പോയി. അപ്പോഴേക്കും അവിടെയുള്ള ഒരു ബേക്കറി തുറക്കുന്നതായി കണ്ടു. കുറച്ച് കാത്തിരുന്നപ്പോൾ ചായയും ബിസ്‌കറ്റും കിട്ടി, അതും കഴിച്ച് വണ്ടി റെഡിയാവാൻ കാത്തുനിന്നു.

ഉമിയം ലേക്കിന്റെ ദൃശ്യം, ഷില്ലോങ് ചുരത്തിൽ നിന്ന്

അസം ദിശയിലേക്ക് വണ്ടി നീങ്ങി. ഉമിയം തടാകം കണ്ട് കുന്നിറങ്ങി. മേഘാലയയിലെ അതിവിസ്തൃതമായ റിസർവോയറാണത്. ഉമിയം നദിയിലെ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശം. ഷില്ലോങിന് പോകുമ്പോൾ അത് കണ്ടിരുന്നു. ചുരത്തിൽ നിന്നുള്ള തടാകക്കാഴ്ച അതിമനോഹരമാണ്. മീനുകൾ ധാരാളമുള്ള തടാകം. വ്യൂ പോയിന്റിൽ പച്ചക്കറിയും ചായയും വെള്ളവും പഴങ്ങളും വിൽക്കുന്ന സ്ത്രീകളുടെ കൊച്ചു തട്ടുപീടികകൾ കാണാം. ജലസേചനവും വൈദ്യുതി പ്രസരണവും മത്സ്യബന്ധനവും ഉമിയം, ജനത്തിന് നൽകുന്നുണ്ട്, കാഴ്ചയ്ക്ക് അതിമനോഹര സൗന്ദര്യവും. ചില ചിത്രങ്ങളെടുത്ത ശേഷം ഉമിയം കാഴ്ച തീർത്ത് ഞങ്ങൾ വണ്ടി കേറി. ഏറെ ദൂരം പിന്നിട്ടു. ഗുവാഹത്തിയിലേക്ക് എത്തുന്നതിന് തൊട്ടുമുമ്പുള്ള ഒരിടത്തുനിന്നും നഗാവ് റൂട്ടിലേക്ക് തിരിഞ്ഞുപോകുകയാണ്. മേഘാലയയുടെ ഭാഗം ഇടതും അസമിന്റേത് വലതുഭാഗവുമായി മാറുന്ന ദേശീയപാതയുടെ ഓരത്തേക്ക് വണ്ടിയെത്തി.

ഉംസോ കാടുകൾക്കരികിലൂടെ ഹൈവേയിലൂടെ നോങ്‌പോ വഴി ജൊരാബറ്റ് എന്ന സ്ഥലത്തേക്കാണ് എത്തിയത്. അവിടെ നിന്ന് ജൊരാബറ്റ് ഫ്ലൈ ഓവർ കയറിയിറങ്ങി അസമിന്റെ ഹൈവേയിലേക്ക് യാത്ര ഗതിമാറി. അതിന് മുമ്പായി ഡ്രൈവർ ഒരിടത്ത് ബ്രേക്ക്ഫാസ്റ്റ് കഴിക്കാനായി നിർത്തി. ചായയും ആലു പറാത്തയുമാണ് രാവിലെയുള്ളത്. കഴിച്ചു, തരക്കേടില്ല. വഴി യൂടേൺ ആയപ്പോൾ ഇടതുഭാഗത്തായി അസം. പിന്നീട് രണ്ടിടവും അസമായി മാറി. നേരെ നഗാവിലേക്ക് കാർ വിട്ടു. കാംരൂപ് ജില്ലയിലെ ചില മേഖലകളിലൂടെ മുന്നോട്ടുപോയി. വരണ്ടുതുടങ്ങിയ ഇടങ്ങൾ, നരച്ച നിറമുള്ള തേയിലക്കാടുകൾ. തേയിലച്ചെടികൾ നുള്ളാതെയും വെള്ളമില്ലാതെയും ഉണങ്ങി നശിച്ചുപോയ പോലെ പല പ്രദേശങ്ങളും. പൂട്ടിക്കിടക്കുന്ന തേയിലത്തോട്ടങ്ങളിലെ ഫാക്ടറികൾ. ഇരുഭാഗത്തുമായി കാഴ്ചകൾ പലത്. കൃഷി നന്നായി ഉള്ള ചില വയലുകളും കണ്ടു. പക്ഷേ തോട്ടം മേഖലകൾ ചില ഭാഗങ്ങളിൽ വരണ്ടുകിടപ്പാണ്.

ആയിരക്കണക്കിന് തേയിലത്തോട്ടം തൊഴിലാളികൾക്ക് ഈ മേഖലയിൽ കഴിഞ്ഞ കാൽനൂറ്റാണ്ടിനിടെ തൊഴിൽ നഷ്ടമായി എന്നാണ് കണക്കുകൾ. പക്ഷേ അസം ടീ എന്ന ബ്രാൻഡിന് ഇന്നും മൂല്യം തന്നെ.

മധ്യ അസമിലെ പല തേയിലത്തോട്ടങ്ങളും ഫാക്ടറികളും അടച്ചുപൂട്ടൽ നേരിട്ടിരുന്നു. അവയിൽ ചിലതാകാം ഇതെല്ലാം. കുത്തക ടീ എസ്റ്റേറ്റുകൾ പലതും പ്രവർത്തിക്കുന്നുമുണ്ട്. ഇടത്തരം ടീ കമ്പനികളിൽ ചിലത് പലഘട്ടങ്ങളിൽ പൂട്ടിപ്പോയി. ആയിരക്കണക്കിന് തേയിലത്തോട്ടം തൊഴിലാളികൾക്ക് ഈ മേഖലയിൽ കഴിഞ്ഞ കാൽനൂറ്റാണ്ടിനിടെ തൊഴിൽ നഷ്ടമായി എന്നാണ് കണക്കുകൾ. പക്ഷേ അസം ടീ എന്ന ബ്രാൻഡിന് ഇന്നും മൂല്യം തന്നെ. അസമിലെ തേയിലത്തോട്ടത്തിന്റെ ചരിത്രവും നാൾവഴികളും മനിറാം ദത്ത ബറുവയിൽ നിന്ന് തുടങ്ങുന്നു. ആ കഥയിലുമുണ്ട് ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ച് ഭരിച്ച് ചതിച്ചതിന്റെ നാൾവഴികൾ. അതുകൊണ്ട് തന്നെ മനിറാം ദത്ത ബറുവ അസമീസ് ജനതയ്ക്ക് ഹീറോയാണ് എന്നും.

കാർ യാത്ര ഉച്ച കഴിഞ്ഞു നഗാവിലെത്തിയപ്പോൾ, ഒരു കൊച്ചുപട്ടണം. നല്ല പോലെ പൊടിപിടിച്ചിരിപ്പാണ് നഗരം. വിശാല ഹൈവേ വരികയാണ്. പണി നടക്കുന്നു. അതിനായി സ്ഥലമൊഴിപ്പിക്കലും റോഡ് പണിയും കടകൾ പൊളിക്കലുമെല്ലാമായി ആകെ പൊടിപിടിച്ച അവസ്ഥയിലാണ് ഇടത്തരം നഗരപ്രദേശമായ നഗാവ്. അസമിൽ ജനസാന്ദ്രത കൂടുതലുള്ള ജില്ലയാണിത്. നഗരപ്രദേശത്ത് മുസ്ലീം ജനസംഖ്യയാണ് അൽപം കൂടുതൽ. ചെറിയ, ഇടത്തരം വീടുകൾ ഏറെയുണ്ട്. പഴയൊരു ഗ്രാമം ഏറെ കാലമെടുത്ത് ഇടത്തരം നഗരപ്രദേശമായി മാറിയിരിക്കുന്ന പോലുണ്ട് അവിടെ. വലിയ ചരിത്രവും സംഘർഷങ്ങളും കണ്ട പഴയൊരു വനമേഖലയാണ് നഗാവ് സത്യത്തിൽ. വിസ്തൃതമായി കിടക്കുന്ന ചരിത്രത്തിലെ പല വിസ്മൃതമാക്കപ്പെട്ട ഇടങ്ങളിലൊന്ന്.

മേഘാലയ- അസം യാത്രാമധ്യേ

1826 വരെ ബർമയുടെ കോളനിയായിരുന്നു നഗാവ് എന്ന കാട്ടുപ്രദേശം. ബ്രിട്ടീഷ് അധിനിവേശത്തോടെ പ്രാദേശിക ഭരണകൂടങ്ങളുമായുള്ള സംഘർഷങ്ങൾ കൂടി. ഒടുവിൽ ബർമീസ്-ബ്രീട്ടീഷ് ഭരണകൂടം യോജിപ്പോടെ യൻഡാബോ സമാധാന കരാറുണ്ടാക്കി. അതിന്റെ ഭാഗമായി ബ്രിട്ടീഷ് കോളനിയായി നൗഗാവ് മാറി. ബ്രിട്ടീഷുകാരുടെ ജില്ലാ ആസ്ഥാനമായത് 1932 ലാണ്. 1905 ലെ ബ്രിട്ടീഷ് ഗസറ്റിയറിൽ നൗ ഗോങ് എന്നാണ് എഴുതിക്കണ്ടത്. അസംകാരുടെ ഉച്ചാരണം നഗാവ് എന്നും. ജില്ലാ രേഖകളിലും അങ്ങനെയാണ് എഴുതിയിട്ടുള്ളത്. ന എന്നാൽ പുതിയത്, ഗാവ് ഗ്രാമം. നഗാവ് - ന്യൂ വില്ലേജ്-പുതുഗ്രാമം. ബ്രഹ്‌മപുത്രാനദി കുറച്ചു ദൂരെയാണെങ്കിലും നദിയുടെ കൈവഴികളുടെ അരികുപറ്റിയാണ് നഗാവ് ജനത അധിവസിക്കുന്നത്. ലഖോവ വന്യജീവി സങ്കേതത്തിന്റെ ഭാഗമാണ് ചില മേഖലകൾ. കാസിരംഗ ദേശീയോദ്യാനത്തിന്റെ ഒരു ഭാഗം നഗാവ് ജില്ലയിൽ നിന്ന് തുടങ്ങുന്നു. ചില പ്രദേശങ്ങൾ കാംരൂപ് ജില്ലയോടുമാണ് ചേർന്നുകിടക്കുന്നത്.

നന്നങ്ങാടി പോലൊരു കൂറ്റൻ മൺകൂജയിലാണ് കള്ള് വെച്ചിരിക്കുന്നത്. സുഭിക്ഷമായ ഭക്ഷണം. അവരുടെ സുഹൃത്തുക്കളിൽ ചിലർ ഗിറ്റാറുമായി പാട്ടു പാടാൻ തുടങ്ങി. അസമീസ് - ബംഗാളി പാട്ടുകളും ഇംഗ്ലീഷ് ഗാനങ്ങളും അവർ പാടി.

ഫിലിം ഫെസ്റ്റിവലിനുള്ള വേദി നഗരത്തിലെ പ്രശസ്തമായൊരു കോളേജാണ്. വഴി ചോദിച്ച് അവിടെയെത്തി. വലിയ രീതിയിലുള്ള മുന്നൊരുക്കങ്ങൾ നടത്തിപ്പിനുണ്ടെന്ന് കണ്ടപ്പോൾ ബോധ്യമായി. പലരെയും പരിചയപ്പെട്ടശേഷം സംഘാടകരിൽ ഒരാളുടെ കാറിൽ മുറിയിലേക്ക്. ഒരു ബംഗാൾ കൊച്ചുപട്ടണം കണക്കെയുണ്ട്, നഗാവ്. പട്ടണത്തിലെ സർക്കാർ അതിഥി മന്ദിരത്തിലാണ് മുറി. ഗസ്റ്റ് ഹൗസിന്റെ പേര് സർക്യൂട്ട് ഹൗസ്. ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമൊക്കെ താമസിക്കുന്നയിടമാണ്. കെട്ടിടത്തിലേക്ക് കാർ പ്രവേശിച്ചു. ബ്രിട്ടീഷ് കാലം മുതൽക്കേയുള്ള കെട്ടിടം പോലെ പഴയത്. പക്ഷേ ഗരിമയുണ്ട്. നഗരമധ്യത്തിൽ ധാരാളം മരങ്ങളും തണലുമൊക്കെയായി തലയുയർത്തി, സർക്യൂട്ട് ഹൗസ്. മുന്നിൽ തൊട്ടരികെ കനാലും അതിന് മുന്നിൽ പ്രധാന പാതയുമാണ്. സൈഡിലൂടെ മറ്റൊരു വലിയ റോഡും കടന്നുപോകുന്നുണ്ട്. തന്നത്, വലിയ മുറിയാണ്, രണ്ട് കട്ടിലും കൊതുകുവലയും എ.സിയും സോഫയും ടിവിയുമുണ്ട്. പക്ഷേ അടുത്തകാലത്തൊന്നും ആരും താമസിക്കാതിരുന്ന മുറി പോലുണ്ട്. പാറ്റയും പൊടിയും ധാരാളം. സോഫയടക്കമുള്ള ഫർണിച്ചറെല്ലാം പൊടിമയം. ടോയ്‌ലറ്റ് ആണെങ്കിൽ സർക്യൂട്ട് ഹൗസിന്റെ യാതൊരു ഗരിമയുമില്ലാത്ത അത്രയും കുഴപ്പം പിടിച്ചതും. കൊതുകിന്റെ സമൃദ്ധി. സംഘാടകരെ സംബന്ധിച്ച്​ നഗാവിൽ അവർക്ക് ഏർപ്പാടാക്കാനാവുന്ന ഏറ്റവും മികച്ച സൗകര്യങ്ങളാണത്. അതിനാൽ ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ട് പരാതിയില്ലാതെ കഴിയാൻ തന്നെ തീരുമാനിച്ചു.

മുറിയിൽ ബാഗെല്ലാം വെച്ച് കുളിച്ച് ഡ്രസ് മാറിയ ശേഷം ഫെസ്റ്റിവൽ വേദിയിലേക്ക് പോയി. ഭക്ഷണം അവിടെയാണ് അറേഞ്ച് ചെയ്തിരുന്നത്. രാത്രി ഏറെനേരം വേദിയ്ക്കരികിലെ പരിപാടികളുമായി കഴിഞ്ഞുകൂടി. സൈക്കിൾ റിക്ഷകൾ ധാരാളമുണ്ട്. രണ്ടിടത്തേക്കും നടക്കാവുന്ന ദൂരം മാത്രമെന്ന് പിന്നീട് മനസ്സിലായി. ഇടയ്ക്ക് ഉച്ചഭക്ഷണത്തിനുശേഷം അല്പം ഉറങ്ങാനും സമയം കണ്ടെത്തി. പിറ്റേന്നത്തോടെ ഫിലിം ഫെസ്റ്റിവലിന് സമാപനമാവുന്നു. രണ്ടാംദിനത്തിലെ ഉച്ചഭക്ഷണത്തിന് മറ്റൊരു ആതിഥേയർ കാത്തിരിപ്പുണ്ടായി. നഗാവ് സ്വദേശിയായ സുഹൃത്തിന്റെ വീട്ടിലേക്ക്. സുഹൃത്ത് അസമിൽ നിന്നുള്ള സിനിമാ സംവിധായികയാണ്. മുംബൈയിലാണ് താമസം. പക്ഷേ അച്ഛനും അമ്മയും നഗാവിലെ വീട്ടിലുണ്ട്. അവർ വിഭവസമൃദ്ധമായ ഭക്ഷണം ഒരുക്കി, വിളിച്ചു. കോളേജിലെത്തി, അവരുടെ കാറിൽ കൂട്ടിക്കൊണ്ടുപോയി. ഏറെസമയം അവിടെ ചെലവിട്ടു. ഗംഭീര ഭക്ഷണം. അതും കഴിച്ച് അല്പസമയം സംസാരിച്ചിരുന്ന് തിരിച്ചുപോരുമ്പോൾ ചില സമ്മാനങ്ങളും മറ്റും തന്നാണ് അവർ യാത്ര പറഞ്ഞത്. ഹൃദ്യമായ പെരുമാറ്റമുള്ള കുറെ മനുഷ്യരെ അസമിലെ പഴയ ബർമീസ് ദേശത്ത് അങ്ങനെ കണ്ടുമുട്ടാനിടയാക്കി ആ ഫിലിം ഫെസ്റ്റിവൽ.

ദീപോർ ബീൽ തടാകത്തിന്റെ കാഴ്ച

ഹെറിറ്റേജ് ടൂറിസത്തിന്റെ ഭാഗമാണ് അവിടത്തെ ക്ഷേത്രങ്ങളും. നദീമുഖത്തെ സ്വസ്ഥമായ ഗ്രാമജീവിതവും തേയിലത്തോട്ടങ്ങളുടെ കാഴ്ച്ചയുമെല്ലാം ആസ്വദിക്കാൻ പറ്റുംവിധമാണ് സിൽഘാട്ടിന്റെ വശ്യവന്യമായ നീണ്ടുകിടപ്പ്.

രണ്ട് രാത്രി സർക്യൂട്ട് ഹൗസിലും പരിസരത്തുമായി കഴിഞ്ഞു. സമാപനത്തിനോടനുബന്ധിച്ച് മുഖ്യവേദീ പരിസരത്ത് സംഘാടകർക്കൊപ്പമുള്ള കോളേജ് വിദ്യാർഥികൾ വിവിധ കലാപരിപാടികളും മറ്റും അവതരിപ്പിച്ചു. അസമീസ് നൃത്തപരിപാടികളായിരുന്നു പലതും. അവരിലെ പല ഗോത്രങ്ങളുടെ പരമ്പരാഗത നൃത്തവും സംഗീതവുമെല്ലാമായി വലിയ ആഘോഷം. ശേഷം മുറിയിലേക്ക് രാത്രി തിരിച്ചെത്തി, ഒന്ന് ഫ്രഷായ ശേഷം വിശ്രമിക്കുമ്പോൾ അടുത്ത വിളി വന്നു. രാത്രി ഡേലിഗേറ്റ്‌സിന് മാത്രമായുള്ള പാർട്ടിയുണ്ടെന്ന് മേളയുടെ സംഘാടകർ അറിയിച്ചു. ഗസ്റ്റ് ഹൗസിലെത്തി അവർ കാറിൽ കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു. ബ്രഹ്‌മപുത്രയുടെ കൈവഴിയായ കൊലാങ് നദിയുടെ തീരത്തെ വനപ്രദേശത്തോട് ചേർന്നുള്ള ടൂറിസം കോട്ടേജായിരുന്നു സ്ഥലം. സംഗീതവും ഭക്ഷണവും മദ്യവുമൊക്കെയായി ഒരു ഗംഭീരൻ പാർട്ടി. പലതരം ഭക്ഷണങ്ങളൊരുക്കിയിരുന്നു. ചെല്ലുമ്പോൾ ആദ്യം ജ്യൂസും സൂപ്പും. പലതരം ഇറച്ചി- മീൻ വിഭവങ്ങൾ. ഒപ്പം റൈസ് ബിയറും ചെത്തിയെടുത്ത കള്ളും വൈനുമെല്ലാമുണ്ട്. പിന്നീട് ചോറും ഫ്രൈഡ് റൈസും ചിക്കനും മറ്റും.

നന്നങ്ങാടി പോലൊരു കൂറ്റൻ മൺകൂജയിലാണ് കള്ള് വെച്ചിരിക്കുന്നത്. സുഭിക്ഷമായ ഭക്ഷണം. അവരുടെ സുഹൃത്തുക്കളിൽ ചിലർ ഗിറ്റാറുമായി പാട്ടു പാടാൻ തുടങ്ങി. അസമീസ് - ബംഗാളി പാട്ടുകളും ഇംഗ്ലീഷ് ഗാനങ്ങളും അവർ പാടി. കോളേജിലെ വിദ്യാർഥികളിൽ ചിലരും വന്ന അതിഥികളും അവരുടേതായ ഭാഷയിലുള്ള പാട്ടുമായി ഒത്തുചേർന്നു. പല ഭാഷകളിലുള്ള പാട്ടുകൾ കേട്ടിരുന്നു അവർക്കരികെ. ഭക്ഷണവും പാട്ടുമായി കൊലാങ് നദീതീരത്തെ രാത്രി കൊഴുത്തു. മനോഹരമായ രാത്രി. തമിഴ്‌നാട് സ്വദേശികളായ ചിലരെ അവിടെ നിന്ന് സുഹൃത്തുക്കളായി കിട്ടി. അവർ ഇളയരാജയെ സ്മരിച്ചു, പാടി. മറ്റ് രണ്ട് സംവിധായക ദമ്പതികളായ ഒറിയ സുഹൃത്തുക്കൾ ഒറിയ, ബംഗാളി പാട്ടുകളും പാടി. ആഘോഷരാവിനിടെ സമയം പോകുന്നത് അറിയുന്നേയില്ല. ഡേലിഗേറ്റ്‌സ് പല ദേശത്തുനിന്നുള്ളവരാണ്. ജർമനി, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുമടക്കം നിരവധി പേരുണ്ട്. എല്ലാവരും നല്ലപോലെ ആസ്വദിച്ച രാത്രിയായി അതുമാറി. കൊലാങ് നദീതീരത്തെ കോട്ടേജിലെ രാത്രിയാഘോഷം ഏറെ സമയം നീണ്ടുപോയി. പകൽ നഗാവ് പരിസരത്ത് ചൂടായിരുന്നെങ്കിലും രാത്രി ഇവിടെ നല്ല തണുപ്പുണ്ട്.

മണിക്കൂറുകൾ കടന്നുപോയി. പാതിരാത്രിയോടെ ആഘോഷം തീർന്നു, പതിയെ മുറിയിലേക്ക് മടങ്ങി. കൊലാങ്, ബ്രഹ്‌മപുത്രയുടെ കൈവഴിയാണ്. സിൽഘാട്ടിൽ വെച്ചാണ് ബ്രഹ്‌മപുത്രയുടെ കൈവഴിയായി തിരിഞ്ഞ് നഗാവിലേക്ക് വരുന്നത്. ലഖോവ വന്യജീവി സങ്കേതത്തോട് ചേർന്നാണ് സിൽഘാട്ടിൽ നിന്ന് അതിന്റെ വരവ്. സിൽഘാട്ടിലൊരു പുരാതനക്ഷേത്രമുണ്ട്, പേര് കാമാഖ്യ. ഗുവാഹത്തിയിലെ, ഏറെ പ്രസിദ്ധണായ കാമാഖ്യ ക്ഷേത്രമല്ലിത്. സിൽഘാട്ടിലെ കാമാഖ്യ ക്ഷേത്രവും അതിപുരാതനം തന്നെ. സഞ്ചാരികൾ ധാരാളമായി അവിടെയെത്താറുണ്ട്. ഹെറിറ്റേജ് ടൂറിസത്തിന്റെ ഭാഗമാണ് അവിടത്തെ ക്ഷേത്രങ്ങളും. നദീമുഖത്തെ സ്വസ്ഥമായ ഗ്രാമജീവിതവും തേയിലത്തോട്ടങ്ങളുടെ കാഴ്ച്ചയുമെല്ലാം ആസ്വദിക്കാൻ പറ്റുംവിധമാണ് സിൽഘാട്ടിന്റെ വശ്യവന്യമായ നീണ്ടുകിടപ്പ്. വില്ലേജ് ടൂറിസം ഈ മേഖലയിൽ നല്ല വരുമാനമാണ്. നഗാവ് പ്രദേശത്തിന്റെ വടക്ക് ബ്രഹ്‌മപുത്രയും തെക്ക് കഛാർ ജില്ലയുടെ അതിർത്തിയുമാണ്. കിഴക്ക് ശിബ്‌സാഗറും പടിഞ്ഞാറ് കാംരൂപ് ജില്ലയുടെ അതിർത്തിയും.

അസമിലെ ചില മേഖലകൾ അശാന്തമായ സമയമായിരുന്നു അത്. ചെറിയ പ്രശ്‌നത്തിന്റെ പുറത്ത് വലിയ സംഘർഷങ്ങൾ പൊട്ടിപ്പുറപ്പെടുന്ന ഇടങ്ങൾ അവിടെയുണ്ട് പണ്ടേ. കൊക്രജാർ അതിനൊരു ഉദാഹരണം.

രാവിലെ നഗാവ് വിടാനാണ് ഞങ്ങളുടെ പരിപാടി. ക്ഷീണം മൂലം എണീക്കുമോ എന്നറിയില്ല എങ്കിലും. വൈകീട്ടാണ് ഗുവാഹത്തിയിൽ നിന്ന് ബാംഗ്ലൂർ വഴി കൊച്ചി വിമാനം. രാവിലെത്തന്നെ യാത്ര തിരിക്കുന്നതാണ് ഉചിതമെന്ന് നഗാവിലെ സിനിമാ സുഹൃത്തുക്കൾ പറഞ്ഞു. അസമിലെ ചില മേഖലകൾ അശാന്തമായ സമയമായിരുന്നു അത്. ചെറിയ പ്രശ്‌നത്തിന്റെ പുറത്ത് വലിയ സംഘർഷങ്ങൾ പൊട്ടിപ്പുറപ്പെടുന്ന ഇടങ്ങൾ അവിടെയുണ്ട് പണ്ടേ. കൊക്രജാർ അതിനൊരു ഉദാഹരണം. മനോഹരമായ വില്ലേജ് ടൂറിസം സാധ്യത ഉപയോഗിക്കാനാകുന്ന ഇടങ്ങളാണ് അസമിലെ ഗ്രാമങ്ങളും നദീയോരങ്ങളും. അത്രമേൽ മനോഹരവും സ്വച്ഛന്ദവുമാണവിടം യഥാർഥത്തിൽ. ലഖോവ വന്യജീവി സങ്കേതത്തിന്റെ ഭാഗമായുള്ള ഇടങ്ങൾ പ്രത്യേകിച്ചും. പക്ഷേ അനിഷ്ടസംഭവങ്ങളും സംഘർഷങ്ങളും ടൂറിസത്തിന് ഇടയ്‌ക്കെല്ലാം പ്രതിസന്ധിയാകുന്നു. എങ്കിലും ടൂറിസം വരുമാനത്തിന് കുറവില്ല. വില്ലേജ് ടൂറിസം കൂടുതൽ മെച്ചപ്പെട്ടുവരുന്നു. നഗാവ് സർക്യൂട്ട് ഹൗസിലെ രണ്ട് രാത്രികൾ പിന്നിട്ട്, പുരാതന ഭൂമികയോട് യാത്ര പറഞ്ഞ് രാവിലെത്തന്നെ അടുത്ത വണ്ടി കേറി. ടാക്‌സിയിൽ നേരെ ഗുവാഹത്തിയിലേക്ക്. കാംരൂപിന്റെ പാടശേഖരങ്ങളിലൂടെ അസമിന്റെ നടുപ്പന്തിയിലൂടെ മടക്കയാത്ര.

സെൻട്രൽ അസമിലൂടെ താഴേയ്ക്ക്, ലോവർ അസമിലേക്ക്. പൂട്ടിക്കിടക്കുന്ന തേയില ഫാക്ടറികളും തോട്ടങ്ങളും വീണ്ടും കണ്ട് മടക്കം. പലതും ദേശീയപാതയുടെ ഓരത്ത് തന്നെ. അനാഥം കണക്കെയുള്ള തേയിലത്തോട്ടങ്ങൾക്കരികിലൂടെ വണ്ടി പാഞ്ഞു. ഫാക്ടറികൾ പ്രവർത്തിക്കുന്ന ഇടങ്ങളിൽ തേയില ഉത്പ്പന്നങ്ങൾ വിൽക്കാനായി ദേശീയപാതയുടെ ഓരത്തുതന്നെ പല കൗണ്ടറുകളുണ്ട്. കാംരൂപ് ജില്ലയുടെ ഒരറ്റത്തു കൂടെയാണ് കൂടുതലും യാത്ര. കാംരൂപിന്റെ മറ്റൊരറ്റം ബ്രഹ്‌മപുത്രയുടെ അപ്പുറമാണ്. വയലുകൾ ധാരാളമായുള്ള കാംരൂപിലെ ഗ്രാമപ്രദേശങ്ങൾ കേരളത്തിന് ഏതാണ്ട് സമാനമാണ്, കാഴ്ച്ചയിൽ. വണ്ടി ഗുവാഹത്തിയോട് അടുക്കാൻ തുടങ്ങി. വീണ്ടും, ദേശീയപാതയിലെ മേഘാലയ-അസം ബോർഡറിലേക്ക്. ഇടതുഭാഗം മേഘാലയയും വലതുഭാഗം അസമുമായി മാറി. മേഘാലയയിലേക്കാൾ വില കൂടുതലാണ് മദ്യത്തിന്, അസമിൽ. ഹൈവേയുടെ ഇടതുഭാഗത്തെ ബ്രാണ്ടിക്കടകളാണ് ലാഭമെന്ന് ഡ്രൈവർ പറഞ്ഞു. നികുതി വളരെ കൂടുതലാണ് അസമിൽ. അതറിയാവുന്ന യാത്രികർ മേഘാലയൻ ഭാഗത്തുള്ള ബ്രാണ്ടി കടകളെ പ്രാപിക്കുന്നതാണ് അവിടെ ആചാരം. ഇത് കേട്ടപാതി മേഘാലയൻ ഇടതുപക്ഷ ബ്രാണ്ടിക്കടയോടുള്ള രാഷ്ട്രീയാഭിമുഖ്യം പ്രഖ്യാപിച്ച് ഡ്രൈവറോട് കാർ നിർത്താനാവശ്യപ്പെട്ടു. വണ്ടി ഇടതുവശത്തോട് ചേർന്ന്, നിന്നു. അവിടെ നിന്ന് കുപ്പി മേടിച്ച് തുണിയിൽ പൊതിഞ്ഞെടുത്ത് ബാഗിൽ തിരുകി, ശേഷം വിമാനത്താവളത്തിലേക്ക് കാർ വിടാൻ പറഞ്ഞു.

നഗാവ് ചലച്ചിത്രമേളയിൽ ലേഖകൻ

വണ്ടി ദേശീയപാതയിൽ നിന്ന് മറ്റൊരു വഴിയേ തിരിഞ്ഞു. ഒരു പഴയ റെയിൽ ക്രോസ് കടന്ന് അല്പം പഴയ വഴിയിലൂടെ വണ്ടി പോയിക്കൊണ്ടിരുന്നു. അധികമൊന്നും പുരോഗമിക്കാത്ത ഇടങ്ങൾ പോലുണ്ട്. മത്സ്യബന്ധനമേഖലയാണ്. ഗുവാഹത്തി വിമാനത്താവളത്തിലേക്ക് കാർ നീങ്ങുന്നത് ദീപോർ ബീൽ വഴിയായി. ഗുവാഹത്തി ബൈപാസിന്റെ ഭാഗമാണത്. ദീപോർ ബീൽ പ്രസിദ്ധമായ ശുദ്ധജല തടാകമാണ്. ബീൽ എന്നാൽ തടാകം എന്നർഥം. അസമിലെ വലിയ ശുദ്ധജല തടാകമെന്ന ഖ്യാതിയുള്ള ദീപോർ ബീൽ ദേശാടനപക്ഷികളുടെ പറുദീസയാണ്. വെള്ളത്തിന് മുകളിലാകെ പായൽ വന്ന് മൂടിയ ഭാഗങ്ങൾ ധാരാളമായി കാണാം. നിശബ്ദ പച്ചപ്പരപ്പ്, ചലനമറ്റപോലെ, നിശ്ചലദൃശ്യം കണക്കെ തടാകം. ചതുപ്പുകളും അഗാധ താഴ്ചകളും ഏറെ ജൈവവൈവിധ്യവുമുള്ള നിബിഢ ജലലോകം. ദീപോർ ബീൽ. അനന്യമായ ജൈവവൈവിധ്യ മേഖലയായാണ് അറിയപ്പെടുന്നത്. വണ്ടി നിർത്തി ചിലയിടത്ത് ഫോട്ടോകളെടുത്തു. യാത്രയിൽ വലതുഭാഗത്തായാണ് തടാകം വിസ്തൃതമായി നീണ്ടുകിടക്കുന്നത്. വഞ്ചികളിൽ ധാരാളം മീൻപിടുത്തക്കാരുണ്ട്.

നഗരം വ്യാപിക്കുകയാണ്, പുതിയ നിർമാണങ്ങളുമായി. ഈ അപൂർവ ശുദ്ധജല തടാകത്തിന്റെ സംരക്ഷണത്തിനായി സർക്കാർ കർശന നിയന്ത്രണങ്ങളുമുണ്ട്. പലയിടത്തും അതിനെക്കുറിച്ചുള്ള ബോർഡുകളും മറ്റും കണ്ടു.

മത്സ്യബന്ധനം മുഖ്യ ഉപജീവനമാർഗമാണ് ഈ മേഖലയ്ക്ക്. ഇവിടത്തെ ഡസൻ കണക്കിന് ഗ്രാമങ്ങളിലായി അധിവസിക്കുന്നവർക്ക് ദീപോർ ബീൽ ആണെല്ലാം. മത്സ്യബന്ധനവും കുടിവെള്ളവുമെല്ലാം തടാകം നൽകുന്നു. പരിസ്ഥിതി നാശവും സംഭവിക്കുന്നുണ്ടിവിടെ. ഗുവാഹത്തി നഗരത്തിനോട് ചേർന്നാണുള്ളത് എന്നതാണതിന് കാരണം. നഗരം വ്യാപിക്കുകയാണ്, പുതിയ നിർമാണങ്ങളുമായി. ഈ അപൂർവ ശുദ്ധജല തടാകത്തിന്റെ സംരക്ഷണത്തിനായി സർക്കാർ കർശന നിയന്ത്രണങ്ങളുമുണ്ട്. പലയിടത്തും അതിനെക്കുറിച്ചുള്ള ബോർഡുകളും മറ്റും കണ്ടു.

അസമിലെ ഇടപ്പട്ടണമായി വേഷവും ഭാവവും മാറിയ പഴയൊരു വന്യജനപഥത്തിന്റെ യാത്രാസ്മരണ ഇവിടെ തീരുന്നു. മേഘാലയൻ മഞ്ഞുകാലം പിന്നിട്ട് എത്തിപ്പെട്ടതാണ് നഗാവ് എന്ന നാട്ടിലേക്ക്. ആ ദേശത്തെക്കുറിച്ച് കൂടുതലറിഞ്ഞത്, അതിന്റെ വന്യഭൂതകാലങ്ങളെക്കുറിച്ച് മനസ്സിലായത് പിന്നീട് വായിച്ചപ്പോഴാണ്. പോയി വന്നതിനുശേഷം. അന്ന് പോയപ്പോൾ അതൊരു ഇടത്തരം അസം പട്ടണം മാത്രമായിരുന്നു മനസ്സിൽ. ബംഗാളിലോ ഒഡീഷയിലോ കാണുന്ന പോലൊരു അസം കൊച്ചുപട്ടണം. പക്ഷേ ചരിത്രത്തിൽ നഗാവ് എന്നയിടത്തിന് പ്രത്യേകമായി പലതും പറയാനുണ്ട്. ഭൂതകാലത്തിലെ നഗാവ് മറ്റൊന്നാണ്, അത് ചരിത്രത്തിൽ നീണ്ടുനിവർന്നു നിൽപ്പുണ്ടെന്ന് കാണാം, പല തരത്തിൽ. പഴയ ആരണ്യകങ്ങളും ആവാസ വ്യവസ്ഥയും കാലക്രമത്തിന് കീഴ്‌പ്പെട്ട് മാറിപ്പോയിരിക്കുന്നുവെങ്കിലും. ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


വി. എസ്. സനോജ്

മാധ്യമപ്രവർത്തകൻ, ചലച്ചിത്ര​ പ്രവർത്തകൻ. സനോജ്​ സംവിധാനം​ ചെയ്​ത ‘ബേണിങ്​’ എന്ന ഹിന്ദി ചിത്രം ഗോവ ഉൾപ്പെടെ നിരവധി രാജ്യാന്തര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്​.

Comments