ഹിമാചലിലെ ഹാട്ടു പീക്ക് / ഫോട്ടോകൾ: കെ. കൃഷ്ണരാജ്

ഹാട്ടുവിന്റെ ശൃംഗത്തിലേക്ക് പുകയൂതി, കേറുന്നവർ

കാടിന്റെ ഒച്ചമാത്രമായി ലോകം. ഹാട്ടുവിന്റെ മേഘത്തലപ്പുകൾക്കരികെ വരാനുള്ള സാധ്യത വിരളമാണെന്ന് മനസ്സ് പറഞ്ഞു. എളുപ്പത്തിൽ പോകാനിടയില്ലാത്ത സ്ഥലത്താണ് ഇപ്പോഴുള്ളതെന്ന തോന്നലുകൊണ്ടാകാം മഹാവൃക്ഷങ്ങളുടെ തണൽ നിറഞ്ഞ കാട്ടിനുള്ളിൽ നിലത്തെ പുല്ലിൽ മലർന്നു കിടന്നു. നിറയെ വൃക്ഷങ്ങളും പൂക്കളും പലതരം ചെടികളും പക്ഷികളുമുള്ള കാട്. കയറ്റത്തിന്റെ നാലുപാടും മരങ്ങളും മഞ്ഞപ്പൂക്കളും മാത്രം. സ്വച്ഛന്ദമായ ഇടം, കിളികളുടെ ഒച്ചകൾ, കാടിന്റെ ശാന്തത, ശുദ്ധവായു. ഇളംതണുപ്പുള്ള കാറ്റേറ്റ്, തണുപ്പിലും ഇളംവെയിലിലുമായി നിറഞ്ഞുനിൽക്കുന്ന കാടിന്റെ ചെരിവുകൾ നോക്കി, ആ കാട്ടിലങ്ങനെ കിടന്നു, വെറുതെ.

ഷിംലയിലൊരു പുലർകാലത്താണ് ചെന്നെത്തുന്നത്, ഡൽഹിയിൽ നിന്ന്. അതിരാവിലെ എത്തി ബസിറങ്ങി നടന്നു. മലഞ്ചെരിവിലെ റോഡിലൂടെ നിറയെ കെട്ടിടങ്ങളും അകലെ മലനിരകളും അഗാധ താഴ്ച്ചകളും കണ്ട് നടപ്പ്. മുറി ബുക്ക് ചെയ്ത അവിടത്തുകാരൻ പയ്യന്റെ കോൾ വന്നു. അവർ പറയുന്ന സ്ഥലത്തേക്ക് നല്ല ദൂരം നടക്കാനുണ്ടെന്ന് ഉറപ്പായി. ബാഗും പുറകിലിട്ട് നടന്നു. കുറച്ചുദൂരം കഴിഞ്ഞപ്പോൾ ഒരിടത്ത് ചായ ഉണ്ടാക്കുന്നത് കണ്ടു. ബാക്കി കടകൾ തുറക്കാറായിട്ടില്ല. സീസൺ സമയത്തിന്റേതായ അത്ര തിരക്കൊന്നുമില്ല. ഷിംല ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാനുള്ള പോക്കാണ്. അവർ തന്നെ മുറിയും അനുവദിച്ചിട്ടുണ്ട്. സീസൺ ആണ്, പക്ഷേ മഞ്ഞുവീഴാൻ തുടങ്ങിയിട്ടില്ല. ഷിംല നഗരത്തിലൂടെ ഏതാണ്ടൊരു പ്രദക്ഷിണം തീർത്ത മട്ടായി നടപ്പ്. ഒരു ഭാഗത്തുനിന്ന് മറ്റൊരു അറ്റത്തേക്കുള്ള പോലെ. വലിയൊരു ഭാഗം കയറി, പിന്നെ താഴോട്ട് നടന്നിറങ്ങി, ഒരു ചെരിവിലെ കോട്ടേജിലേക്ക് അരമണിക്കൂറോളം നടന്നശേഷമാണ് എത്തിയത് എന്ന് പറയാം. മുറി ചെറുതാണ്. പക്ഷേ തരക്കേടില്ല, ക്ലീൻ. ഭക്ഷണം ഓർഡർ കൊടുത്താൽ ഉണ്ടാക്കിത്തരും. എത്തി അല്പംനേരം വിശ്രമിച്ച് കുളിച്ച് ഫിലിം ഫെസ്റ്റിവൽ വേദിയിലേക്ക് പോകാനുള്ള ഒരുക്കമായി.

വലിയൊരു വ്യൂ പോയിന്റാണ് ഹാട്ടു പീക്ക്. ഓക്കും പൈനും മേപ്പിളും നിറഞ്ഞ വന്യവിജനമായ ഭൂപ്രദേശം. അവിടെയെത്തിയപ്പോൾ ഇന്നിനി വേറെ കാഴ്ച്ചകളൊന്നുമില്ലല്ലോ എന്നോർത്തു.

അവർ വണ്ടിയുമായി എത്തി. പക്ഷേ നടന്ന് കയറണം എന്നതാണ് അവസ്ഥ. വണ്ടി, ഷിംലയിലെ മാർക്കറ്റ് പരിസരത്തിന് മുമ്പുവരെ മാത്രമേ വരൂ. അവിടെ വിടുകയാണ്. അവിടെ നിന്ന് ലിഫ്റ്റിലാണ് മുകളിലേക്ക് പോകേണ്ടത്. അതൊരു വ്യൂ പോയിന്റാണ് പേര് ദ റിഡ്ജ്. അവിടെയാണ് പ്രസിദ്ധമായ ഗെയ്റ്റി തിയ്യറ്റർ കോംപ്ലക്‌സ്. 1880 കളിൽ പണികഴിപ്പിച്ച, 1887 ൽ തുറന്നുകൊടുത്ത ചരിത്രപ്രസിദ്ധമായ കെട്ടിടം. ആധുനിക രീതിയോട് കിടപിടിക്കുന്ന ശബ്ദക്രമീകരണം ചെയ്ത ഹാളാണ് തിയ്യറ്ററിന്റേത്. അക്കാലത്ത് ഇത്രയും നൂതനമായ സൗകര്യത്താൽപണികഴിപ്പിച്ച കെട്ടിടം എന്ന രീതിയിലാണ് ഗെയ്റ്റി വിസ്മയമാകുന്നത്. പ്രമുഖരായ നിരവധി പ്രതിഭകൾ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട് ഗെയ്റ്റി ഹാളിൽ. പ്രമുഖ ബ്രിട്ടീഷ് ആർകിടെക്ട്റ്റ് ഹെൻട്രി ഇർവിൻ ഡിസൈൻ ചെയ്ത കെട്ടിടമാണത്. ഇർവിന്റെ കെട്ടിട നിർമാണ ചാരുത പ്രതിഫലിക്കുന്ന നിർമിതി തന്നെ. ഇപ്പോഴും പുതിയതുപോലെയാണ് കല്ല് ചെത്തി മിനുക്കി പണിത ഈ കെട്ടിടം. ബ്രിട്ടീഷ് ഇന്ത്യയിലെ അറിയപ്പെടുന്ന വാസ്തുശിൽപ്പിയും നിർമാണ വിദഗ്ധനുമായിരുന്നു ഹെൻട്രി ഇർവിൻ.

മാൾ റോഡിന് സമീപത്തെ ക്രൈസ്റ്റ് ചർച്ച് കത്തീഡ്രൽ

ബ്രിട്ടീഷ് സർക്കാർ പണിത പല കെട്ടിടങ്ങളും ഇദ്ദേഹത്തിന്റെ പദ്ധതിയും രൂപകല്പനയുമാണ്. ഇപ്പോഴത്തെ ഷിംല ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡിസ് എന്ന ബിൽഡിങ് ഇർവിൻ ഡിസൈൻ ചെയ്തതാണ്. നേരത്തെ ഇത് ബ്രിട്ടീഷ് വൈസ്രോയിയുടെ ഔദ്യോഗിക വസതിയായിരുന്നു. പിന്നീട് രാഷ്ട്രപതി നിവാസ് എന്ന പുനർനാമകരണം ചെയ്യപ്പെട്ടു. ഇപ്പോൾ ഉന്നത പഠനകേന്ദ്രമാണ് ഈ കെട്ടിടം. ഗെയ്റ്റി തിയ്യറ്റർ കോംപ്ലക്‌സ് ഷിംലയുടെ സാംസ്‌കാരിക കേന്ദ്രമായാണ് അറിയപ്പെടുന്നത്. ഏഷ്യയിലെ ഏക ഗോഥിക് തിയ്യറ്ററെന്നതാണ് ഏറ്റവും വലിയ വിശേഷണം. തൊട്ടരികെയാണ് ഷിംലയിലെ പുരാതന കത്തീഡ്രലുകളിലൊന്നായ ക്രൈസ്റ്റ് ചർച്ച്. നിയോ ഗോഥിക് രൂപകല്പനയിൽ പണിത പുരാതന ദേവാലയം. 1857 ലാണ് ദേവാലയം പണികഴിപ്പിച്ച് തുറന്നുകൊടുത്തത്. 1844 ലായിരുന്നു പള്ളിയുടെ നിർമാണം ആരംഭിച്ചത്. വടക്കേയിന്ത്യയിലെ ഏറ്റവും പഴയ ക്രിസ്ത്യൻ ദേവാലയങ്ങളിലൊന്നാണിത്. ഇവിടെ അടുത്തു തന്നെ മാൾ റോഡിന് അഭിമുഖമായി മറ്റൊരു ദേവാലയം കൂടിയുണ്ട്, സെന്റ് മൈക്കിൾ കത്തീഡ്രൽ. മാൾ റോഡിന് മുകളിലെ ഭാഗമാണിത്. റിഡ്ജ് എന്നത് ബ്രിട്ടീഷുകാരിട്ട പേരാണ്.

വസ്ത്രങ്ങളും ഷൂസും മദ്യവും ഡ്രൈ ഫ്രൂട്‌സും പലതരം ഭക്ഷണവുമെല്ലാം കിട്ടുന്ന നൂറായിരം കടകൾ. ഹിമാചൽ കൈത്തറി വസ്ത്രങ്ങളുടെ വലിയ സ്റ്റോറുകൾ. പുരാതന വസ്തുക്കളും മറ്റും വിൽക്കുന്ന കടകളും കാണാം. മദ്യക്കടകളുടെ ഭംഗിയും വൃത്തിയും ഒന്ന് വേറെ തന്നെയാണ്.

സമുദ്രനിരപ്പിൽ നിന്ന് ഏതാണ്ട് ഏഴായിരം അടി ഉയരത്തിലാണ് ഈ മനോഹരമായ ഇടം. ലിഫ്റ്റിലൂടെ മുകളിലെത്തി, കത്തീഡ്രലിന് മുന്നിലേക്ക് റിഡ്ജ് പരിസരത്ത് ചെന്നെത്തി. അവിടത്തെ വ്യൂ പോയിൻറിൽ കാഴ്ച്ചകൾ കണ്ട് അലഞ്ഞുനടന്നു. കുന്നുകയറിയെത്തിയ പ്രതീതിയാണ്. പടികൾ കേറി മാൾ റോഡ് വഴിയിലൂടെ അപ്പുറം ഭാഗം വഴിയും മാർക്കറ്റിനുള്ളിലൂടെ ഇവിടേക്ക് എത്താം. അല്ലെങ്കിൽ മുൻസിപ്പാലിറ്റിയുടെ വകയായുള്ള ഈ ലിഫ്റ്റാണ് ആശ്രയം. മനോഹരമായ സ്ഥലമാണ് റിഡ്ജ് പരിസരം. ഷിംലയുടെ അതിവിശാല കാഴ്ചയാണ് അവിടത്തെ പ്രത്യേകത. നല്ല ഭക്ഷണം കിട്ടുന്ന കഫേയാണ് റിഡ്ജിലെ ടൂറിസം വകുപ്പിന്റേത്. ഗെയ്റ്റി കോംപ്ലക്‌സിന്റെ തൊട്ടരികെത്തന്നെയാണത്. നടപ്പാതയും ഇരിക്കാനുള്ള ഇരുമ്പു കസേരകളുമുണ്ട് ഇരുഭാഗത്തുമായി റിഡ്ജിനപ്പുറത്ത് താഴേയ്ക്കിറങ്ങിയാൽ. അവിടെ നിന്ന് താഴേയ്ക്കിറങ്ങുംതോറും മാർക്കറ്റുകളായി. വസ്ത്രങ്ങളും ഷൂസും മദ്യവും ഡ്രൈ ഫ്രൂട്‌സും പലതരം ഭക്ഷണവുമെല്ലാം കിട്ടുന്ന നൂറായിരം കടകൾ. ഹിമാചൽ കൈത്തറി വസ്ത്രങ്ങളുടെ വലിയ സ്റ്റോറുകൾ. പുരാതന വസ്തുക്കളും മറ്റും വിൽക്കുന്ന കടകളും കാണാം. മദ്യക്കടകളുടെ ഭംഗിയും വൃത്തിയും ഒന്ന് വേറെ തന്നെയാണ്.

അങ്ങനെ പലതരം കാഴ്ച്ചകളാണവിടെ മനോഹരമാണ് ഷിംലയിലെ റിഡ്ജ് പരിസരത്തെ സായാഹ്നം. ധാരാളം യുവതീ യുവാക്കളും കമിതാക്കളും കുടുംബങ്ങളും കുട്ടികളും ആ തണുപ്പിൽ വർത്തമാനവും കാഴ്ച്ച കാണലും കളിചിരികളുമായി അവിടെയുണ്ട്. സർക്കാർ നടത്തുന്ന ഫിലിം ഫെസ്റ്റിവൽ ആണ്. പക്ഷേ സംഘാടകരിൽ ധാരാളം പേർ അവിടത്തെ കോളേജ് വിദ്യാർത്ഥികളാണ്, അതായത് വളണ്ടിയർമാർ. വലിയ എനർജിയുള്ള മനുഷ്യരുടെ ലോകമായി അവിടെ തോന്നി. ധാരാളം സിനിമാ ചിത്രീകരണങ്ങൾക്കും റിഡ്ജ് പരിസരം സാക്ഷ്യംവഹിച്ചിട്ടുണ്ട്. കലാകാരൻമാർ ഒരുപാട് ഗെയ്റ്റി തിയ്യറ്ററിൽ നാടകമടക്കമുള്ള പരിപാടികൾ അവതരിപ്പിച്ചിട്ടുമുണ്ട്. ഇടയ്ക്കിടെ കഫേയിൽ പോയി വല്ലതും കഴിക്കാമെന്നതാണ് അവിടത്തെ സൗകര്യം. ചെന്ന ദിവസം വൈകുന്നേരത്തോടെ സിനിമാമേളയിലെ പ്രധാന സെഷൻ തീരുകയാണ്. അതിനാൽ പിറ്റേന്ന് ഫ്രീയാണ്. അതുംകഴിഞ്ഞുമാത്രം മാത്രം മടങ്ങിയാൽ മതി. പിറ്റേന്ന് ഏതായാലും രാവിലെ കറങ്ങാനായി ഷിംലയുടെ പരിസരങ്ങളിൽ പോകാൻ തീരുമാനിച്ചു. ഒരു ഡ്രൈവറെ ഏർപ്പാടാക്കി തരാനായി ഓൺലൈൻ വഴി ഹിമാചൽ ടാക്‌സി ഡ്രൈവേഴ്‌സിന്റെ ലിങ്കിൽ ബന്ധപ്പെട്ടു. അവർ കൃത്യമായി പ്രതികരിച്ചു. രാവിലേക്ക് ഡ്രൈവറെ ഏർപ്പാടാക്കിയതായി മെസേജ് വന്നു. പൈസയും പറഞ്ഞുറപ്പിച്ചു, സമയവും പോകേണ്ട പാക്കേജും റെഡി.

രാത്രിയിലെ ഷിംല നഗരം

ഒഫീഷ്യൽ പരിപാടികൾ തീർത്തശേഷം മാർക്കറ്റ് പരിസരങ്ങളിലൂടെ അലച്ചിൽ. മാൾ റോഡിലൂടെ താഴേയ്ക്കിറങ്ങി നടന്നു. നല്ല ദൂരമുണ്ട് മുറിയിലേക്ക്. പക്ഷേ ചില്ലറ സാധനങ്ങൾ മേടിക്കലും കാഴ്ച്ച കാണലുമായി മാർക്കറ്റിലെ കറക്കത്തിന് ഏറെ സമയമെടുത്തു. വലിയ നഗരമാണ് ഷിംലയെന്ന് മാർക്കറ്റ് നടപ്പിലാണ് ശരിക്കും മനസ്സിലായത്. തിരക്കിന്റെ പൂരം. വൈകുന്നേരത്തോടെയാണ് ജീവിതം ലൈവ് ആകുന്നത് എന്ന് തോന്നി. പച്ചക്കറി മാർക്കറ്റിലൂടെ വരുമ്പോൾ നിറയെ പച്ചക്കറിയും പഴങ്ങളുമുള്ള ഒരു കടയും അതിലെ പ്രായമുള്ള അപ്പൂപ്പനെയും കണ്ടുമുട്ടി. കക്ഷി നല്ല തിരക്കിലാണ്. സാധനങ്ങൾ വിൽക്കുന്ന തിരക്കാണ്. നല്ല പ്രായമുണ്ടെങ്കിലും പണിയിൽ വ്യാപൃതനാണ്. കണ്ടിട്ട് ഒരു ഇസ്താംബൂൾ ഛായയുണ്ട് അപ്പൂപ്പന്. ഒർഹാൻ പാമുകിന്റെ നോവലിലെ ഏതോ വൃദ്ധരൂപം പോലെ. അദ്ദേഹത്തിന്റെ രൂപത്തിലെ കൗതുകം കൊണ്ട് ചില പടങ്ങളെടുത്തു.

രാത്രിയിലെ ഷിംല അതിസുന്ദരമാണ്. മലമുകളിലെ നഗരം വെളിച്ചക്കൂടുകളായി രൂപം മാറുന്നു. മുറികളിലെ, വീടുകളിലെ, ചതുരം ഒരു വെളിച്ചമാകും. പട്ടണമാകെ ചതുരവെളിച്ചം. ചതുരങ്ങളിൽ പുറത്തേക്ക് പോകാൻ വെമ്പുന്ന വെളിച്ചങ്ങളുടെ വലിയൊരു കാൻവാസായി ഷിംലയുടെ മലമ്പട്ടണം മാറും, രാത്രിയിൽ. നടന്ന് നടന്ന് മുറിയെത്തി. നല്ല ദൂരമെടുത്തു എളുപ്പവഴിയിലൂടെ എത്താൻ പോലും. ക്ഷീണമുണ്ട് രാവിലെ പോയ പോക്കാണ്. കറക്കം കൂടിയതിനാൽ കാലിനെ ബാധിച്ചു. ചൂട് വെള്ളത്തിൽ കുളി, ഭക്ഷണം കഴിച്ച് കിടന്നു. തണുപ്പിൽ പോത്തുപോലത്തെ ഉറക്കം കിട്ടി. രാവിലെ സമയത്തിന് വണ്ടിയുമായി ഡ്രൈവറെത്തി. വഴി അന്വേഷിച്ച് കണ്ടുപിടിച്ചു കക്ഷി. പക്ഷേ താമസിക്കുന്ന സ്ഥലത്ത് എത്തിപ്പെടാൻ ചെറിയൊരു കൺഷ്യൂഷന് സാധ്യതയുണ്ട്. ഡ്രൈവർക്കുമുണ്ടായി.

കുഫ്രി ഒരു ടിപ്പിക്കൽ പിക്‌നിക് സ്‌പോട്ടാണെന്ന് പറയാം. കൊടൈക്കനാൽ പോലെ. ഷിംലയിൽ നിന്ന് എളുപ്പം കുഫ്രിയിലെത്താം. എന്നാൽ കുഫ്രിയുടെ ഉൾമേഖലയിലേക്ക് കൂടുതൽ നടന്നെത്തിയാൽ വാലിയുടെ മനോഹര കാഴ്ചകളിലേക്കെത്തുകയും ചെയ്യും.

കുറച്ചധികം ചുറ്റിയാണ് അയാൾ എത്തിയത്. ടൗണിലേക്ക് എത്തുന്ന പ്രധാനപ്പെട്ട ഒരു വളവിന് അടുത്താണ് താമസമെങ്കിലും താഴേയ്ക്കുള്ള റോഡ് പൊതുവേ കണ്ണിൽ പെടുകയില്ല എന്നതാണ് പ്രശ്‌നം. ഗൂഗിൾ മാപ് നോക്കിയാൽ ഏരിയൽ വ്യൂ ശരിയാണങ്കിലും കോട്ടേജിലേക്ക് എത്തുന്ന പാത കാണിക്കുന്നതിൽ ചിലപ്പോൾ പിഴവ് വരാം. താഴേയ്ക്ക് സ്റ്റെപ്പുകളാണ്. വണ്ടിയിൽ പോകാനായി എതിരെയുള്ള വഴിയിലൂടെ വളഞ്ഞുകേറണം. ഡ്രൈവറോട് മെയിൻ റോഡിലെ വളവിൽ നിൽക്കാൻ പറഞ്ഞശേഷം നടന്ന് കേറി. യാത്ര റെഡി. വണ്ടിയെടുത്തു. എവിടെ നിന്ന് തുടങ്ങണം യാത്രയെന്നത് ഡ്രൈവറുടെ ഇഷ്ടത്തിന് തന്നെ വിട്ടു. കുഫ്രിയിലേക്കാണ് ആദ്യം അയാൾ കൊണ്ടുപോയത്. അവിടെ നിന്ന് ഹസൻവാലി വഴി, മാട്ടിയാന, നർക്കണ്ട വഴി ഹാട്ടു പീക്ക് എന്ന ഗിരിശൃംഗത്തിലേക്കും. പാൻ ചവച്ച് വണ്ടി ഓടിച്ചുകൊണ്ടിരുന്നു. നല്ല തണുപ്പുള്ള സമയമാണ്, എന്നാൽ മഞ്ഞുവീഴ്ചയായിട്ടില്ല. കുഫ്രി ഒരു ടിപ്പിക്കൽ പിക്‌നിക് സ്‌പോട്ടാണെന്ന് പറയാം. കൊടൈക്കനാൽ പോലെ. ഷിംലയിൽ നിന്ന് എളുപ്പം കുഫ്രിയിലെത്താം. എന്നാൽ കുഫ്രിയുടെ ഉൾമേഖലയിലേക്ക് കൂടുതൽ നടന്നെത്തിയാൽ വാലിയുടെ മനോഹര കാഴ്ചകളിലേക്കെത്തുകയും ചെയ്യും.

നാർക്കണ്ടയിലേക്കുള്ള യാത്രമധ്യേ പകർത്തിയത്

പറഞ്ഞപ്രകാരമുള്ള ഇടത്ത് ഡ്രൈവർ വണ്ടി നിർത്തി. പാർക്കിങ് ഏരിയയാണ്. അവിടന്ന് കുതിരപ്പുറത്ത് കുഫ്രിയുടെ ഉൾഭാഗങ്ങളിലേക്ക് പോകാം, അവിടെ ചെന്നാൽ ഒരു വ്യൂ പോയിന്റിലെത്തി, വേണെങ്കിൽ അവിടെ നിന്ന് ചെറിയൊരു ഓഫ് റോഡ് ജീപ്പ് യാത്ര കൂടിയുണ്ട്. ശേഷം വാലിയുടെ വിസ്തൃതമായ കാഴ്ച്ചകളിലൂടെ കുറച്ചുസമയം ചെലവഴിക്കാം. അനുവദിച്ച സമയത്തിന് മുമ്പ് തിരിച്ചെത്തിയാൽ മാത്രം മതി. കുഫ്രിയുടെ ഉൾഭാഗക്കാട്ടിലേക്ക് കുതിരപ്പുറത്ത് നടപ്പാരംഭിച്ചു. ഉലഞ്ഞും കുലുങ്ങിയും അത് കുതിരച്ചാണകം നിറഞ്ഞ മെലിഞ്ഞ വഴിയിലൂടെ കൊണ്ടുപോയി. ആ ഇടുക്ക് വഴിയിലൂടെ നടക്കാനാവില്ല കുതിരക്കാരനു പോലും. അത്തരത്തിൽ കുതിരച്ചാണകമാണ് നിറയെ. അവർ അപ്പുറത്തുള്ള മുള്ളുവേലിയ്ക്കപ്പുറം വടിയുമായി നടന്ന് കുതിരയ്ക്ക് നിർദേശം കൊടുത്തു കുറച്ചുദൂരം. ശേഷം ഒരു കയറ്റത്തിൽ കുതിരയ്‌ക്കൊപ്പം ചേർന്നു. ഏറെ ദൂരം മല കേറി കുലുങ്ങിയും ഉലഞ്ഞും കുതിര മുന്നോട്ടുപോയശേഷം ഒരു പാറക്കൂട്ടത്തിനരികെ നിർത്തി, ഇറക്കി. വ്യൂ പോയിന്റാണത്. അതെല്ലാം കണ്ടശേഷം തിരിച്ച് വരുമ്പോൾ കുതിരക്കാരനെ വിളിക്കാനാണ് നിർദേശം. ഏതാണ്ട് ഒരു മണിക്കൂറോളം സമയമുണ്ട് അവിടെ കാണാനും മറ്റുമായി.

അയാൾ ചരസ്സ് ചേർത്ത ബീഡിയ്ക്ക് തീ കൊളുത്തി. കഞ്ചാവിന്റെ കറ ഉണക്കിയത് പോക്കറ്റിലോ പൊതിഞ്ഞോ കയ്യിൽ കരുതുന്നു. കഞ്ചാവ് ഇലകൾ കയ്യിലിട്ട് തിരുമ്മിയാൽ വരുന്ന കറയെടുത്ത ശേഷം ഉണക്കിയാണ് ചരസുണ്ടാക്കുന്നതെന്ന് ഡ്രൈവർ പറഞ്ഞു.

വ്യൂ പോയിന്റിൽ നിന്ന് ആപ്പിൾ തോട്ടമുള്ള ഇടത്തേക്ക് ഓഫ് റോഡ് ജീപ്പ് യാത്ര നടത്തി. ചെറിയ ദൂരമേയുള്ളൂ. അവിടെ എത്തിയ ശേഷം ചുമ്മാ അലഞ്ഞുനടന്നു. തോട്ടങ്ങളിൽ നിറയെ ആപ്പിൾ വിളഞ്ഞുനിൽക്കുന്ന സമയം. മലമ്പാതകളിലൂടെ ഏറെ ദൂരം വാലിയിലൂടെ നടന്നു. കുഫ്രിയുടെ മലഞ്ചെരിവുകളും റോഡുകളും മരക്കാടുകളും ധാരാളം സിനിമാ ഷൂട്ടിങ്ങുകൾക്ക് വേദിയായിട്ടുള്ള ഇടം കൂടിയാണ്, പ്രത്യേകിച്ച് ഹിന്ദി സിനിമകളിലെ ഗാനരംഗങ്ങൾക്ക്. അതെല്ലാം കണ്ട് ഒടുവിൽ തിരിച്ചെത്തി, വീണ്ടും ഹാട്ടു പീക്കിലേക്ക് യാത്ര തുടർന്നു. നേരെ ഹസൻവാലി വഴിയിലൂടെ വണ്ടി പോയി. മനോഹരമായ മലമുകളിലെ ഗ്രാമങ്ങളാണ്. സ്‌കോട്ടിഷ് - സ്വിസ് രൂപങ്ങളുള്ള നാടുപോലെയാണ് പല ഇടങ്ങളും. നിറയെ ഓക്കും പൈനും മേപ്പിളും നിറഞ്ഞ പ്രദേശങ്ങൾ.

മാട്ടിയാനയിലെ ഒരു പ്രദേശം

ഹസ്സൻ വാലിയിലെ ഒരു വളവിൽ വണ്ടി നിർത്തി. ഒരു ബീഡിയെടുത്ത് പുകയിലെ കൈയിലേക്ക് ഇട്ട് ഞെരടി. ശേഷം പോക്കറ്റിൽ നിന്ന് പേപ്പറിൽ പൊതിഞ്ഞ ഒരു ചെറിയ ആയുർവേദ ഗുളിക പോലെ നീളത്തിലുള്ളത് എടുത്തു. അതിൽ നിന്ന് ചെറിയൊരു കഷ്ണം പൊട്ടിച്ചെടുത്ത് ഞരടി തരിയാക്കി, പുകയിലയിൽ ഇട്ട് ഞരടി വീണ്ടും. എന്നിട്ട് ബീഡിയ്ക്കുള്ളിലേക്ക് കയറ്റി, വീണ്ടും തെറുത്തശേഷം തീ കൊളുത്തി. ഡ്രൈവർ പുക വലിക്കാൻ തുടങ്ങി. യാത്രകളിൽ ഡ്രൈവർമാരിൽ പലരും ഇത്തരം വലിശീലമുള്ളവരാണ്. സഞ്ചാരികളും ചിലപ്പോൾ അവരോടൊപ്പം ചേരാറുമുണ്ട്. അയാൾ ചരസ്സ് ചേർത്ത ബീഡിയ്ക്ക് തീ കൊളുത്തി. നീളൻ ആയുർവേദ ഗുളിക പോലെ കഞ്ചാവിന്റെ കറ ഉണക്കിയത് പോക്കറ്റിലോ പൊതിഞ്ഞോ കയ്യിൽ കരുതുന്നു. കഞ്ചാവ് ഇലകൾ കയ്യിലിട്ട് തിരുമ്മിയാൽ വരുന്ന കറയെടുത്ത ശേഷം ഉണക്കിയാണ് ചരസുണ്ടാക്കുന്നതെന്ന് ഡ്രൈവർ പറഞ്ഞു. വലി തുടർന്നെങ്കിലും ഡ്രൈവർ പണി ഭംഗിയായി ചെയ്തു, നല്ലപോലെ വണ്ടിയോടിച്ചു.

വിളഞ്ഞു നിൽക്കുന്ന ആപ്പിൾമരം

മാട്ടിയാന എന്നൊരു സ്ഥലത്തെത്തി. നിറയെ ആപ്പിൾതോട്ടങ്ങൾ. റോഡിലൂടെ നോക്കിയാൽ താഴെ വാലിയിൽ ആട്ടിൻപറ്റങ്ങൾ മേയുന്ന കണക്കെ ദൃശ്യം ധാരാളമായി കണ്ടു. കൗതുകമുണ്ടാക്കിയ കാഴ്ച്ച. വെളുത്ത ചെമ്മരിയാടിൻ പറ്റങ്ങൾ മലഞ്ചെരിവുകളിൽ കൂട്ടമായി അലഞ്ഞുനടക്കുന്ന പോലെ, ദൂരെ നിന്ന് നോക്കിയാൽ. ആപ്പിൾ മരങ്ങൾ വിളപ്പെടുപ്പായതിനാൽ, നെറ്റുപയോഗിച്ച് മൂടിയിടുന്നതാണ് അതെന്ന് ഡ്രൈവർ പറഞ്ഞുതന്നു. ആപ്പിൾ മരങ്ങളുടെ വലിയ കാഴ്ച്ചയാണ് മാട്ടിയാനയിലേത്. അവിടെയൊരു മാതാ മഹേശ്വരീക്ഷേത്രവുമുണ്ട്. ആപ്പിൾ തോട്ടങ്ങൾ ധാരാളമുണ്ടെന്നത് മാത്രമല്ല കാരറ്റും കോളിഫ്‌ളവറും ബ്രൊക്കോളിയുടക്കമുള്ള നിരവധി പച്ചക്കറികൾ കൃഷി ചെയ്യുന്ന മേഖല കൂടിയാണത്. ഇതുവഴിയാണ് നർകണ്ടയിലേക്കുള്ള സഞ്ചാരം. ഇറങ്ങി നടന്നാൽ കാണുന്ന തോട്ടങ്ങളിലെല്ലാം ആപ്പിളാണ്. പൊട്ടിക്കാവുന്ന ഉയരത്തിൽ ആപ്പിളുകൾ തുടുത്ത് നിൽക്കുന്നു. ആപ്പിൾ തോട്ടത്തിന് സമീപമുള്ള ഹോട്ടലിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ചു. അതുവരെയും ആപ്പിൾ തോട്ടവും മലഞ്ചെരിവും കണ്ട് നടന്നു. ആപ്പിൾ പൊട്ടിക്കാൻ അനുവാദമില്ല. പ്രത്യേക ബോർഡുകൾ കാണാം പൊട്ടിക്കുന്നതോ തൊടുന്നതോ വിലക്കിക്കൊണ്ട്. ധാരാളം സഞ്ചാരികളെത്തുന്ന ഇടമാണത്.

മരപ്പാളികൾ ഉപയോഗിച്ചാണ് ഹാട്ടു ക്ഷേത്രം നിർമിച്ചിട്ടുള്ളത്. അവിടത്തെ ഒരു പാറക്കല്ലിന് ചില പ്രാചീന പുരാവൃത്തങ്ങളുമായി ബന്ധമുണ്ട്. ഉത്തേരന്ത്യൻ ഇടങ്ങളിൽ, ഐതിഹ്യം മിക്കയിടത്തും കാണുന്ന ഒരു അജ്ഞാതവാസക്കാലക്കഥ

72 കിലോമീറ്ററാണ് ഷിംലയിൽ നിന്ന് ഹാട്ടു പീക്കിലേക്കുള്ള ദൂരം. നാർകണ്ടയാണ് അടുത്തുള്ള പ്രധാനസ്ഥലം. മാട്ടിയാനയിൽ നിന്ന് 16 കിലോമീറ്ററാണ് നാർകണ്ടയ്ക്ക് ദൂരം. നാർകണ്ടയിലെത്താൻ 64 കിലോമീറ്ററോളമുണ്ട് ഷിംലയിൽ നിന്ന്. നാർകണ്ടയുടെ ഉൾപ്രദേശങ്ങളും കാടിന് ചേർന്നുള്ള ഭാഗങ്ങളും അതിമനോഹമായ കാഴ്ച്ചയാണ്. നാർകണ്ടയിലൊരു സ്ഥലത്ത് വണ്ടി നിർത്തി. സ്വിസിലോ സ്‌കോട്ട്‌ലന്റിലോ പോയ പോലൊരു ഇടം. അവിടെ കുറച്ചുസമയം ചെലവഴിച്ചു. ഡ്രൈവർ ഒഴിവുസമയം കിട്ടിയതിനാൽ പിന്നെയും പുകയെടുത്തു. കലണ്ടറിലും മറ്റും കാണുന്ന ആട്ടിൻപറ്റങ്ങൾ മേയുന്ന സ്വിസ് വഴികൾ പോലെയൊരു സ്ഥലം. തുടർന്ന് എട്ടുകിലോമീറ്ററോളം ഓഫ് റോഡ് വഴി കേറിപ്പോകണം ഹാട്ടു ശൃംഗത്തിലെത്താൻ. പ്രശസ്ത ബ്രാൻഡ് ഇനമായ സ്റ്റോക്‌സ് ഫാം ആപ്പിളുകൾ ഇവിടത്തെ താനേധർ എന്ന സ്ഥലത്തു നിന്നുള്ളതാണ്. സാമുവേൽ ഇവാൻസ് സ്റ്റോക്‌സ് എന്ന അതിന്റെ ഉടമയുടെ ഇന്ത്യൻ ജീവിതകഥ തന്നെ പക്ഷേ, സംഭവബഹുലമാണ്. അതെഴുതിയാൽ ഏറെ പറയേണ്ടിവരും, അതിലേക്ക് കടക്കുന്നില്ല. സ്റ്റോക്‌സ് ആപ്പിൾ കയറ്റുമതിയ്ക്ക് ഏറെ പേരുകേട്ടതാണ്.

കോട്ഗഢ് പോലെയുള്ള ചില ഗ്രാമങ്ങളടുത്താണ്. നാർകണ്ടയിൽ നിന്ന് 15 കിലോമീറ്ററോളം പോകണം കോട്ഗഢിലേക്ക്. ആപ്പിളിനും സ്‌ട്രോബെറിയ്ക്കും ചെറിപ്പഴത്തിനും പേരുകേട്ടതാണ് തണുപ്പും സൗന്ദര്യവും പുതഞ്ഞ ഈ ഗ്രാമങ്ങൾ. മഞ്ഞുകാലത്തും അല്ലാത്തപ്പോഴും ഭിന്നരൂപമാണ് ഈ ദേശത്തിന്. ഹാട്ടു പീക്കിലേക്ക് വണ്ടി പോകുകയാണ്. എത്തി ഒടുവിൽ. വലിയ കയറ്റം കയറി കിതച്ച് നടന്ന് ഇനി മുകളിലേക്ക്. 11,152 അടി ഉയരത്തിലാണ് ഹാട്ടു പീക്ക് സ്ഥിതി ചെയ്യുന്നത്. അതെഴുതിവെച്ച ബോർഡ് മുകളിലുണ്ട്, ഉയരം 3400 മീറ്റർ. മഞ്ഞുകാലത്ത് മറ്റൊരു കാഴ്ച്ചയാണ് ഈ മേഖലയ്ക്ക്. മഞ്ഞുവീഴുന്ന സമയത്തുള്ള യാത്രയും ഇവിടേക്ക് ദുഷ്‌കരമാണ്. വണ്ടിക്കാരുടെ യാത്രാച്ചെലവും കൂടും ഈ സമയങ്ങളിൽ. വഴികളിൽ മഞ്ഞുമൂടി കിടക്കുന്ന സമയത്ത് ഹാട്ടുവിലേക്ക് എത്തുന്നവരുണ്ട് ധാരാളം. കാഴ്ച്ചയിൽ മഞ്ഞുവീണ കാഴ്ച്ച ഒന്നു വേറെ തന്നെയാണ് എന്നതിനാൽ. പക്ഷേ യാത്ര നല്ലപോലെ ബുദ്ധിമുട്ട് നിറഞ്ഞതാണ് എന്നുമാത്രമേയുള്ളൂ. ഹാട്ടുവിന്റെ ഗിരിശൃംഗത്തിൽ ചെന്ന് നിന്നാൽ ദൂരെ സിവാലിക് പർവ്വതനിരകൾ സുവ്യക്തമായി കാണാം.

ഒരു പ്രത്യേക രീതിയിൽ പ്രകാശം വീഴുന്ന കാടിനോട് ചേർന്ന ഭാഗത്തേക്ക് ചെന്നു. കാടിന്റെ ഒച്ചമാത്രമായി ലോകം. ഹാട്ടുവിന്റെ മേഘത്തലപ്പുകൾക്കരികെ വരാനുള്ള സാധ്യത വിരളമാണെന്ന് മനസ്സ് പറഞ്ഞു.

മുകളിൽ കാളിമാതാ ക്ഷേത്രമുണ്ട്. മരപ്പാളികൾ ഉപയോഗിച്ചാണ് ഹാട്ടു ക്ഷേത്രം നിർമിച്ചിട്ടുള്ളത്. അവിടത്തെ ഒരു പാറക്കല്ലിന് ചില പ്രാചീന പുരാവൃത്തങ്ങളുമായി ബന്ധമുണ്ട്. ഉത്തേരന്ത്യൻ ഇടങ്ങളിൽ, ഐതിഹ്യം മിക്കയിടത്തും കാണുന്ന ഒരു അജ്ഞാതവാസക്കാലക്കഥ. ഭീമനും കൂട്ടരും ഭക്ഷണം പാകം ചെയ്യാനായി വിറക് കത്തിക്കാനുപയോഗിച്ച പാറകൾ എന്നൊരു കഥ ഇവിടത്തെ ഒരു പാറക്കൂട്ടത്തിനുണ്ട്. അവിടെ പോയി പല യാത്രികരും വണങ്ങുന്നത് കണ്ടു. ഉത്തരേന്ത്യക്കാരാണ് മിക്കവരും അവിടത്തെ സഞ്ചാരികൾ. ഹാട്ടുവിലെ ചെറിയ ക്ഷേത്രത്തിലേക്കും പലരും പോകുന്നുണ്ട്. പക്ഷേ കൂടുതലും സഞ്ചാരികളായ യുവതീയുവാക്കളാണ്. അവരിൽ പല കമിതാക്കളും ക്ഷേത്രത്തിന് പകരം പാറക്കൂട്ടങ്ങളുടെ മുകളിലും മരക്കൂട്ടങ്ങളുടെ താഴേയുമായി പ്രണായാഭയം തേടുന്നത് കണ്ടു.

ശൈത്യകാലത്തെ ഹാട്ടു പീക്ക് / Photo: Wikimedia Commons

വലിയൊരു വ്യൂ പോയിന്റാണ് ഹാട്ടു പീക്ക്. ഓക്കും പൈനും മേപ്പിളും നിറഞ്ഞ വന്യവിജനമായ ഭൂപ്രദേശം. അവിടെയെത്തിയപ്പോൾ ഇന്നിനി വേറെ കാഴ്ച്ചകളൊന്നുമില്ലല്ലോ എന്നോർത്തു. തിരക്കിട്ട് ഇറങ്ങേണ്ടതില്ല, വനമേഖലയിൽ നിന്ന് എന്നതിന്റെ ന്തോഷം മനസ്സിൽ വന്നു. യാത്ര തീരുകയാണ്, സമയമുണ്ട്. വിശ്രമിച്ചു പോയാലും മതി. ഷിംലയിൽ രാത്രി വൈകിയെത്തിയാലും കുഴപ്പമില്ല. നാളേയാണ് മടക്കയാത്രയുള്ളൂ. ഷിംലയിൽ നിന്ന് രാത്രി ബസ്സിൽ ഡൽഹി അവിടെ നിന്ന് കേരളത്തിലേക്ക് വിമാനമാർഗം അതാണ് യാത്രാപ്ലാൻ. പിറ്റേന്ന് ഫിലിം ഫെസ്റ്റിവൽ സമാപനമുണ്ട്. പക്ഷേ പെട്ടെന്ന് തീരുന്ന പൊതുപരിപാടിയാണ്. വിഖ്യാതമായ ഗെയ്റ്റി തിയ്യറ്റർ കോംപ്ലക്‌സിനോടും റിഡ്ജിനോടും കത്തീഡ്രലിനോടും യാത്ര പറയാൻ പിറ്റേന്ന് വൈകുന്നേരം വരെ സമയമുണ്ട്. അതിനാൽ ഏറെ നടപ്പിന് ശേഷം മരത്തണലിലും പാറപ്പുറത്തും ഇരുന്ന് വിശ്രമിക്കാൻ തീരുമാനിച്ചു.

മരങ്ങൾ നിറഞ്ഞ ഉൾഭാഗത്തെ വഴിയിലേക്ക് നടന്നു കാടിനുള്ളിലേക്ക് അല്പം ദൂരത്തുള്ള ഇടത്തേക്ക്. അവിടെ വരെ പോകാനനുവാദമുണ്ട്. കൂടുതൽ ഉള്ളിലേക്ക് അനുവാദമില്ല. മൃഗങ്ങൾ കാണുമെന്നതിനാലാകും. ഒരു പ്രത്യേക രീതിയിൽ പ്രകാശം വീഴുന്ന കാടിനോട് ചേർന്ന ഭാഗത്തേക്ക് ചെന്നു. കാടിന്റെ ഒച്ചമാത്രമായി ലോകം. ഹാട്ടുവിന്റെ മേഘത്തലപ്പുകൾക്കരികെ വരാനുള്ള സാധ്യത വിരളമാണെന്ന് മനസ്സ് പറഞ്ഞു. എളുപ്പത്തിൽ പോകാനിടയില്ലാത്ത സ്ഥലത്താണ് ഇപ്പോഴുള്ളതെന്ന തോന്നലുകൊണ്ടാകാം മഹാവൃക്ഷങ്ങളുടെ തണൽ നിറഞ്ഞ കാട്ടിനുള്ളിൽ നിലത്തെ പുല്ലിൽ മലർന്നു കിടന്നു. നിറയെ വൃക്ഷങ്ങളും പൂക്കളും പലതരം ചെടികളും പക്ഷികളുമുള്ള കാട്. കയറ്റത്തിന്റെ നാലുപാടും മരങ്ങളും മഞ്ഞപ്പൂക്കളും മാത്രം. സ്വച്ഛന്ദമായ ഇടം, കിളികളുടെ ഒച്ചകൾ, കാടിന്റെ ശാന്തത, ശുദ്ധവായു. ഇളംതണുപ്പുള്ള കാറ്റേറ്റ്, തണുപ്പിലും ഇളംവെയിലിലുമായി നിറഞ്ഞുനിൽക്കുന്ന കാടിന്റെ ചെരിവുകൾ നോക്കി, ആ കാട്ടിലങ്ങനെ കിടന്നു, വെറുതെ. ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


വി. എസ്. സനോജ്

മാധ്യമപ്രവർത്തകൻ, ചലച്ചിത്ര​ പ്രവർത്തകൻ. സനോജ്​ സംവിധാനം​ ചെയ്​ത ‘ബേണിങ്​’ എന്ന ഹിന്ദി ചിത്രം ഗോവ ഉൾപ്പെടെ നിരവധി രാജ്യാന്തര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്​.

Comments