മാനാ ഗ്രാമത്തിന്റെ വിദൂരദൃശ്യം ബദരിയിൽ നിന്ന് / ചിത്രങ്ങൾ : വി.എസ്. സനോജ്

റൊങ്പാകളുടെ കാടാറുമാസ ഗ്രാമത്തിൽ, ഒരിക്കൽ

മുറ്റത്ത് നിന്നോ മുറിയുടെ ജനാലയിൽ നിന്നോ നോക്കിയാൽ നിലാവിൽ പർവ്വതമുനമ്പ് കാണാമെന്നതൊരു അപാരമായ സൗന്ദര്യസാധ്യതയായി. പർവ്വതമുനമ്പ് നിലാവുണ്ടെങ്കിൽ ദശിക്കാനാവുമെന്ന് അവിടത്തെ ജീവനക്കാരൻ പറഞ്ഞുതന്നിരുന്നു. ഹിമാലയൻ മഞ്ഞുമലകളുടെ അറ്റത്തെ ഏതോ കൊടുമുടിയുടെ വെള്ളത്തലപ്പ് അല്പം സ്വർണനിറം കലർന്നപോലെ നിലാവിൽ തെളിഞ്ഞുനിൽക്കുന്നത് അത്യപൂർവ്വമായ കാഴ്ച്ചയായി.

തുണി സഞ്ചിയും കേരളത്തിൽ നിന്ന് മേടിച്ച സാധാരണ റബ്ബർ ചെരിപ്പുമായാണ് ഗഡ് വാളിന്റെ മലമ്പ്രദേശങ്ങളും ശിഖരങ്ങളും കൂടെയുള്ള സുഹൃത്ത് താണ്ടിയത്. താടിയും മുടിയും കാവിവേഷവുമൊക്കെയാണ് അദ്ദേഹത്തിന്. ഈ തണുപ്പിലും മുണ്ടും ഷർട്ടും മാത്രമായി ഹിമാലയൻ താഴ് വരകളിൽ എങ്ങനെ നടക്കാൻ സാധിക്കുന്നുവെന്നതിൽ യാത്രാദിനങ്ങളിൽ അത്ഭുതം തോന്നിപ്പോയി. അദ്ദേഹത്തിന് അതൊരു പ്രശ്‌നമല്ലെന്ന് തോന്നി, ശീലമാണത്. ഈ മേഖലകളിലെല്ലാം പലവട്ടം വന്നിട്ടുള്ളയാളാണ് കക്ഷി. ഇനിയും വന്നേക്കാനും സാധ്യതയുണ്ട്. നീട്ടിവളർത്തിയ നരച്ച താടിയും കാവി മുണ്ടും സഞ്ചിയും കൂടിയുള്ളതിനാൽ അദ്ദേഹം ഒരു കാര്യം ആദ്യമേ പറഞ്ഞു. മുറിയെടുക്കുന്നത് തന്റെ ജോലിയാണ്, ഞാനവിടെ ചെന്നാൽ ധ്യാനമോ ഭജനയോ ഇരിക്കാൻ വന്ന സാധുവാണെന്ന് ഹോട്ടലുകാർ കരുതും. പൈസ കയ്യിലുണ്ടാകില്ല എന്ന് വിചാരിച്ച് മുറി ചോദിച്ചാൽ മിക്ക ഹോട്ടലുകാരും ഇല്ലെന്നേ പറയൂ. അതിനാൽ മുറിയെടുക്കൽ താൻ ഏറ്റെടുക്കണം- അദ്ദേഹം കാര്യം പറഞ്ഞു. മുൻ അനുഭവം കൊണ്ടാകാം അങ്ങനെ പറഞ്ഞിരിക്കുക എന്ന് അതോടെ ഉറപ്പായി. അങ്ങനെ, ഹരിദ്വാർ മുതൽ ബദരിനാഥ് വരെ മുറിയെടുക്കൽ എന്ന പണി കൂടി ഏറ്റെടുത്തു.

ജോഷിമഠിലുള്ള ഗഢ് വാൾ ടൂറിസം സമിതിയുടെ ചെറിയ വാടകയ്ക്കുള്ള ഹോട്ടലിലാണ് രുദ്രനാഥ് ട്രക്കിങ് കഴിഞ്ഞശേഷം തങ്ങിയത്. അവിടന്ന് ബദരിയിലേക്ക് പോകാനായിരുന്നു പ്ലാൻ. രാത്രിയായി മുറിയെടുക്കുമ്പോ. ഭക്ഷണം കഴിച്ചുള്ള ഉറക്കത്തിനിടെ, പാതിരാത്രിയായപ്പോ വാതിലിൽ ഭയങ്കര തട്ടും ഇടിയും. മല കേറി വന്നുള്ള കിടപ്പായതിനാൽ കാൽവേദനയും ക്ഷീണവും കൊണ്ട് മരിച്ച പോലുള്ള ഉറക്കമായിരുന്നു. അതിനെയാണ് ശബ്ദം തട്ടിയെഴുന്നേൽപ്പിച്ചത്. കനത്ത ശബ്ദം വന്നലക്കുകയാണ്. എന്ത് ദുരന്തമാണ് എന്നാലോചിച്ച് അസ്വസ്ഥരായി, ഒടുവിൽ വാതിൽ തുറന്നപ്പോ ഹോട്ടലിലെ റിസപ്ഷനിൽ രാത്രിയിരിക്കുന്നവനാണ് കക്ഷി. അവൻ മുറി മാറി തട്ടിവിളിച്ചതാണ്, നല്ല പോലെ മദ്യപിച്ച അവസ്ഥയിലാണ്. മദ്യമോ കഞ്ചാവോ ആയിരിക്കാം. തട്ടിന് പകരം ഇടിയാണ് വാതിലിന്മേൽ നടത്തിയതെന്ന് അവന് ബോധ്യപ്പെട്ടുകാണില്ല. അവൻ സുഹൃത്തിനെ കണ്ടപ്പോൾ ക്ഷമ പറഞ്ഞ് തിരിച്ചുപോയി. അപ്പോഴാണ് ആ താടിയും മുടിയും കാവിവേഷവും കൊണ്ട് ഗുണമുണ്ടായതെന്ന് ആലോചിച്ച് വീണ്ടും കിടന്നു, അല്പസമയം കഴിഞ്ഞ് വീണ്ടും വൻ ഇടി തുടങ്ങി, വാതിലിന് നേരെ. പിന്നെയും തുറന്നുചെന്നു. അപ്പോഴും അവൻ തന്നെ. ഫിറ്റ് ആയി നിൽപ്പാണ്. മദോന്മത്തനായതിനാൽ അവൻ ഉദ്ദേശിച്ച മുറിയുടെ വാതിലിലല്ല തട്ടുന്നത് എന്നതായിരുന്നു പ്രശ്‌നം. വീണ്ടും കാവിക്കാരൻ സുഹൃത്തിനെ കണ്ടമാത്രമയിൽ രണ്ടാവട്ടവും ക്ഷമാപണം നടത്തി അവൻ തിരിച്ചുപോയി. പിന്നെ കിടന്നപ്പോ ഉള്ള ഉറക്കവും പോയി. അടുത്ത മുട്ട് എപ്പോ വരും എന്ന തോന്നൽ കേറിവന്നു. എന്താണ് അവന്റെ ഉദ്ദേശമെന്ന് മനസ്സിലാകാത്ത പോലെ.

രാവിലെയായപ്പോൾ ജോഷിമഠിലെ ചിലയിടങ്ങൾ കണ്ടശേഷം ബദരിയിലേക്ക് ബസ് കേറി. ഉച്ചതിരിഞ്ഞ് ബദരിനാഥിലെത്തി. അവിടെ ഒരു ഹോട്ടലിൽ മുറിയെടുത്തു. വൈകുന്നേരത്തിന് മുമ്പ് അല്പനേരം കിടന്നു. കൂടെയുള്ള സുഹൃത്ത് സായാഹ്നത്തിൽ ബദരിക്ഷേത്രത്തിൽ പോയി ദർശനം നടത്താനായി ഇറങ്ങി, അല്പനേരം കൂടി ഉറങ്ങിയ ശേഷം എന്നാൽ പിന്നെ അവിടെയൊന്ന് പോയി നോക്കാനാഗ്രഹം തോന്നി. ഇറങ്ങി നടന്നു. ക്ഷേത്രപരിസരവും ചുടുനീരുറവയിൽ കുളിക്കുന്നവരെയും വിശ്വാസികളേയും കടക്കാരേയും ഭിക്ഷയാചിക്കുന്നവരേയും ധാരാളം സന്യാസിവേഷധാരികളേയും കണ്ടു. ആ പ്രദേശമാകെയൊന്ന് ചുറ്റി നടന്നു. ബദരീക്ഷേത്രത്തിന്റെ പ്രതിഷ്ഠയ്ക്ക് പിന്നിൽ ശങ്കരാചാര്യരാണ്. കേരളത്തിൽ നിന്നുള്ള പുരോഹിതർ അവിടെ റാവൽജിയായി വന്നതുമെല്ലാം അതിന്റെ ഭാഗമായിരിക്കാം. ബദരിയിൽ അങ്ങനെയൊരു ക്ഷേത്രം സൃഷ്ടിക്കപ്പെടുന്നതിന് മുമ്പ് അവിടെ എന്തായിരുന്നു എന്നാലോചിച്ചു. ഗഡ് വാളിന്റെ ശിഖരങ്ങളിലെ മംഗളോയ്ഡ് മുഖച്ഛായയുള്ള മനുഷ്യരോ പഹാഡികളോ ആണ് ആവാസവ്യവസ്ഥയിൽ ഉണ്ടായിരുന്നവർ. ടിബറ്റുമായി ബന്ധമുള്ള ഭോട്യാ ട്രൈബുകളും മറ്റും. ഈ മലമുകളിൽ അവരുടെ രീതികൾക്ക് ചേരുന്ന ആരാധനാലയം ഉണ്ടായിരുന്നോ എന്നറിയില്ല.

ഹിമാലയൻ നിരകളുടെ അറ്റത്തെ ഗ്രാമമാണ് ബദരിയുടെ പരിസരങ്ങൾ. പഹാഡികളോ ടിബറ്റുമായി ബന്ധമുണ്ടായിരുന്ന മംഗളോയ്ഡ് ഗോത്രങ്ങളോ മാത്രമുണ്ടായിരുന്ന ലോകം. ഉണ്ടായിരുന്നുവെങ്കിൽ തന്നെ അവരുടെ ഗോത്രദേവതാ സങ്കൽപം ആയിരിക്കാം ഉണ്ടായിരിക്കുക. അവധൂതരായി ചെമ്മരിയാട്ടിൻ പറ്റങ്ങളുമായി നടന്നിരുന്നവരുടെ ദൈവസങ്കല്പമോ പ്രകൃതിയോടുള്ള ഭീതി കലർന്ന വിശ്വാസരീതികളോ വേറെ ആയിരുന്നിരിക്കാം. അതെല്ലാം ഓർത്ത് അവിടെയെല്ലാം കണ്ട് നടന്നു, ഒരു ധാബയിൽ നിന്ന് ഭക്ഷണം കഴിച്ചു. ക്ഷേത്രാന്തരീക്ഷമെല്ലാം കണ്ട ശേഷം റൊട്ടിയും പച്ചക്കറിയും കഴിച്ച് മുറിയിലേക്ക് മടങ്ങി. മുറ്റത്ത് നിന്നോ മുറിയുടെ ജനാലയിൽ നിന്നോ നോക്കിയാൽ നിലാവിൽ പർവ്വതമുനമ്പ് കാണാമെന്നത് അവിടെയൊരു അപാര സൗന്ദര്യസാധ്യതയായി. പർവ്വതമുനമ്പ് നിലാവുണ്ടെങ്കിൽ ദശിക്കാനാവുമെന്ന് അവിടത്തെ ജീവനക്കാരൻ പറഞ്ഞുതന്നിരുന്നു. ഹിമാലയൻ മഞ്ഞുമലകളുടെ അറ്റത്തെ ഏതോ കൊടുമുടിയുടെ വെള്ളത്തലപ്പ് അല്പം സ്വർണനിറം കലർന്നപോലെ തിളങ്ങുന്നത് നിലാവിൽ അത്യപൂർവ്വമായ കാഴ്ചയായി. ശേഷം ഉറക്കത്തിന് വിട്ടുകൊടുത്തു.

അതിരാവിലെ മാനാ ഗ്രാമത്തിലേക്ക് പോകാനുണ്ട്. അവിടെ അടുത്താണത്. എണീക്കാൻ തോന്നിയിരുന്നില്ല, നല്ല തണുപ്പുണ്ട് ഏതായാലും ഗ്രാമം കണ്ടേ പറ്റൂ. ഏതാണ്ട് രണ്ടര കിലോമീറ്ററോളം മാത്രം ദൂരം. ബദരിയിൽ നിന്ന് നോക്കിയാൽ തന്നെ അകലെ ഗ്രാമം കാണാം. രാവിലെ എണീറ്റ് നടക്കാനിറങ്ങി, തോർത്തെടുത്തു, ബദരിയുടെ മുന്നിലേക്ക് ചെന്നു. അവിടെ സുഹൃത്ത് കുളിക്കാനായി പോയിരുന്നു. അദ്ദേഹത്തിനൊപ്പം ബദരിക്ഷേത്രത്തിനരികെ തപ്തകുണ്ടിൽ ചെന്ന് ചെന്ന് ഒരു ഉഗ്രൻ കുളി പാസാക്കി. തപ്തകുണ്ട് ചുടുനീരുറവയാണ്. വിശ്വാസികൾ ഏറെ പ്രിയപ്പെട്ട ഇടമായി ഇവിടം കരുതുന്നു. സൾഫർ അടക്കമുള്ള രാസപദാർത്ഥങ്ങളുടെ അശം കൂടുതലുള്ളതിനാലാണ് ഈ നീരുറവയുണ്ടായത്. ഹിമാലയൻ മേഖലയിൽ പലയിടത്തും ഇത്തരം നീരുറവകളുണ്ട്. അതിൽ നാലോ അഞ്ചോ നീരുറവകൾ പ്രസിദ്ധവുമാണ്. സിക്കിമിലുമുണ്ട് ഇത്തരം ചൂടുവെള്ളം കല്ലിൻ മുകളിലൂടെ ഒലിച്ചുവരുന്ന ഇടം. ചൈനയിലും മലേഷ്യയിലും ഇന്തോനേഷ്യയിലുമടക്കം പല രാജ്യങ്ങളിലും ഇത്തരം ചുടുനീരുറവകളുണ്ട്. തണുപ്പിൽ നല്ല സുഖമായി ചൂടുവെള്ളത്തിലുള്ള കുളി പാസാക്കാനായതിൽ സന്തോഷം തോന്നി. ശേഷം മുറിയിലെത്തി ഡ്രസ് മാറ്റി, നേരെ മാനാ ഗ്രാമത്തിലേക്ക് നടപ്പ്.

റോങ്പാകൾ എന്നോ ഭോട്യാകൾ എന്നോ വിളിക്കാവുന്ന മനുഷ്യരുള്ള ലോകം കൂടിയാണ് മാനാ ഗ്രാമം. ജോഷിമഠ് സബ് ഡിവിഷനിലാണ് ഈ പ്രദേശം. പ്രസിദ്ധമായ വസുധാര ജലപാതവും മറ്റൊരു ജലസ്രോതസ്സിന് മുകളിലെ ഭീംപൂൽ എന്ന ഒരു നീളൻ കരിങ്കൽപാലവും വ്യാസഗുഹവുമെല്ലാം മാനാ ഗ്രാമത്തിലെ കീർത്തികേട്ട കാഴ്ചകളാണ്. ഭീംപൂലിന് താഴത്തെ നിറഞ്ഞ പാറക്കെട്ടുകൾക്കടയിലെ ജലസാന്നിധ്യത്തെ സരസ്വതിനദീയെന്നാണ് പറയപ്പെടുന്നത്. അപൂർവ്വമായി മാത്രം സരസ്വതിയെ ദർശിക്കാവുന്ന ഇടങ്ങളിലൊന്നായി അവിടത്തെ ഒച്ചയുള്ള കുത്തൊഴുക്കിനെ വിശ്വാസികൾ കരുതുന്നു. അവിടേക്ക് പോകുംമുമ്പുള്ള എതിർദിശയിലൂടെ കേറിപ്പോയാലാണ് വ്യാസഗുഹയും മറ്റും. അജ്ഞാതവാസക്കാലത്ത് ദ്രൗപതിയ്ക്ക് നദി കടക്കാൻ വേണ്ടി സഹായത്തിന്, സരസ്വതിനദിയ്ക്ക് കുറുകെ ഭീമൻ ഒരു കൂറ്റൻ പാറക്കഷ്ണമിട്ട് വഴിയുണ്ടാക്കിയെന്നാണ് വിശ്വാസം. അങ്ങനെയാണത്രെ ഭീംപൂൽ എന്ന പേര് വന്നത്. ഭീംപുല എന്ന് ഹിന്ദിയിൽ. സ്വർഗാരോഹിണിയ്ക്കുള്ള പാതയായി ആണ് ഈ വഴിയെക്കുറിച്ചുള്ള കേട്ടുകേൾവിയും വിശ്വാസവും. ഭീംപൂലെന്ന ഭീമന്റെ പേരിലുള്ള കല്ലുപാലം പിന്നിട്ടാൽ വസുധാരയെന്നൊരു ജലപാതയിലേക്ക് നടക്കാനുള്ള വഴിയായി. ഏതാണ്ട് അഞ്ചു കിലോമീറ്റർ കൂടി മാനായിൽ നിന്ന് മലമുകളിലേക്കുള്ള കല്ലും മണ്ണും നിറഞ്ഞ വഴി പിന്നിട്ടാൽ വസുധാര ജലപാതത്തിന്റെ മനോഹര കാഴ്ചയായി. പക്ഷേ നടപ്പ് ദുർഘടമായ പാതയാണ്.

ഭീംഫുലിനരികിലെ ഒരു ഗുഹയിൽ രണ്ട് സന്യാസികൾ ഇരുന്ന് പുകയ്ക്കുന്നത് കണ്ടു. ദേവദാരു വൃക്ഷത്തിന്റെ കാൽഭാഗം ഏതാണ്ട് അതേപടി ഗുഹയ്ക്ക് മുന്നിലിട്ട് ഒരു വശം കത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. മൂന്ന് നാല് ആഴ്ചത്തേക്ക് തണുപ്പില്ലാതാക്കാനുള്ള തീ ആ മരത്തിന് മേലിൽ നിന്ന് അവര് ഉരിഞ്ഞെടുക്കുമെന്ന് ഉറപ്പ്. അത്രമേൽ വലിയൊരു മരക്കഷ്ണമിട്ടാണ് കഞ്ചാവും വലിച്ച് മേലാകെ ഭസ്മം പൂശിയ ആ ജഢാധാരിയായ രണ്ടുപേരുടെ ഇരിപ്പ്. അതിലൊരാൾ ചെറുപ്പമാണ്. അയാളുടെ ഫോട്ടോ എടുക്കാൻ നോക്കിയപ്പോൾ തൃപ്തിയില്ലാത്ത ഒരു നോട്ടം നേരെ വന്നു തറച്ചു. വ്യാസഗുഹയിലേക്കാണ് ആദ്യം പോയത്. വ്യാസൻ മഹാഭാരതമെഴുതിയ ഇടമെന്നാണ് ഗുഹയുടെ സമീപത്ത് എഴുതിവെച്ചിട്ടുള്ളത്. ഗണേശഗുഹയെന്നൊരു സ്ഥലവും അവിടെയുണ്ട്. മറ്റൊരു പ്രധാന കാഴ്ച്ച അവസാനത്തെ ചായക്കട എന്നെഴുതിയ കടയാണ്. അതിന് മുന്നിലെ ഫോട്ടോയെടുപ്പ് സഞ്ചാരികളുടെ പ്രധാന പരിപാടിയിൽ വരുന്നതാണ്. ചായ കുടിച്ചില്ലെങ്കിലും പടമെടുപ്പ് ഉറപ്പാണവിടെ. കടയുടെ മുന്നിലിരുന്ന് പടമെടുക്കുന്നവരുടെ നല്ല തിരക്കുണ്ട് അന്നും.

ഭൂപീന്ദർ സിങ് തക്കോല എന്നാണ് ചായക്കടക്കാരന്റെ പേര്. അവിടത്തെ ഗോത്രക്കാരനല്ല. താഴെ ജോഷിമഠിലാണ് അയാളുടെ വീട്. ആറുമാസം കട പൂട്ടി താഴെ പോയി വീട്ടിൽ കഴിയും. ആറ് മാസം കച്ചവടമായി ഇവിടെയും. അയാളെ കണ്ട് സംസാരിച്ചു, ചായ കുടിച്ചു. കുറച്ചുനേരം അവിടെ നിന്നു. ഇന്ത്യയുടെ അറ്റത്തെ ചായക്കടക്കാരന്റെ മകൻ പഠിക്കുന്നത് കോഴിക്കോടായിരുന്നു എന്നയാൾ പറഞ്ഞു, അന്ന്. കടലുള്ള കോഴിക്കോട്ട് പഠിക്കുന്നത് കടല് കാണാനാകാത്ത ബദരിയിലെ ഗ്രാമത്തിലെ ചായക്കടക്കാരന്റെ മകനാണ് എന്ന് കേട്ടപ്പോ തോന്നിയ കൗതുകത്തിന് അയാളുടെ വിവരങ്ങൾ എഴുതിയെടുത്തു. അങ്ങനെ അയാളുടെ കഥയെഴുതി അവസാനത്തെ ചായക്കടക്കാരന്റെ ജീവിതമാക്കി ഫീച്ചറാക്കി. അവസാനത്തെ കടയെന്ന് പിന്നീട് വേറെയും ബോർഡുകളുണ്ടായി എന്ന് പിന്നീട് ഏറെക്കഴിഞ്ഞ് അവിടെ പോയ മറ്റൊരു സുഹൃത്ത് പറഞ്ഞറിഞ്ഞു. പാലത്തിനപ്പുറവും ഇപ്പുറവും ഈ ബോര്ഡ് വെച്ച് സ്വയം അവകാശപ്പെട്ട ചില പെട്ടിക്കട വന്നുവെന്നും. ഇംഗ്ലീഷിൽ ഗ്രാമത്തിന് പേര് എഴുതുന്നത് മനായെന്നാണ് ഹിന്ദിയിൽ മാനാ എന്നും. മാനാ എന്നതാണ് ശരിയായ ഉച്ചാരണം. മാനാഗ്രാമത്തിലേക്ക് സ്വാഗതം എന്ന് ഹിന്ദിയിലും ഇംഗ്ലീഷിലും ബോർഡുണ്ട്.

വ്യാസഗുഹയും പരിസരവും പെട്ടെന്ന് കണ്ടുതീർത്ത്, വസുധാര വഴി അല്പം നടന്നു. മാനാ ഗ്രാമത്തിലുള്ളവർ തുന്നലിലും കൃഷിപ്പണിയിലും വ്യാപൃതരായിരുന്നു. മൈൻഡ് ചെയ്യാൻ സമയമില്ല പക്ഷേ ചിരിക്കും എല്ലാവരോടും. ആറുമാസം സഞ്ചാരികൾക്ക് ഇടമുള്ള ഇവിടെ സഞ്ചാരികളോട് സംസാരിക്കാനിരുന്നാൽ സൗകര്യത്തിന് പണി നടക്കില്ലെന്ന് ഇവിടത്തെ ഗോത്രക്കാർക്ക് അറിയാം. അവർ പച്ചക്കറി വിളപ്പെടുപ്പും തണുപ്പുവസ്ത്രങ്ങൾ നെയ്യലും ചെമ്മരിയാട്ടിൻ പറ്റങ്ങളുമായി മലമ്പ്രദേശങ്ങൾ താണ്ടി അലയുകയും ചെയ്ത് ജീവിക്കുന്നു. തുന്നിയത് വിൽക്കാൻ വെച്ചവരുമുണ്ട് അവിടെ. താഴെയുള്ള പ്രദേശങ്ങളിൽ നിന്നുള്ളവരും സീസണിൽ കച്ചവടവും മറ്റുമായി ഈ പരിസരങ്ങളിലുണ്ട്. കച്ചവടക്കാർ മിക്കവരും യു.പിക്കാരോ ഹിമാചലുകാരോ ഹരിദ്വാറിനപ്പുറം സമുദ്രനിരപ്പിൽ നിന്നുള്ള മനുഷ്യരോ ഒക്കെയാണ്, അവരവിടെ താൽക്കാലികമായി മാത്രം ജീവിക്കുന്നു. ഭോട്യാകൾ അവരുടെ ജന്മദേശത്തിന്റെ എല്ലാ കാലാവസ്ഥാ കെടുതികളും അനുഭവിച്ച്, അതിജീവിക്കാൻ ശ്രമിച്ച് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നു.

റൊങ്പാകൾ എന്നും ഭോട്യാകൾ എന്നുമാണ് ഇവിടത്തെ ഗോത്രക്കാരെ വിളിക്കുന്നത്. സ്വയം പരിചയപ്പെടുത്തുന്നത് റൊങ്പാകൾ എന്നാണ്. ടിബറ്റനും ലിപിയില്ലാത്ത ചില ഗഡ് വാൾ പ്രാദേശിക ഭാഷകളുമാണ് ഇവർ ആശയവിനിമയത്തിന് ഉപയോഗിക്കുന്നത്. പല ഗോത്രങ്ങൾക്കും അവരുടെ ഉച്ചാരണങ്ങളുണ്ട്. പുതിയ തലമുറയിലെ മിക്കവർക്കും ഹിന്ദി വശമുണ്ട്. പലരും മലയിറങ്ങി പഠിക്കാനായി മറ്റ് ദേശങ്ങളിലേക്ക് പോകുന്നു. ടിബറ്റൻ രീതികൾ ജനിതകപരമായി പേറുന്നവരായതുകൊണ്ടാകാം റൊങ്‌പോകൾ എന്ന പേര്. താഴ് വരയുടെ സന്തതികൾ എന്ന അർത്ഥത്തിലാണത്. ഈ പേര് വന്നതിനെക്കുറിച്ച് ഇതുമായി ബന്ധപ്പെട്ട ചില പി.എച്ച്.ഡി പഠനങ്ങളുടെ രേഖകളിൽ അങ്ങനെയാണ് എഴുതി കണ്ടത്. മാനാ ഗ്രാമം സമുദ്രനിരപ്പിൽ നിന്ന് 3134 മീറ്ററോളം ഉയരത്തിലാണുള്ളത്. 10,500 അടിയോളം ഉയരം. ജോഷിമഠിൽ നിന്ന് 50 കിലോമീറ്ററാണ് ഇവിടേക്ക് ദൂരം. മാനായിൽ നിന്ന് ടിബറ്റൻ അതിർത്തിയിലേക്ക് 26 കിലോമീറ്റർ ദൂരം.

ഇന്ത്യയിലെ അവസാനത്തെ ഗ്രാമമെന്നാണ് സർക്കാർ രേഖകൾ പ്രകാരം ഇവിടം അറിയപ്പെടുന്നത്. ഇന്ത്യയിലെ അവസാനത്തെ ഗ്രാമമെന്ന ബോർഡും കവാടവും സ്ഥാപിച്ചത് കണ്ടു. അതിന് മുന്നിൽ പടമെടുപ്പുകാരുടെ ലഹളയാണ്. റോങ്പാ എന്നത് മംഗളോയ്ഡ് മുഖച്ഛായയുള്ള ഗോത്രക്കാരെ പൊതുവേ വിളിക്കുന്നതാണ്. ടിബറ്റൻ-ഇന്ത്യൻ ഇടകലർന്ന ജീവിതരീതികളുള്ള ഗോത്രങ്ങളാണ് ഇവിടെ താമസിക്കുന്നത്. കൂടുതലും ടിബറ്റൻ രീതികളാണ് ഇവരുടേത്. പഹാഡികൾ എന്നും ഗഢ് വാളികളെന്നുമാണ് മറ്റുള്ളവരെ വിളിക്കുന്നത്. ചില മേഖലകളിൽ ധുരിയാൽ ലോഗ് എന്നും വിളിക്കും. ധുരിയാൽ എന്നത് ഒരു സമുദായപ്പേരാണ്. പഹാഡി ആലു എന്ന പേരിലുള്ള ഉരുളക്കിഴങ്ങ് ഇവിടെ നിന്നാണ് വരുന്നത്. ഇത് ഏറെ പേരുകേട്ടതാണ്. പഹാഡി ആലു കൃഷിയും ബീൻസും കോളിഫ്‌ളവറും ഇവിടെ വലിയ രീതിയിൽ കൃഷി ചെയ്യുന്നു. മാനാ വാലിയുടെ കിഴക്ക് നിതി ഗ്രാമമടക്കം മറ്റ് ചില പ്രദേശങ്ങൾ കൂടിയുണ്ട്. ഭോട്യാകൾ ധാരാളമുള്ള ഇടമാണത്. നിതിയും മാനായിലുമുള്ള മനുഷ്യരെല്ലാം ആറുമാസത്തോളം താഴേയുള്ള പ്രദേശങ്ങളിലാണ് വാസം. ഉത്തരാഖണ്ഠ് സർക്കാരിന്റെ ലിസ്റ്റനുസരിച്ച് ഭോട്യാ ട്രൈബുകൾ പട്ടിക വർഗ വിഭാഗത്തിലാണ് ഉൾപ്പെടുന്നത്.

ഇന്ത്യയിലെ അവസാനത്തെ ഗ്രാമമെന്നാണ് സർക്കാർ രേഖകൾ പ്രകാരം ഇവിടം അറിയപ്പെടുന്നത്. ഇന്ത്യയിലെ അവസാനത്തെ ഗ്രാമമെന്ന ബോർഡും കവാടവും സ്ഥാപിച്ചത് കണ്ടു.

റോങ്പാകൾ മംഗളോയ്ഡ് വംശത്തിന്റെ നവവംശപരമായ പ്രത്യേകതകളുള്ള ടിബറ്റൻ മേഖലയിൽ നിന്ന് ഗഡ് വാളിനോട് ചേർന്ന് താമസമുറപ്പിച്ച മനുഷ്യരാണെന്നും. ഭോട്യാകൾ എന്നാണ് ഇവരെ പൊതുവായി പറയുന്നതെന്നും വായിച്ചിട്ടുണ്ട്. ഭോട്യോ എന്നത് മൊത്തത്തിലുള്ള വിളിയാണ്. അതിൽ തന്നെ പല ഉപഗോത്രങ്ങളാണ് മറ്റുള്ളവർ. ഇവരുടെ വസ്ത്രവും ഭക്ഷണവും ഉൾപ്പെടെ ടിബറ്റൻ രീതിയിലാണ്. സ്ത്രീകൾ തല തുണി കൊണ്ട് മറച്ചുകെട്ടി നീളൻ ലുങ്കിയും ഇറക്കവുമുള്ള കയ്യുള്ള ബ്ലൗസും വെള്ള വലിയ, തടിച്ച രൂപമുള്ള വെള്ള നങ്ചാ വളകളുമൊക്കെ ഇടുന്നു. ടിബറ്റൻ ബുദ്ധിസത്തിന്റെ ശൈലിയിലുള്ള മാലകളുപയോഗിക്കുന്നു. പക്ഷേ ഭൂരിപക്ഷം പേരും ഇന്ത്യൻ രീതികൾ തുടരുന്ന ഹിന്ദുക്കളാണ്. കാൽഭാഗത്തോളമാണ് ബുദ്ധമതക്കാരായി ഉള്ളത്. ഹിന്ദു-പട്ടികവർഗ വിഭാഗമായാണ് ഭോട്യാകൾ പരിഗണിക്കപ്പെടുന്നത്. ബുദ്ധമതവിശ്വാസികളുമുണ്ടെന്ന് മാത്രം. ടിബറ്റിന്റേയും ഹിമാലയൻ താഴ്വരയിലെ ഇന്ത്യൻ രീതികളും ഒരുപോലെ പരിചയമുള്ളവരാണ്.

പണ്ട്, സിൽക്ക് റൂട്ടിന്റെ വഴികളിലൂടെയും മാനാ പാസിലൂടെയും നിതി പാസ് വഴി ടിബറ്റുമായി കച്ചവടബന്ധമുണ്ടായിരുന്നവരാണ് റോങ്പാകൾ. ചെമ്മരിയാടിൻ രോമം കൊണ്ടുള്ള സിൽക്ക് വസ്ത്രങ്ങളും തണുപ്പിനെ ചെറുക്കുന്ന തുന്നൽ വസ്ത്രങ്ങളും പച്ചക്കറികളും ആട്ടുമാംസവും പാലും പലതരം പഴങ്ങളും മറ്റും ഇവർ പരസ്പരം കച്ചവടം ചെയ്തും വിനിമയും ചെയ്തും ജീവിച്ചു തലമുറകളോളം. ഇന്ത്യ-ചൈന അതിർത്തി സംഘർഷങ്ങൾ മൂർച്ഛിച്ചതോടെ അതില്ലാതായി. ചൈനയുമായുള്ള യുദ്ധത്തിന് ശേഷം നേരിട്ടുള്ള കച്ചവടവും മറ്റ് വിനിമയം ബന്ധവും ടിബറ്റ് മേഖലയുമായി പൂർണമായും ഇല്ലാതായി. ഭോട്യാ എന്നതൊരു ടിബറ്റൻ വാക്കാണ്. അവിടെ നിന്ന് വന്നവരുടെ പിന്മുറക്കാരാണ് ഇവിടത്തെ ചില ഗോത്രങ്ങളിലുള്ളവർ. ഭോട്യാകൾ അഞ്ചോ ആറോ ഇടത്തായി ഇന്തോ-ടിബറ്റൻ അതിർത്തി മേഖലകളിലെ മലഗ്രാമങ്ങളിൽ ജീവിക്കുന്നുണ്ട്. മാർച്ഛ, ജൊഹാരി, ധർമി, തോൽച്ഛ, ജാഡ്, ബ്യാൻസി എന്നിങ്ങനെയുള്ള പല ഉപ ഗോത്രങ്ങളായി ഈ ഗ്രാമങ്ങളിൽ വസിക്കുന്നു. മാർച്ഛ ട്രൈബുകളെന്ന് വിളിക്കുന്നവർ മാനാ ഗ്രാമത്തിലുണ്ട്.

കൃഷിയും മൃഗപരിപാലനവും തുണിനെയ്ത്തും തുന്നലുമെല്ലാമാണ് ഈ മേഖലയിലെ എല്ലാതരം താമസക്കാരുടേയും പ്രധാനപ്പെട്ട തൊഴിലുകൾ. എന്നാൽ അടിസ്ഥാനപരമായി റൊങ്പാകൾ ആട്ടിടയരാണ്. അലഞ്ഞുനടക്കുന്നവരാണ്. ആട്ടിൻപറ്റങ്ങളുമായി മലഞ്ചെരിവുകളിൽ ഇടത്താവളങ്ങളൊരുക്കി ജീവിച്ചിരുന്ന നൊമാഡുകളാണ് അവരുടെ മുൻ തലമുറക്കാരെല്ലാം. കാലാവസ്ഥയിലെ അപ്രതീക്ഷിതാവസ്ഥയും മാറിമറിച്ചിലുകളുമാകാം സ്ഥിരം താമസരീതികൾ വേണ്ടെന്നുവെക്കാൻ കാരണം. മാനായുടെ കിഴക്ക് പ്രദേശത്താണ് നിതി താഴ് വരയും നിതി ഗ്രാമവും. 3600 മീറ്റർ ഉയരത്തിലാണ് നിതി ഗ്രാമം. ഭരണപരമായി സബ് ഡിവിഷനായ ജോഷിമഠിൽ നിന്ന് 87 കിലോമീറ്ററുണ്ട് ഇവിടേക്ക്. പലപ്പോഴും ഇവിടേക്ക് യാത്രകൾ തടസ്സപ്പെടാറുമുണ്ട്. നിതി ഗ്രാമത്തിൽ പകൽ സന്ദർശനത്തിന് ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേക അനുമതിപത്രം വേണം. പാസ് ഇല്ലാത്തവർക്ക് നിതി ഗ്രാമത്തിൽ പ്രവേശിക്കാൻ കഴിയില്ല. സന്ദർശനാനുമതി ലഭിച്ചാലും അവിടെ താമസിക്കാൻ അനുമതി ലഭിക്കില്ല. പകൽ സമയം കണ്ടു തിരിച്ചുമടങ്ങാനേ അനുമതി ലഭിക്കൂ. നിതി വാലിയാണ് ഇന്ത്യ-ടിബറ്റ് അതിർത്തിയിലെ അവസാനത്തെ മേഖല. അതുകഴിഞ്ഞാല് നിതി പാസ് എന്ന അതിർത്തിയും പിന്നെ ചൈനയുടെ ഭാഗമായ ടിബറ്റൻ പ്രദേശവുമാണ്.

ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് ചെക്ക് പോസ്റ്റ് പിന്നിട്ടുവേണം നിതി ഗ്രാമം സന്ദർശിക്കുന്നതിന്. ഏതാണ്ട് നിതി ഗ്രാമത്തിന്റെ രണ്ട് കിലോമീറ്റർ മുമ്പാണ് ചെക്ക് പോസ്റ്റ്. ബാക്കിയുള്ള ഒരു ഡസനോളം കൊച്ചുഗ്രാമങ്ങൾ ഈ മേഖലയിലുണ്ട്, അവിടങ്ങൾ സന്ദർശിക്കാൻ പക്ഷേ പ്രത്യേക സർക്കാർ അനുമതി ആവശ്യമില്ല. അടുത്തുള്ള ഇടമായ ഗംഷാലിയിൽ ഇപ്പോഴൊരു ഗസ്റ്റ് ഹൗസുണ്ട്, താമസസൗകര്യം ഇവിടങ്ങളിൽ വളരെ പരിമിതമാണ്. ഗംഷാലിയിൽ പരിമിത സൗകര്യമാണ്. ബദരിയിലോ ജോഷിമഠിലോ പോയി വേണം താമസിക്കാനായിട്ട്. ഹരിദ്വാറില് നിന്ന് 275 കിലോമീറ്ററോ മറ്റോ ആണ് മാനാ ഗ്രാമത്തിലേക്കുള്ള ദൂരം. നിതി വാലി ഏറ്റവും ശക്തമായ മഞ്ഞുവീഴ്ചയുള്ള ഇടമാണ്, ഒട്ടും എത്തിപ്പെടാനാകില്ല. മാനായും സമാനമായ സ്ഥിതി തന്നെ. കനത്ത മഞ്ഞുവീഴ്ചയുണ്ടാവുന്ന ഇടങ്ങളാണ്. ഏതാണ്ട് 5 മാസത്തോളം ഇത് തുടരും. ഈ സമയങ്ങളിൽ മിക്കവരും ജോഷിമഠിന് താഴേയുള്ള പ്രദേശങ്ങളിലുള്ള വീടുകളിലേക്കോ ഇടത്താവളങ്ങളിലേക്കോ വാസസ്ഥാനം മാറ്റുകയാണ് സാധാരണ പതിവ്.

അങ്ങനെ സൾഫർ വെള്ളത്തിലെ കുളിയും ഭീംപുലും അവസാനത്തെ ചായക്കടയും തക്കോലയുടെ ജീവിതവും കേട്ട് റൊങ്‌പോ അമ്മൂമ്മമാരേയും അപ്പൂപ്പൻമാരേയും കണ്ട് ബദരിയിലെ മുറിയിലേക്ക് തിരിച്ച് മടങ്ങി വൈകുന്നേരത്ത് മുമ്പ്. രാവിലെ മടക്കയാത്രയാണ്. ഒരു രാത്രി കൂടി നിലാവിൽ പർവ്വശിഖരം കാണാമല്ലോ എന്നോർത്തപ്പോൾ ആ നടപ്പിലൊരു സന്തോഷം തോന്നി. പിറ്റേന്ന് ബസ് കയറി. ഓരോ വളവും തിരിയുമ്പോ കയറ്റത്തിൽ ഞരങ്ങുമ്പോ വണ്ടിയൊന്ന് കുലുങ്ങുമ്പോ ദൈവത്തെ ഉച്ചത്തിൽ പാർത്ഥിക്കുകയും കൂകി വിളിക്കുകയും അലറുകയും ചെയ്യുന്ന മനുഷ്യർക്കൊപ്പം ഹരിദ്വാറെന്ന താഴ്ചയിലേക്ക് ഇന്ത്യയുടെ അവസാനത്തെ ഗ്രാമവും കണ്ട് മടക്കം.▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


വി. എസ്. സനോജ്

മാധ്യമപ്രവർത്തകൻ, ചലച്ചിത്ര​ പ്രവർത്തകൻ. സനോജ്​ സംവിധാനം​ ചെയ്​ത ‘ബേണിങ്​’ എന്ന ഹിന്ദി ചിത്രം ഗോവ ഉൾപ്പെടെ നിരവധി രാജ്യാന്തര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്​.

Comments