കെന്ദുളിയിലേക്കൊരു ബസ്​ യാത്ര / ചിത്രങ്ങൾ : മണിലാൽ പടവൂർ

ഗോർഭംഗ വഴി കെന്ദുളിയ്ക്ക് ബസ് കേറി വരുന്ന പാട്ടുകൾ

അലഞ്ഞുപാടിയ മറ്റൊരു കാലം പബനുണ്ട്. യാചിച്ചു പാടി നടന്ന കാലം. ബസ്സിലും ട്രെയിനിലും നടന്നും സഞ്ചരിച്ച്, കടത്തിണ്ണയിൽ ഉറങ്ങിയ, ഒരു നൊമാഡിന്റെ എല്ലാ നെെരന്തര്യങ്ങളേയും ആവാഹിച്ചു നടന്നയാൾ.

പൊടിയും പാടവും രാത്രിത്തണുപ്പും വെയിൽ പകലും... കെന്ദുളിയുടെ അന്നത്തെ പ്രകൃതം അതായിരുന്നു. ബോൽപുരിന്റെയും ബീർഭൂമിന്റേയുമെല്ലാം മഞ്ഞുകാല രൂപം. ശാന്തിനികേതനിലേക്ക് വണ്ടി പിടിക്കാൻ സൗത്ത് കൊൽക്കത്തക്കാർക്ക് ഹൗറയേക്കാളും എളുപ്പം സിയാൽഡ സ്റ്റേഷനാണ്. ധാരാളം തീവണ്ടികളുണ്ട്. മൂന്നര മണിക്കൂർ യാത്രയിൽ ബോൽപുരിലെത്താം.
അങ്ങനെ, അതിരാവിലെ പോന്നു. ബോൽപുരിലെത്തിയപ്പോ വിശപ്പ്. ശാന്തിനികേതനിൽ കറക്കവും ഭക്ഷണം കഴിക്കലും ചില സുഹൃത്തുക്കളെ കാണലും. ഉച്ചതിരിയും വരെ അവിടെ നടപ്പും ഇരിപ്പും. താമസിക്കാൻ അടുത്തുതന്നെയുള്ള ആദിത്യപൂരിലേക്ക്. ബാഗ് വെച്ച് വെയിലാറും മുമ്പേ കെന്ദുളി, അതാണ് പരിപാടി. കൂടെയുള്ള, എഴുത്തുകാരനായ സുഹൃത്തു വഴിയാണ് താമസം. കെന്ദുളിയിലേക്ക് ഇടയ്ക്ക് ബസ് കിട്ടും, ബോൽപുരിൽ നിന്ന്. പക്ഷേ ജയദേവ മേളയുടെ സമയത്താണെങ്കിൽ സീറ്റുണ്ടാകില്ല. തീവണ്ടിയിലും ബസ്സിലും പഴങ്ങളും പച്ചക്കറികളും കുട്ടകളിലാക്കി വില്പനയ്ക്ക് പോകുന്നവരും പണിയ്ക്ക് പോകുന്നവരുമുണ്ടാകും മേളയുടെ സമയാണെങ്കിൽ അതിനൊന്നുമല്ലാത്ത അഭൂതപൂർവ്വമായ തിരക്കും. ആദിത്യപുരിൽ നിന്ന് ഭക്ഷണം കഴിച്ച് വിശ്രമിച്ചു. ടാക്സി റെഡി, നേരെ പോകുകയാണ്. വയലും വരണ്ട സമീപത്തെ മൺവഴികളും കൃഷിയിടങ്ങളുമെല്ലാം പിന്നിട്ട് കെന്ദുളിയിലേക്ക് യാത്ര. എത്തുമ്പോൾ വെയിൽ ആറുന്നതേയുള്ളൂ. വലിയ നിര വാഹനങ്ങളുടെ തിരക്കുണ്ട് ഗ്രാമത്തിൽ. ജയദേവ മേളയ്ക്ക് കെന്ദുളി പോകുക വേറൊരു തരം കാഴ്ചയാണ്. ജനമൊഴുകുന്നു. ബസിന് മുകളിലെല്ലാം ആൾക്കൂട്ടം.

ആദിത്യപുർ ഗ്രാമം

ബിർഭൂം ജില്ലയിലാണ് കെന്ദുളിയും ബോൽപുരും സമീപത്തെ സന്താൾ ഗ്രാമങ്ങളും. 38 കി.മീറ്ററോളം ദൂരമുണ്ട് ബോൽപുരിൽ നിന്ന്. ഗീതാഗോവിന്ദം രചിച്ച ജയദേവന്റെ (ബംഗാളിയ്ക്ക് -ജൊയ്ദേബ്) ജന്മദിനമാണ് കെന്ദുളിയ്ക്ക് മേള. ടെറാക്കോട്ടയിൽ പണിത രാധാഗോബിന്ദ് ക്ഷേത്രം ഇവിടെയാണ്. രാമായണകഥാഭാഗങ്ങൾ കൊത്തിയ ചുവരുകളുള്ള ക്ഷേത്രം. അജോയ് നദിയുടെ ഓരത്തെ പരപ്പിനരികിലെ ഗ്രാമാണ് കെന്ദുളി. ബാവുളിൽ അലയാനെത്തുന്നവരുടെ വിഹാര ഭൂമി. നദിയോരമാണ് അവിടത്തെ വയലും. ജനുവരിയോടെ അജോയ് നദി വെള്ളം കുറഞ്ഞ് പൂഴിപ്പരായി തുടങ്ങുന്നു. പൗഷ് മാസത്തിന്റെ അവസാനദിനത്തിൽ നിന്ന് മാഘത്തിന്റെ ആദ്യനാളോടെ മേള തീരും. മകരസംക്രാന്തിയിൽ ഗംഗാത്തടം പുണ്യസ്നാനത്തിന് സാക്ഷിയാകുമ്പോൾ ബീർഭൂമിലെ മൺപാതകളുടെ അറ്റത്തെ ഗ്രാമം പാട്ടിലും പൊടിയിലും ലയിച്ച് പുതിയൊരു വിശുദ്ധി സൃഷ്ടിക്കുന്നു.

ശാന്തിനികേതനിലെ പൗഷ് മേളയും നാദിയായിലെ ഫക്കീർ ഉത്സവുമെല്ലാം പേരുകേട്ടവ തന്നെ. നൊമാഡുകളായ ബാവുളുകളുടെ തഞ്ചാവൂരാണ് ഗോർഭംഗ ഗ്രാമം. നാദിയായിലെ പാട്ടുത്സവം അവിടെയാണ്. ബംഗാളിൽ നിന്നും ബംഗ്ലാദേശിൽ നിന്നും ഗായകരെത്തും. നാദിയയുടെ ഒരറ്റം അതിർത്തി പങ്കിടുന്നത് ബംഗ്ലാദേശുമായാണ്. രണ്ടിനുമിടയിൽ പത്മാനദി. നാദിയയിൽ നിന്ന് ബസ്സിലോ തീവണ്ടിയിലോ കിട്ടുന്ന വണ്ടികളിലോ കേറി വറ്റാത്ത പാട്ടുകളുമായി കെന്ദുളിയിലേക്ക് ബാവുൾ ഗായകരെത്തുന്നു. ബോൽപുരിൽ ലോഡ്ജുകൾ നിറയും. മുറി കിട്ടാതെ വരും. തീവണ്ടി സ്റ്റേഷനിലും കുടി- കിടപ്പുകാരുടെ എണ്ണം കൂടും. തിക്കിത്തിരക്കി നടക്കാം, പാട്ടും കേട്ടുള്ള ഒഴുക്കാണത്. കണ്ണ് തെറ്റിയാൽ കൂട്ടം തെറ്റും. മൺപൊടി നിറഞ്ഞ സന്താൾ ഗ്രാമങ്ങളിലേക്ക് ബസിന്റെ മുകളിലിരുന്ന്​പോകേണ്ടിവരും. പാടത്തോ അജോയ് നദിക്കരയിലെ പൂഴിയിലോ കിടന്നുറങ്ങേണ്ടിയും. തുണിപ്പന്തലുകളുണ്ട്. ചിലത് ഗായകർക്കുള്ളതാണ്, അവർക്കൊപ്പം കേറിക്കൂടാം എന്ന വന്യമായ സാധ്യതയുമുണ്ട്. ജനുവരിയിലെ കൊടുംതണുപ്പിലാണ് അജോയ് നദിയുടെ കരയിലെ മൂന്നുരാവ് പിന്നിടുന്ന ആഘോഷം. ബാവുൾ സംഗീതത്തിന്റെ കുംഭമേള.

മുസ്​ലിം സൂഫികളും ഹിന്ദുക്കളായി ജനിച്ച അവധൂതരും ഒത്തുചേർന്നു പാടുന്ന കാ​ഴ്ച. പാട്ടുമായി അലയുന്ന കലോപാസകരുടെ വിവേചനങ്ങളില്ലാത്ത ലോകം. എല്ലാറ്റിനും ഒരു ആശ്രയസ്ഥാനം- പാട്ട്.

വൈകുന്നേരത്തോടെ കെന്ദുളി എത്തി, കിലോമീറ്ററുകൾക്കപ്പുറം വണ്ടി നിർത്തി നടക്കേണ്ടിവന്നു. ബസിനുമുകളിലിരുന്ന് ഒരുപാട് മനുഷ്യർ നിറഞ്ഞുകവിഞ്ഞ് തൂങ്ങി ഓരോ ഗ്രാമമായി വരുന്നു. പൊടിയുടെ ആർഭാടലോകം. വയലും പുഴയുടെ വരണ്ട പൂഴിപ്പരപ്പും. വിശാലമായി കിടക്കുന്നു. കെന്ദുളിയിലേക്ക് പൊതുവേ വണ്ടി കിട്ടാൻ ബുദ്ധിമുട്ടുണ്ട്. ഈ ദിനങ്ങളിലല്ലെങ്കിൽ ബസ്​ അല്ലാതെ വണ്ടി കാണുക അപൂർവ്വമായിരിക്കും ഗ്രാമത്തിൽ. പഴയൊരു സ്ഥലം. എല്ലായിടത്തും തിരക്ക്. ജനം നദി പോലെ ഒഴുകുന്നുണ്ട്. പൊടി കൊണ്ട് ഹോളി കുളിച്ച പ്രതീതി. വിശ്വാസത്തിന്റേയും കൂടി ഭാഗവുമാണല്ലോ അവരുടെ ആഭിർ ഖേലോ. മുസ്​ലിം സൂഫികളും ഹിന്ദുക്കളായി ജനിച്ച അവധൂതരും ഒത്തുചേർന്നു പാടുന്ന കാ​ഴ്ച. പാട്ടുമായി അലയുന്ന കലോപാസകരുടെ വിവേചനങ്ങളില്ലാത്ത ലോകം. എല്ലാറ്റിനും ഒരു ആശ്രയസ്ഥാനം- പാട്ട്. ബംഗാളിന്റെ ഓരോ മുക്കിലും മൂലയിലും നിന്നുമുള്ള ഗായകർ വികാരവിക്ഷോഭത്താൽ തൊണ്ടയിടറി, കണ്ണിൽ വെള്ളം നിറഞ്ഞ്, ഗഞ്ചാ പുകയെടുത്തും അല്ലാതെയും ഏക്താരയുമായി ഉച്ഛസ്ഥായിയിൽ ഉലഞ്ഞുപാടുന്നു. നദിയിൽ കുളിച്ച്, ഭക്ഷണമുണ്ടാക്കി പാട്ടു സംഘങ്ങളുടെ അഖാഢകൾ കണ്ട് പുകയിലേക്ക് കഞ്ചാവ് തെറുത്തിട്ട് പുകച്ചും വലിച്ചും കുടിച്ചും പാടി ലയിച്ചും പൊടിയിൽ മുങ്ങി തിരിച്ചുമടങ്ങുന്നു.

സന്താൾ ഗോത്രക്കാരുടെ നൃത്താഘോഷം

യാത്രയുടെ അനിശ്ചിതാവസ്ഥകളും ദൂരെ പോകാനുണ്ടായ മടിയുമെല്ലാം അവിടെ ചെന്നപ്പോൾ ഇല്ലാതായി. മഞ്ഞും ശബ്ദഘോഷവും നിറഞ്ഞ സംഗീതരാത്രിയിലേക്ക് എല്ലാവരും ലയിക്കുന്നു. ചെറിയ സ്റ്റാളുകൾ നൂറുകണക്കിന്. മുട്ട പുഴുങ്ങി നടുഭാഗം നൂല് കൊണ്ട് മുറിച്ച് അതിലേക്ക് പച്ചമുളകും സവോള അരിഞ്ഞതും പുതിനയും ഇത്തിരി കുരുമുളക് പൊടിയും മസാലയും ചേർത്ത് കടലാസിൽ പൊതിഞ്ഞ് തരും. കഴിക്കാൻ തിരക്കുണ്ട്. ലാല് ഛായ് എന്ന് വിളിച്ച് ചായ് വാലകളെ കണ്ടു. കട്ടനിൽ നാരങ്ങ പിഴിഞ്ഞതും മസാലയുമിട്ട ലെബുഛാ- കുടിക്കാൻ തിരക്കുണ്ട്. ചെറിയ കളിപ്പാട്ട കടകൾ, കളിമണ്ണ് കൊണ്ടുള്ള പ്രതിമയുണ്ടാക്കി വിൽക്കുന്നവർ, കപ്പലണ്ടി തൊണ്ടോടെ വറുത്തു തരുന്ന ഉന്തുവണ്ടികൾ. കുപ്പിവെള്ളം ബക്കറ്റിൽ കുത്തിനിറച്ച് വിൽക്കുന്ന പയ്യന്മാർ, കഛോരിയും തട്കയും മഡ്ക ചായയുമുള്ള സ്റ്റാളുകൾ, ബംഗാളി ശൈലിയിലുള്ള ചോറും കറികളുമെല്ലാം പൊടിബഹളത്തിനിടെ തുറന്നുവെച്ച കടകൾ. ആഹ്ലാദത്തിന്റേയും ലഹരിയുടേയും ലോകത്ത് പൊടിയ്ക്ക് സ്ഥാനമില്ല. കിട്ടുന്നത് കഴിക്കുക, വെള്ളം നന്നായി കുടിക്കുക, ബാവുൾ ശ്രവിക്കുക, സംഗീതത്തിന്റെ ഉന്മാദിയാവുക അത്രയേ കെന്ദുളിയിൽ ചെയ്യാനുള്ളൂ. നടപ്പിന്റെ ക്ഷീണം അറിയാതെ അലച്ചിലിന് ഞങ്ങളും തയ്യാറെടുത്തു. ബോല്പുരിൽ നിന്ന് മേടിച്ച തീത്തൈലം, ആദിത്യപൂരിലെ സാരഥിയായ പയ്യൻ വെള്ളം തന്നു മിക്സ് ചെയ്തു. നടപ്പ് തുടർന്നു.

ആദിത്യപുർ ഗ്രാമം

അന്വേഷിച്ചയാളെ കണ്ടെത്തി. ബാവുളിന്റെ പുതിയ ശബ്ദം. നിരവധി വേദികളിൽ ഏക്​താരയുമായി പാട്ടുപാടി പേരെടുത്ത ഗായകൻ. സ്റ്റേജിൽ നിന്ന് പുറകിലേക്ക് അദ്ദേഹം ഇറങ്ങിവന്നു, തൊഴുകയ്യോടെ അഭിവാദ്യം ചെയ്ത് പാട്ട് കേൾക്കാനായി ഇരിക്കാനഭ്യർത്ഥിച്ചു- ലഖൻദാസ് ബാവുൾ.

ഒരു ബാവുൾ ഗായകനെ തപ്പിയാണ് നടപ്പ്.
ചില പന്തലുകളിൽ കേറിയിറങ്ങി അവിടെയാകെ നടന്നു. പാർവ്വതി ബാവുളിന്റെ സുഹൃത്തായ അയാളെ കാണുകയാണ് ലക്ഷ്യം. പല വേദികളിൽ ഗായകർ പാടി ഇരമ്പുന്നു. സർക്കാർ ഒരുക്കിയ പന്തലുണ്ട്. പക്ഷേ പേരെടുത്ത പലരും അവരവരുടെ പന്തലിലാണ് പാടുക, അത് കാണാനാണ് ഏറ്റവും തിരക്കും. അന്വേഷിച്ചയാളെ കണ്ടെത്തി. ബാവുളിന്റെ പുതിയ ശബ്ദം. നിരവധി വേദികളിൽ ഏക്​താരയുമായി പാട്ടുപാടി പേരെടുത്ത ഗായകൻ. സ്റ്റേജിൽ നിന്ന് പുറകിലേക്ക് അദ്ദേഹം ഇറങ്ങിവന്നു, തൊഴുകയ്യോടെ അഭിവാദ്യം ചെയ്ത് പാട്ട് കേൾക്കാനായി ഇരിക്കാനഭ്യർത്ഥിച്ചു. ലഖൻദാസ് ബാവുൾ. അമേരിക്കയടക്കം നിരവധി രാജ്യങ്ങളിലെ അന്താരാഷ്ട്ര സംഗീതവേദികൾക്ക് പരിചിതനായ ഗായകൻ. ലഖൻദാസിന്റെ പാട്ടിൽ ലയിച്ച് പ്ലാസ്റ്റിക് ചാക്ക് വിരിച്ച പന്തലിൽ ഇരുന്നു. അട്ടിയിട്ട പോലെ മനുഷ്യർ ഇരുന്ന് പാട്ട് കേൾക്കുന്നു. ചിലർ മയങ്ങുന്നുണ്ട്, മറ്റുചിലർ ആരവത്തിലാണ്. തീ കൂട്ടി പുറത്തിരിപ്പുണ്ട്. പുകയിലയിൽ കഞ്ചാവ് തെറുത്ത ബീഡി വലിക്കുന്നു. മരക്കഷ്ണങ്ങൾ മുന്നിലിട്ട് തീ കൂട്ടുന്നു. കുറെയധികം നേരം ആ ഇരിപ്പ് തുടർന്നു. ലഖന്റെ പാട്ടുകേട്ട് മറ്റൊരാൾ ആൾക്കൂട്ടത്തിലുണ്ട്. കസേരയിലാണ് അയാൾ ഇരിക്കുന്നുണ്ട്. ലഖൻ അയാളെ വേദിയിലേക്ക് ക്ഷണിച്ചു. പബൻദാസ് ബാവുൾ എണീറ്റു.

ആളുകൾ ഹർഷാരവം മുഴക്കി. ഒരു വെള്ള കാർ നിർത്തിയിട്ടിരിക്കുന്നു വേദിയുടെ സമീപത്ത്. വാഹനങ്ങൾ കടത്തിവിടാത്ത ഇടത്ത് പബനു വേണ്ടി ചെയ്തുകൊടുത്തതാവാം. വേദിയ്ക്കരികെ മിംലു സെന്നിരിപ്പുണ്ട്.
അലഞ്ഞുപാടിയ മറ്റൊരു കാലം അയാൾക്കുണ്ട്. യാചിച്ചു പാടി നടന്ന കാലം. ബസിലും ട്രെയിനിലും നടന്നും സഞ്ചരിച്ച്, കടത്തിണ്ണയിൽ ഉറങ്ങിയ, ഒരു നൊമാഡിന്റെ എല്ലാ നെെരന്തര്യങ്ങളേയും ആവാഹിച്ചു നടന്നയാൾ. ലോകത്തിന് ഏറ്റവും പ്രിയപ്പെട്ട ബാവുൾ ഗായകനാണിന്ന്. മിംലു സെൻ എന്ന സ്ത്രീയുടെ സഹനവുമുണ്ട് ഉയർച്ചയ്ക്ക് പിന്നിൽ.

ഒരു ബാവുൾ ഗായക സദസ്സ്​

‘ഹണി ഗേതേഴ്സി’ൽ അലച്ചിലുകളുടെ അശാന്തകാലത്തെക്കുറിച്ച് അവർ എഴുതി. ഏക്​താര മീട്ടിത്തുടങ്ങി. മൈക്ക് ശരിയാക്കി. കള്ളിത്തുണി കൊണ്ടൊരു നീളൻ കുർത്ത, ഗംച്ഛ (മേൽമുണ്ടു പോലെ വലിയ ഷാൾ) എന്തിലും ബാവുൾ ശൈലി. തുണികൾ വെട്ടി ചതുരത്തിലും ത്രികോണത്തിലും തുന്നിച്ചേർത്തതാണത്. പല കളറുകൾ, സഞ്ചിയോ ജുബ്ബയോ എന്ന് സംശയിക്കാവുന്ന പോലൊരു തുണി. പബൻ പാടിത്തുടങ്ങി. ജനം തിക്കിത്തിരക്കി. ഇടയ്ക്ക് സൗണ്ട് സിസ്റ്റത്തിന് ചില തകരാറുണ്ടായി. അയാൾ അസ്വസ്ഥനായി ഒച്ചവെച്ചു. മിംലു ശാന്തനാകാൻ കൈകൊണ്ട് ആംഗ്യം കാണിക്കുന്നു. കണ്ണടച്ച് ആകാശത്തിന് അഭിമുഖമായി നിലാവിനേയും ചന്ദ്രനെയും സാക്ഷിയാക്കി പിന്നെയും ബാവുളിന്റെ ദൈവം പാടി. സമയം കടന്നുപോയി. ഒടുവിൽ പബൻ പിന്മാറി, പഴയതുപോലെയല്ല, പ്രായം കൂടിവരുന്നു. പാട്ട് മതിയാക്കി, തിരികെ പോകുകയാണ്. പലരും ചേർന്ന് യാത്രയാക്കുന്നു.

കുടിലിന്റെ തറഭാഗത്ത് കമ്പിളി വിരിച്ച് അതിലിരുന്നു എല്ലാവരും. ഏക്താര മീട്ടി യുവാക്കളുടെ സംഘം പാടി. നേരം പുലരും വരെ. തണുപ്പിന്റെ അസ്വസ്ഥത അറിഞ്ഞില്ല.

മറ്റ് ഗായകർ വേദി ഏറ്റെടുത്തുകഴിഞ്ഞിരിക്കുന്നു. ബാവുൾ ലഹരിയിൽ ജനം ലയിച്ചിരിക്കുന്നു. ധാരാളം വിദേശികൾ ജൊയ്ദേബ് മേളയ്ക്ക് എത്തുന്ന പതിവുണ്ട്. ലോകത്തിന്റെ പല കോണിൽ നിന്നുള്ളവർ. ടഗോറിന്റെ വിദേശയാത്രകളിൽ കെന്ദുളിയെ പരിചയപ്പെടുത്തിയെന്നും അദ്ദേഹം കെന്ദുളി സന്ദർശിച്ചതോടെയാണ് മേളയ്ക്ക് വിശ്വഖ്യാതി നേടിയെന്നും വായിച്ചിട്ടുണ്ട്. നേരം പാതിര പിന്നിടുന്നു. ആദിത്യപുരിലേക്ക് തിരികെ പോരാൻ തീരുമാനിച്ചു. പോരുംവഴി മറ്റൊരു കാഴ്ചയും കണ്ടു. സന്താൾ ഗോത്രക്കാരുടെ നൃത്താഘോഷം.

കുടിലുകൾക്കരികിലെ റോഡിലാണ്. തീ കൂട്ടി നൃത്തം ചെയ്യുന്നു, ചില്ലുവിളക്ക് പിടിച്ചാണ് അവരുടെ നൃത്തം, പാരമ്പര്യവേഷത്തിൽ. യുവതികളും യുവാക്കളുമാണ്. പട്ടികവർഗത്തിലുള്ളവർ ധാരാളമായി താമസിക്കുന്ന മേഖലയാണത്. കൊൽക്കത്ത യാത്രയിൽ നൊമാഡുകളായ ബാവുളുകളെ തീവണ്ടിയിൽ മിക്കവാറും കണ്ടേക്കാം. പക്ഷേ സന്താളുകളുടെ പരമ്പരാഗത നൃത്തം, ആചാരത്തിന്റെ ഭാഗമാണ്, കാണുക വിരളം. ഒപ്പമുള്ള ഫോട്ടോഗ്രാഫർ സുഹൃത്ത് ചാടിയിറങ്ങി കുറെ ചിത്രങ്ങളും മറ്റും പകർത്തി. കുറച്ചുനേരം കണ്ടുനിന്നു. അവർ കുടിയിലേക്ക് മടങ്ങുകയാണ്, വിളക്കും പാട്ടുമായി. വണ്ടിയെടുത്തു ആദിത്യപുരിലേക്ക്. ഒരു കുടിലിലാണ് രണ്ട് രാത്രിയിലെ താമസം. മഞ്ഞും തണുപ്പും ഗ്രാമക്കാഴ്ചകളും പുലർച്ചെ നടത്തവുമായി അവിടെ കൂടി. പിറ്റേന്ന് രാത്രിയിൽ ബാവുൾ സംഘം അവിടെ വന്നു. കൂടെ ഒരു സൂഫി ശൈലിയിൽ പാടുന്ന സംഘം യുവാക്കളുമുണ്ട്. രാവേറെയും അവർ പാടിക്കൊണ്ടിരുന്നു. കുടിലിന് പുറത്ത് തീ കൂട്ടി. കുടിലിന്റെ തറഭാഗത്ത് കമ്പിളി വിരിച്ച് അതിലിരുന്നു എല്ലാവരും. ഏക്താര മീട്ടി യുവാക്കളുടെ സംഘം പാടി. നേരം പുലരും വരെ. തണുപ്പിന്റെ അസ്വസ്ഥത അറിഞ്ഞില്ല.

മിംലു സെന്നിനൊപ്പം പബൻദാസ് ബാവുൾ

രാവിലെ കോട പോലെ മഞ്ഞുനിറയുന്നു. കരിമ്പനയും മറ്റ് വൃക്ഷങ്ങളും ചെറിയ വീടുകളും കുടിലുകളും സൈക്കിൾ യാത്രികരും പശുക്കളും. വീടിന് മുറ്റത്ത് വൈക്കോൽ വലിയ വട്ടത്തിൽ കൂട്ടി വൃത്തിയായി വെച്ചിരിക്കുന്നു. കാർഷിക സമൃദ്ധിയുള്ള വീടുകളാണ്. തൊഴുത്താണ് അവരുടെ പ്രധാനം ഇടം. വീടിനരികെ വലിയ തൊഴുത്തുണ്ടാകും. വൈക്കോൽ വട്ടംചുറ്റി വലിയ മരത്തിനോളം വലുപ്പത്തിൽ വെച്ച് മുകളിലൂടെ കയർ വരിവരിയായി വരിഞ്ഞുമുറുക്കി വെക്കുന്നു. ഇൻസ്റ്റലേഷന്റെ കലാപരതയുണ്ടതിൽ. വൈക്കോൽ തുറു നനയാതിരിക്കാനുള്ള മൺതിട്ടും കാണാം. വൈക്കോൽ കൂട്ടത്തിനടിയിലൂടെ. വെള്ളം ഊർന്നുവീഴാനുള്ള ചാലുണ്ടാകും. അതിനുമുകളിലാണ് വൈക്കോൽ റൗണ്ടിന്റെ ഇൻസ്റ്റലേഷൻ. ചാണകവരളി നിറഞ്ഞ ചുവരുകൾ. വട്ടത്തിൽ ചാണകം ഉണക്കാൻ ചുവരിലൊട്ടിച്ചു വെച്ചതാണ് വീടുകളിൽ. അവർക്കത് ഇന്ധനം.

കെന്ദുളിയിൽ ഒരിക്കൽ കൂടി പോകണം, പുറപ്പെട്ടുപോയ മറ്റിടങ്ങൾ പോലെയല്ല. കെന്ദുളിയെ അറിഞ്ഞ് തീർന്നില്ല. ആ മണ്ണിലിരുന്ന് പാടുന്ന മനുഷ്യരുടെ പാട്ടിനെ, ഈണത്തെ, ഫിലോസഫിയെ ഒന്നും കാര്യമായി മനസ്സിലാക്കിയില്ല എന്നുതോന്നാറുണ്ട്. യൂട്യൂബിൽ ഇടയ്ക്ക് ലഖൻദാസ് ബാവുളിന്റെയെല്ലാം പാട്ട് കേൾക്കും. ജീവിതത്തിന്റെ ക്ഷണികതയെക്കുറിച്ചാണ് പാട്ടുകളെല്ലാം. പ്രകൃതിയുടെ അനശ്വരതയെക്കുറിച്ചും. ലാലൻ ഫക്കീറിന്റെ വരികളാണ് കൂടുതലും. കലിയും രതിയും നിർമമതയും അർത്ഥശൂന്യതയും വിശ്വ പ്രകൃതിയുടെ അതീതഭാവവുമെല്ലാം കടലുപോലെയുണ്ടതിൽ. അടുത്തുള്ള റെയിൽവേ സ്റ്റേഷന്റെ പേര് പ്രാന്തിക്. കൊൽക്കത്തയിലേക്ക് അവിടെ നിന്നാണ് മടങ്ങിയത്. പുരാവൃത്തപ്പഴമയുള്ള പേരുള്ള സ്റ്റേഷൻ. ആ പേര് ഒരിക്കലും മറക്കുമെന്ന് തോന്നുന്നില്ല.▮


വി. എസ്. സനോജ്

മാധ്യമപ്രവർത്തകൻ, ചലച്ചിത്ര​ പ്രവർത്തകൻ. സനോജ്​ സംവിധാനം​ ചെയ്​ത ‘ബേണിങ്​’ എന്ന ഹിന്ദി ചിത്രം ഗോവ ഉൾപ്പെടെ നിരവധി രാജ്യാന്തര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്​.

Comments