ഹൗറയിലെ തിരക്കിലും തിക്കിലും ഒരുത്സാഹവുമില്ലാതെ ഇരിക്കുന്ന ചിലരെ കാണാറുണ്ടായിരുന്നു, കൊൽക്കത്ത - ചെന്നൈ യാത്രകളിൽ. വിനോദയാത്രയുടെ ഹരത്തിലോ വീട്ടിലേക്ക് പോകുന്ന ആശ്വാസത്തിലോ ഉള്ള ഭാവമല്ല അവരുടെത്. ഹൗറയിൽ നിന്ന് സൗത്ത് ഇന്ത്യയിലേക്ക് വരുന്ന തീവണ്ടി, പ്ലാറ്റ്‌ഫോമിലേക്ക് എത്തുന്ന നേരത്ത് ക്യൂ നിന്നും തിരക്ക് കൂടിയും ആൾക്കാർ കേറുന്നത് കാണാം ലോക്കൽ കോച്ചിലേക്ക്. ബഹളം കണ്ടാലുടനെ പൊലീസെത്തി ലാത്തിവീശും. റെയിൽ പൊലീസിന്റെ ലാത്തിയടി കൊണ്ടിട്ടാണേലും പലരും ഓടിക്കയറും. വാഗൺ ട്രാജഡി പോലെയാണ് ഉത്തരേന്ത്യയിൽ നിന്നുള്ള പല ലോക്കൽ കോച്ച് യാത്രകളും. ഒരു ആനന്ദവുമില്ലാത്ത രണ്ട് ദിനയാത്ര, മിക്കവാറും ചൂടിലും ചില സമയത്ത് തണുപ്പിലുമായി. ചെന്നെയിലേക്കോ കേരളത്തിലേക്കോ ആ വരവും പോക്കും. പക്ഷേ ചിലർ ലോക്കൽ കോച്ചിൽ കൂനിക്കൂടിയിരിക്കുന്നത് കാണാം.
ചിലർ മൂക്കിൽ ട്യൂബ് ഇട്ടതു വെച്ചാകും തീവണ്ടിയിൽ രണ്ടുദിവസം, ചൂടുകാലത്ത് ഇരിക്കുക. വെറെ വഴിയില്ല. കാൻസർ രോഗികളുടെ സങ്കട "പറുദ്ദീസ'യാണ് ചെന്നെയിലേക്കുള്ള പല ഹൗറ തീവണ്ടികളും.
അന്തർസംസ്ഥാന തൊഴിലാളികളുടെ പല ദേശങ്ങളിലേക്കുള്ള പലായന തിരക്കിനിടയിൽ ഇവരെയും കാണാറുണ്ട്. ഇവരെങ്ങോട്ട് പോകുന്നുവെന്ന് ആദ്യമൊന്നും ചിന്തിച്ചിരുന്നില്ല. എവിടെക്ക്, എന്തിന്, ഈ രൂപത്തിലെന്ന്. പിന്നീട് മനസ്സിലായി, രോഗികളാണ്, പ്രത്യേകിച്ച് അർബുദരോഗികൾ. കീമോ ചെയ്യാനും മറ്റുമാണ് യാത്ര. കൂടെ ആരെങ്കിലുമൊക്കെ കാണും. പല തവണയായുള്ള കോറമാണ്ടൽ എക്‌സ്പ്രസ് യാത്രകളിൽ ഇവരെ കണ്ടിട്ടുണ്ട്. ചികിത്സയ്ക്ക് വേണ്ടിയുള്ള കുറെ മനുഷ്യരുടെ നരകയാത്രകളാണത്. കൊടുംചൂടിലും ചെന്നൈ വരെ നടത്തുന്ന യാത്രകൾ. രാജ്യത്തിന്റെ ഒരറ്റത്തുനിന്നും മറ്റൊരറ്റത്തേക്ക് വരികയാണ് ഡോക്ടറെ കാണാൻ. ബംഗാളിന്റെ ബിഹാറിന്റെയും ഒഡിഷയുടേയും യു.പിയുടേയും പല പല അറ്റങ്ങളിലെ മനുഷ്യരാണ്. വേദന സഹിച്ച്, തീവണ്ടിത്തിരക്കിനും അസൗകര്യങ്ങൾക്കും ശുചിത്വക്കുറവിനുമിടെ ഇൻഫെക്ഷൻ സാധ്യതയെക്കുറിച്ചറിയാതെ എങ്ങനെയെങ്കിലും ആസ്പത്രി അണയാനായുള്ള പോക്ക്.
കൊൽക്കത്ത ബ്യൂറോയിൽ ലേഖകനായിരിക്കെ, കോറമാണ്ടൽ എക്‌സ്പ്രസിൽ ചെന്നെ, അവിടന്ന് തിരുവനന്തപുരം മെയിൽ പിടിച്ച് തൃശൂർ വരെ, അതായിരുന്നു പതിവ് ലീവ് യാത്രകൾ. എ.സി. കോച്ചിലെ സുഖകരമായ യാത്ര. നല്ല ട്രെയിനാണ്. നല്ല സർവ്വീസും. ചിലയിടത്ത് വണ്ടി നിർത്തുമ്പോൾ ഭക്ഷണം വാങ്ങാനായി ഇറങ്ങുന്നവർ ഈ രോഗികളോ രോഗികൾക്ക് കൂട്ടിരിക്കുന്നവരോ ഒക്കെ ആകും. ഹൗറയിൽ കേറി ചെന്നൈ സെൻട്രലിൽ ഇറങ്ങുന്നു. രണ്ടോ മൂന്നോ സഞ്ചികൾ കാണും. പഴമോ ബ്രഡോ മൂടിയോ (പൊരി) ബിസ്‌കറ്റോ സഞ്ചികളിൽ കാണും.
തുണിയെല്ലാം കുത്തിനിറച്ച ഒരു സഞ്ചി, പിന്നെ വെള്ളം കുപ്പികൾ. എ.സി. കോച്ചിലെ തണുപ്പ് അസഹ്യമായെന്ന തോന്നൽ ഇടയ്ക്കുണ്ടാകുമ്പോൾ ഏതെങ്കിലും സ്റ്റേഷന് പുറത്ത് രണ്ടുമിനിറ്റ് ഏതെങ്കിലും ചെറിയ സ്റ്റേഷനിൽ നിർത്തുമ്പോഴാണ് ഇതെല്ലാം കാണുക. അവർ ശമനമില്ലാത്ത ചൂടിന്റെ വേവറിഞ്ഞ ലോക്കൽ കോച്ചിൽ നിന്ന് ഇറങ്ങിവരും. തീവണ്ടി നിർത്തിയാൽ സ്റ്റേഷനിലെ പൈപ്പിൽ നിന്ന് നിന്ന് കുപ്പിയിൽ വെള്ളം സംഭരിച്ച് തിരിച്ച് കോച്ചിൽ കയറും. ചിലർ ഒറ്റയ്ക്കാകും, ഒപ്പം കേറിയ ആരുടെയെങ്കിലും സഹായത്തോടെ ജനറൽ കോച്ചിൽ മറ്റു ചിലർ. രണ്ടുദിവസം കൊണ്ട് മാനസികമായി പാതി മരിച്ച പോലെ ചിലരെയും കാണാം. അത്രമേൽ ചൂടാണ് ബംഗാളിൽ നിന്നും യു.പിയിൽ നിന്നുമെല്ലാമുള്ള വേനൽക്കാല തീവണ്ടി യാത്രകൾ. ചിലർ മൂക്കിൽ ട്യൂബ് ഇട്ടതു വെച്ചാകും തീവണ്ടിയിൽ രണ്ടുദിവസം, ചൂടുകാലത്ത് ഇരിക്കുക. വെറെ വഴിയില്ല. കാൻസർ രോഗികളുടെ സങ്കട "പറുദ്ദീസ'യാണ് ചെന്നെയിലേക്കുള്ള പല ഹൗറ തീവണ്ടികളും. ചെലവ് കുറഞ്ഞ നല്ല ചികിത്സയും പരിചരണവും പരിഗണനയും തേടിയുള്ള വരവ്. വെല്ലുർ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് പോലെയുള്ള ഇടങ്ങളിലേക്ക്. ചിലർ കണ്ണ് ഓപ്പറേഷനുവേണ്ടി വരുന്നു. നേത്രചികിത്സയ്ക്ക് സൗത്ത് ഇന്ത്യ പിടിക്കുന്ന നിരവധി മനുഷ്യരെ കാണാം ഉത്തരേന്ത്യൻ തീവണ്ടികളിൽ മിക്കപ്പോഴും. ബംഗാളിൽ നിന്ന് മാത്രമല്ല മദ്രാസിലേക്കുള്ള പ്രയാണം.
കൂടുതൽ സൗകര്യങ്ങളൊരുക്കുന്നതിൽ പരാജയപ്പെട്ട സർക്കാരുകളുടെ പിടിപ്പുകേടിന്റെ കൂടി ചരിത്ര സൂചികയാണ് മദ്രാസിലേക്ക് പോകുന്ന ഉത്തരേന്ത്യൻ തീവണ്ടികളിലെ രോഗികളുടെ എണ്ണം.
ബീഹാറിന്റെ അതിർത്തി ഗ്രാമങ്ങളിൽ നിന്ന്, പാട്‌നയുടെ പ്രാന്തങ്ങളിൽ നിന്നുമൊക്കെയാകും. കോറമാണ്ടലിലെ യാത്രകളിൽ ബംഗാളിലേയും ബിഹാറിലേയും ഒഡീഷയിലേയും രോഗികളാണുണ്ടാവാറ്. ആസ്പത്രികൾ സർക്കാരിന്റെ കീഴിൽ എത്രയുണ്ടായാലും തീരാത്ത അത്രയും ജനം വന്നടിയുന്ന വൻ നഗരങ്ങളിലെ കാഴ്ചകളിൽ ചിലതാണതാണ്. ബംഗാൾ അടക്കമുള്ള സംസ്ഥാനങ്ങളിലെ സർക്കാർ ആരോഗ്യ സംവിധാനത്തിന്റെ കാഴ്ച കാണാൻ ഹൗറയിൽ പോയാൽ മതി, സൗത്ത് ഇന്ത്യൻ തീവണ്ടികളുടെ അറ്റത്തെ കോച്ചിലേക്ക്. മമത വരുന്നതിന് മുമ്പും ശേഷവും മനുഷ്യാവസ്ഥ ഇതൊക്കെ തന്നെ. ഇല്ലായ്മയും സംസ്ഥാനത്തിന്റെ വലുപ്പവും ജനസംഖ്യയും സൗകര്യങ്ങളുടെ അഭാവവുമുള്ളവയാണ് നഗരങ്ങൾ. ബംഗാളിൽ സർക്കാർ ആസ്പത്രികളും മെഡിക്കൽ കോളേജുകളുമുണ്ട്. കൊൽക്കത്ത ആതുരസേവനത്തിന് പേരുകേട്ട നഗരവുമാണ്. പക്ഷേ കാൻസറുള്ളവരടക്കം രോഗികളുടെ വർധനവും സൗകര്യങ്ങളുടെ അഭാവവും രോഗികളുടെ ആധിക്യവും പരിഹരിക്കാൻ സർക്കാരുകൾ പരാജയപ്പെടുന്നു. രോഗികളുടെ ആധിക്യം ദുരിതം കൂട്ടുന്നു. അപ്പോളോ പോലുള്ള സ്വകാര്യ ആസ്പത്രികൾ അപ്രാപ്യവുമാണ്. അതുകൊണ്ടാകാം തീവണ്ടി കടന്നുപോകുന്ന പാളങ്ങൾക്കരികിലെ ഗ്രാമങ്ങളിലെ മനുഷ്യർ ദക്ഷിണേന്ത്യയിലേക്ക് ചികിത്സ തേടി ചെന്നൈ സെൻട്രലിലോ കട്പാടിയിലോ ഈറോഡ് ജംങ്ഷനിലോ എത്തുന്നത്.
രണ്ടുദിവസത്തെ അസൗകര്യങ്ങളുടെ ദുരിതയാത്രയെ അതിജീവിക്കാൻ ശ്രമിച്ചുകൊണ്ട് അവർ എത്തുന്നു. പലരും മൂക്കിലിട്ട ട്യൂബിന്റെ അറ്റം ഒരു കൈകൊണ്ട് പിടിച്ച് തീവണ്ടിയുടെ ലോക്കൽ കോച്ചിലെ തിരക്കുള്ള സീറ്റിലിരിക്കുന്നു. ഇത് പൊലിപ്പിച്ചു പറയുന്നതല്ല, സത്യം.
ബംഗാളിലെ ഗ്രാമങ്ങളിൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ വലിയ അഭാവമുണ്ട്, സൗകര്യവികാസം ഇത്രകാലമായിട്ടും വന്നിട്ടില്ല. പല ആസ്പത്രികളും കൊൽക്കത്തയിലുണ്ട്. അവിടെ പോയി തിരക്കിൽ പെട്ട് യാചിക്കുന്നതിലും ഭേദം ഗ്രാമീണരിൽ പലർക്കും സൗത്ത് ഇന്ത്യയിലെ വലിയ ഫീസ് ഇല്ലാത്ത ആസ്പത്രികളാണെന്ന് പലരും കരുതുന്നു. കൊൽക്കത്തയിലെ ആസ്പത്രികൾ രോഗികളുടെ ആധിക്യം കൊണ്ട് ശ്വാസംമുട്ടുന്നവയാണ്. ഗ്രാമീണ മേഖലയിലെ ആരോഗ്യരംഗം പരിതാപകരവുമാണ്. കുട്ടികൾക്കായി ബി.സി. റോയ് ആസ്പത്രിയുണ്ട്, ശംഭുനാഥ് മെമ്മോറിയൽ ഉൾപ്പെടെ നിരവധി മെഡിക്കൽ കോളേജുകളുണ്ട്. പക്ഷേ രോഗികൾ നിറയുന്നു. ഒഡീഷയിലെ ബിഹാറിലെ ബംഗാളിലെ ഗ്രാമങ്ങളിൽ നിന്നു മാത്രമല്ല ബംഗ്ലാദേശിൽ നിന്നും ധാരാളം രോഗികളെത്തുന്നുണ്ട് കൊൽക്കത്തയിൽ. അതിർത്തി ജീവിതം നയിക്കുന്ന ബംഗ്ലാദേശ് ജനതയ്ക്ക് ധാക്കയേക്കാൾ ആശ്വാസവും എളുപ്പവും കൊൽക്കത്തയാണ്. കൂടുതൽ സൗകര്യങ്ങളൊരുക്കുന്നതിൽ പരാജയപ്പെട്ട സർക്കാരുകളുടെ പിടിപ്പുകേടിന്റെ കൂടി ചരിത്ര സൂചികയാണ് മദ്രാസിലേക്ക് പോകുന്ന ഉത്തരേന്ത്യൻ തീവണ്ടികളിലെ രോഗികളുടെ എണ്ണം.
പൂർവ്വാഞ്ചൽ മേഖലയിൽ 15 ഓളം ജില്ലയ്ക്ക് ഒരു സർക്കാർ മെഡിക്കൽ കോളേജ് മാത്രമായിരുന്നു 2017 വരെ. ഇപ്പോഴത്തെ സ്ഥിതി അറിയില്ല. ഗൊരക്പുരിൽ കുട്ടികൾ ഓക്‌സിജന് കിട്ടാതെ മരിച്ച ആശുപത്രിയാണ് ആകെയുണ്ടായിരുന്നത്.
കമ്യൂണിസ്റ്റ് പാർട്ടിയുടെത് അടക്കം പൊതുയോഗങ്ങളിൽ കൊടി പിടിക്കാനായി വന്നിരുന്ന രാഷ്ട്രീയാനുഭാവമുള്ള മനുഷ്യരുടെ ഹൗറയിലേക്കുള്ള വരവുണ്ടായിരുന്നു പണ്ട്. വണ്ടികൾ പിടിക്കാനുള്ള പൈസയൊന്നുമില്ല, ബംഗാളിലെ ഗ്രാമങ്ങളിൽ നിന്ന് അവർ നടന്നാണ് വരിക, സഞ്ചിയിൽ മൂടി (പൊരി) കാണും. പൈപ്പിൽ നിന്ന് വെള്ളം. കയ്യിൽ ചിലപ്പോൾ കൊടി. വൈകുന്നേരത്തോടെ അവർ പൊതുയോഗം നടക്കുന്നയിടത്ത് എത്തും. രാത്രി അതുകഴിഞ്ഞാൽ ഏറെ വൈകിയാലും തിരിച്ചുനടക്കും, പാതിരാത്രിയോ പുലർച്ചെയോ തിരികെ ഗ്രാമത്തിലെത്തിപ്പെടും. ചിലപ്പോൾ റെയിൽ പാളത്തിലൂടെ നാട്ടിലേക്ക് വെച്ചുപിടിക്കും, വഴി തെറ്റാതിരിക്കാൻ. അതേ ഗ്രാമീണരിൽ പലരും, പിന്നീട് രോഗം മൂലം ഗ്രാമത്തിൽ നിന്ന് പണ്ട് ബ്രിഗേഡ് മൈതാനിയിലേക്ക് പാർട്ടി റാലിയ്ക്ക് വല്ല ലോറിയിലും കേറിപ്പോയ കാലം ഓർത്ത് പുതിയ കാലത്ത് ചെന്നെ തീവണ്ടികളിൽ പലരും കുത്തിയിരിക്കുന്നു.
ഹരിയാനയിലും ഒഡീഷയിലും ബിഹാറിലും ഈ സ്ഥിതിയുണ്ട്. ഹരിയാനയിലെ ഗുഡ്ഗാവിൽ വൻകിട സ്വകാര്യ പഞ്ചനക്ഷത്ര ആസ്പത്രികൾ ധാരാളമാണ്. രാഷ്ട്രീയക്കാരും വ്യവസായികളും സമ്പന്നരായ പലരും ഇവിടെ ചികിത്സ നടത്തും. ഹരിയാനയിലെ സാധാരണക്കാരന് പക്ഷേ ഡൽഹിയിലേ ആസ്പത്രിയുള്ളൂ. ലഖ്‌നൗവിലും പരിസരത്തുമായി രണ്ട് മെഡിക്കൽ യൂണിവേഴ്‌സിറ്റികളുണ്ട്. മികച്ച നിലവാരമുള്ളവ, പക്ഷേ ജനസംഖ്യയിൽ മുന്നിട്ടുനിൽക്കുന്ന നീണ്ടു നിവർന്നു കിടക്കുന്ന യു.പിയിക്ക് അതെല്ലാം കടലിൽ കായം കലക്കുന്നതുപോലെ മാത്രം.
കിഴക്കൻ യു.പിയിൽ അടക്കം നേപ്പാളുമായും ബിഹാറുമായും അതിർത്തി പങ്കിടുന്ന മേഖലകളിൽ ഈ പ്രശ്‌നം ഗുരുതരമാണ്. പൂർവ്വാഞ്ചൽ മേഖലയിൽ 15 ഓളം ജില്ലയ്ക്ക് ഒരു സർക്കാർ മെഡിക്കൽ കോളേജ് മാത്രമായിരുന്നു 2017 വരെ. ഇപ്പോഴത്തെ സ്ഥിതി അറിയില്ല. ഗൊരക്പുരിൽ കുട്ടികൾ ഓക്‌സിജന് കിട്ടാതെ മരിച്ച ആസ്പത്രിയാണ് ആകെയുണ്ടായിരുന്നത്. സംസ്ഥാനത്ത് 75 ജില്ലയുണ്ട് എന്നതാണ് പ്രശ്‌നം, നാലു സംസ്ഥാനത്തിന്റെ വലുപ്പം.
കോറമാണ്ടലിലെ ഹൗറ - ചെന്നൈ യാത്രാകാലത്തിനുശേഷം ഈ പതിവുകാഴ്ചകളിൽ മുക്തനായി യു.പിയിലെത്തി. ലഖ്‌നൗവിലെ തീവണ്ടി യാത്രയിലാണ് ഒരിക്കൽ ആ വൃദ്ധനെ കണ്ടത്. നാട്ടിലേക്ക് വരുന്ന രപ്തിസാഗറിൽ വെച്ച്. വൃദ്ധനും പയ്യനും കൂടെ സ്ത്രീയും രണ്ട് ബാഗും ഒരു സഞ്ചിയുമെല്ലാമായി എ.സിയിൽ. പാതിരാത്രി ബിഹാറിൽ നിന്നോ ഗോണ്ട ജങ്ഷനിൽ നിന്നോ മറ്റോ കേറിയതാകണം. രണ്ട് ദിവസത്തിലധികം മുഷിയുന്ന യാത്രയാണത്. ബംഗാളിൽ നിന്നുള്ള തീവണ്ടി യാത്ര പോലെയല്ല ലഖ്‌നൗവിൽ. കോറമാണ്ടൽ എക്‌സ്പ്രസ് എ.സി. കോച്ചിൽ നല്ല വൃത്തിയും വെടിപ്പുമുണ്ടായിരുന്നു. സമയം പാലിക്കുന്ന തീവണ്ടിയായിരുന്നു അത്. നല്ല ടോയ്‌ലറ്റും. പക്ഷേ രപ്തിസാഗർ മറ്റൊരു വേഷത്തിലാണ്. എ.സി ടിക്കറ്റിൽ പോലും അസഹ്യമായ അനുഭവം സമ്മാനിക്കും. ടോയ്‌ലറ്റ് ഒന്നുകിൽ ബ്ലോക്കാകും, വെള്ളം തീരും, ആളുകൾ മുറുക്കിത്തുപ്പി എല്ലായിടവും നിറച്ചിരിക്കും. സ്റ്റാഫ് ക്ലീൻ ചെയ്യുന്നത് അത്ഭുതപ്രവൃത്തിയാകും. യാത്രക്കാർ ഇടയ്ക്കിടെ പരാതിപ്പെടും വഴക്കിടും, പതിവാണത്.
മണിക്കൂറുകൾ പലയിടത്തും നിർത്തി രണ്ട് ദിവസം മൂന്നാക്കി മാറ്റിയാകും യാത്രയും. തേഡ് എസിയിൽ കേറി. അല്പം കഴിഞ്ഞപ്പോൾ ചില ഫോൺ കോളുകളുടെ തിരക്കിൽപ്പെട്ടു. പതിവില്ലാതെ തുടർച്ചയായി അത് അറ്റൻഡ് ചെയ്യേണ്ടിയും വന്നു. ഇടയ്ക്കിടെ റേഞ്ച് കട്ട്. ചില സുഹൃത്തുക്കളാണ്. ഒരു സുഹൃത്തിന് അപകടമുണ്ടായി തവാങിൽ. അടിയന്തര വൈദ്യസഹായത്തിന് പലരെയും ബന്ധപ്പെടുന്ന കൂട്ടത്തിൽ വിളിച്ചതാണ്. മാരത്തോൺ വിളികളിലേക്ക് അങ്ങനെ അവർക്കൊപ്പം കൂടി. വടക്കുകിഴക്കൻ ലോകത്തുനിന്ന് ചില സഹായം വേണം, അതിനായി അവരെ തേടിപ്പിടിച്ചു. റേഞ്ചിന്റെ കരുണയില്ലാത്ത അവിചാരിത ഇടപെടലുകൾക്കിടെ കോളുകൾ നീണ്ടു. അരുണാചലിലാണ് സഹായം വേണ്ടത്.
ഫോണിലെ പറച്ചിലുകൾ ശ്രദ്ധയോടെ കേൾക്കുന്നുണ്ട് വൃദ്ധനെന്ന് പിന്നീടാണ് മനസ്സിലായത്. കൂടെയുള്ള സ്ത്രീ ഇടയ്ക്ക് ഭക്ഷണവും മരുന്നും എടുത്തുകൊടുക്കുന്നു, പയ്യൻ മൊബൈലുമായി മുകളിലെ ബർത്തിലുണ്ട്. ഫോൺവിളിയിലെ സ്ഥലസൂചന വെച്ച് തവാങ് നല്ല സ്ഥലമാണ്, പോകേണ്ടയിടം, അവിടെ പോകൂ, പോയിട്ടുണ്ടോ എന്ന് ഹിന്ദിയിൽ വൃദ്ധൻ ചോദിച്ചു. ഫോണിലെ സംസാരം ക്ലിയർ അല്ല പുള്ളിയ്ക്ക്, സ്ഥലപ്പേര് മാത്രമേ പിടിച്ചെടുക്കാനായുള്ളൂ. വല്ല ടൂർ പ്ലാനും ആയിരിക്കുമെന്ന് കരുതിയാകാം സഹായം എന്ന നിലയ്ക്ക് തവാങ്ങിനെക്കുറിച്ച് വിവരിക്കാൻ തുടങ്ങി.
ചരിത്രവും ഭൂമിശാസ്ത്രവും പരത്തിപ്പറഞ്ഞ് ശമനമില്ലാത്ത മഴ പോലെ അയാളുടെ വാക്കുകൾ തീവണ്ടിയ്ക്കുള്ളിൽ നിറഞ്ഞുനിന്നു. കൂടെയുള്ള പയ്യൻ മുകളിലാണ് കിടപ്പ്. അവനെന്നെ നോക്കി ഒന്ന് ചിരിച്ചു.
പക്ഷേ നല്ല പരിചയമുണ്ട് അയാൾക്കവിടെ എന്ന് മനസ്സിലായി. മറ്റ് സ്ഥലങ്ങൾ പോയ യാത്രയും അയാൾ പറഞ്ഞുതുടങ്ങി. ആരെങ്കിലും കേൾക്കണമെന്നില്ലാതെ കക്ഷി പറഞ്ഞുകൊണ്ടിരുന്നു. ആശങ്ക നിഴലിച്ച സമയങ്ങളിലൂടെ ഫോൺ വിളികളിൽ കടന്നുപോയി, ട്രെയിനും. തവാങിലെ മലയാളി സുഹൃത്തിനെ മിലിട്ടറി സഹായത്തോടെ ആസ്പത്രിയിലെത്തിക്കാനുള്ള സംവിധാനങ്ങളൊരുങ്ങിയെന്ന് രാത്രിയോടെ അറിവായി. അതോടെ ഉറങ്ങാൻ കിടന്നു. അയാളുടെ വിവരണം താഴെ നിന്ന് അപ്പോഴും കേൾക്കാം, ബോറടി യാത്രയായതിനാൽ കേൾവിക്കാർ ആരെല്ലാമോ ഉണ്ട്. വാക്കിന്റെ കെട്ടഴിച്ചു വിട്ട മട്ടാണ് ആ വൃദ്ധനപ്പോഴും. ട്രെയിനിരമ്പലിനൊപ്പം ആ സായാഹ്നവും രാത്രിയും കടന്നുപോയി. രാവിലെ എണീക്കുന്ന നേരംതൊട്ട് പിന്നെയും വൃദ്ധന്റെ ഇടതടവില്ലാത്ത സംഭാഷണങ്ങൾ ചെവിയിലേക്കെത്തി. വിശേഷം പറച്ചിലിന്റെ ശബ്ദം ഓരോ ബർത്തിലുമെത്തി. എല്ലാവരുമായും അയാൾ ബന്ധം സ്ഥാപിച്ചിരിക്കുന്നു. അവർ പറയുന്ന പല കാര്യങ്ങളെക്കുറിച്ചും കൂടുതൽ തെളിമയിൽ മറുപടിയും വ്യക്തതയും നൽകുന്നു. ചരിത്രവും ഭൂമിശാസ്ത്രവും പരത്തിപ്പറഞ്ഞ് ശമനമില്ലാത്ത മഴ പോലെ അയാളുടെ വാക്കുകൾ തീവണ്ടിയ്ക്കുള്ളിൽ നിറഞ്ഞുനിന്നു. കൂടെയുള്ള പയ്യൻ മുകളിലാണ് കിടപ്പ്. അവനെന്നെ നോക്കി ഒന്ന് ചിരിച്ചു. തികച്ചും ഗ്രാമ്യഭാവത്തിലാണ് അടുത്തിരിക്കുന്ന സ്ത്രീ. അതെല്ലാം കേട്ട് ഇരിപ്പുണ്ട് അവർ അയാൾക്കരികെ.
പറച്ചിലുകളിൽ നിന്ന് വൃദ്ധന്റെ ലോകം ഏതാണ്ട് ബോധ്യപ്പെട്ടു. അധ്യാപകനായിരുന്നു, പ്രൈമറി സ്‌കൂളിൽ. തവാങിൽ ഒന്നര വർഷം താമസിച്ചിട്ടുണ്ട്. ഇപ്പോഴും അധ്യാപകൻ തന്നെയാണ്. അധ്യാപകർ ഒരിക്കലും റിട്ടയർ ആവുന്നില്ലല്ലോ. പലയിടത്തുമായി ക്ലാസെടുക്കുന്നു. വലിയ സൗഹൃദലോകവും ശിഷ്യവലയവുമുണ്ട്. ട്യൂഷനും മോട്ടിവേറ്റിങ് ക്ലാസുകളുമായി സക്രിയം. പരിപാടികളിൽ സംസാരിക്കാനായി പോകും. ഇന്ത്യയിൽ പലയിടത്തും പോയിട്ടുണ്ട് കേരളമടക്കം. സിംഗപ്പൂരും നേപ്പാളും പോയിരുന്നു.
പഠിപ്പിച്ച കുട്ടികളുടെ സഹായത്തിൽ പല ചരിത്രസ്മാരകങ്ങളും കണ്ടു, താജ്മഹലടക്കം. അക്കഥകളെല്ലാം ഇടവേളയില്ലാതെ ബർത്തിന് കീഴെ നടക്കുന്നു. ആന്ധ്രയിൽ നിന്നുള്ള ഫാമിലിയാണ് തൊട്ടടുത്ത്. അവരെ ആന്ധ്രയിലെ യാത്രകളും തെലങ്കാനയുടെ ചരിത്രവും പഠിപ്പിച്ചു. ചരിത്രവും ഭൂമിശാസ്ത്രവും ഒരു ചോക്കോ ചൂരലോ കയ്യിൽ പിടിച്ച് പഠിപ്പിക്കുന്ന മാഷായി തീവണ്ടിയിലെ ആ വിരസതയ്ക്കിടെ അയാൾ. ഉച്ചതിരിഞ്ഞു, ആന്ധ്രയിലെ വെയിലിലൂടെ ട്രെയിൻ ഇഴഞ്ഞുകൊണ്ടിരുന്നു. പാതിരാത്രി ചെന്നൈ എത്തും. മടുപ്പിച്ച യാത്രയുടെ ആലസ്യം നാട്ടിലെത്തുന്നതിന്റെ ആവേശത്തിന് വഴിമാറും. പിന്നെയുള്ള ഓരോ സ്റ്റോപ്പും വീട്ടിലേക്കുള്ള വഴിയുടെ നീളും കുറയുന്നതിന്റെ ആശ്വാസം എത്തിക്കും. പക്ഷേ തീവണ്ടി പതിവുപോലെ ലേറ്റായി. പിറ്റേന്ന് അതിരാവിലെയായി ഉണർന്നു.
ഈറോഡ് എത്തുന്നു. അതിനു മുന്നേ പയ്യൻ സഞ്ചികളെല്ലാം കെട്ടിപൂട്ടുന്നുണ്ട്. പാതിരാ വരെ ഡയലോഗ് അടിച്ച മാഷ് നല്ല ഉറക്കത്തിലാണ്. കൂർക്കംവലിയും ട്രെയിനിന്റെ ഇരമ്പലും തമ്മിൽ ഭേദപ്പെട്ട മത്സരം. പയ്യനോട് എവിടേക്കാണ് പോകുന്നത് എന്ന് ചോദിച്ചു. തവാങ് ഒരിക്കലെങ്കിലും നിങ്ങൾ പോകണം എന്ന് മോട്ടിവേറ്റ് ചെയ്ത ആ വൃദ്ധന്റെ ഇരിപ്പുറയ്ക്കായ്കയുടെ തുടർച്ചയാണോ ഈ യാത്ര എന്നറിയണമല്ലോ. വിശേഷം തിരക്കി. ബിഹാർ-യു.പി. അതിർത്തിയിലാണ് വീട്. ഇളയമകനാണു ഞാൻ. അച്ഛനെ ഡോക്ടറെ കാണിക്കാനാണ് പോണത്. അച്ഛൻ പഠിപ്പിച്ച കുട്ടിയുടെ അമ്മയാണ് കൂടെ. ഒരു അപകടത്തിൽ ആ കുട്ടി മരിച്ചു, കുട്ടിയുടെ അച്ഛനും. വേറെ ആരുമില്ല. അങ്ങനെ ഞങ്ങളുടെ കൂടെയായി. എന്റെ മൂത്തവരെല്ലാം ജോലിയും കൃഷിയുമായി ഗ്രാമത്തിൽ തന്നെ. അച്ഛന് കൂട്ട് ഞങ്ങളാണിപ്പോ. ഒരു ഓപ്പറേഷനുണ്ട്. അതിനായി ഇടയ്ക്കിടെ വരാറുണ്ട്. മധുരയിലെ കണ്ണാസ്പത്രിയിലാണ്. ഇത് രണ്ടാമത്തെ ഓപ്പറേഷനാണ്.
ഒരു കണ്ണിന് പണ്ട് 30 ശതമാനം കാഴ്ചയുണ്ടായിരുന്നു. മറ്റേ കണ്ണിന് പണ്ടേ കാഴ്ചയില്ല. അല്പം കാഴ്ച്ചയുള്ളത് മങ്ങിത്തുടങ്ങി കൂടുതൽ. അതുകൊണ്ട് അത് തിരിച്ചുകിട്ടിയാലോ എന്ന് കരുതി ഓപ്പറേഷന് പോകുകയാണ്.
എന്താണ് അസുഖം - അവനോട് ചോദിച്ചു. അച്ഛന് കാഴ്ചയില്ല. ഒരു കണ്ണിന് പണ്ട് 30 ശതമാനം കാഴ്ചയുണ്ടായിരുന്നു. മറ്റേ കണ്ണിന് പണ്ടേ കാഴ്ചയില്ല. അല്പം കാഴ്ച്ചയുള്ളത് മങ്ങിത്തുടങ്ങി കൂടുതൽ. അതുകൊണ്ട് അത് തിരിച്ചുകിട്ടിയാലോ എന്ന് കരുതി ഓപ്പറേഷന് പോകുകയാണ്. സാധ്യത കുറവാണെന്ന് ഡോക്ടർമാർ പറഞ്ഞു, പ്രായവും നന്നായി കൂടിയതുകൊണ്ട് റിസ്‌ക്കാണ്. പക്ഷേ അച്ഛന്റെ വലിയ ആഗ്രഹമാണ്, കാഴ്ച തിരിച്ചുവന്നാലോ ചിലപ്പോൾ - അവൻ പറഞ്ഞു. ആ സ്ത്രീ അയാളുടെ കാൽക്കൽ ഇരുന്ന് മയങ്ങുന്നുണ്ട്. മാഷിന്റെ കണ്ണിൽ അവർ മരുന്നൊഴിക്കുന്നത് കണ്ടിരുന്നു ഇടയ്ക്ക്. അവനെല്ലാം അടുക്കിപ്പെറുക്കി റെഡിയായി. ഇടയ്‌ക്കെപ്പോഴോ ഉറങ്ങിപ്പോയതിനിടെ ആരെല്ലാമോ ഇറങ്ങുന്ന ബഹളം കേട്ടു. ട്രെയിൻ നിർത്തിയിട്ടിരിക്കുകയാണ്. ഈറോഡ് എത്തിക്കാണണം. ഒരേയൊരു കണ്ണിന്റെ മുപ്പതുശതമാനം കാഴ്ചയുമായി ലോകം കാണാനിറങ്ങിയ, ഇപ്പോഴും കുട്ടികളെ പഠിപ്പിക്കാനുത്സാഹമുള്ള ആ മാഷിന് പിന്നീടെന്ത് പറ്റിയെന്നറിയില്ല. ജീവിച്ചിരിപ്പുണ്ടോ എന്നുപോലും. ബംഗാളിൽ നിന്നും ഒഡിഷയിൽ നിന്നും ബിഹാറിൽ നിന്നും യു.പിയിൽ നിന്നും മനുഷ്യരിപ്പോഴും ആസ്പത്രികൾ തേടി അലയുന്നുണ്ട്. പല തീവണ്ടിയാത്രകളും അവരുടേതും കൂടിയാണ്. ചൂളംവിളിയ്ക്കും കൊടുചൂടിനുമിടയിൽ ലോക്കൽ കോച്ചിൽ അവരുണ്ട്, അശാന്തരായ പരവേശ സഞ്ചാരികളായി.▮