Photo: Muhammed Hanan

സ്​കൂളിലേക്കും ആശുപത്രിയിലേക്കും എട്ടു കിലോമീറ്റർ

ഒരു ആദിവാസി സമൂഹത്തെ ​ഭരണകൂടം കൈകാര്യം​ ചെയ്യുന്ന വിധം

വികസനത്തി​ന്റെ പുതിയ മാതൃക മുന്നോട്ടുവക്കപ്പെടുന്ന കാലത്തുപോലും ഭരണകൂടം ആദിവാസി സമൂഹങ്ങളുടെ അടിസ്​ഥാന ആവശ്യങ്ങളോട്​ എങ്ങനെയാണ്​ മുഖംതിരിച്ചുനിൽക്കുന്നത്​ എന്നതിന്റെ ക്രൂരമായൊരു ഉദാഹരണമാണ്​ കണ്ണൂർ ചിറ്റാരിപ്പറമ്പ് ചെന്നപ്പൊയിൽ കോളനിയിലെ ജീവിതം.

കേരളത്തിലെ ആദിവാസികളെ എല്ലാകാല​ത്തും കീഴ്​പ്പെടുത്തിയിരുന്ന ‘ഉദ്യോഗസ്​ഥ ആധുനികത’, തദ്ദേശ ഭരണസംവിധാനത്തിൽ ശക്തിപ്പെടുകയാണ്​ എന്നൊരു നിരീക്ഷണം നടത്തുന്നുണ്ട്​, വനാവകാശ നിയമത്തെക്കുറിച്ച്​ സെൻറർ ഫോർ ഡവലപ്​മെൻറ്​ സ്​റ്റഡീസിലെ തദ്ദേശ സ്വയംഭരണ ഗവേഷണ യൂണിറ്റ്​ സംഘടിപ്പിച്ച ചർച്ചകളുടെ അടിസ്​ഥാനത്തിൽ തയാറാക്കിയ രേഖ. അധികാരവികേന്ദ്രീകരണത്തിന്റെ ഭാഗമായി നിലവിൽവന്ന പ്രാഥമിക നടപടികൾ ആദിവാസികളല്ലാത്ത മുഖ്യധാരയിൽ മാത്രമേ എത്തിയുള്ളൂ എന്ന്​ ഈ പഠനം ചൂണ്ടിക്കാണിക്കുന്നു. ആദിവാസി ഊരുകളിലെ വികസനത്തിന്​ ചെലവാക്കിയ ഫണ്ടുകളുടെ കണക്ക്​ നിയമസഭയിൽ സമയാസമയം അവതരിപ്പിക്കാറുണ്ടെങ്കിലും, ഇതിന്റെ വിനിയോഗം അവരുടെ ജീവിതത്തിൽ എങ്ങനെയാണ്​ പ്രതിഫലിക്കുന്നത്​ എന്ന ഒരു കണക്കെടുപ്പ്​ നടക്കാറില്ല.

ദേശീയ- സംസ്​ഥാന ബജറ്റുകളിൽ നീക്കിവെക്കപ്പെടുന്ന കോടികളുടെ ഫണ്ട്​, ഊരുകളിലെ അടിസ്​ഥാന സൗകര്യവികസനത്തിനുപോലും ചെലവാക്കപ്പെടുന്നില്ല എന്ന്​ നിരവധി പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്​. ആന്ധ്രപ്രദേശിൽ ആദിവാസി വികസനഫണ്ട്​ വകമാറ്റി ചെലവഴിക്കപ്പെട്ടാൽ അത്​ ശിക്ഷിക്കപ്പെടാവുന്ന കുറ്റമാക്കി ആന്ധ്രപ്രദേശ്​ ഷെഡ്യൂൾഡ്​ കാസ്​റ്റ്​ സബ്​ പ്ലാൻ ആൻറ്​ ഷെഡ്യൂൾഡ്​ ട്രൈബ്​ സബ്​ പ്ലാൻ ബിൽ പാസാക്കിയിരുന്നു. എന്നാൽ, വികസനത്തി​ന്റെ പുതിയ മാതൃക മുന്നോട്ടുവക്കപ്പെടുന്ന കാലത്തുപോലും കേരളം ആദിവാസി സമൂഹങ്ങളുടെ അടിസ്​ഥാന ആവശ്യങ്ങളോട്​ മുഖംതിരിച്ചുനിൽക്കുകയാണ്​.

എ.കെ. ശശീന്ദ്രൻ / Photo : AK Saseendran, fb PAGE

ഏറ്റവും പുതിയ ഉദാഹരണമാണ്​, വന്യജീവികളും മനുഷ്യരും തമ്മിൽ രൂക്ഷമായി വരുന്ന സംഘർഷം. വന്യജീവി ആക്രമണത്തിൽ മരിച്ചവർക്കും പരിക്കേറ്റവർക്കും കൃഷിനാശം സംഭവിച്ചവർക്കും നഷ്​ടപരിഹാരം നൽകാൻ ഈ സാമ്പത്തികവർഷം 15.43 കോടി രൂപ ചെലവഴിച്ചതായി വനം- വന്യജീവി വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രൻ പറയുന്നു. സംസ്​ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണത്രെ ഇത്ര വലിയ തുക ഈ ആവശ്യത്തിന്​ മാറ്റിവെച്ചത്​.

എന്നാൽ, ഈ പ്രശ്​നത്തി​ന്​ ശാസ്​ത്രീയ പരിഹാരമാണ്​ അനിവാര്യം. വനമേഖലയിലെ കൈയേറ്റങ്ങളും വന പരിസ്​ഥിതിയിലെ മാറ്റങ്ങളും വന്യമൃഗങ്ങളുടെ ആവാസവ്യവസ്​ഥയിലും ഭക്ഷ്യലഭ്യതയിലും വരുത്തിയ മാറ്റങ്ങൾ അടക്കമുള്ള കാര്യങ്ങൾ പഠിക്കേണ്ടതുണ്ട്​. ആദിവാസികളുടെ പങ്കാളിത്തത്തോടെയുള്ള പരിഹാരനിർദേശങ്ങൾ തദ്ദേശീയതലത്തിൽ നിന്നുതന്നെയാണ്​ ഉയർന്നുവരേണ്ടത്​. അതിനുപകരം, ബ്യൂറോക്രസിയുടെ അധികാരദുർവിനിയോഗം ഒരു സമൂഹത്തെയാകെ നിതാന്ത തടവിലാക്കിയിരിക്കുകയാണ്​.

ചെന്നപ്പൊയിൽ കോളനിയിൽ കാട്ടാനകൾ നശിപ്പിച്ച വാഴത്തോട്ടത്തിൽ കോമൻ /Photo : Amina K.

എങ്ങനെയാണ്​ ഒരു ആദിവാസി സമൂഹം, അവർക്ക്​ ഏറ്റവും സ്വഭാവികമായി ജീവിക്കാൻ എല്ലാ സാഹചര്യങ്ങളുമുള്ള സ്വന്തം കാടിനുള്ളിൽ എല്ലാ വഴികളുമടഞ്ഞ ഒരു ജീവിതം ജീവിച്ചുതീർക്കുന്നത്​ എന്ന്​ കണ്ണൂർ ചിറ്റാരിപ്പറമ്പ് ചെന്നപ്പൊയിൽ കോളനിയിലെ മനുഷ്യർ കാണിച്ചുതരും.

“ആന ഇറങ്ങിയ സമയത്ത് ഞാൻ ഈ കുടിലിൽ തന്നെ മിണ്ടാതെയിരുന്നു. ആന ഈ വഴിയെ അങ്ങ് കടന്നുപോയി. ആനയുടെ കാല് ഒരിഞ്ച് മാറിയിരുന്നെങ്കിൽ ഞാനും കുടിലും ഉണ്ടാകുമായിരുന്നില്ല”- കുടിലിനരികിലൂടെ ആന പോയ വഴി കാണിച്ച്​, ചെന്നപ്പൊയിൽ കോളനിയിൽ വർഷങ്ങളായി കൃഷി ചെയ്ത് ജീവിക്കുന്ന കോമൻ പറയുന്നു. രണ്ടുവർഷമായി നിത്യേന ആന ഇറങ്ങുന്ന സ്ഥലത്ത് പേടിച്ചുവിറച്ച്​ കഴിഞ്ഞുകൂടുകയാണ്​ ഈ കോളനിയിലെ 22 കുടുംബങ്ങൾ. നിത്യേന കാട്ടാന ഇറങ്ങുന്ന ഇവിടെ ഉറങ്ങാൻ പോലും കഴിയാത്ത ഭീതി നിറഞ്ഞ അവസ്ഥയാണ്. കോളനിവാസികൾക്ക് മറ്റു മാർഗങ്ങളില്ല എന്നുമാത്രമല്ല അവരുടെ ഉപജീവനമാർഗം പോലും ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ഒരുവിധ നഷ്ടപരിഹാരമോ ജീവിതം സുരക്ഷിതമാക്കാനുള്ള നടപടികളോ ഇല്ല എന്നത് മറ്റൊരു വസ്തുത.

പഞ്ചായത്തുകളിലും അധികൃതർക്കും മാറിമാറി പരാതി കൊടുത്തിട്ടും യാതൊരു പരിഗണനയും ഉണ്ടാകുന്നില്ല എന്ന്, കൃഷി ഉപജീവനമാക്കിയ കുറിച്യ വിഭാഗത്തിൽപെട്ട കർഷകർ പറയുന്നു. കാലങ്ങളായുള്ള അവഗണനയായതുകൊണ്ട് നഷ്​ടപരിഹാരം പ്രതീക്ഷിക്കാതെ, അടുത്ത കൃഷിപ്പണിയിലേക്ക് കടക്കുകയാണ് കർഷകർ.

കണ്ണൂർ ജില്ലയിലെ കണ്ണവം പ്രദേശത്ത് മെയിൻ റോഡിൽ നിന്ന് ആറു കിലോമീറ്റർ മാറിയാണ് ചെന്നപ്പൊയിൽ കോളനി. കാടിനുനടുവിൽ പൊതുഗതാഗത സംവിധാനം അടക്കമുള്ള അടിസ്ഥാനസൗകര്യങ്ങൾ നിഷേധിക്കപ്പെട്ട ജനസമൂഹം. 40 കുടുംബങ്ങൾ താമസിച്ചിരുന്ന കോളനിയിൽ ഇപ്പോൾ 22 കുടുംബങ്ങളിലായി 69 മനുഷ്യരാണ് അക്ഷരാർഥത്തിൽ കാടിനു നടുവിൽ അകപ്പെട്ടതുപോലെ ജീവിക്കുന്നത്. നിരവധി കുടുംബങ്ങൾ സർക്കാർ പതിച്ചുനൽകിയ ഭൂമി വിട്ട്​ മറ്റ് സുരക്ഷിത താവളം തേടി പോകുകയാണ്. എവിടെയും പോകാൻ സാധിക്കാത്ത കുറച്ചു മനുഷ്യർ മാത്രമാണ് ഇപ്പോഴും ഇവിടെ ജീവിക്കുന്നത്. ചെന്നപ്പൊയിൽ മേഖലയിൽ 15 ഏക്കറിൽ 30 കർഷകരാണ്​ കൃഷി ചെയ്യുന്നത്​. തെങ്ങ്​, വാഴ, കപ്പ, ചേന, ചേമ്പ്​ തുടങ്ങിയ കൃഷികളാണ്​ ആനക്കൂട്ടങ്ങൾക്ക്​ പ്രിയം. ആനകൾ നശിപ്പിക്കുന്ന കൃഷിസ്ഥലങ്ങളും ഉപജീവന മാർഗങ്ങളും കണ്ടില്ലെന്ന് നടിക്കുകയാണ് ഉദ്യോഗസ്ഥർ. വന്യമൃഗങ്ങൾ നശിപ്പിക്കുന്ന കാർഷിക ഉത്പന്നങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്ന രീതിയും ഫോറസ്റ്റ് ആക്ട് പ്രകാരം ഇല്ല. ആളപായത്തിന്​ നഷ്ടപരിഹാരം കൊടുക്കാറുണ്ടെങ്കിലും അതിനുതന്നെ പലതവണ ഓഫീസുകൾ കയറിയിറങ്ങേണ്ടിവരും. അപ്പോഴും ബാക്കിയാകുന്നവരുടെ ഉപജീവനമാർഗം തടസ്സപ്പെടുന്നത് അധികൃതരുടെ പരിഗണനയിലില്ല.

കോളനിയിലെ നിരവധിപേരുടെ കാർഷികവിളകളാണ്​ ഇതിനകം നശിപ്പിക്ക​പ്പെട്ടത്. കോമൻ എന്നയാളുടെ ആറ്​ തെങ്ങും, 40 കവുങ്ങും, 10 വാഴയും ആനകൾ നശിപ്പിച്ചു. ഇനി എന്തുചെയ്യും എന്നു ചോദിച്ചാൽ, വീണ്ടും കൃഷി ചെയ്യും എന്നു പറയുന്ന ഈ മനുഷ്യൻ അനുഭവിക്കുന്നത്​, ആരും തിരിഞ്ഞുനോക്കാനില്ലാത്തവരുടെ നിസ്സഹായവസ്ഥയാണ്​.
രണ്ടു വർഷത്തിനിടെ, വൻ നഷ്​ടമുണ്ടായ എട്ടുപേർക്ക് നഷ്ടപരിഹാരം കിട്ടിയിട്ടില്ല. കൃഷി ഉത്പന്നങ്ങൾ ഇൻഷുറൻസ് ചെയ്തതാണെങ്കിൽ തുച്ഛമായ തുക നഷ്ടപരിഹാരം നൽകുന്ന സംവിധാനമുണ്ട്. എന്നാൽ അതിനെക്കുറിച്ച് അറിവില്ലാത്തതുമൂലവും കൃഷി- വനം വകുപ്പ്​ ഓഫീസുകളിൽ കയറിയിറങ്ങേണ്ട ബുദ്ധിമുട്ട്​ ഓർത്തും ആരും അതിന് തുനിയുന്നില്ല. കേരള ഫോറസ്റ്റ് ആക്ട് പ്രകാരം നഷ്ടപരിഹാരം കൊടുക്കാനുള്ള വകുപ്പും ഇല്ല. പഞ്ചായത്തുകളിലും അധികൃതർക്കും മാറിമാറി പരാതി കൊടുത്തിട്ടും യാതൊരു പരിഗണനയും ഉണ്ടാകുന്നില്ല എന്ന്, കൃഷി ഉപജീവനമാക്കിയ കുറിച്യ വിഭാഗത്തിൽപെട്ട കർഷകർ പറയുന്നു. കാലങ്ങളായുള്ള അവഗണനയായതുകൊണ്ട് നഷ്​ടപരിഹാരം പ്രതീക്ഷിക്കാതെ, അടുത്ത കൃഷിപ്പണിയിലേക്ക് കടക്കുകയാണ് കർഷകർ.

പൂട്ടിക്കിടക്കുന്ന വനംവകുപ്പ് ഓഫീസ് /Photo : Amina K.

വന്യജീവി ആക്രമണത്തിൽ കൃഷിനാശം സംഭവിക്കുന്നവർക്ക്​ നൽകുന്ന നഷ്​ടപരിഹാരതുക ജീവിതച്ചെലവിനെയും കൃഷി നടത്തിപ്പി​ലെ വർധിച്ചുവരുന്ന ചെലവിനെയും അടിസ്​ഥാനപ്പെടുത്തി പുനർനിശ്​ചയിക്കണമെന്ന്​ സംസ്​ഥാന മനുഷ്യാവകാശ കമീഷൻ നിർദേശം നൽകിയിരുന്നു. പത്തുവർഷത്തിലേറെ പഴക്കമുള്ള നഷ്​ടപരിഹാരമാണ്​ ഇപ്പോഴും നൽകുന്നത്​. ഈ തുച്​ഛമായ തുക പോലും ചെന്നപ്പൊയിൽ നിവാസികൾക്ക്​ കിട്ടാക്കനിയാണ്​.

കാട്ടാനകളെ തടയാൻ വനാതിർത്തികളിൽ സൗരോർജ വേലി, പ്രതിരോധ മതിലുകൾ, റെയിൽ ഫെൻസിങ് എന്നിവ നിർമിക്കുകയാണ് സാധാരണ ചെയ്യുന്നത്. എന്നാൽ ഇതിൽ ഒന്നുപോലും ചെന്നപ്പൊയിൽ കോളനിയിൽ കാണാനാകില്ല. വന്യമൃഗങ്ങളുടെ സാന്നിധ്യം മുൻകൂറായി ജനങ്ങളെ അറിയിക്കുന്ന സംവിധാനങ്ങളുമുണ്ട്. എന്നാൽ, ഇതൊക്കെയും കോളനിവാസികൾക്ക്​ അന്യമാണ്. കാട്ടാനക്കൂട്ടമിറങ്ങിയാൽ അവർ വനം വകുപ്പിനെ അറിയിക്കും, ഉദ്യോഗസ്ഥർ വന്ന് പടക്കം നൽകി പോകും- ഇതാണ്​ നടക്കുന്നത്​. അതിനപ്പുറത്തേക്കുള്ള യാതൊരു ജാഗ്രതയും ഉണ്ടാകുന്നില്ല. പട്ടാപ്പകൽ പോലും ആന ഇറങ്ങുന്ന ഇടത്ത് വനം ഉദ്യാഗസ്ഥർ പോലും കാര്യക്ഷമമായി കാര്യങ്ങൾ അവലോകനം ചെയ്യുന്നില്ല.

സർക്കാർ കണക്കനുസരിച്ച്​, കഴിഞ്ഞ ഒരു വർഷത്തിനിടെ പട്ടികവർഗ വിഭാഗങ്ങളിലെ 26 പേരാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അഞ്ചുവർഷത്തിനിടെ 89 പേർക്കു മാത്രമെ നാശനഷ്ടങ്ങൾക്ക് പരിഹാരതുക നൽകിയിട്ടുള്ളൂ.

ആനയുടെ ചൂളംവിളി കേൾക്കുമ്പോൾ മക്കളെ ചേർത്തുപിടിച്ച് ഭീതിയോടെ തള്ളിനീക്കുകയാണ് ഇവിടുത്തെ അമ്മമാർ. റോഡ് വന്ന്​ വാഹനങ്ങൾ ഓടിത്തുടങ്ങിയാൽ കാട്ടാനകൾ ഇറങ്ങുന്നത് ഇല്ലാതാകും എന്നാണ് അവരുടെ വിശ്വാസം

“ഞങ്ങൾക്ക് ഏറ്റവും ആവശ്യം പൊതുറോഡ് തന്നെയാണ്. കാട്ടാനപ്പേടിയേക്കാൾ നമ്മളെ അലട്ടുന്നത് ഇതാണ്”- അജേഷിനു പറയാനുള്ളത് ഗതാഗത​പ്രശ്​നമാണ്​. കാട്ടിലൂടെ കിലോമീറ്ററുകളോളം നടന്നാണ് ജോലിക്കും മറ്റാവശ്യങ്ങൾക്കും സഞ്ചരിക്കുന്നത്. കുട്ടികളെ സ്​കൂളിലേക്കും തിരിച്ചും ഈ കാട്ടിലൂടെ ഇരുനേരവും രക്ഷിതാക്കൾ കൊണ്ടുവിടേണ്ട അവസ്ഥയാണ്. പകൽ പോലും ആന ഇറങ്ങുന്നതുകാരണം ഒറ്റയ്ക്ക് അവരെ സ്ക്കൂളിലേക്ക് പറഞ്ഞുവിടാൻ രക്ഷിതാക്കൾക്ക് ധൈര്യം പോരാ. എട്ടു കിലോമീറ്റർ താണ്ടിയാണ് ഇവിടുത്തെ കുട്ടികൾ സ്​കൂളിലേക്ക്​ പോകുന്നത്​. കാടും മലയും കയറി കുട്ടികൾ തിരികെ വരുമ്പോഴേക്കും രാത്രി ഏഴുമണി വരെയാകും. കോവിഡ് കാലത്ത് പഠനം ഓൺലൈനായപ്പോഴും ഇവിടുത്തെ കുട്ടികൾ പരിധിക്കുപുറത്തായിരുന്നു.

ആനയുടെ ചൂളംവിളി കേൾക്കുമ്പോൾ മക്കളെ ചേർത്തുപിടിച്ച് ഭീതിയോടെ തള്ളിനീക്കുകയാണ് ഇവിടുത്തെ അമ്മമാർ. റോഡ് വന്ന്​ വാഹനങ്ങൾ ഓടിത്തുടങ്ങിയാൽ കാട്ടാനകൾ ഇറങ്ങുന്നത് ഇല്ലാതാകും എന്നാണ് അവരുടെ വിശ്വാസം. കോളനിയിൽ, വർഷങ്ങളായി റോഡ് അളക്കലും അധികൃതരുടെ പരിശോധനകളും തകൃതിയായി നടക്കുന്നുണ്ട്. എന്നാൽ അതിനപ്പുറത്തേക്ക് നടപടികൾ നീങ്ങുന്നില്ല. ഏറ്റവുമൊടുവിൽ, രണ്ടുമാസം മുമ്പാണ്​ റോഡിന്​അളവെടുത്തുപോയത്​. പഞ്ചായത്ത് അധികൃതരോട് സംസാരിക്കുമ്പോൾ വനം വകുപ്പിന്റെ അനുമതിപത്രം കിട്ടാനുള്ള താമസം മാത്രമേയുള്ളൂ എന്ന ന്യായം പറച്ചിലാണ്​. വനത്തിലായതിനാൽ ടാറിങ്​ വിലക്കി രണ്ടുവർഷം മുന്നേ കോൺക്രീറ്റ്​ റോഡുണ്ടാക്കിയിരുന്നു. എന്നാൽ പ്രളയസമയത്ത് അതും കുത്തിയൊലിച്ചുപോയി.

ദിവസേന വൈദ്യുതി ക്ഷാമം നേരിടുന്ന കോളനിയാണ് ചെന്നപ്പൊയിൽ. പകൽ പോലും ഇരുട്ട് അനുഭവപ്പെടുന്ന ഇവിടെ വൈദ്യുതി തടസം വന്നാൽ കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കും

പ്രളയാനന്തര കേരള നിർമാണത്തെക്കുറിച്ച്​ സംസാരിക്കുന്നവർ ചെന്നപ്പൊയിൽ കോളനിയിലേക്കു വരണം. ഇവിടെ പ്രളയാനന്തര ജീവിതാവസ്ഥയുടെ പിടച്ചിലുകൾ കാണാം. കല്ലും മണ്ണും കുത്തിയൊലിച്ച് നടപ്പാതയിൽ കുമിഞ്ഞുകൂടിയിരിക്കുകയാണ്​. കാൽനടയാത്ര പോലും അസഹ്യം. പ്രളയത്തിനുശേഷം, 2019-ൽ അവതരിപ്പിച്ച ബജറ്റിൽ പ്രളയത്തിൽ തകർന്ന പാലങ്ങളുടെയും റോഡുകളുടെയും അറ്റകുറ്റപ്പണിക്കുമാത്രം 732 കോടി രൂപ പദ്ധതിയിതര വിഭാഗത്തിൽ പൊതുമരാമത്ത് വകുപ്പിന്​ മാറ്റിവെച്ചിരുന്നു. 2022 ആയിട്ടും നയാപൈസ ചെന്നപ്പൊയിൽ കോളനിയിലെത്തിയിട്ടില്ല. മറ്റൊരു കാലവർഷം ശക്തിയായി വരുമ്പോഴും പ്രളയമുന്നറിയിപ്പിനിടയിലും എവിടെ പോകണമെന്നറിയാത്ത അവസ്ഥയാണ് ഈ കോളനി നിവാസികൾക്ക്.

സംസ്​ഥാന സർക്കാരിന്റെ പട്ടികജാതി- പട്ടികവർഗ വകുപ്പിന്റെ 2021-ലെ സാമൂഹ്യക്ഷേമ പദ്ധതിയിൽ ആരോഗ്യകേന്ദ്രങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. അതായത്, രണ്ടര കിലോമീറ്റർ ചുറ്റളവിൽ മറ്റ് ആരോഗ്യകേന്ദ്രങ്ങൾ ഇല്ലാത്ത പട്ടികജാതി സങ്കേതങ്ങളിൽ ആരോഗ്യകേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്നും നിലവിൽ ഇത്തരം 29 സങ്കേതങ്ങളുണ്ടെന്നും പറയുന്നു. എന്നാൽ ചെന്നപ്പൊയിൽ കോളനിവാസികൾക്ക് അത്യവശ്യം വന്നാൽ എട്ടു കിലോമീറ്റർ അപ്പുറത്തുള്ള ഹെൽത്ത് സെൻറർ മാത്രമാണുള്ളത്​. രാത്രിയാണെങ്കിൽ ഈയൊരു സൗകര്യം പോലുമില്ല. 22 കുടുംബങ്ങളിൽ പ്രായം കൂടിയവരും ഗുരുതര രോഗമുള്ളവരും നിരവധി പേരുണ്ട്​. അവർക്കൊന്നും അത്യാവശ്യഘട്ടത്തിൽ ഡോക്ടറെ കാണാനാകില്ല. ചികിത്സ കിട്ടാതെ നിരവധി പേരാണ്​ കഴിഞ്ഞ വർഷങ്ങളിൽ മരിച്ചത്​.
​ആരോഗ്യകേന്ദ്രങ്ങൾ മാത്രമല്ല, അംഗൻവാടികളോ സാംസ്കാരികനിലയങ്ങളോ ഒന്നും ഇവിടെയില്ല. എന്നാൽ ഈ കോളനിക്കുസമീപമുള്ള പറമ്പുക്കാവ്, പന്ന്യോട് കോളനികളുടെ സ്ഥിതി അൽപം മെച്ചമാണ്. അവിടെ അംഗൻവാടികളും സാസ്കാരികനിലയങ്ങളും പ്രവർത്തിക്കുന്നുണ്ട്​.

ചെന്നപ്പൊയിൽ കോളനിയിലെ കോൺക്രീറ്റ്​ റോഡ്​ തകർന്നുകിടക്കുന്നു / Photo : Amina K.

ദിവസേന വൈദ്യുതി ക്ഷാമം നേരിടുന്ന കോളനിയാണ് ചെന്നപ്പൊയിൽ. പകൽ പോലും ഇരുട്ട് അനുഭവപ്പെടുന്ന ഇവിടെ വൈദ്യുതി തടസം വന്നാൽ കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കും. കുടിവെള്ളവും കോളനിക്കാർക്ക്​ കിട്ടാക്കനിയാണ്​. ശുദ്ധജലമില്ലാത്തതിനാൽ, ഓസിലൂടെ വരുന്ന വെള്ളമാണ്​ ഇവർ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ഒരു പൊതുകിണർ പണിയാനുള്ള അനുമതി പോലും ഇവർക്ക് ലഭിക്കുന്നില്ല.

കേരളത്തിലെ ആദിവാസി കോളനികൾ നേരിടുന്ന ക്രൂരമായ അവഗണനയുടെ ഒരു ഉദാഹരണം മാത്രമാണ്​ ചെന്നപ്പൊയിൽ. കുറിച്യർ, കാട്ടുനായ്ക്കർ, പണിയർ തുടങ്ങി ഒട്ടനവധി ആദിവാസി വിഭാഗങ്ങൾ ഇരുൾമൂടി ജീവിക്കുന്ന ഊരുകൾ കേരളത്തിൽ നിരവധിയുണ്ട്​. മുഖ്യധാരാ സമൂഹങ്ങളെ ഉന്നംവക്കുന്ന വികസന അജണ്ടയാണ്​ നവ​കേരളസൃഷ്​ടിയുടെ ആധാരമാകാൻ പോകുന്നതെങ്കിൽ, ചെന്നപ്പൊയിൽ കോളനികൾ അവയുടെ ‘തനത്​ അവസ്​ഥകളിൽ’ എന്നും നിലനിൽക്കുക തന്നെ ചെയ്യും. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


ആമിന കെ.

തുഞ്ചത്തെഴുത്തച്​ഛൻ മലയാള സർവകലാശാലയിൽ ജേണലിസം ആൻറ്​ മാസ്​ കമ്യൂണിക്കേഷൻ ബിരുദാനന്തര ബിരുദ വിദ്യാർഥി.

Comments