SC / ST ഉപസംവരണം കൊണ്ട് പ്രാതിനിധ്യമില്ലായ്മയെ മറികടക്കാനാകുമോ?
വാദം, പ്രതിവാദം

പട്ടികജാതി - പട്ടികവർഗ്ഗ ലിസ്റ്റിൽ ഉപസംവരണവും ക്രീമിലെയറും നടപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകുന്ന സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട ചർച്ചയുടെ ഭാഗമായി ഉന്നയിക്കപ്പെട്ട വാദങ്ങളും അതിനുള്ള മറുപടിയുമാണിത്. ഉപസംവരണവാദത്തിന് അനുകൂലമായുള്ള സി.എസ്. മുരളിയുടെ വാദങ്ങൾക്ക് എം. ഗീതാനന്ദന്റെ മറുപടി.

ട്ടികജാതി - പട്ടികവർഗ്ഗ ലിസ്റ്റിൽ ഉപസംവരണവും ക്രീമിലെയറും നടപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകി 2024 ആഗസ്റ്റ് 1 ന് പുറത്തുവന്ന സുപ്രീംകോടതി വിധി ദേശവ്യാപകമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. വിധി മറികടക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി, സമഗ്രമായ സംവരണ നിയമം എന്നീ ആവശ്യങ്ങളെ മുൻനിർത്തി 2024 ഒക്ടോബർ 13, 14 തീയതികളിൽ കേരളത്തിലെ ദലിത് - ആദിവാസി സംഘടനകൾ സൗത്ത് ഇന്ത്യൻ കോൺക്ലേവ് സംഘടിപ്പിച്ചിരുന്നു.

ദേശീയതലത്തിൽ നടക്കാൻ പോകുന്ന കോൺക്ലേവിന്റെ മുന്നോടിയായാണ് സൗത്ത് ഇന്ത്യൻ കോൺക്ലേവ് കേരളത്തിൽ നടന്നത്. കോൺക്ലേവ് പ്രഖ്യാപിക്കപ്പെട്ടതോടെ ഉപസംവരണത്തെ പിൻതുണച്ചും, കോടതിവിധിയെ എതിർത്തു സജീവമായ ചർച്ച കേരളത്തിൽ നടക്കുന്നുണ്ട്. ഉപസംവരണവാദത്തിന്റെ പ്രധാന വക്താവും മുതിർന്ന ദലിത് നേതൃത്വവുമായ സി.എസ്. മുരളി ഫേസ്ബുക്കിൽ അദ്ദേഹത്തിന്റെ നിലപാടുകൾ എഴുതിയിരുന്നു. ഉപ സംവരണവാദത്തെ എതിർത്തും, അദ്ദേഹത്തിന്റെ വാദഗതികളെ ഖണ്ഡിച്ചുകൊണ്ടും കോൺക്ലേവ് സംഘാടക സമിതിയുടെ ജനറൽ കോഓർഡിനേറ്റർ എന്ന നിലയിൽ ഈ ലേഖകനും ഫേസ്ബുക്കിൽ എഴുതി. തുടർന്നുള്ള ആരോഗ്യകരമായ സംവാദത്തിന് ഇത് ഉപകരിക്കും എന്ന് പ്രത്യാശിക്കുകയാണ്.

ഭാഗം - 1
ഉപസംവരണവാദം ജാതിസിദ്ധാന്തം

  1. ഉപസംവരണം വേണമെന്ന വാദത്തിന് ചരിത്രപരമായ പിൻബലമുണ്ടെന്ന് സി.എസ്. മുരളി വാദിക്കുന്നു: “1935- ൽ തിരുവിതാംകൂറിലും 1936 മുതൽ കൊച്ചിയിലും, 1951 മുതൽ രൂപപ്പെട്ട തിരുകൊച്ചിയിലും ഉപസംവരണവ്യവസ്ഥ ഉണ്ടായിരുന്നു”. ഇത് പുനഃസ്ഥാപിക്കണമെന്നതാണ് ആവശ്യം.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതിനുശേഷം ഒരു ഭരണഘടന നിലവിൽ വന്നതും, നാട്ടുരാജ്യങ്ങളിലെ നിയമങ്ങൾക്ക് പ്രസക്തി ഇല്ല എന്നതും ഉപസംവരണവാദികൾ അംഗീകരിക്കുന്നില്ല. ഭരണഘടന അനുസരിച്ച് ഓരോ ജാതിക്കും, ഉപജാതിക്കും ഗോത്രങ്ങൾക്കും സംവരണമില്ല. തമിഴ്നാട്ടിൽ നിന്നുള്ള ഒരു കേസിൽ (Madras Vs Champakam Dorarajan Case) 1951-ൽ സുപ്രീംകോടതി ഇത് അസന്ദിഗ്ധമായി പ്രസ്താവിച്ചു. എല്ലാ ജാതി - ഉപജാതി സംവരണങ്ങളും അവസാനിച്ചു.

സി.എസ്. മുരളി
സി.എസ്. മുരളി

അയിത്തത്തിന് വിധേയരായ ജാതികളുടെ പൊതുവായ പരാധീനതകളും പിന്നാക്കാവസ്ഥയും കണക്കിലെടുത്ത് 1935- ൽ ഒന്നാം ഇന്ത്യ ഭരണഘടനയിലും പിന്നീട് ഭരണഘടനാ നിർമ്മാണ അസംബ്ലി അംഗീകരിച്ച ഭരണഘടനയിലും Scheduled Castes എന്ന പേരിൽ അയിത്ത ജനവിഭാഗങ്ങളെ ഒരു വിഭാഗമായി (ക്ലാസ്) നിർണ്ണയിച്ചു. ഗോത്രവർഗ്ഗങ്ങളെ പട്ടികവർഗ്ഗക്കാർ (Scheduled Tribes) എന്നും നിർണ്ണയിച്ചു. ആ വിഭാഗത്തിൽപ്പെട്ടവർക്ക് മാത്രമാണ് എസ്.സി. / എസ്.ടി. സംവരണം. അത് 'ജാതി' കൾക്കുള്ള സംവരണമല്ല.

  1. “നിലവിലുള്ള എസ്.സി. / എസ്.ടി. ലിസ്റ്റിൽ മാറ്റം വരുത്താൻ സുപ്രീംകോടതി ആരോടും പറഞ്ഞിട്ടില്ല”- ഉപസംവരണവാദികൾ പറയുന്നു.

സുപ്രീംകോടതി പോലും ഇങ്ങനെ പറഞ്ഞിട്ടില്ല. ഭരണഘടനയിലെ 341, 342 ഒന്നുകൂടി വായിക്കൂ. എസ്.സി. / എസ്.ടി. ലിസ്റ്റിൽ ഒന്നും “ഒഴിവാക്കാനോ, കൂട്ടിച്ചേർക്കാനോ, മാറ്റം വരുത്താനോ പാർലമെന്റിനല്ലാതെ മറ്റാർക്കും അധികാരമില്ല” എന്നാണ് അടിവരയിട്ട് പറയുന്നത്. എസ്.സി. / എസ്.ടി ലിസ്റ്റ് ഉപവിഭാഗങ്ങളാക്കുന്നത് മാറ്റം വരുത്തലല്ലാതെ മറ്റെന്താണ്?

  1. ‘‘ഉപസംവരണം നടത്താൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടോ എന്നതാണ് സുപ്രീം കോടതിയുടെ പരിഗണനാവിഷയം” - സി.എസ്. മുരളി പറയുന്നു.

ഭരണഘടനയുടെ 16 (4) അനുസരിച്ച് മതിയായ പ്രാതിനിധ്യം ലഭിക്കാത്ത വിഭാഗങ്ങൾക്ക് നിയമങ്ങൾ നിർമ്മിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്നതാണ് സുപ്രീം കോടതിയുടെയും ഉപസംവരണവാദികളുടെയും മുഖ്യമായ വാദം. 16(4) ലെ വിശദീകരണം ശരിയാണ്. 16(4) അനുസരിച്ച് വ്യവസ്ഥകളുണ്ടാക്കാനാണ് പറയുന്നത്. എന്നാൽ സുപ്രീംകോടതിയുടെ പ്രധാനപ്പെട്ട രണ്ട് ഭര ണഘടനാവിരുദ്ധമായ വ്യാഖ്യാനത്തെക്കുറിച്ച് ഉപസംവരണവാദികൾ നിശ്ശബ്ദരാണ്.

16(4) നടപ്പാക്കുന്നതിന് 341, 342 വകുപ്പുകൾ ഒരു തടസ്സമായികൂടാ (Limiting Factor) എന്നതാണ് കോടതി പരിഗണിക്കുന്നത്. ചെരുപ്പിനനുസരിച്ച് കാലുകൾ മുറിക്കണം. ഉപവിഭാഗങ്ങളായി തിരിക്കുന്ന വിഭാഗക്കാർക്ക് സംസ്ഥാന സർക്കാരിന് സംവരണം നൽകാൻ കഴിയണമെങ്കിൽ Scheduled castes എന്ന നിർവ്വചനവും വിഭാഗവും ഇല്ലാതാകണം. അതുകൊണ്ട് 341 തടസ്സ മായിക്കൂടാ എന്ന് വിശദീകരിച്ചതിനുശേഷം എസ്.സി./എസ്.ടി. വിഭാ ഗങ്ങളെ ഒ.ബി.സി.യുടെ പൊതുമാനദണ്ഡത്തിന്റെ പരിധിയിലേക്ക് ആനയിക്കുന്നു. അയിത്ത ജനത എന്ന നിലയിലല്ല ഈ വിഭാഗം ഇനിമുതൽ. ‘പിന്നാക്കവിഭാഗക്കാർ' എന്ന നിലയിലേക്ക് പ്രമോട്ടു ചെയ്യപ്പെടണം.

ഉപസംവരണവാദിയായ സി.എസ്. മുരളി സുപ്രീംകോടതിയുടെ നിരീക്ഷണങ്ങളെ ഇങ്ങനെ ഉദ്ധരിക്കുന്നുണ്ട്: “ഇപ്പോൾ പട്ടികജാതി - വർഗ്ഗ ഗ്രൂപ്പിൽ ചില ജാതികൾക്ക് | ഗോത്രങ്ങൾക്ക് മതിയായ പ്രാതിനിധ്യം ഇല്ലെങ്കിൽ 16(4) പ്രകാരം ആ ജാതി കളെ / ഗോത്രങ്ങളെ പിന്നോക്കവിഭാഗങ്ങളായി പരിഗണിക്കണം’’. പിന്നാക്ക വിഭാഗം എന്ന പ്രയോഗം പട്ടികജാതി / പട്ടികവർഗ്ഗത്തിലെ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെ ഉൾകൊള്ളാൻ കഴിയുന്നത്ര വിശാലമാണ് എന്ന ഹർജിക്കാരുടെ വാദത്തെയും സുപ്രീംകോടതി അംഗീകരിച്ചു.

അതെ, കാര്യങ്ങൾ വ്യക്തമാണ്. സംസ്ഥാനങ്ങൾക്ക് ഉപവർഗ്ഗീകരണം നടത്താൻ എസ്.സി. / എസ്.ടി. വിഭാഗങ്ങളെ ഒ.ബി. സി. എന്ന വിഭാഗത്തിന്റെ പൊതുവായ ‘പിന്നാക്കാവസ്ഥ’ നേരിടുന്നവർ എന്ന നിലയിലേക്ക് പ്രമോഷൻ നൽകുകയാണ്. ‘പൊതുവായ പിന്നാക്കാവസ്ഥ' എന്ന മാനദണ്ഡം. യാതൊരു കാരണവശാലും അയിത്ത ജനവിഭാഗങ്ങളായ എസ്.സി. /എസ്.ടി. ക്കാർക്ക് ബാധകമായിക്കൂടാ എന്ന് ഇന്ദിരാസാഹ്നി കേസിലെ വിധിയിലെ പരാമർശം ഉപസംവരണവാദികൾ കണ്ടില്ലെന്ന് നടിക്കുന്നു. 16(4) ന്റെ പ്രയോഗം എസ്.സി. / എസ്.ടി. ക്കും ഒ.ബി.സി.ക്കും വ്യത്യസ്തമായ നിലയിൽ ബാധകമാക്കാനാണ് ഭരണഘടന അനു വദിക്കുന്നുള്ളൂ. മണ്ഡൽ വിധിക്കുശേഷം സുപ്രീംകോടതി 16(4) നെ പല നിലയിൽ ദുർവ്യാഖ്യാനം ചെയ്യുകയും ദുരുപയോഗം ചെയ്യുകയും ചെയ്തിട്ടുണ്ട് എന്നതിന്റെ രണ്ട് ഉദാഹരണങ്ങളാണ് ഇ. ഡബ്ല്യു.എസ്. കേസും ഉപസംവരണ വിധിയും.

നിയമനങ്ങളിലും തസ്തികകളിലും പിന്നാക്കം നിൽക്കുന്ന പൗരർക്ക് മതിയായ പ്രാതിനിധ്യമില്ലെന്ന് സർക്കാരിന് ഉത്തമ ബോധ്യമുണ്ടെങ്കിൽ, നിയമനം നടത്താൻ സർക്കാരിന് അധികാരം നൽകുന്ന വകുപ്പാണ് ആർട്ടിക്കിൾ 16 (4). ഉപവർഗ്ഗീകരിക്കാത്തതുകൊണ്ടാണ് മതിയായ പ്രാതിനിധ്യമില്ലാത്തതെന്ന് എവിടെയും തെളിയിക്കപ്പെട്ടിട്ടില്ല. മതിയായ പ്രാതിനിധ്യമില്ലെന്ന് തെളിയിക്കപ്പെട്ടാലും 16(4) ഉപവർഗ്ഗീകരണത്തിനുള്ള വകുപ്പല്ലല്ലോ. 16(4) വകുപ്പ് നടപ്പാക്കുന്നതിന് ആർട്ടിക്കിൾ 341, 342 വകുപ്പുകൾ മുമ്പൊരിക്കലും തടസമായിരുന്നിട്ടില്ല. സർക്കാർ നിയമനങ്ങളിലെ സംവരണ തസ്തിക കളിലെ നാളിതുവരെയുള്ള നിയമനങ്ങളെല്ലാം ഉപവർഗ്ഗീകരണമില്ലാതെ നടന്നിട്ടുണ്ട്.

ഇവിടെ ന്യായമായും ഉപവർഗ്ഗീകരണവാദികളോട് ചോദിക്കാനുള്ളത്, ഉപവർഗ്ഗീകരിച്ചാൽ മതിയായ പ്രാതിനിധ്യം ഉറപ്പാക്കാനാകുമോ? ഉപവർഗ്ഗീകരിക്കാത്തതുകൊണ്ട് കഴിഞ്ഞ ദശകങ്ങളിൽ അതിപിന്നാക്കക്കാർക്ക് എത്ര തസ്തിക നഷ്ടമുണ്ടായി? എസ്.സി. / എസ്.ടി. വിഭാഗങ്ങൾക്ക് സംസ്ഥാന നിയമനങ്ങളിൽ 8% വും 2% വുമാണ് സംവരണം. എസ്.സി. വിഭാഗത്തിലെ വേടൻ, നായാടി, ചക്ലിയർ, അരുന്ധതിയാർ, കല്ലാടി തുടങ്ങിയ വിഭാഗങ്ങളെല്ലാം ചേർന്നാൽ എസ്.സി. ജനസംഖ്യയുടെ ഏകദേശം 0.33% മാത്രമാ ണുള്ളത്. 8%- ത്തിൽ മത്സരിക്കാൻ കഴിയുന്ന ഈ വിഭാഗക്കാരെ 0.33%- ത്തിൽ ഒതുക്കുന്നതാണോ 16(4) ന്റെ ഗുണം ലഭിക്കാനുള്ള ഏക മാർഗ്ഗം? ആർട്ടിക്കിൾ 16(4) ഈ വിഭാഗത്തിന് വേണ്ടി എങ്ങിനെ പ്രയോഗവൽക്കരിക്കും?

പട്ടികവർഗ്ഗവിഭാഗത്തിന് 2% സംവരണമാണുള്ളത്. കേരളത്തിൽ 39 ഗോത്രവർഗ്ഗ വിഭാഗക്കാരുണ്ട്. ഇവരിൽ ആരൊക്കെയാണ് അതിപിന്നാക്കക്കാർ? പണിയ, അടിയ, പി.വി.ടി.ജി. തുടങ്ങിയ വിഭാഗങ്ങളെല്ലാം അതിപിന്നാക്കക്കാരായി കണക്കാക്കിയാൽ അവർ ഏകദേശം 0.5% മാത്രമാണ്. പി.എസ്.സി. റോസറിൽ എവിടെയൊക്കെ സ്ഥാനനിർണ്ണയം നടത്തും?

ഉപവർഗ്ഗീകരണ സൈദ്ധാന്തികനായ സി.എസ്. മുരളി പറയുന്നത്, റോസ്റ്റർ പോയിന്റിൽ 44, 92 എന്ന ക്രമത്തിൽ സ്ഥാനിർണ്ണയം നടത്തുക എന്നാണ്. ഏതൊക്കെ ഗോത്രങ്ങളെ ഏതൊക്കെ ടേണിൽ 39 ഗോത്രങ്ങളെയോ, അല്ലെങ്കിൽ ഗോത്രവിഭാഗങ്ങളെ പല ബ്ലോക്കുകളിലാക്കിയാൽ ഏതൊക്കെ ബ്ലോക്കിനെ ഓരോ ടേണിലും കൊണ്ടുവരും? അതി നുള്ള സാധ്യതാലിസ്റ്റ് കേരളത്തിലെ പി.എസ്.സി.ക്ക് ഉണ്ടാകുമോ? ഇതിനെല്ലാറ്റിനും പുറമെ എസ്.സി./എസ്.ടി. കാർക്ക് മത്സരിക്കാനുള്ള സാധ്യതയുള്ളത് കേരളത്തിൽ മാത്രമല്ലല്ലോ. നാട്ടുരാജ്യത്തിലേക്ക് തിരിച്ചുപോകുന്നതിന് മുൻപ് ദേശീയതലത്തിൽ ഒന്ന് കണ്ണോടിക്കൂ. കേന്ദ്ര പൂളിൽ എന്തു ചെയ്യും? എന്താണ് ദേശീയതല മാനദണ്ഡം? ആര് നിയമമുണ്ടാക്കും? കേരളത്തിലെ 99% ഗോത്ര വർഗ്ഗക്കാരും കേന്ദ്രപൂളിൽ പിന്നിലാണല്ലോ. 16(4)- ന്റെ സാധ്യത ഉറപ്പിക്കാൻ അവിടെയും ഉപസംവരണം വേണ്ടേ? ഉപസംവരണ സൈദ്ധാന്തികർ ഇതിനൊക്കെ വിശദീകരണം നൽകിയേ മതിയാകൂ.

  1. “1980- കളിൽ സംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശ്, കർണ്ണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ പതിറ്റാണ്ടുകളായി മാഡിക, മാഡികയുമായി ബന്ധപ്പെട്ട സമുദായങ്ങളും, അരുന്ധതിയാർ സമുദായങ്ങളും തെരുവുകളിൽ ഉപസംവരണത്തിനുവേണ്ടി നടത്തിയ പോരാട്ടങ്ങളെ മറച്ചുപിടിക്കുകയും അവിടെയുണ്ടായ നിയമനിർമ്മാണങ്ങളിലൂടെ അരുതാത്തതെന്തോ സംഭവിക്കുന്നു എന്ന് ധ്വനിപ്പിക്കുകയും ചെയ്യുന്നു’’.

ഉപസംവരണത്തിന്റെ ദേശീയ പശ്ചാത്തലത്തെക്കുറിച്ചുള്ള ഗ്രേറ്റ് ഇന്ത്യൻ കോൺക്ലേവിന്റെ വക്താക്കളുടെ നിലപാടിനോടുള്ള സി.എസ്. മുരളിയുടെ നിരീക്ഷണത്തിൽ നിന്നുള്ളതാണ്. ശരിയാണ്, അരുതാത്ത ഒരു സാമൂഹിക രാഷ്ട്രീയ മുന്നേറ്റത്തെ ആന്ധയിൽ നിന്ന് മാഡിക ജാതിവാദികൾ ഉയർത്തികൊണ്ടുവന്നു എന്നതാണ് ഗ്രേറ്റ് ഇന്ത്യൻ കോൺക്ലേവുകാരുടെ നിരീക്ഷണം. സി.എസ്. മുരളി പറയുന്നതുപോലെ 1980- കളിൽ അല്ല അത്. 1990- കളിൽ, ആഗോളവൽക്കരണത്തിന്റെ ആരംഭം.

പീപ്പിൾ വാർ ഗ്രൂപ്പുപോലുള്ള ഇടതുപക്ഷ തീവ്രവാദ പ്രസ്ഥാനങ്ങളുടെ തകർച്ച, ആന്ധ്ര - തെലുങ്കാന വിഭജനത്തിനു മുമ്പുള്ള ആന്ധ്രാപ്രദേശിലെ സാഹചര്യം എന്നീ പൊതു പശ്ചാത്തലത്തിൽ മാഡിക പ്രക്ഷോഭസമിതി ഉയർന്നുവരുന്നത് 1994 ലാണ്. ആന്ധ്രയിലെ 65 ലക്ഷത്തോളമുള്ള മാഡിക - മാല വിഭാഗത്തിൽ 30 ലക്ഷത്തോളം വരുന്ന മാല വിഭാഗങ്ങളാണ് കൂടുതൽ അവസരം കവർന്നെടുക്കുന്നതെന്ന സിദ്ധാന്തമായിരുന്നു മാഡിക പ്രക്ഷോഭത്തിന്റെ ഏക ഊർജ്ജം. മാഡിക കമ്മ്യൂണിറ്റി പിന്നാക്കമാണെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. മാഡിക ജാതിവാദ പ്രസ്ഥാനം ഇന്ത്യൻ ഭരണഘടനയിലെ മൗലികമായ അംബേദ്കർ സങ്കൽപ്പങ്ങളെ ചോദ്യം ചെയ്തുകൊണ്ട് വളർന്ന ഒരു നവജാതിവാദ പ്രസ്ഥാനമാണ്. അത് വളരെ വേഗം പടർന്നു. മാലകളും സംഘടിതരായി. കാത്തി പത്മറാവുവിന്റെ ദലിത് മഹാസഭപോലും തകർന്നു. പിന്നീട് ആന്ധ്രയിലും തെലുങ്കാനയിലും കർണ്ണാടകയിലും വ്യാപിച്ചുകിടക്കുന്ന 85 ലക്ഷത്തോളം വരുന്ന മാഡിക സമുദായത്തിന്റെ പിന്നിലാണ് ആന്ധ്രയിലെ ദലിത് ബുദ്ധിജീവികളും, സിവിൽ സർവ്വീസുകാരും, രാഷ്ട്രീയക്കാരും അണിനിരന്നത്.

പത്മറാവു
പത്മറാവു

ജാതി തിരിച്ച് സംവരണം നടപ്പാക്കിയാൽ എണ്ണത്തിൽ കൂടുതലുള്ള മാഡിക വിഭാഗത്തിന് കൂടുതൽ അവസരം ലഭിക്കുമെന്ന ജാതി സിദ്ധാന്തമല്ലാതെ മറ്റെന്താണിത്. ആന്ധ്രാപ്രദേശിലെ 15% സംവരണത്തെ എ, ബി, സി, ഡി എന്ന ക്രമത്തിൽ വിഭജിച്ചപ്പോൾ 7% മാഡിക, 6% മാല, 1% അതി പിന്നാക്ക എസ്.എസി.ക്കാർക്കും, 1% കൂടുതൽ പ്രാതി നിധ്യമുള്ളവർക്ക് എന്ന നിലയിൽ ഉപവർഗ്ഗീകരിക്കപ്പെട്ടു. ഇത് ജാതിമേധാവിത്വം സ്ഥാപിക്കാനും, ചെറുന്യൂനപക്ഷങ്ങളെ തുടച്ചുനീക്കാനുമുള്ള പുതിയ ജാതിശ്രേണിയല്ലാതെ മറ്റെന്താണ്? ആന്ധ്രാപ്രദേശ് പ്രഭവകേന്ദ്രമായ ഈ ജാതിവാദസിദ്ധാന്തത്തിന്റെ തുടർച്ചയാണ് പഞ്ചാബ്, ഹരിയാന, മഹാരാഷ്ട്ര തുടങ്ങിയ മേഖലകളിൽ തുടർന്നുണ്ടായത്. അവിടെ വാത്മീകികളെ മുൻനിർത്തുന്നു എന്നുമാത്രം. രാമചന്ദ്ര രാജു കമ്മീഷനും ഉഷമേ കമ്മീഷനും എല്ലാം അവിടെ നിൽക്കട്ടെ. ആന്ധ്രയിൽ നിന്നും പൊട്ടിപുറപ്പെട്ട ഉപസംവരണ വാദത്തിന്റെ പൊതുലക്ഷ്യം ഭരണഘടന തകർക്കലാണ്, എസ്.സി. / എസ്. ടി. ലിസ്റ്റ് വിഭജനമാണ്, ഇന്ത്യയെ ജാതിയിലേക്ക് കൊണ്ടുപോവുക എന്നതാണ്. കോൺഗ്രസും മറ്റ് നിരവധി ദേശീയ പാർട്ടികളും ഈ ജാതിവാദം വളർത്തുന്നതിൽ ഗണ്യമായ പങ്കു വഹിച്ചിട്ടുണ്ട്.

ഇപ്പോൾ ഈ സോഷ്യൽ എഞ്ചിനീയറിംഗ് ബി.ജെ.പി.യുടെ കളത്തിലാണ്. മാഡിക ജാതിവാദം ഇ.വി. ചിന്നയ്യ Vs ആന്ധ്രാപ്രദേശ് കേസിലെ വിധിയോടെ അടഞ്ഞ അധ്യായമായിരുന്നു. ആ വിധി മറികടക്കാൻ സംഘപരിവാർ നടത്തിയ വലിയ ഒരട്ടിമറിയാണ് 2024 ആഗസ്റ്റ് 1 ന് പുറത്തുവന്ന 7 അംഗ ബെഞ്ചിന്റെ വിധി. സംഘപരിവാർ ചട്ടുകമായി തീർന്നു ഈ വിധി. ജാതിവാദത്തിന്റെയും, ജാതിയുദ്ധത്തിന്റെയും ഉപകരണമായി ഈ വിധി ഇന്ത്യൻ രാഷ്ട്രീയത്തിൽ വിളയാടികൊണ്ടിരിക്കുന്നു. സി.എസ്. മുരളിയെപോലുള്ള ചിലർ അതിന്റെ ഉപകരണങ്ങൾ മാത്രം. അതിപിന്നാക്കക്കാരെ മുൻനിർത്തുന്നത് ജാതിവാദ സിദ്ധാന്തത്തെ മറച്ചുവെക്കാൻ മാത്രം.

ഭാഗം - 2

ഡോ. ബാബു വിജനാഥ് കമീഷനും കേരളത്തിന്റെ ഉപസംവരണവാദികളും

ഏതാണ്ട് അര നൂറ്റാണ്ട് പഴക്കമുള്ള ഡോ. ബാബു വിജയനാഥ് കമീഷൻ റിപ്പോർട്ടിന് 2024- ൽ എന്തെങ്കിലും കാലിക പ്രസക്തിയുണ്ടോ?

“1982- ൽ നാലു വാല്യങ്ങളിലായി അനുഭവപരവും ശാസ്ത്രീയവുമായ ഡാറ്റകൾ ഉള്ള ഒരു റിപ്പോർട്ട് അദ്ദേഹം സമർപ്പി ച്ചതും ഉപസംവരണവാദത്തെ എതിർക്കുന്നവർ ബോധപൂർവ്വം മറന്നുകളയുന്ന തായി’’ സി.എസ്. മുരളി ആരോപിക്കുന്നു.

ഡോ. ബാബു വിജയനാഥ് കമീഷൻ റിപ്പോർട്ടിനെ ആരും മറക്കുന്നില്ല. പ്രസ്തുത കമീഷൻ ഉപസംവരണം നിർദ്ദേശിച്ചു എന്നതും നിഷേധിക്കുന്നില്ല. എന്നാൽ അതിന് ഇന്ന് യാതൊരുവിധ പ്രസക്തിയുമില്ല. GO (MS) No. 80/78/DD dt 30-05-1978 എന്ന സർക്കാർ ഉത്തരവനുസരിച്ചാണ് ഡോ. ബാബുവിജയനാഥ് ചെയർമാനായി കമീഷൻ രൂപീകരിക്കപ്പെടുന്നത്. സി.എസ്. മുരളി പറയുന്നതുപോലെ 4 വാല്യങ്ങളില്ല. 3 വാല്യങ്ങളിലായാണ് റിപ്പോർട്ടുള്ളത്. 1-ാം വാല്യം മുഖ്യ റിപ്പോർട്ട്; 2-ാം വാല്യം സർക്കാർ, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളിലെ എസ്.സി. / എസ്.ടി. പ്രാതിനിധ്യ കണക്കുകളും ചോദ്യാവലികളും; 3-ാം വാല്യം സാമൂഹിക - സാമ്പത്തിക സർവ്വകളുടെ പട്ടികകൾ എന്നിങ്ങനെയാണ് 3 വാല്യങ്ങൾ.

കമീഷൻ രൂപീകരിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവിലെ 18 ടേംസ് ഓഫ് റഫറൻസുകളിൽ ഉപസംവരണം പരിശോധിക്കണ മെന്ന് ആവശ്യപ്പെട്ടിരുന്നില്ല. എങ്കിലും കമീഷന്റെ റെക്കമെന്റേഷനിൽ ഉപസംവരണം നിർദ്ദേശിച്ചു. എന്നാൽ GO (MS) No. 2083/HWD/ df 01-08-1983 ഉത്തരവനുസരിച്ച് കമീഷന്റെ ഏറെക്കുറെ എല്ലാ നിർദ്ദേശങ്ങളും സർക്കാർ അംഗീകരിച്ചു; നടപടികൾ നിർദ്ദേശിച്ചു.

സർക്കാർ സർവ്വീസിലും പൊതുമേഖലാ സർവ്വീസിലും മതിയായ പ്രാതിനിധ്യം ഉറപ്പാക്കാൻ കമീഷൻ റെക്കമെന്റേഷന്റെ XI-ാം ഭാഗം പരിഗണിച്ചുകൊണ്ട് സ്പെഷ്യൽ റിക്രൂട്ട്മെന്റ് അംഗീകരിച്ചു; പ്രമോ ഷനിൽ സംവരണമെന്നത് ഭാഗികമായി മാത്രം അംഗീകരിച്ചു. എന്നാൽ ജാതിതിരിച്ചുള്ള പ്രാതിനിധ്യം എന്ന കമ്മീഷൻ റെക്കമെ ന്റേഷൻ സർക്കാർ തള്ളിക്കളയുകയായിരുന്നു.

കമീഷന്റെ XI-ാം റെക്കമെന്റേഷനിലെ 6, 7 ഇനത്തിന്റെ തീരുമാനം ഇങ്ങനെയായിരുന്നു: "At present the overall percentage of 10 is devided as 8% and 2% between SC and ST respectively. With the availeble data it will be difficult to prescribe definite per- centage for subgroups among SC & ST. Even the grouping sug- gested by the Commission does not seen to be logical and will be difficult for implementation. Hence the recommendation is not accepted". ഡോ. ബാബു വിജയനാഥ് കമ്മീഷൻ റിപ്പോർട്ടിലെ ഉപ സംവരണ നിർദ്ദേശത്തിന്റെ അന്ത്യം മേൽപറഞ്ഞതാണ്.

ഡോ. ബാബുവിജയനാഥ് കമീഷൻ എന്തുകൊണ്ട് യുക്തിക്ക് നിരക്കാത്തതായി?

പട്ടികജാതി ജനസംഖ്യയുടെ 54.16% വരുന്ന 20 ജാതിവിഭാഗങ്ങൾക്ക് 4% സംവരണം, പട്ടികജാതി ജനസംഖ്യയിൽ 45.84% വരുന്ന 48 ജാതികൾക്ക് 6% സംവരണം എന്നതായിരുന്നു കമീഷൻ നിർദ്ദേശം. രണ്ടാമത്തെ ലിസ്റ്റിൽ പേര് പറഞ്ഞിരുന്ന 14 ജാതികൾ കേരളത്തിൽ നിലവിലില്ല എന്ന് കമീഷൻ തന്നെ കണ്ടെത്തിയതായി റിപ്പോർട്ടിൽ പരാമർശമുണ്ട്. 48 ജാതികളുടെ ലിസ്റ്റിലാണ് ഉപസംവരണം വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്ന ഏകസമുദായമായ സിദ്ധനർ ഉൾപ്പെട്ടിരുന്നത്. മേൽ സമുദായത്തിന്റെ ജനസംഖ്യ എസ്.സി. ജനസംഖ്യയുടെ 1.5% മാത്രമേ വരികയുള്ളൂ. അതുപോലെ എസ്.ടി. ജനസംഖ്യയുടെ 31.57% വരുന്ന 16 വിഭാഗങ്ങൾക്ക് 0.5% വും എസ്.ടി. ജനസംഖ്യയുടെ 68.43% വരുന്ന എസ്.ടി. വിഭാഗങ്ങൾക്ക് 1.5% വും കമീഷൻ നിർദ്ദേശിച്ചു. (ഇതിൽ 3 വിഭാഗങ്ങൾ കേരളത്തിലില്ല എന്ന് കമീഷൻ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്). ജനസംഖ്യാ പ്രാതിനിധ്യം പരിഗണിക്കാത്ത കമീഷൻ, സർക്കാർ - പൊതുമേഖലാ സർവ്വീസിലെ പ്രാതിനിധ്യമനുസരിച്ച് എന്തെങ്കിലും വർഗ്ഗീകരണം നടത്തിയിട്ടുമില്ല. ഇന്ന് അതി പിന്നാക്കമായി കണക്കാക്കപ്പെടുന്നവർ കൂടുതൽ പ്രാതിനിധ്യമുള്ളവരായി കണക്കാക്കപ്പെടുകയും ചെയ്തിരുന്നു. മാത്രമല്ല, പട്ടികജാതിക്കാരും പട്ടികവർഗ്ഗക്കാരും കൃത്യമായി തരംതിരിക്കപ്പെടാതെ മേൽപറഞ്ഞ ഉപവർഗ്ഗീകരണ ലിസ്റ്റിൽ ഇടംപിടിച്ചതായും കാണുന്നു. വിവരശേഖരണത്തിനുള്ള മാനദണ്ഡങ്ങൾ കമീഷൻ എവിടെയും ചർച്ച ചെയ്തതായി കാണുന്നില്ല.

മാഡിക റിസർവേഷൻ പോരാട്ട സമിതിയുടെ യോഗം
മാഡിക റിസർവേഷൻ പോരാട്ട സമിതിയുടെ യോഗം

1970 കളിലെ എസ്.സി. / എസ്.ടി. വിഭാഗങ്ങളുടെ പൊതു പിന്നാക്കാവസ്ഥയും കമീഷന്റെ ഭരണഘടനാവിരുദ്ധ നിലപാടും

ഉപവർഗ്ഗീകരണം നടക്കാത്തതാണ് പ്രാതിനിധ്യക്കുറവിന് കാരണം എന്ന് കമീഷൻ എവിടെയും ചർച്ച ചെയ്യുന്നില്ല. മറിച്ച് സ്വാതന്ത്ര്യം കിട്ടി രണ്ടര ദശകം കഴിഞ്ഞിട്ടും എല്ലാ വിഭാഗവും അതിപിന്നാക്കമാണെന്ന് കമീഷൻ അടിവരയിട്ടു പറയുന്നു. കമീഷൻ കണ്ടെത്തിയ വിദ്യാഭ്യാസ ഡാറ്റ തന്നെ ഇതിന് മതിയായ തെളിവാണ്. വിദ്യാസമ്പന്നരുടെ യോഗ്യത അനുസരിച്ചുള്ള ഒരു ഡാറ്റ കമീഷൻ ശേഖരിച്ചിട്ടില്ല. മെട്രിക്കുലേഷനും അതിന് മുകളിലുള്ളവരും എന്നാണ് പ്രധാന കണ്ടെത്തലിൽ പറഞ്ഞിരിക്കുന്നത്. 1971- ലെ സെൻസസ് അനുസരിച്ച് എസ്.സി. വിഭാഗങ്ങളിൽ 41.27% വും എസ്.ടി വിഭാഗത്തിൽ 20.07% മാത്രമായിരുന്നു സാക്ഷരത നേടിയ വരായി കണ്ടെത്തിയത് എന്ന് ഓർക്കേണ്ടതാണ്. 10-ാം ക്ലാസും അതിനു മുകളിൽ യോഗ്യതയുള്ളവരുടെ ശതമാനകണക്ക് കമീഷൻ ഇങ്ങിനെ ഒരു പട്ടികയിലാക്കിയിട്ടുണ്ട്.

സാബൻ (25%), പുതിരൈ വണ്ണാൻ (11.88%), പരവർ (8.14%), ഭരതർ (7.96%), പെരുമണ്ണ (7.78%), അജില (7.69%), പതിയർ (7.64%), വേലൻ (7.27%), വണ്ണാൻ (6.75%), സമഹാര (6.48%), മണ്ണാൻ (5.58%), മുണ്ടാല (5.44%), കാക്കാലൻ (5.14%), അയ്യനവർ (4.85%), പടന്നർ (4.18%), പറയർ (3.64%), പാണൻ (3.54%), അരുന്ധതിയാർ (3.47%), തണ്ടാൻ (3.46%), പുലയൻ (3.07%), മലയൻ (2.85%), തോട്ടി (1.98%), പുലയ വേട്ടുവൻ (1.89%), കുറവർ (1.81%), നായാടി (1.64%) എന്നിങ്ങ നെയാണ് കമ്മീഷൻ അവതരിപ്പിച്ചിരിക്കുന്നത്. മറ്റ് സമുദായങ്ങൾ വിദ്യാഭ്യാസ യോഗ്യതയിൽ ഇതിൽ താഴെയാണെന്ന് ചുരുക്കം. സ്വാതന്ത്ര്യാനന്തര കേര ള ത്തിലെ രണ്ട് ദശ ക ങ്ങ ളിലെ വിദ്യാഭ്യാസത്തിന് ശേഷം ഇത്രമാത്രമേ പുരോഗമിച്ചിട്ടുണ്ടായിരുന്നുള്ളൂ.

പട്ടികവർഗ്ഗത്തിൽ മല അരയർ, കാണിക്കാർ തുടങ്ങിയ ഗോത ങ്ങളൊഴികെ മറ്റെല്ലാ ഗോത്രവർഗ്ഗക്കാർക്കും പ്രാഥമിക സാക്ഷരത പോലും കൈവരിച്ചിരുന്നില്ല. മേൽപറഞ്ഞ വിദ്യാഭ്യാസ യോഗ്യത കണക്കിലെടുത്ത് ഉപവർഗ്ഗീകരണമില്ലാത്തതാണ് പ്രാതിനിധ്യക്കുറവിന് കാരണം എന്ന് എങ്ങനെയാണ് നിഗമനത്തിൽ എത്തിച്ചേരാൻ കഴിയുക? മാത്രവുമല്ല. 1971- ലെ സെൻസസ് കാലഘട്ടത്തിൽ സർക്കാർ പൊതുമേഖലാ സർവ്വീസുകളിൽ പ്രാതിനിധ്യമുണ്ടായിരുന്നവരിൽ ബഹുഭൂരിപക്ഷവും താഴ്ന്ന തരം ജോലികളിലാണ് ഉണ്ടാ യിരുന്നത്. ഉപവർഗ്ഗീകരണം എന്ന നിർദ്ദേശം യുക്തിസഹമല്ല എന്ന് നിരീക്ഷിക്കുകയും സർക്കാർ തള്ളിക്കളയുകയും ചെയ്യുന്നത് പ്രധാ നമായും മേൽ വിശദീകരിച്ച കാരണങ്ങൾ കൊണ്ടാണ്.

70-കളിലെ മുന്നണി രാഷ്ട്രീയവും
ഉപസംവരണവാദവും

കേരളത്തിലെ 99% എസ്.സി./എസ്.ടി. വിഭാഗക്കാരും ഉപസംവരണം ആവശ്യപ്പെട്ടവരല്ല. ഡോ. ബാബുവിജയനാഥ് കമ്മീഷന്റെ മുന്നിലും ഇതൊരു ആവശ്യമായി ആരും ഉന്നയിച്ചിട്ടില്ല. എന്നാൽ 70-കളിലേക്ക് കടക്കുന്ന കേരളം എസ്.സി./എസ്.ടി. വിഭാഗങ്ങളുടെ സാമുദായിക രാഷ്ട്രീയ ജീവിതത്തിൽ മുന്നണി രാഷ്ട്രീയ ശക്തികൾ ശക്തമായി ഇടപെട്ടുകൊണ്ടിരുന്ന കാലഘട്ടമായിരുന്നു. ദലിതരിലെ മുഖ്യസമുദായങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ കൊടിക്കീഴിൽ അണിനിരക്കുകയും, ചില പ്രബല സമുദായ സംഘടനകളുടെ നിയന്ത്രണം തന്നെ കമ്മ്യൂണിസ്റ്റ് നിയന്ത്രണത്തിലാകുകയും ചെയ്തതിനാൽ ഒരു സോഷ്യൽ എഞ്ചിനിയറിംഗ് തന്ത്രം മുന്നണി രാഷ്ട്രീയത്തിലെ പ്രബലരായ കോൺഗ്രസുകാർ കേരളത്തിൽ പ്രയോഗിച്ചു എന്നത് ഒരു ചരിത്രവസ്തുതയാണ്. ചില ചെറു സമുദായങ്ങൾക്ക് ഭരണരാഷ്ട്രീയത്തിൽ പ്രാതിനിധ്യം നൽകുന്നതും ഈ പശ്ചാത്തലത്തിലാണ്.

1976 ലെ ലിസ്റ്റ് വിപുലീകരണം ദേശീയതലത്തിൽ നടക്കുന്നതിന് മുൻപും അടിയന്തരാവസ്ഥ കാലഘട്ടത്തിലും കെ. കരുണാകരനുണ്ടായിരുന്ന അപ്രമാദിത്വവും, നിരവധി ചെറുസമുദായങ്ങളെ വിഭജിക്കുന്നതിലേക്കും, എസ്.ടി. വിഭാഗങ്ങളെ എസ്.സി.യിലേക്കും മറ്റും മാറ്റി നിയമസഭാമണ്ഡലങ്ങളിൽ സ്വാധീനം ചെലുത്തുന്ന സാഹചര്യം കേരളത്തിലുണ്ടായിട്ടുണ്ട്. സിദ്ധനരുടെ ആവശ്യത്തിന് ലഭിച്ച പ്രോത്സാഹനവും ഈ സാഹചര്യത്തിൽ മാത്രമെ നോക്കിക്കാണാനാകൂ. കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ മാവില, കരിമ്പാല, മല വേട്ടുവ, പുലയൻ തുടങ്ങിയ വിഭാഗങ്ങളെ എസ്.ടി. പദവിയിൽ നിന്ന് എസ്.സി.യിലേക്ക് മാറ്റുന്നതും സംവരണ മണ്ഡലങ്ങളെ മുൻനിർത്തി മാത്രമാണ്. പദവി മാറ്റത്തിന് മേൽപറഞ്ഞ വിഭാഗങ്ങൾ രണ്ടര ദശകത്തോളം പ്രക്ഷോഭം നടത്തേണ്ടിവന്നു. പിൽക്കാലത്ത് (2004 ൽ) മറാഠ വിഭാഗം എസ്.ടി. വിഭാഗങ്ങളിൽ നിന്ന് ഒഴിവാക്കപ്പെടേണ്ടതാണെന്ന് പാർലമെന്റ് നിയമം പാസ്സാക്കിയപ്പോൾ അവരെ നിലനിർത്താൻ മുൻകൈ എടുത്തതും ഇടത് - ബി.ജെ.പി. പാർട്ടിക്കാരാണ്. കൃത്രിമ വിഭജനത്തിന് ഇരയായ ഉള്ളാടരും മറ്റും രക്ഷപ്പെട്ടെങ്കിലും ഖദർ ഇട്ട് നടന്ന നേതാക്കളുണ്ടായിട്ടും വേടർ കമ്മ്യൂണിറ്റി പട്ടികജാതിയും, മലവേടർ പട്ടികവർഗ്ഗവും ആയി തുടർന്നു. കിർത്താഡ്സ് നിലവിൽ വന്നശേഷം നടന്ന പഠനങ്ങളിൽ സിദ്ധനർ വിഭാഗങ്ങൾക്ക് പട്ടികവർഗ്ഗ വിഭാഗങ്ങളുടെ നരവംശസ്വഭാവങ്ങളാണ് ഉള്ളതെന്ന നിരീക്ഷണങ്ങളുണ്ടായിട്ടും, ശാസ്ത്രീയപഠനങ്ങളുടെ അളവുകോലുപയോഗിച്ച് സിദ്ധനർ സമൂഹത്തെ ഉയർത്തിക്കൊണ്ടുവരാൻ സമുദായനേതൃത്വങ്ങളും രാഷ്ട്രീ പാർട്ടികളും തയ്യാറായില്ല. നേതൃത്വത്തിൽ ചിലർ ഒരു പാരമ്പര്യവിശ്വാസം പോലെ ഡോ. ബാബു വിജയനാഥ് കമ്മീഷൻ റിപ്പോർട്ടിന്റെ ഓർമ്മകളിൽ ജീവിക്കുകയാണ്.

മഹാത്മ അയ്യങ്കാളി
മഹാത്മ അയ്യങ്കാളി

മഹാത്മ അയ്യങ്കാളി - അംബേദ്കർ ചിന്തകൾ ഇന്ന് പ്രബലമാണ്.

മഹാത്മാ അയ്യങ്കാളിയുടെയും അംബേദ്കറൈറ്റ് ചിന്തകളുടെയും സ്വാധീനമുള്ള പുതിയ നേതൃത്വം എല്ലാ സമുദായപ്രസ്ഥാനങ്ങളിലും 1980 കൾക്കുശേഷം പ്രബലമാണ്. 90 കളോടുകൂടി ഗോത്ര വർഗ്ഗ വിഭാഗങ്ങളും ആദിവാസികൾ എന്ന ഐഡൻന്റിറ്റിയെ ഉയർത്തിപ്പിടിച്ച് മുന്നേറ്റം കേരളത്തിൽ ഏറെ പ്രബലമാണ്.

കെ.എച്ച്.എസ്.എഫ്, ഐ.എൽ.പി., ബി.എസ്.പി., കെ.ഡി.പി., ഗോത മഹാസഭ തുടങ്ങിയ നിരവധി പടവുകളിലൂടെയാണ് കഴിഞ്ഞ രണ്ട് ദശകത്തിലേറെയായി അവർ മുന്നേറിയത്. ദേശീയതലത്തിൽ ഭര ണഘടന മൂല്യങ്ങളിലും, ദലിത് ആദിവാസി ഐക്യത്തിലുമാണ് അവർ അടിയുറച്ച് നിൽക്കുന്നത്. നിരവധി മുന്നേറ്റങ്ങൾക്ക് ഇത് ഊർജ്ജമായി ഇന്നും നിലനിൽക്കുന്നു. പണിയനും, അടിയനും, കാട്ടുനായ്ക്കനുമായി ചിതറിയ ഗോത്രവർഗ്ഗജനതയാണ് ഒരു ദേശീയത എന്ന നിലയിൽ കേരളത്തിൽ ഗോത്ര സ്വയംഭരണവും പെസ നിയമവും, ഭൂമിയുടെ രാഷ്ട്രീയവും പ്രശ്നവൽക്കരിക്കുന്നത്.

ഉപ ജാതി - ഗോത്രത്തിനതീതമായ ജനാധിപത്യചിന്തയാണ് ഇതിന്റെ പ്രേരകശക്തി. പുതിയ തലമുറക്കും അത് വഴികാട്ടിയാകുന്നു. സിദ്ധനർ സമൂഹത്തിനുള്ളിലും ശ്രദ്ധേയമായ മുന്നേറ്റങ്ങളാണുണ്ടായത്. ചെങ്ങറ സമരത്തിന് ശക്തി സ്രോതസ്സായിരുന്നത് തദ്ദേശീയ ജനത കളുടെ ഐക്യം എന്ന മുദ്രാവാക്യമാണ്. ഈ വിമോചന സമരങ്ങൾ കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തിൽ ഇന്ന് അവഗണിക്കാൻ കഴിയാത്ത ശക്തിയാണ്. ദലിത് - ആദിവാസി ജനതയെ ശിഥിലീകരിക്കുന്ന ഉപജാതി സംവരണമെന്ന ആശയത്തെയും പ്രതിരോധിക്കുന്നവർ അവരാണ്. അതുകൊണ്ട് 'ജാതി' തിരിച്ചുള്ള വിഹിതം വേണ മെന്ന് 1990-കളിൽ മാഡിക വിഭാഗം ആന്ധ്രയിൽ നിന്നും ഉയർത്തിക്കൊണ്ടുവന്ന ജാതിവാദത്തെ ദലിത് ആദിവാസി ജനത ശക്തമായി പ്രതിരോധിക്കും. മാഡിക ജാതിവാദത്തിന് ഭരണഘടനാ മൊറാലിറ്റിയില്ല. അത് വംശീയവും ജാതിമേധാവിത്തത്തിനുമുള്ളതാണ്. രാഷ്ട്രീ യപാർട്ടികളുടെ പൊളിറ്റിക്കൽ ഗെയിമിനായി ദലിതരെ ചട്ടുകങ്ങളാക്കാനുള്ളതാണ്. ഇടത് തീവ്രവാദ പ്രസ്ഥാനങ്ങളുടെ തകർച്ചയിൽ നിന്നുള്ള മോഹഭംഗം കൊണ്ടുണ്ടായതാണ്. എണ്ണത്തിൽ കുറവുള്ള ജാതികളെ ഉന്മൂലനം ചെയ്യാനുള്ളതാണ്. അതുകൊണ്ടാണ് ഗ്രേറ്റ് ഇന്ത്യൻ കോൺക്ലേവ് ഉപജാതി സംവരണത്തിനെതിരെ, മുഖ്യജനാധിപത്യ പ്രശ്നം എന്ന നിലയിൽ അതിപിന്നാക്കം നിൽക്കുന്ന ദലിത് ആദിവാസികളുടെ പ്രത്യേക പ്രതിനിധാനത്തിന് നിയമനിർമ്മാണം ആവശ്യമാണെന്നും സമഗ്രമായ ഒരു സംവരണ നിയമം ആവശ്യമാണെന്നുമുള്ള മുദ്രാവാക്യം ഉയർത്തുന്നത്.

ഇന്നിപ്പോൾ കേരളത്തിലും ഇന്ത്യയിലും എസ്.സി./എസ്.ടി. വിഭാഗങ്ങളിൽ മെട്രിക്കുലേഷൻ പാസായവർ മാത്രമല്ല ആയിരക്കണക്കിന് വിദ്യാസമ്പന്നരുണ്ട്. യോഗ്യതയുണ്ടായിട്ടും തൊഴിലില്ലാത്തവർ ആയിരങ്ങൾ. സംവരണാവകാശം എല്ലാ മേഖലയിലും ഇല്ലായ്മ ചെയ്യപ്പെട്ടുകൊണ്ടിരിക്കുമ്പോൾ, ഇതിനെല്ലാം പരിഹാരം ഉപസംവരണമാണോ മറ്റ് മാർഗ്ഗങ്ങളാണോ എന്നത് ആലോചിക്കാൻ അവർക്ക് പ്രാപ്തിയുണ്ടാകട്ടെ.

ഭാഗം - 3

അയിത്തജനതയെ (Untouchables) അപനിർമ്മിക്കുന്ന സുപ്രീംകോടതി വിധികളും ഉപസംവരണ വാദികളും

ഉപവർഗ്ഗീകരണത്തിനായി സുപ്രീം കോടതി അവലംബിച്ച പ്രധാന വാദങ്ങളിലൊന്ന് പട്ടികജാതിക്കാർ ഏകതാനസ്വഭാവം (ho- mogenous) ഉള്ളവരല്ലെന്നും, ജാതി - ഉപജാതിവിഭാഗങ്ങളുടെ വൈവിധ്യസ്വഭാവം (heterogenous) പ്രബലമായി ഉള്ളവരാണെന്നു മാണ്. ഒരു ഭരണഘടനാ സംവർഗം (constitutional category) എന്ന നിലയിൽ ഇനിമേൽ പ്രത്യേക പരിരക്ഷയും പരിഗണനയും ആവശ്യമില്ലാത്തവരാണ് ഇവർ എന്നാണ് വിധികൊണ്ടുദ്ദേശിക്കുന്നത്. ഒരു നൂറ്റാണ്ടുകൊണ്ട് അയിത്തജനവിഭാഗങ്ങൾ സ്ഥാപിച്ചെടുത്ത പ്രത്യേക പരിഗണനയാണ് കോടതി റദ്ദ് ചെയ്തതും ഉപസംവരണവാദികൾ ആഘോഷമാക്കി മാറ്റുന്നതും.

ഒരു ജനാധിപത്യവ്യവസ്ഥയെ നിരന്തരം പരിഷ്കരിക്കാൻ കഴിയുന്ന ഏകവിഭാഗമെന്ന നിലയിൽ പ്രഥമഗണനീയ സ്ഥാനത്താണ് അയിത്ത ജനവിഭാഗത്തെ (untouchables) ഡോ. ബി.ആർ. അംബേദ്കർ അവരോധിക്കുന്നത്. ഒരു ഭരണഘടന സംവർഗം (constitu tional category) എന്ന നിലയിൽ സ്ഥാപിച്ചെടുക്കാൻ ദശകങ്ങളായി ഡോ. ബി.ആർ. അംബേദ്കർ നടത്തിയ പഠനങ്ങളെയും പോരാട്ടങ്ങളെയും മറച്ചുവെക്കാനും അയിത്തജനവിഭാഗത്തെ ജാതികളും "ഗോത്രങ്ങളും' ഉൾക്കൊള്ളുന്ന ഒരു ആൾക്കൂട്ടമായി (multifufde) ചിത്രീകരിക്കാനുമാണ് ഉപസംവരണവാദത്തിന്റെ വക്താവായ സി.എസ്. മുരളി ശ്രമിക്കുന്നത്. ഇതിനായി ഡോ. ബി.ആർ. അംബേദ്കറുടെ രചനകളിൽ നിന്ന് തന്നെ ഉദ്ധരിക്കുകയും വികൃതമാക്കുകയും ചെയ്യുകയാണ്.

‘സാമൂഹികമായി വേർതിരിക്കപ്പെട്ടവർ രാഷ്ട്രീയമായി വേർതിരിക്കപ്പെടണം' എന്ന വ്യക്തമായ രാഷ്ട്രീയ നിലപാടാണ് അയിത്ത ജനവിഭാഗങ്ങളെ സംബന്ധിച്ച് ഡോ. ബി.ആർ. അംബേദ്കർ തുടക്കം മുതൽ സ്ഥാപിച്ചെടുത്തത്. അയിത്ത ജനവിഭാഗം സാമൂഹികമായി വേർതിരിക്കപ്പെട്ട ഒരു ജനതയാണ്. അവർ വെവ്വേറെ ജാതികളും ഗോത്രങ്ങളും എന്ന നിലയിലുള്ള ആൾക്കൂട്ടമല്ല.

ഡോ. ബി.ആർ. അംബേദ്കർ
ഡോ. ബി.ആർ. അംബേദ്കർ

ഡോ. ബി.ആർ. അംബേദ്കറുടെ അശ്പൃശ്യർ അഥവാ ഇന്ത്യൻ ഗെറ്റോ സന്തതികൾ എന്ന പേരിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച സമാഹാരത്തിൽ നിന്ന് (ഡോ. ബി. ആർ. അംബേദ്കർ - സമ്പൂർണ്ണകൃതികൾ - 9-ാം വാല്യം) 6-ാം പേജ് മുതൽ ദീർഘമായി സി.എസ്. മുരളി ഉദ്ധരിക്കുന്നു. എന്നാൽ തന്റെ വാദങ്ങൾ തന്ത്രപരമായി സ്ഥാപിക്കാൻ ഡോ. ബി.ആർ. അംബേദ്കറുടെ ഉദ്ധരണികളുടെ തൊട്ടു പിന്നാലെ മറ്റൊരു വ്യക്തിയുടെ ലേഖനത്തിൽ നിന്നും ദീർഘമായി ഉദ്ധരിച്ച് കൂട്ടിച്ചേർക്കുന്നു. ഉപസംവരണത്തെ ന്യായീകരിക്കുകയും "അസ്പൃശ്യത എന്ന പ്രയോഗത്തിനും, അങ്ങനെയുള്ള ഒരു വിഭാഗത്തിനും ഭര ണഘടനാപരമായി പ്രസക്തിയില്ല എന്ന വാദം സ്ഥാപിക്കാനും ശ്രമിക്കുന്ന ആക്റ്റിവിസ്റ്റും, ബാംഗ്ലൂർ സ്വദേശിയുമായ ശിവസുന്ദർ എന്ന വ്യക്തിയുടെ ലേഖനത്തിൽ നിന്നുമാണ് ദീർഘമായി കടമെടുത്ത് കൂട്ടിച്ചേർത്തത്. (സി.എസ്. മുരളിയുടെ ഫേസ്ബുക്ക് പേജിൽ 4-ാം ഭാഗമെന്ന നിലയിൽ പ്രസിദ്ധീകരിച്ച കുറിപ്പിൽ) The Wire ഓൺലൈൻ പ്രസിദ്ധീകരണത്തിൽ (Opposition to Subclassofication: Negatian of Reality, Equality and Unity - by Shivasunder) നിന്നാണ് ഒരു പേജോളം എടുത്ത് ചേർത്തിരിക്കുന്നത്.

എഴുതിയ കുറിപ്പ് സി.എസ്. മുരളിയുടെ വാദങ്ങളാണോ ഡോ. ബി.ആർ. അംബേദ്കറിന്റെ വാദങ്ങളാണോ അതല്ല ശിവസുന്ദറിന്റെ വാദങ്ങളാണോ എന്ന് വേർതിരിക്കാൻ കഴിയാത്ത വിധമാണ് ഇത് ചെയ്തിരിക്കുന്നത്. മാത്രമല്ല, തന്റെ ഉപസംവരണവാദം സ്ഥാപിക്കാൻ ശിവസുന്ദറിന്റെ ലേഖനത്തിൽ നിന്ന് എടുത്തുചേർത്തതിന്റെ അന്ത്യത്തിൽ എസ്.സി./എസ്.ടി. വിഭാഗങ്ങളിൽ ക്രീമിലെയർ നടപ്പാക്കണമെന്ന് ശക്തമായി വാദിച്ച ജസ്റ്റിസ് ഗവായ് യുടെ വിധിയിൽ ചേർത്തിരിക്കുന്ന 1936- ലെ അസ്പൃശ്യരുടെ ലിസ്റ്റ് വായനക്കാരോട് നോക്കാൻ സി.എസ്. മുരളി പറഞ്ഞിട്ടുണ്ട്.
ഇന്ത്യ ഗവൺമെന്റ് ആക്റ്റിന്റെ ഭാഗമായി 1935- ൽ പ്രസിദ്ധീകരിച്ച ലിസ്റ്റിൽ 429 ജാതികളുടെയും വംശങ്ങളുടെയും ഗോത്രങ്ങളുടെയും പേര് ഉണ്ടെന്നും, ‘അത് നിശ്ചയമായും ജാതികളുടെയും വംശങ്ങളുടെയും ഗോത്രങ്ങളുടെയും സംവരണമായിരുന്നു' എന്നല്ലേ തെളിയിക്കുന്നത് എന്നാണ് സി.എസ്. മുരളി ചോദിക്കുന്നത്. അപാര കണ്ടുപിടുത്തം. എസ്.സി./എസ്.ടി. ലിസ്റ്റിൽ ജാതി കളുടെയും ഗോത്രങ്ങളുടെയും ലിസ്റ്റ് ഉണ്ടാകുമല്ലോ. അതല്ലല്ലോ തർക്കവിഷയം. ലിസ്റ്റിനെ ഉപവർഗ്ഗീകരിക്കാമോ എന്നതല്ലെ? ഉപ വർഗ്ഗീകരിക്കുന്നതിനല്ലേ കോടതി നിർദ്ദേശിച്ചത്.

ഉപസംവരണവും സവർണ്ണ മധ്യവർഗ്ഗത്തിന്റെ മനുഷ്യാവകാശപ്രേമവും

ഉപസംവരണത്തെ പിൻതുണച്ചാൽ സവർണ മധ്യവർഗ്ഗത്തിന് എളുപ്പത്തിൽ മനുഷ്യാവകാശസംരക്ഷകരാകാം. ആഗോളവൽക്കരണവും സ്വകാര്യവൽക്കരണവും പിൻതുടർന്ന് സമസ്ത മേഖലയിലും സംവരണം ഇന്ന് എടുത്തുകളയുന്നു. ‘സ്വജന’ങ്ങൾക്ക് മാത്രം നിയമനം, ലാറ്ററൽ എൻട്രി, ഔട്ട്സോഴ്സിംഗ്, എയ്ഡഡ് മേഖലയിലെ കോഴനിയമനം; സവർണസംവരണം (ഇ. ഡബ്ല്യു.എസ്.), സവർണർക്ക് പ്രത്യേക ക്രീമിലെയർ പരിധി തുടങ്ങി സാമുദായികസംവരണത്തെ തകർക്കാൻ കേന്ദ്രസർക്കാരും കോർപ്പറേറ്റുകളും ഹിന്ദുത്വവാദികളും മത്സരിക്കുകയാണ്. ഒരു മനുഷ്യാവകാശക്കാരെയും കോടതിയെയും മാധ്യമങ്ങളെയും ബുദ്ധിജീവികളെയും മാവോയിസ്റ്റുകളെയും അർബൻ നക്സലുകളെയും ഇതിനെ എതിർക്കുവാനായി കണ്ടില്ല. പക്ഷെ ഇവരെല്ലാം എസ്.സി./എസ്.ടി. ലിസ്റ്റിൽ പിന്നാക്കം തള്ളപ്പെട്ടുപോയവർക്ക് വേണ്ടി ഇപ്പോൾ പേന ഉന്തുകയാണ്. അവരാണ് സി.എസ്. മുരളി യെപോലുള്ളവരുടെ ഊർജ്ജം. യോഗേന്ദ്ര യാദവ് മുതൽ മാവോയിസ്റ്റ് കെ. മുരളി വരെ ഇവരിൽപെടും. യാതൊരു ഡാറ്റയുമില്ലാതെയാണ് ഇക്കൂട്ടർ ലേഖനങ്ങളും മുഖപ്രസംഗവുമെഴുതിയത്. ദലിത് ആദിവാസി വിഭാഗങ്ങളിലെ ഒരു സമ്പന്നർ ‘അതിപിന്നാക്കക്കാരുടെ അവസരങ്ങൾ തട്ടിയെടുക്കുന്നു’ എന്നാണ് (appropriating) ഉപയോഗിക്കുന്ന പദങ്ങൾ. ഒരുതരം ‘കുറ്റവാളി’വൽക്കരണം, എസ്.സി./എസ്.ടി. വിഭാഗങ്ങളിലെ ഒരു വിഭാഗത്തിന് മേൽ ആരോപിക്കുകയാണ്. (പഴയ ബ്രിട്ടീഷ് തന്ത്രം). അതികഠിനമായ ജീവിത സാഹചര്യത്തിൽ നിന്നും പടവെട്ടി വിദ്യാഭ്യാസം നേടിയ ഒന്നും രണ്ടും തലമുറയിലെ എസ്.സി./എസ്.ടി. വിഭാഗങ്ങളെയാണ് സമ്പന്നർ എന്ന് മുദ്രകുത്തുന്നത്. ഇവരാരും ബിസിനസുകാരോ, വ്യാപാരികളോ കൃഷിക്കാരോ അല്ല. ഇവർ സമ്പന്നരും ക്രീമിലെയറും മറ്റുള്ളവരുടെ അവസരം തട്ടിയെടുത്തവരുമാണെന്ന് ആരോപിക്കുന്നു. ഇ.എം.എസിന്റെ ‘സവർണ ദരിദ്ര’ എന്ന കണ്ടുപിടുത്തത്തിന്റെ ദലിത് വിരുദ്ധ മുഖമാണിതെന്ന് പറയാം. അതിപിന്നാക്കക്കാരുടെ ‘ഐ.എ.എസ്’ സാധ്യതയെ തടയുന്നവർ ഇവരായതുകൊണ്ട് സമ്പന്നർ വഴിമാറണമെന്ന വെറുപ്പിന്റെ രാഷ്ട്രീയമാണ് അതിപിന്നോ ക്കക്കാരുടെ തലയിൽ കുത്തികയറ്റികൊണ്ടിരിക്കുന്നത്. സർക്കാർ, കോടതികൾ എന്നിവർ അതിപിന്നാക്കക്കാർക്ക് വേണ്ടി എന്തു ചെയ്യുകയായിരുന്നു? അതിപിന്നാക്കക്കാരെ രക്ഷിക്കാൻ അവർ എന്തു ചെയ്തു എന്ന് ചോദിക്കാൻ കഴിയാത്തവിധം ജാതിവാദം പതുക്കെ ഒരു വിഭാഗത്തിൽ ആവേശിച്ചുകൊണ്ടിരിക്കുകയാണ്. സംഘികൾ വിജയിക്കുകയാണ്.

ഇ.എം.എസ്.
ഇ.എം.എസ്.

ഉപവർഗ്ഗീകരണത്തിന്റെ ഭരണഘടനാ പഠനങ്ങൾ മനുഷ്യാവകാശക്കാർ ചർച്ച ചെയ്യാറില്ല. Art. 341, 342 എന്നിവ സുപ്രീംകോടതി അട്ടിമറിച്ചോ എന്നതൊന്നും ഇക്കൂട്ടർ ചർച്ച ചെയ്യാറില്ല. എന്നാൽ സി.എസ്. മുരളി ദീർഘമായി ഉദ്ധരിക്കുന്ന ശിവസുന്ദർ എന്ന വ്യക്തി ആ കടുംകൈയ്യിന് മുതിർന്നു എന്നതുകൊണ്ടാണ് അദ്ദേഹത്തെ ദീർഘമായി പകർത്തിയത്. ശിവസുന്ദർ Art 341, 342- ന് പ്രസക്തിയില്ല എന്ന് സ്ഥാപിക്കാൻ ശ്രമിച്ചു എന്നുമാത്രമല്ല, ഭരണഘടനയിൽ പട്ടികജാതിക്കാർ ആരാണെന്ന് നിർവചിച്ചിട്ടുപോലുമില്ല എന്നും തട്ടിവിട്ടിട്ടുണ്ട്. അതിനും പുറമെ അയിത്തജനത' (un- touchable) എന്ന ഒരു വിഭാഗം ഇന്ത്യയിലില്ല എന്ന് സ്ഥാപിക്കാനും ശ്രമിച്ചിട്ടുണ്ട്. ശിവസുന്ദർ പറഞ്ഞ എല്ലാ അബദ്ധങ്ങളും സി.എസ്. മുരളി അപ്പടി പകർത്തിവെച്ചിട്ടുമുണ്ട്.

അയിത്ത ജനത തദ്ദേശീയ ജനതയാണ്

അയിത്തജനതയെ ഒരു ‘ദേശീയത’യായി മഹത്വവൽക്കരിക്കുന്നു എന്നതാണ് മുരളിയുടെ വിമർശനം.

വൈവിധ്യമാർന്ന ഭാഷയും, ആചാരരീതികളും, വിശ്വാസങ്ങളും ഉള്ളവരാണെങ്കിലും അയിത്ത ജനതയ്ക്ക് ഒരു ഏകീകൃത സ്വഭാവമുണ്ട്. ഇന്ത്യയിൽ ഏത് കോണിൽ അവർ ആക്രമിക്കപ്പെട്ടാലും ഒരു ദലിതന്റെ ഉള്ള് പിടയും. സവർണ്ണർക്ക് അങ്ങനെ ഒന്നുണ്ടാകില്ല. അയിത്ത ജനത ഈ രാജ്യത്തെ പിൻമുറക്കാരാണെന്ന് നമുക്ക് സമർത്ഥിക്കാൻ കഴിയും. തദ്ദേശീയ ജനത (Native People) എന്ന് അവരെ വിശേഷിപ്പിക്കുന്നു. ഗോത്രവർഗ്ഗക്കാർക്ക് എതിർപ്പില്ലായിരുന്നുവെങ്കിൽ, "ഇന്റിജീനസ് പീപ്പിൾസ്' എന്നും വിശേഷിപ്പിക്കാമായിരുന്നു. അവർ ആദിയരും, ആദിജനതയുമാണ്. അവർ സ്വത്വപരമായി വേർതിരിക്കപ്പെട്ടവരാണ്. എത്ര ജാതിയിലും, ഉപജാതിയിലും വിഭജിതരാണെങ്കിലും അതൊരു യാഥാർത്ഥ്യമാണ്. അയിത്തം എന്നതുകൊണ്ട് മാത്രമല്ല അവർക്ക് ഏകതാന സ്വഭാവമുള്ളത്. സാമുദായികമായി വേർതിരിക്കപ്പെട്ടവർ രാഷ്ട്രീയമായി വേർതിരിക്കപ്പെടണം എന്ന ഡോ. ബി.ആർ. അംബേദ്കറുടെ നിരീക്ഷണങ്ങളെ സ്വത്വത്തിന്റെ മാനങ്ങളുമായി കൂടി വിശദീകരിക്കാം.

ഹോമോജിനിറ്റി Vs ഹിറ്ററോജിനിറ്റി
(Homogenity Vs Hetorogenity)

എസ്.സി./എസ്.ടി. ലിസ്റ്റിലുള്ളവർ ഏകതാന സ്വഭാവമില്ലാത്തവരാണെന്നും വൈവിധ്യസ്വഭാവമാണ് പ്രബലവുമെന്ന നിരീക്ഷണം വസ്തുതകളുടെ അടിസ്ഥാനത്തിൽ കോടതി പരിശോധിച്ചിട്ടുണ്ടോ? പട്ടികജാതിക്കാരും പട്ടികവർഗ്ഗക്കാരും ഏകശിലാരൂപമായ ഒന്നാണെന്ന് ഡോ. അംബേദ്കർ കണ്ടിരുന്നില്ല. സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ എല്ലാ മണ്ഡലങ്ങളിലും വിവേചനം നേരിട്ടവർ എന്ന നിലയിലും, പൊതുഇടങ്ങൾ നിഷേധിക്കപ്പെട്ടവർ എന്ന നിലയിലും എല്ലാ പട്ടികജാതി വിഭാഗങ്ങളും ഒരേപോലെ വിവേചനം നേരിടുന്നവരാണെന്ന് ഡോ. ബി.ആർ. അംബേദ്കർ നിരീക്ഷിച്ചു. ജാതികളും ഗോത്രങ്ങളും തമ്മിലുള്ള അകലങ്ങൾക്കുള്ള കാരണം വിശ്വാസപരവും ആചാരപരവും ഗോത്രപരവുമായ കാരണങ്ങളാലാണെന്നും അദ്ദേഹം വിലയിരുത്തി. ഇതൊരു യാഥാർത്ഥ്യമാണ്. നിയമത്തിന് മുന്നിൽ എല്ലാവരും തുല്ല്യർ എന്ന ജനാധിപത്യതത്വം യാഥാർത്ഥ്യമാകാൻ പൊതുഇടത്തിലേക്ക് പ്രവേശിക്കാനുള്ള ഉപാധിയായാണ് രാഷ്ട്രീയാവകാശം, തൊഴിൽ, വിദ്യാഭ്യാസം, അവസരസമത്വം എന്നീ കാര്യങ്ങൾക്കായി സംവരണതത്വം നടപ്പാക്കുന്നത്. ഇത് അയിത്തത്തിന് വിധേയമായ എല്ലാ വിഭാഗങ്ങൾക്കും ബാധകമാണ്. അതോടൊപ്പം അതിപിന്നാക്കം നിൽക്കുന്ന ഉപജാതിവിഭാഗങ്ങൾക്ക് കൂടി മുന്നോട്ടുവരാൻ പ്രത്യേക പദ്ധതിയും ഡോ. ബി.ആർ. അംബേദ്കർ നിർദ്ദേശിക്കുന്നുണ്ട്. (Memorandum - State and Minorities the Fundamental Rights Com- mittee - 1947). പക്ഷെ സ്വാതന്ത്ര്യം കിട്ടി 75 വർഷം കഴിയുമ്പോഴും ഭരണഘടനാ ലക്ഷ്യങ്ങൾ നിറവേറ്റപ്പെട്ടിട്ടുണ്ടോ?

അയിത്ത ജനതയുടെ ജനാധിപത്യ അവകാശവും ഡോ. ബി.ആർ. അംബേദ്കറുടെ രാഷ്ട്രീയപ്രയോഗവും

1891 മുതൽ 1935 വരെയും തുടർന്ന് 1951 വരെയുമുള്ള സെൻസസ് റിപ്പോർട്ടുകളെക്കുറിച്ച് ഡോ. ബി.ആർ. അംബേദ്കർ വിശദീകരിച്ചത് സി.എസ്. മുരളി വിശദീകരിക്കുന്നതുപോലെ, ‘ഒരു സംവരണ ചരിത്രകാരന്റെ’ രചനയല്ല. അയിത്ത ജനതയ്ക്ക് ഒരു രാഷ്ട്രീയഘടകം എന്ന പദവി ആർജ്ജിച്ചെടുക്കാൻ നടത്തിയ ഇടപെടലിന്റെയും, അത് വിവിധ ഘട്ടങ്ങളിലൂടെ അംഗീകരിക്കപ്പെട്ടതി ന്റെയും പശ്ചാത്തലം വിശദീകരിക്കാനാണ് ചരിത്രം പറയുന്നത്. 1930- കളിലെ വട്ടമേശ സമ്മേളനങ്ങളിലെത്തുമ്പോൾ തന്റെ സമീപനം ദേശീയ രാഷ്ട്രീയത്തിലെ ചലനങ്ങൾക്ക് കാരണമാകുംവിധം പ്രത്യേക നിയോജകമണ്ഡലവാദത്തിലൂടെ ഉന്നയിക്കുന്നു. ഇതിന് മുന്നോടിയായി ഇന്ത്യൻ സ്റ്റാറ്റ്യൂട്ടറി കമീഷൻ മുമ്പാകെ നൽകിയ പ്രാതിനിധ്യത്തിനുവേണ്ടിയുള്ള നിർദ്ദേശം (29-05-1928); ഇന്ത്യൻ സ്റ്റാറ്റ്യൂട്ടറി കമീഷൻ മുമ്പാകെ അയിത്തജനതയെ ക്രിമിനൽ ഗോത്ര വർഗ്ഗക്കാരിൽ നിന്ന് വേർതിരിക്കാൻ നൽകിയ നിർദ്ദേശം (23-10 -1928); വട്ടമേശ സമ്മേളന ങ്ങളുടെ തുടർച്ചയായി ഇന്ത്യൻ ഫ്രാഞ്ചൈസ് കമ്മിറ്റി മുമ്പാകെ നൽകിയ നിർദ്ദേശം (Lothian Committee -01-05-1932) തുടങ്ങിയ ഘട്ടങ്ങളിലെല്ലാം അയിത്ത ജനതയെ വേറിട്ട ഒരു സാമുദായിക രാഷ്ട്രീയ ഘടകമായി സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്. ലോഥിയൻ കമ്മിറ്റിക്കുള്ള നിർദ്ദേശം അവസാനിപ്പി ക്കുന്നത് ഇങ്ങനെയാണ്: “ഹിന്ദുക്കൾ അയിത്തത്തെ ആചരിക്കുന്നത് മതപരമായ ഒരു മേന്മയായിട്ടാണ്; അത് ആചരിക്കാതിരിക്കുന്നത് പാപവും. എന്റെ കാഴ്ചപ്പാടിൽ ഈ സാഹചര്യം നിലനിൽക്കു ന്നിടത്തോളം അയിത്തം പ്രബലമായി തുടരും’’.

1891 മുതൽ 1935 വരെയും പിന്നീട് 1951 വരെയുമുള്ള സെൻസസുകളുടെ കാര്യം പരാമർശിച്ചതിനുശേഷം (അശ്പൃശ്യർ - ഡോ. ബി.ആർ. അംബേദ്കർ) 1951- ൽ അയിത്ത ജനതയുടെ ആകെ ജന സംഖ്യ 513 ലക്ഷമാണെന്ന് വ്യക്തമാക്കുന്നു. സാധാരണ വായനക്കാരുടെ ആവശ്യത്തിന് വേണ്ടി അദ്ദേഹം (1950- കൾക്കു ശേഷം) സമാഹരിച്ച ഈ ലേഖനങ്ങളിൽ അശ്പൃശ്യർ യൂറോപ്യൻ അടിമകളേക്കാൾ മോശപ്പെട്ട സാഹചര്യവും, 1952- വരെ വിവിധ പ്രവിശ്യകളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും ദലിതർക്കെതിരെ നടത്തിക്കൊണ്ടിരുന്ന കൊടിയ വിവേചനത്തിന്റെ സാക്ഷ്യപത്രങ്ങ ളുമാണുള്ളത്. 1952- ൽ സ്വാമി ആനന്ദതീർത്ഥരുടെ കത്തുൾപ്പെടെ ഇതിലുണ്ട്. ഒരു ജനത എന്ന നിലയിൽ അ​ശ്പൃശ്യർ ഏകതാനമായി, രാജ്യമെമ്പാടും നേരിടുന്ന അയിത്തത്തിന്റെ ഭയാനകതയാണ് വര ച്ചുകാട്ടുന്നത്. ഇംഗ്ലീഷ് സമാഹാരത്തിലെ 5 -ാം വാല്യത്തിൽ ഇതിന്റെ വിപുലമായ വിശദീകരണങ്ങളുമുണ്ട്. ഇപ്പോൾ - 2024 ൽ ഇതു പോലെ ഒരു സാക്ഷ്യപ്പെടുത്തൽ സാധാരണക്കാരുടെ ആവശ്യത്തിനുവേണ്ടി സമാഹരിച്ചാൽ പുസ്തകത്തിന് പതിന്മടങ്ങ് വലിപ്പം വരും. വ്യതിരിക്തമായ ജനത മാത്രമല്ല, സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷവും ഒരു സാമുദായിക - രാഷ്ട്രീയ ഏകകമായി അയിത്ത ജനത എന്ന അസ്തിത്വം തുടരേണ്ടതുണ്ട് എന്ന് തന്നെയാണ് 1956- വരെയും ഡോ. ബി.ആർ. അംബേദ്കർ വിശദീകരിച്ചത്.

അയിത്ത ജനതയ്ക്ക് പ്രത്യേക നാമകരണം ആവശ്യമാണെന്ന് മൈനോറിറ്റീസ് സബ് കമ്മിറ്റിക്ക് നൽകിയ (Supplementary Memor randum dated 04-11-1932) നിർദ്ദേശത്തിൽ വ്യക്തമാക്കിയിരുന്നു. അയിത്തജനതയെ പ്രതിനിധീകരിക്കാൻ അവർക്ക് മാത്രം അധികാരം നൽകണമെന്നും, Depressed classes എന്ന പദത്തിന് പകരം Non Caste Hindus, Protestant Hindus or Non Conformist Hindus എന്നോ, മറ്റെന്തെങ്കിലും ഉചിതമായ പേരോ സ്വീകരിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. 1935 ലെ ഇന്ത്യാ ഭരണഘടന ആക്റ്റോടു കൂടി പട്ടികജാതി - പട്ടികവർഗ്ഗക്കാർ എന്ന നാമകരണത്തിലേക്ക് നീങ്ങുന്നതിന് കാരണമതാണ്. ദശകങ്ങൾ നീണ്ടുനിന്ന സംവാദത്തിലൂടെ സ്ഥാപിക്കപ്പെട്ട ‘അയിത്തജനത' എന്ന അസ്തിത്വം ഭരണഘടന നിർമ്മാണ അസംബ്ലിയിൽ സ്ഥാപിച്ചെടുക്കാൻ വലിയ ചർച്ചകൾ വേണ്ടിവന്നില്ല. അയിത്തത്തിന്റെ എല്ലാ രൂപങ്ങളും ഇല്ലായ്മ ചെയ്യാനുള്ള ആർട്ടിക്കിൾ 17 എന്ന മർമ്മപ്രധാനമായ വകുപ്പിൽ നിന്നാണ് അയിത്ത ജനതയുടെ എല്ലാ ഭരണഘടനാ സംരക്ഷണവകുപ്പുകളും ഉൽഭവിക്കുന്നത്. നിർദ്ദേശകതത്വമായ ആർട്ടിക്കിൽ 46, മൗലികാവ കാശത്തിന്റെ ഭാഗമായ 15 (4), 16 (4) എന്നിവയും, പ്രത്യേക കമീഷനുകളും, രാഷ്ട്രീയമണ്ഡലത്തിലെ സംവരണവും, പൗരാവകാശവും എസ്.സി./എസ്.ടി. അതിക്രമ നിയമവും, ആർട്ടിക്കിൾ 275- ന്റെ ഉപവകുപ്പനുസരിച്ച് നൽകുന്ന എസ്.സി.പി/ടി.എസ്.പി. ഘടകപദ്ധ തിയും എല്ലാം ആർട്ടിക്കിൾ 17 ന്റെ ലക്ഷ്യങ്ങൾ നിലനിൽക്കുന്നതു കൊണ്ടുമാത്രമാണ് പ്രസക്തമാക്കുന്നത്. അതിന്റെ പ്രാവർത്തിക രൂപത്തിന് വേണ്ടിയാണ് അയിത്ത ജനത ആരെന്ന് നിർണ്ണയിക്കാൻ ഒരു സംരക്ഷിതവ കുപ്പായി ആർട്ടിക്കിൾ 341 പാർലമെന്റിന്റെ അധി കാരപരിധിയിലാക്കിയത്. അതിനാൽ ‘അയിത്ത ജനത' എന്ന ഒരു വിഭാഗത്തിന്റെ നിലനില്പിനെ തന്നെ അപനിർമ്മിക്കുന്ന (De Construct) ഹിന്ദുത്വപരിപാടിയുടെ ഭാഗമാണ് untouchability ക്ക് പ്രസക്തിയില്ല എന്നുള്ള പുതിയ വ്യാഖ്യാനം. ആർട്ടിക്കിൾ 341 ന് ഭരണഘടനയിൽ നിർവ്വചനമില്ല എന്ന വ്യാഖ്യാനവും ഈ ദൗത്യത്തിന്റെ ഭാഗമാണ്. ഹിന്ദുത്വപരിപാടിക്ക് വേണ്ടി കുഴലൂതുക യാണ് ഉപസംവരണവാദികൾ.

ചെമ്പകം കേസിലെ വിധിയും ഉപസംവരണവാദികളും

ചെമ്പകം ദൊരരാജൻ Vs മദ്രാസ് കേസിലെ സുപ്രീം കോടതി വിധിയോടുകൂടി (1951) ഇന്ത്യൻ 'ജാതി', ‘ഉപജാതി’ വിഭാഗങ്ങൾക്കുള്ള സംവരണം അവസാനിച്ചു എന്ന നിരീക്ഷണം നേരിടാൻ കോടതിവിധിയുടെ പൂർണ്ണരൂപം വികൃതപ്പെടുത്തി പ്രസിദ്ധീകരിച്ചുകൊണ്ടാണ് സി.എസ്. മുരളി നേരിടുന്നത്. സർക്കാർ രേഖകൾ പ്രസിദ്ധീകരിക്കുന്നതിന് വിവർത്തനനിയമമുണ്ട്. ഇത് മുഴുവൻ പ്രസിദ്ധീകരിച്ച്, വായനക്കാരെ ആശയക്കുഴപ്പത്തിലാക്കാൻ മാത്രമെ (സി.എസ്. മുരളിയുടെ ഫേസ്ബുക്ക് കുറിപ്പ് 3-ാം ഭാഗം) ഇതു കൊണ്ട് ഗുണം ചെയ്യുകയുള്ളൂ. കേസിൽ നാൾവഴിയിൽ സംഭവിച്ചത് മാത്രമാണ് നമുക്ക് പ്രസക്തമായി പരിഗണിക്കേണ്ടത്:
(1) 1924 ലെ Communal Order (ജാതി ഉപജാതി സംവരണം) പിന്നീട് പുനഃസ്ഥാപിച്ചിട്ടില്ല. കോടതി മുഖ്യമായും പരിഗണിച്ചത് നിർദ്ദേശക തത്വവും, മൗലികാവകാശവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ്. മൗലികാവകാശത്തെ ദുർബലപ്പെടുത്താൻ നിർദ്ദേശക തത്വത്തിനോ തിരിച്ചോ സാധ്യമല്ല. ഈ നിരീക്ഷണമാണ് വിധി ശ്രദ്ധേയമാക്കിയത്. കേശവാനന്ദഭാരതി കേസിലും ഇത്തരം ചില പൊതു ഭരണഘടനാതത്വങ്ങൾ വ്യാഖ്യാനിച്ചിട്ടുണ്ട്.

കേശവാനന്ദഭാരതി
കേശവാനന്ദഭാരതി

കേശവാനന്ദഭാരതി കേസ് കൊടുത്തത് ഭരണഘടന സംരക്ഷിക്കാനായിരുന്നില്ല, മഠത്തിന്റെ സ്വത്ത് സംരക്ഷിക്കാനായിരുന്നു. ചെമ്പകം കേസിൽ മെറിറ്റ് വാദമായിരുന്നു ചെമ്പകമെന്ന വിദ്യാർത്ഥിനി ഉന്നയിച്ചിരുന്നത്. എന്തായാലും സാമുദായിക സംവരണത്തിനുള്ള വ്യവസ്ഥകൾ ഈ വിധിയോടുകൂടി ആദ്യത്തെ ഭരണഘടനാ ഭേദഗതിയിലൂടെ അടിവ രയിട്ടുപറഞ്ഞു. ആർട്ടിക്കിൾ 15 (4) കടന്നുവന്നു. അത് ജാതി തിരിച്ചുള്ള ഉപസംവരണത്തിനല്ല. ഇപ്പോൾ ഇന്ത്യൻ ജുഡീഷ്യറി ഈ ഭരണഘടനാഭേദഗതിക്ക് മുമ്പുള്ള കാലത്തിലേക്ക് ഇന്ത്യയെ കൊണ്ടുപോകുകയാണ്. ചെമ്പകം കേസിന് മുമ്പുള്ള സാഹചര്യത്തിലേക്ക്. ഇ.ഡബ്ല്യു.എസ്. കേസിലൂടെ സവർണർക്ക് മാത്ര മായി ഒരു ക്വോട്ട അനുവദിക്കപ്പെട്ടു. ഇപ്പോൾ ഉപസംവരണത്തിലൂടെ പട്ടികജാതിയിൽ പുതിയ ജാതി ക്വാട്ടകൾ കൊണ്ടുവരുന്നു.

ഒ.ബി.സി.യും ഉപസംവരണവും

എന്തിനാണ് ഉപസംവരണവാദത്തെ എതിർക്കാൻ ഒ.ബി.സി. ബുദ്ധിജീവികൾ രംഗത്തുവരുന്നതെന്നാണ് ഉപസംവരണവാദികളുടെ മറ്റൊരു ചോദ്യം. രാഷ്ട്രീയബോധ്യവും ഭരണഘടനാവകുപ്പുകളെക്കുറിച്ച് സാമാന്യധാരണയുള്ളതുകൊണ്ടാണ് അവർ ഉപ സംവരണത്തെ എതിർക്കുന്നത്. ഇന്ത്യൻ ഭരണഘടനയിലെ സംവരണവുമായി ബന്ധപ്പെട്ട സുപ്രധാന വകുപ്പുകളെല്ലാം അയിത്ത ജനതയുടെ മുന്നേറ്റത്തിലൂടെ സാധ്യമായതാണ്. അത് വ്യതിരിക്തമായ സാമൂഹികവിഭാഗമാണ് - untouchables. അവരുടെ സംവരണം ഒരു ക്ലാസ് എന്ന നിലയിൽ പരിഗണിച്ചുകൊണ്ടേ സാധ്യമാകൂ എന്നതാണ് നേരത്തെ വിശദീകരിച്ച ചരിത്രപശ്ചാത്തലവും ഭരണഘടനാവകുപ്പുകളും വ്യക്തമാക്കുന്നത്. പൊതുവായ ‘പിന്നാക്കാവസ്ഥ' (backwardness) എന്ന് വിശദീകരിക്കപ്പെടുന്ന ഒ.ബി.സി. സ്റ്റാറ്റസിലേക്ക് അയിത്തജനതയെ മാറ്റിക്കൂടാ. ഒ.ബി.സി.ക്ക് ഉപജാതിയാകാമെങ്കിൽ, ഞങ്ങൾക്കും ഉപജാതി സംവരണം ആയിക്കൂടെ എന്നതിന് ഒരു ഉത്തരം കിട്ടാനാണ് അസ്ഥാനത്ത് ഒ.ബി.സി. സംഘടനാ നേതാക്കൾക്കെതിരെ ഒരു വിമർശനം തൊടുത്തത് എന്ന് ഏവർക്കും മനസ്സിലാകും. ഇത് ഒ.ബി.സി.ക്കാരെ കൊണ്ട് പറയിപ്പിക്കേണ്ടല്ലോ. തങ്ങൾക്കുവേണ്ടത് ഒ.ബി.സി. പദവിയാണോ പട്ടിക ജാതി പദവിയാണോ എന്ന് ഉപസംവരണവാദികൾ സ്വയം തീരുമാനത്തിലെത്തുകയാണ് വേണ്ടത്.

ഭാഗം 4

ഉപവർഗ്ഗീകരണം അതിപിന്നാക്കക്കാർക്ക് പ്രാതിനിധ്യം ഉറപ്പാക്കുമോ? അതോ തുടച്ചുനീക്കുമോ?

ഉപവർഗ്ഗീകരണത്തിനുവേണ്ടി ജുഡീഷ്യൽ കമീഷൻ ചെയർമാനായി ഉപസംവരണവാദികൾ ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണനെ നിർദ്ദേശിച്ചിരിക്കുകയാണല്ലൊ. കേന്ദ്രസർക്കാരിൽ സ്വാധീനം ചെലുത്താൻ കഴിയുന്ന ഒരാളെന്ന നിലയിൽ ഉപവർഗ്ഗീകരണ വക്താക്കൾക്ക് പ്രതീക്ഷയ്ക്ക് വകയുണ്ട്. സംഘപരിവാർ പദ്ധതിയായ 'ഘർവാപസി' ക്കുവേണ്ടി റിപ്പോർട്ടുണ്ടാക്കുന്ന ദൗത്യത്തിലാണ് അദ്ദേഹം. അതായത് എസ്.സി./എസ്.ടി. ലിസ്റ്റിൽ ദലിത് ക്രൈസ്തവരിൽ നിന്നും ദലിത് മുസ്ലീംങ്ങളിൽ നിന്നുമുള്ള പുതിയ വ്യക്തികളെ ലിസ്റ്റിൽ ഉൾപ്പെടുത്തുന്ന ദൗത്യം. ഒരു വർഷം കഴിഞ്ഞാൽ അതിന്റെ റിപ്പോർട്ട് കേന്ദ്രത്തിന് നൽകിയാൽ കേരള ത്തിന്റെ ഉപവർഗ്ഗീകരണത്തിന് കേന്ദ്രതാൽപര്യത്തിന് അനുസൃതമായി ഒരു ഫോർമുല കണ്ടെത്തും എന്ന് പ്രതീക്ഷിക്കാം.

നിലവിൽ നിയമം പാസാക്കുകയും നടപ്പാക്കുകയും ചെയ്യുന്ന സംസ്ഥാനങ്ങളിൽ ‘വൺ ഈസ് ബിഗ്ഗർ ദേൻ ടെൻ’ (One is bigger then fen) എന്ന ഒരു സിദ്ധാന്തമാണ് അതിപിന്നാക്കക്കാരെ (Vulnorable Community) പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്. അതായത് പ്രാതിനിധ്യം ഒരു ശതമാനമോ അതിൽ താഴെയോ ആയാലും അത് മതിയായ പ്രാതിനിധ്യമാണെന്ന് അംഗീകരിക്കണം. ഉപവർഗ്ഗീകരണത്തിന്റെ പ്രഭവകേന്ദ്രമായ (epicenter) ആന്ധ്രയിൽ അതിപിന്നാക്കക്കാരെ 1% ത്തിലാണ് ഒതുക്കിയത്. അതിൽ മതിയായ ആളുകളില്ലെങ്കിൽ അവസരങ്ങൾ മറ്റുള്ളവർക്ക് പോകും. അതിപിന്നാക്കക്കാർ ഒരു ശതമാനത്തിൽ മാത്രം മത്സരിക്കണം. ആകെ 15% സംവരണമുള്ള ആന്ധ്രയിൽ 7% ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള മാഡിക വിഭാഗത്തിനായി മാറ്റിവച്ചു. ദുർബലരിൽ അതിദുർബ്ബലർ (Weak- est among the weakest എന്നാണ് കോടതി ഇക്കൂട്ടരെ വിശേഷിപ്പിച്ചത്) എന്ന് കോടതിയിൽ വിശേഷിപ്പിക്കപ്പെട്ടത് മാഡിക ജാതിയെയാണ്. റെല്ലി പോലുള്ള അതിദുർബ്ബല സമുദായങ്ങളെ 1% ത്തിൽ ഒതുക്കിനിർത്താനാണ് എണ്ണത്തിൽ കൂടുതലും സംഘടിതശക്തിയുള്ളവരും രാഷ്ട്രീയപാർട്ടികളെ കൂടെ നിർത്താനും കഴിഞ്ഞിരുന്ന മാഡിക വിഭാഗത്തെ അതിദുർബ്ബലരെന്ന് വിശേഷിപ്പിച്ചത്. കണ്ണിൽ ഇരുട്ടുകയറിയ കോടതിയും, കമീഷനുകളും രാഷ്ട്രീയക്കാരും ഇത് വിശ്വസിച്ചു. (ആന്ധ്രയിൽ 15% എസ്.സി. സംവരണത്തെ എ, ബി, സി, ഡി ക്രമത്തിൽ വിഭജിച്ച് 7% മാഡിക, 6% മാല, 1% അതിദുർബ്ബ ലർ, 1% കൂടുതൽ അവസരങ്ങൾ ലഭിച്ചവർ എന്ന ക്രമത്തിലാണ് പങ്കിട്ടെടുത്തത്. ഓരോ വിഭാഗവും അവരവരുടെ ബ്ലോക്കിൽ മാത്രം മത്സരിക്കണം. മതിയായ മത്സരാർത്ഥികൾ ഒരു ബ്ലോക്കിലില്ലെങ്കിൽ അവസരങ്ങൾ മറ്റ് ബ്ലോക്കിലേക്ക് പോകും).
മാഡികക്കാരെക്കാൾ കൂടുതൽ അവസരം മാലയ്ക്ക് പോകുന്നു എന്ന കൊടുമ്പിരികൊണ്ട ആരോപണത്തെ പിൻപറ്റിയാണ് ഉപവർഗ്ഗീകരണപ്രസ്ഥാനത്തിന് തുടക്കം കുറിക്കുന്നത്. ജാതി നിലനിൽക്കുന്നിടത്തോളം ഓരോ നാട്ടിലും പ്രാതിനിധ്യത്തിലുള്ള അന്തരവും ഏറ്റക്കുറച്ചിലുകളും വിവിധ ജാതികളുടെ പ്രാതിനിധ്യത്തിലുണ്ടാകും എന്ന് തിരിച്ചറിയാ നുള്ള കണ്ണട സുപ്രീംകോടതിക്കും കമീഷനുകൾക്കും ഇല്ലാതെ പോയി എന്നതാണ് യാഥാർത്ഥ്യം. ഭൂരിപക്ഷജാതികളുടെ ജാതിമേധാ വിത്വതാല്പര്യത്തെ അതിദുർബ്ബലർക്ക് നേട്ടമുണ്ടാക്കുന്നു എന്ന് പ്രച രിപ്പിക്കുന്നതാണ് ‘വൺ ഈസ് ഗ്രേറ്റർ ദേൻ ടെൻ' എന്ന സിദ്ധാന്തം.

ഏറ്റവും അവസാനം (13-11-2024) ഹരിയാന സർക്കാർ (ഉപതെരഞ്ഞെടുപ്പിനുശേഷം പുറത്തുകൊണ്ടുവന്ന) വിജ്ഞാപനം ചെയ്ത നിയമവും ഈ സിദ്ധാന്തത്തിന്റെ ആധുനിക രൂപമാണെന്നേ കരുതാനാകൂ. 39 ജാതികളുള്ള എസ്.സി. ലിസ്റ്റിനെ രണ്ട് ബ്ലോക്കുകളായി തിരിച്ചു; Deprived Scheduled Castes and Other Scheduled Castes - ചമറുകൾ, രാംദാസിയ - (ചമറുകളിൽ നിന്ന് സിക്ക് മതം സ്വീകരിച്ചവർ), ജാടവ്, ജാടവ, ജാടിയ ചമർ, രാംദാസി, രവിദാസി തുടങ്ങിയ 9 ജാതികളെ (എസ്.സി. ജനസംഖ്യയിൽ 11% വരുന്ന വർ) Other SCs എന്നും; വാത്മീകി, ആദിധർമ്മി, ആദി ധർമ്മിയുടെ അവാന്തര വിഭാഗങ്ങൾ തുടങ്ങി 26 വിഭാഗങ്ങൾ അതിപിന്നാക്കക്കാരായ (Deprived Scheduled Castes) വിഭാഗം എന്ന രണ്ടാമത്തെ ബ്ലോക്കായും നിർണ്ണയിച്ചു. രണ്ടു ബ്ലോക്കുകൾക്കും 10% വീതമാണ് പ്രാതിനിധ്യം. ആദിധർമ്മി വിഭാഗം സിഖ് മതധാരയിലെ പട്ടികജാതി വിഭാഗമാണെങ്കിലും കൊളോണിയൽ കാലഘട്ടത്തിൽ തന്നെ വിദേശ രാജ്യങ്ങളിലേക്ക് കുടിയേറി ജീവിതം കരുപിടിപ്പിച്ചവരാണ്; ഗദ്ദർ പാർട്ടിയുടെ പാരമ്പര്യമുള്ളവർ. ഹരിയാനയിൽ എണ്ണത്തിൽ കുറവാണെങ്കിൽ (2 ലക്ഷത്തോളം), പഞ്ചാബിൽ 11 ലക്ഷത്തോളം ജനസംഖ്യയുണ്ട്. വാത്മീകി വിഭാഗം ഹരിയാനയിൽ 10 ലക്ഷത്തോളമു ണ്ട്. ധാനക് സമുദായം, വാത്മീകി സമുദായത്തിന്റെ താഴെ (10% ത്തോളം) ജനസംഖ്യയുണ്ട്. മറ്റ് കമ്മ്യൂണിറ്റികളെല്ലാം താരതമ്യേന എണ്ണത്തിൽ കുറവാണ്.

ആകെ ജനസംഖ്യയുടെ 20% ത്തിൽ ചമർ, ജാട് വിഭാഗം ചേരുന്ന Other SC വിഭാഗങ്ങൾക്ക് ജനസംഖ്യയിൽ 11%- വും ഗ്രൂപ്പ് എ തസ്തികകളിൽ 11% പ്രാതിനിധ്യവുമുണ്ട്. ഗ്രൂപ്പ് ബി യിൽ 11.3%, ഗ്രൂപ്പ് സി യിൽ 11.8% വീതമാണ് പ്രാതിനിധ്യം. അതായത് ജനസംഖ്യാനുപാതികമായി മാത്രമേ പ്രാതിനിധ്യമുള്ളൂ. മറ്റ് വിഭാഗങ്ങൾക്ക് (അതി പിന്നാക്കക്കാർക്ക്) താഴ്ന്ന പ്രാതിനിധ്യം മാത്രമേ ഉള്ളൂ. ഉപവർഗ്ഗീകരണത്തിനായി ഹരിയാന സർക്കാർ നിയോഗിച്ച കമീഷൻ തന്നെ കണ്ടെത്തിയത് അതിപിന്നാക്കവിഭാഗക്കാർക്ക് മതിയായ യോഗ്യതയുള്ളവർ ഇല്ല എന്നാണ്. ബിരുദക്കാർ 3.5%, സീനിയർ സെക്കന്ററി 3.75%, മെട്രിക്കുലേഷൻ 6.63% എന്നിങ്ങനെയാണ് കണക്ക്. ആരും തട്ടിയെടുത്തതല്ല എന്ന് മാത്രമല്ല ഇപ്പോൾ നടത്തിയ ഉപവർഗ്ഗീകരണത്തിൽ താരതമ്യേന സംഘടിതരായ വാത്മീകി, ആദിധർമ്മി, ധാമാക് തുടങ്ങിയ വിഭാഗങ്ങൾ ഉള്ള അവ സരങ്ങൾ കൈക്കാലാക്കും എന്ന കാര്യത്തിൽ തർക്കമില്ല. വാത്മീകി ജാതിപ്രീണനത്തിന്റെ ഭാഗമായാണ് ഉപവർഗ്ഗീകരണം ഹരിയാനയിൽ ഉയർത്തിക്കൊണ്ടുവന്നത് എന്ന വസ്തുത ഏവർക്കുമറിയാം. അതിദുർബ്ബലരുടെ പേരിലുണ്ടാക്കിയ ബ്ലോക്കിൽ ചെറുസമുദായങ്ങളും, യഥാർത്ഥ അതിദുർബ്ബലരും പുറന്തള്ളപ്പെടുകയോ ഒതുക്കപ്പെടുകയോ ചെയ്യുമെന്നുറപ്പാണ്. കാരണം 1994- ൽ നടത്തിയ ഒരു വിഭജനത്തിന്റെ മാതൃകയിലാണ് 2024- ലും ഉപവർഗ്ഗീകരണം നടത്തിയത്.

1994 ൽ അതിപിന്നാക്കക്കാരുടെ സ്ഥിതി ഇത് തന്നെയായിരുന്നു. 30 വർഷം കഴിഞ്ഞിട്ടും വിദ്യാഭ്യാസ നിലവാരത്തിൽ ബഹുഭൂരി പക്ഷം അതിപിന്നാക്കക്കാർക്കും ഹരിയാനയിൽ യാതൊരുവിധ ഉയർച്ചയുമുണ്ടായിട്ടില്ല.

ഒരു നിയമവും അതിപിന്നാക്കക്കാർക്ക് വേണ്ടിയുള്ളതല്ല

പഴയ പഞ്ചാബ് നിയമവും (The Punjab Scheduled Castes & Backward Classes Reservation in Services Act- 2006) വ്യത്യസ്തമായ ഒന്നല്ല. നാല് വിഭാഗങ്ങളായി ഉപവർഗ്ഗീകരിക്കാൻ നിർദ്ദേശിച്ചിരി ക്കുന്ന കർണ്ണാടക സ്റ്റേറ്റ് കമീഷൻ റിപ്പോർട്ടും (ജസ്റ്റിസ് സദാശിവം റിപ്പോർട്ട്) വ്യത്യസ്തമായ സമീപനമല്ല. അതാത് സംസ്ഥാനങ്ങൾ ഭരിക്കുന്ന രാഷ്ട്രീയപാർട്ടികളുടെ താല്പര്യവും സംഘടിത സമു ദായങ്ങളുടെ താല്പര്യവും കണക്കിലെടുത്തുകൊണ്ടുള്ള റിപ്പോർട്ടുകളും നിയമനിർമ്മാണവും മാത്രമാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്.

വേറിട്ട വഴികൾ പിൻതുടർന്ന തമിഴ്നാട് നിയമം

ഒരേസമയം ഉപസംവരണം അംഗീകരിക്കുന്നവരും, എതിർക്കുന്നവരുമെന്ന പേരിൽ വി.സി.കെ. പാർട്ടി നേതൃത്വങ്ങളെ പലരും നിരന്തരം എതിർക്കുന്നതായി കാണുന്നു. ഉപസംവരണവാദം സ്ഥാപിക്കാൻ ശ്രമിക്കുന്ന സി.എസ്. മുരളിയും അക്കൂട്ടത്തിൽ പെടും. എന്നാൽ യഥാർത്ഥ വസ്തുതകൾ പഠനവിധേയമാക്കിയല്ല വിമർശനങ്ങൾ നടത്തുന്നത്.

Tamil Nadu Backward Classes, Scheduled Castes and Sched- uled Tribes (Reservation of Seats in Educational Institutions and of appointments of Posts in the Services under the State) Act 1993 എന്ന പേരിൽ 1994- ൽ (Act of 45 of 1994) തമിഴ്നാട് സർക്കാർ നിയമം പാസ്സാക്കുകയും പ്രസ്തുത നിയമത്തിന് 9-ാം പട്ടികയുടെ സംര ക്ഷണം നേടിയെടുക്കുകയും ചെയ്തിരുന്നു. BC (30%) + MBC (20%) + SC (18%) + ST 91%) എന്ന നിലയിൽ 69% സംവരണം തമിഴ്നാട്ടിലുണ്ട്. ദ്രവീഡിയൻ മോഡൽ എന്നാണ് അവരതിനെ വിശേഷിപ്പിക്കുന്നത്.

18% എസ്.സി. സംവരണത്തിൽ 3% അരുന്ധതിയാർ വിഭാഗത്തിന് വേണ്ടിയുള്ള പ്രത്യേക ക്വാട്ടയായി മാറ്റുകയും, പൊതുവായ എസ്.സി. വിഭാഗത്തിൽ അരുന്ധതിയാർ വിഭാഗത്തിന് മത്സരിക്കാൻ അനുമതി നൽകുകയും ചെയ്യുന്നു. എസ്.സി. ലിസ്റ്റ് ഉപവർഗ്ഗീകരിക്കാതെ, പ്രത്യേക ക്വാട്ട അനുവദിക്കപ്പെട്ട അരുന്ധതിയാർ വിഭാഗത്തിന് പൊതുവായി മത്സരിക്കാനുള്ള സാധ്യതയുണ്ടെന്നതാണ് മറ്റ് സംസ്ഥാന നിയമങ്ങളിൽ നിന്ന് തമിഴ്നാട് നിയമത്തെ വേറിട്ട് നിർത്തുന്നത്. ആ നിലയ്ക്ക് ഇത് ഉപവർഗ്ഗീകരണ നിയമങ്ങളുടെ പരിധിയിൽ വരുന്നതല്ല.

എന്നാൽ, ചില വൈരുദ്ധ്യങ്ങൾ ഉയർന്നുവരുന്നു. സംസ്ഥാന സർക്കാരിന് ഇത്തരമൊരു നിയമം പാസാക്കാനുള്ള അധികാരമുണ്ടോ? ഒരു കമ്മ്യൂണിറ്റിക്ക് പ്രത്യേക ക്വാട്ട വിവേചനങ്ങൾക്ക് കാരണമാകില്ലേ? നിയമനിർമ്മാണം നടത്തുമ്പോൾ മതിയായ പ്രാതിനിധ്യമില്ലാത്ത ഒരു കമ്മ്യൂണിറ്റി മറ്റൊരു ഘട്ടത്തിൽ പ്രാതിനിധ്യക്കുടുതലുള്ളവരാകില്ലേ? പ്രത്യേക ക്വാട്ടയുള്ള അതിപിന്നാക്കക്കാർ സവി ശേഷാവകാശമുള്ള (പ്രവിലേജ്ഡ്) ഒരു വിഭാഗമായി മാറില്ലേ? അതിപിന്നാക്കക്കാരായിട്ടുള്ള മറ്റ് സമുദായങ്ങളുണ്ടാകില്ലേ? കൃത്യമായ ഡാറ്റകളെ ആശ്രയിച്ചാണോ നിയമനിർമ്മാണം നടന്നത്? മാത്രമല്ല 30 വർഷത്തിന് ശേഷമുള്ള മാറ്റങ്ങൾ എന്താണ്? 30 വർഷത്തിനുശേഷവും അതി പിന്നാക്കവസ്ഥ മാറിയില്ലേ തുടങ്ങിയ ചോദ്യങ്ങൾ ഉയർന്നുവരും.

ഉപവർഗ്ഗീകരണം ഒഴിവാക്കി മതിയായ പ്രാതിനിധ്യം സാധ്യമാണോ?

ഭരണഘടനയുടെ ഉള്ളിൽ നിന്നുകൊണ്ട് മതിയായ പ്രാതിനിധ്യം ഉറപ്പാക്കാനുള്ള നടപടി സാധ്യമാണ്. ഭരണഘടാ വകുപ്പുകൾ ഒന്നും പരസ്പരം വൈരുദ്ധ്യത്തിലുള്ളതല്ല. ആർട്ടിക്കിൾ 341, 342 എന്ന വകുപ്പുകൾ 16(4) ന് വിഘാതമാണെന്ന സുപ്രീംകോടതി വിലയിരുത്തൽ തെറ്റാണ്. ഇന്ത്യയിലെമ്പാടുമുള്ള അതിപിന്നാക്കം നിൽക്കുന്ന സമുദായങ്ങൾ പ്രാതിനിധ്യത്തിന് മത്സരിക്കാൻ പ്രാപ്തിയില്ലാത്തവരാണെങ്കിൽ 75 വർഷമായി ഭരണഘടനയുടെ ദൗത്യം നിർവ്വഹിക്കുന്നതിൽ ഭരണസംവിധാനങ്ങൾ പരാജയപ്പെട്ടു എന്നാണ് അർത്ഥം. പട്ടികജാതി - പട്ടികവർഗ്ഗ ലിസ്റ്റിലെ അതിപിന്നാക്കർ (Vulnerable) ആരൊക്കെ എന്ന് ദേശീയതലത്തിൽ ശാസ്ത്രീയ പഠനം നടത്താൻ കേന്ദ്രസർക്കാർ തയ്യാറാകണം. പട്ടികജാതി - പട്ടികവർഗ്ഗവിഭാഗങ്ങളെ നിർണ്ണയിച്ച മാനദണ്ഡ ങ്ങൾക്കുള്ളിൽ നിന്നുകൊണ്ട്, അയിത്തജാതികൾ എന്ന നിലയിൽ, അതിപിന്നാക്ക വിഭാഗങ്ങളെ നിർണ്ണയിക്കാനുള്ള ഒരു അളവുകോലും യുക്തിയും (rationale and yardstick) ഉപയോഗിക്കണം. അയിത്ത ജാതിക്കാരാണെങ്കിലും മാന്വൽ സ്കാവഞ്ചിംഗ് ചെയ്യാൻ നിർബന്ധിക്കപ്പെട്ടവർ ഒരു പ്രത്യേക വിഭാഗമായി കണക്കാക്കണം.

കേരളത്തിലെ പട്ടികവർഗ്ഗത്തിൽ പണിയ, അടിയ വിഭാഗങ്ങൾ കാർഷിക അടിയാളരാക്കപ്പെട്ടവരായിരുന്നു. (bonded labourers). കാർഷിക ജീവിതത്തിലേക്ക് പരിണമിക്കാത്ത വിഭാഗങ്ങളായ ഗോത്ര വർഗ്ഗക്കാരെ (കാടർ, മലപണ്ടാരം, ചോലനായ്ക്കർ, കാട്ടുനായ്ക്കർ തുടങ്ങിയവർ) പട്ടികവർഗ്ഗവിഭാഗങ്ങളിൽ പ്രത്യേകമായി കണ ക്കാക്കാമോ എന്ന് പരിശോധിക്കണം. മതിയായ പ്രാതിനിധ്യമില്ലായ്മയും സാമൂഹികവും നരവംശപരവുമായ പ്രത്യേകതകളും, വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥയും കണക്കിലെടുത്ത് എസ്. സി./എസ്.ടി. ലിസ്റ്റിൽ അതിപിന്നാക്കക്കാരെ കണക്കാക്കാനും വിജ്ഞാപനം ചെയ്യാനും കേന്ദ്രസർക്കാരിന് എസ്.സി./എസ്.ടി. കമീഷൻ, മറ്റ് ഏജൻസികൾ തുടങ്ങിയവരുടെ സമഗ്രപഠനങ്ങളെ ആശ്രയിക്കാം. എസ്.സി./എസ്.ടി. വിഭാഗങ്ങൾക്ക് മതിയായ പ്രാതി നിധ്യം ഉറപ്പുവരുത്തുന്ന ഭരണഘടനയുടെ 16(4) ഉപയോഗപ്പെടുത്താനുള്ള ഒരു സമഗ്ര നിയമനിർമ്മാണത്തിന്റെ ഭാഗമായി, കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്യുന്ന അതിപിന്നാക്ക വിഭാഗങ്ങൾക്ക് പ്രത്യേക റിക്രൂട്ട്മെന്റും, സാമൂഹിക സാമ്പത്തിക - വിദ്യാഭ്യാസ ഉയർച്ചയ്ക്കായി സവിശേഷപദ്ധതികൾ നടപ്പാക്കാൻ നിയമത്തിൽ വ്യവസ്ഥകൾ ഉണ്ടാകണം. ശാശ്വതമായ സമുദായക്വാട്ട ഒഴിവാക്കിക്കൊണ്ടുള്ള സമഗ്ര നിയമത്തിന് ഇതിന് പരിഹാരം കാണാൻ കഴിയും. എന്നാൽ സംവരണത്തിന്റെ മണ്ഡലം വിപുലീകരിക്കാനുള്ള ജനാധിപത്യ സമീപനമുള്ള സർക്കാരുകൾക്കേ ഇത് സാധ്യമാകൂ.


Read Also: ഉപസംവരണനീക്കം സാമുദായിക സംവരണം അട്ടിമറിക്കാനുള്ള വരേണ്യയുക്തി


Summary: Can SC/ST sub-classification overcome underrepresentation? - M. Geethanandan writes.


എം. ഗീതാനന്ദൻ

ആദിവാസി ഗോത്രമഹാസഭ സ്‌റ്റേറ്റ് കോ- ഓർഡിനേറ്റർ. ആദിവാസി- ദലിത് വിഭാഗങ്ങളുടെ അവകാശപ്പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുന്നു. 2002ലെ മുത്തങ്ങ ആദിവാസി സമരത്തിന് നേതൃത്വം നൽകുകയും കടുത്ത പൊലീസ് മർദ്ദനത്തിനിരയാകുകയും ചെയ്തു.

Comments