ഡോ. ജയരാജ് ചാലിശ്ശേരി , ഡോ. ബി. കല ഹരിദാസൻ.

ഭരണമേഖലയിലേക്കും ഉയരണം ഗോത്രജീവിതങ്ങൾ, കാണിക്കാരിലെ
ആദ്യ ഡോക്ടറേറ്റ് ബി. കല ഹരിദാസൻ സംസാരിക്കുന്നു

ഗോത്രവർഗ്ഗമായ കാണിവിഭാഗത്തിൽ നിന്ന് ആദ്യമായി ഡോക്ടറേറ്റ് നേടിയ ഡോ. ബി. കല ഹരിദാസൻ ജീവിതത്തെക്കുറിച്ചും പഠനത്തെക്കുറിച്ചും സാമൂഹിക ജീവിതത്തെക്കുറിച്ചും ഡോ. ജയരാജ് ചാലിശ്ശേരിയുമായി സംസാരിക്കുന്നു.

തിരുവനന്തപുരം വന ഡിവിഷനുകളിലെ പരുത്തിപ്പള്ളി, പാലോട്, കുളത്തുപ്പുഴ റേഞ്ചുകളിലും കൊല്ലം ജില്ലയിലെ ഏരൂർ റിസർവ് വനത്തിലും കാണുന്ന ഗോത്രവിഭാഗമാണ് കാണിക്കാർ. കേരള ട്രൈബൽ ഡിപ്പാർട്മെന്റ് അതിന്റെ 50-ാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ, കാണിക്കാർ സമുദായത്തിൽ നിന്ന് ഡോക്ടറേറ്റ് നേടിയ ആദ്യ വ്യക്തിയാണ് ഡോ. ബി. കല ഹരിദാസൻ. ജീവിതത്തെക്കുറിച്ചും പഠനത്തെക്കുറിച്ചും സാമൂഹിക ജീവിതത്തെക്കുറിച്ചും ഡോ. ജയരാജ് ചാലിശ്ശേരിയുമായി കല ഹരിദാസൻ സംസാരിക്കുന്നു.

ഡോ. ജയരാജ് ചാലിശ്ശേരി: സ്കൂൾ കാലഘട്ടം ഓർമിച്ചെടുക്കാമോ?

ഡോ. ബി. കല ഹരിദാസൻ: 10-ാം ക്ലാസുവരെ അമ്പൂരി സെൻ്റ് തോമസ് ഹൈസ്കൂളിലാണ് പഠിച്ചത്. വീട്ടിൽനിന്ന് കിലോമീറ്ററുകൾ നടന്നാണ് സ്കൂളിൽ പോയിരുന്നത്. ഒരുപാട് കുട്ടികൾ അന്ന് കൂട്ടമായി നടന്ന് ഉല്ലസിച്ച് തോടും ഇടവഴിയും കുന്നുകളും കടന്നുപോയത് രസകരമായ ഓർമ്മയാണ്. നല്ല കുറേ കൂട്ടുകാരോടൊപ്പം ചേർന്നുള്ള സ്കൂൾയാത്ര പഠിയ്ക്കാനുള്ള ഊർജ്ജം കൂട്ടിയിട്ടുണ്ട് എന്നു പറയാം.

വീട്ടിലെ സാഹചര്യം എങ്ങനെയായിരുന്നു? പoനത്തോട് രക്ഷിതാക്കളുടെ സമീപനം എന്തായിരുന്നു?

അച്ഛൻ, അമ്മ, ഞാനടക്കം 5 മക്കളടങ്ങുന്ന കുടുംബം. അച്ഛൻ ബാലൻ, അമ്മ തങ്കമ്മ. രണ്ട് സഹോദരന്മാരും രണ്ട് സഹോദരിമാരും. കൃഷിയായിരുന്നു ഉപജീവനമാർഗ്ഗം. അച്ഛൻ നല്ല കർഷകനായിരുന്നു. കുരുമുളക്, കവുങ്ങ്, റബ്ബർ, മരച്ചീനി തുടങ്ങിയവയെല്ലാം കൃഷി ചെയ്തിരുന്നു. അന്നത്തെ സാഹചര്യത്തിലും അച്ഛനും അമ്മയും ഞങ്ങളെ എത്ര വരെ പഠിപ്പിക്കാനും തയ്യാറായിരുന്നു. ഞാൻ ഡോക്ടറേറ്റ് വരെയെത്തിയപ്പോൾ മറ്റുള്ളവർ 10-ാം ക്ലാസ്, ITI, എട്ടാം ക്ലാസ് വരെയൊക്കെയേ വിദ്യാഭ്യാസം നേടിയിട്ടുള്ളൂ.

പoനവഴിയിൽ ഒരുപാട് ഘട്ടങ്ങൾ ഉണ്ടല്ലോ.. പത്താം ക്ലാസ്സ്, പ്രീ-ഡിഗ്രി, ഡിഗ്രി... എന്തായിരുന്നു ഇതൊക്കെ പിന്നിട്ടപ്പോൾ നാട്ടുകാരുടെ പ്രതികരണം?

10-ാം ക്ലാസിലെത്തിയപ്പോൾ സ്കൂളിലെ സിസ്റ്റർമാരുടെ നേതൃത്വത്തിലുള്ള SH ജ്യോതിർ ഭവൻ ഹോസ്റ്റലിൽനിന്നാണ് പഠിച്ചത്. 10-ാം ക്ലാസ് വിജയത്തിന് വളരെ സഹായകമായ അനുഭവമായിരുന്നു ആ ഹോസ്റ്റൽ. പ്രീ-ഡിഗ്രി തിരുവനന്തപുരം ഗവ. വിമൻസ് കോളേജിലായിരുന്നു. കേരളാ യൂണിവേഴ്സിറ്റി വനിതാ ഹോസ്റ്റലിൽ താമസിച്ച് പഠിച്ചു. തുടർന്ന് Ph.D വരെയും വിമൻസ് ഹോസ്റ്റലിൽ തന്നെയാണ് താമസിച്ചുപഠിച്ചത്. പ്രീഡിഗ്രി 3rd ഗ്രൂപ്പ് എടുത്ത് പാസായി, ഡിഗ്രിക്ക് മലയാളം ഐച്ഛിക വിഷയമായെടുത്തു, തുടർന്ന് പി.ജി മലയാളം പൂർത്തിയാക്കുന്നതുവരെ വിമൻസ് കോളേജിൽ തന്നെയായിരുന്നു. B.Ed - ന് തൈക്കാട് ഗവ. ടീച്ചേഴ്സ് ട്രെയിനിംഗ് കോളേജിൽ ചേർന്നു. M.Phil- ന് യൂണിവേഴ്സിറ്റി കോളേജിൽ ചേർന്നു. ആ സമയം NET പാസായ ഉടൻ Ph.D യ്ക്ക് ചേർന്നു.

പഠനത്തിൽ നാട്ടുകാരുടെ ഇടപെടലുകളൊന്നുമില്ല. വീട്ടുകാരുടെ സപ്പോർട്ട് എപ്പോഴും ഉണ്ടായിരുന്നു. സർക്കാർ സർവീസിലുണ്ടായിരുന്ന ചില ബന്ധുക്കൾ മാതൃകകളും വഴികാട്ടികളുമായിരുന്നു. തിരുവനന്തപുരത്തെ കോളേജ് കാലഘട്ടം നന്നായി വിനിയോഗിക്കാൻ കഴിഞ്ഞു. ഒരു വർഷവും പാഴാകാതെ അടുത്ത കോഴ്സിലേക്ക് ചേർന്നു പഠിക്കാനും വിജയിക്കാനും കഴിഞ്ഞു. മാറിമാറി പഠിച്ച മൂന്ന് കോളേജുകളിലെയും അധ്യാപകരും പഠനസാഹചര്യവും ഹോസ്റ്റൽ അന്തരീക്ഷവും അവിടുത്തെ ജീവനക്കാരും ഏറ്റവും ഉചിതമായ ഇടപെടലുകൾ നടത്തിയവരായിരുന്നു.

ഡോ. ബി. കല ഹരിദാസൻ
ഡോ. ബി. കല ഹരിദാസൻ

വിദ്യാഭ്യാസ വളർച്ചയിൽ കൂടെനിന്ന ആളുകളെ ഓർത്തെടുക്കാമോ?

പ്രീ ഡിഗ്രിക്ക് അപേക്ഷ ഫോറം വാങ്ങി വന്നതു മുതൽ ഹോസ്റ്റലിൽനിന്ന് ഇടയ്ക്ക് താമസസ്ഥലമായ വഴയിലയിലെ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകാനും കാര്യങ്ങൾ അന്വേഷിക്കാനും പുസ്തകങ്ങൾ വായിക്കാൻ തരാനും ഒക്കെ കൂടെ നിന്ന വ്യക്തിയാണ് എൻെറ ബന്ധുവായ ശശികുമാർ. കുട്ടിക്കാലം മുതലേ അവരുടെ വീട്ടിൽ നിറയെ പുസ്തകങ്ങൾ ഉണ്ടായിരുന്നു. ഞാനതിൽ ചിലതൊക്കെ വായിച്ചിരുന്നു. അവരുടെ വീടുമായി നല്ല അടുപ്പവും സ്നേഹവും ഉണ്ടായിരുന്നു. തിരുവനന്തപുരത്തെ ആദ്യകാല ജീവിതത്തിൽ അവരുടെ മുഴുവൻ പിന്തുണയും ഉണ്ടായിരുന്നു.

10-ാം ക്ലാസിലെ ഹോസ്റ്റൽ മുതൽ ഒന്നിച്ചു പഠിച്ച ബന്ധു കൂടിയായ കൂട്ടുകാരിയുണ്ടായിരുന്നു, മിനി മോൾ. ഞങ്ങൾ രണ്ടാളും BA മലയാളം വിമൻസ് കോളേജുവരെ ഒന്നിച്ചാണ് പഠിച്ചത്. ഇപ്പോൾ അവൾ ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപികയാണ്. ബി.എഡ്. കോളേജിലെ ടൈപ്പിസ്റ്റായിരുന്ന ബന്ധു കൂടിയായ സുധചേച്ചി B Ed പഠനകാലത്ത് സഹായത്തിനുണ്ടായിരുന്നു. അങ്ങനെ പഠനകാലത്ത് ഒപ്പം നിന്നവരും സർക്കാർ ജോലിക്കാരുമായ പലരുടെയും ജീവിതശൈലിയും സാമൂഹികപദവിയും അറിയാവുന്നതു കൊണ്ടുതന്നെ പഠനത്തിലൂടെ സർക്കാർ ജോലി വാങ്ങണം എന്നൊരു ലക്ഷ്യം കോളേജ് പഠനകാലത്തുതന്നെ ഉണ്ടായിരുന്നു.

ഗോത്രേതര വിഭാഗത്തിൽ നിന്നുള്ള നിരവധി അധ്യാപകർ പഠനകാലത്ത് കരുത്തായി ഒപ്പമുണ്ടായിരുന്നു. 10-ാം ക്ലാസിലെ ഹോസ്റ്റൽ കാലത്ത് സിസ്റ്റർമാരായ ടെസ്സാമ്മ, മേഴ്സി സിസ്റ്റർ, ആറാം ക്ലാസിലെ ക്ലാസ് ടീച്ചർ മേഴ്സി എന്നിവർ മനസിൽ തങ്ങിനിൽക്കുന്നു. വിമൻസ് കോളേജിലെ, മലയാള വിഭാഗത്തിലെ സുധാകരൻ സാർ, എച്ച്.വി. വിജയകുമാരി ടീച്ചർ, ഉഷാദേവി ടീച്ചർ, സുജാത ടീച്ചർ, ലക്ഷ്മി ടീച്ചർ, പ്രസന്നരാജൻ സാർ പഠന കാര്യത്തിൽ പ്രോത്സാഹനവും അഭിനന്ദനവും തന്ന് ചേർത്തു നിർത്തിയവരാണ്. യൂണിവേഴ്സിറ്റി കോളേജ് പഠനകാലത്ത് ഡോ. തോന്നയ്ക്കൽ വാസുദേവൻ സാർ, ഡോ.ബി.വി ശശികുമാർ സാർ, ഡോ. എം.ജി. ശശിഭൂഷൺ സാർ, ഡോ. പി. സോമൻ സാർ എന്നിവരും വഴികാട്ടികളായി നിന്നു.

‘ഇതാണ് എന്റെ വഴി’ എന്ന് എപ്പോഴാണ് തിരിച്ചറിഞ്ഞത്?

പഠനത്തിലൂടെ സർക്കാർ ജോലി വാങ്ങുക എന്നതുതന്നെയാണ് പരമപ്രധാനമെന്ന് കരുതിയതിനാൽ ആ വഴിയിലെ തടസ്സങ്ങളെ ഏതുവിധേനയും മാറ്റിയെടുക്കുവാൻ പഠനത്തിൽ കഠിനാധ്വാനം ചെയ്യണമെന്ന ബോധ്യം രണ്ടുമൂന്ന് PSC പരീക്ഷകൾ എഴുതിക്കഴിഞ്ഞപ്പോൾ ബോധ്യമായി.

എങ്ങനെയാണ് ഗവേഷണരംഗത്ത് എത്തിപ്പെടുന്നത്?

കോളേജ് വിദ്യാഭ്യാസം ഏതാണ്ട് പിന്നിട്ടപ്പോൾ തന്നെ ചില അധ്യാപകർ കോളേജിൽ അധ്യാപിക ആവേണ്ട യോഗ്യതയുള്ളയാളാണ് എന്ന വിശ്വാസം തുറന്നു പറഞ്ഞിട്ടുണ്ട്. അത് വല്ലാത്ത ആത്മവിശ്വാസം തന്നിരുന്നു. പ്രത്യേകിച്ച് എം.ഫിൽ എൻട്രൻസ് പരീക്ഷക്ക് നല്ല മാർക്ക് സ്കോർ ചെയ്യാൻ കഴിഞ്ഞിരുന്നു. അതിനുള്ള അടുത്ത പടി ഗവേഷണം ആണെന്നറിയാമായിരുന്നതിനാൽ NET പാസ്സായ ഉടൻ ഗവേഷണത്തിന് ജോയിൻ ചെയ്യാൻ തീരുമാനിച്ചു.

ഡോ. ബി. കല ഹരിദാസൻ വിദ്യാർത്ഥികളോടൊപ്പം
ഡോ. ബി. കല ഹരിദാസൻ വിദ്യാർത്ഥികളോടൊപ്പം

ഗവേഷണത്തിന് സാമ്പത്തിക സഹായം ലഭിച്ചിരുന്നോ?

ഫെലോഷിപ്പ് ലഭിച്ചിരുന്നു.

ഗവേഷണകാലം ഓർത്തെടുക്കുമോ?

ഗവേഷണം 10 വർഷമെടുത്താണ് പൂർത്തിയാക്കിയത്. ഗവേഷണം ആദ്യത്തെ 6 മാസം പിന്നിട്ട സമയത്താണ് ഹയർ സെക്കണ്ടറി പരീക്ഷയ്ക്ക് PSC നോട്ടിഫിക്കേഷൻ വരുന്നത്. തുടർന്ന് പി.എസ്.സി. കോച്ചിംഗിന് ചേർന്ന് പഠിച്ച് List-ൽ ഇടം നേടി. ഒരുവർഷത്തിനുള്ളിൽ ജോലിയിൽ പ്രവേശിച്ചു. പിന്നീട് കോളേജ് അധ്യാപികയായി നാലു വർഷം പിന്നിട്ടശേഷമാണ് FDP വഴി ഗവേഷണം പുനരാരംഭിച്ചത്. രണ്ടു വർഷം കൊണ്ട് പൂർത്തിയാക്കി. ഗവേഷണത്തിനു ശേഷം കാര്യങ്ങളെ വിശകലനം ചെയ്യുന്നതിൽ കുറേക്കൂടി പക്വതയോടെ ഇടപെടണമെന്ന് തോന്നിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസരംഗത്തെ പ്രധാന ബിരുദം കരസ്ഥമാക്കാനായതിന്റെ അഭിമാനം എപ്പോഴുമുണ്ട്. പ്രത്യേകിച്ചും കോളേജു തലത്തിൽ പ്രവർത്തിക്കുമ്പോൾ Ph.D ഏറ്റവും അനിവാര്യമായ ഒരു ഘടകവും കൂടിയാണ്.

ആരായിരുന്നു ഗൈഡ്? ഗവേഷണ വിഷയം?

തുമ്പ സെൻ്റ് സേവ്യേഴ്സ് കോളേജിലെ ടീച്ചറായിരുന്ന ഡോ. ലേഖ നരേന്ദ്രൻ. ‘എസ്. ഗുപ്തൻ നായരുടെ നിരൂപണം ഒരു പഠനം’ എന്നതായിരുന്നു വിഷയം.

ഈ വിഷയം തെരഞ്ഞെടുക്കാൻ കാരണം?

നിരൂപണം ഇഷ്ടമുള്ള മേഖലയാണ്. മറ്റാരും എടുക്കാത്തൊരു വിഷയം എടുക്കണം എന്ന് ചിന്തിച്ചിരുന്നു. എന്നെ പഠിപ്പിച്ച രണ്ട് അധ്യാപകരുടെ (ഡോ. ലക്ഷ്മി കുമാരി, ഡോ. എം.ജി. ശശിഭൂഷൺ) പിതാവും മലയാളത്തിലെ പ്രമുഖ നിരൂപകനുമായ വ്യക്തിയെ പഠിക്കുക എന്ന് ചിന്തിച്ചു. ഈ വിഷയം തെരഞ്ഞെടുത്തത് ഞാൻ തന്നെയാണ്.

ഗവേഷണസമയത്ത് തടസ്സങ്ങൾ വല്ലതും നേരിട്ടിട്ടുണ്ടോ? ഗൈഡ്ഷിപ്പ് ഉണ്ടോ?

യാതൊരു തടസ്സവും നേരിട്ടില്ല. ഗൈഡ്ഷിപ്പ് ഇതുവരെ എടുത്തിട്ടില്ല. ജോലിത്തിരക്കുകളാണ് ഒരു കാരണം. സ്വന്തമായി ചിലത് എഴുതണമെന്നും ധാരാളം വായിക്കണമെന്നും ആഗ്രഹിക്കുന്നു. ഇനി അധികം താമസിയാതെ ഗൈഡാകണം എന്ന് കരുതുന്നു.

സർക്കാർ സർവ്വീസിൽ പ്രവേശിക്കുന്നത് എപ്പോഴാണ്? ഏതെല്ലാം കോളേജുകളിൽ പ്രവർത്തിച്ചിട്ടുണ്ട്?

കൊല്ലം മുട്ടറ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ 19.12.2007-നാണ് ഹയർ സെക്കണ്ടറി ടീച്ചറായി ജോയിൻ ചെയ്യുന്നത്. പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ. കോളേജ്, സി. അച്യുതമേനോൻ ഗവ. കോളേജ് കുട്ടനെല്ലൂർ, തൃശ്ശൂർ എന്നീ കോളേജുകളിൽ ജോലി ചെയ്തു.

ഗവേഷണ കാലത്തുതന്നെ കേരള ട്രൈബൽ ഡിപ്പാർട്ടുമെന്റിൻെറ ധനസഹായത്തോടെ "ചാറ്റ് പാട്ടും സംസ്കാരവും" എന്ന പുസ്തകം പ്രസിദ്ധീകരിച്ച് സ്വയം അടയാളപ്പെടുത്തിയിട്ടുണ്ട്. പിന്നീട് പുസ്തകം ഒന്നും പ്രസിദ്ധീകരിച്ചില്ലല്ലോ?

ജോലിത്തിരക്കുകളാണ് കാരണം…

അധ്യാപിക എന്ന നിലയിൽ, മുന്നിലിരിക്കുന്ന ഗോത്ര വിദ്യാർഥികളെയും താങ്കൾ ഒരു വിദ്യാർത്ഥി ആയിരുന്നപ്പോഴുള്ള സാഹചര്യവും താരതമ്യം ചെയ്യാമോ?

രണ്ടും വ്യത്യസ്ത കാലഘട്ടങ്ങളാണ്. ഫെലോഷിപ്പുകളുടെ കാലതാമസം കുട്ടികളെ ബാധിക്കുന്നുണ്ട്, കുറേയൊക്കെ പരിഹാരമായിട്ടുണ്ടെങ്കിലും. ഇന്ന് സാധ്യതകൾ ധാരാളമാണ് എന്നു പറഞ്ഞിരുന്നിട്ട് കാര്യമില്ല. കഠിനാധ്വാനം ചെയ്തില്ലെങ്കിൽ രക്ഷയില്ല. സാമ്പത്തികസുരക്ഷ, സാമൂഹിക പദവി എന്നിവയിലേക്ക് മുന്നേറണം. മുഖ്യധാരയിലെ കുട്ടികളേക്കാൾ ഇരട്ടി കഠിനാധ്വാനം ചെയ്ത് സ്വന്തം വഴി കണ്ടെത്തുക. സ്വയം പര്യാപ്തത കൈവരിക്കുക.

കാർഷികവൃത്തി, വനവിഭവങ്ങൾ ശേഖരിക്കുന്നവർ, തൊഴിലാളികൾ എന്നീ ഗോത്ര വിഭജനത്തിൽനിന്ന് പുറംലോകവുമായി യാതൊരു ബന്ധമില്ലാത്തവർ, സെറ്റിൽമെന്റ് (ഉന്നതി) ഏരിയയിൽ താമസിക്കുന്നവർ (ആൻഡ്രോയ്ഡ് ഫോൺ അടക്കം ഉള്ളവർ), സിറ്റി ലൈഫ് ആസ്വദിക്കുന്നവർ എന്ന തരത്തിലേക്കുള്ള കാണിക്കാരുടെ പരിവർത്തനത്തെ എങ്ങനെ നോക്കിക്കാണുന്നു?

കാണിക്കാർ സമൂഹത്തിൽ പൊതുവായി വന്ന മാറ്റങ്ങളെ കൃത്യമായി നോക്കി കാണുകയും അവയെ സ്വീകരിക്കുകയും ചെയ്യുന്നവരാണ്. താമസിക്കുന്ന ഇടം, ലഭ്യമായ ഭൗതിക സാഹചര്യങ്ങൾ, കൃഷിസംബന്ധമായ സാമ്പത്തിക ശേഷി, വിദ്യാഭ്യാസം, ജോലി സാധ്യത ഇവയൊക്കെ അവരുടെ സാമൂഹിക സ്ഥിതിയെ കൃത്യമായി നിർണ്ണയിക്കുന്നുണ്ട്. ഇവയുടെ ലഭ്യത കുറവ് കാട്ടിനുള്ളിൽ ഒതുങ്ങി കൂടാൻ നിർബന്ധിതരാക്കുന്നു. ഗതാഗതം, വൈദ്യുതി തുടങ്ങിയ ഭൗതിക സാഹചര്യങ്ങളുടെ കുറവ് ഒക്കെ കാരണങ്ങളാണ്. പൊതുസമൂഹം അനുഭവിക്കുന്ന എല്ലാത്തരം സാമ്പത്തിക സാമൂഹിക പദവികൾക്കും അവകാശികളാണ് കാണിക്കാർ. സമൂഹത്തിൽ വരുന്ന പുരോഗമനപരമായ മാറ്റങ്ങൾക്കനുസരിച്ചുവേണം സംരക്ഷണം. സമൂഹത്തിന്റെ എല്ലാ തട്ടുകളിലും ഭരണമേഖലയുൾപ്പെടെ എത്തിപ്പെടാൻ തക്കരീതിയിൽ മാറ്റങ്ങളെ ഉൾക്കൊള്ളാൻ തയ്യാറായ ജനതയാണ്.

കാണിക്കാർ സമൂഹത്തിൽ പൊതുവായി വന്ന മാറ്റങ്ങളെ കൃത്യമായി നോക്കി കാണുകയും അവയെ സ്വീകരിക്കുകയും ചെയ്യുന്നവരാണ്.
കാണിക്കാർ സമൂഹത്തിൽ പൊതുവായി വന്ന മാറ്റങ്ങളെ കൃത്യമായി നോക്കി കാണുകയും അവയെ സ്വീകരിക്കുകയും ചെയ്യുന്നവരാണ്.

ഗോത്ര സവിശേഷതകൾ നഷ്ടമായിക്കൊണ്ടിരിക്കുകയാണോ?

കാലഘട്ടങ്ങളുടെ മാറ്റത്തിനനുസരിച്ച് പുതുതലമുറക്കാർ ഗോത്രാചാരങ്ങൾ സംരക്ഷിക്കപ്പെടേണ്ടുന്നവ സംരക്ഷിച്ചുകൊള്ളട്ടെ. പക്ഷേ പൊതുസമൂഹത്തിൽ സാമൂഹിക പദവി നേടിയെടുക്കാൻ വിദ്യാഭ്യാസം, സാമ്പത്തികശേഷി, സാമൂഹിക സുരക്ഷിതത്വം എന്നിവ കൈവരിക്കുന്നതിൽ മുൻപന്തിയിലെത്തുക എന്നതാണ് ഏറ്റവും പ്രാധാന്യത്തോടെ ചെയ്യേണ്ടത്.

എന്തൊക്കെയാണ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്? വീണ്ടെടുപ്പു സാധ്യത എത്രയുണ്ട്?

ഗോത്രജീവിത സവിശേഷതകൾ കാർഷിക ജീവിതവും പരമ്പരാഗതമായ ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ടവയാണ്. എന്റെ തലമുറയിലെ വിദ്യാസമ്പന്നരായ എത്ര പേർ അത് തിരിച്ചുപിടിക്കാൻ ശ്രമിക്കുമെന്ന് നിശ്ചയമില്ല. അന്നത്തെ സാഹചര്യങ്ങൾ മാറി. കാലഘട്ടം മാറി. വനവിഭവ ശേഖരണവും കൃഷി സ്വതന്ത്രമായി ചെയ്ത് കൊടുക്കലും ചാറ്റു പാട്ടു പാടലും ആയിട്ടുള്ള സംസ്കാരം തന്നെ ഇന്ന് അത്ര പ്രസക്തമല്ലാതായി കഴിഞ്ഞിട്ടുണ്ട്. പാരമ്പര്യത്തിന്റെ ശേഷിപ്പുകൾ, ആചാരാനുഷ്ഠാനങ്ങൾ, ഭാഷ, വിശ്വാസം, വൈദ്യം, എന്നിങ്ങനെയുള്ളവ പഠനവിധേയമാക്കേണ്ടവയാണ്. സംരക്ഷിക്കപ്പെടേണ്ടവയും. അതോടൊപ്പം പരിവർത്തനവിധേയമായിക്കൊണ്ടിരിക്കുന്ന പൊതുജീവിതത്തിൽ ആത്മാഭിമാനത്തോടെ തലയുയർത്തി നിൽക്കാനുള്ള കഠിനശ്രമം നടത്തേണ്ടതുമുണ്ട്. ഗോത്ര സവിശേഷത വിണ്ടെടുക്കുന്നത് സാമൂഹിക വളർച്ചയ്ക്ക് ബലം കൂട്ടാനും സമുദായ പരിഷ്കരണത്തിന് വേഗത കൂട്ടാനുമാകണം. അല്ലാതുള്ളവ ഗുണകരമാവില്ല

വിദ്യാഭ്യാസം, ടെക്നോളജി, നിയമം, ഭരണഘടന, ജനാധിപത്യ മൂല്യങ്ങൾ എന്നിവയെല്ലാം ഗോത്ര വിഭാഗത്തിന് പരിചയപ്പെടുത്തി കൊടുക്കേണ്ടതു തന്നെയല്ലേ? മുൻകാലങ്ങളേക്കാളും മേൽപ്പറഞ്ഞവയുമായി കൂടുതൽ പരിചയം വന്നത് നഷ്ടപ്പെടലുകൾക്ക് കാരണമായി എന്ന് വിശ്വസിക്കുന്നുണ്ടോ?

ട്രൈബൽ ഡിപ്പാർട്ടുമെൻ്റുകളിൽ നിയമിക്കപ്പെടുന്നവർ സോഷ്യോളജിൽ കൂടി അഡീഷണൽ യോഗ്യത നേടിയവരായാൽ കുറേക്കൂടി കാര്യക്ഷമമായി പദ്ധതികൾ നടപ്പിലാവുകയും നവീകരണ പ്രവർത്തനങ്ങൾ തദ്ദേശീയതയ്ക്ക് യോജിച്ച തരത്തിൽ ക്രമീകരിക്കുവാനുമാകുമെന്ന് തോന്നുന്നു. വിദ്യാഭ്യാസം, ടെക്നോളജി എന്നിവ പുറംലോകത്ത് മാത്രമല്ല സജ്ജീകരിക്കേണ്ടത്. ഗതാഗതം, വൈദ്യുതി, പാലങ്ങൾ, സ്കൂളുകൾ, കോളേജുകൾ എന്നിവ സർവ സൗകര്യങ്ങളോടും കൂടിയ റിസോർട്ടുകൾക്കും വിനോദസഞ്ചാര കേന്ദ്രങ്ങൾക്കും പകരം നമുക്കിടയിൽ സ്ഥാപിക്കാനാവുമോ? തദ്ദേശീയരെയും അതിൽ ഉൾപ്പെടുത്തുമോ? മാതൃകാപരമായ വികസനം അവർ തങ്ങൾക്ക് സമീപസ്ഥമായ ഇടത്ത് നിന്ന് തന്നെ അറിയട്ടെ, മനസിലാക്കട്ടെ, വേരറുക്കാതെ സ്വാഭാവികപ്രക്രിയയിലൂടെ അവർ അതൊക്കെ സ്വായത്തമാക്കും. ഗോത്രസവിശേഷതകളുടെ നഷ്ടപ്പെടലുകൾ പ്രധാനമാണ്. കാലഘട്ടത്തിന്റെ മാറ്റങ്ങൾക്ക് അനിവാര്യമായ ചില നഷ്ടങ്ങളും കൂട്ടിച്ചേർക്കലുകളും കൂടിച്ചേർന്നാണ് സംസ്കാരത്തെ പരിവർത്തന വിധേയമാക്കുന്നത്. ലോകം മാറുന്നതിനനുസരിച്ച് പാരമ്പര്യത്തിന്റെ ചില ഘടകങ്ങളെ മാറ്റി പുതിയവ സ്വീകരിക്കേണ്ടി വരും. അത് ഗോത്രവിഭാഗങ്ങൾക്ക് മാത്രമല്ല എല്ലാ ജനസംസ്കാരത്തിനും ബാധകമാണ്.

സാമൂഹ്യ കാര്യങ്ങളിൽ നടപടികൾ എടുക്കാൻ മൂട്ടുകാണിക്കും (1) മറ്റ് വേണ്ടപ്പെട്ടവർക്കും അധികാരമുണ്ടായിരുന്ന കാലത്ത് കാണിക്കാർക്കിടയിൽ നല്ല കാലമുണ്ടായിരുന്നെന്നും ഇന്നിതൊന്നും കണി കാണാൻ കൂടിയില്ലെന്നുമാണ് ടീച്ചറുടെ പുസ്തകത്തിൽ സുരേന്ദ്രൻ കാണിയുടെ അഭിപ്രായമായി രേഖപ്പെടുത്തിയിരിക്കുന്നത്. അധികാര വികേന്ദ്രീകരണവും ആധുനിക വിദ്യാഭ്യാസവും തൊഴിൽ മേഖലയും ഗോത്ര വിഭാഗക്കാരെ മുഖ്യധാരയിലേക്ക് എത്തിക്കുകയല്ലേ ചെയ്തത്. ഇതല്ലേ അപ്പോൾ നല്ല കാലം?

നല്ല കാലമാണിത്. ഉന്നത വിദ്യാഭ്യാസമടക്കമുള്ള മേഖലകളിൽ മാറ്റങ്ങൾ ഉണ്ട്. പക്ഷേ പല പരാതികളും മീഡിയ വഴി അറിയുന്നുമുണ്ട്. യഥാസമയം ലഭ്യമാക്കേണ്ടവ നൽകുകയെന്നത് ഏറ്റവും പ്രധാനമാണ്. ഭൂമിയില്ലാത്ത അവസ്ഥയുൾപ്പെടെ ധാരാളം പ്രശ്നങ്ങൾ ഇപ്പോഴും ശേഷിക്കുന്നുണ്ട്.

സ്ത്രീകൾക്ക് ഒരുപാട് അധികാരങ്ങളും (ഒരു പക്ഷേ കാടിന് പുറത്തുള്ള സമൂഹത്തിൽ നില നിന്നിരുന്നതിനേക്കാൾ) സ്വാതന്ത്ര്യവും അനുഭവിച്ചവരാണ് കാണിക്കാരികൾ. സൂര്യനെ പോലും സ്ത്രീയായി കരുതിയിരുന്നവർ. പക്ഷേ, ആർത്തവം പോലുള്ള കാര്യങ്ങളിൽ ആചാരങ്ങളിൽ തളച്ചിടപ്പെടുകയാണോ സ്ത്രീകൾ?

കഠിനമായ വിലക്കുകൾ ഇന്ന് സ്ത്രീകൾ അനുഭവിക്കുന്നില്ല. സ്ത്രീ പൂജനടത്തിയ അമ്പലം കാണിക്കാർക്കിടയിലുണ്ട്. പുരുഷനേക്കാൾ മണ്ണിൽ പണിയെടുക്കുന്ന സ്ത്രീകളുണ്ട്. ആർത്തവം ഒരു വിലക്കായിരുന്നോ എന്നു സംശയമുണ്ട്. കഠിനാധ്വാനികളായ അന്നത്തെ സ്ത്രീകളെ സംബന്ധിച്ച് വിശ്രമവേളയായിരുന്നിരിക്കാനാണ് സാധ്യത. കാരണം സ്ത്രീകൾക്ക് പ്രാധാന്യം നൽകിയിരുന്ന സാമൂഹിക സാഹചര്യമാണ് നിലനിന്നിരുന്നത്.

ട്രൈബൽ ഡിപ്പാർട്ടുമെൻ്റുകളിൽ നിയമിക്കപ്പെടുന്നവർ സോഷ്യോളജിൽ കൂടി അഡീഷണൽ യോഗ്യത നേടിയവരായാൽ കുറേക്കൂടി കാര്യക്ഷമമായി പദ്ധതികൾ നടപ്പിലാവുകയും നവീകരണ പ്രവർത്തനങ്ങൾ തദ്ദേശീയതയ്ക്ക് യോജിച്ച തരത്തിൽ ക്രമീകരിക്കുവാനും ആകുമെന്ന് തോന്നുന്നു.
ട്രൈബൽ ഡിപ്പാർട്ടുമെൻ്റുകളിൽ നിയമിക്കപ്പെടുന്നവർ സോഷ്യോളജിൽ കൂടി അഡീഷണൽ യോഗ്യത നേടിയവരായാൽ കുറേക്കൂടി കാര്യക്ഷമമായി പദ്ധതികൾ നടപ്പിലാവുകയും നവീകരണ പ്രവർത്തനങ്ങൾ തദ്ദേശീയതയ്ക്ക് യോജിച്ച തരത്തിൽ ക്രമീകരിക്കുവാനും ആകുമെന്ന് തോന്നുന്നു.

മദ്യം പ്രിയമാണ് കാണിക്കാർക്ക്. അത് പോലെയാണ് വെറ്റില മുറുക്കും. ഏത് ഗോത്ര വിഭാഗം എടുത്താലും ഇത് വലിയ പ്രശ്നമാണ്. മദ്യം പ്രിയങ്കരമായിട്ടുള്ള കാലാട്ടു മുത്തനെന്ന ദേവൻ പോലുമുണ്ട് കാണിക്കാർക്ക്. കാണിക്കാരുടെ വളർച്ചയുടെ ഒരു ഗ്രാഫിനെ ഇത് എങ്ങിനെ ബാധിക്കുന്നു?

മദ്യം മിതമായ രീതിയിൽ ഉപയോഗിച്ചിരുന്നവരാണ് ഭൂരിഭാഗവും. പക്ഷേ ഭൂമി തട്ടിയെടുക്കാനും കാടുകയറ്റാനുമായി കുടിയേറ്റക്കാർ ആയുധമാക്കി ഉപയോഗിച്ചത് മദ്യമാണെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. എഴുത്തും വായനയും അറിയാത്തതും കാരണമായിട്ടുണ്ട്. ഭൂമി നഷ്ടമായതാണ് എല്ലാ ഗോത്രജനതയുടെയും വളർച്ചയെ മുരടിപ്പിച്ചത്. ഭൂമിയുണ്ടായിരുന്നവർ, അതിൽ കഠിനാധ്വാനം ചെയ്തവർ, വിദ്യാഭ്യാസം നേടിയവർ ഇവരൊക്കെയാണ് ഇന്ന് പുരോഗമനപരമായി ജീവിക്കുന്നവർ. മദ്യത്തിന്റെ ദുരുപയോഗത്തിന് കാരണമാകുന്ന സാമൂഹിക സാഹചര്യങ്ങളെ ഇല്ലാതാക്കുക എന്നത് പ്രധാനമാണ്. ജോലിയും കൂലിയും ഇല്ലാത്ത, ദാരിദ്ര്യം അനുഭവിക്കുന്ന കൃത്യമായ ബോധവൽക്കരണം ലഭിക്കാത്ത ഇടങ്ങളിൽ ലഹരിയുടെ ഉപയോഗം കൂടുതലാവാനുള്ള സാധ്യതയുണ്ട്. മദ്യത്തിന്റെ ഉപയോഗം വളർച്ച മുരടിപ്പിക്കും.

ആചാരങ്ങളും അനുഷ്ടാനങ്ങളും അത്രമേൽ കെട്ടുപിണഞ്ഞാണ് കാണിക്കാരുടെ ജീവിതത്തിലുള്ളത്. പലതും ഐതിഹ്യത്തിലും കെട്ടുകഥകളിലും വാമൊഴിക്കഥകളുടെയും അടിസ്ഥാനത്തിലുമാണ്. എങ്കിലും അവിശ്വസനീയമായ ശാസ്ത്രബോധം കൈ മുതലായുള്ളവരായിരുന്നു എന്ന് വേണം കരുതാൻ. കാണിക്കാരുടെ ശാസ്ത്രബോധത്തെ കുറിച്ച് പറയാമോ?

അതിജീവനത്തിന്റെ ഭാഗമായി കൃഷിക്കും നായാട്ടിനും താമസസൗകര്യത്തിനുമായി പല കരവിരുതുകളും സ്വായത്തമാക്കിയിട്ടുണ്ട്. കാർഷിക ഉപകരണങ്ങൾ, വെള്ളം കൃഷിയിടത്തിലെത്തിക്കാനുള്ള രീതികൾ, കാട്ടുമൃഗങ്ങളെ കൃഷിയിടങ്ങളിൽ നിന്ന് അകറ്റാനുള്ള മാർഗ്ഗങ്ങൾ, ചാറ്റുപാട്ടിലൂടെ മാനസികാഘാതങ്ങളിൽ നിന്ന് മനുഷ്യ മനസിനെ സംരക്ഷിച്ചെടുക്കുവാനുള്ള മന:ശാസ്ത്രപരമായ രീതിയും പ്രയോഗിച്ചിരുന്നതായി കാണാം. മരുന്നു പാതി മന്ത്രം പാതിയെന്ന രീതി പിൻതുടർന്നിരുന്നതിനാൽ ശാസ്ത്രവും വിശ്വാസവും തുല്യ പ്രാധാന്യത്തോടെ ഇവർ പ്രയോഗിച്ചിരുന്നുവെന്നും കാണാം. ബൗദ്ധികനിലവാരം ഉയർന്ന ജനത തന്നെയായിരുന്നു.

ഭൂമി / വിദ്യാഭ്യാസം - ഇത് രണ്ടും ആദിവാസികൾക്ക് എന്നും പ്രശ്നമാണ്. കാണിക്കാരെ ആസ്പദമാക്കി പറയുകയാണെങ്കിൽ ഇപ്പോൾ ഭൂമിയാണോ വിദ്യാഭ്യാസമാണോ അതോ മറ്റെന്തെങ്കിലുമാണോ വളർച്ചക്ക് തടസ്സമായി നിൽക്കുന്നത്?

ഭൂമിക്കുമേലുള്ള അവകാശം പ്രധാനമാണ്. അതില്ലെങ്കിൽ മറ്റെന്തു കിട്ടിയിട്ടും കാര്യമില്ല. അടിസ്ഥാന ജീവിതനിലവാരം ഉണ്ടായിരിക്കുക, സ്വന്തമായി അധ്വാനിക്കാൻ കൃഷിയിടം ഉണ്ടായിരിക്കുക. വിദ്യാഭ്യാസത്തിനും ജോലി സമ്പാദിക്കാനും സാഹചര്യമുണ്ടായിരിക്കുക. സമൂഹത്തിലെ എല്ലാ പുരോഗമനപരമായ മാറ്റങ്ങളും ഏറ്റുവാങ്ങാൻ സജ്ജമായ പുതുതലമുറയെ വാർത്തെടുക്കാനുള്ള, സോഷ്യൽ സ്റ്റാറ്റസ് നിലനിർത്താനുള്ള ഭൗതിക സാഹചര്യങ്ങൾ ഉണ്ടാക്കിയെടുക്കുവാനുള്ള അവകാശം കൈവരിക്കുക. ഇവ ലഭ്യമാകാത്തിടത്തോളം സമഗ്ര വളർച്ച സാധ്യമല്ല. ആനുകൂല്യങ്ങൾ അല്ല അവകാശങ്ങളാണ് നേടിയെടുക്കേണ്ടതെന്നതും ഭരണകാര്യങ്ങളിൽ കൃത്യമായ പങ്കാളിത്തം ഉറപ്പിക്കുവാൻ സാധിക്കണമെന്നതും സാമുദായികരാഷ്ട്രീയ ശക്തിയായി വളർന്നു വരിക യെന്നതും പരമപ്രധാനമായ കാര്യങ്ങളാണ്. ഇവ സമുദായ വളർച്ചയ്ക്ക് അനിവാര്യമാണ്.

പുതുതലമുറയിലെ കുട്ടികൾക്ക് ആധുനിക വിദ്യാഭ്യാസം കൊടുക്കുന്നതിനെക്കുറിച്ച് അവരുടെ രക്ഷിതാക്കളുടെ അറിവില്ലായ്മ ഇപ്പോഴും ഒരു പ്രശ്നമാണോ? കുട്ടികളെ സ്കൂളും കോളേജുമൊക്കെ ആയി ഇനിയും അടുപ്പിക്കേണ്ടതുണ്ടോ?

അടിയന്തരമായി ഇടപെടേണ്ട വിഷയമാണിത്. മാത്രവുമല്ല, സിറ്റികളിൽ കേന്ദ്രീകരിച്ചിരിക്കുന്ന വിദ്യാഭ്യാസ സൗകര്യങ്ങൾ ലഭിച്ചവർ നഗരങ്ങൾ കേന്ദ്രമാക്കി താമസം മാറ്റേണ്ടിവരുമ്പോൾ അവർക്ക് ലഭിച്ച നേട്ടങ്ങൾ അടുത്ത തലമുറയിലേയ്ക്ക് എത്തിച്ചേരുന്നില്ല. ഇത്തരം അനുഭവങ്ങളുടെ നഷ്ടം അവരെ വീണ്ടും അകറ്റിനിർത്തിയേക്കാം. വിദ്യാഭ്യാസ പുരോഗതിക്കൊപ്പം അടിസ്ഥാന ഭൗതിക സാഹചര്യങ്ങളുടെ വികസനം കൂടി വരുത്താതിരുന്നാൽ സാമ്പത്തികമായും സാമൂഹികമായും പരാജയപ്പെടും.

വിദ്യാഭ്യാസ പുരോഗതിക്കൊപ്പം അടിസ്ഥാന ഭൗതിക സാഹചര്യങ്ങളുടെ വികസനം കൂടി വരുത്താതിരുന്നാൽ സാമ്പത്തികമായും സാമൂഹികമായും പരാജയപ്പെടും.
വിദ്യാഭ്യാസ പുരോഗതിക്കൊപ്പം അടിസ്ഥാന ഭൗതിക സാഹചര്യങ്ങളുടെ വികസനം കൂടി വരുത്താതിരുന്നാൽ സാമ്പത്തികമായും സാമൂഹികമായും പരാജയപ്പെടും.

ട്രൈബൽ സ്കൂൾ ഹോസ്റ്റലുകളിൽ കുട്ടികൾ പഠിക്കുന്നതുകൊണ്ട്/പഠിപ്പിക്കുന്നതുകൊണ്ട് ഗോത്ര വിഭാഗത്തിന് ഒരു മാറ്റവും സംഭവിക്കുന്നില്ലെന്നും സ്വന്തം ആവാസ വ്യവസ്ഥയിൽ നിന്നുകൊണ്ടുതന്നെ പഠനം നടത്താനുള്ള അവസരമാണ് വേണ്ടതെന്നുമുള്ള ആദിവാസി വിഭാഗത്തിൽ നിന്ന് തന്നെയുള്ള അഭിപ്രായത്തോട് എങ്ങിനെ പ്രതികരിക്കുന്നു?

പൂർണ്ണമായും യോജിക്കുന്നില്ല. പൊതുസമൂഹവുമായി ഇടപെടാൻ എളുപ്പം കഴിയുന്നവരുണ്ട്. അവരെ ഹോസ്റ്റലുകളിൽ ഇടകലർത്തി തന്നെ പഠിക്കാനുള്ള സാഹചര്യം ഒരുക്കണം. അല്ലാത്തവർക്ക് ട്രൈബൽ ഹോസ്റ്റലുകൾ നല്ലതാണ്. മികച്ച രീതിയിൽ പ്രവർത്തിക്കുന്നവയാവണം. ഇനി മറ്റുള്ളവരുമായി തീരെ ഇടപെടാൻ ബുദ്ധിമുട്ടുള്ള വിഭാഗത്തിലുള്ളവർക്ക് തദ്ദേശീയതലത്തിൽ മികച്ച സ്കൂളുകളും മറ്റു സംവിധാനങ്ങളും ക്രമീകരിച്ചാൽ ക്രമേണ അവർ ആ സിസ്റ്റത്തിന്റെ ഭാഗമായി മാറും. പിന്നീട് ഉന്നത വിദ്യാഭ്യാസമേഖലയിലേക്ക് കടക്കുമ്പോൾ അവർക്ക് കുറേക്കൂടി കാര്യക്ഷമമായി ഇടപെടാനും സ്വന്തം ഇടം കണ്ടെത്താനും സഹായകമാകും. സവിശേഷ ശ്രദ്ധ നൽകേണ്ട ഇടങ്ങളിൽ അതാത് വിഭാഗങ്ങളിലെ വിദ്യാസമ്പന്നരോടു കൂടിയാലോചിച്ച് പ്രവർത്തനങ്ങൾ നടപ്പിലാക്കിയാൽ ഗുണകരമാകും.

പ്രകൃതി ആരാധന ഇന്നും നിലനിൽക്കുന്നുണ്ട് കാണിക്കാർക്കിടയിൽ. പ്രകൃതി സംരക്ഷണം എന്ന മഹത്തായ കാര്യമാണ് വിശ്വാസം സംരക്ഷിക്കുന്നതിലൂടെ ചെയ്യുന്നത് എന്ന് പറഞ്ഞാൽ?

പ്രകൃതിയെ ആരാധിക്കുകയും സംരക്ഷിക്കുകയും ചെയ്തവരാണ് ഗോത്രവിഭാഗക്കാർ.

ചാറ്റ് പാട്ടും കൊക്കരയും കാണിക്കാരിൽ നിന്ന് വേർപെടുത്താനാവില്ല. കൊക്കരയെ കൂടാതെ ഏതെല്ലാം വാദ്യോപകരണങ്ങൾ ആണ് കാണിക്കാർക്കുള്ളത്?

തുടി കൊട്ടിപ്പാടുന്നതും ചെണ്ട ഉപയോഗിക്കുന്നവരും ഉണ്ട്.

ചാറ്റുപാട്ടിലെ ഭാഷയുടെ ആഴവും സൗന്ദര്യവും ശ്രദ്ധിച്ചിട്ടുണ്ടോ? പുറംലോകവുമായി യാതൊരു ബന്ധവുമില്ലാത്ത പൂർവ്വികർക്ക് ഇത് എങ്ങിനെ സാധിച്ചു എന്നാണ് കരുതുന്നത്?

പുറംലോകവുമായി ബന്ധമുണ്ടായിരുന്നു. അധിനിവേശം, കുടിയേറ്റം എന്നിവ കാരണം വീണ്ടും കാടുകളിലേക്ക് അഭയം പ്രാപിക്കേണ്ടി വന്നവരാണ് കാണിക്കാർ. ഏക്കറുകണക്കിന് ഭൂമിയിൽ കൃഷി ചെയ്തിരുന്നവരാണ് പൂർവ്വികർ. ഗോത്രാചാരങ്ങൾ, അനുഷ്ഠാനങ്ങൾ, ഇല്ലം തൊട്ടുകൂടായ്മ തുടങ്ങിയ പഴയ കാലത്തെ എല്ലാത്തരം രീതികളും ഗോത്രസമൂഹം പാലിച്ചിരുന്നതായി കേട്ടിട്ടുണ്ട്. പ്ലാത്തി (2), മൂതവൻ (3) തുടങ്ങിയവരെ നിയമിച്ചു കൊണ്ടുള്ള സ്വയംഭരണാവസ്ഥ വരെ നിലനിർത്തിയ സ്വയംപര്യാപ്തമായ വിഭാഗമായിരുന്നു. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങളുള്ള ധാരാളം പഠനങ്ങൾ ഇന്ന് ലഭ്യമാണ്. ഇതൊക്കെ തന്നെ ഒരു ബലവത്തായ സംസ്കാരം ഊട്ടിയുറപ്പിച്ചവരാണ് ഇവരെന്നതിന്റെ തെളിവുകളാണ്. ഗൂഢഭാഷ (വള്ളി മുടിച്ചിൽ (4) സന്ദേശങ്ങൾ കൈമാറാനായും കാട്ടിലകപ്പെട്ടാൽ വഴി തെറ്റാതിരിക്കുവാനും വിലക്കുകൾ അറിയിക്കുവാനും ഭരണസംബന്ധമായ രഹസ്യകാര്യങ്ങൾ കൈമാറാനുമായി ഏഴുതരം വള്ളിമുടിച്ചിലുകൾ ഉപയോഗിച്ചിരുന്നവരാണ്.

‘ഇരു’ എന്ന ഷിനിലാലിന്റെ നോവലിൽ കാണിക്കാരുടെ പൂർവ്വകാലജീവിതത്തിന്റെ അടയാളങ്ങളുണ്ട്. കഥകളും പാട്ടുകളും ഭാവനാസമ്പന്നമാണ്. ചാറ്റുപാട്ടിൽ ചാവുതോറ്റി കടലിൽ കൊണ്ടുപോയി കുളിപ്പിച്ചു ശുദ്ധി വരുത്തുന്ന സങ്കല്പത്തിന്റെ തുടർച്ചതന്നെയല്ലേ ഇന്നും മരണാനന്തരകർമ്മങ്ങളിൽ മറ്റു സമുദായങ്ങളും പിൻതുടരുന്നത്. ഒന്നുകൂടി തിരിച്ചു ചിന്തിക്കാൻ നാം വളർന്നാൽ സംസ്കാരത്തിന്റെ തുടക്കം ആദിമ ജനതയിൽ നിന്നല്ലേ എന്നു കണ്ടെത്താനാവുന്ന തെളിവുകൾ ഇപ്പോഴും ശേഷിക്കുന്നുണ്ട്.

കുന്നംകുളം മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപകനായ ഹരിദാസൻ ആണ് കലയുടെ ഭർത്താവ്. ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന അനാമികയും ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന അവന്തികയും മക്കളാണ്. തൃശൂർ പേരാമംഗലത്ത് താമസിക്കുന്ന കല, നിലവിൽ കുട്ടനെല്ലൂർ സി. അച്യുതമേനോൻ കോളേജിലെ മലയാള വിഭാഗം അസോസിയേറ്റ് പ്രൊഫസർ ആണ്.

(1) മൂട്ടുകാണി’: കൂട്ടം കൂട്ടമായി വസിക്കുന്നവരാണ് കാണിക്കാർ. ഒരു കൂട്ടത്തെ കാണിപ്പറ്റ് എന്ന് പറയുന്നു. ഒരു കാണിപ്പറ്റിൻ്റെ തലവനാണ് മൂട്ടുകാണി അഥവാ കാണിമൂപ്പൻ

(2) പ്ലാത്തി: കാണിക്കാരുടെ പ്രധാന വൈദ്യൻ. മരുന്ന് നൽകിയും മന്ത്രം ഓതിയും രോഗത്തിന് ശമനം വരുത്തുന്നു. മൂട്ടുകാണി കഴിഞ്ഞാൽ അധികാരമുള്ളത് പ്ലാത്തി ക്കാണ്

(3) മൂതവൻ: മൂട്ടുകാണി കഴിഞ്ഞാൽ കാണിപ്പറ്റിലെ ജനങ്ങളുടെ രക്ഷാധികാരിയായ പ്ലാത്തിയെ എല്ലാ കർമ്മങ്ങളിലും സഹായിക്കുകയും ചാറ്റ് നടക്കുമ്പോൾ ഏറ്റുപാടുകയും ചെയ്യുന്നത് മൂതവനാണ്.

(4) വള്ളി മുടിച്ചിൽ: കാണിപ്പറ്റുകൾ തമ്മിൽ  വാർത്താവിനിമയം നടത്താൻ ഉപയോഗിക്കുന്ന ഗൂഢഭാഷയാണ്. ശുഭസന്ദേശത്തിന് പത്തായക്കെട്ട് അശുഭ സന്ദേശത്തിന് മുക്കമ്പറക്കെട്ട് എന്ന് രണ്ട് തരം വള്ളിമുടിച്ചിലുകളുണ്ട്.


Summary: First PhD holder from Kani or Kanikkar tribal community Dr Kala B Haridasan Interview with DrJayaraj Chalissery.


ഡോ. ബി. കല ഹരിദാസൻ

കാണിക്കാർ ഗോത്രവിഭാഗത്തിൽനിന്ന് ആദ്യമായി ഡോക്ടറേറ്റ് നേടി. കൊല്ലം മുട്ടറ ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയായി സർക്കാർ സർവീസിൽ പ്രവേശിച്ച കല ഇപ്പോൾ തൃശൂർ കുട്ടനെല്ലൂർ സി. അച്യുതമേനോൻ കോളേജിൽ മലയാള വിഭാഗം അസോസിയേറ്റ് പ്രൊഫസറാണ്.

ഡോ. ജയരാജ് ചാലിശ്ശേരി

കഥാകൃത്ത്, എഴുത്തുകാരൻ. പേപ്പറോമിയ റിഫ്ലക്സാ, ത്രീ ഫോൾഡ് (കഥകൾ ), ഞാൻ അങ്ങോട്ട് വരാം (ജീവചരിത്രം) എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments