2011 ലെ സെൻസസ് അനുസരിച്ച് കേരളത്തിലെ ആകെ ജനസംഖ്യയിൽ 1.5% മാത്രം വരുന്ന ആദിവാസി വിഭാഗങ്ങൾ ഇന്നും മുഖ്യധാരാ സമൂഹത്തിൽ നിന്ന്​ പുറന്തള്ളപ്പെട്ട, അരികുവൽക്കരണം നേരിട്ടു കൊണ്ടിരിക്കുന്ന സമൂഹമാണ് / Photo: Wikimedia Commons

കേരള ഭൂപടത്തിൽ ആദിവാസി ഇന്ന് എവിടെയാണ്?

മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളും പൊതുസമൂഹവും ആദിവാസികളെ കാണുന്നത് അവരുടെ താൽപര്യങ്ങൾക്കായി യഥേഷ്ടം ഉപയോഗിക്കാവുന്ന വിചിത്രസമൂഹങ്ങളായാണ്.

കേരളത്തിന്റെ സവിശേഷമായ വികസനത്തെ ലോകോത്തരമെന്ന് വിശേഷിപ്പിച്ച് 1970 കളിൽ ഉയർന്നുവന്നതാണ് കേരള വികസന മാതൃക എന്ന വ്യവഹാരം. മലയാളിയുടെ പൊതുബോധ നിർമ്മിതിയിലും, കേരള സമൂഹത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ-സാംസ്‌കാരിക കാഴ്ചപ്പാടുകളിലും ആഴത്തിൽ വേരോടുന്ന വിജയബോധത്തിന്റെയും, സ്വത്വരൂപീകരണത്തിന്റെയും ഭാഗം കൂടിയാണ് കേരളാ മോഡൽ. ഉദാഹരണത്തിന്, സമൂഹമാധ്യമങ്ങളിലും മറ്റും അടുത്തിടെയായി കാണപ്പെടുന്ന, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുമായും, മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുമായുമൊക്കെ സ്വയം താരതമ്യം നടത്തി ഊറ്റം കൊള്ളുന്ന ഒരു തരം വരേണ്യ മലയാളിബോധം നിർമിച്ചെടുക്കുന്നതിൽ കേരള മോഡൽ എന്ന ആശയം ചെറുതല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ട്. അടുത്ത കാലത്തായി, പാർശ്വവൽകൃതസമൂഹങ്ങൾ കേരള വികസന മാതൃകയെ വിമർശനാത്മകമായി വിലയിരുത്തുന്ന ഒരു പ്രക്രിയ ചരിത്രത്തിന്റെ നീതിയെന്നോണം സംഭവിക്കുന്നുമുണ്ട്. ഈ പശ്ചാത്തലത്തിൽ, കേരള വികസന മാതൃകയെ കേരളത്തിലെ ഗോത്രവർഗങ്ങളുടെ വീക്ഷണത്തിലൂടെ പരിശോധിക്കുകയാണിവിടെ.

അത്രയധികം ആഘോഷിക്കപ്പെടുന്ന ഈ വികസന മാതൃകയിൽ ആദിവാസി സമൂഹങ്ങളുടെ സ്ഥാനമെവിടെയാണ് അല്ലെങ്കിൽ ഉയർന്ന ജീവിതനിലവാരസൂചികയെന്ന് സ്വയം അഭിമാനിക്കുന്ന കേരളസമൂഹത്തിന്റെ സമകാലിക ജീവിതാവസ്ഥയിൽ ആദിവാസികൾ എങ്ങനെയാണ് പരിഗണിക്കപ്പെടുന്നത് എന്നു ചിന്തിക്കുന്നത്, മുഖ്യധാരാവികസനത്തിന്റെ പക്ഷപാതപരമായ സ്വഭാവം മനസ്സിലാക്കാൻ സഹായകരമായിരിക്കും (ഈ വിഷയത്തിൽ ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ ഉപയോഗിച്ച് സമഗ്ര പഠനങ്ങൾ ഉണ്ടാകേണ്ടിയിരിക്കുന്നു. ആദിവാസികളും കേരള വികസന മാതൃകയും എന്ന ആശയത്തെ സമീപിച്ചു കൊണ്ടുള്ള ചില പ്രാഥമികനിരീക്ഷണങ്ങൾ മാത്രമാണ് ഈ ലേഖനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്).

ഒരു സമൂഹം എന്ന നിലയിൽ ആദിവാസികളെ ശരിയായി മനസിലാക്കാതെ, കേവലം പൊതുയുക്തികളിലേയ്ക്ക് പരിമിതപ്പെടുത്തപ്പെടുത്തിക്കൊണ്ടുള്ള ഭരണ-നയരൂപീകരണ സംവിധാനങ്ങളാണ് കേരളം പിന്തുടരുന്നത്.

സാമ്പത്തിക വളർച്ച പരിമിതമായിരിക്കുമ്പോൾ തന്നെ ഉയർന്ന സാമൂഹ്യ വികസനം കൈവരിക്കുന്ന തരത്തിലുള്ള, ഉയർന്ന സാക്ഷരതാ നിരക്ക്, കുറഞ്ഞ ശിശു- മാതൃമരണനിരക്ക്, പൊതുജനാരോഗ്യ മേഖലയിലെ പുരോഗതി, മുതലായ അനേകം നേട്ടങ്ങൾ ദൃശ്യമായ കേരളത്തിന്റെ വികസന മാതൃകയാണ് കേരളാ മോഡൽ എന്നറിയപ്പെട്ടത്. വികസനത്തിലെ പൊതുജന പങ്കാളിത്തവും സേവനങ്ങളുടെ തുല്യമായ വിതരണവും (പ്രത്യേകിച്ച് വിദ്യാഭ്യാസം, പൊതുജനാരോഗ്യം എന്നീ മേഖലകളിലെ നേട്ടങ്ങൾ) ഈ വ്യത്യസ്തമായ വികസന മാതൃകയുടെ പ്രത്യേകതയായി സാമ്പത്തിക ശാസ്ത്രവിദഗ്ദർ വിലയിരുത്തി1. എന്നാൽ, സാമൂഹ്യപുരോഗതിയുടെ ഈ മുഖ്യധാരാ ആഖ്യാനങ്ങളിൽ ഒരിടത്തും പാർശ്വവൽകൃതസമൂഹങ്ങളുടെ, പ്രത്യേകിച്ച് ആദിവാസികളുടെ അവസ്ഥ പരിഗണിക്കപ്പെട്ടിട്ടില്ല.

പണിയ സമുദായത്തിലെ സ്ത്രീകൾ
പണിയ സമുദായത്തിലെ സ്ത്രീകൾ

2011 ലെ സെൻസസ് അനുസരിച്ച് കേരളത്തിലെ ആകെ ജനസംഖ്യയിൽ 1.5% മാത്രം വരുന്ന ആദിവാസി വിഭാഗങ്ങൾ ഇന്നും മുഖ്യധാരാ സമൂഹത്തിൽ നിന്ന്​പുറന്തള്ളപ്പെട്ട, എല്ലാ വിധത്തിലുമുള്ള അരികുവൽക്കരണം നേരിട്ടു കൊണ്ടിരിക്കുന്ന സമൂഹമാണ്. ഒരു സമൂഹം എന്ന നിലയിൽ ആദിവാസികളെ ശരിയായി മനസിലാക്കാതെ, കേവലം പൊതുയുക്തികളിലേയ്ക്ക് പരിമിതപ്പെടുത്തപ്പെടുത്തിക്കൊണ്ടുള്ള ഭരണ-നയരൂപീകരണ സംവിധാനങ്ങളാണ് കേരളം പിന്തുടർന്നു പോരുന്നത്. ഉദാഹരണത്തിന്, കേരളത്തിലെ 36 ഗോത്ര വിഭാഗങ്ങളിൽ മിക്കതും കേരളത്തിലും കർണാടകയിലും തമിഴ്‌നാട്ടിലുമായി പരന്നുകിടക്കുന്ന ജനസമൂഹങ്ങളാണ്. സംസ്ഥാനം, ജില്ല, താലൂക്ക് മുതലായ അതിർത്തികൾ അടിസ്ഥാനപ്പെടുത്തിയുള്ള വിഭാഗീകരണവും, ഭരണസംവിധാനവും ആദിവാസിവിഭാഗങ്ങളുടെ ആവാസ കേന്ദ്രങ്ങൾ, കുടുംബ-സമുദായ ബന്ധങ്ങൾ എന്നിവയെ താറുമാറാക്കുന്നു2. പഠനങ്ങളിലും നയരൂപീകരണത്തിലുമെല്ലാം ഗോത്ര ജനതയുടെ ജീവിതാവസ്ഥകൾ മനസിലാക്കാതെയുള്ള വീക്ഷണങ്ങളാണ് കേരളസമൂഹം സ്വീകരിച്ചിട്ടുള്ളത്. ആദിവാസികളെ സംബന്ധിച്ച് കുലങ്ങളും സമൂഹകേന്ദ്രീകൃതമായ ജീവിതരീതികളും അങ്ങേയറ്റം പ്രധാനമാണ്. ഇവയൊക്കെ കണക്കിലെടുത്തു കൊണ്ടുള്ള വികസന നയങ്ങളാണ് ആവശ്യവും. കേരളത്തിലെ ഗോത്ര സമൂഹങ്ങൾ ഒരേ സവിശേഷതകളുള്ള സമാനമായ വിഭാഗങ്ങളല്ല എന്നതും ഇവിടെ ശ്രദ്ധിക്കേണ്ടതാണ്. പ്രാക്തന ഗോത്ര വർഗങ്ങളായ ചോലനായ്ക്കർ, കാട്ടുനായ്ക്കർ, കാടർ, കുറുമ്പ, കൊറഗ എന്നിവയും, താരതമ്യേന ഉയർന്ന വിദ്യാഭ്യാസവും ജീവിതനിലവാരവും കൈവരിച്ച മലയരയവിഭാഗവുമെല്ലാം ഉൾപ്പെടുന്നതാണ് കേരളത്തിലെ ആദിവാസി സമൂഹം. ഇതൊന്നും കണക്കിലെടുക്കാതെയുള്ള സാമാന്യവൽക്കരണവും, ഗോത്രജനതയുടെ പാർശ്വവൽക്കരണത്തിലേയ്ക്കാണ് നയിക്കുന്നത്.

പ്രാഥമിക വിദ്യാഭ്യാസം, തുടർപഠനം മുതലായ കടമ്പകൾ കടന്ന് ഉന്നതവിദ്യാഭ്യാസമേഖലയിലേക്ക് എത്തപ്പെടുന്ന ഗോത്രവർഗവിദ്യാർത്ഥികൾ തീരെ കുറവാണ്. അവിടെയാകട്ടെ വിവേചനത്തിന്റെയും ചൂഷണത്തിന്റെയും പല ഘട്ടങ്ങളിലൂടെ അവർ കടന്നു പോകേണ്ടിവരുന്നു

കേരള മോഡൽ വികസനത്തിൽ ഏറ്റവുമധികം ആഘോഷിക്കപ്പെടുന്ന ഒന്നാണ് കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല. എന്നാൽ, ഈ "പൊതു'വിൽ നിന്നും തീർത്തും ഒഴിവാക്കപ്പെട്ടവരാണ് ആദിവാസി വിഭാഗങ്ങൾ. സംസ്ഥാനസാക്ഷരതാ നിരക്ക് 94% ആയിരിക്കുമ്പോൾ, ആദിവാസി വിഭാഗങ്ങളിൽ ഇത് 75 % മാത്രമാണ്. ഈ വലിയ വിടവിനെ അദൃശ്യവൽക്കരിച്ചുകൊണ്ടാണ് സാക്ഷര സമ്പൂർണരുടെ നാടാണ് കേരളം എന്നു കാലാകാലങ്ങളായി ഇവിടുത്തെ മുഖ്യധാരാ ആഖ്യാനങ്ങൾ മേന്മ നടിക്കുന്നത്. പ്രാഥമിക വിദ്യാഭ്യാസം ഇന്നും അന്യമായ ആദിവാസി ജനവിഭാഗങ്ങളുള്ള നാട്ടിൽ, വിദ്യാഭ്യാസകച്ചവടവും ജഞാനമേഖലയുടെ അതിവേഗത്തിലുള്ള സ്വകാര്യവൽക്കരണവും നടന്നു കൊണ്ടിരിക്കുന്നു. കോവിഡാനന്തര വിദ്യാഭ്യാസം ഡിജിറ്റൽ സംവിധാനങ്ങളിലേയ്ക്ക് വളരെയെളുപ്പം മാറിയപ്പോൾ ഇവിടെ ഒറ്റപ്പെട്ടു പോയതും സാമൂഹികമായും സ്ഥലപരമായും അരികുവൽക്കരിക്കപ്പെട്ട സമൂഹങ്ങളും, പ്രത്യേകിച്ച് ഗോത്രവർഗവിദ്യാർത്ഥികളുമാണ്. ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ സംവിധാനങ്ങളില്ലാതെ ആത്മഹത്യ ചെയ്ത ആദിവാസി വിദ്യാർത്ഥിനി, അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത ഒരു കൂട്ടം ജനങ്ങൾ, അവർക്ക് മുൻപേ മത്സരിച്ചോടുന്ന പ്രിവിലേജ്ഡ് സമൂഹങ്ങളോട് തോറ്റു കൊണ്ടേയിരിക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണ്.

കാസർകോട് ബദിയടുക്കയിലെ കൊറഗ കോളനിയിൽ നിന്ന് / ഫോട്ടോ: മുഹമ്മദ് ഹനാൻ
കാസർകോട് ബദിയടുക്കയിലെ കൊറഗ കോളനിയിൽ നിന്ന് / ഫോട്ടോ: മുഹമ്മദ് ഹനാൻ

എല്ലാവർക്കും പ്രാഥമിക വിദ്യാഭ്യാസം എന്ന ലക്ഷ്യം കൈവരിച്ചെന്നു കേരളം അഭിമാനിക്കുമ്പോൾ, ഇതിൽ വ്യക്തമായ "കാസ്റ്റ് ഗ്യാപ്' നിലനിൽക്കുന്നുവെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ആദിവാസി വിദ്യാർത്ഥികൾക്ക് സ്‌കൂൾ വിദ്യാഭ്യാസമെന്നത് മറ്റു വരേണ്യസമൂഹങ്ങളിലേതു പോലെ സ്വാഭാവികമായി സംഭവിക്കുന്ന ഒന്നല്ല. മിക്കവാറും അവരുടെ ജീവിതസാഹചര്യങ്ങൾ എല്ലാ ദിവസവും സ്‌കൂളിൽ പോവുക, പഠിക്കുക മുതലായ കടമകൾക്ക് എതിരുമായിരിക്കും. ആദിവാസി മേഖലകളിലെ സ്‌കൂളുകളുടെ അഭാവം, യാത്രാസൗകര്യമില്ലായ്മ, വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ച് മാതാപിതാക്കൾക്ക് അവബോധമില്ലാത്തത് ഇതെല്ലാം ഇന്നും നിലനിൽക്കുന്ന കാരണങ്ങളാണ്. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചേരുന്ന ആദിവാസിവിദ്യാർത്ഥികൾ നേരിടുന്ന പ്രധാന വെല്ലുവിളി ഭാഷയിലുള്ള വ്യത്യാസമാണ്. ഗോത്രഭാഷാപദപ്രയോഗങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ വാക്കുകളും, അവരുടെ ജീവിതസാഹചര്യങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത പാഠങ്ങളും പഠിക്കേണ്ടി വരുമ്പോൾ, ഈ കുട്ടികൾ തീർത്തും ഒറ്റപ്പെട്ടു പോകുന്നു. പഠനം പൂർത്തീകരിക്കാതെ തങ്ങളുടെ ജീവിതങ്ങളിലേയ്ക്ക് മടങ്ങുന്ന വിദ്യാർത്ഥികൾക്ക് വേണ്ട സഹായമോ പ്രചോദനമോ കൊടുക്കാനും ആരുമില്ലെന്നതും ഈയവസ്ഥയെ കൂടുതൽ ദുരിതപൂർണമാക്കിത്തീർക്കുന്നു.

പ്രാഥമിക വിദ്യാഭ്യാസം, തുടർപഠനം മുതലായ കടമ്പകൾ കടന്ന് ഉന്നതവിദ്യാഭ്യാസമേഖലയിലേക്ക് എത്തപ്പെടുന്ന ഗോത്രവർഗവിദ്യാർത്ഥികൾ തീരെ കുറവാണ്. അവിടെയാകട്ടെ വിവേചനത്തിന്റെയും ചൂഷണത്തിന്റെയും പല ഘട്ടങ്ങളിലൂടെ അവർ കടന്നു പോകേണ്ടിവരുന്നു. ജാതീയവും വംശീയവുമായ വിവേചനങ്ങൾ കൂടാതെ, അക്കാദമിക രംഗത്ത് പ്രബലരായ വരേണ്യവിഭാഗങ്ങളുടെ താൽപര്യങ്ങൾ പലപ്പോഴും അടിച്ചേൽപ്പിക്കുന്നത് അവശസമൂഹങ്ങളിൽ നിന്നുമെത്തുന്ന വിദ്യാർത്ഥികളുടെ മേലായിരിക്കും. തീർത്തും വരേണ്യ സ്വഭാവമുള്ള അക്കാദമിക, ഗവേഷണമേഖലകളിൽ സർവൈവ് ചെയ്യുകയും നേട്ടങ്ങളുണ്ടാക്കുകയും ചെയ്യാനുള്ള സാമൂഹ്യ സാംസ്‌കാരിക മൂലധനങ്ങൾ ഉള്ളവരല്ല ആദിവാസി വിദ്യാർത്ഥികൾ. അതിനാൽ തന്നെ, ഇത്തരം ചൂഷണങ്ങൾ, സാധ്യമായ എല്ലാ മെച്ചപ്പെട്ട ജീവിതാവസ്ഥകളിൽ നിന്നും ജ്ഞാനസമ്പാദനത്തിൽ നിന്നും അവരെ വീണ്ടും പുറന്തള്ളുകയാണ്.

വയനാട്ടിലെയും അട്ടപ്പാടിയിലെയും ശിശുമരണ നിരക്ക് സംസ്ഥാന ശരാശരിയേക്കാൾ വളരെ മുകളിലാണ്​, നവജാതശിശു-മാതൃ സംരക്ഷണത്തിന്​ സർക്കാർ ചെലവഴിക്കുന്നു എന്നു പറയുന്ന കോടികൾ പാഴായി പോകുന്നു എന്നാണ്​ ഇത്​ കാണിക്കുന്നത്​

ഗോത്രസമൂഹങ്ങളെ കുറിച്ച് പഠിക്കാനും പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കാനും അക്കാദമിക സമൂഹം അങ്ങേയറ്റം താൽപര്യം കാണിക്കുമ്പോൾ തന്നെ, ഈ പ്രക്രിയയിൽ നിന്ന് ആദിവാസി വിദ്യാർത്ഥികൾ കാലാകാലങ്ങളായി ഒഴിവാക്കപ്പെടുന്നത്, വിജ്ഞാനസംബന്ധിയായ അധീശത്വവും അധിനിവേശവും ഇവിടെ തുടരുന്നു എന്നതിനുള്ള തെളിവാണ്. ആദിവാസിയുടെ അറിവുകൾ, അവരെ കുറിച്ചുള്ള മറ്റു വിവരങ്ങൾ എന്നിവയെല്ലാം രേഖപ്പെടുത്തി വിതരണം ചെയ്തു നേട്ടമുണ്ടാക്കുകയും, അതേ അറിവുകളെ പ്രാകൃതവും ജഞാനരൂപീകരണത്തിന് യോഗ്യമല്ലാത്തവയുമായി കണക്കാക്കുകയും ചെയ്യുന്ന രീതിയാണ് ഇന്ത്യയിലെയും കേരളത്തിലെയും അക്കാദമിക സമൂഹങ്ങൾ പിന്തുടർന്നു പോരുന്നത്.

കൊറഗ കോളനിയിലെ ട്രൈബൽ സ്കൂളിൽ നിന്ന്
കൊറഗ കോളനിയിലെ ട്രൈബൽ സ്കൂളിൽ നിന്ന്

അടുത്ത കാലത്തായി ഏറെ പ്രശംസിക്കപ്പെട്ട ഒന്നാണ് ഇവിടുത്തെ പൊതുജനാരോഗ്യ സംവിധാനങ്ങൾ. ഈ മികവ് സാമ്പത്തികമായും സാമൂഹികമായും ഏറ്റവും പിന്നിൽ നിൽക്കുന്ന കേരളത്തിലെ ആദിവാസി വിഭാഗങ്ങളിൽ എത്തിച്ചേരുന്നുണ്ടോ എന്നന്വേഷിക്കാൻ ആരും മെനക്കെടാറില്ല എന്നതാണ് യാഥാർത്ഥ്യം. 2016 ൽ വയനാട്ടിലെ ശിശുമരണ നിരക്ക് സൊമാലിയയുമായി താരതമ്യം ചെയ്ത് നരേന്ദ്രമോദി നടത്തിയ പരാമർശങ്ങൾ മലയാളിയുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തുകയും ഇതിനെതിരെ വലിയ പ്രതികരണങ്ങൾ ഉണ്ടാവുകയും ചെയ്തിരുന്നു. എന്നാൽ, ആദിവാസികളെ ഏറ്റെടുത്തു ഹിന്ദുത്വവൽക്കരിക്കാനുള്ള സംഘപരിവാർ ശ്രമങ്ങളെ ശക്തമായി എതിർക്കുമ്പോഴും, കേരളത്തിലെ ആദിവാസി മേഖലകളിലെ മാതൃ-ശിശുമരണനിരക്കുകൾ ചൂണ്ടിക്കാണിക്കുന്ന യാഥാർത്ഥ്യം കണ്ടില്ലെന്നു നടിക്കാൻ കഴിയില്ല. ഈ വിഷയം ഉയർന്നു വന്ന സമയത്ത്, പുരോഗതിയുടെ മകുടോദാഹരണമായ കേരളത്തെ നരേന്ദ്രമോദി അപമാനിച്ചു എന്ന വിധത്തിലുള്ള വ്യാഖ്യാനങ്ങളല്ലാതെ, ഇതേ കേരളത്തിന്റെ ഭാഗമായ ആദിവാസിജീവിതങ്ങളുടെ ദുരിതാവസ്ഥയെ അഡ്രസ് ചെയ്യാൻ വരേണ്യമലയാളി പൊതുബോധം തയ്യാറായതുമില്ല. ഈ വിഷയത്തിൽ പുറത്തുവന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് വയനാട്ടിലെയും അട്ടപ്പാടിയിലെയും ശിശുമരണ നിരക്ക് സംസ്ഥാന ശരാശരിയേക്കാൾ വളരെ മുകളിലാണെന്നും, നവജാതശിശു-മാതൃ സംരക്ഷണത്തിനായി സർക്കാർ ചെലവഴിക്കുന്നു എന്നു പറയുന്ന കോടികൾ പാഴായി പോകുന്നു എന്നുമാണ്. അന്ന് മന്ത്രിയായ എ.കെ ബാലൻ ഇതിനോട് പ്രതികരിച്ചത് ഈ വിഷയം അന്വേഷിച്ച് ഇതിന് കാരണക്കാരായ അഴിമതിക്കാരെ പുറത്തു കൊണ്ടുവരും എന്നായിരുന്നു.

മലയാളി വരേണ്യ ബോധമാണ്, കേരളാ മോഡലിന്റെ വികസനസൂചകങ്ങളിൽ നിന്ന് ഗോത്രവർഗസമൂഹങ്ങളെ സൗകര്യപൂർവ്വം മായ്ച്ചു കളയുന്നത്

ആദിവാസി വികസന പദ്ധതികൾ, അതു ആരോഗ്യമേഖലയിലായാലും മറ്റു മേഖലകളിലായാലും, ആദിവാസികളിലേക്കെത്താതെ പോകുന്നതിന്റെ കാരണം അഴിമതി മാത്രമാണോ? അല്ല, മറിച്ച് മുൻപ് സൂചിപ്പിച്ച മലയാളി വരേണ്യ ബോധം, ആദിവാസിസമൂഹങ്ങൾ ഇവിടെ നിലനിൽക്കുന്നുണ്ട് എന്ന് അംഗീകരിക്കാൻ പോലും തയ്യാറാകാത്ത സവർണ മേൽക്കോയ്മാശീലമാണ് ഇതിനെല്ലാം അടിസ്ഥാന കാരണം. ഇതേ ബോധമാണ്, കേരളാ മോഡലിന്റെ വികസനസൂചകങ്ങളിൽ നിന്ന് ഗോത്രവർഗസമൂഹങ്ങളെ സൗകര്യപൂർവ്വം മായ്ച്ചു കളയുന്നത്. പട്ടിണി മരണങ്ങൾ അസാധാരണമല്ലാത്ത, പോഷകാഹാരക്കുറവ്, വിളർച്ച എന്നിവയുള്ള അമ്മമാരും സ്ത്രീകളും കുട്ടികളുമൊക്കെയുള്ള ആദിവാസി ഊരുകൾ ഈ കേരളത്തിന്റെ ഭാഗമായുണ്ട്. ഇവിടങ്ങളിലെ ജീവിതാവസ്ഥകൾ പുറത്തു കൊണ്ടു വരാനോ അർഹതപ്പെട്ട അവകാശങ്ങൾ ചോദിച്ചു വാങ്ങാനോ അല്ലെങ്കിൽ അതിനു വേണ്ടി സമരം ചെയ്യാനോ ആരുമില്ലെന്നു മാത്രം. ഇനി, ആദിവാസിയുടെ വികസനത്തിനായി നടപ്പിലാക്കുന്ന ഗവൺമെന്റ് നോൺ ഗവൺമെന്റൽ സംവിധാനങ്ങളുടെ പ്രത്യേകത, അവയെല്ലാം ആദിവാസി ജീവിതങ്ങളെ കുറിച്ചുള്ള മുൻധാരണകളിലും സാമാന്യവൽക്കരണങ്ങളിലും അധിഷ്ഠിതമാണെന്നുള്ളതാണ്.ആദിവാസികളുടെ മേൽ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്ന ഭരണകൂട-ഉദ്യോഗസ്ഥ സംവിധാനങ്ങളല്ല, ആദിവാസികൾക്ക് അവരുടെ ജീവിതരീതി, തൊഴിൽ എന്നിവയെല്ലാം തിരഞ്ഞെടുക്കുന്നതിനുള്ള സ്വാതന്ത്ര്യമാണ് ഉണ്ടാകേണ്ടത്.

വികസനോത്മുഖ കേരളത്തെ കുറിച്ചുള്ള വിവരണങ്ങളിൽ ഭൂമിയുടെ മേലും വനവിഭവങ്ങളുടെ മേലുമൊക്കെയുള്ള ആദിവാസിയുടെ അവകാശങ്ങൾ അട്ടിമറിക്കപ്പെട്ടതിനെ കുറിച്ച് ആരും പരാമർശിക്കാറില്ലെന്നതും കൂടി ഇവിടെ ഓർമ്മിക്കേണ്ടതുണ്ട്. സ്വന്തമായി ഭൂമി എന്ന അവകാശത്തിനു വേണ്ടി സമരമുഖത്തിറങ്ങിയ ആദിവാസികളോട് കേരളത്തിലെ സർക്കാരും പൊതുസമൂഹവും ചെയ്തത്, അത്രയെളുപ്പം ഓർമ്മയിൽ നിന്നും മാഞ്ഞു പോകുന്ന ഒന്നല്ല. ഗോത്രവർഗസമൂഹങ്ങളെ സംബന്ധിച്ചിടത്തോളം ഭൂമി, സാമൂഹ്യവും സാമ്പത്തികവുമായ സുരക്ഷിതത്വം നൽകുന്നു എന്നതിനോടൊപ്പം, അവരുടെ നിലനിൽപിന്റെ അടിസ്ഥാനം കൂടിയാണ്. ആദിവാസികൾ കാലാകാലങ്ങളായി അധിവസിച്ചിരുന്ന ഭൂമി കൊളോണിയൽ കാലം മുതൽക്കേ സ്റ്റേറ്റും വൻകിട കമ്പനികളും ഫ്യൂഡൽ ഭൂവുടമകളും പല രീതിയിൽ കൈക്കലാക്കി. ഈ ഭൂമി തിരിച്ചു പിടിക്കാനുള്ള ആദിവാസികളുടെ ശ്രമങ്ങൾ ഇന്നും ഒരിടത്തുമെത്താതെ നിൽക്കുന്നു. ഇന്ത്യൻ ഭരണഘടന ആദിവാസികൾക്ക് ഉറപ്പു നൽകുന്ന സ്വയം ഭരണാവകാശം, ഭൂമിയുടെ മേലുള്ള അവകാശം എന്നിവ അട്ടിമറിക്കപ്പെടുകയാണുണ്ടായത്.

തൃശൂർ ആനപ്പാന്തത്തിലെ കാടാർ യുവതിയും കുട്ടികളും / Photo: D. Pradeepkumar, Wikimedia Commons
തൃശൂർ ആനപ്പാന്തത്തിലെ കാടാർ യുവതിയും കുട്ടികളും / Photo: D. Pradeepkumar, Wikimedia Commons

1975 ൽ ആദിവാസികളുടെ ഭൂമി അന്യാധീനപ്പെട്ടു പോകുന്നത് തടയാനും മുമ്പ് നഷ്ടമായ ഭൂമി ആദിവാസികൾക്ക് തിരിച്ചു നൽകുന്നതിനുമായി Kerala Scheduled Tribes (Restriction on Transfer of Lands and Restoration of Alienated Lands) Act രൂപീകരിക്കപ്പെട്ടു. എന്നാൽ ഭരണകൂടങ്ങൾ ഈ നിയമം നിലവിൽ വരുന്നത് ഒരു ദശാബ്ദത്തിലധികം വൈകിപ്പിക്കുകയും ഈ കാലയളവിൽ ആദിവാസിഭൂമി കെയ്യേറ്റം വ്യാപകമായി തുടരുകയും ചെയ്തു. 1986 ൽ ഈ നിയമം നിലവിൽ വന്നപ്പോഴാകട്ടെ, ആദിവാസികളെ ദ്രോഹിക്കുന്ന വിധത്തിലുള്ള മാറ്റങ്ങളോടെയുമായിരുന്നു.1960 മുതൽ നടന്നിട്ടുള്ള ഭൂമി കൈമാറ്റങ്ങൾ അസാധുവാക്കുകയും ഇതിൽ ആദിവാസികൾ തുക കൈപ്പറ്റിയിട്ടുണ്ടെങ്കിൽ അതു തിരിച്ചു നൽകുകയും ചെയ്യണമെന്ന് വ്യവസ്ഥയുണ്ടായി. ഇത് സർക്കാർ ലോണായി ആദിവാസികൾക്കു നൽകുമെന്നും വ്യവസ്ഥയിലുണ്ടായിരുന്നെങ്കിലും, 8500 അപേക്ഷകൾ മാത്രമാണ് ഈ ഉദ്ദേശത്തിനായി ലഭിച്ചത്. ഇത്തരം നിയമസങ്കീർണതകളെ കുറിച്ചൊന്നും ആദിവാസിസമൂഹങ്ങൾക്ക് അറിവില്ലാതിരുന്നതിനാലും, ഭൂമി കൈയ്യേറ്റക്കാരും ഉദ്യോഗസ്ഥവൃന്ദവും ചേർന്ന് അവരെ വഞ്ചിച്ചതു കൊണ്ടും ഈ നിയമത്തിന്റെ യാതൊരു പ്രയോജനവും ഗോത്രജനവിഭാഗങ്ങൾക്ക് കിട്ടിയില്ല. തുടർന്ന് വന്ന ഗവൺമെന്റുകളാകട്ടെ ഈ നിയമം നടപ്പാക്കാൻ യാതൊരു താൽപര്യവും കാണിച്ചതുമില്ല. 1996 ൽ ആദിവാസികളുടെ ഭൂമി കൈയ്യേറിയവരെ ഒഴിപ്പിക്കാൻ കോടതി ഉത്തരവിട്ടെങ്കിലും, ഇതു നടപ്പാക്കാൻ സർക്കാർ തയ്യാറായില്ല. മാത്രമല്ല, കൈയ്യേറ്റക്കാരുടെ ആവശ്യങ്ങൾ അംഗീകരിച്ചു കൊണ്ട് 1975ലെ ആക്ടിൽ വെള്ളം ചേർക്കുന്ന നടപടിയാണ് സർക്കാർ സ്വീകരിച്ചത്.1999 ലെ Kerala State Restriction in Transfer of Lands and Restoration of Alienated Land Act ആകട്ടെ ഭൂമി കൈമാറ്റം ചെയ്യുന്നതിൽ നിന്നും ആദിവാസികളെ തടയുകയും 1975 ആക്ടിനെ തകിടം മറിക്കുന്ന വിധത്തിലുള്ള വ്യവസ്ഥകൾ അടങ്ങുന്നതുമായിരുന്നു. (അന്യാധീനപ്പെട്ട ഭൂമി 2 ഹെക്ടറിൽ കൂടുതലുണ്ടെങ്കിൽ മാത്രമേ ആദിവാസിയ്ക്ക് തിരിച്ചു നൽകേണ്ടതുള്ളൂ എന്നും മറ്റുമുള്ള വ്യവസ്ഥകൾ അങ്ങേയറ്റം ആദിവാസികളുടെ അവകാശങ്ങളെ പൂർണമായും നിഷേധിക്കുന്നവയായിരുന്നു). ആദിവാസി വിരുദ്ധമായ ഇത്തരം നിയമനിർമാണങ്ങൾ കാരണം, നഷ്ടപ്പെട്ട ഭൂമി തിരിച്ചു കിട്ടാത്ത എത്രയോ ആദിവാസി കുടുംബങ്ങൾ ഈ വികസിത കേരളത്തിലുണ്ട്!. ഭരണഘടനയുടെ അഞ്ചാം ഷെഡ്യൂൾ പ്രകാരം ആദിവാസി മേഖലയിൽ സ്വയംഭരണാവകാശം നൽകുന്ന PESA(Panchayats Extension to Scheduled Areas Act 1996) നടപ്പിലാക്കാനും കേരളത്തിലെ സർക്കാർ തയ്യാറായിട്ടില്ല. 2006 ലെ വനാവകാശ നിയമവും ഈ നീതി നിഷേധത്തിന്റെ തുടർച്ച തന്നെയാണ്.ഭൂസമരങ്ങളുടെ ഫലമായി 2001 ൽ സർക്കാർ നൽകിയ ഉറപ്പാണ് ഭൂരഹിത ആദിവാസികൾക്ക് ഭൂമി. ഇതിന്നും പാലിക്കപ്പെടാത്ത വാഗ്ദാനമായി തുടരുന്നു. നിയമങ്ങൾ കൈയ്യേറ്റക്കാർക്ക് വേണ്ടി വളച്ചൊടിച്ചും ഭരണഘടനാ അവകാശങ്ങൾ നിഷേധിച്ചും ആദിവാസികളെ വഞ്ചിച്ചു കൊണ്ടേയിരിക്കുന്ന ഈ വ്യവസ്ഥയാണ് വികസന മാതൃക എന്നു വാഴ്ത്തപ്പെടുന്നത്!

കേരളത്തിലെ വരേണ്യവർഗ സമുദായങ്ങൾക്ക് ഇങ്ങനെ കെട്ടുകാഴ്ചയാകേണ്ടി വരുന്നില്ല എന്നതിലാണ് ഈ സാമൂഹ്യ അനീതിയുടെ ആഴം വെളിവാകുന്നത്.

മുൻപ് സൂചിപ്പിച്ച സാമാന്യവൽക്കരണത്തിലൂടെയാണ് ആദിവാസി സമൂഹങ്ങളെ ഇന്നും കേരളത്തിന്റെ സാമൂഹ്യ- സാംസ്‌കാരിക ഭൂപടങ്ങൾ അടയാളപ്പെടുത്തുന്നത്. കാട്ടിൽ ജീവിക്കുന്ന പ്രാകൃതരായ മനുഷ്യർ എന്ന നിർബന്ധിതചട്ടക്കൂടിനപ്പുറത്ത് സ്വതന്ത്രരും തീരുമാനങ്ങളെടുക്കാൻ സ്വാതന്ത്ര്യമുള്ള പൗരന്മാരുമായി അവർ എവിടെയും പരിഗണിക്കപ്പെടുന്നില്ല. ആദിവാസിയുടെ നിറം, വേഷം, ശാരീരികമായ പ്രത്യേകതകൾ ഇവയെല്ലാം വിവേചനത്തിനുള്ള കാരണങ്ങളായി പൊതുബോധം കൃത്യമായി തന്നെ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. മറുവശത്ത് ഭരണകൂടം ഏറ്റെടുക്കുന്ന രക്ഷാധികാര കർത്തൃത്വവും, ആദിവാസിയുടെ സ്വത്വബോധത്തെയും സ്വതന്ത്ര ജീവിതത്തിനുള്ള അവകാശത്തെയും ഇല്ലായ്മ ചെയ്യുന്നതാണ്. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളും പൊതുസമൂഹവും ആദിവാസികളെ കാണുന്നത് അവരുടെ താൽപര്യങ്ങൾക്കായി യഥേഷ്ടം ഉപയോഗിക്കാവുന്ന വിചിത്രസമൂഹങ്ങളായാണ്. ഇതിനുദാഹരണമാണ് ആദിവാസി ഊരുകളിൽ സന്ദർശനം നടത്തി അവരോടൊപ്പം ചിത്രങ്ങളെടുക്കുകയും അത്തരം ദൃശ്യങ്ങൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായും മറ്റും ഉപയോഗിക്കുകയും ചെയ്യുന്നത്. കേരളത്തിലെ വരേണ്യവർഗ സമുദായങ്ങൾക്ക് ഇങ്ങനെ കെട്ടുകാഴ്ചയാകേണ്ടി വരുന്നില്ല എന്നുള്ളതിലാണ് ഈ സാമൂഹ്യ അനീതിയുടെ ആഴം വെളിവാകുന്നത്. മ്യൂസിയം പീസുകളായി ആദിവാസികളെ ചിത്രീകരിക്കുന്ന സാമൂഹ്യബോധം തിരുത്തപ്പെടാതെയുള്ള ഒരു കേരളാ മോഡൽ, മാതൃകയല്ല, മറിച്ച്, ജനാധിപത്യസമൂഹങ്ങൾക്ക് അപമാനമാണ്. രാഷ്ട്രീയാധികാരം കൈവരിച്ചിട്ടില്ലാത്ത അസംഘടിതസമൂഹമെന്ന നിലയിൽ വർധിച്ചു വരുന്ന വിവേചനമോ ചൂഷണമോ പ്രതിരോധിക്കാൻ കഴിയാതെ ജനാധിപത്യത്തിന്റെ അരികുകളിൽ നിലനിന്നുപോരുന്ന കേരളത്തിലെ ഗോത്ര സമൂഹങ്ങളെ സംബന്ധിച്ച് കേരള വികസന മാതൃകയെന്നത് അന്യമായ ഒരു സങ്കൽപം മാത്രമാണെന്നും കൂടി പറയേണ്ടി വരുന്നു.▮

Reference 1."The Kerala Model of Development: Development and Sustainability in the Third World' - Govindan Parayil, Third World Quarterly, 1996. Published online Aug 25, 2010. 2. "Assimilating Adivasis: The Kerala Model' - C R Bijoy, March 2015, Academia.edu. 3."Kerala: Path We have Taken Favours Privileged' - K S Madhavan, Times of India, June 3, 2020. 4. "Reforms and the Kerala Model' - M A Oommen, Economic and Political Weekly, Jan 12, 2008. 5. "Truth or Hype: We Asked Kerala Tribal Activists about Modi's Somalia Comparison' - Haritha John, The News Minute, May 11, 2016. 6. "Modi Somalia Jab Right? Infant Mortality Soars in Kerala' - Team Asianet Newsable, Oct 19, 2016. 7. Tribal Land Rights in India- Dr C Ashokvardhan, Centre for Rural Studies, 2006. 8. "A Tale of Lands Lost and Never Regained' - Krishnadas Rajagopal, The Hindu, May 5, 2013. 9. "കാടിറങ്ങേണ്ടി വരുമോ കാടിന്റെ അവകാശികൾക്ക്?' - സതീഷ് സൂര്യൻ, സമകാലിക മലയാളം, ജൂലൈ 13, 2020.

(ഭീംയാന കളക്ടീവും നീലം കൾച്ചറൽ സെന്ററും സംയുക്തമായി സാഹിത്യ അക്കാദമിയിൽ മാർച്ച് 20, 21 തീയതികളിൽ സംഘടിപ്പിച്ച Redefining Kerala Modelപരിപാടിയുടെ നയപ്രഖ്യാപന സമ്മേളനത്തിൽ നടത്തിയ പ്രഭാഷണം)


ജയിൻസി ജോൺ

ഗവേഷക. കാസർകോട്​ സെൻട്രൽ യൂണിവേഴ്​സിറ്റിയിൽ ഇംഗ്ലീഷ്​ ആൻറ്​ കംപാരറ്റീവ്​ ലിറ്ററേച്ചർ ഡിപ്പാർട്ടുമെൻറിൽ ജോലി ചെയ്യുന്നു.

Comments