‘‘നീയും പണിയനാണോടാ, നിന്റെ അമ്മയ്ക്കുണ്ടായ മറ്റു മക്കളൊക്കെ പൊലീസുകാർക്ക് ഉണ്ടായതാണോ, അതുകൊണ്ടാണോ നീ പൊലീസുകാരെ വെട്ടാൻ ആദിവാസികൾക്ക് ക്ലാസെടുത്തത്’’;2003 ഫെബ്രുവരി 22ന് സുൽത്താൻ ബത്തേരി പൊലീസ് സ്‌റ്റേഷനിലെ HC വസന്തകുമാർ കെ. കെ. സുരേന്ദ്രനെ നോക്കി ആക്രോശിച്ചു. ശരീരത്തിനും ആത്മാഭിമാനത്തിനും ഏറ്റ കൊടും പീഡനത്തെതുടർന്ന് ഉറങ്ങാതെ കിടന്ന ആ രാത്രിയും ശരീരത്തിന്റെ ഓരോ ഇഞ്ചിലും അനുഭവപ്പെട്ട കഠിനവേദനയും മറക്കാനാവുന്നില്ലെന്ന്, 17 വർഷത്തിനുശേഷവും സുരേന്ദ്രൻ പറയുന്നു. വയനാട്ടിലെ മുത്തങ്ങയിൽ 2003ൽ ആദിവാസി ഗോത്രമഹാസഭ നടത്തിയ ഭൂസമരവുമായി ബന്ധപ്പെട്ട് പ്രതി ചേർക്കപ്പെട്ട് അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട സുൽത്താൻ ബത്തേരി ‘ഡയറ്റ്' സീനിയർ ലക്ചറർ ആയിരുന്ന കെ.കെ. സുരേന്ദ്രന് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ബത്തേരി സബ് കോടതി കഴിഞ്ഞ ദിവസമാണ് വിധിച്ചത്. മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട് ആദിവാസികൾക്കെതിരായ അതിക്രമം അന്വേഷിക്കണമെന്ന ആവശ്യം അട്ടിമറിക്കുകയും ഇനിയൊരു മൂവ്‌മെന്റിനുള്ള സാധ്യത ഇല്ലാതാക്കാൻ ആ ജനതയെ ആകെ ക്രൂരനടപടികളാൽ ഭീതിയിലാക്കുകയും ചെയ്ത ഭരണകൂടത്തിനും പൊലീസിനും എതിരായ ചെറുത്തുനിൽപ്പിന്റെ അനുഭവമാണ് സുരേന്ദ്രൻ പറയുന്നത്, ഒപ്പം, മുത്തങ്ങ സമരം വയനാട്ടിലെ ആദിവാസി സമൂഹത്തിലുണ്ടായ ആഘാതത്തെക്കുറിച്ചും.
കെ. കണ്ണൻ: 17 വർഷത്തിനുശേഷമാണെങ്കിൽ കൂടി താങ്കൾക്കരികിലേക്ക് നീതിയുടെ നേരിയ ഒരാശ്വാസമെത്തി. ഈ വാർത്ത വായിച്ചപ്പോൾ ഓർമ വന്നത്, വാർത്തയിൽ ഇല്ലാതിരുന്ന ചിലരെയാണ്. അതായത്, 2003 ഫെബ്രുവരി 22 ന് താങ്കളെ പിടികൂടി മർദ്ദിച്ച് സുൽത്താൻ ബത്തേരി പൊലീസ് സ്‌റ്റേഷനിലെത്തിച്ചപ്പോൾ അവിടെ താങ്കൾ കണ്ട, മർദ്ദനമേറ്റ് കരയുന്ന കുഞ്ഞുങ്ങളെയും സ്ത്രീകളെയും. അവർക്കെന്തു സംഭവിച്ചു?
കെ.കെ. സുരേന്ദ്രൻ: അവരെല്ലാം കേസിൽ പ്രതി ചേർക്കപ്പെട്ടു. കുറെപേരെ പിന്നീട് സി.ബി.ഐയും പ്രതി ചേർത്തിട്ടുണ്ടാകാം. കുട്ടികളെ ജയിലിൽ റിമാന്റു ചെയ്ത സംഭവത്തിൽ ഇടപെടലുണ്ടാകുകയും കുട്ടികളെ ജയിലിലയച്ച മജിസ്‌ട്രേറ്റിനെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. പക്ഷെ, തുടർന്ന് ഹൈക്കോടതി വിധിയുണ്ടായിരുന്നു, കുട്ടികൾക്ക് സഹായം കൊടുക്കണമെന്നുപറഞ്ഞ്. പക്ഷെ, ആ കാര്യത്തിൽ സർക്കാർ എന്തെങ്കിലും ചെയ്തതായി അറിയില്ല. അന്ന് മർദ്ദനമേറ്റ ചില കുട്ടികൾക്ക് മാനസികമായും മറ്റും ബുദ്ധിമുട്ടുണ്ടായിരുന്നു. ആ കുട്ടികൾ സർക്കാരാശുപത്രികളിൽ പോയി ചികിത്സ നേടി എന്നതല്ലാതെ സർക്കാർ സഹായം കിട്ടിയില്ല.
മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട് ആദിവാസികൾക്കെതിരെയുണ്ടായ അതിക്രമങ്ങൾ അന്വേഷിക്കണമെന്ന് ദേശീയതലത്തിൽ തന്നെ ആവശ്യമുയർന്നിരുന്നുവല്ലോ. അതിന്റെ തുടർനടപടികളെന്തായിരുന്നു?
ആദിവാസികൾക്കുനേരെ അന്നുണ്ടായ അതിക്രമങ്ങൾ അന്വേഷിക്കപ്പെട്ടില്ല. ചീഫ് സെക്രട്ടറിയും അന്നത്തെ ഡി.ജി.പിയും കൊടുത്ത റിപ്പോർട്ടുകൾ തള്ളിക്കൊണ്ട്, മുത്തങ്ങ സംഭവത്തെ തുടർന്നുണ്ടായ പൊലീസ് അതിക്രമം അടക്കമുള്ളവ കൂടി അന്വേഷിക്കണമെന്ന് ദേശീയ മനുഷ്യവകാശ കമീഷനും പട്ടികവർഗ കമീഷനും ഉത്തരവിട്ടിരുന്നു. ഇതേതുടർന്നാണ് അന്ന് മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്റണി സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കുന്നത്. പക്ഷെ, ടേംസ് ഓഫ് റഫറൻസിൽ പൊലീസ് ഉദ്യോഗസ്ഥനായിരുന്ന വിനോദിന്റെ മരണവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും മാത്രമേ സർക്കാർ ഉൾപ്പെടുത്തിയുള്ളൂ. മനുഷ്യവകാശ കമീഷന്റെയും പട്ടികവർഗ കമീഷന്റെയും ഉത്തരവുകൾ സർക്കാർ അട്ടിമറിക്കുകയാണുണ്ടായത്.
അതുകൊണ്ടുതന്നെ ആ കാര്യം ഇന്നുവരെ അന്വേഷിക്കപ്പെട്ടിട്ടില്ല. ഞാനടക്കമുള്ളവർ അനുഭവിച്ച പീഡനങ്ങൾക്കെതിരായ ഒരേയൊരു പ്രതിഷേധം എന്നു പറയുന്നത് സത്യത്തിൽ എന്റെ ഈ കേസുകളാണ്. ഞാൻ സിവിൽ കേസിനോടൊപ്പം അന്ന് ഒരു ക്രിമിനൽ കേസുകൂടി ഫയൽ ചെയ്തിരുന്നു. എന്നാൽ ക്രിമിനൽ കേസിന്റെ നടപടിക്രമങ്ങളിലേക്ക് വന്നപ്പോഴേക്കും പൊലീസ് സുപ്രീംകോടതിയെ സമീപിച്ചു, അവർക്കുള്ള സുരക്ഷയെ ചൂണ്ടിക്കാട്ടി അത് തള്ളി. അതുകൊണ്ടുതന്നെ മുത്തങ്ങയിൽ ആദിവാസികൾക്കും എന്നെപ്പോലുള്ളവർക്കും നേരെയുണ്ടായ എല്ലാവിധ അതിക്രമങ്ങളെയും ചോദ്യം ചെയ്തുകൊണ്ടുള്ള ഒരേയൊരു കേസായി ഇത് മാറി. എന്റെ കേസിന്റെ പ്രസക്തി തന്നെ അതാണ്. കേരളീയ സമൂഹം ആദിവാസികളോട് കാണിച്ച അതിക്രമങ്ങളും അന്യായങ്ങളും അന്വേഷിക്കപ്പെട്ടില്ല, അവയ്ക്ക് തുടർനടപടികളുണ്ടായില്ല എന്നതാണ് ഏറ്റവും വലിയ പ്രശ്‌നം.
ആദിവാസി സമൂഹത്തെ ശ്രദ്ധിച്ചുതുടങ്ങിയത് എന്നുമുതലാണ്?
ബാല്യം മുതൽ ആദിവാസി സമൂഹവുമായി എനിക്ക് നല്ല ബന്ധമുണ്ട്. ഞാൻ താമസിക്കുന്ന കോളിയാടി ഗ്രാമത്തിൽ കുറിച്യർ ഒഴികെയുള്ളവരെല്ലാമുണ്ട്. കുറുമർ, കാട്ടുനായ്ക്കർ, പണിയർ, ഊരാളിമാർ തുടങ്ങി എല്ലാ വിഭാഗം ആദിവാസികളും ഞാൻ താമസിച്ചിരുന്നതിന്റെ ചുറ്റുവട്ടത്തുമുണ്ടായിരുന്നു. ബാല്യത്തിൽ കുറുമ വിഭാഗക്കാരല്ലാതെ മറ്റു ആദിവാസി വിഭാഗങ്ങളിൽനിന്ന് സ്‌കൂളിൽ പഠിച്ചിരുന്നില്ല. 1975നുശേഷമായിരിക്കും കുട്ടികൾ സ്‌കൂളിൽ വരാനെങ്കിലും തുടങ്ങിയത്. എന്റെ അച്ഛന്റെ അച്ഛനാണ് തിരുവിതാംകൂറിൽനിന്ന് ഇങ്ങോട്ടു കുടിയേറുന്നത്. തിരുവിതാംകൂറിലെ ദളിത് വിഭാഗക്കാരാണ് ഞങ്ങൾ. ഇവിടെ വന്നിട്ടും കുടിയേറ്റക്കാരുടെ വീടുകളിൽ ജോലിക്ക് പോയിരുന്നു. അതുകൊണ്ടുതന്നെ മറ്റു കുടിയേറ്റക്കാരെപ്പോലെ ഭൂമിയും കാര്യങ്ങളുമൊന്നും ഞങ്ങൾക്ക് ഉണ്ടായിരുന്നില്ല. അച്ഛനും അമ്മയും കൃഷിപ്പണിക്കും കൂലിപ്പണിക്കും പോകുന്നവരാണ്. അമ്മയൊക്കെ ഞാറു നടാനും കൊയ്യാനും പോകുമ്പോൾ പണിയ വിഭാഗത്തിൽ പെട്ട സ്ത്രീകൾ ഒപ്പമുണ്ടാകും. കറുപ്പി എന്ന സ്ത്രീയെ ഇപ്പോഴും ഞാനോർക്കുന്നു. അവർ ഇപ്പോഴുമുണ്ട്. നമ്മളോടൊക്കെ വലിയ സ്‌നേഹമാണ്.
ദളിത് എന്ന നിലയിൽ നമ്മൾ അനുഭവിച്ചിരുന്ന വിഷയങ്ങൾ തന്നെ സമാനമായോ അതിലും കൂടുതലോ അനുഭവിച്ചവരാണ് ആദിവാസികൾ എന്ന നിലക്ക് അവരോട് ചെറുപ്പം മുതൽ സഹഭാവം മനസ്സിലുണ്ടായിരുന്നു. പിന്നീട് അധ്യാപകനായ സമയത്തും ആദിവാസി കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുമായിരുന്നു. സ്‌കൂളിലും ‘ഡയറ്റി’ലും അധ്യാപകനായിരുന്നപ്പോൾ ട്രൈബൽ എഡ്യുക്കേഷനുമായി ബന്ധപ്പെട്ട് കുട്ടികളുടെ ഡ്രോപ്പൗട്ടും മറ്റും അന്വേഷിക്കുമായിരുന്നു. ‘ഡയറ്റി’ലായതുകൊണ്ട് അത്തരത്തിൽ ചില അധ്യാപക പരിശീലനങ്ങളൊക്കെ എനിക്ക് കിട്ടിയിട്ടുണ്ട്. അതൊക്കെ ഞാൻ ഇത്തരം അന്വേഷണങ്ങൾക്കും പഠനത്തിനുമായി നീക്കിവെച്ചു. അതിനൊന്നും ഒരു തുടർച്ചയുണ്ടാക്കാനായില്ലെങ്കിലും ആത്മാർഥമായിട്ടാണ് ഇതെല്ലാം ചെയ്തത്. അതുകൊണ്ടുതന്നെ നമ്മൾ ആദിവാസികളുടെ ഒരാളാണ് എന്ന ഒരടുപ്പമുണ്ട്.
ഏതാണ്ട് രണ്ടു പതിറ്റാണ്ടുമുമ്പ് ഭരണഘടനാനുസൃതമായ ഒരാവശ്യം ഉന്നയിച്ച്, അതായത്, അന്യാധീനപ്പെട്ട ഭൂമിക്കുവേണ്ടി, ധീരമായ സമരമാണ് വയനാട്ടിലെ ആദിവാസികൾ നടത്തിയത്, ഭരണകൂടത്തിനെതിരായ സമരമെന്ന നിലക്ക്. അന്നത്തെ സമരകാലം ഓർക്കാമോ?
മുത്തങ്ങ സമരത്തിന് നേതൃത്വം നൽകിയ സി.കെ. ജാനുവിന്റെയൊക്കെ നിലപാട് ചരിത്രപരമായി തന്നെ രൂപപ്പെട്ടതാണ്. ജാനുവിന്റെ ജന്മസ്ഥലം തൃശ്ശിലേരിയാണ്. എ. വർഗീസിന്റെ പ്രവർത്തന മണ്ഡലം കൂടിയായിരുന്നു തൃശ്ശിലേരി. ജാനുവിന്റെ ബന്ധുക്കളൊക്ക അന്ന് വർഗീസിനൊപ്പം സമരരംഗത്തുണ്ടായിരുന്നവരാണ്. ആ സമരം ഇടതുതീവ്രവാദ നിലപാടിലേക്ക് വന്നു. ആദിവാസി മേഖലയിലെ ആദ്യ സമരം എന്നു പറയുന്നത് വർഗീസിന്റെ നേതൃത്വത്തിലുണ്ടായതാണ്. അതിനെ നിഷേധിച്ച് മുന്നോട്ടുപോകാൻ കഴിയില്ല. അത്തരം ഒരനുഭവമൊക്കെ ജാനു ഉൾക്കൊള്ളുകയും അവരുടേതായ രീതിയിൽ വിശകലനം ചെയ്തിട്ടുമുണ്ട്. അവരുടെ നിലപാടുകളിൽ മാറ്റം വന്നതായി എനിക്ക് തോന്നിയിട്ടില്ല. അടുത്ത കാലത്ത് സംസാരിച്ചപ്പോൾ പോലും ജാനുവിന് ഇക്കാര്യങ്ങളിൽ കൃത്യമായ രാഷ്ട്രീയം ഉണ്ടെന്നുതന്നെയാണ് ഞാൻ വിശ്വസിക്കുന്നത്.
വയനാട്ടിലെ ഏറ്റവും വലിയ ദുഃസ്ഥിതിയെന്നു പറയുന്നത്, ആദിവാസികളുടെ ഭൂമി വലിയ തോതിൽ അന്യാധീനപ്പെട്ടുപോയി എന്നതാണ്. ഇടക്കാലത്ത് സർക്കാറിൽനിന്ന് പണിയർക്ക് കിട്ടിയ ഭൂമി പോലും, അവരുടെ ശ്മശാനങ്ങളടക്കം, ഇപ്പോൾ അവരുടെ കൈവശമില്ല. ഈയടുത്ത കാലത്ത് വെള്ളമുണ്ടയിൽ പണിയരുടെ ശ്മശാനം കൈയേറിയെന്ന വാർത്ത വായിച്ചു. ഭൂമി എന്നു പറയുന്ന സംഗതി ഇല്ല. പണിയർക്കും അടിയർക്കും അടിമപ്പണിയായിരുന്നു. വർഗീസിന്റെ കാലം വരെ ഇവർ അടിമകളായിരുന്നു. വള്ളിയൂർക്കാവിൽ നിന്നൊക്കെ ലേലം വിളിച്ചുകൊണ്ടുപോയിരുന്ന അടിമകൾ. നെല്ലായിരുന്നു അന്ന് കൂലിയായി കൊടുത്തിരുന്നത്. ഒരു സേർ, രണ്ടു സേർ നെല്ല് ഉച്ചക്ക് കൊണ്ടുപോയി കുത്തി അരിയാക്കി കഞ്ഞി വക്കും, അത് കുടിച്ച്വീണ്ടും വന്ന് പണിയെടുക്കുന്ന രീതി. അന്ന് അങ്ങനെയായിരുന്നുവെങ്കിലും പ്രകൃതിയിൽ നിന്ന് കിട്ടുന്ന വസ്തുക്കൾ ഉപയോഗിച്ച് അവർക്ക് ജീവിക്കാൻ കഴിയുമായിരുന്നു. താള്, തകര, കാട്ടുകിഴങ്ങുകൾ, തോടുകളിൽനിന്നും ആറുകളിൽനിന്നും പിടിക്കുന്ന മീൻ, ഞണ്ട്...ഭക്ഷണത്തിന് ഇതെല്ലാമുണ്ടായിരുന്നു. ഇതൊക്കെ ആരോഗ്യം നിലനിർത്തിയിരുന്നു. അതുകൊണ്ട് പണിക്കൂലി അവരെ സംബന്ധിച്ച് ഒരു വിഷയമായിരുന്നില്ല.
മുത്തങ്ങ സമരത്തിലേക്ക് ആദിവാസികളെ ഏകോപിപ്പിക്കാൻ കഴിഞ്ഞത് എങ്ങനെയാണ്?
ഗോത്ര മഹാസഭക്ക് പ്രത്യേകിച്ച് സ്ത്രീകളെയും യുവാക്കളെയും നന്നായി സംഘടിപ്പിക്കാൻ കഴിഞ്ഞിരുന്നു. അവർ മുഴുവനായി മുത്തങ്ങയിലേക്ക് നീങ്ങി. മുമ്പത്തെ സമരങ്ങളിൽ ആദിവാസികൾക്കുവേണ്ടി കാര്യങ്ങൾ തീരുമാനിച്ചിരുന്നത് പുറത്തുള്ളവരാണ്. മുത്തങ്ങ സമരത്തിന്റെ പ്രത്യേകത, അവരുടെ കാര്യങ്ങൾ തീരുമാനിച്ചിരുന്നത് അവർ തന്നെയായിരുന്നു എന്നതാണ്; ജാനുവിന്റെയൊക്കെ നേതൃത്വത്തിൽ. ഗീതാനന്ദനൊക്കെ കോ ഓർഡിനേറ്റായി ഉണ്ടായിരുന്നുവെങ്കിൽ പോലും പ്രധാന തീരുമാനങ്ങൾ എടുക്കുകയും മുന്നോട്ടുപോകുകയും ചെയ്തിരുന്നത് ആദിവാസി യുവാക്കളുടെ പ്രാതിനിധ്യത്തിലും ജാനുവിനെപ്പോലുള്ളവരുടെ നേതൃത്വത്തിലുമായിരുന്നു. ജൈവികമായി ഉയർന്നുവന്ന ഒരു പ്രസ്ഥാനമാണത്.
അന്ന് ആദിവാസികളുയർത്തിയ ആവശ്യങ്ങൾക്കും മുത്തങ്ങ സമരത്തിനും കേരളീയ പൊതുസമൂഹത്തിന്റെ പിന്തുണയുണ്ടായിരുന്നില്ല എന്ന് അന്നത്തെ റിപ്പോർട്ടുകൾ വായിച്ചാലറിയാം.
പൊതുസമൂഹവും രാഷ്ട്രീയ പാർട്ടികളും സർക്കാറും ചേർന്ന് ആ സമരത്തെ വല്ലാത്ത രീതിയിൽ അന്യവൽക്കരിക്കുകയും അടിച്ചമർത്തുകയും അതിക്രമങ്ങളിലൂടെ ഈ ജനതയെ വല്ലാതെ ഭീതിയിലാഴ്ത്തുകയും ചെയ്തു. അതിൽനിന്ന് ഗോത്രമഹാസഭയും അവർക്കൊപ്പമുണ്ടായിരുന്നവരും ഒന്നും മോചിതരായിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്. ആദ്യമായി ഒരു കമ്യൂണിസ്റ്റ് പാർട്ടിയെ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിച്ച സമൂഹമാണ് എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല, തികച്ചും ജനാധിപത്യവിരുദ്ധവും മനുഷ്യത്വവിരുദ്ധവുമായ രീതിയിലാണ് മുത്തങ്ങ സമരത്തെ ഭരണകൂടവും അധികാരികളും രാഷ്ട്രീയ പാർട്ടികളും പൊതുസമൂഹവും കൈകാര്യം ചെയ്തത്.
ഭൂമി എന്ന ആവശ്യത്തെ ജനകീയ യുദ്ധവും സ്വയംഭരണവുമൊക്കെയായി വിശേഷിപ്പിച്ച്, ആ രീതിയിൽ വലിയ തീവ്രവാദ പ്രസ്ഥാനമാക്കി മുദ്ര കുത്താൻ കഴിഞ്ഞു. ആദിവാസി സമരങ്ങൾക്ക് നക്‌സലൈറ്റ് പാരമ്പര്യമുള്ളത് ഒരു ദോഷമായി എന്നുവേണമെങ്കിൽ പറയാം. അതുകൊണ്ടുതന്നെ അതിനെ എളുപ്പം അടിച്ചമർത്താനും പൊതുസമൂഹത്തിനെ അതിനെതിരാക്കാനും കഴിഞ്ഞു. കേരളത്തിലെ ബുദ്ധിജീവികളും മറ്റും സമരത്തെ വേണ്ട രീതിയിൽ മനസ്സിലാക്കിയില്ല, മാത്രമല്ല, ഇവർ കാട്ടിലാണ് സമരം നടത്തുന്നത് എന്ന് വ്യാപകമായി പ്രചാരണം അഴിച്ചുവിട്ടു, പരിസ്ഥിതി പ്രവർത്തകർ എതിരായി നിന്നു. ഒ.വി. വിജയനെക്കൊണ്ടുപോലും സമരത്തിനെതിരെ അഭിപ്രായം പറയിക്കുകയും പിന്നീട് അദ്ദേഹം മാറ്റിപ്പറയുകയും ചെയ്തിട്ടുണ്ട്.
കേവലമായ പരിസ്ഥിതി എന്നൊന്നില്ലല്ലോ. ആദിവാസിയെയും പരിസ്ഥിതിയെയും എങ്ങനെയാണ് വേർതിരിക്കാൻ കഴിയുക?
ആദിവാസിയാണ് കാട് നിലനിർത്തിയിരുന്നത്. കുടിയേറ്റവും സർക്കാറും ചേർന്നാണ് വയനാട്ടിൽ കാടുകൾ ഇല്ലാതാക്കിയത്. നല്ല വനം വെട്ടിവെളുപ്പിച്ച് അവിടെ തേക്ക് നട്ടുപിടിപ്പിച്ചു. കുടിയേറ്റക്കാർ കാട് കൈയേറി.
ആദിവാസി ക്ഷേമ സമിതിയുടെ നേതൃത്വത്തിൽ കാടിന്റെ ഓരങ്ങളിൽ 2004 മുതൽ സമരത്തിന്റെ ഭാഗമായി കുറെ കുടിലുകൾ വച്ചിട്ടുണ്ട്. അവിടെയുള്ള ഒരു മരം പോലും അവർ വെട്ടിയിട്ടില്ല.
പെട്ടെന്ന് ശ്രദ്ധ കിട്ടുമെന്ന് കരുതിയിട്ടാകാം മുത്തങ്ങ സമരകാലത്ത് കാടിനോടുചേർന്ന ഭൂമിയിൽ കുടിൽ കെട്ടി സമരം ചെയ്തത്. ഇത്തരം യാഥാർഥ്യങ്ങൾ മനസ്സിലാക്കാനും പിന്തുണക്കാനും പരിസ്ഥിതി പ്രവർത്തകർക്കുപോലും കഴിഞ്ഞില്ല. സമരത്തെ തെറ്റിധരിപ്പിക്കാനും അപമാനവീകരിക്കാനും കഴിഞ്ഞു. ഭരണകൂടം ശക്തമായ ടെറർ അഴിച്ചുവിട്ട് ഒരു ജനതയെ ആകെ ഭയപ്പെടുത്തി.
മുത്തങ്ങ സമരത്തിനുനേരെയുണ്ടായ പൊലീസ് അതിക്രവും അതിനുശേഷമുണ്ടായ കേസുകളുമെല്ലാം ഇനിയൊരു മൂവ്‌മെന്റ് ഇല്ലാതാക്കുന്നതിനുള്ള ഭരണകൂടത്തിന്റെ ആസൂത്രിയ ശ്രമം കൂടിയായിരുന്നുവെന്ന് ഇന്ന് നോക്കുമ്പോൾ വ്യക്തമാകുന്നു
ഗോത്രമഹാസഭ നേതാക്കളെല്ലാം ക്രൂര മർദ്ദനത്തിനിരയായി, അവർക്കെതിരെ കേസുകളായി. സി.ബി.ഐ ചാർജുചെയ്ത കൊലപാതകക്കേസ് ഇപ്പോഴും നടക്കുകയാണല്ലോ, പൊലീസുകാരൻ വിനോദ് കൊല്ലപ്പെട്ട കേസിൽ. മൂന്ന് ക്രിമിനൽ കേസുകൾ ഗോത്രമഹാസഭ നേതാക്കൾക്കും സമരത്തിൽ പങ്കെടുത്തവർക്കും എതിരെയുണ്ട്. എറണാകുളം സി.ബി.ഐ കോടതി കേസ് കൽപ്പറ്റയിലേക്ക് മാറ്റി; അതിന്റെ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. സമരത്തിനുശേഷം സംഘടനയെ ഒന്നിപ്പിക്കാനോ തുടർപ്രവർത്തനം നടത്താനോ ആളുകൾക്ക് ആത്മവിശ്വാസം കൊടുക്കാനോ ഒന്നും ഗോത്രമഹാസഭ നേതൃത്വത്തിന് കഴിഞ്ഞില്ല എന്നാണ് ഞാൻ വിചാരിക്കുന്നത്. അതുകൊണ്ടുകൂടിയാണ് ആ രീതിയിൽ മുന്നോട്ടുവരാൻ കഴിയാതിരുന്നത്. ആദിവാസി ക്ഷേമ സമിതിയെന്നൊക്കെ പറഞ്ഞ് സി.പി.എമ്മിന്റെ നേതൃത്വത്തിൽ സംഘടനയുണ്ടാക്കിയിട്ടുണ്ടെങ്കിലും വേണ്ടത്ര ഇടപെടലുണ്ടായിട്ടില്ല. സമരത്തിനുശേഷം അവരുടെ രണ്ട് സർക്കാറുകൾ വന്നു. എന്നിട്ടും കൈവശരേഖ കൊടുപ്പിക്കാൻ പോലും കഴിഞ്ഞിട്ടില്ല. വയനാട്ടിൽ ആദിവാസികളുടെ വോട്ട് ഏറ്റവും കൂടുതൽ കിട്ടുന്നത് സി.പി.എമ്മിനാണ്. അത് നിലനിർത്താൻ ചില ഗിമ്മിക്കുകൾ കാട്ടുന്നുവെന്നതൊഴിച്ചാൽ വലിയ ആത്മാർഥതയൊന്നും ഇവർക്കുണ്ടെന്ന് ഞാൻ വിചാരിക്കുന്നില്ല. ഈ ജനതക്ക് അതിജീവിക്കണമെങ്കിൽ ഭൂമി കിട്ടിയേ തീരൂ. അതുകൊണ്ടുതന്നെ ഇനിയും മൂവ്‌മെന്റുകൾ ഉണ്ടാകും എന്നുതന്നെയാണ് ഞാൻ വിചാരിക്കുന്നത്. അല്ലെങ്കിൽ അവർക്ക് നിലനിൽക്കാനാകില്ല. ഉണ്ടായേ മതിയാകൂ.
ഭൂപരിഷ്‌കരണത്തിന്റെ അമ്പതാം വാർഷികം കഴിഞ്ഞ വർഷം ‘ആഘോഷിച്ച' സമയത്ത് അതിന്റെ പിതൃത്വത്തെ ചൊല്ലിയായിരുന്നു തർക്കം, ഭൂപരിഷ്‌കരണം റദ്ദാക്കിക്കളഞ്ഞ അടിസ്ഥാനവർഗങ്ങളുടെ ഭൂമി പ്രശ്‌നം ആരും ഉന്നയിച്ചില്ല
ഇനിയൊരു ഭൂപരിഷ്‌കരണത്തിന് പ്രസക്തിയില്ല എന്നാണ് ഡോ. തോമസ് ഐസക്കിനെപ്പോലുള്ളവർ പറയുന്നത്. പണ്ട് സി.പി.എമ്മിന്റെ നേതൃത്വത്തിൽ മിച്ചഭൂമി സമരമൊക്കെ നടന്ന സ്ഥലമുണ്ട് വയനാട്ടിൽ; തോണ്ടിമല. അവിടെ സി.പി.ഐ (എം.എൽ) റെഡ് സ്റ്റാറിന്റെ ഭൂ സമരവേദി എന്ന സംഘടനയുടെ നേതൃത്വത്തിൽ കുടിൽ കെട്ടി സമരം ചെയ്തിരുന്നു. അവരെ മുഴുവൻ ഇറക്കിവിട്ടു. പിന്നെ അവർ വയനാട് കലക്ടറേറ്റിനുമുന്നിൽ മാസങ്ങളോളം സമരം ചെയ്തു. അവരുമായി ഒന്ന് ചർച്ച ചെയ്യാൻ പോലും സർക്കാർ തയാറായില്ല. കോവിഡ് വന്നതോടെ അവർക്ക് സമരം നിർത്തി പോകേണ്ടിവന്നു. ഭൂമി എന്ന അടിസ്ഥാന പ്രശ്‌നത്തോടുള്ള ഭരണകൂടത്തിന്റെ സമീപനത്തിൽ, ഇത്രയും കാലമായിട്ടും ഒരു മാറ്റവുമുണ്ടായിട്ടില്ല എന്നതിന്റെ ഉദാഹരണം.
മുഖ്യധാരാ ജീവിതം നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് നാം ബോധവാന്മാരാണ്. എന്നാൽ, അടിസ്ഥാന പ്രശ്‌നങ്ങൾ വരെ ഇന്നും പരിഹരിക്കപ്പെട്ടിട്ടില്ലാത്ത ആദിവാസി സമൂഹം എങ്ങനെ ജീവിക്കുന്നു എന്നത് ഇന്നും, അതായത്, പുതിയ കേരള മോഡലിനെക്കുറിച്ചും നവോത്ഥാനത്തെക്കുറിച്ചും സംസാരിക്കുന്ന കാലത്തും നമ്മുടെ അജണ്ടകളിലില്ല. ആദിവാസികളുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ്?
കേരളത്തിന്റെ ചരിത്രം നോക്കിയാൽ ഒരു കാര്യം വ്യക്തമാകും. ദളിതരുടെ അംഗസംഖ്യ കൂടുതലുള്ളതുകൊണ്ട് പാർലമെൻററി പാർട്ടികൾക്ക് അവരുടെ ചില ആവശ്യങ്ങൾ കാണാനും അംഗീകരിക്കാനും കഴിഞ്ഞിട്ടുണ്ട്. ദളിത് സമൂഹങ്ങൾ അമ്പതുകൾക്കുശേഷം വിദ്യാഭ്യാസം നേടുകയും സംവരണത്തിലൂടെ തൊഴിലുകളിലും അധികാര സ്ഥാനങ്ങളിലും എത്തുകയും ചെയ്തതിന്റെയൊക്കെ ഫലമായി അവരെ ഒരു സമൂഹം എന്ന നിലയിൽ പരിഗണിച്ചിരുന്നു. എന്നാൽ, ആദിവാസികൾ മനുഷ്യരാണ് എന്നുപോലും അംഗീകരിച്ചിരുന്നില്ല. ഇവർ എങ്ങനെയാണ് ജീവിക്കുന്നത് എന്നത് ആരുടെയും പരിഗണനാവിഷയമായിരുന്നില്ല. കേരളത്തിന്റെ ജനസംഖ്യയിൽ ഒരു ശതമാനം മാത്രമാണ് ആദിവാസി ജനസംഖ്യ. അതുകൊണ്ടുതന്നെ ഇവരെ ആരും പരിഗണിച്ചിട്ടില്ല.
എന്റെ കാര്യം പറയാം. എനിക്ക് അറുപത് വയസ്സിനടുത്തുണ്ട്, അമ്പതുവർഷത്തെ കാര്യങ്ങൾ ഓർമയിലുമുണ്ട്. ഞങ്ങളൊക്കെ ആദിവാസി ഊരുകളിൽ പോകുകയോ അവരുമായി ഇടപഴകുകയോ അവരുടെ കാര്യങ്ങൾ അന്വേഷിക്കുകയോ എന്തിന് അവരുടെ ചായ കുടിക്കുകയോ ചെയ്യാറില്ല. അവർ അംഗസംഖ്യയിൽ വളരെ കുറവാണ്. ഓരോ ഗോത്രവും ഓരോ രീതിയിലാണ്. അതുകൊണ്ടുതന്നെ ഇവരുടെ കാര്യം ആരും ആലോചിച്ചില്ല. വിദ്യാഭ്യാസമില്ലാത്തതിനാൽ പണിയർക്കും അടിയർക്കും സംവരണത്തിലൂടെ തൊഴിൽ കിട്ടുകയെന്ന പ്രശ്‌നമേയില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കൊക്കെ എല്ലാ പാർട്ടികളും കുറുമരെയും കുറിച്യരെയും മാത്രമാണ് തെരഞ്ഞെടുക്കുക. അവരുടെ പ്ലസ് പോയിന്റ് എന്നു പറയുന്നത്, അവർക്ക് സ്വന്തമായി കൃഷിഭൂമിയുണ്ടായിരുന്നു, കന്നുകാലി വളർത്തലുണ്ടായിരുന്നു. അതുകൊണ്ട് അവർ വളരെ വേഗം വിദ്യാഭ്യാസത്തിലേക്കുവന്നു. സംവരണം വളരെ കുറഞ്ഞ അളവിലാണെങ്കിൽ പോലും അതിന്റെ ഗുണഭോക്താക്കളാകാൻ കഴിഞ്ഞത് ഈ വിഭാഗങ്ങൾക്കുമാത്രമാണ്.
വയനാട്ടിൽ കുടിയേറിയവരുടെ ചരിത്രം പറയുമ്പോൾ, കാട്ടുമൃഗങ്ങളോട് പോരടിച്ചുവെന്നൊക്കെ പറയുന്നവർ തന്നെ എല്ലാ ജോലിയും ചെയ്യിച്ചിരുന്നത് ആദിവാസികളെക്കൊണ്ടാണ്. വയനാട്ടിൽ കൃഷി മോശമായപ്പോൾ കുടകിലൊക്കെ കൃഷി ചെയ്യാൻ തുടങ്ങി. അവിടെയും ഇവർ ആദിവാസികളെ കൊണ്ടുപോയാണ് പണിയെടുപ്പിക്കുന്നത്. അങ്ങനെയുള്ള ഈ മനുഷ്യർക്ക് ഭൂമി കിട്ടുക എന്നത് അടിസ്ഥാന പ്രശ്‌നം തന്നെയാണ്.
ആദിവാസി സമൂഹത്തോടുള്ള പൊതുസമൂഹത്തിന്റെ അവഗണന ഇപ്പോഴും തുടരുന്നതായി തോന്നിയിട്ടുണ്ടോ?
ആദിവാസി ജീവിതം കേരളീയ പൊതുസമൂഹത്തിന് ഒരു കാലത്തും വിഷയമായിട്ടില്ല. ആ അവഗണനയെ ബ്രേക്ക് ചെയ്ത സംഭവമാണ് കൊടികെട്ടൽ സമരം, നിൽപ്പുസമരം, മുത്തങ്ങ സമരം എന്നിവ. ആദിവാസി കേരളത്തിലുണ്ട്, അവർക്ക് ജീവിതം ഒരു പ്രശ്‌നമാണ് എന്ന രീതിയിലേക്ക് വന്നത് ഈ സമരങ്ങളോടെയാണ്. അതാണ് ഈ സമരങ്ങളുടെ ഏറ്റവും വലിയ വിജയമായി ഞാൻ കാണുന്നത്. മേലിൽ ആദിവാസി പ്രശ്‌നങ്ങളെ അവഗണിച്ച് കേരളീയ പൊതുസമൂഹത്തിന് മുന്നോട്ടുപോകാൻ കഴിയില്ല. ആദിവാസി ഗോത്രമഹാ സഭ നടത്തിയ ഈ പ്രവർത്തനങ്ങളാണ് ആദിവാസി സമൂഹത്തിന്റെ പ്രശ്‌നങ്ങളെ പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത്. മാധ്യമങ്ങളും പുരോഗമനപരമായി ചിന്തിക്കുന്നവരെല്ലാം ഈ കോസിനെ അംഗീകരിക്കുന്നുണ്ട്. ഇത്തരം പ്രശ്‌നങ്ങൾ മാധ്യമങ്ങൾക്ക് ഏറ്റെടുക്കേണ്ടിവരുന്നുണ്ട്. സർക്കാർ വികസന പ്രവർത്തനങ്ങൾ ഇല്ല എങ്കിലും, ജനാധിപത്യപരമായ സംവാദങ്ങൾ ആദിവാസി പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്നുണ്ട് എന്നാണ് എന്റെ വിശ്വാസം.
ഇത്തവണ സംസ്ഥാന ബജറ്റിന് മുന്നോടിയായി ഇറങ്ങിയ സാമ്പത്തിക സർവേയിൽ പറയുന്നത്, പട്ടികജാതി- വർഗം അടക്കമുള്ളവർക്കിടയിൽ ദാരിദ്ര്യം കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു എന്നാണ്. തൊഴിൽ പ്രാതിനിധ്യം, കച്ചവട- വ്യവസായ സംരംഭങ്ങൾ, ആസ്തി വികസനം, വിഭവങ്ങളുടെ പുനർവിതരണം തുടങ്ങി ആദിവാസികളക്കമുള്ള വിഭാഗങ്ങൾക്കായി ചെയ്യാൻ കഴിയുന്ന നിരവധി കാര്യങ്ങളുണ്ട്. ഇവയിൽ പലതിനും ബജറ്റ് അലോക്കേഷനും ഫണ്ടും ഉണ്ട്. എന്നാൽ, സൗജന്യമായി നൽകുന്ന ആനുകൂല്യങ്ങളിലൂടെ ദാരിദ്ര്യവൽക്കരണം സ്ഥായിയായ ഒരു പ്രതിഭാസമാക്കുകയാണ് ഭരണകൂടങ്ങൾ എന്ന് പറയേണ്ടിവരുന്നു. ആദിവാസികൾക്കിടയിലെ ദാരിദ്ര്യവൽക്കരണം എത്രത്തോളം രൂക്ഷമാണ്?
വയനാട്ടിലൊക്കെ കാർഷിക മേഖലയുടെ തകർച്ച ആദിവാസികളെ നന്നായി ബാധിച്ചിട്ടുണ്ട്. ആളുകൾ പറയാൻ മടിക്കുന്ന ഒരു കാര്യം, പുരുഷന്മാരുടെ വരുമാനം പൂർണമായും മദ്യപാനത്തിനാണ് ഉപയോഗിക്കുന്നത് എന്നതാണ്. ചാരായ നിരോധനം ആദിവാസികളെ നന്നായി ബാധിച്ചു. വലിയ നികുതിയൊക്കെ കൊടുത്ത് ഏറ്റവും മോശം മദ്യമാണ് ഇവർ വാങ്ങിക്കുടിക്കുന്നത്. മുമ്പ് ആദിവാസികൾ മദ്യപിച്ചിരുന്നവരല്ല. ചൂഷണം ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് ഇവരെ മദ്യത്തിന് അടിമകളാക്കുന്നത്. സ്ത്രീകൾ പോലും മദ്യത്തിന് അടിമകളായി പോകുന്ന സ്ഥിതിയുണ്ട്.
റേഷൻ ഉള്ളതുകൊണ്ടാണ് ഒരു പരിധി വരെ അവർ പിടിച്ചുനിൽക്കുന്നത്. എന്നാൽ, പണിയർ തുടങ്ങിയ വിഭാഗങ്ങൾക്ക് റേഷൻ കാർഡ് ഇല്ല. ഒരു വീട് എന്നു പറഞ്ഞാൽ, അച്ഛൻ, അമ്മ, അഞ്ചോ ആറോ മക്കൾ, അവരുടെ മക്കൾ എല്ലാവരും ചേർന്ന വലിയൊരു കുടുംബമാണ്. ഇവരിൽ ഏറ്റവും മുതിർന്നവർക്കും അവരുടെ മക്കൾക്കും മാത്രമേ കാർഡിൽ പേരുണ്ടാകൂ. അവരുടെ ഭാര്യമാരുടെയും മക്കളുടെയും പേരുണ്ടാകില്ല. 20 പേരുള്ള വീട്ടിൽ രണ്ടുപേർക്കായിരിക്കും റേഷൻ കിട്ടുക. അതുകൊണ്ട് ദാരിദ്ര്യം തന്നെയാണ്. സ്ത്രീകളും കുട്ടികളുമാണ് ഇത് ഏറ്റവും തീവ്രമായി അനുഭവിക്കുന്നത്. ഏത് പണിയ ഊരിൽ പോയി നോക്കിയാലും വിളർച്ച ബാധിക്കാത്ത കുട്ടിയെയോ സ്ത്രീയെയോ കാണാൻ കഴിയില്ല. ഉള്ള വീടും സ്ഥലവും പങ്കുവെച്ച് തിങ്ങിപ്പാർക്കുകയാണ് ചെയ്യുന്നത്. എന്നാൽ, പൊതുസമൂഹത്തിന്റെ കുടിയേറ്റ മനസ്സ് പറയുന്നത് ആദിവാസിക്ക് വലിയ സൗകര്യങ്ങൾ നൽകുന്നുവെന്നാണ്.
അവർ ജീവിക്കുന്ന ഊരുകളുടെ അവസ്ഥ ഇപ്പോൾ നാം കാണേണ്ടതാണ്. അര ഏക്കർ ഭൂമിയിൽ, ഇപ്പോൾ എനിക്കുതോന്നുന്നത്, നൂറിലധികം വീടുകളൊക്കെയുണ്ട്. ഒരാളുടെ വീട്ടിൽനിന്ന് ഒന്ന് നീട്ടിത്തുപ്പിയാൽ അടുത്ത വീട്ടിലെത്തുന്ന അത്ര അടുത്താണ്. പണ്ട്, മുളയും മണ്ണും കൊണ്ട് നന്നായി വീടുവച്ചിരുന്നു. ഇപ്പോൾ അതൊക്കെ കരാറുകാരെ ഏൽപ്പിച്ചു. 200- 250 സ്‌ക്വയർ ഫീറ്റിൽ, വീടുകൾ എന്നു പറയാൻ തന്നെ കഴിയാത്തവ നിർമിച്ചുകൊടുക്കുകയാണിപ്പോൾ ചെയ്യുന്നത്. പലരും ഇത്തരം വീടുകൾ ഒഴിവാക്കി ഷീറ്റ് മേഞ്ഞ കൂരകളിലാണ് താമസിക്കുന്നത്. ഭൂമി, വിഭവങ്ങൾ, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളിലേക്ക് ഈ ജനതയെ കൊണ്ടുവരാതെ അവർക്കുവേണ്ടി പലതും ചെയ്യുന്നു എന്നു പറയുന്നതിൽ കാര്യമില്ല.
ഒരു ആദിവാസി വിദ്യാർഥി സിവിൽ സർവീസ് പാസാകുമ്പോഴോ എസ്.ഐ ആകുമ്പോഴോ മാധ്യമങ്ങളൊക്കെ അത് ആഘോഷിക്കാറുണ്ട്. തൊഴിലിന്റെയും വിദ്യാഭ്യാസത്തിന്റെയും കാര്യത്തിൽ ആദിവാസികൾക്കിടയിൽ ഇപ്പറയുന്ന മുന്നേറ്റമുണ്ടായിട്ടുണ്ടോ? പ്ലസ് വൺ സീറ്റിനുവേണ്ടി ആദിവാസി വിദ്യാർഥികൾ സമരം ചെയ്യുന്ന ഒരു കാലം കൂടിയാണിത് എന്നും ഓർക്കണം. കഴിഞ്ഞ പത്തുവർഷങ്ങൾക്കിടയിൽ ആയിരക്കണക്കിന് ആദിവാസി വിദ്യാർഥികൾക്ക്, എസ്.എസ്.എൽ.സിക്കുശേഷം പഠനം അവസാനിപ്പിക്കേണ്ടിവന്നിട്ടുണ്ടെന്ന് ആദിവാസി ഗോത്രമഹാസഭ ചീഫ് കോ ഓർഡിനേറ്റർ എം. ഗീതാനന്ദൻ ചൂണ്ടിക്കാട്ടിയിരുന്നു.
ആദിശക്തി സമ്മർ സ്‌കൂൾ എന്ന കുട്ടികളുടെ കൂട്ടായ്മയാണ് ഈ സമരം ചെയ്യുന്നത്. വയനാട്ടിൽ 2000ഓളം കുട്ടികൾ പത്താം ക്ലാസ് പാസാകുന്നതിൽ 400 ഓളം പേർക്കേ പ്ലസ് വൺ സീറ്റുള്ളൂ. എല്ലാ ജില്ലകളിലും സീറ്റുണ്ടെങ്കിലും മറ്റു ജില്ലകളിലേക്ക് അവർക്ക് പോകാനാകില്ലല്ലോ. പാലക്കാട്, വയനാട്, ഇടുക്കി, തിരുവനന്തപുരം തുടങ്ങിയ പ്രദേശങ്ങളിൽ മാത്രമാണ് ആദിവാസി കുട്ടികൾ ധാരാളമുള്ളത്. അധികം കുട്ടികൾ ഇല്ലാത്ത ആലപ്പുഴയിലും വയനാട്ടിലും ഒരേ എണ്ണം സീറ്റാണുള്ളത്. സമരത്തിന്റെ ഫലമായി കുറച്ച് സീറ്റുകൾ വർധിപ്പിച്ചു എന്നതല്ലാതെ പ്രശ്‌നം പരിഹരിക്കാനുള്ള ഒരു ശ്രമവും വിദ്യാഭ്യാസ വകുപ്പ് നടത്തിയിട്ടില്ല.
മറ്റു സ്ഥലങ്ങളിലെ അഡ്മിഷന്റെ കണക്കുനോക്കി, ബാക്കിയുള്ളവ വയനാട്ടിലും മറ്റും നൽകാൻ കഴിയേണ്ടതാണ്. അത് ചെയ്യുന്നില്ല.
കുറുമർക്കും കുറിച്യർക്കും കുറച്ചൊക്കെ ജീവിതം കരുപ്പിടിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഈ വിഭാഗങ്ങൾക്കേ ആനുകൂല്യങ്ങളും സംവരണാവകാശങ്ങളും കിട്ടുന്നുള്ളൂ, മറ്റുള്ളവർക്ക് കിട്ടുന്നില്ല. എസ്.ടി- എസ്.സി സംവരണം പത്തുശതമാനമാണ്, അതിൽ രണ്ടു ശതമാനമാണ് എസ്.ടി സംവരണം. അതിലേക്ക് ഈ വിഭാഗക്കാരാണ് വരുന്നത്. അധികാര സ്ഥാനങ്ങളിലേക്ക് രാഷ്ട്രീയ പാർട്ടികൾ മറ്റു വിഭാഗക്കാരെ പരിഗണിക്കുകയുമില്ല.
ആദിവാസികളിലെ പുതിയ തലമുറയുമായി സംസാരിക്കാറുണ്ടോ?
മുത്തങ്ങ സമരപ്രഖ്യാപനം നടത്തുന്ന സമയത്ത്, അതിന്റെ ഭാഗമായി വിദ്യാർഥികൾ ഒരു പ്രകടത്തിനൊരുങ്ങുമ്പോൾ ഞാനവരെ കണ്ടിരുന്നു. ഉന്നയിക്കുന്ന ആവശ്യങ്ങളെക്കുറിച്ച് അന്ന് അവർക്ക് വളരെ വ്യക്തതയുണ്ടെന്നാണ് തോന്നിയത്. ആവശ്യങ്ങളെക്കുറിച്ച് അവർക്ക് തികഞ്ഞ ബോധ്യമുണ്ടായിരുന്നു, അത് ആരും കൊണ്ടുതരില്ല എന്നും സമരം ചെയ്ത് നേടിയെടുക്കേണ്ട ഒന്നാണ് എന്നും അവർക്ക് അറിയാമായിരുന്നു. ഇപ്പോൾ നടക്കുന്ന സ്‌കൂൾ സമരത്തിലെ കുട്ടികളുമായും ഞാൻ സംസാരിച്ചിരുന്നു, അവർക്കും കാര്യങ്ങളെക്കുറിച്ച് നല്ല ധാരണയുണ്ട്, സമരത്തിലേക്ക് വരാൻ സന്നദ്ധരാണ്. ഡിഗ്രിക്ക് പഠിക്കുന്നവർ അവർക്കുവേണ്ടിയല്ല സമരം ചെയ്യുന്നത്. അത് വലിയ സന്തോഷമുണ്ടാക്കുന്ന ഒരു കാര്യമാണ്. മറ്റുള്ളവർക്ക് സീറ്റ് കിട്ടാനാണ്, സീറ്റ് കിട്ടി പഠിക്കുന്ന ഈ കുട്ടികൾ സത്യഗ്രഹമിരിക്കുന്നത്. ആ രീതിയിലുള്ള മുന്നേറ്റം അവർക്കിടയിലുണ്ട്.
കേരളത്തിലെന്നല്ല എവിടെയും അവകാശങ്ങളുടെയും ജീവിതബോധ്യങ്ങളുടെയും രാഷ്ട്രീയബോധത്തിന്റെയും കാര്യത്തിൽ ഏറ്റവും പൊട്ടൻഷ്യലുള്ള ഒരു പോരാട്ട സമൂഹമാണ് ആദിവാസികൾ. ഇന്നും അടിസ്ഥാന ആവശ്യങ്ങൾക്കായി കാത്തിരിക്കുകയും അവഗണനകൾ അനുഭവിക്കുകയും ചെയ്യുന്നവരെന്ന നിലക്ക് കേരളത്തിൽ ആദിവാസികളുടെ പോരാട്ടഭാവി എന്താണ്? ഒരു സഹനജനത എന്ന നിലയിൽനിന്ന് ഒരു സമരജനത എന്ന നിലയിലേക്കുള്ള വികാസത്തിന് അനുയോജ്യമായ സാഹചര്യം ഇപ്പോഴും അവർക്കിടയിലുണ്ടോ?
അതെ, ഭാവിയുണ്ട്. ചെറുപ്പക്കാർ പ്രശ്‌നങ്ങൾ ഉൾക്കൊള്ളുന്നുണ്ട്. പണിയ വിഭാഗത്തിൽ നിന്നൊക്കെയുള്ള കുട്ടികൾ ഇപ്പോൾ കോളജുകളിലേക്ക് വരുന്നുണ്ട്. അവരുമായി സംസാരിക്കുമ്പോൾ, ഈ അവസ്ഥയെ അതിജീവിക്കേണ്ടതാണ്, അതിനുള്ള പ്രവർത്തനം നടത്തണം എന്ന് വിചാരിക്കുന്നവരാണ് അവർ എന്നുതോന്നാറുണ്ട് എന്നാൽ, മറ്റൊരു പ്രശ്‌നമുണ്ട്. എല്ലാ സമരങ്ങളിലും ദളിത്- ആദിവാസി പ്രാതിനിധ്യമുണ്ടാകാറുണ്ടെങ്കിലും നേതൃത്വത്തിലേക്കുവരുമ്പോൾ അത് കാണാറില്ല. അങ്ങനെയല്ലാത്ത രീതിയിലേക്ക് കാര്യങ്ങൾ മാറേണ്ടതുണ്ട്. അധികാരത്തിൻേറതായ തലത്തിലേക്ക് കാര്യങ്ങൾ പോകണം, അത് പിടിച്ചുപറ്റണം എന്നൊരു ബോധ്യത്തിലേക്ക് കാര്യങ്ങൾ വികസിക്കുന്നുണ്ട്. ആശ്രിതത്വം എന്ന നിലയിൽനിന്ന് ഇവർ കൂടുതലായി മുക്തരായി വരുന്നുണ്ട്.
ഇത്തരം ഇടപെടലുകൾ സാധ്യമാക്കുന്ന തരത്തിൽ കേരളത്തിൽ ഒരു ദളിത് ഇന്റലിജൻഷ്യ രൂപപ്പെട്ടിട്ടുണ്ട് എന്ന വിശകലനത്തെക്കുറിച്ച് എന്തു പറയുന്നു?
ശരിയാണ്. എന്നാൽ, ഇതിനെ ഒരു രാഷ്ട്രീയ മുന്നേറ്റമായി വികസിപ്പിക്കാൻ കഴിയുന്നില്ല. കല്ലറ സുകുമാരൻ മുതലുള്ള രാഷ്ട്രീയ പ്രവർത്തനാനുഭവം നമുക്കുണ്ട്. അതിന് ഒരു ഏകീകരണമോ തുടർച്ചയോ ഉണ്ടായില്ല. നിലവിലുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളിലാണെങ്കിൽ, ആദിവാസി ഭൂ നിയമം ഇടതുപക്ഷവും വലതുപക്ഷവുമെല്ലാം ചേർന്ന് അട്ടിമറിക്കുന്ന സമയത്ത്, ഗൗരിയമ്മ മാത്രമാണ് അതിൽനിന്ന് വിട്ടുനിന്നത്. ആദിവാസി മണ്ഡലത്തിൽനിന്ന് ഒരു എം.എൽ.എയുണ്ടായിരുന്നു- കോൺഗ്രസിലെ രാധാ രാഘവൻ, മാനന്തവാടി എം.എൽ.എ. അവർ നിയമം അട്ടിമറിക്കാനാണ് വോട്ട് ചെയ്തത്. ഇപ്പോൾ, ദളിത്- ആദിവാസി വിഷയങ്ങളുണ്ടാകുമ്പോൾ മന്ത്രി എ.കെ. ബാലനെപ്പോലുള്ളവരുടെയൊക്കെ നിലപാടുകൾ എന്ത് പരിഹാസ്യമാണ്. രാഷ്ട്രീയ പ്രസ്ഥാനങ്ങളിലുള്ള ദളിതർക്ക് അവരുടെ ആവശ്യങ്ങൾക്കുവേണ്ടി നിൽക്കാൻ കഴിയുന്നില്ല. മറ്റുള്ള സമുദായങ്ങൾക്ക് രാഷ്ട്രീയ പാർട്ടികളിൽ തന്നെ അവരുടെ ഒരു ഭാഗം ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. ദളിതർക്ക് ഇതിന് കഴിഞ്ഞിട്ടില്ല, പിന്നെ ആദിവാസികളുടെ കാര്യം പറയാനുണ്ടോ.
ദളിത് മണ്ഡലങ്ങളിൽനിന്ന് 14 എം.എൽ.എമാർ കേരളത്തിലുണ്ട്. അവർ അവരുടെ പാർട്ടി പരിപാടി നടപ്പാക്കുകയല്ലാതെ അവരെ തെരഞ്ഞെടുത്ത കോൺസ്റ്റിറ്റ്യൂവൻസിയോടോ അതിന്റെ ആവശ്യങ്ങളോടോ നീതി പുലർത്തുന്നില്ല. കേരളത്തിലെ ദളിത്- ആദിവാസി എം.എൽ.എമാർ മാത്രം വിചാരിച്ചാൽ ഈ ഭൂമി പ്രശ്‌നമൊക്കെ പരിഹരിക്കാൻ പറ്റില്ലേ? മാത്രമല്ല, ആദിവാസി വികസനത്തിനുമാത്രം 500 കോടിയിലേറെ രൂപ ഓരോ വർഷവും ചെലവഴിക്കുന്നു. 1975ൽ പ്രത്യേക ഘടകപദ്ധതി രൂപീകരിച്ച കാലത്ത് എന്ത് പദ്ധതിയാണുള്ളത്, അതേ പദ്ധതി തന്നെയല്ലേ ഇപ്പോഴുമുള്ളത്? അത് ഇവരുടെ കുഴപ്പം തന്നെയാണ്.
വ്യക്തിപരമായി ഒരു കാര്യം ചോദിക്കട്ടെ. 17 വർഷം മുമ്പത്തെ പൊലീസ് മർദ്ദനം വ്യക്തിയെന്ന നിലക്ക് അവശേഷിപ്പിക്കുന്ന ആഘാതം എന്താണ്?
സത്യം പറഞ്ഞാൽ എനിക്ക് അന്നൊക്കെ പൊലീസിനെ വലിയ പേടിയായിരുന്നു. അടിയന്തരാവസ്ഥാ കാലത്ത് നക്‌സൽ അനുഭാവികൾ എന്നു പറഞ്ഞ്, എന്നെ പഠിപ്പിച്ചുകൊണ്ടിരുന്ന അധ്യാപകരെ പിടിച്ചുകൊണ്ടുപോയിട്ടുണ്ട്. സിവിക് ചന്ദ്രൻ അന്ന് എന്റെ വീടിനടുത്തുള്ള ഒരു സ്‌കൂളിലാണ് ജോലി ചെയ്തിരുന്നത്. അവരെയൊക്കെ പൊലീസ് പിടിച്ചുകൊണ്ടുപോയി തിരിച്ചുവന്നപ്പോഴുണ്ടായ അവസ്ഥ ഞാൻ നേരിട്ടു കാണുന്നുണ്ട്. അത് എന്നിൽ വല്ലാത്തൊരു ഭീതിയുണ്ടാക്കിരുന്നു. പിന്നീട് ജനകീയ സാംസ്‌കാരികവേദിയുമൊക്കെയായി ബന്ധപ്പെട്ട് കുറെ പ്രശ്‌നങ്ങളുണ്ടായത് വയനാട്ടിലാണല്ലോ. കേണിച്ചിറ ഉന്മൂലനം ഒക്കെയുണ്ടായി. എന്റെ സുഹൃത്തുക്കളൊക്കെയാണ് പൊലീസ് പിടിയിലായത്. അവർ അതിക്രൂര മർദ്ദനത്തിനിരയായി. ഏതുതരം രാഷ്ട്രീയ വിശ്വാസങ്ങളുണ്ടെങ്കിൽ പോലും, പ്രത്യേകിച്ച് ആദിവാസി മേഖലയിൽ അഭിപ്രായം പറഞ്ഞാൽ ഇത്തരം അനുഭവങ്ങൾ പ്രതീക്ഷിച്ചിരുന്നു.
എന്നാൽ, മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട് ഞാൻ നേരിട്ട പീഡനം, എന്നിൽനിന്ന് ആ ഭയം ഇല്ലാതാക്കി. അത് എനിക്ക് വ്യക്തിപരമായി ഉണ്ടായ ഒരു നേട്ടമാണ്. പക്ഷെ, എന്റെ കുടുംബം, ഭാര്യ, കുട്ടികൾ, അച്ഛൻ, അമ്മ എന്നിവരെല്ലാം വല്ലാത്ത രീതിയിൽ അനുഭവിച്ചു. മൂത്ത മകൻ എട്ടാം ക്ലാസിലായിരുന്നു, രണ്ടാമത്തെ മകൻ ചെറിയ കുട്ടിയായിരുന്നു, പിന്നെ ഭാര്യ... അവരെല്ലാം വല്ലാത്ത മാനസികാവസ്ഥയിലായി.
ജാനു, ഗീതാനന്ദൻ, മറ്റ് ആദിവാസികൾ ഇവരൊക്കെ വലിയ കേസുകളിൽ ഉൾപ്പെട്ടിരിക്കുന്നു എന്ന് മനസ്സിലായി. പക്ഷെ, കസ്റ്റഡിയിൽ വച്ച്, ശരീരം നുറുങ്ങുന്ന വേദനയിലും ഞാൻ ആലോചിച്ചത് ഇങ്ങനെയാണ്: ഇവരൊക്കെ സമരം ചെയ്തവരാണ്, ഈ മനുഷ്യർക്കൊപ്പം ഇരിക്കുന്നത് മോശം കാര്യമല്ല. എന്നെ അതിക്രൂരമായി മർദ്ദിക്കുമ്പോഴും എനിക്ക് ആത്മധൈര്യം തന്നത് ഈയൊരു ചിന്തയായിരുന്നു ഇത്. അത് വലിയൊരു ആത്മവിശ്വാസം എന്നിലുണ്ടാക്കി. അപ്പോൾ, അടി കൊണ്ടതൊന്നും എന്നെ വല്ലാതെ ബാധിച്ചില്ല. ജോലി പോയാലും കേസിലുൾപ്പെട്ടാലും അതിന്റെ പേരിൽ ജീവിതം ഹോമിക്കേണ്ടിവന്നാലുമൊന്നും ഒരു പ്രശ്‌നവുമില്ല, എന്തോ ചരിത്രപരമായ ഒരു നിയോഗമാണ് എൻേറത് എന്ന വിചാരമാണുണ്ടായത്. അതിനുശേഷം ഞാൻ ഭയപ്പെട്ടിട്ടില്ല, വേദനയൊന്നും കാര്യമായി എടുത്തുമില്ല. പുറത്തിറങ്ങിയ ഉടൻ പൊലീസുകാർക്കെതിരെ കേസ് കൊടുത്തത് ഈയൊരു ധൈര്യത്തിലാണ്.
മാനസികമായി ഇത്തരം ചെറുത്തുനിൽപ്പുകൾ നടത്താനാകുമെങ്കിലും ശരീരം എന്നത് ഒരു യാഥാർഥ്യമാണല്ലോ. അതിനേൽക്കുന്ന കൊടും പീഡനങ്ങളുടെ കാര്യമോ? ചെവിയിൽ കാറ്റു കയറ്റിയുള്ള അടിയെക്കുറിച്ചൊക്കെ താങ്കൾ എഴുതിയിട്ടുണ്ട്
ശാരീരിക പീഡ എന്നു പറയുന്നത് വലിയൊരു വിഷയം തന്നെയാണ്. ആദ്യം കൊണ്ടുപോയി ചവിട്ടുകയാണ് ചെയ്തത്. ചവിട്ട് എന്നു പറയുന്നത് ഒന്നും രണ്ടുമല്ല. ഊരക്കുമുകളിൽ ബൂട്ട് വന്ന് പതിക്കുകയാണ്, നിർത്താതെ ചവുട്ടിക്കൊണ്ടിരിക്കുകയാണ്. അന്ന് അവിടെ കിടന്നിരുന്ന ഏതാണ്ട് എല്ലാവർക്കും ഇതേ അനുഭവം പൊലീസിൽനിന്നുണ്ടായിട്ടുണ്ട്. പുറത്തുചവിട്ടുന്നത് പൊലീസുകാരുടെ സ്ഥിരം പരിപാടിയാണ്, കാരണം കുറെ കഴിഞ്ഞാൽ കാല് തളർന്നുപോകും. അന്നത്തെ ചവിട്ടിന്റെ വേദന ഇപ്പോഴും മാറിയിട്ടില്ല. അത് ഉള്ളിൽനിന്നുള്ള ഒരുതരം വേദനയാണ്, കുറച്ചുനേരം ഇരുന്നാലോ നിന്നാലോ വേദന വരും. ഒരു സൈഡിൽനിന്ന് ഒച്ച കുറച്ചു പറഞ്ഞാൽ കേൾക്കാനാകില്ല. കമ്യൂണിസ്റ്റുകാരായ പഴയ തടവുകാർക്ക് ഏറ്റതിനേക്കാൾ ക്രൂരമായ ഭേദ്യങ്ങളാണ് ഈ കാലഘട്ടങ്ങളിൽ രാഷ്ട്രീയ പ്രവർത്തകർക്കും പൊതുപ്രവർത്തകർക്കും അനുഭവിക്കേണ്ടിവന്നിട്ടുളളത്. അതും നക്‌സലിസവുമായി ബന്ധമുണ്ടെന്ന സംശയത്തിൽ പോലും പിടിച്ചുകൊണ്ടുപോയവരെയാണ് ഇത്തരം ഉരുട്ടലുകൾക്കൊക്കെ ഇരകളാക്കിയത് എന്നും ഓർക്കണം. ഇവരുടെ മേൽ ആരോപിച്ച ഒരു കുറ്റവും ഇവർ ചെയ്യാത്തവയാണ്. ഏറ്റവുമൊടുവിൽ താഹ- അലൻ വിഷയം എടുക്കാം. എന്തോ ലഘുലേഖയൊക്കെ വായിച്ചു എന്നാണവരുടെ ‘കുറ്റം'. ആ കുട്ടികൾ നന്നായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടാകുമെന്നാണ് ഞാൻ വിചാരിക്കുന്നത്, പൊലീസിന് ആവശ്യമായത് ഇവരിൽനിന്ന് കിട്ടാൻ. എന്നെ വല്ലാതെ അലട്ടിയ സംഭവമാണിത്. ആ കുട്ടികളെ കാണുമ്പോൾ, വാർത്തകൾ വായിക്കുമ്പോൾ എനിക്ക് വല്ലാത്ത സങ്കടം വരാറുണ്ട്.
അടിയന്തരാവസ്ഥക്കാലത്തൊക്കെ അതിക്രൂരമായ മർദ്ദനമേറ്റ അനുഭവം പറയാറുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ഇക്കാര്യങ്ങളിലുള്ള അഭിപ്രായങ്ങൾ കേൾക്കുമ്പോൾ എനിക്ക് അൽഭുതം തോന്നാറുണ്ട്. പൊലീസ് കസ്റ്റഡിയിൽ ഇത്തരം മർദ്ദനങ്ങൾ അനുഭവിച്ച ആൾക്ക് എങ്ങനെയാണ് പൊലീസിനെ ഡിഫന്റ് ചെയ്യാൻ കഴിയുന്നത് എന്നാണ് ഞാൻ ആലോചിക്കുന്നത്. ഭരണാധികാരിയാകുമ്പോൾ അങ്ങനെയൊക്കെയാകുമായിരിക്കും.
മുത്തങ്ങ വെടിവെപ്പ് നടക്കുന്ന ദിവസം, ആ സമയം ഞാൻ തിരുവനന്തപുരത്താണ്. യൂണിയൻ പരിപാടിക്ക് മൂന്നുനാല് അധ്യാപകരുമായി പോയതാണ്. വെടിവെപ്പ് നടക്കുന്നത് സുഹൃത്തുക്കളായ മാധ്യമപ്രവർത്തകർ പറഞ്ഞാണ് അറിയുന്നത്. ഇതുപോലെയാണ് തീവ്രവാദബന്ധം ആരോപിച്ച് അറസ്റ്റുചെയ്യപ്പെടുന്നവരിൽ ഏറെയും പേരുടെയും കാര്യം. കേരളത്തിൽ ഇങ്ങനെ പീഡിപ്പിക്കപ്പെട്ട് പുറത്തുവന്നവർക്ക് പൊലീസിനും ഭരണകൂടങ്ങൾക്കും എതിരെ ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല. അതുതന്നെയാണ് എന്റെ കേസിലുണ്ടായ വിധിയുടെ പ്രാധാന്യം എന്നു ഞാൻ കരുതുന്നു. ഇങ്ങനെയൊക്കെ ചെയ്തുകഴിഞ്ഞാൽ, ഇത്രയുമെങ്കിലും സംഭവിക്കുമെന്ന ഒരു തോന്നൽ ഇവരിലുണ്ടാക്കാൻ കഴിയുമല്ലോ എന്നാണ് എന്റെ ആശ്വാസം.