കെ​.കെ. സുരേന്ദ്രൻ

മുത്തങ്ങ സമരം:
പൊലീസ് മർദ്ദനമേറ്റ
കെ.കെ. സുരേന്ദ്രന്
12.5 ലക്ഷം നഷ്ടപരിഹാരം

കെ.കെ. സുരേന്ദ്രന് നഷ്ടപരിഹാരം നൽകാനുള്ള കൽപ്പറ്റ കോടതിവിധിക്കെതിരെ മേൽക്കോടതിയിൽ അപ്പീൽ നൽകേണ്ടതില്ലെന്ന് സർക്കാർ തീരുമാനം. നഷ്ടപരിഹാര തുക പൊലീസ് ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽനിന്നോ സ്വത്തുക്കളിൽ നിന്നോ ഈടാക്കും.

News Desk

മുത്തങ്ങ സമരത്തിൽ അതിക്രൂരമായ പൊലീസ് മർദ്ദനത്തിനിരയായ കെ​.കെ. സുരേന്ദ്രന് നഷ്ടപരിഹാരമായി 12.5 ലക്ഷം രൂപ നൽകാൻ സർക്കാർ ഉത്തരവ്. ഈ തുക പൊലീസ് ഉദ്യോഗസ്ഥരിൽനിന്ന് ഈടാക്കും. 2003 മുതൽ പൊലീസ് മർദ്ദനത്തിൽ നീതിക്കായി നിയമപോരാട്ടത്തിലായിരുന്നു, സുൽത്താൻ ബത്തേരി ഡയറ്റ് സീനിയർ ലക്ചററായിരുന്ന സുരേന്ദ്രൻ.

മുത്തങ്ങ സമരകാലത്ത് സമരത്തിൽ പങ്കെടുത്തവർക്ക് പരിശീലനം നൽകി എന്നാരോപിച്ചും സി.കെ. ജാനു ഉൾപ്പെടെയുള്ളവരെ സഹായിച്ചു എന്നാരോപിച്ചുമാണ് സുരേന്ദ്രനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. 2021-ൽ അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടിരുന്നുവെങ്കിലും സർക്കാറും രണ്ട് പൊലീസ് ഉദ്യോഗസ്ഥവും അപ്പീൽ നൽകിയതിനെതുടർന്ന് നടപടി നീണ്ടുപോയി.

“ആദ്യം കൊണ്ടുപോയി ചവിട്ടുകയാണ് ചെയ്തത്. ചവിട്ട് എന്നു പറയുന്നത് ഒന്നും രണ്ടുമല്ല. ഊരക്കുമുകളിൽ ബൂട്ട് വന്ന് പതിക്കുകയാണ്, നിർത്താതെ ചവുട്ടിക്കൊണ്ടിരിക്കുകയാണ്. അന്ന് അവിടെ കിടന്നിരുന്ന ഏതാണ്ട് എല്ലാവർക്കും ഇതേ അനുഭവം പൊലീസിൽനിന്നുണ്ടായിട്ടുണ്ട്.”

നേരത്തെ കേസില്‍ സുരേന്ദ്രനെ സി.ബി.ഐയാണ് കുറ്റമുക്തനാക്കിയത്. തുടര്‍ന്ന് 2021-ല്‍ അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരത്തിന് ഉത്തരവിട്ടു. കേസ് പരിഗണിച്ച കല്‍പ്പറ്റ കോടതിയാണ് നഷ്ടപരിഹാരതുക 12.5 ലക്ഷം രൂപയായി ഉയര്‍ത്തിയത്.

കഴിഞ്ഞ മാസം സുരേന്ദൻ മുഖ്യമന്ത്രി വി.ഡി. സതീശനെ കണ്ട് ഇക്കാര്യം ശ്രദ്ധയിൽ പെടുത്തിയിരുന്നു. ഇതേതുടർന്നാണ് കൽപ്പറ്റ കോടതിവിധിക്കെതിരെ മേൽക്കോടതിയിൽ അപ്പീൽ നൽകേണ്ടതില്ലെന്ന് തീരുമാനിച്ചതും നഷ്ടപരിഹാരം അനുവദിക്കാൻ തീരുമാനിച്ചതും. നഷ്ടപരിഹാര തുക പൊലീസ് ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽനിന്നോ സ്വത്തുക്കളിൽ നിന്നോ ഈടാക്കും.

READ: പൊലീസിനെ എനിക്ക് പേടിയായിരുന്നു, ആ കൊടും പീഡനത്തോടെ പേടി പോയി

ശാരീരിക മർദ്ദനത്തിനുപുറമേ, വംശീയ അധിക്ഷേപവും സുരേന്ദ്രന് നേരിടേണ്ടിവന്നു.
‘നീയും പണിയനാണോടാ, നിന്റെ അമ്മയ്ക്കുണ്ടായ മറ്റു മക്കളൊക്കെ പൊലീസുകാർക്ക് ഉണ്ടായതാണോ, അതുകൊണ്ടാണോ നീ പൊലീസുകാരെ വെട്ടാൻ ആദിവാസികൾക്ക് ക്ലാസെടുത്തത്’’; 2003 ഫെബ്രുവരി 22ന് സുൽത്താൻ ബത്തേരി പൊലീസ് സ്‌റ്റേഷനിലെ HC വസന്തകുമാർ തന്നെ നോക്കി ആക്രോശിച്ചതായി സുരേന്ദ്രൻ ട്രൂകോപ്പി തിങ്കിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

മുത്തങ്ങയിൽ 2003ൽ ആദിവാസി ഗോത്രമഹാസഭ നടത്തിയ ഭൂസമരവുമായി ബന്ധപ്പെട്ടാണ് സുരേന്ദ്രൻ പ്രതി ചേർക്കപ്പെട്ടത്. സമരവുമായി ബന്ധപ്പെട്ട ജാനുവിനും ആദിവാസി പ്രവർത്തകർക്കും ക്ലാസെടുത്തു എന്നായിരുന്നു പൊലീസ് പറഞ്ഞത്. എന്നാൽ, ആദിവാസികൾ തങ്ങൾക്ക് സുരേന്ദനെ പരിചയമില്ല എന്നു പറഞ്ഞിട്ടും പൊലീസ് അത് ഗൗനിച്ചില്ല.

മുത്തങ്ങ സമരനേതാവായിരുന്ന എം. ഗീതാനന്ദൻ ഫോൺ നമ്പർ എഴുതിയ ബുക്കിൽ നിന്ന് സുരേന്ദ്രന്റെ നമ്പർ കിട്ടിയെന്നുപറഞ്ഞാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ബത്തേരി പൊലീസ് സ്റ്റേഷനിൽ കൊണ്ടുവന്നത്. ആദിവാസികൾക്ക് ക്ലാസെടുത്തവനല്ലേ എന്നുപറഞ്ഞ് അദ്ദേഹത്തെ ഭീകരമായി മർദ്ദിച്ചു. ജാനുവി​നെയും ഗീതാനന്ദനെയും അറിയില്ല എന്നു പറഞ്ഞിട്ടും മർദ്ദനം തുടർന്നു.

മുത്തങ്ങയിൽ പൊലീസ് വെടിവെപ്പ് നടക്കുന്ന ദിവസം സുരേന്ദ്രൻ യൂണിയന്റെ പരിപാടിയ്ക്ക് തിരുവനന്തപുരത്തായിരുന്നു.

പൊലീസ് മർദ്ദനത്തെക്കുറിച്ച് സുരേന്ദ്രൻ പറയുന്നു: ‘‘ആദ്യം കൊണ്ടുപോയി ചവിട്ടുകയാണ് ചെയ്തത്. ചവിട്ട് എന്നു പറയുന്നത് ഒന്നും രണ്ടുമല്ല. ഊരക്കുമുകളിൽ ബൂട്ട് വന്ന് പതിക്കുകയാണ്, നിർത്താതെ ചവുട്ടിക്കൊണ്ടിരിക്കുകയാണ്. അന്ന് അവിടെ കിടന്നിരുന്ന ഏതാണ്ട് എല്ലാവർക്കും ഇതേ അനുഭവം പൊലീസിൽനിന്നുണ്ടായിട്ടുണ്ട്. പുറത്തുചവിട്ടുന്നത് പൊലീസുകാരുടെ സ്ഥിരം പരിപാടിയാണ്, കാരണം കുറെ കഴിഞ്ഞാൽ കാല് തളർന്നുപോകും. അന്നത്തെ ചവിട്ടിന്റെ വേദന ഇപ്പോഴും മാറിയിട്ടില്ല. അത് ഉള്ളിൽനിന്നുള്ള ഒരുതരം വേദനയാണ്, കുറച്ചുനേരം ഇരുന്നാലോ നിന്നാലോ വേദന വരും. ഒരു സൈഡിൽനിന്ന് ഒച്ച കുറച്ചു പറഞ്ഞാൽ കേൾക്കാനാകില്ല’’.

മുത്തങ്ങയിൽ 2003ൽ ആദിവാസി ഗോത്രമഹാസഭ നടത്തിയ ഭൂസമരവുമായി ബന്ധപ്പെട്ടാണ് സുരേന്ദ്രൻ പ്രതി ചേർക്കപ്പെട്ടത്.
മുത്തങ്ങയിൽ 2003ൽ ആദിവാസി ഗോത്രമഹാസഭ നടത്തിയ ഭൂസമരവുമായി ബന്ധപ്പെട്ടാണ് സുരേന്ദ്രൻ പ്രതി ചേർക്കപ്പെട്ടത്.

പൊലീസ് മർദ്ദനത്തിൽ സുരേന്ദ്രന്റെ കർണ്ണപടം പൊട്ടി, കേൾവി തകരാറിലായി. ശരീരത്തിന്റെ മറ്റു ഭാഗങ്ങളിൽ ഗുരുതര മർദ്ദനമേറ്റതായി വൈദ്യപരിശോധനയിൽ തെളിഞ്ഞു.

‘‘കസ്റ്റഡിയിൽ വച്ച്, ശരീരം നുറുങ്ങുന്ന വേദനയിലും ഞാൻ ആലോചിച്ചത് ഇങ്ങനെയാണ്: ഗീതാനന്ദനും ജാനുവുമൊക്കെ സമരം ചെയ്തവരാണ്, ഈ മനുഷ്യർക്കൊപ്പം ഇരിക്കുന്നത് മോശം കാര്യമല്ല. എന്നെ അതിക്രൂരമായി മർദ്ദിക്കുമ്പോഴും എനിക്ക് ആത്മധൈര്യം തന്നത് ഈയൊരു ചിന്തയായിരുന്നു ഇത്. അത് വലിയൊരു ആത്മവിശ്വാസം എന്നിലുണ്ടാക്കി. അപ്പോൾ, അടി കൊണ്ടതൊന്നും എന്നെ വല്ലാതെ ബാധിച്ചില്ല. ജോലി പോയാലും കേസിലുൾപ്പെട്ടാലും അതിന്റെ പേരിൽ ജീവിതം ഹോമിക്കേണ്ടിവന്നാലുമൊന്നും ഒരു പ്രശ്‌നവുമില്ല, എന്തോ ചരിത്രപരമായ ഒരു നിയോഗമാണ് എൻേറത് എന്ന വിചാരമാണുണ്ടായത്. അതിനുശേഷം ഞാൻ ഭയപ്പെട്ടിട്ടില്ല, വേദനയൊന്നും കാര്യമായി എടുത്തുമില്ല. പുറത്തിറങ്ങിയ ഉടൻ പൊലീസുകാർക്കെതിരെ കേസ് കൊടുത്തത് ഈയൊരു ധൈര്യത്തിലാണ്’’- ട്രൂകോപ്പി തിങ്കിന് നൽകിയ അഭിമുഖത്തിൽ സുരേന്ദ്രൻ പറഞ്ഞു.

Comments