വയനാട്ടിൽനിന്ന് കുടകിലേക്ക് അടിമപ്പണിക്ക് കൊണ്ടുപോയ ആദിവാസി യുവാവ് അരുൺ രക്ഷപ്പെട്ട് നാട്ടിലെത്തി. ഇനിയും തന്നെ തട്ടിക്കൊണ്ടുപോകുമെന്ന ഭീഷണിയുണ്ടെന്നും ജീവൻ അപകടത്തിലാണെന്നും പൊലീസ് സംരക്ഷണം വേണമെന്നും ചൂണ്ടിക്കാട്ടി പനവല്ലി സ്വദേശിയായ അരുൺ തിരുനെല്ലി പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി.
കുടകിലെ അടിമപ്പണിയെ തുടർന്ന് സുഹൃത്തിനൊപ്പം നേരത്തെ അരുൺ രക്ഷപ്പെട്ട് ഓടിപ്പോന്നതാണ്. ഇതേതുടർന്ന് കുടകിലെ തൊഴിലുടമകൾ വയനാട്ടിലെത്തി സുഹൃത്തിനെയും കുട്ടിയെയും തട്ടിക്കൊണ്ടുപോയി. ഇതേതുടർന്ന് കാണാതായ അരുണിനെ സഹോദരി ഗൗരിയുടെ പരാതിയെ തുടർന്ന് പോലീസ് കുടകിൽ കണ്ടെത്തിയിരുന്നു. എന്നാൽ, തൊഴിലുടമകളുടെ ഭീഷണിയെ തുടർന്ന് കുടകിലേക്കുതന്നെ തിരിച്ചുപോയ അരുണാണ് കഴിഞ്ഞദിവസം, പീഡനവും മർദ്ദനവും സഹിക്കാനാകാതെ രക്ഷപ്പെട്ടെത്തിയത്.
വയനാട്ടിൽനിന്ന് കുടകിലേക്ക് പണിക്കുപോകുന്ന ആദിവാസികൾ ദുരൂഹ സാഹചര്യത്തിൽ മരിക്കുന്നത് വീണ്ടും ചർച്ചയായ സാഹചര്യത്തിൽ ട്രൂകോപ്പി നടത്തിയ അന്വേഷണത്തിൽ അരുണിനെ തട്ടിക്കൊണ്ടുപോയതും കുടകിലെ തൊഴിലുടമകൾക്ക് കേരള പൊലീസ് ഒത്താശ നൽകുന്നതിനെക്കുറിച്ചും റിപ്പോർട്ടു ചെയ്തിരുന്നു. കുടകിലേക്കുപോകുന്ന ആദിവാസികൾ ഇപ്പോഴും നേരിട്ടുകൊണ്ടിരിക്കുന്ന ഞെട്ടിപ്പിക്കുന്ന പീഡനം പുറത്തുകൊണ്ടുവരുന്നതാണ് അരുൺ പൊലീസിന് നൽകിയ പരാതി.
പരാതിയിൽനിന്ന്: ‘‘ഞാൻ കുടകിലെ ശ്രീമംഗല എന്ന സ്ഥലത്ത് ചോമണി എന്ന എസ്റ്റേറ്റ് ഉടമയുടെ കീഴിൽ 3 വർഷത്തിലേറെയായി തൊഴിലെടുക്കുകയാണ്. 3 വർഷത്തിനിടക്ക് 1200 രൂപ മാത്രമാണ് കൂലിയായി തന്നത്. ഭക്ഷണ സാധനങ്ങൾ മാത്രമാണ് അവർ വാങ്ങിത്തരാറുള്ളത്. ആവശ്യത്തിന് വസ്ത്രമില്ല. പണിക്കുള്ള ഡ്രസ് ഒഴികെ ആകെയുള്ളത് ഒരു ജോഡി ഡ്രസ്സാണ്. ഭാര്യയും രണ്ട് കുട്ടികളും ഉണ്ട്. ഭാര്യ മദ്യപാനിയും കുടക് മുതലാളിയുടെ ഭാഗം നിന്ന് എന്നെ മർദ്ദിക്കുന്നവരുമാണ്. ചോമണിയുടെ ഭാര്യ എന്നെ വടി കൊണ്ട് മർദ്ദിക്കാറുണ്ട്. ചോമണിയുടെ ഭാര്യയുടെ സഹോദരിയുടെ ഭർത്താവും വടി കൊണ്ട് എന്നെ മർദ്ദിക്കാറുണ്ട്. അവിടെ അടിമപ്പണിയാണ് ഞാൻ നേരിടുന്നത്. ഇത് സഹിക്കാൻ കഴിയാതെയാണ് ഞാൻ കഴിഞ്ഞ തവണ എന്റെ ഒരു സ്ത്രീസുഹൃത്തിനൊപ്പം കേരളത്തിലേക്ക് രക്ഷപ്പെട്ട് ഓടിപ്പോന്നത്. പനവല്ലി കാളിന്ദി ഊരിലെ എന്റെ സഹോദരിയുടെ വീട്ടിൽ അന്ന് അവർ വന്ന് എന്റെ സുഹൃത്തിനെയും അവരുടെ കുട്ടിയെയും തട്ടിക്കൊണ്ടുപോയി. ഞാൻ സ്വയം തിരികെ പോവുകയും ചെയ്തു. എന്നെ കാണാതായത് സംബന്ധിച്ചും, അവരെ തട്ടിക്കൊണ്ടുപോയത് സംബന്ധിച്ചും സഹോദരി ഗൗരി അന്ന് തിരുനെല്ലി പോലീസിൽ നൽകിയ പരാതി അനുസരിച്ച് എന്നെ കണ്ടെത്തുകയും കാട്ടിക്കുളം എയ്ഡ് പോസ്റ്റിൽ എത്തിക്കുകയും ചെയ്തിരുന്നു. ഞാൻ സ്വയം തിരികെപോയ ശേഷം ചോമണിയും സംഘവും എന്നെ ബിർണാണി പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി പോലീസിനെക്കൊണ്ട് മർദ്ദിച്ചിരുന്നു. അന്ന് കാട്ടിക്കുളം എയ്ഡ് പോസ്റ്റിൽ നിന്ന് തിരിച്ച് ഞാൻ പോകാൻ തയ്യാറായത് ഈ മർദ്ദനം വീണ്ടും ഉണ്ടാകുമോ എന്ന ഭയവും ചോമണിയുടെ ഭാര്യയുടെയും, അവരുടെ സഹോദരിയുടെയും സാന്നിധ്യത്തിലുള്ള ഭയവും മൂലമാണ്. കഴിഞ്ഞ ആഴ്ച്ചയും എനിക്ക് ചോമണിയുടെ ഭാര്യയുടെ പക്കൽ നിന്നും വടികൊണ്ട് മർദ്ദനമേറ്റു. എനിക്കിത് സഹിക്കാൻ ഇനി കഴിയില്ല. തിരിച്ചു പോകാൻ താത്പര്യമില്ല. എന്നാൽ കുടകന്മാർ തോക്കുമായി വന്ന് തട്ടിക്കൊണ്ട് പോകുമോ എന്ന ഭയത്തിലാണ് ഞാൻ. അവരത് പറഞ്ഞിട്ടുമുണ്ട്. അവർ കൊല്ലാനും മടിയില്ലാത്തവരാണ്. എന്റെ സഹോദരിയുടെ വീട്ടിൽ സ്വസ്ഥതയോടും സ്വാതന്ത്ര്യത്തോടും ജീവിക്കാൻ എനിക്ക് സാഹചര്യമൊരുക്കണമെന്നും എന്റെ ജീവന് സംരക്ഷണം ഒരുക്കണമെന്നും അപേക്ഷിക്കുന്നു. എന്റെ കുട്ടികൾക്ക് ഇക്കാര്യങ്ങൾഎല്ലാമറിയാം. അവരെ എനിക്ക് വിട്ടുകിട്ടാനും നടപടി സ്വീകരിക്കണമെന്നും നാളിതുവരെയുള്ള പണിക്കൂലി കിട്ടാൻ നടപടി സ്വീകരിക്കണമെന്നും അപേക്ഷിക്കുന്നു.''
കുടകിൽ പണിയെടുത്തിരുന്ന പനവല്ലി സ്വദേശി ഗൗരിയുടെ സഹോദരനാണ് അരുൺ. അടിമപ്പണിയിൽ മടുത്തും കൂലിയും ഭക്ഷണവും ഇല്ലാത്തതിനെതുടർന്നും, കുടകിൽ വച്ച് പരിചയപ്പെട്ട ഒരു സ്ത്രീയും അവരുടെ കുട്ടിയുമായി അരുൺ നാട്ടിലേക്ക് രക്ഷപ്പെട്ടു. ഇവർ കാട്ടിക്കുളത്ത് പനവല്ലിയിൽ പെങ്ങളുടെ വീട്ടിൽ താമസിക്കുകയായിരുന്നു. എന്നാൽ, കുടകിൽനിന്ന് വന്ന് വന്ന സംഘം സ്ത്രീയെയും കുട്ടിയെയും വണ്ടിയിൽ കയറ്റി കൊണ്ടുപോയി. സ്ത്രീ, ജീപ്പിലുണ്ടായിരുന്നവരുടെ കൈ കടിച്ച് ഓടി രക്ഷപ്പെട്ടു. അന്ന് അവർ കുട്ടിയെ കൊണ്ടുപോയി. രണ്ടു ദിവസം കഴിഞ്ഞ് വീണ്ടും എത്തി സ്ത്രീയെയും കൈയും കാലും കെട്ടി കൊണ്ടുപോയി. ഇതിനിടയിൽ അരുണിനെ കാണാതായി.
ഗൗരി തിരുനെല്ലി പൊലീസ് സ്റ്റേഷന്റെ കാട്ടിക്കുളത്തുള്ള എയ്ഡ് പോസ്റ്റിൽ പരാതി കൊടുത്തു. കുടകിൽ ഇന്നയാളുടെ വീട്ടിലുണ്ടാകാൻ സാധ്യതയുണ്ടെന്നും പരാതിയിൽ പറഞ്ഞിരുന്നു. അന്വേഷണത്തിൽ പൊലീസ് അരുണിനെ, കുടകിൽ ചോമണി എസ്റ്റേറ്റ് ഉടമയുടെ വീട്ടിൽ കണ്ടെത്തി. തനിക്ക് പ്രശ്നങ്ങളില്ല എന്ന് അരുൺ പറഞ്ഞത് അപ്പടി വിശ്വസിച്ച് പൊലീസ് അരുണിനെ കൂട്ടാതെ തിരിച്ചുവന്നു. ഭൂവുടമകളുടെ ഭീഷണിയെ തുടർന്നാണ് അരുൺ പ്രശ്നങ്ങളില്ല എന്നു പറഞ്ഞത്. അരുണിനെ കുടകിൽ പോയി കാണാനാണ് പൊലീസ് ബന്ധുക്കളോട് നിർദേശിച്ചത്. എന്നാൽ, അരുണിനെ തിരികെയെത്തിക്കണമെന്നായിരുന്നു ബന്ധുക്കളുടെ ആവശ്യം. ഒടുവിൽ, ഡിവൈ.എസ്.പിയുടെ ഇടപെടലിനെതുടർന്ന് പൊലിസ് അരുണിനെ നാട്ടിലേക്ക് വിളിച്ചുവരുത്തി. കാട്ടിക്കുളത്തുള്ള പൊലീസ് എയ്ഡ് പോസ്റ്റിൽ വച്ച് അരുണിനെ കാണുമ്പോൾ, ഉടൻ തിരിച്ചുപോകാനുള്ള തയാറെടുപ്പിലായിരുന്നുവെന്ന് ഗൗരി പറയുന്നു. തന്നെ ആരും തട്ടിക്കൊണ്ടുപോയതല്ല എന്നും അരുൺ പറഞ്ഞു. പോകരുത്, അവർ നിന്നെ കൊല്ലും എന്ന് താൻ കരഞ്ഞുപറഞ്ഞിട്ടും അരുണിന് ധൈര്യമുണ്ടായില്ലെന്ന് ഗൗരി പറയുന്നു. മാത്രമല്ല, കുടകിലെ സ്ത്രീകളായ ഭൂവുടമകളാണ് അരുണിനെയും കൊണ്ട് കാട്ടിക്കുളത്ത് വന്നത്. അവരെ പേടിച്ചാണ് തിരിച്ചുപോകണമെന്ന് അരുൺ പറഞ്ഞതെന്ന് പ്രശ്നത്തിൽ ഇടപെട്ട മനുഷ്യാവകാശപ്രവർത്തകൻ ഷാന്റോ ലാൽ പറഞ്ഞു.
അരുൺ ഇപ്പോൾ പനവല്ലിയിൽ സഹോദരി ഗൗരിയുടെ വീട്ടിലാണ്. പരാതി നൽകും മുമ്പ് അദ്ദേഹം ഡിവൈ.എസ്.പിയുമായി സംസാരിച്ചിരുന്നുവെന്ന് ഷാന്റോ ലാൽ ട്രൂകോപ്പിയോട് പറഞ്ഞു. ആദിവാസികളെ അടിമപ്പണിക്ക് കൊണ്ടുപോകുന്ന പ്രശ്നം സമീപകാലത്ത് ചർച്ചയായശേഷം മനുഷ്യവകാശ കമീഷൻ, സന്തോഷ് എന്നയാളുടെ വിഷയത്തിൽ സ്വമേധയാ കേസെടുത്തിട്ടുണ്ട്. എന്നാൽ, വയനാട് ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് കാര്യമായ നടപടികളുണ്ടായിട്ടില്ല.
കുടകിൽ തൊഴിലുടമകൾ പറയുന്നതാണ് പൊലീസ് അടക്കമുള്ള അധികാരികൾ അനുസരിക്കുക എന്ന് ഷാന്റോ ലാൽ പറഞ്ഞു. ഫ്യൂഡൽ ഭൂപ്രഭുത്വത്തേക്കാൾ ഭീകരമായ മനുഷ്യാവകാശലംഘനങ്ങളാണ് ഇപ്പോഴും കുടകിൽ, അധികാരികളുടെ ഒത്താശയോടെ നടന്നുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.