ആദിവാസികളുടെ സയൻസ്​ പഠനം: മന്ത്രിയും അക്കാദമിക സമൂഹവും അവഗണിക്കുന്ന ചില കാര്യങ്ങൾ

കണക്കും സയന്‍സുമൊക്കെ കഠിനമാണെന്ന ഒരു മുന്‍വിധി നമ്മുടെ വിദ്യാഭ്യാസ മേഖലയില്‍ പണ്ടേയുള്ളതാണ്. ആദിവാസി വിദ്യാർഥികളുടെ കാര്യത്തിൽ ഇതിന്​ സവിശേഷമായ ഒരു സാഹചര്യമുണ്ട്​. വിഷയത്തിന്റെ കാഠിന്യമാണോ പഠനരീതിയുടെ അപര്യാപ്തതയാണോ ഇതിന്​ കാരണം എന്ന്​ വിദ്യാഭ്യാസമന്ത്രിയോ അക്കാദമിക സമൂഹമോ അധ്യാപകരോ പരിഗണിക്കുന്നതായി കാണുന്നില്ല.

രു വര്‍ഷം മുന്നേയുള്ള കാര്യമാണ്.
വിദ്യാര്‍ത്ഥികളായ ആദിവാസി കുഞ്ഞുങ്ങളുടെ മുന്‍കൈയിൽ, ആദിശക്തി സമ്മര്‍ സ്‌കൂള്‍ എന്ന കൂട്ടായ്മയുണ്ട്. അവര്‍ ബത്തേരി മിനി സിവില്‍ സ്റ്റേഷന്റെ മുന്നില്‍ സത്യാഗ്രഹ സമരം നടത്തുകയായിരുന്നു. അവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ ഞാനവിടെ ചെന്നു. കുറച്ചുനേരം സമരവേദിയില്‍ അവരോടൊന്നിച്ചിരുന്നു. അന്നവര്‍ മുന്നോട്ടുവെച്ച പ്രധാന ആവശ്യം പ്ലസ് ടു സീറ്റുകള്‍ ആദിവാസി കുട്ടികളെ പൂര്‍ണമായും ഉള്‍ക്കൊള്ളാനുതകും വിധം വര്‍ധിപ്പിക്കുക എന്നതായിരുന്നു.

വയനാട് ജില്ലയില്‍ എസ്​.എസ്​.എൽ.സിയിൽ ഉപരിപഠന യോഗ്യത നേടുന്ന ആദിവാസി കുഞ്ഞുങ്ങളില്‍ നാലിലൊന്നു ഭാഗത്തെ പോലും ഉള്‍ക്കൊള്ളാനുള്ളത്ര സീറ്റുകള്‍ പ്ലസ് ടുവില്‍ ഇല്ല. അതുകൊണ്ട് അവിടെ എസ്​.ടി റിസര്‍വേഷന്‍ സീറ്റുകള്‍ കൂട്ടണം എന്നാണ് ആ കുട്ടികള്‍ ആവശ്യപ്പെട്ടത്. അതിന്റെ കൂടെ അവരുയര്‍ത്തിയ മറ്റൊരാവശ്യം സയന്‍സ് ഗ്രൂപ്പ് വേണ്ട എന്നു കൂടിയായിരുന്നു. പഠിക്കാനുള്ള ബുദ്ധിമുട്ടായിരുന്നു അവരെ വിഷമിപ്പിച്ചത്. ഞാനാ വിഷയത്തെക്കുറിച്ച് അവരോട് സംസാരിക്കുകയും ആ ഡിമാന്‍ഡ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്​തു.

വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിയുടെ പ്രസ്താവന കണ്ടപ്പോള്‍ മേല്‍പ്പറഞ്ഞ കാര്യം ഓര്‍ത്തു പോയതാണ്. കുട്ടികള്‍ പറഞ്ഞതിന് ന്യായമുണ്ട്. പക്ഷേ, കേരളത്തിന്റെ വിദ്യാഭ്യാസമന്ത്രി, പ്രത്യേകിച്ച് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ വളര്‍ന്നുവന്ന ഒരാള്‍ അതു പറയുമ്പോള്‍ അത് വിഭാഗീയതയും വംശീയതയുമായി മാറുന്നു. ആദിവാസികള്‍ പഠിക്കുന്ന വയനാട്ടില്‍ സയന്‍സ് വേണ്ട എന്നു പറയുന്ന ഒരു വിദ്യാഭ്യാസ മന്ത്രിയുടെ നിലവാരത്തെക്കുറിച്ച് എന്തു പറയും? സമാനമാം വിധം എന്തോ ഒരു വിഢിത്തം പഴയ വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പി പറഞ്ഞപ്പോള്‍, ‘താനിരിക്കുന്ന സ്ഥാനത്തിന്റെ ഔന്നത്യമറിയാതെ അതില്‍ വിഭ്രാന്തി പൂണ്ട ഒരുവന്റെ ജല്പനങ്ങള്‍’ എന്നാണ്​ അന്ന്​ സുകുമാര്‍ അഴീക്കോട് പറഞ്ഞത്. ഈ മന്ത്രിയുടേയും സമാനമായ ജല്പനങ്ങള്‍ തന്നെ.

അന്യഥാത്വം പേറി ക്ലാസ് മുറിയിലെത്തുന്ന ആദിവാസി കുട്ടികള്‍ക്ക് അവരനുഭവിക്കുന്ന വേര്‍തിരിവ് ആരാലും ശ്രദ്ധിക്കപ്പെടാതെ ഒറ്റപ്പെടലായി മാറുന്നു. ഇത് പഠനപ്രവര്‍ത്തനങ്ങളില്‍ നിന്നു മാത്രമല്ല, സ്‌കൂളില്‍ നിന്നു തന്നെയുള്ള കൊഴിഞ്ഞു പോക്കായി മാറുന്നു.

ഈ മന്ത്രി ഇങ്ങനെ പറയുമ്പോള്‍ അദ്ദേഹം വിരല്‍ ചൂണ്ടുന്നത് തനിക്കുനേരെ തന്നെയാണ്- താന്‍ ഭരിക്കുന്ന വകുപ്പിനുനേരെ, അതിന്റെ ആയിരക്കണക്കായ അനുചര ഉദ്യോഗസ്ഥ വൃന്ദത്തിനുനേരെ. വയനാട്ടില്‍ പണ്ടൊക്കെ ഒരു രീതിയുണ്ടായിരുന്നു. എന്തെങ്കിലും ആവശ്യത്തിന്​ നിവേദനം നല്‍കുമ്പോള്‍ ‘ആദിവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ പ്രദേശത്ത് ഇങ്ങനെയൊരു കാര്യം അത്യാവശ്യമാണ്’ എന്നൊരു വരി ചേര്‍ക്കും. ട്രൈബല്‍ ഫണ്ടുപയോഗിച്ച് പ്രസ്തുത സംഗതി നിവര്‍ത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന അനുമതിയാണീ വാചകം. അതുപോലെ സ്‌കൂളുകളിലെ പഠനനിലവാരം കുറയുന്നതിനും എസ്​.എസ്​.എൽ.സി റിസല്‍ട്ട് മോശമാകുന്നതിനു മൊക്കെ പഴിച്ചിരുന്നത് ആദിവാസി വിദ്യാര്‍ത്ഥികളെയാണ്. ആ വംശീയാധിക്ഷേപത്തിന്റെ പുതിയ രൂപമായി മാറുന്നുണ്ട് ശിവന്‍കുട്ടിയുടെ പ്രസ്താവം.

മന്ത്രി വി. ശിവന്‍കുട്ടി

അധ്യാപകരും വിദ്യാഭ്യാസ വകുപ്പും എത്തിച്ചേര്‍ന്നിരിക്കുന്ന ആദിവാസി വിദ്യാഭ്യാസത്തെ സംബന്ധിക്കുന്ന അജ്ഞതയുടേയും അവഗണനയുടേയും പുതുനിര്‍വചനമാണ് മന്ത്രിയുടേതായി പുറത്തുവന്ന പരാമർശം. ആദിവാസി വിദ്യാര്‍ത്ഥികള്‍ മാത്രമല്ല സയന്‍സിനെ ഭയപ്പെടുന്നത്. കണക്കും സയന്‍സുമൊക്കെ കഠിനമാണെന്ന ഒരു മുന്‍വിധി നമ്മുടെ വിദ്യാഭ്യാസ മേഖലയില്‍ പണ്ടേയുള്ളതാണ്. വിഷയത്തിന്റെ കാഠിന്യമാണോ പഠനരീതിയുടെ അപര്യാപ്തതയാണോ എന്നൊന്നും മന്ത്രിയോ അക്കാദമിക സമൂഹവും അധ്യാപകരുമൊന്നും പരിഗണിക്കുന്നതായി കാണുന്നില്ല.

വയനാട്ടിലെ ആദിവാസി ഭാഷകളില്‍ മലയാളവുമായി ബന്ധമുള്ളത് കുറുമ, കുറിച്യ ഭാഷകള്‍ക്കാണ്. മറ്റ് ഭാഷകള്‍ക്കൊക്കെയും ഇതര ദക്ഷിണേന്ത്യന്‍ ഭാഷകളോടാണ് കൂടുതല്‍ ബന്ധം. മലയാളം രണ്ടാം ഭാഷയാണ് അവരെ സംബന്ധിച്ച്​. വാമൊഴി മാത്രമായ ആദിവാസി ഭാഷകള്‍ ഒന്നാം ക്ലാസില്‍ പോലും ഈ കുഞ്ഞുങ്ങള്‍ക്കുപയോഗിക്കാന്‍ പറ്റില്ല.

യഥാര്‍ത്ഥത്തില്‍ എന്താണ് ആദിവാസിക്കുഞ്ഞുങ്ങളുടെ പ്രശ്‌നം? അക്കാദമിക്കായി നമുക്കൊന്നു വിശകലനം ചെയതു നോക്കാം. സാമൂഹ്യമായും സാംസ്‌കാരികവുമായും നേരിടുന്ന അധീശത്വത്താലുളവാകുന്ന അധിനിവേശ പരിപ്രേക്ഷ്യമാണവരുടെ ജീവിതാവസ്ഥ. ദാരിദ്ര്യത്താലുളവാകുന്ന പോഷകാഹാരക്കുറവ്, തിങ്ങിപ്പാര്‍പ്പ് നല്‍കുന്ന ആത്മവിശ്വാസക്കുറവ് എന്നിവ കോളനി ജീവിതം അവര്‍ക്കു നല്‍കുന്നു. ശുചിത്വക്കുറവും ജീര്‍ണവസ്ത്രങ്ങളും നല്‍കുന്ന അന്യഥാത്വം പേറി ക്ലാസ് മുറിയിലെത്തുന്ന ഈ കുട്ടികള്‍ക്ക് അവരനുഭവിക്കുന്ന വേര്‍തിരിവ് ആരാലും ശ്രദ്ധിക്കപ്പെടാതെ ഒറ്റപ്പെടലായി മാറുന്നു. ഇത് പഠനപ്രവര്‍ത്തനങ്ങളില്‍ നിന്നു മാത്രമല്ല, സ്‌കൂളില്‍ നിന്നു തന്നെയുള്ള കൊഴിഞ്ഞു പോക്കായി മാറുന്നു.

മലയാളം മാതൃഭാഷയല്ലെന്നതാണ് അടുത്ത പ്രശ്‌നം. വയനാട്ടിലെ ആദിവാസി ഭാഷകളില്‍ മലയാളവുമായി ബന്ധമുള്ളത് കുറുമ, കുറിച്യ ഭാഷകള്‍ക്കാണ്. മറ്റ് ഭാഷകള്‍ക്കൊക്കെയും ഇതര ദക്ഷിണേന്ത്യന്‍ ഭാഷകളോടാണ് കൂടുതല്‍ ബന്ധം. മലയാളം രണ്ടാം ഭാഷയാണ് അവരെ സംബന്ധിച്ച്​. അതും അക്ഷരമാലയാണെങ്കില്‍ ഈ ഭാഷകളേക്കാള്‍ കൂടുതലും. വാമൊഴി മാത്രമായ ആദിവാസി ഭാഷകള്‍ ഒന്നാം ക്ലാസില്‍ പോലും ഈ കുഞ്ഞുങ്ങള്‍ക്കുപയോഗിക്കാന്‍ പറ്റില്ല. വ്യത്യസ്തമായ ഒരു വരമൊഴിയില്‍ ഗ്രഹണം, ഭാഷണം, വായന, ലേഖനം എന്നീ ശേഷികളാര്‍ജിക്കല്‍ ദുഷ്‌കരം മാത്രമല്ല തുമ്പിയെക്കൊണ്ട്​ കല്ലെടുപ്പിക്കുന്നതിനു് സമാനവുമാണ്. ഈ ദുഷ്‌കര പദപ്രശ്‌നം പൂരിപ്പിക്കാന്‍ തന്നെ പാടുപെടുന്ന ഇവർ ശാസ്ത്രത്തിലെ പ്രക്രിയാശേഷികളിലേക്കും മൂന്നും നാലും ഭാഷകളായ ഇംഗ്ലീഷിലേക്കും ഹിന്ദിയിലേക്കും എങ്ങനെ കടക്കും? ഇത്രയൊക്കെ ചെയ്യുന്നതിലും എളുപ്പം ആദിവാസിക്ക് സയന്‍സ് ബാച്ച് കൊടുക്കാതിരിക്കുന്നതല്ലേ? അങ്ങനെ എളുപ്പവഴിയില്‍ ക്രിയ ചെയ്യുകയാണ് നമ്മുടെ അധ്യാപകരും വിദ്യാഭ്യാസ വകുപ്പും. താനിരിക്കുന്ന സ്ഥാനത്തെ ചൊല്ലിയുള്ള വിഭ്രാന്തിയാല്‍ പാവം മന്ത്രി അത് ഉറക്കെ വിളിച്ചു പറഞ്ഞെന്നു മാത്രം.


കെ.കെ. സുരേന്ദ്രൻ

എഴുത്തുകാരൻ. സുൽത്താൻ ബത്തേരി ‘ഡയറ്റ്'ൽ സീനിയർ ലക്ചററായിരുന്നു. വയനാട് മുത്തങ്ങയിൽ ആദിവാസി ഗോത്രമഹാസഭ നടത്തിയ ഭൂസമരത്തിൽ(2003) പ്രതി ചേർക്കപ്പെട്ടു. അതിക്രൂരമായ പൊലീസ്​ മർദ്ദനത്തിനിരയായി.

Comments