ചിതറിയവർ; യു. ജയചന്ദ്രന്റെ കവിത

ഒന്ന്

ളൊഴിഞ്ഞ നിരത്തുകൾ
അടഞ്ഞ വാണിഭങ്ങൾ
അശ്വഹൃദയമന്ത്രമറിഞ്ഞ
തേരാളിയെപ്പോലെ
നീ കാർ പറത്തുന്നത്
നമുക്കിടയിൽ ദിനങ്ങളായി നിറയുന്ന
മൗനത്തിൽ നീറിയമരുന്ന
നിന്റെ ആണഭിമാനത്തിന്
പക പോക്കാനോ?
മരണം ചുവയ്ക്കുന്നൊരു കാറ്റിൽ
രഥവേഗം നിലയ്ക്കുമ്പോൾ
ഈ ചോദ്യവും
രക്തം പുരണ്ട ഒരു മഴവില്ലായി വിരിയുമ്പോൾ ആരുണ്ടാവും
അത് കാണാൻ?

രണ്ട്

ഞാൻ ചോദിക്കാഞ്ഞ ചോദ്യങ്ങളിൽ
നിന്റെ വാചാലത കുരുങ്ങുമ്പോൾ
ശ്വാസം മുട്ടുന്നു, അല്ലേ?

മൂന്ന്

ദീപങ്ങളെല്ലാം തല്ലിക്കെടുത്തിയിട്ട്
ഇരുളാണ് വെട്ടമെന്ന് അവർ
ഉരുവിട്ടുറപ്പിക്കുന്നു അവർ
ഉരുവിട്ടുറപ്പിക്കുന്നു

നാല്

കാഴ്ച നഷ്ടപ്പെട്ട യാത്രികന്
നീ എന്തു നൽകും?

‘എന്റെ കൈവിളക്ക്'

കണ്ണില്ലാത്തവന് വിളക്കെന്തിന്?
ദീർഘമായ മൗനത്തിന്റെ
ഇടവേളക്കുശേഷം
വാതിലടയുന്നു കാലൊച്ചയകലുന്നു
ഒരു വാക്ക് മാത്രം
കാറ്റിൽതങ്ങി നിൽക്കുന്നു

‘ഓർമ്മയ്ക്ക്'

അഞ്ച്

ബൂട്ടിട്ട കാൽമുട്ടുകൾ
കണ്ഠത്തിലമർന്ന്
ഞരമ്പുകൾ വലിഞ്ഞു മുറുകുമ്പോൾ
പേരും നാടും ഭാഷയും നഷ്ടപ്പെട്ട
അടിമകളുടെ പിന്മുറക്കാർ പറയുന്നു
‘ശ്വാസം മുട്ടുന്നു'

അവജ്ഞ തുളുമ്പുന്ന കണ്ണുകൾ
പരിഹാസം വഴിയുന്ന ശബ്ദത്തിൽ
ചോദിക്കുന്നു
‘ഏതു ഭാഷയിൽ?'

ആറ്

അടർന്നു വീഴുന്ന ഒരു പൂവിതൾ
പറന്നകലുന്ന പക്ഷിക്കൂട്ടത്തിൽ
ഒറ്റ തിരിഞ്ഞു പോയ
ഒടുവിലത്തെ പക്ഷി

ആ പക്ഷിയും
അയാളുടെ പേർ പാടിയില്ല
മലമുടിയിലേക്കൂർന്നിറങ്ങിയ ഒരു മേഘത്തുണ്ടിലും
അയാളുടെ പേർ തുന്നിയിരുന്നില്ല

കാഴ്ചയുടെ അതിരുകളിൽ
കാറ്റിൽപ്പറന്ന ഒരു പൂവിതൾ
ഒറ്റയ്ക്ക് പറക്കുന്നൊരു പക്ഷിയുടെ നിഴൽച്ചിത്രം
മേഘങ്ങളുപേക്ഷിച്ച ആകാശം

അയാൾ പക്ഷേ
എന്നും കാണാമറയത്തായിരുന്നു

ഏഴ്

മേശമേൽ
ഫ്‌ളൂട്ട് ഗ്‌ളാസുകൾ നിരത്തി
വാദകർ
അകലം പാലിച്ച് നിരന്നു
മാഗ്‌നം ഷാംപെയ്ൻ കുപ്പികൾ
വീർപ്പുമുട്ടലിൽ സ്ഖലിച്ചൊഴുകി
ചില്ലുഗ്‌ളാസുകൾ ഉടയുന്ന ശബ്ദത്തിൽ ആരോ ചിരിച്ചു

ആരോ.

എട്ട്

വാക്കുകളുടെ ജഡവും പേറി
നാമെത്ര നാൾ കൂടി
ഇവിടെയിരിക്കണം
(ചലനവേഗങ്ങളുടെ അംഗവിക്ഷേപങ്ങൾ അനുകരിച്ചുകൊണ്ട്)
യാത്രയുടെ നിറങ്ങളും രുചികളും ഗന്ധങ്ങളും,
കാൽച്ചുവട്ടിൽ വാത്സല്യത്തോടെയമരുന്ന മണ്ണിന്റെ നനവും
പൂർണമായി നഷ്ടപ്പെട്ടു കഴിയുമ്പോൾ
ചൂഴുന്ന ഈ ജാഡ്യത്തിലേക്ക്
വെൺചിതലുകൾ അരിച്ചെത്തും
പുറ്റുകൾ പണിതുയർത്തും

വെളിച്ചം ഒരു വിസ്മൃതവിഭ്രാന്തിയാവും


യു.ജയചന്ദ്രൻ

എഴുപതുകളിലെ ശ്രദ്ധേയനായ കവി. ദേശാഭിമാനി, പമ്പരം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ജോലി ചെയ്തു. 1980 മുതൽ 37 വർഷം ദക്ഷിണാഫ്രിക്കയിലെ അംടാട്ട ഹോളിക്രോസ് ഹൈസ്കൂളിൽ. ഡെപ്യൂട്ടി പ്രിൻസിപ്പലായി വിരമിച്ചു. സൂര്യന്റെ മാംസം കവിതാ സമാഹാരം

Comments