സി. ഭാസ്​കരൻ: എന്റെ ആദ്യത്തെ നേതാവ്

ഭാസ്‌കരന്റെ മരണത്തെ 'അകാലമരണ'മെന്ന് വിളിക്കാനാണ് എനിക്കിഷ്ടം. കാരണം ഈ കാലഘട്ടത്തിൽ ജീവിച്ചിരിക്കേണ്ടിയിരുന്ന ഒരു സഖാവായിരുന്നു ഭാസ്‌കരൻ - എസ്.എഫ്.ഐയുടെ ആദ്യ അഖിലേന്ത്യാ പ്രസിഡന്റും എഴുത്തുകാരനുമായിരുന്ന സി.ഭാസ്‌കരൻറെ പത്താം ചരമവാർഷികത്തിൽ അദ്ദേഹത്തിൻറെ സുഹൃത്തും സഹപ്രവർത്തകനുമായിരുന്ന യു. ജയചന്ദ്രൻ എഴുതുന്നു.

സി. ഭാസ്‌കരൻ.
നിങ്ങൾക്ക്​ ആ പേര് അപരിചിതമാണെങ്കിൽ ഞാൻ നിങ്ങളെ കുറ്റപ്പെടുത്തുകയില്ല. മുഖ്യധാര ഒഴുകിപ്പരക്കുന്ന ഇടങ്ങളിൽ നിന്ന് അയാൾ അപ്രത്യക്ഷനായിട്ട് എത്രയോ വർഷങ്ങളായി. ഭാസ്‌കരന്റെ മരണത്തെ "അകാലമരണ'മെന്ന് വിളിക്കാനാണ് എനിക്കിഷ്ടം. കാരണം ഈ കാലഘട്ടത്തിൽ ജീവിച്ചിരിക്കേണ്ടിയിരുന്ന ഒരു സഖാവായിരുന്നു ഭാസ്‌കരൻ.

പ്രീഡിഗ്രിക്കാലത്ത് കോളേജിൽ ഞാൻ കാട്ടിക്കൂട്ടിയ ഒരു രാഷ്ട്രീയ സാഹസമാണ് കെ.എസ്.എഫിന്റെ സംസ്ഥാന സെക്രട്ടറിയായ ഭാസ്‌കരന്റെയടുത്തേക്ക് എന്നെ എത്തിച്ചത്. അന്ന് ആലപ്പുഴയിൽ എസ്.എഫ്​ ജില്ലാ നേതാവായിരുന്ന തൃക്കുന്നപ്പുഴ ശശിധരനാണ് എന്നെ ഭാസ്‌കരന്റെയടുത്ത് കൂട്ടിക്കൊണ്ടുപോയത്. അതിനു മുൻപ് അക്കാലത്തെ ദേശാഭിമാനിയിൽ അച്ചടിച്ചു വന്നിട്ടുള്ള തീരെ മോശമായ (എന്നു വച്ചാൽ തെളിച്ചമില്ലാത്ത) ചില ചിത്രങ്ങളിൽ മാത്രമേ ഞാൻ ഭാസ്‌കരനെ കണ്ടിരുന്നുള്ളു. നേരിൽ കണ്ടപ്പോൾ ചെറുതായൊന്ന് അന്ധാളിച്ചു പോയി. മങ്ങിയ വെട്ടം മാത്രമുള്ള ആ ഹോട്ടൽമുറിയെ ഭാസ്‌കരന്റെ അതിപ്രസന്നമായ സാന്നിദ്ധ്യം പ്രകാശമാനമാക്കിയതു പോലെയാണ് എനിക്ക് തോന്നിയത്.

എന്നെ ആശ്വസിപ്പിക്കാൻ, കോളേജുകളിൽ നടക്കുന്ന വൈരനിര്യാതനത്തെപ്പറ്റിയെല്ലാം ഭാസ്‌കരൻ സംസാരിച്ചു. ഒരു സമരം ഉണ്ടാക്കിയേക്കാവുന്ന ഏലിയനേഷൻ സമരം അടിയറ വയ്‌ക്കേണ്ട അവസ്ഥയിലേക്കു സംഘടനയെ എത്തിച്ചേക്കുമെന്ന അപ്രിയകരമായ സത്യവും ഭാസ്‌കരൻ തുറന്ന് പറഞ്ഞു. അക്കാലത്ത് എം.ജി. കോളേജിൽ പ്രിൻസിപ്പൽ എം.പി. മന്മഥൻ ഏതാണ്ട് പരസ്യമായിത്തന്നെ ആ കോളേജിലെ എ.ബി.വി.പിയുടെ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന കാര്യം പ്രത്യേകം ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ഭാസ്‌കരൻ സമർത്ഥിച്ചത്. അതു കൊണ്ട്​ "suspension pending inquiry' എന്ന "വൈതരണി' കടക്കാൻ ശ്രമിക്കുന്നതാവും നല്ലത് എന്നായിരുന്നു ഭാസ്‌കരൻ പറഞ്ഞതിന്റെ രത്‌നച്ചുരുക്കം.

ആ ദിവസങ്ങളിൽ ആലപ്പുഴയിൽ കർഷകതൊഴിലാളി യൂനിയന്റെ ഐതിഹാസിക സംസ്ഥാനസമ്മേളനം നടക്കുന്നുണ്ടായിരുന്നു. അതിനു തൊട്ടു മുൻപാണ് കേരള സർവകലാശാലാ സെനറ്റിലേക്ക് രണ്ട് വിദ്യാർത്ഥി പ്രതിനിധികളെ നാമനിർദ്ദേശം ചെയ്യാൻ തീരുമാനിച്ചത്. കെ.എസ്.യു. (എം.എം. ഹസൻ), കെ.എസ്.എഫ് (എം.എ. സലാം) എന്നീ സംഘടനകൾക്കാണ് അതിനവസരം നൽകിയത്. ലോ കോളേജ് വിദ്യാർത്ഥി ആയിരുന്ന സലാമും ആലപ്പുഴയിൽ അന്ന് എത്തിയിരുന്നു. കർഷകതൊഴിലാളി സമ്മേളനം നടന്നയിടത്ത് ദേശാഭിമാനിക്ക് ഒരു സ്റ്റാൾ ഉണ്ടായിരുന്നു. ഭാസ്‌കരന്റെ നേതൃത്വത്തിൽ അത് വിദ്യാർത്ഥികൾ ഏറ്റെടുത്തു. എന്നെ തോളിൽ പിടിച്ച് നീക്കി മുന്നിൽ നിർത്തിയിട്ട് ഭാസ്‌കരൻ സലാമിനോടും ശശിയോടും പറഞ്ഞു: "ദാ, ഇയാളെ നന്നായി നോക്കണം. ഇതു കഴിഞ്ഞ് ഇയാൾ തിരുവനന്തപുരത്ത് യൂണിവേഴ്‌സിറ്റി കോളേജിലാവും ചേരുന്നത്. അന്നേക്ക് നമ്മുടെ കൂടെ ഉണ്ടാവണം, ഇയാൾ.'

ഭാസകരൻ പിറ്റേന്ന് രാവിലെ പോയി. സമ്മേളനം കഴിയുവോളം സലാമും ശശിയും ഞാനും കുറേ പുസ്തകങ്ങൾ വിറ്റു. അവസാനദിവസം വി. സാംബശിവൻ ഞങ്ങളുടെ സ്റ്റാളിൽ വന്നു. ഒഥല്ലോ കഥയുടെ പാട്ടുപുസ്തകം സൗജന്യമായി തന്നു. അതിന്റെ വിറ്റുവരവ് കെ.എസ്.എഫിന്റെ ഫണ്ടിലേക്ക് അദ്ദേഹം സംഭാവന ചെയ്തു. ആ ദിവസങ്ങളിൽ ഒപ്പമുണ്ടായിരുന്ന സലാം, ശശി, ശരത്ചന്ദ്രൻ ഇവരെയൊന്നും കുറിച്ച് വർഷങ്ങളായി യാതൊരു വിവരവുമില്ല.

ആ ഒറ്റ സംഭവത്തിലൂടെ മനസ്സിലായ ഭാസ്‌കരനെ എനിക്ക് മരണം വരെ ബഹുമാനിക്കാൻ മാത്രമേ കഴിയൂ. ഞാൻ പറയാതെ തന്നെ എന്റെ പരിഭ്രാന്തി അയാളറിഞ്ഞു. എന്നെ ഭയപ്പെടുത്താൻ തുനിയാതെ, സസ്‌പെൻഷനെതിരേ സമരം നടത്തിയ കോളേജുകളിൽ സംഭവിച്ചത് വിശദീകരിക്കുക മാത്രം ചെയ്തു. എന്റെ മനസ്സ് ശാന്തമാക്കാനെന്നതിലുപരി, എനിക്ക് അല്പം സർഗാത്മകമായ ഒരു ഡൈവേർഷനും അദ്ദേഹം കണ്ടെത്തി.

ഭാസ്‌കരനെ പിന്നീട് കണ്ടത് എറണാകുളത്തെ "മാരുതി'യിലാണ്.
കടുത്ത ഡിപ്രഷനിൽ മുങ്ങി, ഒരു ആത്മഹത്യയുടെ വക്ക് വരെയെത്തി, തിരിച്ചു വരവിന്റെ മൂടൽ മഞ്ഞിൽ ഞാൻ ശശിയോടൊപ്പം മടക്കയാത്രക്കൊരുങ്ങുമ്പോൾ ശശി തന്നെയാണ് പറഞ്ഞത്: "തന്നെ കാണാനൊരാൾ വരുന്നു'.

ഭാസ്‌കരൻ പതിവുപോലെ ഒരു നിറഞ്ഞ ചിരിയുമായി വന്നു. കൂടുതലൊന്നും സംസാരിച്ചില്ല.
"ജൂലിയസ് ഫ്യൂച്ചിക്കിന്റെ കൊലമരത്തിൽ നിന്നുള്ള കുറിപ്പുകൾ വായിക്കണം. ജീവിതം എത്ര വിലപ്പെട്ടതാണെന്ന് അറിയാൻ അത്തരം പുസ്തകങ്ങൾ സഹായിക്കും.' ഞാനാണെങ്കിൽ, ആ കാലത്ത് വീണ്ടും വീണ്ടും വായിച്ചിരുന്നത് ദസ്തയെവ്‌സ്‌കിയുടെ കുറ്റവും ശിക്ഷയും ആയിരുന്നു.

അന്നത്തെ കൂടിക്കാഴ്ചയ്ക്കു ശേഷം ഏതാണ്ട് ആറുമാസങ്ങൾ പിന്നിട്ടു. എസ്.എഫ്.ഐ. രൂപീകരണത്തിന്റെ പ്രവർത്തനങ്ങൾ തകൃതിയായി ആരംഭിച്ചു. ആലപ്പുഴയിലെ വിദ്യാർത്ഥികൾ വീടുവീടാന്തരം കയറിയിറങ്ങി പിരിച്ചെടുത്ത തേങ്ങയും അരിയുമെല്ലാം ചുമന്ന് ഞങ്ങൾ ഏതാണ്ട് അർദ്ധരാത്രിയോടെ പുളിമൂട്ജംഗ്ഷനിൽ ബസ്സിറങ്ങി. രണ്ട് ചുമടുകളും തലയിലേന്തി ഗവണ്മെന്റ് പ്രസ്സിനിങ്ങേപ്പുറത്തുള്ള പഴയൊരു കെട്ടിടത്തിന്റെ വാതിലിൽ തട്ടി. കർഷകസംഘം ആപ്പീസായിരുന്നു അത്. ഭാസ്‌കരൻ തന്നെ വാതിൽ തുറന്നു; ഉറക്കച്ചടവുള്ള പുഞ്ചിരിയോടെ. പിരിച്ച സാധനങ്ങൾ അവിടെ ഏൽപിച്ച് രസീത് വാങ്ങി ഞങ്ങൾ വലിയശാലയിലുള്ള (അന്നത്തെ) എന്റെ വീട്ടിലേക്ക് പോയി. പിന്നീട് എസ്.എഫ്.ഐ. രൂപം കൊണ്ട ഐതിഹാസിക സമ്മേളനം. അതിന്റെ അന്ത്യത്തിൽ ഭാസ്‌കരന്റെ മദ്ധ്യാഹ്നം ആരംഭിച്ചു. എസ്.എഫ്.ഐയുടെ ആദ്യത്തെ അഖിലേന്ത്യാ പ്രസിഡന്റായി ഭാസ്‌കരൻ ഏകകണ്ഠമായാണ് തെരഞ്ഞെടുക്കപ്പെട്ടത്. ബിമൻ ബാസു സെക്രട്ടറി. ബുദ്ധദേവ് ഭട്ടാചാര്യ വൈസ് പ്രസിഡൻറ്​.

എസ്‌.എഫ്‌.ഐ. ആദ്യ അഖിലേന്ത്യാ സമ്മേളനം തെരഞ്ഞെടുത്ത ഭാരവാഹികൾ. നിൽക്കുന്നവർ: മണിക്‌ സർക്കാർ, എൻ റാം, സുഭാഷ്‌ ചക്രവർത്തി, ബാബു ഭരദ്വാജ്‌, പി മധു, ശക്തിധർ ദാസ്‌. ഇരിക്കുന്നവർ: ഉമേന്ദ്രപ്രസാദ്‌ സിങ്‌, രഞ്ചൻ ഗോസ്വാമി, സി ഭാസ്‌കരൻ (പ്രസിഡന്റ്‌), ബിമൻ ബസു (ജനറൽ സെക്രട്ടറി), ശ്യാമൾ ചക്രവർത്തി, ബൽദേവ്‌ സിങ് / ഫോട്ടോ: ദേശാഭിമാനി

അങ്ങനെ പിൽക്കാലത്ത് ഇന്ത്യയിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ നായകത്വം വഹിച്ച പലരും ആ ആദ്യത്തെ എസ്.എഫ്.ഐ. ദേശീയ കമ്മറ്റിയിൽ ഉണ്ടായിരുന്നു. അതു കഴിഞ്ഞ് പല എസ്.എഫ്.ഐ. സമ്മേളനങ്ങളിൽ ഞാൻ പങ്കെടുത്തിട്ടുണ്ടെങ്കിലും അത്രത്തോളം ആവേശമുണർത്താൻ പിന്നീടൊരു സമ്മേളന "മാമാങ്ക'ത്തിനും കഴിഞ്ഞെന്ന് എനിക്ക് തോന്നുന്നില്ല.
ഈ വർഷമിതാ അതിന്റെ അൻപതാം വാർഷികമാണത്രേ. പത്രത്തിൽ വായിച്ചറിയുന്നതല്ലാതെ എന്നെപ്പോലെ എസ്.എഫ്.ഐയുടെ തോളിൽ കയ്യിട്ടു നടന്ന പഴയ സഹയാത്രികർ എത്ര പേരെ എസ്.എഫ്.ഐ അതിന്റെ അമ്പതാം വാർഷിക ആഘോഷങ്ങൾക്ക് ക്ഷണിച്ചു?

ഭാസ്‌കരന്റെ അപരാഹ്നവും അസ്തമനവും ഞങ്ങളാരും വിചാരിച്ചതു പോലെയായിരുന്നില്ല. 1972ൽ ഞാൻ യൂണിവേഴ്‌സിറ്റി കോളേജിൽ വന്ന് ചേരുമ്പോഴേക്ക് ഭാസ്‌കരന്റെ ഫെയ്ഡ് ഔട്ട് ആരംഭിച്ചിരുന്നു. വിദ്യാർത്ഥിരംഗം വിട്ട് അദ്ദേഹം ചിന്ത പബ്ലിഷേഴ്‌സിലേക്ക് നീങ്ങി. അടിയന്തരാവസ്ഥക്കാലത്ത് കുറച്ചു നാൾ ഭാസ്‌കരനൊപ്പമിരുന്ന് ജോലി ചെയ്യാൻ എനിക്കായി. രാഷ്ട്രീയനേതൃത്വത്തിലേക്ക് ഭാസ്‌കരൻ ഒരിക്കലും വരില്ലെന്ന് അപ്പോഴേക്ക് അയാൾ സ്വയമറിഞ്ഞിരുന്നു. മനപ്പൂർവം ഉൾവലിയുന്ന ഒരു ഭാസ്‌കരനെയാണ് അക്കാലത്ത് ഞാൻ കണ്ടിട്ടുള്ളത്. എന്നെപ്പോലുള്ളവർക്ക് അതൊരു നടുക്കം തന്നെ ആയിരുന്നു.

2008ലാണ് ഭാസ്‌കരനെ ഞാൻ അവസാനം കണ്ടത്. ധർമ്മാലയം റോഡിലെ ഒരു വീട്ടിൽ. ദക്ഷിണാഫ്രിക്കയിൽ നിന്ന് മൂന്നാഴ്ച അവധിക്ക് വന്നതാണ് ഞാൻ. ചിന്ത പ്രസിദ്ധീകരിച്ച എന്റെ പുസ്തകത്തിന്റെ ഒരു കോപ്പി സംഘടിപ്പിക്കാൻ വഴിയുണ്ടോ എന്നന്വേഷിച്ച് എത്തിയത് ഭാസ്‌കരനിൽ ആയിരുന്നു. അദ്ദേഹം ഹാർദ്ദമായ ആ ചിരിയോടെ എന്നെ സ്വീകരിച്ചു. പത്‌നി തുളസിയും ഞങ്ങളുടെ സംഭാഷണത്തിൽ പങ്ക് ചേർന്നു. തുളസി അക്കാലത്ത് ദേശാഭിമാനിയുടെ സ്ത്രീ എന്ന സ്ത്രീപക്ഷ പുൾ ഔട്ടിനു വേണ്ടി ജോലി ചെയ്തിരുന്നു. ഭാസ്‌കരൻ പുസ്തകം നോക്കിയെടുക്കാമെന്ന് പറഞ്ഞെങ്കിലും അത് നടക്കാത്ത കാര്യമാണെന്ന് മനസ്സിലായതിനാൽ ഞാൻ പിന്നീട് അതിനു വേണ്ടി അയാളെ വിഷമിപ്പിച്ചില്ല.
ഭാസ്‌കരൻ മരിക്കുമ്പോഴും ഞാൻ വിദേശത്തായിരുന്നു. വിവരമറിഞ്ഞ് ഒറ്റയ്ക്ക് കുറെ വേദനിച്ചു. ഭാസ്‌കരനെപ്പറ്റി കേൾക്കാനും ഓർക്കാനും ഇഷ്ടം തോന്നാത്ത ധാരാളം കഥകൾ കേട്ടിട്ടുണ്ട്. അവയൊന്നും എന്റെ ഓർമകളിലെ ആ സഖാവിന്റെ, സുഹൃത്തിന്റെ വ്യക്തിത്വത്തിനു മേൽ ഒരു നിഴലും വീഴ്ത്തുന്നില്ല. അയാൾ, ഞങ്ങൾ തമ്മിൽ കാണുമ്പോഴത്തെ എന്റെ മാനസികാവസ്ഥയറിഞ്ഞ് എന്റെ പ്രശ്‌നം മനസ്സിലാക്കിയ ആളാണ്... എന്റെ ആദ്യത്തെ നേതാവ്. എല്ലാവർക്കുമുള്ളതു പോലെ അയാൾക്കും എന്തെങ്കിലുമെല്ലാം കുറ്റങ്ങൾ ഉണ്ടായിരുന്നിരിക്കാം. അതിൽ ഏതു കുറ്റമാണ് "ഇതാ എന്റെ ഹൃദയം' എന്ന് പറയുമ്പോലെ എത്ര പ്രതികൂലാവസ്ഥയിലും ഒരു തെളിച്ചമുള്ള ചിരി കൊളുത്താൻ കഴിഞ്ഞിരുന്ന ഈ സഖാവിനെ വീഴ്ത്തിയത്?

ആർക്കറിയാം.

അഥവാ, ഇനി അറിഞ്ഞിട്ടെന്ത്?

ഭാസ്‌കരൻ സഖാവേ, നിങ്ങളെ അറിഞ്ഞവർ നിങ്ങളെ മറക്കില്ല. അതു തന്നെയല്ലേ ഏറ്റവും വിലപ്പെട്ട ശ്രദ്ധാഞ്ജലി?


യു.ജയചന്ദ്രൻ

എഴുപതുകളിലെ ശ്രദ്ധേയനായ കവി. ദേശാഭിമാനി, പമ്പരം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ജോലി ചെയ്തു. 1980 മുതൽ 37 വർഷം ദക്ഷിണാഫ്രിക്കയിലെ അംടാട്ട ഹോളിക്രോസ് ഹൈസ്കൂളിൽ. ഡെപ്യൂട്ടി പ്രിൻസിപ്പലായി വിരമിച്ചു. സൂര്യന്റെ മാംസം കവിതാ സമാഹാരം

Comments