പണം കൊടുത്താല്‍ ഒരു ദളിതന്
എന്‍.എസ്.എസ് കോളേജില്‍
ജോലി കൊടുക്കുമോ
പണം കൊടുത്താല്‍ ഒരു ദളിതന് എന്‍.എസ്.എസ് കോളേജില്‍ ജോലി കൊടുക്കുമോ
ഇന്ത്യൻ സാഹചര്യത്തെക്കുറിച്ച്, ചരിത്രത്തെക്കുറിച്ച് നാമവരോട് ഏറെ പറയേണ്ടി വരും. അയിത്തത്തെക്കുറിച്ചും ജാതീയമായ വിവേചനത്തെക്കുറിച്ചും പറയേണ്ടി വരും. ബഹുഭൂരിഭാഗം വരുന്ന അവർണ ജനത എങ്ങിനെ ചരിത്രത്തിൽ നിന്നും അധികാരത്തിൽ നിന്നും അദൃശ്യരായി എന്നു വിശദീകരിക്കേണ്ടി വരും. സോഷ്യൽ ക്യാപിറ്റൽ എന്ന വാക്കിന്റെ അർഥം നാം പഠിപ്പിച്ചു കൊടുക്കേണ്ടി വരും. നാം ഊറ്റം കൊള്ളുന്ന ഈ ആർഷഭാരതത്തിൽ ഒരു ന്യൂനപക്ഷം വരുന്ന സവർണ വിഭാഗത്തിന്റെ കൈയ്യിലായിരുന്നു വിഭവങ്ങൾ മുഴുവൻ കേന്ദ്രീകരിച്ചിരുന്നത് എന്നും ലോകം മുഴുവൻ മതിക്കുന്ന കായികാധ്വാനത്തെ നിന്ദിക്കുന്ന ബ്രാഹ്മണ്യമായിരുന്നു ഇവിടെ ആധിപത്യം സ്ഥാപിച്ചിരുന്നത് എന്നും പറയേണ്ടി വരും
30 Oct 2020, 05:13 PM
എന്താണ് സംവരണം? മെറിറ്റിനെ അട്ടിമറിക്കുന്ന അനീതിയല്ലേ അത് ? ഇത്തരം ചോദ്യങ്ങൾക്ക് പെട്ടെന്ന് ഉത്തരം പറയാൻ പറ്റില്ല. നിങ്ങൾ ഒരു ക്ലാസിലെ കുട്ടികളോടു ചോദിക്കൂ. സ്കൂൾ പ്രവേശനത്തിന് മെറിറ്റല്ലേ നോക്കേണ്ടത് ? സംവരണം അർഹതയില്ലാത്തവരെ കയറ്റി വിടുന്ന ഏർപ്പാടല്ലേ? സംവരണം വഴി കയറിയ കുട്ടികളടക്കം ഉറപ്പായും പറയും സംവരണം തെറ്റാണ്, മെറിറ്റാണ് നോക്കേണ്ടത് എന്ന്.
എന്തുകൊണ്ടാണ് ചിലരെ മെരിറ്റിനപ്പുറം സംവരണത്തിലൂടെ കൂട്ടിക്കൊണ്ടു വരുന്നത് എന്ന് അവരോട് വിശദീകരിക്കുക പ്രയാസമാണ്. ഒരു ബസ്സിൽ പല തലങ്ങളിലായി ആളുകൾക്ക് സീറ്റ് നീക്കി വെച്ചത് പറയാൻ പറ്റും. ഇന്ത്യൻ സാഹചര്യത്തെക്കുറിച്ച്, ചരിത്രത്തെക്കുറിച്ച് നാമവരോട് ഏറെ പറയേണ്ടി വരും. അയിത്തത്തെക്കുറിച്ചും ജാതീയ വിവേചനത്തെക്കുറിച്ചും പറയേണ്ടി വരും. ബഹുഭൂരിഭാഗം വരുന്ന അവർണ ജനത എങ്ങിനെ ചരിത്രത്തിൽ നിന്നും അധികാരത്തിൽ നിന്നും അദൃശ്യരായി എന്നു വിശദീകരിക്കേണ്ടി വരും. സോഷ്യൽ ക്യാപിറ്റൽ എന്ന വാക്കിന്റെ അർഥം നാം പഠിപ്പിച്ചു കൊടുക്കേണ്ടി വരും.
നാം ഊറ്റം കൊള്ളുന്ന ഈ ആർഷഭാരതത്തിൽ ഒരു ന്യൂനപക്ഷം വരുന്ന സവർണ വിഭാഗത്തിന്റെ കൈയ്യിലായിരുന്നു വിഭവങ്ങൾ മുഴുവൻ കേന്ദ്രീകരിച്ചിരുന്നത് എന്നും ലോകം മുഴുവൻ മതിക്കുന്ന കായികാധ്വാനത്തെ നിന്ദിക്കുന്ന ബ്രാഹ്മണ്യമായിരുന്നു ഇവിടെ ആധിപത്യം സ്ഥാപിച്ചിരുന്നത് എന്നും പറയേണ്ടി വരും. അപ്പോൾ മെറിറ്റ് എന്ന വാക്ക് സാമൂഹികവും ചരിത്രപരവുമായും അളക്കേണ്ട ഒന്നാണ് എന്നു നാം വിശദീകരിക്കേണ്ടിയും വരും. വളരെ ശ്രമപ്പെട്ട് ദളിത് പിന്നാക്ക വിദ്യാർഥികളെ അത് ബോധ്യപ്പെടുത്താൻ കഴിഞ്ഞേക്കും. അവരുടെ അനുഭവ പരിസരങ്ങളിലല്ലാത്ത സവർണ വിഭാഗത്തിലെ കുട്ടികൾക്ക് പെട്ടെന്നൊന്നും അത് ബോധ്യമാകണമെന്നില്ല. കുട്ടികളുടെ കാര്യത്തിൽ മാത്രമല്ല മുതിർന്നവരുടെ കാര്യത്തിൽ അതിലും ശ്രമകരമാണ്.
അതുകൊണ്ടാണ് നാം പല കാര്യത്തിലും വിവേകമുണ്ടെന്നു വിചാരിച്ചിരുന്ന മാർക്കണ്ഡേയ കട്ജു സംവരണം എടുത്തു കളയണമെന്നും ദളിതർ സവർണനോട് മൽസരിച്ചു ജയിക്കണമെന്നും പറയുന്നത്. ബാക്കിയെല്ലാം നോർമൽ ആയിരിക്കുമ്പോഴും ജാതിബോധം ഉറച്ചു പോയ സോഫ്റ്റ് വെയർ ചരിത്രത്തിനും സാമൂഹികബോധത്തിനും അനുസരിച്ച് പ്രവർത്തിക്കില്ല. അത്തരക്കാരോട് തമിഴ് ബ്രാഹ്മണർ മാത്രം അധികാരം കൈയാളിയ ഒരു കാലത്ത് ഇവിടുത്തെ മറ്റു സമുദായങ്ങൾക്ക് അധികാരത്തിൽ പങ്കാളിത്തത്തിനു വേണ്ടി നടത്തിയ സമരങ്ങളുടെ ചരിത്രം പറയണം. മണ്ഡൽ കമ്മീഷൻ വന്നില്ലെങ്കിൽ ഒരു പിന്നാക്കക്കാരനെയും അധികാരത്തിൽ പങ്കാളിയാക്കാൻ ഇവിടുത്തെ സവർണപക്ഷം സമ്മതിക്കുമായിരുന്നില്ല എന്നും പറയണം.
പക്ഷേ അവരത് കേൾക്കാൻ കൂട്ടാക്കില്ല. ഡോ. പൽപുവിന് തിരുവിതാം കൂറിൽ ജോലി കിട്ടിയില്ല, ഇന്ത്യ കണ്ട ഏറ്റവും പ്രഗത്ഭനായ രാഷ്ട്രപതി കെ.ആർ. നാരായണന് തിരുവിതാംകൂറിൽ ലക്ചറർ ജോലി കിട്ടിയില്ല, തുടങ്ങി അനേകം കാര്യങ്ങൾ നാം പറയേണ്ടതുണ്ട്. ഇതിനൊക്കെ നിയാമകമായി വർത്തിച്ചത് ജാതി മാത്രമാണെന്നും അവരറിയണം. ഇങ്ങേയറ്റം ഇത്തരം ചരിത്ര പശ്ചാത്തലങ്ങളെ ജൈവികമായി ഉൾക്കൊള്ളാനാവാത്ത ഒരു ശരാശരിക്കാരനായ കെ.എൻ. ഗണേഷ് എന്ന ചരിത്രാധ്യാപകന് എങ്ങിനെ ബുദ്ധിജീവിപ്പട്ടവും എം. കുഞ്ഞാമനെ പോലെ അസാധാരണ ധൈഷണിക വ്യക്തിത്വത്തിന് നാടുവിട്ടുപോകലും വിധിക്കപ്പെട്ടു എന്നും നാം പറയേണ്ടതുണ്ട്. ഇതൊക്കെ പറഞ്ഞാലും ജാതി പ്രവർത്തിക്കുന്ന വഴികൾ പലർക്കും മനസ്സിലാവണമെന്നില്ല.
കുട്ടികൾക്കാണെങ്കിൽ കുറച്ചൊക്കെ കാര്യം മനസ്സിലാവും. ജാതിയായിരുന്നു മെറിറ്റ് എന്ന അടിവരയിടേണ്ട സത്യം അവർ തിരിച്ചറിയും. പക്ഷേ 99 ശതമാനം പേരും ഇത്തരം കാര്യങ്ങൾ പറയാറുണ്ടോ ? ഇല്ല.
അപ്പോൾ ജാതീയമായി ബഹിഷ്ക്കരിക്കപ്പെട്ട സമൂഹം, തൊഴിൽ കൊണ്ട് വർണം നിശ്ചയിക്കപ്പെട്ട ജനത, ജന്മം കൊണ്ട് ഒരാളുടെ മെറിറ്റ് നിശ്ചയിക്കുന്ന സമൂഹം ലോകത്ത് മറ്റെവിടെയുമില്ലെന്ന് നാം പറയാറുണ്ടോ ? ഗാന്ധിജിയെക്കുറിച്ച് പറയുമ്പോൾ ദക്ഷിണാഫ്രിക്കയിൽ നിന്ന് ഏൽക്കേണ്ടി വന്ന മർദ്ദനങ്ങളെക്കുറിച്ച് പഠിക്കാറുണ്ട്. ഇന്ത്യയുടെ ഭരണഘടനാ ശില്പി, സമാനതകളില്ലാത്ത ധിഷണാശാലി, ഭീം റാവു അംബേദ്ക്കർ സ്വന്തം നാട്ടിൽ അനുഭവിക്കേണ്ടി വന്ന മർദ്ദനങ്ങളെക്കുറിച്ച് പഠിക്കാറുണ്ടോ ? തന്റെ ഗുരുവായ കെ.എൻ. രാജിനോട് താങ്കളുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ ഞാൻ നോബൽ സമ്മാനം നേടിയേനെ എന്ന് എം. കുഞ്ഞാമൻ പറഞ്ഞത് എന്തർഥത്തിലാണ് എന്ന് കുട്ടികളോട് ആലോചിക്കാൻ പറഞ്ഞിട്ടുണ്ടോ ?
എങ്കിൽ അവർക്ക് പ്രിവിലീജ് എന്താണെന്നും അതെങ്ങിനെ പ്രവർത്തിക്കുന്നു എന്നും മനസ്സിലാക്കാൻ പറ്റിയേക്കും. അപ്പോൾ നാം പറയും ചരിത്രപരമായ കാരണങ്ങളാൽ അധികാരത്തിൽ നിന്ന് പുറന്തള്ളപ്പെട്ട ജനതയ്ക്ക്, മത്സരിക്കാൻ കഴിയാത്ത വിധം മുടന്തു ബാധിച്ച ഒരു ജനവിഭാഗത്തിന് അധികാരത്തിൽ പ്രാതിനിധ്യം ഉറപ്പാക്കാനുള്ള ഭരണഘടനാപരമായ ഉപാധിയാകുന്നു സംവരണം. അത് ഒന്നാമനെ തെരഞ്ഞെടുക്കാനുള്ള ഓട്ടമത്സരമല്ല. അവിടെ പൂർണ ആരോഗ്യവാൻ എന്ന പ്രിവിലീജ് ക്ലാസ്സും സാമൂഹിക പിന്നാക്കാവസ്ഥ എന്ന മുടന്തു ബാധിച്ചവരുമുണ്ട്. അവരെ കൂടി പരിഗണിക്കലാണ് സംവരണം.
ഈ പ്രാതിനിധ്യം അവർക്ക് ഗവണ്‍മെന്റ് മേഖലകളിൽ മാത്രമേ ഉള്ളോ എന്നു നമുക്ക് ചോദിക്കാം. എയിഡഡ് മേഖലകളിൽ ഉണ്ടോ? അവിടെ ജാതിയും മതവുമാണ് മെറിറ്റ്. പണവും പ്രധാനമാണ്. ശരി, പണം കൊടുത്താൽ ഒരു ദളിതന് NSS അല്ലെങ്കിൽ SN കോളജിൽ ജോലി കൊടുക്കുമോ? കൂടുതൽ പണം കൊടുത്താൽ ? പോരാ റാങ്ക് നേടിയാൽ ? ഈ ചോദ്യങ്ങൾക്ക് ഉത്തരം എന്തായിരിക്കും എന്നു നമുക്കറിയാം.
എല്ലാ മേഖലകളിലും ജാതിയും മതവുമാണ് മെറിറ്റ്. അവർക്ക് ശമ്പളം കൊടുക്കുന്നത് സർക്കാരും. KSRTC ബസ്സിൽ മാത്രം സീറ്റ് സംവരണവും പ്രൈവറ്റ് ബസ്സ്, ടാക്സി, വാൻ തുടങ്ങി നൂറായിരം വാഹനങ്ങൾ അവർക്ക് അപ്രാപ്യമാണ്. ആകെ പത്തെഴുപതു വർഷമായതേയുള്ളു അവരിങ്ങനെ അപകർഷതയോടെ അധികാരത്തിന്റെ ഈ ബസ്സിൽ കയറാൻ തുടങ്ങിയിട്ട്.
സർക്കാർ മേഖലയിൽ ദളിതൻ അഥവാ പിന്നാക്കക്കാരൻ മാർക്ക് കുറവോടെ കടന്നു വരുന്നെങ്കിൽ സവർണർ ഉന്നയിക്കുന്ന വാദമെന്താണ് ? മെറിറ്റ് ഇല്ലാത്തവൻ കയറുന്നു. സ്വാശ്രയ കോളജുകളിൽ കോടികൾ കൊടുത്ത് വളരെ കുറഞ്ഞ മാർക്കോടെ കയറുന്ന മുന്നാക്കക്കാരനെക്കുറിച്ച് ഈ മെറിറ്റ് വാദം ഉയർത്താറുണ്ടോ ?
ഒരു കാര്യം ആലോചിക്കുക. കോടികളുടെ സമ്പത്തും സൗകര്യങ്ങളുമുണ്ടായിട്ടും പഠിക്കാൻ കഴിയാത്തവരെക്കുറിച്ചല്ല, ഏറ്റവും ദരിദ്രമായ പശ്ചാത്തലത്തിൽ നിന്ന് അല്പം മാർക്ക് കുറവോടെ കടന്നു വരുന്നവരെ മാത്രമാണ് സമൂഹം പരിഹസിക്കാറുള്ളത്. പ്രിവിലിജുകൾ പ്രവർത്തിക്കുന്ന സൂക്ഷ്മ വഴികളെക്കുറിച്ച് പഠിക്കാനേറെയുണ്ട്. അപ്പോൾ സോഷ്യൽ ക്യാപിറ്റലിന്റെ പ്രിവിലീജ് ഉള്ള ഒരാൾ നേടുന്ന 60 മാർക്കും അതില്ലാത്ത ഒരാൾ നേടുന്ന 40 മാർക്കും സാമൂഹിക നീതിയുടെ അടിസ്ഥാനത്തിൽ ഒരേ മെറിറ്റായി കണക്കാക്കുന്നതാണ് സംവരണം.
ഇവിടെ സമ്പത്ത് മാനദണ്ഡമേയല്ല. അത് വിശദമാക്കാൻ ഒരു ചരിത്ര സംഭവം പറയാം. സി. കേശവന്റെ ആത്മകഥയിലാണെന്നു തോന്നുന്നു. വളരെ സമ്പന്നനായ ഒരു ഈഴവ പ്രമാണി. അയാൾക്ക് കാറുണ്ട്. ഡ്രൈവർ നായരാണ്. അമ്പലത്തിനു മുന്നിലുള്ള വഴിയിലൂടെ പോകുമ്പോൾ മുതലാളി കാറിൽ നിന്നിറങ്ങി അമ്പലത്തിനു പിന്നിലൂടെ നടന്ന് അപ്പുറം ചെന്ന് വണ്ടിയിൽ കയറണം. അമ്പലത്തിനു മുന്നിലൂടെ വഴി നടക്കാനുള്ള അവകാശം അയാൾക്കില്ല. ഡ്രൈവറായ നായർക്ക് ഉള്ള പ്രിവിലീജ് സമ്പന്നനായ ഈഴവനില്ല. ഇതാണ് ജാതി പ്രവർത്തിക്കുന്ന വഴികൾ. ഇത് ഒരു വിദേശിക്ക് മനസ്സിലാവില്ല. ഇന്റര്‍നാഷണലായി ചിന്തിക്കുന്ന രവിചന്ദ്രന്മാർക്കും മനസ്സിലാവില്ല. അത്തരക്കാർക്ക് 4+ 4 = 8 എന്ന മാത്തമാറ്റിക്കൽ യുക്തി മാത്രമേ അറിയൂ. നൂറു മീറ്റർ ഓട്ടത്തിൽ പിന്നാക്കക്കാരൻ 80 മീറ്റർ ഓടിയാൽ പോരേ എന്നൊക്കെയുള്ള വംശീയമായ തമാശകൾ ഈ സങ്കുചിത ശാസ്ത്രീയ ബോധത്തിൽ നിന്നു വരുന്നതാണ്.
ഇതേ പിന്നാക്കാവസ്ഥയെ സവർണ്ണ സംവരണക്കാർ തിരിച്ച് ഉപയോഗിക്കുന്നതാണ് നാമിപ്പോൾ കാണുന്നത്. പട്ടികജാതിക്കാരന്റെ
മാർക്കിനെക്കാൾ വളരെ പിന്നിലുള്ള മുന്നോക്ക സമുദായക്കാരൻ പ്രധാന സ്ഥാനങ്ങൾ കൈയടക്കുമ്പോൾ അവർ പറയുന്നു നോക്കൂ സവർണ സമുദായത്തിന്റെ പിന്നാക്കാവസ്ഥയുടെ തെളിവാണിതെന്ന്. എങ്ങിനെയുണ്ട് കാര്യങ്ങൾ.
തിരുവനന്തപുരം ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിൽ (CET) ഇക്കൊല്ലം പ്രവേശനം ലഭിച്ച അവസാനത്തെ ജനറൽ മെറിറ്റ് റാങ്ക് - 247. അവസാനത്തെ മുസ്‌ലിം റാങ്ക് - 399. അവസാനത്തെ ഈഴവ റാങ്ക് - 413. അവസാനത്തെ എൽ സി റാങ്ക് - 503. മുന്നാക്കസംവരണം റാങ്ക് - 632 ഇത് പിന്നാക്കാവസ്ഥക്ക് തെളിവാണോ? സാമൂഹികമായ എല്ലാ പ്രിവിലീജുകളും ഉള്ള ഒരു വ്യക്തിയുടെ പിന്നാക്കാവസ്ഥയും യാതൊരു സോഷ്യൽ ക്യാപിറ്റലും ഇല്ലാത്ത സമുദായങ്ങളുടെ പിന്നാക്കാവസ്ഥയും സംവരണതത്വങ്ങൾക്ക് മുന്നിൽ ഒരു പോലെയാണോ? നിങ്ങൾക്ക് എന്തു തോന്നുന്നു?
ഇത്രയും പറഞ്ഞാൽ പിന്നെയും മനസ്സിലാക്കാൻ തയ്യാറില്ലാത്തവർ ചോദിക്കും പിന്നാക്കക്കാരിലെ സമ്പന്നരല്ലേ ജോലിയിൽ കയറുന്നത്. ദരിദ്രരുണ്ടോ എന്ന്. അതിന് മറുപടി ഭരണഘടനയിൽ പറഞ്ഞിട്ടുണ്ട്. സംവരണം ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയല്ല എന്നാണത്. എല്ലാവർക്കും ജോലി കൊടുക്കേണ്ടത് ഗവണ്മെൻ്റിന്റെ ബാധ്യതയല്ല. പക്ഷേ ജനം ദാരിദ്ര്യത്തിലാണെങ്കിൽ അത് പരിഹരിക്കാൻ ക്ഷേമപദ്ധതികൾ ഒരുക്കേണ്ട ബാധ്യതയാണ് ഗവണ്മെൻ്റിനുള്ളത്.
ഗവണ്മെൻ്റ് ഭരണഘടനാനുസൃതമായി ഉറപ്പാക്കേണ്ടത് പിന്നാക്ക ജനവിഭാഗങ്ങൾക്ക് ഗവണ്മെൻ്റ് ജോലികളിൽ അഥവാ അധികാരത്തിൽ പ്രാതിനിധ്യം ഉറപ്പാക്കുക എന്നതാണ്. അപ്പോൾ ചോദ്യം വരും 10 കൊല്ലത്തേക്ക് എന്ന് വിഭാവന ചെയ്ത സംവരണം ഒരു നൂറ്റാണ്ടു കഴിഞ്ഞാലും തീരില്ലേ എന്ന്. സംവരണം കാര്യക്ഷമമായി നടപ്പാക്കിയിരുന്നെങ്കിൽ 5 കൊല്ലം വേണ്ടിയിരുന്നില്ല. നമ്മുടെ ബ്യൂറോക്രസി സവർണന്റെതാണ്. അടിമുടി. അതെങ്ങനെ പറയാൻ പറ്റും എന്നാവും അടുത്ത ചോദ്യം.
ഏറ്റവും നല്ല ഉദാഹരണം ഇപ്പോൾ കൊണ്ടു വന്ന സവർണ സംവരണത്തിൽ കാണാം. ഒരു കാര്യം ഏതൊക്കെയോ തലത്തിൽ തീരുമാനിക്കപ്പെടുന്നു. പിന്നീട് അത് നടത്തിച്ചെടുക്കുന്നതിനുള്ള പശ്ചാത്തല സംഗീതമുയരുന്നു. അഗ്രഹാരങ്ങളിലെ ദുരിതങ്ങളെക്കുറിച്ച് വിലാപങ്ങൾ. തുടർന്ന് ദേവസ്വം ബോർഡിൽ 6000 ത്തിൽ 5500 ഉം സവർണരായിരിക്കെ മുന്നോക്കക്കാരിലെ പിന്നാക്കക്കാർക്ക് 10% സംവരണം എന്ന ട്രെയിലർ നടപ്പാക്കുന്നു. പിന്നെ രണ്ടു നായന്മാരുടെ നേതൃത്വത്തിൽ ഒരു കമ്മറ്റി ഉണ്ടാക്കുന്നു.
അവർ സവർണ സമുദായത്തിന്റെ സവിശേഷമായ ദാരിദ്ര്യത്തെക്കുറിച്ച് പഠനം നടത്തുന്നു. കേന്ദ്രം നിയമം പാസാക്കുന്നു. ഓപ്പൺ മെറിറ്റിലെ 10% വരെയാവാം എന്ന നിർദ്ദേശം വെക്കുന്നു. അവിടെ പാസാക്കുമ്പോഴേക്കും കേരളത്തിൽ നടത്തിക്കാണിക്കുന്നു. ഓപ്പൺ മെറിറ്റിലെ 10% അഥവാ 5 എന്നത് മുഴുവൻ സീറ്റിന്റെ പത്തു ശതമാനമാക്കുന്നു. അഥവാ ഓപ്പൺ മെറിറ്റിന്റെ
20% ആവുന്നു സംവരണം. നടപടികൾക്ക് റോക്കറ്റ് വേഗമാണ്. കൊടിയേറ്റത്തിലെ ഗോപിയെപ്പോലെ ഭക്തർ എന്തൊരു സ്പീഡ് എന്ന് അതിശയപ്പെടുന്നു. ഇനി ദളിതന് 1% കൂട്ടണമെന്ന് ഒരു കമ്മറ്റി തീരുമാനിച്ചു എന്നു വെക്കുക. ബ്യൂറോക്രസി അത് നടപ്പിലാക്കാൻ എത്ര കാലമെടുക്കും എന്നോർക്കുക.
നരേന്ദ്രൻ കമീഷൻ, പാലോളി കമ്മറ്റി ഇവയൊക്കെ സർക്കാർ ജോലികളിലെ പിന്നാക്ക പ്രാതിനിധ്യത്തെക്കുറിച്ച് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഒച്ചിന്റെവേഗം പോലുമുണ്ടോ ? ഇതുവരെ ആരെങ്കിലും പഠിച്ചോ ? തീർച്ചയായും പിന്നാക്ക സമുദായങ്ങൾ അനർഹമായ പ്രാതിനിധ്യം കൈയടക്കിയിട്ടുണ്ടെങ്കിൽ സംവരണം ഒഴിവാക്കണം എന്ന അഭിപ്രായക്കാരനാണ് ഞാൻ. പക്ഷേ എന്തു കൊണ്ട് അത് ചെയ്യുന്നില്ല.
ഇത് സവർണ സംവരണം എന്നു പറയുന്നതെന്തുകൊണ്ടാണ്? അത് പാവപ്പെട്ടവരല്ലേ എന്ന ചോദ്യം വരാം. നമ്മൾ അടിസ്ഥാന ഭരണഘടനാ തത്വത്തെ മറച്ചുവെച്ചു കൊണ്ടാണ് ഈ ചോദ്യം ചോദിക്കുന്നത്. സംവരണം ദാരിദ്ര്യ നിർമ്മാർജന പദ്ധതിയല്ല. അത് അധികാരത്തിലുള്ള പങ്കാളിത്തമാണ്. അവിടെ വെള്ളാപ്പള്ളിയുടെ മകനാണോ നാട്ടിലെ ചെത്തുകാരന്റെ മകനാണോ എന്നത് തല്ക്കാലം വലിയ പ്രശ്നമല്ല. ചെറിയ ഉദാഹരണം പറയാം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് പ്രാതിനിധ്യം വന്നത് സംവരണം കൊണ്ട് മാത്രമാണ്. അതും ശമ്പളമുള്ള തൊഴിലാണ്. അധികാരവും. അവിടെ പാവപ്പെട്ട സ്ത്രീകൾക്ക് സംവരണം വേണം എന്നു പറയും പോലെയാണിത്. അഥവാ തൊഴിലിൽ പിന്നാക്കക്കാരിൽ ദരിദ്രർക്ക് സംവരണം വേണമെങ്കിൽ ഭാവിയിൽ ആ സമുദായത്തിലുള്ളവർ ഉന്നയിക്കട്ടെ, പരിഹരിക്കട്ടെ. നിങ്ങൾ അതിർ വേവലാതിപ്പെടേണ്ട അവരുടെ തന്ത ചമയേണ്ട എന്നേ അതിനു മറുപടി പറയാനുള്ളു.
അപ്പോൾ സാമ്പത്തിക സംവരണമെന്നത് ഭരണഘടന സംവരണത്തിലൂടെ വിഭാവനം ചെയ്യുന്ന സാമൂഹിക നീതിക്കു തുരങ്കം വെക്കലാണ്. മുസ്ലിങ്ങളോടെന്ന പോലെ പ്രത്യക്ഷമായല്ലെങ്കിലും സംഘപരിവാർ അഥവാ അതിന്റെ ബ്രാഹ്മണ്യ പ്രത്യയശാസ്ത്രം അകമെ വെറുക്കുന്നവരാണ് ദളിതുകളും പിന്നാക്കക്കാരും. അവർ അധികാരത്തിലേക്ക് കടന്നു വരുന്നതിനെ അവർ തുരങ്കം വെച്ചതെങ്ങിനെയെന്നു നമുക്കറിയാം.
ഇന്ത്യയിൽ പിന്നാക്കക്കാർക്ക് അധികാരത്തിൽ മുന്നോക്കക്കാരനായ വി.പി. സിങ്ങിന്റെ മണ്ഡൽ കമ്മിഷനാണ്. ഇപ്പോൾ ചെറിയ ശതമാനം വരുന്ന മുന്നോക്കക്കാരന് അനർഹമായ പ്രാതിനിധ്യം നൽകി സാമൂഹിക നീതിയെ അട്ടിമറിക്കുകയാണ് സംഘപരിവാർ ചെയ്യുന്നത്. അതേ തെറ്റ് ഇവിടെയും ആവർത്തിക്കുന്നു. സാമ്പത്തിക സംവരണം തന്നെ സംവരണ തത്വങ്ങൾക്ക് വിരുദ്ധമാണ്. ഏറ്റവും ലളിതമായ ഒരു ചോദ്യം നാമവരോട് ചോദിക്കുക. സാമ്പത്തിക സംവരണം ആണ് കൊണ്ടു വരുന്നതെങ്കിൽ ആ സംവരണത്തിൽ എല്ലാവരും ഉൾപ്പെടേണ്ടേ? സാമ്പത്തികാവസ്ഥ ഒരു സ്ഥിര നിലയാണോ? സവർണനു മാത്രമായി ഒരു സവിശേഷ ദാരിദ്യമുണ്ടോ ? അങ്ങിനെ ചോദിച്ചാൽ അവർ പറയും നിങ്ങൾക്ക് മറ്റു സംവരണമില്ലേ?
അത് സാമ്പത്തികമല്ല, സാമൂഹിക നീതി ഉറപ്പാക്കാനാണ് എന്ന് നമുക്കൊരിക്കലും അവരെ ബോധ്യപ്പെടുത്താനാവില്ല. അവിടെ ഒരു തരം കട്ജു സോഫ്റ്റ് വെയറാണ് പ്രവർത്തിക്കുന്നത്.
ഈ സോഫ്റ്റ് വെയർ പൊതുവെ മുന്നോക്കക്കാരിൽ പലരിലുമുണ്ട്. അങ്ങിനെയല്ലാത്തവരെ, സാമൂഹിക പിന്നാക്കാവസ്ഥ മനസ്സിലാക്കിയവരെ സോഷ്യൽ മീഡിയയിൽ നമുക്ക് കാണാൻ പറ്റും. സണ്ണി എം. കപിക്കാടിന്റെ
ഹിറ്റായ വാക്യങ്ങൾ അവർ ഷെയർ ചെയ്യുന്നത് സ്വന്തം പ്രിവിലീജിനപ്പുറം ഒരു ജനതയോട് അവർ ഐക്യപ്പെടുന്നതു കൊണ്ടാണ്.
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള പല കാര്യങ്ങളിലും ധീരനായിരുന്നുവെങ്കിലും സംവരണത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത് കഴുതയെയും കുതിരയെയും ഒന്നിച്ചു കെട്ടുന്നതു പോലെ എന്നാണ്. ഇ.എം.എസിന് ആശാൻ ബ്രിട്ടീഷുകാരുടെ പാദസേവകനായിരുന്നു. അത്തരം ആഖ്യാനങ്ങളാണ് ഞാനും മുമ്പ് വിശ്വസിച്ചത്. ജീവിതപരിസരങ്ങൾ കൂടിയാണ് നമ്മുടെ കാഴ്ചപ്പാടുകളെ നിർണയിക്കുന്നത്. വള്ളത്തോളിന് ഭാരതത്തിന്റെ അടിമത്തം വലിയ വേദനയായി. പക്ഷേ ആശാനെ സംബന്ധിച്ച് ബ്രിട്ടീഷുകാരാണ് വഴി നടക്കാനുള്ള സ്വാതന്ത്ര്യം നൽകിയത്. തൊടാവുന്ന മനുഷ്യനായി കണ്ടത്.
തീണ്ടൊല്ല തൊടൊല്ലെന്നു
തങ്ങൾ തങ്ങളിൽ മൗഢ്യം പൂണ്ടാട്ടിയോടിക്കുന്ന ഘോഷമെന്നോളം നിൽക്കും അന്നോളം ശ്രവിക്കാനാ-
മാർഷധർമ്മത്തിൻ ഗാന -
മന്നോളം തിരിച്ചെത്താ-
ഭ്രഷ്ടർ നാം സ്വരാജ്യത്തിൽ
സ്വന്തം നാട്ടിൽ തീണ്ടാപ്പാടകലെ നിൽക്കേണ്ടിവരുന്ന ആർഷ ധർമ്മത്തെ ആശാന് ഉൾക്കൊള്ളാൻ കഴിയുമായിരുന്നോ?. ഇതുവെച്ച് വേണം ബ്രിട്ടീഷുകാരാണ് നമുക്ക് സന്യാസം തന്നത് എന്ന ഗുരുവാക്യം വായിക്കാൻ. സംഘപരിവാറിന്റെ , ബ്രാഹ്മണ്യത്തിന്റെ പ്രത്യയശാസ്ത്രത്തിൽ അവർണൻ സന്യാസം പോയിട്ട് അക്ഷരം പോലും പിക്കാൻ പാടില്ല.
ഇത്തരം മനോവൈകല്യം ഇന്നും പലരും വെച്ചു പുലർത്തുന്നുണ്ട്.
അവർക്ക് സ്വന്തം ജാതിക്കപ്പുറം മറ്റുള്ളവരുടെ ദൈന്യതകൾ കാണാൻ കഴിയില്ല. കണ്ടാൽ തന്നെ അത് ആ സമുദായത്തിന്റെ സ്വാഭാവികതയായി തോന്നുന്ന സോഫ്റ്റ് വെയറാണവർക്ക്. ചെരുപ്പുകുത്തിക്ക് തൊഴിലില്ലേ? തെങ്ങുകയറ്റം തൊഴിലല്ലേ എന്നിങ്ങനെ. സവർണന്റെ ദാരിദ്ര്യം അളക്കാനുള്ള മാനദണ്ഡം കോർപറേഷൻ പരിധിയിൽ 50 സെൻറും മറ്റിടങ്ങളിൽ 2 ഏക്കറുമാണല്ലോ എന്നു പാവം പിടിച്ച നിങ്ങൾ ചോദിച്ചു എന്നു വിചാരിക്കുക. ഭൂമിയെ വെറും കച്ചവട വസ്തുവായി കാണുന്ന നിങ്ങളുടെ മനോഭാവമാണ് മാറേണ്ടത് സഹോദരാ എന്നു വിശദീകരണം.
എന്ത് ഡാറ്റയുടെ അടിസ്ഥാനത്തിലാണ് മുന്നോക്കക്കാരിലെ പിന്നാക്കക്കാർക്ക് ഭീമമായ ശതമാനം സംവരണം നൽകിയത് എന്ന് ചോദിച്ചു പോയാലോ, അതിൽ വേണമെങ്കിൽ ചർച്ചയാവാം എന്ന് ഉദാരത കാണിക്കും. അവർക്കും നമ്മൾക്കുമറിയാം രായ്ക്കുരാമാനം ഇംപ്ലിമെൻ്റ് ചെയ്ത ഈ സവർണ പ്രീണനത്തിൽ ഇനി ഒന്നും ചെയ്യാനില്ലെന്ന്. പക്ഷേ ഇത്തരം അനീതികൾ ചൂണ്ടിക്കാട്ടുന്നവരെ വർഗീയവാദിയാക്കാൻ അവർക്ക് കഴിയും. അതാണിപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നത്.
അവസാനമായി നമ്മുടെ പൊതുബോധം രൂപപ്പെടുന്നതിൽ ചില ആഖ്യാനങ്ങൾക്ക് വലിയ പങ്കുണ്ട് എന്ന കാര്യം സൂചിപ്പിക്കട്ടെ. സംവരണം കൊണ്ടാണ് സവർണർ ദരിദ്രരായത് എന്നത് അത്തരത്തിലൊന്നാണ്. അഗ്രഹാരത്തിലെ സ്ത്രീകൾ അച്ചാറു വിറ്റു ജീവിക്കുന്നു എന്നത്, റേഷൻ കടയിൽ നമ്പൂതിരി ക്യൂ നിൽക്കേണ്ടി വരുന്നു എന്നത്, ഓട്ടോ ഓടിക്കേണ്ടി വരുന്നു എന്നത് നമ്മുടെ പൊതുബോധത്തിൽ വലിയ തെറ്റായി അടയാളപ്പെടുത്തുന്നു. പിന്നാക്ക സമുദായക്കാരാണ് അത്തരം തൊഴിൽ ചെയ്യാൻ ബാധ്യതപ്പെട്ടവർ എന്ന പൊതുബോധത്തിന് അവർ തന്നെ കീഴ്പ്പെടുന്നു. അതുകൊണ്ടാണ് ഒരു ഈഴവന് അഗ്രഹാരത്തിലെ പട്ടിണി വേദനാകരവും തന്റെ
ഇല്ലായ്മ സ്വാഭാവികവുമായി തോന്നുന്നത്. ഈ ആഖ്യാനങ്ങൾക്ക് യാഥാർഥ്യത്തിന്റെ ഒരു പിൻബലവുമുണ്ടാകാറില്ല.
കേരളത്തിൽ നടപ്പിലാക്കിയ ഭൂപരിഷ്കരണം മൂലം ഭൂരഹിതരായ ജന്മി/സവർണ്ണ കുടുംബത്തെ ആരെയെങ്കിലും നിങ്ങൾക്ക് കാണിച്ചു തരാൻ കഴിയുമോ? ഇല്ല. പ്രിയദർശന്റെയും മറ്റും സിനിമകളല്ലാതെ മറ്റെന്തെങ്കിലും പഠനങ്ങൾ വന്നിട്ടുണ്ടോ? ഈ ഒരു ശതമാനം പോലുമില്ലാത്ത ബ്രാഹ്മണസമൂഹത്തിന്റെ
ദയനീയ ചിത്രങ്ങൾക്കു പിന്നിൽ നിന്ന് യഥാർഥ നേട്ടം കൊയ്യുന്നതാരാണ്?
സർക്കാർ ഖജനാവിൽ നിന്നും ശമ്പളം നൽകുന്ന സർക്കാർ, ബോർഡ്, കമ്മീഷൻ, എയിഡഡ് കോളേജുകളിലെ ഉദ്യോഗസ്ഥരുടെ ജാതി തിരിച്ചുള്ള പ്രാതിനിധ്യ കണക്കു പുറത്തു വിടാൻ തയ്യാറുണ്ടോ എന്ന് നിങ്ങൾ വെല്ലു വിളിച്ചു നോക്ക്. മിണ്ടില്ല. ദളിതർ ഒരു ശതമാനം പോലുമുണ്ടാവില്ല എന്ന് ഞാൻ വെല്ലുവിളിക്കാം. അപ്പോൾ നമ്മൾ നേരത്തേ പറഞ്ഞ അധികാരത്തിന്റെ പല മേഖലകളിലുള്ള വാഹനങ്ങളിലെ സീറ്റുകൾ മുഴുവൻ കൈയടക്കി മിക്കവാറും ദുർബലമായി ഓടിക്കൊണ്ടിരിക്കുന്ന KSRTC ബസ്സിലെ പൊതു സീറ്റുകളിൽ കാൽ ഭാഗത്തോളം ദാരിദ്ര്യത്തെ അടിസ്ഥാനമാക്കി സവർണ്ണരിലെ പിന്നാക്കക്കാരെന്ന പുതിയ ഒരു വർഗത്തെ വിഭാവനം ചെയ്ത് അവിടെ പിടിച്ചിരുത്തിയിട്ട് അവർ ചോദിക്കുന്നു നിങ്ങൾക്ക് നഷ്ടമൊന്നും പറ്റിയില്ലല്ലോ എന്ന്. പിന്നാക്ക സമുദായങ്ങളേ നിങ്ങൾക്ക് പൊതു ഇടമില്ല എന്നാണ് അവർ പറഞ്ഞു കൊണ്ടിരിക്കുന്നു. ആ 'അവർ ' രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളെല്ലാം മറികടന്ന് ഒരൊറ്റ ശരീരമായി മാറിയിരിക്കുന്നു എന്നതാണ് സമകാല ദുരന്തം.
ഘോഷ് എസ്
14 Jun 2021, 04:22 PM
വളരെ നന്നായി വിശദീകരിച്ചു.ഇത് ശ്രദ്ധാപൂർവ്വം വായിക്കുന്ന ഏതൊരാൾക്കും സവർണ സംവരണത്തിൻ്റെ കരാള ഹസ്ഥങ്ങൾ ഇവിടുത്തെ ഈഴവ ദളിത വിശ്വകർമ സമൂഹത്തിനെ വിദ്യാഭ്യാസ രംഗത്ത് നിന്നും സർക്കാര് ഉദ്യോഗങ്ങളില് നിന്നും പാടേ ഒഴിവാക്കുക എന്ന സവർണ ഹിന്ദു ക്രിസ്റ്റ്യൻ ഗൂഢാലോചന വെളിവാകുന്നു.. കണ്ണടച്ച് തുറക്കുന്നതിന് മുമ്പ് തന്നെ ഈ Covid മഹാമാരിയിൽ പൊതുജനങ്ങൾ വിറങ്ങലിച്ച് നിൽക്കുന്ന വേളയിൽ വളരെ ബുദ്ധിപൂർവം സവർണ ഹിന്ദു ബ്യൂറോക്രസിയും സവർണ ഹിന്ദു ക്രിസ്ത്യൻ രാഷ്ട്രീയ നേതാക്കളും കൂടി കുതന്ത്രം മെനഞ്ഞു സവർണ സംവരണം നടപ്പാക്കി. പിണറായി, മോഡി തുടങ്ങിയ പിന്നോക്ക ദളിത് നേതാക്കളെ തന്നെ ഒരു മറ ആയി മുന്നിൽ നിർത്തിക്കൊണ്ട് ഇന്ത്യ യിലെ ഭൂരിപക്ഷം വരുന്ന ആദിവാസി ദളിത് പിന്നാക്ക ജനങ്ങളെ വീണ്ടും പഴയ ചാതുർവർണ്യ വ്യവസ്ഥ യിലേക്ക് കൊണ്ടുപോയി അടിമകൾ ആക്കുവാൻ ഉള്ള ഗൂടതന്ദ്രങ്ങൾ ഉണ്ടാക്കുന്ന പണിപ്പുരയിൽ ആണ് ഇവിടുത്തെ സവർണ ഹിന്ദുക്കൾ ആയ ഉയർന്ന ഉദ്യോഗസ്ഥരും സിപിഎം ബിജെപി ആർഎസ്എസ് കോൺഗ്രസ് ആർഎസ്പി സിപിഐ തുടങ്ങിയ രാഷ്ട്രീയ പാർട്ടികളിലെ സവർണ ഹിന്ദു നേതാക്കളും. Covid lockdown kaalam മുഴുവൻ ഈ സവർണ ഹിന്ദുക്കൾ വെറുതെ കിടന്നു സമയം കളയുക അല്ല .അവർ ഇവിടുത്തെ ,ഈഴവരെ,ദളിതരെ മുസ്ലിങ്ങളെ എങ്ങനെ പിടിപ്പിച്ച് ചൂഷണം ചെയ്യാൻ പറ്റും എന്ന ആലോചനയിൽ ആണ്... Covid മഹമാരിയെ അവർക്ക് വീണു കിട്ടിയ സുവർണ അവസരം ആയി കണ്ടുകൊണ്ട് പിന്നാക്ക ദളിത് പീഠനങ്ങൾക്ക് ഒരുക്കം നടത്തുക ആണ്.ഇനി ഏത് സമയവും ഒരു ഇടിത്തീ ആയി പിന്നോക്ക ,ദളിത് പീഠനത്തിനുള്ള കരിനിയമങ്ങൾ നടപ്പാക്കി കൊണ്ടേ ഇരിക്കും..മഹമാറിയിൽ കിടന്നു നട്ടം തിരിയുന്ന ഈഴവ ദളിത് ജനങ്ങൾ ഈ തീ വന്ന് തലയിൽ പതിക്കുന്ന സമയം മാത്രമേ ഇതിനെ കുറിച്ച് അറിയൂ .അപ്പോഴേക്കും ഒന്ന് ഞരങ്ങാനുള്ള ശേഷി പോലും കാണില്ല. സവർണ സംവരണം നടപ്പാക്കിയ അതേ രീതി.... ഇവിടുത്തെ പിന്നോക്ക ,ദളിത് ജനങ്ങൾ രാഷ്ട്രീയ പാർട്ടികൾ ക്കു അതീതമായി ജാതി ഉറക്കെ പറഞ്ഞുകൊണ്ട് തന്നെ സംഘടിച്ച് ശക്തരാകുവിൻ.. ഭൂരിപക്ഷം വരുന്ന പിന്നോക്ക ദളിത് വിഭാഗങ്ങൾ ജാതീയമായി സംഘടിച്ചാൽ മാത്രമേ നിങ്ങൾക്ക് അധികാരം കിട്ടുകയുള്ളൂ.. ഇന്ത്യ ഭരിക്കേണ്ടത് ജനസംഖ്യയിൽ വെറും 10% താഴെയുള്ള സവർണ ഹിന്ദുക്കൾ അല്ല എന്ന ബോധം ജനസംഖ്യയിൽ 80% വരുന്ന ഇവിടുത്തെ ഓരോ പിന്നോക്ക ആദിവാസി ദളിത് ജനങ്ങൾ തിരിച്ചറിയണം.. ജാതി പറഞ്ഞ് സംഘടിക്കുക മാത്രം ആണ് അതിനുള്ള പോംവഴി..
Adv P R Suresh
14 Apr 2021, 01:29 PM
മെറിറ്റ് -സംവരണം - ദാരിദ്ര്യം എന്നിവയെ സമന്വയിപ്പിച്ചു ഒരു ഗുളിക രൂപത്തിൽ സംവരണീയരെ പറഞ്ഞു ബോധ്യപ്പെടുത്താൻ കഴിയാത്തിടത്തോളം , ഇത് പരിഹരിക്കുന്നത് valare ദുഷ്കരമാണ്
സി.വി.എസ്
3 Nov 2020, 08:00 AM
സാമ്പത്തിക സംവരണം നടപ്പിലാക്കിക്കൊണ്ട് ജനാധിപത്യ അവകാശം നിലനിർത്തുമ്പോൾ, ദലിത്-പിന്നോക്ക ജനതയ്ക്കൊപ്പം, മുന്നോക്കക്കാരിലെ സാമ്പത്തിക ദുരിതം അനുഭവിക്കുന്ന "അരി ആഹാരം " കഴിക്കുന്ന ഏതൊരുവനും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, "എന്തുകൊണ്ട് എയ്ഡഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടാൻ താല്പര്യം കാണിക്കുന്നില്ല." അവിടെ വേണ്ടേ ഈ "ജനാധിപത്യ ലോകം".
Pradeep Koonath
2 Nov 2020, 06:41 PM
സാമൂഹികമായ പിന്നോക്കാവസ്ഥയിൽ നിന്നും ഒബിസി വിഭാഗങ്ങളിലെ ഈഴവർ, മുസ്ലീം, സംവരണ കൃസ്ത്യൻ തുടങ്ങിയവർ രക്ഷപ്പെട്ടു കഴിഞ്ഞു. ആയതിനാൽ ഈ വിഭാഗങ്ങൾക്കുള്ള സംവരണ o എടുത്തു കളയേണ്ടതാണ്. സാമ്പത്തിക സംവരണം ഒരിക്കലും ഒരിടത്തും ഏർപ്പെടുത്തരുത്. കേരളമടക്കം ഇന്ത്യയിലെ വലിയ നാഷണൽ അക്രഡിറ്റേഷൻ ഗ്രേഡുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രൊഫഷണൽ കോളേജ്കളിലും പിന്നോക്ക അവസ്ഥയിൽ കിടക്കുന്ന ഗ്രാമീണ സ്കൂളുകളിൽ പഠിച്ച വിദ്യാർത്ഥികൾക്ക് ഒരു നിശ്ചിത ശതമാനം സംവരണം നൽകണം. ഗ്രാമങ്ങളിലെ വില്ലേജ് ഓഫീസ്, പഞ്ചായത്ത് ഓഫീസ്, കൃഷി ഓഫിസ്, മൃഗാശുപത്രി, പോലീസ് സ്റ്റേഷൻ എന്നിവടങ്ങളിൽ തദ്യേശവാസികളിൽ നിന്നും അല്ലെങ്കിൽ താലൂക്കിൽ നിന്നും ക്വാളിഫൈഡ് ആയ ഒരാളെ PSC തിരഞ്ഞെടുത്ത് വെക്കേണ്ടതാണ്.
Lakshmi
2 Nov 2020, 02:01 PM
Nice 👍
M.G.Chandran.
2 Nov 2020, 01:31 PM
ഓരോരുത്തർക്കും ഓരോ നൃായങ്ങളും യുക്തിയും ഉണ്ടാകും.മറ്റുയാതൊരു പണിയും ചെയ്യില്ല സാമൂഹൃസേവനം മാത്രമാണ് (60 കഴിഞ്ഞാലു വേണ്ടില്ല മരിക്കും വരേയും അവർക്കും ശേഷം അവരുടെ മക്കൾക്കായിരിക്കണം സേവനം) എന്നു വൃതമെടുത്തിരിക്കുന്നവരോട് ഒരപേക്ഷ മാത്രം സർവ്വ രേഖകളിൽ നിന്നും ജാതിയും മതവും എടുത്തു കളയാമോ. മറ്റൊന്ന് ഒരുതിരഞ്ഞെടുപ്പിൽ ഒരു പ്രതിനിധി ഏതു പാർട്ടിയെയാണോ മുന്നണിയെയാണോ പ്രധിനിധീകരിച്ചതും ജനങ്ങൾ തിരഞ്ഞെടുത്തതും അവർ നിർദ്ദിഷ്ട കാലാവധി കഴിയുംവരെ ആ മുന്നണിയിൽ നിന്നും കാലുമാറാൻ പാടില്ല എന്നീ നിയമങ്ങൾ നടപ്പിലാക്കാൻ തയ്യാറാണോ അടിസ്ഥാനപ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരമാകും.
Geevarghese Idicheria Kizhakkekara
1 Nov 2020, 07:29 PM
ഫ്രം ഗീവർഗീസ് ഡെസ്ക് ..... ജാതിയടിസ്ഥാനത്തിലുള്ളസംവരണത്തെപ്പറ്റിയുള്ള ചർച്ചയിൽ ഒരു സുഹൃത്ത് എഴുതുന്നു, നല്ല വസ്ത്രം ധരിക്കരുത്, ചെരിപ്പിടരുത്, മീശ വെക്കരുത്, എന്തിനേറെ സ്ത്രീകളുടെ മാറിടത്തിന്റെ വലുപ്പം നോക്കി പോലും കരം പിരിച്ചിരുന്നത് ചൂഷണമല്ലേ. ഏതാണ്ട് 2000 വർഷത്തോളം സമൂഹത്തെ ചൂഷണം ചെയ്തവർ പറയുന്നു അവശ ജനവിഭാഗം പുരോഗതി പ്രാപിച്ചു കഴിഞ്ഞു എന്ന്. അതും വെറും 70 വർഷം കൊണ്ട്. സ്വയം നന്നാകുക. മനുഷ്യരെ മനുഷ്യരായി കാണാൻ ശ്രമിക്കുക. അവശവിഭാഗങ്ങളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കുക. മനസ്ഥിതി മാറ്റുക. എല്ലാ ജോലിയും ചെയ്യുക. മേലനങ്ങി പണിയെടുക്കുക. ഇത്രയും കാര്യങ്ങൾ ചെയ്താൽ രാജ്യം രക്ഷപ്പെടും. .......... ഇവിടെ അദ്ദേഹം ഇങ്ങനെ എഴുതിയതിൽ കാര്യമില്ലാതില്ല. എങ്കിലും ഈ എഴുതിയതൊക്കെ ഇവിടുത്തെ പഴയ ചരിത്രങ്ങളിൽ മറഞ്ഞ കാര്യങ്ങൾ ആണ്. രാജഭരണം അല്ലല്ലോ ഇപ്പോൾ. നാം ഇന്ന് ജീവിക്കുമ്പോൾ ഇന്നത്തെ കാലത്ത് ചെയ്യേണ്ടത് എന്ത് എന്നതിനെപ്പറ്റി ചിന്തിക്കാം. പഴയ തലമുറയിൽ ആരെങ്കിലും ചെയ്ത അതിക്രമങ്ങൾക്ക് ഇന്നത്തെ അവരുടെ പിന്തലമുറ എങ്ങനെ ഉത്തരം പറയും? ഉത്തരേന്ത്യയിൽ സംഭവിക്കുന്നതിന് കേരളീയർ എന്തു പറയാൻ? അവിടം ശുചിയാക്കേണ്ടത് അവിടുത്തുകാരും അവിടുത്തെ സർക്കാരും അവിടെ അധികാരമുള്ള കേന്ദ്ര സർക്കാരും ചേർന്നാണ്. പിന്നെ എത്രയോ ജീവന്റെ വില നല്കിയശേഷമാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത്? കഷ്ടപ്പെട്ടത് മുൻതലമുറയും , പക്ഷെ ആ സ്വാതന്ത്ര്യത്തിന്റെ മധുരം അനുഭവിക്കുന്നത് നമ്മളും. അതുപോലെ ചൂഷണം ചെയ്യപ്പെടുന്ന വിഭാഗത്തിൽ ഉള്ളവർ ഉണർന്നിരുന്നാൽ, അവരെ നയിക്കാൻ ശരിയായ നേതാക്കൾ ഉണ്ടായാൽ ചൂഷണങ്ങൾ നിൽക്കും. കേരളത്തിൽ നാമത് കണ്ടതല്ലേ? അതിന് ആളില്ലെങ്കിൽ അവർ ജനിക്കുംവരെ കാത്തിരിക്കുകയേ നിവൃത്തിയുള്ളൂ. രക്തം ചൊരിയാതെ വിമോചനമില്ല എന്നൊരു ബൈബിൾ വാക്യം ഉണ്ട്. ഏത് വ്യവസ്ഥിതി മാറ്റാനും ചൂഷണം നിർത്താനും മനുഷ്യരക്തം ചൊരിയപ്പെടുന്നതായി നാം ചരിത്രത്തിൽ ഉടനീളം കാണുന്നുണ്ട്. അവരെ നാം രക്തസാക്ഷികളെന്ന ഓമനപ്പേർ നൽകി വിളിക്കാറുമുണ്ട്. നമ്മുടെ ഇവിടുത്തെ വിഷയം ഉന്നതവിദ്യാഭ്യാസത്തിലും ജോലിയിലും പ്രൊമോഷനിലും reservation തുടരണോ എന്നതാണ്. Reservation കൊണ്ട് കഴിഞ്ഞ 70 വർഷമായി നേടാൻ പറ്റാത്ത സമത്വവും ഉന്നതിയും അടുത്ത് 1000 വർഷങ്ങൾ തുടർന്നാലും ഉണ്ടാകില്ല. കാരണം സാമൂഹ്യനൂലിഴകൾ ചേർത്തിണക്കിയതിലെ പിഴവുകൾ ആണ് , അതിന് കാരണം. അത് മാറണമെങ്കിൽ സാമൂഹ്യനവോത്ഥാനം ഉണ്ടാകണം. അതുണ്ടാകണമെങ്കിൽ ഇവിടെ മുമ്പ് പറഞ്ഞതുപോലെ സ്വാർത്ഥത വെടിഞ്ഞു ജീവൻ അതിനുവേണ്ടി ഉഴിഞ്ഞു വെയ്ക്കാൻ തയ്യാറായ നേതാക്കൾ ചൂഷണം അനുഭവിക്കുന്നവരിൽ നിന്ന് ഉയർന്നു വരണം. ഒന്നോർക്കുക, ഏത് ദുഷ്ടനും തന്റെ ദുഷ്ടതയിൽ കാലുകൾ തെന്നി ഗർത്തത്തിലേക്ക് വീഴുന്നൊരു ദിവസം ഉണ്ട് . ഇനിയും ഒന്നു ചോദിക്കട്ടെ , Reservation ന്റെ സംരക്ഷണയിൽ ഉന്നതപഠനവും ഉന്നതജോലിയും ഉന്നതസ്ഥാനങ്ങളിലേക്ക് ജോലിക്കയറ്റവും ഉയർന്ന ശമ്പളവും കിട്ടിയ വ്യക്തികൾ, സർക്കാരിൽ IAS, IPS, Class 1 Officer പദവികൾ ഒക്കെ വഹിച്ച സംവരണമേഖലയിലെ ആളുകൾ, അവർ തങ്ങളുടെ മക്കളെ ഉന്നതനിലയിൽ എത്തിച്ചിട്ടും, നല്ല ശമ്പളം ജീവിതകാലം മുഴുവൻ വാങ്ങി മിച്ചം വെയ്ക്കുകയും മുന്നോക്കക്കാർ എന്നു പറയപ്പെടുന്നവർ നേടിയതിനേക്കാൾ വളരെയധികം ജീവിതത്തിൽ നേടുകയും എല്ലാ സുഖസൗകര്യങ്ങളും അനുഭവിക്കുകയും ഉയർന്ന പെൻഷൻ വാങ്ങി ജീവിക്കുകയും ചെയ്തിട്ടും, വീണ്ടും അവരുടെ പിന്തലമുറക്ക് എല്ലാ സംവരണാനുകൂല്യങ്ങളും വേണമെന്നു ശഠിക്കുന്നത് ശരിയാണോ? അവർ പല മുന്നോക്ക വിഭാഗങ്ങളെക്കാളും എത്രയോ ഉയരങ്ങളിൽ എത്തി. അതേസമയം കഴിഞ്ഞ 70 വർഷങ്ങളിൽ പിന്നോക്കം പോയ മുന്നോക്കകാരിലെ ദരിദ്രരും അത്താഴപ്പട്ടിണിക്കാരും അശരണരുമായവർക്കു വേണ്ടി അവർ സംവരണാനുകൂല്യങ്ങഉൾ വേണ്ടെന്നു വെയ്ക്കാൻ മടിക്കുന്നത് എന്തുകൊണ്ടാണ്? അത് വെറും സ്വാർത്ഥതയല്ലേ? അതിനു തയ്യാറാകാതെ അത് എന്നും തങ്ങളുടെ ജന്മവകാശം എന്നു പറയുന്നതിൽ കഴമ്പില്ല. എന്നാൽ ഞാൻ അടിവരയിട്ടു പറയുന്നു, സാമ്പത്തികസംവരണം വന്നാൽ ജാതിയും മതവും നോക്കാതെ സമൂഹത്തിൽ താഴേക്കിടയിൽ ഉള്ള ഏതു ജാതിയിൽ പെട്ടവർക്കും മതത്തിൽ പെട്ടവർക്കും അതിന്റെ ആനുകൂല്യം ലഭിക്കും. അതിലൂടെ ഇന്ന് സംവരണം അനുഭവിക്കുന്ന വിഭാഗങ്ങളിൽ പിന്തള്ളപ്പെട്ടവർക്കും അവരോടൊപ്പം മുന്നോക്കകാരിലെ പിന്നോക്കക്കാർക്കും സമത്വവും സമത്വാവകാശം സാമൂഹ്യതുല്യതയും ഉണ്ടാകും. അങ്ങനെ മനുഷ്യർ തുല്യത നേടുന്നതാണ് ഇനിയുള്ള കാലത്തിന് ആവശ്യം. അല്ലാതെ, പഴയ കഷ്ടപ്പാടുകളും അടിച്ചമർത്തലുകളും ജീവിതപുരാണങ്ങളും ഒക്കെ അയവിറക്കി ഇന്നത്തെ അർഹതപ്പെട്ട മറ്റു വിഭാഗക്കാരെ മാറ്റി നിർത്തുന്നതിലല്ല. അതല്ലേ കൂടുതൽ അഭികാമ്യവും. അതേ. അതാണ് ഇന്നിന്റെ സാമൂഹ്യനീതി ആവശ്യപ്പെടുന്നത്. അതിനു വേണ്ടിയാണ് എല്ലാ വിഭാഗം ജനങ്ങളും ശബ്ദമുയർത്തേണ്ടതും പ്രവർത്തിക്കേണ്ടതും എന്നു ഞാൻ കരുതുന്നു. *** ഗീവർഗീസ്
Sajeev P
1 Nov 2020, 04:55 PM
Some here is asking that for so many years there had been reservation and why still exploited class peoples are struggling for such ignorants better ask their own community which claims itself to be uppercastes that total population of yours brahmins is just 5%and theirs slaves so called uppercaste are just 22% combined only 27% and enjoys 60% earlier now again begged and gotv10% etc. Reservation but Backwards community and dalits ccombinedlly contributes 62% of total population are getting only 45% reservations and that too in some institutions they are nil in counts... Some figures here for cur pretending to be sleeping or I ignorants. 80% Judges in this country is uppercaste out if that 60% is brahmins Out of 500 Vice Chancellors of Universities 489 is brahmins and Uppercaste 70% of bureaucrats IAS, IFS, IRS, IPS etc are brahmins and uppercaste even Interviewing team selection team all are Uppercaste even majority Coaching classes are owned and runned by Upper castes and consequences are Paper leaking and nepotism and promoting theur own community men on priority or special treatment preference for brahmins and uppercaste this is tesult why majority appointed is from upper caste it is not at all merit but favourism 70%of Political leaders are Upper caste 80%high ranking Defense officers are Uppercaste out of that 60% is Brahmins And most important Public voice institutions of this Nation i.e.Print and electronic media in National level it is 95% Brahmins and 60% in state level owned by brahmins slaves community upper caste in Kerala Brahmins scavengers ir earlier untouchables now boasting to be upper caste the Nairs and Suriyani christians 60% high ranking Police officers are Uppercaste. 12% is Nair count in Kerala but 45% of State Government jobs are under their community means they are appointed not on merit but promoted and on nepotism and backdoor appointments
Athira. K
1 Nov 2020, 01:21 PM
സംവരണ വിഷയങ്ങളിൽ മറുപടി പറയാൻ ഉണ്ടെങ്കിലും ആധികാരികത ഇല്ല എന്ന പ്രശ്നത്തെയാണ് ഈ ലേഖനത്തിലൂടെ ഞാൻ മറികടന്നത്
ഡോ. ടി.എസ്. ശ്യാംകുമാര്‍
Mar 24, 2023
3 Minutes Read
കെ.കെ. ബാബുരാജ്
Mar 22, 2023
5 Minutes Read
ഡോ. രാജേഷ് കോമത്ത്
Mar 06, 2023
5 Minutes Read
ഡോ. കെ. എസ്. മാധവന്‍
Feb 20, 2023
5 Minutes Read
പ്രഭാഹരൻ കെ. മൂന്നാർ
Feb 08, 2023
5 Minutes Read
ഡോ. ടി.എസ്. ശ്യാംകുമാര്‍
Feb 04, 2023
3 Minutes Read
എം. കുഞ്ഞാമൻ
Jan 26, 2023
10 Minutes Read
വിനോദ്
5 Nov 2021, 01:26 AM
103 ആം ഭരണഘടനാ ഭേതഗതിയുടെ ഗസ്സറ്റ് നോട്ടിഫിക്കേഷൻ എടുത്തൊന്നു വായിച്ചു നോക്കിയാൽ 50% ന്റെ 10% എന്ന തെറ്റായ ധാരണ മാറ്റുവാൻ കഴിയും.