ചിന്താവിഷ്ടനായ ആശാൻ

ദുരവസ്ഥയിൽ കുമാരനാശാൻ നടത്തിയ ക്രൂര മുഹമ്മദീയർ എന്ന പ്രയോഗം കൈത്തെറ്റാവാനുള്ള സാധ്യത കുറവാണ് എന്ന് ആശാൻ തന്നെ എഴുതിയ ലേഖനങ്ങളെ മുൻനിർത്തി പറയുകയാണ് എഴുത്തുകാരനായ ഉണ്ണി. ആർ. വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും മലബാർ കലാപവും കേരളത്തിന്റെ സാംസ്കാരിക അന്തരീക്ഷത്തിൽ വീണ്ടും ചർച്ചയായ അവസരത്തിൽ ആശാന്റെ എഴുത്തു രാഷ്ട്രീയം വീണ്ടും വിമർശന വിധേയമാവുകയാണ്

ലയാള മാസം 1097 ചിങ്ങത്തിലാണ് കുമാരനാശാന്റെ ഭാഷയിൽ പറഞ്ഞാൽ, തെക്കെമലയാം ജില്ലയിൽ മാപ്പിള ലഹള ആരംഭിക്കുന്നത്. 1097-ഇടവത്തിലാണ് കുമാരനാശാൻ ദുരവസ്ഥ എന്ന കൃതി എഴുതിത്തുടങ്ങുന്നത്. ഒരു വർഷം കഴിഞ്ഞപ്പോൾ അദ്ദേഹമത് പൂർത്തിയാക്കുകയും ചെയ്തു. ദുരവസ്ഥയിലെ ക്രൂര മുഹമ്മദീയർ എന്ന പ്രയോഗവും അതുമായി ബന്ധപ്പെട്ട ചർച്ചകളും നടക്കുന്ന ഈ സാഹചര്യത്തിൽ, ആശാന്റെ ഈ പ്രയോഗം വസ്തുതകൾ നേരാംവണ്ണം അറിയാൻ കഴിയാത്തതിന്റെ ഫലമായി ഉണ്ടായ കേവലമൊരു കൈത്തെറ്റായി കാണേണ്ടതുണ്ടോ? അതോ മുൻകാലങ്ങളിൽ അദ്ദേഹം വിവേകോദയത്തിൽ എഴുതിയ ലേഖനങ്ങളുടെ തുടർച്ചയായി ഈ "തെറ്റ്' സംഭവിച്ചതായി കാണാൻ കഴിയില്ലേ? ഈ വിഷയത്തിൽ വിവേകോദയത്തിലെ ലേഖനങ്ങൾ ഇവിടെ പകർത്തുകയാണ്. ഒരുത്തരത്തിലേക്ക് അവസാനിക്കുക എന്ന ഇടുങ്ങിയ തോന്നലിലല്ല, കുറച്ചു കൂടി തുറന്ന ഒരു കാഴ്ചയ്ക്ക് അത് സഹായകരമായേക്കും എന്ന വിശ്വാസത്തിലൂന്നുക മാത്രമാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം.

1936-ൽ തിരുവിതാംകൂറിൽ ഭരണകൂടം തന്നെ സാമ്പത്തിക സഹായം നൽകി ഹിന്ദുമഹാസഭയെ വളർത്തുകയും അവരുടെ പരിശ്രമത്താൽ എൺപതിനായിരത്തോളം മതം മാറിയ കീഴ്ജാതിക്കാരെ തിരികെ എത്തിച്ചതിൽ തിരുവിതാംകൂർ ഭരണം അഭിമാനം കൊള്ളുകയും ചെയ്തു. അന്ന് അതിന് ഘർവാപസി എന്ന പേരില്ലായിരുന്നു എന്നു മാത്രം.

ഒന്ന്:സമുദായത്തിന്റെ എല്ലാവിധ ശ്രേയസ്സുകൾക്കും അസ്ഥിഭാരം മതമാകുന്നു. മതത്തിന്റെ സഹായം കൂടാതെ ലോകത്ത് ഒരു ജനസമുദായവും ഔന്നത്യത്തെ പ്രാപിച്ചിട്ടില്ല. അതിനാൽ സമുദായ പരിഷ്‌ക്കാര വിഷയത്തിൽ സർവോപരി പ്രാധാന്യം കല്പിക്കേണ്ടത് മതത്തിനാകുന്നു. അതിലും വിശേഷിച്ച് ഹിന്ദുക്കളുടെ ഇടയിൽ സാമുദായികമായി ചെയ്യപ്പെടുന്ന ഏതു പരിഷ്‌കാരശ്രമത്തിന്റേയും സാഫല്യത്തിന് മതം തീരെ ഒഴിച്ചുകൂടാത്തതാകുന്നു."ഇന്ത്യയെ ഉയർത്തണമെങ്കിൽ മതമാകുന്ന അതിന്റെ കൈപിടിയിൽ തൂക്കിയിട്ടുതന്നെ വേണം' എന്നു വിശ്വവിഖ്യാതനായ വിവേകാനന്ദ സ്വാമികൾ അഭിപ്രായപ്പെട്ടിട്ടുള്ളത്. ഹിന്ദുക്കൾക്ക് അഭിമാന ഹേതുകമായി വല്ലതും ശേഷിച്ചിട്ടുണ്ടങ്കിൽ അത് അവരുടെ പ്രാചീനവും പരിശുദ്ധവുമായ മതം ഒന്നു മാത്രമാകുന്നു. എന്നാൽ ഇത്ര വിശിഷ്ടമായ ഒരു മതത്തെ അവലംബിച്ചിരിക്കുന്ന ഹിന്ദുക്കളിൽ ഭൂരിപക്ഷത്തിന്റേയും അവസ്ഥ സാമാന്യമായിട്ടെങ്കിലും ജ്ഞാനം സമ്പാദിച്ചവർ ഇവരിൽ എത്ര പേരുണ്ടായിരിക്കും? ഇവരിൽ എത്രപേർ മതാചാരങ്ങളെ നിയമേന അനുഷ്ഠിച്ച് വരുന്നു വരായി കാണപ്പെടുന്നുണ്ട്? (ആശാൻ തുടരുന്നു) ഇപ്പോൾ ചെങ്ങന്നൂർ മുതലായ വടക്കൻ താലൂക്കുകളിലുള്ള ക്രിസ്ത്യാനി സംഘക്കാരിൽ പലരും അഭൂതപൂർവ്വമായ ഉത്സാഹത്തോടുകൂടി പ്രസംഗങ്ങൾ, പ്രാർത്ഥനകൾ, നൃത്തങ്ങൾ മുതലായവ നടത്തി വരികയാകുന്നു. ഇവയിലെല്ലാം അവിടത്തെ സ്വജനങ്ങളിൽ സ്ത്രീ പുരുഷന്മാർ ആ ബാലവൃദ്ധം സംബന്ധിച്ച് വരുന്നതായും ചില മാന്യ കുടുംബക്കാർ തങ്ങളുടെ വീടുകളിൽ തന്നെ ക്രിസ്തുമത പ്രാസംഗികന്മാരെ വരുത്തി പ്രസംഗം മുതലായവ നടത്തിച്ചു വരുന്നതായും അതിന്റെ ഫലമായി നമ്മുടെ പാവപ്പെട്ട സഹോദരങ്ങളിൽ പലരും മതപരിവർത്തനം ചെയ് വാൻ നിശ്ചയിച്ചിരിക്കുന്നതായും അറിഞ്ഞപ്പോൾ ഞങ്ങൾക്കുണ്ടായ വ്യസനം എത്രമാത്രമാണന്ന് പറഞ്ഞറിയിക്കുവാൻ പ്രയാസം. ഇതിന് ഒരുപശമം ഉണ്ടാക്കണമെന്ന് കരുതി ഞങ്ങൾ വിവരം ഹിന്ദുമത പ്രാസംഗികനായ കരുവാ കൃഷ്ണനാശാൻ അവർകളെ തെര്യപ്പെടുത്തി. അതനുസരിച്ച് അദ്ദേഹം ചെങ്ങന്നൂർ എത്തി മുറയ്ക്ക് പ്രസംഗങ്ങൾ നടത്തിവരികയാകുന്നു.
- മതപ്രസംഗം ,വിവേകോദയം, 1083 തുലാം

രണ്ട്:( ...) ഏതായാലും നമ്മുടെ മതത്തെപ്പറ്റി വിവരമായ അറിവുണ്ടെങ്കിൽ ഒരുത്തനും മതം മാറാൻ ധൈര്യപ്പെടുകയില്ലന്നുള്ളത് നിശ്ചയമാണ്. വിദ്വാന്മാർക്കും അവിദ്വാന്മാർക്കും ധനവാന്മാർക്കും ദരിദ്രന്മാർക്കും സുഖികൾക്കും ദുഃഖികൾക്കും ഒരുപോലെ ആശ്വാസത്തേയും ആശയേയും ജനിപ്പിക്കത്തക്കവണ്ണം സർവ്വതോമുഖമായ വ്യാപ്തിയും മാഹാത്മ്യവും ഉള്ള മതം ഹിന്ദുമതത്തെപ്പോലെ മറ്റൊന്നും ലോകത്തിലില്ലന്നുള്ളത് അറിഞ്ഞവരെല്ലാം സമ്മതിച്ചിട്ടുള്ളതാകുന്നു. അതുകൊണ്ട് സമുദായരക്ഷയെ ഉദ്ദേശിച്ച് മതതത്വത്തെ ജനങ്ങൾക്ക് ബോധ്യപ്പെടുത്തേണ്ടത് അത്യാവശ്യമാകുന്നു.(ആശാൻ തുടരുന്നു) ഇതിൽ ഞങ്ങൾക്ക് തോന്നുന്നത് മൂന്ന് ഉപായങ്ങളാണ്. (1) സമുദായ സ്‌നേഹികളായ ധനവാന്മാർ യോഗ്യതയുള്ള മത പ്രാസംഗികന്മാരെ പ്രത്യേകം സഹായിക്കുക (2) ക്ഷേത്രങ്ങളിലെ വരവുകളിൽ മതബോധത്തെ വർദ്ധിപ്പിക്കുന്നതിനായി ഗണ്യമായ ഒരംശം ചെലവ് ചെയ്ത് അതിനു വേണ്ട ഏർപ്പാടുകൾ ചെയ്യുക (3) സമുദായ സ്‌നേഹമുള്ള വിദ്വാന്മാർ പ്രതിഫലത്തെ അപേക്ഷിക്കാതെ ഈ വിഷയത്തിൽ കഴിയുന്നത്ര സ്വയമേവ യത്‌നിക്കുക ഇവയാകുന്നു.
- നമ്മുടെ മത സംബന്ധമായ ചുമതല ,വിവേകോദയം ,1084 മകരം

മൂന്ന് :(....) തൊട്ടുകൂടാ, തീണ്ടിക്കൂടാ, വെടിപ്പായും സുഖമായും സഞ്ചരിച്ചുകൂടാ, പഠിച്ചുകൂടാ, ധനവും അറിവും സമ്പാദിച്ചുകൂടാ, ഈ വക ശാഠ്യങ്ങളാൽ സാധുക്കൾ പൊറുതിമുട്ടി ഏതു കക്ഷിയിൽ ചേർന്നു നടന്നാൽ ഇതെല്ലാം ചെയ്കയും മനുഷ്യരെപ്പോലെ ജീവിക്കുകയും ചെയ്യാമോ ആ കക്ഷികളിലേക്ക് സ്വാഭാവികമായി ഒഴുകിക്കൊണ്ടു പോകുന്നു. ഇതിനാണ് ഇവിടെ മതം മാറ്റം എന്നു പറയുന്നത്. അല്ലാതെ ബുദ്ധിപൂർവ്വമായി വിശ്വാസം മാറ്റുന്നതിനല്ല. ഇത്തരം ഒരു മതം മാറ്റം പൂഞ്ഞാറ്റിടവകയുടെ കീഴിലുള്ള ഈഴവരുടെ ഇടയിൽ ഉണ്ടാവാൻ പോകുന്നതായറിയുന്നതിൽ ഞങ്ങൾ വ്യസനിക്കുന്നു. (ആശാൻ തുടരുന്നു) തങ്ങളുടെ ഉത്തമമായ മതത്തേയും നല്ല സമുദായത്തേയും വെടിഞ്ഞു പോകുന്നത് ക്ഷമാപൂർവ്വം വളരെ ആലോചിച്ച് വേണ്ടതാണന്ന് ആ മാനസാന്തരപ്പെടുന്ന ഈഴവ സഹോദരങ്ങളോട് ഉപദേശിച്ച് കൊള്ളുകയും ചെയ്യുന്നു.
_ മതംമാറ്റം, വിവേകോദയം ,1087 മിഥുനം ,കർക്കടകം

നാല്: ഹിന്ദുക്കൾ സംഖ്യയിൽ ശീഘമായി കുറഞ്ഞുകൊണ്ടു വരുന്നു എന്നും ഏതാനും ശതവർഷങ്ങൾക്കുള്ളിൽ ഭൂലോകത്ത് അവരില്ലാതായിത്തീരുമെന്നും ഈ ദയനീയമായ അവസ്ഥയെ തടുപ്പാൻ ഒരു റോയൽ കമ്മീഷൻ ഏർപ്പെടുത്തി അന്വേഷിച്ച് വേണ്ടത് ഉടനേ ഇന്ത്യാഗവൺമെന്റിൽ നിന്നു ചെയ്യേണ്ടതാണന്നും മറ്റും പ്രസ്താവിച്ചുകൊണ്ട് ബാലകൃഷ്ണ എന്ന ഒരു പ്രൊഫസർ പഞ്ചാബിൽ നിന്നു പുറപ്പെടുന്ന "വേദിക് മാഗസിൻ ' എന്ന മാസികയുടെ ഒക്ടോബർ ലക്കത്തിൽ പരിതാപകരമായ ഒരു ലേഖനം എഴുതിയിരിക്കുന്നു. ഇദ്ദേഹം ഹിന്ദുക്കളെ ആസന്നമരണമായ ഒരു സമുദായം (A dying race) എന്നാണ് വിളിക്കുന്നത്. ക്രിസ്തുമതത്തിന്റെ അതി ശക്തിയോടു കൂടിയ തള്ളിക്കയറ്റത്തെയാണ് ഈ പ്രൊഫസർ ഭയപ്പെടുന്നതെന്ന് ലേഖനം കൊണ്ടറിയാം. മദ്രാസ് സംസ്ഥാനത്തിൽ ഇതിന്റെ ശക്തി കുറവെന്നാണ് അദ്ദേഹം മനസ്സിലാക്കിയിരിക്കുന്നതെന്ന് തോന്നുന്നു. പഞ്ചാബിൽ മുസൽമാൻ മതത്തിലാണ് അധികം ഹിന്ദുക്കൾ ചെന്നു ചേരുന്നത്. (ആശാൻ തുടരുന്നു) മദ്രാസ് സംസ്ഥാനത്തെ ഹിന്ദുക്കൾ തീരെ നശിപ്പാൻ ആയിരത്തിൽ ചില്വാനം വർഷം വേണമെന്ന് പ്രൊഫസർ കണക്കാക്കിയത് മലയാളം മുതലായ രാജ്യങ്ങളിലെ കഥയെ പ്രത്യേകം എടുത്ത് നോക്കാഞ്ഞിട്ടായിരിക്കുമെന്ന് തോന്നുന്നു.
- മതംമാറ്റം 2, വിവേകോദയം 1092 ,മകരം ,കുംഭം

(ആശാൻ തുടരുന്നു) ഏതായാലും മതബോധത്തെ പ്രചാരപ്പെടുത്താൻ വേണ്ടതു വേഗത്തിൽ പ്രവർത്തിക്കേണ്ടതാകുന്നു. അല്ലാത്തപക്ഷം സായ്പിന്റെ കീഴിൽ പഠിച്ചത് അവരുടെ സ്‌നേഹവും അടുപ്പവും കൊണ്ട് ബന്ധുമിത്രാദികളും അവരെ കണ്ടു പഠിച്ചിട്ടു മറ്റു പലരും ഇങ്ങനെയൊക്കെ ആയി ക്രമേണ മിക്കവാറും പേർ ക്രിസ്ത്യാനികളായിത്തീർന്നു സമുദായത്തിന് ഇപ്പോഴുള്ള ഘനം വേഗത്തിൽ കുറഞ്ഞു പോകുമെന്നുള്ളത് നിശ്ചയമാകുന്നു.

അഞ്ച്:(...) ഈഴവർ ബുദ്ധമതക്കാരാകണം, ആര്യസമാജക്കാരാകണം, ബ്രഹ്മ സമാജക്കാരാകണം, ക്രിസ്തുമതത്തിൽ ചേരണം എന്നൊക്കെ ഓരോ യോഗ്യന്മാർ അവരവരുടെ യുക്തിക്കും ജ്ഞാനത്തിനും സാമുദായികാഭിമാനത്തിനും അനുഗുണമായി അഭിപ്രായങ്ങൾ പുറപ്പെടുവിക്കുകയും ചുരുക്കം ചിലർ തങ്ങളുടെ അഭിപ്രായങ്ങളിൽ വാശിയോടെ പിടിച്ച് നിൽക്കുകയും ചെയ്യുന്നുണ്ട്. ക്രിസ്ത്യാനികളുടേയും മുഹമ്മദീയരുടേയും പ്രാതിനിദ്ധ്യം വഹിക്കുന്ന ചില്പത്രങ്ങൾ ഈഴവരെ തങ്ങളുടെ മതത്തിലേക്ക് ക്ഷണിക്കുകയും ഹിന്ദു പത്രങ്ങൾ പാടില്ലെന്നു തടുത്തു പറയുകയും ചെയ്തു കൊണ്ടിരിക്കുന്നു (...)
- ഈഴവരുടെ മതസംബന്ധമായ അസംതൃപ്തി, വിവേകോദയം, 1092 മേടം ഇടവം

തിരുവനന്തപുരം ആനന്ദ പ്രസ്സിൽ അച്ചടിച്ച, എൻ സുബ്രഹ്മണ്യയ്യരാൽ എഴുതപ്പെട്ട 1911-ലെ തിരുവിതാംകൂർ സെൻസസ് റിപ്പോർട്ടിന്റെ ഒരു പ്രതി എസ്.എൻ.ഡി.പി.യുടെ അഭിപ്രായത്തിനായി അയച്ചുകൊടുത്തിരുന്നു.1875 മുതൽ 1911 വരെയുള്ള കാനേഷുമാരിക്കണക്കുകൾ വെച്ച് ഹിന്ദുക്കളുടെ ജനസംഖ്യാക്കുറവും ക്രിസ്ത്യൻ, മുഹമ്മദീയ മതങ്ങളുടെ വളർച്ചയും വിലയിരുത്തുന്നു. പതിനായിരം ജനങ്ങളിൽ നിന്നുള്ള കണക്ക് ഇങ്ങനെയാണ്: "ആകപ്പാടെ പതിനായിരത്തിൽ 1875 മുതൽ 661 ഹിന്ദുക്കൾ കുറഞ്ഞും 607 ക്രിസ്ത്യാനികളും 55 മുഹമ്മദീയരും കൂടുതലായി വന്നിട്ടുണ്ടന്ന് കാണാവുന്നതാണ് ' (വിവേകോദയം 1088 തുലാം ) ഈ റിപ്പോർട്ടിനെ അധികരിച്ചുള്ള ലേഖനത്തിലെ അവസാന ഖണ്ഡികയിൽ ആശാൻ ഇങ്ങനെ എഴുതുന്നു: നമ്മുടെ ഇപ്പോഴത്തെ ദിവാൻജി അവർകളുടെ ആഗമനശേഷം നടപ്പാക്കിയ പരിഷ്‌ക്കാരങ്ങളുടെ ഫലമായി സാധു ഹിന്ദുക്കളുടെ കഷ്ടാവസ്ഥയിൽ തെല്ലുപോലും ഭയം ഹിന്ദു പ്രമാണികൾ കാണിക്കാതിരുന്നിട്ടും മിഷനറിമാർ പൂർവ്വാധികം ഉത്സാഹമായി യത്‌നിച്ചിട്ടും, അതിനു മുമ്പിലത്തെ ദശവർഷത്തിലെ വർദ്ധനയെ കൂടുതലാക്കുന്നതിനോ ഗണ്യമായ കുറവു വരാതെയെങ്കിലും നിലനിർത്തുന്നതിനോ സാധിക്കാതെയായി. ഇതിൽ നിന്ന് 1045-ാമാണ്ടത്തെ വിളംബരം അക്ഷരംപ്രതി നടപ്പിൽ വരുത്തുകയും എല്ലാ സർക്കാർ ഉദ്യേഗങ്ങളിലും എല്ലാ ജാതിക്കാർക്കും പ്രവേശനം അനുവദിക്കുകയും പെൺ പള്ളിക്കൂടങ്ങളിലും ആൺ പള്ളിക്കൂടങ്ങളിലെന്നപോലെ എല്ലാവർക്കും പ്രവേശനം കൊടുക്കുകയും താണ ജാതിക്കാരെ സർക്കാരിൽ നിന്ന് വേണ്ട പോലെ പ്രോത്സാഹിപ്പിക്കുകയും ചെയ്‌തെങ്കിലല്ലാതെ ഹിന്ദുമതം നില നിർത്തിപ്പോരാൻ സാധിക്കുന്നതല്ലെന്നു സ്പഷ്ടമാകുന്നല്ലോ ( ... )

കുമാരനാശാന്റെ വ്യസനം വെറുതെയായില്ല, ഹിന്ദുമത പ്രചാരവേലക്കാരുടെ ശ്രമഫലമായി സമുദായത്തിൽ നിന്നും വിട്ടുപോയവരിൽ ചിലർ തിരികെ എത്തുകയും ഗുരുവിന്റെ ആശിർവാദത്തോടെ അവർ ഹിന്ദുമതത്തിൽ തുടരുകയും ചെയ്തു. 1936-ൽ തിരുവിതാംകൂറിൽ ഭരണകൂടം തന്നെ സാമ്പത്തിക സഹായം നൽകി ഹിന്ദുമഹാസഭയെ വളർത്തുകയും അവരുടെ പരിശ്രമത്താൽ എൺപതിനായിരത്തോളം മതം മാറിയ കീഴ്ജാതിക്കാരെ തിരികെ എത്തിച്ചതിൽ തിരുവിതാംകൂർ ഭരണം അഭിമാനം കൊള്ളുകയും ചെയ്തു. അന്ന് അതിന് ഘർവാപസി എന്ന പേരില്ലായിരുന്നു എന്നു മാത്രം.

കുമാരനാശാൻ നാരായണഗുരുവിനെ വിശേഷിപ്പിക്കുന്നത്, പ്രതിഷ്ഠിതപ്രജ്ഞനായ ഹിന്ദു യോഗിവര്യൻ എന്നാണ്. ജാതി മേൽക്കോയ്മകൾ ഇല്ലാതാവുന്നതോടെ ഭാരതത്തിന്റെ യശസ്സിന് മാറ്റ് കൂട്ടാൻ കഴിയുന്ന മതമായിട്ടാണ് ഹിന്ദു മതത്തെ അദ്ദേഹം കാണുന്നതും. ആശാന്റെ ഈ ലേഖനങ്ങൾ വായിക്കുന്നവർ അവരുടേതായ അഭിപ്രായങ്ങളിലൂടെ ഒരു വിലയിരുത്തലിന് തയ്യാറാവുകയാണ് നല്ലതെന്ന് തോന്നുകയാൽ ഈ ലേഖകൻ തന്റെ വിശദീകരണങ്ങളിലേക്ക് കടക്കുന്നില്ല.

Comments